തൊഴിലവകാശങ്ങള്‍ ഹനിക്കുന്ന തൊഴില്‍ നിയമ ഭേദഗതികള്‍

labour-bccl.jpg
Share

കൊറോണപോലെ ഒരു മഹാമാരിയുടെ സമയത്ത് രാഷ്ട്രീയ വിമർശനവും സമരവും ഒഴിവാക്കിക്കൂടേ എന്ന നിർദോഷ ചോദ്യം സാധാരണക്കാരിൽനിന്നും സ്വാഭാവികമായി ഉയരുന്നതാണ്. എന്നാൽ, രാഷ്ട്രീയ-സാമ്പത്തിക താൽപര്യങ്ങൾക്കുവേണ്ടി ഇതേ ചോദ്യം സമൂഹത്തിൽ തൊടുത്തുവിട്ട് ആശയക്കുഴപ്പമുണ്ടാക്കുന്നവരുമുണ്ട്. കോവിഡിന് രാഷ്ട്രീയമില്ലെന്ന് തട്ടിവിടുന്നവർ, കോവിഡിനെപ്പോലും വർഗ്ഗതാല്പര്യങ്ങൾക്കും അധികാരരാഷ്ട്രീയത്തിനുംവേണ്ടി ഉപയോഗപ്പെടുത്തുകയാണ്. ഇത് നമ്മുടെ രാജ്യത്തും വ്യക്തമായി കാണാൻ കഴിയും. അതുകൊണ്ട് കോവിഡിനെ പ്രതിരോധിക്കാൻ പൊരുതുന്ന ജനങ്ങൾക്ക്, പ്രത്യേകിച്ചും തൊഴിലാളികൾക്ക്, തങ്ങൾ ജീവവായുപോലെ കരുതിയിരുന്ന അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിയും പൊരുതേണ്ടിവരികയാണ്.
നമ്മുടെ രാജ്യത്തെ 14 കോടിയോളം വരുന്ന കുടിയേറ്റ തൊഴിലാളികൾ രാജ്യമൊട്ടാകെ പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗൺ കാരണം അനുഭവിക്കുന്ന ദുരിതങ്ങൾ ലോകമെങ്ങുമുള്ള മനുഷ്യരുടെ കരളലിയിപ്പിക്കുന്നതാണ്. രാജ്യത്തെ ആഭ്യന്തര ഉല്പാദനത്തിന്റെ 10 ശതമാനം സമ്പത്ത് സൃഷ്ടിക്കുന്ന ഈ തൊഴിലാളികൾ ഇത്രയും ക്രൂരമായവിധം തെരുവിലേക്ക് എറിയപ്പെട്ടത് എന്തുകൊണ്ട്? രാജ്യം ഭരിക്കുന്നവർക്ക് ഇത് ഒഴിവാക്കാൻ കഴിയുമായിരുന്നില്ലേ? ഇന്ത്യയിൽ കോവിഡ് 19 ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത് ജനുവരി 30ന് ആണ്. പ്രധാനമന്ത്രി യുടെ ലോക് ഡൗൺ പ്രഖ്യാപനം മാർച്ച് 24 നുമാണ്. ഇതിനിടയിലുള്ള നീണ്ട 53 ദിവസങ്ങൾ കേന്ദ്ര സർക്കാർ എന്തു ചെയ്യുകയായിരുന്നു? വെറും 4 മണിക്കൂർ മുന്നറിയിപ്പിൽ ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് വീട്ടിൽ ഇരിക്കുക എന്ന പ്രഖ്യാപനം നടത്തുമ്പോൾ സംഭവിക്കാവുന്ന ഗുരുതരമായ സാഹചര്യത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയാത്തവരാണോ രാജ്യം ഭരിക്കുന്നത്? കാർഷികമേഖലയുടെ തകർച്ച കാരണം ഗ്രാമങ്ങളിൽനിന്നും വിദൂര നഗരങ്ങളിലേക്ക് ജോലിതേടി കുടിയേറാൻ നിർബ്ബന്ധിതരായ 14 കോടി തൊഴിലാളികളെ മോഡി സർക്കാർ രാജ്യത്തെ പൗരന്മാർ എന്നല്ല, മനുഷ്യരായിപ്പോലും പരിഗണിച്ചില്ല. ഭരണാധികാരികളുടെ ഈ ക്രൂരതയ്ക്കും അന്യായത്തിനുമെതിരെ ശബ്ദിക്കാതിരിക്കാൻ ആർക്കെങ്കിലും കഴിയുമോ?

