ആൾമാറാട്ടം, വ്യാജ ബിരുദം : സര്‍വകലാശാലകളുടെ വിശ്വാസ്യത തകര്‍ക്കപ്പെടുന്നു; വിദ്യാഭ്യാസ സംരക്ഷണ പ്രസ്ഥാനത്തില്‍ അണിനിരക്കുക

88351188-1.webp
Share

വിദ്യാഭ്യാസ രംഗത്ത് മഹത്തായ പാരമ്പര്യമുണ്ടായിരുന്ന സര്‍വകലാശാലകളെ മൂല്യച്യുതിയുടെ ആഴക്കടലിലേക്ക് തള്ളിവിടുന്ന സംഭവ പരമ്പരകള്‍ ഒന്നൊന്നായി അരങ്ങേറുകയാണ്. ആള്‍മാറാട്ടങ്ങള്‍, വ്യാജ ബിരുദങ്ങള്‍, വ്യാജ രേഖ ചമയ്ക്കല്‍, പ്രവേശനക്രമക്കേടുകള്‍ എന്നിവ നിരന്തരം സംഭവിക്കുന്നതിന് പിന്നില്‍ എസ്എഫ്‌ഐയുടെ ഉന്നത നേതാക്കള്‍വരെയുള്ളവര്‍ പ്രവര്‍ത്തിക്കുന്നുവെന്ന വസ്തുതകള്‍ പുറത്ത് വന്നുകഴിഞ്ഞു. അതോടൊപ്പം, അവര്‍ക്ക് സര്‍വ ഒത്താശയും നല്‍കുന്ന സിപിഐ(എം) നേതാക്കളും പ്രതിക്കൂട്ടിലാണ്.

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മണ്ഡലത്തെ ഗ്രസിച്ചിരിക്കുന്ന പ്രശ്നങ്ങളിൽ ഒന്ന് സർവതസ്തികകളിലും സിപിഐ(എം) പാർട്ടി ബന്ധുക്കൾക്കായി അധാർമ്മികമായി നിയമനംനൽകുന്നുവെന്നതാണ്. അധ്യാപക നിയമനം മുതൽ വിദ്യാർത്ഥി പ്രവേശനം വരെയുള്ള കാര്യങ്ങളിൽ അവ പ്രകടവുമാണ്. എന്നാൽ, ഇപ്പോൾ പുറത്ത് വരുന്ന വ്യാജബിരുദ നിർമ്മാണമടക്കമുള്ള ഞെട്ടിക്കുന്ന കാര്യങ്ങൾ അധികാര പ്രമത്തരായ ഒരു സംഘം നടത്തുന്ന ക്രിമിനൽ മാഫിയ പ്രവർത്തനങ്ങളായേ കാണാന്‍കഴിയു. അധ്യാപക നിയമനങ്ങളിലും-വിദ്യാർത്ഥി പ്രവേശനത്തിലും മെറിറ്റ് അട്ടിമറിച്ചും, മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയും അവർ അഴിഞ്ഞാടുന്നു.
കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്ഐ കൗൺസിലർക്ക് പകരം ഏരിയ കമ്മിറ്റി സെക്രട്ടറിയുടെ പേരുനൽകി ആൾമാറാട്ടം നടത്തിയത് മറ്റൊരു എസ് എഫ്ഐ നേതാവ്. പരീക്ഷയെഴുതാതെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ജയിച്ചെന്ന് രേഖയുണ്ടാക്കിയത് മഹാരാജാസ് കോളേജിലെ, ഭരണ വിഭാഗത്തിന്റെ പിന്തുണയോടെ, ‘കമ്പ്യൂട്ടർ’ ഉപയോഗിച്ച്. അതേ മഹാരാജാസ് കോളേജിൽനിന്നുള്ള ലെറ്റർപാഡ് ഉപയോഗിച്ച് വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് സ്വയം നിർമ്മിച്ച് അധ്യാപക ജോലി നേടി രണ്ടുവർഷം രണ്ട് സർക്കാർ കോളേജുകളിൽനിന്ന് ശമ്പളം പറ്റിയ കെ.വിദ്യയും കേരളത്തെ അക്ഷരാർത്ഥത്തിൽ അന്ധാളിപ്പിച്ചു കളഞ്ഞു. എംജി സർവകലാശാലയിലാകട്ടെ, യുജി-പിജി സർട്ടിഫിക്കറ്റുകൾ രഹസ്യ പരീക്ഷാ വിഭാഗത്തിൽ നിന്നുതന്നെ കാണാതായി. ഒടുവിൽ, ഒരു ഡിവൈഎഫ്ഐ നേതാവ് നീറ്റ്(NEET)പരീക്ഷയിൽ ഉയർന്ന മാർക്കും റാങ്കും നേടിയതായി വ്യാജ രേഖയുണ്ടാക്കി ഹൈക്കോടതിയെപ്പോലും കബളിപ്പിക്കാൻ ശ്രമിച്ചു. ഇനിയുമെത്രയോ തട്ടിപ്പുകള്‍പുറത്തുവരാനിരിക്കുന്നു.


