കുത്തകാനുകൂല നയങ്ങള്‍ക്ക്മറയിടുന്ന കേന്ദ്രബജറ്റ്

Union-Budget.jpg
Share

സാധാരണ ജനങ്ങൾ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങളെല്ലാം കേന്ദ്ര ബജറ്റില്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നു. വൻകിട കോർപ്പറേറ്റുകളെ വളർത്തി തകരുന്ന സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാനായി നടത്തുന്ന വ്യർത്ഥ പരിശ്രമങ്ങളുടെ ഭാഗമായുള്ള ബിജെപി സർക്കാരിന്റെ അടിസ്ഥാന സാമ്പത്തിക സമീപനവും മാറ്റമില്ലാതെ ഈ ബജറ്റിലും തുടരുന്നു. വൻകിട കോർപ്പറേറ്റുകൾക്ക് വിവിധ മാർഗങ്ങളിലൂടെ സബ്‌സിഡികളും നികുതി ഇളവുകളും നൽകുമ്പോൾ, ജനജീവിതത്തെ നേരിട്ടുബാധിക്കുന്ന ചെലവുകൾ വന്‍തോതിൽ വെട്ടിക്കുറച്ചു. നിലവിലുള്ള പദ്ധതികളില്‍ പലതും ഈ ബജറ്റിലും ധനമന്ത്രി ആവർത്തിച്ചു.

മുമ്പ് നടത്തിയ ചില പ്രഖ്യാപനങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും “എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച” ലക്ഷ്യമിട്ടുകൊണ്ട് ഇതുവരെ എന്തുനടപടികള്‍ കൈക്കൊണ്ടു എന്നുപറയുന്നില്ല. ബജറ്റ് പ്രസംഗത്തിൽ, പ്രധാനപ്പെട്ട കണക്കുകളെക്കുറിച്ചോ കൃത്യമായ പ്രവർത്തന പദ്ധതികളെക്കുറിച്ചോ ഒരു പരാമർശവും കാണുന്നില്ല. ഒരു വലിയ സംഖ്യ ചെലവിനത്തിൽ വാഗ്ദാനം ചെയ്യുക, അടുത്ത വർഷം അവതരിപ്പിക്കുന്ന പരിഷ്‌ക്കരിച്ച കണക്കുകളിൽ അത് നിശബ്ദമായി ഒഴിവാക്കുക, തുടർന്ന് കുറച്ച് വർഷങ്ങൾക്കുശേഷം യഥാർത്ഥ കണക്കുകൾ വരുമ്പോൾ അവയെ കൂടുതൽ താഴ്ത്തുക – ഇതാണ് അനുവർത്തിക്കുന്ന തന്ത്രം.


രൂക്ഷമായ തൊഴിലില്ലായ്മയും വരുമാനത്തിലെ ഇടിവുമാണ് തിരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ തിരിച്ചടിയുടെ പ്രധാനകാരണങ്ങള്‍. അടിസ്ഥാന ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വില ആകാശംമുട്ടെ കുതിച്ചുയരുകയാണ്. കഴിഞ്ഞ ജൂണിൽ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 9.5 ശതമാനം കടന്നിരുന്നു. ജനം പ്രതീക്ഷിക്കുന്നത് കേവലം പൊള്ളയായ വാചകമടിയല്ല. വിലക്കയറ്റത്തെ പ്രതിരോധിക്കുന്നതിനായി, വിതരണശൃംഖല ശക്തിപ്പെടുത്തുകയും പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത, വിവിധ കൃത്രിമങ്ങൾ, കൃത്രിമക്ഷാമം സൃഷ്ടിക്കൽ എന്നിവ തടയാന്‍ നടപടികള്‍ സ്വീകരിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. എന്നാൽ ഇക്കാര്യത്തിൽ സർക്കാർ നിസംഗത പാലിക്കുന്നു. ഗാർഹിക ഉപഭോഗ സർവേയുടെ വിശകലനം കാണിക്കുന്നത്, 80 ശതമാനത്തിലധികം ആളുകളും പ്രതിദിനം 200 രൂപയിൽ താഴെമാത്രമാണ് ചെലവഴിക്കുന്നതെന്നാണ്. ഏകദേശം 34 ശതമാനം ആളുകൾ പ്രതിദിനം 100 രൂപയിൽതാഴെയാണ് ചെലവഴിക്കുന്നത്. ഗാർഹിക സമ്പാദ്യം 47 വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് താഴ്ന്നു. അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ ജേണൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, സർവേയിൽ പങ്കെടുത്ത 92 രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ സീറോ ഫുഡ് കുട്ടികൾ ഉള്ളത് ഇന്ത്യയിലാണെന്ന് കണ്ടെത്തി (6.7 ദശലക്ഷം അല്ലെങ്കിൽ ഏകദേശം 7 കോടി). ഇന്ത്യയിലെ ജനത വരുമാന പ്രതിസന്ധി നേരിടുന്നു എന്നതാണ് യാഥാർത്ഥ്യം.


