പാർലമെന്റ് തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിന് സംഭവിച്ചതെന്ത്?

cpim.jpg
Share

കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് സിപിഐഎംനെ സംബന്ധിച്ചിടത്തോളം ഒരു ഊക്കൻ പതനം തന്നെയായിരുന്നു. ദീർഘകാലം അധികാരത്തിലിരിക്കുകയും വോട്ടുബാങ്കിനെക്കുറിച്ച് ഊറ്റംകൊള്ളുകയും ചെയ്തിരുന്ന ത്രിപുരയിലും പശ്ചിമബംഗാളിലും പോലും സ്വന്തം സ്ഥാനാർത്ഥികളെ വിജയിപ്പിച്ചെടുക്കാൻ സിപിഐഎംന് സാധിച്ചില്ല. ഇപ്പോഴും അധികാരത്തിലിരിക്കുന്ന കേരളത്തിലാകട്ടെ കേവലം ഒരു സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. തമിഴ്‌നാട്ടിൽ ഡിഎംകെ സഖ്യത്തിന്റെ ബലത്തിലാണ് സിപിഐയും സിപിഐഎംഉം ഈരണ്ട് സീറ്റുവീതം നേടിയെടുത്തത്.

തൃപ്തികരമായ ഒരു വിശദീകരണത്തിനുവേണ്ടി നേതാക്കന്മാർ നെട്ടോട്ടമോടുകയാണ്. അധികാരത്തിലിരുന്നുകൊണ്ട് ബിജെപി അഴിച്ചുവിടുന്ന ഭീകരതയാണ് ത്രിപുരയിലെ പരാജയകാരണമായി സിപിഐഎം കണ്ടെത്തിയിരിക്കുന്നത്. സിപിഐഎം നടത്തിയ ബിജെപി വിരുദ്ധ പ്രചാരണം യുഡിഎഫിന് തുണയായതാണ് കേരളത്തിലെ പരാജയത്തിന്റെ ഒരു കാരണമായി കണ്ടെത്തിയിരിക്കുന്നത്. ഒരു വിഭാഗം വിശ്വാസികൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടതുകൊണ്ട് പരമ്പരാഗത ഇടതുപക്ഷ വോട്ടുകളിൽ ചോർച്ച വന്നിരിക്കുന്നു എന്നതാണ് മറ്റൊരു വിശദീകരണം.

പശ്ചിമബംഗാളിൽ  സംഭവിച്ചത്

നീണ്ട മുപ്പത്തിനാലുവർഷം മൃഗീയ ഭൂരിപക്ഷത്തിൽ അധികാരത്തിലിരുന്ന പശ്ചിമബംഗാളിലെ പതനത്തെക്കുറിച്ച് ഉത്തരം പറയാനാകാതെ നേതാക്കന്മാർ കുഴയുകയാണ്.
‘ബിജെപിയെ കൂട്ടുപിടിച്ച് തൃണമൂലിനെ പരാജയപ്പെടുത്താമെന്ന് കരുതരുത്’ എന്ന മുന്നറിയിപ്പ് തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ഇടതുമുന്നണി ചെയർമാൻ ബിമൻബസു പശ്ചിമബംഗാളിൽ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ നൽകിയിരുന്നു.(ഗണശക്തി, 17 ഏപ്രിൽ 2019). ‘തൃണമൂലിന്റെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ യാതൊരു കാരണവശാലും ബിജെപിയെ തെരഞ്ഞെടുക്കുക എന്ന മണ്ടത്തരം കാട്ടരുത് എന്നും അത് സ്വയം നാശമായിരിക്കും’ എന്നുമുള്ള മുന്നറിയിപ്പാണ് ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാർ നൽകിയത്. (ദി ഹിന്ദു, 2019 മെയ് 16). സിപിഐഎം പശ്ചിമബംഗാൾ സംസ്ഥാന സെക്രട്ടറിയാകട്ടെ അണികൾക്കു നൽകിയ സന്ദേശം ‘വിഷം രുചിക്കാൻ മിനക്കെടരുത്’ എന്നതായിരുന്നു. ദീർഘകാലം പശ്ചിമബംഗാളിന്റെ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യയാകട്ടെ, സിപിഐഎം മുഖപത്രമായ ഗണശക്തിക്ക് നൽകിയ അഭിമുഖത്തിൽ ബിജെപിക്ക് വോട്ട് ചെയ്യരുതെന്നും ‘തൃണമൂൽ എന്ന വറചട്ടിയിൽനിന്ന് ബിജെപി എന്ന എരിതീയിലേയ്ക്ക് ചാടുക എന്നത് നല്ല ആശയമല്ല’ എന്നുമാണ് അഭിപ്രായപ്പെട്ടത്. എൻഡിറ്റിവിക്ക് നൽകിയ അഭിമുഖത്തിൽ, ബംഗാളിൽ ബിജെപി കടന്നുകയറിത്തുടങ്ങി എന്ന ആശങ്കയും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. തൃണമൂലിനോട് പിടിച്ചുനിൽക്കാൻ ബിജെപിയിൽ ആശ്രയം കണ്ടെത്തുന്ന അണികളോടുള്ള അഭ്യർത്ഥനകളായിരുന്നു ഇതെല്ലാം.

