തൊഴിലില്ലായ്മ : വെടിയുണ്ടകളേറ്റുവാങ്ങി ബംഗ്ലാദേശില്‍ വിദ്യാര്‍ത്ഥികളുടെ വീറുറ്റ പോരാട്ടം

Bangladesh-1.jpg
Share

ബംഗ്ലാദേശില്‍ ഒരു ജനകീയ പ്രക്ഷോഭം കൊടുമ്പിരിക്കൊള്ളുകയാണ്. ഭരണവര്‍ഗ്ഗത്തെയും അതിന്റെ സേവകരായ ഭരണകക്ഷിയെയും അത് പിടിച്ചുലച്ചുകഴിഞ്ഞു. ദീര്‍ഘകാലമായി തുടരുന്ന അവാമി ലീഗ് ഭരണത്തിന്റെ ജനദ്രോഹ നയങ്ങള്‍കൊണ്ട് പൊറുതിമുട്ടിയ സാധാരണക്കാര്‍ ഒരു പൊട്ടിത്തെറിയുടെ വക്കിലായിരുന്നു. 1971ലെ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്‍കിയതിന്റെ ഖ്യാതി അവകാശപ്പെടുന്ന അവാമി ലീഗ്, ഷേഖ് ഹസീനയുടെ നേതൃത്വത്തില്‍, ജനാധിപത്യത്തിന്റെ മേലങ്കിയണിഞ്ഞ് പ്രതിഷേധ ശബ്ദങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തുകയായിരുന്നു. ജനരോഷം ഉച്ചസ്ഥായിയിലായതോടെ പ്രതിപക്ഷം മാത്രമല്ല ജനങ്ങളും കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. പാകിസ്ഥാനില്‍നിന്ന് വേര്‍പെട്ട് ഒരു സ്വതന്ത്ര പരമാധികാര ബൂര്‍ഷ്വാ രാഷ്ട്രമെന്ന നിലയില്‍ ബംഗ്ലാദേശ് രൂപംകൊണ്ടതിനുശേഷം 11 തിരഞ്ഞെടുപ്പുകള്‍ നടന്നിട്ടുണ്ട്. അതില്‍ താരതമ്യേന ”സ്വതന്ത്രവും നീതിപൂര്‍വ്വകവുമായി” നടന്നത് 4 എണ്ണം മാത്രമാണ്. മറ്റുള്ളവയൊക്കെ അക്രമവും പ്രതിഷേധങ്ങളും നിറഞ്ഞതും കൃത്രിമം ആരോപിക്കപ്പെട്ടവയുമായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പ് നിഷ്പക്ഷമായ ഒരു കെയര്‍ടേക്കര്‍ ഗവണ്മെന്റിനുകീഴില്‍ നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവാമി ലീഗ് അത് നിരസിക്കുകയും തിരഞ്ഞെടുപ്പ് സംവിധാനം മിക്കവാറും അവരുടെ നിയന്ത്രണത്തിലാക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതരായാണ് നല്ലൊരു പങ്ക് ആളുകള്‍ തിരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്നത്. 28 ശതമാനം പേര്‍ മാത്രമാണ് വോട്ടു ചെയ്തത്. അങ്ങനെ ജനുവരി 7ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഷേഖ് ഹസീനയും സംഘവും തുടര്‍ച്ചയായി നാലാം തവണയും അധികാരത്തിലെത്തി.
