പൊരുതുന്ന യുവാക്കൾക്ക് നവോർജ്ജം നൽകി എഐഡിവൈഒ സംസ്ഥാന സമ്മേളനം

DYO-State-Conference-Jaison-Joseph-1.jpg
Share

തൊഴിലില്ലായ്മ ഉൾപ്പെടെ യുവജനങ്ങൾ അഭിമുഖീകരിക്കുന്ന സാമൂഹ്യ പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് സമര രംഗത്ത് നിൽക്കുന്ന നൂറുകണക്കിന് യുവാക്കൾ ഒത്തുചേർന്ന മൂന്നാമത് എഐഡിവൈഒ സംസ്ഥാന സമ്മേളനം വിജയകരമായി നടന്നു.നവംബർ 21 ന് തിരുവനന്തപുരം വക്കം അബ്ദുൾ ഖാദർ നഗറിൽ (ഹസൻ മരയ്ക്കാർ ഹാൾ) സംഘടിപ്പിച്ച സമ്മേളനത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾ എല്ലാ ജില്ലകളിലും നടത്തിയതിനുശേഷമാണ് പ്രതിനിധി സഖാക്കൾ സമ്മേളനത്തിന് എത്തിച്ചേർന്നത്. യുവജന സമരോർജ്ജം സന്നിവേശിപ്പിച്ച രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പങ്ങളർപ്പിച്ചുകൊണ്ട് എഐഡിവൈഒ അഖിലേന്ത്യാ പ്രസിഡന്റ് സഖാവ് എ.രാമാഞ്ജനപ്പ പതാക ഉയർത്തി. ജനാധിപത്യം-പുരോഗതി-സോഷ്യലിസം എന്നെഴുതിയ ചെങ്കൊടി വാനിൽ പറക്കുമ്പോൾ വീറുറ്റ മുദ്രാവാക്യം വിളികളോടെ സഖാക്കൾ സമ്മേളന ഹാളിലേയ്ക്ക് പ്രവേശിച്ചു. ഗായക സംഘം മനോഹരങ്ങളായ വിപ്ലവഗാനങ്ങൾ ആലപിച്ചു.


എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) കേന്ദ്രക്കമ്മിറ്റിയംഗം സഖാവ് ജയ്സൺ ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ‘ജനതാല്പര്യം തെല്ലും പരിഗണിക്കാതെ, കുത്തകകൾക്കുവേണ്ടി കാർഷിക നിയമങ്ങൾ ആവിഷ്കരിച്ച മോഡി സർക്കാരിനെ വീറുറ്റ പോരാട്ടങ്ങളിലൂടെ മുട്ടുകുത്തിച്ച കർഷക സമരത്തിന്റെ വിജയം, തൊഴിലില്ലായ്മയ്ക്കെതിരെ പൊരുതുന്ന യുവാക്കൾക്ക് കരുത്തു പകരുമെന്ന് സഖാവ് ജയ്സൺ ജോസഫ് പറഞ്ഞു. തൊഴിലില്ലായ്മ പ്രശ്നം, സമൂഹത്തെ അങ്ങേയറ്റം ദുഃസ്സഹമായ സാഹചര്യത്തിലെത്തിച്ചിരിക്കുകയാണ്. നൂറുരൂപപോലും വരുമാനം ലഭിക്കാത്ത സാഹചര്യത്തിലും ആയിരക്കണക്കിന് ചെറുപ്പക്കാരാണ് തെരുവോരങ്ങളിൽ കച്ചവടം ചെയ്യാനും ഹോംഡലിവറി ജോലിക്കും നിർബന്ധിതരാകുന്നത്. ഈ സാഹചര്യം സൃഷ്ടിക്കുന്ന നയങ്ങൾക്കെതിരായി, യുവാക്കളുടെ സമരനിരയെ ദിശാബോധത്തോടെ നയിക്കാൻ എഐഡിവൈഒയുടെ ഓരോ പ്രവർത്തകനും മുന്നിലുണ്ടാകണമെ ന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.


തുടർന്ന്, സമ്മേളനത്തിൽ, കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന പ്രമേയം അവതരിപ്പിച്ചു. കഠിനതരമായ വെല്ലുവിളികളെ അതിജീവിച്ച് വിജയം വരിച്ച കർഷകർക്ക് പിൻതുണ പ്രഖ്യാപിക്കുന്ന പ്രമേയത്തെ ആവേശകരമായാണ് സദസ്സ് സ്വീകരിച്ചത്. ഉദ്ഘാടന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് എൻ.കെ. ബിജു അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ പ്രസിഡന്റ് എ.രാമാഞ്ജനപ്പ മുഖ്യപ്രഭാഷണം നടത്തി. എഐഡിവൈഒ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഡോ. ശശികുമാർ, സിക്കിം സംസ്ഥാന കമ്മിറ്റി പ്രതിനിധി ഭാനുഭക്ത ശർമ, സ്വാഗതസംഘം ചെയർമാൻ എൽ.ഹരിറാം, എഐഡി വൈഒ സംസ്ഥാന സെക്രട്ടറി ഇ.വി.പ്രകാശ്, സിപിഒ റാങ്ക് ഹോൾഡേഴ്സ് സമര നേതാവ് എം. വിഷ്ണു, കെ.കെ.റഹീം, പി.പി.പ്രശാന്ത് കുമാർ, കെ.പി. സാൽവിൻ തുടങ്ങിയവർ പ്രസംഗിച്ചു.


