ആരോഗ്യസേതു ആപ്പ് കോവിഡിന്റെ മറയില്‍ പൗരന്മാര്‍ക്കുമേല്‍ സര്‍ക്കാര്‍ വിരിക്കുന്ന നിരീക്ഷണവലയോ?

NKV-ArogyaSetu.jpg
Share


മനുഷ്യരാശി നാളിതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത പ്രതിസന്ധിയാണ് കൊറോണ വൈറസ് വ്യാപനംമൂലം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ശാസ്ത്രം ഇന്നേവരെ പകർന്നു തന്നിട്ടുള്ള സകലമാന അറിവും അനുഭവവും ആയുധമാക്കി, മനുഷ്യവംശമൊന്നാകെ കൂട്ടായി നടത്തുന്ന ഒരു പോരാട്ടത്തിലൂടെമാത്രമേ ഈ മഹാമാരിയെ വിജയകരമായി അതിജീവിക്കാൻ കഴിയൂ. തീർച്ചയായും, സാങ്കേതികവിദ്യയ്ക്കും ഈ പോരാട്ടത്തിൽ നിർണ്ണായകമായ പല സഹായങ്ങളും ചെയ്യാൻ കഴിയും. പക്ഷേ, അറിവിനെയും, സാങ്കേതികവിദ്യയെയും, സാങ്കേതികവിദ്യയിലൂടെ ഇന്ന് ലഭ്യമാകുന്ന ഡേറ്റയുടെ മഹാസഞ്ചയത്തെയും തങ്ങളുടെ മാത്രം കൈപ്പിടിയിലൊതുക്കി, അത് ലാഭം പെരുപ്പിക്കുവാനുള്ള മൂലധനമാക്കുവാനും ലോകത്തെ കോർപ്പറേറ്റുകൾ മൽസരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. സാധാരണക്കാരന്റെ സ്വകാര്യതയെ അവർ ഒരവകാശമായി പരിഗണിക്കുന്നതേയില്ല. ഏതാനും യൂറോപ്യൻ രാജ്യങ്ങൾ ഒഴിച്ചു നിർത്തിയാൽ പൗരനും അവന്റെ സ്വകാര്യതയ്ക്കും സൈബറിടത്തിൽ ശക്തമായ സംരക്ഷണമൊരുക്കുന്ന നിയമങ്ങൾ ഇന്ത്യയടക്കം പല രാജ്യങ്ങളിലും പേരിനു പോലുമില്ല. എന്നു തന്നെയുമല്ല, പല രാജ്യങ്ങളിലും പൗരന്റെ സ്വകാര്യതയെ ഏറ്റവും ഹനിക്കുന്നതും അവിടങ്ങളിലെ സർക്കാരുകൾ തന്നെയാണ് എന്നതാണ് യാഥാർത്ഥ്യം. ഈ പശ്ചാത്തലത്തിൽ വേണം, കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ അവതരിപ്പിച്ച ‘ആരോഗ്യസേതു’ ആപ്പിനെ നമ്മൾ വിലയിരുത്താൻ.


കോവിഡ് പ്രതിരോധത്തിൽ
സങ്കേതികവിദ്യയുടെ പങ്ക്

കോവിഡ്-19 എന്നത് വ്യക്തികൾ തമ്മിലുള്ള സമ്പർക്കത്തിലൂടെ അതിവേഗം പടരുന്ന ഒരു രോഗമാണ്. അതിനാൽ സമ്പർക്കവിലക്ക് അഥവാ സാമൂഹിക അകലം പാലിക്കൽ എന്നത് രോഗപ്രതിരോധത്തിന്റെ പ്രധാനമാർഗ്ഗമായി ലോകമൊട്ടാകെ സ്വീകരിച്ചിരിക്കുന്നു. അതുപോലെതന്നെ പ്രാധാന്യമുള്ള സംഗതിയാണ്, രോഗബാധ ഉറപ്പിച്ച, അല്ലെങ്കിൽ രോഗം സംശയിക്കപ്പെടുന്ന ഒരു വ്യക്തി, രോഗം പകരാൻ സാധ്യതയുണ്ടായിരുന്ന കാലയളവിൽ ആരോടെല്ലാം സമ്പർക്കത്തിലേർപ്പെട്ടു എന്ന് കൃത്യമായി കണ്ടെത്തുകയും ക്വാറന്റൈനു വിധേയമാകുകയും ചെയ്യുക എന്നത്. ഇത് വളരെ ശ്രമകരമായ ജോലിയാണ്. ക്വാറന്റൈനിലും ഐസൊലേഷനിലും ഉള്ളവർ കൃത്യമായി അതു പാലിക്കുന്നുവെന്നത് ഉറപ്പാക്കുന്നതും പ്രധാനമാണ്.
കോവിഡ് സ്ഥിരീകരിക്കുന്നവരു ടെ എണ്ണം ആയിരങ്ങളിൽ നിന്നും പതിനായിരങ്ങളിലേക്ക് വളരുമ്പോൾ, അവരുടെയൊക്കെ സമ്പർക്കങ്ങളെ കണ്ടെത്തുക, ക്വാറന്റൈൻ നിശ്ചയിക്കപ്പെട്ട പതിനായിരങ്ങളെ നിരീക്ഷിക്കുക തുടങ്ങിയ ജോലികൾ കൃത്യമായി നിർവഹിക്കുന്നതിനുള്ള വിഭവശേഷി രാജ്യമൊട്ടാകെ ഇല്ല. രാജ്യത്തിന്റെ സംവിധാനങ്ങളൊന്നാകെ ഈ മഹാമാരിയെ പ്രതിരോധിക്കുക എന്ന ഒറ്റ ലക്ഷ്യത്തെ മുൻനിർത്തി പുനഃസജ്ജീകരിക്കുവാനും നമ്മുടെ ഭരണകൂടം തയ്യാറായിരുന്നില്ല. പിന്നെയുള്ള വഴി, ചൈനയും സിങ്കപ്പൂരും അടക്കമുള്ള രാജ്യങ്ങൾ ചെയ്തതു പോലെ സാങ്കേതികവിദ്യയുടെ സഹായം തേടുകയെന്നതാണ്. ക്വാറന്റൈനിൽ കഴിയുന്നവർ അതു ലംഘിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കുവാൻ പല രാജ്യങ്ങളിലും മൊബൈൽ ആപ്പുകളും ഡ്രോണുകളും ഉപയോഗിച്ചിരുന്നു. അതു പോലെ, രോഗബാധയുള്ളവരുടെ സമ്പർക്കങ്ങളെ കണ്ടെത്തുന്നതിനായും വിവരശേഖരണത്തിനും വിശകലനത്തിനും നിർമ്മിതബുദ്ധിയും ഡേറ്റ അനലിറ്റിക്‌സും അടക്കമുള്ള നവീനസങ്കേതങ്ങൾ പല രാജ്യങ്ങളും ഉപയോഗിക്കുന്നു. അതുപോലെ തന്നെ വ്യക്തികളിലേക്ക് ആവശ്യമായ വിവരങ്ങൾ കൃത്യമായി എത്തിക്കുന്നതിനും അവരുടെ സംശയങ്ങളും സഹായാഭ്യർത്ഥനകളും ദൂരീകരിക്കുന്നതിനും ആധുനികവിവരവിനിമയ സങ്കേതങ്ങൾ ഉപയോഗപ്പെടുത്താം.
ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ ആരോഗ്യസേതു എന്ന മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കു ന്നത്. നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്റർ വഴി കോവിഡ് ട്രാക്കിങ്ങ് ആപ്പ് എന്ന നിലയിലത്രേ ഇത് പുറത്തിറക്കിയിട്ടുള്ളത്. ഇതിനോടകം 15 കോടിയിലധികം ജനങ്ങൾ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്തതായാണ് കണക്ക്. വിവിധ സർക്കാർ ഉത്തരവുകളിലൂടെ, എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാർക്കും, സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാർക്കും കോവിഡ് ബാധിത പ്രദേശങ്ങളിലെ താമസക്കാർക്കും, ഇപ്പോൾ മറ്റ് രാജ്യങ്ങളിൽ നിന്നും തിരികെയെത്തിക്കുന്ന പ്രവാസികൾക്കും ഈ ആപ്പ് നിർബന്ധമാക്കി പ്രഖ്യാപിച്ചിരിക്കുകയാണ്. ഉത്തർപ്രദേശിലെ ചിലയിടങ്ങളിൽ ഈ ആപ്പ് മൊബൈലിൽ ഇല്ലാത്തവര്‍ക്കെതിരെക്രിമിനൽ കേസ്എടുക്കുമെന്നുവരെ പോലീസ് ഭീഷണിപ്പെടുത്തുന്നതായും, ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യാൻ നിർബന്ധിക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. മറുവശത്ത്, സാങ്കേതികവിദഗ്ദ്ധരും, പൗരാവകാശ പ്രവർത്തകരും, രാഹുൽ ഗാന്ധി എംപി അടക്കമുള്ള ചുരുക്കം ചില രാഷ്ട്രീയ നേതാക്കളും ആരോഗ്യസേതു ആപ്പിനെക്കുറിച്ച് ഗൗരവമാർന്ന ആശങ്ക രേഖപ്പെടുത്തുന്നു. ഇതിനൊന്നും കൃത്യമായ മറുപടി സർക്കാരിൽ നിന്നു ലഭിക്കുന്നുമില്ല.

