രാഷ്ട്രീയ സദാചാരരാഹിത്യവും ജനാധിപത്യവിരുദ്ധതയും പരകോടിയിലെത്തിയ ദൃശ്യമാണ് ഇന്ന് കേരളത്തില്‍ കാണുന്നത്. വിവരണാതീതമായ ജീവിതക്ലേശങ്ങളുടെ മുമ്പില്‍ ആശയറ്റ് പാവപ്പെട്ടവരായ ജനലക്ഷങ്ങള്‍ ഒരു വശത്ത് ചുടുകണ്ണീര്‍ പൊഴിക്കുന്നു. നെറിവുകെട്ട ഭരണവൃന്ദമാകട്ടെ ദരിദ്രലക്ഷങ്ങളുയര്‍ത്തുന്ന നിലവിളികളുടെ കഴുത്ത് ഞെരിക്കാനായി പണക്കൊഴുപ്പിന്റെ പരസ്യവേല സംഘടിപ്പിച്ച്, കേരളസംസ്ഥാനത്തെ ജനങ്ങളുടെ ആത്മാഭിമാനത്തെ ഒന്നാകെ വെല്ലുവിളിക്കുന്നു. അധികാരത്തിന്റെയും സംഘടനയുടെയും മൃഗീയബലം മാത്രം ഉപയോഗപ്പെടുത്തിയുള്ള നവകേരള സദസ്സ് മനംപിരട്ടുന്ന കാഴ്ചയായി മാറിയിരിക്കുന്നു.
ജനകീയപ്രശ്‌നങ്ങളുടെ തമസ്‌കരണത്തിന്റെയും ജനങ്ങളോടുള്ള വൈരത്തിന്റെയും പുച്ഛത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും ആകമാനപ്രതീകമാണ് ഈ എഴുന്നള്ളത്ത്. വായ്പാക്കയത്തില്‍ മുങ്ങിനില്‍ക്കുന്ന ഖജനാവില്‍നിന്നും അല്ലാതെയും കോടികള്‍ ചെലവഴിച്ച് നടത്തുന്ന മാമാങ്കത്തിന് ജനങ്ങളുടെ യഥാര്‍ത്ഥപ്രശ്‌നങ്ങളുടെ പരിഹാരവുമായി വിദൂരബന്ധംപോലുമില്ല. ശരാശരി മലയാളിയുടെ ദുരിതപൂര്‍ണ്ണമായ മനുഷ്യാവസ്ഥയെ പരിഹസിക്കുന്ന ഒന്നായി നവകേരള സദസ്സെന്ന ഈ കെട്ടുകാഴ്ച മാറിയിരിക്കുന്നു. തൊഴിലില്ലായ്മയും വരുമാനത്തകര്‍ച്ചയുമാണ് കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നം. ഉറ്റവരെ ഉപേക്ഷിച്ച് വിദേശരാജ്യങ്ങളിലേക്ക് പലായനം ചെയ്യാന്‍ പതിനായിരങ്ങളെ പ്രേരിപ്പിക്കുന്നത് ജീവിതത്തിന്റെ ഭയാനകമായ അനിശ്ചിതത്വമാണ്. ഒരു നിയന്ത്രണവുമില്ലാതെ വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവുകള്‍ക്കുമുമ്പില്‍ സാധാരണക്കാരന്‍ മരവിച്ച് നില്‍ക്കുന്നു. വിദ്യാഭ്യാസച്ചെലവുകള്‍ ആര്‍ക്കും താങ്ങാനാവുന്നില്ല. ചികില്‍സയുടെ സാമ്പത്തികഭാരം താങ്ങാനാവാതെ കടക്കെണിയിലാകുന്ന കുടുംബങ്ങളുടെ എണ്ണം ഞെട്ടലുളവാക്കുംവിധമാണ് ഉയരുന്നത്. കേരളത്തിലെ ഗ്രാമീണദരിദ്രരില്‍ 88 ശതമാനവും കടക്കെണിയലകപ്പെട്ടിരിക്കുന്നു എന്നത് സെന്റര്‍ ഫോര്‍ സോഷ്യോ-ഇക്കണോമിക് ആന്റ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസി(സി എസ്ഇഎസ്)ന്റെ ശാസ്ത്രീയ പഠനമാണ്. അതായത് സംസ്ഥാനത്തെ ജനസംഖ്യയുടെ 51 ശതമാനവും വായ്പാക്കുരുക്കില്‍ ഞെരിഞ്ഞമരുകയാണ്.
‘ഞാനെന്ന കര്‍ഷകന്‍ പരാജയപ്പെട്ടുപോയി…’എന്ന, ജീവന്‍ ത്യജിച്ച കുട്ടനാട്ടിലെ കര്‍ഷകന്റെ വിലാപത്തില്‍ പ്രതിദ്ധ്വനിക്കുന്നത് കര്‍ഷകരുടേതുമാത്രമല്ല, ഈ മണ്ണിലെ സാധാരണക്കാരായ മുഴുവന്‍ മനുഷ്യരുടെയും നിസ്സഹായതയാണ്. അവരില്‍ നിരന്തരം ശമ്പളം മുടങ്ങുന്ന കെഎസ്ആര്‍ടിസി തൊഴിലാളിയുണ്ട്, മാസങ്ങളായി പെന്‍ഷന്‍ ലഭിക്കാത്ത പരമദരിദ്രരുണ്ട്.
നിര്‍മ്മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെത്തുന്ന കോടികള്‍ വകമാറ്റുന്നതിനാല്‍ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ലഭിച്ചിട്ട് 11 മാസമായി. സ്‌കൂളുകളില്‍ ഉച്ചക്കഞ്ഞി മുടങ്ങുന്നു. സപ്ലൈകോയില്‍ അവശ്യ നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമല്ലാതായിട്ട് ഏതാണ്ട് ഒരു വര്‍ഷമായി. ഇപ്പോള്‍ അവിടെ വിലവര്‍ദ്ധനവും അടിച്ചേല്‍പ്പിച്ചു. വൈദ്യുതിച്ചാര്‍ജ്ജും യാത്രാക്കൂലിയും രണ്ട് തവണ കൂട്ടി. സര്‍ക്കാര്‍ സേവനങ്ങളുടെ ചാര്‍ജ്ജുകളും നികുതികളും 12 മടങ്ങുവരെ വര്‍ദ്ധിപ്പിച്ചു. ഇതെല്ലാം താങ്ങാന്‍ ഇന്നാട്ടിലെ നിശ്ചിതവരുമാനമുള്ള ഒരു ന്യൂനപക്ഷത്തിനുപോലും കഴിയില്ലെങ്കില്‍ മഹാഭൂരിപക്ഷത്തിന്റെ സ്ഥിതിയെന്തായിരിക്കും. പുലരുന്ന ഓരോ പ്രഭാതത്തെയും വേവുന്ന നെഞ്ചോടെ കാണുന്ന ഈ ലക്ഷക്കണക്കിന് സാധാരണക്കാരെ കേരളത്തിന്റെ ഭരണചക്രം തിരിക്കുന്നവര്‍ കാണുന്നില്ലേ? സംസ്ഥാനത്തിന്റെ സാമൂഹ്യയാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ പുറംതിരിഞ്ഞു നില്‍ക്കുക മാത്രമല്ല, ഈ പട്ടിണിപ്പാവങ്ങളുടെ മുഖത്തേക്ക് ആട്ടിത്തുപ്പുകകൂടിയാണ് നിങ്ങള്‍ ചെയ്യുന്നത്. ഏതൊരു കഠിനഹൃദയനെയും വേദനിപ്പിക്കുന്ന ഈ സാമൂഹ്യസാഹചര്യത്തെ മറച്ചുവയ്ക്കാനായി അധികാരഗര്‍വ്വിന്റെ രഥമുരുട്ടുകയാണ് നവകേരള സദസ്സിലൂടെ പിണറായി ഭരണം. ലോകകേരളസഭയും കേരളീയവും പിന്നിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ‘വിനോദയാത്രാസംഘം’ നവകേരള സദസ്സിലേയ്ക്ക് പ്രവേശിച്ചിരിക്കുന്നത്.
ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്ന നവകേരള സദസ്
മുഖ്യമന്ത്രിയും മന്ത്രിപ്പടയും കേരളത്തിലെ നൂറ്റിനാല്‍പ്പത് മണ്ഡലങ്ങളും നേരിട്ട് സന്ദര്‍ശിക്കുന്നു. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കുകയും ജനങ്ങളുടെ പരാതി കേള്‍ക്കുകയുമാണത്രേ ഉദ്ദേശ്യം. വിനോദയാത്ര പോകുന്ന ഒരു സംഘത്തിന്റെ എല്ലാ ഹര്‍ഷാരവങ്ങളും യാത്രയിലുടനീളം പ്രകടമാണ്. മുഖ്യമന്ത്രിയും പരിവാരങ്ങളും കാട്ടിക്കൂട്ടുന്ന ഈ കോപ്രായങ്ങള്‍ കണ്ട് ജനങ്ങളുടെ ക്ഷമ, സകലസീമകളും കടക്കുകയാണ്. അധികാരപ്രമത്തത കണ്ണുമൂടിയിരിക്കുന്നതിനാല്‍ അവര്‍ക്കിത് തിരിച്ചറിയാനാകാത്തതാണോ അതോ കണ്ണടച്ച് ഇരുട്ടാക്കുന്നതാണോ എന്നറിയില്ല. എത്രമേല്‍ ജുഗുപ്‌സാവഹമാണ് ഈ കാഴ്ചയെന്ന് ആരാണ് ഇക്കൂട്ടരോട് ഒന്നു പറയുക.
