ലോക്ഡൗണ്‍ കാലയളവില്‍ ഏര്‍പ്പെടുത്തിയ പുതിയ ‘കാശ്മീര്‍ സ്ഥിരവാസ’ നിയമം ബിജെപി അജണ്ടയുടെ ഭാഗം

kasmir.jpg
Share


മറ്റെല്ലാ സംസ്ഥാനങ്ങളെയുംപോലെ, പുതുതായി രൂപീകരിക്കപ്പെട്ട രണ്ട് യൂണിയൻ ടെറിട്ടറികളായ ജമ്മു-കാശ്മീരും ലഡാക്കും, വിശേഷിച്ച് ജമ്മു-കാശ്മീർ, കോവിഡ്-19 പകർച്ചവ്യാധിയുടെയും ലോക്ഡൗണിന്റെയും കെടുതികൾ വലിയ അളവിൽ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഏപ്രിൽ മദ്ധ്യത്തോടെ ജമ്മുകാശ്മീരിൽ 300 രോഗബാധിതരുണ്ടായിരുന്നു. അതിൽ 30 പേർക്ക് രോഗം ഭേദമാകുകയും 4 പേർ മരിക്കുകയും ചെയ്തു. രാജ്യമൊന്നാകെ ഈ വ്യാധിക്കെതിരെയുള്ള പോരാട്ടത്തില്‍ മുഴുകിയിരിക്കുമ്പോള്‍, കാശ്മീരിനെ സംബന്ധിച്ചിടത്തോളം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന നടപടികളുമായി കേന്ദ്ര ബിജെപി സര്‍ക്കാര്‍ മുമ്പോട്ട് പോകുകയാണ്. കാശ്മീരിലെ പുതിയ സ്ഥിരവാസ നിയമം ഇതിനൊരുദാഹരണമാണ്.


എല്ലാവരുടെയും ശ്രദ്ധ കോവിഡ് -19 പകർച്ചവ്യാധിയിലായിരിക്കെ നടത്തുന്ന ഗൂഢനീക്കങ്ങൾ

ലോക്ഡൗൺ കാലയളവിൽ, 2020 ഏപ്രിൽ 1ന്, കേന്ദ്ര ഗവണ്മെന്റ് കാശ്മീരിന് ബാധകമായ ഏതാനും നിയമങ്ങൾ പ്രഖ്യാപിച്ചു. ഇന്ത്യൻ പൗരന് കാശ്മീരിൽ സ്ഥിരവാസത്തിന് അവകാശം നൽകുന്ന നിയമവും ഇതിൽ ഉൾപ്പെടുന്നു. ജമ്മു-കാശ്മീരിലെ 1.2 കോടി വരുന്ന ജനങ്ങളെ ബാധിക്കുന്ന ഒരു നിയമം വളരെ അശ്രദ്ധമായാണ് തയ്യാറാക്കിയതെന്ന വിമർശനമുയർന്നതിനാൽ 72 മണിക്കൂറിനുള്ളിൽ കേന്ദ്രഗവണ്മെന്റിന് അതിൽ മാറ്റം വരുത്തേണ്ടി വന്നു. പുതിയ നിയമപ്രകാരം 15 വർഷം കാശ്മീരിൽ താമസിച്ചിട്ടുള്ളവർക്കും 7 വർഷം അവിടെ പഠിച്ച് പത്താംക്ലാസിലോ പന്ത്രണ്ടാംക്ലാസിലോ പരീക്ഷ എഴുതിയിട്ടുള്ളവർക്കും സ്ഥിര താമസത്തിന് അർഹത ലഭിക്കും. കൂടാതെ, 10 വർഷം കാശ്മീരിൽ ജോലി ചെയ്തിട്ടുള്ള കേന്ദ്രഗവണ്മെന്റ് ഉദ്യോഗസ്ഥർക്കും അവിടെ സ്ഥിരവാസത്തിന് യോഗ്യത ഉണ്ടാകും.