തിരഞ്ഞെടുപ്പ് ഫലം എല്ലാവരും പ്രതീക്ഷിച്ചതുതന്നെയായിരുന്നു. എന്നാല്‍ അനിഷ്ട സംഭവങ്ങളും പിഴവുകളും പല പ്രത്യാഘാതങ്ങളുമുണ്ടാക്കി. ഹസീനയുടെ ജനാധിപത്യ ധ്വംസനങ്ങളും സാമ്പത്തിക പ്രതിസന്ധികളും ഐഎംഎഫില്‍ നിന്ന് വമ്പന്‍ വായ്പയെടുക്കാനുള്ള നീക്കവുമൊക്കെ തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും അന്താരാഷ്ട്ര തലത്തില്‍തന്നെ വലിയ ചര്‍ച്ചയായി. ജനങ്ങളനുഭവിക്കുന്ന ദുരിതങ്ങളും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. 2014ലും 2018ലും ഹസീന നേടിയ വിജയം ഏകപക്ഷീയമായിരുന്നു. ഭരണക്ഷിയും ഗവണ്മെന്റും നിയമപരിപാലന സംവിധാനങ്ങളുമൊക്കെച്ചേര്‍ന്ന് അവര്‍ക്ക് വിജയം സമ്മാനിക്കുകയായിരുന്നു. 2024ലെ തിരഞ്ഞെടുപ്പ്, ഫലത്തില്‍ ബംഗ്ലാദേശിനെ ഒരു ഏകകക്ഷി ഭരണത്തിലെത്തിക്കുകയാണുണ്ടായത്. 2022ലും 23ലും നടന്ന സമാധാനപരമായ പ്രതിപക്ഷ സമരങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തുകയും ആയിരക്കണക്കിന് നേതാക്കളെ അറസ്റ്റുചെയ്യുകയുമുണ്ടായി. 1500ലേറെ പേര്‍ തടവിലായി. പ്രതിപക്ഷ പാര്‍ട്ടികളുടെ ഓഫീസുകള്‍ അടച്ചുപൂട്ടി. ഗവണ്മെന്റിനെതിരെ നിലകൊണ്ട 80ലേറെ മനുഷ്യാവകാശ പ്രവര്‍ത്തകരെയാണ് കാണാതായത്. ഇന്നും അവരെക്കുറിച്ച് ഒരു വിവരവുമില്ല.


ഇത്തരമൊരു പശ്ചാത്തലം നിലനില്‍ക്കെയാണ് തൊഴില്‍ സംവരണം സംബന്ധിച്ച കോടതിവിധി വരുന്നത്. ഈ വിവാദ വിധിയെ ചുറ്റിപ്പറ്റിയാണ് ഇപ്പോഴത്തെ പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുന്നത്. ബംഗ്ലാദേശില്‍ ഏതാണ്ട് 1 കോടി 80 ലക്ഷത്തോളം ചെറുപ്പക്കാര്‍ തൊഴില്‍രഹിതരാണ്. (ബിബിസി 24.07.24) ബിരുദധാരികളിലാണ് തൊഴിലില്ലായ്മ നിരക്ക് കൂടുതല്‍. 1971ല്‍ രാജ്യം സ്വതന്ത്രമായതോടെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവര്‍ക്ക് 30 ശതമാനം തൊഴില്‍ സംവരണം ഏര്‍പ്പെടുത്തിയത് സാഹചര്യം വഷളാക്കിയിരുന്നു. തുടര്‍ന്ന് അവരുടെ മക്കള്‍ക്കും ചെറുമക്കള്‍ക്കുമൊക്കെ ഈ ആനുകൂല്യം ലഭിക്കത്തക്ക വിധത്തില്‍ ഭേദഗതികള്‍ കൊണ്ടുവന്നു. അംഗപരിമിതര്‍, വംശീയ ന്യൂനപക്ഷങ്ങള്‍ എന്നിവര്‍കൂടി ഉള്‍പ്പെടുന്നതോടെ സംവരണം 56 ശതമാനമായി. സ്വാതന്ത്ര്യസമര സേനാനികളുടെ സംവരണം അനര്‍ഹമായ ആനുകൂല്യം നല്‍കലായിട്ടാണ് നല്ലൊരു പങ്ക് ആളുകളും കാണുന്നത്. തൊഴില്‍ നല്‍കേണ്ടത് മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്ന അഭിപ്രായമാണ് നേരായി ചിന്തിക്കുന്നവര്‍ക്കുള്ളത്. അവാമി ലീഗുകാര്‍ക്ക് ആനുകൂല്യം നല്‍കാനുള്ള ഒരു ഏര്‍പ്പാടായി ഇത് മാറി. സ്വാതന്ത്ര്യ സമരത്തില്‍ പൂര്‍വ്വികര്‍ പങ്കെടുത്തതിന്റെ പേരില്‍ പിന്‍ഗാമികള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നത് വിചിത്രമായ ഏര്‍പ്പാടുതന്നെ. രാജഭരണത്തില്‍ അനന്തരാവകാശിക്ക് അധികാരം കൈമാറുന്നതുപോലെയാണിത്. ”അവാമി പാര്‍ട്ടിയെ പിന്തുണക്കുന്നവര്‍ക്ക് തൊഴില്‍ നല്‍കി ഭരണസംവിധാനത്തില്‍ സ്വാധീനമുറപ്പിക്കാനുള്ളതാണ് ഈ ക്വാട്ട സമ്പ്രദായം” എന്ന നിരീക്ഷണം ശരിയാണ്.
