സ്പ്രിംഗ്ലര്‍ കൊണ്ടുപോയ ഡേറ്റ ആരുടെയൊക്കെ കൈകളിലെത്തും?

sprinkle.jpg
Share


വ്യക്തിസ്വാതന്ത്ര്യം പോലെ തന്നെ പരമപ്രധാനമാണ് വ്യക്തികളുടെ സ്വകാര്യതയും സ്വകാര്യവിവരങ്ങളുടെ സംരക്ഷണവും. പരിഷ്‌കൃത ജനാധിപത്യസമൂഹത്തിന്റെ ആരോഗ്യകരമായ നിലനിൽപ്പിന് പൗരന്റെ മൗലികാവകാശങ്ങളും സംരക്ഷിക്കപ്പെട്ടേ മതിയാകൂ. എന്നാൽ, വൻകിട മുതലാളിത്ത രാജ്യങ്ങളിൽ പലതും കോവിഡ്- 19ന്റെ മറവിൽ മനുഷ്യാവകാശങ്ങൾ നിരന്തരം ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചത് ഐക്യരാഷ്ട്രസഭയുടെ കമ്മിഷണർ മിഷേൽ ബേഷ്‌ലെറ്റ് ജേറിയ ആയിരുന്നു. അതിനെതിരെ അവർ ലോകരാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത് മേയ് ആദ്യവാരമാണ്.


നമ്മുടെ രാജ്യത്തും പൗരന്റെ മൗലികാവാശങ്ങൾക്കുമേൽ നിരന്തരം ആക്രമണങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. കൊറോണ വൈറസ് രോഗവ്യാപനത്തെ തടയാനെന്ന പേരിൽ കേന്ദ്രസർക്കാർ ആരംഭിച്ച ആരോഗ്യസേതു ആപ്പിലൂടെ ഇന്ത്യാക്കാരുടെ മൊബൈൽ ഫോണിലെ ജി.പി.എസ് ലൊക്കേഷൻ ഉപയോഗിച്ച്, ആപ്പ് ഡൗൺ ലോഡ് ചെയ്തവരുടെ ഏത് നീക്കത്തെയും നിരീക്ഷിക്കുന്നതിന് കഴിയുന്നുവെന്ന ഗുരുതരമായ സ്ഥിതിവിശേഷം സൃഷ്ടിച്ചിരിക്കുന്നു.
കേന്ദ്രഭരണകൂടത്തിന് പൗരന്മാരെ പിന്തുടരാം എന്നത് മാത്രമല്ല, ലോകത്തെ ഏത് സൈബർ കമ്പനിക്കും ഹാക്കർമാർക്കും അതേ വിവരങ്ങൾ വളരെയെളുപ്പം ചോർത്താൻ കഴിയുമെന്നും ഫ്രഞ്ച് എത്തിക്കൽ ഹാക്കർ എലിയട്ട് ആൺഡേഴ്‌സൺ ആരോഗ്യസേതു ഹാക്ക് ചെയ്തു കാണിച്ചുതരികയും ചെയ്തു. എന്നാൽ, ഇന്ത്യയിലെ സർക്കാർ ജീവനക്കാരുൾപ്പെടെയുള്ളവർ നിർബന്ധമായും ഈ ആപ്പ് ഡൗൺലോഡ് ചെയ്യണമെന്ന് കേന്ദ്രസർക്കാർ ഉത്തരവിട്ടത് ഏത് നിയമത്തിന്റെ പിൻബലത്തിലാണെന്നും അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെന്താണെന്നും ഇതുവരെ വിശദീകരിയ്ക്കപ്പെട്ടിട്ടില്ല.
സമാനമായ നടപടിയാണ് കേരളത്തിലെ രോഗികളുടെ വ്യക്തിപരമായ വിവരങ്ങളും ആരോഗ്യവിവരങ്ങളും ശേഖരിക്കാൻ സ്വകാര്യകമ്പനിയായ സ്പ്രിംഗ്ലർക്ക് അനുമതി നൽകിയതിലൂടെ സംസ്ഥാനത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരും ചെയ്തിരിക്കുന്നത്. കോവിഡ് ബാധിതരുടെയും ക്വാറന്റീനിൽ കഴിയുന്നവരുടെയും സകലമാനവിവരങ്ങളും അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൂടി ഉപയോഗിച്ചാണ് സ്പ്രിംഗ്ലർ കമ്പനി പ്രോസസ്സ് ചെയ്യുന്നത്. അതിനാണ് അവർക്ക് സംസ്ഥാന ഐ.ടി വകുപ്പ് അനുമതി നൽകിയത്.


