തൊഴിൽ സമയം വർദ്ധിപ്പിച്ച് നിർദ്ദയമായ ചൂഷണത്തിന് വഴിയൊരുക്കുന്നു

ey-response.jpg
Share

മുതലാളിത്തവ്യവസ്ഥിതി തൊഴിലാളികളുടെമേൽ നടത്തിക്കൊണ്ടിരിക്കുന്നത് കിരാതമായ ചൂഷണമാണ്. ഇതിനെ പ്രതിരോധിക്കാൻ, പരിഷ്കൃത മനുഷ്യനുചേർന്ന ആരോഗ്യകരമായ തൊഴിൽസമയത്തെക്കുറിച്ചുള്ള ധാരണ ആർജ്ജിക്കേണ്ടതുണ്ട്. അദ്ധ്വാനിക്കുന്നവന്റെ പക്ഷത്തുനിന്ന് ചിന്തിക്കുകയും തൊഴിലാളികളുടെ ആത്യന്തികമോചനം കാംക്ഷിക്കുകയും ചെയ്യുന്ന ഏതൊരാളുടെയും ചുമതലയാണത്..

മനുഷ്യസമൂഹത്തിന്റെ നിലനിൽപ്പിന്റെ അടിസ്ഥാനം ഭൗതിക ഉൽപാദനമാണ്. മനുഷ്യരാശിക്കാകമാനം അവകാശപ്പെട്ട, പ്രകൃതിയിൽനിന്ന് ലഭ്യമാകുന്ന വസ്തുക്കളിന്മേൽ മനുഷ്യാദ്ധ്വാനം ചെലുത്തുമ്പോഴാണ് ഉൽപ്പന്നം അഥവാ സമ്പത്ത് സൃഷ്ടിക്കപ്പെടുന്നത്. ഉൽപാദനത്തിന് ആവശ്യമായ ഉപകരണങ്ങൾ നിർമ്മിക്കുന്നതും ഇപ്രകാരംതന്നെയാണ്. അതായത്, മനുഷ്യാദ്ധ്വാനം പ്രയോഗിക്കാതിരുന്നാൽ സമ്പത്ത് സൃഷ്ടിക്കാനാവില്ല. മുതലാളിത്ത വ്യവസ്ഥിതിയിൽ തൊഴിലാളി ഉത്പാദിപ്പിക്കുന്ന സമ്പത്തിൽ അവന് യാതൊരവകാശവുമില്ല, അത് മുതലാളിയുടേതാണ്. ഒരുവൻ മുതലാളിയാകുന്നത് ഉത്പാദനോപാധികളുടെമേൽ വ്യക്തിഗതമായ ഉടമസ്ഥത സ്ഥാപിക്കുന്നതോടെ യാണ്. ഈ ഉത്പാദനോപാധികൾ സൃഷ്ടിച്ചതും തൊഴിലാളികൾതന്നെ. എങ്കിലും അവ സ്വന്തമാക്കാൻ ശേഷിയില്ലാത്തതിനാൽ തൊഴിലാളി, ആകെ കൈമുതലായുള്ള അധ്വാനശേഷി മുതലാളിക്കു വിറ്റ് ജീവസന്ധാരണം നടത്താൻ നിർബന്ധിതമാകുന്നു. എന്നാൽ മുതലാളി ഓരോ ദിവസവും നിശ്ചിതസമയത്തേയ്ക്ക് തൊഴിലാളിയുടെ അദ്ധ്വാനത്തെ ആകെയാണ് വാങ്ങുന്നത്. ഈ സമയത്തേയ്ക്ക് തൊഴിലാളിക്ക് നൽകേണ്ടുന്ന കൂലിക്ക് തുല്യമായ മൂല്യം ഉല്പാദിപ്പിക്കാൻ തൊഴിൽ സമയത്തിന്റെ ചെറിയൊരു ഭാഗം മാത്രം മതിയാവും. ബാക്കിയുള്ള സമയത്തിനുള്ളിൽ തൊഴിലാളി സൃഷ്ടിക്കുന്ന മിച്ചമൂല്യം മുതലാളിയുടെ ലാഭമാണ്. അതാണ് മൂലധനമായി മാറുന്നത്. ഇതിനെയാണ് മുതലാളിത്ത ചൂഷണം എന്നുപറയുന്നത്.


മിച്ചമൂല്യത്തിന്റെ നിരക്ക് വർദ്ധിപ്പിക്കാനുള്ള മുതലാളിയുടെ ത്വര തൊഴിൽ സമയം പരമാവധി നീട്ടിയെടുക്കാൻ പ്രേരിപ്പിക്കുന്നു. അങ്ങനെ നീട്ടാൻ പറ്റുന്നത് ഒരു ദിവസത്തേക്ക് പരമാവധി 24 മണിക്കൂറാണ്. പക്ഷേ അത് സാദ്ധ്യമല്ലല്ലോ. കാരണം ഓരോ ദിവസത്തെയും ഒരു ഭാഗം സമയം അടുത്തദിവസം വീണ്ടും അദ്ധ്വാനത്തിൽ ഏർപ്പെടാനായി തൊഴിലാളിയുടെ ആരോഗ്യം വീണ്ടെടുക്കാനും വിശ്രമിക്കാനും ഉറങ്ങാനും ഭക്ഷണം കഴിക്കാനും വേണം. ശരീരത്തിന്റെ ഈ ആവശ്യങ്ങൾ കൂടാതെ മനുഷ്യന് അവന്റെ സാമൂഹികവും സാംസ്കാരികവുമായ ആവശ്യങ്ങളും നിർവഹിക്കാൻ സമയമാവശ്യമുണ്ട്.
