പിണറായി സർക്കാരിന്റെ പോലീസ് നയം

Share

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഏറ്റവും വിമർശനവിധേയമായത് മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്ത ആഭ്യന്തരവകുപ്പാണ്. പൊലീസിനെ കയറൂരിവിട്ടുകൊണ്ടുള്ളതായിരുന്നു പൊലീസ് നയം. ഏറ്റുമുട്ടൽ, കസ്റ്റഡി കൊലപാതകങ്ങൾ തുടങ്ങി, ഒരു ജനാധിപത്യസമൂഹത്തിന് നിരക്കാത്ത പ്രവൃത്തികൾ നിരന്തരം പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായി. അപ്പോഴെല്ലാം കുറ്റക്കാരായ ഉദ്യോഗസ്ഥരെ പരസ്യമായി ന്യായീകരിച്ച് രക്ഷപ്പെടുത്തുന്ന സമീപനമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്. രണ്ടാം തവണ എൽഡിഎഫ് അധികാരത്തിലേറിയപ്പോഴും പൊലീസ് ഉദ്യോഗസ്ഥരുടെ പേരുകൾ കുറ്റകൃത്യങ്ങളോട് ചേർത്ത് ഉയർന്നുവരുന്നു. പലവട്ടം പറഞ്ഞിട്ടും പൊലീസിനൊരു മാറ്റവുമില്ലെന്ന് കേരള ഹൈക്കോടതിപോലും പരിതപിക്കുന്നു. പൊലീസ് സംവിധാനം, വേലി തന്നെ വിളവു തിന്നുന്ന സ്ഥിതിയിലേക്ക് അധഃപതിക്കാൻ പാടില്ലെന്ന് സിപിഐ മുഖപത്രംപോലും അഭിപ്രായപ്പെട്ടു.
പൊലീസിന് അടുത്തിടെ ഏറ്റവും നാണക്കേടുണ്ടാക്കിയ സംഭവമാണ് പുരാവസ്തു തട്ടിപ്പുകാരനായ മോൺസൺ മാവുങ്കലുമായി ബന്ധപ്പെട്ടുണ്ടായത്. വ്യാജപുരാവസ്തു ശേഖരവും ഉന്നതബന്ധങ്ങളും കാണിച്ച് കോടികളുടെ തട്ടിപ്പാണ് ഇയാൾ നടത്തിയതത്രേ. അന്വേഷണം പുരോഗമിക്കുമ്പോൾ വ്യാജചികിത്സയും സാമ്പത്തികത്തട്ടിപ്പുകളും സ്ത്രീപീഡനവും പോക്‌സോ കേസുമടക്കമാണ് ഇയാൾക്കെതിരെ ഒന്നൊന്നായി ഉയർന്നുവരുന്നത്. സംസ്ഥാന പൊലീസ് മേധാവിയായിരുന്ന ലോകനാഥ് ബെഹ്‌റയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഇയാളുടെ അതിഥികളായിരുന്നു. ഇത്തരം ബന്ധങ്ങൾ കാണിച്ചുകൊണ്ടാണ് ഇയാൾ തന്റെ തട്ടിപ്പുകൾ തുടർന്നതും. ആലുവയിൽ നിയമവിദ്യാർത്ഥിനിയായ മോഫിയ പർവീൺ ആത്മഹത്യ ചെയ്തത് ആലുവ സിഐയുടെ പേരെഴുതി വെച്ചിട്ടാണ്.

