നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലുയരുന്നത് വര്‍ഗീയതയുടെ കേളികൊട്ട്‌

image.jpg
Share

ആസന്നമായിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നിൽകണ്ട് മൂന്ന് മുന്നണികളും നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങൾ കേരളത്തിന്റെ സാമൂഹിക കെട്ടുറപ്പിനെ അപകടകരമായി ബാധിക്കുന്നതാണ്. വിദ്വേഷത്തിൽ അധി ഷ്ഠിതമായ മത, ജാതിബോധത്തെ പ്രീണിപ്പിക്കാനും അതിന്റെ ചാമ്പ്യന്മാർ ആവാനും ഇക്കൂട്ടർ കടുത്ത മത്സരമാണ് നടത്തുന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ നടന്ന കഠിനമായ നവോത്ഥാന പരിശ്രമങ്ങളുടെ വിലപ്പെട്ട ഫലങ്ങളെ തീർത്തും നിഷ്‌പ്രഭമാക്കാൻ പോന്നവയാണ് ഈ നീക്കങ്ങൾ.

ആസന്നമായിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ട് മൂന്ന് മുന്നണികളും നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങൾ കേരളത്തിന്റെ സാമൂഹിക കെട്ടുറപ്പിനെ അപകടകരമായി ബാധിക്കുന്നവയാണ് എന്ന് സാമാന്യമായി രാഷ്ട്രീയം നോക്കിക്കാണുന്ന ഏതൊരാൾക്കും മനസ്സിലാകും.
വിദ്വേഷത്തിൽ അധിഷ്ഠിതമായ മത ജാതിബോധത്തെ പ്രീണിപ്പിക്കാനും അതിന്റെ ചാമ്പ്യന്മാർ ആവാനും ഇക്കൂട്ടർ കടുത്ത മത്സരമാണ് നടത്തുന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ നടന്ന കഠിനമായ നവോത്ഥാന പരിശ്രമങ്ങളുടെ വിലപ്പെട്ട ഫലങ്ങളെ തീർത്തും നിഷ്‌പ്രഭമാക്കാൻ പോന്നവയാണ് ഈ നീക്കങ്ങൾ. ഇടതുപക്ഷം, പുരോഗമന പക്ഷം എന്നൊക്കെ കരുതപ്പെട്ടുപോരുന്നവരുടെ വഞ്ചനാത്മകമായ നീക്കങ്ങളാണ് ഏറ്റവും ആശങ്കയുണർത്തുന്നത്.

പുരോഗമനാത്മകമായ പരിശ്രമങ്ങളുടെയും ജനാധിപത്യ പ്രക്ഷോ ഭങ്ങളുടെയും അന്തരീക്ഷം ക്ഷയിച്ചതിനൊപ്പം ദുർബലമായ ഇടതു ബോധം ക്രമേണ എല്ലാത്തരം പ്രതിലോമകരമായ ആശയങ്ങൾക്കും വഴിമാറി കൊടുക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. മെച്ചപ്പെട്ട തൊഴിൽ അവകാശങ്ങൾക്കും ജനാധിപത്യ അവകാശങ്ങൾക്കുംവേണ്ടി പൊരുതുകയും അത് നേടിയെടുക്കുകയും ചെയ്ത് ഇന്ത്യക്കാകെ മാതൃക കാട്ടിയിരുന്ന കേരളം ഇന്ന് ഇന്ത്യയാകെ ജ്വലിക്കുന്ന പ്രക്ഷോഭാന്തരീക്ഷത്തിൽപോലും അതേ ഊഷ്മാവോടെ പങ്കുചേരുന്നില്ലെന്ന് മാത്രമല്ല, മത-ജാതി വിദ്വേഷങ്ങൾ ഊതിക്കത്തിച്ച് അതിന്റെ മറവിൽ തെരഞ്ഞെടുപ്പ് വിജയത്തിനായി ശ്രമിക്കുന്ന വേദനാജനകമായ കാഴ്ചയാണ് നാം കാണുന്നത്.
ഭരണസംവിധാനങ്ങൾ നിയന്ത്രിക്കുന്ന ഈ മുന്നണികളുടെയും ജാതി മത സമുദായ സംഘടനകളുടെയും സ്വാധീനത്തിലുള്ള ജനസമൂഹത്തിന്റെ സാമൂഹ്യബോധത്തെ അവർ അത്തരത്തിൽ പരിശീലിപ്പിച്ചെടുക്കുകയാണ്. ജനാധിപത്യരാഷ്ട്രീയ പ്രബുദ്ധതയോടെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങൾ കേരളത്തിൽ ജീവിച്ചിരിപ്പുണ്ട് എന്ന കാര്യം ഇക്കൂട്ടർ പരിഗണിക്കുന്നതേയില്ല.


