അതിരൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കുക; തൊഴിലില്ലായ്മ വേതനം വർദ്ധിപ്പിക്കുക

Share

45 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയിലൂടെയാണ് രാജ്യം കടന്നുപോയത് എന്ന നാഷണൽ സാമ്പിൾ സർവ്വേ ഓർഗ്ഗനൈസേഷന്റെ റിപ്പോർട്ട് അവസാനം കേന്ദ്ര സർക്കാർ അംഗീകരിച്ചിരിക്കുന്നു. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ, എൻഎസ്എസ്ഒ റിപ്പോർട്ട് അംഗീകരിച്ചിട്ടും കേന്ദ്ര സർക്കാർ അത് പുറത്ത് വിടാതെ തടഞ്ഞുവെച്ചതും കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി.സി.മോഹനൻ, അംഗം ജെ.വി.മീനാക്ഷി എന്നിവർ രാജിവെയ്ക്കുകയും ചെയ്തത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.പ്രതിവർഷം രണ്ടു കോടി പുതിയ തൊഴിലുകൾ സൃഷ്ടിക്കും എന്ന 2014 ലെ തെരഞ്ഞെടുപ്പ് വാഗ്ദാനം മോദി സർക്കാർ പാലിച്ചില്ല എന്നു മാത്രമല്ല, നിലവിലുണ്ടായിരുന്ന തൊഴിലുകൾ പോലും ഇല്ലാതാക്കുന്ന നയങ്ങളും നടപടികളുമാണവർ കൈക്കൊണ്ടത്. നോട്ടു നിരോധനവും ജി.എസ്.ടിയും നടപ്പിലാക്കിയതിലൂടെ എല്ലാ തൊഴിൽ മേഖലകളും അനിശ്ചിതത്വത്തിലേക്ക് തള്ളിവിടപ്പെട്ടു.നോട്ടു നിരോധനത്തിനെതുടർന്ന് 2.24 ലക്ഷം ചെറുകിട വ്യവസായ യൂണിറ്റുകൾ അടച്ചു പൂട്ടപ്പെട്ടു. അസിം പ്രേംജി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള സെന്റർ ഫോർ സസ്റ്റെയ്‌നബിൾ എംപ്ലോയ്മെന്റ് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നത് നോട്ടുനിരോധനത്തിന്റെ ഫലമായി 50 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമായെന്നാണ്. 2018-ൽ തൊഴിലില്ലായ്മ 6.1 ശതമാനത്തിലെത്തി.1999 മുതൽ 2011 വരെയുള്ള കാലയളവിൽ 2മുതൽ 3 ശതമാനം എന്ന തോതിൽ നിലനിന്നിരുന്ന തൊഴിലില്ലായ്മയാണ് നോട്ടു നിരോധനത്തിനു ശേഷം കുതിച്ചുയർന്നത്.
സ്ഥിരം തൊഴിൽ സമ്പ്രദായം ഇല്ലാതാക്കിക്കൊണ്ട് നിശ്ചിത കാല തൊഴിൽ സമ്പ്രദായം നയമായി പ്രഖ്യാപിച്ചു. ഇതിലൂടെ തൊഴിലാളികൾ ദീർഘകാലത്തെ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത സ്ഥിരം തൊഴിലും സാപേക്ഷികാർത്ഥത്തിൽ മെച്ചപ്പെട്ട സേവന-വേതന വ്യവസ്ഥകളും നിഷ്‌ക്കരുണം ഇല്ലാതാക്കപ്പെടും. ലാഭകരമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ പോലും സ്വകാര്യവൽക്കരിക്കുവാനുള്ള നടപടികളുമായി മോദി സർക്കാർ മുന്നോട്ടു പോകുന്നു. ബിഎസ്എൻഎൽ വിറ്റുതുലയ്ക്കുന്നതിന് മുന്നോടിയായി 52,000 ജീവനക്കാരെ പിരിച്ചുവിടുന്നു എന്ന ഞെട്ടിക്കുന്ന വാർത്ത പുറത്ത് വന്നുകഴിഞ്ഞു.

