മാര്‍ക്‌സിസം-ലെനിനിസത്തിന്റെ പ്രാമാണികനും ചൈനീസ് വിപ്ലവത്തിന്റെ
ശില്പിയുമായ മഹാനായ മാവോ സെ തുങ് വിടപറഞ്ഞിട്ട് 48 വര്‍ഷം.
മഹാനായ സ്റ്റാലിന്റെ നിര്യാണത്തിനുശേഷം സോവിയറ്റ് യൂണിയനില്‍ സംഭവിച്ചതുപോലുള്ള കാര്യങ്ങള്‍ ചൈനയിലും സംഭവിച്ചു. തിരുത്തല്‍വാദികളും കാലുമാറ്റക്കാരും മുതലാളിത്ത പാതക്കാരുമൊക്കെ സംഘംചേര്‍ന്ന് പ്രതിവിപ്ലവ നീക്കങ്ങള്‍ ആരംഭിച്ചു. മഹാനായ മാവോയുടെ പാഠങ്ങളില്‍നിന്ന് വ്യതിചലിച്ചുകൊണ്ടും അദ്ദേഹത്തിന്റെ ആധികാരികതയെ തന്ത്രപൂര്‍വ്വം അട്ടിമറിച്ചുകൊണ്ടും ”സോഷ്യലിസത്തിന്റെ ചൈനീസ് മാതൃക” എന്ന വശ്യമായ മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടുമായിരുന്നു ഈ പ്രക്രിയ ആരംഭിച്ചത്. 2004ല്‍ പ്രതിവിപ്ലവം പൂര്‍ത്തിയായി. മാവോയുടെ നേതൃത്വത്തില്‍ നടന്ന ബൃഹത്തും കഠിനവുമായ പോരാട്ടത്തിലൂടെയാണ്, ചൈനയെ യുദ്ധപ്രഭുക്കളുടെയും വിദേശ സാമ്രാജ്യത്വ ശക്തികളുടെയും ജന്മിമാരുടെയും മര്‍ദ്ദക ഭരണത്തില്‍നിന്നു മോചിപ്പിച്ച് കരുത്തുറ്റ സോഷ്യലിസ്റ്റ് വ്യവസ്ഥയിലേയ്ക്ക് പരിവര്‍ത്തനം ചെയ്തത്. എന്നാല്‍ ഈ നേട്ടങ്ങളെല്ലാം തകിടംമറിച്ച പ്രതിവിപ്ലവം ചൈനയെ മുതലാളിത്ത വാഴ്ചയിലെത്തിക്കുകയും ഇന്നത് ഭീഷണമായൊരു സാമ്രാജ്യത്വ ശക്തിയായി മാറുകയും ചെയ്തിരിക്കുന്നു.
എന്നാല്‍, പിന്തിരിപ്പന്‍മാര്‍ എത്രതന്നെ ശ്രമിച്ചിട്ടും മാവോയെ അപകീര്‍ത്തിപ്പെടുത്താനുള്ള ഏതൊരു ശ്രമത്തെയും ചൈനീസ് ജനത നിരാകരിക്കുകയും അദ്ദേഹത്തെ അങ്ങേയറ്റം ആദരിക്കുകയും ചെയ്യുന്നു. മാവോയുടെ സ്മൃതികുടീരത്തില്‍ (മുസോളിയം) ഇന്നും ലക്ഷക്കണക്കിനാളുകളാണ് നിത്യവും സന്ദര്‍ശനം നടത്തുന്നത്. ജനങ്ങള്‍ മാവോയെ ആദരപൂര്‍വ്വം സ്മരിക്കുന്നത് ഇപ്പോഴത്തെ നേതൃത്വത്തിന് ഒട്ടും ഇഷ്ടപ്പെടുന്നില്ല. ലോകമെമ്പാടുമുള്ള യഥാര്‍ത്ഥ വിപ്ലവകാരികള്‍ മാവോയെ ആദരിക്കുന്നു. മാര്‍ക്‌സ്-ഏംഗല്‍സ്-ലെനിന്‍-സ്റ്റാലിന്‍-മാവോ എന്നിവരുടെ അര്‍ഹനായ പിന്തുടര്‍ച്ചക്കാരനും ഈ യുഗത്തിലെ സമുന്നത മാര്‍ക്‌സിസ്റ്റ് ചിന്തകനുമായ സഖാവ് ശിബ്‌ദാസ്‌ഘോഷ് സ്ഥാപിച്ച് വളര്‍ത്തിയെടുത്ത നമ്മുടെ പാര്‍ട്ടി എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്)യും സഖാവ് മാവോ സെ തുങിനെ ആദരപൂര്‍വ്വം പിന്തുടരുന്നു. സാമ്രാജ്യത്വ-മുതലാളിത്ത ചൂഷണം ദിനംതോറും അസഹനീയമായിക്കൊണ്ടിരിക്കുകയാണ്. സമൂഹത്തെ വിപ്ലവകരമായി പരിവര്‍ത്തിപ്പിച്ചുകൊണ്ട് ഈ നിര്‍ദ്ദയമായ മുതലാളിത്ത-സാമ്രാജ്യത്വ ചൂഷണത്തില്‍നിന്ന് ജനങ്ങളെ മോചിപ്പിക്കാനുള്ള പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് മാവോയുടെ മാതൃകായോഗ്യമായ ജീവിതസമരവും പാഠങ്ങളും എന്നും ദീപ്തമായ വഴികാട്ടിയായിരിക്കും.
കുട്ടിക്കാലംമുതലേ സത്യത്തെ മുറുകെപ്പിടിക്കുന്ന ജീവിതം
മധ്യ ചൈനയിലെ ഷാഷന്‍ ഹുനാന്‍ പ്രവിശ്യയിലെ ഒരു സമ്പന്ന കര്‍ഷക കുടുംബത്തിലാണ് 1893ല്‍ മാവോ ജനിച്ചത്. കുട്ടിക്കാലംമുതലേ അനീതിക്കെതിരെ ധീരമായ നിലപാടെടുക്കുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. ബോധ്യപ്പെട്ട സത്യത്തില്‍നിന്ന് മാവോയെ പിന്തിരിപ്പിക്കാന്‍ ശകാരത്തിനോ സമ്മര്‍ദ്ദത്തിനോ ശാരീരിക പീഡനത്തിനുപോലുമോ കഴിയുമായിരുന്നില്ല. ഒരു കാര്യം തെറ്റെന്ന് ബോധ്യപ്പെട്ടാല്‍ അത് തിരുത്താന്‍ അദ്ദേഹത്തിന് ഒരു മടിയും ഉണ്ടായിരുന്നില്ല. യുക്തിക്ക് നിരക്കാത്തതൊന്നും അദ്ദേഹം സ്വീകരിച്ചില്ല. കര്‍ഷകരുടെ കൊടിയ ദുരിതങ്ങള്‍ അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു. എന്നാല്‍ അവയുടെ കാരണങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ കണ്‍ഫ്യൂഷിയസിന്റെ ചിന്തകള്‍ അദ്ദേഹത്തിന് അസ്വീകാര്യമായിരുന്നു. വൈവിദ്ധ്യമാര്‍ന്ന ജീവിതാനുഭവങ്ങളുടെ മൂശയില്‍ സ്ഫുടം ചെയ്‌തെടുക്കപ്പെട്ടതായിരുന്നു ആ വ്യക്തിത്വം. ക്രമേണ രാഷ്ട്രീയ പക്വത കൈവരിച്ചുകൊണ്ട് ഇരുപതുകളിലെത്തിയപ്പോള്‍ ആ യുവാവ് മാനവികതയുടെയും ദേശീയതയുടെയും ആശയങ്ങളില്‍ ആകൃഷ്ടനായി. ”അന്ന് ഒരു ആത്മീയവാദി ആയിരുന്നു” എന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട.് (റെഡ് സ്റ്റാര്‍ ഓവര്‍ ചൈന-എഡ്ഗാര്‍ സ്‌നോ)
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന (സിപിസി)യുടെ രൂപീകരണം
1917ലെ റഷ്യന്‍ വിപ്ലവത്തിനുശേഷം മാര്‍ക്‌സിസം-ലെനിനിസത്തിന്റെ സത്യദീക്ഷയും വിശുദ്ധിയും, അനേകം ബുദ്ധിജീവികളെയും വിദ്യാസമ്പന്നരെയും സുമനസ്സുകളെയുമൊക്കെ ആകര്‍ഷിക്കുകയും അവരുടെ ജീവിതത്തില്‍ ആ തത്വചിന്ത വഴികാട്ടുകയും ചെയ്തു. പലയിടത്തും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കാന്‍ ആളുകള്‍ മുന്നോട്ടുവന്നു. ചൈനയില്‍ ഇത്തരത്തിലുള്ള നിരവധി സംഘങ്ങളുണ്ടായിരുന്നു. അതിലൊന്നില്‍ അംഗമായിരുന്നു മാവോയും. ഇവയുടെ മുന്‍കൈയിലാണ് സിപിസി രൂപീകൃതമാകുന്നത്. 1921 ജൂലൈ 1ന്, 12 തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടുത്ത ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ് സിപിസിക്ക് അടിത്തറയിട്ടു. ഷാങ്ഹായില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ഭരണഘടനയ്ക്ക് രൂപംനല്‍കുകയും കേന്ദ്ര മുഖപത്രത്തെ സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്തു. 12 പ്രതിനിധികളിലൊരാള്‍ മാവോ ആയിരുന്നു. 1923ല്‍ കൂടിയ മൂന്നാം പാര്‍ട്ടികോണ്‍ഗ്രസ്സില്‍ പാര്‍ട്ടിനേതൃത്വത്തിന്റെ ചില തെറ്റായ നിലപാടുകളെ മാവോ വിമര്‍ശിച്ചു. ചൈനീസ് ജനാധിപത്യത്തിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും നേതാവായിരുന്ന ഡോ. സണ്‍ യാത് സെന്നിനെ കുറിച്ചുള്ള വിലയിരുത്തലിലും സാമ്രാജ്യത്വത്തെയും യുദ്ധപ്രഭുക്കളെയും സംബന്ധിച്ച വിലയിരുത്തലിലും നേതൃത്വത്തിന് സംഭവിച്ച പിശക് ചൂണ്ടിക്കാണിച്ചു കൊണ്ട് ശരിയായ കാഴ്ചപ്പാട് മാവോ മുന്നോട്ടുവച്ചു. കേന്ദ്രകമ്മിറ്റിയിലേയ്ക്ക് മാവോയും തിരഞ്ഞെടുക്കപ്പെട്ടു.
എന്നാല്‍ പാര്‍ട്ടി ഒരു ഏകീകൃത സ്വഭാവം കൈവരിച്ചിരുന്നില്ല. നയപരവും തന്ത്രപരവുമായ കാര്യങ്ങളില്‍ വലിയ അഭിപ്രായവ്യത്യാസങ്ങള്‍ നിലനിന്നു. വിപ്ലവത്തെ മുന്‍നിര്‍ത്തി സിപിസി ആവിഷ്‌കരിക്കേണ്ട അടവുകളെ സംബന്ധിച്ച് മൂന്നാം കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ (കോമിന്റേണ്‍) നിര്‍വ്വാഹക സമിതിയും മഹാനായ സ്റ്റാലിനും നിരന്തരം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. എന്നാല്‍ സിപിസി നേതൃത്വം അതൊന്നും വേണ്ടവണ്ണം ചെവിക്കൊണ്ടില്ല. പാര്‍ട്ടിക്കുള്ളില്‍ വലത്, ഇടത് വ്യതിയാനങ്ങള്‍ നിലനിന്നു. ഇവയ്‌ക്കെതിരെ മാവോ നിരന്തരം പ്രത്യയശാസ്ത്ര സമരം നടത്തിയിരുന്നു. ചൈനീസ് സമൂഹത്തിലെ വര്‍ഗ ബന്ധങ്ങളെക്കുറിച്ചും വര്‍ഗ വിന്യാസങ്ങളെക്കുറിച്ചും മാര്‍ക്‌സിസം-ലെനിനിസത്തിന് നിരക്കുന്ന ശരിയായ ധാരണ അദ്ദേഹം അവതരിപ്പിച്ചു. ‘ചൈനീസ് സമൂഹത്തിലെ വര്‍ഗങ്ങളെ സംബന്ധച്ച വിശകലനം’ എന്ന ലഘുലേഖ അദ്ദേഹം 1926ല്‍ പ്രസിദ്ധീകരിച്ചു. ബന്ധുക്കളെയും ശത്രുക്കളെയും കൃത്യമായി വേര്‍തിരിച്ചു കാണിക്കുന്ന ആ കൃതി ഇപ്രകാരം പറയുന്നു: ”സാമ്രാജ്യത്വവുമായി ചങ്ങാത്തംകൂടുന്ന യുദ്ധപ്രഭുക്കള്‍, ഉദ്യോഗസ്ഥ പ്രമാണിമാര്‍, ദല്ലാള്‍ വിഭാഗങ്ങള്‍, വന്‍കിട ഭൂപ്രഭുക്കള്‍, പിന്തിരിപ്പന്‍ ബുദ്ധിജീവികള്‍ എന്നിവരാണ് നമ്മുടെ ശത്രുക്കള്‍. അര്‍ദ്ധ- തൊഴിലാളിവര്‍ഗത്തില്‍പ്പെട്ടവരും ചെറുകിട മുതലാളിമാരും നമ്മുടെ മിത്രങ്ങളാണ്.ചാഞ്ചാട്ട സ്വഭാവം കാണിക്കുന്ന ഇടത്തരക്കാരില്‍ ഇടതുപക്ഷക്കാര്‍ നമ്മുടെ മിത്രങ്ങളും വലതുപക്ഷക്കാര്‍ ശത്രുക്കളും ആയേക്കാം. എന്നാല്‍ ഇക്കാര്യത്തില്‍ നമ്മള്‍ സത്വര ശ്രദ്ധ പുലര്‍ത്തുകയും നമ്മുടെ അണികളില്‍ അവര്‍ ആശയക്കുഴപ്പം ഉണ്ടാക്കാതെ നോക്കുകയും വേണം.” എന്നിരിക്കിലും ജനറല്‍ സെക്രട്ടറി ചെന്‍ തു ഷിയുവിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി നേതൃത്വത്തില്‍ ഒരു വിഭാഗം മാവോയെ ഒതുക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു.
