സർവകലാശാലകളെ വരുതിയിലാക്കാൻ ഗവർണർക്ക് വഴിയൊരുക്കി സിപിഐ(എം)ഉം എസ്എഫ്ഐയും

Share

കഴിഞ്ഞ കുറെ ദിവസങ്ങളില്‍ സംസ്ഥാന ഗവര്‍ണറും എസ്എഫ്‌ഐയും തമ്മിലൂള്ള നാണംകെട്ട ഏറ്റുമുട്ടലുകള്‍ക്ക് കേരളത്തിന്റെ തെരുവുകള്‍ സാക്ഷ്യം വഹിക്കുകയുണ്ടായി. എല്ലാ അതിരുകളും ലംഘിക്കുന്ന ഈ തമ്മിലടി അപചയത്തിലമര്‍ന്ന സംസ്ഥാനരാഷ്ട്രീയ മണ്ഡലത്തില്‍ കൂടുതല്‍ ദുര്‍ഗന്ധം പരത്തുക മാത്രമാണ് ചെയ്യുന്നത്. ജനാധിപത്യധ്വംസനത്തിന്റെയും അറുവഷളന്‍ പിന്തിരിപ്പത്വത്തിന്റെയും അപചയത്തിന്റെയും ആകമാന പ്രതീകമായ ബിജെപിയില്‍ അവസാന രാഷ്ട്രീയ അഭയം പ്രാപിച്ച്, അവരില്‍നിന്ന് ഒരു ലാവണവും സംഘടിപ്പിച്ച് വിലസുന്ന സംസ്ഥാന ഗവര്‍ണറില്‍ നിന്നും ജനാധിപത്യസമീപനം പോകട്ടെ വകതരിവോടെയുള്ള ഒരു പെരുമാറ്റമെങ്കിലും ആരെങ്കിലും പ്രതീക്ഷിക്കുന്നതായി കരുതുന്നില്ല. മറുവശത്ത് എസ്എഫ്‌ഐ പോരാടുന്നത് ഫാസിസത്തിനെതിരെയും ജനാധിപത്യത്തിനുവേണ്ടിയും ആണത്രേ! കാണുന്നവരിലെല്ലാം പുഛവും പരിഹാസവും അറപ്പും മാത്രമാണ് ഇക്കൂട്ടരുടെ ‘പോരാട്ടം’ ഉണര്‍ത്തുന്നത്. അക്കാദമിക് യോഗ്യതയെയും ഇതര മെരിറ്റിനെയും തള്ളിക്കളഞ്ഞ് തങ്ങളുടെ വേണ്ടപ്പെട്ടവരെയും ചെല്ലംചുമട്ടുകാരെയും ഭാഗ്യാന്വേഷികളെയും സര്‍വ്വകലാശാലകളുടെ വിസി മുതല്‍ ഭരണസംസംവിധാനങ്ങളില്‍ നിയോഗിക്കുന്നത് ജനാധിപത്യം. സര്‍വ്വകലാശാലകളുടെ സ്വയംഭരണാവകാശം! ഇതൊക്കെത്തന്നെ മറ്റാരെങ്കിലും ചെയ്താല്‍ അപ്പോള്‍ മാത്രം അത് ജനാധിപത്യധ്വംസനം.


