370-ാം വകുപ്പ് റദ്ദാക്കിയതു സംബന്ധിച്ച സുപ്രീംകോടതി വിധി : സംഘപരിവാർ അജണ്ടയ്ക്ക് ഒത്താശചെയ്യുന്നു

images.png
Share

ജമ്മു-കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് 2019 ആഗസ്റ്റ് 8ന് രാഷ്ട്രപതി റദ്ദാക്കി. സ്ഥിരതാമസക്കാര്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന 35 എ വകുപ്പും ഇതോടെ റദ്ദായി. അതോടൊപ്പം ജമ്മു-കാശ്മീരിന്റെ സംസ്ഥാന പദവി ഇല്ലായ്മ ചെയ്ത് മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തു. രാമക്ഷേത്ര നിര്‍മ്മാണം, 370-ാം വകുപ്പ് റദ്ദാക്കല്‍, ഏകീകൃത സിവില്‍ കോഡ് എന്നിവ സംഘപരിവാറിന്റെ പ്രഖ്യാപിത അജണ്ടയാണ്. രാഷ്ട്രപതിയുടെ നടപടി ശരിവെച്ച സുപ്രീംകോടതിവിധി ഈ സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്നതിന് ഒത്താശ ചെയ്യുകയാണുണ്ടായത്.

ഭീകര പ്രവര്‍ത്തനം തടയാനും കാശ്മീരിന്റെ വികസനം ഉറപ്പുവരുത്താനുമാണ് ഇതൊക്കെ കാട്ടിക്കൂട്ടുന്നത് എന്നാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ അവകാശവാദം. എന്നാല്‍ കാശ്മീര്‍ ഇന്ത്യന്‍ യൂണിയന്റെ ഭാഗമായപ്പോള്‍ കാശ്മീരി ജനതയ്ക്ക് നല്‍കിയ ഉറപ്പ് ഇതോടെ ലംഘിക്കപ്പെട്ടിരിക്കുന്നു. ഭരണഘടനാ തത്വങ്ങള്‍ക്കോ ഫെഡറലിസത്തിനോ നിരക്കുന്നതല്ല ഈ നടപടി. കാശ്മീരിന്റെ ഒരു നൂറ്റാണ്ടു കാലത്തെ ചരിത്രം പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാകും.


370-ാം വകുപ്പ്, കാശ്മീരി ജനതയ്ക്ക് നല്‍കിയ ഔദാര്യമോ പ്രീണനമോ അല്ല. അത് തികച്ചും വസ്തുനിഷ്ഠ ആവശ്യകതയെ മുന്‍നിര്‍ത്തിയുള്ളതാണ്. ബ്രിട്ടീഷ് അധീനതയില്‍ ആയിരുന്ന ജമ്മു-കാശ്മീര്‍ പ്രദേശം ബ്രിട്ടീഷുകാര്‍ക്ക് പണം നല്‍കി വിലയ്ക്ക് വാങ്ങിയ രാജവംശത്തിലെ അവസാന രാജാവായ ഹരി സിംഗ് ഇന്ത്യ സ്വതന്ത്രമായപ്പോള്‍ സ്വതന്ത്ര രാജ്യമായി നിലകൊള്ളാനാണ് ആഗ്രഹിച്ചത്. എന്നാല്‍ പാക്കിസ്ഥാന്റെ ആക്രമണത്തെ ചെറുക്കാന്‍ കഴിയാതെ വന്നപ്പോള്‍ അവര്‍ക്ക് ഇന്ത്യയുടെ സഹായം തേടുകയും ഇന്ത്യന്‍ യൂണിയനില്‍ അംഗമാവുകയും ചെയ്യേണ്ടി വന്നു. കാശ്മീരി ജനതയുടെ അനിഷേധ്യനായ നേതാവ് ഷേഖ് അബ്‌ദുള്ള ഇന്ത്യന്‍ യൂണിയനില്‍ ചേരണമെന്ന ഉറച്ച നിലപാടുള്ള ആളായിരുന്നു. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ നാഷണല്‍ കോണ്‍ഫറന്‍സ് രാജാവാഴ്ചയ്ക്കും ബ്രിട്ടീഷ് ആധിപത്യത്തിനും എതിരായ പോരാട്ടത്തിലൂടെ ഉയര്‍ന്നുവന്ന പ്രസ്ഥാനമാണ്. ശക്തമായ ജനവികാരം മൂലം ഹരി സിംഗിന് ഇന്ത്യന്‍ യൂണിയനില്‍ ചേരുന്നതായ കരാറില്‍ ഒപ്പുവയ്ക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളു.
കരാര്‍ ഒപ്പിടുമ്പോള്‍ വ്യതിരിക്തമായി നിലകൊണ്ട ഒരു ജനതയ്ക്ക് സ്വാഭാവികമായും ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചുചേരുന്നതിന് സഹായകമാകുന്ന വിധത്തിലാണ് 370-ാം വകുപ്പ് രൂപകല്‍പ്പന ചെയ്തത്. പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം എന്നിവ ഒഴികെ മറ്റൊരു വിഷയത്തിലും കാശ്മീരിനെ സംബന്ധിച്ച് നിയമനിര്‍മ്മാണം നടത്താന്‍ ഇന്ത്യന്‍ യൂണിയന് അധികാരം ഉണ്ടായിരിക്കുന്നതല്ല എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുമുണ്ട്.