ദേശീയ ഗവണ്മെന്റ് എന്ന പേരില്‍ ചിയാങ് കൈഷേക് രൂപീകരിച്ച സര്‍ക്കാര്‍
ഇതിനിടയില്‍ സുപ്രധാനമായൊരു സംഭവമുണ്ടായി. കുപ്രസിദ്ധ യുദ്ധപ്രഭുക്കളെ നേരിടുന്നതിനായി കോമിന്റേണിന്റെ നിര്‍ദ്ദേശപ്രകാരം സിപിസിയും കൂമിന്താങ് പാര്‍ട്ടിയും ചേര്‍ന്ന് ഒരു ഐക്യമുന്നണി ഉണ്ടാക്കി. മാവോ അന്ന് ഹുനാന്‍ കമ്മിറ്റിയുടെ സെക്രട്ടറിയാണ്. 1925ല്‍ വിഖ്യാതമായ വടക്കന്‍ പര്യവേക്ഷണം (വിമോചിത പ്രദേശങ്ങള്‍ സൃഷ്ടിച്ച് മുന്നേറിയ പോരാട്ടം) ആരംഭിച്ചു. നിരവധി പ്രദേശങ്ങള്‍ യുദ്ധപ്രഭുക്കളില്‍നിന്ന് പിടിച്ചെടുത്തു. 1927ലാണ് ഇത് അവസാനിച്ചത്. ഇതിനിടയില്‍ ഡോ.സണ്‍ യാത് സെന്‍ മരിക്കുകയും കൂമിന്താങിന്റെ നേതൃത്വം വഞ്ചകനായ ചിയാങ് കൈഷേകിന്റെ കൈകളിലാകുകയും ചെയ്തിരുന്നു. ചൈനയിലെ മുതലാളി വര്‍ഗത്തിനുള്ളിലെ വൈരുദ്ധ്യങ്ങള്‍ ശരിയായി മനസ്സിലാക്കിയ മാവോ അതിന്റെ ചാഞ്ചാട്ട സ്വഭാവം പ്രകടമാക്കുന്ന ചിയാങ്ങിന്റെ നയം 1926ല്‍തന്നെ ഇപ്രകാരം ചൂണ്ടിക്കാണിച്ചു: ”മുതലാളിവര്‍ഗത്തിലെ മധ്യവര്‍ഗത്തിന്, പ്രധാനമായും ദേശീയ മുതലാളി വര്‍ഗത്തിന് ചൈനീസ് വിപ്ലവത്തോട് സ്ഥിരതയാര്‍ന്ന ഒരു മനോഭാവമില്ല…(തിരഞ്ഞെടുത്ത കൃതികള്‍, വോള്യം-1) ഇത് തീര്‍ത്തും ശരിയാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. 1927 ഏപ്രിലില്‍, അനേകം തൊഴിലാളികളുടെ ചോര വീണ് കുതിര്‍ന്ന വടക്കന്‍ മേഖലയില്‍ ചിയാങ് ഏകപക്ഷീയമായി ഒരു ദേശീയ ഗവണ്മെന്റ് പ്രഖ്യാപിച്ചു. 1928ല്‍ ആറാം പാര്‍ട്ടി കോണ്‍ഗ്രസ്സ് ചേര്‍ന്നെങ്കിലും സാഹചര്യത്തെ വസ്തുനിഷ്ഠമായി വിലയിരുത്താനായില്ല. ജനാധിപത്യ വിപ്ലവത്തിന്റെ സമഗ്രത, മധ്യവര്‍ത്തിയായ വര്‍ഗങ്ങളുടെ പങ്ക്, പിന്തിരിപ്പന്‍ ശക്തികള്‍ക്കിടയിലെ വൈരുദ്ധ്യം എന്നിവയൊന്നും ശരിയായി വിശകലനം ചെയ്യപ്പെട്ടില്ല. മാവോ ആ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നില്ലെങ്കിലും അദ്ദേഹം കേന്ദ്രകമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1927ല്‍ ചെന്‍ തു ഷിയു പാര്‍ട്ടി നേതൃത്വത്തില്‍നിന്ന് പുറത്താക്കപ്പെടുകയും ലിലി സാന്‍ സിപിസി ജനറല്‍ സെക്രട്ടറി ആവുകയും ചെയ്തു. ചെന്‍ തുവിന്റെ വലതുപക്ഷ വ്യതിയാനത്തിന്റെ സ്ഥാനത്ത് ലിലി ലി സാനിന്റെ ഇടതുപക്ഷ സാഹസികത രംഗപ്രവേശം ചെയ്തു. രണ്ടും മാര്‍ക്‌സി സം-ലെനിനിസത്തിന് നിരക്കുന്നതായിരുന്നില്ല. ഇടതു വ്യതിയാനത്തില്‍നിന്ന് പാര്‍ട്ടിയെ രക്ഷിക്കാന്‍ മാവോ തീവ്രമായ പ്രത്യയ ശാസ്ത്ര സമരം ആരംഭിച്ചു. ”ചൈനീസ് കമ്മ്യൂണിസ്റ്റുകള്‍ കര്‍ഷകരുടെ വിപ്ലവ പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ടാ കണമെന്നും വിപ്ലവസംഘങ്ങളും കമ്മിറ്റികളും രൂപീകരിക്കുന്നതെങ്ങനെ യെന്ന് അവരെ പഠിപ്പിക്കണ”മെന്നുമുള്ള സ്റ്റാലിന്റെ മാര്‍ഗനിര്‍ദ്ദേശം (തിരഞ്ഞെടുത്ത കൃതികള്‍, വോള്യം-9) മാവോ പിന്തുടര്‍ന്നു.
1928നും 30നുമിടയ്ക്ക് കര്‍ഷകരുടെ ശക്തമായ ഒരു സായുധസംഘത്തിന് രൂപം നല്‍കിക്കൊണ്ട് ദക്ഷിണചൈനയുടെ വിപുലമായൊരു പ്രദേശം വിമോചിപ്പിച്ചെടുക്കാന്‍ മാവോയ്ക്ക് കഴിഞ്ഞു. ഈ സംഘടനാ സംവിധാനം യഥാര്‍ത്ഥത്തില്‍ ഗ്രാമീണ ചൈനയിലെ കര്‍ഷകരുടെ സമാന്തരമായ ഒരു ബദല്‍ രാഷ്ട്രീയാധികാര മായി മാറി. എന്നാല്‍ ലിലി സാന്‍ നേതൃത്വത്തിന് ഇത് രുചിച്ചില്ല. അനുവാദമില്ലാതെ കര്‍ഷകസമരം സംഘടിപ്പിക്കുന്നുവെന്നാരോപിച്ച് അവര്‍ മാവോയെ പൊളിറ്റ്ബ്യൂറോയില്‍നിന്നും കേന്ദ്രകമ്മിറ്റിയില്‍നിന്നും പുറത്താക്കി. മാവോ എപ്പോഴും പാര്‍ട്ടി അച്ചടക്കം പാലിക്കുകയും പാര്‍ട്ടി തീരുമാനം അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ അടിസ്ഥാന വിഷയങ്ങളില്‍ മാര്‍ക്‌സിയന്‍ ശാസ്ത്രം അനുശാസിക്കുംവിധം സത്യം സ്ഥാപിച്ചെടുക്കാനുള്ള പ്രത്യയശാസ്ത്ര സമരം അദ്ദേഹം ഒരിക്കലും ഉപേക്ഷിച്ചില്ല. പല സംഭവവികാസങ്ങള്‍ക്കുമൊടുവില്‍ 1935ല്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പ്രത്യയശാസ്ത്ര, സംഘടനാരംഗങ്ങളിലെ മാവോയുടെ ആധികാരികത അംഗീകരിക്കപ്പെടുകയും അദ്ദേഹം പാര്‍ട്ടിയുടെ ഏറ്റവും ഉയര്‍ന്ന നേതാവായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അന്നുമുതല്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളില്‍ ‘ബോള്‍ഷെവീകരണം’ എന്ന പ്രക്രിയ ആരംഭിക്കുകയും സിപിസി ഒരു ശരിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായി വികസിച്ചുവരികയും ചെയ്തു. പ്രക്ഷോഭങ്ങള്‍ക്ക് നടുവിലായിരിക്കുമ്പോഴും പ്രത്യയശാസ്ത്ര പ്രശ്‌നങ്ങള്‍ക്ക് ശരിയായ ഉത്തരം നല്‍കുന്നതില്‍ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. ‘എന്തുകൊണ്ട് ചൈനയിലെ ചുവപ്പന്‍ അധികാരം നിലനില്‍ക്കണം'(1928), ‘ഒരു തീപ്പൊരിക്ക് ഒരു കാട്ടുതീ ഉണ്ടാക്കാന്‍ കഴിയും'(1930) എന്നീ ലേഖനങ്ങളിലൂടെ ചൈനീസ് വിപ്ലവത്തിന്റെ സാരാംശത്തെക്കുറിച്ചും വിമോചിത പ്രദേശങ്ങളുടെ നിലനില്‍പ് സംബന്ധിച്ചുമൊക്കെ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മാവോ കൃത്യമായ ഉത്തരം നല്‍കി. ‘വൈരുദ്ധ്യത്തെപ്പറ്റി’, ‘വൈരുദ്ധ്യാത്മക ഭൗതികവാദം’, ‘പ്രയോഗത്തെപ്പറ്റി’, ‘ഉദാരതാവാദത്തെപ്പറ്റി’, ‘പ്രവര്‍ത്തന ശൈലിയുടെ ശുദ്ധീകരണം’ എന്നീ കൃതികളൊക്കെ മാര്‍ക്‌സി സം-ലെനിനിസത്തിന് മാവോ നല്‍കിയ ഈടുറ്റ സംഭാവനകളാണ്.
ഐതിഹാസികമായ ലോംഗ് മാര്‍ച്ച്
മാവോയുടെ നേതൃത്വത്തില്‍ നടന്ന ലോംഗ് മാര്‍ച്ച് ചരിത്രത്തില്‍ സമാനതകളില്ലാത്തതും തൊഴിലാളിവര്‍ഗ വിപ്ലവ മുന്നേറ്റത്തിലെ ഒരു നാഴികക്കല്ലുമാണ്. 1934 ഒക്‌ടോബര്‍ 16ന് റെഡ് ആര്‍മി പിന്തിരിപ്പന്‍ ശത്രു സൈന്യത്തിന്റെ വലയം ഭേദിക്കുകയും തെക്കുപടിഞ്ഞാറന്‍ ആസ്ഥാനത്തുനിന്ന് ഐതിഹാസികമായ പോരാട്ടം ആരംഭിക്കുകയും ചെയ്തു. 368 ദിവസം നീണ്ടുനിന്ന ലോംഗ് മാര്‍ച്ച് 8000 മൈല്‍ (12,500കി.മീ.) കാല്‍നടയായി പിന്നിട്ടു. ദക്ഷിണ ചൈനയിലെ കിയാംഗ്‌സിയില്‍നിന്ന് ഉത്തര ചൈനയിലെ ദുര്‍ഘട മലമ്പ്രദേശമായ ഷെന്‍സിവരെ അത് നീണ്ടുകിടക്കുന്നു. 24 നദികളും 18 മഞ്ഞുമൂടിയ മലനിരകളും താണ്ടി, ആയുധങ്ങളും അവശ്യവസ്തുക്കളും കുതിരവണ്ടികളിലും തലച്ചുമടായുമാണ് കൊണ്ടുപോയത്. മാര്‍ച്ചിന് ഏകദേശം 50 മൈല്‍ നീളമുണ്ടായിരുന്നു.