എസ്എഫ്ഐയുടെ കായംകുളം മുൻ ഏരിയ സെക്രട്ടറി ബികോം ജയിക്കാതെ എംകോമിന് അതേ കോളേജിൽ പ്രവേശനം നേടി ഉന്നത വിദ്യാഭ്യാസത്തെ മറയില്ലാതെ കബളിപ്പിക്കുന്നതുകണ്ട് നാം സ്തംഭിച്ചു പോയി. രണ്ടുലക്ഷം രൂപ കൊടുത്ത് സ്വന്തം പാർട്ടി സഖാവിന്റെ കൈയിൽനിന്നും വാങ്ങിയ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് അറിഞ്ഞില്ലത്രെ! പണം കൊടുത്ത് സർട്ടിഫിക്കറ്റ് വാങ്ങുന്നത് എത്ര കുറ്റകരമായ പ്രവൃത്തിയാണെന്ന് അറിയാത്ത ‘നിഷ്കളങ്കനായ’ വിദ്യാർത്ഥി നേതാവ്! പക്ഷേ, ഇടനിലക്കാരനായ പാർട്ടി നേതാവ് അതിൽ കമ്മിഷൻ പറ്റി ചതിയിൽ വഞ്ചനകാട്ടി! കഷ്ടം! എന്നാൽ, അപ്പോഴും എസ്എഫ്ഐക്കും സിപിഐ(എം) നേതാക്കൾക്കും നിഖിൽ തോമസ് എന്ന വിദ്യാർത്ഥി നേതാവ് കലിംഗയിൽ നിന്ന് സമർപ്പിച്ച വ്യാജ സർട്ടിഫിക്കറ്റ് ഒറിജിനൽ ആയിരുന്നു. അവരെ സംബന്ധിച്ചിടത്തോളം ആ വാർത്തകൾ എസ്എഫ്ഐയെ തകർക്കാൻവേണ്ടി നടന്ന മാധ്യമ വേട്ട മാത്രമായിരുന്നു. നിഖിൽ തോമസിന് അവർ സർവ്വ പിന്തുണയും പ്രഖ്യാപിച്ചു. കലിംഗ സർവകലാശാലയിൽ നിന്നും ഹാജരാക്കിയ സർട്ടിഫിക്കറ്റ് അടിമുടി വ്യാജമെന്ന് കേരള സർവകലാശാലയും തുടർന്ന് കലിംഗ സർവകലാശാലയും ഔദ്യോഗികമായി വെളിപ്പെടുത്തിയതോടെ കെട്ടിപ്പൊക്കിയ കള്ളക്കഥകൾ പൊളിഞ്ഞുവീണു.
ഒരുപാട് മാധ്യമ-രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് ഒടുവിൽ കെ വിദ്യയും നിഖിൽ തോമസും അറസ്റ്റിലായി. എന്നാൽ, സിപിഐ(എം) നേതാക്കളുടെ കേസുകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വിനീത വിധേയരായ പോലീസ് സേനയ്ക്ക് നന്നായി അറിയാം. പാമ്പാടി നെഹ്റു കോളജിലെ ജിഷ്ണു പ്രണോയിയുടെ കൊലപാതകികളെ രക്ഷിക്കാൻ, കേസ് പോലീസ് തേച്ച് മാച്ച് കളഞ്ഞത് എങ്ങനെയെന്ന് കണ്ടതാണല്ലോ. യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ നേതാക്കൾ നടത്തിയ പിഎസ്‌സി പരീക്ഷാത്തട്ടിപ്പുകൾ വിസ്മൃതിയിലേക്ക് പോയിക്കഴിഞ്ഞു. കേരള സർവകലാശാലയിലെ പിഎസ്‌സി അസിസ്റ്റന്റ് പരീക്ഷ തട്ടിപ്പ്, കണ്ണൂർ, എംജി, കോഴിക്കോട് സർവ്വകലാശാലകളിലെ വിവിധ വിഭാഗങ്ങളിൽ നടന്ന അധ്യാപക നിയമനങ്ങളിൽ പാർട്ടി നേതാക്കളുടെ ബന്ധുക്കൾക്കായി നിയമത്തെ ചവിട്ടിമെതിച്ചത് അങ്ങനെ എന്തെല്ലാം സംഭവങ്ങൾ.