ഒരു സാമ്പത്തിക വ്യവസ്ഥിതിയെന്ന നിലയിൽ മുതലാളിത്തത്തിന്റെ ലക്ഷ്യം പരമാവധി ലാഭം എന്നതുമാത്രമാണ്. ലാഭം (മിച്ചമൂല്യം) സൃഷ്ടിക്കാനുള്ള ഒടുങ്ങാത്ത ആർത്തികാരണം തൊഴിൽ സമയം നിശ്ചയിക്കുമ്പോൾ ശാരീരിക ആവശ്യകതകൾപോലും മുതലാളിത്തം പരിഗണിക്കാറില്ല; പിന്നല്ലേ, സാമൂഹിക സാംസ്കാരിക ആവശ്യകതകൾ നിർവഹിക്കാനുള്ള സമയത്തിന്റെ കാര്യം. തൊഴിലാളിയുടെ ആരോഗ്യത്തിന്റെയും ആയുസ്സിന്റെയും കാര്യത്തിൽ ദയാരഹിതമായാണ് മുതലാളിത്തം പെരുമാറുന്നത്. അത്യാർത്തി പൂണ്ട് തൊഴിലാളികളുടെ അദ്ധ്വാനശക്തി നിഷ്ഠുരം ചൂഷണം ചെയ്യുന്നതു കാരണം തൊഴിലാളികളുടെ ആയുസ്സ് കുറയുന്നു. മരണനിരക്ക് കൂടുന്നു.
അടിമത്തവ്യവസ്ഥിതിയിൽ അടിമയുടെ അദ്ധ്വാനത്തിന്റെ മാത്രമല്ല, അടിമയുടെ ആകമാന ഉടമസ്ഥത ഉടമയ്ക്കായിരുന്നു. അടിമകൾ ഉടമയുടെ മൂലധനമാണ്. അമിതമായി പണിയെടുപ്പിച്ച് അടിമ മരിച്ചുപോയാൽ ഉടമയ്ക്ക് നഷ്ടമാണ്. അതിനാൽ കുറച്ചൊക്കെ വിശ്രമം അനുവദിക്കുമായിരുന്നു. പക്ഷേ, പിൽക്കാലത്ത് ആഫ്രിക്കയിൽനിന്നുംമറ്റും അടിമകളുടെ ലഭ്യത വർദ്ധിച്ചതോടുകൂടി അടിമകളുടെ ആ ആനുകൂല്യം എടുത്തുകളയപ്പെട്ടു. അമേരിക്കയിലെ അടിമപ്പണിക്കാർ പണിയെടുത്ത് അകാലമരണത്തിലൂടെ തോട്ടങ്ങളിലെ വളമായി മാറി. ഒരു അടിമയുടെ തൊഴിൽശേഷിയുടെ പരമാവധി ഊറ്റിയെടുത്തതിനുശേഷം എത്രയും വേഗം മരണത്തിലേക്ക് തള്ളിവിടുന്നതും ലാഭമായി മാറി.


സമാനമായ അവസ്ഥയാണ് മുതലാളിത്തത്തിലും നടക്കുന്നത്. മുതലാളിത്തം പരമ്പരാഗത തൊഴിൽമേഖലകളെയാകെ നശിപ്പിച്ചതോടെ തൊഴിൽ തേടുന്നവരുടെ എണ്ണം വൻതോതിൽ വർദ്ധിച്ചതും യന്ത്രവൽകൃത ഉൽപാദനത്തിന്റെ വളർച്ചയും തൊഴിലില്ലാത്തവരുടെ സംഖ്യ ഭീമമായി വർദ്ധിപ്പിച്ചു. അതോടെ, തൊഴിലാളിക്കുമേലുള്ള ചൂഷണം രൂക്ഷമായി. തൊഴിൽസമയം എത്രവേണമെങ്കിലും നീട്ടാമെന്നുവന്നു. പട്ടിണികിടന്ന് മരിക്കുന്നതൊഴിവാക്കാനായി തൊഴിലാളികൾ മുതലാളിത്തത്തിന് അടിമപ്പെടാൻ തയ്യാറായി. എന്നുവച്ചാൽ അടിമത്ത കാലത്തെപ്പോലെ തൊഴിലാളികൾ പണിയെടുത്ത് ചത്തൊടുങ്ങിയാലും മുതലാളിക്ക് തൊഴിലാളികളുടെ കുറവ് അനുഭവപ്പെടില്ല എന്നതിനാൽ തൊഴിൽ സമയം എത്ര വേണമെങ്കിലും നീട്ടാമെന്ന സ്ഥിതിയായി.
