എസ്‌യുസിഐ(സി) പൊളിറ്റ് ബ്യൂറോ മെമ്പർ: സഖാവ് രഞ്ജിത് ധറിന് ലാൽസലാം


Warning: Trying to access array offset on value of type bool in /var/www/vhosts/kerala.sucicommunist.org/httpdocs/wp-content/plugins/newsplus-shortcodes/includes/BFI_Thumb.php on line 519

Warning: Trying to access array offset on value of type bool in /var/www/vhosts/kerala.sucicommunist.org/httpdocs/wp-content/plugins/newsplus-shortcodes/includes/BFI_Thumb.php on line 520
Com.Renjith-Dhar.jpg
Share

 

ജൂൺ 13ന് വൈകിട്ട് 4 മണിക്ക് എസ്‌യുസിഐ(സി) പൊളിറ്റ് ബ്യൂറോ മെമ്പർ സഖാവ് രഞ്ജിത് ധർ അന്തരിച്ചു. അദ്ദേഹത്തിന്റെ സുദീർഘമായ വിപ്ലവ ജീവിതത്തിന്റെ അന്ത്യം കൽക്കത്ത ഹാർട്ട് ക്ലിനിക് ആശുപത്രിയിൽ വച്ചാണ് സംഭവിച്ചത്. മരിക്കുമ്പോൾ അദ്ദേഹത്തിന് 90 വയസ്സായിരുന്നു. അന്തരിച്ച മുതിർന്ന പോളിറ്റ് ബ്യൂറോ അംഗമായ സഖാവ് രഞ്ജിത് ധറിനെക്കുറിച്ചുള്ള മങ്ങാത്ത ഓർമ്മകൾ രാജ്യമെമ്പാടുമുള്ള അസംഖ്യം സഖാക്കളുടെ മനസ്സിൽ എക്കാലവുമുണ്ടാകും. രക്തസമ്മർദ്ദം, മൂത്രനാളീ രോഗം, വൃക്കരോഗം എന്നിവ വളരെക്കാലമായി അദ്ദേഹത്തെ അലട്ടിയിരുന്നു. അന്ത്യനാളുകളിൽ ഡയാലിസിസിനും വിധേയനാകേണ്ടി വന്നു. മരിക്കുന്നതിനു മുൻപുള്ള നാളുകളിൽ അദ്ദേഹത്തിന്റെ ആരോഗ്യം അതീവ ഗുരുതരമായ അവസ്ഥയിലായിരുന്നു. മറ്റ് രോഗങ്ങളോടൊപ്പം കഠിനമായ ശ്വാസതടസ്സവും അദ്ദേഹത്തെ പിടികൂടി.

കിഴക്കൻ ബംഗാളി(ഇന്നത്തെ ബംഗ്ലാദേശ്)ലെ മൈമൻ സിംഗ് ജില്ലക്കാരനായ അദ്ദേഹം ഇൻറർമീഡിയറ്റ് പാസ്സായതിനു ശേഷം (രാജ്യത്തിന്റെ വിഭജനത്തിനു മുമ്പ്) കൽക്കത്തയിലെത്തിച്ചേർന്നിരുന്നു. അദ്ദേഹത്തിന്റെ ബാല്യകാലം പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞതായിരുന്നു. ദക്ഷിണ കൽക്കത്തയിലെ ഉജ്ജല സിനിമാ ടാക്കീസിന്റെ പരിസരത്തുള്ള ഒരു ഹോട്ടലിൽ വെയിറ്ററായി ജോലി ചെയ്ത് തെരുവോരത്തുറങ്ങിക്കൊണ്ടാണ് അന്ന് ജീവിതം നീക്കിയത്. തനിക്കുണ്ടായിരുന്ന പരിമിതമായ വിദ്യാഭ്യാസത്തിന്റെ തണലിൽ പിന്നീട് ചില സ്വകാര്യ ട്യൂഷനുകൾ എടുത്തു കൊണ്ട് കാലംകഴിച്ചു.