സര്‍ക്കാരിന്റെ ചീഫ് ഇക്കണോമിക് അഡ്വൈസർ, ബജറ്റ് അവതരണത്തിന് ഒരു ദിവസംമുമ്പ് പ്രസിദ്ധീകരിച്ച സാമ്പത്തിക സർവേ പറയുന്നു: “മൊത്തം തൊഴിലെടുക്കുന്ന ആളുകളുടെ എണ്ണം 2018 സാമ്പത്തിക വർഷത്തിൽ 34.7 ശതമാനമായിരുന്നത് 2024 സാമ്പത്തിക വർഷത്തിൽ 44.2 ശതമാനമായി വർദ്ധിച്ചു. ഈ കാലയളവിൽ തൊഴിലാളികളുടെ എണ്ണം 168 ദശലക്ഷം വർദ്ധിച്ച് 643.3 ദശലക്ഷമായി. കൂടാതെ, 2022-23 സാമ്പത്തിക വർഷത്തിലെ 596.7 ദശലക്ഷത്തിൽനിന്ന് 46.6 ദശലക്ഷം കൂട്ടിച്ചേർത്തുകൊണ്ട് 2023-24 സാമ്പത്തിക വർഷത്തിൽ മൊത്തം തൊഴിലവസരങ്ങൾ 643.3 ദശലക്ഷമായി വർദ്ധിച്ചു.” സർവേ ഒരേസമയം രണ്ടുതന്ത്രങ്ങളാണ് പയറ്റുന്നത്. ഒരു ദശാബ്ദക്കാലത്തെ തൊഴിലില്ലായ്മ വളർച്ചയെ സര്‍വേ അവഗണിക്കുന്നു. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ തൊഴിൽ വീണ്ടെടുക്കൽ ഉണ്ടെന്നാണ് നിഗമനം.
“2020-21 കാലയളവിൽ കോവിഡ് -19 മഹാമാരി ഉണ്ടായിട്ടും, 2018-22 കാലയളവിൽ, പ്രതിവർഷം ശരാശരി 20 ദശലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ എന്നനിലയിൽ, ഇന്ത്യ 80ദശലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു” എന്ന് ബിജെപി സർക്കാർ കഴിഞ്ഞ ജൂണിൽ ഒരു പ്രസ്താവനയിൽ അവകാശപ്പെടുകയുണ്ടായി. (ബിസിനസ് സ്റ്റാൻഡേർഡ് 08-06-24). പ്രശ്നമുണ്ടെന്ന് അംഗീകരിക്കാതിരുന്നാല്‍ അത് പരിഹരിക്കേണ്ടതില്ലല്ലോ.
ഒരു ബജറ്റ് പദ്ധതി പ്രകാരം എല്ലാ ഔപചാരിക മേഖലകളിലും പുതുതായി ജോലിയിൽ പ്രവേശിക്കുന്ന എല്ലാ വ്യക്തികൾക്കും ഒരു മാസത്തെ വേതനം സർക്കാർ നൽകും. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആദ്യജോലിക്കാർക്ക് മൂന്നുഗഡുക്കളായി ഒരു മാസത്തെ ശമ്പളത്തിന്റെ നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റം 15,000 രൂപവരെ ആയിരിക്കും. എന്നാൽ, പ്രാഥമിക ഡാറ്റ കാണിക്കുന്നത് 2023 നവംബറിൽ മുൻമാസത്തെ അപേക്ഷിച്ച് ഇപിഎഫ്ഒയുടെ പുതിയ വരിക്കാരിൽ 5 ശതമാനം ഇടിവും എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനിൽ 0.5 ശതമാനം ഇടിവും ഉണ്ടായിയെന്നാണ്.


രണ്ടാമതായി, സർക്കാർഫണ്ടിൽനിന്നുള്ള ഗ്യാരന്റിയോടെ 7.5 ലക്ഷം രൂപവരെയുള്ള വായ്പകൾ സുഗമമാക്കുന്നതിന് മോഡൽ സ്കിൽ ലോൺ സ്കീം പരിഷ്കരിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. സർക്കാർ പദ്ധതികൾക്കും നയങ്ങൾക്കുംകീഴിൽ ഒരു ആനുകൂല്യത്തിനും അർഹതയില്ലാത്ത യുവാക്കളെ സഹായിക്കുന്നതിനായി, ആഭ്യന്തരസ്ഥാപനങ്ങളിൽ ഉന്നതവിദ്യാഭ്യാസത്തിനായി 10 ലക്ഷം രൂപവരെയുള്ള വായ്പകൾക്ക് മന്ത്രി സാമ്പത്തികസഹായം പ്രഖ്യാപിച്ചു. അതായത്, ഒരു നിശ്ചിത തൊഴിൽ വിപണിയിൽ പ്രവേശിക്കുന്നതിനു മുമ്പുതന്നെ കടക്കെണിയിൽ യുവാക്കൾ കുടുങ്ങുമെന്നര്‍ത്ഥം.
മൂന്നാമതായി, അടുത്ത അഞ്ചുവർഷത്തിനുള്ളിൽ 4.1 കോടി യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും നൈപുണ്യവികസനത്തിനുമായി 2 ലക്ഷംകോടിരൂപ ചെലവഴിക്കുമെന്ന് സർക്കാർ അവകാശപ്പെടുന്നു. മതിയായ നൈപുണ്യമുള്ളവരുടെ ലഭ്യതയില്ലായ്മയുടെപേരിൽ തൊഴിലില്ലായ്മ പ്രശ്നത്തെ ന്യായീകരിക്കാൻ കഴിഞ്ഞ കുറേ വർഷങ്ങളായി സർക്കാരിനെ സഹായിക്കുന്ന ഒരു സൗകര്യപ്രദമായ പദമാണ് ഈ ‘നൈപുണ്യ വികസനം’. നൈപുണ്യമാണ് പ്രശ്‌നമെങ്കിൽ, ഇന്ത്യയിലെ യുവ ബിരുദധാരികളിൽ 29 ശതമാനവും തൊഴിൽരഹിതരാണെന്ന് ഐഎൽഒ കണക്കാക്കുന്നത് എന്തുകൊണ്ടാണ്? 2024ലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ബിരുദധാരികളിൽ ഏകദേശം 38% പേർക്ക് ഇപ്പോഴും ജോലി ലഭിക്കാത്തത് എന്തുകൊണ്ടാണ്? വിവരാവകാശ അപേക്ഷകളിലൂടെ ലഭിച്ച വിവരങ്ങളാണിത്. 2021-ൽ 19%, 2022-ൽ 21% എന്നിങ്ങനെ സ്ഥിരമായ വർദ്ധനവോടെ ഈ കണക്ക് മൂന്നു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ശതമാനം രേഖപ്പെടുത്തുന്നു.


