ബംഗ്ലാദേശ് : സ്വേച്ഛാധിപത്യത്തിനെതിരെ അണപൊട്ടിയ ജനരോഷം

bangladesh-1-1.jpg
Share

ഫോറം ഓഫ് ദ സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ബംഗ്ലാദേശിന്റെ കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളായ സഖാക്കൾ ഡോ.ജയ്ദീപ് ഭട്ടാചാര്യയും റഷീദ് ശഹ്‌രിക്കറും ചേർന്ന് തയ്യാറാക്കിയ ലേഖനമാണിത്. ബംഗ്ലാദേശിൽ യഥാർത്ഥത്തിൽ നടക്കുന്നത് എന്താണ് എന്നതിലേക്ക് ഇത് വെളിച്ചംവീശുന്നു.

കഴിഞ്ഞ ആഗസ്റ്റ് 5ന് ഉച്ചയ്ക്ക്, ആയിരക്കണക്കിന് ജനങ്ങൾ ‘ഗണഭവനി’ലേക്ക് ഇരച്ചുകയറിത്തുടങ്ങിയപ്പോൾതന്നെ, ഷെയ്ഖ് ഹസീന രാജിവെച്ചിരുന്നു. രായ്ക്കുരാമാനം അവർ ബംഗ്ലാദേശിൽനിന്നും ഒളിച്ചോടി. സാമൂഹ്യമാധ്യമങ്ങളിലാകമാനം സ്വാതന്ത്ര്യം എന്ന വാക്ക് മുഴങ്ങി.
അടിച്ചമർത്തപ്പെട്ട ഒരു ജനതയെ സംബന്ധിച്ചിടത്തോളം സ്വതന്ത്ര്യത്തെക്കാൾ മഹത്തായതായി ഒന്നുമില്ല. 1971ലാണ് ബംഗ്ലാദേശ് ഒരു സ്വതന്ത്ര രാഷ്ട്രമാകുന്നത്. പടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഭരണാധികാരികളുടെ ദുർഭരണവും വിവേചനവും നിർത്തലാക്കാനുള്ള ഒരു പോരാട്ടത്തിന്റെ പരിസമാപ്തിയായിരുന്നു അത്. ശരിയാണ്, 1971ൽ ഞങ്ങൾക്ക് സ്വന്തമായി ഒരു രാജ്യം ലഭിച്ചു. എന്നാൽ, സ്വാതന്ത്ര്യത്തിന്റെ പൂർണ്ണമായ അർത്ഥത്തിൽ ഞങ്ങൾ അപ്പോഴും സ്വതന്ത്രരായിരുന്നില്ല. ‘ഒരു പൂവിനെ രക്ഷിക്കാൻ’, ‘ചിരിക്കുന്ന ഒരു മുഖത്തിനു വേണ്ടി’ ബംഗ്ലാദേശിലെ ജനങ്ങൾ വിമോചന യുദ്ധത്തിൽ പങ്കെടുത്തു. രാജ്യം പാക്കിസ്ഥാനിൽ നിന്നും സ്വതന്ത്രമായി, ബംഗ്ലാദേശ് എന്നു പേരുള്ള ഒരു പ്രദേശം ഞങ്ങൾക്ക് ലഭിക്കുകയും ചെയ്തു. എന്നാൽ, സ്വതന്ത്ര ബംഗ്ലാദേശിൽ ആയിരക്കണക്കിന് പൂമൊട്ടുകൾ കൊഴിഞ്ഞു പോയി; ചിരിച്ചുകൊണ്ടിരുന്ന മുഖങ്ങൾ അപ്രത്യക്ഷമായി. ഒരു പുതിയ പോരാട്ടത്തിന്റെ പ്രാരംഭമായിരുന്നു അത്. സ്വേച്ഛാധിപത്യപരമായ ഗവൺമെന്റിനെതിരെയുള്ള സമരം. ജനറൽ ഇർഷാദിനെ അധികാരത്തിൽ നിന്നും നീക്കി. എന്നിട്ടും യഥാർത്ഥ സ്വാതന്ത്ര്യം എന്ന സ്വപ്നം അവശേഷിച്ചു. ജനങ്ങൾക്ക് കപട വാഗ്ദാനങ്ങൾ നൽകിയ ഒരു പാർട്ടിക്കുപകരം സമാനമായ മറ്റൊരു പാർട്ടി അധികാരത്തിലേറി. ഭരണവർഗ്ഗത്തിന്റെ ശരിയായ സ്വഭാവം തിരിച്ചറിയാതെപോയ സാധാരണ ജനങ്ങൾ വീണ്ടും വീണ്ടും വഞ്ചിക്കപ്പെട്ടു കൊണ്ടിരുന്നു.
ഈ രണ്ട് പാർട്ടികളുടെയും മാറിമാറിയുള്ള ഭരണത്തിന് കീഴിലും ഞങ്ങൾക്ക് സ്വാതന്ത്ര്യം ലഭിച്ചില്ല. എന്നാൽ, ഇതിന് മുൻപുണ്ടായിരുന്ന എല്ലാ സ്വേച്ഛാധിപത്യ ഭരണത്തെയും നിഷ്പ്രഭമാക്കുന്നതായിരുന്നു കഴിഞ്ഞ 16 വർഷത്തെ അവാമി ലീഗിന്റെ അടിച്ചമർത്തൽ ഭരണം. പാക്കിസ്ഥാൻ ഞങ്ങളെ ഭരിച്ചിരുന്ന ആ കറുത്ത കാലത്തെ ഓർമ്മിപ്പിക്കുന്നതായിരുന്നു ഇക്കാലയളവ്. 1971ന് മുൻപ്, രാത്രിയുടെ മറവിൽ പട്ടാള വാനുകൾ വന്ന് പ്രതിപക്ഷ നേതാക്കളെ പിടിച്ചുകൊണ്ടുപോകുമായിരുന്നു. ഷെയ്ഖ് ഹസീനയുടെ ഭരണത്തിന് കീഴിലും ഇതായിരുന്നു അവസ്ഥ. അങ്ങനെ പിടിച്ചുകൊണ്ടുപോയവരുടെ കുടുംബം പിറ്റേന്ന് പോലീസിനെ സമീപിച്ചാൽ, അറസ്റ്റിന് രേഖകൾ ഉണ്ടാകുമായിരുന്നില്ല. എവിടെ പോകണമെന്നും ആരെ സമീപിക്കണമെന്നും അറിയാതെ ഉറ്റവരും ഉടയവരും അലഞ്ഞു. ചിലരെ പിന്നീട് തിരിച്ചു കിട്ടി. മറ്റുള്ള ഹതഭാഗ്യർ അർദ്ധമൃതാവസ്ഥയിൽ തെരുവുകളിൽ ഉപേക്ഷിക്കപ്പെട്ടു. ഇത്തരം സംഭവങ്ങൾ ഹസീനയുടെ ഭരണകാലത്ത് വളരെ സാധാരണമായിരുന്നു. ഇതിൽ ചിലരെ പിന്നീട് കണ്ടെത്തിയത് ‘കണ്ണാടി വീട്’ എന്നറിയപ്പെടുന്ന ഒരു രഹസ്യസങ്കേതത്തിൽ നിന്നാണ്. വെളിച്ചം കടന്നുചെല്ലാത്ത ഇടമായിരുന്നു അത്; മുറികൾ എല്ലാം ഇരുണ്ടു കിടക്കുന്നു. മൃഗങ്ങൾ പോലും കഴിക്കാത്ത ഭക്ഷണമാണ് അവർക്ക് നൽകിയിരുന്നത്. ആ മുറികളിൽ അവർ നിരന്തരം മൂന്നാംമുറകൾക്ക് വിധേയരായി. പത്തുവർഷത്തിലേറെയായി അവിടെ തടവിലാക്കപ്പെട്ടവർ വരെയുണ്ടായിരുന്നു.


