സതി സമ്പ്രദായത്തിന്റെ മഹത്വവൽക്കരണവും രാജാ റാംമോഹൻ റായിയെ അപകീർത്തിപ്പെടുത്തലും

RamMohan.jpg
Share

ഭാരതീയ നവോത്ഥാനത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന രാജാ റാംമോഹൻ റായിയെ ബ്രിട്ടീഷുകാരുടെ പാദസേവകൻ എന്നുവിളിച്ച് ആക്ഷേപിക്കുന്ന ഒരു വീഡിയോ പായൽ രോഹാത്ഗി എന്ന ഒരു ഇന്ത്യൻ നടി ഈയിടെ ട്വിറ്ററിൽ പങ്കുവയ്ക്കുകയുണ്ടായി. ‘സതി’ എന്ന ആചാരത്തെ അപകീർത്തിപ്പെടുത്താനും അതുവഴി കൊളോണിയൽ ശക്തികളുടെ ധാർമിക അധീശത്വം സ്ഥാപിച്ചെടുക്കാനും ബ്രിട്ടീഷുകാർ അദ്ദേഹത്തെ കരുവാക്കുകയായിരുന്നു എന്നാണ് ആ വീഡിയോയിലൂടെ അവർ പറഞ്ഞത്.

ട്വിറ്റർ വരിക്കാരിൽ ഭൂരിഭാഗം പേരും അവരെ വിമർശിക്കുകയും ഭർത്താവിന്റെ ചിതയിൽ ഭാര്യയേയും ജീവനോടെ ദഹിപ്പിക്കുന്ന മനുഷ്യത്വഹീനമായ സമ്പ്രദായത്തെ അവസാനിപ്പിക്കുന്നതിൽ റാംമോഹന്റെ പങ്കിനെ പ്രകീർത്തിക്കുകയും ചെയ്തു എന്നത് വാസ്തവമാണ്. എന്നിരുന്നാലും, ഇന്ത്യാ ചരിത്രത്തെ വളച്ചൊടിക്കാനും തദനുസൃതമായി വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ കൊണ്ടുവരാനും ബിജെപി നേതൃത്വത്തിലുള്ള സർക്കാർ ശ്രമിക്കുന്ന സമകാലിക സാഹചര്യത്തിൽ, പായൽ രോഹാത്ഗിയുടെ അഭിപ്രായപ്രകടനങ്ങൾ അലോസരപ്പെടുത്തുന്നതും ഗൗരവതരവുമാണ്. സംസ്‌കാരത്തെ ഫാസിസവൽക്കരിക്കാൻ, നമ്മുടെ രാജ്യത്ത് ഉൾപ്പെടെ സാമ്രാജ്യത്വ-മുതലാളിത്ത ലോകത്താകെ ഇന്ന് നടക്കുന്ന ഉന്മത്തമായ ശ്രമങ്ങൾക്കെതിരെ നാം ജാഗരൂകരല്ലെങ്കിൽ തെറ്റായ പ്രചാരണങ്ങളിൽ സ്വാധീനിക്കപ്പെട്ടുപോകാനിടയുണ്ട്.

‘സതി’യെ ‘ജൗഹാറു’മായി (കൂട്ട ആത്മാഹൂതി)  ബന്ധിപ്പിക്കുന്നു

പായലിന്റെ ജല്പനങ്ങൾ യുക്തിരഹിതവും അന്യമത വിരോധത്തെ കുത്തിയിളക്കുന്നതുമാണ്. കേരളത്തിലെ പ്രളയത്തെക്കുറിച്ചുപോലും തുടർച്ചയായ ട്വീറ്റുകളിൽക്കൂടി അവർ പറഞ്ഞത്, ഈ കൊടിയ ദുരിതം, ഗോവധം തടയാത്തതിനും ഹിന്ദു വികാരത്തെ മുറിപ്പെടുത്തുന്നതിനുമുള്ള സംസ്ഥാനത്തോടുള്ള ദൈവശിക്ഷ ആണെന്നാണ്. മരിച്ചുപോയ ഭർത്താവിനോടുള്ള സ്‌നേഹവും സമർപ്പണവും പ്രകടിപ്പിക്കാൻ ഹിന്ദു വിധവകൾ സ്വമേധയാ നടത്തുന്ന പ്രവൃത്തിയാണ് എന്ന് വിശേഷിപ്പിച്ചുകൊണ്ട് അവർ സതി സമ്പ്രദായത്തെ മഹത്വവൽക്കരിക്കാനും ശ്രമിക്കുകയാണ്. മുസ്ലിം കടന്നുകയറ്റക്കാരിൽനിന്ന് ഹിന്ദു ഭാര്യമാരുടെ ചാരിത്ര്യം സംരക്ഷിക്കുന്നതിനാണ് സതി ആചാരം ആവിഷ്‌കരിച്ചത് എന്നും അവർ അഭിപ്രായപ്പെടുന്നു. 2018ലെ ‘പത്മാവത്’ എന്ന ഹിന്ദി സിനിമയിൽ ചിത്രീകരിച്ചതുപോലുള്ള രജപുത്ര വനിതകളുടെ കൂട്ട ആത്മാഹൂതിയുടെ-ജൗഹാറിന്റെ- ഉദാഹരണം അവർ എടുത്തുകാട്ടുന്നു. അലാവുദ്ദീൻ ഖിൽജി എന്ന ആക്രമണകാരിയിൽനിന്ന് രക്ഷനേടാൻ റാണി പത്മാവതി ഒരു ജൗഹാറിന് നേതൃത്വം നൽകുന്നതായി ആ സിനിമയിൽ കാണിച്ചിരിക്കുന്നു.

