നിർമ്മിതബുദ്ധി ക്യാമറയിൽ തെളിയുന്ന അഴിമതി കരാറുകൾ

Ai-cameras.jpg
Share

2023 ഏപ്രില്‍ 20 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത സേഫ് കേരള പദ്ധതിയുടെ ഭാഗമായ 726 എ.ഐ ക്യാമറകള്‍, സര്‍ക്കാരിനെതിരായ അഴിമതി ആരോപണത്തിന്റെ ഗൗരവമുള്ള വിഷയമായി മാറിയിരിക്കുന്നു. പ്രതിപക്ഷം പുകമറ സൃഷ്ടിക്കുന്നു, വികസനത്തെ അട്ടിമറിക്കുന്നു തുടങ്ങിയ പതിവ് പല്ലവികള്‍ സര്‍ക്കാരിനെ നയിക്കുന്ന പ്രമുഖകക്ഷിയുടെ നേതാക്കള്‍ ആവര്‍ത്തിക്കുന്നതല്ലാതെ ഉയര്‍ത്തപ്പെട്ട ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ ഈ നിമിഷംവരെയും കഴിഞ്ഞിട്ടില്ല.

സിപിഐ(എം) സംസ്ഥാന സെക്രട്ടറി മറ്റൊരു വാദവും ഉയര്‍ത്തിയിട്ടുണ്ട്. ഒരു ചില്ലിത്തുട്ടുപോലും പദ്ധതിക്കുവേണ്ടി സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ചെലവഴിച്ചിട്ടില്ലത്രേ. സംസ്ഥാനത്തെ ജനങ്ങളുടെ രാഷ്ട്രീയബോധത്തെയും വിവേകത്തെയും പരീക്ഷിക്കുന്നതോ പരിഹസിക്കുന്നതോ ആയ പ്രസ്താവന മാത്രമാണിത്. ഖജനാവില്‍നിന്ന് പണം ചെലവഴിച്ച് നടത്തുന്ന പദ്ധതിയല്ല ബിഒടി എന്ന് ആര്‍ക്കാണ് കേരളത്തില്‍ അറിഞ്ഞുകൂടാത്തത്. മുടക്കുന്ന മുതലും പലിശയും കൊള്ളലാഭവും പിന്നെ അധികാരത്തിലിരിക്കുന്നവര്‍ക്കുള്ള കമ്മീഷനും ഒക്കെ ചേര്‍ത്ത് നാട്ടുകാരില്‍നിന്ന് പിരിക്കാന്‍ അനുമതി നല്‍കുന്നതിന്റെ പേരാണ് ബിഒടി. അതിനാല്‍ ഖജനാവില്‍നിന്ന് പണം ചെലവഴിച്ചിട്ടില്ല എന്നത് അഴിമതി നടന്നിട്ടില്ല എന്നതിന്റെ തെളിവായി അംഗീകരിക്കാനാവില്ല. സര്‍ക്കാരിനെ മുന്‍നിര്‍ത്തി, ജനങ്ങളില്‍നിന്ന് പണം പിരിക്കാന്‍ സ്വകാര്യമുതലാളിമാര്‍ക്ക് അനുമതി നല്‍കുന്നുവെന്നതാണ് ഇവിടുത്തെ അഴിമതി. അനുമതി നേടിയവര്‍ നല്‍കുന്ന പ്രത്യുപകാരങ്ങ ള്‍ക്കാകട്ടെ തെളിവ് ഉണ്ടാവുകയുമില്ല. അനുമതി നല്‍കിയവര്‍ വിശുദ്ധരായി വാഴ്ത്തപ്പെടുകയും ചെയ്യും.