ആരോഗ്യകരമായ സംവാദങ്ങളുടെയും സര്‍ഗ്ഗാത്മകമായ ആശയപ്രകാശനത്തിന്റെയും അന്തരീക്ഷം കലാലയങ്ങളിലും സര്‍വ്വകലാശാലകളിലും തകര്‍ത്തതിന്റെ ഒന്നാം പ്രതി സിപിഐ(എം) മാത്രമാണ്. സര്‍വ്വകലാശാലകളുടെ സ്വയംഭരണവും അക്കാദമിക് സ്വാതന്ത്ര്യത്തോടെയുള്ള അതിന്റെ നടത്തിപ്പും ഇന്നുകാണുന്ന നിലയില്‍ നിപതിച്ചതിന്റെ പ്രധാന ഉത്തരവാദിത്തം അവര്‍ക്കു മാത്രമുള്ളതാണ്. അവരുടെ സങ്കുചിതരാഷ്ട്രീയ ലക്ഷ്യങ്ങള്‍ നിറവേറ്റപ്പെടാതെ പോകുന്നതിലുള്ള ഈറ മാത്രമാണ് ഈ തെരുവ് കോപ്രായങ്ങള്‍ക്ക് പിറകിലുള്ളത്. ജനാധിപത്യസംരക്ഷണമൊന്നും ഇക്കൂട്ടരുടെ വിദൂര അജണ്ട പോലുമല്ലെന്ന് ഇന്നാട്ടിലെ ഏതൊരാള്‍ക്കും അറിയാവുന്ന വസ്തുതയാണ്.
സര്‍വ്വകലാശാലകളുടെ സ്വയംഭരണാവകാശത്തെ ചവിട്ടിമെതിച്ചുകൊണ്ട്, തങ്ങളുടെ നികൃഷ്ടമായ രാഷ്ട്രീയ അജണ്ട നടപ്പാക്കാന്‍ ഏറെക്കാലമായി പരിശ്രമിച്ചു വരികയാണ് സംഘപരിവാര്‍ ശക്തികള്‍. ഗവര്‍ണര്‍ക്ക് ലഭ്യമായ ചാന്‍സലര്‍ പദവി ഉപയോഗപ്പെടുത്തി ഇവരുടെ നോമിനികളെ സര്‍വ്വകലാശാല സെനറ്റുകളിലേക്ക് നിയമിച്ച ഗവര്‍ണറുടെ നടപടി അങ്ങേയറ്റം അപലപനീയമാണ്. കേരള, കോഴിക്കോട് സര്‍വ്വകലാശാല സെനറ്റുകളിലേക്ക് ചാന്‍സലറുടെ നോമിനികളായി നിയോഗിക്കാന്‍ കഴിയുന്ന അംഗങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ ചാന്‍സലറായ ഗവര്‍ണര്‍ നഗ്‌നമായ വിധത്തില്‍ പക്ഷപാതിത്വം കാട്ടിയിരിക്കുന്നു. സര്‍വ്വ കീഴ്വഴക്കങ്ങളെയും മാനദണ്ഡങ്ങളെയും കാറ്റില്‍പ്പറത്തിക്കൊണ്ടാണ് ബിജെപിയുടെയും എബിവിപിയുടെയും പ്രതിനിധികളെ തിരുകിക്കയറ്റിയത്. എന്നാല്‍, ദീര്‍ഘകാലമായി സ്വന്തം പാര്‍ട്ടി നോമിനികളെ സെനറ്റുകളിലേക്കും സിന്‍ഡിക്കേറ്റുകളിലേക്കും നിശ്ചയിച്ച് കടത്തിവിടുന്ന, സര്‍വകലാശാലകളെ സങ്കുചിത പാര്‍ട്ടിശാലകള്‍ ആക്കുന്ന, സിപിഐ(എം)ന്റെ ജനാധിപത്യവിരുദ്ധമായ കീഴ്‌വഴക്കങ്ങളാണ് ഗവര്‍ണറുടെ ഇത്തരം നടപടികള്‍ക്ക് കളമൊരുക്കി കൊടുത്തത്.