കീഴടക്കപ്പെട്ട ഒരു കോട്ടയിൽ ശത്രുക്കൾക്കെതിരെയുള്ള ചെറുത്തുനിൽപ്പ് ഇനിമേൽ സാധ്യമല്ല എന്ന സ്ഥിതി എത്തുകയും, മരണം മാത്രമാണ് ആത്മാഭിമാനത്തിന്റേതായ മാർഗ്ഗമെന്ന് കരുതപ്പെടുകയും ചെയ്യുന്ന ഘട്ടത്തിൽ, സ്ത്രീകളും കുട്ടികളും അവരുടെ ആശ്രിതരും നടത്തിയിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നതാണ് ജൗഹാർ എന്ന കർമ്മം. അവശേഷിക്കുന്ന പുരുഷ പോരാളികൾ ശത്രുവിനെതിരെ പോരാടാൻ പടക്കളത്തിലേക്ക് കുതിക്കുകയും യുദ്ധവീരന് ചേർന്ന വിധത്തിൽ മരണത്തെ പുൽകുകയും ചെയ്യുന്ന പ്രവൃത്തിയാണ് ‘ശാഖ’. യഥാർത്ഥത്തിൽ സൂഫി കവിയായ മല്ലിക് മുഹമ്മദ് ജയസി 1540ൽ എഴുതിയ പത്മാവത് എന്ന കവിതയിൽ മാത്രമാണ് പത്മാവതിയെക്കുറിച്ചുള്ള പരാമർശം കണ്ടിട്ടുള്ളത്. ക്രിസ്തുവർഷം 1296 മുതൽ 1316 വരെ ദില്ലി ഭരിച്ച സുൽത്താനായ അലാവുദ്ദീൻ ഖിൽജിയുടെ മരണത്തിന് 224 വർഷങ്ങൾക്കുശേഷം ഔധിൽ ആണ് ഈ കാവ്യം രചിക്കപ്പെടുന്നത്. ആ കവിതയിലെ നായികയായിരുന്നു പത്മാവതി. പിൽക്കാലത്ത് സിനിമയായി അത് നിർമ്മിക്കപ്പെട്ടു. പത്മാവതിയുടെ ആത്മാഹൂതി അങ്ങനെ വസ്തുത എന്നതിലുപരി ഒരു നാടോടിക്കഥ എന്ന നിലയിലാണ് അറിയപ്പെടുന്നത്. പത്മാവതിയുടെയും അവരുടെ ആത്മഹൂതിയുടെയും ഐതിഹ്യത്തിൽ അൽപമെങ്കിലും ചരിത്രയാഥാർത്ഥ്യം ഉണ്ടെന്ന് കരുതുന്നവരിൽ ആധുനിക ചരിത്ര പണ്ഡിതരിലെ ഒരു വിഭാഗവും ഉണ്ട്. എന്തായാലും, വിദൂര ഭൂതകാലങ്ങളിൽ കൂട്ട ആത്മാഹൂതികൾ നടന്നതിന്റെയും അവ രജപുത്രരിൽ മാത്രം ഒതുങ്ങുന്നതല്ല എന്നതിന്റെയും സൂചനകളുണ്ട്. മുസ്ലിം മേധാവികളും, യുദ്ധത്തിൽ തങ്ങളുടെ സ്ത്രീകൾക്കുണ്ടാകുന്ന മാനഹാനി തടയാനായി അവരെ വധിച്ചു കളഞ്ഞതായും രേഖപ്പെടുത്തിക്കണ്ടിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള മുസ്ലിം അധിനിവേശത്തിന് മുൻപും ഇത്തരം സംഭവങ്ങൾ നടന്നിരുന്നു. എന്നു മാത്രമല്ല ചില ചരിത്രകാരന്മാർ പറയുന്നത്, ക്രിസ്തുവിനു മുമ്പുള്ള കാലഘട്ടത്തിൽതന്നെ ഗ്രീക്ക് അധിനിവേശക്കാർ തടവിലാക്കിയ ഭാരത സ്ത്രീകളെ ‘ജൗഹറി’ലേക്ക് തള്ളിവിട്ടിരിക്കാം എന്നാണ്.

