അഗതികളും വികലാംഗരും പട്ടിണിപ്പാവങ്ങളും രോഗികളും കര്‍ഷകരും തൊഴിലാളികളുമടങ്ങുന്ന ദരിദ്ര വിഭാഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്കേണ്ടുന്ന പ്രതിമാസ പെന്ഷന് തുക നല്‍കാതെ വന്നതുമൂലമുണ്ടായ കരളുറയുന്ന കഥകളാണ് ഇക്കഴിഞ്ഞ നാളുകളില്‍ നാം കേട്ടത്. ലൈഫ് മിഷന് കുടിശിക കിട്ടാതെയും സര്‍ക്കാരിന് നല്കിയ നെല്ലിന്റെ വില കിട്ടാതെയും പാവം മനുഷ്യര്‍ ആത്മഹത്യ ചെയ്തതും നമ്മളറിഞ്ഞു. അറിയാതെപോയ എത്രയോ ദാരുണ ദുരന്ത കഥകളുണ്ടായി. സംസ്ഥാന സര്‍ക്കാര്‍ സാര്‍വത്രികമായ ജനരോഷത്തിനിരയായി. അനിയന്ത്രിതമായി കടംവാങ്ങി കൂട്ടിയതടക്കമുള്ള സാമ്പത്തിക ദുര്‍നടപടികള്‍ക്കും അധികാരഗര്‍വ്വിനുമെതിരെ സകല കോണുകളില്‍നിന്നും, സ്വന്തം അണികളില്‍ നിന്നുപോലും ശക്തമായ വിമര്‍ശനങ്ങളുണ്ടായി.
ഇവിടെ യാതൊരു പ്രശ്നവുമില്ലെന്നും കേരളം ഒരത്ഭുത പ്രതിഭാസമാണെന്നും യൂറോപ്പിലെ വികസിത രാജ്യങ്ങള്‍ക്കൊപ്പം എത്താനായി കുതിക്കുകയാണെ ന്നുമൊക്കെ ‘കേരളീയം’ എന്ന പൂരക്കാഴ്ചയിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും തീഷ്ണമായ സാമൂഹ്യദുരവസ്ഥയുടെ മുമ്പില്‍ അതൊന്നും വിലപ്പോയില്ല. തുടര്‍ന്നാണ് ‘നവകേരളയാത്ര’യെന്ന കെട്ടുകാഴ്ചയില്‍ ഉടനീളം, കേരളത്തിന്റെ കഷ്ടപ്പാടിനെല്ലാം കാരണം കേന്ദ്രം സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നതും അര്‍ഹമായ വിഹിതം നല്‍കാതെ പിടിച്ചു വച്ചിരിക്കുന്നതുമാണെന്നുള്ള വാദങ്ങള്‍ ഉയര്‍ത്തി പ്രതിരോധിക്കുന്നതിന്റെ ഊക്ക് വര്‍ദ്ധിപ്പിച്ചത്. കേന്ദ്രമാകട്ടെ കേരളത്തിനുള്ള വിഹിതമെല്ലാം നല്കിക്കഴിഞ്ഞുവെന്നും എന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ അതിനു കാരണം യഥാസമയം കണക്കുകള്‍ നല്‍കാത്തത് മാത്രമാണെന്നും മറുവാദമുയര്‍ത്തി. രണ്ടു കൂട്ടരും കണക്കുകള്‍ നിരത്തിയാണ് അവതരിപ്പിക്കുന്നത്. കേട്ടാല്‍ രണ്ടും ശരിയാണല്ലോ എന്ന് ഏതൊരു സാധാരണക്കാരനും തോന്നിപ്പോവുകയും ചെയ്യും. ഈ സാഹചര്യത്തില്‍ കണക്കുകളും കണക്കുകള്‍ക്ക് പുറത്തെ കളികളും കാര്യങ്ങളും നമുക്ക് പരിശോധിക്കേണ്ടിയിരിക്കുന്നു.
ഇക്കാര്യത്തിലുള്ള ഒരു വിശദപരിശോധനയിലേക്ക് കടക്കുന്നതിനുമുമ്പ് ഇന്ത്യന്‍ മുതലാളിത്ത ഭരണകൂടത്തിന്റെ പ്രവര്‍ത്തന സമ്പ്രദായംകൂടെ മനസ്സിലാക്കിയിരിക്കണം. ഭരണഘടനയെയും ഫെഡറല്‍ സ്വഭാവത്തെയും പറ്റിയുള്ള വായ്ത്താരികളൊക്കെയും മുഴക്കുമ്പോഴും സമ്പത്തിന്റെയും അധികാരത്തിന്റെയും കേന്ദ്രീകരണം കൂടുതല്‍ കൂടുതല്‍ ബലപ്പെടുകയാണ്. ലോകകമ്പോളത്തിലെ പ്രമുഖ മത്സരക്കാരായി മാറാന്‍ ഇന്ത്യന്‍ കോര്‍പ്പറേറ്റുകളെ പോഷിപ്പിക്കാനും സമ്പദ്വ്യവസ്ഥയുടെ സൈനികവല്‍ക്കരണത്തിനു വേണ്ടി കേന്ദ്രസര്‍ക്കാരിന്റെ ഖജനാവ് കൂടുതല്‍ കൂടുതല്‍ പുഷ്ടിപ്പെടുത്തുവാനുള്ള നടപടികളാണ് ഓരോ ധനകാര്യ കമ്മീഷന് ശുപാര്‍ശകളിലൂടെയും ബഡ്ജറ്റുകളിലൂടെയും കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. കോര്‍പ്പറേറ്റുകള്‍ക്ക് വമ്പന്‍ നികുതിയിളവുകള്‍ നല്‍കുകയും വായ്പകള്‍ എഴുതിത്തള്ളുകയും ചെയ്യുമ്പോള്‍, അതിലൂടെയുണ്ടാകുന്ന കുറവ് നികത്തുന്നത് സാധാരണക്കാരെ പിഴിഞ്ഞൂറ്റും വിധം നികുതികളും സെസ്സുകളും കണക്കറ്റ് വര്‍ധിപ്പിച്ചു കൊണ്ടും വന്‍തോതില്‍ കടമെടുത്തുമാണ്. നികുതി ഘടന പരിഷ്കരിച്ച് സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം പരമാവധി കുറച്ചു കൊണ്ടുവരുന്നതും ഇതേ ലക്ഷ്യം വച്ച് തന്നെയാണ്. കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിക്കുന്ന എല്ലാ സാമ്പത്തിക നടപടികളിലും ഈ സ്വഭാവം ദൃശ്യമാണ്. ആഗോളവല്‍ക്കരണ നയത്തിലൂടെയും ഗാട്ട്, ഗാറ്റ്സ്, ആസിയാന്‍ കരാറുകളിലൂടെയും പുറത്തുവന്ന എല്ലാ പരിഷ്കാരങ്ങളിലൂടെയും വാറ്റ്, ജി എസ് ടി നികുതികളിലൂടെയും സംഭവിച്ചതും സമ്പത്തിന്റെ കേന്ദ്രീകരണമാണ്.
കേന്ദ്രം നല്കാനുള്ളതെത്ര?
8400 കോടി മുതല്‍ ഒരു ലക്ഷത്തിലധികം കോടി രൂപ വരെയാണ് കേന്ദ്രം നല്‍കാനുള്ള കണക്കായി അവതരിപ്പിക്കപ്പെടുന്നത്. ഓരോ കണക്കിനും ഓരോ ന്യായങ്ങളും ഓരോ ഫോര്‍മുലകളും ആണ് നിരത്തുന്നത്. എങ്കിലും 57,400 കോടി എന്ന കണക്കാണ് പരക്കെ ഉപയോഗിക്കുന്നത്. കടപരിധി ഉയര്ത്താത്തതുവഴി 1900 കോടി, വരുമാന കമ്മി ഗ്രാന്റ് 8400 കോടി, ജി എസ്ടി നഷ്ടപരിഹാരം 12000 കോടി, ധനകാര്യ കമ്മീഷന് വിഹിതം 3.5 8 ശതമാനത്തില്‍ നിന്ന് 1.925 ശതമാനത്തിലേക്ക് കുറച്ചുതു വഴി 18000 കോടി എന്നിങ്ങനെയുള്ള കുറവുകളാണ് ഉയര്‍ത്തിക്കാട്ടുന്നത്.
