‘ദി ഹിന്ദു’ ദിനപത്രത്തിലെ വിവാദ അഭിമുഖം : പിണറായി സർക്കാരിന്റെ ആസൂത്രിത വര്‍ഗ്ഗീയ കരുനീക്കങ്ങള്‍

The-Hindu-newspaper-apology-over-Kerala-CM-involving-Kaizzen.png
Share

കേരളത്തിൽ പുലര്‍ന്നുപോരുന്ന ജനൈക്യവും സാമൂഹ്യഭദ്രതയും തകർത്തുകൊണ്ടായാലും തങ്ങളുടെ പാർലമെന്ററി രാഷ്ട്രീയ സൗഭാഗ്യങ്ങൾക്കായി വഴിവെട്ടും എന്ന പ്രഖ്യാപനമാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ(എം)ഉം നടത്തുന്നതെന്ന് വേദനയോടെയെങ്കിലും പറയാതിരിക്കാനാവില്ല. 2024 സെപ്റ്റംബർ 13ന് പിആർ ഏജൻസി ദില്ലിയിൽ വിതരണംചെയ്ത വാർത്താക്കുറിപ്പും 21ന്റെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനവും സെപ്റ്റംബർ 29ന്റെ വിവാദ അഭിമുഖവും, ഏറ്റവുമൊടുവിൽ ഇടത് എംഎൽഎ കെ.ടി.ജലീലിന്റെ ഭ്രാന്തൻ സോഷ്യൽ മീഡിയ പോസ്റ്റും മറയില്ലാതെ ഒരു കാര്യം വ്യക്തമാക്കുന്നു. സംഘപരിവാരത്തിന്റെ ആഖ്യാനം ഏറ്റുപാടിക്കാണ്ട് ഭൂരിപക്ഷ വർഗ്ഗീയ വികാരത്തെ ജ്വലിപ്പിക്കുന്നതിൽ രണ്ടും കൽപ്പിച്ച് ഇറങ്ങിയിരിക്കുകയാണ് ഇക്കൂട്ടർ.

2024 സെപ്റ്റംബർ 29 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഹിന്ദു ദിനപത്രത്തിന്റെ ലേഖികയുമായി ദില്ലിയിൽ നടത്തിയ അഭിമുഖത്തിലെ ഒരു ഭാഗം വിവാദമായതിനെത്തുടർന്ന്, പ്രസ്തുത ഭാഗം മുഖ്യമന്ത്രി പറഞ്ഞതല്ലെന്നും പിൻവലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഒക്ടോബർ 1നു മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പത്രത്തിനു കത്തു നൽകി. ഒക്ടോബർ 2ന് തിരുത്ത് എന്ന പേരിൽ ‘ദി ഹിന്ദു’ ദിനപത്രം പ്രസിദ്ധീകരിച്ച കുറിപ്പിൽ അഭിമുഖത്തിലെ വിവാദഭാഗം മുഖ്യമന്ത്രി പറഞ്ഞതല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് അപ്രകാരം സംഭവിച്ചതിൽ മാപ്പ് പറയുകയും ചെയ്തു. എന്നാൽ അതോടൊപ്പം ഗൗരവതരമായ മറ്റൊരു വിവരവും ഈ കുറിപ്പിൽ പത്രം വിശദീകരിക്കുകയുണ്ടായി. മുഖ്യമന്ത്രിയുടെ അഭിമുഖം നൽകാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് കെയ്സൻ എന്നു പേരുള്ള ഒരു പിആർ ഏജൻസിയാണ് തങ്ങളെ സമീപിച്ചതെന്നും അഭിമുഖവേളയിൽ ഇതേ ഏജൻസിയുടെ രണ്ട് പ്രതിനിധികൾ ഉണ്ടായിരുന്നതായും ഇപ്പോൾ വിവാദമായിരിക്കുന്ന ഭാഗം ഉൾപ്പെടുത്താൻ ഇതേ പിആർ ഏജൻസിയുടെ പ്രതിനിധി തങ്ങളോട് ആവശ്യപ്പെട്ടെന്നും പ്രസ്തുത ഭാഗം കുറിപ്പായി അവർതന്നെ അയച്ചുതന്നതാണെന്നും ഹിന്ദു ദിനപത്രം വ്യക്തമാക്കി. അതായത്, വിവാദവാചകങ്ങൾ പത്രം സ്വന്തം നിലയിൽ കൂട്ടിച്ചേർത്തതല്ലെന്ന് സാരം. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടതെന്ന് ഉറപ്പുള്ള ഒരു ഉറവിടത്തിൽ നിന്നു ലഭിച്ചതിനാൽ പ്രസ്തുത ഭാഗം കൂട്ടിച്ചേർത്തു എന്നാണ് വരികൾക്കിടയിലൂടെ വ്യക്തമാക്കിയത്.


ഒക്ടോബർ 4നു മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തിൽ, താൻ പറയാത്ത കാര്യമാണ് ഹിന്ദു പത്രം പ്രസിദ്ധീകരിച്ച തെന്നും അതിൽ അവർ മാപ്പ് പറഞ്ഞെന്നും വിശദീകരിച്ചു. തനിക്ക് പിആർ ഏജൻസിയില്ലെന്നും ഒരു പൈസപോലും പിആർ ഏജൻസിക്കുവേണ്ടി ചെലവഴിച്ചിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു. എന്നാൽ അഭിമുഖവിവാദവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന അതീവ ഗൗരവമുള്ള പല ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി പറഞ്ഞില്ല. മറുപടി പറയാനാകാത്ത ചോദ്യങ്ങളെ പതിവിനു വിപരീതമായി ചിരിയുടെ അശ്ലീലംകൊണ്ട് നേരിടുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഏറ്റവും ആശങ്കയുണ്ടാക്കുന്ന കാര്യം മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞ പല കാര്യങ്ങളും പച്ചക്കള്ളമായിരുന്നു എന്നതാണ്.