യുദ്ധപ്രഭുക്കളുടെയും കൂമിന്താങ്ങിന്റെയും സേനകളെ നേരിട്ടുകൊണ്ട് മുന്നേറിയ ലോംഗ് മാര്‍ച്ച് 62 പട്ടണങ്ങളും അനേകം ഗ്രാമങ്ങളും വിമോചിപ്പിച്ചു. അമ്പതിനായിരത്തിലേറെ വിപ്ലവ സൈനികരാണ് ഈ ഐതിഹാസിക യുദ്ധത്തില്‍ രക്തസാക്ഷികളായത്. അവശേഷിച്ചവര്‍ കടുത്ത വേദനയോടെ, തികഞ്ഞ ആദരവോടെ അവര്‍ക്ക് അന്ത്യാഭിവാദ്യം നല്‍കി. ഒരു സംഭവം പറയാം. ചുവപ്പുസേന താവു എന്ന വമ്പന്‍ നദിക്കരയിലെത്തിയപ്പോള്‍ മറുകരയില്‍ ശക്തമായി നിലയുറപ്പിച്ചിരിക്കുന്ന കൂമിന്താങ് സേന. പിന്നില്‍ പാഞ്ഞടുക്കുന്ന ശത്രു സൈന്യം. ഭയാനകമായ ആ നിമിഷത്തില്‍ ജീവന്‍ തൃണവല്‍ഗണിച്ച് നദി കടക്കാന്‍ റെഡ് ആര്‍മി തീരുമാനിച്ചു. ശത്രു സൈന്യം സ്തബ്ധരായി. റെഡ് ആര്‍മിയുടെ ധീരതയ്ക്കുമുന്നില്‍ സൈനികമായി മാത്രമല്ല ധാര്‍മികമായും കൂമിന്താങ് സേന പരാജയം ഏറ്റുവാങ്ങുകയായിരുന്നു. അവരില്‍ പലരും റെഡ് ആര്‍മിയില്‍ ചേരുകയും ചെയ്തു. പട്ടിണി, ബോംബാക്രമണങ്ങള്‍, നിരന്തരമായ ഏറ്റുമുട്ടലുകള്‍ എല്ലാം നേരിട്ട് ഒടുവില്‍ 1935 ഒക്‌ടോബറില്‍ ചൈനയിലെ വന്‍മതിലിനു മുന്നില്‍ മാവോ അവശേഷിച്ച സൈനികരെ അണിനിരത്തി.
അനേകം കഷ്ടനഷ്ടങ്ങളും നിരവധി സഖാക്കളുടെ ജീവഹാനിയുമൊക്കെ ഉണ്ടായെങ്കിലും ലോംഗ് മാര്‍ച്ച് സിപിസിയെ സംഘടനാപരമായി ഏറെ ശക്തിപ്പെടുത്തി. വിപ്ലവ മുന്നേറ്റത്തിന്റെ സന്ദേശം ചൈനയെമ്പാടും പരന്നു. ശത്രുവിനെ അങ്കലാപ്പിലാക്കി. 14 വര്‍ഷങ്ങള്‍ക്കുശേഷം വിപ്ലവത്തിന്റെ വിജയം അത് ഉറപ്പാക്കുകയും ചെയ്തു. മാവോയെ എല്ലാ നേതാക്കളുടെയും നേതാവായി സ്ഥാപിച്ചെടുക്കാന്‍ ലോംഗ് മാര്‍ച്ച് ഉപകരിച്ചു. മാവോ പറയുന്നു: ”ലോംഗ് മാര്‍ച്ച് ചരിത്രത്തില്‍ മുമ്പൊരിക്കലും ഉണ്ടാകാത്ത സംഭവമാണ്. അത് ഒരാശയത്തിന്റെ പ്രാമാണികത ഉദ്‌ഘോഷിച്ചു. വമ്പിച്ചൊരു പ്രചാരണശക്തി കെട്ടഴിച്ചുവിട്ടു. പുതിയൊരു സമൂഹത്തിന് ബീജാവാപം ചെയ്തു. ചരിത്രത്തിലെവിടെയാണ് നമ്മുടേതുപോലൊരു ലോംഗ് മാര്‍ച്ച് നടന്നിട്ടുള്ളത്? 12 മാസക്കാലം നമ്മള്‍ ശത്രുസൈന്യങ്ങളുടെ നിരന്തര വ്യോമ നിരീക്ഷണത്തിനും ബോംബാക്രമണത്തിനും ഇരയായിക്കൊണ്ടിരുന്നു. കരയിലാകട്ടെ വമ്പന്‍ ശത്രുസേനകളുമായിട്ടുള്ള ഏറ്റുമുട്ടല്‍. അവര്‍ പലപ്പോഴും നമ്മെ വളഞ്ഞു, പിന്തുടര്‍ന്നു, നിരന്തരം ആക്രമിച്ചു. നമ്മള്‍ അഭിമുഖീകരിച്ചത് പറഞ്ഞറിയിക്കാനാകാത്ത യാതനകളും വിപത്തുകളുമാണ്. എന്നിട്ടും നമ്മള്‍ രണ്ടുകാലില്‍ നടന്ന് പതിനൊന്ന് പ്രോവിന്‍സുകള്‍ പിന്നിട്ട് ഇത്ര ദൂരം താണ്ടി. വമ്പിച്ചൊരു പ്രചാരണോപാധി കൂടിയായിരുന്നു അത്. വിമോചനത്തിലേയ്ക്കുള്ള ഒരേയൊരു പാത റെഡ് ആര്‍മിയുടേതാണെന്ന് ഇരുപത് കോടി ആളുകളോട് ലോംഗ് മാര്‍ച്ച് വിളംബരം ചെയ്തു. ലോംഗ് മാര്‍ച്ച് ഇല്ലായിരുന്നുവെങ്കില്‍, റെഡ് ആര്‍മിയാല്‍ സാക്ഷാത്ക്കരിക്കപ്പെടുന്ന ആ മഹത്തായ സത്യം എങ്ങനെയാണ് ഇത്ര വേഗം ഇത്രയധികം ആളുകള്‍ മനസ്സിലാക്കുക? ആരാണ് ലോംഗ് മാര്‍ച്ചിനെ വിജയത്തിലെത്തിച്ചത്? കമ്മ്യൂണിസ്റ്റ് പാര്‍ട്ടിതന്നെ…” (ജാപ്പനീസ് സാമ്രാജ്യത്വത്തിനെതിരായ അടവുകളെപ്പറ്റി, തിരഞ്ഞെടുത്ത കൃതികള്‍, വോള്യം-1)
ലോംഗ് മാര്‍ച്ച് സംഘടിപ്പിക്കുന്നതിലും അത് വിജയത്തിലെത്തിക്കുന്നതിലും മാവോ പ്രദര്‍ശിപ്പിച്ചത് അത്യുന്നതമായ വിപ്ലവ ധീരതയാണ്. ഒരു സംഭവം പറയാം. മാവോയും ഭാര്യയും ഒളിത്താവളം വിട്ട് പലായനം ചെയ്യുമ്പോള്‍ ആദ്യ സന്താനമായ പെണ്‍കുഞ്ഞിനെ ഒരു കര്‍ഷകസ്ത്രീയെ ഏല്‍പിച്ചു പോകേണ്ടിവന്നു. പിന്നീടുണ്ടായ ആണ്‍കുട്ടിക്ക് രണ്ടു വയസ്സായപ്പോള്‍ മാവോയുടെ സഹോദരന്റെ ഭാര്യയെ ഏല്‍പിച്ചു. അയാള്‍ 6 മാസത്തിനുള്ളില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടേക്കാമെന്ന് മാവോയ്ക്ക് അറിയാമായിരുന്നു. കുട്ടി എവിടെയാണെന്ന രഹസ്യവും അദ്ദേഹത്തോടൊപ്പം മണ്ണടിയുകയാണുണ്ടായത്. മകന്‍ എവിടെയാണെന്ന് സ്വന്തം ഭാര്യയോടുപോലും അദ്ദേഹം പറഞ്ഞിരുന്നില്ല. മാവോയുടെ വിപ്ലവത്തോടുള്ള കൂറും അവൈയക്തികമായ സമീപനവും വിളിച്ചോതുന്ന സംഭവങ്ങളിലൊന്നാണിത്.
വിപ്ലവം വിജയം വരിച്ച് 1949ല്‍ മാവോ ടിയാന്‍-അന്‍-മെന്‍ സ്‌ക്വയറില്‍ വമ്പിച്ച ജനാവലിയെ അഭിസംബോധന ചെയ്യവെ, ലോംഗ് മാര്‍ച്ചിലും മറ്റു വിപ്ലവ സമരങ്ങളിലും ജീവാര്‍പ്പണം ചെയ്ത അനേകം സഖാക്കളെ സ്മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കവിളുകളിലൂടെ കണ്ണുനീര്‍ ഒഴുകി. മാവോയുടെ ഹൃദയനൈര്‍മല്യവും സഖാക്കളോടുള്ള വൈകാരികബന്ധവും ഏതൊരു വിപ്ലവ നേതാവിനെയുംപോലെതന്നെ അങ്ങേയറ്റം ആഴമാര്‍ന്നതായിരുന്നു.
ജപ്പാന്റെ അധിനിവേശം
റെഡ് ആര്‍മിക്കെതിരായ ആഭ്യന്തരയുദ്ധം തുടരുന്നതിനായി പടിഞ്ഞാറന്‍ സാമ്രാജ്യത്വ ശക്തികളുടെ സഹായം സ്വീകരിച്ച ചിയാങ് ഭരണം അവര്‍ക്ക് സമ്പൂര്‍ണമായും വിധേയമായിരിക്കുന്നു എന്ന് നിരീക്ഷിച്ച ജപ്പാന്‍ സാമ്രാജ്യത്വം, 1931 സെപ്തംബര്‍ 18ന് വടക്കുകിഴക്കന്‍ ചൈനയ്ക്കുമേല്‍ വന്‍തോതിലുള്ള കടന്നുകയറ്റം ആരംഭിച്ചു. ഇതിനെ ചെറുക്കാന്‍ തയ്യാറാകാതിരുന്ന ചിയാങ് ഭരണം വടക്കുകിഴക്കന്‍ ചൈന ആകെയും വടക്കന്‍ ചൈനയുടെ കുറെ ഭാഗവും എളുപ്പത്തില്‍ ജപ്പാന്റെ നിയന്ത്രണത്തിലാകുന്നതിന് വഴിയൊരുക്കി.
എന്നാല്‍ ചൈനയുടെ രാഷ്ട്രീയ രംഗത്ത് ജാപ്പനീസ് കടന്നുകയറ്റം വന്‍തോതിലുള്ള മാറ്റങ്ങള്‍ക്കിടയാക്കി. ”ജാപ്പനീസ് സാമ്രാജ്യത്വത്തിനെതിരായ അടവുകള്‍” എന്ന തന്റെ ലേഖനത്തില്‍ മാവോ സെ തുങ് ഈ അധിനിവേശത്തെ നേരിടുന്നതിനാവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ അവതരിപ്പിച്ചു: ”ഏതാണ്ട് നൂറ് വര്‍ഷക്കാലമായി ചൈന പല സാമ്രാജ്യത്വ രാജ്യങ്ങളുടെയും ഒരു അര്‍ദ്ധ കോളനിയായി തുടരുകയാണ്. സാമ്രാജ്യത്വത്തിനെതിരായ ചൈനീസ് ജനതയുടെ ചെറുത്തുനില്‍പിന്റെയും സാമ്രാജ്യത്വ ശക്തികള്‍ക്കിടയിലെ സംഘര്‍ഷങ്ങളുടെയും ഫലമായി ഒരു അര്‍ദ്ധ സ്വതന്ത്ര അവസ്ഥ ചൈനയ്ക്ക് കൈവന്നിട്ടുണ്ട്…(ഇപ്പോള്‍) ജാപ്പനീസ് സാമ്രാജ്യത്വം ആഗ്രഹിക്കുന്നത് ചൈനയെ ഒരു കോളനി ആക്കാനാണ്… എന്നാല്‍ തൊഴിലാളികളും കര്‍ഷകരുമെല്ലാം ചെറുത്തുനില്‍പ് ആവശ്യപ്പെടുന്നു.