കേരള സര്‍വകലാശാല നിയമത്തിലെ വ്യവസ്ഥ പ്രകാരം ഹ്യൂമാനിറ്റീസ്, സയന്‍സ്, ഫൈന്‍ ആര്‍ട്‌സ്, സ്‌പോര്‍ട്‌സ് എന്നീ വിഷയങ്ങളില്‍ മികച്ച അക്കാദമിക നിലവാരം പുലര്‍ത്തുന്ന നാലു വിദ്യാര്‍ത്ഥികളെ ചാന്‍സലര്‍ക്ക് നാമനിര്‍ദേശം ചെയ്യാം. കൂടാതെ, മാധ്യമരംഗം, കായികരംഗം, എഴുത്തുകാര്‍, സാംസ്‌കാരിക മണ്ഡലം, വ്യവസായം, കായികരംഗം തുടങ്ങിയ മേഖലകളില്‍ നിന്നും ആകെ 17 പേരെ ചാന്‍സലര്‍ക്കും ആറ് പേരെ സംസ്ഥാന സര്‍ക്കാരിനും നോമിനേറ്റ് ചെയ്യാം എന്നതാണ് വ്യവസ്ഥ. ചാന്‍സലര്‍ക്കുവേണ്ടി ആ പേരുകള്‍ നാമനിര്‍ദ്ദേശം ചെയ്യുന്നത് വൈസ്ചാന്‍സലര്‍ ആണ്. അത് ചാന്‍സലര്‍ അംഗീകരിക്കുന്നതാണ് കീഴ്വഴക്കം. സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍ ഉന്നത സാംസ്‌കാരിക വ്യക്തിത്വമായിരിക്കണം എന്നതാണ് സങ്കല്പം. അദ്ദേഹം സങ്കുചിത പാര്‍ട്ടി വീക്ഷണങ്ങള്‍ക്ക് അടിമയാകാന്‍ പാടില്ല.
എന്നാല്‍, ദേശീയതലത്തില്‍ ബിജെപിയും കോണ്‍ഗ്രസും കേരളത്തില്‍ സിപിഐ(എം)ഉം ഉള്‍പ്പടെയുള്ള അധികാരം കൈയാളുന്ന പാര്‍ട്ടികള്‍ കേവല പാര്‍ട്ടി താല്‍പര്യ സംരക്ഷകരെ അഥവാ ആജ്ഞാനുവര്‍ത്തികളെ വിസി സ്ഥാനത്തുവരെ നിയമിക്കുന്ന സമ്പ്രദായം തുടരുകയാണ്. അത്തരമൊരു ജനാധിപത്യവിരുദ്ധമായ കീഴ്‌വഴക്കത്തെ മുതലെടുക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ചെയ്തത്. കോഴിക്കോട് സര്‍വ്വകലാശാല സെനറ്റിലേക്കും ആര്‍എസ്എസ് കൂടാരത്തില്‍ നിന്നുള്ളവരെ ഗവര്‍ണര്‍ തിരുകിക്കയറ്റുകയുണ്ടായി. ചില കോണ്‍ഗ്രസ്-മുസ്ലിം ലീഗ് പ്രതിനിധികളെയും കൂട്ടത്തില്‍ കടത്തിവിട്ടു. ഇത്തരമൊരു സാഹചര്യം എങ്ങിനെ രൂപപ്പെട്ടുവെന്നും ഇതിനു തടയിടാന്‍ മാര്‍ഗ്ഗമെന്തെന്നും വിദ്യാഭ്യാസസ്‌നേഹികള്‍ ചിന്തിക്കേണ്ടതുണ്ട്. വിജ്ഞാനത്തിന്റെ സ്വതന്ത്രമായ വികാസത്തിന് അനുകൂലമായ ഉന്നതമായ ജനാധിപത്യമൂല്യങ്ങള്‍ സര്‍വ്വകലാശാലകളില്‍ പുലരുന്നുവെന്ന് സംസ്ഥാനഭരണസാരഥ്യം വഹിക്കുന്നവര്‍ ഉറപ്പാക്കിയിരുന്നെങ്കില്‍ ഫാസിസ്റ്റ് ശക്തികള്‍ക്ക് അവിടെ ജനാധിപത്യവിരുദ്ധമായ ഒരു നടപടിക്കും മുതിരാനാവു മായിരുന്നില്ല. ഉന്നതവിദ്യാഭ്യാസരംഗത്ത് ഒരു മറയുമില്ലാതെ അധികാരരാഷ്ട്രീയത്തിന്റെ സങ്കുചിതതാല്‍പ്പര്യങ്ങള്‍ അടിച്ചേല്‍പ്പിച്ചതുവഴി സൃഷ്ടിക്കപ്പെട്ട ജനാധിപത്യേതരമായ അന്തരീക്ഷമാണ് ബിജെപിയെപ്പോലുള്ള പ്രസ്ഥാനങ്ങള്‍ ഇന്ന് മുതലെടുക്കുന്നത്.