കോവിഡ് പ്രതിരോധത്തിൽ ആരോഗ്യസേതുവിന്റെ പങ്കെന്ത്?

കോവിഡ് പ്രതിരോധത്തിൽ ഏറ്റവും നിർണ്ണായകമായ പങ്കാണ് ആരോഗ്യസേതു ആപ്പിന് നിർവഹിക്കാനുള്ളതെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം. അതിനായി ആദ്യം നമുക്ക് ഈ സംവിധാനത്തിന്റെ പ്രവർത്തനരീതി ഒന്നു നോക്കാം.


ആരോഗ്യസേതു ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തതിനുശേഷം ഉപയോഗിക്കുന്ന വ്യക്തി ആരോഗ്യസേതുവിൽ പ്രത്യേകമായി രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുമ്പോൾ ആപ്പ് ആവശ്യപ്പെടുന്ന വിവരങ്ങൾ പങ്കുവയ്ക്കേണ്ടി വരും. പേര്, പ്രായം, ലിംഗം, തൊഴിൽ എന്നിവയടക്കമുള്ള വ്യക്തിഗത വിവരങ്ങൾ ഇവിടെ ശേഖരിക്കപ്പെടുന്നു. ഇതിന്റെ ഭാഗമായി നൽകുന്ന വ്യക്തിയുടെ ഫോൺ നമ്പർ ഒടിപി സംവിധാനംവഴി പരിശോധിച്ച് ഉറപ്പാക്കുന്നു. രജിസ്‌ട്രേഷൻ പൂർത്തിയാക്കു മ്പോൾ ആരോഗ്യസേതുവിന്റെ നിയമാവലിയും വ്യക്തി അംഗീകരിക്കണം. ഈ നിയമാവലി തന്നെ ചോദ്യങ്ങളുയർത്തുന്നവയാണ്. രോഗപ്രതിരോധത്തെ മുൻനിർത്തി ആവശ്യമായതിലും അധികം വിവരവും വ്യക്തിയുടെ ഐഡന്റിറ്റിയും ആപ്പ് ശേഖരിക്കുന്നു. ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, സാധാരണ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഫോണിലെ എന്തെന്തു സൗകര്യങ്ങളാണ് – ഫയലുകൾ, ജിപിഎസ്, ക്യാമറ തുടങ്ങിയവ – പ്രസ്തുത ആപ്പ് ഉപയോഗിക്കുക എന്ന് മുൻകൂട്ടി അറിയിക്കുകയും അനുമതി ചോദിക്കുകയും ചെയ്യുന്നു. എന്നാൽ, ആരോഗ്യസേതു ഇങ്ങനെ ചെയ്യുന്നില്ല. പകരം ആപ്പ് ഉപയോഗിക്കുമ്പോൾ തന്നെ ഫോണിന്റെ ബ്ലൂടൂത്തും ജിപിഎസും സ്വയം പ്രവർത്തിച്ചു തുടങ്ങുകയാണ്. ഇത് വ്യക്തി അറിയണമെന്നു തന്നെയില്ല. തുടർന്ന്, വ്യക്തിയുടെ കോവിഡ് സാധ്യത പരിശോധിക്കുവാനുള്ള നടപടിയാണ്. ആരോഗ്യസേതുവിലെ ചോദ്യാവലിക്ക് ഉത്തരം കൊടുക്കുകയെന്നതാണ് ഈ പരിശോധന. പനിയോ ചുമയോ തലവേദനയോ ഉണ്ടോ, ഏതെങ്കിലും യാത്രകൾ നടത്തിയിരുന്നോ, കോവിഡ് രോഗികളുമായി സമ്പർക്കപ്പെട്ടോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിലൂടെയാണ് നിങ്ങളുടെ കോവിഡ് സാധ്യത ആപ്പ് നിർണ്ണയിക്കുന്നത്. ഇതൊന്നും ഇല്ലെങ്കിൽ നിങ്ങൾ കോവിഡിൽ നിന്നും സുരക്ഷിതനാണ ത്രേ! ഇത് കൂടാതെ, നിങ്ങളുടെ എത്ര കിലോമീറ്റർ ചുറ്റളവിൽ കോവിഡ് കേസുകൾ പോസിറ്റീവാണെന്നും ആപ്പ് നിങ്ങളെ അറിയിക്കും. ഇതിനു പുറമേ, കോവിഡുമായി ബന്ധപ്പെട്ട് സർക്കാരും മറ്റ് ഏജൻസികളും നൽകുന്ന ഏറ്റവും പുതിയ വിവരങ്ങൾ തരുന്ന മാധ്യമമായും ആപ്പ് പ്രവർത്തിക്കും. കൂടാതെ ലോക്ക്ഡൗണിന്റെയും കോവിഡിന്റെയും കാലത്തെ ജനങ്ങൾക്കുള്ള സേവനങ്ങളും ആരോഗ്യസേതു നൽകും എന്നും അവകാശപ്പെടുന്നു.
ഇനി ആപ്പിന്റെ മുഖ്യലക്ഷ്യമായി പറയുന്ന സമ്പർക്കങ്ങളെ കണ്ടെത്തൽ എങ്ങനെ നിർവഹിക്കുമെന്നു നോക്കാം. നേരത്തേ പറഞ്ഞതു പോലെ, ആപ്പ് പ്രവർത്തിക്കാൻ ജിപിഎസും ബ്ലൂടൂത്തും കൂടിയേ തീരൂ. ആപ്പ് ഉപയോഗിക്കുന്ന വ്യക്തിയുടെ സഞ്ചാരപഥം ആപ്പിന്റെ സെർവറിലേക്ക് ആ ഫോൺ നമ്പരിന്റെ പേരിൽ ശേഖരിക്കുന്നു. കൂടാതെ, ഈ ഫോണിന്റെ സമീപത്ത് എത്തുന്ന, ആപ്പ് ഇൻസ്റ്റാൾ ചെയ്യപ്പെട്ട മറ്റ് ഫോണുകളുടെയെല്ലാം വിവരവും ബ്ലൂടൂത്ത് ഉപയോഗപ്പെടുത്തി