നിർദ്ദയമായ ചൂഷണത്തിലേക്ക് തൊഴിലാളികളെ എറിഞ്ഞുകൊടുക്കുന്ന കോർപ്പറേറ്റുകാലത്തെ തൊഴിൽ നിയമ പൊളിച്ചെഴുത്തുകൾക്കെതിരെ രാജ്യമെമ്പാടും പണിയെടുക്കുന്നവരുടെ സന്ധിരഹിത പോരാട്ടത്തിന്റെ നേതൃത്വമായി ഉയരുന്ന ആൾ ഇന്ത്യ യുണൈറ്റഡ് ട്രേഡ് യൂണിയൻ സെന്ററിന്റെ 22-ാമത് അഖിലേന്ത്യാ സമ്മേളനം 2024 ഡിസംബർ 15,16,17 തീയതികളിൽ ഭുവനേശ്വറിൽ നടന്നു.
പോരാട്ടത്തിന്റെ പാത ഉപേക്ഷിച്ച്, ലോബിയിംഗിന്റെയും സന്ധിഭാഷണത്തിന്റെയും കീഴടങ്ങലായി തൊഴിലാളി പ്രവർത്തനം അപചയപ്പെടുന്ന വർത്തമാനകാലത്ത് അചഞ്ചലമായ ചെറുത്തുനിൽപ്പിന്റെ പതാകയേന്തുന്ന എഐയുറ്റിയുസിയുടെ മുന്നേറ്റ ത്തിന്റെ ആവേശകരമായ പ്രതിഫലനമായിരുന്നു ഭുവനേശ്വർ സമ്മേളനം. മാനുഷിക പരിഗണനപോലും ലഭിക്കാതെ അടിമകളെപ്പോലെ പണിയെടുക്കേണ്ടി വരുന്ന സ്കീം വർക്കേഴ്സിന്റെ വീറുറ്റ സമരത്തിന്റെ പോരാളികൾ, അംഗനവാടി പ്രവർത്തകർ, ആശാ വർക്കേഴ്സ്, തൊഴിലവകാശങ്ങളും തൊഴിൽ സുരക്ഷിതത്വവും നിഷേധിക്കപ്പെടുന്ന കുടിയേറ്റത്തൊഴി ലാളികൾ, സംഘടിത, അസംഘടിത മേഖലയിലെ തൊഴിലാളികൾ… പതിനായിരങ്ങളായി അവർ ഒഴുകിയെത്തി. ദശാബ്ദങ്ങളായി ഖനിമേഖലകളിൽ നിഷ്ഠുരമായ ചൂഷണത്തിന് വിധേയരാക്കപ്പെട്ടുപോന്നിരുന്ന ആദിവാസികൾ വീറുറ്റ പോരാട്ട ശക്തിയായി ഉയർന്നണിനിരന്നു.
അധ്വാനിച്ച് സമ്പത്ത് സൃഷ്ടിക്കുന്ന തൊഴിലാളി, മനുഷ്യോചിതമായ ജീവിതം തങ്ങളുടെ അവകാശമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട്, കോർപ്പറേറ്റുകളുടെയും അവരുടെ ദാസ്യവൃത്തിയെടുക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെയും ഔദാര്യമല്ലെന്ന താക്കീത് നൽകിക്കൊണ്ട്, പരസ്പരം ശക്തി പകർന്ന്, അണിമുറിയാതെ തെരുവിൽ നിറഞ്ഞു.
തൊഴിലും തൊഴിലവകാശങ്ങളും സംരക്ഷിക്കാൻ വീറുറ്റ തൊഴിലാളി പ്രക്ഷോഭണങ്ങൾ വളർത്തിയെടുക്കുക എന്ന മുദ്രാവാക്യ മുയർത്തിയാണ് കേന്ദ്ര ട്രേഡ് യൂണിയനായ എഐയുറ്റിയുസിയുടെ അഖിലേന്ത്യാ സമ്മേളനം ഒഡിഷയിലെ ഭുവനേശ്വറിൽ നടന്നത്. രാജ്യത്തെ 27സംസ്ഥാനങ്ങളിലെ വ്യത്യസ്ത തൊഴിൽ മേഖലകളിൽ നിന്നായി 1200ലധികം പ്രതിനിധികൾ പങ്കെടുത്ത സമ്മേളനം തൊഴിലാളിവർഗവും പൊതുസമൂഹവും നേരിടുന്ന നിരവധിയായ പ്രശ്നങ്ങൾ ചർച്ച ചെയ്തു. നവലിബറൽ കാലഘട്ടത്തിൽ മൂലധനശക്തികൾ തൊഴിൽ-ജനാധിപത്യ അവകാശങ്ങൾക്കുമേൽ നടത്തുന്ന കടന്നാക്രമണങ്ങളെ ചെറുക്കാൻ തൊഴിലാളികളുടെ യോജിച്ച മുന്നേറ്റം വളർത്തിയെടുക്കാൻ സമ്മേളനം ആഹ്വാനം ചെയ്തു.