ജനങ്ങൾ ഒരു മഹാമാരിയുമായി മല്ലടിക്കുന്ന സമയം തന്നെയാണ് തൊഴിലാളികൾ ഒരു നൂറ്റാണ്ടുകൊണ്ട് പൊരുതി സ്ഥാപിച്ച തൊഴിൽ നിയമങ്ങളത്രയും റദ്ദാക്കുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തെരഞ്ഞെടുത്തത്. 1886 ലെ മേയ്ദിന പ്രക്ഷോഭണത്തെത്തുടർന്ന് ലോകമൊട്ടാകെ സ്ഥാപിക്കപ്പെട്ട 8 മണിക്കൂർ ജോലി എന്ന അടിസ്ഥാന അവകാശം പോലും ബി.ജെ.പി യുടെ കേന്ദ്ര സർക്കാർ കോവിഡിന്റെ മറപറ്റി തകർക്കുകയാണ്. നിലവിലുള്ള തൊഴിൽനിയമങ്ങൾ കോർപ്പറേറ്റുകൾക്ക് അനുകൂലമായി മാറ്റിയെഴുതുക എന്ന ലക്ഷ്യം വച്ചുകൊണ്ട് നാല് ലേബർ കോഡുകൾ പാർലമെന്റിൽ പാസ്സാക്കിയെടുക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായിട്ടുതന്നെയാണ് ഇപ്പോഴത്തെ നടപടികളും. കോവിഡിന്റെയും ലോക്ഡൗണിന്റെയും സന്ദർഭം സർക്കാർ ഇതിനായി ലജ്ജാകരമായി ഉപയോഗപ്പെടുത്തുകയാണ്. 8 മണിക്കൂർ ജോലി 12 മണിക്കുറായി വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാറും 8 സംസ്ഥാന സർക്കാരുകളും തയ്യാറായി ഇരിക്കുകയാണ്.
ബി.ജെ.പിയുടെ യു.പി സർക്കാർ തൊഴിലാളിവിരുദ്ധ പദ്ധതി നടപ്പിലാക്കുന്നതിന് ഒരു ഓർഡിനൻസ് തന്നെ കൊണ്ടുവന്നു. ‘Utter Pradesh Tempo-rary Exemption from Certain Labour Laws Ordinance 2020’ അനുസരിച്ച്, സംസ്ഥാനത്ത 42 തൊഴിൽ നിയമങ്ങളിൽ 4 എണ്ണം ഒഴിച്ച് മറ്റെല്ലാ തൊഴിൽനിയമങ്ങളുടെയും പരിധിയിൽനിന്നും സംസ്ഥാനത്തെ എല്ലാ വ്യാപാരസ്ഥാപനങ്ങളെയും ഫാക്ടറികളെയും മറ്റ് ബിസ്സിനസ്സ് സ്ഥാപനങ്ങളെയും അടുത്ത മൂന്നു വർഷത്തേക്ക് ഒഴിവാക്കിയിരിക്കുകയാണ്. ട്രേഡ് യൂണിയൻ ആക്ട്, വ്യവസായ തർക്ക നിയമം, തൊഴിൽ സുരക്ഷയും ആരോഗ്യവും സംബന്ധിച്ച നിയമം, കരാർതൊഴിലാളി നിയമം, അന്തർ സംസ്ഥാന കുടിയേറ്റ തൊഴിലാളി നിയമം, തുല്യവേതന നിയമം, പ്രസവാനുകൂല്യ നിയമം, മിനിമം വേജസ് ആക്ട് തുടങ്ങിയ നിയമങ്ങളെല്ലാം റദ്ദാക്കിയവയിൽപ്പെടും. എത്ര ചെറിയ കൂലിക്കും യാതൊരു സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെ തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കുവാൻ ഉടമകൾക്ക് കഴിയും.