സെർവറിലേക്ക് ശേഖരിക്കുന്നു. കൂടാതെ, കേന്ദ്ര ആരോഗ്യവകുപ്പിന് ലഭ്യമാകുന്ന, ഏറ്റവും പുതിയ രോഗികളുടെ വിവരവും ആരോഗ്യസേതുവിന്റെ ഡേറ്റാബേസിലേക്ക് ശേഖരിക്കപ്പെടുന്നു എന്നാണ് പറയുന്നത്. നാളെ, ഇതേ വ്യക്തി കോവിഡ് പോസിറ്റീവ് ആയി തെളിയുകയാണെങ്കിൽ, ആരൊക്കെയായിരുന്നു ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്നത് എന്ന വിവരം ആരോഗ്യസേതുവിൽ നിന്നും ലഭ്യമാകും എന്നാണ് സർക്കാരിന്റെ അവകാശവാദം. അതു പോലെ കോവിഡ് പോസീറ്റീവ് ആയോ ക്വാറന്റൈൻ നിർദ്ദേശിക്കപ്പെട്ടോ ഉള്ള വ്യക്തികളുടെ സഞ്ചാരപഥം നിരീക്ഷിക്കാൻ സാധിക്കുമത്രേ. കൂടാതെ, കോവിഡ് പോസിറ്റീവ് ആയ ഏതെങ്കിലും വ്യക്തി, ആരോഗ്യസേതു ആപ്പ് ഉള്ള ഫോണിന്റെ സമീപത്ത് എത്തുകയാണെങ്കിൽ ആ വിവരം ശേഖരിക്കുന്നതിനോടൊപ്പം, ആ ഫോണിൽ അതിന്റെ ജാഗ്രത സന്ദേശം ലഭിക്കുകയും ചെയ്യുമെന്നും ആപ്പിന്റെ മേന്മയായി പറയുന്നു.
സർക്കാരും ആപ്പിന്റെ അനുകൂലികളും അവകാശപ്പെടുന്ന എല്ലാ മേന്മകളും കാര്യക്ഷമമായി ആരോഗ്യസേതുവിനുണ്ട് എന്നു വെക്കുക. എങ്കിൽ തന്നെയും, ഇന്ത്യ പോലൊരു രാജ്യത്ത് ഇതുപോലെയുള്ള മഹാമാരിയെ പ്രതിരോധിക്കുന്നതിനുള്ള ഏറ്റവും പ്രധാനമായ മാർഗ്ഗം ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യലാണോ? ഇന്ത്യയിലെ 135 കോടി ജനങ്ങളിൽ പകുതിപേർക്കും ഇതിനാവശ്യമായ സ്മാർട്ട് ഫോണില്ല. രാജ്യത്തിന്റെ പല ഭാഗങ്ങളിലും 4ജി നിലവാരത്തിലുള്ള ഇന്റർനെറ്റ് ലഭ്യത ഇല്ല. ഉണ്ടെങ്കിൽത്തന്നെ അതിന്റെ ഉയർന്ന നിരക്കുകൾ താങ്ങാനുള്ള ശേഷി, തൊഴിലില്ലാതെയും തൊഴിൽ നഷ്ടപ്പെട്ടും കൂടുതൽ ദുരിതത്തിലാഴ്ന്ന ഇന്ത്യയിലെ ദരിദ്രജനകോടികൾക്കുണ്ടോ? കഴിഞ്ഞ എത്രയോ ദിവസങ്ങളായി തൊഴിലും മരുന്നും ഭക്ഷണവും നിഷേധിക്കപ്പെട്ട് കഴിയുന്ന ഇന്ത്യയിലെ നിസ്സഹായരായ ജനങ്ങൾ, സ്വന്തം ചെലവിൽ സർക്കാരിന്റെ ഭീഷണി ഭയന്ന്, ഈ ആപ്പ് ഉപയോഗിക്കാൻ വഴികണ്ടെത്തണം എന്നാണ് ഉദ്ദേശിക്കുന്നതെങ്കിൽ, ഇത് ക്രൂരമായ നടപടിയാണ്. ഇപ്പോൾ ഐവിആർഎസ് വഴി സാധാരണ ഫോണിലും ലാൻഡ് ഫോണിലും ആരോഗ്യസേതു ഉപയോഗിക്കാനുള്ള വഴിയൊരുക്കിയിട്ടുണ്ട് എന്നതാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. തൊഴിലും ജീവിതവും നഷ്ടപ്പെട്ട്, എങ്ങനെയെങ്കിലും തിരികെ ജന്മദേശത്തെങ്കിലും എത്താനായി കാൽനടയായി കിലോമീറ്ററുകൾ നടക്കാനിറങ്ങി, വഴിയിൽ തളർന്നു വീണും, ട്രക്കിനും ട്രെയിനിനും കീഴിലരഞ്ഞും പൊലിയുന്ന ദരിദ്രജീവിതങ്ങൾക്ക് എവിടെയാണ് ഐവിആർഎസും ലാന്റ് ഫോണും.
ജനങ്ങൾക്ക് കോവിഡിനെ പറ്റിയുള്ള പുതിയ വിവരം ലഭ്യമാക്കുകയെന്നത് ഒട്ടും പ്രധാനപ്പെട്ട ഒരാവശ്യമേയല്ല. അതുപോലെ യാത്രക്കുള്ള പാസ്സ്, കോവിഡ് പരിശോധനയ്ക്കും ലാബ് ടെസ്റ്റിനുമുള്ള സൗകര്യം എന്നിവ ഏർപ്പെടുത്തുമെന്നു പറയുന്നതും ഈ ആപ്പിന്റെ നേരിട്ടുള്ള ഭാഗമായ സേവനമല്ല. ഇത്തരം സേവനം നിലവിൽ നൽകുന്ന മിത്ര് പോർട്ടൽ ലിങ്ക് മാത്രമാണ് ഇവിടെ നൽകുന്നതും. ഇത് കാണിക്കുന്നത്, രോഗപ്രതിരോധത്തിൽ യഥാർത്ഥത്തിൽ ഏറ്റവും ആവശ്യമായ ഇത്തരം കാര്യങ്ങൾപോലും ഈ ആപ്പ് വഴി ലഭിക്കില്ല എന്നാണ്. ഇതിൽ പറയുന്ന പ്രയോജനങ്ങൾ ലഭിക്കണമെങ്കിൽ ജനങ്ങളിൽ ഭൂരിഭാഗവും ഇത് ഇൻസ്റ്റാൾ ചെയ്യുകയും വേണം. അത് ഈ രാജ്യത്ത് പ്രായോഗികവുമല്ല.