സർവ്വകലാശാലകളെ പാർട്ടിശാലകളാക്കുന്നു


അധാർമികതയുടെ അഴിഞ്ഞാട്ടങ്ങൾ ഒന്നൊന്നായി പുറത്തുവരുമ്പോഴും സർവകലാശാലയുടെ ഭരണ നിർവഹണ സമിതികൾ പാർട്ടി കേന്ദ്രങ്ങളുടെ നിർദ്ദേശങ്ങൾ അക്ഷരംപ്രതി അനുസരിക്കുകയാണ് ചെയ്തുപോരുന്നത്. കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത ഒരാൾ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിപ്പട്ടം കെട്ടിവന്നപ്പോൾ, രജിസ്ട്രാർ കേരള സർവകലാശാലയുടെ വെബ്സൈറ്റിൽ നിന്ന് യൂണിയൻ കൗൺസിലർമാരുടെ പേരുകൾ പ്രസിദ്ധപ്പെടു ത്തുന്ന കീഴ്‌വഴക്കം ആദ്യമായി തെറ്റിച്ചു. അതിനർത്ഥം, രജിസ്ട്രാർ കൂടി ആൾ മാറാട്ടത്തിന് കൂട്ടു നിന്നുവെന്നല്ലേ?
കേരള സർവകലാശാലയിലെ കുപ്രസിദ്ധമായ നിയമനത്തട്ടിപ്പുകൾ നടത്തിയവരെ രക്ഷിക്കാൻ സർവകലാശാലയുടെ ഫണ്ട് ഉപയോഗിച്ച് കേസ് നടത്തിയ ചരിത്രം ഓർക്കുക. കലിംഗയിൽ നിന്ന് ഹാജരാക്കിയ വ്യാജ സർട്ടിഫിക്കറ്റ് പരിശോധന കൂടാതെ സ്വീകരിച്ച് പകരം സർവകലാശാലയുടെ തത്തുല്യ സാക്ഷ്യപത്രം നൽകി എം.കോമിന് യോഗ്യന്‍ എന്ന് സാക്ഷ്യപ്പെടുത്തി കൊടുത്തത് ബി.കോം പരീക്ഷ തോറ്റ നിഖിൽ തോമസ് എന്ന വിദ്യാർത്ഥിക്കാണ് എന്നത് അക്ഷന്തവ്യമായ കുറ്റമാണ്. അതിന് പിന്നിൽ, കായംകുളത്തു നിന്നുള്ള കെ.എസ്.ബാബുജൻ എന്ന സിന്‍ഡിക്കേറ്റ് മെമ്പർ ആണെന്ന് ആരോപിക്കുന്നത് സിപിഐ(എം) അനുഭാവികളുടെ ഫേസ്ബുക് പേജ് ആയ ‘ചെമ്പട’തന്നെ. ബാബുജൻ സിപിഐ(എം) ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ്. ആലപ്പുഴ സിപിഐ(എം)ലെ വിഭാഗീയതയാണ് രേഖകൾ പുറത്തുകൊണ്ടുവരാൻ സഹായിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു. നിഖിൽ തോമസിനെ, കായംകുളം പാർട്ടി ഓഫീസ് അസിസ്റ്റന്റ് സെക്രട്ടറിയായി നിയമിച്ചതും ബാബുജൻ ആണെന്ന് ചെമ്പട ആരോപിക്കുന്നു. അതെന്തായാലും, ആ കേസിൽ പ്രതി യൂണിവേഴ്സിറ്റി തന്നെയല്ലേ. സ്വയംഭരണ സ്ഥാപനമായ മഹാരാജാസ് കോളേജ് ഉൾപ്പടെയുള്ള കോളേജുകളിൽ ഹാജർ കുറവായവര്‍ക്കും എംജി സർവ്വകലാശാല സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.