പെറ്റി ബൂര്‍ഷ്വാസിയും ചെറുത്തുനില്‍പാണ് ആഗ്രഹിക്കുന്നത്. ദേശീയ ബൂര്‍ഷ്വാസി സങ്കീര്‍ണമായ ഒരു പ്രശ്‌നമാണ് അവതരിപ്പിക്കുന്നത്. 1924-27ലെ വിപ്ലവത്തില്‍ ഈ വര്‍ഗം പങ്കെടുത്തു. എന്നാല്‍ വിപ്ലവം കണ്ട് ഭയന്ന ഇക്കൂട്ടര്‍ ജനങ്ങളുടെ ശത്രുവായ ചിയാങ്ങിനൊപ്പം ചേര്‍ന്നു. ഇന്നത്തെ സ്ഥിതിയില്‍ ഇവര്‍ക്ക് എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്നതാണ് പ്രശ്‌നം. ഉണ്ടാകുമെന്നാണ് നമ്മള്‍ വിചാരിക്കുന്നത്. ദേശീയ ബൂര്‍ഷ്വാസി ഭൂപ്രഭു വര്‍ഗത്തെയോ ദല്ലാള്‍ ബുര്‍ഷ്വാസിയെയോ പോലെയല്ല. അവര്‍ തമ്മില്‍ വ്യത്യാസമുണ്ട്. ദേശീയ ബൂര്‍ഷ്വാസി ഭൂപ്രഭു വര്‍ഗത്തിന്റെ അത്രയും ജന്മിത്ത സ്വഭാവമുള്ളതോ ദല്ലാള്‍ ബുര്‍ഷ്വാസിയുടെ അത്രയും ദല്ലാള്‍ സ്വഭാവമുള്ളതോ അല്ല. ചൈന ഒരു കോളനി ആയേക്കാം എന്ന ഭീഷണി നേരിടുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഈ വിഭാഗങ്ങളുടെ മനോഭാവത്തില്‍ ഒരു മാറ്റത്തിന് സാദ്ധ്യതയുണ്ട്. ഈ മാറ്റം അവരുടെ ചാഞ്ചാട്ട സ്വാഭാവത്തിലൂടെ പ്രകടമാകുന്നുണ്ട്. ഒരു വശത്ത് സാമ്രാജ്യത്വത്തോടുള്ള എതിര്‍പ്പ്, മറുവശത്ത് വിപ്ലവത്തോടുള്ള ഭയം. ഇത് രണ്ടിനുമിടയില്‍ ആടിക്കളിക്കുകയാണവര്‍…വര്‍ഗബന്ധങ്ങളുടെ കാര്യം പറഞ്ഞാല്‍ മാറിയ സാഹചര്യം ചൈനയുടെ വര്‍ഗബന്ധങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ടെന്ന് വ്യക്തമാണ്. ദേശീയ വിപ്ലവത്തിന്റെ ചേരിയെ അത് ശക്തിപ്പെടുത്തുകയും പ്രതിവിപ്ലവചേരിയെ ദുര്‍ബലപ്പെടുത്തുകയും ചെയ്തിരിക്കുന്നു എന്ന് ചുരുക്കിപ്പറയാം… പാര്‍ട്ടിയുടെ അടിസ്ഥാന തന്ത്രത്തെ സംബന്ധിച്ച കര്‍ത്തവ്യമെന്താണ്? വിശാലാടിസ്ഥാനത്തിലുള്ള ഒരു വിപ്ലവ ഐക്യമുന്നണി ദേശീയതലത്തില്‍ രൂപീകരിക്കുക എന്നതുതന്നെയാണത്. വിപ്ലവ സാഹചര്യം മാറുമ്പോള്‍ വിപ്ലവത്തിന്റെ തന്ത്രത്തിലും വിപ്ലവനേതൃത്വത്തിന്റെ സമീപനത്തിലും അതിനനുസരിച്ചുള്ള മാറ്റമുണ്ടാകണം.
ഇതുവരെ വന്‍കിട ഭൂപ്രഭുക്കളും ദല്ലാള്‍ വിഭാഗങ്ങളും ചേര്‍ന്നുള്ള ആഭ്യന്തര പ്രതിവിപ്ലവ ശക്തികള്‍ ജനകീയ വിപ്ലവ ശക്തികളേക്കാള്‍ ശക്തമായിരുന്നു. ജാപ്പനീസ് സാമ്രാജ്യത്വത്തെയും ചൈനയിലെ പ്രതിവിപ്ലവ ശക്തികളെയും തൂത്തെറിയാന്‍ ചെറിയ ശക്തികള്‍ക്ക് സാദ്ധ്യമല്ല. അതുകൊണ്ടുതന്നെ നമ്മള്‍ വലിയ ശക്തി സമാഹരിക്കേണ്ടതുണ്ട്. ചൈനയില്‍ ഇന്ന് പ്രതിവിപ്ലവ ശക്തികള്‍ മുമ്പത്തേക്കാള്‍ ദുര്‍ബലരും വിപ്ലവശക്തികള്‍ കരുത്തരും ആയിട്ടുണ്ട്…ദേശീയ തലത്തില്‍ വിശാലമായ ഐക്യമുന്നണി രൂപീകരിക്കണമെങ്കില്‍ വിപ്ലവ, പ്രതിവിപ്ലവ ശക്തികളുടെ വര്‍ഗ വിന്യാസത്തില്‍ വരുന്ന മാറ്റങ്ങള്‍ കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. ഇരുകൂട്ടരുടെയും ശക്തിയും ദൗര്‍ബല്യവും കണക്കിലെടുത്തില്ലെങ്കില്‍ വിശാലമായ ദേശീയ ഐക്യമുന്നണിയുടെ ആവശ്യകത നമുക്ക് മനസ്സിലാകില്ല. വിശാല ജനവിഭാഗങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിലുള്ള വൈമുഖ്യത്തില്‍നിന്ന് പുറത്തുകടക്കാനും ആകില്ല. ഐക്യമുന്നണിയെ ഉപാധിയാക്കിക്കൊണ്ട് ജനലക്ഷങ്ങളെ അണിനിരത്തുകയും വിപ്ലവത്തോട് സൗഹൃദം പുലര്‍ത്തുന്ന മുഴുവന്‍ ശക്തികളെയും സമാഹരിക്കുകയും ചെയ്തുകൊണ്ട് മുഖ്യലക്ഷ്യത്തിലേയ്ക്ക് മുന്നേറാനും, ജാപ്പനീസ് സാമ്രാജ്യത്വത്തിനും അവരുടെ വാലാട്ടികളായ ചൈനീസ് വഞ്ചകര്‍ക്കും പ്രഹരമേല്‍പിക്കാനും കഴിയില്ല…” (ജാപ്പനീസ് സാമ്രാജ്യത്വത്തിനെതിരായ അടവുകള്‍, തിരഞ്ഞെടുത്ത കൃതികള്‍, വോള്യം-1)
1937 ജൂലൈ 7ന് ജാപ്പനീസ് അധിനിവേശ സേന ലുക്കാച്ചി യാവോയിലുള്ള ചൈനീസ് സൈനികത്താവളം ആക്രമിച്ചു. ബീജിംഗിന് 10 കി.മീ. തെക്കുപടിഞ്ഞാറായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. ജൂലൈ 8ന് ചെയര്‍മാന്‍ മാവോയുടെ നേതൃത്വത്തില്‍ സിപിസി പുറത്തിറക്കിയ മാനിഫെസ്റ്റോ ഈ അധിനിവേശത്തെ ചെറുക്കാന്‍ ജനങ്ങളോട് ഇപ്രകാരം ആഹ്വാനം ചെയ്തു: ”ദേശവാസികളേ! വടക്കന്‍ ചൈന അപകടത്തില്‍ പെട്ടിരിക്കുകയാണ്! ചൈന ആകെത്തന്നെ വലിയ വിപത്തിനെ നേരിടുന്നു. രാജ്യം ഒറ്റക്കെട്ടായിനിന്ന് ചെറുത്തുനില്‍ക്കുക മാത്രമേ ഇനി പോംവഴിയുള്ളൂ. അടിയന്തരവും നിശ്ചയദാര്‍ഢ്യത്തോടെയുള്ളതുമായ ചെറുത്തുനില്‍പ് ജപ്പാന്റെ അധിനിവേശ സേനയ്‌ക്കെതിരെ നടത്തണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാനുള്ള തയ്യാറെടുപ്പുകള്‍ ഉടനടി നടത്തണം. അധിനിവേശകരോട് യാചിച്ചുകിട്ടുന്ന അടിമത്തത്തില്‍ സമാധാനമായി കഴിയാമെന്ന ചിന്താഗതി രാജ്യത്ത് ഒരാളും വച്ചുപുലര്‍ത്തരുത്… ചിയാങ് കൈഷേക്കിന്റെ പ്രഖ്യാപനത്തെ ഞങ്ങള്‍ ശക്തമായി പിന്തുണയ്ക്കുന്നു. കൂമിന്താങ്ങിന്റെ പ്രവര്‍ത്തകരോടും മുഴുവന്‍ ജനങ്ങളോടുമൊപ്പംനിന്ന് മാതൃരാജ്യത്തിന്റെ രക്ഷയ്ക്കായി അവസാനതുള്ളി രക്തംവരെ പൊരുതാന്‍ ഞങ്ങള്‍ തയ്യാര്‍. ഇതിന് തയ്യാറല്ലാത്ത എല്ലാവരോടും ഞങ്ങള്‍ക്ക് വിയോജിപ്പാണ്…”
റെഡ് ആര്‍മിയുമായി കൈകോര്‍ക്കാന്‍ തുടക്കത്തില്‍ ചിയാങ് തയ്യാറായിരുന്നില്ല എന്ന കാര്യം ഓര്‍ക്കണം. സൈനിക നേതൃത്വത്തിലൊരു വിഭാഗവും മറ്റു നേതാക്കളും അദ്ദേഹത്തെ നിര്‍ബന്ധിതനാക്കുകയായിരുന്നു. കൃത്യമായി പറഞ്ഞാല്‍ മാവോയുടെ അടുത്തേയ്ക്ക് ചിയാങിനെ പിടിച്ചുകൊണ്ടു വരികയായിരുന്നു. ജാപ്പനീസ് അധിനിവേശത്തെ തുരത്താനായി റെഡ് ആര്‍മിയുമായി സഖ്യമുണ്ടാക്കുന്നതിന് അനുമതി നല്‍കാന്‍ അദ്ദേഹം അങ്ങനെ നിര്‍ബന്ധിതനായി. രാജ്യവ്യാപകമായി നടന്ന ജപ്പാന്‍വിരുദ്ധ പ്രക്ഷോഭത്തിന്റെ സ്വാധീനം മൂലമാണ് ചൈനീസ് സേന ചെറുത്തുനില്‍പിന് തയ്യാറായത്. സംയുക്ത സേനയെ നയിക്കാന്‍ ചിയാങ്ങിനെ മാവോ അനുവദിച്ചെങ്കിലും പല തരത്തിലുള്ള വൈരുദ്ധ്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യ ചെയ്തും സാഹചര്യത്തിലെ മാറ്റങ്ങള്‍ കൃത്യമായി വിലയിരുത്തിയും റെഡ് ആര്‍മി അതിന്റെ മേധാവിത്വം സ്ഥാപിച്ചെടുക്കുക തന്നെ ചെയ്തു. ജപ്പാനെതിരായ ചൈനീസ് ജനതയുടെ 8 വര്‍ഷം നീണ്ട ധീരോദാത്തമായ ചെറുത്തുനില്‍പുയുദ്ധത്തിന് തുടക്കം കുറിച്ചത് ഇപ്രകാരമായിരുന്നു.