കേരളത്തിൽ ഇന്ന് കാണുന്ന മൂന്നു പ്രമുഖ മുന്നണികളും ഭരണകക്ഷികൾ ആണ്. മാറിമാറി കേരളത്തിൽ അധികാരം പങ്കിടുന്ന എൽഡിഎഫ്, യുഡിഎഫ് മുന്നണികളാവട്ടെ, കേന്ദ്ര ഭരണം കൈയാളുന്ന ബിജെപി മുന്നണിയാവട്ടെ, തങ്ങളുടെ ഭരണകാല നടപടികൾ തെരഞ്ഞെടുപ്പുവേളയിൽ ജനങ്ങളുടെ നിഷ്‌കൃഷ്ടമായ പരിശോധനയ്ക്ക് വിധേയമാക്കാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് അവർ സമൂഹമനസ്സിൽ സംസ്കരിക്കപ്പെടാതെ കിടക്കുന്ന അധമ വാസനകളെയും വിദ്വേഷങ്ങളെയും ഉണർത്തിയും വളർത്തിയും ജ്വലിപ്പിച്ചുമാണ് തങ്ങൾ പ്രതിനിധാനം ചെയ്യുന്ന വർഗ്ഗ താൽപര്യങ്ങൾക്ക് അനുകൂലമായി ജനപിന്തുണ സമാഹരിക്കുന്നത്.
സംസ്കൃതിയെ പിറകോട്ട് വലിക്കുന്ന ഈ രീതി ഏറ്റവും വിദഗ്ദ്ധമായി നടപ്പിലാക്കുന്നത് ബിജെപിയാണ്. മുസ്ലിം വിരോധത്തി ല്‍ അധി‍ഷ്ഠിതമായ ഹിന്ദുത്വ ദർശനമാണ് അവരെ നയിക്കുന്നത്. പ്രതിസന്ധിഗ്രസ്തമായ മുതലാളിത്ത ത്തിന്റെ മരണാസന്നമായ ഈ ഘട്ടത്തിലെ അഭിലാഷങ്ങളെയാണ് അവർ പ്രതിനിധാനം ചെയ്യുന്നത്. കോൺഗ്രസാകട്ടെ, സ്വാതന്ത്ര്യസമര കാലഘട്ടം മുതലേ മുതലാളിവർഗ്ഗ താൽപര്യങ്ങളെ പ്രതിനിധാനം ചെയ്ത്, ജന്മിത്തത്തിന്റെ എല്ലാ ജീർണ്ണാവശിഷ്ടങ്ങളുമായി സന്ധിചെയ്തുകൊണ്ടാണ് അധികാരത്തിലേറിയത്. മത താൽപര്യങ്ങളുമായി സന്ധിചെയ്തുവെന്ന് മാത്രമല്ല രാഷ്ട്രീയലാക്കോടെ അവർ ഇന്നും ഇന്ത്യ ഞെട്ടലോടെ ഓർക്കുന്ന പല വർഗീയ കലാപങ്ങൾക്കും ചുക്കാൻ പിടിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ വർഗീയതയുടെ തേര് തെളിച്ചു മുന്നേറിയത് ബിജെപി ആണെന്ന് മാത്രം. കേരളത്തിലും സമാന തന്ത്രങ്ങളാണ് ഇക്കൂട്ടർ പയറ്റിയത്.