ചരക്ക് സേവന നികുതി (ജിഎസ്ടി)
ചെറുകിട വ്യാപാരത്തെയും ചെറുകിട ഉല്പാദനത്തെയും തകര്‍ച്ചയിലേക്ക് നയിച്ച വാറ്റ് നികുതിയുടെ ആവിഷ്കാരത്തില്‍ മുഖ്യപങ്കു വഹിച്ചവരാണ് സിപിഐ(എം ) പ്രസ്ഥാനം. അന്നത്തെ പശ്ചിമബംഗാള്‍ ധനകാര്യ മന്ത്രിയായിരുന്ന അസിം ദാസ് ഗുപ്തയായിരുന്നു വാറ്റ് എംപവേര്‍ഡ് കമ്മടിയുടെ ചെയര്മാന്. ഇന്ത്യന്‍ നികുതി ഘടനയെ ആഗോള മുതലാളിത്തത്തിന്റെയും ഇന്ത്യന്‍ കുത്തകകളുടെയും താല്പര്യാര്ത്ഥം ഇന്ത്യയിലെ സാധാരണക്കാരനെ കവര്‍ച്ച ചെയ്യാന്‍ ജിഎസ്ടി ആവിഷ്കരിച്ചപ്പോള്‍ ജിഎസ്ടി കൗണ്‍സിലിന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ചതും അദ്ദേഹം തന്നെയായിരുന്നു. 2017 ജൂലൈ ഒന്നിന് പാര്‍ലമെന്റ് ഏകകണ്ഠമായി ജിഎസ്ടി നിയമം പാസാക്കി. ജൂലൈ 21ന് കേരള നിയമസഭയും അതു പാസാക്കി. ജിഎസ്ടി അവതരിപ്പിച്ചപ്പോള്‍ അതിനെ സസന്തോഷം സ്വാഗതം ചെയ്തവരില്‍ പ്രധാനി അന്നത്തെ കേരള ധനകാര്യ മന്ത്രി തോമസ് ഐസക്ക് ആയിരുന്നു. കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണ് എന്നതുകൊണ്ടും മുന്‍പ് കേന്ദ്രത്തിന് മാത്രം അവകാശപ്പെട്ടിരുന്ന എക്സൈസ് ഡ്യൂട്ടിയും സര്‍വീസ് ടാക്സും ജിഎസ്ടിയില്‍ കൂട്ടിച്ചേര്ക്കപ്പെ ട്ടതുകൊണ്ടും സംസ്ഥാന സര്‍ക്കാരിന് കൂടുതല്‍ നികുതി വരുമാനം കിട്ടുമെന്നതുകൊണ്ടായിരുന്നു ആ നിലപാട് കൈക്കൊണ്ടത് എന്നായിരുന്നു വിശദീകരണം. ജിഎസ്ടി വഴി സാധാരണ ജനങ്ങളുടെ നികുതിഭാരം വന്‍തോതില്‍ കൂടുമെന്നത് ഈ മാന്യദേഹത്തിന് ഒരു പ്രയാസവും ഉണ്ടാക്കിയില്ല. പ്രത്യേകിച്ച്, സകല സേവനങ്ങളെയും നികുതി വലയ്ക്കകത്താക്കിയ പാതകത്തിലൂടെ സംഭവിച്ച അധിക ചെലവുകളെ സംബന്ധിച്ചും സകലമാന സാധനങ്ങള്‍ക്കും നികുതി നിരക്കുകള്‍ വന്‍തോതില്‍ വര്‍ധിപ്പിച്ചതിലും ഒരു പ്രതിഷേധവും ഉണ്ടായില്ല. സാധാരണ ഉപഭോക്താവിന്റെ കൈയില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും 28 ശതമാനം വരെയാണ് ജിഎസ്ടി. അതു വഴി ലോകത്ത് ഏറ്റവും അധികം നികുതി പിരിക്കുന്ന രാജ്യമായി ഇന്ത്യ മാറി . അതേസമയം കോര്‍പ്പറേറ്റുകള്‍ക്ക് വന്‍ നികുതി ഇളവുകളും നല്കപ്പെട്ടു.