ആരോഗ്യസേതു തെറ്റായ സമ്പർക്കവിവരങ്ങൾ രേഖപ്പെടുത്താൻ സാധ്യത

ലോകാരോഗ്യ സംഘടനയടക്കം നിഷ്‌ക്കർഷിക്കുന്ന കോവിഡ് പ്രതിരോധ സാമൂഹിക അകലം 2 മീറ്ററാണ്. ശരാശരി സ്മാർട്ട്‌ഫോണുകളിലെ ബ്ലൂടൂത്ത് റേഞ്ച് 10 മീറ്ററാണ്. പുതിയ തലമുറ ഫോണുകളിലാകട്ടെ ഇതിലും കൂടുതലും. അപ്പോൾ ഈ സങ്കേതം ഉപയോഗിച്ച് സാമീപ്യം നിശ്ചയിച്ച് രോഗസാധ്യത കുറിക്കുന്നു, മുന്നറിയിപ്പ് തരുന്നു എന്നൊക്കെ പറയുമ്പോൾ അത് എത്രത്തോളം കൃത്യമാണ്? യഥാർത്ഥത്തിൽ സമ്പർക്കത്തിൽ വന്നതായി പരിഗണിക്കേണ്ടതില്ലാത്ത 2 മീറ്ററിൽ കൂടുതലുള്ള എല്ലാ കേസും സമ്പർക്കമായി ആപ്പ് രേഖപ്പെടുത്തും. ഒരു ഭിത്തിക്കപ്പുറം പരസ്പരം കാണുകപോലും ചെയ്യാത്ത രണ്ടു പേരാണെങ്കിലും ബ്ലൂടൂത്തിന് അത് ബാധകമല്ല. അങ്ങിനെയെങ്കിൽ യഥാർത്ഥ സമ്പർക്കത്തിന്റെ അഞ്ച് മടങ്ങ് അയഥാർത്ഥ സമ്പർക്കമായിരിക്കില്ലേ ആപ്പ് നൽകുന്ന വിവരം. തെറ്റായി സമ്പർക്കവിവരം കുറിക്കുകയും തെറ്റായ മുന്നറിയിപ്പ് നൽകുകയും ചെയ്താൽ അത് പ്രതിരോധപ്രവർത്തനങ്ങളുടെ താളം തെറ്റിക്കും. ഇതുപോലെ പ്രാധാന്യം നൽകുന്ന ഒരു ആപ്പിൽ ഒരു ശതമാനം പോലും തെറ്റു വരാൻ പാടില്ല എന്നിരിക്കെ ഇത് സാധൂകരിക്കപ്പെടുന്നത് എങ്ങനെ? രോഗവ്യാപനം തടയാൻ ആരോഗ്യസേതു അത്യന്താപേക്ഷിതം എന്നു പറയണമെങ്കിൽ, ചുരുങ്ങിയത് ആപ്പ് ഉപയോഗിക്കുന്നവരെങ്കിലും മൊബൈൽ ഫോൺ ശരീരത്തിന്റെ അവിഭാജ്യഘടകംപോലെ കൊണ്ടുനടക്കണം. ഇത് യാഥാർത്ഥ്യബോധത്തോടെയുള്ള സമീപനമേയല്ല.
ഇന്ത്യയിലെ 136 കോടി ജനങ്ങളിൽ പകുതിയിലേറെയും ഈ ആപ്പ് ഉപയോഗിക്കുന്നു എന്നു കരുതുക. അവരിലോരോരുത്തരും ആരുമായെല്ലാം സമ്പർക്കത്തിലേർപ്പെടുന്നു എന്നത് ശേഖരിച്ച് സൂക്ഷിക്കുക എന്നു പറയുന്നത് അതിബൃഹത്തായ ഒരു വിവരസഞ്ചയമാണ്. കോവിഡ് ബാധയോ അതിന്റെ സമ്പർക്കമോ ഇല്ലാത്ത കോടിക്കണക്കിനു ജനങ്ങളുടെ വിവരം, രോഗപ്രതിരോധപ്രവർത്തനവുമായി ബന്ധപ്പെട്ട എന്ത് ആവശ്യമാണ് നിർവ്വഹിക്കുന്നത്? ഈ വിവരസഞ്ചയത്തിന്റെ സുരക്ഷയും വ്യക്തികളുടെ സ്വകാര്യതയും സംബന്ധിച്ച വിഷയങ്ങൾ വേറെ. ഇത്തരം സന്ദർഭങ്ങളിലെ വിവരശേഖരണം ഏറ്റവും ലളിതവും, ആവശ്യത്തിനു മാത്രമുള്ളതും, സുതാര്യവുമാകണം എന്നുള്ളതാണ് വിദഗ്ദ്ധര്‍ നൽകുന്ന അഭിപ്രായം. പക്ഷേ ഇങ്ങനെ കാടടച്ച് നിരീക്ഷണമാണെങ്കിൽ, അതിൽ യഥാർത്ഥശ്രദ്ധ ലഭിക്കേണ്ട, രോഗസാധ്യതയുള്ളവർക്കു കിട്ടേണ്ട പ്രാമുഖ്യവും വിഭവങ്ങളുമല്ലേ പാഴാവുക? മറ്റ് രാജ്യങ്ങളിൽ രോഗസാധ്യതയുള്ളവരെയും ക്വാറന്റൈനിൽ കഴിഞ്ഞവരെയുമാണ് നിരീക്ഷണത്തിൽ വച്ചത്. അതും ഒന്നുകിൽ ബ്ലൂടൂത്ത്, അല്ലെങ്കിൽ ജിപിഎസ്, ഇതിൽ ഏതെങ്കിലും ഒന്നു മാത്രം ഉപയോഗപ്പെടുത്തി. പക്ഷേ ഇവിടെ രണ്ടും ഒരുമിച്ച് ഉപയോഗിക്കുന്നതിലൂടെ അതിതീവ്രമായ ചലനനിരീക്ഷണ(movement tracking)മാണ് ആരോഗ്യസേതു ലക്ഷ്യം വയ്ക്കുന്നത്. ഇതെന്തിനാണ്? ഇനി ശേഖരിക്കുന്ന വിവരങ്ങൾ എവിടെ, എത്രകാലം സൂക്ഷിക്കുന്നു? നിശ്ചിതകാലാവധിക്കു ശേഷം ഈ വിവരം ഇല്ലാതാക്കുമെന്നു ഉറപ്പുണ്ടോ?
ഇത്രയും ദിനങ്ങൾക്കിടയിൽ 15 കോടിയോളം ജനങ്ങൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഈ ആപ്പ് രോഗപ്രതിരോധത്തിന് വസ്തുനിഷ്ഠമായി എന്തു സംഭാവനകൾ നൽകുന്നു എന്ന് വെളിപ്പെടുത്തണം. രോഗസാധ്യതയുള്ള എത്ര പേരെ ഇതിനകം ആപ്പിലൂടെ കൃത്യമായി കണ്ടെത്താനായി? ഇതിൽ സ്വീകരിക്കുന്ന മേൽനടപടികൾ എന്തെല്ലാമാണ്? ഇവയ്‌ക്കെല്ലാം വ്യക്തമായ ഉത്തരം ലഭിക്കണം.
മറ്റു പല രാജ്യങ്ങളിലും ഇത്തരം ആപ്പുകളും പ്രവർത്തനങ്ങളുമെല്ലാം നിയന്ത്രിക്കുന്നത് അതാത് രാജ്യങ്ങളിലെ ആരോഗ്യവകുപ്പാണ്. എന്നാൽ ഇൻഡ്യയുടെ ആരോഗ്യസേതു കേന്ദ്ര ആരോഗ്യവകുപ്പിനു കീഴിലല്ല. ലഭ്യമായ വിവരങ്ങളനുസരിച്ച് ഇത് നിതി ആയോഗിനു കീഴിലെ ഒരു പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതിയാണ്. രോഗപ്രതിരോധമാണ് ലക്ഷ്യമെങ്കിൽ അത് എന്തുകൊണ്ട് ആരോഗ്യവകുപ്പിനു കീഴിൽ വരുന്നില്ല. രോഗപ്രതിരോധത്തിന്റെ മുന്നണിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാരുകൾക്ക് ഇതിൽ കാര്യമായ ഒരു പങ്കുമില്ല. വിവിധ തട്ടിലുള്ള ആവശ്യമായ വിവരങ്ങൾ ഏകോപിപ്പിക്കുമ്പോൾ ലഭിക്കുന്ന സമഗ്രമായ ചിത്രമാണ് യഥാർത്ഥത്തിൽ കാര്യക്ഷമമായ രോഗപ്രതിരോധത്തിന് സഹായകരമാവുക. ഇതിനുള്ള സംവിധാനം എന്താണ്? സമസ്തജനങ്ങളുടെയും ചലനത്തിന്റെയും സമ്പർക്കത്തിന്റെയും വിവരം ശേഖരിക്കുകയാണ് ഏറ്റവും പ്രധാനം എന്നുവന്നാൽ അതിന്റെ യഥാർത്ഥ ലക്ഷ്യങ്ങളെക്കുറിച്ച് സന്ദേഹിക്കേണ്ടിയിരിക്കുന്നു. ജനങ്ങൾക്കിടയിൽ ഉയരുന്ന സംശയങ്ങളും ചോദ്യങ്ങളും വളരെ ബാലിശവും അടിസ്ഥാനരഹിതവുമാണെന്ന് പറഞ്ഞ് സർക്കാർ മറുപടിയിൽനിന്ന് ഒളിക്കുകയാണ്. നിഗൂഢവും അതാര്യവുമാണ് ഈ ആരോഗ്യസേതു പദ്ധതി എന്നാണിത് തെളിയിക്കുന്നത്. പൊതുജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കപ്പെടുന്ന ഇത്തരം ഒരു പദ്ധതി സുതാര്യമല്ലെന്നതുതന്നെ തികച്ചും ജനാധിപത്യവിരുദ്ധമല്ലേ?