2019 ആഗസ്റ്റ് 5ന് ബിജെപി നയിക്കുന്ന കേന്ദ്രഗവണ്മെന്റ് ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയതോടെ കാശ്മീരിന്റെ ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായ പദവികളിൽ വലിയമാറ്റം വന്നിരുന്നു. രാജഭരണം നിലനിന്ന കാശ്മീരിനെ ഇന്ത്യൻ യൂണിയനോട് ചേർത്തപ്പോൾ ഉണ്ടാക്കിയ കരാറിന്റെ സുപ്രധാന ഭാഗമായിരുന്നു 370-ാം വകുപ്പ്. ഇതുപ്രകാരം അവിടെ സ്ഥിരമായി വസിക്കുന്നവർക്ക് തൊഴിലിനും സ്‌കോളർഷിപ്പിനും ഭൂമി സ്വന്തമാക്കുന്നതിനുമുള്ള അവകാശങ്ങൾ ലഭിച്ചിരുന്നു. ഈ വകുപ്പ് റദ്ദാക്കിയതോടെ ഈ അവകാശങ്ങളെല്ലാം ഇല്ലാതായി. അതോടൊപ്പംതന്നെ, വികസനം ഉറപ്പാക്കാനെന്ന പേരിൽ ജമ്മുകാശ്മീരിന് ഉണ്ടായിരുന്ന പരിമിതമായ സ്വയംഭരണാവകാശവും എടുത്തുകളഞ്ഞു. ജനസംഖ്യാ സംബന്ധമായ മാറ്റങ്ങളിൽനിന്ന് പതിറ്റാണ്ടുകളായി ലഭിച്ചിരുന്ന സംരക്ഷണവും ഇതുവഴി ഇല്ലാതായി. തുടർന്ന് ജമ്മു-കാശ്മീരിനെ, ജമ്മു-കാശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു. ഇതുമൂലം കേന്ദ്രഗവണ്മെന്റിന്റെ നേരിട്ടുള്ള ഭരണത്തിൻ കീഴിലാകുകയും തദ്ദേശീയർക്ക് സ്വന്തം ഭാവി നിർണയിക്കാനുള്ള എല്ലാ അവകാശങ്ങളും നഷ്ടമാകുകയും ചെയ്തു. ഇതോടെ സർവ്വശക്തമായിത്തീർന്ന കേന്ദ്രഗവണ്മെന്റ് എട്ടുമാസം തികയുംമുമ്പുതന്നെ, അതും രാജ്യമാകെ മാരകമായൊരു പകർച്ച വ്യാധിക്കെതിരെ പൊരുതുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുമ്പോൾ, സ്ഥിരവാസം സംബന്ധിച്ച പുതിയ നിയമവും കൊണ്ടുവന്നിരിക്കുന്നു. ഇക്കാര്യം, ഏഴുമാസത്തെ വീട്ടുതടങ്കലിനുശേഷം സ്വതന്ത്രനാക്കപ്പെട്ട ജമ്മു-കാശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റുമായ ഒമർ അബ്ദുള്ള തന്റെ വിമർശനത്തിൽ എടുത്തുപറഞ്ഞിരുന്നു. ”നമ്മുടെ എല്ലാ ശ്രമവും ശ്രദ്ധയും കോവിഡ് 19 നെതിരായ പോരാട്ടത്തിൽ കേന്ദ്രീകരിക്കേണ്ട സമയത്താണ് കേന്ദ്രഗവണ്മെന്റ് സൂത്രത്തിൽ ഇങ്ങനെയൊരു നിയമം കൊണ്ടുവന്നിരിക്കുന്നത്. അക്രമത്തിനുമേൽ അപമാനംകൂടി സഹിക്കേണ്ട അവസ്ഥയാണ് എല്ലാ പരിരക്ഷകളും കാറ്റിൽ പറത്തുന്ന ഈ നിയമം സൃഷ്ടിച്ചിരിക്കുന്നത്”, എന്നാണ് അദ്ദേഹം പറഞ്ഞത്. സംസ്ഥാനപദവി പുനഃസ്ഥാപിക്കണമെന്നും ജമ്മു-കാശ്മീരിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ”ജമ്മു-കാശ്മീരിലെ ജനങ്ങളെ ഭരിക്കാനുള്ള നിയമങ്ങൾക്ക് അവർതന്നെ രൂപംനൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രാവിലെ നിയമങ്ങൾ പടച്ചുണ്ടാക്കുകയും വൈകുന്നേരമാകുമ്പോൾ അതിൽ മാറ്റംവരുത്തുകയും ചെയ്യുന്ന കേന്ദ്രഗവണ്മെന്റിന്റെ ദയാദാക്ഷിണ്യങ്ങൾക്ക് വിട്ടുകൊടുക്കാനുള്ളതല്ല അത്” എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


പുതിയ സ്ഥിരവാസ നിയമത്തിനെതിരെ രൂക്ഷവിമർശനങ്ങൾ ഉയരുന്നു

പ്രഖ്യാപിക്കുകയും ദിവസങ്ങൾക്കുള്ളിൽ ഭേദഗതി വരുത്തുകയും ചെയ്ത പുതിയ സ്ഥിരവാസ നിയമം ജമ്മു-കാശ്മീരിലെ നിരവധി കേന്ദ്രങ്ങളിൽനിന്ന് വിമർശനങ്ങൾ ക്ഷണിച്ചു വരുത്തുകയുണ്ടായി. ജമ്മു-കാശ്മീരിന് ”വെളിയിലുള്ളവർക്ക് സ്ഥിരവാസ കേന്ദ്രങ്ങൾ” സ്ഥാപിക്കാമെന്നത് കാശ്മീരികളിൽ ഭയം ജനിപ്പിച്ചിട്ടുണ്ട്. ഇത് ”ജനസംഖ്യാപരമായ കടന്നുകയറ്റത്തിന്” ഇടയാക്കുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.


വിരമിച്ച എയർ വൈസ് മാർഷലും 370-ാം വകുപ്പ് റദ്ദാക്കിയതിനെതിരെ സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്തയാളുമായ കപിൽ കാക് പറയുന്നത്, ”കുത്സിത മാർഗ്ഗങ്ങളിലൂടെ സ്ഥിരതാമസക്കാരെ സൃഷ്ടി”ക്കാനുള്ള ഏർപ്പാടാണ് ഇതെന്നും ”കാശ്മീരികളെ ഇത് തീർച്ചയായും വേദനിപ്പിക്കു”മെന്നുമാണ്. ”കഴിഞ്ഞ 15 വർഷത്തിനുള്ളിൽ ജമ്മുവിൽനിന്ന് അധികംപേർ കാശ്മീരിലേയ്ക്ക് വന്നിട്ടില്ല എന്നതിനാൽ ഈ വിജ്ഞാപനം ജമ്മു മേഖലയിൽ ചലനമുണ്ടാക്കു”മെന്നും അദ്ദേഹം അൽജസീറ ടെലിവിഷനോട് പറഞ്ഞു. ”ഇത് പ്രതീക്ഷിച്ചതാണെന്നും 370-ാം വകുപ്പ് റദ്ദാക്കിയതുതന്നെ പുറത്തുള്ളവരെ ഇവിടെക്കൊണ്ടുവന്ന് താമസിപ്പിച്ച് സംസ്ഥാനത്തിന്റെ ജനസംഖ്യാഘടന മാറ്റിയെടുക്കാനായിരുന്നെ”ന്നും നിയമാദ്ധ്യാപകനായ പ്രൊഫ. ഷേഖ് ഷൗക്കത്ത് ഹുസൈൻ പറയുന്നു. ”ഇനി പല വിഭാഗങ്ങളിൽപ്പെട്ട ഇന്ത്യൻ വാസകേന്ദ്രങ്ങൾക്ക് നിയമസാധുത കൈവരു”മെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. മനുഷ്യാവകാശ വാദിയയായ ഖുറാം പർവേസ് പറയുന്നു: ”ഇതിനകംതന്നെ രൂക്ഷമായ തൊഴിലില്ലായ്മപ്രശ്‌നം നിലനിൽക്കുന്ന ജമ്മു-കാശ്മീരിൽ ഇനി പുറത്തുനിന്നുള്ളവർ ക്കും തൊഴിലിന് അവകാശവാദമുന്നയിക്കാം. തൊഴിൽ രഹിതരായ കാശ്മീരി യുവാക്കളുടെ താല്പര്യത്തിന് എതിരായിട്ടുള്ളതാണ് ഈ നിയമം.”
