ഇറാനിലെ ജനകീയ പ്രക്ഷോഭം: യാഥാസ്ഥിതികത്വത്തിൽ നിന്നുള്ള മോചനത്തിനായി അടിച്ചമർത്തപ്പെടുന്ന സ്ത്രീത്വത്തിന്റെ പോരാട്ടം

anti_hijab_px_0-sixteen_nine.jpg
Share

ഇറാൻ പുകയുകയാണ്. ട്രൗസറിന്റെയും ഹിജാബിന്റെയും പേരിൽ കുറ്റം കണ്ടെത്തി ഇറാനിലെ “സദാചാര പോലീസ്” ടെഹ്റാനിൽ അറസ്റ്റ് ചെയ്ത മഹ്‌സാ അമിനി എന്ന 22 വയസ്സായ പെൺകുട്ടിയെ 2022 സെപ്റ്റംബർ 16ന് പോലീസ് കസ്റ്റഡിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സദാചാര പോലീസിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ പ്രമുഖ വ്യക്തിത്വങ്ങൾ അടക്കമുള്ളവർ ആഞ്ഞടിക്കുന്നതിന് അമിനിയുടെ മരണം കാരണമായി. ഹൃദയാഘാതം മൂലമാണ് അമിനി മരിച്ചതെന്ന് ഇറാൻ സർക്കാരിന്റെ വാദം ആരും സ്വീകരിച്ചില്ല. പോലീസ് അവളെ നിർദ്ദയം പീഡിപ്പിച്ചു കൊലപ്പെടുത്തി എന്നാണ് പ്രക്ഷോഭകാരികൾ ഉറച്ചു വിശ്വസിക്കുന്നത്. വ്യാപകവും നിശ്ചയദാർഢ്യം ഉള്ളതുമായ പ്രതിഷേധം ഉയരുകയും, സംസ്കാര ചടങ്ങുകളെത്തുടർന്ന് പടിഞ്ഞാറൻ ഇറാനിൽ ഉണ്ടായ പ്രതിഷേധ റാലിയെ പിരിച്ചുവിടാൻ പോലീസിന് കണ്ണീർവാതകം പ്രയോഗിക്കേണ്ടി വരികയും ചെയ്തു. പക്ഷേ പ്രതിഷേധത്തിൽ അണിനിരന്ന ഇറാൻകാർ ഭയന്നില്ല. മൂന്നുമാസത്തിലധികം അവരുടെ പ്രക്ഷോഭം നീണ്ടു. വെടിക്കോപ്പുകളും റബർ ബുള്ളറ്റുകളും കണ്ണീർവാതകവും ഉപയോഗിച്ചു ക്രൂരമായി ഇറാൻ സുരക്ഷാസേന അവരെ അടിച്ചമർത്താൻ ശ്രമിച്ചപ്പോൾ 450ലധികം ആളുകൾ കൊല്ലപ്പെട്ടു എന്നാണ് അറിവ് . പതിനെണ്ണായിരത്തോളം പേരെ അറസ്റ്റ് ചെയ്തു. അനവധി പ്രക്ഷോഭകാരികളെ ഭരണകൂടം തൂക്കുമരത്തിലേക്ക് അയക്കുന്ന വാർത്തകളും നമ്മൾ കേൾക്കുന്നു. പ്രക്ഷോഭത്തെ പിന്തുണച്ചതിന്റെ പേരിൽ ഇറാൻ ഫുട്ബോൾ താരം അമീർ റെസ നാസര്‍ അസദാനി അടക്കമുള്ള ചെറുപ്പക്കാർക്ക് മുന്നിൽ തൂക്കുകയർ ആണ് ഭരണകൂടം ഇപ്പോൾ വിധിച്ചിരിക്കുന്നത്.