മലപ്പുറം ജില്ലാ രൂപീകരണം, നിലയ്ക്കൽ പള്ളി പ്രശ്നം, മാറാട് കലാപം, ശബരിമലസ്ത്രീപ്രവേശനം തുടങ്ങിയ വിഷയങ്ങളിലെല്ലാം ബിജെപി, വിദ്വേഷത്തിൽ അധിഷ്ഠിതമായ സ്വന്തം സ്വാധീനശക്തി വളർത്താൻ ഉപയോഗിച്ചു. വിദ്വേഷം ജ്വലിപ്പിക്കാൻ ശേഷിയുള്ള പ്രശ്നങ്ങളെ അവർ കാത്തിരിക്കുകയും ചെയ്യുന്നു. കോൺഗ്രസ്സും, ജാതിമതാധിഷ്ഠിത ചേരിതിരിവുകളെയും മത സംഘടനകളെയും രാഷ്ട്രീയ ലാഭത്തിനുവേണ്ടി യഥേഷ്ടം ഉപയോഗപ്പെടുത്തി. ജാതി- സമുദായ-സഭ സങ്കുചിത താൽപര്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന സംഘടനകളും പാർട്ടികളും രൂപം കൊണ്ടതോടെ അവ തമ്മിലുള്ള സംഘർഷങ്ങളും സാമൂഹിക ചേരിതിരിവുകളും പ്രത്യക്ഷമായി. ഇവകളെല്ലാം വോട്ട് ബാങ്ക് ആയി കണക്കാക്കി തങ്ങളുടെ ചേരിയിൽ നിർത്താൻ മുന്നണികൾ പരസ്പരം മത്സരിച്ചു.
ഈ മലീമസമായ രാഷ്ട്രീയക്കളിയിൽ സിപിഐ(എം) 1967ലെ ഐക്യമുന്നണി കാലത്തുതന്നെ പങ്കെടുത്തു തുടങ്ങിയിരുന്നു. സ്പീക്കർ ആകാൻ വേണ്ടി മുസ്ലിം ലീഗ് നേതാവായിരുന്ന സി.എച്ച്.മുഹമ്മദ് കോയയെകൊണ്ട് ലീഗ് അംഗത്വം രാജി വെപ്പിച്ച കോൺഗ്രസിനെ വെല്ലുവിളിച്ച് ലീഗുമായി മുന്നണി അവർ സഖ്യമുണ്ടാക്കി. സിഎച്ചിനെ ഇഎംഎസ് മന്ത്രിസഭയിൽ മന്ത്രിയാക്കി. കോൺഗ്രസ് സിഎച്ചിന്റെ തൊപ്പിയൂരിയപ്പോൾ അത് തിരികെ വയ്പ്പിച്ചത് ഞങ്ങളാണെന്ന് സിപിഐ(എം) ഊറ്റം കൊണ്ടു. തുടർന്നിങ്ങോട്ട്, തങ്ങളുടെ സമുദായത്തിലെ വരേണ്യ വിഭാഗത്തിലെ താൽപര്യങ്ങൾ പേറുന്ന മുസ്ലീം ലീഗിന്റെയും കേരള കോൺഗ്രസിന്റെയും ഓരോ കഷണങ്ങൾ ഇരുമുന്നണികളിലും മാറി മാറി ചേക്കേറി. എല്ലാ മുന്നണി ഭരണങ്ങളിലും അവർ പങ്കാളികളായി. എൻഎസ്എസ്, എസ്എൻഡി പി എന്നീ ജാതി സംഘടനകൾ എൻഡിപി, എസ് ആർപി എന്നിങ്ങനെ സ്വന്തം രാഷ്ട്രീയ കക്ഷികൾ രൂപീകരിച്ച് ഭരണ പങ്കാളികളായി.