ഒടുവിലായി, ഒരു പ്രതിവിധി എന്ന നിലയിൽ, “5 വർഷത്തിനുള്ളിൽ 1 കോടി യുവാക്കൾക്ക് 500 മുൻനിരകമ്പനികളിൽ ഇന്റേൺഷിപ്പ് അവസരങ്ങൾ നൽകുന്നതിനുള്ള സമഗ്രമായ ഒരു പദ്ധതി ആരംഭിക്കുമെന്ന് ബജറ്റ് പ്രഖ്യാപിച്ചു. അവർ യഥാർത്ഥ ബിസിനസ്സ് അന്തരീക്ഷം, വ്യത്യസ്‌ത തൊഴിലുകൾ, തൊഴിലവസരങ്ങൾ എന്നിവയുമായി 12 മാസത്തെ പരിചയംനേടും. പ്രതിമാസം 5,000 രൂപ ഇന്റേൺഷിപ്പ് അലവൻസിനൊപ്പം 6,000 രൂപ ഒറ്റത്തവണ സഹായവും നൽകും. കമ്പനികൾ ഇതിന്റെ പരിശീലനച്ചെലവും ഇന്റേൺഷിപ്പിന്റെ 10 ശതമാനവും അവരുടെ സിഎസ്ആർ ഫണ്ടിൽ (കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി) നിന്ന് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു..” ഓരോ കമ്പനിയും ശരാശരി 20,000 ഇന്റേണുകളെ എടുക്കും. ഗംഭീരം! എന്നാൽ ഡിമാൻഡ് കൂടാതിരിക്കുകയും ഉൽപ്പാദനശേഷി അതേപടി നിൽക്കുകയും ചെയ്യുമ്പോൾ, കൂടുതൽ തൊഴിലാളികളെ ചേർത്തുകൊണ്ട് ലാഭംകുറയ്ക്കുന്ന പണിക്ക് ഏതുകമ്പനിയാണ് തയ്യാറാകുന്നത്? രണ്ടാമതായി, ഒരു വർഷത്തിനുശേഷം ഈ ഇന്റേണുകൾക്ക് എന്തുസംഭവിക്കും? അവരെ സ്ഥിരപ്പെടുത്തു മൊ, അതോ പുറത്താക്കുമോ? അതിന് ഉത്തരമില്ല. വാസ്തവത്തിൽ, ഇത് തുച്ഛമായ വേതനത്തിലുള്ള നിശ്ചിത കാലയളവിലെ ജോലി മാത്രമാണ്. കമ്പനിക്കുവേണമെങ്കിൽ, ഈ പദ്ധതിയിലൂടെ ഒരു വർഷത്തേക്ക് കുറഞ്ഞനിരക്കിൽ തൊഴിലാളികളെ ലഭിക്കും. വാസ്തവത്തിൽ, കോർപ്പറേറ്റുകൾക്ക് ഇത് കൂടുതൽ പ്രോത്സാഹനമാണ്. കൂടാതെ, നിലവിൽ, ഏറ്റവും മുന്‍പന്തിയിലുള്ള 500 കമ്പനികളിൽ 73 ലക്ഷം ജീവനക്കാരാണ് ശമ്പളപ്പട്ടികയിലുള്ളത്. അതിൽ 137 കമ്പനികളിൽ മാത്രമാണ് പതിനായിരത്തിലധികം ജീവനക്കാരുള്ളത്. ഇപ്പോൾ 10,000 ൽതാഴെ ജീവനക്കാരുള്ള കമ്പനികൾക്ക് ഒരു വർഷത്തേക്കുപോലും 20,000 ഇന്റേണുകളെ ഉൾക്കൊള്ളാൻ എങ്ങനെ കഴിയും? എന്തൊരു അസംബന്ധം! നിലവിൽ പല ദേശസാൽകൃത ബാങ്കുകളും പൊതുമേഖലാ സ്ഥാപനങ്ങളും ഒരു വർഷത്തേക്ക് പ്രതിമാസം 15,000 രൂപ ശമ്പളത്തിൽ അപ്രന്റീസുമാരെ റിക്രൂട്ട് ചെയ്യുന്നുണ്ട്. ഇന്ത്യയുടെ സൈന്യത്തിലെ ‘അഗ്നിവീറുകളെ’ പോലെ അവരുടെ ഭാവിയും അനിശ്ചിതത്വത്തിലാണ്. അതായത്, രോഗനിർണയം ശസ്ത്രക്രിയ വേണമെന്നു പറയുമ്പോൾ ധനമന്ത്രിയാകട്ടെ, വെറും വേദനാസംഹാരികളാണ് വച്ചുനീട്ടുന്നത്. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനും (ഐഎൽഒ) ഹ്യൂമൻ ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടും പ്രസിദ്ധീകരിച്ച ഇന്ത്യ എംപ്ലോയ്‌മെന്റ് റിപ്പോർട്ട്-2024 അനുസരിച്ച്, ‘കഴിഞ്ഞ 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മയാണ് ഇപ്പോഴുള്ളതെന്നും തൊഴിലില്ലാത്തവരിൽ 83 ശതമാനവും 34 വയസ്സിന് താഴെയുള്ളവരാണെന്നും’ ഓര്‍ക്കുക. കുറഞ്ഞ യോഗ്യതയും വൈദഗ്ദ്ധ്യവും ആവശ്യമുള്ള തൊഴിലുകൾ ചെയ്യേണ്ടിവരുന്നവരും സ്വയംതൊഴിൽ ചെയ്യുന്നവരും ധാരാളം. എന്നാൽ സർക്കാര്‍ ഇതൊന്നും കാണുന്നില്ല. സർക്കാർ വകുപ്പുകളിൽ നിലവിൽ 9.64 ലക്ഷത്തിലധികം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. എന്തുകൊണ്ടാണ് സർക്കാർ വകുപ്പുകളിലും ബാങ്കുകളിലും സ്ഥിരജോലികളിൽ കരാർ ജീവനക്കാരെ തുച്ഛമായ വേതനത്തിൽ പണിയെടുപ്പിക്കുന്നത്? 93% തൊഴിലാളികളും, തൊഴിൽ സുരക്ഷിതത്വമോ, മിനിമം വേതനമോ, സാമൂഹിക സുരക്ഷിതത്വമോ ഇല്ലാത്ത അസംഘടിത മേഖലയിൽ കഴിയുന്നത് എന്തുകൊണ്ടാണ്? ഈ പ്രശ്‌നങ്ങളൊന്നും ധനമന്ത്രി പരിഗണിച്ചിട്ടില്ല. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയുടെ ബജറ്റ് വിഹിതം 86,000 കോടി രൂപയിൽ തന്നെ പിടിച്ചുനിർത്തുന്നത് എന്തുകൊണ്ടാണെന്നും വിശദീകരിക്കുന്നില്ല. കഴിഞ്ഞ വർഷം ചെലവഴിച്ചതിന് തുല്യമാണിതെങ്കിലും, അത് യഥാർത്ഥത്തിൽ 5 ശതമാനം കുറവാണ്. ഈ സാമ്പത്തിക വർഷത്തിൽ 5.8 കോടി ആളുകൾ ഇതിനകം ജോലി ആവശ്യപ്പെടുകയും 25 ലക്ഷം പുതിയ ആളുകളെ പദ്ധതി പ്രകാരം ജോലി ലഭിക്കുന്നതിന് അർഹതയുള്ള ജോബ് കാർഡിൽ ഉൾപ്പെടുത്തുകയും ചെയ്തപ്പോഴാണിത്. പല അപേക്ഷകരെയും മനഃപൂർവം പദ്ധതിക്ക് പുറത്തുനിർത്തുന്നതായും, അതിനാൽ ആവശ്യകത കുറയുന്നതായി കാണിക്കുകയും അതുവഴി കുറഞ്ഞ ഫണ്ടുവിഹിതത്തെ ന്യായീകരിക്കുകയും ചെയ്യുന്നതായും റിപ്പോർട്ടുണ്ട്. ഏറ്റവും ചുരുങ്ങിയ നിലയിലെങ്കിലും ജീവിക്കാനുള്ള നിയമാനുസൃതമായ അവകാശംപോലും നിഷേധിക്കപ്പെടുകയാണിവിടെ.


വിദ്യാഭ്യാസവും ആരോഗ്യപരിപാലനവും ഏറ്റവും പ്രധാനപ്പെട്ട രണ്ട് സാമൂഹ്യക്ഷേമ മേഖലകളാണ്. ഈ രണ്ടുമേഖലകൾക്കുംകീഴിലുള്ള സേവനങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഉത്തരവാദിത്തം, ജനാധിപത്യ സർക്കാരിൽ നിക്ഷിപ്തമാണ്. സാർവത്രിക വിദ്യാഭ്യാസം എന്നാൽ സർക്കാർ ധനസഹായത്തോടെയുള്ള വിദ്യാഭ്യാസം എന്നാണ് അർത്ഥം. എന്നാൽ, ആഗോളവൽക്കരണ-ഉദാരവൽക്കരണ നിർദേശങ്ങൾ പിന്തുടർന്ന്, ബിജെപി സർക്കാർ രണ്ടുമേഖലകളും കൊള്ളലാഭമടിക്കാനുള്ള മേഖലകളാക്കി സ്വകാര്യ ഓപ്പറേറ്റർമാർക്ക് കൈമാറുകയാണ്. സർക്കാരിന്റെ കീഴിലുള്ള മതേതര-ശാസ്ത്രീയ-ജനാധിപത്യ-സാർവത്രിക വിദ്യാഭ്യാസം നിർത്തലാക്കപ്പെട്ടിട്ട് വളരെക്കാലമായി. ദേശീയ വിദ്യാഭ്യാസ നയം-2020 ശവപ്പെട്ടിയിലെ അവസാന ആണിയാണ്. പൊതുവിദ്യാഭ്യാസത്തിന് ഫലത്തിൽ നേരിട്ടുള്ള പിന്തുണയില്ല. കഴിഞ്ഞ ഫെബ്രുവരിയിലെ ഇടക്കാല ബജറ്റിൽ യുജിസിക്കുണ്ടായിരുന്ന ബജറ്റ് വിഹിതം 6,409 കോടി രൂപയിൽ നിന്ന് 2,500 കോടി രൂപയായി കുറച്ചു. ഇത്തവണ 48.2 ലക്ഷം കോടിയിലധികം വരുന്ന മൊത്തബജറ്റിൽ 1.25 ലക്ഷം കോടി മാത്രമാണ് വിദ്യാഭ്യാസമേഖലയ്ക്ക് അനുവദിച്ചിരിക്കുന്നത്. ഇതിനർത്ഥം, ഇതുവരെ വിദ്യാഭ്യാസത്തിനായി കേന്ദ്രബജറ്റിന്റെ 10% ചെലവഴിക്കണമെന്നു വാദിച്ചുകൊണ്ടിരുന്ന സ്ഥാനത്ത് ബിജെപി സർക്കാർ ക്രമേണ 2.59% ആയി കുറച്ചിരിക്കുന്നു. ജിഡിപിയുടെ 6% ആവശ്യമുള്ള സ്ഥാനത്ത് ഇപ്പോൾ വിദ്യാഭ്യാസ ബജറ്റ് നിലവിലെ ജിഡിപിയുടെ 0.38% മാത്രമാണ്. ഈ വിഹിതം കുറഞ്ഞ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുപോലും തികയില്ല. ഉച്ചഭക്ഷണ പദ്ധതിക്ക് 2022-23 ൽ 12,800 കോടി രൂപ അനുവദിച്ച സ്ഥാനത്ത് 2023-24ൽ 11,600 കോടിരൂപയാണ് അനുവദിച്ചത്. ഈ വർഷം 213.5 കോടി രൂപ കുറച്ചു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പൊതുവിദ്യാഭ്യാസ സമ്പ്രദായം ക്രമേണ ഇല്ലാതാക്കി ഈ മേഖല വെള്ളിത്താലത്തിൽ സ്വകാര്യ മുതലാളിമാർക്ക് കൈമാറുകയാണ്.
നിർണായകമായ ആരോഗ്യമേഖലയുടെ കാര്യവും ഇങ്ങനെ തന്നെ. കോവിഡ് 19 പകർച്ചവ്യാധിയുടെ സമയത്ത് ആശുപത്രി കിടക്കകൾ, ഡോക്ടർമാർ, നഴ്‌സുമാർ, മെഡിക്കൽ അസിസ്റ്റന്റുമാർ, മരുന്നുകൾ, ഓക്സിജൻ സിലിണ്ടറുകൾ എന്നിവയുടെ ദൗർലഭ്യം വളരെയേറെ പ്രകടമായിരുന്നു. ആരോഗ്യ മേഖലയ്ക്കായി, ധനമന്ത്രി ഈ വർഷം 87,565 കോടി രൂപ അനുവദിച്ചു, അത് 12.56% വർദ്ധനവാണെന്നും ജിഡിപിയുടെ 2.5% ആണെന്നും വീമ്പിളക്കി. എന്നാൽ യഥാര്‍ത്ഥത്തില്‍ മൊത്തം ബജറ്റിന്റെ 1.81% മാത്രമാണ് വിഹിതമെന്നും പണപ്പെരുപ്പവുമായി തട്ടിച്ചുനോക്കുമ്പോൾ അത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറവാണെന്നും കാണാം. ഇടക്കാല ബജറ്റിലേതിനേക്കാൾ കുറവാണ് ആരോഗ്യ മേഖലയ്ക്കുള്ള വിഹിതം. കൂടാതെ, ആരോഗ്യമേഖലയ്ക്കുള്ള ബജറ്റ് തുകയായ 86,175 കോടിയില്‍ ചെലവഴിച്ചത് 27,222 കോടി രൂപ യായതിനാൽ (അതായത് ഏകദേശം 26% കുറവ്) ഇത് യഥാർത്ഥത്തിൽ ജിഡിപിയുടെ 0.35% ആയിരുന്നു. ജിഡിപി 6.8 ശതമാനം വർധിച്ചതായി സർക്കാർ അവകാശപ്പെടുന്നു. അങ്ങനെയെങ്കിൽ എന്തുകൊണ്ടാണ് ഇത്രയും കുറഞ്ഞ തുക ആതുരസേവനത്തിന് നൽകിയത്? 47% ആളുകൾക്ക് ആരോഗ്യ സംരക്ഷണത്തിന് നിവൃത്തിയില്ലാത്ത ഒരു രാജ്യത്ത്, ഭൂരിഭാഗം പൗരന്മാര്‍ക്കും അടിസ്ഥാന മെഡിക്കൽ ആവശ്യങ്ങൾ നിഷേധിക്കപ്പെടുന്ന ഒരു രാജ്യത്ത്, ഇത്രയും തുച്ഛമായ തുക അനുവദിച്ചതിന് പിന്നിലെ ലക്ഷ്യം മുഴുവൻ മെഡിക്കൽ സംവിധാനത്തെയും ക്രമേണ സ്വകാര്യവൽക്കരിക്കുക എന്നതാണ്.