ഈ നിയമം ജമ്മു-കാശ്മീരിലെ ജനസംഖ്യാ ഘടനയിൽ സാരമായ മാറ്റം വരുത്തുമെന്നും തദ്ദേശവാസികളായ, അഭ്യസ്തവിദ്യരും അല്ലാത്തവരുമായ, യുവാക്കളുടെ ‘തൊഴിലിനുള്ള അവകാശം’ നഷ്ടപ്പെടുത്തുമെന്നുമാണ് ജമ്മു-കാശ്മീരിലെ രണ്ട് പ്രമുഖ പാർട്ടികളായ പിഡിപിയും നാഷണൽ കോൺഫറൻസും തറപ്പിച്ചുപറയുന്നത്. ആരോടും ആലോചിക്കാതെ, അർദ്ധരാത്രിയിൽ ഒരു ഉത്തരവിറക്കിയാണ്, ഇത്രയും പ്രധാനപ്പെട്ട ഒരു കാര്യത്തിൽ തീരുമാനമെടുത്തത് എന്നോർക്കണം.
പ്രതീക്ഷിച്ചപോലെതന്നെ, ആഹ്ലാദഭരിതരായ ബിജെപി വക്താക്കളും നേതാക്കളും ഈ നീക്കത്തെ പ്രകീർത്തിച്ചു. ദീർഘകാലത്തെ ആലോചനകൾക്കും ആസൂത്രണങ്ങൾക്കും ശേഷം പടിപടിയായി നടപ്പിലാക്കിയ പദ്ധതിയാണിതെന്ന കാര്യം അവർ മറച്ചുവയ്ക്കുന്നുമില്ല. ”ജമ്മുകാശ്മീരിലെ ബിജെപി നേതാക്കൾ ദീർഘകാലം നടത്തിയ കൂടിയാലോചനകളും പരിശ്രമങ്ങളുമാണ് ഈ നിയമം നിലവിൽ വന്നതോടെ സാക്ഷാത്ക്കരിക്കപ്പെട്ടിരിക്കുന്ന”തെന്നും ”ഗവണ്മെന്റ് മേഖലയിലുള്ള മുഴുവൻ തൊഴിലവസരങ്ങളും ജമ്മു-കാശ്മീരിലെ യുവാക്കൾക്കായി മാറ്റിവച്ചിരിക്കുകയാണെ”ന്നും ബിജെപിയുടെ ഉന്നത നേതൃത്വത്തെ പ്രശംസിച്ചുകൊ ണ്ട് പാർട്ടിവക്താവ് അൽത്താഫ് താക്കൂർ പറയുന്നു. ജമ്മു-കാശ്മീരിലെ ബിജെപി ജനറൽ സെക്രട്ടറി, അശോക് കൗൾ അഭിമാനത്തോടെ പറയുന്നു: ”ഞങ്ങൾ ഇതിനുവേണ്ടി ഉറച്ചുനിലകൊള്ളുകയായിരുന്നു. ജമ്മു-കാശ്മീരിൽ ഇന്ന് എല്ലാവരും സന്തുഷ്ടരാണ്. 15 വർഷക്കാലം ഇവിടെ താമസിച്ചവർക്കാണ്, അല്ലാതെ വെളിയിലുള്ളവർക്കല്ല, ഈ നിയമംവഴി പ്രയോജനം ലഭിക്കുന്നത്.” അതായത് വെളിയിലുള്ളവർ വന്ന് 15 വർഷം താമസിച്ച് സ്ഥിരവാസികളായി മാറുന്നതിനെ അവർ സ്വാഗതംചെയ്യുന്നു; ജനസംഖ്യാഘടനയിൽ മാറ്റം വരുത്താനുള്ള ആസൂത്രിത നീക്കങ്ങളെ പിന്തുണയ്ക്കുന്നു. എന്നാൽ ജമ്മുവിലെ ബിജെപി നേതാക്കൾ കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി തലവനുമായ അമിത് ഷായെ ആശങ്കകൾ അറിയിച്ചിട്ടുണ്ട്.