യു.പി.ക്ക് സമാനമായി തന്നെയാണ് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ, 1948ലെ ഫാക്ടറീസ് ആക്ടിലെ ഏതാനും ചില വകുപ്പുകൾ ഒഴിച്ച് മറ്റെല്ലാത്തിൽനിന്നും സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ്-നിർമ്മാണ-ഉല്പാദന സ്ഥാപനങ്ങളെ അടുത്ത 1000 ദിവസത്തേക്ക് ഒഴിവാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതനുസരിച്ച് യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയും തൊഴിലാളിക്ഷേമ ബാദ്ധ്യതകൾ നിറവേറ്റാതെയും മുതലാളിമാർക്ക് തൊഴിലാളികളെ പണിയെടുപ്പിക്കാൻ കഴിയും. കൂടാതെ, കരാർതൊഴിലാളി നിയമം, വ്യവസായതർക്ക നിയമം എന്നിവയും അസാധുവാക്കിയിരിക്കുന്നു. ഇതിലൂടെ മുതലാളിമാർക്ക് ഒരു നിബന്ധനയുമില്ലാതെ യഥേഷ്ടം നിയമിക്കാനും പിരിച്ചുവിടാനും കഴിയും. എന്തെങ്കിലും പരാതി ഉന്നയിക്കുവാനോ ചർച്ചയ്ക്ക് വിധേയമാക്കുവാനോ യാതൊരു അവകാശവും തൊഴിലാളികൾക്ക് ഉണ്ടായിരിക്കുകയുമില്ല. ശമ്പളം, നഷ്ടപരിഹാരം, സുരക്ഷ എന്നിവയെല്ലാം ഉന്നയിക്കാൻപോലും തൊഴിലാളികൾക്ക് അവകാശമില്ലാതാകും. തൊഴിൽ വകുപ്പിന്റെ പരിശോധനയും നിർവ്വഹണവും എല്ലാം അർത്ഥശൂന്യമാകും. രാവിലെ 6 മണി മുതൽ രാത്രി 12 മണിവരെ (18 മണിക്കൂർ) ജോലി ചെയ്യിപ്പിക്കാൻ കഴിയും വിധം ഷോപ്പ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് ഭേദഗതിയും ചെയ്തിരിക്കുന്നു. മാത്രമല്ല, മദ്ധ്യപ്രദേശ് ലേബർ വെൽഫയർ ബോർഡിലേക്ക് ഓരോ തൊഴിലാളിക്കും വേണ്ടി 80 രൂപ വീതം അടക്കണമെന്ന ബാദ്ധ്യതയിൽനിന്നും തൊഴിലുടമകളെ ഒഴിവാക്കിക്കൊടുക്കുകയും ചെയ്തിരിക്കുന്നു.
ഗുജറാത്ത് ഗവൺമെന്റും യു.പി.സർക്കാർ മാതൃകയിൽതന്നെ മിക്കവാറും എല്ലാ തൊഴിൽ നിയമങ്ങളും 1200 ദിവസത്തേക്ക് മരവിപ്പിച്ചിരിക്കുന്നു. തൊഴിൽ സമയം 12 മണിക്കൂറായി വർദ്ധിപ്പിക്കുകയും ചെയ്തു. ഗുജറാത്തിലെ ചേംബർ ഓഫ് കോമേഴ്‌സ് ആന്റ് ഇൻഡസ്ട്രീസ്, ഒരു വർഷത്തേക്ക് ട്രേഡ് യൂണിയൻ പ്രവർത്തനം നിരോധിക്കണമെന്നും കരാർ തൊഴിലാളികളുടെ ശമ്പളം MGNREGA(തൊഴിലുറപ്പ് പദ്ധതി) തൊഴിലാളികളുടേതിന് തുല്യമാക്കി കുറക്കണമെന്നും സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. അതിനൊത്തവിധമാണ് ഗുജറാത്ത് സർക്കാറിന്റെ നടപടികൾ.