ഈ സംഭവഗതികളുടെ കേന്ദ്രവിഷയത്തിലേക്കുവരുന്നതിനുമുമ്പ് മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ കാപട്യം തിരിച്ചറിയേണ്ടതുണ്ട്. ഒന്നാമത്തെ കാര്യം ഹിന്ദു ദിനപത്രം സ്വന്തം നിലയിൽ അഭിമുഖം ചോദിച്ചുവാങ്ങി എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് പച്ചനുണയാണ്. പിആർ ഏജൻസി, പത്രത്തെ സമീപിച്ച് അഭിമുഖം വാഗ്ദാനം ചെയ്യുകയാണുണ്ടായത്. പിആർ ഏജൻസിയുടെ പങ്ക് ചിത്രത്തിലേ ഇല്ലാതാക്കാൻ മുഖ്യമന്ത്രി കള്ളം പറയാൻ നിർബ്ബന്ധിതമായതാണ്. അഭിമുഖ വേളയിൽ പിആർ ഏജൻസിയുടെ രണ്ട് പ്രതിനിധികൾ മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നുവെന്ന് ‘ഹിന്ദു’ വ്യക്തമാക്കിയിരുന്നു. എന്നാൽ മുഖ്യമന്ത്രി പറഞ്ഞത് അഭിമുഖത്തിനിടയിൽ ഒരാൾ കയറിവന്നുവെന്നും അതാരാണെന്ന് തനിക്കറിയില്ലെന്നുമായിരുന്നു. മുഖ്യമന്ത്രിക്കോ സുരക്ഷാ ഉദ്യോഗസ്ഥർക്കോ അറിഞ്ഞുകൂടാത്ത ഒരാൾ അഭിമുഖം നടക്കുന്ന മുഖ്യമന്ത്രിയുടെ മുറിയിലേക്ക്, അനുമതി കൂടാതെ കടന്നുവരില്ല എന്ന് സാമാന്യബോധമുള്ള ഏതൊരാൾക്കും അറിയാവുന്ന വസ്തുതയാണ്. പിആർ ഏജൻസിയുടെ പ്രതിനിധികളെ മുഖ്യമന്ത്രിയുടെ ആളുകളെന്ന നിലയിൽ ലേഖികയ്ക്ക് അറിയാമായിരുന്നുവെന്നാണ് ‘ഹിന്ദു’വിന്റെ വിശദീകരണത്തിൽ നിന്നും വ്യക്തമാകുന്നത്. അല്ലെങ്കിൽത്തന്നെ ഒരു പത്രമെന്തിനാണ് ഇക്കാര്യത്തിൽ കള്ളം പറയുന്നത്. അവരുടെ കുറിപ്പിൽ വ്യക്തമാക്കിയ ഒരു കാര്യവും ഈ നിമിഷം വരെയും തിരുത്തിയിട്ടില്ല എന്നതിനാൽ, അക്കാര്യങ്ങളെല്ലാം വസ്തുതകളായി നിലനിൽക്കുകയാണ്. യുക്തിപൂർവ്വം വിലയിരുത്തിയാൽ, മുഖ്യമന്ത്രിയുടെ വിശദീകരണങ്ങൾ പിആർ ഏജൻസിയുടെ പങ്കിനെ നിഷേധിക്കുന്നതിനായി കണക്കുകൂട്ടി അവതരിപ്പിച്ച നുണകളായിരുന്നുവെന്നു ഉറപ്പിക്കാം. അപ്രകാരം അവതരിപ്പിക്കാനും പിആർ സംഘത്തിന്റെ ഉപദേശം ലഭിച്ചിട്ടുണ്ടാകാം. സ്വയം അപഹാസ്യനാകുന്ന നുണകൾ അവതരിപ്പിച്ചുപോലും മറയ്ക്കാൻ നിർബ്ബന്ധിതമാകത്തക്കവിധമുള്ള ഗുരുതരമായ ഒരു രാഷ്ട്രീയ അജണ്ട, സെപ്റ്റംബർ 13ന് ദില്ലിയിൽ വിതരണം ചെയ്ത ഒരു പത്രക്കുറിപ്പ് (ഇതിന്റെ വിശദാംശങ്ങൾ പിന്നാലെ രേഖപ്പെടുത്താം) മുതൽ വിവാദഅഭിമുഖം വരെയുള്ള നടപടികളുടെ പിന്നിലുണ്ടെന്നു ന്യായമായും ഉറപ്പിക്കാം.
കേരളത്തിന്റെ മുഖ്യമന്ത്രിക്ക് പിആർ ഏജൻസി ഉണ്ടോ ഇല്ലയോ എന്നതല്ല, ഉയർത്തപ്പെട്ടിരിക്കുന്ന സുപ്രധാനമായ രാഷ്ട്രീയ വിഷയം. പിആർ ഏജൻസിയും ഇവന്റ് മനേജുമെന്റ് കമ്പനികളും ഇമേജ് ബിൽഡിംഗ് ക്ലിക്കുകളും സിപിഐ(എം) അവലംബിച്ചിട്ടുള്ള വലതുപക്ഷ രാഷ്ട്രീയത്തിന്റെ സ്വഭാവിക പരിണതികൾ മാത്രം. അടിമുടി വലതുപക്ഷമായി മാറിക്കൊണ്ടിരിക്കുന്ന ഒരു പാർട്ടിയിൽനിന്നുമുള്ള ഇത്തരം അഴുകിയ നടപടികൾ ആരെയും അതിശയിപ്പിക്കുന്നുമില്ല. 2020ൽ താൻതന്നെ നിഷേധിച്ച പിആർ ഏജൻസിയുടെ സാന്നിദ്ധ്യം ഇപ്പോൾ എല്ലാ മറയും നീക്കി വ്യക്തമായിരിക്കുന്നുവെന്നു മാത്രം.
മുഖ്യമന്ത്രിയുടെ പേരിൽ കെയ്സൻ എന്ന പിആർഏജൻസി തങ്ങളെ സമീപിച്ചുവെന്ന് ഹിന്ദു ദിനപത്രം വ്യക്തമാക്കിയിരിക്കുന്നു എന്നതിനാൽ, അവരുടെ പാരമ്പര്യവും ക്രെഡിബിലിറ്റിയും പരിഗണിക്കുമ്പോൾ പത്രത്തെ തരിമ്പും സംശയിക്കേണ്ട കാര്യമില്ലല്ലോ. തന്റെ കെയറോഫിൽ പ്രവർത്തിക്കാൻ മുഖ്യമന്ത്രി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെങ്കിൽ കെയ്സൻ എന്ന സംഘം എന്താണെന്ന് സർക്കാർ അന്വേഷിക്കേണ്ടതല്ലേ? അവരെന്താണ് ചെയ്യുന്നതെന്ന് പരിശോധിക്കേണ്ടതല്ലേ? അതിനൊന്നും മുതിരാതെ പിആർ വിവാദം അവസാനിച്ചു എന്ന് ഗോവിന്ദൻ മാഷ് പ്രഖ്യാപിച്ചാൽ തീരുന്നതല്ല ഈ വിവാദം ഉയർത്തിയ ചോദ്യങ്ങൾ. സംസ്ഥാനത്തിന്റെ ജനാധിപത്യ മനസ്സാക്ഷിക്ക് ആശങ്കയുണ്ടാക്കുന്ന അതീവപ്രധാനമായ ചോദ്യങ്ങളാണവ.