സിപിഐഎം നേതാക്കന്മാർ ഈ അഭിപ്രായപ്രകടനങ്ങളിലൂടെ അണികൾക്ക് നൽകിയ സന്ദേശം തൃണമൂലിനെതിരെ ബിജെപിക്ക് വോട്ടുചെയ്യുക എന്നതായിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. സിപിഐഎംനെ പുറത്താക്കി അധികാരം പിടിച്ചെടുത്ത തൃണമൂലിനെ, ബിജെപിയെ ഉപയോഗപ്പെടുത്തി പരാജയപ്പെടുത്തിയാൽ അത് സംസ്ഥാനത്ത് ബിജെപിയെ പുറത്താക്കി തങ്ങൾക്ക് അധികാരത്തിൽ വരാനുള്ള കളമൊരുക്കും എന്ന ലളിതമായ കണക്കുകൂട്ടലാണ് നേതാക്കന്മാർ അണികളുമായി പങ്കുവച്ചത്. സീതാറാം യെച്ചൂരി തന്നെ പറഞ്ഞത്, ആദ്യം രാമൻ പിന്നീട് ഇടതുപക്ഷം എന്നാണ്. സ്വന്തം അണികൾ പാളയത്തിലേയ്ക്ക് തിരിച്ചെത്തും എന്നാണവരുടെ പ്രതീക്ഷ.

സിപിഐഎം വോട്ടുകൾ ബിജെപിയിലേയ്ക്ക്- നേതാക്കന്മാർ  ശരിവയ്ക്കുന്നു

സിപിഐഎം വോട്ടുകൾ ചേരിമാറി ബിജെപിക്ക് ചെയ്തിരിക്കുന്നു എന്ന് സിപിഐഎം ജനറൽ സെക്രട്ടറിയടക്കം തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം പരസ്യമായി സമ്മതിച്ചിരിക്കുന്നു. ‘ഗണ്യമായ ഒരുസംഖ്യവോട്ട് സിപിഐഎംൽനിന്ന് ബിജെപിയിലേയ്ക്ക് പോയിട്ടുണ്ട്’ എന്ന് ജൂൺ 4ന് കൽക്കട്ടയിൽ സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു.(ഗണശക്തി, 2019 ജൂൺ 5). ‘തൃണമൂലിന്റെ ഭീകരതയിൽനിന്ന് താൽക്കാലികമായെങ്കിലും ആശ്വാസം മോഹിച്ചവർ ബിജെപിക്കും മതേതര ജനാധിപത്യ സംരക്ഷണം കാംക്ഷിച്ചവർ തൃണമൂലിനും വോട്ടു ചെയ്തു. ഈ ധ്രുവീകരണത്തിനിടയിൽ ഇടതുപക്ഷത്തിന് സാരമായ വോട്ടുചോർച്ച സംഭവിച്ചു’ എന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നുണ്ട്. തൃണമൂലിന്റെ ഭീകരതയിൽനിന്നും ആക്രമണത്തിൽനിന്നും രക്ഷപ്പെടാൻ ബംഗാളിലെ ജനങ്ങൾ ബിജെപിയിൽ അഭയം കണ്ടെത്തിയിരിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നു.