നാടിന്റെ ജനാധിപത്യഘടനയ്ക്ക് അപമാനകരമായ ഈ തെരുവ് യുദ്ധം വിനാശകരമായ കേന്ദ്ര വിദ്യാഭ്യാസ നയവുമായി കേരള സര്‍ക്കാരിനുള്ള അഭിപ്രായവ്യത്യാസത്തിന്റെ പേരിലുള്ളതല്ല. കേന്ദ്ര മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് വിദ്യാഭ്യാസ പദ്ധതി അപ്പടി കേരളത്തില്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന ഒരു സര്‍ക്കാരാണ് പിണറായിയുടേത്. അക്കാദമികമോ നയപരമോ ആയ യാതൊരു വിയോജിപ്പുകളും യഥാര്‍ത്ഥത്തില്‍ അവര്‍ തമ്മില്‍ ഇല്ല. രണ്ടു കൂട്ടരും ഒരേ നയത്തിന്റെ വക്താക്കളാണ്. സങ്കുചിത കക്ഷിരാഷ്ട്രീയ വടംവലികളാണ് ‘പോരാട്ടം’ എന്നിവര്‍ വിശേഷിപ്പിക്കുന്നത്. അതാകട്ടെ, സര്‍വ്വകലാശാലകളുടെ ജനാധിപത്യ അന്തരീക്ഷത്തെ തകര്‍ത്തെറിയുന്ന വിധത്തിലുള്ള അഴിഞ്ഞാട്ടമായി പരിണമിക്കുകയും ചെയ്തിരിക്കുന്നു.
ഗവര്‍ണറുടെ ജനാധിപത്യവിരുദ്ധമായ നടപടികളെ ചെറുക്കാനെന്ന പേരില്‍ ഗവര്‍ണറെ സര്‍വ്വകലാശാല ക്യാമ്പസുകളില്‍ കാലുകുത്താന്‍ അനുവദിക്കില്ല എന്ന് വെല്ലുവിളിക്കുന്നതില്‍ എന്ത് ജനാധിപത്യസമീപനമാണുള്ളത്. ജനാധിപത്യമനസ്സാക്ഷിയെ ഒന്നടങ്കം ഒരുമിപ്പിച്ചുകൊണ്ട് ഗവര്‍ണറുടെ നടപടികളെ ചെറുക്കുന്നതും ചാന്‍സിലറെ സര്‍വ്വകലാശാലയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല എന്നു പറയുന്നതും നേര്‍വിപരീതങ്ങളായ കാര്യങ്ങളാണ്. എന്നാല്‍, ആ വെല്ലുവിളിയെ നേരിടാന്‍ തെരുവിലിറങ്ങിയ ഗവര്‍ണറുടെ പെരുമാറ്റവും പ്രതിനിധാനം ചെയ്യുന്നത് ജനാധിപത്യമൂല്യങ്ങളെയല്ല. വിജ്ഞാനാര്‍ജ്ജനത്തിന്റെ പ്രക്രിയയില്‍ വെല്ലുവിളികളില്ല, ഏറ്റുമുട്ടലുകളില്ല, മുഷ്‌ക്കും തന്‍പോരിമയുമില്ല. തികഞ്ഞ സഹിഷ്ണുതയോടെ, ആദരവോടെ എതിരഭിപ്രായങ്ങളെ വിലയിരുത്താനും പരിശോധിക്കാനുമുള്ള അന്തരീക്ഷം ഒരു സര്‍വ്വകലാശാലയില്‍ ഉറപ്പാക്കേണ്ടത് പരമപ്രധാനമാണെന്ന് ഇവരാരും കണ്ടതേയില്ല. ശാസ്ത്രീയയുക്തിയുടെ ഉരല്ലില്‍ ശരിയെന്തോ അതുനിലനില്‍ക്കുമെന്ന ശാസ്ത്രീയതത്വം മുറുകെപ്പിട്ടിച്ചുകൊണ്ട്, വ്യത്യസ്തമോ വിപരീതമോ ആയ വീക്ഷണങ്ങള്‍ ഉയര്‍ന്നുവരാന്‍ പ്രോല്‍സാഹിപ്പി ക്കുകയാണ് വേണ്ടതെന്ന് ഇവരാരും വിലയിരുത്തിയില്ല. പരമകഷ്ടമെന്നു പറയാവുന്ന ഈ തെരുവ് യുദ്ധത്തില്‍ തകര്‍ന്നുവീഴുന്നത് അറിവിന്റെ കേന്ദ്രങ്ങളായി മാറേണ്ടുന്ന സര്‍വ്വകലാശാലകള്‍ തന്നെയാണ്.