ഹിമാചൽ പ്രദേശ്, ഹരിയാന, ഒഡീഷ, മഹാരാഷ്ട്ര, ബീഹാർ, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളും ഏതാണ്ട് ഇതേ രീതിയിൽതന്നെ നീങ്ങുകയാണ്. ഇവിടങ്ങളിൽ പ്രവൃത്തിസമയം 8 മണിക്കൂറിൽനിന്നും 12 മണിക്കൂറാക്കാൻ എക്‌സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പൊതുമേഖലാ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ. മരവിപ്പിപ്പിച്ച കേന്ദ്ര സർക്കാറിനെ മാതൃകയാക്കി തമിഴ്‌നാട് സർക്കാരും ഡി.എ. മരവിപ്പിക്കാനും ലീവ് സറണ്ടർ ആനുകൂല്യം പിൻവലിക്കാനും തീരുമാനിക്കുകയുണ്ടായി. കേരളാ ഗവർണ്മെണ്ടും സർക്കാർ ജീവനക്കാരുടെയും പൊതുമേഖലാ, അർധ സർക്കാർ, കമ്പനി എന്നിവയിലെ ജീവനക്കാരുടെയും ഒരു മാസത്തെ ശമ്പളം ആറ് തവണയായി പിടിച്ചെടുക്കാൻ ആദ്യം ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. ഇതിനെതിരെ ജീവനക്കാരുടെ ചില സംഘടനകൾ ഹൈക്കോടതിയിൽനിന്നും സ്റ്റേ സമ്പാദിച്ചു. തുടർന്ന് സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നുകൊണ്ടാണ് ശമ്പളം പിടിക്കുന്നത്. ഉത്തരവിൽനിന്നും ഓർഡിനൻസിലെത്തുമ്പോൾ, ഏതൊരു ദുരന്തത്തിന്റെ പേരിലും ഏതൊരു ജീവനക്കാരന്റെയും തൊഴിലാളിയുടെയും ശമ്പളത്തിൽ കൈവെക്കാൻ സർക്കാറിന് അധികാരം ഉണ്ടെന്ന തലത്തിലേക്ക് പ്രതിലോമസ്വഭാവം കൈവരിക്കുകയുണ്ടായി. മാതൃകാ തൊഴിലുടമയായ സർക്കാറിന് ഇപ്രകാരം ചെയ്യാമെന്നതിനാൽ, മറ്റെല്ലാ തൊഴിലുടമകൾക്കും ഇതേ മാർഗ്ഗം പിന്തുടരാൻ അനുമതി ലഭിക്കുകയാണ്.