ഒരു കോടി അഞ്ചുലക്ഷംരൂപയുടെ എല്ലാവിധ സംവിധാനങ്ങളോടുംകൂടിയ അത്യാഡംബര യാത്രാവാഹനം. പലവാഹനങ്ങളില്‍ പോകുമ്പോഴുണ്ടാകുന്ന ദുര്‍ചെലവ് കുറയ്ക്കാനാണുപോലും യാത്ര ഒരു ബസിലാക്കിയത്. അകമ്പടി വാഹനങ്ങളുെട എണ്ണത്തിന് എന്നാല്‍ കുറവൊന്നുമില്ല. എത്ര പരിശ്രമിച്ചിട്ടും അതില്‍ ആഡംബരമൊന്നും കാണുന്നില്ല എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. ജാഥ കഴിയുമ്പോഴേയ്ക്കും ബസ് മ്യൂസിയത്തില്‍ വയ്ക്കും, അത് വീണ്ടും കേരളത്തിന് വരുമാനവുമാകും. ദീര്‍ഘവീക്ഷണം സ്തുത്യര്‍ഹമാണ്. പറഞ്ഞത് മുന്‍മന്ത്രി എ.കെ. ബാലന്‍. അദ്ദേഹമാകട്ടെ കുറെനാളായി സ്വയം നാണംകെടാന്‍ കരാറെടുത്തിരിക്കുകയാണ്. കേരളീയം വിജയകരമായിരുന്നു എന്നതിന്റെ തെളിവായി വിറ്റുപോയ കളിപ്പാട്ടങ്ങളുടെയും ഉഴുന്നുവടയുടെയും കണക്കുനിരത്തി നിലത്തുകിടന്ന് ഉരുളേണ്ടിവരുന്നത് സഹതാപാര്‍ഹമായ നിലയില്‍ ദുര്‍ബ്ബലമായിരിക്കുന്നു അധികാരപക്ഷം എന്നതിനാലാണ്.
‘പൗരപ്രമുഖരു’മായുള്ള പ്രഭാത, അത്താഴ വിരുന്നുകള്‍, താലപ്പൊലി, ചെണ്ടമേളം, മൈലാഞ്ചിയിടല്‍, സാദാജനത്തിന് ചുക്കുവെള്ളം, ചുക്കാന്‍ പിടിക്കാന്‍ ബിഎല്‍ഒ മുതല്‍ കളക്ടര്‍, എസ് പി വരെ ഭരണവൃന്ദം ഒന്നടങ്കം അങ്ങനെ നടപടിക്രമങ്ങളിലൊന്നും തെല്ലും വിട്ടുവീഴ്ചയില്ല. സാദാജനങ്ങളുടെ കൈയില്‍നിന്ന് പരാതി മുഖ്യമന്ത്രിയോ മന്ത്രിമാരോ നേരിട്ട് വാങ്ങില്ല. എന്നാല്‍ പ്രഭാതഭക്ഷണത്തിന് ക്ഷണമുളള ‘പൗരപ്രമുഖരെ’ മുഖ്യമന്ത്രി നേരിട്ടുതന്നെ കേള്‍ക്കും, അവര്‍ എഴുതിക്കൊടുക്കുകപോലും വേണ്ട പറഞ്ഞാല്‍മതി. ലക്ഷങ്ങള്‍ മുടക്കി കെട്ടിയിട്ടിരിക്കുന്ന പന്തലുകളില്‍ നിരത്തുന്ന കസേരകളില്‍, ഉരിയാടാതെ, വെറുതെ ചെന്നിരിന്ന് പന്തലുനിറയ്ക്കുക എന്നതുമാത്രമാണ് സാദാജനങ്ങളുടെ ഉത്തരവാദിത്തം. ആളുകുറയുന്നു എന്നു തോന്നുന്നിടത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കണം, ആളെ എത്തിക്കാന്‍ സ്‌കൂള്‍ ബസ് വിട്ടുകൊടുക്കണം, തൊഴിലുറപ്പ് തൊഴിലാളികളെയും ആശാവര്‍ക്കര്‍മാരെയും ഹരിതകര്‍മ്മ സേനയെയും കുടുംബശ്രീ പ്രവര്‍ത്തകരെയും പതിവുപോലെ ഭീഷണിപ്പെടുത്തി സാന്നിദ്ധ്യം ഉറപ്പാക്കുന്നു. അങ്ങനെയൊക്കെയാണ് പന്തലില്‍ ആളെത്തിക്കുന്നത്. ജനങ്ങളില്‍നിന്ന് പരാതി ശേഖരിച്ച് മണ്ഡലപര്യടനം നടത്തുമ്പോള്‍ മറുവശത്ത് കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ സെക്രട്ടേറിയറ്റില്‍ എത്തിയവയില്‍ തീര്‍പ്പാക്കപ്പെട്ടത് കേവലം പതിനൊന്ന് ശതമാനം പരാതികള്‍മാത്രമാണെന്നാണ് ഔദ്യോഗികറിപ്പോര്‍ട്ട്. സെക്രട്ടേറിയറ്റില്‍ ഫയലുകള്‍ കൂമ്പാരമായി കെട്ടിക്കിടക്കുകയാണത്രേ.
നവകേരളത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ പങ്കുവയ്ക്കുന്നത് ചുമട്ടുതൊഴിലാളിയോ ആട്ടോറിക്ഷാ തൊഴിലാളിയോ കര്‍ഷകത്തൊഴിലാളിയോ ഒന്നുമല്ല, മറിച്ച് കേരളത്തിലെ ആഗോളവ്യവസായികളാണ്. അവരുടെ സ്വപ്‌നത്തിനാണ് വില. മോദി മുതലാളിമാരെയുംകൊണ്ട് ഊരുചുറ്റാന്‍ പോകുന്നതില്‍നിന്നും ഇതിന് എന്തുവ്യത്യാസമാണുള്ളത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ പ്രചാരണം മാത്രമാണിത്.
കണ്ണൂരില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്ഐക്കാര്‍ വളഞ്ഞിട്ട് ആക്രമിക്കുന്ന കാഴ്ച കണ്ടുകൊണ്ടാണ് രണ്ടാംദിവസം നവകേരളം കണ്ണുതുറന്നത്. മുഖ്യമന്ത്രിയടക്കം നേതാക്കന്മാരും ക്യാപ്‌സൂള്‍ വിഴുങ്ങികളും സകല ശക്തിയുമെടുത്ത് ന്യായീകരിക്കുന്നു. ഹെല്‍മറ്റും ചെടിച്ചട്ടിയും ഉപയോഗിച്ച് ജീവന്‍രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്റെ ഒരു പുതിയ മാതൃകയും നവകേരളസദസ്സ് കണ്ടെടുത്തു. മൃഗീയമായ ഈ ആക്രമണത്തെ ജീവന്‍ രക്ഷാപ്രവര്‍ത്തനമെന്നും മാതൃകയാണെന്നും ഡിവൈഎഫ്‌ഐ അത് തുടരണമെന്നും പറഞ്ഞ് മുഖ്യമന്ത്രി പരസ്യമായി കലാപത്തിന് ആഹ്വാനം ചെയ്തു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പര്യടനം സര്‍ക്കാര്‍ പരിപാടി ആയിരിക്കുന്നിടത്തോളം പ്രതിഷേധിക്കാ നുള്ള അവകാശം ഏതൊരാള്‍ക്കുമുണ്ട്. പതിനായിരക്കണക്കിന് പരാതികള്‍ ഏറ്റുവാങ്ങി വന്‍വിജയമായാണ് പര്യടനം മുന്നേറുന്നത് എന്ന് മുഖ്യമന്ത്രിതന്നെ അവകാശപ്പെടുമ്പോള്‍, പതിനായിരക്കണക്കിന് ആവലാതിക്കാര്‍ ഉണ്ടെങ്കില്‍ അത് ഭരണപരാജയത്തെയാണ് വെളിവാക്കുന്നത് എന്നതിന് മറ്റ് തെളിവുകളൊന്നും വേണ്ടല്ലോ.
ക്ഷമയുടെ നെല്ലിപ്പലകകണ്ട് കര്‍ഷകര്‍
നവകേരളസദസ്സ് എന്ന പേരില്‍ നടക്കുന്ന ഈ ആഡംബരകൂത്തുകൊണ്ട് കേരളത്തിലെ കര്‍ഷകന് എന്താണ് പ്രയോജനം. 6 മാസത്തിനുശേഷവും നെല്ലിന്റെ വില ലഭിക്കാത്ത ഏതാനും ആയിരം കര്‍ഷകര്‍ക്ക് അതുനല്‍കിയിട്ട് വേണമായിരുന്നു കേരളയാത്ര. കോടികള്‍ പൊടിച്ച് കേരളീയം തിമിര്‍ക്കുന്നതിനിടയ്ക്കാണ് വിറ്റനെല്ലിന്റെ പണം കിട്ടാതെ കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. അതില്‍ അശേഷം മനക്ലേശം സര്‍ക്കാരിനോ കുഴലൂത്തുകാര്‍ക്കോ തോന്നിയില്ല. വിതുമ്പിക്കൊണ്ട് ആത്മഹത്യചെയ്ത തകഴിയിലെ കര്‍ഷകന് കുടുംബപരമായിട്ടുള്ള ആത്മഹത്യാ പ്രവണതയിലേയ്ക്കാണ് ഭരണഗവേഷണകുതുകികളുടെ താല്‍പര്യം പോയത്. മ്ലേച്ഛം എന്നേ സാമാന്യബുദ്ധികൊണ്ട് പറയാനാകൂ. സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ഭാടം പുളയ്ക്കുമ്പോള്‍ ഒരുമാസത്തിനുള്ളില്‍ ആത്മഹത്യ ചെയ്തത് മൂന്നു കര്‍ഷകര്‍. കേരളത്തില്‍ കൃഷിതന്നെ ഇല്ലെങ്കിലും കുഴപ്പമില്ല, തമിഴ്‌നാട്ടില്‍ കൃഷിയുള്ളിടത്തോളം എന്നാണ് ബഹുമാനപ്പെട്ട സാംസ്കാരിക(!) മന്ത്രി സജി ചെറിയാന്‍ വിഷയത്തോട് പ്രതികരിച്ചത്.