ഐക്യമുന്നണിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പലതരത്തിലുള്ള ആശയക്കുഴപ്പങ്ങളെ ദൂരീകരിച്ചുകൊണ്ടും വ്യത്യസ്ത പ്രവണതകളെ വിശകലനം ചെയ്തുകൊണ്ടും, ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ഐക്യമുന്നണി രൂപീകരി ക്കേണ്ടത് എന്തുകൊണ്ടെന്നും അതുസംബന്ധിച്ച് ശരിയായ ധാരണ എന്തായിരിക്കണമെന്നും 1940ല്‍ മാവോ ഇപ്രകാരം വിശദീകരിച്ചു: ”ജപ്പാന്‍വിരുദ്ധ പോരാട്ടത്തിനായുള്ള ഐക്യമുന്നണിയുടെ കാലത്ത് ഐക്യത്തിലെത്താനുള്ള മാര്‍ഗം സമരവും, ഐക്യം സമരത്തിന്റെ ലക്ഷ്യവുമാണ്. സമരത്തിലൂടെ കൈവരിക്കുന്ന ഐക്യം നിലനില്‍ക്കും. വിധേയത്വത്തിലൂടെ കൈവരുന്ന ഐക്യം തകര്‍ന്നുപോകും. പാര്‍ട്ടി സഖാക്കള്‍ ക്രമേണ ഈ സത്യം മനസ്സിലാക്കി. ഇനിയും ഇത് മനസ്സിലാകാത്തവരുണ്ട്. സമരം ഐക്യമുന്നണിയില്‍ വിള്ളലുണ്ടാക്കുമെന്ന് ചിലര്‍ കരുതുന്നു. മറ്റു ചിലരാകട്ടെ യാതൊരു നിയന്ത്രണവുമില്ലാത്ത സമരത്തിനുവേണ്ടി നിലകൊള്ളുന്നു… ഇതെല്ലാം തിരുത്തപ്പെടേണ്ടതുണ്ട്.” (ജപ്പാന്‍ വിരുദ്ധ ഐക്യമുന്നണിയുടെ അടവുകള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍, തിരഞ്ഞെടുത്ത കൃതികള്‍, വോള്യം-2)
ചൈനയുടെ സാമ്പത്തിക-രാഷ്ട്രീയ-സാമൂഹ്യ സാഹചര്യത്തെ സംബന്ധിച്ച
ശരിയായ വിലയിരുത്തല്‍
ചൈനയുടെ മൂര്‍ത്ത സാഹചര്യത്തില്‍ മാര്‍ക്‌സിസം-ലെനിനിസമെന്ന ശാസ്ത്രം പ്രയോഗിച്ചു കൊണ്ട് മാവോ വിശദീകരിച്ചു: ”ചൈന ഒരു സ്വതന്ത്ര ജനാധിപത്യ രാഷ്ട്രമല്ല; അര്‍ദ്ധ ഫ്യൂഡല്‍- അര്‍ദ്ധ കൊളോണിയല്‍ രാജ്യമാണ്. ചൈനയില്‍ ആഭ്യന്തര ജനാധിപത്യമില്ല, ജന്മിത്ത ചൂഷണ വ്യവസ്ഥയാണുള്ളത്. ചൈന ദേശീയ സ്വാതന്ത്ര്യം നേടിയിട്ടില്ല, സാമ്രാജ്യത്വശക്തികളുടെ ചൂഷണത്തിന് ഇരയായിട്ടുള്ള രാജ്യമാണ്.(തിരഞ്ഞെടുത്ത കൃതികള്‍, വോള്യം-2)
ദേശീയ ബൂര്‍ഷ്വാ വ്യവസ്ഥ ജീര്‍ണവും മരണാസന്നവുമായ ഘട്ടത്തിലെത്തിയിരിക്കുന്നു. മുതലാളിത്തവിരുദ്ധ സോഷ്യലിസ്റ്റ് വിപ്ലവത്തെക്കുറിച്ചുള്ള ഭീതി അതിനെ സദാ വേട്ടയാടിക്കൊണ്ടിരിക്കുന്നു. അത് ജന്മിത്തവുമായി ഒത്തുതീര്‍പ്പിലെത്തുകയും പരിഷ്‌കരണവാദപരമായ നിലപാട് സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. അതുകൊണ്ടുതന്നെ ദേശീയ ബൂര്‍ഷ്വാസിയാല്‍ നയിക്കപ്പെടുന്ന ദേശീയ സ്വാതന്ത്ര്യ സമരങ്ങള്‍ക്ക് പൂര്‍ണ വിജയം കൈവരിക്കുക സാദ്ധ്യമല്ല. മുതലാളിത്തം സാമ്രാജ്യത്വ ഘട്ടത്തിലെത്തിയതുമൂലം അതിന്റെ സ്വഭാവത്തിലുണ്ടായിരിക്കുന്ന ഈ സവിശേഷതകള്‍ വിശദീകരിച്ചത് ലെനിനിസമാണ്. സാമൂഹ്യവിപ്ലവങ്ങള്‍ വിജയത്തിലെത്താന്‍ ഇനി അത് തൊഴിലാളിവര്‍ഗത്താല്‍ നയിക്കപ്പെടണമെന്നും ലെനിനിസം സമര്‍ത്ഥിക്കുന്നു. ഈ വിപ്ലവങ്ങളുടെ സ്വഭാവം നിര്‍ണയിക്കുന്നത് ഓരോ രാജ്യത്തെയും സവിശേഷ സാഹചര്യങ്ങളായിരിക്കും. ലെനിനിസത്തിന്റെ ഈ പാഠമുള്‍ക്കൊണ്ട് മാവോ വിശദീകരിക്കുന്നു: ”ചൈനയിലെ ബൂര്‍ഷ്വാ ജനാധിപത്യ വിപ്ലവം ഒരു പുതിയ തരത്തിലുള്ളതായിരിക്കും. വിപ്ലവ ശക്തികളുടെ വര്‍ഗവിന്യാസം കണക്കിലെടുത്താല്‍ അത് ലോക തൊഴിലാളിവര്‍ഗ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ഭാഗമായിരിക്കും… ഒരു അര്‍ദ്ധ കൊളോണിയല്‍ രാജ്യമായ ചൈനയിലെ വിപ്ലവമെന്ന നിലയില്‍, സാമൂഹിക സ്വഭാവത്തില്‍, ആദ്യഘട്ടത്തില്‍ അത് അടിസ്ഥാനപരമായി ബൂര്‍ഷ്വാ ജനാധിപത്യ വിപ്ലവമായിരിക്കുമെങ്കിലും, മുതലാളിവര്‍ഗം നയിച്ച പഴയ വിപ്ലവങ്ങളുടെ ഗണത്തില്‍പെടുന്ന ഒന്നായിരിക്കില്ല; തൊഴിലാളിവര്‍ഗത്താല്‍ നയിക്കപ്പെടുന്ന ഒരു പുതിയതരം വിപ്ലവമായിരിക്കുമത്.” (തിരഞ്ഞെടുത്ത കൃതികള്‍, വോള്യം-2)
ദേശീയ സ്വാതന്ത്ര്യ സമരമെന്ന പേരില്‍ ചിയാങ് കൈഷേക് നയിച്ച സമരം, ലെനിന്റെ ഈ പാഠം ശരിയെന്ന് തെളിയിക്കുകയും മാവോ അത് പിന്തുടര്‍ന്നുവെന്ന് ബോദ്ധ്യപ്പെടുത്തുകയും ചെയ്തു. ദേശീയ ബൂര്‍ഷ്വാസിതന്നെ ”ദേശീയ താല്‍പര്യം” കശാപ്പു ചെയ്യുന്നതിനാണ് ചൈന അന്ന് സാക്ഷ്യം വഹിച്ചത്. മാവോയാകട്ടെ, ശരിയായ വിശകലനത്തിലൂടെ വിപ്ലവഘട്ടം, വിപ്ലവത്തിന്റെ തന്ത്രവും അടവും എന്നിവയൊക്കെ കൃത്യമായി വിശദീകരിച്ചു.
മാവോ വിശദീകരിക്കുന്നു: ”ചൈനയില്‍ ഉപയോഗിക്കാന്‍ പാകത്തില്‍ ഒരു പാര്‍ലമെന്റോ തൊഴിലാളി പണിമുടക്കങ്ങള്‍ നടത്താന്‍ നിയമപരമായ അവകാശമോ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വിപ്ലവം തുടങ്ങുന്നതിനുമുമ്പ് നിയമാനുസൃത സമരങ്ങളുടെ ഘട്ടത്തിലൂടെ കടന്നുപോകുക എന്നതായിരുന്നില്ല യഥാര്‍ത്ഥത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കര്‍ത്തവ്യം. ആദ്യം പട്ടണങ്ങള്‍ പിടിച്ചെടുത്തിട്ട് ഗ്രാമങ്ങളിലേയ്ക്ക് തിരിയുക എന്നതുമായിരുന്നില്ല ചെയ്യേണ്ടിയിരുന്നത്. മുതലാളിത്ത രാജ്യങ്ങളും ചൈനയും തമ്മിലുള്ള വ്യത്യാസം വെളിവാക്കുന്ന കാര്യങ്ങളാണിതെല്ലാം.”(തിരഞ്ഞെടുത്ത കൃതികള്‍, വോള്യം-2)
ചൈനീസ് മാതൃക അന്ധമായി അനുകരിക്കുന്നതിന് എതിരെയും മാവോ മുന്നറിയിപ്പ് നല്‍കി: ”ഗ്രാമങ്ങളില്‍ അടിത്തറ സൃഷ്ടിച്ചുകൊണ്ട് പട്ടണങ്ങളെ വളയുകയും തുടര്‍ന്ന് അവ പിടിച്ചെടുക്കുകയും ചെയ്യുക എന്ന ചൈനീസ് വിപ്ലവ പദ്ധതിയില്‍നിന്ന് നിങ്ങള്‍ക്ക് പാഠങ്ങള്‍ ഉള്‍ക്കൊള്ളാം. എന്നാല്‍ നിങ്ങളുടെ രാജ്യത്ത് ഇത് ഇതേപടി പ്രായോഗികമാകണമെന്നില്ല. ചൈനയുടെ വിപ്ലവാനുഭവങ്ങള്‍ യാന്ത്രികമായി പറിച്ചുനടരുതെന്നാണ് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്. ഒരു രാജ്യത്തെയും വിപ്ലവത്തെ വരട്ടുവാദപരമായി അനുകരിക്കരുത്, അതില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയേ ചെയ്യാവൂ.”(തിരഞ്ഞെടുത്ത കൃതികള്‍, വോള്യം-5)
നിയമപരമായ പോരാട്ടങ്ങള്‍ക്ക്, അതായത് ജനാധിപത്യ സമരങ്ങള്‍ക്ക് സാദ്ധ്യത ഇല്ലാതിരുന്നതിനാല്‍ ചൈനയുടെ മോചനത്തിനായി ഗറില്ലാ യുദ്ധതന്ത്രത്തിനും വിമോചിത മേഖലകള്‍ സൃഷ്ടിക്കുന്നതിനും മാവോ ഊന്നല്‍ നല്‍കി. സായുധപോരാട്ടത്തിന്റെ മാര്‍ഗമായി അവ സ്വീകരിച്ചു. എന്നാല്‍ അതോടൊപ്പം ഇപ്രകാരം മുന്നറിയിപ്പും നല്‍കി: ”ഗറില്ലാ പ്രവര്‍ത്തനം തനതായ ഒരു യുദ്ധതന്ത്രമായി കാണരുത്. ആകമാനമുള്ള യുദ്ധതന്ത്രത്തിലെ ഒരു നീക്കം, വിപ്ലവസമരത്തിലെ ഒരു രീതി മാത്രമാണത്…” (തിരഞ്ഞെടുത്ത കൃതികള്‍, വോള്യം-4) തുടര്‍ന്ന് അദ്ദേഹം വ്യക്തമാക്കി: ”ഇന്നത്തെ ആധുനിക വാര്‍ത്താവിനിമയ സൗകര്യങ്ങളുടെയും സാങ്കേതിക വികാസത്തിന്റെയും കാലത്ത്, കുറെ നിഷേധികള്‍ കറങ്ങിനടന്ന് ആക്രമണങ്ങള്‍ നടത്തി വിപ്ലവം വിജയിപ്പിക്കാം എന്നു കരുതുന്നത് മൗഢ്യമായിരിക്കും”(തിരഞ്ഞെടുത്ത കൃതികള്‍, വോള്യം-11)
ഒരിക്കല്‍ മാവോ പറഞ്ഞു: ”രാഷ്ട്രീയാധികാരം തോക്കിന്‍കുഴലിലൂടെയാണ് വരിക… ജന്മിത്ത വ്യവസ്ഥയില്‍ ചിതറിക്കിടക്കുന്ന ഒരു രാജ്യത്ത് കൂടുതല്‍ ആയുധങ്ങള്‍ ഉള്ളവര്‍ക്ക് കൂടുതല്‍ അധികാരവും ഉണ്ടായിരിക്കും. അത്തരമൊരു സാഹചര്യത്തിലകപ്പെട്ടാല്‍ തൊഴിലാളിവര്‍ഗ പാര്‍ട്ടി ഈ വിഷയത്തിന്റെ മര്‍മം ഗ്രഹിക്കുകതന്നെ വേണം… സായുധ പോരാട്ടം നടത്താതെ തൊഴിലാളിവര്‍ഗത്തിനോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കോ ചൈനയില്‍ ഒരു നിലനില്‍പും ഉണ്ടാകില്ല, ഒരു വിപ്ലവ കടമയും അതിന് പൂര്‍ത്തീകരിക്കാനും ആകില്ല.”(തിരഞ്ഞെടുത്ത കൃതികള്‍, വോള്യം-2)
തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കാതിരിക്കാന്‍ മാവോതന്നെ ഇപ്രകാരം വ്യക്തമാക്കി: ” ‘ആയുധമാണ് എല്ലാം നിര്‍ണയിക്കുന്നത്’ എന്ന സിദ്ധാന്തം യാന്ത്രിക സമീപനത്തില്‍നിന്ന് വരുന്നതാണ്. യുദ്ധത്തില്‍ ആയുധത്തിന് പ്രാധാന്യമുണ്ട്, എന്നാലത് നിര്‍ണായക ഘടകമല്ല. വസ്തുക്കളല്ല, ജനങ്ങളാണ് നിര്‍ണായകമായിട്ടുള്ളത്. ബലപരീക്ഷണം ഒരു സൈന്യത്തിന്റെയോ സാമ്പത്തിക ശക്തിയുടെയോ മാത്രമല്ല, മാനവികവും ധാര്‍മികവുമായ ശക്തിയുടേതുകൂടിയാണ്.”(തിരഞ്ഞെടുത്ത കൃതികള്‍, വോള്യം-2) തുടര്‍ന്നുള്ള 20 വര്‍ഷംകൊണ്ട് ചൈനീസ് വിപ്ലവം കൈവരിച്ച വിജയം മാവോയുടെ വിശകലനങ്ങള്‍ തീര്‍ത്തും ശരിയായിരുന്നു എന്ന് സ്ഥാപിക്കുന്നതായിരുന്നു.
വസ്തുനിഷ്ഠവും ആത്മനിഷ്ഠവുമായ അവശ്യമുന്നുപാധികൾ പൂർത്തീകരിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നതാണ് വിപ്ലവത്തിന്റെ വിജയമെന്ന് മാർക്സിസ്റ്റ് – ലെനിനിസ്റ്റുകൾക്ക് അറിയാം. ചൂഷകവർഗ്ഗത്തിന്റെ ഭരണത്തിലൂടെ നിരന്തരമായുണ്ടാകുന്ന ആക്രമണങ്ങൾമൂലം ജനങ്ങളുടെ ദുരിതങ്ങൾ ഏറുന്നു. പട്ടിണി, ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങിയവയൊക്കെ വാനോളം ഉയരുന്നു. ഇതോടൊപ്പം മുതലാളിത്ത സമ്പദ്ഘടനയുടെ കൂടെപ്പിറപ്പായ പ്രതിസന്ധിയും അസന്തുലിതാവസ്ഥയും കൂടെയാകുമ്പോൾ വിപ്ലവത്തിനുള്ള വസ്തുനിഷ്ഠസാഹചര്യം സൃഷ്ടിക്കപ്പെടുന്നു. എന്നാൽ ഇതുകൊണ്ടുമാത്രം വിപ്ലവം വിജയിക്കില്ല. ഇതോടൊപ്പം ആത്മനിഷ്ഠസാഹചര്യംകൂടെ പക്വമാകണം. അദ്ധ്വാനിച്ചുജീവിക്കുന്ന ജനവിഭാഗങ്ങൾ അതിനായി കാര്യമായ തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട്.