ജൗഹറും സതിയും തമ്മിൽ സുവ്യക്തമായ വ്യത്യാസങ്ങളുണ്ട് അക്രമകാരികളാൽ പിടിക്കപ്പെടാതിരിക്കാനുള്ള ആഗ്രഹത്താൽ പ്രചോദിതമായതാണ് ജൗഹാർ എങ്കിൽ പതിവ്രതയായി കരുതപ്പെടുന്ന ഒരു വിധവയുടെ നിർബ്ബന്ധിതമായ ‘ആത്മഹത്യ’യാണ് സതി. യുദ്ധത്തിൽ ഭർത്താവ് മരിച്ചോ ഇല്ലയോ എന്ന് അറിയില്ലെങ്കിൽ പോലും ജൗഹാർ അനുഷ്ഠിക്കപ്പെട്ടിരുന്നു. ജൗഹാർ ഒരു ആചാരം ആണെന്നും പറയപ്പെടുന്നു. അതിനാകട്ടെ അരക്കും അതുപോലെ എളുപ്പം തീപിടിക്കുന്ന വസ്തുക്കളും കൊണ്ടുള്ള അരക്കില്ലങ്ങൾ പോലെയുള്ള മുറികൾ കോട്ടയ്ക്കുള്ളിൽതന്നെ പണിയുകയും ചെയ്തിരുന്നു. മധ്യകാലഘട്ടത്തിൽ ഈ ജൗഹാറുകൾ നാനാവശങ്ങളിൽനിന്നും വാഴ്ത്തപ്പെടുകയും കൊണ്ടാടപ്പെടുകയും ചെയ്തിരുന്നു. അരക്ഷിതബോധവും, പാതിവൃത്യം ചവിട്ടിയരയ്ക്കപ്പെടുമെന്ന ഭീതിയുംനിമിത്തം സ്വേച്ഛയാ നടത്തപ്പെടുന്ന ആത്മബലിയാണ് ജൗഹാർ എങ്കിൽ, ഭർത്താവിന്റെ ചിതയിൽ ചാടി മരിച്ച് അദ്ദേഹത്തോടൊപ്പം സ്വർഗ്ഗത്തിലെത്തിയാൽ വിശുദ്ധ വനിതകൾ എന്ന കീർത്തി നേടുമെന്ന് വിശ്വസിപ്പിച്ചുകൊണ്ട് വിധവകളുടെമേൽ ബ്രാഹ്മണാധിപത്യ ഹിന്ദു സമൂഹം നടത്തുന്ന കടന്നുകയറ്റമാണ് സതി. ഭർത്താവിന്റെ ചിതാഗ്നിയിൽ വെന്ത് ആത്മാഹൂതി ചെയ്യാൻ തയ്യാറാവുന്ന ഒരു വിധവയെ ഈ വിഭാഗക്കാർ പതിവ്രതയായി കണക്കാക്കുകയും സതീദേവിയായി ആരാധിക്കുകയും ചെയ്തിരുന്നു. രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ ചില സംസ്ഥാനങ്ങളിൽ സതീദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രങ്ങളും നമുക്ക് കാണാൻ കഴിയും.

സതിയുടെ പുരാവൃത്ത  പശ്ചാത്തലം

സതി ശിവ ഭഗവാന്റെ പത്‌നിയും ശിവനോട് അനാദരവ് കാണിച്ച സ്വന്തം പിതാവിനോടുള്ള പ്രതിഷേധത്താൽ സ്വയം ആത്മഹൂതി ചെയ്തവളും ആണെന്നാണ് ഹിന്ദുപുരാണത്തിൽ സതിയുടെ ഉല്പത്തിയെക്കുറിച്ചുള്ള കഥ. ഈ കഥയിൽ സതി ആത്മാഹൂതി നടത്തുന്നത് ഭർത്താവ് ജീവിച്ചിരിക്കെത്തന്നെ ആണെങ്കിലും പിൽക്കാലത്ത് ഈ അനുഷ്ഠാനം സമൂഹത്തിലെ ചില സ്വയംപ്രഖ്യാപിത രക്ഷകർത്താക്കളാൽ വളച്ചൊടിക്കപ്പെടുകയോ പുതിയൊരു ദിശ സ്വീകരിക്കപ്പെടുയോ ചെയ്യുകയും ഭർത്താവിന്റെ ചിതയിൽ ചാടി മരിക്കാൻ സ്ത്രീകൾ നിർബ്ബന്ധിക്കപ്പെടുകയും ചെയ്തു. പ്രാചീന ഗ്രന്ഥങ്ങളായ വേദങ്ങളിലൊന്നും സതിയെക്കുറിച്ചുള്ള പരാമർശങ്ങളില്ല. രാമായണ കാവ്യത്തിൽ ആകട്ടെ ദശരഥ മഹാരാജാവ് മരിച്ചപ്പോൾ മൂന്ന് ഭാര്യമാരിൽ ഒരാളും ചിതാഗ്നിയിലേക്ക് ചാടിയിട്ടില്ല. മഹാഭാരതത്തിൽ പാണ്ഡുവിന്റെ മരണശേഷം ഭാര്യമാരിൽ ഒരാളായ മാദ്രി ഭർത്താവിന്റെ ചിതയിൽ വെന്തുമരിച്ചു. എന്നാൽ മറ്റൊരു ഭാര്യയായ കുന്തി ജീവിതം തുടർന്നു. ബുദ്ധനും മഹാവീരനും ഒന്നും ഈ അനുഷ്ഠാനത്തെക്കുറിച്ച് പരാമർശിച്ചതായി കാണുന്നില്ല. പ്രാചീന ബുദ്ധ-ജൈന പ്രമാണങ്ങളിലൊന്നും അത്തരം സൂചനകളുമില്ല. ശങ്കരാചാര്യരുടെയും മറ്റു പരിഷ്‌കർത്താക്കളുടെയും കാര്യവും ഇങ്ങനെ തന്നെയാണ്. അക്കാലങ്ങളിൽ സതി ചിലപ്പോൾ അത്ര വ്യാപകമല്ലായിരുന്നിരിക്കാം, ബ്രാഹ്മണ്യത്തിന്റെ തീർപ്പുകൾക്കും തിട്ടൂരങ്ങൾക്കും ആധിപത്യമുള്ള സ്വേച്ഛാധിപത്യ ഹിന്ദുസമൂഹത്തിൽ കാലങ്ങൾക്കുശേഷം ഈ അനുഷ്ഠാനം ആവിഷ്‌കരിക്കപ്പെട്ടതുമായിരിക്കാം.

