കക്ഷത്തിലിരിക്കുന്ന കോടികളുടെ പദ്ധതി പോകാതെ ഉത്തരത്തിലിരിക്കുന്ന വോട്ട് കൂടി തരപ്പെടുത്താൻ കിണഞ്ഞു പരിശ്രമിക്കുകയാണ് കെ റെയിലിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാർ. ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കി സമരത്തിന്റെ ശക്തി ക്ഷയിപ്പിച്ച് പ്രതിഷേധമില്ല എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം ഒരുവശത്ത്, കേന്ദ്രാനുമതിയും വിദേശവായ്പയും തരപ്പെടുത്താൻ നടത്തുന്ന ഔദ്യോഗിക നീക്കങ്ങളും പിന്നാമ്പുറ കളികളും മറുവശത്ത്. ഇങ്ങനെ കുതന്ത്രങ്ങ ളെല്ലാം പയറ്റുകയാണ് സർക്കാർ. ജനങ്ങളാകട്ടെ പോലീസ് അതിക്രമങ്ങളെ ചെറുത്ത് കല്ലിടൽ തടഞ്ഞതിനെക്കാൾ പതിന്മടങ്ങ് ആത്മവിശ്വാസത്തിൽ സർക്കാർ നീക്കങ്ങള്‍ക്കെതിരെ സമരസജ്ജരാകുകയും ചെയ്യുന്നു.
ഡൽഹിയിൽ കെ.വി.തോമസിനെ പ്രത്യേക പ്രതിനിധിയായി നിയമിച്ചത് സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്കനുസരിച്ച് കരുനീക്കങ്ങൾ നടത്തുന്നതിനാണ് എന്ന് സർക്കാർ തന്നെ വ്യക്തമാക്കിയിരുന്നു. പച്ചയായി പറഞ്ഞാൽ എംപിയായും കേന്ദ്ര സഹമന്ത്രിയായും പ്രവർത്തിച്ച പരിചയവും ഭരണസിരാകേന്ദ്രത്തിലെ സ്വാധീനവും ഉപയോഗിച്ച് ദല്ലാൾ പണി നടത്തുക എന്ന തരംതാണ ഇടപാട്. അതിൽ പ്രധാന ഉദ്ദേശ്യം സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നേടുക എന്നതുതന്നെയാണ് എന്ന് കേരള ജനത അന്നുതന്നെ മനസ്സിലാക്കിയിരുന്നു.
സിൽവർ ലൈൻ പദ്ധതിയെ ശക്തമായി വിമർശിക്കുകയും കെറെയിൽ പുറത്തുവിട്ട വിശദപദ്ധതി രേഖ(ഡിപിആര്‍) വെറും ബ്ലൻഡറാണ് എന്ന് തുറന്നുപറയുകയും ചെയ്ത ഡോ.ഇ.ശ്രീധരനെ വശത്താക്കി ബിജെപി വഴി കേന്ദ്രസർക്കാരിനെ സ്വാധീനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായ ചർച്ചാ നാടകങ്ങളും നമ്മൾ കണ്ടു. ബ്രോഡ്ഗേജ് എന്ന നിലപാടിൽനിന്ന് സ്റ്റാൻഡേർഡ് ഗേജ് പാത എന്ന ശ്രീധരന്റെ മാറ്റവും ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചു. തൊട്ടുപിന്നാലെ ശ്രീധരന് പൂർണ പിന്തുണ പ്രഖ്യാപിച്ച് ബിജെപി നേതൃത്വംകൂടി രംഗത്തുവന്നതോടെ ഇതിനുപിന്നിലെ രാഷ്ട്രീയ-സാമ്പത്തിക കരുനീക്കങ്ങളെക്കുറിച്ച് വ്യാപക ചർച്ച ഉയർന്നത് ഇരുകക്ഷികളെയും സമ്മർദ്ദത്തിലാക്കി.
