ബീഹാറിൽ മസ്തിഷ്‌കജ്വരം ബാധിച്ച് 150ഓളം കുട്ടികൾ മരിച്ച സംഭവത്തിൽ രാജ്യവ്യാപകമായ പ്രതിഷേധം വളർത്തിയെടുക്കുക

Share

(എസ്‌യുസിഐ(സി) ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ് ജൂൺ 22ന് പുറപ്പെടുവിച്ച പ്രസ്താവന)

മസ്തിഷ്‌കജ്വരം ബാധിച്ച് ബീഹാർ സംസ്ഥാനത്ത് 150 കുട്ടികൾ ഇതുവരെ മരിച്ചു എന്നതും മരണം തുടരുന്നതും തികച്ചും അപലപനീയവും ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണ്. ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും കടുത്ത അവഗണനയാണ് കാര്യങ്ങൾ ഇത്രയും വഷളാക്കിയത്, തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആഘോഷത്തിമിർപ്പിൽ മുഴുകിയിരുന്ന അവർ കൃത്യസമയത്ത് നടപടിയെടുത്ത് കുട്ടികളുടെ ജീവൻ രക്ഷിക്കുവാൻ ശ്രമിച്ചില്ല. ജൂൺ മാസാദ്യം, ബീഹാറിലെ 16 ജില്ലകളിലായി 600 കുട്ടികൾക്ക് മസ്തിഷ്‌കജ്വരം ബാധിക്കുകയും അത് പിന്നീട് പടർന്നുപിടിക്കുകയുമാണ് ഉണ്ടായത്.
ആവശ്യത്തിന് ഡോക്ടർമാരും നഴ്‌സുമാരും ഉപകരണങ്ങളും ഉൾപ്പെടെയുള്ള മെഡിക്കൽ സപ്പോർട്ട് നൽകുന്നതിന് ഏറ്റവും ഉയർന്ന പരിഗണന നൽകണമെന്നും ആവശ്യമെങ്കിൽ ബന്ധപ്പെട്ട അന്തർദേശീയ സംഘടനകളുടെ സഹായം തേടിക്കൊണ്ട്, രോഗം പരക്കാതിരിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു. ഈ ദുരന്തത്തിന് പ്രത്യേക ഉത്തരവാദികൾ ആരെന്ന് കണ്ടെത്താൻ അന്വേഷണം നടത്തണമെന്നും അവർക്ക് കടുത്ത ശിക്ഷ നൽകണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു. കുട്ടികളുടെ മരണം ഹൃദയഭേദകമാണ്. എത്ര കടുത്ത ദുഃഖത്തിനും അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും അവരുടെ നഷ്ടത്തിന് പരിഹാരമുണ്ടാക്കാനും കഴിയുകയില്ലെങ്കിലും, സർക്കാർ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. എസ്‌യുസിഐ(സി) ജൂൺ 24ന് എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രതിഷേധ ദിനമായി ആചരിക്കുവാനും ബന്ധപ്പെട്ട ഗവർണർമാർക്ക് നിവേദനം കൊടുക്കുവാനും തീരുമാനിച്ചിരിക്കുകയാണ്. സർക്കാരുകൾക്കും അധികൃതർക്കുംനേരെ സമ്മർദ്ദം ചെലുത്തുവാനായി പ്രതിഷേധ പരിപാടികളിൽ വൻതോതിൽ അണിനിരക്കുവാൻ രാജ്യത്തെ ജനങ്ങളോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Share this post

scroll to top