അക്കാലത്താണ്, നമ്മുടെ പാർട്ടിയുടെ ദക്ഷിണ 24 പർഗാന ജില്ലാ സെക്രട്ടറിയായിരുന്ന സുധീർ ബാനർജിയുടെ സഹോദരനായ സുകുമാർ ബാനർജിയെ പരിചയപ്പെടുന്നത്. അദ്ദേഹത്തിലൂടെ ദക്ഷിണ കൽക്കത്തയിലെ ‘കൾച്ചറൽ ക്ലബ്ബു’മായി ബന്ധപ്പെട്ടു. അവിടെവച്ച് മഹാനായ നേതാവ് സഖാവ് ശിബ്ദാസ് ഘോഷുമായി സഖാവ് രഞ്ജിത് ധർ പരിചയപ്പെടാനിടയായി. ശരിയായ ലക്ഷ്യബോധത്തോടുകൂടി ജീവിക്കാനുള്ള ദർശനം സഖാവ് ശിബ്ദാസ് ഘോഷ് അദ്ദേഹത്തിനു പ്രദാനം ചെയ്തു. അത് അദ്ദേഹത്തിന് ഒരു ഉയിർത്തെഴുന്നേൽപ്പായിരുന്നു. ജീവിതത്തിന്റെ ഈ പ്രത്യേക വഴിത്തിരിവിനെക്കുറിച്ച് അനുസ്മരിക്കുമ്പോൾ, സഖാവ് ശിബ്ദാസ് ഘോഷിനെയും എസ്‌യുസിഐയെയും ബന്ധപ്പെട്ടില്ലായിരുന്നെങ്കിൽ തന്റെ ഭാവി അനിശ്ചിതവും ദിശാബോധമില്ലാത്തതുമായേനെ എന്നദ്ദേഹം പറയുമായിരുന്നു.

കഷ്ടതയനുഭവിക്കുന്ന പണിയെടുക്കുന്നവരുമായി വേഗത്തിലിടപഴകുന്ന അദ്ദേഹം അവർക്ക് പ്രിയങ്കരനായിത്തീർന്നു. തന്റെ വിപ്ലവ പ്രവർത്തനത്തിന്റെ ആദ്യദശയിൽ പ്രവർത്തിച്ചിരുന്ന ദക്ഷിണ കൽക്കത്തയിലെ കാളിഘട്ട് പ്രദേശത്ത് അശരണരായ പാവപ്പെട്ട ജനങ്ങൾക്ക് അദ്ദേഹം പ്രിയങ്കരനായി മാറി. അതുകൊണ്ടുതന്നെ, 1969-ൽ കൽക്കത്ത മുനിസിപ്പാലിറ്റിയിലെ കാളിഘട്ടിലെ 87-ാം വാർഡിലെ കൗൺസിലറായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. അന്നത്തെ കൽക്കത്ത മുനിസിപ്പൽ കോർപ്പറേഷന്റെ ടൗൺ പ്ലാനിങ് കമ്മിറ്റി ചെയർമാൻ എന്ന ഉത്തരവാദിത്വം ഉജ്ജ്വലമായി നിറവേറ്റി. അക്കാലത്ത്, കരകവിഞ്ഞൊഴുകിയ ഗംഗാനദി കാളിഘട്ട് പ്രദേശത്തിന്റെ വലിയൊരു ഭാഗം മുക്കിക്കളഞ്ഞു. പ്രളയബാധിതരായ ജനങ്ങളെ രക്ഷിക്കാനും പുനഃരധിവസിപ്പിക്കാനും അദ്ദേഹം പാർട്ടി സഖാക്കളോടൊപ്പം തീവ്രയത്‌നം നടത്തി. കാളിഘട്ടിലെ ‘ശരത് പതഗാർ’ ലൈബ്രറിയുടെ സ്ഥാപകനാണദ്ദേഹം. അതിന്നും പ്രവർത്തിച്ചുവരുന്നു. 1950 മുതൽ ബംഗാളിൽ പൊട്ടിപ്പുറപ്പെട്ട എല്ലാ ഇടതു-ജനാധിപത്യ സമരങ്ങളിലും അദ്ദേഹം അണിചേരുകയും പിന്നീട് അതിന്റെ സ്വാഭാവിക നേതൃത്വമായി മാറുകയും ചെയ്തു.