നടപ്പുരീതിയനുസരിച്ച് ബാങ്കില്‍നിന്ന് പിആര്‍എസ്(പാഡി രസീത് സ്ലിപ്പ്) വായ്പയായാണ് സംഭരിച്ച നെല്ലിന്റെ വില നല്‍കുന്നത്. വായ്പത്തുകയും പലിശയും സര്‍ക്കാര്‍ ബാങ്കിന് നല്‍കും എന്നാണ് വയ്പ്. എന്നാല്‍ സര്‍ക്കാര്‍ ബാങ്കില്‍ പണമടയ്ക്കാന്‍ വൈകിയാല്‍ കര്‍ഷകന്റെ സിബില്‍ സ്‌കോര്‍ കുറയും. സര്‍ക്കാര്‍ ബാങ്കില്‍ കൃത്യമായി പണമടയ്ക്കുന്നില്ല എന്നതാണ് കര്‍ഷകനെ വെട്ടിലാക്കുന്നത്. പിആര്‍എസിനൊപ്പം കര്‍ഷകന്‍ ബാങ്കില്‍ ഒപ്പിട്ടുകൊടുക്കുന്ന മറ്റു രേഖകള്‍ കുരുക്കായി മാറും. കേന്ദ്രവിഹിതമായ 20.4 രൂപയും സംസ്ഥാനവിഹിതമായ 7.8 രൂപയും കൈകാര്യച്ചെലവായ 12 പൈസയും ചേര്‍ത്ത് 28.3 രൂപയാണ് ഒരു കിലോ നെല്ലിന് കര്‍ഷകന് ലഭിക്കേണ്ടത്. അരിയാക്കി കേന്ദ്രപൂളിലേയ്ക്ക് നല്‍കുമ്പോള്‍ പണം അവിടെനിന്ന് ലഭിക്കും. ഇതിന് പലപ്പോഴും മാസങ്ങളുടെ താമസം വരും. കേന്ദ്രവിഹിതമായി കിട്ടേണ്ടതുക സിവില്‍സപ്ലൈസിന്റെ അക്കൗണ്ടിലേയ്ക്കാണ് വരുന്നത്. സംസ്ഥാനവിഹിതവും ചേര്‍ത്ത് സപ്ലൈകോയാണ് കര്‍ഷകന് പണം നല്‍കേണ്ടത്. എന്നാല്‍ സപ്ലൈകോ കടത്തിലാണ് എന്നതും സംസ്ഥാന സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് നല്‍കാനുള്ള പണം നല്‍കിയിട്ടില്ല എന്നതും പ്രതിസന്ധിയിലാക്കുന്നത് കര്‍ഷകനെയാണ്. 2000കോടി രൂപയാണ് നെല്ലെടുക്കാന്‍ പ്രതിവര്‍ഷം ആവശ്യമായി വരുന്നത്. ഈ തുക സംസ്ഥാന സര്‍ക്കാര്‍ ഒരു റിവോള്‍വിംഗ് ഫണ്ടായി ബജറ്റില്‍ ഉള്‍പ്പെടുത്തുന്ന ആ നിമിഷം അവസാനിക്കുന്ന ഒരു പ്രശ്‌നമാണ് പാവപ്പെട്ട കര്‍ഷകരെ കൊലയ്ക്കുകൊടുക്കുന്ന ഒന്നാക്കി സംസ്ഥാന സര്‍ക്കാര്‍ നിലനിര്‍ത്തിയിരിക്കുന്നത്. ഈ പ്രശ്‌നപരിഹാരം തീരുമാനിക്കാന്‍ കുട്ടനാട്ടിലെത്തുന്ന മുഖ്യമന്ത്രിക്കും പരിവാരങ്ങള്‍ക്കും നവകേരള സദസ്സിലൂടെ കഴിയില്ല. പിന്നെ എന്തിനാണ് ഈ പൊറാട്ടുനാടകം?
കൊയ്‌തെടുത്ത നെല്ല് ദിവസങ്ങളോളം ഏറ്റെടുക്കാന്‍ ആളില്ലാതെ പാടത്ത് കിടക്കുക, കൊയ്തിട്ടിരിക്കുന്ന നെല്ല് കിളിര്‍ത്തുപോകുക, യഥാസമയത്ത് വിത്തുകിട്ടാതിരിക്കുക, കൃഷി ആവശ്യത്തിനുള്ള വൈദ്യുതിയുെട വില വര്‍ദ്ധനവ്, വളത്തിന്റെയും കീടനാശിനികളുടെയും വിലവര്‍ദ്ധനവ് തുടങ്ങി കര്‍ഷകന്റെ മുന്നിലുള്ള ദുര്‍ഗ്ഗമമായ കടമ്പകള്‍ ഭരണാധികാരികളുടെ സൃഷ്ടിയാണ്. സ്വകാര്യമില്ലുടമകള്‍ നെല്ല് അരിയാക്കി നല്‍കുന്ന അനുപാതം, കൈകാര്യച്ചെലവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് സംഭരണം വൈകിക്കുന്നത് പതിവാണ്. ഇതുമൂലം നെല്ല് സൂക്ഷിച്ചുവയ്ക്കാന്‍ മാര്‍ഗ്ഗമില്ലാത്ത കര്‍ഷകന് പലപ്പോഴും വന്‍തുക നഷ്ടം സഹിച്ച് വില്‍ക്കേണ്ടിവരുന്നു. എല്ലാ പ്രതിസന്ധികളെയും മറികടന്ന് വിളവെടുക്കുന്ന കര്‍ഷകന്‍ വിള സര്‍ക്കാരിന് വിറ്റ വകയില്‍ കടക്കെണിയില്‍പെട്ട് ജീവനൊടുക്കേണ്ടിവരികയെന്നാല്‍ സര്‍ക്കാരാണ് പ്രതി. സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥയുടെയും അലംഭാവത്തിന്റെയും ഇരയാണ് കര്‍ഷകര്‍. കൃഷിവകുപ്പിന് കീഴില്‍ ഇരുപത്തിയെട്ടോളം സ്ഥാപനങ്ങളും ഓഫീസുകളും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ കര്‍ഷകര്‍ക്ക് ഒരുവിധ ആശ്വാസവും ഈ സംവിധാനങ്ങളില്‍ നിന്ന് ലഭിക്കുന്നില്ല.
ഇതുകൊണ്ടൊന്നും തീരുന്നില്ല കര്‍ഷകന്റെ ദുരിതങ്ങള്‍. റബ്ബര്‍ കര്‍ഷകര്‍ മുതല്‍ ക്ഷീരകര്‍ഷകര്‍ വരെ പിടിച്ചുനില്‍ക്കാന്‍ പെടാപ്പാടുപെടുന്നു. ഉദാഹരണമായി ക്ഷീരകര്‍ഷകരുടെ മാത്രം പ്രശ്‌നം പരിശോധിച്ചാല്‍ മതി. പൊതുമേഖലാസ്ഥാപനമായ കേരളാഫീഡ്‌സ് കാലത്തീറ്റ ചാക്കൊന്നിന് 29 രൂപ വര്‍ദ്ധിപ്പിക്കുകയും സബ്‌സിഡി പത്ത് ചാക്കായിരുന്നത് നാലുചാക്കായി കുറയ്ക്കുകയും ചെയ്തു. വൈക്കോല്‍ സബ്‌സിഡി മുപ്പതു കിലോയ്ക്ക് 350രൂപയായിരുന്നത് 225ആയി കുറച്ചു. പാലിന് ഗ്രാമപഞ്ചായത്ത് നല്‍കിയിരുന്ന സബ്‌സിഡി -മില്‍ക് ഇന്‍സെന്റീവ്- ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതോടെ നിലച്ചമട്ടാണ്. മില്‍ക് ഷെഡ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാംവഴി പശുവിനെ വാങ്ങാന്‍ ലഭിച്ചിരുന്ന സഹായം ഒരു ബ്ലോക്കില്‍ 40 എന്നത് പത്തായി ചുരുങ്ങി. കന്നുകുട്ടി പരിപാലനത്തിന് നല്‍കിവന്നിരുന്ന സബ്‌സിഡിയും നിലച്ചു. കാന്തല്ലൂര്‍, വട്ടവട പ്രദേശങ്ങളില്‍ പച്ചക്കറി കര്‍ഷകര്‍ക്ക് ഹോര്‍ട്ടികോര്‍പ്പും കൊടുക്കാനുണ്ട് പണം. വെട്ടിക്കുറച്ച സബ്‌സിഡികള്‍ പുനഃസ്ഥാപിക്കാനോ നെല്ലിന്റെ വില പാടത്തുതന്നെ നല്‍കാനോ നവകേരള സദസ്സില്‍ തീരുമാനമുണ്ടാകില്ല.
വന്യമൃഗങ്ങളുടെ ആക്രമണവും പ്രകൃതിക്ഷോഭവും കര്‍ഷകനെ വലയ്ക്കുകയാണ്. ഓരോ പ്രകൃതി ക്ഷോഭത്തിലെയും യഥാര്‍ത്ഥ നഷ്ടവും സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരവും തമ്മില്‍ വലിയ അന്തരമുണ്ട്. കൃഷിവകുപ്പിന്റെ കണക്കുപ്രകാരം 2021-22 കാലത്ത് 8700കോടിയുടെ നഷ്ടം സംഭവിച്ചിടത്ത് 132 കോടി മാത്രമാണ് കര്‍ഷകന് ലഭിച്ചത്. 22-23 കാലത്ത് 9856 കോടിയുടെ നഷ്ടത്തിന്റെ സ്ഥാനത്ത് കര്‍ഷകന് നല്‍കിയത് വെറും 33 കോടി രൂപയാണ്. വയനാട്ടിലെത്തിയ നവകേരള സദസ്സ് ഇക്കാര്യങ്ങളില്‍ ഒരു പരിഹാരവും തീരുമാനിച്ചില്ല.