മാനുഷിക പരിഗണനകൾ വെടിഞ്ഞ്, തൊഴിൽ സമയം കൂട്ടിക്കൊണ്ടേയിരുന്നതിൽ കുറവുവരുത്താൻ തുടങ്ങിയത് തൊഴിലാളികളുടെ പ്രതിഷേധം വർദ്ധിച്ചതോടെയാണ്. അതിനായി ലോകമാകെയുള്ള പോരാട്ടവീഥിയിൽ ജീവൻ നൽകിയത് അസംഖ്യം തൊഴിലാളികളാണ്. എട്ടുമണിക്കൂർ തൊഴിൽ എന്ന ന്യായമായ ആവശ്യം ആദ്യമായി മുഴങ്ങിയത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ്. 1866ൽ അമേരിക്കൻ ലേബർ കോൺഗ്രസും മാർക്സിന്റെ മാർഗനിർദ്ദേശത്തോടെ ഒന്നാം ഇന്റർനാഷനലും ആ മുദ്രാവാക്യ മുയർത്തി. എട്ടുമണിക്കൂർ തൊഴിൽ സമയത്തിനുവേണ്ടിയുള്ള സമരം ലോകമെങ്ങുമുള്ള തൊഴിലാളികളുടെ സാമ്പത്തിക സമരത്തിന്റെ മാത്രമല്ല, രാഷ്ട്രീയ സമരത്തിന്റെയും അവിഭാജ്യ ഘടകമായി മാറി.
എട്ടു മണിക്കൂർ തൊഴിൽ സമയമെന്നത് ശാസ്ത്രീയമായ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ നിശ്ചയിക്കപ്പെട്ട മാനദണ്ഡമാണ്. ശാരീരികവും മാനസികവുമായ പ്രവർത്തനത്തിന്റെ ആരോഗ്യകരമായ പരിധിയാണത്. അതിലപ്പുറം പോയാലുള്ള ശാരീരിക അവശതകൾ അസുഖങ്ങൾക്കും അപകടങ്ങൾക്കും കാരണമാകും. ഒരുവന്റെ തൊഴിലും സ്വകാര്യജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതിൽ ഇടവേളകൾക്കും വിശ്രമത്തിനും മാനസികമായ ഉല്ലാസത്തിനും വലിയപങ്കുണ്ട്.


1886ലെ ഐതിഹാസികമായ മെയ്ദിന പോരാട്ടവും തൊഴിലാളികളുടെ രക്തസാക്ഷിത്വവും ലോകമെങ്ങും തൊഴിലാളികളെ തട്ടിയുണർത്തി. 1889ൽ പാരീസിൽ നടന്ന സാർവദേശീയ സോഷ്യലിസ്റ്റ് കോൺഫറൻസ് മെയ് ഒന്ന് സർവ്വദേശീയ തൊഴിലാളി ദിനമായി പ്രഖ്യാപിച്ചു. 1917ൽ ലോകത്ത് ആദ്യമായി റഷ്യയിലെ തൊഴിലാളികൾ മുതലാളിത്ത ഭരണകൂടത്തെ നിഷ്കാസനംചെയ്ത് സ്വന്തം ഭരണകൂടം സ്ഥാപിച്ചു. അതോടെ തൊഴിൽ സമയം ദീർഘിപ്പിച്ചുകൊണ്ടു നടത്തുന്ന തൊഴിൽചൂഷണം റഷ്യയിൽ അവസാനിപ്പിച്ചു. സോഷ്യലിസ്റ്റ് പുനർനിർമാണത്തിന്റെ പുരോഗതിയോടെ തൊഴിൽ സമയം വീണ്ടും കുറച്ചു. 1927ൽ 6 മണിക്കൂറും ആകെ 104 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയും ഏർപ്പെടുത്തി. 1929ൽ ആഴ്ചയിൽ അഞ്ചു തൊഴിൽ ദിവസങ്ങൾ എന്ന് നിജപ്പെടുത്തി.
സോവിയറ്റ് യൂണിയനിൽ തൊഴിലാളികളുടെ ജീവിതത്തിൽ വന്ന ഈ പുരോഗതി ലോകമെങ്ങുമുള്ള തൊഴിലാളി മുന്നേറ്റങ്ങൾക്ക് ആക്കംകൂട്ടി. മുതലാളിത്ത സർക്കാരുകൾ വിറകൊള്ളുന്ന സ്ഥിതിയായി. അതിന്റെ സമ്മർദ്ദം തൊഴിൽ സമയത്തിന്റെ കാര്യത്തിലും പ്രതിഫലനങ്ങളുണ്ടാക്കി. 1919ൽ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ(ഐഎൽഒ)സ്ഥാപിക്കപ്പെട്ടു. അതിന്റെ ആദ്യത്തെ കൺവൻഷൻ 8 മണിക്കൂർ തൊഴിൽ സമയത്തെപ്പറ്റിയായിരുന്നു. 8 മണിക്കൂർ പ്രതിദിനം, 48 മണിക്കൂർ പ്രതിവാരം, ആഴ്ചയിൽ ഒരു ദിവസം വിശ്രമം, ക്രമേണ പ്രതിവാരം 40 മണിക്കൂറിൽ എത്തുക എന്നതായിരുന്നു കൺവൻഷന്റെ പ്രഖ്യാപനം. ഈ കൺവൻഷൻ ഇന്ത്യ അംഗീകരിക്കുകയും 1948 ലെ ഫാക്ടറി ആക്ടിൽ ആ വ്യവസ്ഥ ഉൾപ്പെടുത്തുകയും ചെയ്തു. അധികസമയം തൊഴിലെടുക്കേണ്ടിവന്നാൽ ഇരട്ടി ശമ്പളവും വ്യവസ്ഥ ചെയ്തിരുന്നു.