സഖാവ് രഞ്ജിത് ധറിന് നല്ല ഭാഷാപരിജ്ഞാനമുണ്ടായിരുന്നു. സഖാവ് ശിബ്ദാസ് ഘോഷ് തന്നെ തന്റെ ചില ലേഖനങ്ങൾ എഡിറ്റ് ചെയ്യാൻ അദ്ദേഹത്തെ ഏൽപ്പിച്ചിരുന്നു. അദ്ദേഹം ‘പ്രോലിറ്റേറിയൻ ഇറ’യുടെ എഡിറ്റോറിയൽ ബോർഡ് അംഗമായിരുന്നു. നമ്മുടെ ബംഗാളി മുഖപത്രമായ ‘ഗണദാബി’യിൽ അദ്ദേഹം നിരവധി ലേഖനങ്ങളെഴുതിയിരുന്നു. ഗണദാബി വാരികയായി പ്രസിദ്ധീകരിക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹം അതിന്റെ ചീഫ് എഡിറ്ററായി. ദീർഘകാലം പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തിന്റെ ചുമതലയും നിർവ്വഹിച്ചു. ആ സമയത്ത് വിവിധ ജില്ലകളിൽ സഞ്ചരിച്ചുകൊണ്ട് പാർട്ടി സംഘടന കെട്ടിപ്പടുക്കന്നതിൽ അദ്ദേഹം വ്യാപൃതനായി. 2009ൽ ഡൽഹിയിൽ നടന്ന രണ്ടാം പാർട്ടി കോൺഗ്രസ്സിൽ അദ്ദേഹത്തെ കേന്ദ്ര കമ്മിറ്റിയിലേക്കും പോളിറ്റ് ബ്യൂറോയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹമായിരുന്നു കൺട്രോൾ കമ്മീഷന്റെ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. പാർട്ടിയുടെ സാർവ്വദേശീയതല പ്രവർത്തനത്തിന് നിയോഗിക്കപ്പെട്ടവരിൽ ഒരാളായിരുന്നു അദ്ദേഹം. ഫിലിപ്പയൻസ്, ബൽജിയം, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നടന്ന സാമ്രാജ്യത്വ വിരുദ്ധ സമ്മേളനങ്ങളിൽ, ഇന്റർനാഷണൽ ആന്റി-ഇംപീരിയലിസ്റ്റ് കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗമെന്ന നിലയിലും അദ്ദേഹം പങ്കെടുത്തു. ബ്രസ്സൽസിൽവച്ച് നടന്ന സാർവ്വദേശീയ സെമിനാറിൽ അദ്ദേഹം പാർട്ടിയെ പ്രതിനിധീകരിച്ചു.

തന്റെ ദുർബ്ബലമായ ആരോഗ്യാവസ്ഥയെ തെല്ലും കൂസാക്കാതെ, തന്നെ ഭരമേൽപ്പിച്ചിരുന്ന ബീഹാർ, ജാർഘണ്ഡ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പാർട്ടി സംഘടനകൾക്ക് അദ്ദേഹം ഉത്തരവാദിത്വത്തോടെ മേൽനോട്ടം വഹിച്ചു. കൽക്കത്തയിലെ അഖിൽ മിസ്ട്രി ലൈനിലും വടക്കൻ കൽക്കത്തയിലെ ഹാത്തി ബഗാനിലും ഒടുവിൽ സാൽട്ട്‌ലേക്ക് സിറ്റിയിലുള്ള പാർട്ടി സെന്ററുകളിലാണ് അദ്ദേഹം ജീവിച്ചത്. പാർട്ടിയുടെ എല്ലാ തലത്തിലുമുള്ള നേതാക്കൾക്കും പ്രവർത്തകർക്കും അദ്ദേഹം ഉറ്റ ചങ്ങാതിയായിരുന്നു. കുട്ടികൾക്ക് അദ്ദേഹം അളവറ്റ വാത്സല്യം നൽകി. മാർക്‌സിസം-ലെനിനിസം-സഖാവ് ശിബ്ദാസ് ഘോഷ് ചിന്തകളുടെ മഹത്തരമായ വിപ്ലവാദർശം നെഞ്ചേറ്റിക്കൊണ്ട് അദ്ദേഹം തന്റെ സുദീർഘമായ ജീവിതം മുഴുവനും വിപ്ലവത്തിന്റെ താത്പര്യത്തിനും തൊഴിലാളിവർഗ്ഗ താത്പര്യത്തിനുംവേണ്ടി ഉഴിഞ്ഞുവച്ചു.

അദ്ദേഹത്തിന്റെ വിയോഗ വാർത്ത അറിഞ്ഞയുടൻ കേന്ദ്രകമ്മിറ്റി മൂന്നു ദിവസത്തെ ദുഃഖാചരണത്തിനുള്ള തീരുമാനമെടുത്തു. കേന്ദ്ര പാർട്ടി ഓഫീസിലും മറ്റ് ഓഫീസുകളിലും സെൻററുകളിലും ചെങ്കൊടി താഴ്ത്തിക്കെട്ടിക്കൊണ്ട് നേതാക്കളും പ്രവർത്തകരും കറുത്ത ബാഡ്ജ് ധരിച്ചു. ഈ ആജീവനാന്ത വിപ്ലവകാരിയുടെ മരണത്തോടെ പാർട്ടിക്ക് ഉജ്ജ്വലനായ ഒരു നേതാവിനെ നഷ്ടമായിരിക്കുന്നു. അദ്ദേഹത്തിന്റെ നിര്യാണം ഇന്ത്യയിലെ യഥാർത്ഥ കമ്മ്യൂണിസ്റ്റ് പാർട്ടിയായ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്)നു മാത്രമല്ല, ഇടതു-ജനാധിപത്യ പ്രസ്ഥാനങ്ങൾക്കുകൂടി കനത്ത തിരിച്ചടിയാണ്.

Share this post

Sidebar not configured yet. You can place widgets by navigating to WordPress Appearance > Widgets.

scroll to top