വിവരസ്വകാര്യതയും വിവര
സുരക്ഷിതത്വവും അപകടത്തിൽ


ആഗോളീകൃത മുതലാളിത്തത്തിൽ സമാഹൃത വിവരം, അഥവാ ഡേറ്റ എന്നത് ഏറ്റവും മൂല്യമേറിയ വിഭവമാണ്. മൂലധനനിക്ഷേപങ്ങൾക്കും മുതലാളിത്ത-രാഷ്ട്രീയ ക്രയവിക്രയങ്ങൾക്കുമെല്ലാം ഏറ്റവും പ്രധാനം ഇന്ന് ഡേറ്റ ആണ്. തങ്ങളുടെ കച്ചവട താത്പര്യങ്ങൾക്കനുസരിച്ച് വിവരം ഉത്പാദിപ്പിക്കാനുള്ള അസംസ്‌കൃതവസ്തുവായി മാത്രമാണ്, ഈ ആധുനികകമ്പോളത്തിൽ വിവരസാങ്കേതികവിദ്യയുടെയും ഡേറ്റയുടെയുംമേഖലയിലെ കോർപ്പറേറ്റുകൾ ഇന്ന് മനുഷ്യനെ കാണുന്നത്. ഇവിടെ, വ്യക്തിയുടെ വിവരസ്വകാര്യതയും വ്യക്തിവിവരങ്ങളുടെ സുരക്ഷയും ഉറപ്പാക്കേണ്ടത് മൗലികാവകാശമായി തന്നെ മാറുന്നു. ഇന്ത്യയിൽ ഇത് സ്ഥാപിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവും നിലനിൽക്കുന്നു. പക്ഷേ, വ്യക്തികളുടെ സ്വകാര്യതയുടെ ഈ അവകാശങ്ങൾ സംരക്ഷിക്കാൻ ബാധ്യതപ്പെട്ട സർക്കാരുകൾതന്നെ ഈ അവകാശങ്ങൾ കവർന്നെടുക്കാൻ മുന്നിൽ നിൽക്കുന്നു എന്നതാണ് സമീപകാലയാഥാർത്ഥ്യം.