പരിഷ്കൃതമായ തൊഴിൽസമയം നിജപ്പെടുത്താനായത് നൂറ്റാണ്ടുകളായി തൊഴിലാളികൾ മുതലാളിമാർക്കെതിരെ നടത്തിയിട്ടുള്ള വർഗ്ഗസമരത്തിലൂടെയാണ്. എന്നതിനാൽ തന്നെ, തൊഴിലാളികളുടെ പോരാട്ടവീര്യത്തിലും നിതാന്ത ജാഗ്രതയിലും വരുത്തുന്ന വീഴ്ച മനസിലായാൽ തൊഴിൽസമയം വീണ്ടും വർദ്ധിപ്പിച്ചെടുക്കാനായി മുതലാളിമാർ ആക്രമണസജ്ജരാകും. അതാണ് കഴിഞ്ഞ അരനൂറ്റാണ്ടായി നമ്മൾ കണ്ടുവരുന്നത്. ലോക തൊഴിലാളിവർഗ്ഗത്തിന്റെ കാവൽദുർഗ്ഗം എന്നവണ്ണം നിലകൊണ്ട സോവിയറ്റ് യൂണിയനിലെ തൊഴിലാളിവർഗ്ഗ ഭരണകൂടം തിരുത്തൽവാദത്തിന്റെ പിടിയിലകപ്പെട്ടതിനെത്തുടർന്ന് സോഷ്യലിസ്റ്റ് ചേരി തന്നെ തകർന്നു, പത്തി താഴ്ത്തിയിരുന്ന മൂലധനശക്തികളുടെ ക്രൗര്യം വീണ്ടുമുണർന്നു. തൊഴിലാളിവർഗ്ഗത്തിന്റെ ആത്യന്തികമോചനത്തിന്റെ ലക്ഷ്യങ്ങളോടെയുള്ള മാർക്സിസ്റ്റ് ആശയങ്ങളാൽ നയിക്കപ്പെട്ട തൊഴിലാളി പ്രസ്ഥാനങ്ങൾ തിരുത്തൽവാദത്തിന്റെ പിടിയിൽപ്പെട്ട് തൊഴിലാളികളെ വഞ്ചിച്ച് മുതലാളിത്ത പാളയങ്ങളിൽ ചേക്കേറിയതു കാരണം, തൊഴിലാളികളുടെ സംഘടിത വിലപേശൽശക്തിക്ക് ക്ഷതംസംഭവിച്ചു. അതോടെ നിരായുധരാക്കപ്പെട്ട തൊഴിലാളികൾക്കുമേൽ മൂലധനശക്തികൾ കിരാതമായ ആക്രമണങ്ങൾ അഴിച്ചുവിട്ടു. സോവിയറ്റ് മാതൃകയിൽ ആവിഷ്കരിച്ചതും തൊഴിലാളികൾക്ക് അനുകൂലമായി കൊണ്ടുവന്നതുമായ എല്ലാ നിയമസുരക്ഷകളിൽനിന്നും മുതലാളിത്ത ഭരണകൂടങ്ങൾ പിന്നാക്കംപോയി.


തൊഴിൽ തേടി ഫാക്ടറി വാതിൽക്കൽ കാത്തുനിൽക്കുന്ന തൊഴിലില്ലാപ്പട പ്രത്യഭിമുഖം നിൽക്കുമ്പോൾ പിരിച്ചുവിടപ്പെടുമെന്ന ഭീഷണിയിൽ തൊഴിലാളികൾ ഏതൊരു നികൃഷ്ടവ്യവസ്ഥയ്ക്കും വഴങ്ങേണ്ടിവരുന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടു. ആഗോളവൽക്കരണ-ഉദാരവൽക്കരണ-സ്വകാര്യവൽക്കരണ കാലഘട്ടത്തിൽ തൊഴിലാളികൾക്ക് അനുകൂലമായിരുന്ന എല്ലാ പരിഷ്കൃതനിയമങ്ങളും പിൻവലിക്കപ്പെട്ടു. അത്തരത്തിൽ എന്തെങ്കിലും നിയമങ്ങൾ നിലവിലുണ്ടെങ്കിൽത്തന്നെ അത് നടപ്പിലാക്കപ്പെടില്ല എന്നത് ഭരണകൂടം ഉറപ്പുവരുത്തുന്നു. എൻഫോഴ്സ്മെന്റ് സംവിധാനങ്ങളെ മരവിപ്പിച്ചു നിർത്തുന്നു. സർക്കാരിന്റെ തൊഴിൽ വകുപ്പുകൾ മൂലധനശക്തികളുടെ കോടാലിക്കൈകളായി പ്രവർത്തിക്കുന്നു. ഈയൊരു സവിശേഷമായ അവസ്ഥയിൽ ഇന്ന് തൊഴിൽ സമയത്തിന്റെ കാര്യത്തിൽ യാതൊരു സംരക്ഷണവും തൊഴിലാളിക്കില്ല. എന്നുമാത്രമല്ല, ഐഎൽഒയുടെ എട്ടുമണിക്കൂർ വ്യവസ്ഥ അംഗീകരിച്ച ഇന്ത്യ ഇന്ന് നിയമപ്രകാരംതന്നെ ആ മാനദണ്ഡം എടുത്തുകളയുകയും സർക്കാർ സംവിധാനങ്ങളിൽപോലും അധികരിച്ച തൊഴിൽസമയം നടപ്പിലാക്കി സ്വകാര്യ മുതലാളിമാർക്ക് ദിശ കാട്ടുകയുംചെയ്യുന്നു.