സംസ്ഥാനത്ത് നടക്കുന്ന എല്ലാ വില്പനകളുടെയും സേവനത്തിന്റെയും മേല്‍ ചുമത്തുന്ന ജിജിഎസ്ടിയുടെ 50ശതമാനം സംസ്ഥാനത്തിനും 50 ശതമാനം കേന്ദ്രത്തിനുമാണ്. കേന്ദ്രത്തിന് പോകുന്ന നികുതിയുടെ 41% ധനകാര്യ കമ്മീഷന് വിഹിതമനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് വിഭജിച്ച് നല്കപ്പെടുന്നു. ജിഎസ്ടി വരുന്നതിനുമുമ്പ് നികുതി വരുമാനം കൂടുതലും ഉല്പാദനം നടക്കുന്ന സംസ്ഥാനങ്ങള്‍ക്കായിരുന്നു. ജിഎസ്ടിയില്‍ നികുതി ഡെസ്റ്റിനേഷന്‍ അടിസ്ഥാനത്തിലായി. അതായത് ഏത് സംസ്ഥാനത്താണ് ഉല്‍പ്പന്നം അഥവാ സേവനം അന്തിമമായി ഉപയോഗിക്കപ്പെടുന്നത് അവര്‍ക്കാണ് ജിഎസ്ടി നികുതി പിരിവ് ലഭിക്കുന്നത്. ഉല്പാദനം ഒരു സംസ്ഥാനത്തും ഉപഭോഗം മറ്റൊരു സംസ്ഥാനത്തും ആണെങ്കില്‍ അവിടെ പിടിക്കുന്ന നികുതി ഐജിഎസ്ടി എന്നാണ് അറിയപ്പെടുന്നത്. ഈ നികുതിയുടെയും വിഹിതം സംസ്ഥാനങ്ങള്‍ക്ക് ലഭിക്കും. കേരള ഗവണ്മെന്റ് നിയോഗിച്ച എക്സ്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി ഞെട്ടിപ്പിക്കുന്ന ഒരു കാര്യം വെളിപ്പെടുത്തി. ഐജിഎസ്ടി റിട്ടേണ്‍ ഫോറങ്ങള്‍ പരിഷ്കരിക്കുന്നതില്‍ വരുത്തിയ വീഴ്ച കാരണം അഞ്ചുവര്‍ഷംകൊണ്ട് ഏതാണ്ട് 25000 കോടി രൂപ കേരളത്തിന് നഷ്ടപ്പെട്ടു എന്നതാണത്. ഈ നഷ്ടക്കണക്ക് നമ്മുടെ മന്ത്രിമാരുടെ വിലാപങ്ങളില്‍ പ്രത്യക്ഷപ്പെടാറില്ല.
ജിഎസ്ടി നഷ്ടപരിഹാരം
ജിഎസ്ടി ആവിര്‍ഭവിക്കുന്നതിന് മുമ്പുണ്ടായിരുന്ന നികുതി വരുമാനത്തില്‍ നിന്ന് ഇപ്പോഴത്തെ നികുതി വരുമാനം കുറയുകയാണെങ്കില്‍ അതിന് നല്കുന്ന നഷ്ടപരിഹാരമാണിത്. അതിനായി 2015-16 അടിസ്ഥാന വര്‍ഷമായി എടുത്തുകൊണ്ട്, 14ശതമാനം വാര്‍ഷിക നികുതി വരുമാന വര്‍ദ്ധനവ് എന്ന് കണക്കാക്കുന്നു. ആ വര്‍ദ്ധനവ് വരുന്നില്ലെങ്കില്‍ നല്കുന്ന വിഹിതമാണ് ജിഎസ്ടി നഷ്ടപരിഹാരം. 2017ല്‍ ജിഎസ്ടി ആരംഭിക്കുന്നത് മുതല്‍ അഞ്ചു വര്‍ഷത്തെക്ക് ആയിരുന്നു നഷ്ടപരിഹാരം നല്കാന് തീരുമാനിച്ചിരുന്നത്. 2022ല്‍ ഈ നഷ്ടപരിഹാര പദ്ധതി അവസാനിച്ചു. കോവിഡ് കാലത്തെ വരുമാന നഷ്ടം കണക്കിലെടുത്ത് ഈ കാലപരിധി നീട്ടണമെന്ന് വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടുവെങ്കിലും സംസ്ഥാനങ്ങള്‍ക്ക് ഗുണം കിട്ടുന്ന തരത്തില്‍ ഇക്കാര്യത്തില്‍ ഒരു നടപടി എടുക്കാനും കേന്ദ്ര സര്‍ക്കാര്‍ തുനിഞ്ഞിട്ടില്ല.