സാമ്പത്തിക പ്രതിസന്ധിയെ ക്കുറിച്ച് മുറവിളികൂട്ടുന്ന സംസ്ഥാനസർക്കാരിന് ഏതുവിധേനയും വൻതോതിലുളള വിദേശ വായ്പ എടുത്തേ മതിയാവൂ. അതിനാണ് ജപ്പാന്റെ സാങ്കേതികവിദ്യയും ഉൽപ്പന്നങ്ങളും വാങ്ങി വായ്പയും കമ്മീഷനും ഉറപ്പാക്കാൻ ശ്രമിക്കുന്നത്. കോടികളുടെ നിർമ്മാണ പദ്ധതി എന്ന കോർപറേറ്റ് താല്പര്യവും, കേരളത്തിലുടനീളം ടൗൺഷിപ്പുകളുടെ പേരിൽ കണ്ണായ ഭൂമി വൻകിട വ്യവസായികൾക്ക് യഥേഷ്ടം കൈക്കലാക്കാം എന്നതും പദ്ധതി നടത്തിപ്പുകാരുടെ ആവേശം വർദ്ധിപ്പിക്കുന്നു. ഈ അതിരുകടന്ന ആവേശത്തിലാണ് പ്രതിഷേധിക്കുന്ന ജനങ്ങളെ അടിച്ചമർത്താനും വീട്ടമ്മമാരെ ഉൾപ്പെടെ ക്രൂരമായി ആക്രമിക്കാനും പോലീസ് സംവിധാനത്തെ ഉപയോഗിച്ചത്. കേരളത്തിൽ ഉടനീളം നടപ്പിലാക്കിയ ഈ ഗുണ്ടായിസത്തെ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ ന്യായീകരിക്കുന്നതും, “കല്ല് പറിക്കുന്നവന്റെ പല്ലു പറിക്കും” എന്നുപറഞ്ഞ് ജനങ്ങളെ വെല്ലുവിളിക്കുന്നതും ഈ ആവേശത്തിലും മുതലാളിമാരുടെ പിൻബലത്തിലും ആയിരുന്നു. “ആരെതിർത്താലും സിൽവർ ലൈൻ വരിക തന്നെ ചെയ്യും” എന്ന് പ്രഖ്യാപിച്ചിരുന്ന മുഖ്യമന്ത്രി ഇപ്പോൾ, തൽക്കാലം പദ്ധതി നടപ്പിലാക്കില്ലെന്നും ഭാവിയിൽ വേണ്ടി വരുമെന്നും പ്രഖ്യാപിച്ച് മലക്കംമറിഞ്ഞു. കൺമുന്നിലെത്തിയ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പും ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പും മാത്രമാണ് ഈ പ്രഖ്യാപനത്തിന് പിന്നിലെന്ന് മനസ്സിലാക്കാൻ സാമാന്യ ബോധംമതി.
സിൽവർ ലൈൻ കോർപ്പറേറ്റുകളുടെ താൽപര്യം കൂടിയാണ്. ഭൂമിയും വീടും നഷ്ടപ്പെടുന്നവർ മാത്രമല്ല ഭാവിയെ കുറിച്ച് ചിന്തിക്കുന്ന മുഴുവൻ ആളുകളും എതിർത്തിട്ടും എന്തു വിലകൊടുത്തും പദ്ധതി നടപ്പിലാക്കാൻ സർക്കാർ ശ്രമിക്കുന്നത് ഇക്കാരണത്താലാണ്. കക്ഷിരാഷ്ട്രീയ ചിന്തകൾക്ക് അതീതമായി, വികസന വായ്ത്താരികളുടെ പൊള്ളത്തരം മനസ്സിലാക്കുകയും ദുരിതം ഏറ്റുവാങ്ങുകയും ചെയ്യുന്ന ജനങ്ങൾ പ്രതിഷേധ പക്ഷത്ത് അടിയുറച്ചു നിൽക്കുക തന്നെയാണ്. സർക്കാരിന്റെ കുതിപ്പും കിതപ്പും എന്തിനാണ് എന്ന് ബോധ്യമുള്ള ഈ ജനങ്ങൾ എവ്വിധത്തിൽ നടപ്പിലാക്കാൻ ശ്രമിച്ചാലും കൂടുതൽ ശക്തമായി കെ റെയിൽ പദ്ധതിയെ ചെറുത്തു തോല്‍പ്പിക്കുകതന്നെ ചെയ്യും.