ഇന്ത്യയിൽ ആകെയുള്ള തൊഴിൽ ശക്തിയിൽ 93% ശതമാനവും അസംഘടിത മേഖലയിൽ പണിയെടുക്കുന്നവരാണ്. യാതൊരുവിധ തൊഴിൽ സുരക്ഷിതത്വവുമി ല്ലാതെ മുതലാളിമാരുടെ ക്രൂരമായ ചൂഷണത്തിന് വിധേയരാക്കപ്പെട്ട വിഭാഗമാണ് ഇവർ. തൊഴിൽ സമയം പ്രാകൃതമായ വിധത്തിൽ നീട്ടിയെടുത്തതുമൂലം പതിനാലും പതിനാറും മണിക്കൂർ പണിയെടുക്കാൻ വിധിക്കപ്പെട്ടവർ. ഇന്ത്യയിലെ 42 കോടിയോളം വരുന്ന കുടിയേറ്റതൊഴിലാളികൾ പരിചിതമായ സാമൂഹ്യജീവിത സാഹചര്യങ്ങളിൽനിന്ന് പറിച്ചെറിയപ്പെട്ടവരാണ്, അസംഘടിതരാണ്. സാമൂഹ്യ പിൻബലമില്ലാതെ, കുടുംബത്തിന്റെ പോലും പിൻബലമില്ലാതെ ഒറ്റപ്പെട്ടുപോയ ഇവർ അടിമസമാനമായ ചൂഷണത്തിന് ഗത്യന്തരമില്ലാതെ വഴങ്ങി കൊടുക്കുന്നവരാണ്. സംഘടിതമേഖലയെന്ന് കരുതപ്പെടുന്ന സർക്കാർ സംവിധാനങ്ങൾക്കുള്ളിലെ കരാർ ജീവനക്കാരുടെ അവസ്ഥയും വ്യത്യസ്തമല്ല. സ്ഥിരതസ്തികകളിൽ നിയമനം നടത്താതെ ആ പണികളിൽ കരാർ തൊഴിലാളികളെ നിയോഗിക്കുകയാണ്. പല അടരുകളിലുള്ള ലേബർ കോൺട്രാക്ടർമാരാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നത്. അപമാനകരമാംവിധം തുച്ഛമായ ശമ്പളത്തിൽ എത്രനേരം വേണമെങ്കിലും പണിയെടുപ്പിക്കാം. ഒരു കോടിയോളം വരുന്ന സ്കീം തൊഴിലാളികളുടെ കാര്യവും വ്യത്യസ്തമല്ല. തൊഴിലാളി എന്ന യാതൊരു പരിഗണനയും ലഭിക്കാതെ വിശ്രമമില്ലാതെ പണിയെടുക്കുന്നവരാണവർ.


