‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ അഥവാ വ്യവസായസൗഹൃദമാക്കാനുള്ള പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിൽ രാജ്യത്ത് ഒന്നാം സ്ഥാനത്തിനുള്ള പുരസ്കാരം കേരളത്തിനു ലഭിച്ചിരിക്കുന്നു. ‘അഭിമാനകരമായ നേട്ടം സ്വന്തമാക്കിയെന്ന്’ നാണംകെട്ട നിലയിൽ 2024 സെപ്റ്റംബർ 12ന്റെ ‘ദേശാഭിമാനി’ എഡിറ്റോറിയലിൽ ആവേശംകൊള്ളുമ്പോള് ഈ പുരസ്കാരത്തിന് സംസ്ഥാനം എങ്ങിനെ അർഹമായി എന്നത് പരിശോധിക്കപ്പെടേണ്ടതില്ലേ? രാപകൽ കോർപ്പറേറ്റ് ശക്തികൾക്കുവേണ്ടി മാത്രം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന കേന്ദ്ര ബിജെപി സര്ക്കാരിന് പിണറായി ഭരണം ഇത്രമേൽ സ്വീകാര്യമായത് എന്തുകാരണത്താലാണ്? പുരസ്കാരദായകരുടെ കണക്കുകൂട്ടൽ തിരിച്ചറിയാൻ കഴിയാത്തവിധം ഇടതുനേതൃത്വം പ്രജ്ഞയറ്റവരായതാണോ അതോ മുതലാളിത്തസേവയിൽ മതിമറന്നവരായതോ?
ബിജെപി നയിക്കുന്ന കേന്ദ്രസർക്കാരിന്റെ ലക്ഷ്യത്തോടും സമീപനത്തോടും ഐക്യപ്പെടുന്നതിൽ രാജ്യത്തെ ഏതൊരു സംസ്ഥാനഭരണത്തെയും- എന്തിന് യോഗിയുടെ യുപിയെപ്പോലും- കടത്തിവെട്ടിയതിനാൽ മാത്രം ലഭിച്ച പുരസ്കാരമാണിത്. സംസ്ഥാനഭരണത്തിന്റെ മികവളക്കാനുള്ള കേന്ദ്ര വ്യവസായമന്ത്രി പീയൂഷ് ഗോയലിന്റെ സ്കെയിൽ മൂലധനസേവ മാത്രമാണെന്ന് ഈ രാജ്യത്തെ ആർക്കാണറിഞ്ഞുകൂടാത്തത്. നിർലജ്ജമായ നിലയിൽ മുതലാളിമാരെ സേവിക്കുകയും അവർക്കായി നാട്ടിൽ നിലനിൽക്കുന്ന തൊഴിൽ നിയമങ്ങൾ മുഴുവൻ പൊളിച്ചെഴുതുകയും ചെയ്യുന്ന മോദി സർക്കാരിന്റെ ഗുഡ് ബുക്കിൽ പിണറായി കയറിപ്പറ്റിയെന്നതാണ് ഈ ‘അഭിമാനകരമായ നേട്ടത്തിന്റെ’ പിറകിലുള്ള യഥാർത്ഥ വസ്തുത.
മോദി സർക്കാരും, അതിന്റെ ചുവടുപിടിച്ച് പിണറായി സർക്കാരും മുന്നോട്ടുവെക്കുന്ന ഏറ്റവും പ്രധാന മുദ്രാവാക്യവും ലക്ഷ്യവുമായ ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ ന് തൊഴിലാളിക്ഷേമവുമായോ സംസ്ഥാനത്തിന്റെ പുരോഗതിയുമായോ ഒരു ബന്ധവുമില്ല. വമ്പൻ മുതലാളിമാരുടെ മൂലധനം നിക്ഷേപിക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കുകയെന്നതുമാത്രമാണ് ലക്ഷ്യമെന്നത് മോദി ഭരണം വ്യക്തമാക്കുന്നു. അതിനായി പരിസ്ഥിതി-തൊഴിൽ നിയമങ്ങളെല്ലാം പൊളിച്ചെഴുതപ്പെടുന്നു. പൊതുമുതൽ വമ്പൻ കോർപ്പറേറ്റുകൾക്ക് തീറെഴുതുന്നു. തൊഴിലാളികളെയും കർഷകരെയും നിർദ്ദയമായ ചൂഷണത്തിന് എറിഞ്ഞുകൊടുക്കുന്നു. അതേ നയങ്ങൾ ഏറ്റവും വിശ്വസ്തതയോടെ കേരളത്തിലും നടപ്പാക്കിക്കൊടുക്കുന്നതിനുള്ള അംഗീകാരം മാത്രമാണ് ഈ പുരസ്കാരം. അദാനിയെ പോലെയുള്ള കുത്തകകളുടെ താത്പര്യങ്ങൾക്കു മുന്നിൽ മുട്ടുമടക്കി വിധേയത്വം കാട്ടുന്നതിനുള്ള ഉപകാരസ്മരണ കൂടിയാണിത്. കുത്തകമുതലാളിമാരുടെ വർദ്ധിച്ച ചൂഷണത്തിനായി തൊഴിലാളികളെ വിട്ടുകൊടുത്ത്, സംസ്ഥാനത്തെ വ്യവസായസൗഹൃദമാക്കി കേന്ദ്രസർക്കാരിന്റെ പുരസ്കാരത്തിന് യോഗ്യത നേടുകയാണുണ്ടായത്.