റോഡ് അപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും കുറയ്ക്കുന്നതിനായുള്ള പദ്ധതി എന്ന പേരിലാണ് 232 കോടി രൂപയുടെ സേഫ് കേരള പ്രൊജക്ട് തയ്യാറാക്കിയത്. 2018 ല്‍ മോട്ടോര്‍ വാഹന വകുപ്പ് കെല്‍ട്രോണിനോട്ആയിരം ക്യാമറകള്‍ സ്ഥാപിക്കാനാണ് ആദ്യം ആവശ്യപ്പെട്ടത്. പിന്നിട്, കെല്‍ട്രോണിനെ ഒരു കണ്‍സല്‍ട്ടന്റാക്കി മോട്ടോര്‍ വാഹന വകുപ്പ് ധാരണാ പത്രം ഒപ്പിട്ടു. എന്നാല്‍, സ്വകാര്യ കമ്പനികളില്‍ നിന്ന് ഉപകരണങ്ങള്‍ വാങ്ങരുതെന്ന ധനവകുപ്പിന്റെ നിര്‍ദേശങ്ങള്‍ മറികടക്കാന്‍ ഫയല്‍ മന്ത്രിസഭാ യോഗത്തില്‍ നേരിട്ട് എത്തിച്ച കെല്‍ട്രോണ്‍ എന്ന സര്‍ക്കാര്‍ സ്ഥാപനം ക്രമക്കേടിന്റെ ആദ്യ എപ്പിസോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. കെല്‍ട്രോണ്‍ നടത്തിയ ഉപകരാറുകള്‍ ആകട്ടെ അഴിമതിയുടെയും നിയമവിരുദ്ധതയുടെയും മുഖം ജനങ്ങള്‍ക്കുമുമ്പില്‍ തുറന്നുകാട്ടി.
സാധാരണ നിരീക്ഷണ ക്യാമറകളില്‍നിന്ന് വ്യത്യസ്തമായി ഈ ക്യാമറകള്‍ യഥാര്‍ത്ഥത്തില്‍ നിര്‍മ്മിതബുദ്ധി ക്യാമറകള്‍ തന്നെയാണോ എന്ന ചേദ്യം മുതല്‍ പിഴയീടാക്കലിന്റെ മനുഷ്യത്വവിരുദ്ധ സമീപനംവരെ ചര്‍ച്ചകളില്‍ നിറയുന്നു. ക്യാമറകള്‍, ഗതാഗതനിയമലംഘനങ്ങള്‍ കണ്ടെത്തി, വാഹനനമ്പര്‍ തിരിച്ചറിഞ്ഞ് വാഹനത്തിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പടെ കണ്‍ട്രോള്‍ റൂമില്‍ എത്തിക്കുമെന്നുമുള്ള അവകാശവാദം മോട്ടോര്‍ വാഹനവകുപ്പ് വിഴുങ്ങിയിട്ടുണ്ട്. ഗതാഗതനിയമലംഘനങ്ങളുടെ ചിത്രങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ എത്തിക്കുന്ന ജോലികള്‍മാത്രം ക്യാമറകള്‍ ചെയ്യുകയും ഇമേജ് പ്രോസസിംഗിന്റെ സഹായത്തോടെ അവ വിശകലനം ചെയ്ത് വാഹനഉടമയെ തിരിച്ചറിഞ്ഞ് പിഴയുടെ നോട്ടീസ് (ചലാന്‍) തയ്യാറാക്കുന്ന ജോലി മാന്വലായി ചെയ്യുകയുമാണ് ചെയ്യുന്നതെങ്കില്‍ ഇതെങ്ങിനെയാണ് നിര്‍മ്മിത ബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്റ്) ക്യാമറയാകുന്നത്. മോട്ടോര്‍ വാഹനവകുപ്പിന്റെ ഇപ്പോള്‍ പ്രവര്‍ത്തനത്തിലുള്ള സാധാരണനിരീക്ഷണ ക്യാമറകള്‍ ചെയ്യുന്നതും ഇതേ ജോലി തന്നെയല്ലേ. നമ്പര്‍പ്ലേറ്റ് തിരിച്ചറിഞ്ഞ് വാഹനവിവരങ്ങളിലേയ്ക്ക് കടക്കാന്‍ കഴിയണമെങ്കില്‍ പുതിയ ക്യാമറകളില്‍ ആട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് ഐഡിന്റിഫിക്കേഷന്‍ പ്രോ സസ്സര്‍ വേണം. ക്യാമറയിലോ ഏതെങ്കിലും ഘട്ടത്തിലോ ഒരു വിധത്തിലുമുള്ള എ.ഐ പ്രോസസിംഗ് നടക്കുന്നതായി ഇത്രയും വിവാദങ്ങള്‍ ഉണ്ടായിട്ടും ഉപകരണങ്ങള്‍ ലഭ്യമാക്കുന്ന കമ്പനികള്‍ വ്യക്തമാക്കിയിട്ടില്ല.