സതിയെപ്പറ്റിയുള്ള സാമൂഹികശാസ്ത്രപരമായ മറ്റൊരു വീക്ഷണം

ഒരു പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീകളെ പുരുഷന്മാർക്ക് അടിപ്പെട്ടവരും പാദസേവകരുമായാണ് കാണുന്നതെന്ന് നമുക്കറിയാം. അക്കാലത്തെ ഹിന്ദുസമൂഹത്തിൽ വിധവാവിവാഹം സ്വീകാര്യമായ ഒന്നല്ലായിരുന്നുവെന്നും ഭർത്താവിന്റെ മരണശേഷമുള്ള വിധവകളുടെ ജീവിതം അമംഗളകരമായാണ് കരുതപ്പെട്ടതെന്നും പറയേണ്ടതില്ലല്ലോ. അപ്പോൾ ഭർത്താവിന്റെ മരണശേഷം അവളുടെ മൗനാനുവാദത്തോടെയോ പലപ്പോഴും ബന്ധുക്കളുടെ ബലപ്രയോഗം വഴിയോ അവൾ ചിതയിലെരിക്കപ്പെട്ടു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പുരുഷന്മാർക്ക് നിരവധി ഭാര്യമാരെ സ്വീകരിക്കാൻ അനുവാദം ഉണ്ടായിരുന്നു. എൺപതും തൊണ്ണൂറും വയസ്സുള്ള വൃദ്ധന്മാർവരെ ഇരുപതോ അതിൽ താഴെയോ വയസ്സുള്ള യുവതികളെ വിവാഹം ചെയ്തിരുന്നു. ആ നിരാലംബരായ യുവതികളുടെ കുടുംബങ്ങളെ വരിഞ്ഞുമുറുക്കിയോ പലപ്പോഴും നിർബ്ബന്ധിച്ചോ വിവാഹത്തിന് സമ്മതിപ്പിക്കുകയായിരുന്നു. അല്ലെങ്കിൽ വിവാഹപ്രായമെത്തിയ പെൺകുട്ടികളുള്ള ആ കുടുംബങ്ങൾക്ക് ഭ്രഷ്ട് നേരിടേണ്ടിവരുമായിരുന്നു. ആ യുവതികൾക്കാകട്ടെ വൈവാഹിക ജീവിതത്തിന്റെ യാതൊരു സന്തോഷവും ലഭിച്ചിരുന്നില്ല. പല ഗ്രാമങ്ങളിലുള്ള നിരവധി ഭാര്യമാരെ സന്ദർശിച്ചുകൊണ്ടിരുന്ന ഭർത്താവിന്റെ സാമീപ്യം ഓരോരുത്തർക്കും വല്ലപ്പോഴുമാണ് കിട്ടിയിരുന്നത്. ഈ വൃദ്ധൻ മരിച്ചു കഴിഞ്ഞാൽ പ്രാമാണിക ഗ്രന്ഥങ്ങളിലെ വിധിപ്രകാരമോ എതിർത്താൽ ബലപ്രയോഗത്തിലോ, ഈ യുവതികളെ ഭർത്താവിന്റെ ചിതയിൽതന്നെ ദഹിപ്പിക്കുകയും ചെയ്തിരുന്നു. അവരുടെ വിക്ഷുബ്ധമായ അപേക്ഷകളും അലമുറകളും ഇത്തരം അനുഷ്ഠാനങ്ങളിൽ ഉപയോഗിക്കുന്ന വാദ്യോപകരണങ്ങളുടെ ഘോഷണത്തിൽ അമർന്നു പോവുകയും ചെയ്യും. അങ്ങനെ അത്, ഈ യുവതികളുടെ മേലുള്ള അങ്ങേയറ്റത്തെ മനുഷ്യത്വഹീനമായ പീഢനമായി മാറുന്നു.