കേന്ദ്രകമ്മിറ്റിയോഗവും ഈ വോട്ടുചോർച്ച ശരിവച്ചിരിക്കുന്നു. ബിജെപി വന്നാൽ സിപിഐഎംന്റെ സ്ഥിതി കൂടുതൽ ദയനീയമായിരിക്കും എന്നും നേതാക്കന്മാർ അഭിപ്രായപ്പെടുന്നു. എന്നാൽ തൃണമൂലിനോട് കണക്കുതീർക്കാൻ നിൽക്കുന്ന സിപിഐഎം, വമ്പൻ കുത്തകകളുടെ പിൻബലത്തിൽ ഉന്മത്തരായിരിക്കുന്ന ബിജെപി ആർഎസ്എസ് ഫാസിസ്റ്റ് കക്ഷികൾ ബംഗാളിൽ മാത്രമല്ല ഇന്ത്യയൊട്ടാകെ ഉയർത്തുന്ന വിപത്തിനെ വിഗണിക്കുകയാണ്.

ബംഗാളിന്റെ മണ്ണ്  ബിജെപിക്ക്  തുറന്നുകൊടുക്കപ്പെട്ടത്  എങ്ങനെ?

വോട്ടു ചോർച്ച അംഗീകരിക്കുന്ന ഇടതുനേതാക്കന്മാർ, ഇടതു ജനാധിപത്യ പ്രക്ഷോഭണങ്ങളുടെ നെടുങ്കോട്ടയായിരുന്ന, ഭഗത് സിംഗും നേതാജിയും ഖുദിറാമുമൊക്കെ അനശ്വരമാക്കിയ അനനുരഞ്ജനധാരയുടെ മഹത്തായ പാരമ്പര്യം പേറിയിരുന്ന ബംഗാൾ, കടുത്ത വർഗ്ഗീയവാദികളായ ആർഎസ്എസ് ബിജെപി പോലെയുള്ള അങ്ങേയറ്റം പിന്തിരിപ്പൻ ശക്തികൾക്കുപിന്നിൽ യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ അണിനിരക്കുന്നത് എങ്ങനെ എന്ന് വിശദീകരിച്ചില്ല. എന്നുമാത്രവുമല്ല, ബിജെപി കൈവരിച്ച തെരഞ്ഞെടുപ്പു വിജയത്തിന് ഒരേയൊരു ഉത്തരവാദി മമതാ ബാനർജി ആണെന്നും മമതാ ബാനർജി നിരന്തരമായി ജനാധിപത്യത്തെ അടിച്ചമർത്തിയിരുന്നതുകൊണ്ടാണ് ഇപ്രകാരം സംഭവിച്ചതെന്നും നേതാക്കന്മാർ അഭിപ്രായപ്പെടുകയുണ്ടായി.(പീപ്പിൾസ് ഡെമോക്രസി, 2019 ജൂൺ 2) ഇത് എത്രകണ്ട് ശരിയാണ്?