ഗൗരവാവഹവും സംസ്‌കാര സമ്പന്നവുമായ സംവാദകേന്ദ്രങ്ങളായി പരിലസിക്കേണ്ട സര്‍വകലാശാലകളുടെ ജനാധിപത്യ അന്തരീക്ഷത്തെ മലീമസമാക്കിയ എസ്എഫ്‌ഐക്ക് അറു പിന്തിരിപ്പന്‍ ശക്തിയുടെ പ്രതിനിധിയായി വന്ന ഗവര്‍ണറെ രാഷ്ട്രീയമായി പ്രതിരോധിക്കാനുള്ള ധാര്‍മികശക്തി ഇല്ല എന്നതാണ് വസ്തുത. സ്വന്തം നോമിനികളെ നിയോഗിക്കാന്‍ കഴിയാതെ വരുമ്പോള്‍ മാത്രം ജനാധിപത്യ അവകാശ നിഷേധത്തെക്കുറിച്ച് വിലപിക്കുന്ന ഇടതുമുന്നണി നേതാക്കള്‍ ആത്മപരിശോധന നടത്തണം. ആരാണ് ഈ ദുസ്ഥിതിയുടെ ഉത്തരവാദികള്‍? ജനാധിപത്യ നിഷേധങ്ങളുടെ ഈറ്റില്ലമാക്കി സര്‍വകലാശാല ക്യാമ്പസുകളെ ഇതിനകംതന്നെ തളര്‍ത്തിക്കഴിഞ്ഞത് ആരാണ്? മറ്റൊരു മഹാപാതകത്തിന് സംഘപരിവാര്‍ കളമൊരുക്കുകയാണെന്ന് നാം കാണണം. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ നിലവിലുള്ള സര്‍വകലാശാലകളിലെ ജനാധിപത്യ സമിതികളെ അപ്പാടെ ഉന്മൂലനം ചെയ്യാന്‍ ഒരുങ്ങുകയാണ് അവര്‍. ഉന്നത വിദ്യാഭ്യാസരംഗത്ത് കോര്‍പ്പറേറ്റ് ലക്ഷ്യങ്ങളും നൈപുണിവല്‍ക്കരണവും വര്‍ഗീയവല്‍ക്കരണവും നടപ്പാക്കാന്‍ സ്വതന്ത്രവും ജനാധിപത്യപരവുമായ ഘടനയും ഉള്ളടക്കവുമുള്ള സര്‍വകലാശാലകള്‍ തടസ്സമാണല്ലോ. അപ്പോള്‍ എസ്എഫ്‌ഐയുടെയും സിപിഎമ്മിന്റെയും സങ്കുചിത കക്ഷിരാഷ്ട്രീയ നടപടികള്‍ ആരെയാണ് യഥാര്‍ത്ഥത്തില്‍ സഹായിക്കുന്നത്?


സര്‍വ്വകലാശാലകളെ സ്വതന്ത്രമാക്കുക


സര്‍വ്വകലാശാലകളുടെ സാമ്പത്തിക ബാദ്ധ്യത പൂര്‍ണ്ണമായും സര്‍ക്കാര്‍ നിര്‍വ്വഹിക്കുക. അതോടൊപ്പം, അവയുടെ സ്വയം ഭരണാവകാശത്തെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുക. സര്‍ക്കാരിനും ചാന്‍സലര്‍ക്കും സെനറ്റിലേക്കും സിന്‍ഡിക്കേറ്റിലേക്കും പ്രതിനിധികളെ നിയോഗിക്കാമെന്ന വ്യവസ്ഥ ഉള്‍പ്പടെയുള്ളവ പുനഃപരിശോധിക്കപ്പെടണം. സങ്കുചിത കക്ഷിരാഷ്ട്രീയത്തിന്റെ മരണപ്പിടിയില്‍ നിന്നും സര്‍വകലാശാലകളെ സ്വതന്ത്രമാക്കുക എന്നതാണ് ഒന്നാമതായി ചെയ്യേണ്ടത്. സ്വതന്ത്രചിന്തയെയും വിജ്ഞാനവികാസത്തെയും അമര്‍ച്ചചെയ്യുന്ന എല്ലാ നടപടികളെയും എന്തുവില നല്‍കിയും ചെറുക്കാന്‍ പ്രതിജ്ഞ ചെയ്യണം.

Share this post

scroll to top