അടിച്ചമർത്താൻ ശ്രമിച്ചിട്ടും ജനരോഷത്തെ പിടിച്ചു കെട്ടാൻ ആയില്ല. പ്രതിഷേധം രാജ്യമൊട്ടാകെ വ്യാപിക്കുകയും, കലാകാരന്മാരുടെയും കായികതാരങ്ങളുടെയും മറ്റു പ്രമുഖ വ്യക്തിത്വങ്ങളുടെയുമെല്ലാം പിന്തുണയാർജിക്കുകയും ചെയ്തു. ഫുട്ബോൾ ലോകകപ്പിലും ഇറാനിലെ പ്രക്ഷോഭം നിഴൽ വീഴ്ത്തി. ലോകകപ്പിൽ പങ്കെടുക്കുന്ന ദേശീയ ടീം സർക്കാരുമായി ബന്ധപ്പെട്ടിരിക്കുന്നത് കൊണ്ട് അതിനെ തള്ളിപ്പറയാൻ പോലും ചിലർ തയ്യാറായപ്പോൾ, ലോകകപ്പ് വേദിയിൽ പ്രക്ഷോഭത്തോട് അതേ ടീമംഗങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നത് ലോകം കണ്ടു. ഇറാനിലെ മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റും ആയ മാസിഹ് അലിനെജാദ് , തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ സ്ത്രീകൾ മുടി മുറിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ട് എഴുതി. ‘തങ്ങളുടെ മുടി മുറിച്ചും ഹിജാബ് കത്തിച്ചും കൊണ്ട് ഇറാനിലെ സ്ത്രീകൾ തങ്ങളുടെ രോഷം പ്രകടിപ്പിച്ച്, ഹിജാബ് പോലീസ് മഹ്സ അമിനിയെ കൊലപ്പെടുത്തിയതിനെതിരെ പ്രതിഷേധിക്കുന്നു.’ ‘ഏഴാമത്തെ വയസ്സു മുതൽ ഞങ്ങൾ ഞങ്ങളുടെ തലമുടി മൂടുന്നില്ലെങ്കിൽ ഞങ്ങൾക്ക് സ്കൂളിൽ പോകാനോ ജോലി കിട്ടാനോ സാധിക്കില്ല. ഈ ലിംഗവിവേചന ഭരണകൂടത്തെ കൊണ്ട് ഞങ്ങൾ പൊറുതിമുട്ടിയിരിക്കുന്നു.’ അവർ എഴുതി.
അവസാനം ഇറാനിലെ ഇസ്ലാമിക മൗലികവാദ സർക്കാരിനെതിരെയുള്ള ജനവികാരം തിരിച്ചറിഞ്ഞുകൊണ്ട് ഒരു മുതിർന്ന ഇറാൻ ഉദ്യോഗസ്ഥൻ പറഞ്ഞത്, സദാചാര പോലീസിനെ പിരിച്ചുവിടുന്നു എന്നതാണ്. എന്നാൽ ഈ പരാമർശം, ഇനിയും സദാചാര പോലീസിനെ പിരിച്ചുവിടുന്നുവെന്നോ അല്ലെങ്കിൽ ആ വാർത്ത നിഷേധിക്കുന്നുവെന്നോ പറയാത്ത ഇറാനിലെ മതാധിഷ്ഠിത സർക്കാരിന്റെ അന്തിമ തീരുമാനമാണോ എന്നതിൽ വ്യക്തതയില്ല. പക്ഷേ ഈ സേനയെ പിരിച്ചു വിടുന്ന ചർച്ച തന്നെ സർക്കാരിന്റെ പ്രചാരവേല മാത്രമായി സമൂഹമാധ്യമങ്ങളിലൂടെ തള്ളിക്കളയുകയാണ് പ്രതിഷേധക്കാർ. വാസ്തവത്തിൽ ഇന്നത്തെ സാഹചര്യത്തിൽ, സദാചാര പൊലീസിനെ പിരിച്ചുവിട്ടാൽ പോലും, ഇപ്പോഴും സുരക്ഷാസേനകളുമായി സംഘർഷത്തിലുള്ള പ്രതിഷേധക്കാരെ അത് തൃപ്തരാക്കില്ല. അവർ ഇസ്ലാമിക റിപ്പബ്ലിക്കിന്റെ അന്ത്യത്തിനായി ശബ്ദം ഉയർത്തുകയാണ്. അതുകൊണ്ട് പ്രതിഷേധിക്കുന്ന ഇറാൻ കാരെ സംബന്ധിച്ചിടത്തോളം സദാചാര പോലീസിനെ പിരിച്ചുവിടും എന്നത് ഇസ്ലാമിക റിപ്പബ്ലിക്കിന്റെ ഭരണം അവസാനിപ്പിക്കുക എന്ന വലിയ ഡിമാൻഡിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള തട്ടിപ്പ് മാത്രമാണ്.


യുഎസും സഖ്യകക്ഷികളും ഇറാനിലെ സ്ത്രീകൾക്ക് മേലുള്ള അതിക്രമത്തെ പറ്റി പൊഴിക്കുന്ന മുതലക്കണ്ണീരും ഇറാനിലെ സദാചാര പൊലീസിനെതിരെ കാണിക്കുന്ന രോഷവും സാമ്രാജ്യത്വവഞ്ചനയുടെ ഉദാഹരണമാണ്. വാസ്തവത്തിൽ യുഎസ് പൗരന്മാരിൽ വലിയൊരു വിഭാഗം തങ്ങളുടെ സ്വന്തം രാജ്യത്തെ സദാചാരപോലീസിങ്ങിനെതിരെ ശബ്ദം ഉയർത്തുകയാണ്. നിരവധി രാജ്യങ്ങളിൽ പുരുഷ മേധാവിത്തവും വെള്ളക്കാരന്റെ മേൽക്കോയ്മയും അവകാശപ്പെടുന്ന തീവ്രവലതുപക്ഷ ക്രിസ്ത്യൻ മൗലികവാദ കക്ഷികൾ പാർലമെന്ററി ഭൂരിപക്ഷം നേടുന്നു. അവർ തോക്കിന് പകരം നിയമത്തെ ഉപയോഗിച്ച്, ശാരീരികവും ധൈഷണികവും വൈകാരികവുമായ മരണത്തിന് ജനതയെ വിധിക്കുന്നു. ഏതൊരു സ്ത്രീയെയും ഉഭയലിംഗക്കാരെയും ബലാത്സംഗത്തിലൂടെ ഗർഭിണികളായ കുട്ടികളെയും ശിക്ഷിക്കാൻ, മതഭ്രാന്തിനും ശാരീരിക ആക്രമണങ്ങൾക്കുമെതിരെ നിലകൊള്ളാൻ, വൈദ്യശുശ്രൂഷ ആവശ്യമുള്ള ട്രാൻസ് ജെൻഡർ ആളുകളെ ആക്രമിക്കാൻ, ചരിത്രത്തെയും ആരോഗ്യത്തെയും കുറിച്ചുള്ള വസ്തുനിഷ്ഠ വിവരം സ്കൂൾ കുട്ടികൾക്ക് നിഷേധിക്കാൻ, ഓരോ സംസ്ഥാനങ്ങളിലും സദാചാര പോലീസ് ദൃഷ്ടി ഉറപ്പിക്കുകയാണ്. (വർക്കേഴ്സ് വേൾഡ് 26.9.22) അതുകൊണ്ട്, കുത്തകകൾ നിയന്ത്രിക്കുന്ന പാശ്ചാത്യ മാധ്യമങ്ങൾ ഇറാനിലെ മതാധിഷ്ഠിത സർക്കാരിനെതിരെ ഉറക്കെ അപമാനവും പുച്ഛവും ആളിക്കത്തിക്കുന്നത് പൊള്ളത്തരം അല്ലാതെ മറ്റൊന്നുമല്ല.