ഉദ്ഘാടന സമ്മേളനത്തെ തുടർന്ന് പ്രതിനിധി സമ്മേളനം ആരംഭിച്ചു. സഖാക്കൾ പി.പി.പ്രശാന്ത് കുമാർ, എം.കെ.ഉഷ, കെ.പി.സാൽവിൻ എന്നിവർ അംഗങ്ങളായ പ്രസീഡിയമാണ് നടപടിക്രമങ്ങൾ നിയന്ത്രിച്ചത്. രാജ്യത്തെ അതിഗുരുതരമായ തൊഴിലില്ലായ്മ പ്രശ്നത്തിന്റെ അടിസ്ഥാന കാരണം, മുതലാളിത്ത സാമൂഹ്യക്രമമാണെന്നും എല്ലാ പ്രക്ഷോഭങ്ങളും മുതലാളിത്ത വ്യവസ്ഥിതി അവസാനിപ്പിച്ച് ശാസ്ത്രീയ സോഷ്യലിസം സ്ഥാപിക്കാനുള്ള ലക്ഷ്യങ്ങൾക്ക് അനുരോധമാകണമെന്നും രാഷ്ട്രീയപ്രമേയം വ്യക്തമാക്കി. ശേഷം സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. മഹാപ്രളയത്തിന്റെയും കോവിഡ് മഹാമാരിയുടേയും പ്രതിസന്ധികൾക്കിടയിലും വൈവിധ്യമാർന്ന പ്രവർത്തനങ്ങ ളോടൊപ്പം വീറുറ്റ യുവജന പ്രക്ഷോഭങ്ങൾ വളർത്തിയെടുക്കുവാനും എഐഡിവൈഒയ്ക്ക് സാധിച്ചുവെന്ന് സംഘടനാ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചു. തൊഴിലിനുവേണ്ടി, പിഎസ്‌സി ഉദ്യോഗാർത്ഥികൾ നടത്തിയ അത്യസാധാരണമായ പ്രക്ഷോഭത്തോ ടൊപ്പം അചഞ്ചലം നിൽക്കുവാനും അവരുടെ സ്വാഭാവിക നേതൃത്വമാകാനും ഡിവൈഒയ്ക്ക് സാധിച്ചുവെന്നത് അതീവ പ്രാധാന്യമുള്ള കാര്യമായി റിപ്പോർട്ടിൽ വിശദീകരിച്ചു.
തുടർന്ന്, വിവിധ മേഖലകളിലെ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി 10 പ്രമേയങ്ങൾ അവതരിപ്പിച്ചത് സമ്മേളനം അംഗീകരിച്ചു. വരും കാലഘട്ടത്തിൽ, യുവജന പ്രക്ഷോഭങ്ങളെ നയിക്കുവാൻ പ്രാപ്തമായ സംസ്ഥാന നേതൃത്വത്തിന്റെ പാനൽ സഖാവ് എൻ.കെ.ബിജു അവതരിപ്പിച്ചു. സഖാക്കളേവരും സർവ്വാത്മനാ ആ പാനലിനെ പിൻതുണച്ചു. സഖാവ് ഇ.വി.പ്രകാശ് പ്രസിഡന്റായും സഖാവ് പി.കെ.പ്രഭാഷ് സെക്രട്ടറിയായും 35 അംഗ എക്സിക്യുട്ടീവ് കമ്മിറ്റി ഉൾപ്പെടുന്ന 68 അംഗ സംസ്ഥാന കൗൺസിലും സമ്മേളനം തിരഞ്ഞെടുത്തു.
തുടർന്നുനടന്ന സമാപന സമ്മേളനത്തിൽ എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടേറിയറ്റംഗം സഖാവ് ആർ.കുമാർ സമാപന സന്ദേശം നൽകി. അതിരൂക്ഷമായ തൊഴിലില്ലായ്മ,യുവജനങ്ങളെ തികഞ്ഞ അരക്ഷിതാവസ്ഥയിലേയ്ക്ക് തള്ളിവിട്ടിരിക്കുകയാണ്. ഉയർന്ന സംസ്കാരം പ്രദാനം ചെയ്ത്, അവരെ സമര ശക്തിയാക്കി വളർത്തിയെടുക്കുക എന്നതാണ് ഡിവൈഒ പ്രവർത്തകരുടെ ദൗത്യം. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ വിട്ടുവീഴ്ചയില്ലാതെ, ബ്രിട്ടീഷുകാരോട് പൊരുതിയ വിപ്ലവകാരികളിൽനിന്നും പ്രചോദനം ഉൾക്കൊണ്ട് അത് നിർവ്വഹിക്കുവാൻ ഏവരും തയ്യാറാവണം, അദ്ദേഹം അഭ്യർത്ഥിച്ചു. സമ്മേളനം പകർന്നുനൽകിയ നവോന്മേഷത്തോടെ, ശക്തമായ യുവജന മുന്നേറ്റം വളർത്തിയെടുക്കുമെന്ന ദൃഢ നിശ്ചയത്തോടെയാണ് മൂന്നാമത് സംസ്ഥാന യുവജനസമ്മേളനം സമാപിച്ചത്.

Share this post

scroll to top