പശ്ചിമബംഗാളിന്റെ മണ്ണിനെ ബിജെപി പോലെയൊരു പിന്തിരിപ്പൻ വർഗ്ഗീയ ശക്തിക്ക് തുറന്നുകൊടുത്തതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ഇടതുനേതാക്കന്മാർക്ക് ഒഴിഞ്ഞുമാറാനാകുമോ? തൃണമൂൽ ജനവിരുദ്ധ നയങ്ങൾ ആവിഷ്‌ക്കരിക്കുന്നുവെന്നതും ജനാധിപത്യത്തെ അടിച്ചമർത്തുന്നു എന്നതും ശരിതന്നെയാണ്. എന്നിരിക്കിലും നെടുനാളത്തെ ഇടതുപക്ഷ പാരമ്പര്യമുള്ള ഒരു മണ്ണിന് തൃണമൂലിന് പകരം ബിജെപിയെ തെരഞ്ഞെടുക്കാൻ സാധിക്കുന്നത് എങ്ങനെ?

ഉന്നതശീർഷമായ ചിന്തകളുടെയും ഉയർന്ന ധാർമ്മിക സദാചാര ബോധങ്ങളുടെയും മനുഷ്യനന്മയുടെയും പേരിൽ ബംഗാൾ ഒരു കാലത്ത് ആദരിക്കപ്പെട്ടിരുന്നു. ജാതീയമോ വർഗ്ഗീയമോ ആയ യാതൊരു ചിന്താഗതികൾക്കും ബംഗാളിന്റെ മണ്ണിൽ ഇടമുണ്ടായിരുന്നില്ല. ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകനായിരുന്ന ശ്യാമപ്രസാദ് മുഖർജി കിണഞ്ഞു പരിശ്രമിച്ചിട്ടും ബംഗാളിൽ വേരുപിടിപ്പിക്കാനായില്ല. മുസ്ലീംലീഗ് പോലെയുള്ള മറ്റ് യാഥാസ്ഥിതിക വർഗ്ഗീയ ശക്തികൾക്കും ബംഗാളിന്റെ മണ്ണിൽ ഇടം കിട്ടിയില്ല.
ഈ പ്രതിരോധം എങ്ങനെ സൃഷ്ടിക്കപ്പെട്ടതാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരവും തുടർന്നുവന്ന അതിശക്തമായ ഇടതുജനാധിപത്യ പ്രക്ഷോഭങ്ങളുമാണ് ഈ പ്രതിരോധകോട്ട ഉയർത്തിയത്. ജനകീയ പ്രക്ഷോഭങ്ങളുടെ സ്വാധീനം ജനങ്ങളെ ഇടതുപക്ഷ ആഭിമുഖ്യമുള്ളവരാക്കി. യാതൊരു വിധ വിഭാഗീയചിന്താഗതികൾക്കും ഇടംകൊടുക്കാത്ത, യാതൊരുവിധ മതസങ്കുചിത ഭ്രാന്തിനും ഇടം നൽകാത്ത സാംസ്‌കാരിക അന്തരീക്ഷം ഈ ജനകീയ സമരങ്ങൾ പകർന്നുനൽകി. ഇടതു ജനാധിപത്യ പ്രക്ഷോഭപ്രവർത്തകരിൽ ഉന്നതമായ മൂല്യങ്ങളും രാഷ്ട്രീയ ധാർമ്മികതയും പ്രകടമായിരുന്നു. എന്തിന് സിപിഐഎം പ്രവർത്തകർപോലും ഉയർന്നനിലവാരം പുലർത്തിയിരുന്നു. അവർ വിപ്ലവം സ്വപ്‌നം കണ്ടിരുന്നു.