ഗവൺമെന്റിന്റെ കരിമ്പട്ടികയിൽപ്പെടാൻ നിങ്ങൾ ഒരു വലിയ നേതാവാകണം എന്നില്ലായിരുന്നു. ഗവൺമെന്റിനെതിരെ കാർട്ടൂൺ വരച്ചതിനാണ് ഒരു കൗമാരക്കാരൻ അറസ്റ്റ് ചെയ്യപ്പെട്ടത്. ഗവൺമെന്റ് വിരുദ്ധ ലഘുലേഖകൾ ഫെയ്സ്ബുക്കിൽ പങ്കുവെച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ട മുഷ്താഖ്, ജയിലിൽ വച്ച് കൊല്ലപ്പെട്ടു, ഇതെല്ലാം ഉള്ളുലയ്ക്കുന്ന സംഭവസാക്ഷ്യങ്ങളാണ്. ഒറ്റപ്പെട്ട അപവാദങ്ങളല്ല. ഗവൺമെന്റിനെ വിമർശിക്കുന്ന എഴുത്തും കാർട്ടൂണുകളും രാജ്യത്ത് ഏറെക്കുറെ നിരോധിക്കപ്പെട്ടിരുന്നു. രാജ്യം മുഴുവനും ഒരു കൊലക്കളമായി മാറി. ജനങ്ങൾക്കിടയിൽ ഊറിക്കൂടിയ രോഷം വിദ്യാർത്ഥികളുടെ വൻപ്രതിഷേധമായി അണപൊട്ടിയൊഴുകി. അതുകൊണ്ടാണ് അവാമി ലീഗിന്റെ പതനത്തിന് ശേഷം ‘‘ഞങ്ങൾ സ്വതന്ത്രരായി’’ എന്ന് ജനങ്ങൾ പറയുന്നത്.
ക്വാട്ടാവിരുദ്ധ സമരത്തിൽനിന്ന് ബഹുജനപ്രക്ഷോഭത്തിലേക്ക്
ബംഗ്ലാദേശ് സ്വാതന്ത്ര്യസമര സേനാനികളുടെ അനന്തരാവകാശികൾക്ക് 30% ജോലി സംവരണം പുനഃസ്ഥാപിച്ചതിനെ തിരെയുള്ള സമരം ആയിട്ടാണ് ഇത് ആരംഭിച്ചത്. ബംഗ്ലാദേശിലെ സ്വാതന്ത്ര്യസമര സേനാനികളോട് ജനങ്ങൾക്ക് ബഹുമാനവും മതിപ്പുമുണ്ട്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി രക്തം ചൊരിയുകയും ജീവൻ ബലിയർപ്പിക്കുകയും ചെയ്തവരാണ് അവർ. എന്നാൽ സ്വാതന്ത്ര്യത്തിന് അമ്പതാണ്ടുകൾക്കു ശേഷവും അവരുടെ മക്കൾക്ക് മാത്രമല്ല പേരക്കുട്ടികൾക്ക് അടക്കം ഇത്തരമൊരു പ്രത്യേക അവകാശം കൊടുക്കുന്നതിന്റെ സാംഗത്യം എന്താണ്? ഇതടക്കം മൊത്തം തൊഴിലിന്റെ 56 ശതമാനവും സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. കടുത്ത തൊഴിലില്ലായ്മയാണ് ബംഗ്ലാദേശിൽ എന്നോർക്കണം. മൂന്ന് കോടിയോളം ജനങ്ങൾക്ക് തൊഴിലില്ല. സർക്കാരിന്റെ കണക്കനുസരിച്ച് തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ എണ്ണം എട്ടു ലക്ഷത്തോളമാണ്. എന്നാൽ, യഥാർത്ഥത്തിൽ ഇതിന്റെ എത്രയോ മടങ്ങ് അധികമാണ് തൊഴിലില്ലായ്മ എന്ന് വിദഗ്ധർ പറയുന്നു. ബംഗ്ലാദേശ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിന്റെ ഒരു പഠനപ്രകാരം, ദേശീയ സർവകലാശാലകളിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞ് പുറത്തിറങ്ങുന്നതിൽ പകുതിപേർക്കും തൊഴിലില്ല. വലിയൊരു വിഭാഗം വിദ്യാർഥികൾ പഠനം പൂർത്തിയാക്കി ഒാരോ വർഷവും തൊഴില്‍ കമ്പോളത്തിലേക്ക് അണിചേരുന്നു. തൊഴിലാകട്ടെ വളരെ പരിമിതവും. ഗവൺമെന്റ് ജോലികളിൽ നിയമനം ഏതാണ്ട് മരവിപ്പിച്ചിരിക്കുകയാണ്. പുതിയ തൊഴിലുകൾ ഒന്നും സൃഷ്ടിക്കപ്പെടുന്നില്ല. വിദ്യാസമ്പന്നരായ ഒട്ടനവധി ചെറുപ്പക്കാരാണ് തൊഴിൽ ലഭിക്കാതെ നിരാശരായി ആത്മഹത്യ ചെയ്യുന്നത്. രക്ഷിതാക്കൾക്ക് കുട്ടികളെ പഠിപ്പിക്കാനായി തങ്ങളുടെ സമ്പാദ്യം മുഴുവൻ ചെലവഴിക്കേണ്ടിവരുന്നു. ട്യൂഷൻ പോലെയുള്ള പണികളിൽനിന്നും മറ്റും കിട്ടുന്ന ചുരുങ്ങിയ വരുമാനംകൊണ്ട് അരിഷ്ടിച്ച് ജീവിക്കാനാണ് ഈ വിദ്യാർത്ഥികളുടെ വിധി. രാത്രികൾ അവർ ഏതെങ്കിലും ബാൽക്കണികളിലോ ഹാളുകളിലോ പള്ളിയിലോ ഒക്കെയായി തള്ളിനീക്കുന്നു. എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷ പാസായി വരുമ്പോൾ തൊഴിലില്ല; തൊഴിൽ ലഭിക്കുമോ എന്നുതന്നെ നിശ്ചയമില്ല. ഈ അനിശ്ചിതത്വം വിദ്യാർത്ഥികളെയും ചെറുപ്പക്കാരെയും നിരന്തരം വേട്ടയാടുന്നു. ഈ മുറിവിന് മുകളിൽ മുളക് തേക്കുന്നതുപോലെയാണ് അഴിമതിയും കൈക്കൂലിയും സ്വജനപക്ഷപാതവും ചോദ്യപേപ്പർ ചോർത്തലുമെല്ലാം സംഭവിക്കുന്നത്. വർഷങ്ങളായി അവർ അനുഭവിച്ചുകൊണ്ടിരിക്കുന്ന അടിച്ചമർത്തലിനും വിവേചനത്തിനുമൊപ്പം കൂനിന്മേൽ കുരു എന്നപോലെ തൊഴിലില്ലായ്മയും അതീവരൂക്ഷമാണ്. അവരുടെ അമർഷം പൊട്ടിത്തെറിക്കുന്ന പ്രതിഷേധമായി തെരുവുകളിലേക്ക് വ്യാപിക്കുകയായിരുന്നു.


ക്വാട്ടാസമ്പ്രദായത്തിനെതിരെ 2018ൽ നടന്ന പ്രക്ഷോഭത്തിന്റെ ഫലമായി അത് മുഴുവനായി നിർത്തലാക്കാൻ അവാമി ലീഗ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ആ ഉത്തരവിനെയാണ് കഴിഞ്ഞ ജൂൺ അഞ്ചിന് ഹൈക്കോടതി തള്ളിക്കളഞ്ഞത്. ഇതേ തുടർന്ന് ധാക്ക യൂണിവേഴ്‌സിറ്റിയിലെയും ജഹാംഗീർ യൂണിവേഴ്‌സിറ്റിയിലെയും നിരവധി വിദ്യാർത്ഥികൾ പ്രതിഷേധം പ്രകടിപ്പിച്ചു. ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധ പരിപാടികൾ നടന്നുവരികയായിരുന്നു. തങ്ങളുടെ ആവശ്യങ്ങൾ ജൂണിൽതന്നെ അംഗീകരിക്കണമെന്ന് പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ജൂലൈ ഒന്നിന് ഈദ് അവധി കഴിഞ്ഞ് സർവകലാശാലകൾ തുറന്നതോടെ പ്രതിഷേധ പരിപാടികൾ പുനരാരംഭിച്ചു. ബംഗ്ലാദേശിലെ എല്ലാ പ്രമുഖ സർവ്വകലാശാലകളിലെയും വിദ്യാർത്ഥികൾ തെരുവുകളിൽ സംഘടിക്കാൻ തുടങ്ങി. അധികം താമസിയാതെ തന്നെ വിദ്യാർത്ഥികൾ ഒന്നാകെ അവർക്കു പിന്നിൽ അണിനിരന്നു. ഹൈക്കോടതി വിധിയ്ക്കെതിരെ വന്ന അപ്പീൽ ജൂലൈ നാലിന് തന്നെ വാദം കേട്ടെങ്കിലും വിധി സ്റ്റേ ചെയ്യാൻ അപ്പീൽ കോടതി വിസമ്മതിച്ചു. നിരാശരായ വിദ്യാർഥികൾ ധാക്കയിലെ ഷാബാഗ് റോഡ് ഉപരോധിച്ചു. ഈ പ്രതിഷേധം രാജ്യം മുഴുവൻ പടർന്നു. പലയിടത്തും റോഡ് ഗതാഗതം തടസ്സപ്പെട്ടു. ജൂലൈ അഞ്ചിന് വിദ്യാർഥികൾ രാജ്യവ്യാപകമായി സമരത്തിന് ആഹ്വാനം ചെയ്തു. ‘ബംഗ്ലാ ബ്ലോക്കേഡ്’ പ്രതിഷേധം ജുലൈ 6ന് ആരംഭിച്ചു.