1979ലെ ഇറാൻ വിപ്ലവം


ഇപ്പോഴത്തെ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനുമുമ്പ് ഇപ്പോഴത്തെ ഭരണകൂടത്തെ അധികാരത്തിലേറ്റിയ 1979ലെ വിപ്ലവത്തെ ഒന്നോർത്തെടുക്കേണ്ടതുണ്ട്. 1941 മുതൽ രാജ്യം ഭരിച്ച രാജാവായ മുഹമ്മദ് റെസാ ഷാ പഹ്‌ലവിയുടെ ഏകാധിപത്യ ഭരണത്തെ തകർത്തെറിഞ്ഞ ജനകീയ മുന്നേറ്റത്തെയാണ് ഇറാൻ വിപ്ലവം എന്ന് പറയുന്നത്. യുഎസും യുകെയും പോലെയുള്ള പാശ്ചാത്യശക്തികളാണ് പഹ്‌ലവിയെ പിന്തുണച്ചിരുന്നത്. വിപ്ലവത്തിന്റെ ഫലമായി ഇറാൻ ഇസ്ലാമിക റിപ്പബ്ലിക്കായി. ഇറാന്റെ നീണ്ട ചരിത്രത്തിൽ വേരൂന്നിയതാണ് 1979ലെ വിപ്ലവം. ചരിത്രപരമായി തന്നെ ഇറാനിയൻ സമൂഹത്തിൽ ഷിയാ പുരോഹിതർക്ക്, അതായത് ഉലമയ്ക്ക് ഗണ്യമായ സ്വാധീനം ഉണ്ടായിരുന്നു. പക്ഷേ പുരോഹിതർ, ഭൂവുടമകൾ, ബുദ്ധിജീവികൾ, കച്ചവടക്കാർ, തുടങ്ങി നിരവധി സാമൂഹിക സംഘങ്ങൾ സമൂഹത്തിൽ ഉണ്ടായിരുന്നു. ഈ സാമൂഹിക സംഘങ്ങൾ നേരത്തെ 1905-11ലെ ഭരണഘടന വിപ്ലവത്തിന്റെ സമയത്ത് ഒരുമിച്ചു വന്നിരുന്നു. പക്ഷേ ആ പ്രയത്നങ്ങൾ, വീണ്ടും ഉയർന്നുവന്ന സാമൂഹിക സംഘർഷങ്ങൾക്കും വിദേശ ഇടപെടലിനും ഇടയിൽ അടിച്ചമർത്തപ്പെട്ടു. ഭരണഘടന വിപ്ലവത്തിനു ശേഷം ഉണ്ടായ അരക്ഷിതാവസ്ഥയും കുഴപ്പങ്ങളും ജനറൽ റെസാ ഖാന്റെ ഉയർച്ചയിലേക്ക് നയിച്ചു.


1921ൽ മുഹമ്മദ് റെസാ ഷാ പഹ്‌ലവിയെ ഒരു രാജഭരണം സ്ഥാപിക്കാൻ ബ്രിട്ടൻ സഹായിച്ചു. പക്ഷേ 1941ൽ സഖ്യശക്തികളോടുള്ള വിധേയത്വം അവസാനിപ്പിക്കാൻ ഷാ പഹ്‌ലവി നാസി ജർമനിയോട് സഹകരിക്കുമോ എന്ന് ഭയന്ന് സോവിയറ്റ് യൂണിയനും ബ്രിട്ടനും ഇറാൻ കൈയടക്കി. റെസാ ഷായെ നാടുവിടാൻ നിർബന്ധിതനാക്കി. അദ്ദേഹത്തിന്റെ മകൻ മുഹമ്മദ് റസാ പഹ്ലവി സിംഹാസനത്തിൽ എത്തി. 1953 ൽ പ്രധാനമന്ത്രി മുഹമ്മദ് മൊസാദെഖ് . ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള ആംഗ്ലോ ഇറാനിയന്‍ ഓയിൽ ദേശസാൽക്കരിക്കുകയും അദ്ദേഹത്തിന്റെ അനുയായികൾ മുഹമ്മദ് റെസ ഷായെ പുറത്താക്കുകയും ചെയ്തു. മൊസാദെഖിന്റെ സർക്കാരിനെ യുഎസും യുകെയും ചേർന്ന് ആസൂത്രണം ചെയ്ത അട്ടിമറിയിലൂടെ പുറത്താക്കി. റെസാ ഷാ പഹ്‌ലവിയെ തിരികെ കൊണ്ടുവന്നു. റെസാ ഷാ പാർലമെൻറ് പിരിച്ചുവിട്ടു. അദ്ദേഹം ഭൂവുടമകളുടെയും പുരോഹിതരുടെയും സ്വത്തും സ്വാധീനവും തകർത്തു. ഗ്രാമീണ സമ്പദ്ഘടനകളെ തടസ്സപ്പെടുത്തി. പാശ്ചാത്യവൽക്കരണത്തിലേക്കും അതിവേഗ നഗരവൽക്കരണത്തിലേക്കും രാജ്യത്തെ നയിച്ചു.
പക്ഷേ സാമ്പത്തിക വികാസം എന്ന പേരിൽ നടന്നതിന്റെ ഗുണഫലങ്ങൾ റെസയുടെ അടുത്ത ബന്ധങ്ങൾക്ക് മാത്രമായി ചുരുങ്ങിയത് തിരിച്ചറിയപ്പെട്ടു. യുഎസിലെയും യുകെയിലെയും മുതലാളിത്തവ്യവസ്ഥകളുടെ മാതൃകയിൽ സമ്പദ്ഘടന രൂപപ്പെടുത്താൻ റെസ ശ്രമിച്ചെങ്കിലും സമൂഹത്തെ ജനാധിപത്യവൽക്കരിക്കാൻ അദ്ദേഹം ആഗ്രഹിച്ചില്ല. അതുകൊണ്ട്, ആധുനിക ഇറാനിൽ സാംസ്കാരികമായ ശൂന്യത നിലനിന്നു . ഇത്, സാമ്പത്തിക പ്രയാസങ്ങൾ ബുദ്ധിമുട്ടിച്ച സാധാരണ ജനങ്ങളെ വഴികാട്ടുന്നതിനായി ഉലേമയുടെ അടുത്തേക്ക് നയിച്ചു. 1970 കളിൽ ലോകത്തെ സാമ്പത്തിക അസ്ഥിരതയും പടിഞ്ഞാറൻ രാജ്യങ്ങളിലെ എണ്ണ ഉപഭോഗത്തിൽ ഉണ്ടായ ചാഞ്ചാട്ടങ്ങളും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ഭീഷണിയായപ്പോൾ ഷായുടെ നയങ്ങളോടുള്ള എതിർപ്പ് വർദ്ധിച്ചു. ഉത്തരമധ്യ ഇറാനിലെ ഖോമിൽ ഒരു പ്രൊഫസറായിരുന്ന ആയത്തുള്ള റുഹോല്ല ഖൊമേനി ബഹുജന പിന്തുണ ആർജ്ജിച്ചു തുടങ്ങി. പരിഷ്കരണ പരിപാടികൾക്കെതിരെ ശബ്ദമുയർത്തിയതിന് 1964-ൽ അദ്ദേഹത്തിന് നാടുവിടേണ്ടി വന്നു. പടിഞ്ഞാറിന്റെ അധീശത്വത്തെ ചെറുക്കാൻ ഇറാൻകാർ തങ്ങളുടെ സാംസ്കാരികമായ വേരുകളിലേക്ക് മടങ്ങണമെന്ന ചിന്ത 1970-ൽ പടർന്നുപിടിച്ചു.