മൂന്ന് ദശാബ്ദത്തിലേറെയായി സിപിഐഎം ബംഗാൾ ഭരിച്ചു. ഏറ്റവും വലിയ ഇടതുപക്ഷ പ്രസ്ഥാനം തങ്ങളാണെന്ന് ഇപ്പോഴും നേതാക്കന്മാർ അവകാശപ്പെടുന്നുണ്ട്. അങ്ങനെയാണെങ്കിൽ ഇടതുപക്ഷരാഷ്ട്രീയത്തെ ത്യജിച്ച് വലതു പിന്തിരിപ്പൻ ശക്തികളെ ബംഗാളിന്റെ മണ്ണ് വരവേറ്റതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് സിപിഐഎംന് ഒഴിഞ്ഞുമാറാനാകുമോ? വർഗ്ഗ ബഹുജനസമരങ്ങളെ ശക്തിപ്പെടുത്തിക്കൊണ്ട് ഇടതുപക്ഷ രാഷ്ട്രീയത്തെ മുന്നോട്ടുനയിക്കാൻ ഈ നേതാക്കന്മാർ ശ്രമിച്ചിട്ടുണ്ടോ? അങ്ങനെ ചെയ്തിരുന്നുവെങ്കിൽ വലതുപിന്തിരിപ്പൻ ശക്തികൾക്ക് നുഴഞ്ഞുകയറ്റം ഇത്രവേഗം സാധ്യമാകുമായിരുന്നോ?
യാഥാർത്ഥ്യം എന്തെന്നാൽ ഒരിക്കൽ അധികാരത്തിന്റെ സുഖം നുണഞ്ഞു കഴിഞ്ഞപ്പോൾ ഇടതുപക്ഷ രാഷ്ട്രീയത്തെയും സമരത്തെയും അവർ കൈവെടിഞ്ഞു. മറ്റേതൊരു ബൂർഷ്വാ പാർട്ടിയെയുംപോലെതന്നെ കൂടുതൽ കൂടുതൽ അധികാരരാഷ്ട്രീയത്തോട് അടുത്തുകൊണ്ടിരുന്നു. ക്രമേണ അവർ വ്യവസ്ഥിതിയുടെ ഭാഗമായി.
ഇടതുരാഷ്ട്രീയം വെടിഞ്ഞ് ബൂർഷ്വാ പാർലമെന്റേറിയനിസത്തെ പുൽകുമ്പോഴും ഇടതുമറ അവർ നിലനിർത്തിയിരുന്നു. തങ്ങൾ ഇടതുപക്ഷമാണെന്ന് നേതാക്കന്മാർ പേർത്തും പേർത്തും അവകാശപ്പെടുമ്പോഴും മാധ്യമങ്ങൾ അവർക്ക് ആ പട്ടം ചാർത്തിക്കൊടുക്കുമ്പോഴും ഇടതുപക്ഷം എന്നാൽ യഥാർത്ഥത്തിൽ എന്താണ് എന്ന് വിശദീകരിക്കുവാൻ നേതാക്കന്മാർ തെല്ലും മിനക്കെട്ടില്ല. വലിയൊരു വിഭാഗം അണികൾക്കും ഇടതുപക്ഷ രാഷ്ട്രീയമെന്തെന്നും മാർക്‌സിസം ലെനിനിസം എന്തെന്നും വിദൂരധാരണപോലുമില്ല. അത് അവരുടെ കുറ്റമല്ല. തെരഞ്ഞെടുപ്പ് വിജയം എന്നതുമാത്രമാണ് തങ്ങളുടെ ഒരേയൊരു ലക്ഷ്യം എന്ന ധാരണ പകർന്നുകൊടുത്തുകൊണ്ട് എവ്വിധവും വോട്ടു സമ്പാദിക്കുവാനുള്ള പരിശീലനമാണ് അണികൾക്ക് നൽകിപ്പോരുന്നത്. അങ്ങേയറ്റം വലതുപിന്തിപ്പൻ വർഗ്ഗീയ രാഷ്ട്രീയ ശക്തികൾ ഉൾപ്പെടെ എല്ലാ മുതലാളിത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും ഈ ഒരു ലക്ഷ്യം മാത്രമാണ് ഉള്ളത്. ഇടതുപക്ഷത്തിന് ശക്തമായ സിദ്ധാന്തമാണുള്ളത് എന്ന് അവകാശപ്പെടുന്നവർ ഈ സിദ്ധാന്തം എന്നാണ് എന്ന് ഒരിക്കലെങ്കിലും സ്വന്തം അണികളോട് വിശദീകരിക്കാറുണ്ടോ? എന്താണ് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രാധാന്യമെന്ന് ഇക്കൂട്ടർ വിശദീകരിക്കാറുണ്ടോ?
അധികാരത്തിൽ പിടിച്ചുനിൽക്കാനുള്ള എല്ലാത്തരം വേലത്തരങ്ങളും തൃണമൂൽ പയറ്റുന്നുണ്ട് എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. ഗുണ്ടകളെയും സാമൂഹ്യവിരുദ്ധരെയും പ്രോത്സാഹിപ്പിക്കുക, പോലീസിനെ രാഷ്ട്രീയവത്ക്കരിക്കുക, എല്ലാവിധ അവിഹിത ളെയും ഇടപാടുകളെയും പ്രോത്സാഹിപ്പിക്കുക തുടങ്ങി അധികാരത്തിൽ പിടിച്ചുനിൽക്കാൻ വേണ്ട എല്ലാ പ്രയത്‌നങ്ങളും മറ്റേതൊരു ബൂർഷ്വാ പ്രസ്ഥാനത്തെയുംപോലെ തൃണമൂൽ ചെയ്യുന്നുണ്ട്. അതും ശരിതന്നെ.