സംസ്ഥാനത്തിന്റെ സാമൂഹ്യഭദ്രതയ്ക്കും കെട്ടുറപ്പിനും ദീർഘകാലാടിസ്ഥാനത്തിൽ കനത്ത ആഘാതമേൽപ്പിക്കുന്ന വിവാദഭാഗം മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ കൂട്ടിച്ചേർത്തത് ഗുരുതരമായ കുറ്റകൃത്യമല്ലേ? അങ്ങിനെയെങ്കിൽ ഹിന്ദു ദിനപത്രത്തിനെതിരെയോ കെയ്സൻ എന്ന പിആർ ഏജൻസിക്കെതിരെയോ എന്തുകൊണ്ടാണ് കേസെടുക്കാതിരുന്നത് ? കേസ് രജിസ്റ്റർ ചെയ്തില്ലെന്നു മാത്രമല്ല, ഈ നടപടിയെ വളരെ ലഘൂകരിച്ച് അവരെ കുറ്റവിമുക്തരാക്കുന്ന സമീപനം കൈക്കൊള്ളുന്നതും നാം കണ്ടു. മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫീസിന്റെയും അറിവോടെ നടന്ന കാര്യമായതുകൊണ്ടുമാത്രമാണ് ഇത്തരമൊരു സമീപനം അദ്ദേഹത്തിന്റെയും പാർട്ടിയുടെയും ഭാഗത്തുനിന്നുണ്ടാകുന്നത്. അതല്ലാതെ അതിന് മറ്റൊരു കാരണവുമില്ല. വെറുമൊരു സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ, കലാപത്തിനുപ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്തി ഒട്ടനവധി നിരപരാധികളെ ജയിലിലടച്ച സർക്കാർ, സംസ്ഥാന ഭരണകർത്താവിന്റെ അഭിമുഖത്തിൽ അദ്ദേഹമറിയാതെ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒരു ഭാഗം കൂട്ടിച്ചേർത്തവരോട് ക്ഷമിക്കുന്നതിന്റെ പിറകിലെ യുക്തി ആരെയും ബോധ്യപ്പെടുത്താനാവില്ല.
വിവാദഭാഗം എന്ന വിശേഷണത്തോടെ ഇപ്പോൾ അവതരിപ്പിക്കുന്ന ആഖ്യാനം പാർലമെന്റ് തിരഞ്ഞെടുപ്പിനുശേഷം സിപിഐ(എം) സംസ്ഥാനത്ത് ആസൂത്രിതമായി പാകപ്പെടുത്തിയ ഒന്നാണ്. മുസ്ലീം തീവ്രവാദശക്തികൾക്കെതിരെ പൊരുതുകയാണെന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ട് ഭൂരിപക്ഷവർഗ്ഗീയ വികാരത്തെ മുതലാക്കുക എന്നതാണ് പദ്ധതി. പി.വി.അൻവർ എംഎൽഎയുടെ ആരോപണങ്ങൾക്ക് മറുപടി പറയാനായി സെപ്റ്റംബർ 21 ന് വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി ‘കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ആകെ 147.79 കിലോ ഗ്രാം സ്വർണം പിടികൂടിയതിൽ മലപ്പുറത്തുനിന്നുമാത്രം പിടിച്ചത് 124.47 കിലോയാണ്. 2020 മുതൽ സംസ്ഥാനത്താകെ 122.5 കോടി രൂപയുടെ ഹവാലപ്പണം പിടികൂടിയതിൽ 87.22 കോടിയും മലപ്പുറത്തുനിന്നാണ്. സ്വർണം, മയക്കുമരുന്ന്, കള്ളപ്പണം എന്നിവ കടത്തുന്നത് നാടിനെതിരായ കുറ്റകൃത്യമാണ്’ എന്ന് പറയുകയുണ്ടായി. സംസ്ഥാനത്തുനിന്ന് ആകെ പിടിച്ചെടുത്തതിൽ മലപ്പുറത്തിന്റെ കണക്ക് പ്രത്യേകം സൂചിപ്പിക്കു ന്നതിന്റെ പിറകിലെ കണക്കുകൂട്ടലെന്താണെന്ന് ഏതൊരാൾക്കും മനസ്സിലാകും. സ്വർണ്ണക്കടത്തു സംഭവങ്ങൾ ഏതെങ്കിലും ഒരു എയർപോർട്ടിൽ റിപ്പോർട്ട്‌ ചെയ്യപ്പെടുമ്പോൾ ആ ജില്ലയുമായി അതിനെ ബന്ധിപ്പിക്കുന്നതിന് എന്താണ് അടിസ്ഥാനം? പോലീസ് ജില്ല അടിസ്ഥാനത്തിലും ജനസംഖ്യാനുപാതികമായും പരിശോധിച്ചാൽ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ മലപ്പുറം നാലാം സ്ഥാനത്താണെന്ന് മുഖ്യമന്ത്രിക്ക് അറിയാവുന്ന വസ്തുതയല്ലേ? ഇതെല്ലാം അവഗണിച്ചുകൊണ്ട് മലപ്പുറത്തിന്റെമേൽ തീവ്രവാദ ലേബൽ പതിപ്പിക്കുന്നതിന്റെ ലക്ഷ്യം, ഏതാണ്ട് രണ്ടുദശാബ്ദങ്ങളായി സംഘപരിവാർ നടത്തുന്ന പ്രചാരണങ്ങൾ ബലപ്പെടുത്തിക്കൊണ്ട് ഭൂരിപക്ഷ വർഗ്ഗീയതയെ തിരഞ്ഞെടുപ്പ് നേട്ടത്തിനായി വിനിയോഗിക്കുക എന്നതാണ്. കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും ആപൽക്കരമായ ഒന്നായി സിപിഐ(എം) അനുവർത്തിക്കുന്ന ഈ നീചരാഷ്ട്രീയം മാറുകയാണ്.