1978 ജനുവരിയിൽ ഭൂരിഭാഗവും തൊഴിൽരഹിതരായ ആയിരക്കണക്കിന് യുവാക്കൾ ഭരണകൂടത്തിന്റെ ചെയ്തികൾക്കെതിരെ പ്രതിഷേധിച്ച് തെരുവിലിറങ്ങി. അത് ദേശവ്യാപകമായ പ്രക്ഷോഭമായിരുന്നു. ഷായുടെ മർദ്ദക ഭരണകൂടം തടങ്കൽ പാളയമാക്കി മാറ്റിയ തങ്ങളുടെ രാജ്യത്തെ മോചിപ്പിക്കുന്നതിനായി അടിച്ചമർത്തപ്പെട്ട ഇറാനിയൻ ജനത മുന്നിട്ടിറങ്ങി. ഷാ രാജ്യം വിട്ടോടുകയും, ജനാധിപത്യവും സ്വാതന്ത്ര്യവും ഉറപ്പാക്കും എന്ന വാഗ്ദാനം നൽകി മിതവാദികളായ മുതലാളിത്തം അധികാരമേൽക്കുകയും ചെയ്തപ്പോൾ ആദ്യഘട്ടത്തിൽ വിജയങ്ങൾ നേടിയിരുന്നു. ഇതോടെ സമൂഹത്തിൽ യഥാർത്ഥത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിന്റെ വക്കോളമെത്തിയിരുന്നു ഇറാനിലെ ജനത.
പക്ഷേ ഇസ്ലാമിക റിപ്പബ്ലിക്കിന്റെ ഭരണഘടനയെച്ചൊല്ലി ഷിയാ മതനേതാവായ ആയത്തൊള്ള ഖൊമേനിയും ഇറാനിലെ മുതലാളിത്തവും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായി. ഇറാനിലെ ജനങ്ങളാകട്ടെ സ്വാതന്ത്ര്യമുള്ള ഒരു ജീവിതത്തെ കുറിച്ചുള്ള വലിയ പ്രതീക്ഷകളിലായിരുന്നു. പക്ഷേ ചരിത്രത്തിന്റെ ശക്തികൾ പിന്നണിയിൽ പ്രവർത്തിക്കുകയായിരുന്നിരിക്കണം. പ്രക്ഷോഭത്തിന് ആദ്യം തുടക്കമിട്ടത് പൊരുതുന്ന തൊഴിലാളികളും വിദ്യാർത്ഥികളും ചെറുപ്പക്കാരും ആയിരുന്നു. ഒരു മുതലാളിത്ത വിരുദ്ധ വിപ്ലവം ആകാനുള്ള എല്ലാ ചേരുവകളും അതിൽ അടങ്ങിയിട്ടുണ്ട്. പക്ഷേ ശരിയായ ഒരു വിപ്ലവ പാർട്ടിയുടെ അഭാവത്തിൽ ആ സുവർണ്ണാവസരം കൈവിട്ടുപോയി. ഇവിടെ മനസ്സിലാക്കേണ്ടത്, യുഎസും യുകെയും അടക്കമുള്ള പാശ്ചാത്യ സാമ്രാജ്യത്വ ശക്തികളുമായി സഹകരിച്ച് ഷാ കൊണ്ടുവന്ന ആധുനികവൽക്കരണ പരിപാടിയിൽ നിന്നും ലാഭം കൊയ്ത അതേ ഇറാനിയൻ മുതലാളിത്തത്തിന്റെ ഭരണത്തിന്റെ കീഴിൽ തന്നെയായിരുന്നു അവർ. തുടക്കത്തിൽ മതനേതാവായ ഖൊമേനിയും മിതവാദികളായ മുതലാളിത്തവും തമ്മിൽ ദേശീയ മുന്നണി എന്ന താൽക്കാലികബന്ധം രൂപീകരിച്ചിരുന്നു. ഒപ്പം, സോവിയറ്റ് യൂണിയനിലെ അന്നത്തെ തിരുത്തൽവാദ നേതൃത്വത്തെ പിന്തുടർന്ന, ഒളിവിൽ പ്രവർത്തിച്ചിരുന്ന ട്യൂഡ് പാർട്ടി അടക്കമുള്ള സോഷ്യലിസ്റ്റ് -കമ്മ്യൂണിസ്റ്റ് അനുകൂലമായ ഘടകങ്ങളും ഉണ്ടായിരുന്നു. ദേശീയ മുന്നണിയിലെ അംഗങ്ങൾ തമ്മിൽ അധികാര വടംവലിയും ഉണ്ടായിരുന്നു. നേതൃത്വത്തിന്റെ അടിസ്ഥാനപരിമിതികൾ ഉണ്ടായിട്ടും ഈ ദേശീയ മുന്നേറ്റം ഇറാനിലെ തൊഴിലാളി വർഗത്തിന്റെ ധീരതയും സംഘടനാ ശേഷിയും, മരണത്തെ പോലും വെല്ലുവിളിക്കാനുള്ള പ്രതിബദ്ധതയും വെളിവാക്കിയിരുന്നു. ഇത് ലോകമൊട്ടാകെയുള്ള തൊഴിലാളി വർഗത്തിന് സന്തോഷം നൽകി. പക്ഷേ ആ സന്തോഷം അൽപ്പായുസായിരുന്നു.