എന്നാല്‍ കാശ്മീര്‍ ഇന്ത്യന്‍ യൂണിയന്റെ ഭാഗമായതു മുതല്‍ 370-ാം വകുപ്പ് ദുര്‍ബലപ്പെടുത്താനും കാശ്മീരി ജനതയുടെമേല്‍ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാനുമാണ് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് ഗവണ്‍മെന്റുകള്‍ ശ്രമിച്ചു കൊണ്ടിരുന്നത്. ഇത് 370-ാം വകുപ്പിന്റെ അന്തസത്തയ്ക്ക് ഒട്ടും നിരക്കുന്നതായിരുന്നില്ല.
മുസ്ലീങ്ങള്‍ ഭൂരിപക്ഷമായ ഒരു പ്രദേശം പാക്കിസ്ഥാനില്‍ ലയിക്കാതെ ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാന്‍ തീരുമാനിച്ചത് നാഷണല്‍ കോണ്‍ഫറന്‍സ് മതേതര മൂല്യങ്ങള്‍ക്ക് എത്രത്തോളം വിലകല്‍പ്പിച്ചിരുന്നു എന്ന് വ്യക്തമാക്കുന്നതാണ്. ഇന്ത്യന്‍ ജനാധിപത്യത്തില്‍ കാശ്മീരി ജനത അര്‍പ്പിച്ച വിശ്വാസമത്രയും തകര്‍ക്കുന്ന നടപടികള്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് ഒന്നിന് പിറകെ ഒന്നായി ഉണ്ടായപ്പോള്‍ കാശ്മീരി ജനതയില്‍ അവിശ്വാസവും അകല്‍ച്ചയും ഉണ്ടായത് സ്വാഭാവികം മാത്രം. നാഷണല്‍ കോണ്‍ഫറന്‍സിനെ പിളര്‍ത്താനും ഷേഖ് അബ്ദുള്ളയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനും കോണ്‍ഗ്രസ് ഗവണ്‍മെന്റ് നടത്തിയ കരുനീക്കങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കി. ഷേഖ് അബ്ദുള്ളയെ പാക്കിസ്ഥാന്‍ ചാരന്‍ എന്ന് മുദ്രകുത്താനും തുറുങ്കിലടയ്ക്കാനും പോലും ഇന്ത്യ മടിച്ചില്ല. 20 വര്‍ഷക്കാലമാണ് അദ്ദേഹത്തിന് ജയിലില്‍ കഴിയേണ്ടി വന്നത്. 1987ലെ തെരഞ്ഞെടുപ്പില്‍ കേന്ദ്രസേനയെ ഉപയോഗിച്ച് കൃത്രിമം നടത്തി ജനേച്ഛയെ തകിടം മറിച്ചു. ഒരു ജനതയെ ആകെ ഭീകരരായി ചിത്രീകരിച്ചു. അനേകം പേര്‍ ക്രൂരമായ സൈനിക നടപടികള്‍ക്കിരയായി. ഇതെല്ലാം കാശ്മീരി ജനതയെ ഇന്ത്യയില്‍ നിന്ന് അകറ്റാനേ ഉപകരിച്ചുള്ളു. തീവ്രവാദ നിലപാടുള്ള സംഘടനകള്‍ക്ക് ഈ സാഹചര്യം മുതലെടുത്ത് ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ കഴിഞ്ഞെങ്കില്‍ അതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഇന്ത്യ ഭരിച്ചവര്‍ക്ക് ഒഴിഞ്ഞുമാറാനാവില്ല. ഇന്ത്യന്‍ ഭരണാധികാരികളുടെ നടപടികള്‍ കാശ്മീരി ജനതയിലുണ്ടാക്കിയ മുറിവിനെയും നിരാശയെയും മുതലെടുത്തുകൊണ്ടാണ് തീവ്രവാദസംഘടനകള്‍ സ്വതന്ത്രകാശ്മീരെന്ന വിഘടനമുദ്രാവാക്യമുയര്‍ത്തിയത്.
ബിജെപി അധികാരത്തില്‍ എത്തിയതോടെ ഈ നടപടികളെല്ലാം കൂടുതല്‍ പ്രതികാരരൂപം പൂണ്ടു. കഴിഞ്ഞ ഒരു ദശകക്കാലത്തെ ബിജെപി ഭരണത്തില്‍ അനേകം നിരപരാധികള്‍ കൊല്ലപ്പെട്ടു. അനേകം തവണ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ച് ജനങ്ങളെ ഒറ്റപ്പെടുത്തി. ജനങ്ങള്‍ ഒരു സൈനിക തടവറയില്‍ കഴിയുന്ന സ്ഥിതി ഉണ്ടാക്കി. പത്രസ്വാതന്ത്ര്യം ഹനിക്കപ്പെടുക മാത്രമല്ല പല മാധ്യമപ്രവര്‍ത്തകരും കലാകാരന്മാരുംവരെ കൊല്ലപ്പെടുന്ന സ്ഥിതിയുണ്ടായി. ഒരിക്കലും ഉണങ്ങാത്ത ഒരു വ്രണമാക്കി കാശ്മീരിനെ മാറ്റുകയായിരുന്നു ബിജെപിയുടെ ലക്ഷ്യം. ജനങ്ങളില്‍ ഹിന്ദു-മുസ്ലിം അകല്‍ച്ച സൃഷ്ടിക്കാനും അവര്‍ കരുക്കള്‍ നീക്കി. അന്തസ്സോടെ, സമാധാനപരമായി ജീവിച്ചിരുന്ന ഒരു ജനതയുടെ സ്വൈരജീവിതം ബോധപൂര്‍വ്വം താറുമാറാക്കുന്നതായിരുന്നു അവരുടെ നടപടികളെല്ലാം.