ഭർതൃപീഡനത്തിനെതിരെ പരാതിയുമായി ആലുവ ഈസ്റ്റ് പൊലീസിനെ സമീപിച്ചെങ്കിലും സിഐയിൽനിന്നും വളരെ മോശമായ അനുഭവമാണ് ഉണ്ടായത്. നേരത്തെ, ഏറെ ചർച്ച ചെയ്യപ്പെട്ട ഉത്ര വധക്കേസിന്റെ തുടക്കത്തിൽ ഇയാൾ സ്വീകരിച്ച നടപടികൾ വിവാദമായതാണ്. എന്നാൽ കൂടുതൽ പ്രാധാന്യമുള്ള ആലുവ പോലെയൊരു സ്റ്റേഷനിലേക്ക് സ്ഥലംമാറ്റി ഇയാളെ സംരക്ഷിക്കുകയാണ് ഉണ്ടായത്. ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് സമരത്തിനിറങ്ങിയ മൊഫിയയുടെ സഹപാഠികൾക്കെതിരെയും കേസെടുത്തു. പ്രതിപക്ഷത്തിന്റെയടക്കം പ്രതിഷേധം ശക്തമായപ്പോൾ മുഖം രക്ഷിക്കാൻവേണ്ടി മാത്രമൊരു സസ്‌പെൻഷനും.
വാദിയെ പ്രതിയാക്കുന്ന സംഭവവും നമ്മുടെ പൊലീസ് സ്റ്റേഷനുകളിൽ നടക്കുന്നുണ്ട്. തെന്മല സ്റ്റേഷനിൽ പരാതി നൽകാനെത്തിയ ഉറുകുന്ന് സ്വദേശി രാജീവിനെ വിലങ്ങ് അണിയിച്ചുനിർത്തി മർദ്ദിച്ചതിനെതിരെയുള്ള ഹർജി ഹൈക്കോ ടതിയുടെ പരിഗണനയിലാണ്. കൊച്ചിയിൽ മോഡലുകളായ പെൺകുട്ടികൾക്കുണ്ടായ ദാരുണമായ അപകടമരണത്തിനുപിന്നിലുള്ള ദുരൂഹതകളിലും പൊലീസിന്റെ പങ്ക് സംശയകരമാണ്. അന്നേദിവസം നിശാപാർട്ടിയിൽ ഉണ്ടായിരുന്ന ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചു കൊണ്ടിരിക്കുന്നത് എന്നാണ് ആരോപണം. ആറ്റിങ്ങലിനടുത്ത്, എട്ടു വയസ്സായ മകളുമായി റോഡിലിറങ്ങിയ ജയചന്ദ്രന് പിങ്ക് പൊലീസ് പട്രോളിലെ രജിത എന്ന ഉദ്യോഗസ്ഥയിൽനിന്നും നേരിടേണ്ടി വന്നത് ക്രൂരവും അപമാനകരവുമായ അനുഭവമായിരുന്നു. ഈ വിഷയത്തില്‍ ഹൈ കോടതി അതിരൂക്ഷമായി ആ പൊലീസ് ഉദ്യോഗസ്ഥയുടെ നടപടിയെ കുറ്റപ്പെടുത്തുകയും ചെയ്തു.


വിവാദമായ അനുപമ സംഭവത്തിലെ പൊലീസ് ഒത്തുകളിയും വാർത്തയായതാണ്. തന്റെ കുഞ്ഞിനെ തിരിച്ചു കിട്ടുന്നതിനായി അനുപമ എന്ന ചെറുപ്പക്കാരിയായ അമ്മ പൊലീസിലും ശിശുക്ഷേസമിതിയിലുമെല്ലാം പരാതികൾ നൽകിയിരുന്നു. മാസങ്ങളോളം പൊലീസ് ഇതിന്മേൽ യാതൊരു നടപടിയുമെടുത്തില്ല. നിവൃത്തിയില്ലാതെ അനുപമ സമരത്തിനിറങ്ങി, അത് വാർത്തയായ ശേഷമാണ് ഈ വിഷയത്തിൽ പ്രഥമ വിവര റിപ്പോർട്ട് ഫയൽ ചെയ്യാൻതന്നെ പൊലീസ് തയ്യാറായത്. ഇപ്പോൾ കുട്ടിയെ അനുപമയ്ക്ക് തിരികെ ലഭിച്ചെങ്കിലും, എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തി കുട്ടിയെ തട്ടിയെടുത്ത് നിയമവിരുദ്ധ ദത്ത് നൽകിയ ക്രിമിനൽ കുറ്റം അവശേഷിക്കുന്നു. അത് ചെയ്ത അനുപമയുടെ അച്ഛനും ശിശുക്ഷേമസമിതി ഭാരവാഹികളും ഭരണകക്ഷി നേതാക്കളാണ്. തിരുവനന്തപുരത്തുതന്നെയാണ് വഴിയോരത്ത് മീൻ വിൽപ്പന നടത്തുകയായിരുന്ന സ്ത്രീയുടെ മീൻകുട്ട ചവിട്ടിത്തെറിപ്പിച്ച് പൊലീസ് പരാക്രമം കാണിച്ചതും.