ജൂലൈ 10ന്, നേരിട്ടുള്ള നിയമനങ്ങളിൽ സംവരണം നടപ്പിലാക്കുന്നതിന് നാലാഴ്ചത്തേക്ക് സ്റ്റേ ചെയ്തുകൊണ്ട് അപ്പീൽ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ആഗസ്റ്റ് 7ന് വാദം തുടർന്ന് കേൾക്കാൻ നിശ്ചയിക്കുകയും ചെയ്തു. എന്നാൽ എല്ലാ വിഭാഗം ഗവൺമെന്റ് ജോലികളിലും ക്വാട്ടാസമ്പ്രദായം പരിഷ്കരിക്കണമെന്നും ഗവൺമെന്റ് അതിനാവശ്യമായ നിയമനിർമാണം നടത്തണമെന്നുമുള്ള ആവശ്യത്തിൽ വിദ്യാർത്ഥികൾ ഉറച്ചുനിന്നു. ഗവൺമെന്റ് ആണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്, കോടതിയല്ല എന്നായിരുന്നു വിദ്യാർത്ഥികളുടെ നിലപാട്. ക്വാട്ടാസമ്പ്രദായം നിർത്തലാക്കുന്നതുവരെ സമരം തുടരാൻ അവർ തീരുമാനിച്ചു. എന്നാൽ ഗവൺമെന്റ് ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ് ചെയ്തത്. സമരം അവസാനിപ്പിക്കാൻ അവർ വിദ്യാർത്ഥികൾക്കുമേൽ സമ്മർദ്ദം ചെലുത്തി. എന്നാൽ അവരുമായി ചർച്ചകൾക്ക് യാതൊരു മുൻകൈയും എടുത്തതുമില്ല. ഭരണകക്ഷിയുടെ ജനറൽ സെക്രട്ടറിയായ ഉബൈദുൽ ഖാദർ പറഞ്ഞത് ‘പ്രതിഷേധക്കാർ സുപ്രീം കോടതിയോടാണ് കരുത്ത് പ്രകടിപ്പിക്കുന്നത്’ എന്നാണ്. വിദ്യാർത്ഥികൾ പരിധിവിടുന്നു എന്ന് ആഭ്യന്തരമന്ത്രി അസാദുസ്മാൻ ഖാൻ പ്രസ്താവിച്ചു.
ഭരണകക്ഷി നേതാക്കളുടെയും മന്ത്രിമാരുടെയും ഭീഷണികളെ വകവയ്ക്കാതെ ആവശ്യങ്ങൾ നേടിയെടുക്കുന്നതുവരെ സമരം തുടരാനും ഗതാഗതം തടയാനുമുള്ള ഉറച്ച നിലപാടാണ് വിദ്യാർത്ഥികൾ കൈക്കൊണ്ടത്. ജൂലൈ 14ന് ഈ ആവശ്യങ്ങൾ അടങ്ങിയ ഒരു നിവേദനം പ്രസിഡന്റിന് സമർപ്പിച്ചു. അതേ ദിവസം തന്നെ ഗണഭവനിൽ നടന്ന പത്രസമ്മേളനത്തിൽ ഷെയ്ഖ് ഹസീന പറഞ്ഞു: “സംവരണ വിഷയത്തിൽ എനിക്കൊന്നും ചെയ്യാനാവില്ല… കോടതിവിധിയിൽ എക്സിക്യൂട്ടീവിന് പങ്കില്ല. ഈ വിഷയം തീരുമാനിക്കേണ്ടത് കോടതി തന്നെയാണ്.” അതേ പത്രസമ്മേളനത്തിൽ അവർ ചോദിച്ചു: “സ്വാതന്ത്ര്യസമരസേനാനികളുടെ പേരക്കുട്ടികൾക്കല്ലാതെ പിന്നെ രസാകർമാരുടെ (രാജ്യദ്രോഹികളുടെ) പേരക്കുട്ടികൾക്കാണോ ജോലി കൊടുക്കേണ്ടത്?” ഈ പ്രസ്താവനയിലൂടെ അവർ സമരം ചെയ്യുന്ന വിദ്യാർത്ഥികളെ ഒന്നടങ്കം അപമാനിച്ചു. ബംഗ്ലാദേശ് വിമോചന സമരത്തിന്റെ ആവേശം മനസ്സിൽ പേറുന്ന പുതിയ തലമുറയ്ക്ക് അവരെ രസാകർമാരുമായി തുലനംചെയ്തത് തീർത്തും അപമാനകരമായിരുന്നു. വിമോചന സമരകാലത്ത് ബംഗ്ലാദേശിലെ ലക്ഷക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കിയ, ഏറ്റവും വെറുക്കപ്പെട്ട രാജ്യദ്രോഹികളാണ് രസാകർമാർ. പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളുടെ ആത്മാഭിമാനത്തിനാണ് മുറിവേറ്റത്. ഈ അപമാനത്തിന് മറുപടി പറയാനായി അന്നു രാത്രിതന്നെ ധാക്ക സർവകലാശാലയിലെ വിദ്യാർത്ഥികൾ രാജ്യതലസ്ഥാനത്തിലൂടെ പ്രകടനം നടത്തി: “അമി കെ തുമി കെ, രസാകർ രസാകർ/കീ ബോലേച്ചെ കീ ബോലേച്ചെ, ശൊയ്തചാർ, ശൊയ്തചാർ”(നമ്മളാര്, നിങ്ങളാര്, രസാകർ രസാകർ/എന്നാരുപറയുന്നു, ഏകാധിപതികൾ!) എന്നവർ വിളിച്ചുപറഞ്ഞു. “ചെയ്ചിലം അധികാർ, ഗൊയേ ഗലാം രസാകർ”(അവകാശങ്ങൾ ചോദിച്ചവരെ രാജ്യദ്രോഹിയെന്ന് വിളിക്കുന്നു) എന്നും മുദ്രാവാക്യങ്ങൾ മുഴങ്ങി. ഈ മുദ്രാവാക്യങ്ങൾ അർത്ഥരാത്രിയിൽ തലസ്ഥാന നഗരിയെ പ്രകമ്പനം കൊള്ളിച്ചു. പെൺകുട്ടികളും വലിയതോതിൽ ഈ പ്രതിഷേധത്തിൽ അണിനിരന്നു.
ഷേയ്ക് ഹസീനയുടെ കുത്തുവാക്കിനെതിരെ തുടങ്ങിയ പ്രതിഷേധം പിന്നീട് സംവരണ വിഷയത്തിൽ ഒതുങ്ങി നിന്നില്ല. ഹസീനയുടെ ഏകാധിപത്യ ഭരണത്തിനെതിരെ വർഷങ്ങളായി ഉറഞ്ഞുകൂടിയ അമർഷം ഈ പ്രതിഷേധത്തിലൂടെ അണപൊട്ടി ഒഴുകി. ആ രാത്രി തന്നെ പ്രതിഷേധത്തിന്റെ സ്ഫുലിംഗങ്ങൾ മറ്റു സർവ്വകലാശാലകളിലേക്കും പടർന്നു. പലസ്ഥലങ്ങളിലും അവാമി ലീഗിന്റെ വിദ്യാർത്ഥി വിഭാഗമായ ഛാത്ര ലീഗ് പ്രതിഷേധക്കാരെ ആക്രമിച്ചു. “പ്രതിഷേധക്കാർക്ക് ചുട്ട മറുപടി നൽകാൻ ഛാത്ര ലീഗ് തയ്യാറാണ്”എന്ന് അടുത്ത ദിവസം ഉച്ചയ്ക്ക് ഉബൈദുൽ ഖാദർ (അവാമീ ലീഗിന്റെ ജനറൽ സെക്രട്ടറി) പ്രസ്താവനയിറക്കുകയും ചെയ്തു. ഈ പ്രസ്താവന വന്ന് മണിക്കൂറുകൾക്കകം ഛാത്ര ലീഗ് വാടക ഗുണ്ടകളെ വെച്ച് ധാക്ക സർവകലാശാലയിലെ പ്രതിഷേധക്കാരെ ക്രൂരമായി ആക്രമിച്ചു. പെൺകുട്ടികളെപ്പോലും വെറുതെ വിട്ടില്ല. മുന്നൂറിൽപരം വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. അവരെ ചികിത്സക്കായി ധാക്ക മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ അവിടെവെച്ചും ആക്രമണം ഉണ്ടായി. മുറിവേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥികളെ പോലും ആക്രമിച്ചു കൊണ്ട് ഛാത്രലീഗ് തങ്ങളുടെ രാക്ഷസീയ മുഖം വെളിവാക്കി.
ജൂലൈ 15ന് രംഗാപൂരിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് നേരെ പോലീസ് വെടിയുതിർത്തു. റോകിയ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയായ അബുസയീദ് രക്തസാക്ഷിത്വം വരിച്ചു. അതേ ദിവസം തന്നെ മറ്റിടങ്ങളിലും ആറുപേർ കൂടി കൊല്ലപ്പെട്ടു. തുടർന്ന് രാജ്യമൊട്ടാകെ ഇളകി മറിഞ്ഞു. മുഴുവൻ ജനങ്ങളും സമരത്തിൽ അണിനിരന്നു. സമൂഹത്തിന്റെ എല്ലാ തുറയിലുംപെട്ട ജനങ്ങൾ തെരുവിലേക്ക് ഒഴുകി. പൂർണ്ണമായും “ഗതാഗതം സ്തംഭിപ്പിക്കാനും” “സമ്പൂർണ്ണമായി അടച്ചുപൂട്ടാനു”മുള്ള ആഹ്വാനത്തെ തുടർന്ന് രാജ്യം മൊത്തം നിശ്ചലമായി. ജനങ്ങളുടെ പ്രക്ഷോഭത്തെ ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചമർത്താനാണ് ഫാസിസ്റ്റ് അവാമി ലീഗ് ശ്രമിച്ചത്. ഗവൺമെന്റിന്റെ മൊത്തം മർദ്ദകസംവിധാനത്തെയും അവാമി ലീഗിന്റെ ഗുണ്ടകളെയും അവർ ജനങ്ങൾക്കുമേൽ കയറൂരി വിട്ടു. പോലീസും സൈനിക, അർദ്ധ സൈനിക വിഭാഗങ്ങളും അവാമി ലീഗിന്റെയും യുവലീഗിന്റെയും ഛാത്ര ലീഗിന്റെയും ഗുണ്ടാപ്പടയും ചേർന്ന് ഇതിനകം 200ഓളം വിദ്യാർത്ഥികളെയും ജനങ്ങളെയും കൊന്നുകഴിഞ്ഞു. ചില പത്രറിപ്പോർട്ടുകൾ പ്രകാരം കൊല്ലപ്പെട്ടവരുടെ സംഖ്യ ഇതിലും എത്രയോ കൂടുതലാണ്. അൻപതിൽ അധികം ആളുകൾക്ക് ബുള്ളറ്റ് കൊണ്ട് കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ട്. 6000ത്തിൽ അധികംപേർക്ക് പരിക്കേറ്റിട്ടുണ്ട്. 11,000ത്തിൽപരം സമരക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ധാക്കയിലും പരിസരപ്രദേശങ്ങളിലും റെയ്ഡ് ചെയ്ത് കൂട്ട അറസ്റ്റ് തന്നെ അവാമി ലീഗ് നടത്തി. എന്നാൽ പോലീസ്, അവാമി ലീഗ് ഗുണ്ടാസംവിധാനം തുടങ്ങിയവയെ ഉപയോഗിച്ച് പ്രതിഷേധം അടിച്ചമർത്താൻ ആകുന്നില്ലെന്ന് കണ്ടതോടെ അവർ കർഫ്യൂ പ്രഖ്യാപിച്ച് തെരുവുകളിൽ പട്ടാളത്തെ വിന്യസിച്ചു. ഇന്റർനെറ്റ് പരിപൂർണ്ണമായി ബ്ലോക്ക് ചെയ്യുകയും മറ്റു മൊബൈൽ സേവനങ്ങൾ ഭാഗികമായി തടസ്സപ്പെടുത്തുകയും ചെയ്തു. സോഷ്യൽ മീഡിയ ആപ്പുകളായ വാട്സ്ആപ്പും ഫെയ്സ്ബുക്കും അടച്ചുപൂട്ടി. തങ്ങളുടേതായ ആഹ്വാനങ്ങൾ മാത്രം പ്രചരിപ്പിക്കാൻ ടെലിവിഷനും മറ്റു മാധ്യമങ്ങളും ഉപയോഗിച്ചു. എന്നാൽ ഇതുകൊണ്ടൊന്നും സത്യം മൂടിവെയ്ക്കാൻ സാധിച്ചില്ല. എല്ലാ സീമകളും ലംഘിച്ചുകൊണ്ട് പോലീസ് ജനങ്ങളെ കൊന്നൊടുക്കുന്നതിന്റെ ദൃശ്യങ്ങൾ പല വിധേനയും ജനങ്ങളിലേക്കെത്തി. അത് കണ്ട എല്ലാവരും ഞെട്ടിത്തരിച്ചു. പലർക്കും വെടിയുണ്ടകൊണ്ടത് നെഞ്ചത്തും തലയിലും തന്നെയായിരുന്നു. ബാൽക്കണികളിൽ നിന്നിരുന്ന കുഞ്ഞുങ്ങൾക്കു നേരെ പോലും വെടിയുതിർത്തു. പോലീസിന്റെ ഈ നരനായാട്ടിൽ കൊല്ലപ്പെട്ടവരിൽ 32 കുട്ടികളുമുണ്ട്.