തൃണമൂലിന് ഇങ്ങനെയൊരവസരം നൽകിയത് ആരാണ്? അധികാരത്തിലിരുന്നുകൊണ്ട് ഇടതുപക്ഷമുദ്രാവാക്യങ്ങളെ മറയാക്കി സിപിഐഎംഉം അനുവർത്തിച്ചിരുന്നതും ഇതേ നയങ്ങൾതന്നെയല്ലേ? ഇടതുപക്ഷ വിരുദ്ധവും ജനവിരുദ്ധവുമായ നയങ്ങൾ ആവിഷ്‌ക്കരിക്കുകവഴി, അധികാരത്തിൽ തുടരാൻ അവസരം ലഭിച്ചാൽ വിശ്വസ്തതയുള്ള സേവകരായിരുന്നുകൊള്ളാമെന്ന സൂചന മുതലാളിവർഗ്ഗത്തിന് നൽകുകയായിരുന്നില്ലേ ഇക്കൂട്ടർ.
ഐക്യം-സമരം-ഐക്യം എന്ന മാർക്‌സിസ്റ്റ് ലെനിനിസ്റ്റ് തത്വത്തെ ആധാരമാക്കി, സംയുക്ത ഇടതുപ്രക്ഷോഭവേദികളിൽ, ഇടതുപക്ഷ ഐക്യം സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുകഎന്ന സദുദ്ദേശത്തോടെ, ഇടതുപക്ഷ രാഷ്ട്രീയത്തിന് നിരക്കാത്ത സിപിഐഎംന്റെ സമീപന രീതികളെ നിശിതമായും നിരന്തരമായും വിമർശിച്ചിരുന്നുവെന്ന കാരണത്താലാണ് ഇടതുമുന്നണിയിൽനിന്ന് എസ് യുസിഐ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഒരിക്കൽ പുറത്താക്കിയത്. മാത്രവുമല്ല, 1977ൽ അധികാരത്തിലേറിയ ഉടൻതന്നെ ജോതി ബസു നടത്തിയ റേഡിയോ പ്രഭാഷണത്തിൽ എസ് യുസിഐ കമ്മ്യൂണിസ്റ്റ് ഇക്കുറി മുന്നണിയിൽ ഇല്ല എന്നത് പ്രത്യേകം എടുത്തു പറഞ്ഞുകൊണ്ട് മുതലാളിവർഗ്ഗത്തിന് വ്യക്തമായ സന്ദേശം നൽകുകയുണ്ടായി. നീണ്ട മുപ്പിത്തിനാലുവർഷം പിന്നീട് ബംഗാളിൽ സിപിഐഎംന്റെ തേർവാഴ്ച ആയിരുന്നു. ക്രമേണ ബംഗാൾ ഇടതുപാരമ്പര്യം വിട്ടു. ജനകീയ സമരങ്ങളിൽ അടിയുറച്ചുനിൽക്കുകയും ഇടതുജനാധിപത്യ മൂല്യങ്ങൾ ആർജ്ജിക്കുകയും ചെയ്യുന്നതിനുപകരം പ്രവർത്തകർ ബുർഷ്വാ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും ഭരണസൗകര്യങ്ങളിലും ആണ്ടുമുങ്ങി.
ഭരണത്തിന്റെ മുഷ്‌ക്ക് ഉപയോഗിച്ച് സിപിഐഎം ജനാധിപത്യ മൂല്യങ്ങളെയും ആദർശങ്ങളെയും ചവിട്ടിമെതിച്ചതും അവർ നടത്തിയിരുന്ന ബൂത്ത് പിടുത്തങ്ങളും സിപിഐഎംന് വോട്ടു ചെയ്യാൻ സാധ്യതയില്ലാത്ത വീടുകളിലേയ്ക്ക് വിധവകൾ ധരിക്കുന്ന വെള്ളസാരി കൊടുത്തുവിട്ടിരുന്നതുമൊക്കെ എങ്ങനെയാണ് ഒരാൾക്ക് മറക്കാൻ കഴിയുക? അധികാരത്തിന്റെ പിൻബലത്തിൽ എസ്എഫ്‌ഐക്കാർ കോളജ് യൂണിയനുകൾ പിടിച്ചെടുത്തിരുന്നില്ലേ? ട്രേഡ് യൂണിയനുകളെക്കൊണ്ട് സിഐറ്റിയുവിൽ നിർബന്ധിച്ച് അഫിലിയേഷൻ എടുപ്പിച്ചിരുന്നില്ലേ? ന്യായമായ ജനാധിപത്യ സമരങ്ങളെ തോക്കുകൊണ്ടും ലാത്തികൊണ്ടും നേരിട്ടിട്ടില്ലേ? സമരപ്രവർത്തകരെ കൊന്നുകളയാൻപോലും ഇക്കൂട്ടർ മടിച്ചിട്ടില്ല. സമരങ്ങളെയും രക്തസാക്ഷികളെയും പരസ്യമായി അപമാനിക്കാനും ഇവർ മറന്നിരുന്നില്ല.