കേരളത്തിൽ രോഗവ്യാപനം ആരംഭിക്കുന്നതിന് മുമ്പ,് മാർച്ച് 15-ാം തീയതിയാണ് സംസ്ഥാന ഗവൺമെന്റ് ഇതുസംബന്ധമായ തീരുമാനം എടുക്കുന്നത്. ഉടനെതന്നെ, മാർച്ച് 26 മുതൽ രോഗികളുടെ വിവരങ്ങൾ കമ്പനിയ്ക്ക് ശേഖരിക്കാൻ അനുമതി നൽകുകയും ചെയ്തു. എന്നാൽ, കമ്പനിയുമായി സർക്കാർ ഒരു കരാറിൽ ഏർപ്പെടുന്നതാകട്ടെ വിവാദങ്ങൾക്കിടയിൽ ഏപ്രിൽ മാസവും. ഫേസ്ബുക്ക്, വാട്‌സ് ആപ്, ട്വിറ്റർ, ഇ-മെയിൽ, ഫോൺ കോളുകൾ എന്നിവ വഴി ലഭിക്കുന്ന വിവരങ്ങൾ ക്രോഡീകരിക്കാനും വിശകലനം ചെയ്യാനും കഴിവുളള കമ്പനിയാണിതെന്നാണ് മുഖ്യമന്ത്രി സ്പ്രിംഗ്‌ളറെക്കുറിച്ച് പറഞ്ഞത്. വിവരങ്ങളൊക്കെ രാജ്യത്തിനകത്തെ സെർവറിൽ തന്നെ സൂക്ഷിക്കുമെന്നും അദ്ദേഹം അവകാശപ്പെടുകയുണ്ടായി.
കരാർപ്രകാരം, റേഷൻകാർഡിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ രോഗസാധ്യതയുള്ളവരുടെ മാപ്പിംഗ് പൂർത്തീകരിക്കാനുള്ള ചുമതലയും സ്പ്രിംഗ്ലർ കമ്പനിക്ക് കൈമാറി. 80.92 ലക്ഷം റേഷൻ കാർഡുടമകളാണ് കേരളത്തിലാകെയുള്ളത്. അവരിൽ എത്ര ലക്ഷം ആളുകളുടെ വിവരങ്ങൾ ഇതിനകം കൈമാറ്റം ചെയ്യപ്പെട്ടുകഴിഞ്ഞുവെന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല.
എന്തുകൊണ്ട് സംസ്ഥാന സർക്കാർ ഇത്തരമൊരു അതിപ്രധാനമായ കാര്യം കൈകാര്യം ചെയ്യാൻ സ്വകാര്യകമ്പനിയെ, അതും അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കുപ്രസിദ്ധമായ പാരമ്പര്യമുള്ള ഒരു കമ്പനിയെ തെരഞ്ഞെടുത്തു? അതിന്റെ മാനദണ്ഡമായിരുന്നു? ആഗോള ടെണ്ടർ എന്തുകൊണ്ട് വിളിച്ചില്ല? എന്തുകൊണ്ട് മന്ത്രിസഭയിൽപോലും ചർച്ച ചെയ്യാതെ രഹസ്യമായി കരാറൊപ്പിട്ടു? എന്തുകൊണ്ട് വ്യവസ്ഥകൾ മറച്ചുവെച്ചു? കേരളത്തിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഡേറ്റ സെന്ററുകളുടെ ചുമതല വഹിച്ച പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിനെ ടെൻഡറിൽപ്പോലും എന്തുകൊണ്ട് പങ്കെടുപ്പിച്ചില്ല?


