ഇടതു-ജനാധിപത്യ മനസ്സാക്ഷിയോട് ഒരു അഭ്യര്‍ത്ഥന

avatars-000114582843-oir2qm-t1080x1080.jpg
Share

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഉണ്ടായ പരാജയത്തിന്റെ കാരണങ്ങള്‍ കണ്ടെത്താനും പരിഹാരം നിര്‍ദ്ദേശിക്കാനും യോഗം ചേര്‍ന്ന സിപിഐ(എം)ന്റെ യും സിപിഐയുടെയും സംസ്ഥാനഘടകങ്ങള്‍ തിരുത്തലുകള്‍ ആവശ്യമാണെന്ന് വിലയിരുത്തിയതായി പ്രസ്തുത പാര്‍ട്ടികളുടെ നേതാക്കള്‍ പത്രസമ്മേളനങ്ങളിലൂടെ അറിയിക്കുകയുണ്ടായി. പരാജയകാരണങ്ങളായി വിലയിരുത്തപ്പെട്ടതിൽ എന്തൊക്കെയാണ് തിരുത്താന്‍ പോകുന്നതെന്ന് അവര്‍ സൂചിപ്പിക്കുകയുണ്ടായില്ല. എന്നാല്‍ വോട്ടര്‍മാരുടെ വിശ്വാസം തിരികെപ്പിടിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്രകാരം പാര്‍ലമെന്ററി വിജയം മാത്രം ലാക്കാക്കിയുള്ള,
തിരുത്തലുകളും പരിഹാരവുമാണ് അവര്‍ കണക്കുകൂട്ടുന്നതെങ്കില്‍ സംസ്ഥാനത്തെ ഇടതുരാഷ്ട്രീയം അപരിഹാര്യമായ തകര്‍ച്ചയിലേക്ക് നിപതിക്കുമെന്ന മുന്നറിയിപ്പ് നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയാണ്.

പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ സങ്കുചിതമായ ഗണിതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ചര്‍ച്ചകള്‍കൊണ്ടോ, തൊലിപ്പുറമേയുള്ള ചില പരിഷ്‌കരണനടപടികള്‍കൊണ്ടോ പരിഹരിക്കാവുന്നതല്ല ഇടതുരാഷ്ട്രീയം അ ഭിമുഖീകരിക്കുന്ന ആഴമാര്‍ന്ന പ്രതിസന്ധി. ജനങ്ങളുടെ ചിന്താമണ്ഡലത്തെയും ജീവിതവീക്ഷണത്തെയും സ്വാധീനിച്ചിരുന്ന ജനാധിപത്യ – ഇടതു – പുരോഗമന ആശയങ്ങള്‍ വലിയൊരളവില്‍ ചോര്‍ന്നതെന്തുകൊണ്ടാണെന്ന സത്യസന്ധമായ ആത്മപരിശോധനയാണ് ഉണ്ടാകേണ്ടത്. അതിനുള്ള രാഷ്ട്രീയകെല്‍പ്പും ബൗദ്ധികശേഷിയും ഈ പ്രസ്ഥാനങ്ങള്‍ക്കുണ്ടോ എന്നതും ഗൗരവമുള്ള ചോദ്യമാണ്.


ബിജെപിയുടെ പരിമിത നേട്ടങ്ങള്‍ വെളിവാക്കുന്നതിനും മേലെയാണ് സംസ്ഥാനത്തിന്റെ സാമൂഹ്യ അപചയം


ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഒരു സീറ്റില്‍ ബിജെപി വിജയം നേടുകയുണ്ടായി. കേരളത്തിലെ 11 നിയമസഭാമണ്ഡലങ്ങളില്‍ ബിജെപി, യുഡിഎഫ് – എല്‍ഡിഎഫ് മുന്നണികളെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തുകയും വോട്ട് വിഹിതം 17 ശതമാനമാക്കി ഉയര്‍ത്തുകയും ചെയ്തു. ബിജെപി അവതരിപ്പിക്കുന്ന അത്യാപല്‍ക്കരമായ വിഭജനത്തിന്റെ രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണില്‍ ഇടം വര്‍ദ്ധിക്കുന്നു എന്നതോടൊപ്പം മറ്റൊരു യാഥാര്‍ത്ഥ്യംകൂടി നാം കണ്ടേ മതിയാകൂ. രാഷ്ട്രീയ-സാമൂഹ്യ മണ്ഡലങ്ങളിലെ അപചയത്തിന്റെ ആഴം, ബിജെപി നേടുന്ന പരിമിതമായ പാര്‍ലമെന്ററി നേട്ടങ്ങള്‍ അടയാളപ്പെടുത്തുന്നതിനും അപ്പുറത്താണെന്നതാണ് ആ യാഥാര്‍ത്ഥ്യം. ആഴത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അപകടകരമായ വലതുപക്ഷവല്‍ക്കരണമൊന്നാകെ ബിജെപിക്ക് അനുകൂലമായ വോട്ടായി മാറുന്നില്ല. അതിനിട നല്‍കാത്ത സവിശേഷമായ സാമൂഹിക ബലാബലത്തില്‍ നാളെകളില്‍ മാറ്റമുണ്ടായാല്‍ ഇതായിരിക്കില്ല തിരഞ്ഞെടുപ്പ് ഫലം.


ജനാധിപത്യ-മതേതര മൂല്യങ്ങള്‍ അസ്തമിക്കുന്ന കേരളം: ആരാണുത്തരവാദികള്‍?