നികുതി വിഹിതത്തിലുള്ള കുറവ്
പതിനാലാം ധനകാര്യ കമ്മീഷന് നിശ്ചയിച്ച നികുതി വിഹിതത്തില്‍ നിന്ന് കേരള സംസ്ഥാനത്തിന് വലിയ കുറവ് പതിനഞ്ചാം ധനകാര്യ കമ്മീഷനില്‍ വരുത്തിയിട്ടുണ്ടെന്നത് വാസ്തവമാണ്. ജിഎസ്ടിയുടെ ആവിര്‍ഭാവവും പ്ലാനിങ് കമ്മീഷന് പിരിച്ചുവിട്ടു നീതി ആയോഗിന്റെ വരവും അതോടൊപ്പം കേന്ദ്രസര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് അനുകൂല നടപടികള്‍ കൂടുതല്‍ ആക്രമണോല്സുകമാവുകയും ചെയ്ത സാഹചര്യത്തിലാണ് പതിനഞ്ചാം ധനകാര്യ കമ്മീഷന് കടന്നു വരുന്നത്. അതിന്റെ ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാരില്‍ കൂടുതല്‍ സാമ്പത്തിക കേന്ദ്രീകരണം സൃഷ്ടിക്കുന്ന നടപടികളാണ് കൊണ്ടുവന്നത്.
1971ലെ ജനസംഖ്യാനുപാതം വച്ചായിരുന്നു പതിനാലാം ധനകാര്യ കമ്മീഷന് വരെ സംസ്ഥാന വിഹിതം നിശ്ചയിച്ചിരുന്നതെങ്കില്‍ പതിനഞ്ചാം കമ്മീഷനില്‍ എത്തിയപ്പോള്‍ അത് 2011ലെ ജനസംഖ്യ അനുപാതം കണക്കാക്കി. സ്വാഭാവികമായും ജനസംഖ്യനിരക്കില്‍ കുറവു വന്ന കേരളത്തിന്റെ നികുതി വിഹിതം കുറഞ്ഞു. പത്താം കമ്മീഷന്റെ കാലത്ത് 3.5 ശതമാനവും , 14ല്‍ 2.5% ശതമാനവും പതിനഞ്ചാം കമ്മീഷനില്‍ 1.92 ശതമാനവുമായി. കേരളത്തിന്റെ മറ്റു പ്രത്യേകതകള്‍ കണക്കിലെടുത്തതുമില്ല. പക്ഷേ ഈ മാറ്റങ്ങളൊക്കെ പൊടുന്നനെ സംഭവിച്ചതല്ല. 2017 മുതല്‍ പ്രവര്‍ത്തിക്കുന്ന പതിനഞ്ചാം ധനകാര്യ കമ്മീഷന് അതിന്റെ റിപ്പോര്‍ട്ട് നല്‍കിയത് 2019 ലാണ്. മതിയായ പ്രതിരോധം തീര്‍ക്കുന്നതിന് തുനിയാതെ അതിന്റെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് മൂന്ന് വര്‍ഷം ഈ പുതിയ വ്യവസ്ഥയിലൂടെയുള്ള നികുതി വരുമാനം സ്വീകരിച്ചതിന് ശേഷം പൊടുന്നനെ ഒരു ഇരവാദം ഉയര്‍ത്തുന്നതിന് എന്തിനുവേണ്ടിയാണ്? പഴയ മാനദന്ധം ആയിരുന്നെങ്കില്‍ ലഭ്യമായിരുന്ന തുകയില്‍ നിന്നും ഇപ്പോള്‍ ലഭിക്കുന്ന തുക കുറച്ചിട്ട് ബാക്കി കേന്ദ്രത്തില്‍ നിന്ന് കിട്ടേണ്ടതായി കണക്ക് പറയുകയാണ് സംസ്ഥാന സര്‍ക്കാര്‍. അങ്ങനെയാണ് 18,000 കോടി കുറഞ്ഞതായി പറയുന്നത്.