കാശ്മീരിലെ രാഷ്ട്രീയ നേതാക്കളുടെയും ബുദ്ധിജീവികളുടെയും പ്രതികരണങ്ങളിൽനിന്ന്, ബിജെപിയുടെ നിയമനിർമ്മാണത്തോടുള്ള കാശ്മീരിന്റെ പ്രതികരണം വ്യക്തമാണ്. കാശ്മീർ ഇന്ത്യയോട് കൂട്ടിച്ചേർക്കപ്പെട്ടപ്പോൾ, നാഷണൽ കോൺഫറൻസ് നേതാവ് ഷേഖ് അബ്ദുള്ളയുടെ നേതൃത്വത്തിൽ കാശ്മീരി ജനത യാതൊരു വൈമനസ്യവും കൂടാതെ അത് അംഗീകരിച്ചു. എന്നാൽ സ്ഥിരവാസത്തിനുള്ള അവകാശം അവരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതും വൈകാരികവുമായ ഒരു പ്രശ്‌നമാണ്. ദീർഘകാലമായി അവർ ഈ വിഷയത്തിൽ പോരാട്ടങ്ങൾ നടത്തുന്നു. എന്നാൽ ഇതൊന്നും പരിഗണിക്കാത്ത ബിജെപി നേതൃത്വവും കേന്ദ്ര ഗവണ്മെന്റും ഇതുകൊണ്ടും അവസാനിപ്പിക്കാൻ പോകുന്നില്ല. പുറമേയ്ക്ക് നിർദ്ദോഷമെന്ന് തോന്നുന്ന പല സൂത്രപ്പണികളും അവർ ഈ ലോക്ഡൗൺ കാലയളവിൽ കൈക്കൊണ്ടിട്ടുണ്ട്. ഇത് ഗൗരവാവഹമായ പരിശോധന ആവശ്യപ്പെടുന്നുണ്ട്.