2018ല്‍ നടന്ന സമാനമായ പ്രക്ഷോഭത്തിലൂടെ ക്വാട്ട സമ്പദായം അവസാനിപ്പിക്കാന്‍ കഴിഞ്ഞതാണ്. എന്നാല്‍ അത് ഭരണഘടനയ്ക്ക് നിരക്കുന്നതല്ലെന്നും സംവരണം പുനഃസ്ഥാപിക്കണമെന്നുമാണ് കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഹൈക്കോടതി വിധിച്ചത്. ഇത് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിച്ചു. ജനരോഷം ആളിക്കത്തി. വിദ്യാര്‍ത്ഥികളും യുവാക്കളുമൊക്കെ പ്രതിഷേധമാരംഭിച്ചു. ജൂലൈ ആദ്യം ചെറിയ തോതില്‍ തുടങ്ങിയ സമരം ക്രമേണ കരുത്താര്‍ജ്ജിച്ചു. അവാമി ലീഗിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ ബംഗ്ലാദേശ് ഛാത്ര ലീഗ് (ബിസിഎല്‍) പ്രകോപനം സൃഷ്ടിച്ചപ്പോള്‍ ചില അക്രമസംഭവങ്ങളുമുണ്ടായി. 1971ലെ സ്വാതന്ത്ര്യ സമരത്തെ അട്ടിമറിക്കാന്‍ പാകിസ്ഥാന്റെ പക്ഷം ചേര്‍ന്നവരോട് സമരക്കാരെ ഷേഖ് ഹസീന ഉപമിച്ചത് വളരെ പ്രകോപനപരമായി. സമരം വീറും ദൃഢതയും കൈവരിച്ചു. വിദ്യാര്‍ത്ഥികളൊന്നടങ്കം തെരുവിലിറങ്ങി. അവര്‍ തലസ്ഥാനമായ ഡാക്കയിലും മറ്റു നഗരങ്ങളിലും തമ്പടിച്ചു, കീഴടങ്ങാന്‍ തയ്യാറല്ല എന്ന് പ്രഖ്യാപിച്ചു. സമരം അക്രമാസക്തമായതോടെ ജൂലൈ 18ന് ഗവണ്മെന്റ് ഇന്റര്‍നെറ്റും മൊബൈല്‍ നെറ്റ്‌വര്‍ക്കുമൊക്കെ അടച്ചുപൂട്ടി. നിശാനിയമം പ്രഖ്യാപിക്കുകയും പട്ടാളത്തെ ഇറക്കുകയും ചെയ്തു. ഒരാഴ്ച ഈ സ്ഥിതി തുടര്‍ന്നു. വിദ്യാര്‍ത്ഥി ഹോസ്റ്റലുകള്‍ അടച്ചു. ‘കണ്ടാലുടന്‍ വെടിവയ്ക്കാന്‍’ ഉത്തരവിറക്കി. പൗരാവകാശങ്ങളും ജനാധിപത്യ മര്യാദകളുമൊക്കെ കാറ്റില്‍ പറത്തി ഗവണ്മെന്റ് ക്രൂരമായ അടിച്ചമര്‍ത്തല്‍ തുടര്‍ന്നു. ഒരു ഒമ്പതാം ക്ലാസുകാരനാണ് വെടിവയ്പില്‍ ആദ്യം കൊല്ലപ്പെടുന്നത്. ഹെലികോപ്ടറില്‍ നിന്നുപോലും വെടിവയ്പുണ്ടായി.