പുരോഗമന- ജനാധിപത്യമൂല്യങ്ങളുടെ പ്രകാശം നമ്മുടെ സംസ്ഥാനത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ മണ്ഡലത്തില്‍ ക്രമേണ അണയുകയാണ്. ജാതി-മത-സാമുദായിക വികാരത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രതിലോമ ആശയങ്ങള്‍ കേരളത്തിന്റെ ചിന്താമണ്ഡലത്തില്‍ ആപല്‍ക്കരമായ സ്വാധീനം നേടുന്നു എന്നതാണ് ഈ പതനത്തിന്റെ മുഖ്യവശം. വര്‍ഗ്ഗീയതയെ മുഖ്യ ആയുധമാക്കി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങള്‍ക്കു ള്ളില്‍ മാത്രമല്ല, അതിനുപുറത്തും മതാന്ധതയുടെയും അന്യമത ഈറയുടെയും വിദ്വേഷത്തിന്റെയും മനോഭാവം, ഒരു പൊതുബോധമാക്കി മാറ്റാന്‍ ആസൂത്രിതമായ ശ്രമങ്ങള്‍ നടക്കുന്നു. എതിരഭിപ്രായങ്ങളോട് കാട്ടുന്ന അസഹിഷ്ണുതയും എതിര്‍ചേരിയെ കായികമായി നിശബ്ദമാക്കുന്ന ജനാധിപത്യവിരുദ്ധതയും ആരോഗ്യകരമായ സംവാദങ്ങളുടെ ഇടം ഏതാണ്ട് പൂര്‍ണ്ണമായും ഇല്ലാതാക്കിക്കഴിഞ്ഞു. അറുവഷളന്‍ അവസരവാദം, സ്വാര്‍ത്ഥനേട്ടങ്ങള്‍ക്കുവേണ്ടി ഏതുതരം നീചകൃത്യവും ന്യായീകരിക്കപ്പെടുന്ന രാഷ്ട്രീയ അധാര്‍മ്മികത, ശാസ്ത്രീയ ചിന്താഗതിയും യുക്തിബോധവും അതിവേഗം അസ്തമിക്കുന്ന സാമൂഹ്യ അന്തരീക്ഷം, ട്രേഡ്‌യൂണിയന്‍ സംഘടനകളെ നയിക്കുന്ന വഷളായ സാമ്പത്തികവാദവും നിയമവിധേയവാദവും, അവകാശങ്ങള്‍ക്കുവേണ്ടി വീറോടെ പൊരുതുന്ന സമരപ്രബുദ്ധതയുടെ സ്ഥാനത്ത് യാചനയുടെയും അധികാരവിധേയത്വത്തിന്റെയും സന്ധിമനോഭാവം ഇവയെല്ലാം അനുനിമിഷം പെരുകുന്ന ഈ സംസ്ഥാനം, ഇടതുപക്ഷ കേരളം എന്ന സല്‍പ്പേര് നഷ്ടപ്പെടുത്തിക്കഴിഞ്ഞു. കേരളം ഇന്ന് പിറകോട്ട് നടക്കുകയാണ്. പേടിപ്പെടുത്തുന്ന വേഗതയില്‍. ഈ സാഹചര്യത്തിന് ആരാണുത്തരവാദികള്‍?
ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തേക്കാളും യശസ്സാര്‍ന്ന ഒരു സാമൂഹ്യപദവി കേരളം നേടിയിരുന്നു. ജനാധിപത്യ-മതേതര-പുരോഗമന-ഇടതു മൂല്യങ്ങളാല്‍ വലിയൊരളവില്‍ പ്രശോഭിതമായിരുന്നു ഈ കൊച്ചുസംസ്ഥാനത്തിന്റെ സാമൂഹ്യമണ്ഡലം. നവോത്ഥാന മൂല്യങ്ങളാല്‍ സ്ഫുടം ചെയ്തുവന്ന ജനാധിപത്യ മനസ്സിന് ആഴത്തില്‍ വേരുകള്‍ ഉണ്ടായിരുന്നു. കേരളത്തെ ഏറെക്കുറെ ആധുനികമാക്കിയ നവോത്ഥാനപ്രസ്ഥാനത്തിന്റെ തുടര്‍ച്ചയില്‍ മതേതരവും അപരനോട് കരുതലുള്ളതുമായ ഒരു പൊതുമനോഭാവം രൂപംകൊണ്ടിട്ടുണ്ട്. വടക്കേഇന്ത്യന്‍ സംസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കിയാല്‍ ജാതി കലഹങ്ങളും വേര്‍തിരിവുകളും ഭേദവിചാരങ്ങളും അന്ധവിശ്വാസങ്ങളും ഗണ്യമായ നിലയില്‍ കുഴിവെട്ടിമൂടിയ ഇടം. താരതമ്യേന പുരോഗമന ഉള്ളടക്കമുണ്ടായിരുന്ന നമ്മുടെ വിദ്യാഭ്യാസസമ്പ്രദായത്തിലൂടെ കടന്നുവന്നവരില്‍ പണിയെടുക്കുന്നവരോടുള്ള അനുഭാവവും വൈജാത്യങ്ങളെ മറികടക്കുന്ന സാഹോദര്യവും മൂലധനത്തിന്റെ സര്‍വ്വാധിപത്യത്തോടുള്ള എതിര്‍പ്പും ജനാധിപത്യമൂല്യങ്ങളോടുള്ള ആദരവും പൊതുവില്‍ നിലനിന്നിരുന്നു. തൊഴിലാളികള്‍ അഭിമാനകരമായ പദവിയും ഉയര്‍ന്ന കൂലിയും അവകാശബോധവും നേടിയ മണ്ണ്. ആധുനിക വിദ്യാഭ്യാസവും ഉജ്വലമായ സാഹിത്യസമ്പത്തും കൈവരിച്ച കേരളം. മറ്റേതൊരു സംസ്ഥാനത്തേക്കാളും ഉയര്‍ന്ന സ്ത്രീവിദ്യാഭ്യാസം. വായനശാലകളും വായനാശീലവും മുഖമുദ്രയാക്കിയ കേരളഗ്രാമങ്ങള്‍. ഉന്നതമായ സാഹിത്യസൃഷ്ടികളിലൂടെ മനുഷ്യസാഹോദര്യവും പരസ്പരാദരവും ഭേദങ്ങള്‍ക്കതീതമായ സ്‌നേഹവും വലിയളവില്‍ സ്വാധീനം സൃഷ്ടിച്ചിട്ടുള്ള സംസ്ഥാനം. ഇപ്രകാരം ഒട്ടനവധി നേട്ടങ്ങളാല്‍ വ്യത്യസ്തമായ ഭൂമികയായിരുന്ന സംസ്ഥാനത്തിന്റെ സാമൂഹ്യമണ്ഡലം മനുഷ്യസ്‌നേഹികളെ വേദനിപ്പിക്കുംവിധമുള്ള ഒരു പതനത്തിന് വേദിയായതെന്തുകൊണ്ടെന്നാണ് നാം പരിശോധിക്കേണ്ടത്; അടുത്ത തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം വര്‍ദ്ധിപ്പിക്കാന്‍ എന്തുനടപടിയാണ് സ്വീകരിക്കേണ്ടത് എന്നല്ല. ആര്‍ക്കും ഭേദിക്കാനാവാത്ത മനുഷ്യസാഹോദര്യവും ജനാധിപത്യമൂല്യങ്ങളുടെ സൗരഭ്യവും ഈ മണ്ണില്‍ വീണ്ടെടുക്കാന്‍ കൈക്കൊള്ളേണ്ടുന്ന കര്‍മ്മപദ്ധതിയെ സംബന്ധിച്ചാണ് ചര്‍ച്ച ചെയ്യേണ്ടത്. അത്തരമൊരു ചിന്തപോലും വ്യവസ്ഥാപിത ഇടതുപ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍നിന്ന് ഉയരുന്നില്ല.


അടിമുടി വലതുപക്ഷമായി മാറുന്ന വ്യവസ്ഥാപിത ഇടതുപക്ഷം


ഏറ്റവും ജീര്‍ണ്ണമായ മുതലാളിത്ത വ്യവസ്ഥിതിയെ സംരക്ഷിക്കുന്ന പാര്‍ലമെന്ററി രാഷ്ട്രീയ അധികാരഘടനയുടെ-എസ്റ്റാബ്ലിഷ്‌മെന്റിന്റെ-അവിഭാജ്യ ഭാഗമായി മാറിക്കൊണ്ട് സിപിഐ-സിപിഐ(എം) കക്ഷികള്‍ വലതുപക്ഷമായി മാറിയിരിക്കുന്നു എന്നതാണ് സംസ്ഥാനം ദര്‍ശിക്കുന്ന അപചയത്തിന്റെ മുഖ്യകാരണം. തിരഞ്ഞെടുപ്പും പാര്‍ലമെന്ററി അധികാരവുമല്ലാതെ മറ്റൊരു ലക്ഷ്യവും ഇന്ന് അവര്‍ക്കില്ല. ഏതെങ്കിലും ആദര്‍ശത്തോടുള്ള പ്രതിബദ്ധതയുടെ കണികപോലും അവരെ നയിക്കുന്നില്ല. അറപ്പുളവാക്കുന്ന അവസരവാദത്തെയും രാഷ്ട്രീയ സദാചാരരാഹിത്യത്തെയും പ്രായോഗിക രാഷ്ട്രീയ കണക്കുകൂട്ടല്‍കൊണ്ട് ന്യായീകരിക്കുന്നു. ഒരു കക്ഷി എതിര്‍ചേരിയിലായിരിക്കുമ്പോള്‍ ചെകുത്താനും സ്വന്തം ചേരിയിലാകുമ്പോള്‍ മാലാഖയുമാകുന്ന നിലപാട് ഒന്നോ രണ്ടോ സീറ്റിന്റെ വിജയത്തിനുവേണ്ടി മാത്രമുള്ള ഇരട്ടത്താപ്പാണ്. ദശാബ്ദങ്ങളായി തുടരുന്ന അവസരവാദനിലപാടുകളുടെ ദുര്‍ഗന്ധം നിറഞ്ഞ ചരിത്രത്തിന്റെ ഏറ്റവുമൊടുവില്‍, പറഞ്ഞതും ചെയ്തതുമെല്ലാം വിഴുങ്ങി, കേരളാ കോണ്‍ഗ്രസ്സിനെ സ്വന്തം പാളയത്തിലെത്തിച്ചു. നിരവധിയായ ഇത്തരം ചെയ്തികള്‍ രാഷ്ട്രീയമണ്ഡലത്തിലും ജനങ്ങളുടെ മനോഭാവത്തിലും സൃഷ്ടിക്കുന്ന അപചയം നാളെകളില്‍ തിരിച്ചടിക്കുമെന്ന ബോധം പോലും ഇക്കൂട്ടര്‍ക്ക് ഇല്ലാതായി.