വളം, വിത്ത്, കീടനാശിനികൾ തുടങ്ങിയവയുടെ വിലവർദ്ധനവ്, ശരിയായ ജലസേചന സൗകര്യങ്ങളുടെ അഭാവം, ഡീസലിന്റെ ഉയർന്ന വില, കുതിച്ചുയരുന്ന വൈദ്യുതിനിരക്ക്, ഉൽപന്നങ്ങൾക്ക് ആദായകരമായ വില ലഭിക്കാത്തത്, വായ്പ തിരിച്ചടയ്ക്കാനുള്ള കഴിവില്ലായ്മ, കർഷക സമൂഹത്തിന്റെ വർദ്ധിച്ചുവരുന്ന പാപ്പരാകല്‍ തുടങ്ങി രാജ്യത്തെ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് എന്തെങ്കിലും പരിഹാരം ബജറ്റിൽ നിര്‍ദ്ദേശിക്കുന്നില്ല. 2024-25 ലെ കേന്ദ്ര ബജറ്റിന്റെ 48.25 ലക്ഷം കോടി രൂപയുടെ എസ്റ്റിമേറ്റിൽ 1,51,851 കോടിരൂപ അല്ലെങ്കിൽ വെറും 3.15 ശതമാനംമാത്രമാണ് കൃഷിയുടെയും അനുബന്ധ മേഖലകളുടെയും വിഹിതം. കാർഷികമേഖലയുടെ വിഹിതം 2019-20 വർഷത്തെ 5.44 ശതമാനത്തിൽനിന്ന് 2020-21ൽ 5.08 ശതമാനമായും 2021-22ൽ 4.26 ശതമാനമായും 2022-23ൽ 3.23 ശതമാനമായും കുറഞ്ഞു. ബിജെപി സർക്കാർ കർഷകരോട് കാണിക്കുന്ന കരുതൽ! ഒരു വർഷം നീണ്ടുനിന്ന ചരിത്രപ്രധാനമായ കർഷകപ്രസ്ഥാനത്തിന്റെ സമ്മർദ്ദത്തിൽ, മൂന്ന് കാർഷിക കരിനിയമങ്ങൾ പിൻവലിക്കാൻ സർക്കാർ നിർബന്ധിതരായി. എന്നാൽ, എല്ലാ ഖാരിഫ്, റാബി വിളകൾക്കും നിയമപരമായ പരിരക്ഷയോടെ കൃഷിയുടെ മൊത്തച്ചെലവിന്റെ 50 ശതമാനത്തിനു മുകളിലുള്ള (ഇതിൽ മൂലധനത്തിന്റെ ചെലവ്, ഭൂമിയുടെ വാടക, കർഷകരുടെ ഉടമസ്ഥതയിലുള്ള കാർഷിക യന്ത്രങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ്) പരമാവധി താങ്ങുവില, കൃഷിയിൽ കോർപ്പറേറ്റുവൽക്കരണം ഒഴിവാക്കുക, കാർഷിക ഉൽപ്പാദനത്തിലും വ്യാപാരത്തിലും ബഹുരാഷ്ട്ര കമ്പനികളെ മാറ്റിനിർത്തുക, രാസവളം, വിത്ത്, കീടനാശിനികൾ, വൈദ്യുതി, ജലസേചനം, പെട്രോളിയം ഉൽപന്നങ്ങൾ, യന്ത്രസാമഗ്രികൾ, ട്രാക്ടറുകൾ തുടങ്ങിയവയുടെ ജിഎസ്‌ടി ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ പാലിച്ചിട്ടില്ല. തന്ത്രപരമായി, കഴിഞ്ഞ ജൂണിൽ, 2024-25 വർഷത്തേക്ക് നെല്ലിന്റെ മിനിമം താങ്ങുവില 5.35 ശതമാനം ഉയർത്തി ക്വിന്റലിന് 2,300 രൂപയായി സർക്കാർ പ്രഖ്യാപിച്ചു. ഇത് കർഷകർ ദീർഘകാലമായി ആവശ്യപ്പെടുന്നതിനേക്കാൾ വളരെ കുറവാണ്. 2023-24 അക്കൗണ്ടിംഗ് വർഷത്തേക്ക് റിസർവ് ബാങ്ക് 2,10,874 കോടി രൂപ കേന്ദ്ര സർക്കാരിന് മിച്ചമായി കൈമാറിയെങ്കിലും, ഔദ്യോഗിക രേഖകൾ പ്രകാരം, കർഷകരുടെയും തൊഴിലാളികളുടെയും വായ്പ എഴുതിത്തള്ളണമെന്ന ദീർഘകാല ആവശ്യം ബജറ്റ് അവഗണിച്ചു. ഇന്ത്യയിൽ പ്രതിദിനം 31 കർഷകർ ആത്മഹത്യചെയ്യുന്നു. വളം സബ്‌സിഡി കഴിഞ്ഞ വർഷത്തെ പുതുക്കിയ എസ്റ്റിമേറ്റിൽനിന്ന് 13.18% കുറഞ്ഞ് 164,000 കോടി രൂപയായി. 11,925 കോടിരൂപയുടെ ഇന്ധനസബ്‌സിഡി പുതുക്കിയ എസ്റ്റിമേറ്റിനേക്കാൾ 2.57% കുറവാണ്. അതുപോലെ, അന്താരാഷ്‌ട്ര ക്രൂഡ് വില കുറഞ്ഞിട്ടും റഷ്യയിൽ നിന്നും കുറഞ്ഞവിലയ്ക്ക് എണ്ണ ഇറക്കുമതി ചെയ്‌തിട്ടും റീട്ടെയിൽ ഇന്ധന നിരക്കിൽ ഒരു കുറവും വരുത്തിയിട്ടില്ല. എല്ലാംകൊണ്ടും ഇതൊരു കർഷക വിരുദ്ധ ബജറ്റാണ്.