മുതലാളിത്തവിരുദ്ധ വിപ്ലവത്തെ കുറിച്ചുള്ള ഭയം മൂലവും, പ്രക്ഷോഭത്തിൽ വളർന്നുവന്ന ഇടതുപക്ഷ ശക്തികളെ ഭീഷണിയായി കണ്ടും, മുതലാളിവർഗ്ഗം മൗലികവാദിയായ ഖൊമൈനിയുമായി സഖ്യം ചേർന്ന്പ്രക്ഷോഭത്തിന്റെ മുന്നേറ്റത്തെ അടക്കി നിർത്തുവാനും കോളേജുകളിലെയും സർവ്വകലാശാലകളിലെയും ഇടത് അനുകൂലികളെ തുടച്ചുനീക്കുവാനും എല്ലാ കളികളും കളിച്ചു. അവർ യാഥാസ്ഥിതികരും മതഭ്രാന്തരും പിന്തിരിപ്പൻമാരുമായ സകലശക്തികളെയും ഇസ്ലാമിക മൗലിക വാദത്തെയും പ്രീണിപ്പിക്കാൻ തുടങ്ങി. ഷായുടെ ഭരണകൂടത്തിനെതിരെ ധീരോദാത്തമായ പ്രക്ഷോഭം നടത്തിയെങ്കിലും ഇറാനിലെ ജനത ഇത്തരം മതഭ്രാന്തൻ ശക്തികളുടെ സ്വാധീനത്തിൽ നിന്ന് മുക്തമല്ലായിരുന്നു. യാഥാസ്ഥിതിക മത ചട്ടങ്ങൾ അവർക്കുമേൽ അധീശത്വം പുലർത്തിയിരുന്നു. ശാസ്ത്രീയവും മതേതരവുമായ കാഴ്ചപ്പാടോടെ ഒരു സാംസ്കാരിക മുന്നേറ്റം ഉണ്ടായിരുന്നുവെങ്കിലും രാജ്യത്തിന്റെ സാമൂഹിക സാംസ്കാരിക ചക്രവാളത്തിൽ മുദ്ര പതിപ്പിക്കാനും മാത്രം അത് ശക്തമായിരുന്നില്ല. പാശ്ചാത്യജീവിത ശൈലിയോടും യാങ്കി സംസ്കാരത്തോടും ഷാ ഭരണത്തിനുണ്ടായിരുന്ന വ്യക്തമായ ചായ്‍‌വ്, തങ്ങളുടെ പരമ്പരാഗത മതമൂല്യങ്ങളുടെ നിഷ്കാസനത്തിലേയ്ക്ക് നയിച്ചേക്കുമെന്ന ഭയവും ജനങ്ങള്‍ക്ക് ഉണ്ടായി. അതിലൂടെ ജനത്തെ തങ്ങളെ പിടിയിൽ നിർത്താൻ യാഥാസ്ഥിതിക ശക്തികൾക്ക് അവസരം ഉണ്ടായി. മാക്സിസം-ലെനിനിസം-ശിബ്‌ദാസ് ഘോഷ് ചിന്തയുടെ വിദ്യാർഥികൾ എന്ന നിലയിൽ നമുക്കറിയാം യാങ്കി സംസ്കാരം അതായത്, ഉപഭോക്തൃപരവും അങ്ങേയറ്റം ദുഷിച്ച സ്വയം കേന്ദ്രീകൃത സാമ്രാജ്യത്വ സംസ്കാരവും അതുപോലെതന്നെ യാഥാസ്ഥിതികവും മതമൗലികവാദപരവും പിന്തിരിപ്പനുമായ, വർഗീയ -വംശീയ വിദ്വേഷം ജനിപ്പിക്കുന്ന എല്ലാത്തരം ചിന്തകളും, ഭരിക്കുന്ന മുതലാളിത്തത്തെ ഒരുപോലെ സേവിക്കുന്നവയാണ്. അത് ഇറാനിൽ മാത്രമല്ല ഇന്ത്യ അടക്കമുള്ള ലോകത്തിന്റെ എല്ലാ ഭാഗങ്ങൾക്കും ബാധകമാണ്. കാരണം ഇത് രണ്ടും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ സമരൈക്യത്തിന് തുരങ്കം വെക്കുന്നതും, വർഗ്ഗ-ബഹുജന മുന്നേറ്റങ്ങളുടെ വികാസ പ്രക്രിയയെ തടസ്സപ്പെടുത്തുന്നതുമാണ് . തങ്ങളുടെ വർഗ്ഗ ഭരണത്തെ അടിയുറപ്പിക്കാനായി ഇറാൻ ഇസ്ലാമിക റിപ്പബ്ലിക്കിലെ ഭരണകൂടവും, അങ്ങനെ പോരാട്ടത്തിന്റെ മുഖ്യ ലക്ഷ്യത്തിൽനിന്നും ജനങ്ങളെ വഴിതെറ്റിച്ചുവിടുന്ന അത്തരം തന്ത്രങ്ങളിലേക്ക് ചുവട് മാറ്റി.