സ്വന്തം പാർട്ടികൾ വച്ചുള്ള കച്ചവടം നഷ്ടമാണെന്ന് മനസ്സിലാക്കിയതോടെ പാർട്ടി പിരിച്ചുവിട്ട് ഇരുമുന്നണികളിലും സ്വന്തം നോമിനികളെ സ്ഥാനാർത്ഥികളാ ക്കാനും മന്ത്രിമാരാക്കാനും തരാതരംപോലെ മുന്നണികൾ മാറിമാറി പിന്തുണയ്ക്കാനും വേണ്ടി സമദൂരം, ശരിദൂരം തുടങ്ങിയ ഫോർമുലകൾക്ക്‌ രൂപംകൊടുത്തു. ബാബറി പള്ളി തകർത്തതിനെയും തീവ്ര ഹിന്ദുത്വ രാഷ്ട്രീയം ശക്തിപ്രാപിച്ചതിനെയും തുടർന്ന് കേരളത്തിലെ വിവിധ മുസ്ലിം വിഭാഗങ്ങൾ മുസ്‌ലിം ലീഗിനെ തള്ളിക്കളഞ്ഞ തീവ്ര നിലപാടുകളിലൂടെ പുതിയ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് രൂപം നൽകി.അതോടെ ഭരണമുന്നണികൾ ഇക്കൂട്ടരെ സ്വന്തം ചേരിയിൽ നിർത്താനും പങ്കിട്ടെടുക്കാനും മത്സരിച്ചു. തെരഞ്ഞെടുപ്പടുക്കുമ്പോൾ ഈ പാർട്ടികളുടെയും പിന്നിലുള്ള ജാതിമത ആസ്ഥാനങ്ങൾ കയറിയിറങ്ങി.അതേ സമയം തന്നെ തങ്ങളോടൊപ്പം നിൽക്കാത്തവരെ വർഗീയവാദികൾ എന്ന് വിളിക്കാനും അവർക്ക് യാതൊരു ഉളുപ്പുമില്ലാതായി.
ഈയൊരു പശ്ചാത്തലത്തിൽ വേണം തെരഞ്ഞെടുപ്പ് അടുത്തതോടെ, തങ്ങൾക്കനുകൂലമായി ചില വിഭാഗങ്ങളുടെ പിന്തുണ ലക്ഷ്യമാക്കിക്കൊണ്ടുള്ള പുതിയ നീക്കങ്ങളെ കാണേണ്ടത്. സിപിഐ(എം) സംസ്ഥാന സെക്രട്ടറിയുടെ മുസ്ലിം ലീഗ് വിരുദ്ധ പ്രസ്താവനകൾ ‘മാറുന്ന’ കാലത്തിനൊത്ത ‘അവസരോചിത വാദ’മായി കാണാം. ഇടത് പുരോഗമന മൂല്യ സങ്കല്പങ്ങൾ ഉയർന്നുനിന്ന കേരളത്തിന്റെ പൊതുബോധത്തിൽ സ്ഥാനം ലഭിച്ചു വരുന്ന മുസ്ലിം വിരുദ്ധതയിൽ നിക്ഷേപമിറക്കാനാണ് സിപിഐ(എം) ശ്രമിക്കുന്നത്.


മൂന്നു മുന്നണികളും നടത്തുന്ന കേരള യാത്രകൾ ജനങ്ങൾ അഭിമുഖീകരിക്കുന്ന അന്തമില്ലാത്ത പ്രശ്നങ്ങളെ മുൻനിർത്തിയുള്ളതല്ല. സമുദായ നേതാക്കളുടെയും വൻകിട ബിസിനസ്സുകാരുടെയും അതിസമ്പന്നന്മാരുടെയും അരമനകൾ കയറിയിറങ്ങി കച്ചവടം ഉറപ്പിച്ച് യാത്രകൾ മുന്നേറുകയാണ്.
സ്വാതന്ത്ര്യസമരകാലത്തെ പ്രക്ഷുബ്ദ്ധതയും ന്യായയുക്തതയെയും ഓർമിപ്പിക്കുന്ന കർഷകപ്രക്ഷോഭം ഡൽഹിയിൽ 150ല ധികം പേർ ജീവൻ നൽകി ജ്വലിച്ചു മുന്നേറുമ്പോൾ, രാജ്യമാസകലം മോദി സർക്കാരിന്റെ കടന്നാക്രമണങ്ങൾക്കെതിരെ ജനങ്ങൾ ഉണർന്നു തുടങ്ങുമ്പോൾ, കേരളത്തിൽ ഒരു തെരഞ്ഞെടുപ്പ് വേളയുടെ രാഷ്ട്രീയാന്തരീക്ഷത്തിൽപോലും അതിന്റെ ചൂട് തൊട്ടു തീണ്ടിക്കാതെ തമിഴ്‌നാട് മോഡൽ ഓണക്കിറ്റ് രാഷ്ട്രീയവും വർഗീയതയും വിഷയമാക്കി കടത്തിയെടുക്കാനാണ് മുന്നണികൾ ശ്രമിക്കുന്നത്.
സാധാരണക്കാരനായ ഓരോ മനുഷ്യന്റെയും ജീവിതത്തെ നിലവിലെ അവസ്ഥയിൽ നിന്ന് താഴേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുന്ന നടപടികൾ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഇടതടവില്ലാതെ ആവിഷ്കരിച്ചു കൊണ്ടിരിക്കുമ്പോൾ, അവയെ ചെറുക്കാനുള്ള രാഷ്ട്രീയ പ്രബുദ്ധത ഉയർന്നുവരണം. അതിനു വിഘാതം സൃഷ്ടിക്കുന്ന മൂന്നു ഭരണ മുന്നണികളുടെയും തന്ത്രങ്ങളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കണം.