ഭീകര പ്രവര്‍ത്തനം ആരോപിച്ച് 370-ാം വകുപ്പ് റദ്ദാക്കാനുള്ള പശ്ചാത്തലം ഒരുങ്ങിയത് എങ്ങനെയെന്ന് വ്യക്തമാണല്ലോ. ഈ രാഷ്ട്രീയ കരുനീക്കങ്ങളിലൂടെ അട്ടിമറിക്കപ്പെട്ടത് ഭരണഘടനാ തത്വങ്ങള്‍ കൂടിയാണ് എന്നത് വിഷയത്തിന്റെ ഗൗരവം പലമടങ്ങ് വര്‍ദ്ധിപ്പിക്കുന്നു. 370-ാം വകുപ്പ് റദ്ദാക്കാന്‍ രാഷ്ട്രപതിക്ക് അധികാരം ലഭിക്കുന്നത് സംസ്ഥാന നിയമസഭയുടെ ശുപാര്‍ശയില്‍ മാത്രമാണ്. ഇത് ലഭിക്കില്ല എന്ന് ഉറപ്പുള്ളതുകൊണ്ടുതന്നെ നിയമസഭ പിരിച്ചുവിട്ടുകൊണ്ട് തികച്ചും ഏകപക്ഷീയമായി നടപടി സ്വീകരിച്ചു.
ജമ്മു-കാശ്മീരിന്റെ ഭൂവിസ്തൃതി 1950ല്‍ 39,145 ചതുരശ്ര മൈല്‍ ആയിരുന്നു. 2019 ആഗസ്റ്റില്‍ വെറും 16,304 ചതുരശ്ര മൈലായി ചുരുങ്ങി. ഭൂവിസ്തൃതിയില്‍ കുറവു വരുത്താന്‍ ഇന്ത്യന്‍ യൂണിയന് അധികാരമില്ല എന്നത് 370-ാം വകുപ്പില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ളതാണ്. ഇത് പാടെ ലംഘിച്ചുകൊണ്ടാണ് കാശ്മീരിനെ മൂന്നായി വെട്ടിമുറിച്ചതും കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയതും. ഫെഡറല്‍ തത്വങ്ങളുടെ നഗ്‌നമായ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നത്. ഏതൊരു സംസ്ഥാനത്തിനുംമേല്‍ തികച്ചും ഭരണഘടനാ വിരുദ്ധമായി നടപടികള്‍ എടുക്കാന്‍ കേന്ദ്ര ഗവണ്‍മെന്റിന് അനുമതി നല്‍കും വിധം മാരകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍പോന്ന നടപടിയാണിത്. രാഷ്ട്രീയ സംവിധാനങ്ങളുടെ തകര്‍ച്ചയുടെ വേളയില്‍ ജനങ്ങള്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് ജുഡീഷ്യറിയെയാണ്. എന്നാല്‍ നീതിന്യായ സംവിധാനം തീര്‍ത്തും പരാജയപ്പെടുകയും ഭരണകക്ഷിയുടെ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് ഒത്താശ ചെയ്യുകയുമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. 40 അര്‍ദ്ധസൈനികര്‍ കൊല്ലപ്പെട്ട പുല്‍വാമ ആക്രമണം മുതല്‍ പാര്‍ലമെന്റില്‍ പുകബോംബ് പൊട്ടിച്ചതുവരെയുള്ള സംഭവങ്ങളിലൊന്നും ജനങ്ങള്‍ക്ക് സത്യം അറിയാന്‍ കഴിഞ്ഞിട്ടില്ല. ഭീകരാക്രമണങ്ങളുടെയോ ഏറ്റുമുട്ടല്‍ കൊലകളുടെയോ സത്യാവസ്ഥ എന്തെന്ന് ഒരു ജനാധിപത്യ രാജ്യത്തെ പൗരര്‍ക്ക് അറിയാന്‍ അവകാശമില്ലെന്ന സ്ഥിതി ജനാധിപത്യത്തിന്റെ തന്നെ മരണമണി മുഴക്കലാണ്. രാജ്യത്തെ പരമോന്നത കോടതി എന്തുകൊണ്ടാണ് ഇത്തരം വിഷയങ്ങള്‍ ഗൗരവമായി എടുക്കാത്തത് ? രാജ്യം ഭരിക്കുന്നവരുടെ വര്‍ഗീയ കരുനീക്കങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാത്തത് ? അയോദ്ധ്യ കേസില്‍ അന്യായമാണ് നടന്നതെന്ന് അംഗീകരിച്ചുകൊണ്ടുതന്നെ ആ അന്യായത്തെ വെള്ളപൂശുകയല്ലേ കോടതി ചെയ്തത്. മണിപ്പൂരില്‍ നിരന്തരമായ നരഹത്യയും അക്രമങ്ങളും അരങ്ങേറുമ്പോള്‍ ഫലപ്രദമായ ഒരു ഇടപെടല്‍പോലും നടത്താനാകാത്ത നിസ്സഹായ സ്ഥിതിയിലേക്ക് കോടതികള്‍ അധ:പതിക്കുന്നത് എന്തുകൊണ്ട് ?