1867ൽ പ്രസിദ്ധീകരിച്ച ‘മൂലധനം’ എന്ന മഹത്തായ കൃതിയിൽ കാൾ മാർക്സ്, ലണ്ടനിൽ നടന്ന, നൂറുകണക്കിന് യാത്രക്കാർ കൊല്ലപ്പെട്ട ഒരു ട്രെയിൻ അപകടത്തിലെ പ്രതികളുടെ വിചാരണയെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ആ ട്രെയിൻ ഓടിച്ചിരുന്ന എൻജിൻ ഡ്രൈവർമാരായിരുന്ന മൂന്നുപേരാണ് പ്രതികൾ. അവർ കോടതിയിൽ പറയുന്നു: അവരുടെ ജോലിസമയം തുടർച്ചയായി 14 മുതൽ 20 മണിക്കൂർവരെയായിരുന്നു. ചിലപ്പോൾ 40 മണിക്കൂർവരെ വിശ്രമമില്ലാതെ പണിയെടുക്കേണ്ടിവരുന്നു. ഒരു ഘട്ടം കഴിഞ്ഞപ്പോൾ അവരുടെ തലച്ചോർ പ്രവർത്തിക്കാതായി, കണ്ണു കാണാതായി. ട്രെയിൻ നിയന്ത്രിക്കാനാവാതെയായി, അപകടം സംഭവിച്ചു. കോടതി യാതൊരു ദാക്ഷിണ്യവുമില്ലാതെ എല്ലാവർക്കും വധശിക്ഷ വിധിച്ചു. ഈ സംഭവം നടന്നത് 1866 ലാണ്. 157 വർഷങ്ങൾക്കുശേഷം ഇക്കഴിഞ്ഞ ജനുവരി മാസം ഇന്ത്യയിലെ ലോക്കോ റണ്ണിങ് സ്റ്റാഫ്‌ ഒരു സമരത്തിലേക്ക് പോയി. അവർക്ക് അനുവദിച്ച വിശ്രമസമയത്ത് പണിയെടുക്കാതെയായിരുന്നു സമരം! തുടർച്ചയായി 14 മുതൽ പതിനാറു മണിക്കൂർ വരെ അവർക്ക് പണിയെടുക്കേണ്ടി വരുന്നു. തുടർച്ചയായി നാല് രാത്രികളിൽ പണിയെടുക്കണം. നാലുദിവസം കൂടുമ്പോഴേ താമസസ്ഥലത്തേക്ക് പോകാനാവുന്നുള്ളൂ. കുടുംബജീവിതം അസാധ്യമായിരിക്കുന്നു. 1867ലെ കിരാതമായ തൊഴിൽ ചൂഷണത്തിൽ നിന്ന് എന്ത് വ്യത്യാസമാണ് ഇവിടെ വന്നിരിക്കുന്നത്? ഇടതടവില്ലാതെ ഇന്ത്യൻ റെയിൽവേയിൽ നടക്കുന്ന അപകടങ്ങൾപോലും അധികാരികളുടെ നിലപാടിൽ മാറ്റം വരുത്തുന്നില്ല. കൂടുതൽ തൊഴിലാളികളെ നിയമിച്ച് തൊഴിലാളികളുടെയും ജനങ്ങളുടെയും ജീവൻ രക്ഷിക്കുന്നതിനെപ്പറ്റി അവർ ചിന്തിക്കുന്നതേയില്ല.
അദ്ധ്വാനത്തിന്റെ രംഗത്ത് ഏറ്റവും വൈദഗ്ദ്ധ്യത്തോടെ പ്രവർത്തിക്കേണ്ട രംഗമാണ് ഐടി മേഖല. ലോകമെമ്പാടുമുള്ള വൻകിട മുതലാളിമാർ അതിശയിപ്പിക്കുന്ന രീതിയിൽ ലാഭം കുന്നുകൂട്ടുന്ന മേഖലയാണിത്. കോവിഡ് മഹാമാരിയുടെ കാലത്ത് ലോകമാകെ തകർന്നടിഞ്ഞപ്പോൾ ഇകൂട്ടർക്കത് കൊയ്ത്തുകാലമായിരുന്നു. പക്ഷേ ഈ മേഖലയിൽ പണിയെടുക്കുന്നവർ മദ്ധ്യകാലത്തെ ഇരുണ്ടയുഗത്തിൽ പണിയെടുത്ത ഖനിത്തൊഴിലാളികൾ അനുഭവിച്ച തൊഴിൽ ചൂഷണമാണ് നേരിടുന്നത്. എൻജിനീയറിങ് കോളജുകൾ വൻതോതിൽ ആരംഭിച്ച്, തൊഴിൽരഹിതരുടെ വൻ സഞ്ചയം സൃഷ്ടിച്ച്, അവരെ തൊഴിലില്ലായ്മയുടെ കെണിയിൽ അകപ്പെടുത്തിയാണ് ഈ നിഷ്ഠുര ചൂഷണത്തിന് അരങ്ങൊരുക്കുന്നത്. സ്പെഷ്യൽ ഇക്കണോമിക് സോൺ ആയി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ഈ മേഖലകളിൽ തൊഴിൽ സമയത്തെപറ്റിയുള്ള യാതൊരു നിയമങ്ങളും മാനദണ്ഡങ്ങളും ബാധകമല്ല. യുവത്വവും ഊർജ്ജസ്വലതയും എത്രയും വേഗം ഊറ്റിയെടുത്ത്, ചുരുങ്ങിയ കാലംകൊണ്ട് ചണ്ടിയാക്കി, തൊഴിലിൽ നിന്നും ചവിട്ടി പുറംതള്ളി, പുതുരക്തത്തെ തേടുകയാണ് അവരുടെ രീതി. കമ്പ്യൂട്ടറിനുമുമ്പിൽ ബുദ്ധിയും ശ്രദ്ധയും കേന്ദ്രീകരിച്ച് ആരോഗ്യകരമായി പണിയെടുക്കാവുന്നത് അഞ്ചുമണിക്കൂർ വരെയാണ്. പക്ഷേ 12,14,16 മണിക്കൂർവരെയാണ് അവരെക്കൊണ്ട് പണിയെടുപ്പിക്കുന്നത്. അതും യാതൊരു തൊഴിൽ നിയമത്തിന്റെയും പിൻബലവുമില്ലാതെ. അടുത്തയിടെ കർണാടക സർക്കാർ ഐടി മേഖലയിൽ 14 മണിക്കൂർവരെ പണിയെടുപ്പിക്കാൻ അനുമതി നൽകുന്ന നിയമം കൊണ്ടുവന്നത് തൊഴിലാളി സമൂഹത്തെയാകെ ഞെട്ടിച്ചു. കിരാതമായ തൊഴിൽ ചൂഷണത്തിന് നിയമപ്രാബല്യം നൽകുന്നത് എല്ലാ മാനുഷിക നീതിയുടെയും പരിഷ്കൃതിയുടെയും സങ്കൽപ്പങ്ങൾക്ക് അതീതമായിരുന്നു. അദാനിക്കും അംബാനിക്കുമെതിരെ ഘോരഘോരം പ്രസംഗിക്കുന്ന രാഹുൽഗാന്ധി നയിക്കുന്ന കോൺഗ്രസ് പാർട്ടിയുടെ സർക്കാരാണിത് കൊണ്ടുവന്നത് എന്നത് മുതലാളി വർഗ്ഗത്തിന്റെ കാര്യസ്ഥന്മാർക്ക് പാർട്ടി വ്യത്യാസമില്ല എന്ന് വ്യക്തമാക്കുകയാണ്. 60 ലക്ഷം ഐടി പ്രൊഫഷണലുകളുടെ ജീവിതം നശിപ്പിക്കാൻ പോന്നതാണ് ഈ നീക്കം.


