രാജ്ഭവന്‍ മാര്‍ച്ച്: കര്‍ഷകസമരം ചരിത്ര വിജയം നേടും – മനീഷ് ശ്രീവാസ്തവ

IMG-20201211-WA0028.jpg
Share

കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദേശീയ തലത്തില്‍ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തെ അടിച്ചമര്‍ത്താമെന്നത് കേന്ദ്രസര്‍ക്കാരിന്റെ വ്യാമോഹം മാത്രമാണെന്നും കര്‍ഷകസമരം ചരിത്രവിജയം നേടുമെന്നും ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷസമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നേതാക്കളിലൊരാളായ മനീഷ് ശ്രീവാസ്തവ പറഞ്ഞു. എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) പാര്‍ട്ടിയുടെയും അഖിലേന്ത്യാ കിസാന്‍ ഖേദ് മസ്ദൂര്‍ സംഘടനയുടെയും (AIKKMS) സംയുക്താഭിമുഖ്യത്തില്‍ നടത്തിയ രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷക സംഘടനയുടെ മധ്യപ്രദേശ് സംസ്ഥാന സെക്രട്ടറി കൂടിയാണ് അദ്ദേഹം. കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിന് പകരം സമരം ചെയ്യാനെത്തിയവരെ ഡല്‍ഹിയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ വെച്ച് തന്നെ തടയുകയാണ് യു.പിയിലെ ബി.ജെ.പി സര്‍ക്കാര്‍ ചെയ്തത്. രാജ്യത്തെ ലക്ഷകണക്കിന് കര്‍ഷകര്‍ സമരം ചെയ്യുമ്പോള്‍ അവരെ ഖാലിസ്ഥാനികള്‍ എന്ന് വിളിച്ച് അധിക്ഷേപിക്കാനും പോലീസിനെ ഉപയോഗിച്ച് തകര്‍ക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതുകൊണ്ടൊന്നും സമരത്തെ തകര്‍ക്കാനാവില്ല, മാത്രമല്ല അക്കരാണത്താല്‍ തന്നെ സമരം കൂടുതല്‍ ശക്തിപ്പെടും. ഈ സമരം രാജ്യത്തിന് അന്നം നല്‍കുന്ന കര്‍ഷകരെ രക്ഷിക്കാനുള്ള സമരമാണ്. കര്‍ഷക സമരത്തിന് നേരേ കേന്ദ്ര മോദി സര്‍ക്കാര്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.രാജ്ഭവനിലേയ്ക്ക് നടത്തിയ മാര്‍ച്ച് സംസ്ഥാന സര്‍ക്കാരിന്റെ പോലീസ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി രാജ്ഭവന് വളരെ അകലെവെച്ച് തടഞ്ഞ നടപടിയെ പാര്‍ട്ടി നേതാക്കള്‍ അപലപിച്ചു. എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടേറിയറ്റംഗം ആര്‍.കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടേറിയറ്റംഗങ്ങളായ ജയ്‌സണ്‍ ജോസഫ്, ടി.കെ സുധീര്‍കുമാര്‍, എസ്.രാജീവന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ ജില്ലകളില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരും കര്‍ഷക സംഘടനാ നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു.

Share this post

scroll to top