പ്രൊഫഷണൽ വിദ്യാഭ്യാസം ലഭിച്ച യുവാക്കൾ മാന്യമായ തൊഴിലിനു വേണ്ടി അലഞ്ഞു തിരിയുകയാണ്. 2017-18 – ൽ ആൾ ഇൻഡ്യാ കൗൺസിൽ ഫോർ ടെക്‌നിക്കൽ എഡ്യുക്കേഷൻ (എഐസിടിഇ) പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നത്, എഞ്ചിനിയറിംഗ് പഠിച്ചിറങ്ങുന്ന അറുപത് ശതമാനം യുവജനങ്ങൾ തൊഴിൽ രഹിതരാണെന്നാണ്. ഡോക്ടർമാർ, അധ്യാപകർ, നഴ്‌സുമാർ, തുടങ്ങിയ ഉയർന്ന യോഗ്യതയുള്ള വിഭാഗങ്ങളിലെ യുവജനങ്ങളും തൊഴിലില്ലായ്മയുടെ ഭയാനകത അനുഭവിച്ചുകൊണ്ടിരിക്കുന്നു.

കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയെക്കാൾ വളരെയധികം വർദ്ധിച്ചിരിക്കുന്നു. അഭ്യസ്തവിദ്യരായ യുവാക്കൾ തൊഴിലില്ലാതെ തികച്ചും അരക്ഷിതമായ സാഹചര്യങ്ങളിലേയ്ക്ക് തള്ളിവിടപ്പെട്ടിരിക്കുന്നു. 2019ലെ സംസ്ഥാന ആസൂത്രണ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത് കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 12.5 ശതമാനം ആണെന്നാണ്. പൗരന്മാരുടെ അറിവും നൈപുണിയും ഫലപ്രദമായി വിനിയോഗിക്കുവാൻ കഴിയാത്തത് സംസ്ഥാനത്തെ ഏറ്റവും വലിയ സാമൂഹിക-സാമ്പത്തിക പ്രശ്‌നമായി മാറിയെന്നും സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു.സർക്കാരിന്റെ ഔദ്യോഗിക കണക്കിനേക്കാൾ ഭയാനകമാണ് കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് എന്നതാണ് യാഥാർത്ഥ്യം.
പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, പൊതുജനാരോഗ്യവകുപ്പ്, കോർപ്പറേഷനുകൾ തുടങ്ങിയ സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ പതിനായിരക്കണക്കിന് ഒഴിവുകൾ നിലവിലുണ്ട്. എന്നാൽ, സർക്കാരിന്റെ അപ്രഖ്യാപിത നിയമന നിരോധനം നിലവിലുള്ളതിനാൽ അവയൊന്നും യഥാസമയം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാത്തതുമൂലം പ്രസ്തുത ഒഴിവുകളെല്ലാം നികത്തപ്പെടാതെ കിടക്കുന്നു. പബ്ലിക് സർവ്വീസ് കമ്മീഷൻ നടത്തുന്ന പരീക്ഷകളിൽ വിജയിച്ചാലും യുവജനങ്ങൾക്ക് നിയമനം ലഭിക്കുന്നില്ല. ലക്ഷക്കണക്കിന് അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ പിഎസ്‌സി റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷനുകളിൽ സംഘടിച്ച്, നിയമനം ആവശ്യപ്പെട്ട് സമരം ചെയ്യുന്നു. പിഎസ്‌സി പരീക്ഷ എഴുതുന്നതിനുള്ള അപേക്ഷാ ഫോമിന്റെയും പരീക്ഷ നടക്കുന്ന സെന്ററിൽ എത്തുവാനുള്ള യാത്രാച്ചെലവുമെല്ലാം വലിയ തോതിൽ വർദ്ധിച്ചിരിക്കുന്നു. മാത്രമല്ല, ബഹുഭൂരിപക്ഷം യുവജനങ്ങളും കോച്ചിംഗ് സെന്ററുകളിൽ പഠിച്ചാണ് മത്സരപ്പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്. അതിനും പതിനായിരക്കണക്കിന് രൂപയാണ് തൊഴിൽ രഹിതരായ യുവജനങ്ങൾ ചെലവഴിക്കേണ്ടി വരുന്നത്. കേരളത്തിലെ യുവജനങ്ങൾ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്‌നമാണ് ‘അണ്ടർ എംപ്ലോയ്മെന്റ്’.ആർജ്ജിച്ച വിദ്യാഭ്യാസ യോഗ്യതകളേക്കാൾ താഴ്ന്ന യോഗ്യത ആവശ്യപ്പെടുന്ന ജോലികൾ ചെയ്യുന്ന ചെറുപ്പക്കാരുടെ എണ്ണം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. പോസ്റ്റ് ഗ്രാജുവേഷൻ ഉള്ളവർപോലും പ്യൂൺ ജോലി ചെയ്യാൻ നിർബന്ധിതമാക്കപ്പെടും വിധമുള്ള തൊഴിലില്ലായ്മയാണ് നമ്മുടെ സംസ്ഥാനത്ത് നിലനിൽക്കുന്നത്.