മുകളിൽ സൂചിപ്പിച്ച പത്രസമ്മേളനത്തിനും ഒരാഴ്ചക്കുമുമ്പ് സെപ്റ്റംബർ 13ന് ഒരു പിആർ ഏജൻസി ദില്ലിയിൽ, മലപ്പുറത്തെ സംബന്ധിക്കുന്ന അപകീർത്തികരമായ പരാമർശങ്ങളും പിണറായി സർക്കാരിനെക്കുറിച്ചുള്ള പ്രശംസയും ഉൾപ്പെടുന്ന ഒരു പത്രക്കുറിപ്പ് വിതരണം ചെയ്യുകയുണ്ടായി. സ്വർണക്കടത്ത് മാഫിയയെ ഇല്ലാതാക്കാൻ നടത്തിയ ഇടപെടലുകളാണ് മുഖ്യമന്ത്രിക്കെ തിരെ ആരോപണങ്ങൾ ഉയരാനിടയാക്കിയതെന്നും ഈ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. കുറിപ്പിന്റെ ഉള്ളടക്കം ഇപ്രകാരം തുടരുന്നു. ‘2020 മുതൽ 337 ഹവാല കേസ്സുകൾ രജിസ്റ്റർ ചെയ്തു. 122.35 കോടി രൂപ പിടിച്ചെടുത്തു. ഇതിൽ വലിയൊരു ഭാഗം തുകയും നിരോധിത സംഘടനകൾക്കായി എത്തിയതാണ്. കൂടതലും മലപ്പുറത്തുനിന്നാണ് പിടിച്ചെടുത്തത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് 188 കേസുകൾ രജിസ്റ്റർ ചെയ്തു. 81 കോടി രൂപ വില മതിക്കുന്ന 147.78 കിലോഗ്രാം സ്വർണം പിടികൂടി. സർക്കാർ വിരുദ്ധ ശക്തികളെ കേരളത്തിലും വിദേശത്തും പ്രത്യേകിച്ച് യുഎഇയിലും നെറ്റ് വർക്കുള്ള മാഫിയകളാണ് ഫണ്ട് ചെയ്യുന്നതെന്ന് ഇന്റലിജൻസ് റിപ്പോർട്ടിലുണ്ടെന്ന്’ കുറിപ്പ് വിശദീകരിക്കുന്നു. മുകളിൽ സൂചിപ്പിച്ച കുറിപ്പിന്റെ ഉള്ളടക്കം അതേപടി മുഖ്യമന്ത്രിയുടെ സെപ്റ്റംബർ 21ലെ പത്രസമ്മേളനത്തിൽ ആവർത്തിക്കുന്നതാണ് നാം കണ്ടത്. ദില്ലി പത്രക്കുറിപ്പും സെപ്റ്റംബർ 21ലെ പത്രസമ്മേളനവും ഹിന്ദുവിന്റെ വിവാദ അഭിമുഖവുമെല്ലാം സിപിഐ(എം)ന്റെ നേതൃത്വത്തിൽ നടന്ന സംഘടിതമായ ഒരു പിആർ പ്രവർത്തനത്തിന്റെ ഭാഗമായിരുന്നുവെന്നാണ് ഇപ്പോൾ തെളിയുന്ന വസ്തുത. ഇതേ പിആർ സംഘം മുൻകൈയെടുത്ത് ഖലീജ് ടൈംസിലും മുഖ്യമന്ത്രിയുടെ ഇന്റർവ്യു തരപ്പെടുത്തി നൽകിയതായും വാർത്ത വന്നിട്ടുണ്ട്.
ഒടുവിൽ വിവാദമായിരിക്കുന്ന അഭിമുഖത്തിൽ പിആർ ഏജൻസി ആവശ്യപ്പെട്ടതനുസരിച്ച് കൂട്ടിച്ചേർത്തതെന്ന് ഹിന്ദു ദിനപത്രം വ്യക്തമാക്കിയ രണ്ട് വാചകത്തിനു തൊട്ടുമുമ്പ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ള വാചകം കൂടി ചേർത്തുവായിക്കുന്നത് അഭിമുഖത്തിന്റെ ആകമാനലക്ഷ്യം മനസ്സിലാക്കാൻ സഹായിക്കും. ‘ഞങ്ങളുടെ ഗവൺമെന്റ് മുസ്ലീം തീവ്രവാദ പ്രവർത്തനങ്ങൾ ക്കെതിരെ നടപടിയെടുക്കുമ്പോൾ, ഞങ്ങൾ മുസ്ലീങ്ങൾക്കെതിരെ പ്രവർത്തിക്കുന്നുവെന്ന് ചിത്രീകരിക്കാനാണ് അവർ ശ്രമിക്കുന്നത്’ ഇതിന്റെ തുടർച്ചയായാണ് ‘ഉദാഹരണമായി മലപ്പുറം ജില്ലയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 150 കിലോഗ്രാം സ്വർണവും 123 കോടി രൂപയുടെ ഹവാലപ്പണവും സംസ്ഥാന പോലീസ് പിടികൂടിയിട്ടുണ്ട്. ‘സംസ്ഥാന വിരുദ്ധവും’ ‘ദേശവിരുദ്ധവുമായ പ്രവർത്തനങ്ങൾ’ക്കായാണ് ഈ പണം കേരളത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത് ’ എന്ന വാചകങ്ങൾ കൂട്ടിച്ചേർത്തിട്ടുള്ളത്. സെപ്റ്റംബർ 21 ലെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി മലപ്പുറത്തെക്കുറിച്ചുള്ള ഇതേ കാര്യങ്ങൾ ഉന്നയിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിവാദഭാഗം ഉൾപ്പെടുത്താൻ മുഖ്യമന്ത്രിയുടെ പിആർ വക്താക്കൾ ഹിന്ദു ലേഖികയോട് ആവശ്യപ്പെട്ടത്.
സെപ്റ്റംബർ 13ലെ പത്രക്കുറിപ്പ് മുതൽ വിവാദ അഭിമുഖം വരെ, കുറ്റകൃത്യങ്ങൾക്ക് മന:പൂർവ്വം ഒരു മുസ്ലീം പരിവേഷം നൽകുന്നതിനായി മുസ്ലീം എന്ന അസ്തിത്വത്തെയും മലപ്പുറത്തെയും വിദഗ്ദ്ധമായി കൂട്ടിക്കെട്ടുകയാണ്. വ്യക്തികൾ നടത്തുന്ന കുറ്റകൃത്യങ്ങൾക്ക് മതപരമായ ഒരു മുദ്ര ചാർത്തുക എന്നത് ഇതിലൂടെ നിറവേറ്റുന്നു. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ എല്ലാ മതസ്ഥരിലും പെടുന്നവരല്ലേ? മുസ്ലീങ്ങളല്ലാത്തവർ കുറ്റവാളികളായാൽ അത് വ്യക്തികളുടെ കുറ്റകൃത്യങ്ങളും മുസ്ലീങ്ങൾ കുറ്റവാളികളായാൽ അതിന്റെ പാപഭാരം മതത്തിന്റെ ശിരസ്സിലും കെട്ടിവയ്ക്കുന്നതെന്തുകൊണ്ടാണ്? ആസൂത്രിതമായി മുസ്ലീം വിരുദ്ധതയും ഇസ്ലാമോഫോബിയയും പ്രയോജനപ്പെടുത്തി രാഷ്ട്രീയനേട്ടം ഉണ്ടാക്കുക എന്ന അങ്ങേയറ്റം ജുഗുപ്സാവഹമായ ലക്ഷ്യമാണ് ഈ പ്രചാരവേലയുടെ പിറകിലുള്ളത്.