വിമോചന സമരത്തിന് ശേഷം ബംഗ്ലാ തെരുവുകളിൽ ഇത്രയും ചോര ഒഴുകുന്നത് ഇപ്പോഴാണ്. പാക്കിസ്ഥാനെതിരെ നടന്ന വിമോചന സമരത്തിന്റെ നാളുകളിലും പിന്നീട് ബംഗ്ലാദേശിന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷവും ജനങ്ങൾ പലപ്പോഴും തീക്ഷ്ണമായ പ്രക്ഷോഭങ്ങളുടെയും സമരങ്ങളുടെയും ഭാഗമായിരുന്നു. ഭാഷാപ്രക്ഷോഭവും 1969ലെയും 1990ലെയും ബഹുജന മുന്നേറ്റങ്ങളും ഈ നാടിനെ ഇളക്കിമറിച്ചിട്ടുണ്ട്. പീഡനങ്ങളും ചൂഷണവും അടിച്ചമർത്തലും ഒന്നും ഈ ജനതയ്ക്ക് പുത്തരിയല്ല. എന്നാൽ അക്കാലത്തും തെരുവുകളിൽ ഇങ്ങനെ രക്തം തളംകെട്ടി നിന്നിരുന്നില്ല. ശവശരീരങ്ങളിങ്ങനെ കൂമ്പാരമായി കുന്നുകൂടിയിരുന്നില്ല. ഇക്കാര്യത്തിൽ മുൻകാലങ്ങളിലെ എല്ലാ സ്വേച്ഛാധിപതികളുടെയും ക്രൂരതകളെ മറികടക്കുന്ന തരത്തിലുള്ള മൃഗീയതയാണ് അവാമി ലീഗ് ഈ നാളുകളിൽ പ്രദർശിപ്പിച്ചത്. എന്നാൽ ഇതുകൊണ്ടൊന്നും പ്രക്ഷോഭത്തിന്റെ വേലിയേറ്റത്തിന് തടയിടാൻ സാധിച്ചില്ല. വിദ്യാർത്ഥികളുടെയും ജനങ്ങളുടെയും ഒടുങ്ങാത്ത പ്രക്ഷോഭവീര്യത്തിന് തെല്ലുപോലും മങ്ങലേൽപ്പിക്കാൻ അവാമി ലീഗിന് സാധിച്ചില്ല. പ്രതിഷേധത്തിന്റെ അഗ്നിജ്വാല ആളിക്കത്തിക്കാനേ ഈ അടിച്ചമർത്തൽ ശ്രമങ്ങൾ ഉപകരിച്ചുള്ളു.


ക്വാട്ടാവിരുദ്ധ സമരത്തിന്റെ തീപ്പൊരി അങ്ങനെ ബംഗ്ലാദേശിനെ ഒന്നാകെ ഗ്രസിച്ച ഒരു വലിയ കാട്ടുതീയായി മാറി. ഈ സമയമായപ്പോഴേക്കും ഇത് വെറും സംവരണവിരുദ്ധ പ്രക്ഷോഭത്തിൽ നിന്നും എത്രയോ മാറിയിരുന്നു. ഇത് വിദ്യാർത്ഥികളുടെ മാത്രം സമരവും ആയിരുന്നില്ല. വിദ്യാർത്ഥി പ്രക്ഷോഭത്തെ അടിച്ചമർത്താൻ വേണ്ടി അവാമി ലീഗ് കൈക്കൊണ്ട അനിയന്ത്രിതമായ വെടിവെപ്പും കൊലപാതകങ്ങളും രാജ്യത്തെ ആകമാനം തട്ടിയുണർത്തി. തുടക്കത്തിലെ ഞെട്ടലും ആശയക്കുഴപ്പവും നൊമ്പരവും വിട്ടുമാറിയപ്പോൾ ഈ കൂട്ടക്കുരുതിക്കെതിരെ നീതി ആവശ്യപ്പെട്ടുകൊണ്ട് ഒരു വൻ ജനകീയ മുന്നേറ്റം തന്നെ രൂപംകൊണ്ടു. ദിവസം ചെല്ലുന്തോറും അത് കരുത്താർജിച്ചു. മറുവശത്ത്, പ്രക്ഷോഭത്തിന്റെ സമ്മർദ്ദത്താൽ, അടിയന്തിരമായി കോടതിവഴിക്വാട്ടാസമ്പ്രദായം പരിഷ്കരിക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാൻ സർക്കാർ നിർബന്ധിതമായി. എന്നാൽ അതേസമയം തന്നെ ജനങ്ങളെ കബളിപ്പിക്കാനുള്ള പൈശാചികമായ തന്ത്രങ്ങളും മെനഞ്ഞെടുക്കുകയായിരുന്നു അവർ. രഹസ്യമായി പ്രക്ഷോഭകാരികളെ കൊലചെയ്തു. പ്രക്ഷോഭത്തിന്റെ നേതാക്കന്മാരെ ആശുപത്രികളിൽ നിന്നടക്കം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ജനങ്ങളെ കബളിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകളിൽ ബലമായി ഒപ്പിടീച്ചു.
വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് തുടക്കത്തിൽ ബഹുജനങ്ങൾ ഈ പ്രക്ഷോഭത്തിൽ അണിനിരന്നിരുന്നത്. വർഷങ്ങളായി അവാമി ലീഗിനെതിരെ ജനങ്ങൾക്കുള്ളിൽ ഉറഞ്ഞുകൂടിയിരുന്ന അമർഷവും അവരെ ഈ പ്രക്ഷോഭത്തിലേക്ക് തള്ളിവിട്ടു. കഴിഞ്ഞ 15 വർഷക്കാലത്തെ അവാമി ലീഗിന്റെ ഫാസിസ്റ്റ് ഭരണത്തിലുണ്ടായ അന്യായമായ തടങ്കലുകളും കസ്റ്റഡി പീഡനങ്ങളും കള്ളക്കേസുകളും പ്രതിഷേധിക്കാനുള്ള എല്ലാ അവസരങ്ങളെയും ഇല്ലാതാക്കിയിരുന്നു. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും(2014, 2018, 2024) ജനങ്ങൾക്ക് വോട്ട് ചെയ്യാൻ സാധിച്ചിരുന്നില്ല. തിരഞ്ഞെടുപ്പ് മൊത്തത്തിൽ അവാമി ലീഗിനുവേണ്ടി തട്ടിക്കൂട്ടി ഉണ്ടാക്കിയ ഒരു നാടകമായിരുന്നു. വ്യാപകമായ അട്ടിമറിയിലൂടെ അവർ അധികാരത്തിൽ തുടർന്നു. പണക്കൊഴുപ്പും പേശീബലവും ഔദ്യോഗിക സംവിധാനങ്ങളും ഉപയോഗിച്ച് അവർ ജനങ്ങൾക്കുമേൽ തങ്ങളുടെ അധികാരം സ്ഥാപിക്കുകയായിരുന്നു. അധികാരത്തിന്റെ ഹുങ്കിൽ പോലീസിനെയും പട്ടാളത്തെയും തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് ഉപയോഗിക്കുന്നതിൽ അവർക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല. രാജ്യത്തെ വമ്പൻ മുതലാളിമാരുടെ പിന്തുണ അവർക്കുണ്ടായിരുന്നു. വികസന പ്രവർത്തനങ്ങളുടെ പേരിൽ കോടിക്കണക്കിന് രൂപ അവർ ജനങ്ങളിൽനിന്ന് കൊള്ളയടിച്ചു. തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് ബാങ്കുകളിൽ നിന്നുള്ള സമ്പത്ത് രാജ്യത്തിന് പുറത്തേക്ക് ഒളിച്ചുകടത്തി.
അവാമി ലീഗിന്റെ കെടുകാര്യസ്ഥത നിറഞ്ഞ ദുർഭരണത്തിന് കീഴിൽ അവശ്യസാധനങ്ങളുടെ വില ക്രമാതീതമായി വർദ്ധിച്ചു. സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമായി. രാജ്യത്തിന്റെ സമ്പത്ത് മുഴുവൻ ഒരു ചെറു ന്യൂനപക്ഷത്തിന്റെ കൈകളിൽ കേന്ദ്രീകരിക്കപ്പെട്ടു. അവർ കൂടുതൽ കൂടുതൽ പണക്കാരായിക്കൊണ്ടിരുന്നു. ഇതിന്റെയെല്ലാം ഫലമായി പൊതുജനങ്ങളുടെ മനസ്സിൽ ഉറഞ്ഞു കൂടിയ ദേഷ്യവും നിരാശയും നിസ്സഹായതയും ഒരു അഗ്നിപർവ്വതം പോലെ പൊട്ടിത്തെറിക്കാൻ ജൂലൈയിലെ കൂട്ടക്കുരുതി ഒരു നിമിത്തമായി. വിദ്യാർഥികൾ തെരുവിലിറങ്ങുന്നത് ഇതാദ്യമല്ല. 2021 ൽ രണ്ട് വിദ്യാർത്ഥികൾ ബസ്സിനടിയിൽപ്പെട്ട് മരിച്ചപ്പോൾ അതിൽ പ്രതിഷേധിച്ചുകൊണ്ട് ഒരു വലിയ സമരം അവർ സംഘടിപ്പിച്ചിരുന്നു. ജനങ്ങളുടെ മനഃസ്സാക്ഷി ആലസ്യം വിട്ടുണരുന്നതിന്റെ ആദ്യ സൂചനയായിരുന്നു 2001ലെ ആ സമരം.