ലോക്ക്ഡൗണിന്റെ പേരിൽ പൊലീസിന് സർക്കാർ അത്യുത്സാഹത്തോടെ അമിതാധികാരങ്ങൾ നൽകി. നിലനിൽപ്പിനായി നെട്ടോട്ടമോടേണ്ടിവന്ന സാധാരണക്കാരന്റെമേൽ പിഴ ചാർത്തിയും അവന്റെ മെക്കിട്ടു കയറിയുമായിരുന്നു കോവിഡ് പ്രതിരോധം. പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന തെറ്റുകൾ ആരെങ്കിലും ഉന്നയിച്ചാൽ അത് പൊലീസിന്റെ മനോവീര്യം കെടുത്തുമെന്ന് പറയും. മറുവശത്ത് തെറ്റുകൾ ചെയ്യുന്ന പൊലീസുകാർക്കെതിരെ നടപടിയുണ്ടാകുന്നില്ലെന്നു മാത്രമല്ല, അവർ സംരക്ഷിക്കപ്പെടുകയുമാണ്. പാലക്കാട്ടെ നെഹ്‌റു കോളേജിൽ കൊലചെയ്യപ്പെട്ട തന്റെ മകന് നീതിക്കായി, പൊലീസ് ആസ്ഥാനത്തെത്തിയ മഹിജയെന്ന അമ്മയെ വലിച്ചിഴച്ച് ക്രൂരമായി കൈകാര്യം ചെയ്തവരാണ് നമ്മുടെ പൊലീസ്. അതേ പൊലീസ് മേധാവിയെ സന്ദർശിക്കാനെത്തിയ മോൺസൺ മാവുങ്കലിനാകട്ടെ, ചുവപ്പ് പരവതാനി വിരിച്ചുള്ള സ്വീകരണമാണ് ലഭിച്ചത്. നീതിക്കായി കേഴുന്ന സാധാരണക്കാരനോട് കയ്യൂക്കിന്റെ ഭാഷയിൽ പെരുമാറുകയും, നിയമവിരുദ്ധപ്രവർത്തനം നടത്തുന്ന സമ്പന്നവർഗത്തിനുമുന്നിൽ വിധേയരായി നിൽക്കുകയും ചെയ്യുന്ന ഈ പൊലീസ് ആരോടൊപ്പമാണ്?