കേരള സർവകലാശാല, ‘വൈലോപ്പിള്ളിയുടെ വാഴക്കുല’ എന്നെഴുതിയ പ്രബന്ധത്തിനും ഉന്നത ഗവേഷണ ബിരുദം സമ്മാനിച്ചു.കാലടി സർവകലാശാലയാകട്ടെ, പരീക്ഷ എഴുതാത്തവരെ പാസാക്കുന്ന തട്ടിപ്പുകൾ പോലും നടത്തി പരീക്ഷയുടെ വിശ്വാസ്യതയെ കെടുത്തിക്കളഞ്ഞു. ബിഎ പാസാകാത്തവർക്കും അവിടെ പ്രവേശനം നൽകി വ്യവസ്ഥകളെ കീഴ്‌മേൽ മറിച്ചു. പിന്നീട് എപ്പോഴെങ്കിലും സൗകര്യം പോലെ ബിഎ പാസായാൽ മതിയത്രെ!സംവരണ റോസ്റ്റർ അടിമുടി അട്ടിമറിക്കുന്നതിൽ പല വട്ടം പ്രാഗല്‍ഭ്യം തെളിയിച്ച കോഴിക്കോട് സർവകലാശാലയിലെ സിന്‍ഡിക്കേറ്റും നാണക്കേടിന്റെ പര്യായമായി. എത്ര നിയമവിരുദ്ധമാണെന്ന് ആരോപണങ്ങൾ ഉണ്ടെങ്കിലും ഉന്നത നേതാവിന്റെ ഭാര്യയ്ക്ക് അസോസിയേറ്റ് പ്രൊഫസർ പദവി നൽകി ആദരിക്കാൻ കണ്ണൂർ വാഴ്‌സിറ്റി തയ്യാറെടുക്കുകയാണ്. (അതിനെതിരെ യുജിസി തന്നെ ഇപ്പോൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്)
എം.കോം പ്രവേശനത്തിനുള്ള അവസാനതീയതി കഴിഞ്ഞെങ്കിലും എസ്എഫ്ഐ നേതാവിനുവേണ്ടി പുതിയ തീയതി നിശ്ചയിച്ചു പ്രവേശന വാതിൽ തുറന്നുകൊടുക്കുവാൻ കേരള സർവകലാശാലയിലെ ഉന്നതന്മാർക്ക് ഒരു മനഃസ്സാക്ഷിക്കുത്തുമുണ്ടായില്ല. രാഷ്ട്രീയ അധികാരം ദുർവിനിയോഗം ചെയ്യുന്ന ഒരുകൂട്ടം അധ്യാപക- വിദ്യാർത്ഥി സംഘടനാനേതാക്കൾ എല്ലാ വ്യവസ്ഥാപിത മാനദണ്ഡങ്ങളെയും തകർത്തെറിഞ്ഞ് വിദ്യാഭ്യാസ പ്രക്രിയയെ അന്തസ്സാരശൂന്യമാക്കിത്തീർക്കുന്നു.
ഗവേഷണ പ്രബന്ധങ്ങൾ എഴുതിക്കൊടുക്കുവാൻ ഒരു സംഘം പ്രവർത്തിക്കുന്നുവെന്ന വസ്തുത നേരത്തെ മുതൽ കേൾക്കുന്നതാണ്. എന്നാൽ, വ്യാജ മാർക്ക്‌ ലിസ്റ്റുകളും സർട്ടിഫിക്കറ്റുകളും നിർമ്മിക്കുന്ന സംഘം സജീവമായി പ്രവർത്തിക്കുന്നുവത്രെ. കഠിനമായ പഠന-ഗവേഷണ പ്രവർത്തനം നടത്തുന്ന അക്കാദമിക രംഗത്തെ സമർപ്പിതരായവരെ അവഹേളിക്കുകയാണിവര്‍. ഒപ്പം, അക്കാദമികമായി മെറിറ്റിന്റെ സ്ഥാനത്തെ ചവറ്റുകുട്ടയിൽ എറിയുകയും ചെയ്യുന്നു. അതിലൂടെ വിദ്യാഭ്യാസത്തിന്റെ മഹത്വത്തെയാണ് അവർ ഇകഴ്ത്തുന്നത്.