ഇനി ആരോഗ്യസേതുവിലേക്കു വരാം. ഒരു പ്രത്യേക ലക്ഷ്യത്തിനായുള്ള ആരോഗ്യസേതു ശേഖരിക്കേണ്ടതിലും എത്രയോ അധികം വിവരം ആണ് ശേഖരിക്കുന്നത് എന്ന് നമ്മൾ കണ്ടു. ഈ വിവരം ഇന്ത്യാ ഗവണ്മെന്റിനു മാത്രമാണ് കൈമാറുക എന്ന ഒരു ഒഴുക്കൻ വാചകം ഒഴിച്ചാൽ, ആരാണ് അതിന്റെ സുരക്ഷയുടെ ഉത്തരവാദി എന്നതിൽ സുതാര്യതയില്ല. ഇതൊരു പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതിയാണ്. അതുകൊണ്ടു തന്നെ വിവരസുരക്ഷ എത്രത്തോളം, സമാഹൃതവിവരങ്ങൾ എവിടെ സൂക്ഷിക്കുന്നു, അതിന്റെ നിയന്ത്രണം എപ്രകാരം തുടങ്ങിയ ചോദ്യങ്ങൾ ന്യായമായും ഉയരുന്നു. സമാഹരിക്കുന്ന വിവരങ്ങളിൽ കോവിഡ് രോഗികളുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിൽ നിന്നും ലഭ്യമായ വിവരങ്ങളും ഉൾപ്പെടും. അപ്പോൾ വളരെ വ്യക്തിഗതമായി ഒരാളെ കുറിക്കുന്നതും, സമൂഹത്തിന്റെ ഒന്നാകെയുമായി പലതലത്തിലുള്ള വ്യാപക വിവരസഞ്ചയമാണ് ഈ സംവിധാനം ഒരുക്കുന്നത്. ഡേറ്റ അമൂല്യമായ കച്ചവടവസ്തുവാകുന്ന ഇക്കാലത്ത് ഈ വിവരസഞ്ചയം ലാഭക്കൊതിയന്മാരായ കോർപ്പറേറ്റുകൾക്കായി കൈമാറ്റം ചെയ്യില്ലെന്ന് എന്താണ് ഉറപ്പ്? ചങ്ങാത്തമുതലാളിത്തത്തിന്റെയും കോർപ്പറേറ്റ് വിധേയത്വത്തിന്റെയും ഏറ്റവും വലിയ ഉദാഹരണമായ നിലവിലെ സർക്കാർ അതു ചെയ്യില്ലെന്ന് യാതൊരു ഉറപ്പുമില്ല. മറ്റ് കമ്പ്യൂട്ടർ പ്രോഗ്രാമുകൾക്കും സേവനങ്ങൾക്കും ആരോഗ്യസേതുവിലെ വിവരങ്ങളും സേവനങ്ങളും ഉപയോഗപ്പെടുത്താൻ സാധിക്കുന്ന തരത്തിലുള്ള ആപ്ലിക്കേഷൻ പ്രോഗ്രാമിങ്ങ് ഇന്റർഫേസ് അഥവാ പ്രോഗ്രാം ചെയ്ത് ഉപയോഗിക്കുവാനുള്ള സംവിധാനത്തോടു കൂടിയാണ് ആരോഗ്യസേതു നിർമ്മിച്ചിരിക്കുന്നത്.
ഇതെല്ലാം വിവരസുരക്ഷയുമായി ബന്ധപ്പെട്ട കാര്യം. ഇനി ഏറ്റവും പ്രാധാന്യമുള്ള സ്വകാര്യതയുടെ കാര്യമെടുക്കാം. വ്യാപകമായി ഈ ആപ്പ് അടിച്ചേൽപ്പിക്കാൻ കേന്ദ്രസർക്കാരും ചില സംസ്ഥാനങ്ങളും ശ്രമിക്കുന്നതു തന്നെ സ്വകാര്യതയെ സംബന്ധിച്ച അവകാശങ്ങളുടെ ലംഘനമാണ്. രോഗികളോ രോഗസാധ്യതയുള്ളവരോ സമ്പർക്കവിലക്കിലോ അല്ലാത്ത ബഹുജനങ്ങളുടെ ചലനങ്ങളും സമ്പർക്കവും നിരീക്ഷിക്കുന്നത് സംശയകരമാണ്. ആരോഗ്യസേതുവിനെ ബൃഹത്തായ പൗരനിരീക്ഷണസംവിധാനമെന്നാണ് രാഹുൽ ഗാന്ധി എംപി വിളിച്ചത്. പൗരന്റെ അനുവാദമില്ലാതെ അവന്റെ ചലനങ്ങൾ നിരീക്ഷിക്കുകയും അതിന്റെ ചുമതല സ്വകാര്യ ഓപ്പറേറ്റർമാരെ ഏൽപ്പിക്കുകയും ചെയ്തിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ അടക്കമുള്ള സംഘടനകളും ആരോഗ്യസേതു ആപ്പ് വ്യക്തികളുടെ സ്വകാര്യതയിലേയ്ക്ക് നടത്തുന്ന കടന്നുകയറ്റത്തെ കുറിച്ച് ആശങ്ക രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ആരോപണത്തെ ശരിവയ്ക്കുകയാണ് പ്രസിദ്ധ എത്തിക്കൽ ഹാക്കറായ ഏലിയട്ട് ആൻഡേഴ്‌സൺ എന്ന ഫ്രെഞ്ച് സൈബർ സുരക്ഷാവിദഗ്ദ്ധൻ. ഇദ്ദേഹമാണ് ആധാർ വിവരങ്ങളുടെ സുരക്ഷ ചോർച്ച തെളിയിച്ചത്. 9 കോടിയിലധികം ഇന്ത്യക്കാരുടെ സ്വകാര്യത അപകടത്തിലാണെന്നാണ് ഏലിയട്ട് ആൻഡേഴ്‌സൺ ട്വിറ്ററിലൂടെ അറിയിച്ചത്. വളരെ നിസ്സാരമായി ആരോഗ്യസേതു സംവിധാനത്തിലെ വിവരങ്ങൾ ഒരാൾക്ക് കൈവശപ്പെടുത്താനാകുമെന്ന് ഉദാഹരണസഹിതം അദ്ദേഹം തെളിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസും സൈനിക ആസ്ഥാനവുമടക്കമുള്ള പ്രധാനയിടങ്ങളിൽ തിരിച്ചറിയപ്പെട്ട കോവിഡ് കേസുകളുടെ വിവരം ആ ഫ്രെഞ്ച് സൈബർ വിദഗ്ദൻ പുറത്തുവിട്ടു. ഇന്ത്യയിലെവിടെയും ഉള്ള വ്യക്തികളുടെ, കോവിഡ് രോഗവുമായി ബന്ധപ്പെട്ട അനവധി വിവരങ്ങൾ ആർക്കും അറിയാനാകും എന്നതാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തലിന്റെ കാതൽ. അതായത്, വിവര സുരക്ഷയും വിവരസ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകളെ ശരിവയ്ക്കുകയാണ് ഈ വെളിപ്പെടുത്തൽ.
കേരളത്തിൽ വിവാദമായ സ്പ്രിംഗ്ലർ ഇടപാടും ആരോഗ്യസേതുവുമായി ഒന്ന് താരതമ്യം ചെയ്തു നോക്കാം. കേരളത്തിൽ ആരോഗ്യപ്രവർത്തകർ നേരിട്ട് ശേഖരിക്കുന്ന കോവിഡ് സാധ്യതയുള്ളവരുടെയും രോഗികളുടെയും വ്യക്തിഗത ആരോഗ്യവിവരങ്ങൾ, സ്പ്രിംഗ്ലർ എന്ന അമേരിക്കൻ ഡേറ്റ സേവന കമ്പനി നൽകുന്ന ഇന്റർനെറ്റ് അധിഷ്ഠിത ഡേറ്റ പ്ലാറ്റ്‌ഫോമിലേക്ക് നൽകുകയും, അതിൽ നടത്തേണ്ട വിശകലനങ്ങളിൽ അവരുടെ പിന്തുണ സ്വീകരിക്കുകയും ചെയ്യുക എന്നതായിരുന്നു ഈ ഇടപാടിന്റെ ഉദ്ദേശ്യം. തീർച്ചയായും വിവരസുരക്ഷിതത്വവും വിവരസ്വകാര്യതയും ഇവിടെ പ്രതിസന്ധിയിലാണ്. ഈ ഡേറ്റ അല്ലെങ്കിൽ അതിന്മേലുള്ള വിശകലനങ്ങൾ സ്പ്രിംഗ്ലർ കച്ചവടം ചെയ്യില്ല എന്ന് ഉറപ്പാക്കാൻ പറ്റില്ല. ഇങ്ങനെയൊരു കരാർ നൽകുന്നതിനു മുന്നേ സർക്കാർ തലത്തിൽ സാധാരണ പാലിക്കേണ്ട നടപടിക്രമങ്ങൾ അട്ടിമറിക്കപ്പെട്ടു. അങ്ങനെ അഴിമതിയുടെ നിഴലിൽ നിൽക്കുന്ന ഇടപാടായി സ്പ്രിംഗ്ലർ മാറിയിരിക്കുന്നു. പക്ഷേ, ഇവിടെ വിവരങ്ങൾ ശേഖരിക്കുന്നത് സർക്കാരാണ്. സ്പ്രിംഗ്ലറിന്റെ പങ്ക് പരസ്യമാണ്. സർക്കാർ സൂക്ഷിക്കേണ്ട വിവരം, അതിനെ കച്ചവടവസ്തുവായി മാത്രം കാണുന്ന ഒരു സ്വകാര്യ വിദേശസ്ഥാപനത്തിന് ചട്ടങ്ങൾ ലംഘിച്ച് കൈമാറിയതിലെ അഴിമതിയും ഒപ്പം അതിൽ ജനങ്ങളുടെ വിവരസുരക്ഷ അപകടത്തിലാകുന്നു എന്ന ഗുരുതരമായ പ്രശ്‌നവും അടങ്ങിയിരിക്കുന്നു.