ജനങ്ങളെ തെല്ലും പരിഗണിക്കാതെയുള്ള, ഭരണവർഗ്ഗ താല്പര്യം മാത്രം മുൻനിർത്തിയുള്ള നടപടികളാണ് ഈ ദുരന്തകാലത്തുപോലും സർക്കാർ കൈക്കൊള്ളുന്നത്. അതുകൊണ്ടാണ് കോവിഡ് റിപ്പോർട്ട് ചെയ്ത് നിർണ്ണായകമായ ഏറെ നാളുകൾ പാഴാക്കിയശേഷം, യാതൊരു മുന്നൊരുക്കങ്ങളും നടത്താതെ പൊടുന്നനെ ലോക്ഡൗൺ പ്രഖ്യാപിച്ചത്. പിന്നീട് മാർച്ച് 29, 30 തിയതികളിൽ തൊഴിലാളികളുടെ ശമ്പളം, താമസം എന്നിവ സംബന്ധിച്ച ചില ഉത്തരവുകൾ കേന്ദ്ര സർക്കാർ പുറപ്പെടുവിക്കുകയുണ്ടായി. കരാർ, കാഷ്യൽ തൊഴിലാളികൾക്ക് ലോക്ഡൗൺ കാലത്ത് ശമ്പളവും കൂലിയും യാതൊരു കറവും വരുത്താതെ നൽകണമെന്നും അവരെ ജോലിയിൽനിന്നും പറഞ്ഞുവിടരുതെന്നും താമസസ്ഥലത്തുനിന്നും ഒഴിപ്പിക്കരുതെന്നും അതിൽ പറയുന്നുണ്ട്.
എന്നാൽ, സ്ട്രാന്റഡ് വർക്കേഴ്‌സ് ആക്ഷൻ നെറ്റ്‌വർക്ക് എന്ന സംഘടയുടെ സർവ്വേയിൽ കണ്ടത്തിയത്, 89 ശതമാനം തൊഴിലാളികൾക്കും ലോക്ഡൗൺ കാലത്ത് യാതൊരു കൂലിയും ശബളവും ലഭിച്ചില്ല എന്നാണ.് വെറും 16 ശതമാനത്തിനു മാത്രമാണ് ഭാഗീകമായി എന്തെങ്കിലും കിട്ടിയത്. സ്വയം തൊഴിൽ ചെയ്യുന്ന 99 ശതമാനം തൊഴിലാളികൾക്കും ലോക്ഡൗൺ കാലത്ത് യാതൊരു വരുമാനവും ഉണ്ടായിരുന്നില്ല. ലോക്ഡൗണിന് മുമ്പ് ജോലി ചെയ്തതിന്റെ കൂലി പോലും വ്യാപകമായി നിഷേധിക്കപ്പെട്ടു. ചുരുക്കത്തിൽ ഈ ഉത്തരവുകൾ നടപ്പിലാക്കാൻ യാതൊരു നടപടിയും സർക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ല. മാത്രമല്ല, നിലവിലുള്ള നിയമപ്രകാരം, ജോലി ചെയ്താൽ മാത്രമേ ശമ്പളം നൽകാൻ ബാദ്ധ്യതയുള്ളൂ എന്ന് തൊഴിലുടമകൾ വാദിക്കുകയാണ്. സർക്കാർ ഉത്തരവുകൾക്ക് നിയമപ്രാബല്യമില്ലെന്ന് പറഞ്ഞുകൊണ്ട് കൂലി നിഷേധിക്കുന്നതിന്റെ പേരിൽ പരാതിയുടെ പ്രവാഹമാണ് കേരളത്തിൽനിന്നു പോലും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇക്കാര്യത്തിൽ ഒരു ഓർഡിനൻസ് എങ്കിലും കൊണ്ടുവന്ന് തൊഴിലാളികൾക്ക് കൂലി ഉറപ്പാക്കാൻ സർക്കാറിന് താൽപര്യമില്ല.
കോടിക്കണക്കിന് തൊഴിലാളികളുടെ കണ്ണീരും യാതനയും സർക്കാറുകളെ തല്ലും അലോസരപ്പെടുത്തുന്നില്ല. ജാർഖണ്ഡിൽനിന്നും മുബൈയിൽ പണിക്കുവന്ന ഒരു തൊഴിലാളി മനോവേദനയും രോഷവും കൊണ്ട് പറഞ്ഞത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് ‘മോഡിയുടെ കണ്ണിൽ ഞങ്ങളെല്ലാം വെറും കീടങ്ങളാണ്, അതുകൊണ്ട് ഞങ്ങൾ അങ്ങനെത്തന്നെ മരിക്കേണ്ടിവരും’. ഇത്, സ്വന്തം വിയർപ്പൊഴുക്കി പണിത പാതകളിലൂടെ ചോരയൊലിക്കുന്ന പാദങ്ങളുമായി ആഴ്ചകളായി നടക്കുന്ന കോടിക്കണക്കിന് തൊഴിലാളികളുടെ വികാരമാണ്.