രാജാ റാംമോഹനെ  ചെളി വാരിയെറിയുന്നത്  കുറ്റകൃത്യം

പ്രാചീന ഹിന്ദു ഗ്രന്ഥങ്ങൾ സതി അനുഷ്ഠാനത്തെ അനുശാസിക്കുന്നുണ്ടോ ഇല്ലയോ എന്നതല്ല പ്രശ്‌നം. ഹിന്ദു മതഭ്രാന്തന്മാർ സതി അനുഷ്ഠാനത്തെ മഹത്വവത്കരിച്ച് സതീ ക്ഷേത്രങ്ങൾ പണിയുന്ന അവസ്ഥവരെ എത്തി എന്നതാണ് കാര്യം. കഴിഞ്ഞകാലങ്ങളിൽ വിജ്ഞൻമാരായ ചില ഭരണാധികാരികൾ ഈ ക്രൂരകൃത്യത്തിന് അറുതിവരുത്താൻ ശ്രമിച്ചിരുന്നു. ഉദാഹരണത്തിന് അക്ബർ ഇതിനെ ചെറുക്കാൻ ശ്രമിച്ചു. മറാത്ത പ്രവിശ്യക്കാർ അവരുടെ സ്ഥലത്ത് ഇത് നിരോധിച്ചു. എന്നാൽ ഇന്ത്യക്കാരുടെ സാമൂഹികവും മതപരവുമായ ആചാരങ്ങളിൽ ഇടപെടില്ല എന്ന നയത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു ഈസ്റ്റ് ഇന്ത്യാ കമ്പനി. അപരിഷ്‌കൃതരായ ഭാരതീയ ജനതയെ പരിഷ്‌കൃതരാക്കുക എന്നത് വെള്ളക്കാരുടെ ധാർമിക ഉത്തരവാദിത്തമാണെന്ന് പറഞ്ഞ് ഇന്ത്യയെ കോളനിയാക്കാനുള്ള ശ്രമങ്ങൾക്ക് ധാർമ്മികാനുമതി നേടേണ്ട ആവശ്യം നേരിട്ടപ്പോൾ പിൽക്കാലത്ത് അവർ ഈ ഇടപെടാതിരിക്കൽ നയത്തിൽ നിന്ന് വ്യതിചലിക്കാൻ തുടങ്ങി.
ഈ ഘട്ടത്തിലാണ് നവോത്ഥാനത്തിന്റെ പ്രഭാപൂരത്തിൽ പ്രചോദിതനായ രാജാ റാംമോഹൻ റായ് നിർഭാഗ്യവതികളായ ഈ വിധവകൾക്കുവേണ്ടി മുന്നോട്ടു വരുന്നതും അവരുടെ ക്രൂരമായ കൊലപാതകങ്ങൾ തടയണമെന്ന് ഗവർണർ ജനറൽ ബെന്റിംഗ് പ്രഭുവിനോട് അഭ്യർത്ഥിക്കുന്നതും. പത്ര റിപ്പോർട്ടുകൾ നൽകിയും ലഘുലേഖകൾ പ്രസിദ്ധീകരിച്ചും നടത്തിയ മഹത്തായ പരിശ്രമങ്ങളും പ്രവർത്തനങ്ങളും വഴി അദ്ദേഹത്തിന് ജനമനഃസാക്ഷി ഉണർത്താനായി. യാഥാസ്ഥിതിക ഹിന്ദുക്കളുടെ കടുത്ത എതിർപ്പുണ്ടായിട്ടും 1829 ജൂലൈ നാലിന് ഇറങ്ങിയ ഓർഡിനൻസ് വഴി ക്രൂരമായ സതി ആചാരം നിരോധിക്കപ്പെട്ടു. ബംഗാൾ പ്രസിഡൻസിയിൽ മാത്രമാണ് ഈ ഓർഡിനൻസ് ആദ്യം പ്രാബല്യത്തിൽ വന്നതെങ്കിലും 1830ൽ അത് വ്യത്യസ്ത രൂപങ്ങളിൽ മദ്രാസ്, ബോംബെ പ്രസിഡൻസികളിലേക്കും വ്യാപിപ്പിച്ചു. സതി നിരോധിക്കാൻ പോരാടി എന്നതുകൊണ്ട് മാത്രമല്ല ആധുനിക ശാസ്ത്രീയ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള വിവിധ സാമൂഹിക മേഖലകളിലെ പുരോഗമനപരവും മാനുഷികവുമായ ചിന്തകൾകൊണ്ടും പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽതന്നെ ഇന്ത്യൻ നവോത്ഥാനത്തിന്റെ മുന്നണി പോരാളിയായി രാജാ റാംമോഹൻ റായ് ഏവരാലും പ്രകീർത്തിക്കപ്പെട്ടു. അദ്ദേഹത്തെ ബ്രിട്ടീഷുകാരുടെ പാദസേവകൻ എന്ന് വിളിക്കുന്നത് ധിക്കാരം മാത്രമല്ല ചരിത്രവസ്തുതകളുടെ അങ്ങേയറ്റത്തെ വളച്ചൊടിക്കലും പഴകിദ്രവിച്ച ജന്മിത്ത ജഢത്വത്തിന്റെ തകർച്ച പ്രവചിച്ച ഒരു ചരിത്രപുരുഷനെതിരെയുള്ള കുറ്റകരമായ അപമാന ശ്രമവുമാണ്.

സതി മഹത്വവൽക്ക-രണത്തിന്റെ പുനഃരുദ്ധാനം

എന്നിട്ടും സ്വതന്ത്ര ഇന്ത്യയിൽ 1987ൽ രാജസ്ഥാനിലെ ദിവ്രാല എന്ന ഗ്രാമത്തിൽ കേവലം എട്ടു മാസത്തെ ദാമ്പത്യ ജീവിതത്തിനുശേഷം രൂപ് കാൻവാർ എന്ന് 17കാരി ആയിരങ്ങൾ നോക്കി നിൽക്കവേ സ്വന്തം ഭർത്താവിന്റെ ചിതയിൽ വെന്തെരിക്കപ്പെട്ടു. ഈ ഞെട്ടിപ്പിക്കുന്ന സംഭവം സൂചിപ്പിക്കുന്നത് ഒരു വിഭാഗം ജനങ്ങൾ ഇപ്പോഴും സതിയെ മഹത്വവൽക്കരിക്കുന്നു എന്നും ചില കുത്സിത ശക്തികൾ വിജ്ഞാന വിരോധത്തെയും മതഭ്രാന്തിനെയും ഉൽകൃഷ്ട പ്രവൃത്തിയെന്ന് ചിത്രീകരിച്ചുകൊണ്ട് പുനരാനയിക്കാൻ ശ്രമിക്കുന്നു എന്നുമാണ്. അതിനാൽ സംസ്‌കൃതചിത്തരും വിജ്ഞാന വെളിച്ചം ലഭിച്ചവരുമായ ഇന്ത്യയിലെ ജനങ്ങളെ ഇത് സ്തബ്ധരാക്കുകയും ക്ഷുഭിതരാക്കുകയും ചെയ്തു. ശക്തമായ ജനകീയ പ്രതിഷേധത്തിന്റെ സമ്മർദ്ദത്താൽ രാജസ്ഥാൻ സർക്കാർ കമ്മീഷൻ ഓഫ് സതി(പ്രിവൻഷൻ) ആക്ട് 1987 പ്രാബല്യത്തിൽ കൊണ്ടുവന്നു. പിന്നീട് 1988ൽ ഇന്ത്യൻ പാർലമെന്റ് ഇതൊരു കേന്ദ്രനിയമമായി അംഗീകരിച്ചു. വിധവകളുടെ സ്വമേധയായുള്ളതോ ബലപ്രയോഗത്തിലുള്ളതോ ആയ ദഹിപ്പിക്കലോ കുഴിച്ചുമൂടലോ അഥവാ സതി അനുഷ്ഠാനത്തെ നിരോധിക്കുക, സതി അനുഷ്ഠിച്ച വിധവയെ പ്രകീർത്തിച്ചു കൊണ്ടുള്ള ചടങ്ങുകളിലോ ഘോഷയാത്രകളിലോ പങ്കെടുക്കുന്നതും സാമ്പത്തിക ട്രസ്റ്റുകൾ രൂപീകരിക്കുന്നതും ക്ഷേത്രങ്ങൾ പണിയുന്നതും തടയുക എന്നിവയൊക്കെയാണ് ഈ നിയമത്തിലൂടെ ഉദ്ദേശിക്കപ്പെടുന്നത്. പക്ഷേ ശക്തമായ ജനാധിപത്യ പ്രക്ഷോഭണങ്ങളുടെ അഭാവത്താൽ നിക്ഷിപ്ത താല്പര്യക്കാരുടെ ഉപജാപങ്ങളും പിന്തുണയുംകൊണ്ട് അധഃപതിച്ചതും പിന്തിരിപ്പനുമായ ഇത്തരം കൃത്യങ്ങൾക്കുള്ള പിന്തുണ നമ്മുടെ രാജ്യത്ത് വർദ്ധിച്ചു വരികയാണ്.