കാശ്മീര്‍ പ്രശ്‌നം, കാശ്മീര്‍ ജനതയുടെ മാത്രം പ്രശ്‌നമല്ല. ജനാധിപത്യ പ്രബുദ്ധതയോടുള്ള വെല്ലുവിളിയാണ്. രാജ്യം നേരിടുന്നത് അതീവ ഗുരുതരമായ ഒരു സ്ഥിതിവിശേഷത്തെയാണ്. രാജ്യം ഭരിക്കുന്നവരും രാജ്യത്തെ ഏറ്റവും പ്രബലമായ സംഘടനാ സംവിധാനവും ജനങ്ങളില്‍ വര്‍ഗീയ സ്പര്‍ദ്ധ വളര്‍ത്തി ജനൈക്യം തകര്‍ക്കുകയും സ്വൈരജീവിതം അട്ടിമറിക്കുകയുമാണ്. പ്രബുദ്ധമായ ഒരു പ്രതിഷേധം ഉയര്‍ന്നു വരാതിരിക്കാനായി അവര്‍ വിദ്യാഭ്യാസത്തിന്റെ ജനാധിപത്യ-മതേതര ഉള്ളടക്കം തകര്‍ത്ത് പഴഞ്ചന്‍ ആശയങ്ങളും മൂല്യങ്ങളും കുത്തിനിറക്കുന്നു. സത്യസന്ധമായ ചരിത്രപഠനം അസാധ്യമാക്കിയിരിക്കുന്നു. ശാസ്ത്രീയ മനോഘടനയും യുക്തിബോധവും തകര്‍ക്കുന്നു. രാജ്യത്തിന്റെ ഐതിഹാസികമായ സ്വാതന്ത്ര്യസമരത്തിന്റെ ഏടുകള്‍ പോലും ജനങ്ങളില്‍നിന്ന് മറച്ചുവയ്ക്കുന്നു. സാമ്രാജ്യത്വവിരുദ്ധ സമരപാരമ്പര്യം പേറുന്ന നിലപാടുകള്‍ അന്താരാഷ്ട്ര വിഷയങ്ങളില്‍ നിന്നുപോലും അപ്രത്യക്ഷമാകുന്നു. ഈടുറ്റ ചരിത്രത്തിന്റെ വേരുകള്‍ അറ്റുപോയ, പ്രാകൃത ചിന്താഗതികളാല്‍ നയിക്കപ്പെടുന്ന ഒരു ജനതയായി നമ്മള്‍ പരിവര്‍ത്തനം ചെയ്യപ്പെടുകയാണ്.