സപ്ലൈകോയുടെ തകര്‍ച്ച സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥയുടെ സൃഷ്ടി
സബ്‌സിഡി നിരക്കില്‍ ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ ബാധ്യസ്ഥമായ സ്ഥാപനം സപ്ലൈകോ, വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അരി, പഞ്ചസാര, പയറുവര്‍ഗ്ഗങ്ങള്‍ ഇവയ്ക്ക് 15ശതമാനവും മറ്റുള്ളവയ്ക്ക് 25ശതമാനവും വിലവര്‍ദ്ധനവാണ് സപ്ലൈകോ ആവശ്യപ്പെട്ടിരിക്കുന്നത്. വിലവര്‍ദ്ധനവിന് തത്വത്തില്‍ അനുമതി ആയെങ്കിലും നവകേരള സദസ്സിനുശേഷമേ അന്തിമമായ തീരുമാനമുണ്ടാകൂ എന്നാണ് ‘മനസ്സലിവുള്ള’ മന്ത്രിമാര്‍ പറഞ്ഞിരിക്കുന്നത്. വിലവര്‍ദ്ധനവിന് ഒരു മാസത്തെ ഇളവ് ലഭിച്ചുവെന്നതാണ് നവകേരള സദസ്സ് കൊണ്ട് ജനങ്ങള്‍ക്കുണ്ടായ പ്രയോജനം!
250 കോടി ഉടന്‍ അനുവദിക്കുന്നില്ലെങ്കില്‍ എക്കാലത്തേയ്ക്കുമായി സപ്ലൈകോയ്ക്ക് പൂട്ടുവീഴും എന്നതാണ് സ്ഥിതി എന്ന് ഭക്ഷ്യവകുപ്പുമന്ത്രിതന്നെ സമ്മതിക്കുന്നു. പൊതുമേഖലാ സ്ഥാപനമായ സപ്ലൈകോ 6500 കോടിരൂപയുടെ കടത്തിലാണ്. സപ്ലൈകോയുടെ ശേഖരത്തില്‍ അരിയും പഞ്ചസാരയുമടക്കം അവശ്യസാധനങ്ങള്‍ യാതൊന്നുമില്ല. പതിമൂന്ന് ഇനങ്ങളാണ് സബ്‌സിഡി നിരക്കില്‍ സപ്ലൈകോ വില്‍ക്കുന്നത്. വാങ്ങിയ വസ്തുക്കളുടെ പണം കൊടുത്തുതീര്‍ത്തിട്ടില്ലാത്തതിനാല്‍ സപ്ലൈകോ കരിമ്പട്ടികയിലാകുമോ എന്ന ആശങ്കയും ഉണ്ട്. ന്യായവില സ്ഥാപനമായ സപ്ലൈകോ ഇവ്വിധം തകര്‍ച്ചയിലേയ്ക്ക് കൂപ്പുകുത്തുമ്പോള്‍ പൊതുവിപണിയില്‍ അവശ്യസാധനങ്ങളുടെ വില ജനങ്ങള്‍ക്ക് താങ്ങാനാകുന്നതിനുംമേലെ ഉയരുകയാണ്.
സപ്ലൈകോയ്ക്ക് ഏറ്റവും കൂടുതല്‍ പണം കിട്ടാനുള്ളത് സംസ്ഥാന ഖജനാവില്‍നിന്നുതന്നെ. 2593 കോടി രൂപയാണ് ഭക്ഷ്യവിതരണ ഇനത്തില്‍ സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് കൊടുക്കാനുള്ളത്. സപ്ലൈകോയ്ക്ക് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന കമ്പനികള്‍ പലതും കിട്ടാക്കടം കൂടിയതോടെ വില ഉയര്‍ത്തിത്തുടങ്ങി. ഉയര്‍ന്ന വിലയ്ക്ക് ഉറപ്പിക്കാനാകാതെ ടെണ്ടറുകള്‍ റദ്ദാക്കപ്പെടുകയാണ്. സപ്ലൈകോയുടെ വില്‍പ്പനശാലകളില്‍ അവശ്യസാധനങ്ങള്‍ വീണ്ടും കുറയാന്‍ ഇത് ഇടവരുത്തുന്നു. പ്രതിദിനം പത്തുകോടിക്കുമേല്‍ വില്‍പ്പനയുണ്ടായിരുന്നത് ഇപ്പോള്‍ അഞ്ചുകോടിയായി കുറഞ്ഞിരിക്കുന്നു. സാധനങ്ങളുടെ ദൗര്‍ലഭ്യംമൂലം ജനങ്ങള്‍ സപ്ലൈകോയെ ആശ്രയിക്കുന്നതും കുറയുകയാണ്. സപ്ലൈകോ ജീവനക്കാരുടെ ശമ്പളം ഘട്ടം ഘട്ടമാക്കുന്നതിനെക്കുറിച്ചുള്ള ആലോചനകളുംസജീവമാണ്. നവകേരളയാത്ര കഴിയുമ്പോള്‍ അവശ്യസാധനങ്ങളുടെ വില കുറയുകയല്ല, കൂടുകയാണുണ്ടാവുക.
വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവ് ഇരുട്ടടി
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ശരാശരി 20 പൈസയുടെ വര്‍ദ്ധനവാണ് യൂണിറ്റില്‍ ഉണ്ടായിരിക്കുന്നത്. വൈദ്യുതി സബ്‌സിഡി പിന്‍വലിച്ചു, ഉപയോഗിച്ചാലും ഇല്ലെങ്കിലും നല്‍കേണ്ട ഫിക്‌സഡ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചു, കൃഷിക്കുള്ള വൈദ്യുതിക്കും യൂണിറ്റിന് 20 പൈസ വര്‍ദ്ധിപ്പിച്ചു. വൈദ്യുതി സബ്‌സിഡി പിന്‍വലിച്ചത് പ്രതിസന്ധിയിലാക്കിയിരിക്കുന്നത് 50ലക്ഷത്തോളം കുടുംബങ്ങളെയാണ്.
1086 കോടി രൂപയാണ് ചാര്‍ജ് ഇനത്തില്‍ സ്വകാര്യസ്ഥാപനങ്ങള്‍ കെഎസ്ഇബിക്ക് നല്‍കാനുള്ളത്. സംസ്ഥാനപൊതുമേഖലാസ്ഥാപനങ്ങള്‍ 1768 കോടിയും സംസ്ഥാനസര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ 141 കോടിയും അടയ്ക്കാനുണ്ട്. കേന്ദ്രപൊതുമേഖലാസ്ഥാപനങ്ങള്‍ 110 കോടിയും കേന്ദ്രസര്‍ക്കാര്‍ വകുപ്പുകള്‍ മറ്റൊരു രണ്ടുകോടിയുമാണ് കെഎസ്ഇബിക്ക് നല്‍കാനുള്ളത്. അവ പിരിച്ചെടുക്കുന്നതിന് ഒരു നടപടിയും സ്വീകരിക്കാതിരിക്കുന്ന ഘട്ടത്തിലാണ് ബോര്‍ഡും റെഗുലേറ്ററി അതോറിറ്റിയും സര്‍ക്കാരും മത്സരിച്ച് ജനങ്ങളുടെമേല്‍ ചാര്‍ജ്ജ് വര്‍ദ്ധനവ് അടിച്ചേല്‍പ്പിക്കുന്നത്.
എന്നാല്‍ ഇപ്പോഴത്തെ ചാര്‍ജ് വര്‍ദ്ധനവും അനുബന്ധ നടപടികളും വൈദ്യുതി രംഗത്തിന്റെ സമ്പൂര്‍ണ സ്വകാര്യവത്ക്കരണത്തിന്റെ മുന്നൊരുക്കമാണ്. വൈദ്യുതി മേഖലയുടെ സ്വകാര്യവത്ക്കരണ നടപടികള്‍ ഉന്നംവച്ചുകൊണ്ട് 2003ല്‍ മന്‍മോഹന്‍സിംഗിന്റെ കേന്ദ്ര സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പരിശ്രമങ്ങള്‍ ഇപ്പോള്‍ ത്വരിതഗതിയില്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇവിടെ പാര്‍ട്ടി ഭേദമോ, മുന്നണി ഭേദമോ ഇല്ല. വൈദ്യുതിബോര്‍ഡിനെ കമ്പനിയാക്കി സ്വകാര്യവല്‍ക്കരിക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമായാണ് ബോര്‍ഡിന്റെ നെറുകയില്‍ റഗുലേറ്ററി അതോറിറ്റി ഇടംപിടിച്ചതു മുതല്‍ പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്റര്‍ വരെയുള്ള നടപടികള്‍ വന്നിട്ടുള്ളത്. വൈദ്യുതി മേഖലയില്‍ കേരളം നടപ്പിലാക്കുന്ന ഈ പരിഷ്‌ക്കാരങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ പാരിതോഷികം ഉണ്ട്. കേന്ദ്രസര്‍ക്കാര്‍ പറയുന്നതെല്ലാം നടപ്പിലാക്കിയാലേ കേന്ദ്രവിഹിതം കിട്ടൂ. വളരെ നല്ല കുട്ടികളെപ്പോലെ പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്റര്‍ അടക്കം നടപ്പിലാക്കാന്‍ നടപടികള്‍ നീക്കിയിട്ട്, കേന്ദ്രവിഹിതം 5000 കോടിയെങ്കിലും കിട്ടും എന്ന് സ്വപ്‌നംകണ്ട് കാത്തിരിക്കുകയാണ് കേരളം. റിവാംപ്ഡ് ഡിസ്ട്രിബ്യൂഷന്‍ സെക്ടര്‍ സ്‌കീം എന്ന കേന്ദ്രപദ്ധതിയുടെ ഭാഗമായാണ് പ്രീപെയ്ഡ് സ്മാര്‍ട് മീറ്റര്‍ വരുന്നത്. കുത്തകകളെ വൈദ്യുതി രംഗത്തേയ്ക്ക് ആനയിക്കുക എന്നതാണ് ഈ പദ്ധതിയുടെ താത്പര്യം. കമ്പനിവല്‍ക്കരണത്തിന്റെ ഭാഗമായി വന്ന കരാര്‍, ബോര്‍ഡിലെ തൊഴിലാളികളുടെ പെന്‍ഷന്‍ തന്നെ ഇല്ലാതാക്കാന്‍ ഇടവരുത്തുമെന്നാണ് പുതിയ വാര്‍ത്ത. നവകേരള സദസ്സ് വിജയിപ്പിക്കാന്‍ അദ്ധ്വാനിക്കുന്ന ഭരണയൂണിയന്‍ നേതൃത്വം, സ്വന്തം പെന്‍ഷനില്ലാതാക്കുന്ന സര്‍ക്കാരിനാണ് ഓശാന പാടുന്നതെന്ന് ഓര്‍ക്കുക.