ഇടതുരാഷ്ട്രീയത്തിന്റെ പ്രാണനായ സമരരാഷ്ട്രീയത്തെ വ്യവസ്ഥാപിത ഇടതുപക്ഷം കൈവെടിഞ്ഞു


നിര്‍ദ്ദയമായ ചൂഷണത്തിലും അനീതിയിലും അധിഷ്ഠിതമായിട്ടുള്ള നിലനില്‍ക്കുന്ന സാമൂഹ്യ-സാമ്പത്തിക ക്രമത്തിന്റെ അടിസ്ഥാനപരിവര്‍ത്തനമാണ് ഇടതുരാഷ്ട്രീയത്തിന്റെ ലക്ഷ്യം. അതിനായി ജനങ്ങളെ വിപുലമായി തയ്യാറെടുപ്പിക്കുന്ന സുപ്രധാനമായ രാഷ്ട്രീയ പ്രക്രിയയാണ് ജനാധിപത്യപ്രക്ഷോഭങ്ങള്‍. അതുകൊണ്ടുതന്നെ സമരരാഷ്ട്രീയമാണ് ഇടതുദര്‍ശനത്തിന്റെ ജീവനും സത്തയും. മുതലാളിത്ത വ്യവസ്ഥയുടെ നയങ്ങള്‍ക്കെതിരെ നാള്‍ക്കുനാള്‍ ശക്തിപ്പെട്ടുവരുന്ന അസംതൃപ്തിക്കും പ്രതിഷേധത്തിനും സംഘടിത ജനാധിപത്യ പ്രക്ഷോഭത്തിന്റെ രൂപം നല്‍കുകയാണ് ഇടതുപക്ഷത്തിന്റെ കടമ. വിജയിച്ചാലും ഇല്ലെങ്കിലും ജനാധിപത്യ സമരങ്ങള്‍ വഹിക്കുന്ന ഏറ്റവും ഗൗരവപ്പെട്ട ധര്‍മ്മം, അത് ജനങ്ങള്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കുന്നു എന്നതാണ്. ജനകീയ സമരങ്ങളും തൊഴിലാളി പ്രക്ഷോഭങ്ങളും ജനങ്ങളുടെ പാഠശാലകളായി മാറും. ജനങ്ങള്‍ സ്വന്തം സമരാനുഭവങ്ങളില്‍ നിന്നും തങ്ങളുടെ ജീവിതദുരിതങ്ങളുടെ മൂലകാരണമെന്തെന്ന് തിരിച്ചറിയും. ഈ ധാരണകള്‍ക്ക് വര്‍ഗ്ഗസമരത്തിന്റെ ഉള്‍ക്കാഴ്ചകൂടി ലഭിക്കുന്നതോടെ തങ്ങളുടെ പോരാട്ടത്തിന്റെ വിപ്ലവകരമായ ദിശ തികഞ്ഞ വ്യക്തതയോടെ ജനങ്ങള്‍ മനസ്സിലാക്കും. ചൂഷകവാഴ്ച നീട്ടിക്കൊണ്ടുപോകാനായി മുതലാളിവര്‍ഗ്ഗം ആസൂത്രിതമായി വളര്‍ത്തുന്ന കൃത്രിമമായ ഭേദങ്ങളെയും വിഭാഗീയതയെയും ജനങ്ങള്‍ വലിച്ചെറിയും. സമരത്തിലൂടെ ആര്‍ജ്ജിതമാകുന്ന അറിവും പ്രബുദ്ധതയും എല്ലാവിധ ഫ്യൂഡല്‍ മാലിന്യങ്ങളെയും ആട്ടിയകറ്റും. ഉയര്‍ന്ന ജനാധിപത്യമൂല്യങ്ങളും ധാര്‍മ്മികതയും സംസ്‌കാരവും ശോഭയോടെ സമൂഹത്തെയാകമാനം സ്വാധീനിക്കും. രാജ്യത്തെ മുഴുവന്‍ ജനങ്ങളും അത്യധികമായ ഇച്ഛാശക്തിയോടെ, ഉല്‍സാഹപൂര്‍വ്വം ഉണര്‍ന്നെഴുന്നേല്‍ക്കും. എല്ലാം കഴുകി വെടിപ്പാക്കാനുള്ള രാഷ്ട്രീയ അഭിവാഞ്ഛ രാജ്യമെമ്പാടും അലയടിക്കും. കഴമ്പുകെട്ട ജീവിതത്തിന്റെ സ്ഥാനത്ത് സാരവത്തായ ജീവിതവര്‍ത്തനത്തിന്റെ മഹത്തായ ശൈലിയെ ജനങ്ങള്‍ പുല്‍കും. കൊടിയ നിരാശയുടെയും വ്യാമോഹങ്ങളുടെയും സ്ഥാനത്ത് സബോധതയുടെ അടിസ്ഥാനത്തിലുള്ള പ്രതീക്ഷയും ശുഭാപ്തിവിശ്വാസവും ജനങ്ങളെ മുന്നോട്ടു നയിക്കും. ഐക്യപ്പെട്ട ജനത ഒരു പുതുശക്തിയായി ഉയരും. ഒരു പുതുസമൂഹസൃഷ്ടിക്ക് അങ്ങനെ കളമൊരുങ്ങും. മുതലാളിത്തവിരുദ്ധ വിപ്ലവത്തിന് അനുരോധമായി നാം വികസിപ്പിച്ചെടുക്കേണ്ട ജനാധിപത്യപ്രക്ഷോഭ രാഷ്ട്രീയത്തിന്റെ സാരാംശവും ലക്ഷ്യവും ഇതാണ്. ഇടതു-വലതു പ്രസ്ഥാനങ്ങള്‍ തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യസ്തത ഇതൊന്നു മാത്രമാണ്. ഇതു നിര്‍വ്വഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ ഇടതെന്ന മുദ്രയണിയുന്നതില്‍ ഒരര്‍ത്ഥവുമില്ല. ഈ ദൗത്യം വിസ്മരിക്കുകയോ ബോധപൂര്‍വ്വം കൈവെടിയുകയോ ചെയ്തിട്ട് മറ്റെന്തൊക്കെ ചെയ്‌തെന്ന് സമര്‍ത്ഥിച്ചാലും അത് ഇടതുരാഷ്ട്രീയത്തെ അടയാളപ്പെടുത്തുന്നില്ല.
വ്യവസ്ഥാപിത ഇടതുപക്ഷം സമരപാതയില്‍ നിന്ന് എന്നേ വ്യതിചലിച്ചിരിക്കുന്നു എന്നതാണ് വേദനാകരമായ സത്യം. മഹാനായ സ്റ്റാലിന്റെ നിര്യാണത്തിനുശേഷം സോവിയറ്റ് യൂണിയനില്‍ പാര്‍ട്ടിയിലും ഭരണകൂടത്തിലും അധികാരത്തിലെത്തിയ ക്രൂഷ്‌ചേവിന്റെ തിരുത്തല്‍വാദനേതൃത്വമാണ്, ബൂര്‍ഷ്വാ പാര്‍ലമെന്റിനെ ജനേച്ഛയുടെ ഉപകരണമാക്കാം എന്ന സങ്കല്പമവതരിപ്പിച്ചത്. ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ആശയപരമായി ദുര്‍ബ്ബലമാക്കിയ ഈ റിവിഷനിസ്റ്റ് ധാരണ ഇന്ത്യയിലെ സിപിഐ പ്രസ്ഥാനത്തെയും ബാധിച്ചു. അടിസ്ഥാനപരമായി ശരിയായ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നില്ലെങ്കിലും ജനസമരത്തിന്റെ പാതയില്‍ത്തന്നെ നിലനിന്നിരുന്ന അവര്‍ ഒന്നോ രണ്ടോ സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്തിയതോടെ പാര്‍ലമെന്ററി വ്യാമോഹത്തിലകപ്പെട്ടു പോയി. വിപ്ലവവും സമരങ്ങളുമെല്ലാം അവരുടെ രാഷ്ട്രീയപദാവലിയില്‍നിന്നേ ക്രമേണ അപ്രത്യക്ഷമായി. പകരം ജനക്ഷേമം, വികസനം തുടങ്ങിയ പരിഷ്‌കരണവാദ മുദ്രാവാക്യങ്ങള്‍ സ്ഥലംപിടിക്കുകയും ചെയ്തു. ജനാധിപത്യസമരങ്ങളുടെ പാതയില്‍ ഇടതുപക്ഷം അടിയുറച്ചു നിന്നിരുന്നുവെങ്കില്‍ അത് രാജ്യമൊട്ടാകെ ഉണ്ടാക്കുമായിരുന്ന വമ്പിച്ച ചലനത്തിന്റെ സാധ്യത തന്നെ അങ്ങനെ പൊലിഞ്ഞു പോയി.