കുടുംബത്തോടൊത്തുള്ള ജീവിതത്തിന്റെയും സാമൂഹിക ഇടപാടുകളുടെയും ആവശ്യകതകൾ ഒരുവന്റെ ആവാസ മേഖലകളുമായി, ജനിച്ചുവളർന്ന ഇടവുമായി ബന്ധപ്പെട്ടു കിടക്കുന്നു. അതിനാൽ ആ ഇടപാടുകൾക്ക് മതിയായ സമയം ആവശ്യമുണ്ട്. അതിനാൽ തന്നെ ഐടി മേഖലകളിൽ പണിയെടുക്കുന്നവരെ സ്വന്തം ഇടങ്ങളിൽനിന്ന് തട്ടിപ്പറിച്ച് അന്യനാട്ടിൽ നിയോഗിക്കുക എന്നത് ഒരു സമ്പ്രദായമായി മാറിയിരിക്കുന്നു. അതിനാലാണ് കേരളീയരെ ആന്ധ്രയിലും കർണാടകയിലും അവിടെയുള്ളവരെ തിരിച്ചും നിയമിക്കുന്നത്. കാഴ്ചയെ ബാധിക്കുന്നതും അസ്ഥി സംബന്ധവുമായ രോഗങ്ങൾ, കടുത്ത മാനസിക സമ്മർദ്ദം, വിഷാദരോഗം, ഉറക്കപ്രശ്നങ്ങൾ, ദഹനപ്രശ്നം, ഹൃദയസംബന്ധമായ അസുഖങ്ങൾ, പ്രത്യുൽപാദനപരമായ പ്രശ്നങ്ങൾ, ദാമ്പത്യ പ്രശ്നങ്ങൾ, രോഗപ്രതിരോധശേഷി കുറയുന്നത് തുടങ്ങി സമൂഹത്തിലെ ഏറ്റവും ബൗദ്ധികശേഷിയുള്ള ഈ വിഭാഗം തൊഴിലാളികളെ ബാധിക്കുന്ന ഗുരുതരമായ പ്രശ്നങ്ങൾ അനവധിയാണ്. ഇന്ത്യയിലെ 60 ലക്ഷത്തോളം വരുന്ന ഐടി ജീവനക്കാരിൽ 80 ശതമാനവും തൊഴിൽ സമ്മർദ്ദങ്ങൾ കാരണം മാനസിക പ്രശ്നങ്ങൾ നേരിടുന്നവരാണെന്ന് Deloitte എന്ന പ്രമുഖ കൺസൾട്ടൻസി നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നു.