കോവിഡ് മഹാമാരികൊണ്ട് ജനങ്ങൾ അരക്ഷിതാവസ്ഥയിലും ഭയാശങ്കയിലും കഴിയുമ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ, കക്ഷി ഭേദമെന്യേ തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കാനും ചൂഷണത്തിന്റെ വ്യാപ്തി കൂട്ടാനും കുത്തകകളുടെ താല്പര്യങ്ങൾ സംരക്ഷിക്കാനുമാണ് ശ്രമിക്കുന്നത്. ഊർദ്ധ്വശ്വാസം വലിക്കുന്ന മുതലാളിത്തത്തിന് ദുരന്തങ്ങൾ വെന്റിലേറ്റർ പോലെയാണ്. ദുരന്തവേളയി ലെ ഏത് ചെറിയ കാലയളവും ജനവിരുദ്ധ-തൊഴിലാളിവിരുദ്ധ നടപടികൾ പരമാവധി അടിച്ചേല്പിക്കാനുള്ള അവസരമായിട്ടാണ് മൂലധനശക്തികൾ കാണുന്നത്. ദുരന്തത്തിന്റെ പേരിൽ എതിർശബ്ദങ്ങളെ എളുപ്പം ഒഴിവാക്കാൻ കഴിയുമെന്ന് ഭരണവർഗ്ഗത്തിന് അറിയാം.

മൂലധനം വെറുതെയിരുന്നാൽ ലാഭം കിട്ടുകയില്ല. അത് നിരന്തരമായി മിച്ചമൂല്യം സൃഷ്ടിച്ചുകൊണ്ടേ ഇരിക്കണം. മിച്ചമൂല്യം തൊഴിലാളികളുടെ അദ്ധ്വാനത്തിൽ നിന്നു മാത്രമേ സൃഷ്ടിക്കാൻ കഴിയൂ. അതുകൊണ്ടാണ് നിർത്തിവെച്ച ഉല്പാദനങ്ങളെല്ലാം ഉടൻ പുനഃരാരംഭിക്കണമെന്ന് കോർപ്പറേറ്റുകൾ ആവശ്യപ്പെടുന്നത്. തൊഴിലാളികൾ അവരുടെ ഗ്രാമങ്ങളിലേക്ക് പോയാൽ തങ്ങളുടെയും തങ്ങളുടെ സർക്കാറിന്റെയും മനുഷ്യത്വമില്ലാത്ത ക്രൂര നടപടികൾ മൂലം ഇനിയും അവർ തിരിച്ചുവരാൻ സാദ്ധ്യതയില്ലെന്ന് മുതലാളിമാര്‍ കരുതുന്നു. കർണ്ണാടകയിലെ റിയൽ എസ്റ്റേറ്റ് – ബിൽഡേഴ്‌സ് മാഫിയ, കുടിയേറ്റ തൊഴിലാളികൾക്ക് യാത്രയ്ക്കായി നിശ്ചയിച്ചിരുന്ന ശ്രമിക് ട്രയിൻ ക്യാൻസൽ ചെയ്യണമെന്ന് അവശ്യപ്പെട്ടത് ഈ ആശങ്കമൂലമാണ്.