നമ്മുടെ രാജ്യത്തിന്റെ ഇരുളേറുന്ന വര്‍ത്തമാനകാലഘട്ടത്തില്‍ ഒരു ശക്തിദുര്‍ഗ്ഗമായി ഉയരാനിടയാക്കുന്ന എണ്ണമറ്റ അനുകൂലഘടകങ്ങളുണ്ടായിരുന്ന സംസ്ഥാനം, മുതലാളിവര്‍ഗ്ഗ താല്‍പ്പര്യങ്ങളുമായി അപമാനകരമായ ഒത്തുതീര്‍പ്പ് ഉണ്ടാക്കി, ജനവഞ്ചനയുടെ രാഷ്ട്രീയവേദിയായി മാറി. മറ്റ് ഏതൊരു സംസ്ഥാനത്തേക്കാളും, രാജ്യത്തിനാകെ ഉശിര് പകരുന്ന പോരാട്ടത്തിന്റെ പതാകവാഹകരാകാന്‍ ഉള്‍ക്കരുത്തുണ്ടായിരുന്ന കേരളത്തിന് എന്തുകൊണ്ട് അത് സാധ്യമാകുന്നില്ല? ഐതിഹാസികമായ കര്‍ഷക സമരത്തിന്റെ ശക്തിസ്രോതസ്സാകാന്‍ പഞ്ചാബിനും ഹരിയാനക്കും പടിഞ്ഞാറന്‍ യുപിക്കും കഴിഞ്ഞപ്പോള്‍ കേരളം ചെറുത്തുനില്‍പ്പിന്റെ ശക്തമായ ചലനം സൃഷ്ടിച്ചില്ല. ഇടതുപക്ഷരാഷ്ട്രീയത്തിന്റെ ചരിത്രദൗത്യം നിറവേറ്റപ്പെടാത്തതെന്തുകൊണ്ട്? ശ്രദ്ധേയമായ ഒരു ജനാധിപത്യ ഉണര്‍വ്വ് രാഷ്ട്രീയമണ്ഡലത്തില്‍ ഉയര്‍ത്താന്‍ സത്യസന്ധമായി ശ്രമിക്കുന്ന ജനാധിപത്യ കൂട്ടായ്മകളെയും സമരശക്തികളെയും തളര്‍ത്താനും തകര്‍ക്കാനും നീക്കങ്ങള്‍ ഉണ്ടാകുന്നു. സത്യസന്ധമായ ഒരാത്മപരിശോധനയ്ക്ക് നാം ഇടതുപക്ഷ വിശ്വാസികള്‍ തയ്യാറാകണം. ബിജെപിയെപ്പോലെ ഫാസിസ്റ്റ് ഉള്ളടക്കമുള്ള ഒരു വര്‍ഗ്ഗീയപാര്‍ട്ടി സാമൂഹികചലനങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ ഇടതുപക്ഷ മനസ്സിനെ കര്‍മ്മോന്മുഖമാക്കേണ്ടത് ജനാധിപത്യത്തിന്റെ ഭാവിയെ സംബന്ധിച്ച് അതീവപ്രാധാന്യമുള്ളതാണ്.


യഥാര്‍ത്ഥ ഇടതുമുന്നേറ്റം സൃഷ്ടിക്കപ്പെ ടണമെങ്കില്‍ സമരപാതയിലേക്ക് വ്യവസ്ഥാപിത ഇടതുപാര്‍ട്ടികള്‍ വരണം. തൊഴിലാളിവര്‍ഗ്ഗരാഷ്ട്രീയത്തിന്റെ ആധികാരികത പ്രക്ഷോഭത്തിന്റെ രാഷ്ട്രീയത്തിലൂടെ സ്ഥാപിക്കുക എന്ന കടമ ഏറ്റെടുക്കാന്‍ സിപിഐ, സിപിഐ(എം) പ്രസ്ഥാനങ്ങള്‍ തയ്യാറാകണം. എന്നാല്‍ വേദനാകരമെന്നു പറയട്ടെ, ജനാധിപത്യ പ്രക്ഷോഭത്തിന്റെ ചരിത്രപരമായ പങ്ക് നിര്‍വ്വഹിക്കുന്നതില്‍ തങ്ങള്‍ക്ക് ഉണ്ടായിട്ടുള്ള അതീവഗൗരവതരമായ വീഴ്ചയെപ്പറ്റി ഒരു പരമാര്‍ശംപോലും ഇക്കൂട്ടരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.


ജനാധിപത്യപ്രക്ഷോഭങ്ങളുടെ വളര്‍‌ച്ചയ്ക്കായി നിലകൊള്ളുക: ഒരിടതു സര്‍ക്കാരിന്റെ പ്രാഥമിക ദൗത്യം


മുതലാളിത്തവ്യവസ്ഥ നിലനില്ക്കുന്ന രാജ്യത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം ലഭിച്ചാല്‍ ഒരു ഇടതുപക്ഷകക്ഷി എങ്ങനെയാണ് അത് ഉപയോഗിക്കേണ്ടതെന്ന് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയത് സഖാവ് ശിബ്‌ദാസ് ഘോഷാണ്. സാധ്യമാകുന്ന അളവില്‍ ജനക്ഷേമകരമായ നടപടികള്‍ കൈക്കൊള്ളുക എന്നത് തര്‍ക്കമറ്റ കാര്യമാണ്. എന്നാല്‍ അതുകൊണ്ട് ജനങ്ങളുടെ നീറുന്ന ജീവിത പ്രശ്‌നങ്ങള്‍അവസാനിക്കില്ല എന്ന ബോധ്യം സ്വയമുണ്ടാകുകയും വ്യാമോഹങ്ങളില്‍ ജനങ്ങളെ വീഴ്ത്താതിരിക്കാനുള്ള ജാഗ്രത പുലര്‍ത്തുകയും വേണം. എന്നാല്‍ അതിലേറെ പ്രധാനപ്പെട്ട മറ്റൊരു ദൗത്യമുണ്ട്. മുതലാളിത്തവ്യവസ്ഥിതി സ്വാഭാവികമായും ജനങ്ങളെ സമരരംഗത്തേക്കു തള്ളിവിടുമ്പോള്‍, ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണങ്ങളായ പോലീസിനെയും പട്ടാളത്തെയും അതില്‍ ഇടപെടാനനുവദിക്കാതിരിക്കുക, അവരെ മാറ്റിനിര്‍ത്തുക എന്നതാണ് ഒരു ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തം.
ജനങ്ങളുടെ സ്വതന്ത്രവും പ്രബുദ്ധവുമായ ജനാധിപത്യ ഉണര്‍വ്വിന് കളമൊരുക്കത്തക്കവിധം ജനസമരങ്ങള്‍ ജന്മമെടുക്കാനും വികസിക്കാനും അനുകൂലമായ സാഹചര്യം സൃഷ്ടിക്കുക എന്നതാണ് ഒരു ഇടത് സര്‍ക്കാരിന്റെ പരമപ്രധാനമായ കര്‍ത്തവ്യം. അതിനാല്‍ ഭരണകൂടത്തിന്റെ മര്‍ദ്ദനകരങ്ങള്‍ക്ക് ശക്തി വര്‍ദ്ധിപ്പിക്കുക എന്നതില്‍നിന്നും ഒരു ഇടതുപക്ഷ സര്‍ക്കാര്‍ പൂര്‍ണ്ണമായും വിട്ടുനില്‍ക്കണം. ജനങ്ങളുടെ സംഘടിതമായ ജനാധിപത്യപ്രവര്‍ത്തനങ്ങള്‍ സ്വതന്ത്രമായി വളര്‍ന്നു വികസിച്ചു വരുന്നത് തടയാന്‍ ഭരണകൂട ശക്തികളെ അനുവദിക്കില്ല എന്നതായിരിക്കണം ഇടതു ഗവണ്‍മെന്റിന്റെ അടിസ്ഥാനനയം. ജനാധിപത്യത്തിന്റെ രാഷ്ട്രീയ ഘടന ആധാരശിലയായി നിലനില്‍ക്കുന്നുവെന്നത് ഉറപ്പാക്കപ്പെടണം. ജനകീയ സമരങ്ങളില്‍ ഇടപെടാന്‍ പോലീസിനെ അനുവദിക്കില്ല എന്ന മൗലിക നിലപാടിനോടൊപ്പം വിപുലമായ ജനാധിപത്യ അവകാശങ്ങള്‍, സര്‍ക്കാരിനോട് വിയോജിക്കാനും കലഹിക്കാനുമുള്ള പൗരന്റെ സ്വാതന്ത്ര്യം, സ്വന്തം അഭിപ്രായങ്ങള്‍ നിര്‍ഭയമായി പ്രകാശിപ്പിക്കാനുള്ള സ്വാഭാവിക സാഹചര്യം ഇവയെല്ലാം ഉറപ്പാക്കപ്പെടണം. ഇക്കാര്യങ്ങളിലെല്ലാം നേര്‍വിപരീതമായാണ് സംസ്ഥാനത്ത് അധികാരത്തില്‍ വന്നിട്ടുള്ള ഇടതുസര്‍ക്കാരുകള്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. മര്‍ദ്ദനഭരണത്തിന്റെ കാര്യത്തില്‍ നിലവിലുള്ള പിണറായി സര്‍ക്കാരാകട്ടെ, മുന്‍ ഇടതുസര്‍ക്കാരുകളെ മുഴുവന്‍ കടത്തിവെട്ടുകയുംചെയ്തു.


ജനാധിപത്യ സംസ്‌കാരവും മൂല്യങ്ങളും കുഴിച്ചുമൂടിയ സിപിഐ(എം) ഇടതുരാഷ്ട്രീയത്തെ നിരായുധീകരിച്ചു


സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന സിപിഐ(എം) മുന്നണി കൈക്കൊള്ളുന്ന തീര്‍ത്തും ഇടതുപക്ഷ വിരുദ്ധമായ നയങ്ങള്‍, സത്യസന്ധരായ ഇടതുപക്ഷ വിശ്വാസികളെയും പുരോഗമന ചിന്താഗതിക്കാരെയും നിരാശയുടെ ആഴങ്ങളിലേക്ക് തള്ളിയിട്ടിരിക്കുന്നു. എൽഡിഎഫ് സര്‍ക്കാരൊന്നാകെയും മുഖ്യമന്ത്രി പ്രത്യേകിച്ചും അനുവര്‍ത്തിക്കുന്ന സ്വേച്ഛാപരമായ നയങ്ങളും മര്‍ദ്ദനനിലപാടുകളും സംസ്ഥാനത്തിന്റെ ജനാധിപത്യഘടനയ്ക്ക് ഏല്‍പ്പിച്ചിരിക്കുന്ന ആഘാതം അളവറ്റതാണ്. അവയാകട്ടെ, ആകെത്തുകയില്‍ ഫാസിസ്റ്റ് രാഷ്ട്രീയത്തിന് ബലം പകരുകയും ചെയ്യുന്നു. ജനാധിപത്യവിശ്വാസികള്‍, ഇടതുഭരണത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ പകച്ചുനില്‍ക്കുകയാണ്. ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ അഗാധമായ ചുഴിയില്‍നിന്നും രാജ്യത്തെ രക്ഷിക്കേണ്ട അടിയന്തര ഘട്ടത്തില്‍ ആ ദൗത്യത്തെ സങ്കുചിതമായ പാര്‍ലമെന്ററി ലക്ഷ്യത്തിനുവേണ്ടി വലിച്ചെറിയുകയും മറുവശത്ത് ഭരണനയങ്ങളിലൂടെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തെ ദുര്‍ബ്ബലപ്പെടുത്തുകയും ചെയ്യുന്നതില്‍ യഥാര്‍ത്ഥ ഇടതുപക്ഷ വിശ്വാസികള്‍ അതീവ ദു:ഖിതരാണ്. ഇടതുരാഷ്ട്രീയത്തില്‍ പ്രതീക്ഷ അര്‍പ്പിച്ചിരുന്ന സാധാരണമനുഷ്യര്‍ നിരായുധരാക്കപ്പെട്ടു. ജനാധിപത്യപ്രസ്ഥാനങ്ങളും മനുഷ്യാവകാശപ്രവര്‍ത്തകരും ഉയര്‍ത്തിയ പ്രതിഷേധങ്ങളോട് സര്‍ക്കാര്‍ കൈക്കൊണ്ട ധാര്‍ഷ്ട്യം നിറഞ്ഞ പ്രതികരണങ്ങള്‍ ഒരു ഇടതുപക്ഷ സര്‍ക്കാരിന് തീര്‍ത്തും നിരക്കാത്ത സമീപനമായിരുന്നു. കേരളത്തില്‍ സിപിഐ-സിപിഐ(എം) അണികളില്‍ ഗണ്യമായ ഒരു വിഭാഗത്തെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തന രംഗത്തുനിന്നു വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ചത് മുകളില്‍ സൂചിപ്പിച്ച വേദനാകരമായ രാഷ്ട്രീയ സാഹചര്യമാണ്.
വിമര്‍ശനങ്ങളോട് പുലര്‍ത്തേണ്ടുന്ന സഹിഷ്ണുത ജനാധിപത്യ ജീവിതശൈലിയുടെ പ്രാണനാണ്. പ്രതിയോഗികളെ അടിച്ചമര്‍ത്തിയും വകവരുത്തിയും മുന്നേറുന്ന ഇടതെന്നപേരിലുള്ള രാഷ്ട്രീയ പ്രവര്‍ത്തന മാതൃക സഹിഷ്ണുതയുടെ സംസ്‌കാരത്തെ ഇല്ലാതാക്കുന്നു. എണ്ണമറ്റ ഉദാഹരണങ്ങള്‍ ഇക്കാര്യത്തില്‍ ഇടതുഭരണത്തിന്‍ കീഴില്‍ നാം കണ്ടു. പകല്‍വെളിച്ചത്തില്‍, നിരവധി ക്യാമറകളുടെ മുമ്പില്‍ നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ നിഷ്ഠുരമായി മര്‍ദ്ദിച്ചതിനെ ‘ജീവന്‍രക്ഷാ പ്രവര്‍ത്തന’മെന്ന് വിശേഷിപ്പിക്കുകയും അത് ധിക്കാരപൂര്‍വ്വം ആവര്‍ത്തിക്കുകയും ചെയ്ത മുഖ്യമന്ത്രി പ്രതിനിധാനം ചെയ്യുന്ന അധമമായ സംസ്‌കാരമാണ് ഇന്ന് കേരളത്തില്‍ ഭരണ ഇടതുപാര്‍ട്ടികളുടെ മാതൃക. ഇപ്രകാരം ഇടതെന്ന പേരില്‍ നിലകൊള്ളുകയും പൊതുമണ്ഡലത്തിലും വ്യക്തിജീവിതത്തിലും വഷളായ വലതുപക്ഷനിലപാടുകള്‍ സ്വീകരിക്കുകയും പോരാട്ടത്തിന്റെ രാഷ്ട്രീയം കൈയൊഴിയുകയും ചെയ്യുന്നതുവഴിയാണ് ഇടതുപക്ഷ മനോഘടന സമൂഹത്തില്‍നിന്നും അതിവേഗം അപ്രത്യക്ഷമാകുന്നത്.