ഊര്‍ദ്ധശ്വാസം വലിക്കുന്ന പൊതുജനാരോഗ്യരംഗം
എന്തെങ്കിലും ഇളവുകളുടെ പരിധിയില്‍പ്പെടുന്ന പരിമിതവിഭാഗത്തിലല്ലെങ്കില്‍ സര്‍ക്കാരാശുപത്രികളിലെ ചികില്‍സയ്ക്ക് പതിനായിരങ്ങള്‍ ചെലവഴിക്കേണ്ടിവരുന്നു എന്നതാണ് കേരളജനത നേരിടുന്ന ദുര്യോഗം. സര്‍ജറി പോലുള്ള ചികില്‍സ വേണ്ടിവന്നാല്‍ ഭീമമായ തുക ചെലവഴിക്കാതെ നിര്‍വ്വാഹമില്ല. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ വീര്‍പ്പുമുട്ടുകയാണ് കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍. ആവശ്യത്തിന് ഡോക്ടര്‍മാരോ മറ്റ് ജീവനക്കാരോ, മരുന്നോ, ലാബ്, സ്‌കാന്‍ അടക്കമുള്ള സൗകര്യങ്ങളോ ഇല്ല. ലഭിക്കുന്ന മരുന്നുകളാകട്ടെ വളരെ ഗുണനിലവാരം കുറഞ്ഞവയും. ഓരോ വാര്‍ഡിനും ഉള്‍ക്കൊള്ളാനാകുന്നതിന്റെ മൂന്നോ നാലോ ഇരട്ടിയാണ് രോഗികളുടെ എണ്ണം. അവശ്യം വേണ്ടതിന്റെ മൂന്നിലൊന്നുപോലുമില്ല ജീവനക്കാര്‍. രോഗികള്‍ക്ക് നല്‍കിവന്നിരുന്ന ബ്രെഡും പാലും മുട്ടയുമൊക്കെ എന്നേ നിലച്ചുപോയി. ആശുപത്രിയില്‍ ലഭിക്കുന്ന എല്ലാ സേവനങ്ങള്‍ക്കും ഫീസ് കൊടുക്കണം. മെഡിക്കല്‍ കോളജില്‍ അടിയന്തര ശസ്ത്രക്രിയ വേണ്ടിവരുന്ന രോഗികള്‍ക്ക് ശസ്ത്രക്രിയ മുടങ്ങാതിരിക്കാന്‍ ഡോക്ടര്‍മാര്‍ പിരിവെടുക്കേണ്ടിയിരിക്കുന്നു എന്നതാണ് സാഹചര്യം. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ സാധനങ്ങള്‍ മുഴുവന്‍ പുറത്തുനിന്ന് വാങ്ങിക്കാനുള്ള ശേഷി രോഗിക്ക് ഉണ്ടെങ്കിലേ ശസ്ത്രക്രിയ നടക്കൂ. ചികിത്സയ്ക്കുള്ള പണം കണ്ടെത്താന്‍ ജനങ്ങള്‍ പിരിവിനിറങ്ങേണ്ട ഗതികേടും വരുന്നു.
പൊതുജനാരോഗ്യരംഗത്തു നിന്ന് ചികില്‍സ ലഭിക്കുന്നതിനുള്ള നിയന്ത്രണങ്ങളും വൈതരണികളുമാണ് സ്വകാര്യചികില്‍സാമേഖലയെ പനപോലെ വളര്‍ത്താന്‍ ഇടയാക്കിയിരിക്കുന്നത്. 2023ല്‍ മാത്രം കേരളത്തിലെ സ്വകാര്യചികില്‍സാമേഖലയുടെ വളര്‍ച്ച 11 ശതമാനമാണ്. വന്‍തോതില്‍ പണംമുടക്കിയുള്ള ചികില്‍സ നേടാന്‍ ജനങ്ങള്‍ നിര്‍ബ്ബന്ധിതരാകുന്നു എന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നിരന്തരചികില്‍സ വേണ്ടുന്ന രോഗിയുള്ള കുടുംബങ്ങള്‍ കരകയറാനാവാത്ത വിധമുള്ള കടക്കെണിയില്‍ അകപ്പെടുന്നു എന്ന ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്തുവന്നിരിക്കുന്നു. എല്ലാ മാര്‍ഗ്ഗവും അടഞ്ഞുകഴിയുന്നതോടെ കുടുംബങ്ങള്‍ കൂട്ടആത്മഹത്യയില്‍ ശരണം പ്രാപിക്കുന്ന ദുരന്തങ്ങള്‍ക്ക് കേരളം സാക്ഷിയാകുന്നു.
ആരോഗ്യഇന്‍ഷ്വറന്‍സ് കാര്‍ഡുമായി എത്തുന്ന രോഗികള്‍ക്ക് ഇസിജി, എക്‌സ്‌റേ തുടങ്ങി വളരെ പരിമിതമായ സേവനങ്ങളാണ് ലഭ്യമാകുന്നത്. ന്യായവില ഷോപ്പില്‍നിന്ന് ലഭിച്ചുകൊണ്ടിരുന്ന മരുന്നുകള്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് മുഖാന്തിരം ഇപ്പോള്‍ കിട്ടുന്നില്ല. ന്യായവില ഷോപ്പുകള്‍ മരുന്നു കമ്പനികള്‍ക്ക് നല്‍കാനുള്ള തുക നല്‍കിയിട്ടില്ല എന്നതാണ് കാരണം. നീതി സ്റ്റോറുകളും നോക്കുകുത്തികളാണ്. കാരണം ഇവിടെയും കുടിശ്ശികയുണ്ട്. കാരുണ്യവഴിയുള്ള ശസ്ത്രക്രിയകളും ഇപ്പോള്‍ നടക്കുന്നില്ല. കമ്പനികള്‍ക്ക് പണം കുടിശ്ശികയുണ്ട് എന്നതാണ് അതിനും കാരണം.
ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്ത മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ പലപ്പോഴും സേവനങ്ങള്‍ ഉറപ്പാക്കുന്നത് ഹൗസ് സര്‍ജന്‍മാരും പിജി വിദ്യാര്‍ത്ഥികളുമാണ്. ചെയ്യുന്ന ജോലിക്ക് ആനുപാതികമായ ശമ്പളമില്ലാതെ, സ്റ്റൈപന്റ് എന്ന പേരില്‍ തുച്ഛമായ തുകനല്‍കി, അവധിയോ മറ്റ് ആനുകൂല്യങ്ങളോ നല്‍കാതെയാണ് ഇവരെക്കൊണ്ട് എല്ലാ നിബന്ധനകളും മാനദണ്ഡങ്ങളും കാറ്റില്‍പറത്തി പണിയെടുപ്പിക്കുന്നത്. പതിനായിരക്കണക്കിന് ഡോക്ടര്‍മാരും അതിലേറെ നഴ്‌സുമാരും പാരാമെഡിക്കല്‍ ബിരുദധാരികളും പ്രതിവര്‍ഷം യോഗ്യതനേടി പുറത്തുവരുന്ന കേരളത്തില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സിനും സ്വകാര്യ ആശുപത്രികള്‍ക്കും രോഗികളെ എറിഞ്ഞുകൊടുക്കാതെ, മതിയായ അളവില്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരെ നിയമിച്ചും ആവശ്യത്തിന് ആശുപത്രികള്‍ സ്ഥാപിച്ചും ജനങ്ങളുടെ കെടുതികള്‍ക്ക് ശാശ്വത പരിഹാരം കാണാവുന്നതേയുള്ളൂ. അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കേണ്ട ചികില്‍സയെന്ന ജീവല്‍പ്രശ്‌നത്തിന് നവകേരള സദസ്സ് ഒരു പരിഹാരവും നിര്‍ദ്ദേശിക്കില്ല.
ക്ഷേമപെന്‍ഷനുകള്‍ ഒരു മരീചിക
‘കേരളീയം തിരുവുത്സവ’ത്തിന് ഏഴുകിലോമീറ്റര്‍ നീളത്തില്‍ തിരുവനന്തപുരം നഗരത്തില്‍ വൈദ്യുതാലങ്കാരം നടത്തിയതിന് ഊരാളുങ്കലിന് കോടികള്‍ കൊടുക്കുമ്പോള്‍ വിധവാ പെന്‍ഷന്‍ ഗുണഭോക്താക്കളായ രണ്ട് വയോധികര്‍ പിച്ചച്ചട്ടിയുമായി തെരുവിലിറങ്ങേണ്ടിവന്നു. കേവലം 1600രൂപയാണ് പ്രതിമാസ പെന്‍ഷന്‍. സംസ്ഥാന സര്‍ക്കാരിന്റെ കടബാധ്യതയില്‍ കുരുങ്ങി ക്ഷേമ പെന്‍ഷന്‍ വിതരണം അഞ്ചുമാസമായി മുടങ്ങിയിരിക്കുന്നു. ക്ഷേമപെന്‍ഷനുകള്‍ നല്‍കാന്‍ എന്ന പേരിലാണ് പെട്രോളിനും ഡീസലിനും രണ്ടുരൂപ സെസ് ഏര്‍പ്പെടുത്തിയത്. ആ തുകയ്ക്ക് ഇപ്പോള്‍ കണക്കില്ല. നാട്ടുകാരുടെ കൈയില്‍നിന്ന് പിടിച്ചുപറിക്കുകയും ചെയ്തു, ഗുണഭോക്താക്കള്‍ക്ക് കിട്ടിയതുമില്ല എന്നതാണ് സ്ഥിതി.