മറുവശത്ത്, സാധാരണക്കാരന് നീതിയും സുരക്ഷയും ഉറപ്പാക്കുന്നതിൽ പൊലീസ് എത്രത്തോളം വിജയിക്കുന്നുണ്ട്? മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ ചില കേസുകളിൽ വേഗത്തിൽ നടപടികളുണ്ടായെന്നത് ശരിയാണ്. പക്ഷേ, ഉത്രയുടെയും വിസ്മയയുടെയും കേസുകൾ തൊട്ടുമുന്നിലുള്ളപ്പോഴാണ് മൊഫിയയ്ക്ക് ഈ അനുഭവം നേരിട്ടിരിക്കുന്നത്. ലഹരികടത്ത്, ക്വട്ടേഷൻ സംഘങ്ങൾ ശക്തി പ്രാപിക്കുമ്പോൾ പൊലീസ് എവിടെയാണ്? പിടിച്ചുപറിയും കൊലപാതകവും മോഷണവും വീടുകയറിയുള്ള അതിക്രമങ്ങളും വർധിക്കുന്നു. രാഷ്ട്രീയകൊലപാതകങ്ങളും, വർഗീയസംഘർഷങ്ങളും, വർഗീയത പരത്താനുള്ള പരസ്യശ്രമങ്ങളും നടക്കുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള കുറ്റകൃതങ്ങളും വർധിക്കുകയല്ലേ? കേസെടുക്കുന്നതിൽ തീരേണ്ടതല്ലല്ലോ ഇതിലൊന്നും പൊലീസിന്റെ ഉത്തരവാദിത്തം. പരാതിയുമായി സ്റ്റേഷനിലെത്തുന്ന പൗരൻ അപമാനിക്കപ്പെടുന്നു. ഇവിടെ, ശിക്ഷാനടപടികൾക്കുപുറമെ, പൊലീസ് സേനയുടെ മനോഭാവം മാറ്റാനും ജനാധിപത്യസമൂഹത്തിന് യോജിച്ച തരത്തിൽ അതിനെ പരിവർത്തനപ്പെടുത്താനും ആത്മാർത്ഥതയുള്ള കർശനനടപടികൾ വേണം. പക്ഷേ അങ്ങനെയൊരു മാറ്റത്തിന് ഭരണകൂടത്തിന്റെ വർഗസ്വഭാവം അനുവദിക്കുകയില്ല എന്ന യാഥാർത്ഥ്യം നാം തിരിച്ചറിയണം.


ദേശീയപാതയുടെ സ്ഥലമെടുപ്പിനും ഗെയിൽ പദ്ധതിക്കുമൊക്കെ എതിരെ നടക്കുന്ന ജനകീയസമരങ്ങളെ പൊലീസിന്റെ കൈക്കരുത്തുപയോഗിച്ച് അടിച്ചമർത്തി മുന്നോട്ടുപോകാനാണ് പിണറായി സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ആലപ്പുഴയിലെ തോട്ടപ്പള്ളിയിൽ നടക്കുന്ന കരിമണൽ ഖനനവിരുദ്ധസമരത്തിലെ നേതാവും റിട്ട. തഹസീൽദാരുമായ സഖാവ് ഭദ്രനെ എത്ര മൃഗീയമായാണ് പൊലീസ് പരസ്യമായി കൈകാര്യം ചെയ്തത്. ഇപ്പോൾ ആരെതിർത്താലും കെ റയിൽ എന്ന വിനാശപദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് പറയുന്നത് ജനകീയ സമരത്തെയും എതിർപ്പിന്റെ സ്വരത്തെയും പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താം എന്ന അഹങ്കാരം കൊണ്ടാണ്. പൗരത്വബില്ലിനെതിരെ സമരങ്ങൾ നടത്തിയവർക്കെതിരെയുള്ള കേസുകൾ പ്രതിപക്ഷപാർട്ടികൾ ഭരിക്കുന്ന മറ്റെല്ലാ സംസ്ഥാനങ്ങളിലും പിൻവലിച്ചിട്ടും, സിപിഐ(എം) ഭരിക്കുന്ന കേരളം ഇനിയും അതിന് തയ്യാറായിട്ടില്ല. പ്രബലപാർട്ടികൾ ഒഴികെയുള്ളവർക്ക് പ്രതിഷേധത്തിനോ പ്രചരണത്തിനോ പൊലീസ് അനുമതി നിഷേധിക്കുന്ന പ്രവണത വർദ്ധിച്ചു വരുന്നു. നോക്കുകൂലി വിഷയത്തിലടക്കം പൊലീസിന് തൊഴിൽ തർക്കങ്ങളിൽ ഇടപെടാനുള്ള അമിതാധികാരം നൽകുകയാണോ ഒരു ഇടതുപക്ഷ സർക്കാർ ചെയ്യേണ്ടത്? പ്രതിസന്ധിഗ്രസ്തമായ മുതലാളിവർഗത്തിന്റെ താത്പര്യമാണ് പിണറായി വിജയൻ സർക്കാരിനെ നയിക്കുന്നതും അവരുടെ പൊലീസ് നയത്തെ നിശ്ചയിക്കുന്നതും എന്ന് വ്യക്തമാവുകയാണ്.


ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് മാവോയിസ്റ്റുവേട്ട എന്ന പേരിൽ ഏറ്റുമുട്ടൽ കൊലകൾ നടന്നത്. ഹെൽമറ്റ് വേട്ടയുടെയും പരിശോധനകളുടെയും പേരിൽ വയോധികർ ഉൾപ്പടെ പൊലീസിന്റെ കയ്യേറ്റങ്ങൾക്ക് വിധേയരാകുന്നു. കൊച്ചുകുട്ടിയെപോലും തല്ലിച്ചതച്ചും ജനങ്ങളെ ഏത്തമിടീച്ചും ഐപിഎസ് ഉന്നതർ ആനന്ദിക്കുന്നു. മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വിമർശനം ഉന്നയിച്ചതിന്റെപേരിൽ എത്രയോ കേസുകളാണ് പൊലീസ് എടുത്തത്. സൈബർ ആക്രമണങ്ങൾ നേരിട്ട സാധാരണക്കാരായ സ്ത്രീകൾ നൽകിയ സമാനപരാതികളിൽ ആ ആവേശം കാണിച്ചിട്ടുമില്ല. പൊലീസിനുള്ളിൽ സംഘപരിവാർ പിടിമുറുക്കുന്നു എന്ന ആരോപണം കഴിഞ്ഞ സർക്കാരിന്റെ കാലത്തേ ഉണ്ടായതാണ്. ഇത്തവണ ഈ ആരോപണം സിപിഐയുടെ ദേശീയനേതാവായ ആനി രാജക്കുതന്നെ ഉന്നയിക്കേണ്ടിവന്നു. ഇതേ പൊലീസ് വാളയാറിൽ രണ്ട് കുഞ്ഞുങ്ങൾക്കെ തിരേ നടന്ന അതിക്രമത്തിൽ എന്തു നടപടി സ്വീകരിച്ചു? അലൻ-താഹ കേസിൽ അന്യായമായി യുഎപിഎ ചുമത്തി. ഇതിനുപുറമെ, ജനങ്ങളുടെയും മാധ്യമങ്ങളുടെയും അഭിപ്രായസ്വാതന്ത്ര്യത്തെതന്നെ തടയാൻ പൊലീസിന് അധികാരം നൽകുന്ന തരത്തിലുള്ള കേരള പൊലീസ് ആക്ട് ഭേദഗതി പോലും കഴിഞ്ഞ സർക്കാർ കൊണ്ടുവരികയുണ്ടായി. വരാപ്പുഴയിലെ ശ്രീജിത്തും, ഇടുക്കിയിലെ രാജ്കുമാറുമടക്കം എത്രയോ ജീവനുകൾ ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് കേരളത്തിലെ പൊലീസിന്റെ കൈകളിൽ പൊലിഞ്ഞു.