കടം ഒരു പ്രധാന വരുമാന മാര്‍ഗമായി കാണുമ്പോള്‍
കടമെടുപ്പ് പരിധി കേന്ദ്രം വര്‍ദ്ധിപ്പിക്കുന്നില്ലെന്നും അനാവശ്യ വിലക്കുകള്‍ ഏര്‍പ്പെടുത്തുന്നു എന്നുമാണ് ഒരു വാദം. കേരളത്തിന്റെ ജി എസ് ഡി പി യുടെ 39 ശതമാനമാണ് ഇപ്പോഴുള്ള പൊതുകടം. 29 ശതമാനത്തിനു മുകളിലേക്ക് പോയാല്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയി ലേക്ക് കൂപ്പുകുത്തും എന്നാണ് മുന്നറിയിപ്പ്. 2003ല്‍ കേന്ദ്രവും സംസ്ഥാനവും പാസാക്കിയ ഫിസ്ക്കല്‍ റെസ്പോണ്സിബിലിറ്റി നിയമത്തിനനുസൃതമാണ് കടത്തിന്റെ പരിധികള്‍ ഇത്തരത്തില്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. 2000-01ല്‍ 25721 കോടി മാത്രം കടമുണ്ടായിരുന്ന ഇടത്തുനിന്ന് ഈ വര്‍ഷം കടം നാലു ലക്ഷം കോടിയില്‍ എത്തിയിരിക്കുന്നു. വന്‍കിട മുതലാളിമാരുടെ മൂലധനനിക്ഷേപത്തിന് വഴിയൊരുക്കാനായി ഖജനാവില്‍ നിന്നും കോടികള്‍ ഒഴുക്കുന്നത് കടഭാരത്തെ വീണ്ടും വര്‍ദ്ധിപ്പിക്കുകയുമാണ്. കടക്കെണിയില്‍ വീണു കിടക്കുമ്പോള്‍ തന്നെ കൂടുതല്‍ കടമെടുക്കാന്‍ അനുവദിക്കുന്നില്ല എന്ന നിലവിളി യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്തെ ദുരന്തത്തിലേക്കാണ് ആനയിക്കുന്നത്.