മദായ് ഹൽദാർ എന്ന പതിനേഴുവയസ്സുള്ള ദരിദ്രയുവാവ് ജോതിബസുവിന്റെ പോലീസിന്റെ ബൂള്ളറ്റേറ്റ് മരണപ്പെട്ടപ്പോൾ മുഖ്യമന്ത്രി ജോതി ബസുപറഞ്ഞത് ‘വെജിറ്റേറിയൻ സമരം ഇപ്പോൾ നോൺ വെജിറ്റേറിയനായിരിക്കുന്നു’ എന്നാണ്. സിംഗൂർ നന്ദിഗ്രാം സമരത്തിന്റെ കാലത്ത് അരങ്ങേറിയ ഭരണകൂട ഭീകരത അത്ര എളുപ്പത്തിൽ വിസ്മരിക്കാൻ സാധിക്കുമോ? ‘നന്ദിഗ്രാമിനെ ഞങ്ങൾ വളഞ്ഞുപിടിക്കും, ജനജീവിതം നരകതുല്യമാക്കും’, ‘നന്ദിഗ്രാമുകാർക്ക് അതേ നാണയത്തിൽ തന്നെ തിരിച്ചുകൊടുക്കും’, ‘ടാറ്റയുടെ ഒരു മുടിനാരിൽ തൊടാൻ ഞങ്ങൾ അനുവദിക്കില്ല’ ഇതൊക്കെയായിരുന്നു നേതാക്കന്മാരുടെ ജൽപ്പനങ്ങൾ. സമരം ചെയ്യുന്ന സ്ത്രീകൾക്കുമേൽ ഇന്ത്യയുടെ ചരിത്രത്തിൽ എവിടെയും കേട്ടുകേൾവിപോലുമില്ലാത്ത അതിക്രമങ്ങളാണ് നടന്നത്. ഇതെല്ലാം ഇടതുപക്ഷരാഷ്ട്രീയത്തെയാണോ പ്രതിനിധീകരിക്കുന്നത്?