ഇന്ത്യയിലെ പൊലീസ് സംവിധാനം അടിസ്ഥാനപരമായി മുതലാളിത്ത ഭരണകൂടതാത്പര്യങ്ങൾമാത്രം നടപ്പാക്കാൻ ഉദ്ദേശിച്ച് നിലനിർത്തിയിരിക്കുന്ന ഒന്നാണ്. അതിനെ ജനാധിപത്യവത്ക്കരിക്കാനുള്ള യാതൊരു ശ്രമവും നാളിതുവരെ നടത്തിയിട്ടില്ല. ഒരു ജനാധിപത്യ സമൂഹത്തിന് യോജിച്ച തരത്തിൽ പരിശീലനരീതികൾപോലും മാറുന്നില്ല. ഇടതുപക്ഷം എന്ന പേരിൽ ഭരിക്കുന്നവർ തണ്ടർബോൾട്ട് പോലെയുള്ള കൂടുതൽ ഭീഷണമായ മർദ്ദനസംവിധാനങ്ങളും സൈബർ ഡോമുകൾ പോലെയുള്ള നിരീക്ഷണസംവിധാനങ്ങളും രൂപപ്പെടുത്തുകയാണ്. ബൂർഷ്വാ ജനാധിപത്യത്തിന്റെ മൂല്യങ്ങളെതന്നെ മുതലാളി വർഗ്ഗം തള്ളിക്കളയുകയാണ്. പൊലീസ്-സേനാവിഭാഗങ്ങളെയെല്ലാം മർദ്ദന ഉപകരണങ്ങളാക്കി തൊഴിലാളിവർഗത്തിന്റെയും ബഹുജനങ്ങളുടെയും എല്ലാവിധ പ്രതിഷേധങ്ങളെയും അടിച്ചമർത്താനാണ് അവർ ശ്രമിക്കുക. ഈ മുതലാളിത്തവർഗ താത്പര്യം തന്നെയാണ് കേരള ഭരണത്തിലും വ്യക്തമാവുന്നത്.
പൊലീസുകാർ പലപ്പോഴും വളരെ മനുഷ്യത്വരഹിതമായ സാഹചര്യങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്നവരാണ്. ജോലിസമയംപോലും പലപ്പോഴും ക്ലിപ്തമല്ല. മേലധികാരികളുടെ പീഡനങ്ങളുടെ മുറിവുകളും അവർക്ക് ഉള്ളിൽ പേറേണ്ടിവരുന്നു. ജോലി സമയത്തിന്റെ വർധനക്ക് അനുസരിച്ചുള്ള ശമ്പളമോ ആനുകൂല്യങ്ങളോ ഉണ്ടാകാറുമില്ല. പൊലീസുകാരുടെ മോശം പെരുമാറ്റത്തിൽ ഈ തൊഴിൽപരമായ സമ്മർദ്ദങ്ങളും ഒരു ഘടകമാണ്. അതുകൊണ്ട്, പൊലീസിനെ മെച്ചപ്പെടുത്തണമെന്ന് ആത്മാർത്ഥമായി ആഗ്രഹമുള്ള ഏതൊരു സർക്കാരും ആദ്യം ചെയ്യേണ്ടത് പൊലീസിന്റെ തൊഴിൽസാഹചര്യങ്ങളും വരുമാനവും മെച്ചപ്പെടുത്തുകയും, അവരുടെ പരിശീലനം ജനാധിപത്യസമൂഹത്തിന് നിരക്കുന്ന രീതിയിൽ ഉടച്ചുവാർക്കുകയുമാണ്. തെറ്റുചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശനനടപടികളെടുക്കണം. ഏറ്റവും പ്രധാനമായി ഒരു ഇടതുപക്ഷസർക്കാരിന്റെ കടമ, ന്യായമായ ജനകീയസമരങ്ങളിലും തൊഴിൽസമരങ്ങളിലും നിന്ന് പൊലീസിനെ പിൻവലിക്കുകയെന്നതാണ്. അതായത്, ഭരണകൂടത്തിന്റെയും ഭരണവർഗത്തിന്റെയും മർദ്ദന ഉപകരണമായി പൊലീസ് മാറുന്നത് തടയുകയെന്നതാണ് തൊഴിലാളിവർഗ നിലപാടുള്ള ഒരു സർക്കാർ ചെയ്യേണ്ടത്.

Share this post

scroll to top