പക്ഷേ, ഇവിടെ വിവരശേഖരണം രോഗബാധിതരിലോ രോഗസാധ്യതയുള്ളവരിലോ ആണ് നടത്തുന്നത്, അല്ലാതെ ബഹുജനങ്ങളിലൊന്നാകെയല്ല. പക്ഷേ ആരോഗ്യസേതു ഈ തലങ്ങളെയെല്ലാം മറികടക്കുന്നു. ബഹുജനങ്ങളുടെയൊന്നാകെ വിവരം വ്യക്തിഗതമായി നേരിട്ടു ശേഖരിക്കുന്നു. എന്തൊക്കെ വിവരം ശേഖരിക്കുന്നു എന്നത് സുതാര്യമല്ല. ജിപിഎസ്സും ബ്ലൂടൂത്തും അനുവാദമില്ലാതെ ഉപയോഗിക്കുന്ന ആപ്പ്, ഫോണിലെ മറ്റ് സൗകര്യങ്ങളും അനുവാദമില്ലാതെ ഉപയോഗിക്കില്ല എന്ന് എന്താണ് ഉറപ്പ്. അതായത്, ഫോൺവിളികൾ അടക്കം രഹസ്യമായി ചോർത്തിക്കൂടെ? സംശയനിവാരണത്തിനായി ഈ ആപ്പിനെ സംബന്ധിക്കുന്ന എല്ലാ വിവരവും പരസ്യപ്പെടുത്തകയാണ് വേണ്ടത്. സർക്കാർ അതിനു തയ്യാറായിട്ടില്ല. സ്പ്രിംഗ്ലർ ഇടപാട് തന്നെ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയാത്തതാണ്. അപ്പോൾ സമാനഭീഷണികൾ കൂടുതൽ രൂക്ഷമായി പ്രകടിപ്പിക്കുന്ന, വളരെ ആഴത്തിൽ നേരിട്ട് സദാസമയവും നിങ്ങളെ നിരീക്ഷിക്കാൻ പര്യാപ്തമായ, നമുക്കു സുതാര്യമല്ലാത്ത രീതിയിൽ വിവരങ്ങൾ അനുവാദമില്ലാതെ ശേഖരിച്ച് അജ്ഞാതമായ സെർവറുകളിലേക്ക് അയക്കുന്ന ആരോഗ്യസേതുവിനെ എങ്ങനെ അംഗീകരിക്കാനാകും?
ആരോഗ്യസേതുവിനെക്കുറിച്ചുള്ള ചോദ്യങ്ങളും എതിർപ്പും വ്യാപകമായി ഉയർന്ന സാഹചര്യത്തിൽ, സാങ്കേതികവിദ്യക്കും ഡേറ്റ മാനേജ്‌മെന്റിനുമുള്ള ഉന്നതാധികാര ഗ്രൂപ്പിന്റെ തലവൻ അജയ് സാഹ്നി മറുപടികളുമായി രംഗത്തു വന്നിരുന്നു. കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയ 13,000 ആരോഗ്യസേതു ഉപഭോക്താക്കളുടെ ഡേറ്റ ആരോഗ്യ ഇടപെടലിനായി സെർവറിലേക്ക് മാറ്റി എന്ന് അദ്ദേഹം പറയുന്നു. ആരോഗ്യസേതുവിലെ അനോണിമൈസ്ഡ് ഡേറ്റയുടെ (ഉടമസ്ഥനെ തിരിച്ചറിയാൻ സാധിക്കാത്ത വിധം രൂപമാറ്റം വരുത്തിയ ഡേറ്റ) വിവരശേഖരണത്തിനും, കൈകാര്യം ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനും വേണ്ടുന്ന നിർദ്ദേശങ്ങളടങ്ങിയ ചട്ടം (Arogya Setu Data Access and Knowledge Sharing Protocol 2020) മേയ് 11ന് പുറത്തിറക്കിയതായും അദ്ദേഹം അറിയിച്ചു. വ്യക്തികളുടെ സമ്പർക്കവിവരങ്ങൾ എൻക്രിപ്റ്റഡ് രൂപത്തിൽ അതത് ഫോണുകളിൽ തന്നെയേ സൂക്ഷിക്കുകയുള്ളു, വ്യക്തി പോസിറ്റീവ് ആയാൽ മാത്രം ഡേറ്റ സെർവറിലേക്കു മാറ്റും എന്ന് അദ്ദേഹം അവകാശപ്പെട്ടു. ഈ എൻക്രിപ്റ്റഡ് ഡേറ്റയാകട്ടെ 30 ദിവസത്തിനു ശേഷം തനിയെ ഫോണിൽനിന്നും നീക്കം ചെയ്യപ്പെടുന്നു.
ഈ വിശദീകരണവും പുതിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്. അദ്ദേഹം പറഞ്ഞ ക്രമീകരണങ്ങൾ യഥാർത്ഥത്തിൽ എത്രത്തോളം പ്രായോഗികമാണ്? 30 ദിവസത്തേക്കായാലും ഇത്രയും ഡേറ്റ സൂക്ഷിക്കുവാൻ ആവശ്യമായ മെമ്മറി എല്ലാ ഫോണുകളിലും ഉണ്ടാകുമോ? ഇനി, പോസിറ്റീവ് ആകുന്നയാളിന്റെ ഫോൺ തിരിച്ചറിഞ്ഞ് അതിലെ ഡേറ്റ അപ്പോൾ സെർവറിലേക്കെടുക്കും എന്നാണ് ഉദ്ദേശിക്കുന്നതെങ്കിൽ, അത് സാമാന്യയുക്തിക്കു നിരക്കുന്നതല്ല. അത്രയും വിപുലമായ ഡേറ്റ കൈമാറ്റം എങ്ങനെയാണ് നടത്തുക, എപ്പോളാണ് നടത്തുക? ഫോൺ നമ്പർ എന്നതല്ലാതെ, ആരോഗ്യവകുപ്പിന്റെ വിവരശേഖരത്തിലെ രോഗിയുടെ ഡേറ്റയും ആരോഗ്യസേതുവിലെ ഡേറ്റയും തമ്മിൽ എങ്ങനെ കൃത്യമായി തിരിച്ചറിയും? രോഗം ഉള്ളയാളുടെ ഫോണിൽ ഒരു രീതിയിലും മറ്റുള്ളവർക്ക് വേറെ ഒരു രീതിയിലും എന്ന നിലയിൽ പ്രവർത്തിക്കാനുള്ള ബുദ്ധി ആപ്പിലുണ്ടോ? ഈ വിശദീകരണം വാസ്തവത്തിൽ കാര്യങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുകയാണ്.
രോഗപ്രതിരോധത്തിന് ആവശ്യമായ സാങ്കേതിക അടിത്തറ വളരെ ലളിതമായും ജനോപകാരപ്രദമായും സൗജന്യമായും നിർമ്മിക്കുവാനുള്ള സന്നദ്ധപ്രവർത്തനത്തിന് തയ്യാറുള്ള അസംഖ്യം സാങ്കേതികപ്രവർത്തകരും ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയർ പ്രസ്ഥാനങ്ങളും കേരളത്തിലും രാജ്യത്തും സജീവമാണ്. അവരെ സംയോജിപ്പിച്ചുകൊണ്ട്, കൂട്ടായ്മയിലൂടെ സാങ്കേതിക സൗകര്യം ഇതിലും എളുപ്പത്തിലും സുതാര്യമായും നിർമ്മിച്ചെടുക്കുവാനും സാധിക്കുമായിരുന്നു എന്നത് തർക്കമറ്റ കാര്യമാണ്. പക്ഷേ, കോർപ്പറേറ്റ് താത്പര്യങ്ങൾക്കു മാത്രം വിധേയരായ മുതലാളിത്ത ഭരണകൂടങ്ങളിൽ നിന്ന്, അത് കേന്ദ്രത്തിലായാലും കേരളത്തിലായാലും, ഇത് പ്രതീക്ഷിക്കാനാകില്ല. സുതാര്യതയ്ക്കു വേണ്ടി നിലകൊള്ളുന്നതും സാങ്കേതികമേഖലയുടെ ജനാധിപത്യവൽക്കരണത്തെയും, അത്തരം ലാഭേച്ഛയില്ലാത്ത പ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതും ഭരണകൂടത്തിന്റെ വർഗതാത്പര്യത്തിനു വിരുദ്ധമാണ് എന്നതു തന്നെ കാരണം.