യഥാർത്ഥത്തിൽ, നഗരത്തിന്റ മാലിന്യമെന്നോണം നിരത്തുകളിൽ കൂട്ടമായി ഇരുത്തി അണുനാശിനി പമ്പ് ചെയ്ത് നിഷ്ഠൂര ‘ശുദ്ധീകരണം’ നടത്തി ഗ്രാമങ്ങളിലേക്ക് ഓടിച്ചുവിട്ട അതേ തൊഴിലാളികൾക്ക് ഇനിയും ഈ വലിയവരുടെ നഗരങ്ങളിലേക്ക് തിരിച്ചു വരികയേ നിർവ്വാഹമുള്ളൂ. കാരണം ജീവിക്കാൻ മറ്റു മർഗ്ഗങ്ങളില്ല. ഈ മുതലാളിത്ത വ്യവസ്ഥ അവർക്ക് അതിനു മാത്രമാണ് സ്വാതന്ത്ര്യം നൽകുന്നത്. എത്ര തുച്ഛമായ വിലക്കും, ഏത് പ്രാകൃതമായ വ്യവസ്ഥയ്ക്കും, ക്രൂരമായ അവമതിയ്ക്കും വിധേയമായിക്കൊണ്ട് അദ്ധ്വാനശക്തി വിൽക്കാൻ അവർ നിർബ്ബന്ധിതരാണ്. തൊഴിലാളിവർഗ്ഗമെന്നാൽ എന്താണ് എന്ന ചോദ്യത്തിന് 1847 ൽ മഹാനായ ഫ്രെഡറിക്ക് എംഗൽസ് നൽകിയ മറുപടി ഇങ്ങനെയാണ് : “സമൂഹത്തിലെ ഏത് വർഗ്ഗമാണോ ഏതെങ്കിലും മൂലധനത്തിൽനിന്നും കിട്ടുന്ന ലാഭം കൊണ്ടല്ലാതെ പൂർണ്ണമായും സ്വന്തം അദ്ധ്വനം വിൽക്കുന്നതുവഴി മാത്രം ഉപജീവനമാർഗ്ഗം സമ്പാദിക്കുന്നത്, അതാണ് തൊഴിലാളി വർഗ്ഗം. അതിന്റെ സുഖവും ദഃഖവും, ജീവിതവും മരണവും, അതിന്റെ നിലനില്പാകെതന്നെ ആശ്രയിച്ചിരിക്കുന്നത് അദ്ധ്വാനത്തിനുള്ള ആവശ്യകതയെയാണ്,..”. അതുകൊണ്ടവർ വീണ്ടും വരും. എന്നാൽ, പുതിയ മനുഷ്യരായിട്ടായിരിക്കും. കഠോരമായ അനുഭവങ്ങളിൽനിന്നും പലതും തിരിച്ചറിഞ്ഞവരായിട്ടായിരിക്കും.
അതിരൂക്ഷമായ പ്രതിസന്ധിയിൽപ്പെട്ട മുതലാളിത്ത വ്യവസ്ഥ, കോവിഡ് മഹാമാരിയുടെ മറവിൽ തൊഴിലാളിവർഗ്ഗത്തിനുമേൽ കടുത്ത ആക്രമാണ് അഴിച്ചുവിടുന്നത്. തീർച്ചയായും ഗുരുതരമായ തൊഴിൽ സാഹചര്യത്തെയാണ് തൊഴിലാളിവർഗ്ഗം നേരിടുന്നത.് എന്നാൽ, ചരിത്രപരമായ അനിവാര്യതയിൽനിന്നും മൂലധനശക്തികൾക്ക് കുതറിമാറാൻ കഴിയില്ല. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ പറഞ്ഞതുപോലെ, “മേലിൽ സമൂഹത്തിന്റെ ഭരണവർഗ്ഗമായി നിലനിൽക്കാനും അതിന്റെ ജീവിതോപാധികളെ ഒരു പരമോന്നത നിയമമെന്നോണം സമൂഹത്തിനുമേൽ അടിച്ചേൽപിക്കാനും ബൂർഷ്വാസിക്ക് യോഗ്യതയില്ലെന്ന് അങ്ങിനെ തെളിയുന്നു. അതിനു ഭരിക്കാൻ അർഹതയില്ല, കാരണം അതിന്റെ അടിമയ്ക്ക് ആ അടിമത്തത്തിൽ കീഴിൽപോലും ഉപജീവനത്തിന് ഉറപ്പു നൽകാൻ അതിനു കഴിവില്ല.”