ലെനിനിസ്റ്റ് സംഘടനാതത്വത്തിന്റെ അടിസ്ഥാനത്തിൽ കെട്ടിപ്പടുക്കപ്പെട്ട ഒരു ശരിയായ വിപ്ലവപാർട്ടി അനിവാര്യമാണ്. ജീവിതത്തിന്റെ എല്ലാ വശങ്ങളും ഉൾക്കൊള്ളുന്ന ശരിയായ വിപ്ലവസിദ്ധാന്തത്താൽ സായുധമായ അത്തരമൊരു പാർട്ടിക്കുമാത്രമേ ജനങ്ങളുടെ രാഷ്ട്രീയ ബോധനിലവാരമുയർത്തി അവരെ വിപ്ലവപാതയിലേയ്ക്ക് ആനയിക്കാൻ കഴിയൂ. സമഗ്രമായൊരു പ്രത്യയശാസ്ത്രസമരം കെട്ടഴിച്ചുവിടുകയും ജനങ്ങളെ വർഗ്ഗബഹുജന സമരങ്ങളുടെ തീച്ചൂളയിലൂടെ ഉരുക്കുപോലെ ഉറപ്പിച്ചെടുക്കുകയും ചെയ്യുന്ന സർവ്വാശ്ലേഷിയായ ഒരു സോഷ്യലിസ്റ്റ് മുന്നേറ്റം സൃഷ്ടിച്ചെടുക്കേണ്ടത് ഇവിടെ അനിവാര്യമാകുന്നു. ഇത്തരത്തിലൊരു ശരിയായ വിപ്ലവപ്പാർട്ടിയുടെ ഉദയം ആത്മനിഷ്ഠസാഹചര്യം പാകമാകുന്നതിന്റെ അവശ്യമുന്നുപാധിയാണ്.
ഒരു സായുധ പോരാട്ടത്തിലേയ്ക്ക് നീങ്ങുന്നതിനുമുമ്പ് വിപ്ലവത്തിനനുകൂലമായ വ്യാപകമായ ജനപിന്തുണ ആർജ്ജിച്ചെടുക്കേണ്ടത് അത്യാവശ്യമാണ്. തൊഴിലാളിവർഗ്ഗത്തിന്റെ മുന്നണിപ്പടയെന്നനിലയിൽ തൊഴിലാളിവർഗ്ഗ വിപ്ലവപാർട്ടിയാണ് വിപ്ലവത്തെ നയിക്കുന്നത്. എന്നാൽ പാർട്ടി അംഗങ്ങളും പ്രവർത്തകരും ചൂഷിത ജനതയുടെ ഒരു ചെറിയ പങ്കുമാത്രമേ വരൂ. പാർട്ടിപ്രവർത്തകർക്കുമാത്രമായി വിപ്ലവം നടത്താനാകില്ല. അതുകൊണ്ടാണ് ലെനിൻ പറഞ്ഞത്, “മുന്നണി വിഭാഗത്തെക്കൊണ്ടുമാത്രം വിപ്ലവം വിജയിക്കില്ല. മുന്നണിവിഭാഗത്തെ നേരിട്ട് പിന്തുണയ്ക്കുന്നതോ ചുരുങ്ങിയപക്ഷം ശത്രുവിനെ പിന്തുണയ്ക്കാതെ അനുഭാവപൂർണമായ നിക്ഷ്പക്ഷത പുലർത്തുന്നതോ ആയ ഒരു നിലപാട് വിശാലജനവിഭാഗങ്ങൾ സ്വീകരിക്കുന്നതിനുമുമ്പ് നിർണായ പോരാട്ടത്തിലേയ്ക്ക് മുന്നണിപ്പടയെ തള്ളിവിടുന്നത് വിഡ്ഢിത്തം മാത്രമല്ല, കുറ്റകരം തന്നെയാണ്. വിപ്ലവം സാധ്യമാകണമെങ്കിൽ ജനങ്ങൾക്ക് അവരുടേതായ രാഷ്ട്രീയ അനുഭവങ്ങൾ ആർജ്ജിക്കാൻ അവസരം ലഭിച്ചിരിക്കണം.”(ഇടതുപക്ഷ കമ്മ്യൂണിസം ഒരു ബാലാരിഷ്ടത)
പാർട്ടി തീരുമാനിക്കുന്നതുകൊണ്ടുമാത്രം വിപ്ലവം ഉണ്ടാകില്ലെന്നും മാവോ സെ തുങ് നിരീക്ഷിക്കുന്നു. ഇന്നത്തേതുപോലെ ജീവിച്ചുപോയിട്ട് ഒരു കാര്യവുമില്ലെന്ന് ജനങ്ങൾക്ക് തോന്നുമ്പോഴാണ് വിപ്ലവം നടക്കുന്നത്. അദ്ദേഹം പറയുന്നു: “ഏതുകാര്യവും, എന്തുകൊണ്ട്, എങ്ങനെവേണം എന്നൊക്കെ കമ്മ്യൂണിസ്റ്റുകൾ എപ്പോഴും ചിന്തിക്കണം. ഏതുകാര്യവും യാഥാർത്ഥ്യത്തിന് നിരക്കുന്നതാണോ, അടിയുറച്ചതാണോ എന്ന് എപ്പോഴും ആലോചിക്കണം. ഒന്നിനെയും അന്ധമായി പിന്തുടരുകയോ, ഒന്നിനോടും അന്ധമായ വിധേയത്വം പുലർത്തുകയോ ചെയ്യരുത്.” (പാർട്ടി പ്രവർത്തനശൈലിയിലെ തെറ്റുതിരുത്തൽ, തിരഞ്ഞെടുത്ത കൃതികൾ, വോള്യം 3) അദ്ദേഹം മുന്നറിയിപ്പുതരുന്നു: “വസ്തുനിഷ്ഠവും ആത്മനിഷ്ഠവുമായ സാഹചര്യങ്ങൾ പരിഗണിക്കാത്ത, വീണ്ടുവിചാരമില്ലായ്മ ബാധിച്ച ചില സഖാക്കളുണ്ട്. സൂക്ഷ്മവും വിപുലവുമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ ഇവർ മിനക്കെടില്ല. വ്യാമോഹത്തിനടിപ്പെട്ട ഇക്കൂട്ടർ വലിയ കാര്യങ്ങൾ മാത്രമേ ചെയ്യാൻ തയ്യാറാകൂ. അട്ടിമറി പ്രവർത്തനത്തിന്റെ അവശിഷ്ടമാണിത്.” (ഒരു ചെറുവിഭാഗത്തെ സംഘടിപ്പിച്ചുകൊണ്ട് പ്രാദേശികമായ ലഹളകൾ സംഘടിപ്പിക്കുന്ന രീതി, തിരഞ്ഞെടുത്ത കൃതികൾ, വോള്യം 2, പേജ് 107)
തൊഴിലാളിവർഗ്ഗ വിപ്ലവപ്രവർത്തകർ, ജനങ്ങളെ വിരട്ടി രാഷ്ട്രീയനേട്ടമുണ്ടാക്കുകയോ വിപ്ലവ സമരങ്ങളിൽ പങ്കെടുക്കാനായി ഭീഷണിപ്പെടുത്തുകയോ അരുതെന്നാണ് മഹാനായ ലെനിനും മാവോയും പഠിപ്പിച്ചിട്ടുള്ളത്. വിപ്ലവത്തിലേയ്ക്ക് ജനങ്ങളെ ആകർഷിക്കാൻ മാർക്സിസം-ലെനിനിസമെന്ന ആയുധം അവരുടെ പക്കലുണ്ട്. ന്യായമായ ജനാധിപത്യ സമരവേദികളിൽ തീവ്രമായ ദാർശനിക-പ്രത്യയശാസ്ത്ര സമരങ്ങളിലൂടെ ജനങ്ങളുടെ രാഷ്ട്രീയബോധനിലവാരമുയർത്താനും മഹത്തായൊരു പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനത്താൽ വിപ്ലവപാതയിലണയാൻ അവരെ പ്രാപ്തരാക്കാനുമാണ് കമ്മ്യൂണിസ്റ്റ് വിപ്ലവകാരികൾ പരിശ്രമിക്കേണ്ടത്.
ഐതിഹാസികമായ സാംസ്കാരിക വിപ്ലവം
ചൈനയിലെ ഐതിഹാസികമായ സാംസ്കാരിക വിപ്ലവത്തിന്റെ വമ്പിച്ച പ്രാധാന്യം ഗ്രഹിക്കണമെങ്കിൽ അന്നത്തെ ലോകരാഷ്ട്രീയ സാഹചര്യം മനസ്സിലാക്കണം. ഫാസിസ്റ്റ് അച്ചുതണ്ടു ശക്തികൾക്കുമേൽ സോവിയറ്റ് യൂണിയൻ നേടിയ വിജയവും ലോകത്തിന്റെ മൂന്നിലൊന്ന് സോഷ്യലിസത്തിന്റെ പാത സ്വീകരിച്ചതും വിപ്ലവതൊഴിലാളിവർഗ്ഗ മുന്നേറ്റങ്ങളിൽ വമ്പിച്ച കുതിപ്പിന് ഇടയാക്കിയിരുന്നു. എന്നാൽ, 1953ൽ സ്റ്റാലിന്റെ നിര്യാണത്തിനുശേഷം ക്രൂഷ്ചേവിന്റെ നേതൃത്വത്തിലുള്ള ആധുനിക തിരുത്തൽവാദികൾ സോവിയറ്റ് യൂണിയനിൽ അധികാരം പിടിച്ചെടുക്കുകയും പല രാജ്യങ്ങളിലെയും കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വങ്ങളിൽ പരിഷ്കരണവാദ-തിരുത്തൽവാദ വ്യതിയാനം സംഭവിക്കുകയും ചെയ്തതോടെ വലിയ തിരിച്ചടിയുണ്ടായി. ഇരുപതാം പാർട്ടികോൺഗ്രസിൽ ക്രൂഷ്ചേവ് നടത്തിയ പ്രഖ്യാപനങ്ങളെ, തുടക്കത്തിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വവും മറ്റുപാർട്ടികളോടൊപ്പം പ്രകീർത്തിച്ചെങ്കിലും, അൽപം വൈകിയാണെങ്കിലും, സ്റ്റാലിനെ അപകീർത്തിപ്പെടുത്താനുള്ള നീക്കത്തിന്റെ വിനാശകരമായ ഫലം മാവോ തിരിച്ചറിഞ്ഞു. അദ്ദേഹം നിരീക്ഷിച്ചു: “ലെനിൻ നൽകിയ കരുത്തുറ്റ ആയുധം ചില സോവിയറ്റ് നേതാക്കൾ ഒരുപരിധിവരെ ഉപേക്ഷിച്ചിരിക്കുകയാണോ? വലിയൊരളവിൽ ഉപേക്ഷിച്ചിരിക്കുന്നു എന്നാണ് എന്റെ അഭിപ്രായം…ഇപ്പോൾ നിങ്ങൾ സ്റ്റാലിനെ ഉപേക്ഷിച്ചിരിക്കുന്നു, ഫലത്തിൽ ലെനിനെയും. ലെനിനിസത്തിന് ഉറച്ച ചുവടുവയ്പുകൾ നടത്തണമെങ്കിൽ…ആദ്യം നമ്മൾ സ്റ്റാലിനെ സംരക്ഷിക്കേണ്ടതുണ്ട്…” (സിപിസിയുടെ എട്ടാം കേന്ദ്രകമ്മിറ്റിയുടെ രണ്ടാം പ്ലീനറി സെഷനിൽ നടത്തിയ പ്രസംഗം)
ബൂർഷ്വാ പ്രത്യയശാസ്ത്രത്തിന്റെയും കമ്മ്യൂണിസ്റ്റ് വിരുദ്ധ ഗ്രൂപ്പുകളുടെയും സ്വാധീനവും ദുഷിച്ച പ്രവണതകളും തുടച്ചുനീക്കുന്നതിനായി, മുഴുവൻ പാർട്ടിയെയും ഉൾക്കൊള്ളുന്ന തീവ്രവും സർവ്വാംഗീണവുമായ ഒരു പ്രത്യയശാസ്ത്രസമരം കെട്ടഴിച്ചുവിടാൻ സിപിഎസ് യുവിന്റെ 19-ാം കോൺഗ്രസിൽ സ്റ്റാലിൻ ആഹ്വാനം ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ മൂർത്തമായ പദ്ധതികൾക്ക് രൂപം നൽകുന്നതിനുമുമ്പ് അദ്ദേഹം അന്തരിച്ചു. തുടർന്ന് പാർട്ടിയുടെ വിവിധ ഘടകങ്ങളിലെ നേതാക്കളുടെയും പ്രവർത്തകരുടെയും താഴ്ന്ന പ്രത്യയശാസ്ത്രനിലവാരം മുതലെടുത്തുകൊണ്ട് പ്രതിവിപ്ലവശക്തികൾ അധികാരം പിടിച്ചെടുക്കുകയും തിരിച്ചുപോക്ക് ആരംഭിക്കുകയും ചെയ്തു. പ്രത്യക്ഷമായോ പരോക്ഷമായോ തിരുത്തൽവാദ ലൈൻ പിന്തുടർന്നാൽ മുതലാളിത്ത പുന:സ്ഥാപനത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പു നൽകിക്കൊണ്ട് മാവോ സെ തുങ് ഇപ്രകാരം ചൂണ്ടിക്കാണിച്ചു: “സോഷ്യലിസ്റ്റ് രാജ്യങ്ങളിൽ വർഗ്ഗങ്ങൾ നിലനിൽക്കുന്നുണ്ടോ? വർഗ്ഗസമരം നിലവിലുണ്ടോ? ഇവ രണ്ടും തീർച്ചയായും നിലനിൽക്കുന്നുവെന്ന് നമുക്ക് നിസ്സംശയം പറയാം. ലെനിൻ പറഞ്ഞു: വിപ്ലവം വിജയം വരിച്ചെങ്കിലും സാർവ്വദേശീയമായി മുതലാളിവർഗ്ഗം നിലനിൽക്കുന്നു, മുതലാളിത്ത അവശിഷ്ടങ്ങളും നിലനിൽക്കുന്നു. പെറ്റിബൂർഷ്വാസിയും നിലനിൽക്കുന്നുണ്ടെന്നുമാത്രമല്ല, അത് ബൂർഷ്വാസിക്ക് ജന്മം നൽകിക്കൊണ്ടിരിക്കുകയും െചയ്യുന്നു. അതുകൊണ്ടുതന്നെ രാജ്യത്ത് അധികാരത്തിൽനിന്ന് പുറന്തള്ളപ്പെട്ട വർഗ്ഗങ്ങൾ ദീർഘകാലത്തേയ്ക്ക് നിലനിൽക്കുകയും മുതലാളിത്ത പുന:സ്ഥാപനത്തിന് ശ്രമിക്കുകയും ചെയ്യും…പഴയ സഖാക്കളും ഇക്കാര്യങ്ങൾ മനസ്സിലാക്കുകയും പഠിക്കുകയുംവേണം. അല്ലാത്തപക്ഷം നമ്മുടേതുപോലൊരു രാജ്യം ഇനിയും എതിർദിശയിലേയ്ക്ക് സഞ്ചരിച്ചെന്നുവരാം. അങ്ങനെ സംഭവിച്ചാലും നിഷേധത്തിന്റെ നിഷേധം എന്ന തത്വപ്രകാരം വീണ്ടും എതിർദിശയിൽ സഞ്ചരിക്കുകയും സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ എത്തുകയും ചെയ്യും. എന്നാൽ നമ്മുടെ ഇളംതലമുറ തിരുത്തൽവാദത്തിന് അടിപ്പെട്ടാൽ പുറമേയ്ക്ക് സോഷ്യലിസം നിലനിൽക്കുന്നുണ്ടെന്നു തോന്നുമെങ്കിലും ഫലത്തിൽ അത് മുതലാളിത്തവ്യവസ്ഥതന്നെ യായിരിക്കും.”(1962-ലെ പ്രസംഗം)
പ്രത്യയശാസ്ത്ര-സാംസ്കാരിക നിലവാരം ഉയർത്താനുള്ള പത്തൊമ്പതാം കോൺഗ്രസിന്റെ തീരുമാനം ക്രൂഷ്ചേവ് നേതൃത്വം അലമാരയിൽ പൂട്ടിവയ്ക്കുകയും സാമ്പത്തിക, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിൽ പിന്തിരിപ്പൻ പദ്ധതികൾ നടപ്പിലാക്കുകയും ചെയ്തതിൽ മാവോ സെ തുങ് തികച്ചും ആശങ്കാകുലനായിരുന്നു. ഇതിന്റെ ഫലമായി സോവിയറ്റ് യൂണിയനിൽ വമ്പിച്ച തകർച്ച ഉണ്ടാകുകയുംചെയ്തു. ആധുനിക തിരുത്തൽവാദം നുഴഞ്ഞുകയറി, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെയും ചില മുൻനിരനേതാക്കളെയും ഗ്രസിച്ചിരിക്കുന്നതായി മാവോ കൃത്യമായി വിലയിരുത്തി. ലിയു ഷാവോചിയെയും ഡെങ് സിയാവോ പിങിനെയുംപോലുള്ള നേതാക്കൾ തൊഴിലാളിവർഗ്ഗ സർവ്വാധിപത്യത്തിനും വർഗ്ഗസമരം തീവ്രമാക്കുകയെന്ന കർത്തവ്യത്തിനും തുരങ്കം വയ്ക്കുകയും ചെയ്തു. മുതലാളിത്തപാതക്കാരുടെ, കമ്പോള സമ്പദ്ഘടനയിലൂന്നുകയും എവ്വിധവും ഉൽപാദനം വർദ്ധിപ്പിക്കുകയും ചെയ്യുകയെന്ന നിർദ്ദേശത്തെ നിരാകരിച്ചുകൊണ്ട്, “രാഷ്ട്രീയത്തിനായിരിക്കണം ആധിപത്യ”മെന്ന മുദ്രാവാക്യം സാംസ്കാരിക വിപ്ലവകാലത്ത് മാവോ മുന്നോട്ടുവച്ചു. അതായത്, സോഷ്യലിസത്തിൽ ഉൽപാദനം വർദ്ധിപ്പിക്കാനുള്ള സാമ്പത്തികനയം ഉൾപ്പെടെ എല്ലാ നയങ്ങളും പരിപാടികളും രൂപീകരിക്കേണ്ടത് തൊഴിലാളിവർഗ്ഗ സർവ്വാധിപത്യത്തെക്കുറിച്ചുള്ള മാർക്സിസ്റ്റ് തത്വങ്ങൾക്ക് നിരക്കുംപടിയായിരിക്കണം. ഇതിൽനിന്നുള്ള ഏതുവ്യതിചലനവും സോഷ്യലിസത്തിന് അപകടകരമായിത്തീരും. ചിന്തയിലും സമീപനത്തിലും പ്രയോഗത്തിലും പ്രത്യക്ഷപ്പെടുന്ന ഇത്തരം തിരുത്തൽവാദ പ്രവണതകളും മനോഭാവങ്ങളും വ്യതിചലനങ്ങളുമൊക്കെ തീവ്രമായ ഒരു പ്രത്യയശാസ്ത്ര-സാംസ്കാരിക മുന്നേറ്റത്തിലൂടെ പരാജയപ്പെടുത്തുന്നില്ലെങ്കിൽ, ഇന്ന് മുതലാളിത്ത രാജ്യങ്ങളിൽ കാണുന്നതുപോലെയുള്ള സർവ്വതിന്മകളും ചൈനയുടെ മണ്ണിലേയ്ക്ക് ഒഴുകിയെത്താൻ അത് വേദിയൊരുക്കുകയും അതുവഴി സിപിസിക്കും ചൈനയിലെ സോഷ്യലിസ്റ്റ് വ്യവസ്ഥയ്ക്കും വലിയ ഭീഷണിയായിത്തീരുകയും മാത്രമല്ല, ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനാകെത്തന്നെ ഹാനികരമായിത്തീരുകയും ചെയ്യുമെന്ന് മാവോ കൃത്യമായി മനസ്സിലാക്കിയിരുന്നു.
ഈ പശ്ചാത്തലത്തിലാണ് മാവോ സെ തുങ് മഹത്തായ തൊഴിലാളിവർഗ്ഗ സാംസ്കാരിക വിപ്ലവം ആരംഭിക്കാൻ തീരുമാനമെടുക്കുന്നത്. സർവ്വപ്രധാനമായ ഈ പ്രത്യയശാസ്ത്ര-സാംസ്കാരിക സമരത്തോടൊപ്പംതന്നെ, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെയും നേതൃത്വത്തെയും മാത്രമല്ല, ചൈനീസ് ജനതയെയാകെ ഉൾക്കൊള്ളുംവിധം വമ്പിച്ചൊരു തെറ്റുതിരുത്തൽ സമരം നടത്താനും ഉദ്ദേശിച്ചുള്ളതായിരുന്നു അത്. സിപിസിയുടെ മുൻനിരനേതാക്കളിൽ ചിലരിൽ വൻതോതിലുള്ള തിരുത്തൽവാദ വ്യതിയാനം ശ്രദ്ധയിൽപെട്ടിരുന്നു. നേതാക്കളടക്കം പാർട്ടിയൊന്നാകെ രൂക്ഷമായ വിമർശനത്തിന് വിധേയമാകണമെന്നും വിമർശനം-സ്വയംവിമർശനമെന്ന വൈരുദ്ധ്യാത്മക പ്രക്രിയ പിന്തുടർന്നുകൊണ്ട് സ്വയം തെറ്റുതിരുത്താൻ അതുവഴി എല്ലാവർക്കും അവസരം ലഭിക്കണമെന്നുമാണ് മാവോ കണക്കുകൂട്ടിയത്.
1965സെപ്റ്റംബറിൽ ചേർന്ന പൊളിറ്റ് ബ്യൂറോയുടെ സ്റ്റാന്റിംഗ് കമ്മിറ്റിയോഗത്തിൽ, “കേന്ദ്രകമ്മിറ്റിയിൽ തിരുത്തൽവാദം പ്രത്യക്ഷപ്പെട്ടാൽ എന്തുചെയ്യും? ഇതിന് അങ്ങേയറ്റം സാധ്യതയുണ്ട്, ഇതായിരിക്കും ഏറ്റവും വലിയ അപകടം” എന്ന് മാവോ മുന്നറിയിപ്പുനൽകി. “ആക്രമണം ആസ്ഥാനത്തിനുനേരെ” എന്ന മുദ്രാവാക്യമുയർത്താൻ കാരണമതാണ്. സിപിസിയുടെ മുഖപത്രമായ പീപ്പിൾസ് ഡെയ് ലിയിൽ എഴുതിയ മുഖപ്രസംഗത്തിൽ മാവോ പറയുന്നു: “തൊഴിലാളിവർഗ്ഗ സാംസ്കാരികവിപ്ലവം ലക്ഷ്യംവയ്ക്കുന്നത് ചൂഷകവർഗ്ഗങ്ങൾ നൂറ്റാണ്ടുകളായി പരിപാലിച്ചുപോന്ന, ജനമനസ്സുകളെ ആയിരക്കണക്കിന് വർഷങ്ങളായി വിഷമയമാക്കിയ പഴയ പ്രത്യയശാസ്ത്രങ്ങളെയും സംസ്കാരങ്ങളെയും ആചാരങ്ങളെയും സ്വഭാവങ്ങളെയുമൊക്കെ തകർക്കാൻ മാത്രമല്ല, തൊഴിലാളിവർഗ്ഗത്തിന്റേതായ തികച്ചും നൂതനമായ ഒരു പ്രത്യയശാസ്ത്രവും സംസ്കാരവും സൃഷ്ടിച്ച് പുഷ്ടിപ്പെടുത്തിയെടുക്കാനും കൂടെയാണ്.” അതിബൃഹത്തായ ഈ പ്രസ്ഥാനത്തിന് തുടക്കം കുറിക്കുമ്പോൾ പ്രമുഖ നേതാക്കളാരും അദ്ദേഹത്തിന്റെകൂടെ ഉണ്ടായിരുന്നില്ല.
പ്രായാധിക്യംകൊണ്ടും പാർക്കിൻസൺസ് രോഗം ബാധിച്ചിരുന്നതിനാലും അദ്ദേഹത്തിന് സംസാരിക്കാൻതന്നെ ബുദ്ധിമുട്ടായിരുന്നു. എന്നാൽ വിപ്ലവത്തോടുള്ള അചഞ്ചലമായ കൂറും ചൈനയിലെ സോഷ്യലിസത്തെ വ്യതിയാനങ്ങളിൽനിന്ന് സംരക്ഷിച്ചുനിർത്താനുള്ള നിശ്ചയദാർഢ്യവുംമൂലം അദ്ദേഹം ഈ ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുത്തു. ലോകത്ത് ഒരാളും ഇതിനെ പിന്തുണയ്ക്കാതിരുന്ന ആ സന്ദർഭത്തിൽ സഖാവ് ശിബ്‌ദാസ് ഘോഷാണ് മാവോ ഏറ്റെടുത്തിരിക്കുന്നത് ഉജ്ജ്വലമായ കർത്തവ്യമാണെന്ന് പ്രകീർത്തിച്ചത്.
സാംസ്കാരിക വിപ്ലവം കൈവരിച്ച മാനവും വേഗതയും അതുണ്ടാക്കിയ സ്വാധീനവും ജനങ്ങൾ പ്രദർശിപ്പിച്ച വിവേകവുമൊക്കെ, തിരുത്തൽവാദ-പരിഷ്കരണവാദ നേതാക്കളായ ലിയു ഷാവോ ചിയും ഡെങ് സിയാവോ പിങുമൊക്കെ സങ്കൽപ്പിച്ചതിലുമൊക്കെ എത്രയോ അധികമായിരുന്നു. മാവോ ഇവരെ പാർട്ടിയിലെ മുതലാളിത്ത പാതക്കാർ എന്നാണ് വിളിച്ചിരുന്നത്. മാവോചിന്ത ജനങ്ങളിലേയ്ക്ക് എത്തുമ്പോൾ അതൊരു വമ്പിച്ച ധാർമ്മിക ശക്തിയായി പരിണമിക്കുന്നു എന്നത് ഒരു വസ്തുതയായിരുന്നു. അതുകൊണ്ടുതന്നെ 1969ൽ തിരുത്തൽവാദലൈൻ പരാജയപ്പെടുകയും കേന്ദ്രകമ്മിറ്റിയിലെ ലിയു ഷാവോചിയും ഡെങ് സിയാവോ പിങും അടക്കമുള്ള നേതാക്കൾ പാർട്ടിയിൽനിന്ന് പുറത്താക്കപ്പെടുകയും ചെയ്തു.