വിനാശകരമായ വിദ്യാഭ്യാസനയം സൃഷ്ടിച്ച ദുരന്തം


അറിവും സാംസ്‌കാരിക മൂല്യങ്ങളും വളർത്തിയെടുക്കാൻ ചുമതലപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളെ കേവലം ഉപജീവനത്തിനുള്ള തൊഴിൽ പരിശീലനമാക്കി അധഃപതിപ്പിച്ച പരിഷ്കാരങ്ങളുടെ അനിവാര്യ പരിണതി. ഇപ്പോഴിതാ തട്ടിപ്പുകാർക്ക് ജന്മം നൽകുന്ന സമ്പ്രദായങ്ങളുടെ വിളനിലമായി മാറുന്ന പതനത്തിലാണ് ഉന്നത വിദ്യാഭ്യാസ മണ്ഡലം. വിജ്ഞാനത്തിന്റെ പ്രഭവ കേന്ദ്രങ്ങളായി പരിലസിക്കേണ്ട സ്ഥാപനങ്ങളാണ് സർവകലാശാലകൾ. ഉന്നത വിജ്ഞാനത്തിന്റെ ഇരിപ്പിടങ്ങളാണ് അവ. വിദ്യാഭ്യാസ പ്രക്രിയയിൽ ഭരണകൂടം ഇടപെടാൻ പാടില്ല എന്ന ജനാധിപത്യ വിദ്യാഭ്യാസ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ ഉരുവംകൊണ്ടതാണ് ആധുനിക സർവ്വകലാശാലകൾ. സെനറ്റും സിൻഡിക്കേറ്റും അക്കാദമിക സമിതികളുമെല്ലാം അങ്ങനെയാണ് ക്രമത്തിൽ വികസിച്ചു വന്നത്. സാമൂഹികതാല്പര്യമാണ് സർവകലാശാലകൾ ഉയര്‍ത്തപ്പിടിക്കാന്‍ ശ്രമിക്കുക. വ്യക്തിപരമോ സ്വാർത്ഥനിഷ്ഠമോ ആയ താൽപര്യങ്ങൾക്ക് അവിടെ ഒരുവിധ സ്ഥാനവുമില്ല. എന്നാൽ, സിപിഐ(എം) ഇക്കാലമത്രയും സർവകലാശാലകളെ തങ്ങളുടെ അധാർമിക രാഷ്ട്രീയ ചെയ്തികൾക്ക് തട്ടകമാക്കുകയാണ് ചെയ്തത്. വിജ്ഞാനത്തെയും വിജ്ഞാനം പ്രസരിപ്പിക്കുന്ന സദാചാര ധാർമിക മൂല്യങ്ങളെയും അവർ അഴിമതിയുടെ ചളിക്കുണ്ടിൽ ആഴ്ത്തിക്കളഞ്ഞു. നിസ്സാരമായ പദവികൾക്കുവേണ്ടി ഇടതുപക്ഷ ധാർമികതയുടെ കൊടി അവർ പണയപ്പെടുത്തി എന്നതിനാൽ ക്രിമിനൽ സംഘങ്ങൾക്ക് സർവകലാശാലകളെ കീഴടക്കാൻ എളുപ്പമായി.
അവയുടെയെല്ലാം ഫലമായി, സർവകലാശാല വിദ്യാഭ്യാസത്തിന്റെ വിശ്വാസ്യതയ്ക്ക് കളങ്കം സംഭവിച്ചിരിക്കുന്നു. കേന്ദ്ര സർക്കാർ ലക്ഷ്യം വെയ്ക്കുന്ന വലിയ അജണ്ടകളും അതിനു പിന്നിലുണ്ട് എന്ന് സൂക്ഷ്മമായി വിശകലനം ചെയ്താൽ മനസിലാക്കാനാവും.