അഭിമുഖവിവാദവും അനുബന്ധ വിഷയങ്ങളും അടിവരയിടുന്ന ഏറ്റവും ആശങ്കാജനകമായ രാഷ്ട്രീയ സാഹചര്യം ഇതാണെന്ന് പറയാതിരിക്കാനാവില്ല. വർഗീയ വിദ്വേഷ രാഷ്ട്രീയം പ്രയോഗിച്ച്, സാമുദായിക ധ്രുവീകരണമുണ്ടാക്കി, മുതലെടുപ്പ് നടത്താനുള്ള സംഘടിതമായ ഒരു പിആർ ഗൂഢലോചനയായിരുന്നു സെപ്റ്റംബറിൽ നാം കണ്ട കാര്യങ്ങളെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ഒരൊറ്റ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത ഹീനപദ്ധതി വ്യത്യസ്ത മാർഗ്ഗങ്ങളിലൂടെ നടപ്പാക്കുകയായിരുന്നു. മലപ്പുറത്തെയും മുസ്ലീം ജനവിഭാഗങ്ങളെയും തീവ്രവാദ ചാപ്പകുത്തുക എന്നതായിരുന്നു അതിനായി രൂപപ്പെടുത്തിയ പ്രൊപ്പഗാന്റാ മെറ്റീരിയൽ.


അഭിമുഖം പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് ആരെയാണോ ഇന്റർവ്യൂ ചെയ്തത് അയാൾക്ക് ഉള്ളടക്കം അയച്ചുകൊടുത്ത് അന്തിമമാക്കുന്ന സാധാരണ നടപടിക്രമം ഇവിടെ പാലിക്കപ്പെടാതെ പോയോ? പബ്ലിക്ക് റിലേഷൻ പ്രവർത്തനങ്ങൾക്കും മാധ്യമ പ്രവർത്തനങ്ങൾക്കുമായി വലിയൊരു പടയെത്തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയോഗിച്ചിട്ടുള്ള സാഹചര്യത്തിൽ, വിശേഷിച്ചും. ഈ പ്രക്രിയ പാലിക്കപ്പെടേണ്ടതാണ്. എന്തുകൊണ്ട് അത് നിർവ്വഹിക്കപ്പെട്ടില്ല? അതോ, മുഖ്യമന്ത്രിയോ ചുമതലപ്പെട്ടവരോ അഭിമുഖം പരിശോധിച്ച് അനുമതി നൽകിയതാണോ? വിവാദഭാഗം ഉൾപ്പെടെ അച്ചടിച്ച് വരട്ടെയെന്ന് കണക്കുകൂട്ടി നീങ്ങിയതാണോ? ആരും വിവാദമാക്കുന്നില്ലെങ്കിൽ അപ്രകാരം തന്നെ നിലനിൽക്കട്ടെ എന്നു തീരുമാനിക്കുകയും, മറിച്ച്, ആരെങ്കിലും അത് പ്രശ്നമാക്കി കൊണ്ടുവന്നാൽ മുഖ്യമന്ത്രി പറഞ്ഞതല്ല എന്ന ന്യായം ഉയർത്തി പിൻവലിക്കുകയും ചെയ്യാം എന്ന് കണക്കുകൂട്ടിയിരുന്നോ? ഇപ്രകാരം നിഗമനം നടത്താൻ ന്യായമേറെയുണ്ടുതാനും.
വിവാദഭാഗം കൂട്ടിച്ചേർത്ത ആളുകളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടാണ് ഇതിൽ പ്രധാനം. കൂടുതൽ വിവരങ്ങൾ പുറത്തുവരരുതെന്ന കണക്കുകൂട്ടലിൽ ചോദ്യങ്ങളിൽനിന്നും അന്വേഷണങ്ങളിൽനിന്നും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് അവരെ സംരക്ഷിക്കുന്നത്. സെപ്റ്റംബർ 30നാണ് അഭിമുഖം അച്ചടിച്ചുവന്നത്. അന്നുതന്നെ മലപ്പുറം ജില്ലയിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ വ്യാപകമായി നടന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് സെപ്റ്റംബർ 30നുതന്നെ അഭിമുഖം കണ്ടിട്ടുണ്ടാകുമല്ലോ. മുഖ്യമന്ത്രി പറയാത്ത കാര്യങ്ങൾ അച്ചടിച്ചുവന്നുവെന്ന് മനസ്സിലാക്കിയിട്ടും എന്തുകൊണ്ടാണ് പ്രസ്സ് സെക്രട്ടറി അന്നുതന്നെ ഹിന്ദു പത്രത്തിന് കത്തയയ്ക്കാതിരുന്നത്? വിവാദഭാഗത്തെ നിലനിർത്താൻ താൽപ്പര്യപ്പെട്ടിരുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്. പ്രതിപക്ഷം പ്രതിഷേധവുമായി തെരുവിൽ വരുന്നിടംവരെ അവർ ഒന്നും ചെയ്തില്ല.