നവംബർ 15ന് രാവിലെ അഖിലേന്ത്യാ സമ്മേളന പ്രതിനിധികൾക്കൊപ്പം ഒഡിഷ സംസ്ഥാനത്തുനിന്നുമുള്ള പതിനായിരക്കണക്കിന് തൊഴിലാളികളും അണിനിരന്ന പ്രകടനം, ഒഡിഷ നിയമസഭാമന്ദിരത്തിന് സമീപം ലോവർ പിഎംജി സ്‌ക്വയറിൽ സമ്മേളിച്ചു. തുടർന്നുനടന്ന പൊതുസമ്മേളനത്തിൽ എഐയുറ്റിയുസി അഖിലേന്ത്യ പ്രസിഡന്റ് കെ.രാധാകൃഷ്ണ അധ്യക്ഷത വഹിച്ചു. ഡബ്ല്യൂഎഫ്‍ടിയു പ്രസിഡന്റ് മൈക്കിൾ മക്കബെ, എഐയുറ്റിയുസി അഖിലേന്ത്യ വൈസ് പ്രസിഡന്റുമാരായ കെ.സത്യവാൻ, സ്വപൻ ഘോഷ്, അരുൺകുമാർ സിംഗ്, അഖിലേന്ത്യ ജനറൽ സെക്രട്ടറി ശങ്കർ ദാസ് ഗുപ്ത, ഒഡിഷ സംസ്ഥാന സെക്രട്ടറി ജയ്സൺ മെഹർ, പലസ്തീൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുമുള്ള തൊഴിലാളി സംഘടന പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.
വൈകിട്ട് 6ന് ഭുവനേശ്വർ റോയൽ റിസോർട്ടിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ വിവിധ വിദേശ രാജ്യങ്ങളിലെ തൊഴിലാളി സംഘടനകളുടെ ആശംസ സന്ദേശങ്ങൾ ജനറൽ സെക്രട്ടറി അവതരിപ്പിച്ചു. എഐടിയുസി, സിഐടിയു, എഐസിസിടിയു, ടിയുസിസി തുടങ്ങിയ കേന്ദ്ര ട്രേഡ് യൂണിയൻ സംഘടനകളുടെ നേതാക്കൾ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. അന്തർദേശീയ രംഗത്ത് തൊഴിലാളി പ്രസ്ഥാനങ്ങൾ നേരിടുന്ന വെല്ലുവിളികളെയും പലസ്തീനിലുൾപ്പെടെ യുദ്ധം സൃഷ്ടിക്കുന്ന വിപത്തുകളെയും അധികരിച്ച് ഡബ്ല്യൂഎഫ്‍ടിയു പ്രസിഡന്റ് മൈക്കിൾ മക്കബെ നടത്തിയ വൈകാരികമായ പ്രസംഗം ഏറെ ആവേശത്തോടെയാണ് സദസ്സ് ശ്രവിച്ചത്.
ഡിസംബർ 15ന് രാവിലെ അഖിലേന്ത്യാ പ്രസിഡന്റ് കെ.രാധാകൃഷ്ണ പതാക ഉയർത്തിയതോടെ പ്രതിനിധി സമ്മേളനത്തിന് തുടക്കമായി. കെ.സത്യവാൻ ചെയർമാനും സ്വപൻ ഘോഷ്, ശംഭുനാഥ് നായ്ക്, ആർ.കുമാർ എന്നിവർ അംഗങ്ങളുമായ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്. തുടർന്നവതരിപ്പിച്ച രാഷ്ട്രീയ, സംഘടനാ പ്രമേയങ്ങളിന്മേലും വ്യത്യസ്ത തൊഴിൽ മേഖലകളെ സംബന്ധിച്ച പ്രമേയങ്ങളിന്മേലും നടന്ന ചര്‍ച്ചകളില്‍പ്രതിനിധികള്‍ സജീവമായി പങ്കെടുത്തു. സഖാവ് കെ.രാധാകൃഷ്ണ പ്രസിഡന്റും ശങ്കർ ദാസ്ഗുപ്ത ജനറൽ സെക്രട്ടറിയുമായി ശക്തമായ ഒരു അഖിലേന്ത്യ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള തൊഴിലാളി പ്രതിനിധികൾ അവതരിപ്പിച്ച കലാ സാംസ്‌കാരിക പരിപാടികൾ സമ്മേളന അന്തരീക്ഷത്തെ ഏറെ സജീവമാക്കി. ഡിസംബർ 16ന് ഉച്ചക്കുശേഷം നടന്ന സമാപന സെഷനിൽ എസ്‍യുസിഐ(കമ്മ്യൂണിസ്റ്റ്) ജനറൽ സെക്രട്ടറി പ്രൊവാഷ് ഘോഷ് മുഖ്യാതിഥിയായി പങ്കെടുത്തു. ഒരു വിപ്ലവ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ സംഘാടകരെന്ന നിലയിൽ രാജ്യത്തെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തെ ബാധിച്ചിരിക്കുന്ന സാമ്പത്തിക വാദത്തിനും മറ്റു തെറ്റായ പ്രവണതകൾക്കുമെതിരായി വ്യക്തി ജീവിതത്തിൽ നടത്തേണ്ട സമരത്തിന്റെ പ്രാധാന്യം എത്ര വലുതാണെന്ന് സഖാവ് പ്രൊവാഷ് ഘോഷ് അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ആഴത്തിൽ വിശദമാക്കി. സാർവ്വദേശീയ ഗാനാലാപനത്തോടെയാണ് സമ്മേളന നടപടികൾ അവസാനിച്ചത്. ഒഡിഷയിലെ ബിജെപി സർക്കാരിന്റെ വളരെയധികം ശത്രുതാപരമായ നിലപാടുകൾക്കിടയിലും സാധാരണ ജനങ്ങളും തൊഴിലാളികളും നല്‍കിയ ഊഷ്മളമായ പിന്തുണയും സഹകരണവുമാണ് ഭുവനേശ്വർ സമ്മേളനം അവിസ്മരണീയമാക്കിയത്.