ഭക്ഷ്യസബ്‌സിഡിക്കുള്ള ബജറ്റ് വിഹിതം മുൻ വർഷത്തെ പുതുക്കിയ എസ്റ്റിമേറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ 3.3% വെട്ടിക്കുറച്ചുവെന്നത് ഞെട്ടിപ്പിക്കുന്നതാണ്. എന്നാൽ ഒട്ടും ഉൽപ്പാദനക്ഷമമല്ലാത്ത പ്രതിരോധ ബജറ്റ് 5,93,538 കോടി രൂപയിൽ നിന്ന് 6,21,940.85 കോടി രൂപയായി (ഏകദേശം 75 ബില്യൺ യുഎസ് ഡോളർ) ഉയർത്തുന്നതിൽ ബജറ്റ് പരാജയപ്പെട്ടില്ല. മന്ത്രാലയങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.


പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ 2014ൽ അധികാരമേറ്റശേഷം പ്രത്യേക റെയിൽവേ ബജറ്റ് അവതരിപ്പിക്കുന്ന രീതി ഒഴിവാക്കി. അതിനുശേഷം, വളരെ പ്രധാനപ്പെട്ട ഈ സേവനത്തിന്റെ സാമ്പത്തികവും പ്രവർത്തനപരവുമായ വിശദാംശങ്ങൾ പരസ്യമാക്കിയിട്ടില്ല. ഈ വർഷത്തെ ബജറ്റിൽ ഇന്ത്യൻ റെയിൽവേയെക്കുറിച്ച് പരാമർശിക്കാൻ പോലും ശ്രമിച്ചില്ല. 2024-25ൽ റെയിൽവേയുടെ മൂലധന വിഹിതം 2.51 ലക്ഷം കോടി രൂപയായി വർധിപ്പിച്ചു. ഇത് വെറും 5 ശതമാനത്തിന്റെ വർധനയാണ്, ഇതാകട്ടെ പണപ്പെരുപ്പത്തിനൊപ്പം പിടിച്ചുനിൽക്കാൻപോലും പര്യാപ്തമല്ല. ഇതിന്റെ ഫലമായി, ട്രെയിൻ യാത്രയുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യപ്പെടുകയും 2023-24ൽ ധനമന്ത്രി സമ്പൂർണ്ണ ബജറ്റ് അവതരിപ്പിച്ചതിനുശേഷം വലിയ റെയിൽവേ അപകടങ്ങളുടെ ഒരു നിര (ശരാശരി 44) ഉണ്ടാകുകയും ചെയ്തു. തിരഞ്ഞെടുത്ത ചില പദ്ധതികൾക്കുമാത്രം ഊന്നൽ നൽകുന്നു. പ്രത്യേകിച്ചും വന്ദേ ഭാരത് ട്രെയിനുകൾ അല്ലെങ്കിൽ വസ്തുനിഷ്ഠമായ മാനദണ്ഡങ്ങളാൽ ന്യായീകരിക്കാൻ കഴിയാത്ത ഏകപക്ഷീയമായി തിരഞ്ഞെടുത്ത സ്ഥലങ്ങളിലെ സ്റ്റേഷൻ സൗന്ദര്യവൽക്കരണ പദ്ധതികൾ. സാധാരണ ട്രെയിനുകളുടെ റേക്കുകളുടെ അറ്റകുറ്റപ്പണികൾ, ഓട്ടത്തിന്റെ കൃത്യനിഷ്ഠത എന്നിവയെല്ലാം, യാത്രാനിരക്ക് പലതവണ വർദ്ധിപ്പിച്ചിട്ടും നടക്കാത്ത കാര്യങ്ങളായി മാറിയിരിക്കുന്നു. വാസ്തവത്തിൽ, ട്രെയിൻ യാത്ര ഇപ്പോൾ വളരെ ഭയാനകമാണ്. സര്‍ക്കാരാകട്ടെ റയില്‍വേയുടെ മൊത്തത്തിലുള്ള സ്വകാര്യവത്ക്കരണത്തിനുള്ള നീക്കത്തിലാണ്.


ബജറ്റ് പറയുന്നു: “2024-25 വർഷത്തേക്ക്, കടമെടുക്കൽ ഒഴികെയുള്ള മൊത്തംവരവുകളും മൊത്തംചെലവുകളും യഥാക്രമം 32.07 ലക്ഷം കോടി രൂപയും 48.21 ലക്ഷം കോടി രൂപയുമാണ്. ജിഡിപിയുടെ 4.9ശതമാനമാണ് ധനക്കമ്മി കണക്കാക്കിയിരിക്കുന്നത്. 2024-25 കാലയളവിൽ ഡേറ്റഡ് സെക്യൂരിറ്റികൾ വഴിയുള്ള മൊത്ത, അറ്റ വിപണി വായ്പകൾ യഥാക്രമം 14.01 ലക്ഷം കോടി രൂപയും 11.63 ലക്ഷംകോടിരൂപയുമാണ്. എടുത്തു പറയേണ്ട കാര്യം, ആ നികുതിയിൽ കോർപ്പറേറ്റ് മേഖലയുടെ വിഹിതം വെറും 24.45% മാത്രമാണ്. വ്യക്തിഗത ആദായനികുതിയിൽ നിന്നുള്ള സർക്കാർ വരുമാനത്തിന്റെ വിഹിതം 19 ശതമാനമാണ്, ഇത് കോർപ്പറേറ്റുകൾ സംഭാവന ചെയ്ത 17 ശതമാനത്തിനേക്കാൾ കൂടുതലാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽനിന്നുള്ള 1.3 ലക്ഷം കോടിരൂപയുടെ അധിക ലാഭവിഹിതംമൂലം ധനക്കമ്മി ജിഡിപിയുടെ 4.9 ശതമാനമായി കുറഞ്ഞതായി പ്രസ്താവിക്കുന്നു. എന്നാൽ മുൻകാല വായ്പകൾക്കുനൽകേണ്ട പലിശ 11.6 ലക്ഷം കോടി രൂപയാണ്. അതായത്, ഇപ്പോൾ 181,68,456.91 കോടി രൂപ(ജിഡിപിയുടെ 81.68 ശതമാനം) വരുന്ന ദേശീയകടം ഇനിയും ഉയരുമെന്നര്‍ത്ഥം. 2019 സെപ്റ്റംബറിൽ, ബിജെപി സർക്കാർ അടിസ്ഥാന കോർപ്പറേറ്റ് നികുതി 30% ൽനിന്ന് 22% ആയും പുതിയ നിർമ്മാണ സ്ഥാപനങ്ങൾക്ക് 2019 ഒക്ടോബർ 1 നുശേഷം 25% ൽനിന്ന് 15% ആയും വെട്ടിക്കുറച്ചു.