നാടിന്റെ നന്മകള്‍ കാത്തുപുലര്‍ത്തിക്കൊണ്ടല്ലാതെ ഒരു ജനതയ്ക്കും ഭാവി കരുപ്പിടിപ്പിക്കാനാവില്ല. അതിന് ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ വസ്തുനിഷ്ഠമായ വിശകലനം ആവശ്യമുണ്ട്. സംഘപരിവാര്‍ ശക്തികള്‍ രാജ്യത്തെ ഒരു ഫാസിസ്റ്റ് ഭീകരവാഴ്ചയിലേക്ക് ചിട്ടയായി നയിക്കുകയാണ്. ഫാസിസം, സാമ്പത്തിക – രാഷ്ട്രീയ – പ്രത്യയശാസ്ത്ര മേഖലകളെയൊക്കെ ഉള്‍ക്കൊള്ളുന്ന ഒരു പ്രതിവിപ്ലവ പദ്ധതിയാണെന്ന് സമുന്നത മാര്‍ക്‌സിസ്റ്റ് ദാര്‍ശനികനും എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാര്‍ട്ടിയുടെ സ്ഥാപകനുമായ സഖാവ് ശിബ്‌ദാസ് ഘോഷ് സുവ്യക്തമായി വിശകലനം ചെയ്തിട്ടുണ്ട്. ലോകമാകെ പ്രതിസന്ധിയില്‍പ്പെട്ട് ഉലയുന്ന മുതലാളിത്ത വ്യവസ്ഥകള്‍ ഫാസിസത്തില്‍ അഭയം പ്രാപിച്ചുകൊണ്ടാണ് തങ്ങളുടെ പ്രതിസന്ധി മറികടക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്നത്. മുതലാളിത്ത വ്യവസ്ഥ നിലനില്‍ക്കുവോളം അത് സൃഷ്ടിക്കുന്ന സാമ്പത്തികവും രാഷ്ട്രീയവും സാംസ്‌കാരികവുമായ പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ആവില്ല എന്നത് പച്ചയായ യാഥാര്‍ത്ഥ്യമാണ്. എങ്കിലും, യുദ്ധങ്ങള്‍ സൃഷ്ടിച്ചും ജനങ്ങളുടെ ഐക്യം തകര്‍ത്തും ജനാധിപത്യ അവകാശങ്ങളാകെ കവര്‍ന്നെടുത്തും മൂല്യച്യുതി സൃഷ്ടിച്ചും മുതലാളിത്തം മരണവെപ്രാളം പ്രകടമാക്കുന്നു.


ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തെ ശക്തിപ്പെടുത്താനും ചൂഷിതരായ മുഴുവന്‍ ജനങ്ങളുടെയും ഐക്യമൂട്ടിയുറപ്പിച്ചു മുന്നേറാനും ഇടതുപക്ഷ ശക്തികള്‍ പരിശ്രമിക്കണം. എന്നാല്‍ നമ്മുടെ രാജ്യത്തെ സിപിഐ(എം), സിപിഐ പോലെയുള്ള പാര്‍ട്ടികള്‍ സമരപാത വെടിഞ്ഞും പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ ചളിക്കുണ്ടില്‍ പതിച്ചും ഈ ദൗത്യം ഏറ്റെടുക്കാനുള്ള കെല്‍പ്പില്ലായ്മ തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. കോണ്‍ഗ്രസ്, ബിജെപി ഗവണ്‍മെന്റുകളുടെ നയങ്ങള്‍ നടപ്പിലാക്കുന്നവരായി അവരുടെ ഗവണ്‍മെന്റുകള്‍ തരംതാഴ്ന്നിരിക്കുന്നു. ജനങ്ങളില്‍ അവശേഷിക്കുന്ന ജനാധിപത്യ സംസ്‌കാരംപോലും തുടച്ചുനീക്കുകയാണ് അവര്‍. കാശ്മീര്‍ വിഷയത്തിലടക്കം ജനരോഷവും ജനാധിപത്യ ബോധവും വളര്‍ത്തിയെടുക്കാന്‍ അവര്‍ മെനക്കടാത്തതില്‍ അത്ഭുതമില്ല.
ഇത്തരമൊരു സാഹചര്യത്തില്‍, ജനാധിപത്യ-മതേതര ചിന്താഗതിക്കാരായ മുഴുവന്‍ ആളുകളെയും അണിനിരത്തുന്ന ബൃഹത്തായ ജനമുന്നേറ്റങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകള്‍ അക്ഷീണ പരിശ്രമം നടത്തണം. പണിയെടുത്തു ജീവിക്കുന്നവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിനെതിരെ വര്‍ഗ്ഗസമരങ്ങള്‍ ശക്തിപ്പെടുത്തണം. വിദ്യാഭ്യാസത്തിന്റെ ജനാധിപത്യപരമായ ഉള്ളടക്കം സംരക്ഷിക്കുന്നതിനും വ്യാപനത്തിനുവേണ്ടിയും ശബ്ദമുയര്‍ത്തണം. ജനജീവിതം താറുമാറാക്കുന്ന സാമ്പത്തിക നടപടികള്‍ക്കെതിരെ ജനകീയ സമര സമിതികള്‍ പടുത്തുയര്‍ത്തണം. ചരിത്ര പാഠങ്ങളും ശാസ്ത്രീയ മനോഘടനയും പ്രബലപ്പെടുത്തുന്ന പ്രത്യയശാസ്ത്ര സമരധാര ശക്തിപ്പെടുത്തണം. സമഗ്രമായ ഇത്തരമൊരു പോരാട്ടത്തിലൂടെ മാത്രമേ കാശ്മീര്‍ വിഷയത്തിലടക്കം ഭരണവര്‍ഗ്ഗത്തിന്റെ ഗൂഢാലോചനകളെ ചെറുത്ത് പരാജയപ്പെടുത്താന്‍ ജനങ്ങള്‍ക്ക് കഴിയൂ.

Share this post

scroll to top