പച്ചനുണകളും വ്യാജവിവരങ്ങളും കുത്തിനിറച്ചുകൊണ്ട് ബിജെപിയുടെ നേതൃത്വത്തിൽ സംഘപരിവാർ പ്രചരിപ്പിക്കുന്ന ആഖ്യാനങ്ങൾക്ക് വിശ്വാസ്യതയുണ്ടാക്കുന്ന വാക്കുകൾ, കേരളത്തിന്റെ ജനാധിപത്യ-മതേതര ഘടനയ്ക്കുമേൽ ഏൽപ്പിക്കുന്ന ആഘാതത്തിന്റെ മാനം അറിഞ്ഞുകൂടാത്ത പാർട്ടിയല്ല സിപിഐ(എം). സെപ്റ്റംബർ 21ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞതും അതിനുമുമ്പുതന്നെ സെപ്റ്റംബർ 13ന് ഡൽഹിയിൽ പിആർ ഏജൻസി വഴി വിതരണം ചെയ്ത വാർത്താക്കുറിപ്പും ഒടുവിൽ സെപ്റ്റംബർ 29 ന് ഹിന്ദുവിന് നൽകിയ അഭിമുഖത്തിലെ ഉള്ളടക്കവും ദേശീയ തലത്തിൽ സംഘപരിവാർ നിരന്തരം ആവർത്തിക്കുന്ന പൊളിറ്റിക്കൽ നരേറ്റീവ് ആണെന്നത് മതേതര കേരളത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നു. കാലങ്ങളായി ആർഎസ് എസും ഇതര സംഘപരിവാർ ശക്തികളും നമ്മുടെ സമൂഹത്തെ വർഗീയമായി വിഭജിക്കുവാൻ നടത്തിക്കൊണ്ടിരിക്കുന്ന അതേ വിദ്വേഷ പ്രചാരണത്തിന്റെ ഭാഷയായിരുന്നു മുഖ്യമന്ത്രിയുടേത്.
സ്വർണ്ണക്കള്ളകടത്തിനെയും ഹവാലപണമിടപാടിനെയും മലപ്പുറം ജില്ലയുമായി ബന്ധിപ്പിച്ചതും അങ്ങനെ വരുന്ന പണം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന് ആരോപിച്ചതും എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ്. സ്വർണകള്ളക്കടത്തിലൂടെയും ഹവാല ഇടപാടിലൂടെയും വന്നുചേരുന്ന പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചതായി കണ്ടെത്തിയ ഒരു കേസ്സെങ്കിലും കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ? വളരെ സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സംഘപരിവാർ ശക്തികൾ ചമച്ചിട്ടുള്ള ഒരു വ്യാഖ്യാനമെന്നതിനുമപ്പുറം ഒരടിസ്ഥാനവുമില്ലാത്ത ആരോപണമാണ് ഒരു ജനവിഭാഗത്തെ ഒന്നാകെ അപരവൽക്കരിക്കാനിടയാക്കിക്കൊണ്ടിരിക്കുന്നത്.


മുഖ്യമന്ത്രിയ്ക്കുവേണ്ടി പിആർ പണിയെടുക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത് മഹാരാഷ്ട്രയിൽ ശിവസേനയ്ക്കും മറ്റും പിആർ ചെയ്യുന്ന കെയ്സൻ എന്ന ഏജൻസിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിനീത് ഹണ്ടയാണെന്നാണ് പുറത്തുവന്നിട്ടുള്ള വാർത്ത. കെയ്സൻ എന്ന സ്ഥാപനത്തിൽ റിലയൻസിന് ഓഹരിപങ്കാളിത്തമുണ്ടെന്നും, റിലയൻസിന്റെ പിആർ പ്രതിനിധിയായാണ് ഹരിപ്പാട് മുൻ എംഎൽഎ ദേവകുമാറിന്റെ മകൻ സുബ്രഹ്മണ്യനും ആ അഭിമുഖവേളയിൽ പങ്കെടുത്തതുമെന്നാണ് അറിയുന്നത്. അപ്പോൾ കേരളത്തിലെ മുഖ്യമന്ത്രിയുടെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് വഴിയല്ല, പ്രസ്സ് സെക്രട്ടറിയോ ഔദ്യോഗിക പ്രതിനിധിയോ നേരിട്ടല്ല, മറ്റാരും അറിയാത്ത ഒരു ഏജൻസിയെ നിയോഗിച്ചാണ് ഈ വിപൽക്കരമായ വാർത്താ വിസ്ഫോടനം നടത്തിയിരിക്കുന്നത്. സ്വർണ്ണ-ഹവാല കള്ളപ്പണ വേട്ടയെന്ന തിരക്കഥ പിണറായി വിജയന്റെ നിഗൂഢ പിആർ സംഘം മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന് ഒരാഴ്ച മുമ്പേതന്നെ ഡൽഹിലെ ഇംഗ്ലീഷ് പത്രങ്ങൾക്ക് നൽകിയിരുന്നുവെന്നത് എല്ലാം മുൻകൂട്ടി തയ്യാറാക്കിയതാണ് എന്നതിന്റെ തെളിവാണ്. മലപ്പുറം ജില്ലയെ ദേശദ്രോഹ പ്രദേശമായി ചിത്രീകരിക്കാൻ തലക്കെട്ട് ഉൾപ്പെടെ തയ്യാറാക്കി മൂന്നുതവണയായി മാധ്യമങ്ങളെ സമീപിച്ചത് ഒരേ പിആർ ഏജൻസിതന്നെ. മൂന്നാമത്തെ തവണ സാക്ഷാൽ മുഖ്യമന്ത്രി യോടൊപ്പം നേരിട്ടെത്തി. അപ്പോൾ, അവർ യഥാർത്ഥത്തിൽ ആരുടെ പിആർ സംഘമാണെന്ന് സംശയാതീതമായി തെളിയിക്കപ്പെടുകയാണ്.
തിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട ഹിന്ദു വോട്ടുബാങ്ക് തിരിച്ചുപിടിക്കാമെന്നും അതോടൊപ്പം സ്വർണക്കള്ളക്കടത്തിലും ഹവാലാ ഇടപാടിലും സംസ്ഥാന സർക്കാരിനുള്ള പങ്കിനെ പരസ്യമായി തുറന്നുകാണിച്ച ഭരണകക്ഷി എംഎൽഎ ആയ പി.വി.അൻവറിന്റെ വായടപ്പിക്കാമെന്നുമുള്ള പിആർ ഉപദേശത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേകശൂന്യമായ നീക്കമാണ് മുഖ്യമന്ത്രിയും കൂട്ടരും നടത്തിയതെന്ന് പറയാതെ വയ്യ. രാഷ്ട്രീയ-സാമുദായിക മണ്ഡലങ്ങളിൽ അതുണ്ടാക്കാൻ പോകുന്ന പ്രത്യാഘാതങ്ങളുടെ ആഴം എത്ര വലുതായിരിക്കുമെന്ന് അല്പമെങ്കിലും ഇടതുപക്ഷബോധം അവശേഷിക്കുന്ന ഏതൊരാൾക്കും മനസ്സിലാക്കാനാവും.