സ്പ്രിംഗ്‌ളർ കമ്പനിയെ സംബന്ധിച്ച് ഇതിനകം പുറത്ത് വന്നിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിശ്വാസ്യത തീരെയില്ലെന്ന് ഐടി രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാണിച്ചിട്ടും പരിഗണിക്കാൻ തയ്യാറാകാതെ കരാറുമായി മുന്നോട്ടുപോകാൻ ഏകപക്ഷീയമായി സർക്കാർ തീരുമാനിച്ചത് എന്തുകൊണ്ട്?
കൊറോണപോലൊരു സാംക്രമിക രോഗവ്യാപനത്തെ തടയുന്നതിന് രോഗികളുടെയും രോഗസാധ്യതയുള്ളവരുടെയും വിവരങ്ങൾ ശേഖരിക്കുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനും സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന് കഴിയില്ലായെന്ന സാഹചര്യം നിലവിലില്ലല്ലോ. സംസ്ഥാന സർക്കാർ ഇതിനകം വികസിപ്പിച്ച സോഫ്ട് വെയർ വേണമെങ്കിൽ ഈയാവശ്യത്തിന് ഉപയോഗിക്കാമായിരുന്നു. പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഡേറ്റാ സെന്ററുകളുടെ സേവനം സ്വീകരിക്കാമായിരുന്നു. പകരം സർക്കാരിന്റെ കീഴിലെ വിശേഷിച്ചും മുഖ്യമന്ത്രി നേരിട്ടുചുമതല വഹിക്കുന്ന ഐ.ടി വകുപ്പ്, രഹസ്യമായി സ്പ്രിംഗ്ലർ കമ്പനിയുമായി ഡേറ്റ കരാർ ഉണ്ടാക്കാനാണ് മുതിർന്നത്. ഏതാണ് ഈ കമ്പനി? അതിന്റെ വിശ്വാസ്യതയെന്താണ്?
ആരോഗ്യരംഗത്തെ വിവരങ്ങൾ ഇന്നേവരെ കൈകാര്യം ചെയ്തിട്ടില്ലാത്ത, ഒരു മാർക്കറ്റിംഗ് കമ്പനി മാത്രമായ സ്പ്രിംഗ്ലർക്ക് കേരളത്തിലെ ജനങ്ങളുടെ പ്രധാനപ്പെട്ട ആരോഗ്യവിവരങ്ങൾ കൈമാറുമ്പോൾ സംഭവിക്കുന്നത് പ്രതീക്ഷിക്കാനാവാത്ത പ്രത്യാഘാതങ്ങളായിരിക്കും. കരാർപ്രകാരം, വ്യക്തികളുടെ സ്വകാര്യ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിശദാംശങ്ങൾ ഈ കമ്പനിയുടെ സെർവറിലേയ്ക്ക് അപ് ലോഡ് ചെയ്യപ്പെടും. ട്വിറ്റർ, ഫേസ്ബുക്ക്, വാട്‌സ് ആപ് വിവരങ്ങളും കമ്പനിക്ക് ലഭിക്കുന്നു. അതിനർത്ഥം ആ വിവരങ്ങൾ സ്പ്രിംഗ്ലർ കമ്പനിക്ക് എവ്വിധവും ഉപയോഗിക്കാനാവുമെന്നല്ലേ?
സ്പ്രിംഗ്ലർ ഒരു സ്വകാര്യ മാർക്കറ്റിംഗ് കമ്പനിയാണ്. ഓരോ വ്യക്തിയും ഉപയോഗിക്കുവാൻ സാദ്ധ്യതയുള്ള ഉൽപന്നങ്ങളുടെ ബ്രാൻഡുകൾ തിരിച്ചറിയാനും അഭിരുചികളും ശീലങ്ങളും തിരിച്ചറിയുകയും വ്യക്തികളുടെ സ്വകാര്യവിവരങ്ങളെ ആധാരപ്പെടുത്തി അവയെ ക്ലാസിഫൈ ചെയ്യുകയുമാണ് ആദ്യപടി. ആ വിവരങ്ങൾ പ്രോസസ്് ചെയ്തു വൻകിട കമ്പനികൾക്ക് കൈമാറും. സോഷ്യൽ മീഡിയ മാനേജ്‌മെന്റ് സർവ്വീസ് എന്നാണ് ഇതറിയപ്പെടുന്നത്.


സോഷ്യൽ മീഡിയയിലൂടെ വിവരങ്ങൾ ചോർത്തിയെടുക്കുക, ആളുകൾ ഉപയോഗിക്കുന്ന ബ്രാൻഡുകൾ ഏതെന്ന് കണ്ടെത്തുക, അവയ്ക്ക് മാർക്കറ്റിംഗ് സാദ്ധ്യതകൾ എത്രത്തോളമെന്ന വിവരം ആഗോള വിപണിയെ നിയന്ത്രിക്കുന്നവർക്ക് കൈമാറുക. വിപണിയെ സംബന്ധിച്ച് ആ വിവരങ്ങൾ വിലയേറിയതാണ്. അതുകൊണ്ടുതന്നെ വിവരങ്ങൾ ശേഖരിയ്ക്കാൻ വഴിയൊരുക്കികൊടുത്ത സംസ്ഥാന സർക്കാരിൽ നിന്നും അവർ സേവനത്തിന് പണം ഈടാക്കുന്നില്ല. അതിന്റെ ആവശ്യമില്ല. ഡേറ്റ കച്ചവടത്തിലൂടെ കമ്പനിയ്ക്ക് വളരെയെളുപ്പം കോടികൾ സമ്പാദിക്കാം. അതിന്, കേരളത്തിലെ ആരോഗ്യമേഖലയുമായി എന്താണ് ബന്ധം? കൊറോണമൂലം ജനങ്ങൾ രോഗഭീതിയിൽ കഴിയുമ്പോൾ, അതിനെ ഒരു അവസരമാക്കിമാറ്റികൊണ്ട് ജനങ്ങളുടെ സ്വകാര്യവിവരങ്ങൾ ഒരു ആഗോളകമ്പനിക്ക് ചോർത്തികൊടുക്കുന്നുവെന്ന അതീവ കുറ്റകരമായ നടപടിയാണ് സംസ്ഥാന ഗവൺമെന്റ് നിർവ്വഹിക്കുന്നത്.
അതോടൊപ്പം, ഇപ്പറഞ്ഞ സോഷ്യൽമീഡിയ മാനേജ്‌മെന്റ് സർവ്വീസിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ കൈവശംവെച്ചുകൊണ്ട് പൗരസമൂഹത്തെ സാമൂഹിക നിരീക്ഷണത്തിന് വിധേയമാക്കാം എന്ന വലിയ അപകടവും പതിയിരിക്കുന്നു. അതുകൊണ്ട്, കേവലം വിവരചോർച്ചയോ വിവരമോഷണമോ മാത്രമല്ല ഇതിലൂടെ സംഭവിക്കാൻ പോകുന്ന വിപത്തുകൾ. ഈ വലയ്ക്കുള്ളിലാകുന്നവരുടെ സ്വകാര്യവിവരങ്ങൾ ഉപയോഗിച്ച് ഭരണകൂടത്തിന്റെ വിവിധങ്ങളായ രഹസ്യഏജൻസികൾക്ക് പൗരന്മാരെ പലവിധത്തിൽ വേട്ടയാടാനും കഴിയും. സാമ്രാജ്യത്വഏജൻസികൾക്കും ഇത്തരം വിവരങ്ങൾ എളുപ്പത്തിൽ ചോർത്തിയെടുക്കാം.