50 ലക്ഷം പേർ പണിയെടുക്കുന്ന സ്വകാര്യആശുപത്രി മേഖലയിലെയും നാലു കോടിയാളുകൾ പണിയെടുക്കുന്ന ചെറുകിട വ്യാപാര സ്ഥാപനങ്ങളിലെയും തൊഴിലാളികൾക്ക് 12 മണിക്കൂറും അതിലധികവും പണിയെടുക്കേണ്ടിവരുന്നു. നമ്മുടെ സംസ്ഥാനത്ത് സർക്കാർ വകുപ്പായി പ്രവർത്തിച്ച് പിന്നീട് കോർപ്പറേഷൻ ആക്കി മാറ്റിയ കെഎസ്ആർടിസിയെ തകർക്കാനും തൊഴിൽ നിയമങ്ങൾക്കു പുറത്ത് തൊഴിലാളികളെ ചൂഷണം ചെയ്യാനുമായി അതിനുള്ളിൽ തന്നെ സ്വിഫ്റ്റ് എന്ന കമ്പനിയെ സർക്കാർ കൊണ്ടുവന്നു. അവിടെ 12 മണിക്കൂറാണ് തൊഴിൽ സമയം. അതിൽ തന്നെയുള്ള ഒരു വിഭാഗം അതിരാവിലെ സ്റ്റേഷനിൽ വന്ന് തങ്ങളുടെ ഊഴം കാത്തിരിക്കുന്നു. ഡ്യൂട്ടി അനുവദിച്ചു കിട്ടുന്നതുവരെ. ഡ്യൂട്ടി ആരംഭിക്കുന്നതു മുതലാണ് തൊഴിൽസമയം കണക്കാക്കുക. വാഹനത്തിലും നിരത്തിലും സഞ്ചരിക്കുന്ന മനുഷ്യജീവനെ അപകടപ്പെടുത്തിയേക്കാവുന്ന ഒരു ദൗത്യം നിർവഹിക്കുന്നവരെയാണ് ഈ വിധത്തിൽ ചൂഷണത്തിന് വിധേയമാക്കുന്നത്. യാതൊരു നിയമപരിരക്ഷയും തൊഴിലവകാശങ്ങളും ഇല്ലാതാക്കി സർക്കാർ തന്നെ സ്വന്തം തൊഴിലാളികളെ ചൂഷണം ചെയ്ത് സ്വകാര്യമേഖലയ്ക്ക് മാതൃക കാട്ടുകയാണിവിടെ. തൊഴിലിടങ്ങളിൽ താമസസൗകര്യങ്ങൾ ഏർപ്പെടുത്താത്തതിനാൽ ദീർഘസമയം യാത്രചെയ്താണ് മിക്ക തൊഴിലാളികളും പണിക്കെത്തുക. ആ സമയം കൂടെ തൊഴിൽ സമയത്തിൽ ഉൾപ്പെടുത്തിയാൽ ജീവിക്കാൻ പിന്നെ അവശേഷിക്കുന്നതെന്തുണ്ട്. സർവ്വതൊഴിൽ മേഖലകളിലും ഇത്തരത്തിൽ തൊഴിൽ സമയം വർദ്ധിപ്പിച്ച് ചൂഷണം ചെയ്യുന്നതിന്റെ കണക്കവതരിപ്പിക്കാനാകും. വിസ്താരഭയത്താൽ അതിന് മുതിരുന്നില്ല.
സമ്പത്ത് സൃഷ്ടിക്കുന്ന ഏക മനുഷ്യശക്തിയായ തൊഴിലാളികൾക്ക് സ്വന്തം ശാരീരിക മാനസിക ആരോഗ്യം നിലനിർത്തി അധ്വാനത്തിൽ പങ്കെടുക്കാവുന്ന തൊഴിൽ സമയം 8 മണിക്കൂർ ആയിരിക്കവേ അത് 12 മണിക്കൂറിലേക്ക് വർദ്ധിപ്പിച്ചെടുക്കാൻ ലോകമെങ്ങുമുള്ള മുതലാളി വർഗ്ഗം ശ്രമിക്കുന്നതിന്റെ കാരണമെന്താണ്? പരമാവധി ചൂഷണം ഉറപ്പാക്കി അവരെ മൂന്നുഷിഫ്റ്റിൽനിന്ന് രണ്ടുഷിഫ്റ്റിലേയ്ക്ക് കുറയ്ക്കുക എന്നതാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന തൊഴിൽ സ്ഥാപനങ്ങളിൽ എട്ടുമണിക്കൂർ എന്നാൽ മൂന്ന് ഷിഫ്റ്റ് പ്രവർത്തിക്കേണ്ടിവരും, 12 മണിക്കൂറാണെങ്കിൽ 2 ഷിഫ്റ്റ് മതിയാകും. മൂന്നിലൊന്ന് തൊഴിൽ സേനയെ കുറയ്ക്കാനാവും. ഇതാണ് അവരുടെ ലക്ഷ്യം. അതായത്, ഇന്ത്യയിലാകമാനം എട്ടുമണിക്കൂർ തൊഴിൽ സമയം എന്ന് നിഷ്കർഷിക്കുകയാണെങ്കിൽ ഇന്ത്യയിലെ 60 കോടി വരുന്ന തൊഴിൽ സേനയിൽ എത്ര അധികം പുതിയ തൊഴിൽ സൃഷ്ടിക്കാമെന്നും തൊഴിലില്ലായ്മ എത്രമാത്രം കുറയ്ക്കാമെന്നും ആലോചിക്കുക.
ഈ സാഹചര്യത്തിൽ തൊഴിലാളികളുടെ പ്രവൃത്തി സമയം എട്ടുമണിക്കൂറായി കുറയ്ക്കണമെന്ന ഡിമാന്റിന്, മെയ്ദിന പോരാട്ടങ്ങൾക്ക് ഒന്നര നൂറ്റാണ്ടിനിപ്പുറവും എത്രയധികം പ്രാധാന്യമുണ്ടെന്ന് തൊഴിലാളി വർഗ്ഗമാകെ ചിന്തിക്കേണ്ടതുണ്ട്. നമ്മുടെ പ്രക്ഷോഭങ്ങളുടെ ഒരു പ്രധാന പോർമുഖം ഇതാവണം.

Share this post

scroll to top