2018ൽ രാജസ്ഥാനിലെ ചിത്തോർഗഢ് പട്ടണത്തിൽ പത്മാവത് എന്ന സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഞ്ഞൂറിലധികം രജപുത്ര വനിതകൾ വാളുകൾ വീശിക്കൊണ്ട് ‘ജയ് ജൗഹർ ജയ് ഭവാനി’ എന്ന മുദ്രാവാക്യമുയർത്തി ഒരു ‘ചേതാവനി റാലി’ (മുന്നറിയിപ്പ് മാർച്ച്) നടത്തുകയുണ്ടായി. തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നില്ലെങ്കിൽ ജൗഹാർ(കൂട്ട ആത്മാഹൂതി) നടത്തുമെന്ന് അവർ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ രജപുത്ര വനിതകളുടെ സമിതിയായ ‘ശാത്രാണി മഞ്ച്’ അവരുടെ നിലപാട് പൊടുന്നനെ മാറ്റുകയും ആത്മാഹൂതിയുടെ പദ്ധതി തങ്ങൾ ഉപേക്ഷിച്ചതായിയും പകരം കൂട്ട ആത്മഹത്യ നടത്തുന്നതിനായി സുപ്രീംകോടതിയിൽ അപേക്ഷ നൽകാൻ തീരുമാനിച്ചതായും പറഞ്ഞു. ചിത്തോർഗഢിൽ ജൗഹാർ നടത്തുന്നതിനായി രണ്ടായിരത്തിലധികം കർണിസേനാ(1) വനിതകൾ രജിസ്റ്റർ ചെയ്യുകയുണ്ടായി. ഇത് ഏതെങ്കിലും വിധത്തിലുള്ള സ്ത്രീ സ്വാതന്ത്ര്യത്തിന്റെ സൂചനയാണോ? തീർച്ചയായും അവർ തെറ്റായി നയിക്കപ്പെട്ടവരാണ്. ഈ കർണിസേനാ പ്രവർത്തകരെ കരുതൽ തടങ്കലിലെടുക്കുകയും സമാധാനവും സുരക്ഷയും ഉറപ്പാക്കുകയും ചെയ്യുന്ന കാര്യത്തിൽ സർക്കാർ ഉപേക്ഷ കാണിച്ചു. പഴയ ആചാരങ്ങളെ പുനഃരുജ്ജീവിപ്പിക്കാനുള്ള ഈ അധോഗമനത്തിന്റേതായ ചിന്താഗതികൾ എവ്വിധമെല്ലാം ചിട്ടപ്പെടുത്തുമെന്നും പ്രോത്സാഹിപ്പിക്കപ്പെടുമെന്നുമാണ് ഈ സംഭവങ്ങൾ കാണിക്കുന്നത്. ഈ അധമ പ്രവർത്തികളെ പിന്തുണക്കാൻ സമരം ചെയ്യുന്നതിന് പകരം നമ്മുടെ സ്ത്രീകൾ സ്ത്രീധനത്തിനും പെൺഭ്രൂണഹത്യയ്ക്കും സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങൾക്കുമൊക്കെ എതിരെയാണ് പോരാടേണ്ടത്.