ഖൊമേനിയുടെ ഭരണം സ്ഥാപിക്കപ്പെട്ട ശേഷം യുഎസ് ചിത്രത്തിൽ നിന്നും പുറന്തള്ളപ്പെട്ടു. ജനങ്ങളുടെ ജനാധിപത്യ, വിപ്ലവ മുന്നേറ്റത്തിന് എതിരായി ഖൊമേനിയെ അധികാരത്തിൽ സ്ഥാപിക്കാൻ പ്രവാസത്തിൽനിന്ന് തിരികെ കൊണ്ടുവരുന്നതിൽ യുഎസിന് തീർച്ചയായും പങ്കുണ്ടെങ്കിലും, പിന്നീട് അദ്ദേഹം ഇസ്ലാമികവൽക്കരണത്തെ പ്രതീക്ഷിച്ചതിലും കൂടുതൽ മുന്നോട്ട് കൊണ്ടുപോകുകയും തന്റെ മുൻ ഉപദേശകനെതിരെ തിരിയുകയും ചെയ്തു. റിവിഷനിസ്റ്റ് നേതൃത്വത്തിലായിരുന്ന സോവിയറ്റ് യൂണിയനുമായി സൗഹൃദം സ്ഥാപിക്കാൻ തുടങ്ങി. തൽഫലമായി, യുഎസ് സാമ്രാജ്യത്വ നേതൃത്വവും സോവിയറ്റ് റിവിഷനിസ്റ്റ് നേതൃത്വവും ഇറാനെ വൻശക്തി രാഷ്ട്രീയത്തിന്റെ നാടകത്തിന്റെ വേദിയാക്കി മാറ്റാൻ ശ്രമിച്ചു. മറുവശത്ത്, ഇത് രണ്ട് വൻശക്തികളുമായും വിലപേശൽ നടത്തി പരമാവധി ലാഭവിഹിതം നേടാനുള്ള സാധ്യത ഖൊമേനി ഭരണകൂടത്തിന് നൽകി, അതായത്. യുഎസും റിവിഷനിസ്റ്റ് നേതൃത്വം നയിക്കുന്ന സോവിയറ്റ് യൂണിയനും. ശരിയായ വിപ്ലവ ലൈനും ഉയർന്ന സംസ്കാരവും ധാർമികതയും നൈതികതയും സ്ഥാപിക്കാനുള്ള പോരാട്ടവുമായി സംയോജിപ്പിച്ചില്ലെങ്കിൽ സാമൂഹിക പരിവർത്തനത്തിനായുള്ള ഒരു സമരത്തിനും അതിന്റെ ലക്ഷ്യത്തിലെത്താൻ കഴിയില്ലെന്ന് ഇറാന്റെ ദുരന്തം ഒരിക്കൽ കൂടി സാക്ഷ്യപ്പെടുത്തി. സാമ്രാജ്യത്വത്തിന്റെയും തൊഴിലാളിവർഗ്ഗ വിപ്ലവത്തിന്റെയും ഈ കാലഘട്ടത്തിൽ, ഉയർന്ന തൊഴിലാളിവർഗ്ഗ സംസ്കാരത്തെ അടിസ്ഥാനമാക്കിയുള്ള മുതലാളിത്ത വിരുദ്ധ വിപ്ലവ പ്രസ്ഥാനം വികസിപ്പിച്ചുകൊണ്ട്, ജീർണിച്ച മുതലാളിത്ത വ്യവസ്ഥയെ അതിന്റെ രാഷ്ട്രീയ ഉപരിഘടനയുടെ രൂപം എന്തുതന്നെയായാലും വിപ്ലവകരമായി തകർത്തെറിഞ്ഞു മാത്രമേ ഈ ആഗ്രഹിക്കുന്ന സാമൂഹിക പരിവർത്തനം സാധ്യമാകൂ. അത് ഉയർന്ന തൊഴിലാളി വർഗസംസ്കാരത്തിലും ധാർമ്മികതയിലും നൈതികതയിലും അധിഷ്ഠിതവും, തൊഴിലാളിവർഗത്തിന്റെ യഥാർത്ഥ വിപ്ലവ പാർട്ടിയുടെ നേതൃത്വത്തിലുമാവണം. അതുകൊണ്ടാണ് ഇറാനിൽ, മതത്തെ മാറ്റത്തിന്റെ ഉപകരണമായി ഉപയോഗിച്ച് അടിച്ചമർത്തലും ചൂഷണവും ഇല്ലാതാക്കാനും സാമൂഹിക പരിവർത്തനം കൊണ്ടുവരാനുമുള്ള ശ്രമം പരാജയപ്പെട്ടത്. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കുറയുന്നതിന് പകരം കൂടുതൽ തീവ്രമായി.