പദ്ധതിക്ക് വേണ്ടിവരുന്ന വലി യ തുകയുടെ ന്യായം പടയ്ക്കാന്‍ പ്രചരിപ്പിക്കപ്പെട്ടതാണോ നിര്‍മ്മിത ബുദ്ധി ക്യാമറയെന്നത് അന്വേഷിച്ച് കണ്ടെത്തേണ്ടിയിരിക്കുന്നു.


കരാറുകളും ഉപകരാറുകളും അടിമുടി ക്രമക്കേടുകളെ
സാക്ഷ്യപ്പെടുത്തുന്നു


സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ്, പദ്ധതി നടപ്പാക്കാന്‍ കെല്‍ട്രോണിനെ ചുമതലപ്പെടുത്തിയി ട്ടുള്ളത് ആകെ 232 കോടി രൂപയ്ക്കാണ്. കെല്‍ട്രോണില്‍നിന്നും കരാര്‍ നേടിയ എസ്ആര്‍ഐറ്റി എന്ന കമ്പനി ബിഡ് ചെയ്തിട്ടുള്ളത് 151 കോടി രൂപയാണ്. എസ്ആര്‍ഐറ്റി മറ്റ് രണ്ടുകമ്പനികളെക്കൂടി ചേര്‍ത്ത് ഉണ്ടാക്കിയ കണ്‍സോര്‍ഷ്യത്തിന് ഉപകരാര്‍ നല്‍കിയിട്ടുള്ളത് ആകെ 75 കോടി രൂപയ്ക്കാണ്. ഈ തുകകള്‍ ചേര്‍ത്ത് വായിക്കുമ്പോള്‍ ഏറിയാല്‍ 100 കോടി രൂപയുടെ ചെലവുവരുന്ന ഒരു പദ്ധതിയാണ് 232 കോടി രൂപയ്ക്ക് കെല്‍ട്രോണിന് നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് മനസ്സിലാക്കാം. ഇതിനു മറുപടിയായി കെല്‍ട്രോണും അത് ആവര്‍ത്തിച്ചുകൊണ്ട് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയും പറഞ്ഞത് കണ്‍ട്രോള്‍ റൂം പരിപാലനത്തിന്റെ 56 കോടി രൂപയും ജിഎസ്‌റ്റി 35.5 കോടി രൂപയും എസ്ആര്‍ഐറ്റി മുന്നോട്ടുവച്ച തുകയില്‍ വന്നിട്ടില്ല എന്നാണ്. എന്നാല്‍ 2023 മാര്‍ച്ച് 15ന് ഗതാഗത മന്ത്രി ആന്റണി രാജു ക്യാമറയുടെയും അനുബന്ധ സാമഗ്രികളുടെയും കണ്‍ട്രോള്‍ റൂം ചെലവുകളുമെല്ലാം ചേര്‍ത്ത് പദ്ധതിയുടെ ആകെ ചെലവ് 165.89 കോടി രൂപ എന്ന് നിയമസഭയില്‍ പറഞ്ഞിരുന്നു. 232 കോടി രൂപയ്ക്ക് കെല്‍ട്രോണിന് നല്‍കുക, കെല്‍ട്രോണ്‍ അത് 151 കോടിക്ക് എസ്ആര്‍ഐറ്റിക്ക് നല്‍കുക, അവര്‍ അത് 75 കോടിയ്ക്ക് ഉപകരാര്‍ നല്‍കുക. യഥാര്‍ത്ഥ ചെലവ് എത്രയാണ്? 3 മെഗാപിക്‌സലിന്റെ ഏറ്റവും ആധുനികമായ എഐ ക്യാമറയുടെ പരമാവധി വില 1 ലക്ഷം രൂപയായിരിക്കുമ്പോള്‍ കെല്‍ട്രോണ്‍ അതിന് വിലയിട്ടിരിക്കുന്നത് 9.5 ലക്ഷം രൂപയാണ്. പദ്ധതിയുടെ ചെലവിനെ സംബന്ധിച്ചുള്ള ഈ കണക്കുകളില്‍ പ്രകടമായും ഗൗരവതരമായ ക്രമക്കേടുകളാണ് കാണുന്നത്.