സിപിഐ(എം)ന്റെ അവിശുദ്ധ സൃഷ്ടികളിൽ ഒരാളായ, സംസ്ഥാനത്തെ ഭരണാധികാരികളുടെ എല്ലാ ദുഷ്‌ചെയ്തികൾക്കും ഇക്കാലമത്രയും കൂട്ടുനിന്ന പി.വി.അൻവർ എന്ന പിണറായി വിജയന്റെ വലംകൈ, താൻ കൂടി പങ്കാളിയായി ചെയ്തുകൂട്ടിയ കുറ്റകൃത്യങ്ങളുടെ കണക്കുകൾ എണ്ണി പറയുമ്പോൾ പ്രതിരോധിക്കാനാകാതെ പ്രതിസ്ഥാനത്ത് നിൽക്കുകയാണ് മുഖ്യമന്ത്രിയും ഇടതുമുന്നണി സർക്കാരും. വിശേഷിച്ചും, സ്വർണ്ണക്കടത്തിലും ഹവാല ഇടപാടിലും മറ്റുമൊക്കെ സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള പങ്കും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് ഈ കുറ്റകൃത്യങ്ങളിലുള്ള പങ്കും പി.വി.അൻവർ പരസ്യമായി പുറത്തുവിടുമ്പോൾ അതിനുത്തരം പറയാനാകാതെ വിയർക്കുകയാണ് മുഖ്യമന്ത്രിയും കൂട്ടരും. അതിനെ നേരിടാനുള്ള വളഞ്ഞ വഴിയായും ഈ പ്രചാരവേലയെ ഉപയോഗിക്കുകയാണ്.


ഏറെക്കാലമായി ബിജെപിയും സംഘപരിവാർശക്തികളും സംസ്ഥാന സർക്കാരിലെ പോലീസ് ഉന്നതരും തമ്മിലുള്ള ബന്ധം ശക്തിപ്പെട്ടുവരുന്നുവെന്ന് സിപിഐ(എം) നേതാക്കൾ ഉൾപ്പെടെയുള്ളവർ ആരോപിച്ചിരുന്നു. ആർഎസ്എസിന്റെയും സംഘപരിവാറിന്റെയും അനുകൂലികൾ ആയിട്ടുള്ളവർ ഉന്നതാധികാര കേന്ദ്രങ്ങളിൽ, വിശേഷിച്ചും, പോലീസിന്റെ തലപ്പത്ത് പ്രതിഷ്ഠിക്കപ്പെട്ട്, പോലീസിനെയും ക്രമസമാധാനത്തെയും സംഘപരിവാർ ശക്തികൾ നിയന്ത്രിക്കുന്നുവെന്ന ആരോപണം ഒന്നാം പിണറായി സർക്കാരിന്റെ അവസാനകാലത്തുതന്നെ ഉയർന്നുവന്നതാണ്. പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭകാലത്ത്, സമരം ചെയ്തവർക്കെതിരെ നൂറുകണക്കിന് കേസുകൾ രജിസ്റ്റർ ചെയ്തുകൊണ്ട് കേരള പോലീസ് മോദി സർക്കാരിനോടുള്ള വിധേയത്വം തെളിയിക്കുകയും ചെയ്തു. നയപരമായി പ്രധാനപ്പെട്ട എല്ലാ കാര്യങ്ങളിലും-ലേബർ കോഡുകൾ മുതൽ ദേശീയ വിദ്യാഭ്യാസ നയം വരെ -കേന്ദ്രമോദി സർക്കാരിന്റെ സംഘപരിവാർ പരിപാടികൾ സംസ്ഥാനത്ത് അപ്പടി നടപ്പാക്കി ഓച്ഛാനിച്ചു നിൽക്കുന്നതാണ് കാണുന്നത്.
ഇപ്പോൾ, മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയതിൽ പ്രോസിക്യൂഷൻ വീഴ്ചയെ സംബന്ധിക്കുന്ന ഗുരുതരമായ ആരോപണങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. മുഖ്യമന്ത്രിയും മകളും ഒക്കെ ഉൾപ്പെടുന്ന കേസുകൾ കേന്ദ്രസർക്കാരും ഇഡി യുമൊക്കെ തൊട്ടു തലോടി വിടുന്നതിന് പ്രത്യുപകാരം എന്ന നിലയിൽ ആണോ കെ.സുരേന്ദ്രന്റെയും മറ്റും കേസുകൾ തീർപ്പാക്കി കൊടുക്കുന്നത്? സമവായത്തിന്റെയും സമന്വയത്തിന്റെയും രാഷ്ട്രീയ ഗോദയിൽ സിപിഐ(എം)-ആർഎസ്എസ് നേതാക്കൾ പരസ്പരം കൈകോർത്തു നിൽക്കുന്നതായി ആർക്കും സന്ദേഹം ഉണ്ടാകത്തക്കവിധമാണ് ഇരുകൂട്ടരുടെയും ‘പരസ്പര സഹായ സഹകരണ സംഘം’ മുന്നോട്ടു പോകുന്നത്.
ഇക്കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സിപിഐ(എം)നേറ്റ കനത്ത തിരിച്ചടിക്ക് കാരണം മതന്യൂനപക്ഷങ്ങൾ പ്രത്യേകിച്ചും മുസ്ലീം ജനവിഭാഗം എൽഡിഎഫിനെ കൈയൊഴിഞ്ഞു എന്നതാണ് സിപിഐ(എം)ന്റെ വിശകലന വിദഗദ്ധർ കണ്ടെത്തിയ പാഠങ്ങളിൽ ഒന്ന്. പൗരത്വനിയമ ഭേദഗതിയുടെ അപകടം പ്രചരിപ്പിച്ച് ന്യൂനപക്ഷങ്ങളുടെ വോട്ട് സമാഹരിച്ച് വിജയിക്കാം എന്ന കുതന്ത്ര രാഷ്ട്രീയനീക്കം പാടേ പരാജയപ്പെട്ടു എന്നു മാത്രമല്ല സിപിഐ(എം)ന് ഇക്കാലമത്രയും ലഭിച്ചുകൊണ്ടിരുന്ന പരമ്പരാഗത ഹിന്ദുവോട്ടിൽ അത് വൻവിള്ളൽ വീഴ്ത്തുകയും ചെയ്തുവെന്ന വിലയിരുത്തലാണ് അവർ നടത്തിയത്. തിരഞ്ഞെടുപ്പ് പരാജയകാരണങ്ങൾ വിലയിരുത്തുമ്പോൾ ജാതി-മത ഘടകങ്ങളല്ലാതെ രാഷ്ട്രീയ ഘടകങ്ങളൊന്നും അവരുടെ പരിഗണനയിലേക്ക് വരില്ലല്ലോ. വളർന്നുവരുന്ന ഹിന്ദു വർഗീയ വികാരത്തെ അനുകൂലമാക്കിക്കൊണ്ട് ഭൂരിപക്ഷ വോട്ട് ബാങ്ക് സംരക്ഷിക്കുക എന്ന കണക്കുകൂട്ടലിലാണ് സിപിഐ(എം) ഇപ്പോൾ നീങ്ങുന്നത്. അതിന് സംഘപരിവാറിന്റെ വർഗീയപാത മാത്രമാണ് ശരണം. തീക്കൊള്ളികൊണ്ടുള്ള തല ചൊറിയലായി അത് മാറുകതന്നെ ചെയ്യും.