തൊഴിലില്ലായ്മ വേതനം തൊഴിൽ രഹിതരുടെ  അവകാശം

ജനാധിപത്യ സമൂഹത്തിൽ, പൗരന്മാരുടെ അറിവും നൈപുണിയും സമൂഹത്തിന്റെ ആകമാന സമ്പത്താണ് എന്നാണ് സങ്കൽപ്പിക്കുന്നത്. തൊഴിൽ ചെയ്യാനും അദ്ധ്വാനിച്ച് ലഭിക്കുന്ന കൂലി കൊണ്ട് സ്വയം നിലനിൽക്കാനും തന്നെ ആശ്രയിച്ച് നിലകൊള്ളുന്ന കുടുംബാംഗങ്ങളെ നിലനിർത്താനും ഒരുവന് സാധിക്കേണ്ടതുണ്ട്. എന്നാൽ, ലാഭാധിഷ്ഠിത ഉൽപ്പാദന ക്രമമായ മുതലാളിത്ത വ്യവസ്ഥിതിയിൽ മാന്യമായ തൊഴിലും വേതനവും അസാധ്യമായി തീർന്നിരിക്കുന്നു. വർദ്ധിച്ചു വരുന്ന കമ്പോള പ്രതിസന്ധിമ ുതലാളിത്തത്തെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുന്നു. ഈ പ്രതിസന്ധി രൂക്ഷമാകുന്നതിനനുസരിച്ച് തൊഴിലില്ലായ്മയും വർദ്ധിക്കുന്നു. പരമാവധിലാഭം എന്ന മുതലാളിത്ത സാമൂഹ്യക്രമത്തിന്റെ സഹജസ്വഭാവത്തിലാണ് പ്രതിസന്ധിയുടെ അടിസ്ഥാനം കുടികൊള്ളുന്നത്.മുതലാളിത്ത പ്രതിസന്ധിയുടെ പാരമ്യത്തിൽ നടപ്പാക്കപ്പെട്ട ആഗോളവൽക്കരണ നയങ്ങളാവട്ടെ, നിലവിലുള്ള തൊഴിലുകളും കൂടി ഇല്ലാതാക്കുകയും തൊഴിലുള്ളവരുടെ കൂലി ഗണ്യമായി കുറയ്ക്കുകയും ചെയ്തിരിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണവും ഔട്ട്‌സോഴ്‌സിംഗുമൊക്കെ തൊഴിലാളികളുടെ ജീവിതത്തെ അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു. തൊഴിലില്ലായ്മ പരിഹരിക്കുവാൻ സർക്കാർ അടിയന്തരമായി ചെയ്യേണ്ടത്, സർക്കാർ-അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ ഒഴിവുകളിൽ ഉടൻ നിയമനം നടത്തുക എന്നതാണ്. മാത്രമല്ല, തൊഴിൽരഹിതരായ യുവാക്കൾക്ക് നിലനിൽക്കാനാവശ്യമായ മിനിമം വേതനം പ്രതിമാസം നൽകുകയും വേണം.1982-ൽ കേരളത്തിൽ നടപ്പിലാക്കിത്തുടങ്ങിയ തൊഴിലില്ലായ്മ വേതനം എന്ന പദ്ധതി, തൊഴിൽ രഹിതരെ പരിഹസിക്കും വിധമുള്ള ഒന്നായി മാറിയിരിക്കുന്നു. തൊഴിലില്ലായ്മ വേതനത്തിന്റെ പേരിൽ പ്രതിമാസം 120 രൂപയാണ് സർക്കാർ യുവജനങ്ങൾക്ക് നൽകുന്നത്.പ്രതിദിനക്കണക്കിൽ 4 രൂപ!82-ൽ പദ്ധതി നടപ്പിലാക്കിത്തുടങ്ങിയപ്പോൾ 20 ലക്ഷം പേർ തൊഴിലില്ലായ്മ വേതനം വാങ്ങിയിരുന്നു.