അവാമി ലീഗിന്റെ പതിനഞ്ചുവർഷത്തെ ഭരണകാലത്ത് അവർ പ്രതിസന്ധി നേരിടുമ്പോഴൊക്കെ പ്രതിഷേധക്കാരെ ജമാ അത്തെ ഇസ്ലാമി അനുകൂലികൾ എന്നും ഭീകരവാദികൾ എന്നും വിശേഷിപ്പിച്ച് രക്ഷപ്പെടാറുണ്ടായിരുന്നു. ഇങ്ങനെ വർഗീയ തീവ്രവാദ കാർഡ് കാണിച്ച് ഇപ്പോഴത്തെ പ്രതിസന്ധിയും മറികടക്കാൻ അവർ ശ്രമിക്കാതിരുന്നില്ല. രാജ്യത്തെ നല്ല മനുഷ്യരുടെയും ഉദാര ജനാധിപത്യവാദികളുടെയും മറ്റും മനസ്സിൽ ഭീതി നിറച്ച് തങ്ങളുടെ ഭരണം നിലനിർത്താൻ അവർ ശ്രമിച്ചു. പ്രതിഷേധ സമരത്തെ തകർക്കാൻ രണ്ടു വഴികളാണ് അവർ അവലംബിച്ചത്. ഒരുവശത്ത്, ഭരണകൂടത്തിന്റെ എല്ലാ സായുധ സന്നാഹങ്ങളെയും അതോടൊപ്പം പാർട്ടിയുടെ ഗുണ്ടാപ്പടയെയും ഇറക്കി ഈ പ്രക്ഷോഭത്തെ രക്തത്തിൽ മുക്കിക്കൊല്ലാൻ അവർ നീക്കം നടത്തി. അതേസമയം മറുവശത്ത്, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് എതിരായുള്ള ഒരു സംഘമാണ് ഇതിനുപിന്നിലെന്ന പ്രചാരണവും നടത്തി. ഈ പ്രക്ഷോഭം വിദ്യാർത്ഥികളുടെ കൈകളിൽനിന്നും വിട്ടുപോയിരിക്കുന്നു എന്നും ബിഎൻപിയും ജമാഅത്തുമാണ് ഇന്നത് നിയന്ത്രിക്കുന്നത് എന്നും അവർ പറഞ്ഞു. സ്വതന്ത്ര ചിന്തകരായ ജനാധിപത്യ വിശ്വാസികളെ ഈ പ്രക്ഷോഭത്തിൽ നിന്നും അകറ്റി നിർത്തുകയായിരുന്നു ഗവൺമെന്റിന്റെ ലക്ഷ്യം. ചിലയിടങ്ങളിൽ ഗവൺമെന്റ് കെട്ടിടങ്ങൾ ആക്രമിക്കപ്പെട്ടതും അവയെ തീയിട്ട് നശിപ്പിച്ചതും ചൂണ്ടിക്കാട്ടി ഇതെല്ലാം ജമാഅത്ത്- ബിഎൻപി അംഗങ്ങളുടെ അട്ടിമറി ശ്രമങ്ങൾ ആണെന്ന് വരുത്തി തീർക്കാനും അതുവഴി തങ്ങളുടെ ഭാഗത്തേക്ക് ജനങ്ങളുടെ പിന്തുണ ആർജ്ജിക്കാനും അവർ ശ്രമിച്ചു. എന്നാൽ മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് പ്രകാരം മെട്രോ റെയിലിന് തീവച്ചത് ബസ് മുതലാളിമാരിൽ ചിലരായിരുന്നു. അവാമി ലീഗുമായി ബന്ധപ്പെട്ട ആളുകൾ തന്നെയാണ് ഗവൺമെന്റ് ബസ്സിന് തീവച്ചത്. ഈ കേസിൽ അവിടുത്തെ അവാമി ലീഗിന്റെ നേതാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഹിന്ദുക്കളും മുസ്ലീങ്ങളും ഈ പ്രക്ഷോഭത്തിന്റെ ഭാഗമാണ്. അവർ ഒന്നിച്ചു പോരാടി ; ഒന്നിച്ചു തന്നെ മരണം പുൽകി. ഷെയ്ഖ് ഹസീന രാജ്യത്തുനിന്നു ഒളിച്ചോടിയതിനുശേഷം അവാമി ലീഗുകാരും നിക്ഷിപ്ത താല്പര്യക്കാരും ചില ന്യൂനപക്ഷ ആരാധനാലയങ്ങൾ ആക്രമിച്ചത് ഈ പ്രക്ഷോഭത്തിന് ചീത്ത പേരുണ്ടാക്കാൻ വേണ്ടിയാണ്. ഈ വൃത്തികെട്ട തന്ത്രത്തെ വിദ്യാർത്ഥികൾ ഒറ്റക്കെട്ടായി പൊരുതി തോൽപ്പിച്ചു. ഗവൺമെന്റിന്റെ ദുഷ്‌ചെയ്തികളും കുടിലതന്ത്രങ്ങളും രാജ്യം ഒന്നാകെ തിരിച്ചറിഞ്ഞു. പ്രക്ഷോഭത്തെ വഴിതെറ്റിക്കാൻ ഗവൺമെന്റിന് സാധിച്ചില്ല. ദിനംപ്രതി പ്രക്ഷോഭത്തിന് പിന്തുണ വർദ്ധിക്കുകയാണ് ചെയ്തത്. രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങൾ എല്ലാം തന്നെ – എഴുത്തുകാർ, കവികൾ, കലാരംഗത്തുള്ളവർ, നടീനടന്മാർ, ഗായകർ, സാഹിത്യപ്രതിഭകൾ – പ്രക്ഷോഭത്തിന് സർവ്വപിന്തുണയും നൽകി. അവരുടെ കലാപരമായ സംഭാവനകൾ പ്രക്ഷോഭത്തിന് പുതിയൊരു മാനവും ആക്കവും പ്രദാനം ചെയ്തു.


അബുസയ്യിദ് എന്ന വിദ്യാർത്ഥി അടക്കം ആറു പേരാണ് ജൂലൈ 15ന് രക്തസാക്ഷികൾ ആയത്. ജൂലൈ 16ന് ബംഗ്ലാദേശിലെ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ – ഇടതുപക്ഷ ജനാധിപത്യ സഖ്യം, ഫാസിസ്റ്റ് വിരുദ്ധ ഇടതുമുന്നണി, ബംഗ്ലാദേശ് JASAD – ചേർന്ന് പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിലൂടെ ഷെയ്ഖ് ഹസീന രാജിവെച്ചേ മതിയാവൂ എന്ന ആവശ്യം ഉന്നയിച്ചു. ജൂലൈ 17ന് ഇൻറർനെറ്റ് നിരോധിച്ചും ജൂലൈ 19ന് കർഫ്യൂ പ്രഖ്യാപിച്ചും ജനങ്ങളുടെമേൽ കടുത്ത ആക്രമണമാണ് ഹസീന ഗവൺമെന്റ് അഴിച്ചുവിട്ടത്. പോലീസ് തോന്നിയതുപോലെ ആളുകളെ അറസ്റ്റ് ചെയ്യാൻ തുടങ്ങി. ജൂലൈ 26ന് സാംസ്കാരിക പ്രവർത്തകർ നിരോധനം ലംഘിച്ചുകൊണ്ട് ഒരു സംഗീത റാലി സംഘടിപ്പിച്ചു. അന്ന് വൈകിട്ട് തന്നെ ഇടതു സംഘടനകൾ ചേർന്ന് രക്തസാക്ഷികളുടെ ഓർമ്മയ്ക്കായി ഒരു അനുശോചനയോഗവും സംഘടിപ്പിച്ചു.
27-ാം തീയതി രാവിലെ വനിതകളുടെ നേതൃത്വത്തിൽ ഒരു പ്രതിഷേധ റാലി സംഘടിപ്പിക്കപ്പെട്ടു. 29-ാം തീയതി വിവേചനത്തിനെതിരെയുള്ള വിദ്യാർത്ഥി സഖ്യം(Anti-Discrimination Students Movement) ദേശവ്യാപകമായ ഒരു പ്രതിഷേധ റാലിയും നടത്തി. 30-ാം തീയതി പ്രതിഷേധ ദിനമായി ആചരിക്കാനും അന്നേദിവസം ചുവന്ന തുണികൊണ്ട് മുഖം മറയ്ക്കാനും സാമൂഹ്യ മാധ്യമങ്ങളിൽ ചുവന്ന ബാനർ പ്രദർശിപ്പിക്കാനും അവർ ആഹ്വാനം ചെയ്തു. ഇതിൽ രാജ്യമെമ്പാടുമുള്ള എല്ലാ തുറയിലുംപെട്ട ജനങ്ങൾ ഭാഗമായി. പ്രശസ്തരും താരങ്ങളും വരെ ഇതിൽ പങ്കെടുത്തു. ജൂലൈ 31ന് ഇതേ സംഘടന ‘മാർച്ച് ഫോർ ജസ്റ്റിസ് ’ സംഘടിപ്പിച്ചു. അന്നേദിവസം കോടതി വളപ്പിൽ വെച്ച് സമരക്കാരെ അറസ്റ്റ് ചെയ്യാനുള്ള പോലീസിന്റെ ശ്രമം ഹൈക്കോടതിയിലെ വക്കീലന്മാർ ചേർന്ന് തടഞ്ഞു. ആഗസ്റ്റ് 1ന് രാജ്യവ്യാപകമായി രക്തസാക്ഷികളെ സ്മരിക്കാനുള്ള പരിപാടികൾ നടന്നു. ആഗസ്റ്റ് 2ന് ദേശവ്യാപകമായി പ്രതിഷേധിക്കാനും പ്രകടനം നടത്താനും ആഹ്വാനം ചെയ്യപ്പെട്ടു. ആഗസ്റ്റ് 2ന്റെ റാലി തുടങ്ങുന്നതിനു മുൻപ് വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും അഭിസംബോധന ചെയ്ത പ്രൊഫ. അനു മുഹമ്മദ്, ഷെയ്ഖ് ഹസീന രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. പതിനായിരത്തിൽപ്പരം വിദ്യാർത്ഥികൾ അവിടെ സന്നിഹിതരായിരുന്നു. അങ്ങനെ ജനങ്ങളുടെ മനസ്സിനെ മഥിച്ചുകൊണ്ടിരുന്ന ഷേയ്ഖ് ഹസീനയുടെ ഫാസിസ്റ്റ് ഭരണത്തിന് അന്ത്യം കുറിക്കുക എന്ന ആവശ്യം ഉറക്കെ പ്രഖ്യാപിക്കപ്പെട്ടു. പിറ്റേന്ന് ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്ത റാലിയിൽ വെച്ച് വിവേചന വിരുദ്ധ വിദ്യാർത്ഥി പ്രസ്ഥാനം ഷേയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ടു. രാജ്യമെമ്പാടും ജനങ്ങൾ ഇതേ ആവശ്യം ഉയർത്താൻ തുടങ്ങി.
ഹസീന രാജിവെക്കണം എന്ന ഒറ്റ ആവശ്യമുയർത്തി ആഗസ്റ്റ് 4ന് നിസ്സഹകരണ പ്രക്ഷോഭം ആരംഭിച്ചു. ആഗസ്റ്റ് 6ന് ധാക്കയിലേക്ക് ലോങ്ങ് മാർച്ച് നടത്തുമെന്നും പ്രഖ്യാപിക്കപ്പെട്ടു. എന്നാൽ അവാമി ലീഗിന്റെ അഴിഞ്ഞാട്ടത്തിനും കൂട്ടക്കശാപ്പിനും എതിരെ ജനവികാരം ഉയർന്നപ്പോൾ ഈ മാർച്ച് ഒരു ദിവസം മുൻപ് തന്നെ -ആഗസ്റ്റ് 5ന് – ആരംഭിച്ചു. ധാക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് മനുഷ്യർ ശഹീദ് മിനാറും ഗണഭവനും ലക്ഷ്യമാക്കി മാർച്ച് ചെയ്യാൻ തുടങ്ങി.ഇത് തടയാൻ ഗവൺമെന്റിന് കഴിയുമായിരുന്നില്ല. ജനങ്ങളുടെ ഈ മഹാസമുദ്രത്തിന് മുൻപിൽ ഭരണകൂടത്തിന്റെ പിണിയാളുകൾ നിസ്സഹായരായിരുന്നു. ആഗസ്റ്റ് 5ന് തിങ്കളാഴ്ച ഉച്ചയ്ക്ക് ഷേക്ക് ഹസീന രാജിവച്ചു. ആരും അറിയാതെ രഹസ്യമായി അവർ ഗണഭവനും രാജ്യം തന്നെയും ഉപേക്ഷിച്ച് പലായനം ചെയ്തു.