ബീഗം റുക്കയ യൂണിവേഴ്‌സിറ്റിയിലെ മിടുക്കനായ വിദ്യാര്‍ത്ഥിയായിരുന്നു അബു സയ്ദ്. സിവില്‍ സര്‍വീസ് ബിരുദം ലക്ഷ്യം വച്ച് പഠിച്ചിരുന്ന അയാള്‍ പോലീസിനുമുന്നില്‍ നെഞ്ച് വിരിച്ചുനിന്നു. നിമിഷങ്ങള്‍ക്കകം അയാളുടെ ശരീരത്തില്‍ ബുള്ളറ്റുകള്‍ തുളച്ചുകയറി. ഈ അരുംകൊല വലിയ പ്രതിഷേധത്തിന് തിരികൊളുത്തി. ഉജ്ജ്വലമായ വിദ്യാര്‍ത്ഥിപ്രക്ഷോഭത്തിലെ ധീരനായ രക്തസാക്ഷിയായി അബു സയ്ദ്. ഇതിനകം 300പേര്‍ കൊല്ലപ്പെട്ടു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രിയിലെത്തുന്നവരില്‍ വെടിയുണ്ടയേറ്റവരെക്കൂടാതെ മൂര്‍ച്ചയുള്ള ആയുധങ്ങള്‍കൊണ്ട് മുറിവേറ്റവരുമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അനേകം പേര്‍ ഇതിനകം ജയിലിലടയ്ക്കപ്പെട്ടു കഴിഞ്ഞു.
ബിരുദധാരികള്‍ക്കുപോലും തൊഴില്‍ ലഭിക്കാത്തതും സര്‍ക്കാര്‍തലത്തിലെ അഴിമതിയും സംവരണവിരുദ്ധ പ്രക്ഷോഭത്തിന് ആക്കംകൂട്ടി. സാമ്പത്തികവും രാഷ്ട്രീയവുമായ അസംതൃപ്തി മഞ്ഞുമലയുടെ അറ്റംപോലെ പ്രത്യക്ഷപ്പെട്ടതായിരുന്നു യഥാര്‍ത്ഥത്തില്‍ സംവരണവിരുദ്ധ സമരം.


സമരത്തിന്റെ സമ്മര്‍ദ്ദംമൂലം സംഘാടകരുമായി ചര്‍ച്ച നടത്താന്‍ ഗവണ്മെന്റ് നിര്‍ബന്ധിതമായി. കോടതിവിധിയിന്മേലുള്ള അപ്പീല്‍ കേള്‍ക്കുന്നത് ആഗസ്റ്റ് 7ല്‍ നിന്ന് ജൂലൈ 21ലേക്ക് മാറ്റിയത് പ്രശ്‌നം പരിഹരിക്കാനുള്ള സര്‍ക്കാരിന്റെ താല്പര്യം പ്രകടമാക്കുന്നതായിരുന്നു. 21ന് കോടതി ജനാഭിപ്രായം മാനിച്ച് വിധി തിരുത്തുകയും ചെയ്തു. 93 ശതമാനം നിയമനങ്ങളും മെറിറ്റ് അടിസ്ഥാനത്തിലാക്കി. സ്വാതന്ത്ര്യസമര സേനാനികളുടെ സംവരണം 5 ശതമാനമാക്കി കുറച്ചു. ശേഷിക്കുന്ന 2 ശതമാനം വംശീയ ന്യൂനപക്ഷങ്ങള്‍ക്കും അംഗപരിമിതര്‍ക്കുമായി മാറ്റിവച്ചു. സമരത്തില്‍ നടന്ന വെടിവയ്പിനെക്കുറിച്ചുംമറ്റും അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിക്കുമെന്നും ഹസീന ഗവണ്മെന്റ് പ്രഖ്യാപിച്ചു. എന്നാല്‍ സമരക്കാര്‍ പുതിയ ഡിമാന്റുകള്‍കൂടി മുന്നോട്ടുവച്ചു. ജയിലിലുള്ള സമരക്കാരെ വിട്ടയയ്ക്കുക, കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യുക, ചില മന്ത്രിമാര്‍ രാജിവയ്ക്കുക, ക്രൂരമായ കൊലപാതകങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുത്ത് പ്രധാനമന്ത്രി പരസ്യമായി ജനങ്ങളോട് മാപ്പുപറയുക തുടങ്ങിയവയായിരുന്നു അവ. ഡാക്ക, ജഹാംഗീര്‍ നഗര്‍, രാജ്‌സാഹി യൂണിവേഴ്‌സിറ്റികളിലെ വൈസ് ചാന്‍സലര്‍മാരും പ്രോക്ടര്‍മാരും രാജിവയ്ക്കണമെന്നും ബംഗ്ലാദേശ് ഛാത്ര ലീഗ് ഗുണ്ടകള്‍ സര്‍ക്കാര്‍ ഒത്താശയോടെ മാരകായുധങ്ങളുമായി സമരക്കാരെ ആക്രമിച്ച സ്ഥലങ്ങളില്‍ അവരെ നിരോധിക്കണമെന്നും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും കൊല്ലപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും സമരക്കാര്‍ ആവശ്യമുന്നയിച്ചു. ലെഫ്റ്റ് അലയന്‍സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കോ-ഓര്‍ഡിനേറ്റര്‍ മസൂദ് റാണ പ്രധാനമന്ത്രി ഹസീന രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
2018ല്‍ നടന്ന സംവരണവിരുദ്ധ പ്രക്ഷോഭം പ്രശ്‌നപരിഹാരത്തിന് വഴിയൊരുക്കിയിരുന്നെങ്കിലും ഇപ്പോഴത്തെ സമരവുമായി അതിനെ താരതമ്യം ചെയ്യാനാകില്ല. അന്നും സമരത്തില്‍ വലിയ ജനപങ്കാളിത്തമുണ്ടായിരുന്നു. സമരക്കാരെ വഞ്ചകരായി ചിത്രീകരിച്ചുകൊണ്ട് ഗവണ്മെന്റ് സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ നിരന്തരസമരത്തിനൊടുവില്‍ ക്വാട്ട സമ്പ്രദായം പിന്‍വലിച്ചതോടെ സമരം അവസാനിച്ചു. എന്നാല്‍ ഇപ്പോഴത്തെ സമരത്തിന് പല പ്രധാന വ്യത്യാസങ്ങളുമുണ്ട്. 2018 തിരഞ്ഞെടുപ്പ് വര്‍ഷമായിരുന്നു. പ്രതിപക്ഷം അതില്‍ പങ്കെടുത്തു. സാമ്പത്തിക സ്ഥിതിയാകട്ടെ ഇന്നത്തേക്കാള്‍ ഭേദവും. എന്നാല്‍ ഇന്നത്തേത് പ്രതിപക്ഷം തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് ആറ് മാസം കഴിഞ്ഞ് നടക്കുന്ന സമരമാണ്. സാമ്പത്തിക സ്ഥിതിയാകട്ടെ മോശവും. ജനങ്ങള്‍ രോഷാകുലരാണ്. വിദ്യാര്‍ത്ഥികളും യുവാക്കളും കൂടുതല്‍ രാഷ്ട്രീയ പ്രബുദ്ധത കൈവരിച്ചിട്ടുണ്ട്. ഇതെല്ലാം ശക്തമായ സമരത്തിന്റെ സാദ്ധ്യതയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇപ്പോഴത്തെ കോടതി വിധി മുന്‍വിധിയോ ടെയുള്ളതും ഗവണ്മെന്റിന്റെ താല്പര്യം പേറുന്നതുമാണെന്ന ശക്തമായ വിമര്‍ശനം സമരക്കാര്‍ മുന്നോട്ടുവച്ചിട്ടുണ്ട്.
ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് എഐഡിഎസ്ഒയും മറ്റുചില ഇടതു വിദ്യാര്‍ത്ഥി സംഘടനകളും (എസ്എഫ്‌ഐ ഒഴികെ) പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. കല്‍ക്കത്തയിലെ ബംഗ്ലാദേശ് ഹൈകമ്മീഷണര്‍ ഓഫീസിനുമുന്നില്‍ നടന്ന പ്രതിഷേധ പരിപാടിക്കുനേരെ പോലീസ് അതിക്രമം ഉണ്ടായി. എഐഡിഎസ്ഒ കല്‍ക്കത്ത ജില്ലാസെക്രട്ടറിയടക്കം പല വിദ്യാര്‍ത്ഥി നേതാക്കളും അറസ്റ്റ് ചെയ്യപ്പെട്ടു. ദക്ഷിണ പൂര്‍വ്വേഷ്യയിലെ പല വിദ്യാര്‍ത്ഥി സംഘടനകളും ചേര്‍ന്ന് ബംഗ്ലാദേശ് പ്രക്ഷോഭത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ഒരു സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. ബംഗ്ലാദേശിലെ പ്രക്ഷോഭത്തെ ഇന്ത്യാവിരുദ്ധമെന്ന് ആര്‍എസ്എസ്-ബിജെപി മുദ്ര കുത്തുന്നുണ്ടെ ങ്കിലും അത് അടിസ്ഥാനരഹിതമാണ്.