ഇപ്പോഴത്തെ പ്രക്ഷോഭത്തിന്റെ പശ്ചാത്തലം


ഖൊമേനി ഭരണകൂടത്തിന്റെ ക്രൂരമായ സ്വേച്ഛാധിപത്യ മുഖം കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഇറാനിയൻ ജനത അനുഭവിച്ചിട്ടുണ്ട്. നമുക്കറിയാവുന്നതുപോലെ, മതവും മതമൗലികവാദവും ഒന്നല്ല. ബൂർഷ്വാ ഭരണാധികാരികളുടെ ലാഭത്തിനും അധികാരത്തിനും വേണ്ടിയുള്ള സങ്കുചിത വിഭാഗീയ താൽപ്പര്യങ്ങൾ സേവിക്കാൻ മതത്തെ ഉപയോഗിക്കുമ്പോൾ അതിനെ മതമൗലികവാദം എന്ന് വിളിക്കുന്നു. ഹിന്ദു അല്ലെങ്കിൽ ഇസ്ലാമികം അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള മൗലികവാദത്തെ സംബന്ധിച്ചിടത്തോളം ഇത് സത്യമാണ്. മതമൗലികവാദം നിലകൊള്ളുന്നത് മതഭ്രാന്ത്, മതപരമായ യാഥാസ്ഥിതിത്വം, പുരുഷാധിപത്യം എന്നിവയിലാണ്. അതിനാൽ, അത് സ്ത്രീകളെ കീഴ്പെടുത്താൻ ശ്രമിക്കുന്നു, മതപരമായ ആചാരങ്ങളുടെ പേരിൽ പലതരം ചങ്ങലകളാൽ അവരെ ബന്ധിക്കുന്നു, അവരുടെ സ്വാതന്ത്ര്യം വെട്ടിക്കുറയ്ക്കുന്നു, കൂടാതെ വിലക്കുകളുടെ ഒരു കൂട്ടം അടിച്ചേൽപ്പിച്ചു കൊണ്ട് അവരെ അടിമകളാക്കുന്നു. ശരിയാണ്, മതവും രാജ്യവും വെവ്വേറെ കാണാൻ ആഗ്രഹിക്കുന്ന പലരും ഉണ്ട്. ഇസ്‌ലാമിന്റെ യഥാർത്ഥ അനുയായികളായ ചിലരും ഇതിൽ ഉൾപ്പെടുന്നു. മതേതരത്വം എന്നാൽ ഭരണകൂടവും സാമൂഹിക ജീവിതവും മതത്തിൽ നിന്ന് സ്വതന്ത്രമായിരിക്കുന്നതാണെന്നും മതവിശ്വാസം വേണാ വേണ്ടയോ എന്നത് വ്യക്തിയുടെ സ്വകാര്യതയാണെന്നും മനസ്സിലാക്കാതെ സാമൂഹിക ജീവിതത്തിൽ ഇസ്ലാമിക വിശ്വാസത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കാൻ ഭരണകൂടത്തെ ‘മതേതരമാക്കാനായി’ വാദിക്കുകയാണ് അവർ. അതിനാൽ, ഇസ്ലാമിക വിശ്വാസത്തിന്റെ ആചാരങ്ങള്‍ സാമൂഹിക ജീവിതത്തെ ക്രമപ്പെടുത്തുന്ന ഒരു മതേതര രാജ്യം സ്വപ്നം കാണുന്നത്, ഒരു വൃത്താകൃതിയിലുള്ള ദ്വാരത്തിലെ ഒരു ചതുരക്കുറ്റിപോലെ പൊരുത്തമില്ലാത്തതാണ്. “ഇസ്‌ലാമിക വിപ്ലവം മുതൽ, സ്ത്രീകളുടെ ചെറുത്തുനിൽപ്പിനെ അടിച്ചമര്‍ത്താനുള്ള എല്ലാ ശ്രമങ്ങളും വിരോധാഭാസമെന്നു പറയട്ടെ, അതിനെ ശക്തിപ്പെടുത്തുകയും വിശാലമാക്കുകയും ചെയ്‌തു,” ഏകാന്തതടവിനും പീഡനങ്ങൾക്കും മർദ്ദനങ്ങൾക്കും വിധേയയായ ഒരു വനിതാ പ്രതിഷേധക്കാരി പറഞ്ഞു. ”മതേതര മധ്യവർഗ സ്ത്രീകളുടെ പ്രതിഷേധമായി ആരംഭിച്ച പ്രസ്ഥാനം ഇപ്പോൾ, ഇസ്ലാമിക ഭരണകൂടത്തിന്റെ നട്ടെല്ലായി പ്രവർത്തിച്ചിരുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മതവിശ്വാസികളുടെ സാമൂഹിക തലങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു.”
സ്വാതന്ത്ര്യത്തിനും ജനാധിപത്യ പരിഷ്കാരങ്ങൾക്കും വേണ്ടി തീവ്രമായി പോരാടുകയും തങ്ങളെ കീഴ്പ്പെടുത്താനുള്ള മതപരമായ തന്ത്രങ്ങള്‍ക്കെതിരെ നിലകൊള്ളുകയും ചെയ്യുന്ന ഇറാനിലെ സ്ത്രീകളുടെ അവകാശങ്ങൾക്കു നേരെയുള്ള ക്രൂരമായ ആക്രമണം ഒരു തരത്തിലും ആകസ്മികമായ കാര്യമല്ല. ഇന്ത്യയിലെ ഹിന്ദു മതമൗലികവാദികൾ ഹിന്ദുത്വം ഒരു ജീവിതരീതിയാണെന്ന് പ്രസംഗിക്കുന്നതുപോലെ, 1950 മുതൽ ഇസ്‌ലാം ഒരു ജീവിതരീതിയായി പ്രബോധനം ചെയ്തുകൊണ്ടാണ് ആധുനിക രാഷ്ട്രീയ സാമൂഹിക സങ്കൽപ്പങ്ങളെ ഇസ്‌ലാമിക കാനോനിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.
1979-ലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം ഇറാനിൽ സ്ത്രീകൾക്ക് ശിരോവസ്ത്രവും അയഞ്ഞ കുപ്പായം അല്ലെങ്കിൽ കോട്ട് ധരിക്കുന്നത് നിർബന്ധമാണ്. സദാചാര പോലീസിലെ അംഗങ്ങൾ കർശനമായ ഈ വസ്ത്രധാരണരീതി നടപ്പിലാക്കുന്നു. സ്ത്രീകൾക്ക് അതിന്റെ മധ്യകാല മാതൃകകൾക്ക് കീഴടങ്ങാൻ വിസമ്മതിക്കുന്നത് ഇന്നത്തെ ഇറാനിയൻ ഭരണാധികാരികൾ ഒരു “പാപം” ആയി കണക്കാക്കുന്നു. ഇറാൻകാരിയായ മസിഹ് അലിനെജാദ് 2017 ൽ , തന്റെ രാജ്യത്ത് നിർബന്ധിത ഹിജാബ് അല്ലെങ്കിൽ ശിരോവസ്ത്രം ധരിക്കുന്നതിനെതിരെ പ്രതിഷേധിച്ച് ഒരു പ്രസ്ഥാനം ആരംഭിച്ചിട്ട് അഞ്ച് വർഷമാണ്. അതിനുശേഷം, പ്രതിഷേധത്തിന്റെ തിരമാലയിൽ ഡസൻ കണക്കിന് സ്ത്രീകൾ പരസ്യമായി ശിരോവസ്ത്രം അഴിച്ചതിനുശേഷം, അധികാരികൾ കർശനമായ നടപടികൾ സ്വീകരിച്ചു. ഹിജാബിനെതിരെയുള്ള പ്രകടനങ്ങളിൽ പങ്കെടുക്കുന്ന സ്ത്രീകൾക്ക് 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇക്കഴിഞ്ഞ മാസങ്ങളിൽ, ഇറാനിലെ മനുഷ്യാവകാശ പ്രവർത്തകർ പൊതുസ്ഥലത്ത് മൂടുപടം നീക്കി വസ്ത്രധാരണത്തിനെതിരെ പ്രതിഷേധിക്കാൻ സ്ത്രീകളോട് അഭ്യർത്ഥിച്ചിരുന്നു., ഇത് അധികാരികൾ അവരെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിച്ചേക്കാം.
അമിനിയുടെ മരണശേഷം, ഈ പ്രസ്ഥാനം രാജ്യത്തുടനീളം വ്യാപിക്കുകയും പ്രതിഷേധം പ്രകടിപ്പിക്കുന്നതിനായി സ്ത്രീകൾ ഹിജാബ് കത്തിക്കാൻ തെരുവിലിറങ്ങുകയും ചെയ്തു. ഇറാന്റെ പരമോന്നത മതനേതാവ് ഖൊമേനിയുടെ സ്വന്തം നാടായ മഷാദിൽ, തന്റെ ആദ്യ പൊതുവേദിയിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ച് പ്രതികരിക്കുന്നതിൽനിന്ന് അദ്ദേഹം വിട്ടുനിന്നതിനെത്തുടർന്ന് പ്രതിഷേധം ഉയരുന്നതിനിടെ അദ്ദേഹത്തിന്റെ പ്രതിമ കത്തിച്ചു.