സ്പ്രിംഗ്ലർ കമ്പനി അവരുടെ സെർവറിൽ ശേഖരിക്കുന്ന വിവരങ്ങൾ ലോകത്തെ മറ്റൊരു ഏജൻസിക്കും കൈമാറില്ലായെന്ന് എന്താണുറപ്പ്? ഒരു ഉറപ്പുമില്ല. എന്നുമാത്രമല്ല കമ്പനിയ്ക്ക് ആരോഗ്യമേഖലയുമായി ഒരു ബന്ധവുമില്ലെന്ന് കമ്പനി തന്നെ വ്യക്തമാക്കിയിട്ടുമുണ്ടല്ലോ. ഡേറ്റ നിരീക്ഷണവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ ശക്തമായ നിയമസംവിധാനങ്ങൾ നിലവിലില്ലാത്തതുകൊണ്ടാണ് അമേരിക്കൻ നിയമത്തിന് കീഴിലായാലും സാരമില്ല എന്ന് തീരുമാനിച്ച് സ്പ്രിംഗ്ലറെ തെരഞ്ഞെടുത്തുതെന്ന ഐ.ടി സെക്രട്ടറിയുടെ വാദം എത്ര ബാലിശമാണ്. അമേരിക്കയിലെ നിയമമനുസരിച്ചുപോലും, ആരോഗ്യ ഇൻഷ്വറൻസ് പോർട്ടബിലിറ്റി ആന്റ് അക്കൗണ്ടബിലിറ്റി ആക്ട് (HIPAA) പ്രകാരമുള്ള കംപ്ലയിൻസ് സർട്ടിഫിക്കറ്റ് സ്പ്രിംഗ്‌ളർ കമ്പനിക്ക് ഇല്ലായെന്ന കാര്യവും മറച്ചുവെയ്ക്കപ്പെട്ടു. അപ്പോൾ, ആരോഗ്യവിവരങ്ങൾ കൈകാര്യം ചെയ്ത് പരിചയമില്ലാത്ത ഒരു കമ്പനിക്ക്, ആധികാരികതയില്ലാത്ത വിദേശസ്ഥാപനത്തിന,് വിലപ്പെട്ട പൊതുജനാരോഗ്യ വിവരങ്ങൾ കൈമാറാൻ തീരുമാനിച്ചതിലൂടെ ജനങ്ങളുടെ സ്വകാര്യതയുടെ മേൽ കടന്നുകയറാനാണ് യഥാർത്ഥത്തിൽ അവസരം തുറന്നുകൊടുത്തിരിക്കുന്നത്. ആരോഗ്യസേതുവിലൂടെ കേന്ദ്രസർക്കാരും, സ്പ്രിംഗ്‌ളർ കരാറിലൂടെ സംസ്ഥാന സർക്കാരും പൊതുജനങ്ങളുടെ സ്വകാര്യഅവകാശങ്ങളാണ് ചവിട്ടിമെതിക്കുന്നത്. അവയുടെ പ്രത്യാഘാതങ്ങൾ കോവിഡ് കാലത്തിന് ശേഷമായിരിക്കും കൂടുതലായി നാം അനുഭവിക്കേണ്ടിവരുന്നത്.

Share this post

scroll to top