എല്ലാ ഭീഷണികളെയും അതിജീവിച്ചുകൊണ്ട് ജനങ്ങള്‍ സംഘടിത പ്രക്ഷോഭത്തിന് തയ്യാറായാല്‍ ഒരു ഏകാധിപത്യ ഭരണത്തിനും അതിനെ അടിച്ചമര്‍ത്താനാവില്ലെന്ന് തെളിയിക്കുകയാണ് ബംഗ്ലാദേശിലെ ഉജ്ജ്വലവും വീറുറ്റതുമായ വിദ്യാര്‍ത്ഥി പ്രക്ഷോഭം. ഇവിടെ ഒരു കാര്യം എടുത്തുപറയേണ്ടതുണ്ട്. പെട്ടെന്നുണ്ടാകുന്ന ജനരോഷമാകട്ടെ, കുറച്ചുകാലം നീണ്ടുനില്‍ക്കുന്ന പ്രക്ഷോഭമാകട്ടെ, അതിനെ നയിക്കാനും വഴികാട്ടാനും ഒരു യഥാര്‍ത്ഥ വിപ്ലവ നേതൃത്വം ഇല്ലെങ്കില്‍, അതിന് ലക്ഷ്യം നേടാനാകില്ല. ലോകത്തെയാകെ പ്രചോദിപ്പിച്ച ബംഗ്ലാദേശിലെ ധീരോദാത്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭവും ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളേണ്ടതുണ്ട്. ഈ യുഗത്തിലെ സമുന്നത മാര്‍ക്‌സിറ്റ് ദാര്‍ശനികനും എസ്‌യുസിഐ(സി) യുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയുമായ സഖാവ് ശിബ്‌ദാസ് ഘോഷിന്റെ ഒരു നിരീക്ഷണം ഈ സന്ദര്‍ഭത്തില്‍ ഓര്‍മിപ്പിക്കട്ടെ: ”തൊഴിലാളികളുടെയും കര്‍ഷകരുടെയും മറ്റു ചൂഷിത ജനവിഭാഗങ്ങളുടെയും അസംതൃപ്തിയില്‍നിന്ന് വിപ്ലവമുന്നേറ്റം അലയടിച്ചുയരും. സമൂഹത്തിലെ വൈരുദ്ധ്യത്തിന് ആഴം വയ്ക്കുകയും അത് മൂർച്ഛിക്കുകയും ചെയ്യുന്നതോടെ വ്യവസ്ഥിതിയുടെ സമൂല പരിവര്‍ത്തനം ഒരാവശ്യകതയായി ഉയര്‍ന്നുവരും. വിപ്ലവം അനിവാര്യമാണെന്ന് അത് നമ്മുടെ മനസാക്ഷിയെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കും, മാനവികതയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കും. എന്നാല്‍ വിപ്ലവം വരില്ല. വിപ്ലവ വേലിയേറ്റം പിന്‍വാങ്ങിക്കൊണ്ടിരിക്കും. വിപ്ലവമുന്നേറ്റങ്ങള്‍ വഴിതെറ്റും. പ്രതിലോമത്വം വീണ്ടുംവീണ്ടും ആധിപത്യം ചെലുത്തും. വിപ്ലവം നയിക്കാന്‍ പ്രാപ്തമായ ഒരു വിപ്ലവ പാര്‍ട്ടി ഉയര്‍ന്നുവരുന്നതുവരെ വിപ്ലവത്തിന്റെ സൂര്യോദയം നമുക്ക് ദര്‍ശിക്കാനാവില്ല.” (തിരഞ്ഞെടുത്ത കൃതികള്‍, വോള്യം 3) ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും ചങ്കൂറ്റവും നിശ്ചയദാര്‍ഢ്യവും ധീരതയും രക്തച്ചൊരിച്ചിലും ജീവത്യാഗവുമൊന്നും വൃഥാവിലാകില്ലെന്നും ശരിയായ പാതയിലൂടെ മുന്നേറാന്‍ അതവര്‍ക്ക് പ്രചോദനമാകുമെന്നും നമുക്ക് പ്രത്യാശിക്കാം. ഈ പ്രതീക്ഷയോടെ അവര്‍ക്ക് വിപ്ലവാഭിവാദ്യങ്ങളര്‍പ്പിക്കാം.

Share this post

scroll to top