സ്ത്രീകളുടെയും പുരുഷന്മാരുടെയും “നോട്ടങ്ങൾ, നടത്തം, വസ്ത്രങ്ങൾ, ജനനേന്ദ്രിയങ്ങൾ” എന്നിവയെക്കുറിച്ച് ആശങ്കയുണ്ടായിരുന്നതു കൊണ്ട് മാന്യമായി വസ്ത്രം ധരിക്കാൻ ഖുറാൻ മുസ്ലീം സ്ത്രീകളോടും പുരുഷന്മാരോടും നിർദ്ദേശിക്കുന്നത് പരാമർശിക്കേണ്ടതാണ്. (ഒരു കേസിൽ കർണാടക ഹൈക്കോടതിയെ ഉദ്ധരിച്ച് ലൈവ് ലോ 15-03-22 ൽ റിപ്പോർട്ട് ചെയ്തത്) അറിവുള്ള വിഭാഗം അഭിപ്രായപ്പെടുന്നതുപോലെ, വിശുദ്ധ ഖുറാൻ, അതിനാൽ ഹിജാബ് ധരിക്കുന്നത് നിർബന്ധമാക്കുന്നില്ല. എന്നിട്ടും മത യാഥാസ്ഥിതികത്വം മതസംഹിതയുടെ പേരിൽ സ്ത്രീകളുടെമേൽ അത്തരം ബന്ധനങ്ങൾ അടിച്ചേൽപ്പിക്കുന്നു.


പ്രതീക്ഷയുടെ പുതിയ കിരണം


എന്നാൽ ചരിത്രത്തിന് അതിന്റേതായ നിയമങ്ങളുണ്ട്. അടിച്ചമർത്തപ്പെട്ട, പീഡിപ്പിക്കപ്പെടുന്ന ഇറാനിയൻ സ്ത്രീകൾ ഇനി അത്തരം മനുഷ്യത്വരഹിതമായ ആജ്ഞകൾ സഹിക്കാനും അവരുടെ സ്വാതന്ത്ര്യത്തോട് വിട്ടുവീഴ്ച ചെയ്യാനും തയ്യാറല്ല. അതിനാൽ, എല്ലാ പ്രതിബന്ധങ്ങളും തള്ളിക്കളഞ്ഞ് അവർ തെരുവിലിറങ്ങിയിരിക്കുന്നു. ആമിനയുടെ രക്തസാക്ഷിത്വം അവരെ തടഞ്ഞുനിർത്തുന്നതിനുപകരം പ്രസ്ഥാനത്തിന്റെ ലക്ഷ്യത്തെ ഉയർത്തിപ്പിടിക്കുന്ന പോരാട്ടത്തിന് ആക്കം കൂട്ടി. പോലീസ് അതിക്രമങ്ങൾ നേരിട്ടുകൊണ്ട് ഈ ന്യായമായ പോരാട്ടത്തിൽ സ്ത്രീകൾ മാത്രമല്ല, പ്രബുദ്ധരായ പുരുഷന്മാരും അവരോടൊപ്പം ചേരുന്നുണ്ട്. ഈ പ്രസ്ഥാനത്തെ ഞങ്ങൾ തുറന്ന ഹൃദയത്തോടെ പിന്തുണയ്ക്കുന്നു.


ഈ പ്രക്ഷോഭം ഇറാനിയൻ ഭരണാധികാരികളെ ഉലച്ചിട്ടുണ്ട് എന്നതിൽ സംശയമില്ല. എന്നാൽ സമരം ചെയ്യുന്ന ഇറാൻ പൗരന്മാർ, പ്രത്യേകിച്ച് സ്ത്രീകൾ, ഓർമ്മിക്കേണ്ടതെന്തെന്നാൽ, സ്ത്രീ വിമോചനത്തിനായുള്ള പോരാട്ടം തങ്ങളുടെ രാജ്യത്ത് മതപരമായ മേലങ്കി ധരിച്ചിരിക്കുന്ന മുതലാളിത്ത ഭരണത്തെ വിപ്ലവത്തിലൂടെ പുറത്താക്കുന്നതിനുള്ള വിശാലമായ പോരാട്ടവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. യഥാർത്ഥ മതേതര മൂല്യങ്ങളുടെ മേൽ വികസിച്ചതും, ഉന്നതമായ ധാർമികതയും സംസ്‌കാരവും , ലോകമെമ്പാടുമുള്ള പോരാടുന്ന സഹജീവികളോട് സാഹോദര്യവും വളർത്തിയെടുത്താൽ മാത്രമേ ഈ പോരാട്ടം വിജയിക്കാനാകൂ. ഒരു ബൂർഷ്വാ കുതന്ത്രമോ മതമൗലികവാദികളുടെ കൈവേലയോ അവരെ ഉള്ളിൽ നിന്ന് ദുർബലപ്പെടുത്തുകയോ തെറ്റായ പാതയിലൂടെ നയിക്കുകയോ ചെയ്യരുത്. അവർ വിജയിക്കണം! ലോകത്തിലെ പീഡനത്തിനിരയായ സ്ത്രീകൾ തങ്ങളുടെ രാജ്യങ്ങളിൽ നിലനിൽപ്പിനായി സമാനമായ സമരങ്ങൾ കെട്ടിപ്പടുക്കാനുള്ള പ്രചോദനമായി ഇറാനിലെ സ്ത്രീകളാര പോരാട്ടത്തിലേക്ക് ഉറ്റുനോക്കുകയാണ്.

Share this post

scroll to top