പണിയെടുത്തു ജീവിക്കുന്ന സാധാരണ മനുഷ്യരോട് പിണറായി ഭരണം കൈക്കൊള്ളുന്ന സമീപനമെന്താണ്? ജോലിക്ക് പ്രതിഫലം തൊഴിലാളിക്ക് ഒരവകാശമല്ല എന്ന് കെഎസ്ആർടിസിയിലൂടെ സർക്കാർ സ്ഥാപിച്ചു. ശമ്പളം നൽകാതെ തൊഴിലെടുപ്പിച്ച് മുതലാളിമാർക്ക് സർക്കാർ മാതൃകയായി. പെൻഷൻ നിഷേധിച്ചു. എല്ലാം സഹിച്ച്, നിശ്ശബ്ദമായി പണിയെടുക്കാൻ തൊഴിലാളികളെ ‘സന്നദ്ധമാക്കിയ’ സർക്കാരിന്റെ മാതൃക രാജ്യമെമ്പാടുമുള്ള മുതലാളിമാർക്ക് ആവേശദായകമാണ്. കെഎസ്ആർടിസിയെന്ന പൊതുമേഖലാസ്ഥാപനത്തെ വിഭജിച്ച്, കരാർ തൊഴിലാളികൾ മാത്രം പണിയെടുക്കുന്ന സ്വിഫ്റ്റ് എന്ന പുതിയൊരു കമ്പനി രൂപീകരിച്ച് രാജ്യത്തിനാകെ ‘മാതൃക’ കാട്ടിയത് കേരളമാണ്.
വ്യവസായ-വാണിജ്യ സ്ഥാപനങ്ങളിൽ തൊഴിൽവകുപ്പ് പതിവായി നടത്തി വന്നിരുന്ന ലേബർ ഇൻസ്പെക്ഷനുകൾ നിർത്തിവെച്ചിട്ട് രണ്ടരവർഷം പിന്നിട്ടിരിക്കുന്നു. ഏതൊരു മുതലാളിക്കും സർവ്വസ്വതന്ത്രമായി തൊഴിൽ നിയമങ്ങൾ ലംഘിക്കാം. പരിശോധിച്ച് നടപടി സ്വീകരിക്കാൻ ആരുമില്ല. സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഡിഎ 22 ശതമാനം കുടിശ്ശികയാണ്. വർദ്ധിപ്പിച്ച ശമ്പളം പോലും വർഷങ്ങളായി പിടിച്ചുവച്ചിരിക്കുന്നു. ലീവ് സറണ്ടർ മരവിപ്പിച്ചു. ഇത്രയൊക്കെ തൊഴിലാളിവിരുദ്ധ നടപടികൾ കൈക്കൊള്ളുമ്പോഴും പ്രക്ഷോഭത്തിന്റെ പാതയിലേക്ക് പോകാതെ, യൂണിയനുകളെയും ജീവനക്കാരെയും സമർത്ഥമായി ‘കൈകാര്യം’ ചെയ്യുന്ന രീതി മറ്റുസംസ്ഥാനങ്ങൾ കണ്ടുപഠിക്കാനായി നൽകിയ പ്രോൽസാഹനമാണ് ഈ സമ്മാനം.
നരേന്ദ്രമോദി സർക്കാർ പാസ്സാക്കിയ പുതിയ തൊഴിൽ നിയമങ്ങൾ നടപ്പാക്കുവാനുള്ള കരടുചട്ടങ്ങൾ രൂപീകരിച്ച സംസ്ഥാനമാണ് കേരളം. ഈ തൊഴിലാളിവിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്ന് സിഐടിയു അടക്കമുള്ള ട്രേഡ് യൂണിയനുകൾ ആവശ്യപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് സിപിഐ(എം) ഭരിക്കുന്ന കേരളത്തിൽ ഇതേ നിയമങ്ങൾക്ക് അനുസൃതമായി ചട്ടങ്ങൾ കൊണ്ടുവരുന്നത്. തൊഴിലാളികൾ ലോകമെമ്പാടും പൊരുതി നേടിയ 8 മണിക്കൂർ ജോലി, മിനിമം കൂലി എന്നിവയടക്കമുള്ള അവകാശങ്ങളിൽ വെള്ളം ചേർത്ത്, തൊഴിൽശക്തിയെ കുത്തകമുതലാളിത്തത്തിന്റെ താത്പര്യത്തിനനുസരിച്ച് പരുവപ്പെടുത്തിയെടുക്കാൻ ലക്ഷ്യം വെക്കുന്നവയാണ് ഈ നിയമങ്ങൾ. ഇതേ നയം കേരളത്തിൽ നടപ്പാക്കി, തൊഴിലാളികളുടെ കൈകാലുകൾക്ക് കൂച്ചുവിലങ്ങിടുകയാണ് പിണറായി സർക്കാർ. തൊഴിൽ മേഖലയിൽ മുതലാളിമാരുടെ ചൂഷണത്തിനനുകൂലമായ സാഹചര്യം ഒരുക്കി തൊഴിൽവകുപ്പ് പിൻവാങ്ങുക കൂടി ചെയ്യുമ്പോൾ ചിത്രം പൂർണ്ണമാകുന്നു. ഈ വഞ്ചനക്കുള്ള സമ്മാനമാണ് ഇപ്പോൾ സർക്കാർ മേനി നടിക്കുന്ന ഈ പുരസ്ക്കാരം.