വിശ്വാസ്യത തകർക്കുന്നു


നിലവിലുള്ള സർവകലാശാല വിദ്യാഭ്യാസത്തെ നശിപ്പിക്കാൻ വിശ്വാസ്യത തകർക്കുക എന്നത് മോദി സർക്കാരിന്റെ പദ്ധതിയിൽ ഒന്നാണ്. അതിന് കഴിഞ്ഞാൽ വിദ്യാഭ്യാസ വിരുദ്ധമായ എല്ലാ അജണ്ടകളും സർക്കാരിന് നടപ്പാക്കാൻ എളുപ്പമാണ്. സർവകലാശാലകൾ നൽകുന്ന സർട്ടിഫിക്കറ്റിന് കൽപ്പിക്കപ്പെടുന്ന മൂല്യമില്ലാതാക്കുക. കമ്പോള വിദ്യാഭ്യാസ വ്യവസ്ഥയ്ക്ക് കേവലം നൈപുണി മതിയെന്നാണല്ലോ ദേശീയ വിദ്യാഭ്യാസ പരിഷ്കാരങ്ങളിൽ പറയുന്നത്. എന്തായാലും, ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം അഭിമുഖീകരിക്കുന്ന പ്രതിസന്ധി വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നതാണ്, വലിയ വിഭാഗം വിദ്യാർത്ഥികൾ സംസ്ഥാനത്തോട് ഗുഡ് ബൈ പറയുന്നുവെന്നതാണ്.(അതിന് മറ്റ് സാമ്പത്തിക സാമൂഹിക കാരണങ്ങളുമുണ്ട്)
സർവകലാശാലകളിലെ അഫിലിയേറ്റഡ് കോളജുകളിൽ വൻതോതിൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു എന്ന കണക്കുകൾഅതിലേക്ക് വിരൽ ചൂണ്ടുന്നു. കുത്തഴിഞ്ഞ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിൽ മാത്രമല്ല ആർട്സ് ആന്റ് സയൻസ് കോളേജുകളിലും സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നത് എന്തുകൊണ്ട്? അടിസ്ഥാന ഭൗതിക സാഹചര്യവും മികച്ച അധ്യാപകരും ഉണ്ടായിട്ടും കലാലയങ്ങൾ കുത്തഴിഞ്ഞ സ്ഥിതിയിൽ തുടരുന്നതിന് പിന്നിൽ പൊളിച്ചെഴുത്ത് അജണ്ടകൾ പ്രവർത്തിക്കുന്നുണ്ട്. ഒരു വശത്ത് സ്വതന്ത്ര സർവകലാശാലകളും കലാലയങ്ങളും ഇല്ലാത്ത കാലം വിഭാവനം ചെയ്യുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയം. മറുവശത്ത്, അക്രമ രാഷ്ട്രീയത്തിലൂടെ വിദ്യാർത്ഥികളുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തെ തടയുകയും ജനാധിപത്യ അന്തരീക്ഷത്തിന് അന്ത്യം കുറിക്കുകയും ചെയ്യുന്ന എസ്എഫ്ഐയും സംഘവും. വാസ്തവത്തിൽ, രണ്ടും ഒരുപോലെ ജനാധിപത്യ വിദ്യാഭ്യാസത്തെ കശാപ്പുചെയ്യുന്നു.