വിവിധ വിഭാഗത്തിൽപ്പെട്ട ജനങ്ങൾ ഈ പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു. ചിലർ പരസ്യമായി തന്നെ, മറ്റുചിലർ നേരിട്ടല്ലാതെയും ഈ പ്രക്ഷോഭത്തിൽ പങ്കുചേർന്നു. സർവ്വകലാശാല അധ്യാപകർ നിർണായകമായ പങ്കാണ് വഹിച്ചത്. അധ്യാപകരുടെ സംഘടനകൾ ഒരുപാട് കാലമായി ഫാസിസ്റ്റ് ഭരണത്തിനെതിരെ സമരത്തിൽ ആയിരുന്നു. ഈ പ്രക്ഷോഭത്തിലും അവർ ധീരമായ ഒരു പങ്കുവഹിച്ചു. ജൂലൈ 17ന് രണ്ട് പ്രതിഷേധക്കാരെ ഷാബാഗ് ജയിലിൽ നിന്ന് മോചിപ്പിച്ചത് അവരായിരുന്നു. സമാനമായ സംഭവങ്ങൾ മറ്റു സർവ്വകലാശാലകളിലും നടന്നു. പലയിടത്തും അധ്യാപകർ വിദ്യാർഥികളോടൊപ്പം സമരത്തിലണിനിരന്നു. ഇത് തീർച്ചയായും അഭൂതപൂർവ്വമായ കാഴ്ചയായിരുന്നു.
ജൂലൈ 29ന് വിവേചന വിരുദ്ധ വിദ്യാർത്ഥി സഖ്യത്തിന്റെ ആറ് നേതാക്കന്മാരെ ഡിബി ഓഫീസിൽ തടഞ്ഞുവെച്ചു. അവരെ സംസാരിക്കാൻ അനുവദിച്ചില്ല. അധികാരികൾ തയ്യാറാക്കിയ പ്രസ്താവന പുറപ്പെടുവിക്കാൻ അവർ നിർബന്ധിതരായി. ഹൈക്കോടതി വക്കീലന്മാരായ അയിനുന്നഹാർ ലിപിയും മൻസൂർ അൽമാറ്റിനും ഈ ആറുപേരെ അന്യായമായി തടങ്കലിൽ വെച്ചതിനെതിരെയും പ്രതിഷേധക്കാരെ വെടിവെയ്ക്കുന്നതിനെതിരെയും ഹൈക്കോടതിയിൽ ഹർജി നൽകി. വെടിവെപ്പ് തടയാനുള്ള ഹർജി കോടതി തള്ളിക്കളഞ്ഞു. എന്നാൽ സമര നേതാക്കളെ പുറത്തുവിടാൻ പോലീസ് നിർബന്ധിതരായി. ഈ വിഷയം രാജ്യമെമ്പാടും പ്രതിഷേധത്തിന് കാരണമായി. ‘മാർച്ച് ഫോർ ജസ്റ്റിസി’ൽ രാജ്യത്തുടനീളം ഒട്ടനവധി അഭിഭാഷകർ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്കുവേണ്ടി നിലപാടെടുത്തു. കൂട്ടക്കുരുതിയെ കുറിച്ച് അന്വേഷിക്കാൻ ഒരു പബ്ലിക് എൻക്വയറി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഒട്ടനവധി കലാകാരന്മാർ ഈ പ്രക്ഷോഭത്തിന്റെ ഭാഗമായി. ധാക്ക നഗരത്തിലെ റിക്ഷാവലിക്കാർ വളരെ സംഘടിതമായി തന്നെ ഈ പ്രക്ഷോഭത്തിൽ പങ്കെടുത്തു. അവർ റിക്ഷാ റാലികൾ സംഘടിപ്പിക്കുക മാത്രമല്ല ചെയ്തത്, കർഫ്യൂസമയത്ത് പോലീസിന്റെയും പട്ടാളത്തിന്റെയും കണ്ണിൽപ്പെടാതെ പ്രക്ഷോഭകാരികളെ ലക്ഷ്യസ്ഥലങ്ങളിലേക്ക് എത്തിക്കാനും അവർ മുന്നോട്ടുവന്നു. ആംഗ്യങ്ങളിലൂടെയും അംഗവിക്ഷേപങ്ങളിലൂടെയും അവർ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി. വിദ്യാർത്ഥി പ്രക്ഷോഭം ബഹുജന മുന്നേറ്റമായി മാറിയപ്പോൾ ഒട്ടേറെ സാധാരണക്കാർ, കടകളിൽ പണിയെടുക്കുന്നവർ, ചെറുകിട ബിസിനസ്സുകാർ, തൊഴിലാളികൾ, കർഷകർ തുടങ്ങി ഒട്ടനവധി പേർ പ്രക്ഷോഭത്തിന്റെ ഭാഗമായി. അവർ നെഞ്ചുവിരിച്ച് വെടിയുണ്ടകൾ ഏറ്റുവാങ്ങി; രക്തസാക്ഷിത്വം വരിച്ചു.


ഫെയ്സ്ബുക്കിൽ വന്ന ഒരു ബാനർ പലരുടെയും ശ്രദ്ധയാകർഷിക്കുകയുണ്ടായി. ‘‘ഇവിടെ രാഷ്ട്രീയ ചർച്ചകൾ നിരോധിച്ചിരിക്കുന്നു’’ എന്ന പ്രസ്താവനയിൽ അവസാനവാക്ക് വെട്ടി മാറ്റി ‘‘തുടരും’’ എന്നാക്കിയിരിക്കുന്നു. പ്രക്ഷോഭത്തിന് മുൻപ് പൊതുസ്ഥലങ്ങളിലെല്ലാം ‘‘രാഷ്ട്രീയം പറയാൻ പാടില്ല’’ എന്ന തരത്തിലുള്ള നോട്ടീസുകൾ പ്രദർശിപ്പിക്കുമായിരുന്നു. രാഷ്ട്രീയം പറയുന്നതും വിയോജിപ്പ് പ്രകടിപ്പിക്കുന്നതും വലിയ അപകടത്തിന് കാരണമാകുമായിരുന്നു. എന്നാൽ ഈ ജനകീയ പ്രക്ഷോഭം ബംഗ്ലാദേശിൽ ഒരു പുതിയ പുലരി കൊണ്ടുവന്നിരിക്കുകയാണ്. പഴയകാലത്ത് നിന്ന് പുറത്തു വരാനുള്ള ഒരു മാർഗം അന്വേഷിക്കുകയാണ് ഇന്ന് എല്ലാവരും. സ്വതന്ത്ര അഭിപ്രായപ്രകടനത്തിന് വിലക്കില്ലാത്ത ഒരു പുതിയകാലം, പഴയ സ്വേച്ഛാധിപത്യത്തിലേക്ക് ഇനി തിരിച്ചു പോകാൻ പാടില്ല . ഇതിനുള്ള മാർഗം എന്താണെന്ന് എല്ലാവരും അന്വേഷിക്കുന്നു . പ്രതിപക്ഷത്തെ ഏതെങ്കിലും കക്ഷിയോട് ജനങ്ങൾക്ക് പ്രത്യേകിച്ച് മമതയൊന്നുമില്ല. ഏതെങ്കിലും കാലത്ത് ബംഗ്ലാദേശിൽ ഭരണത്തിന്റെ ഭാഗമായിരുന്ന രാഷ്ട്രീയപാർട്ടികളെ ഒന്നും ജനങ്ങൾക്ക് വിശ്വാസമില്ല. ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. വലിയ പാർട്ടികളെയും അവർ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെയും ജനങ്ങൾ നിരാകരിച്ചിരിക്കുന്നു. ഭരണസംവിധാനത്തിന്റെ വിവിധ വശങ്ങൾ എങ്ങനെ പരിഷ്കരിക്കണം എന്ന ചർച്ചകൾക്ക് പ്രാമുഖ്യം വന്നിട്ടുണ്ട്.


ഷെയ്ഖ് ഹസീന രാജിവച്ചതോടെ അവാമി ലീഗിന്റെ ഫാസിസ്റ്റ് ഗവൺമെന്റ് തകർന്നിരിക്കുന്നു. വിപ്ലവത്തെ സംബന്ധിച്ചിടത്തോളം ഇത് സുപ്രധാനമായ വിജയമാണ്. എന്നാൽ മുൻപും നമ്മളിങ്ങനെ പൊരുതിയിരുന്നു; രാജ്യത്തെ മോചിപ്പിച്ചതുതന്നെ വലിയ ഒരു യുദ്ധത്തിലൂടെയാണ്. അതിനുശേഷം വലിയ ജനകീയ പ്രക്ഷോഭങ്ങൾ ഉണ്ടായി. നിരവധിപേർ ജീവൻ ബലി കൊടുത്തു. എന്നിട്ടും ജനാധിപത്യപരമായ ഒരു ഭരണസംവിധാനം ഉണ്ടാക്കിയെടുക്കുക എന്ന സ്വപ്നം ഒരു മരീചികയായി തുടരുകയായിരുന്നു. ഇന്നത്തെ എല്ലാ സാമൂഹ്യ, സാമ്പത്തിക തിന്മകളുടെയും അടിസ്ഥാന കാരണം – മുതലാളിത്ത ഭരണകൂടം – ഇപ്പോഴും നിലനിൽക്കുന്നു എന്ന കാര്യം നാം മറക്കാൻ പാടില്ല. വിവേചനവും തൊഴിലില്ലായ്മയും അടിച്ചമർത്തലും സൃഷ്ടിക്കുന്ന ആ ഭരണകൂടം ഇനിയും തകർന്നിട്ടില്ല. ഫാസിസത്തിന് ജന്മം നൽകുന്നത് മുതലാളിത്തമാണ്. മുതലാളിത്തത്തെ തൂത്തെറിയുന്നതുവരെ ജനകീയ പ്രക്ഷോഭം ശക്തമായി തുടരേണ്ടതുണ്ട്. രാഷ്ട്രീയ ബോധമുള്ള, സംഘടിതമായ, ഉയർന്ന നൈതിക ധാരണയുള്ള, കരുത്തുറ്റ ജനകീയ മുന്നേറ്റം കൊണ്ടു മാത്രമേ മുതലാളിത്തത്തെ തന്നെ തൂത്തെറിഞ്ഞ് യഥാർത്ഥ ജനാധിപത്യം സ്ഥാപിക്കാനാവു.

Share this post

scroll to top