ആരോഗ്യസേതു ജനവിരുദ്ധം

അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെടുന്ന, വ്യക്തിയുടെ സ്വകാര്യതയെന്ന അവകാശത്തെ തരിമ്പും മാനിക്കാൻ കക്ഷിരാഷ്ട്രീയഭേദമന്യേ ഇന്ത്യയിലെ മുതലാളിത്ത ഭരണകൂടങ്ങൾ തയ്യാറായിട്ടില്ല എന്നത് രഹസ്യമല്ല. ആധാർ മുതൽ, എല്ലാ ചട്ടങ്ങളും കാറ്റിൽ പറത്തി നിരന്തരം നടക്കുന്ന ഫോൺ ചോർത്തലും ഇന്റർനെറ്റ് നിരീക്ഷണവും, വിവരങ്ങൾ നൽകാൻ ട്വിറ്റർ ഫേസ്ബുക്ക് തുടങ്ങിയ സ്വകാര്യ കമ്പനികൾക്കുമേൽ സമ്മർദ്ദം ചെലുത്തുന്നതും, ഇതിന് ഉദാഹരണമാണ്. പലതും തീവ്രവാദ ഭീഷണിയുടെ പേരിലാണെങ്കിലും, സർക്കാരിനും മുതലാളിത്ത ഭരണകൂടത്തിന്റെ ജനവിരുദ്ധ നടപടികൾക്കുമെതിരെയുള്ള എല്ലാ എതിർശബ്ദങ്ങളെയും അടിച്ചമർത്താനും, അങ്ങനെ ശബ്ദമുയർത്തുന്നവരെ ഭീഷണിപ്പെടുത്താനോ ജയിലിലടക്കാനോപോലും ഇത്തരം ജനാധിപത്യവിരുദ്ധ സമീപനങ്ങൾ ഒരു മടിയുമില്ലാതെ കൈക്കൊള്ളും എന്ന് പലവട്ടം ഭരണകൂടം തെളിയിച്ചതാണ്. അപ്പോൾ ജനക്ഷേമം മാത്രം മുൻനിർത്തി നടപ്പാക്കിയ സുരക്ഷിതമായ പദ്ധതിയാണ് ആരോഗ്യസേതു എന്നത് എങ്ങനെ വിശ്വസിക്കും? കൊറോണ പ്രതിരോധത്തിന് ഏറ്റവും ആവശ്യമുള്ള ഒട്ടേറെ കാര്യങ്ങളിൽ നിഷ്‌ക്രിയത്വം കാണിക്കുന്ന സർക്കാരാണ്, എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള ഒറ്റമൂലി എന്ന രീതിയിൽ ആരോഗ്യസേതു എന്ന തികച്ചും സംശയകരമായ ആപ്പ് അടിച്ചേൽപ്പിക്കുന്നത്.
ആരോഗ്യസേതു അതിന്റെ പ്രഖ്യാപിതലക്ഷ്യങ്ങൾ വിജയകരമായി നിർവഹിക്കുന്നതായി വസ്തുനിഷ്ഠമായി തെളിയിക്കുവാൻ സാധിച്ചിട്ടില്ല. മറിച്ച് ഗുരുതരമായ തെറ്റുകൾ വരുത്തി പ്രതിരോധനടപടികളെ താളം തെറ്റിക്കുവാൻ സാധ്യതയുണ്ട് താനും. വിവരസുരക്ഷയും വിവരസ്വകാര്യതയുമായും ബന്ധപ്പെട്ട് സാധാരണജനങ്ങളും പ്രതിപക്ഷനേതാക്കളും ഈ രംഗത്തെ വിദഗ്ദ്ധരും ഉന്നയിച്ച ചോദ്യങ്ങൾക്കും സംശയങ്ങൾക്കും തൃപ്തികരമായ മറുപടി നൽകാൻ സർക്കാരിനു സാധിച്ചിട്ടില്ല. എന്നിട്ടും ഇത് വ്യാപകമായും അതാര്യമായും അടിച്ചേൽപ്പിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നു മാത്രമല്ല, സർക്കാരിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് സംശയം ജനിപ്പിക്കുന്നതുമാണ്. കോവിഡിന്റെ മറവിൽ മറ്റു പല ജനവിരുദ്ധനടപടികളും നടപ്പാക്കുന്നതു പോലെ, ജനങ്ങളെയൊന്നാകെ തങ്ങളുടെ കടുത്ത നിരീക്ഷണവലക്കുള്ളിൽ നിർബന്ധിതമായി കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്. ലോക്ക്ഡൗൺ കഴിഞ്ഞാലും മറ്റ് അസുഖങ്ങളുടെ പകർച്ചയെ നിരീക്ഷിക്കുന്നതിനായി ആരോഗ്യസേതുവിന്റെ ഉപയോഗം തുടരേണ്ടതുണ്ടെന്ന നിതി ആയോഗിന്റെ നിർദേശം ഈ സംശയം ഊട്ടിയുറപ്പിക്കുന്നതാണ്. എതിർപ്പുകൾ ഉയരാതിരിക്കാൻ ഇതുപോലെയുള്ള കാൽച്ചങ്ങലകളാൽ നമ്മെ ബന്ധിപ്പിക്കുകയാണ്. കോവിഡ് സാഹചര്യം മുതലാക്കി രാജ്യത്തെയും നമ്മുടെയൊക്കെ ജീവിതങ്ങളെയും കോർപ്പറേറ്റ് മേലാളന്മാർക്ക് തീറെഴുതിക്കൊടുക്കുന്ന ഓരോ ശ്രമവും എതിർത്തു തോൽപ്പിക്കേണ്ടത്, കോവിഡിനു ശേഷമുള്ള കാലഘട്ടത്തിലെ മനുഷ്യന്റെ നിലനിൽപ്പിനുതന്നെ ആവശ്യമാണെന്ന് നാം ഓരോരുത്തരും ഓർക്കണം, മനസ്സിലാക്കണം.

Share this post

scroll to top