കാശ്മീരി ജനതയ്ക്കുമേൽ നാശം വിതയ്ക്കുന്ന അനന്തര നടപടികൾ

ഏപ്രിൽ 8ന് ജമ്മു-കാശ്മീർ കേന്ദ്രഭരണ പ്രദേശത്തെ ഗവണ്മെന്റ് ശ്രീനഗറിലെ രണ്ട് സുപ്രധാന ജലാശയങ്ങളായ ഡാൽ, നൈജീൻ തടാകങ്ങളിൽ ഹൗസ് ബോട്ടുകളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ ഹൗസ്‌ബോട്ടുകളുടെയും ശിക്കാരകളുടെയും നിർമ്മാണം ഇതിലൂടെ തടയുകയും നിലവിലുള്ളവയെ ലഭ്യമായ സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ തരംതിരിക്കുകയും ചെയ്തു. പ്രത്യക്ഷത്തിൽ ഇത് വരുംതലമുറകൾക്കായി ഈ ജലാശയങ്ങൾ സംരക്ഷിക്കുകയെന്ന ലക്ഷ്യംവച്ചുള്ള നടപടിയായിരുന്നു. തടാകങ്ങൾ മലിനമാക്കാതിരിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങളും മുന്നോട്ടുവച്ചു. ടൂറിസ്റ്റുകൾക്ക് സന്തോഷകരവും സഹായകരവുമായ അന്തരീക്ഷം ഉറപ്പാക്കിക്കൊണ്ട് സുസ്ഥിരമായ ടൂറിസവികസനവും അവതരിപ്പിച്ചു. ഇപ്രകാരം ടൂറിസം വികാസം നേടിയാൽ ഹൗസ്‌ബോട്ടുകളുടെയും ശിക്കാരകളുടെയും ഉടമസ്ഥർക്ക് അതിൽനിന്ന് സ്ഥിരവരുമാനം ലഭിക്കുമെന്നും അവർക്ക് സുസ്ഥിരമായ ജീവനോപാധി ഉറപ്പാക്കാൻ കഴിയുമെന്നും അവകാശപ്പെട്ടു. ഇതിനായി ഉടമകൾ ചില പൊതുവായ ഉപാധികൾ അംഗീകരിക്കുകയേ വേണ്ടൂ. ഗവണ്മെന്റ് രൂപീകരിക്കുന്ന ഒരു ഉപദേശക സമിതി മുമ്പാകെ ബോട്ടുകൾ രജിസ്റ്റർ ചെയ്യുകയും കൃത്യസമയത്ത് അവ പുതുക്കുകയും വേണമെന്നും ഉത്തരവിൽ പറയുന്നു.
പുറമേയ്ക്ക് നിർദ്ദോഷവും പരിസ്ഥിതി സൗഹൃദവും വികസനോന്മുഖവുമായ ഈ നയം കാശ്മീരിലെ സാധാരണക്കാരായ ബോട്ട്, ശിക്കാര ഉടമകൾക്ക് ഹാനികരമായ ഉള്ളടക്കത്തോടുകൂടിയുള്ളതാണെന്ന സൂചനകൾ നൽകുന്നുണ്ട്. ഒരു ഉദ്യോഗസ്ഥ സമിതിയുടെ മുമ്പാകെ രജിസ്റ്റർ ചെയ്യാതെ ഇനി ബോട്ട് ഓടിക്കാനാവില്ല. കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന, കൂടുതൽ ലാഭം ലാക്കാക്കിയുള്ള സുസ്ഥിര ടൂറിസത്തിന്റെ പേരിൽ ഈ സമിതി പല ഉപാധികളും മുന്നോട്ടുവയ്ക്കാനിടയുണ്ട്. ബോട്ടുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുവാനും മോടിപിടിപ്പിക്കുവാനുമൊക്കെയുള്ള നിർദ്ദേശങ്ങൾ ഇപ്പോഴത്തെ ഉടമസ്ഥർക്ക് താങ്ങാനാവുന്നതായിരിക്കില്ല. ഗോവ പോലുള്ള സ്ഥലങ്ങളിൽ ടൂറിസ്റ്റുകൾക്ക് ഒരുക്കിക്കൊടുക്കുന്ന സൗകര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത് മനസ്സിലാക്കാം. മറുവശത്ത്, ടൂറിസം ലാഭകരമായ മേഖലയാകുന്നതോടെ വൻകിട കോർപ്പറേറ്റുകൾ ഇവിടേയ്ക്ക് കടന്നുവരികയും നിലവിലുള്ള സാധാരണക്കാരായ ബോട്ടുടമകളെ പുറന്തള്ളുകയും ചെയ്യും. ഇവർ ജീവനോപാധികൾ നഷ്ടപ്പെട്ട് വൻകിടക്കാരുടെ ആശ്രിതരായി കഴിയേണ്ടിവരും.