മതപുനഃരുദ്ധാരണ  ശ്രമങ്ങളുടെ  അടിസ്ഥാനകാരണം

ഹിന്ദു പുനഃരുദ്ധാരണ ശ്രമങ്ങൾക്ക് മേൽക്കോയ്മ ഉണ്ടായിരുന്ന നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്റെ പരിമിതിക്കുള്ളിൽതന്നെയാണ് ഈ ഭീതിദമായ സാഹചര്യത്തിന്റെ അടിസ്ഥാനകാരണം കിടക്കുന്നത്. ഇന്നും ഇത് ഇന്ത്യൻ സമൂഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഈ യുഗത്തിലെ സമുന്നത മാർക്‌സിസ്റ്റ് ദാർശനികരിൽ ഒരാളും എസ്‌യുസിഐ(സി) സ്ഥാപക ജനറൽ സെക്രട്ടറിയുമായിരുന്ന സഖാവ് ശിബ്ദാസ് ഘോഷ് 1964ൽ ‘വർഗ്ഗീയതാ പ്രശ്‌നത്തെപ്പറ്റി’ എന്ന കൃതിയിൽ ഈ പ്രതിഭാസത്തെപ്പറ്റി വിശദീകരിക്കുന്നുണ്ട്. ”ഇന്ത്യൻ ദേശീയവാദം തന്മൂലം, അടിസ്ഥാനപരമായി മതോന്മുഖമായിരിക്കുന്നു. ഈ മതോന്മുഖ ദേശീയവാദം ഹിന്ദുമത പുനഃരുദ്ധാരണത്തിന്റെ രൂപത്തിലാണ് പ്രകടിതമായത്… ഇന്നത്തെ ഭരണാധികാരികൾ സാമൂഹിക-സാംസ്‌കാരിക വിപ്ലവ കടമകൾ നിറവേറ്റുന്നതിന് പകരം സ്വാതന്ത്ര്യപ്രാപ്തിക്ക് മുൻപുണ്ടായിരുന്നതിനെ അപേക്ഷിച്ച് പതിന്മടങ്ങ് വർദ്ധിച്ചിരിക്കുന്ന മതാചാരങ്ങളെയും മുൻവിധികളെയും പ്രോത്സാഹിപ്പിക്കുക വഴി മതേതര വിരുദ്ധ ശക്തികളെയും പ്രവണതകളെയും ശുഷ്‌കാന്തിയോടെ സഹായിക്കുകയാണ്. മതേതരത്വം ആവോളം ഉച്ചത്തിൽ ഉരുവിട്ടുകൊണ്ടുതന്നെയാണിത്. ഈ സാഹചര്യത്തിൽ ഹിന്ദു പുനരുദ്ധാനം എന്ന മുദ്രാവാക്യം കൂടുതൽ പ്രബലമായിക്കൊണ്ടിരിക്കുന്നതിൽ അത്ഭുതത്തിന് വകയില്ല. ഏതെങ്കിലും മതത്തിൽ വിശ്വസിക്കാനോ അനുഷ്ഠിക്കാനോ അത് പ്രചരിപ്പിക്കാനോ വ്യക്തിക്ക് പ്രോത്സാഹനം നൽകുക എന്ന് മതേതരത്വത്തിന് അർഥമില്ലെന്ന് നാം മനസ്സിലാക്കണം. ജനങ്ങളുടെമേൽ മതത്തിന്റെ സ്വാധീനം വർദ്ധിക്കുമാറ് ഭരണകൂടം എല്ലാ മതങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്നും അർത്ഥമില്ല. ഒരു പ്രത്യേക വിശ്വാസം പുലർത്തുന്ന സമുദായത്തെ മതപരിഗണനയുടെ അടിസ്ഥാനത്തിൽ മാത്രം ഏതെങ്കിലും വിശേഷ അവകാശങ്ങൾ നൽകി ബഹുമാനിക്കുക എന്ന് അതിന് തീരെയും അർത്ഥമില്ല. ഒരു യഥാർത്ഥ മതേതര രാഷ്ട്രം മതത്തെ പൗരന്മാരുടെ സ്വകാര്യ വിശ്വാസപ്രമാണമായി പരിഗണിക്കുകയും അതിനാൽ വ്യക്തികളുടെ മതവിശ്വാസത്തിലും പ്രചാരണത്തിലും പ്രോത്സാഹനത്തിന്റെ രീതിയിലായാലും എതിർപ്പിന്റെ രീതിയിലായാലും യാതൊരുവിധത്തിലും കൈകടത്താതിരിക്കുകയും ചെയ്യുന്നു. മറിച്ച് അത് വിശ്വാസികൾക്കെന്നതുപോലെ അവിശ്വാസികൾക്കും ഏതൊരു വിശ്വാസവും വെച്ച് പുലർത്താനും പ്രചരിപ്പിക്കാനുമുള്ള പൂർണസ്വാതന്ത്ര്യം ഉറപ്പുനൽകുന്നു. ഒരു മതേതര രാഷ്ട്രം സാമൂഹിക-സാംസ്‌കാരിക വിപ്ലവങ്ങൾ പൂർത്തീകരിച്ച് സമൂഹത്തെ ജനാധിപത്യവൽക്കരിക്കുകയും ഭരണകൂടതലത്തിലും വ്യക്തിയുടെ സാമൂഹിക പ്രവർത്തനങ്ങളെ സംബന്ധിച്ചിടത്തോളവും മതപരമായ സ്വാധീനങ്ങളും കൈകടത്തലുകളും ഇല്ലാതാക്കുകയും ചെയ്യുന്നു. നമ്മുടെ നാട്ടിലെ ഭരണ മുതലാളി വർഗത്തിന്റെ വർദ്ധിച്ച ഹിന്ദുമത പുനരുദ്ധാരണ പ്രവണതകൾമൂലം ഇന്നും ഇന്ത്യൻ ജനത ജാതി-മത-ഭാഷ-വംശ പരിഗണനകളാൽ ഭിന്നിച്ച, സാമൂഹികമായും സാംസ്‌കാരികമായും വ്യത്യസ്തങ്ങളായ സമുദായങ്ങളുടെ ഒരു സമാഹാരം മാത്രമാണ്.