എന്നാൽ മാവോ പുതുതലമുറയിൽപ്പെട്ട സഖാക്കൾക്ക് ഇപ്രകാരം മുന്നറിയിപ്പ് നൽകി: “മുതലാളിത്ത പാതക്കാർക്കെതിരായ സമരമല്ല പാർട്ടിയുടെ ആത്യന്തിക ലക്ഷ്യം. അത് പ്രഥമമായ കർത്തവ്യം മാത്രമാണ്. ലോകവീക്ഷണത്തിൽ മാറ്റം വരുത്തുകയും തിരുത്തൽവാദത്തെ തുടച്ചുനീക്കു കയുമാണ് ലക്ഷ്യം…” “കഴിഞ്ഞ പതിറ്റാണ്ടുകളിൽ സോഷ്യൽഡെമോക്രാറ്റുകളും, കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ആധുനിക തിരുത്തൽവാദികളും, കമ്മ്യൂണിസ്റ്റ് വിരുദ്ധരും ജനവിരുദ്ധരും പ്രതിവിപ്ലവ കാരികളുമായ ആളുകളുടെ ഒരു സംഘം രൂപീകരിച്ചിട്ടുണ്ട്. അവർക്കെതിരെ നമ്മൾ ജീവൻ മരണപോരാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ലോകവീക്ഷണത്തെ നമുക്ക് മാറ്റാനായില്ലെങ്കിൽ, ഈ സാംസ്കാരിക വിപ്ലവത്തിലൂടെ രണ്ടായിരം മുതലാളിത്ത പാതക്കാരെ പുറത്താക്കിയാലും നാലായിരംപേർ വീണ്ടും വരും… രണ്ടുവർഗ്ഗങ്ങൾ തമ്മിലും രണ്ടു ലൈനുകൾതമ്മിലും നടക്കുന്ന സമരം നാലു സാംസ്കാരിക വിപ്ലവം കഴിഞ്ഞാലും അവസാനിക്കാൻ പോകുന്നില്ല… അതുകൊണ്ടുതന്നെ തിരുത്തൽവാദത്തെ വേരോടെ പിഴുതുകളയണമെന്ന കാര്യവും തിരുത്തൽവാദത്തെ ഏതുസമയത്തും ചെറുക്കാനുള്ള നമ്മുടെ കാര്യക്ഷമത വർദ്ധിപ്പിക്കണമെന്ന കാര്യവും സദാ ഓർക്കുക.”(ജനകീയ ചൈന) 1969 ഏപ്രിൽ 15ന് അദ്ദേഹം പറയുന്നു:“നമ്മൾ മഹത്തായ വിജയമാണ് നേടിയിരിക്കുന്നത്. എന്നാൽ പരാജിത വർഗ്ഗം പോരാട്ടം അവസാനിപ്പിക്കില്ല…”(തിരഞ്ഞെടുത്ത ലേഖനങ്ങൾ) ഈവാക്കുകളിൽനിന്ന്, സാംസ്കാരിക വിപ്ലവം ആരംഭിക്കുമ്പോൾ അദ്ദേഹം വിഭാവനം െചയ്തതെന്തായിരുന്നു എന്ന് വ്യക്തമാണ്.
എന്നാൽ ചരിത്രത്തിൽ ഒരു ദുരന്തം ആവർത്തിക്കുകയായിരുന്നു. സ്റ്റാലിനുശേഷം റഷ്യയിൽ സംഭവിച്ചതുപോലെതന്നെ ചൈനയിലും സംഭവിച്ചു. അവിടെ തിരുത്തൽവാദ ക്രൂഷ്ചേവ് നേതൃത്വം അധികാരം പിടിച്ചതുപോലെ ചൈനയിൽ മാവോയുടെ മരണശേഷം സാംസ്കാരിക വിപ്ലവത്തെ എതിർക്കുകയും പാർട്ടിയിൽനിന്ന് പുറത്താക്കപ്പെടുകയുംചെയ്ത തിരുത്തൽവാദി നേതാക്കൾ ഡെങ് സിയാവോ പിങിന്റെ നേതൃത്വത്തിൽ അധികാരം പിടിച്ചെടുത്തു. ചൈനയിലെ സോഷ്യലിസത്തെ തകർക്കാനും പ്രതിവിപ്ലവം ശക്തിപ്പെടുത്താനും ശ്രമിച്ച അവർ ആത്യന്തികമായി ചൈനയെ ഒരു സാമ്രാജ്യത്വ രാജ്യമാക്കി അധ:പതിപ്പിക്കുകയും ചെയ്തു. മാവോയുടെ ആശങ്ക അസ്ഥാനത്തല്ലായിരുന്നുവെന്ന് തെളിയിക്കപ്പെടുകയായിരുന്നു.
ഉപസംഹാരം
സഖാവ് ശിബ്‌ദാസ് ഘോഷ് സാംസ്കാരിക വിപ്ലവത്തെ പ്രകീർത്തിച്ചു. എന്നാൽ മാർക്സ്, ഏംഗൽസ്, ലെനിൻ, സ്റ്റാലിൻ, മാവോ എന്നിവരുടെ അർഹനായ ശിഷ്യനായ അദ്ദേഹം ആധുനിക തിരുത്തൽവാദവുമായി ബന്ധപ്പെട്ട് അടിസ്ഥാനപരമായ ചില ദാർശനിക പ്രശ്നങ്ങൾ അവതരിപ്പിച്ചു. എന്തുകൊണ്ട് തിരുത്തൽവാദം പ്രത്യക്ഷപ്പെടുന്നു, സോഷ്യലിസത്തിൽ അത് നടത്തുന്ന ആക്രമണമെന്ത്, വ്യക്തിവാദം അപായകരമാംവിധം സ്വാധീനം ചെലുത്തുമ്പോൾ ഒരു നല്ല കമ്മ്യൂണിസ്റ്റിന്റെ നിലവാരം എന്തായിരിക്കണം, അത് ആർജ്ജിക്കാനുള്ള പ്രക്രിയ എന്താണ് എന്നുതുടങ്ങിയ പ്രശ്നങ്ങളൊക്കെ ഇനിയും പരിഹൃതമാകാതെ അവശേഷിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാണിച്ചു. അദ്ദേഹം ഇപ്രകാരം വ്യക്തമാക്കി: “ചൈനയിലെ സാംസ്കാരിക വിപ്ലവത്തെ ഉജ്ജ്വലമെന്ന് കലവറയില്ലാതെ പ്രകീർത്തിക്കുമ്പോഴും ചില ഗുരുതരമായ പരിമിതികൾ ഞാൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്…മാവോയുടെ ശരിയായ നേതൃത്വത്തെ ശക്തിപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ സഹോദരഭാവത്തോടെ സിപിസിയെ ഞങ്ങൾ വിമർശിച്ചിട്ടുണ്ട്.”(സിപിസിയുടെ പത്താംകോൺഗ്രസ്, തിരഞ്ഞെടുത്ത കൃതികൾ, വോള്യം 1)യഥാർത്ഥ വിപ്ലവകാരികൾ ഒഴുക്കിനെതിരെ നീന്താൻ പഠിക്കണമെന്ന മാവോയുടെ ഉപദേശത്തെ പിന്തുണയ്ക്കുന്നതോടൊപ്പം സഖാവ് ഘോഷ് ഇപ്രകാരം കൂട്ടിച്ചേർത്തു: “ഈ ദൗർബ്ബല്യങ്ങളും പരിമിതികളും സൈദ്ധാന്തികവും പ്രത്യയശാസ്ത്രപരവുമായ സമരത്തിലൂടെ മറികടക്കാൻ ചൈനീസ് നേതൃത്വത്തിനായില്ലെങ്കിൽ, സാമൂഹ്യജീവിതത്തിൽനിന്ന് തുരത്താൻ ശ്രമിക്കുന്ന അതേ തിരുത്തൽവാദ പ്രവണത ഭാവിയിൽ തിരിച്ചുവരാമെന്ന ആശങ്ക നിലനിൽക്കുകതന്നെ ചെയ്യും…” “മാവോ സെ തുങ് അടക്കമുള്ള ഇപ്പോഴത്തെ നേതൃത്വത്തിന്റെ അഭാവത്തിൽ സോവിയറ്റ് യൂണിയനിലെപ്പോലെതന്നെ തിരുത്തൽവാദം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലും സമൂഹത്തിലും വളർന്നുവന്നേക്കാം.” (ചൈനയിലെ സാംസ്കാരിക വിപ്ലവം, തിരഞ്ഞെടുത്ത കൃതികൾ, വോള്യം1)
എത്ര പ്രവചനതുല്യമായ വാക്കുകൾ. അദ്ദേഹം നൽകിയ മുന്നറിയിപ്പുകൾ ഇന്ന് യാഥാർത്ഥ്യമായിരിക്കുന്നു! ഈ വാക്കുകൾ പോരാട്ടത്തിന്റെ പാത ദീപ്തമാക്കുകയും മാവോചിന്തയോടൊപ്പം ശിബ്‌ദാസ് ഘോഷ് ചിന്തകൂടെ ചേർക്കപ്പെടുകയും ചെയ്തിരുന്നെങ്കിൽ ആശയത്തിന്റെയും സംസ്കാരത്തിന്റെയും മേഖലകളിൽ വർഗ്ഗസമരം എത്ര ഔന്നത്യം കൈവരിക്കുമായിരുന്നു. സാംസ്കാരിക വിപ്ലവത്തിലൂടെ മാവോ വിഭാവനം ചെയ്ത തിരുത്തൽവാദത്തിനെതിരായ പോരാട്ടം എത്ര ലക്ഷ്യവേധിയാകുമായിരുന്നു. മാവോചിന്തയും കൂടുതൽ വികസിതമായ ശിബ്‌ദാസ് ഘോഷ് ചിന്തയും തിരുത്തൽവാദത്തിന്റെ പിടിയിൽനിന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ മോചിപ്പിക്കാനുള്ള സമരത്തിൽ വഴികാട്ടിയാണ്. ഇന്നത്തെ തലമുറയുടെയും വരുംതലമുറകളുടെയും ഓർമ്മയിൽനിന്ന് തുടച്ചുനീക്കാൻ എല്ലാ തരത്തിലുംപെട്ട പിന്തിരിപ്പന്മാർ കൊണ്ടുപിടിച്ചു ശ്രമിക്കുന്ന മാനവചരിത്രത്തിലെ ആ മഹത്തായ അധ്യായം കൂടുതൽ തെളിമയോടെ മുന്നോട്ടുകൊ ണ്ടുവരാൻ ഈ ചിന്തകൾക്കുകഴിയുമെന്ന് നാം പ്രത്യാശിക്കുന്നു.
അവസാനമായി മാവോ സെ തുങിന്റെ സംഭാവനകളിൽനിന്ന് മഹത്തായ ഒരു പാഠം അനുസ്മരിക്കാം: “യഥാർത്ഥ ജീവിതത്തെയും വിപ്ലവാനുഭവങ്ങളെയും സംബന്ധിച്ച വിപുലമായ പഠനത്തിലൂടെ മാർക്സ്, ഏംഗൽസ്, ലെനിൻ, സ്റ്റാലിൻ എന്നിവർ വികസിപ്പിച്ചെടുത്ത സാമാന്യ തത്വങ്ങൾ മനസ്സിലാക്കുന്നതുകൊണ്ടുമാത്രമായില്ല, അവരുടെ നിലപാടുകളും, പ്രശ്നങ്ങൾ പരിശോധിക്കുന്നതിലും പരിഹരിക്കുന്നതിലും അവലംബിച്ച രീതിയും സ്വായത്തമാക്കുകകൂടെ വേണം. ”(ആഭ്യന്തരയുദ്ധത്തിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പങ്ക്, തിരഞ്ഞെടുത്ത കൃതികൾ, വോള്യം 2, പേജ് 208, 209)
മാവോ സെ തുങിന് ആദരവുകൾ അർപ്പിച്ചുകൊണ്ട് ഇവിടെ കുറിച്ച വാക്കുകൾ എത്ര ഹ്രസ്വമാണെങ്കിലും പിന്തിരിപ്പന്മാരും തിരുത്തൽവാദികളും നടത്തുന്ന ഹീനനീക്കങ്ങൾക്ക് അതൊരു പ്രഹരമായിരിക്കുമെന്നും ലോകത്തെ പുരോഗമന കാംക്ഷികളായ ജനങ്ങളുടെ വിശേഷിച്ച്, യഥാർത്ഥ കമ്മ്യൂണിസ്റ്റുകളുടെ കണ്ണുതുറപ്പിക്കുമെന്നും ഞങ്ങൾ ആത്മാർത്ഥമായി വിശ്വസിക്കുന്നു.