പുതിയ സ്ഥിരവാസ നിയമം ഉണ്ടാക്കിയപ്പോൾ ഗവണ്മെന്റ് കൊറോണ പകർച്ചവ്യാധി കണക്കിലെടുത്തതേയില്ല. എന്നാൽ, ലക്ഷക്കണക്കിന് റഷ്യൻ പോപ്ലാർ മരങ്ങൾ വെട്ടി വീഴ്ത്തുന്ന കാര്യത്തിൽ, പത്ത് ജില്ലകളിലെയും ഡെപ്യൂട്ടി കമ്മീഷണർമാരടങ്ങുന്ന ജമ്മു-കാശ്മീർ ഗവണ്മെന്റ്, തിടുക്കത്തിലാണ് തീരുമാനമെടുത്തത്.
ഏപ്രിൽ മാസത്തിൽ പുഷ്പിക്കുന്നതിനുമുമ്പ് അതിവേഗത്തിൽ ഒരാഴ്ചകൊണ്ട് നടപ്പിലാക്കാനായി ഏപ്രിൽ ആദ്യവാരംതന്നെ ഉത്തരവിട്ടു. ഈ മരങ്ങളിൽനിന്ന് ഉതിരുന്ന പൂമ്പൊടി ശ്വാസതടസ്സമുണ്ടാക്കുകയും കോവിഡ് 19 രോഗബാധയ്ക്ക് കാരണമാകുകയും ചെയ്‌തേക്കാമെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. സംസഥാനത്താകട്ടെ കൊറോണ വൈറസ് രോഗികളുടെ എണ്ണം ഇപ്പോൾത്തന്നെ വർദ്ധിക്കുകയാണ്. ഈ മരങ്ങൾ വെള്ളം വലിച്ചെടുക്കുന്നവയാണെന്നും ഭാവിയിൽ ജലക്ഷാമമുണ്ടാകുമെന്നും ചില തദ്ദേശവാസികൾ ആശങ്കപ്പെടുന്നുണ്ട്. എന്തായാലും പെൺവർഗത്തിൽപ്പെട്ട പോപ്ലാർ മരങ്ങൾ വച്ചുപിടിപ്പിക്കരുതെന്നും നിലവിലുള്ളവയെ വെട്ടിക്കളയണമെന്നും ഉത്തരവിൽ പറയുന്നു. പൂമ്പൊടി പൊതുവിൽ അലർജി ഉണ്ടാക്കുകയും ചിലയാളുകൾക്ക് ശ്വാസതടസ്സവും മറ്റുമുണ്ടാക്കുകയും ചെയ്യുമെന്നത് വസ്തുതയാണ്. എന്നാൽ ഇത് കോവിഡ് 19 ന്റെ വൈറസ് വാഹകരാകുമെന്ന് ലോകത്തൊരിടത്തും തെളിയിച്ചിട്ടില്ല. ശാസ്ത്രീയമായ തെളിവുകളില്ലാതെ ഇങ്ങനെയൊരു നടപടി സ്വീകരിക്കുന്നത് പരിസ്ഥിതിവാദികളുടെ കടുത്ത എതിർപ്പിന് കാരണമായിട്ടുണ്ട്. ഒരു വിഭാഗം ചെറുകിട കച്ചവടക്കാരുടെ വരുമാന മാർഗം കൂടിയാണ് ഈ മരങ്ങൾ. 1981 -82ൽ ലോകബാങ്കിന്റെ ആഭിമുഖ്യത്തിൽ സാമൂഹ്യ വനവൽക്കരണത്തിന്റെ ഭാഗമായാണ് ഇവ വച്ചുപിടിപ്പിച്ചത്. ഇന്ന് ഏകദേശം ഒരു കോടിയിലേറെ മരങ്ങളുണ്ട്. ഗവണ്മെന്റിന്റെ നിരുത്തരവാദപരവും നിർദ്ദയവുമായ സമീപനം ഇവിടെ വ്യക്തമാണ്. ഇവ വച്ചുപിടിപ്പിച്ചപ്പോൾ അത് അലർജിയുണ്ടാക്കുമെന്നോ വെള്ളം വലിച്ചെടുക്കുമെന്നോ ഒന്നും പരിഗണിച്ചില്ല. ഇപ്പോൾ ഒരു പകർച്ചവ്യാധി പടർന്നുപിടിച്ചപ്പോൾ യാതൊരു ശാസ്ത്രീയ പരിശോധനയും നടത്താതെ ലക്ഷക്കണക്കിന് മരങ്ങൾ ഒറ്റയടിക്ക് വെട്ടിവെളുപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇങ്ങനെ വെളുപ്പിച്ചെടുക്കുന്ന ഭൂമികൊണ്ട് കാശ്മീരി ജനതയ്ക്ക് എന്താണ് ഗുണം? അത് ഭൂമി മാഫിയകളുടെ കൈകളിലെത്തുമോ? പുതിയ സ്ഥിരവാസ നിയമം കാശ്മീരികളുടെ അവകാശങ്ങൾക്കുമേൽ കടിഞ്ഞാണിട്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഈ ആശങ്കകൾക്ക് പ്രസക്തിയേറുകയാണ്.


ഹൗസ്‌ബോട്ട് ഉടമകളുടെയും മരങ്ങൾ വെട്ടിവെളുപ്പിച്ചെടുത്ത ഭൂമിയുടെയുമൊക്കെ ഭാവി എന്താകുമെന്ന് കാണാനിരിക്കുന്നതേയുള്ളൂ. എന്നാൽ ഒന്നിനുപുറകെ ഒന്നായി കണ്ണിചേർത്ത് വരുന്ന നടപടികൾ നോക്കൂ. 370-ാം വകുപ്പ് എടുത്തുകളഞ്ഞു, രാഷ്ട്രീയ നേതാക്കളെ മാസങ്ങളോളം തടവിലാക്കി, പുതിയ സ്ഥിരവാസ നിയമം കൊണ്ടുവന്നു, പുതിയ ഹൗസ്‌ബോട്ടുകൾ നിരോധിച്ചു, ഇപ്പോഴിതാ പോപ്ലാർ മരങ്ങളെല്ലാം വെട്ടിനിരത്തുന്നു. ഇതിൽ അവസാന മൂന്നെണ്ണം, ജനങ്ങൾ ജീവൻ സംരക്ഷിക്കാനായി ഒരു പകർച്ചവ്യാധിയോടു പൊരുതുമ്പോൾ, എയർവൈസ് മാർഷൽ കാക് പറഞ്ഞതുപോലെ ‘സൂത്രത്തിൽ’ നടപ്പിലാക്കിയെടുക്കുകയായിരുന്നു. ഗവണ്മെന്റാകട്ടെ കൈകൊട്ടിയും മെഴുകുതിരി തെളിച്ചുമാണ് കൊറോണയോട് പൊരുതാൻ ആഹ്വാനം ചെയ്യുന്നത്. ദരിദ്രരായ കുടിയേറ്റ തൊഴിലാളികളെയാകട്ടെ കാലികൂട്ടങ്ങളെപ്പോലെ അടച്ചിട്ടിരിക്കുന്നു. ഈ നടപടികളെല്ലാം കാശ്മീരിന്റെമേൽ എവ്വിധവും പിടിമുറുക്കാനുള്ള ബിജെപി ഗവണ്മെന്റിന്റെ കുടിലപദ്ധതിയുടെ തിരക്കഥയാണ് വെളിപ്പെടുത്തുന്നത്.

Share this post

scroll to top