ചൂഷണത്തിലും അടിച്ചമര്‍ത്തലിലും അധിഷ്ഠിതമായ മുതലാളിത്തവാഴ്ച സ്വതന്ത്രചിന്തയെയും വിജ്ഞാനവികാസത്തെയും മാനുഷികമൂല്യങ്ങളെയും ഭയക്കുന്നു. സര്‍വകലാശാലകളുടെ സ്വയംഭരണാവകാശം തകര്‍ത്ത് അവയെ വരുതിയിലാക്കാന്‍ കക്ഷി ഭേദമെന്യെ മുതലാളിവര്‍ഗ സേവകര്‍ ശ്രമിക്കുന്നത് അതുകൊണ്ടാണ്. സിപിഐ(എം) പോലുള്ള പാര്‍ട്ടികളുടെ അപചയം അവരെ നഗ്നരായ മുതലാളിത്ത സേവകരാക്കി അധഃപതിപ്പിച്ചിരിക്കുന്നു. പുതിയൊരു സമൂഹസൃഷ്ടിയുടെ ഉദാത്തമായ മൂല്യങ്ങള്‍ പുതിയ തലമുറയ്ക്ക് പ്രദാനം ചെയ്യാന്‍ ഇത്തരം പ്രസ്ഥാനങ്ങള്‍ക്ക് ഇനി കഴിയില്ല. സംഘടനയിലെ ജീര്‍ണ്ണത സമൂഹത്തിലേക്ക് പടര്‍ത്തുന്ന സാമൂഹ്യ വിരുദ്ധമായ ദൗത്യമാണ് അവര്‍ക്കിനി നിറവേറ്റാനുള്ളത്. സംഘപരിവാറിന്റെ വിനാശകരമായ നീക്കങ്ങള്‍ക്കെതിരെ നിലകൊള്ളാനുള്ള കെല്പ് നഷ്ടപ്പെട്ട ഇക്കൂട്ടര്‍ സര്‍വ്വ പ്രകാരേണയും അവര്‍ക്ക് ഒത്താശ ചെയ്യുന്ന സ്ഥിതിയിലെത്തിയിരിക്കുന്നു എന്നത് സാമൂഹ്യ പുരോഗതി കാംക്ഷിക്കുന്നവരും ഇടതുപക്ഷ ചിന്താഗതിക്കാരും ഗൗരവത്തോടെ സമീപിക്കേണ്ട വിഷയമാണ്. ഇതിനെതിരായ പ്രതിപ്രവാഹം സൃഷ്ടിക്കുന്നതില്‍ സര്‍വകലാശാലകളുടെ രാഷ്ട്രീയവും ധാര്‍മ്മികവുമായ ഔന്നത്യം വീണ്ടെടുക്കുകയെന്ന കര്‍‌ത്തവ്യത്തിന് നിര്‍ണ്ണായക പ്രാധാന്യമുണ്ട്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ഉറച്ച നിലപാടെടുത്തുകൊണ്ടേ വിദ്യാഭ്യാസ മേഖലയിലെ ഏതൊരു തകര്‍ച്ചയ്ക്കുമെതിരെ പൊരുതാനാകൂ. അതൊരു മഹാപ്രവാഹമായി വളര്‍ത്തിയെടുക്കുന്നതില്‍ ഓരോ പുരോഗമന വിശ്വാസിയും സ്വന്തം പങ്ക് നിറവേറ്റേണ്ട സന്ദര്‍ഭമാണിത്.

Share this post

scroll to top