മാർക്സിസത്തിന്റെ അടിസ്ഥാനമായ വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന ശാസ്ത്രീയ ദർശനം ദൈവ വിശ്വാസത്തിന് എതിരാണെന്നും അതിനാൽ ഇന്ത്യയിൽ അത് പ്രായോഗികമല്ലെന്നും പ്രസ്താവിച്ചുകൊണ്ട് സിപിഐ(എം) കേന്ദ്ര കമ്മിറ്റി അംഗം നൽകുന്ന സന്ദേശം ഏതു വിഭാഗത്തെ ലക്ഷ്യംവെച്ചാണെന്ന് വ്യക്തം. അല്ലെങ്കിൽ ശാസ്ത്രം ഇന്ത്യയ്ക്ക് ബാധകമല്ല എന്ന അബദ്ധ സിദ്ധാന്തം പേരിലെങ്കിലും കമ്മ്യൂണിസ്റ്റ് എന്ന് ഉപയോഗിക്കുന്ന ഒരു പാർട്ടിയുടെ കേന്ദ്ര നേതാവിന്റെ നാവിൽ നിന്ന് വരില്ലതന്നെ. ക്രിസ്ത്യൻ സഭകൾ തമ്മിലുള്ള രൂക്ഷമായ വഴക്കുകളെ തുടർന്നുണ്ടായ ഭിന്നിപ്പുകളെ തങ്ങൾക്കനുകൂലമാക്കി മാറ്റാൻ മൂന്നു മുന്നണികളും തമ്മിൽ നടത്തുന്ന മത്സരം കൗതുകകരമാണ്.
ക്രിസ്ത്യൻ വിഭാഗത്തിനിടയിൽ മുസ്‌ലിംവിരുദ്ധ ത സൃഷ്ടിക്കാനും ശ്രമം നടക്കുന്നു. ശബരിമല വിഷയം യുഡിഎഫ്, ബിജെപി മുന്നണികൾ വീണ്ടും ഉയർത്തിക്കൊണ്ടു വരുന്നതും, ഇക്കാര്യത്തിൽ സിപിഐഎമ്മിന്റെ അഴകുഴമ്പൻ നിലപാടും ജനങ്ങളെ വിഭജിച്ചു വോട്ട് നേട്ടം ഉണ്ടാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ളതുത ന്നെയാണ്. ഹലാൽ ഭക്ഷണത്തിന്റെ പേരിൽ പുതിയ വിവാദങ്ങൾ ഉണ്ടാക്കുന്നതിന്റെ പിന്നിലെ ഉദ്ദേശ്യവും ഇതുതന്നെ. തെരഞ്ഞെടുപ്പ് അടുക്കം ഇത്തരത്തിൽ വിദ്വേഷം വളർത്താൻ ശേഷിയുള്ള മറ്റെന്തെങ്കിലും വിഷയങ്ങൾ കണ്ടെത്തി ആനയിച്ചു കൊണ്ടുവന്നാലും അതിശയിക്കാനില്ല.

Share this post

scroll to top