മലപ്പുറത്തെ പ്രതിസ്ഥാനത്ത് നിർത്തി സാമുദായിക വിദ്വേഷ രാഷ്ട്രീയം കളിച്ചു മുതലെടുപ്പ് നടത്താമെന്ന കണക്കുകൂട്ടൽ പാളിയപ്പോൾ പി.വി.അൻവറിനെ നേരിടാൻ, മറ്റൊരു കഥാപാത്രത്തെ രംഗത്ത് ഇറക്കാൻ ശ്രമിക്കുകയാണ് ഇപ്പോൾ സിപിഐ(എം). മുഖ്യമന്ത്രിയുടെ അതേ വാദമുഖങ്ങൾ ഏറ്റുപാടിക്കൊണ്ട് കെ.ടി.ജലീൽ പൊടുന്നനെ രംഗത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണക്കടത്തിൽ പിടികൂടപ്പെടുന്നവരിൽ ഭൂരിപക്ഷവും മുസ്ലീംസമുദായത്തിൽ പെട്ടവരാണെന്ന് മലപ്പുറം പ്രേമികൾ തിരിച്ചറിയണമെന്ന ഫേസ്ബുക് പോസ്റ്റുമായാണ് കെ.ടി.ജലീൽ രംഗപ്രവേശം ചെയ്തത്. അതിന്റെ വസ്തുത എന്താണെന്ന് മുഖ്യമന്ത്രിയെപ്പോലെ ജലീലും വ്യക്തമാക്കിയില്ല. മുസ്ലീങ്ങൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്ന് ഫത്വ പുറപ്പെടുവിക്കാൻ ലീഗിലെ മതപണ്ഡിതന്മാർ തയ്യാറാകണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു. കുറ്റകൃത്യങ്ങളുടെ യെല്ലാം ഉത്തരവാദിത്തം അങ്ങിനെ മതപണ്ഡിതന്മാരുടെയും മതനേതൃത്വത്തിന്റെയും തലയിൽ കെട്ടിവെയ്ക്കുന്നതുവഴി എല്ലാത്തിന്റെയും നിമിത്തം മുസ്ലീം മതമാണെന്ന് സ്ഥാപിക്കാനുള്ള ഏറ്റവും നികൃഷ്ടമായ നീക്കമാണ് കെ.ടി.ജലീൽ നടത്തിയിരിക്കുന്നത്. സിപിഐ(എം) നേതൃത്വത്തിന്റെ ഒത്താശയോടെ ജലീൽ സംസ്ഥാനത്തിന്റെ മതേതര ഘടനയുടെമേൽ നടത്തിയിരിക്കുന്ന ഈആക്രമണം വലിയ വിനാശമാണ് സൃഷ്ടിക്കുക. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു പാകപ്പെടുത്തിയ മലപ്പുറത്തെയും മുസ്ലീം വിശ്വാസികളെയും സ്വർണ്ണക്കടത്തുമായി ബന്ധിപ്പിക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിന് കേരളം വലിയ വില നൽകേണ്ടിവരും. ചില താൽക്കാലിക നേട്ടങ്ങൾക്കായി മുസ്ലീം നാമധാരിയെ ഉപയോഗിച്ച് മുസ്ലീം ലീഗിനെതിരെ എന്ന മട്ടിൽ സ്വർണ്ണക്കടത്തുകാരിൽ ഭൂരിപക്ഷവും മുസ്ലീം വിശ്വാസികളാണ് എന്നു സ്ഥാപിച്ചാൽ, വർഗീയ രാഷ്ട്രീയത്തിന്റെ ചതുരംഗത്തട്ടിൽ അത് ആത്യന്തികമായി ബിജെപിക്കും സംഘപരിവാർ ശക്തികൾക്കുമായിരിക്കും ഏറ്റവും പ്രയോജനകരമായി ഭവിക്കുക.
സിപിഐ(എം)ന്റെ ഉന്നത നേതാവും സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുംതന്നെ വിദ്വേഷ പ്രചാരണത്തിന് നേരിട്ട് നേതൃത്വം നൽകാൻ ശ്രമിക്കുന്നത് ആർഎസ്‌എസ് സംഘപരിവാർ ശക്തികളെ തൃപ്തിപ്പെടുത്തും. പക്ഷേ,കേരളം ദശാബ്ദങ്ങൾകൊണ്ട് പടുത്തുയർത്തിയ മാനവ സഹോദര്യത്തെയാണ് കേവല പാർലമെന്ററി നേട്ടങ്ങൾക്കുവേണ്ടി തകർത്തു കളയുന്നത്. അക്ഷന്തവ്യമായ ഒരു രാഷ്ട്രീയ കുറ്റകൃത്യമാണതെന്ന് പറയാതെ വയ്യ. മലപ്പുറം ജില്ലയെ സംബന്ധിച്ച് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ മാധ്യമ, പിആർ സംഘവും നടത്തിയ മാപ്പർഹിക്കാത്ത പരാമർശങ്ങൾ സംസ്ഥാനത്തിന്റെ ഇടതുപക്ഷ, മതേതര മനഃസാക്ഷിയെ മുറിപ്പെടുത്തുകയും വ്യാകുലപ്പെടുത്തുകയും ചെയ്യുകയാണ്. സിപിഐ(എം) ആപൽക്കരമായ ഈ രാഷ്ട്രീയം ഒരു നിമിഷം പോലും വൈകാതെ ഉടൻ അവസാനിപ്പിക്കുകതന്നെ വേണം. യഥാർത്ഥ ഇടതു, മതേതര വിശ്വാസികൾ അതിനായി അവരുടെമേൽ ശക്തമായ സമ്മർദ്ദം ചെലുത്തണം.

Share this post

scroll to top