ഇടതുമേലങ്കി അണിഞ്ഞ മുതലാളിത്ത മുദ്രാവാക്യങ്ങള്‍


തൊഴിലാളിവര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ മഹത്തായ മുദ്രാവാക്യങ്ങള്‍ വലിച്ചെറിഞ്ഞ്, മുതലാളിത്തത്തിന്റെ താല്‍പ്പര്യ സംരക്ഷണം തങ്ങളുടെ ഏകമാത്രമായ അജണ്ടയായി ഇടതു വ്യവസ്ഥാപിത പാര്‍ട്ടികള്‍ കൈക്കൊണ്ടത് ഇടതുവിശ്വാസികളെ വന്‍തോതില്‍ നിരാശയിലാഴ്ത്തിയിരിക്കുന്നു. വലതുസര്‍ക്കാരുകളെ പോലെതന്നെ മൂലധനശക്തികള്‍ക്ക് ആയാസരഹിതമായി വ്യവസായം നടത്തിക്കൊണ്ടുപോകാന്‍ വേണ്ട ഒത്താശകള്‍ നിര്‍വ്വഹിക്കുക എന്നതുമാത്രമായി ഇടതുസര്‍ക്കാരുകളുടെ കടമ മാറി. അതിനാല്‍ അവര്‍ ഏറ്റവും ആവേശപൂര്‍വ്വം പ്രചരിപ്പിക്കുന്ന മുദ്രാവാക്യം ‘വികസന’ത്തിന്റേതാണ്. അധികാരഘടനയുടെ ഭാഗമായി നിലനില്‍ക്കുന്ന എല്ലാ മുന്നണികള്‍ക്കും കക്ഷികള്‍ക്കും ഒരുപോലെ ഈ മുദ്രാവാക്യമാണ് ഇന്ന് സ്വീകാര്യമായിട്ടുള്ളത്. അറുപിന്തിരപ്പന്‍ വലതു രാഷ്ട്രീയ ചേരികള്‍ വീറോടെ പ്രചരിപ്പിക്കുന്ന ‘രാജ്യത്തിന്റെ വികസനം’ എന്ന മുദ്രാവാക്യം വള്ളിപുള്ളി ഭേദങ്ങളില്ലാതെ ഇടതുപക്ഷം എന്നു സ്വയം സാക്ഷ്യപ്പെടുത്തുന്നവര്‍ ഏറ്റുപറയുകയും അത് നടപ്പാക്കാന്‍ ഏതറ്റംവരെ പോകാന്‍ തയ്യാറാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുകയാണ്.
പുറമേയ്ക്ക് അരാഷ്ട്രീയ സ്വഭാവമുള്ള വികസനമെന്ന വിഷയം യഥാര്‍ത്ഥത്തില്‍ വളരെ ആസൂത്രിതമായ ഒരു വലതുപക്ഷ അജണ്ടയാണ്. ഖജനാവിലെ പണമോ സര്‍ക്കാരുകളെ പണയപ്പെടുത്തി കൈപ്പറ്റുന്ന കൂറ്റന്‍ വിദേശവായ്പകളോ ഉപയോഗപ്പെടുത്തി, മെഗാ നിര്‍മ്മാണ പ്രോജക്റ്റുകളിലും അടിസ്ഥാന സൗകര്യങ്ങളുടെ രംഗത്തും കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് മൂലധനനിക്ഷേപം നടത്താനുള്ള സാധ്യതയെയാണ് വികസനം എന്നതുകൊണ്ട് മുതലാളിത്ത ഭരണകൂടങ്ങള്‍ അര്‍ത്ഥമാക്കുന്നത്. അതിനു സാധാരണമനുഷ്യരുടെ ജീവിതാഭിവൃദ്ധിയുമായി യാതൊരു ബന്ധവുമില്ല. ഭക്ഷണം, വിദ്യാഭ്യാസം, തൊഴില്‍, കൂലി, ചികില്‍സ, പാര്‍പ്പിടം, പൗരത്വം, സ്വതന്ത്രവും അന്തസ്സാര്‍ന്നതുമായ മനുഷ്യജീവിതം, ജനാധിപത്യപരമായ നിലനില്‍പ്പ് തുടങ്ങി, ഈ രാജ്യത്തെ പൗരസഞ്ചയത്തിന്റെ അടിസ്ഥാനപ്രശ്‌നങ്ങളെയെല്ലാം സ്ഥാനഭ്രഷ്ട മാക്കികൊണ്ട് അടിച്ചേല്‍പ്പിച്ചിട്ടുള്ള വികസനം എന്ന അജണ്ട നവലിബറല്‍ കാലഘട്ടത്തില്‍ മുതലാളിമാരുടെ കണക്കറ്റ വളര്‍ച്ചക്കുവേണ്ടിയുള്ളതാണ്. ആറുവരിയോ പന്ത്രണ്ടു വരിയോ ഉള്ള ആധുനിക റോഡുകള്‍, എക്‌സ്‌പ്രസ്സ് ഹൈവേകള്‍, വികസന ഇടനാഴികള്‍, കൂറ്റന്‍ നിര്‍മ്മിതികള്‍, രാജ്യമെമ്പാടും മെട്രോ റെയിലുകള്‍, സില്‍വര്‍ലൈന്‍ പദ്ധതി തുടങ്ങിയവയെല്ലാം ഈ വികസനത്തിന്റെ പ്രതീകങ്ങളാണ്. അവയെല്ലാം ബൃഹത് മൂലധനനിക്ഷേപ ത്തിന്റെ ഇടങ്ങളാണ്. മുതലാളിവര്‍ഗ്ഗ ഉള്ളടക്കമുള്ള ഇത്തരമൊരു വിഷയത്തെ തുറന്നുകാണിക്കാനും സാധാരണമനുഷ്യന്റെ ജീവിതപ്രശ്‌നങ്ങളുടെ മൂലകാരണമായ നിലനില്‍ക്കുന്ന ഈ വ്യവസ്ഥിതിയെ സ്ഥാനഭ്രഷ്ടമാക്കാതെ മനുഷ്യന്റെ സര്‍വ്വതോമുഖമായ വികസനം അസാധ്യമാണെന്നുമുള്ള വിലപ്പെട്ട രാഷ്ട്രീയ പാഠം പകര്‍ന്നുനല്‍കാനും ബാധ്യതപ്പെട്ടവര്‍ ഇടതുപക്ഷമാണ്. നാടിന്റെ വികസനമെന്ന വര്‍ഗ്ഗാതീത സംജ്ഞയുടെ പിറകിലെ അപകടകരമായ രാഷ്ട്രീയത്തിന്റെ വന്‍ പ്രചാരകരായി അവര്‍ തന്നെ മാറിയിരിക്കുന്നു.


സങ്കുചിതമായ നേട്ടങ്ങള്‍ക്കായി ജാതി-മത ശക്തികളെ പ്രീണിപ്പിക്കിക്കുന്ന ഇടതു പ്രസ്ഥാനങ്ങള്‍ പുരോഗമന രാഷ്ട്രീയത്തിന് കനത്ത ആഘാതം ഏല്‍പ്പിക്കുന്നു.