ഈ ബജറ്റിലും കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കുന്നതിന്റെ പേരിൽ വിദേശ കമ്പനികളുടെ കോർപ്പറേറ്റ് നികുതി നിരക്ക് 40ൽനിന്ന് 35 ശതമാനമായി കുറച്ചിട്ടുണ്ട്. എന്നാൽ വ്യക്തിഗത നികുതിദായകർക്ക് അത്തരമൊരു ആശ്വാസമില്ല. മറിച്ച്, പ്രത്യക്ഷവും പരോക്ഷവുമായ നികുതിയുടെ വർധിച്ച ഭാരമുണ്ട്. അങ്ങനെ അസമത്വം ഇനിയും ഉയരും. വര്‍ദ്ധിച്ചുവരുന്ന വരുമാന അസമത്വത്തെക്കുറിച്ച് ചോദിച്ചപ്പോൾ, പ്രധാനമന്ത്രി മോദി ഒരു ടെലിവിഷൻ അഭിമുഖത്തിൽ ചോദിച്ചത്, “ഞാൻ എല്ലാവരേയും ദരിദ്രരാക്കണോ?”, എന്നാണ്. ഇത് വർദ്ധിച്ചുവരുന്ന വരുമാന അസമത്വത്തില്‍ അദ്ദേഹത്തിനുള്ള ആശങ്കയില്ലായ്മ പ്രതിഫലിപ്പിക്കുന്നു.
ചുരുക്കത്തില്‍ ഭരണസംവിധാനത്തെ കോർപ്പറേറ്റ് മാധ്യമങ്ങൾ ഉൾപ്പെടെയുള്ള അതിന്റെ സേവകര്‍ പ്രശംസിക്കുകയും കൊട്ടിഘോഷിക്കുകയും ചെയ്തിട്ടും, ബിജെപി ഗവൺമെന്റിന്റെ നിലപാട് സമ്പന്നരായ കുത്തകകൾക്ക് അനുകൂലമാണെന്ന് ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ അവസാന തുള്ളി രക്തംപോലും പിഴിഞ്ഞെടുക്കുന്നതിലേക്കാണ് അവരുടെ നീക്കം. വളർച്ചയെക്കുറിച്ച് സംസാരിക്കുമ്പോൾ, അത് സ്ഥിരമായ പ്രതിഫലം ലഭിക്കുന്ന ജോലികളിലേക്കും, ഉയർന്ന വരുമാനത്തിലേക്കും, സാധാരണ ജനങ്ങളുടെ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളിലേക്കും, കുറയുന്ന അസമത്വത്തിലേക്കും നയിക്കണമെന്നാണ് ഒരു സാധാരണക്കാരൻ ആഗ്രഹിക്കുന്നത്. 1%സമ്പന്നര്‍ പ്രതിവർഷം 1000% ത്തിൽകൂടുതൽ വളരുകയും ബാക്കിയുള്ളവർ അതിജീവിക്കാൻ കൂടുതൽ കഠിനമായി പോരാടുകയും ചെയ്യുന്നുവെങ്കിൽ, അതിനെ ‘വളർച്ച’ എന്ന് വിളിക്കാനാവില്ല. ‘വൈബ്രന്റ് ഇന്ത്യയുടെ’ ഏറ്റവും ഉയർന്ന 1% പേരുടെ സമ്പത്തിന്റെ പങ്ക് രാജ്യത്തിന്റെ സമ്പത്തിന്റെ 40% വരും, അതേസമയം അധ്വാനിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾ ഓരോ ദിവസവും ദരിദ്രരായിക്കൊണ്ടിരിക്കുന്നു. ഈ ബജറ്റ് വരുംദിവസങ്ങളിൽ ഈ സാഹചര്യത്തെ കൂടുതൽ ഭയാനകമാക്കും. ഒരു വാചകക്കസര്‍ത്തിനും യാഥാർത്ഥ്യത്തെ അടിച്ചമർത്താൻ കഴിയില്ല. ദുരിതമനുഭവിക്കുന്ന ആളുകൾ ഈ സത്യം ഉൾക്കൊള്ളുകയും, ബജറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന, യാഥാർത്ഥ്യത്തെ മറച്ചുവെക്കാനുള്ള ഈ വൃഥാവ്യായാമത്തിനെതിരെ, അണിനിരക്കുകയും വേണം.

Share this post

scroll to top