മുതലാളിത്തവ്യവസ്ഥ അനിവാര്യമായും ഗ്രാമീണജനതയെ നഗരങ്ങളിലേക്ക് എത്തിക്കുകയും ഇമ്മാതിരിയുള്ള അനുഭവങ്ങളിലൂടെ വർഗ്ഗബോധമുള്ള തൊഴിലാളികളാക്കി മാറുവാനുള്ള സാഹചര്യം സൃഷ്ടിക്കുകയുംചെയ്യും. രാജ്യത്തെ തൊഴിലാളികൾ സമരപാതയിൽ അണിനിരക്കുകയാണിന്ന്. തൊഴിലാളികൾ കൂലിക്കുടുതലിനും മറ്റ് ആനുകൂല്യങ്ങൾക്കുംവേണ്ടി സമരം നടത്തുന്നുണ്ട്. ഇന്ന് അതിനുമപ്പുറത്തേയ്ക്ക് ഈ സമരങ്ങളെ കൊണ്ടുപോകേണ്ടതുണ്ട്. മഹാനായ തൊഴിലാളിവർഗ്ഗ നേതാവും മാർക്‌സിസ്റ്റ് ആചാര്യന്മാരിലൊരാളുമായ സഖാവ് ശിബ്ദാസ്‌ഘോഷ് ഇതേക്കുറിച്ച് പറഞ്ഞത് ഈ സാഹചര്യത്തിൽ ഓർക്കേണ്ടതാണ്: “ജനാധിപത്യ അവകാശങ്ങൾക്കുവേണ്ടി മാത്രമാണ് അവരുടെ (തൊഴിലാളികളുടെ) സമരമെങ്കിൽ, അവ എത്രയൊക്കെ നേടിയാലും അവർക്ക് മോചനം ലഭിക്കുകയില്ല. സാമ്പത്തികവും ജനാധിപത്യപരവുമായ ആവശ്യങ്ങൾ മുൻനിർത്തി സമരം ചെയ്യുമ്പോൾ തൊഴിലാളികൾ മനസ്സിലാക്കേണ്ടത്, അവ നിലനിൽപിനുള്ള സമരങ്ങൾ മാത്രമാണെന്നാണ്, ചൂഷണത്തിനെതിരെ മിനിമം അവകാശങ്ങൾ ഉയർത്തിപ്പിടിക്കാനാണവ. ഈ ചൂഷണവ്യവസ്ഥയെ തകർത്തെറിഞ്ഞ് സ്വന്തം രാഷ്ട്രീയാധികാരത്തിന് ജന്മം നൽകാനുള്ള ഉപാധിയല്ലാതെ മറ്റൊന്നുമല്ല അവ.
ഈ സമരങ്ങളിലൂടെ അവർക്ക് ക്രമേണ സ്വന്തം രാഷ്ട്രീയ അധികാരശക്തിക്ക്, സമരസംഘടനകളിലൂടെ, സമൂർത്തരൂപം നൽകുവാനും മുതലാളിത്തത്തെ കടപുഴക്കാൻ പോന്ന വിധത്തിൽ സുദീർഘമായ സമരമോ വിപ്ലവയുദ്ധമോ തുടങ്ങിവെക്കാനും മുമ്പോട്ട് കൊണ്ടുപോകാനും കഴിയുമ്പോൾ മാത്രമേ അവർക്ക് വിമോചനം സാദ്ധ്യമാകൂ – മുതലാളിത്ത ഭരണയന്ത്രം ഒരായിരം ആക്രമണങ്ങൾ നടത്തിയാലും നശിക്കാത്ത സുദീർഘമായ സമരം.”

Share this post

scroll to top