ഉന്നതമായ മതേതര-ജനാധിപത്യ മൂല്യങ്ങള്‍ വ്യക്തിതലത്തിലും സാമൂഹ്യമണ്ഡലത്തിലും അചഞ്ചലം അനുഷ്ഠിക്കാനുള്ള സമരത്തിന് നേതൃത്വം നല്‍കേണ്ടുന്നവര്‍, തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി ജാതി-മത വികാരങ്ങളുമായി സന്ധിചെയ്യുമ്പോള്‍ അത് നല്‍കുന്ന പാഠവും സന്ദേശവും ഏറ്റവും അപകടകരമായിരിക്കുമെന്ന് സംസ്ഥാനത്തിന്റെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യം വ്യക്തമാക്കുന്നു. ബിജെപി കൈവരിക്കുന്ന രാഷ്ട്രീയ നേട്ടം ചൂണ്ടിക്കാട്ടി നിലവിളിക്കുന്ന സിപിഐ(എം) സ്വന്തം ചെയ്തികള്‍ സൃഷ്ടിച്ചതാണ് ഈ സാഹചര്യമെന്നത് ബോധപൂര്‍വ്വം മറച്ചുവയ്ക്കുന്നു. കഴിഞ്ഞ നിയമസഭാകാലത്ത് ഭൂരിപക്ഷ വര്‍ഗ്ഗീയ വികാരത്തെ പരമാവധി പ്രീണിപ്പിക്കാനാ യിരുന്നു അവര്‍ ശ്രമിച്ചത്. നാമജപഘോഷയാത്രയുടെ പേരില്‍ എടുത്തിരുന്ന 2600 കേസുകള്‍ റദ്ദാക്കിയും അമ്പലങ്ങളായ അമ്പലങ്ങളിലെല്ലാം ഫോട്ടോഗ്രാഫറെയും കൂട്ടി തൊഴാന്‍പോയും വെരുദ്ധ്യാധിഷ്ഠിത ഭൗതിവാദത്തെ തള്ളിപ്പറഞ്ഞും ഒടുവില്‍ അയ്യപ്പനും ദേവഗണങ്ങളും എല്‍ഡിഎഫില്‍ ചേര്‍ന്നു എന്നു പ്രഖ്യാപിച്ചും ഭൂരിപക്ഷ വികാരത്തെ സാന്ത്വനിപ്പിക്കാന്‍ അന്ന് ശ്രമിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വികാരത്തെ ജ്വലിപ്പിക്കുന്നതാണ് പ്രയോജനകരമെന്നു വിലയിരുത്തിക്കൊണ്ട് അതിനായുള്ള നീക്കങ്ങള്‍ നടത്തി. സംസ്ഥാനത്തെ ജനാധിപത്യ- മതേതര ശക്തികളെയും മുഴുവന്‍ മനുഷ്യസ്‌നേഹികളെയും ഒരുമിപ്പിച്ചുകൊണ്ട് പൗരത്വ നിയമത്തിനെതിരെ ഒരു ജനകീയപ്രക്ഷോഭം വളര്‍ത്തിയെടുക്കാനുള്ള ആത്മാര്‍ത്ഥമായ പരിശ്രമങ്ങള്‍ നടത്താന്‍ തുനിയാതിരുന്ന സിപിഐ(എം), തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പൊടുന്നനെ സിഎഎ വിരുദ്ധരായതിന്റെ ലക്ഷ്യം വളരെ വ്യക്തമായിരുന്നു. ഇക്കൂട്ടരുടെ ന്യൂനപക്ഷപ്രേമം വോട്ട് നേടാനുള്ള സങ്കുചിതനീക്കം മാത്രം.


ജനങ്ങളുടെ താണരാഷ്ട്രീയ ബോധനിലവാരത്തെ മുതലെടുത്തുകൊണ്ട് ഏറ്റവും നിന്ദ്യമായ വര്‍ഗ്ഗീയ കണക്കുകൂട്ടലുകളോടെ പ്രചാരണവിഷയങ്ങള്‍ തിരഞ്ഞെടുത്തു. തിരഞ്ഞെടുക്കപ്പെട്ട മണ്ഡലങ്ങളിലെ സിഎഎ വിരുദ്ധ റാലിയുടെയും കോണ്‍ഗ്രസ്സിന്റെ മാനിഫെസ്റ്റോയില്‍ പൗരത്വനിയമം പിന്‍വലിക്കുമെന്ന് വ്യക്തമാക്കയിട്ടില്ല എന്ന പ്രചാരണത്തിന്റെയും ലക്ഷ്യം, ബിജെപിയുടെ വേട്ടയാടലിനെതിരെ ന്യൂനപക്ഷങ്ങള്‍‌ ക്കിടയിലുള്ള ആശങ്കകളെയും വികാരത്തെയും മുതലെടുക്കുക എന്നതുമാത്രമായിരുന്നു. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികള്‍ ബിജെപി പാളയത്തിലേക്ക് കൂറുമാറുമെന്ന് പ്രചരിപ്പിച്ച്, ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി വോട്ട് നേടാന്‍ ശ്രമിക്കുന്നത് എന്തുതരം ജനാധിപത്യബോധത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. നാണംകെട്ട ഇത്തരം വര്‍ഗ്ഗീയക്കളികള്‍ ഇടതുരാഷ്ട്രീയത്തിന്റെ മഹത്വത്തില്‍ അടിയുറച്ചുവിശ്വസിക്കുന്ന സത്യസന്ധരായ മനുഷ്യര്‍ക്ക് ഒരു വിധത്തിലും അംഗീകരിക്കാനാകില്ല. സിപിഐ(എം) എന്നെന്നേക്കുമായി വെടിയേണ്ടത് ജാതി-മത പ്രീണനത്തിന്റെ ഈ മാര്‍ഗ്ഗങ്ങളാണ്.
ഏതാനും വോട്ടുകള്‍ക്കുവേണ്ടി ഇക്കൂട്ടര്‍ നടത്തുന്ന നീചമായ ഈ രാഷ്ട്രീയം ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ ജനാധിപത്യഘടനയ്ക്ക് ഏല്‍പ്പിക്കുന്ന ആഘാതം അളക്കാനാവാത്തതാണ്. ഇത്തരം കുല്‍സിത നീക്കങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന സാമൂഹ്യ അന്തരീക്ഷം നാളെ ഫാസിസ്റ്റ് ശക്തികള്‍ കൂടുതല്‍ കൗശലപൂര്‍വ്വം ഉപയോഗിക്കുകതന്നെ ചെയ്യും. ഹ്രസ്വകാല നേട്ടങ്ങള്‍ക്കായി ദീര്‍ഘകാല വിപത്തുകളെ കുടിയിരുത്തുന്ന ഈ രാഷ്ട്രീയമാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് നേട്ടത്തിന്റെ ആണിക്കല്ലായി പ്രവര്‍ത്തി ച്ചിട്ടുള്ളത്.


മാനവരാശിയുടെ മുന്നേറ്റത്തിന്റെ പാത കാട്ടുന്ന മാര്‍ക്‌സിസ്റ്റ് ദര്‍ശനത്തെ മുറുകെപ്പിടിക്കുക