2017 മുമ്പ് സംസ്ഥാനം റിസര്‍വ് ബാങ്ക് വഴി നേരിട്ട് എടുക്കുന്ന കടത്തെ മാത്രമേ പൊതു കടമായി പരിഗണിച്ചിരുന്നുള്ളു.2017 ന് ശേഷം ബജറ്റിനു പുറത്തോ അകത്തോ എന്ന് നോക്കാതെ സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളും പ്രത്യേക ഉദ്ദേശ സംവിധാനങ്ങളും എടുക്കുന്ന കടവും പൊതുകടം ആയി പരിഗണിച്ചു തുടങ്ങി.കിഫ്ബി വഴി എടുക്കുന്ന കടവും സാമൂഹ്യ സുരക്ഷാ പെന്ഷന് കമ്പനിക്ക് വേണ്ടിയുള്ള കടവും ഒക്കെ പൊതു കടത്തില്‍പ്പെടും എന്ന കാര്യം 2017 മുതലേ അറിവുള്ള കാര്യമാണ്. സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കിയും നികുതി വരുമാനത്തിന്റെ വിഹിതം നല്‍കിയും പ്രവര്‍ത്തിക്കുന്ന കിഫ്ബിയെ ബഡ്ജറ്റിനെ പുറത്തു നിര്‍ത്തിയുള്ള കസര്‍ത്ത് കാരണം സംഭവിച്ച ദുര്യോഗത്തിന് ഇപ്പോള്‍ നിലവിളിച്ചിട്ട് കാര്യമില്ല. ഇവിടെയും പരിധിവച്ചതുകൊണ്ട് 19000 കോടിയുടെ വരുമാനം കുറഞ്ഞുവെന്ന് വിലപിക്കുന്നു. വിചിത്രമായ ഒരു കാര്യം, ഈ നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കുന്ന കേന്ദ്രം അന്തം വിടുന്ന പൊതു കടത്തില്‍ മുങ്ങിയിരിക്കുകയാണ് എന്നതാണ് . 2014 മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോഴേക്കും കടം 58.6 ലക്ഷം കോടിയായിരുന്നെങ്കില്‍ 2023 മാര്‍ച്ചില്‍ അത് ഒരു 155.6കോടി ആയിരിക്കുന്നു(ജിഡിപി യുടെ 57%). 9 ലക്ഷം കോടിയോളം രൂപയാണ് പ്രതിവര്‍ഷം പലിശയായി നല്‍കുന്നത്. ആകെ ചെലവിന്റെ 20%. കേരളത്തില്‍ അത് റവന്യൂ ചെലവിന്റെ 19 ശതമാനമാണ്. നല്ലൊരു മത്സരമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ നടത്തുന്നത്. നാടിനെ സാമ്പത്തികമായി തകര്‍ത്തെറിയാന്‍ പോന്ന കെടുകാര്യസ്ഥതയാണ് ഇവിടെയെല്ലാം കാണുന്നത്.
നികുതി പിരിവിലെ വീഴ്ച അഴിമതിയുടെ പ്രതിഫലനം
കേന്ദ്രത്തില്‍നിന്ന് കിട്ടേണ്ടത് കിട്ടുന്നില്ല എന്ന് വിലപിക്കുമ്പോള്‍ സംസ്ഥാനത്തുനിന്നു കിട്ടേണ്ടത് സ്വരൂപിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. ഉപഭോഗത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തുള്ള കേരളം വ്യവസ്ഥാപിത നികുതി പിരിവിന്റെ കാര്യത്തില്‍ ഏഴാം സ്ഥാനത്താണ്. 28,000 കോടി രൂപയുടെ കുടിശ്ശിക നികുതി പിരിച്ചെടുക്കാനുണ്ടെന്നാണ് സിഎജി പറയുന്നത്. പ്രമുഖ സാമ്പത്തിക വിചക്ഷണനായ ഡോക്ടര്‍ കെ.പി.കണ്ണന് അവതരിപ്പിക്കുന്ന ഒരു ഉദാഹരണം നോക്കുക. കേരളത്തില്‍ ജിഎസ്ടി രജിസ്ട്രേഷനുള്ള 7000 സ്വര്‍ണാഭരണ ശാലകള്‍ ഉള്ളതില്‍ അഞ്ച് ശതമാനം വലിയ സ്വര്‍ണാഭരണശാലകളാണ്. കുറഞ്ഞത് 10,605 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് സംഭവിക്കുന്നത് എന്ന് അദ്ദേഹം പറയുന്നു. കേരളത്തിലെ 45% സ്ഥാപനങ്ങളും നികുതി വെട്ടിപ്പ് നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. ജനങ്ങളില്‍ നിന്ന് പിരിക്കുന്ന നികുതിപ്പണം സര്ക്കാരിലെത്താതെ പോകുന്നത് ഈ രംഗത്ത് അധികാര രാഷ്ട്രീയത്തിന്റെ പിന്തുണയോടെ നടക്കുന്ന കൊടിയ അഴിമതി കാരണം മാത്രമാണ്.