മുതിര്‍ന്ന പൗരന്മാരുടെ പരാതികള്‍ കേള്‍ക്കാനും പരിഹാരം കണ്ടെത്താനും ആരംഭിച്ച നാഷണല്‍ ഹെല്‍പ്പ് ലൈന്‍ ഫോര്‍സീനിയര്‍ സിറ്റിസണ്‍സിന്റെ പ്രവര്‍ത്തനവും നിലയ്ക്കുകയാണ്. നിലവില്‍ അഞ്ച് കോള്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെ ആറ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിട്ട് ഏഴുമാസമായി. ഫോണ്‍ബില്‍, കുടിശിക ആയതിനെത്തുടര്‍ന്ന് ഇപ്പോള്‍ കാള്‍ ഇന്‍കമിങ് മാത്രമായി ചുരുങ്ങിയിരിക്കുന്നു. വയോമിത്രം പദ്ധതിയും ഇഴഞ്ഞും നീന്തിയുമാണ് മുന്നേറുന്നത്. കശുവണ്ടിത്തൊഴിലാളികള്‍ക്ക് അവശതാ പെന്‍ഷന്‍ കൊടുത്തിട്ട് മാസങ്ങളായി, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പെന്‍ഷനും ആനുകൂല്യങ്ങളും മുടങ്ങുന്നു. ഇങ്ങനെയൊക്കെയാണ് ക്ഷേമപെന്‍ഷനുകളുടെ കഥ. 1600 രൂപ എന്ന നക്കാപ്പിച്ച കൈപ്പറ്റുന്നവരില്‍ അനര്‍ഹരുമുണ്ട് എന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍. രണ്ടുപെന്‍ഷന്‍ ആരും അനര്‍ഹമായി കൈപ്പറ്റരുത്. അനര്‍ഹരെ പുറത്താക്കാന്‍ നടത്തിയ മസ്റ്ററിംഗിലൂടെ പുറത്താക്കപ്പെട്ട് ഗതികെട്ടവര്‍ ലക്ഷങ്ങളാണ്.
ആത്മഹത്യയുടെ വക്കിലാണ് കെഎസ് ആര്‍ടിസി തൊഴിലാളികള്‍. കെഎസ്ആര്‍ടിസിയില്‍ 40,000ത്തോളം പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷന്‍ മുടങ്ങിയിട്ട് മൂന്നുമാസമാകുന്നു. മരുന്നിനും ഭക്ഷണത്തിനും വകയില്ലാതെ വലയുകയാണ് പെന്‍ഷന്‍കാര്‍. പലിശത്തര്‍ക്കത്തിന്റെ പേരില്‍ സഹകരണബാങ്കുകള്‍ വഴിയുള്ള പെന്‍ഷന്‍ വിതരണം തടസ്സപ്പെട്ടതോടെയാണ് ഇപ്പോഴത്തെ പ്രതിസന്ധി രൂക്ഷമായത്. കെഎസ്ആര്‍ടിസിപോലെ ഒരു കാലത്ത് കേരളത്തിന് അഭിമാനമായിരുന്ന, പൊതുമേഖലാസ്ഥാപനത്തില്‍ തൊഴിലാളികള്‍ക്ക് ശമ്പളമില്ല. പിച്ചപോലെ കിട്ടുന്നതാകട്ടെ ഘട്ടം ഘട്ടമായും. ഒരു മാതൃകാ തൊഴില്‍ ദാതാവാകേണ്ട സര്‍ക്കാരിന്റെ നിലപാട് ഇപ്രകാരമാണെങ്കില്‍ സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്ക് കരുതിവച്ചിട്ടുള്ളത് എന്തൊക്കെത്തന്നെയാകാം.
പ്രതിമാസം ശരാശരി 200 കോടിരൂപ ടിക്കറ്റിനത്തില്‍ മാത്രം കിട്ടുന്ന കെഎസ്ആര്‍ടിസിയില്‍ ശമ്പളത്തിനും പെന്‍ഷനും വേണ്ടിവരുന്നത് കേവലം 80കോടി മാത്രമാണ്. ബാക്കി എവിടെ എന്നു ചോദിക്കാന്‍ തൊഴിലാളി യൂണിയനുകളോ, നിത്യേന വിഷയം കൈകാര്യം ചെയ്യുന്ന കോടതിയോ ഇനിയും മുതിരുന്നില്ല. കെറ്റിഡിഎഫ്‌സി എന്ന വെള്ളാനയെ മുന്‍നിര്‍ത്തി എടുത്തിട്ടുള്ള ലോണുകളുടെ തിരിച്ചടവ് എന്ന വലിയൊരു ചതിക്കുഴിയിലേയ്ക്കാണ് തൊഴിലാളികള്‍ പണിയെടുത്തുണ്ടാകുന്ന പണം ഒഴുകിപ്പോകുന്നത്. കെഎസ്ആര്‍ടിസി അന്യം നിന്നുപോകുകയാണ്. തല്‍സ്ഥാനത്ത് കെ.സ്വിഫ്റ്റ് എന്ന പാലത്തിലൂടെ സര്‍വത്ര സ്വകാര്യവത്ക്കരിക്കപ്പെടും. അതിന് അധികം കാലതാമസം വേണ്ടിവരില്ല. പൊതുഗതാഗതത്തിന്റെ തകര്‍ച്ച സാധാരണക്കാരനെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നിര്‍ത്തല്‍ ചെയ്യുന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ ആലോചന നടന്നുകൊണ്ടിരിക്കുന്നത്. ഒരു ജനാധിപത്യക്രമത്തില്‍ കേട്ടുകേള്‍വിപോലുമില്ലാത്ത കാര്യമാണിത്. ഇതിന് പരിഹാരം കണ്ടെത്താനുള്ള യാത്രയാണോ നവകേരളസദസ്സ്.
ലൈഫ് മിഷന്‍ പദ്ധതിക്ക് സര്‍ക്കാര്‍ അനുവദിക്കുന്നത് കേവലം നാലുലക്ഷംരൂപ. ഉരുളന്‍ കമ്പിയില്‍ ഇരിപ്പിടം തീര്‍ക്കുന്ന ചെറിയ വെയിറ്റിംഗ് ഷെഡുകള്‍ക്കുപോലും ലക്ഷങ്ങള്‍ ചെലവഴിച്ച് സ്വന്തം പേര് വലിപ്പത്തില്‍ കൊത്തിവയ്ക്കുന്ന ജനപ്രതിനിധികള്‍ ഉള്ള നമ്മുടെ നാട്ടില്‍ നാലുലക്ഷംരൂപയ്ക്ക് വീടുപോയിട്ട് അടിത്തറ പോലും തീരില്ല എന്നത് ഏവര്‍ക്കുമറിയാം. എന്നിട്ടും പോംവഴികളൊന്നുമില്ലാതെ ജനങ്ങള്‍ അതിനുവേണ്ടി കാത്തിരിക്കുകയാണ്. അതുകൊടുക്കാനുള്ള മനസ്ഥിതിയും സര്‍ക്കാരിനില്ല. കാത്തിരുന്ന നാലുലക്ഷം രൂപകിട്ടാതെ രണ്ടുമരണങ്ങളാണ് ഒരുമാസത്തിനുള്ളില്‍ കേരളത്തില്‍ നടന്നത്. തുകയ്ക്കുവേണ്ടി കാത്തിരുന്ന് കിട്ടാതെ ഒരാള്‍ ആത്മഹത്യ ചെയ്തു. മറ്റൊരാള്‍ വീടിന്റെ ഭിത്തി ഇടിഞ്ഞുവീണ് മരണമടഞ്ഞു. ഭവനനിര്‍മ്മാണ ബോര്‍ഡ് അപ്രത്യക്ഷമായി ലൈഫ് മിഷന്‍ പദ്ധതി കടന്നുവന്നതും ആഗോളവത്ക്കരണത്തിന്റെ തിട്ടൂരപ്രകാരംതന്നെ.
ചെലവുചുരുക്കാന്‍ ഒരുകോടിയുടെ ബസില്‍ യാത്ര ചെയ്യുന്ന, ഒരുനില കെട്ടിടത്തിന് ലിഫ്റ്റ് പണിയുന്ന, നീന്തല്‍ക്കുളവും ഗോശാലയും മന്ത്രിമന്ദിരത്തില്‍ പണിതുരസിക്കുന്ന, 35,000 രൂപയുടെ കണ്ണട ധരിക്കുന്ന-ഇതെല്ലാം ജനങ്ങളുടെ വിയര്‍പ്പിന്റെ വിലയാണ്-മന്ത്രിമാര്‍ക്കും നേതാക്കന്മാര്‍ക്കും ഇതൊക്കെ നിസ്സാരമായിരിക്കും. എന്നാല്‍ സാധാരണജനങ്ങളെ സംബന്ധിച്ച് ഇത് അവരുടെ ജീവന്മരണ പ്രശ്‌നമാണ്. നവകേരള യാത്ര ഈ സാധുക്കള്‍ക്ക് ദഹിക്കാന്‍ ബുദ്ധിമുട്ടാണ്.
സംസ്ഥാനത്തെ എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ ആറുമാസമായിട്ടും ഗസ്റ്റ് അധ്യാപകര്‍ക്ക് വേതനമില്ല. 850 എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ ആയിരത്തിലേറെ ഗസ്റ്റ് അധ്യാപകരുണ്ട്. ഒരു വര്‍ഷംമുതല്‍ പത്തുവര്‍ഷംവരെ ജോലിചെയ്യുന്നവര്‍ ഇക്കൂട്ടത്തിലുണ്ട്. 145 ഹയര്‍സെക്കണ്ടറി സ്‌കൂളുകള്‍ക്ക് പ്രിന്‍സിപ്പല്‍മാര്‍ ഇല്ല. ഉച്ചക്കഞ്ഞിക്ക് മുടക്കാന്‍ കൈക്കാശില്ലാത്തതുകൊണ്ട് പ്രഥമാധ്യാപക തസ്തിക വേണ്ട എന്നെഴുതിക്കൊടുത്തത് 500ഓളം അധ്യാപകരാണ്. സ്‌കൂള്‍വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തിനായി സര്‍ക്കാര്‍ അനവദിച്ചിരിക്കുന്നത് തുച്ഛമായ തുകയാണ്. അതുപോലും കൊടുക്കുന്നില്ല. നാട്ടുകാരെ ചേര്‍ത്ത് സമിതിയുണ്ടാക്കി വായ്പയെടുക്കുന്ന പുതിയ പദ്ധതിയാണ് ഇപ്പോള്‍ ഉച്ചക്കഞ്ഞിക്കായി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക 24,000 കോടി രൂപയുടേതാണ്. 2021ജനുവരി മുതലുള്ള ആറ് ഗഡു ക്ഷാമബത്തയാണ് വിതരണം ചെയ്യാനുള്ളത്.