ഇടതുരാഷ്ട്രീയത്തിന്റെ ചരിത്രപരമായ ഉണ്മയില്‍ ബോധ്യമുള്ള സത്യസന്ധരായ അണികള്‍ എത്ര ചെറുതെങ്കിലും ഇന്നും ഇടതുപാര്‍ട്ടികളില്‍ അവശേഷിക്കുന്നു. അതോടൊപ്പം വിട്ടുവീഴ്ചയില്ലാത്ത ഇടതുപക്ഷ മനോഭാവവുമായി ഈ പാര്‍ട്ടികള്‍ക്കു വെളിയില്‍ നിലകൊള്ളുന്ന ഗണ്യമായ ഒരു വിഭാഗം ജനങ്ങളും രാഷ്ട്രീയമണ്ഡലത്തില്‍ അധികാരഘടനയോട് കലഹിച്ചുകൊണ്ട് ഇടതുപക്ഷ മനോഭാവത്തോടൊപ്പം നിലകാള്ളുന്ന, ജനസാമാന്യത്തിന്റെ അഭിപ്രായങ്ങളെ സ്വാധീനിക്കാന്‍ ശേഷിയുള്ള ഒരു സ്വതന്ത്ര ബുദ്ധിജീവി വിഭാഗവുമൊക്കെ ചേരുന്നതാണ് സംസ്ഥാനത്തെ യഥാര്‍ത്ഥ ഇടതുചേരി. സിപിഐ, സിപിഐ(എം) നേതൃത്വത്തിന്റെ ചെയ്തികള്‍വഴി പിന്നോട്ടടിക്കപ്പെടുന്ന നമ്മുടെ സംസ്ഥാനത്തിന്റെ പുരോഗമന രാഷ്ട്രീയത്തിന്റെ ദുരവസ്ഥയില്‍ നിരാശരാകരുതെന്നും ചരിത്രപാഠങ്ങളില്‍ നിന്ന് ഊര്‍ജ്ജം നേടി ശിരസ്സുയര്‍ത്തി നിന്ന് പൊരുതാനും കേരള സംസ്ഥാനത്തെ ഈ യഥാര്‍ത്ഥ ഇടതുപക്ഷചേരിയോട് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
സിപിഐ, സിപിഐ(എം) പാര്‍ട്ടികള്‍ അനുവര്‍ത്തിക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയമല്ല. നഗ്നമായ വലതുപക്ഷ നയങ്ങള്‍ സ്വീകരിച്ച്, മുതലാളിത്ത പാതയില്‍ നിലകൊള്ളുന്ന ഇക്കൂട്ടരുടേത് തൊഴിലാളികളെയും പണിയെടുക്കുന്നവരെയും അപമാനിക്കുന്ന ഇരട്ടത്താപ്പാണ്. ലേബര്‍ കോഡാണെങ്കിലും ദേശീയ വിദ്യാഭ്യാസ നയമാണെങ്കിലും പങ്കാളിത്ത പെന്‍ഷനാണെങ്കിലും ജിഎസ്‌ടിയാണെങ്കിലും അവയെ അപ്പടി പിന്തുടരുന്ന കേരള ഭരണത്തിന്റെ നയങ്ങളെ പ്രകീര്‍ത്തിക്കാന്‍ ഇവര്‍ സാധാരണ അണികളെ നിര്‍ബ്ബന്ധിക്കുകയാണ്. നാണംകെട്ട അഴിമതിയെയും സ്വജനപക്ഷപാതത്തെയും വെള്ളപൂശുന്നത് ഇനിയും തുടരാനാകുമോ? ഈ പാര്‍ട്ടികള്‍ കാട്ടുന്ന നിന്ദ്യമായ അവസരവാദത്തെയും രാഷ്ട്രീയ സദാചാരശൂന്യതയെയും ഇനിയും പിന്തുണയ്ക്കാനാവുമോ? ഇപ്രകാരം ആത്മവഞ്ചന നടത്താന്‍ ഇനിയും തങ്ങള്‍ക്കാവില്ലെന്ന് ഇടതുപക്ഷ അണികള്‍ നിലപാട് കൈക്കൊള്ളണം. അല്ലെങ്കില്‍ ഈ നയങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിന്റെ മാര്‍ഗ്ഗം അവലംബിക്കാന്‍ അവര്‍ നേതൃത്വത്തെ പ്രേരിപ്പിക്കണം.


സിപിഐ, സിപിഐ(എം) പാര്‍ട്ടികള്‍ മഹത്തായ കമ്മ്യൂണിസ്റ്റ് ദര്‍ശനത്തെ പൂര്‍ണ്ണമായും കൈവെടിഞ്ഞിരിക്കുന്നു. വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം ഇന്ത്യയില്‍ പ്രായോഗികമല്ല എന്ന പ്രഖ്യാപനം യാദൃശ്ചികമല്ല. പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ സങ്കുചിതനേട്ടങ്ങള്‍ മാത്രം ലക്ഷ്യമാക്കിയാണ് ആ പ്രസ്താവന വന്നിട്ടുള്ളത്. മാര്‍ക്‌സിസത്തെ ജീവിതത്തിന്റെ വഴികാട്ടിയായി കാണുന്ന സത്യസന്ധരായ ഇടതുപക്ഷവിശ്വാസികളില്‍ അത് വേദനയും ഞെട്ടലും സൃഷ്ടിച്ചുവെങ്കിലും കമ്മ്യൂണിസ്റ്റെന്ന പേരില്‍ അറിയപ്പെടുന്ന ഈ പാര്‍ട്ടികളുടെ വര്‍ഗ്ഗസ്വഭാവം ഉദാത്തമായ മാര്‍ക്‌സിസ്റ്റ് ദര്‍ശനത്തിന്റെ വെളിച്ചത്തില്‍ തിരിച്ചറിഞ്ഞിട്ടുള്ള എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്)ന് ഒരത്ഭുതവും തോന്നിയില്ല. ഈ പാര്‍ട്ടികളുടെ പതനത്തെ സംബന്ധിച്ച് എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) ന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയും സമുന്നത മാര്‍ക്‌സിസ്റ്റ് ചിന്തകനുമായ സഖാവ് ശിബ്‌ദാസ്‌ഘോഷ് നല്‍കിയിട്ടുള്ള മുന്നറിയിപ്പുകള്‍ എത്രമേല്‍ ശരിയാണെന്ന് വീണ്ടും തെളിയുകയാണ്. ചൂഷകവാഴ്ചയുടെ വിപ്ലവപരിവര്‍ത്തനമെന്ന ലക്ഷ്യം ഇന്ന് അവരുടെ വാക്കുകളില്‍ പോലുമില്ലാതായിരിക്കുന്നു. മൂലധനത്തിന്റെ നിക്ഷേപം ശക്തിപ്പെടുത്തി, വ്യവസായം സ്ഥാപിച്ച് രാജ്യത്തെ വികസിപ്പിക്കാമെന്ന സിദ്ധാന്തം മാത്രമാണ് ഇന്ന് അവരുടെ മുമ്പിലുള്ളത്. മാര്‍ക്‌സിസം അനാവരണം ചെയ്ത ചരിത്രപാഠത്തെ സ്വന്തം പ്രവര്‍ത്തനങ്ങളിലൂടെ കുഴിച്ചുമൂടിയവര്‍, ഇന്ന് വാക്കുകളിലൂടെ അത് പ്രഖ്യാപിച്ചി രിക്കുന്നു.


മുതലാളിത്തത്തെ മാനവരാശിയുടെ കൊടിയശത്രുവായി ജനങ്ങള്‍ സ്വന്തം ജീവിതാനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞ് പൊട്ടിത്തെറിക്കുന്ന ഈ നാളുകളില്‍, നമ്മുടെ പോരാട്ടവീഥിയില്‍ മാനവരാശിയുടെ മുന്നേറ്റത്തിന്റെ ദീപശിഖയായ മാര്‍ക്‌സിസം വെളിച്ചം പകരും. ഭയാനകമായ സാമ്പത്തിക അസമത്വവും ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രം സൃഷ്ടിക്കുന്ന, ഇത:പര്യന്തം മനുഷ്യന്‍ നേടിയെടുത്ത സമസ്ത മൂല്യങ്ങളുടെയും കുഴിമാടം ഒരുക്കുന്ന മുതലാളിത്ത-സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെയുള്ള വിപ്ലവമുന്നേറ്റത്തില്‍ മാര്‍ക്‌സി സം-ലെനിനിസം മാത്രമാണ് അപരാജിതമായ ആയുധം. ഒരു മുന്‍കൂര്‍ പ്രതിവിപ്ലവമെന്ന നിലയില്‍ ഫാസിസത്തില്‍ അഭയം പ്രാപിക്കുന്ന മുതലാളിത്തം മനുഷ്യനെയും മനുഷ്യഗുണങ്ങളെയുമാണ് ഇല്ലാതാക്കുന്നത്. മാര്‍ക്‌സിസം-ലെനിനിസം പകര്‍ന്നു നല്‍കുന്ന ചരിത്രബോദ്ധ്യം കൊണ്ടുമാത്രമേ ഫാസിസത്തിനെതിരായ പോരാട്ടത്തെ നയിക്കാനാവൂ. ഉദാത്തമായ കമ്മ്യൂണിസ്റ്റ് ദര്‍ശനത്തിന്റെ പതാകവാഹകരായിക്കൊണ്ട് ചരിത്രം ഭരമേല്‍പ്പിക്കുന്ന ഏതൊരു ദൗത്യവും ഏറ്റെടുക്കാന്‍ മുന്നോട്ടുവരണമെന്ന് എല്ലാ മനുഷ്യസ്‌നേഹികളോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

Share this post

scroll to top