കേന്ദ്രവിഹിതങ്ങള്‍ ലഭ്യമാകുന്നത് വൈകാന്‍ കാരണം യഥാസമയം കണക്കുകള്‍ നല്‍കുന്നതിനുള്ള കാലസാമസമാണെന്നാണ് കേന്ദ്രം ആരോപിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴിചാരുന്നതിലൂടെ രണ്ട് ഭരണ സംവിധാനങ്ങളുടെയും പരാജയമാണ് ഇവിടെ വിളംബരം ചെയ്യുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഓഡിറ്റ് സംവിധാനവും സംസ്ഥാന സര്‍ക്കാരിന്റെ ഭരണസംവിധാനവും ഒത്തുചേര്‍ന്ന പ്രവര്‍ത്തിക്കാത്തതിന്റെ ഫലം. ഇന്റേണല്‍ ഓഡിറ്റിംഗ് എന്നത് ഫലത്തില്‍ നിലച്ചുപോയ ഒന്നാണ്. കേന്ദ്രസര്‍ക്കാരുമായുള്ള സാമ്പത്തിക ഇടപാടുകള്‍ ഏകോപിക്കാന്‍ കേരള സര്‍ക്കാരില്‍ ഫലപ്രദമായ ഒരു സംവിധാനവും പ്രവര്‍ത്തിക്കുന്നില്ല. ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ കാര്യാലയമോ ക്യാബിനറ്റ് പദവി നല്‍കിയിരിക്കുന്ന പ്രത്യേക പ്രതിനിധികളോ ഇക്കാര്യത്തില്‍ ശുഷ്കാന്തി കാണിക്കാറില്ല. കോര്‍പ്പറേറ്റ് മാനേജ്മെന്റ്കളുടെ പിടിയിലമര്‍ന്ന കേന്ദ്രസര്‍ക്കാര്‍ ഭരണസംവിധാനമാകട്ടെ സംസ്ഥാന സര്‍ക്കാരുകളുടെ, പ്രത്യേകിച്ച് ബിജെപി ഇതര സര്‍ക്കാരുകളുടെ കാര്യത്തില്‍ ഇരുട്ടത്താപ്പാണ് വച്ചുപുലര്‍ത്തുന്നത്. പദ്ധതികള്‍ക്ക് പേരിടുന്നതിനുള്ള പരിഹാസ്യമായ ബ്രാന്‍ഡിംഗ് വിവാദങ്ങളാണ് നടക്കുന്നത്. കോര്‍പ്പറേറ്റുകളുടെ ലക്ഷക്കണക്കിനുള്ള കോടി രൂപയുടെ കടങ്ങള്‍ എഴുതിത്തള്ളുമ്പോള്‍, പാവങ്ങള്‍ക്കുള്ള പരമതുഛമായ ആനുകൂല്യങ്ങളുടെ കടപ്പാട് കേന്ദ്രത്തിനോ സംസ്ഥാനത്തിനോ നല്‍കേണ്ടത് എന്ന അസംബന്ധപൂര്‍ണമായ തര്ക്കത്തില്പെടുത്തി പാവങ്ങള്‍ക്ക് കിട്ടേണ്ടുന്ന ആനുകൂല്യങ്ങള്‍ കൂടി നഷ്ടപ്പെടുകയാണ്.
നവ കേരളയാത്ര അവസാനിക്കുകയും ഗവർണറുമായുള്ള തെരുക്കൂത്തുകൾ ആരംഭിക്കുകയും ചെയ്തതോടെ കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെപ്പറ്റിയുള്ള വലിയ വാചാടോപങ്ങൾ അവസാനിച്ചിരിക്കുന്നു. കേരളത്തിലെ പരമ ദരിദ്രരായ ജനവിഭാഗങ്ങള്‍ക്ക് നല്കേണ്ടുന്ന സാമ്പത്തിക ആനുകൂല്യങ്ങളെ ചൊല്ലി പുതിയ സംഭവവികാസങ്ങള്‍ ഉണ്ടാവുമ്പോഴെല്ലാം സാമ്പത്തികപ്രതിസന്ധിയുടെ വാദവുമായി പ്രത്യക്ഷപ്പെടും.