ഇടതുപക്ഷ  സമരരാഷ്ട്രീയത്തിന്റെ ലൈൻ എസ്‌യുസിഐ(സി) ഉയർത്തിപ്പിടിച്ചു

സിപിഐഎം നേതാക്കന്മാർ ഇടതുപക്ഷ രാഷ്ട്രീയത്തിൽനിന്ന് അകന്നപ്പോഴും സഖാവ് ശിബ്ദാസ് ഘോഷിനാൽ രൂപീകൃതമായ എസ് യുസിഐ കമ്മ്യൂണിസ്റ്റ് പാർട്ടി ഉയർന്ന തൊഴിലാളിവർഗ്ഗ ധാർമ്മികതയുടെയും സംസ്‌കാരത്തിന്റെയും അടിത്തറയിൽ ജനജീവിതത്തിലെ നീറുന്ന പ്രശ്‌നങ്ങളെ മുൻനിർത്തി ജനകീയ സമരങ്ങൾ പടുത്തുയർത്തുകയും വർഗ്ഗ ബഹുജനസമരങ്ങളെ ശക്തിപ്പെടുത്തുകയുമായിരുന്നു. നൂറ്റി അമ്പതോളം വരുന്ന എസ് യുസിഐ പ്രവർത്തകരെ നിഷ്‌ക്കരുണം കൊലപ്പെടുത്തിയിട്ടും സഖാക്കൾക്കെതിരെ കള്ളക്കേസുകൾ ഉണ്ടാക്കി അവരെ ജീവപര്യന്തം തടവിലിടുമ്പോഴും ഇടതുപക്ഷ ഐക്യവും സമരവും വളർത്തിയെടുക്കുക എന്ന ചരിത്രപരവും പ്രധാനവുമായ ഉത്തരവാദിത്തത്തെ മുൻനിർത്തി ഇടതുപക്ഷ ഐക്യം വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകത സിപിഐഎം നേതാക്കന്മാരെ നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു. എന്നാൽ അവർ ചെവി തന്നില്ല. എന്നിരിക്കിലും ഒരു യഥാർത്ഥ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണ് ജനങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുത്ത് അവരെ തിരികെ സമരപഥത്തിലെത്തിക്കുക എന്നത്.
ദയവായി സിപിഐഎം നേതാക്കന്മാർ അനുഭവങ്ങളിൽനിന്ന് പാഠങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകണം. ജനങ്ങളുടെ മുമ്പാകെ തെറ്റ് ഏറ്റുപറയണം. തെരഞ്ഞെടുപ്പിനെ മാത്രം മുന്നിൽകണ്ടുള്ള നീക്കങ്ങൾ ഉപേക്ഷിക്കണം. ജനകീയ സമരപന്ഥാവിലേയ്ക്ക് മടങ്ങിയെത്തണം. ബിജെപി ഉയർത്തുന്ന വിഭാഗീയ രാഷ്ട്രീയത്തിനും വർഗ്ഗീയ ഭീഷണിക്കുമെതിരെ സംയുക്ത ഇടതു ജനാധിപത്യ പ്രക്ഷോഭങ്ങൾ പടുത്തുയർത്തണം.

Share this post

scroll to top