ഏറെ കൊട്ടിഘോഷിച്ചുവന്ന മറ്റൊരു പദ്ധതിയാണ് ജനകീയ ഹോട്ടല്‍. അനുവദിച്ച നാമമാത്രമായ തുകയും നല്‍കാത്തതിനാല്‍ സെക്രട്ടേറിയറ്റ് നടയില്‍ സമരം ചെയ്യേണ്ടിവന്നിരിക്കുന്ന ഗതികേടിലാണ് ഹോട്ടല്‍ നടത്തിപ്പുകാര്‍. ഭിന്നശേഷിക്കാരെ പരിചരിക്കുന്നവര്‍ക്കുള്ള തുച്ഛമായ ഓണറേറിയം നിലച്ചിട്ട് വര്‍ഷങ്ങളായി. ആദിവാസി വിദ്യാര്‍ത്ഥികളുടെ ഗ്രാന്റ് നിലച്ചിട്ട് മാസങ്ങളായി. എല്ലാ സേവനങ്ങള്‍ക്കും ചാര്‍ജ്ജ് ഏര്‍പ്പെടുത്തുന്നു. പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനുവര ജനങ്ങളില്‍നന്ന് ഫീസ് ഈടാക്കുന്നു. പോലീസിന്റെ സേവനങ്ങള്‍ക്ക് ഫീസ് ഈടാക്കുന്നു, ജനങ്ങളുടെ പ്രതിഷേധങ്ങള്‍ക്കും ഫീസ് ഈടാക്കുന്നു. പ്രളയബാധിത പഞ്ചായത്തുകളായ കൂട്ടിക്കല്‍, കൊക്കയാര്‍ പ്രദേശങ്ങളില്‍ രണ്ടുവര്‍ഷത്തിനുശേഷവും പുനരധിവാസം പൂര്‍ത്തിയായിട്ടില്ല. പ്രളയത്തില്‍ ഒഴുകിപ്പോയ റോഡുകളും പാലങ്ങളും ഇനിയും പുനര്‍നിര്‍മ്മിച്ചിട്ടില്ല. അതിനുംപുറമേ അമ്പേ തകര്‍ന്നുപോയ ജനങ്ങള്‍ വായ്പ കുടിശികയുടെ പേരില്‍ കേരളബാങ്കിന്റെ ജപ്തി-ലേല ഭീഷണികള്‍ നേരിടുകയാണ്. കേരളീയമായാലും നവകേരള സദസ്സായാലും ജനജീവിതത്തിന്റ പ്രതിസന്ധികള്‍ക്ക് ഒരു മാറ്റവുമുണ്ടാകില്ല.
സഹകരണമേഖലയിലെ അഴിമതി
സംസ്ഥാനത്ത് പതിനാറായിരത്തിലേറെ സഹകരണസ്ഥാപനങ്ങളുള്ളതില്‍ 399 എണ്ണത്തില്‍ ആറുവര്‍ഷത്തിനുള്ളില്‍ സാമ്പത്തിക ക്രമക്കേട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. 500 കോടിയുടെ തിരിമറിയാണ് കരിവന്നൂര്‍ ബാങ്കില്‍നിന്ന് പുറത്തുവന്നിരിക്കുന്നത്. 101 കോടിയുടെ ക്രമക്കേടാണ് കണ്ടല സര്‍വീസ് സഹകരണബാങ്കില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ‘മനുഷ്യസഹജമായ പിഴവാണത്രേ’ കരിവന്നൂരില്‍ നടന്നിരിക്കുന്നത്. കണ്ടെത്തിയിരിക്കുന്നത് മുന്‍മന്ത്രി എം.എം.മണി. സാധാരണക്കാരന്റെ വിയര്‍പ്പാണ് സഹകരണബാങ്കുകളിലെ നിക്ഷേപം. ലക്ഷക്കണക്കിന് രൂപ ബാങ്കില്‍ നിക്ഷേപമുണ്ടായിരുന്നിട്ടുപോലും മരുന്നിനും ചികിത്സയ്ക്കും പണമില്ലാതെ നിക്ഷേപകര്‍ വലയുകയാണ്. എത്രയോ സംഭവങ്ങള്‍ ഇത്തരത്തില്‍ പുറത്തുവന്നിരിക്കുന്നു. സഹകരണബാങ്കുകളിലെ സാധാരണക്കാരായ നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ട പണം തിരിച്ചുകൊടുക്കാനുള്ള യാത്രയാണോ നവകേരള യാത്ര.
വായ്പാധിഷ്ഠിതവികസനം- ആഗോളകുത്തകകളുടെ അജണ്ട
സംസ്ഥാനത്തിന്റെ വായ്പാ – ജിഎസ്‌ഡിപി അനുപാതം ഏറ്റവും അകടകരമായി 39 ശതമാനത്തിലേക്ക് ഉയര്‍ന്നിരിക്കുന്നു. വായ്പാപരിധി വെട്ടിക്കുറച്ചു. ട്രഷറി ബില്ലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. 25,000 രൂപയ്ക്ക് മേലുള്ള ബില്ലുകള്‍ മാറുന്നതില്‍വരെ നിയന്ത്രണമുണ്ട്. ഡിസംബറിനുശേഷം എടുക്കേണ്ട കടം കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് മുന്‍കൂറായി എടുക്കാന്‍ 1500കോടിയുെട കടപ്പത്രം ഇറക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍, ഡിസംബര്‍ വരെ 21,800 കോടി വായ്പഎടുക്കാന്‍ അനുവാദമുള്ളതില്‍ 52കോടിയേ അവശേഷിക്കുന്നുള്ളൂ, മാര്‍ച്ചുവരെ 3700 കോടിയുടെ വായ്പയ്ക്കുളള അനുമതിയാണ് ഉള്ളത്, അതില്‍ 1500 കോടിയാണ് ഇപ്പോള്‍ എടുക്കുന്നത്, അതായത് അടുത്തവര്‍ഷത്തെ വായ്പാപരിധി ഈ വര്‍ഷംതന്നെ മറികടക്കുമെന്നര്‍ത്ഥം. അടുത്ത വര്‍ഷം വായ്പ എടുക്കുന്നതിനുപോലും വഴിയുണ്ടാകില്ല.
കേരളത്തിന്റെ പൊതുകടം ഇപ്പോള്‍ 4 ലക്ഷംകോടി കവിഞ്ഞിരിക്കുന്നു. 1999-2000 വര്‍ഷത്തില്‍ 20,176 കോടിയായിരുന്നു സംസ്ഥാനത്തിന്റെ പൊതുകടം. കേവലം ഇരുപത് വര്‍ഷംകൊണ്ട് അത് നാലുലക്ഷം കോടിയായത് ഏതുമേഖലയിലെ നിക്ഷേപത്തിനുവേണ്ടിയാണ്. എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു? ഒന്നുമുണ്ടായില്ല എന്നുമാത്രമല്ല, ഓരോ പുതിയ വായ്പയും പുതിയ നിബന്ധനകളും ജനങ്ങളുടെമേല്‍ പുതിയ സാമ്പത്തിക ബാധ്യതകളും അടിച്ചല്‍പ്പിക്കുന്നു. ഓരോ വര്‍ഷവും സംസ്ഥാന വരുമാനത്തിന്റെ നല്ലൊരു പങ്കും വായ്പ-പലിശ തിരിച്ചടവിനായി വിനിയോഗിക്കേണ്ടിവരുന്നു. ഇന്ന് സര്‍ക്കാരിന്റെ നിത്യനിദാന ചെലവുകള്‍ക്കുപോലും കടമെടുക്കേണ്ട സ്ഥിതിയാണ്. സര്‍ക്കാരിന്റെ കടമെടുപ്പ് പരിധി മറികടക്കാന്‍ കിഫ്ബി, സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ലിമിറ്റഡ് തുടങ്ങിയവയിലൂടെയും സര്‍ക്കാര്‍ ഗ്യാരന്റിയില്‍ വന്‍തോതില്‍ കടമെടുക്കുന്നു.
കേരളം ഇത്ര വലിയ കടക്കെണിയിലായത് കടംവാങ്ങിയുള്ള പശ്ചാത്തല വികസനവും വന്‍കിടപദ്ധതികളും മൂലമാണ്. ഈ കൊടിയ സാമ്പത്തിക പ്രതിസന്ധിയിലും കേരളത്തിന്റെ ധനമന്ത്രി പറയുന്നത് വികസനപ്രവര്‍ത്തനങ്ങളില്‍നിന്ന് ഒരിഞ്ചുപോലും സര്‍ക്കാര്‍ പിന്നോട്ടു പോകില്ല എന്നാണ്. ഇടതുലേബലില്‍ പറഞ്ഞുകൊണ്ടും ചെയ്തുകൊണ്ടുമിരിക്കുന്നതു മുഴുവന്‍ ആഗോളമുതലാളിത്തത്തിന്റെ ഊര്‍ദ്ധശ്വാസമായ ആഗോളവത്ക്കരണ പദ്ധതികളാണ്. കേരളത്തില്‍ ലോകബാങ്ക്, എഡിബി തുടങ്ങിയ ഏജന്‍സികളിലൂടെ വന്‍തോതില്‍ വായ്പവാങ്ങി നടത്തിയ പരിഷ്‌ക്കാരങ്ങളാണ് കേരളത്തിന്റെ ആരോഗ്യ-വിദ്യാഭ്യാസരംഗങ്ങളെ തകര്‍ത്ത് കേരളം ഈ രംഗത്ത് കൈവരിച്ച എല്ലാ നേട്ടങ്ങളും ഇല്ലാതാക്കിയത്.