എന്നാൽ, 2017 ആയപ്പോൾ അത് 1,93 071 ആയി കുറഞ്ഞു.തൊഴിലില്ലായ്മ കുറഞ്ഞതുകൊണ്ടാണ് വേതനം വാങ്ങുന്ന ആളുകളുടെ എണ്ണം കുറഞ്ഞതെന്ന് കരുതരുത്. തൊഴിലില്ലായ്മാ വേതനം വാങ്ങുവാൻ പോകുന്ന ദിവസത്തെ ചെലവിനുപോലും സർക്കാരിന്റെ 120 രൂപ തികയില്ല എന്ന ബോധ്യമുള്ളതുകൊണ്ടാണ് യുവാക്കൾ അതുപേക്ഷിക്കുവാൻ നിർബ്ബന്ധിതരാകുന്നത്. സർക്കാരാകട്ടെ, ഇതൊരവസരമായിക്കരുതി തൊഴിലില്ലായ്മാ വേതനം തന്നെ ഇല്ലാതാക്കുവാനുള്ള നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അങ്ങനെ, ഒരു ദിവസം അവസാനിപ്പിക്കാവുന്ന ഒന്നല്ല തൊഴിലില്ലായ്മാ വേതനം. അത് ചരിത്രപരമായ കാരണങ്ങളാൽ രൂപപ്പെട്ട ഒന്നാണ്. എല്ലാവർക്കും തൊഴിൽ ലഭ്യമാക്കുവാൻ ഗവൺമെന്റുകൾക്ക് എന്നു കഴിയുന്നോ അന്നുവരെ തൊഴിൽ രഹിത വേതനവും നിലനിൽക്കണം.1946-ൽ കൊച്ചി എസ്എൻഡിപി യോഗത്തിന്റെ വിശേഷാൽ സമ്മേളനത്തിൽ അവതരിപ്പിച്ച അവകാശ പ്രഖ്യാപനരേഖയിൽ ഉന്നയിച്ച ആവശ്യങ്ങളിൽ ഒന്നായിരുന്നു ”വേല അല്ലെങ്കിൽ വേലയില്ലാവേതനം” സഹോദരൻ അയ്യപ്പൻ ഉൾപ്പെടെ മൂന്നു പേരായിരുന്നു ആ രേഖ തയ്യാറാക്കിയത്.അങ്ങനെ സ്വാതന്ത്ര്യം കിട്ടുന്നതിനുമുമ്പുതന്നെ ജനാധിപത്യവാദികൾ പലപ്പോഴായി ആവശ്യപ്പെട്ട ഒന്നാണ് തൊഴിലില്ലായ്മ വേതനം എന്ന യുവജനങ്ങളുടെ അവകാശം.

അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൺ തുടങ്ങിയ വികസിത രാജ്യങ്ങളിൽ ഒരാളുടെ ഉപജീവനത്തിനാവശ്യമായ തുക തൊഴിലില്ലായ്മ വേതനമായി ഗവൺമെന്റ് നൽകുന്നു. ആഴ്ചയിൽ 450 ഡോളറാണ് അമേരിക്ക തൊഴിലില്ലായ്മ വേതനമായി നൽകുന്നത്. ഏകദേശം 31,000 ഇന്ത്യൻ രൂപ .തൊഴിൽ രഹിതർക്കും തൊഴിൽ നഷ്ടപ്പെട്ടവർക്കും സർക്കാർ നൽകുന്ന സഹായധനമാണ് തൊഴിലില്ലായ്മാ വേതനം. അത് ആരുടെയും ഔദാര്യമല്ല, അവകാശമാണെന്ന് യുവജനങ്ങൾ മനസിലാക്കണം. തൊഴിൽ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭത്തോടൊപ്പം തന്നെ കാലാനുസൃതമായി തൊഴിലില്ലായ്മാ വേതനം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെടുന്ന ഡിമാന്റും ഉയർത്തണം.

Share this post

scroll to top