ഇവിടെ ശ്രദ്ധിക്കേണ്ട ഒരു വസ്തുത മതത്തിലുള്ള വിശ്വാസം തുടർന്നു പോകുമ്പോൾതന്നെ മതപരമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നു എന്നതാണ്. എല്ലാ കാലത്തേക്കും അവ ഒരേപോലെ നിലകൊള്ളുന്നില്ല. സഖാവ് ഘോഷ് വീണ്ടും പറയുന്നു, ”മതം തുടർന്നും നിലനിന്നാൽ, അത് വ്യക്തിയുടെ സാമൂഹിക പ്രവർത്തനങ്ങളെ സ്വാധീനിക്കുകതന്നെ ചെയ്യും എന്നൊരു വാദം ഉന്നയിക്കപ്പെട്ടേക്കാം. ഈ ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവും ഞാൻ കാണുന്നില്ല. എന്റെ അഭിപ്രായത്തിൽ മതത്തെ, മതപരവും സാമൂഹികവുമായ ആചാരങ്ങളിൽനിന്ന് വേറിട്ട് കാണാൻ കഴിയാത്തതുകൊണ്ടാണ് ഈ ആശങ്ക ഉണ്ടാകുന്നത്. മതവും മതാചാരങ്ങളും രണ്ട് വ്യത്യസ്ത സംഗതികളാണ്. മാറിയ സാമൂഹിക സാഹചര്യങ്ങൾക്കൊത്ത് ആചാരങ്ങൾ ഇതിനുമുമ്പ് മാറിയിട്ടുണ്ട്, ഇനി മാറുകയും ചെയ്യും. അതിനാൽ നിലവിലുള്ള മതാചാരങ്ങളിൽ മാറ്റം വരുത്താൻ വേണ്ടി പൊരുതുന്നവരുടെമേൽ മതവിരോധമോ മതനിഷേധമോ ആരോപിച്ചുകൂട. ഒരു യഥാർത്ഥ മുസ്ലിം ആയിരുന്നിട്ടും കമാൽ അത്താത്തുർക്ക് ജനാധിപത്യ തുർക്കിയുടെ പുരോഗതിക്ക് പ്രതിബന്ധമായ മുസ്ലിം മതാചാരങ്ങൾക്കെതിരെ സമരം ചെയ്തില്ലേ? തന്റെ നാട്ടിൽ നിരവധി ഇസ്ലാമിക മതാചാരങ്ങളും സ്ഥാപനങ്ങളും ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുന്ന നാസർ ഒരു മുസ്ലീം അല്ലേ! ഇസ്ലാമിക മതാചാരങ്ങൾ പ്രായേണ ഒന്നുംതന്നെ അനുഷ്ഠിക്കാതിരുന്ന ജിന്ന ഒരു മുസ്ലിം അല്ലെന്ന് ഏതെങ്കിലും മുസ്ലിം പറയുമോ? മുമ്പ് അനുഷ്ഠിച്ചിരുന്ന പല മതാചാരങ്ങളും ഇന്ന് ഹിന്ദുക്കൾ ഉപേക്ഷിച്ചിട്ടില്ലേ? ഇന്നത്തെ സാമൂഹിക ആവശ്യങ്ങൾക്ക് നിരക്കാത്ത എല്ലാത്തരം മതാചാരങ്ങൾക്കുമെതിരെ ജനാധിപത്യ പ്രസ്ഥാനം അനവരതം പൊരുതുകതന്നെ ചെയ്യും. എന്നാൽ മതത്തിനെതിരെ അല്ല ഈ പോരാട്ടം”(2)

പുരുഷന്മാർക്കുള്ള എല്ലാ അവകാശങ്ങളും സ്ത്രീകളും അനുഭവിക്കുന്ന ഒരു യഥാർത്ഥ ജനാധിപത്യ സമൂഹത്തിൽ സതി എന്ന ആചാരം തികച്ചും അസംഗതവും ചിന്തിക്കാൻ കൂടി കഴിയാത്തതുമാണ.് ഈ ക്രൂരകൃത്യത്തെ മഹത്വവൽക്കരിക്കുന്നത് തടയാൻ നേരായി ചിന്തിക്കുന്നവർ ഉറച്ചുനിന്ന് പോരാടുന്നില്ലെങ്കിൽ തെറ്റായ ആശയങ്ങൾ ഗൂഢമായി ജനമനഃസാക്ഷിയിൽ വേരുറപ്പിക്കും.

(1) കർണിസേന: ഈ സംഘടന 2006 സെപ്റ്റംബർ 23ന് ജയ്പൂരിലെ ഛോത്‌വാര പ്രദേശത്ത് മുഖ്യമായും തൊഴിൽരഹിതരായ രാജപുത്ര യുവാക്കൾ രൂപീകരിച്ചതാണ്. രജപുത്രരുടെ അഭിമാനവും മഹിമയും സംരക്ഷിക്കാനാണത്രേ ഈ സംഘടന രൂപീകരിച്ചത്. രജപുത്രർക്ക് സർക്കാർ ജോലിയിലും വിദ്യാഭ്യാസത്തിലും ജാതി അധിഷ്ഠിത സംവരണം ഏർപ്പെടുത്തുക എന്നതാണ് ഇതിന്റെ പ്രധാന ആവശ്യം. രജപുത്ര വ്യക്തിത്വങ്ങളെ പാഠപുസ്തകങ്ങളിൽനിന്ന് തഴയുന്നതിനെ ചെറുക്കുക, സർക്കാരിൽ രജപുത്ര ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിൽ സഹായിക്കുക എന്നിവയൊക്കെ ഇവരുടെ മറ്റാവശ്യങ്ങളിൽപ്പെടുന്നു.

(2) വർഗ്ഗീയതാ പ്രശ്‌നത്തെപ്പറ്റി-ശിബ്ദാസ് ഘോഷ്-ഒന്നാം പതിപ്പ്, 1964.

Share this post

scroll to top