പശ്ചാത്തലവികസനം ആഗോളവത്ക്കരണത്തിന്റെ കെണിയാണ്. കേരളത്തിലെ വിദ്യാഭ്യാസരംഗമായാലും ആരോഗ്യരംഗമായാലും ഏതുമേഖലയായാലും പ്രശ്‌നങ്ങളെന്താണ് എന്ന് ലോകബാങ്കോ ഇതര ആഗോള കണ്‍സള്‍ട്ടന്‍സികളോ പറയും. പരിഹാരവും നിര്‍ദ്ദേശിക്കും, പണവും തരും. നിബന്ധനകള്‍ വായ്പയോ ധനസഹായമോ തരുന്ന ഏജന്‍സി തീരുമാനിക്കും. പ്രത്യക്ഷത്തില്‍ ഇവര്‍ ചൂണ്ടിക്കാണിക്കുന്ന പരാധീനതകള്‍ ശരിയാണ് എന്ന് കേള്‍വിക്കാര്‍ക്കും തോന്നും. അവസാനം ഈ മേഖലകള്‍ അവരുടെ കൈപ്പിടിയില്‍ അമര്‍ന്നു കഴിയുമ്പോഴാണ് കെണിയായിരുന്നു എന്ന് മനസ്സിലാകുക. എന്നാല്‍ കാശുവാങ്ങാന്‍ കരാറില്‍ ഒപ്പിടുന്ന നേതാക്കന്മാര്‍ ഇതൊക്കെ അറിഞ്ഞുകൊണ്ടുതന്നെയാണ് കരാറില്‍ ഒപ്പിടുന്നത്. കമ്മീഷനാണ് പ്രധാന ആകര്‍ഷണഘടകം. നാട്ടുകാരന്റെ കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസമില്ലെങ്കിലും സര്‍ക്കാര്‍ ആശുപത്രികള്‍തന്നെ അന്യംനിന്നുപോയാലും ഇവര്‍ക്കൊന്നുമില്ല. ഇതാണ് കേരളത്തില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി നടന്നുകൊണ്ടിരിക്കുന്നത് എന്നത് നമ്മുടെ ജീവിതാനുഭവമാണ്.
വികസനമാണ് ജനങ്ങളുടെ കണ്ണുമൂടുന്ന മറ്റൊരു മന്ത്രം അഥവാ തന്ത്രം. വികസനം എന്ന പേരില്‍ കേരളത്തില്‍ നടക്കുന്ന വന്‍കിട നിര്‍മ്മാണങ്ങള്‍ കേരളത്തിന്റെ പരിസ്ഥിതിയുടെമേല്‍ കനത്ത ആഘാതമാണ് ഏല്‍പ്പിച്ചുകൊണ്ടിരിക്കുന്നത്. ഒരുപക്ഷേ, കനത്തവിലയാണ് കേരളം നല്‍കേണ്ടിവരിക. സമ്പത്ത് കുന്നുകൂട്ടുന്ന ഒരുപിടി കുത്തകകളും നിസ്വരായ ഭൂരിപക്ഷ ജനങ്ങളും ജീവിക്കുന്ന സമൂഹത്തില്‍ വികസനം എന്നതിന് ഒരു പൊതുപരിപ്രേക്ഷ്യം നല്‍കാനാകില്ല. പശ്ചാത്തല വികസനമൊരുക്കാന്‍ എന്ന പേരില്‍ ഭീമമായ വായ്പകള്‍ എടുത്തുകൂട്ടി നടപ്പിലാക്കുന്ന പദ്ധതികളാണ് ഹൈവേ വികസനം, കെറെയില്‍ സില്‍വര്‍ലൈന്‍ പദ്ധതി തുടങ്ങിയവയെല്ലാം.
വലിയ ആഘോഷപൂര്‍വം നടപ്പിലാക്കിയ കൊച്ചി മെട്രോ കോടികള്‍ നഷ്ടത്തില്‍ പോകുകയാണ്. വന്‍തുക മുടക്കി നടത്തുന്ന ദേശീയ പാത വികസനത്തിലൂടെ ബിഒടി വ്യവസ്ഥയിലുള്ള ടോള്‍ റോഡുകളാണ് നിര്‍മ്മിക്കപ്പെടുന്നത്. വര്‍ഷംതോറും ഭീമമായ രീതിയില്‍ വര്‍ദ്ധിക്കുന്ന ടോള്‍ നിരക്കുകള്‍ സാധാരണ ജനങ്ങളുടെമേല്‍ വീണ്ടും സാമ്പത്തികഭാരം അടിച്ചേല്‍പ്പിക്കുകയാണ്. ഇപ്പോള്‍ത്തന്നെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റോഡ് സാന്ദ്രതയുള്ള കേരളത്തില്‍ അടിസ്ഥാന സൗകര്യവികസനത്തിന്റെ പേരില്‍ അനേകം പുതിയ ഹൈവേകള്‍ക്കുവേണ്ടി വന്‍കുടിയൊഴിപ്പിക്കലുമായാണ് സര്‍ക്കാര്‍ പോകുന്നത്.
തീരദേശ ഹൈവേ, വലിയ ജനസാന്ദ്രതയുള്ള തീരദേശമേഖലയില്‍ തീരദേശ ജനതയെ കുടിയൊഴിപ്പിച്ച് നടപ്പിലാക്കാന്‍ പോകുന്നു. വിഴിഞ്ഞം അദാനി തുറമുഖത്തിനുവേണ്ടി, വിഴിഞ്ഞം-കടമ്പാട്ടുകോണം റിംഗ് റോഡ്, കടമ്പാട്ടുകോണത്തുനിന്നും ആരംഭിക്കുന്ന ആര്യങ്കാവ് ഗ്രീന്‍ഫീല്‍ഡ് ഹൈവേ, കടമ്പാട്ടുകോണത്തുനിന്നും അങ്കമാലി ഗ്രീന്‍ഫീല്‍ഡ് ഹൈവേ ഇങ്ങനെ നിരവധി റോഡുകള്‍ വിജ്ഞാപനങ്ങളടക്കം പുറത്തുവന്നുകഴിഞ്ഞു. ഇതിലൂടെയെല്ലാം ഉണ്ടാകാന്‍ പോകുന്നത് കേരളം കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാണ്. ഭൂമിയുടെ ലഭ്യതയില്ലായ്മയും വന്‍വിലവര്‍ദ്ധനവും കുടിയിറക്കപ്പെടുന്ന സാധാരണക്കാരന്റെ പുനരധിവാസത്തെ വലിയ പ്രതിസന്ധിയിലാക്കും. വന്‍തോതില്‍ നീര്‍ത്തടങ്ങളും വയലുകളും നികത്തപ്പെടുന്നത് കേരളത്തില്‍ പ്രളയ സാധ്യത വീണ്ടും ഉയര്‍ത്തും.
വിഴിഞ്ഞത്ത് അദാനിയുടെ ഉടമസ്ഥതയില്‍ ആരംഭിക്കുന്ന അന്താരാഷ്ട്ര ട്രാന്‍ഷിപ്പ്‌മെന്റ് തുറമുഖമാണ് മറ്റൊരു വന്‍പദ്ധതി. തിരുവനന്തപുരത്തിന്റെ തീരപ്രദേശത്തെ ആയിരക്കണക്കിന് മല്‍സ്യത്തൊഴിലാളികളുടെ വീടും തൊഴിലും ഈ പദ്ധതിയിലൂടെ നഷ്ടപ്പെടും എന്ന് ഇന്ന് വ്യക്തമായിരിക്കുകയാണ്. ശംഖുമഖം ബീച്ച് ഉള്‍പ്പെടെ കടലിനടിയിലായി. തിരുവനന്തപുരം എയര്‍പോര്‍ട്ട് അടക്കം കടല്‍കയറ്റ ഭീഷണിയിലായി. ഇതിലൂടെ പ്രത്യേകിച്ച് തൊഴില്‍ അവസരം സൃഷ്ടിക്കപ്പെടില്ല. എന്നാല്‍ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. കൊല്ലംമുതല്‍ തിരുവനന്തപുരംവരെ ഇപ്പോള്‍ത്തന്നെ തുറമുഖ നിര്‍മ്മാണത്തിന്റെ സൗകര്യാര്‍ത്ഥം മല്‍സ്യത്തൊഴിലാളികള്‍ക്കുമേല്‍ മല്‍സ്യബന്ധനത്തിന് നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. ഈ പദ്ധതിയുടെ ഉടമസ്ഥതയും ലാഭവും അദാനിക്കാണെങ്കിലും ഇതിന്റെ മുതല്‍ മുടക്കിന്റെ സിംഹഭാഗവും കേരളസര്‍ക്കാരാണ് വഹിക്കുന്നത്. ഏതാനും ഏറാന്മൂളികളും ഉപജാപകരുമായ കൂട്ടത്തിനിടയില്‍ മാത്രം നിരങ്ങി നീങ്ങുന്ന ഇക്കൂട്ടര്‍ ജനങ്ങളുടെ ദുരിതത്തിനുമേല്‍ നൃത്തം ചവിട്ടുകയാണ്.
‘യൂറോപ്പിനോട് മല്‍സരിക്കുന്ന കേരളം’, ‘ലോകം അത്ഭുതത്തോടെ ഉറ്റുനോക്കുന്ന കേരളം’, ‘അസൂയ സൃഷ്ടിക്കുന്ന വികസനക്കുതിപ്പ്’, തുടങ്ങിയ ദുര്‍ഗന്ധം വമിക്കുന്ന പുതുമൊഴികള്‍കൊണ്ട് മറയ്ക്കാവുന്നതല്ല ഈ യാഥാര്‍ത്ഥ്യങ്ങള്‍. വായ്പാധിഷ്ഠിതവികസനം, പശ്ചാത്തലവികസനം എന്നിവയക്കെ ആഗോളവത്ക്കരണത്തിന്റെയും ആഗോളമുതലാളിമാരുടെയും നയമാണ്. ഇടതുലേബലില്‍ നടപ്പിലാക്കുന്നത് ഈ കോര്‍പ്പറേറ്റ് നയങ്ങളാണ്. സങ്കുചിത രാഷ്ട്രീയതാല്‍പര്യങ്ങള്‍ക്കുമുപരി ഈ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാനും സംഘടിക്കുവാനും സാധിക്കുന്നെങ്കിലേ കേരളത്തെ കാത്തിരിക്കുന്ന ഗുരുതരമായ സാഹചര്യത്തെ പ്രതിരോധിക്കാനാകൂ.