എസ്ആര്‍ഐറ്റിക്ക് കരാര്‍ നല്‍കുന്നതിനായി കെല്‍ട്രോണ്‍ നടത്തിയ ക്രമക്കേടുകളിെല അഴിമതി വളരെ ഗൗരവമുള്ളതാണ്. ടെന്‍ഡറില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ കമ്പനികളില്‍ ഗുജറാത്ത് കമ്പനി, മതിയായ മൂലധനശേഷിയില്ല എന്നതിനാല്‍ ആദ്യം പുറത്തായി. പിന്നെ അവശേഷിച്ച അശോക് ബില്‍ഡ്‌കോണിനെയും അക്ഷര ഇന്‍ഡ്യയെയും യഥാര്‍ത്ഥത്തില്‍ എസ്ആര്‍ഐറ്റിക്കുതന്നെ കരാര്‍ ലഭിക്കുന്നതിനായി ഉപയോഗപ്പെടുത്തുകയായിരുന്നു. ഈ കമ്പനികള്‍ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് രംഗത്ത് പരിചയമില്ല എന്നതിന്റെപേരിലും ഉയര്‍ന്ന തുക ക്വോട്ട് ചെയ്തതിനാലും പുറത്താ ക്കപ്പെടുമെന്ന് മുന്‍കൂറായി ഉറപ്പാക്കി. പിന്നീട് അവശേഷിച്ചത് എസ്ആര്‍ഐറ്റി മാത്രമായിരുന്നു. ഈ കമ്പനികള്‍ക്ക് എസ്ആര്‍ഐറ്റിയുമായുള്ള ബന്ധം ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഒരു ടെന്‍ഡര്‍ നാടകം സംഘടിപ്പിച്ച് എസ്ആര്‍ഐറ്റി കരാര്‍ നേടിയെടുക്കുകയായിരുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇപ്പോള്‍ കെല്‍ട്രോണ്‍ പുറത്തുവിട്ട ടെന്‍ഡര്‍ ഇവാല്യുവേഷന്‍ പ്രീ ക്വാളിഫിക്കേഷന്‍ ബിഡ് റിപ്പോര്‍ട്ട് പ്രകാരം ടെന്‍ഡറില്‍ പങ്കെടുക്കുന്ന കമ്പനികള്‍ക്ക് കുറഞ്ഞത് 10 വര്‍ഷത്തെ പ്രവൃത്തി പരിചയം വേണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. എന്നാല്‍ ടെന്‍ഡറില്‍ പങ്കെടുത്ത അക്ഷര ഇന്‍ഡ്യ 2017ല്‍ മാത്രം രജിസ്റ്റര്‍ ചെയ്ത കമ്പനിയായിരുന്നു. ഇവര്‍ എങ്ങിനെയാണ് ടെന്‍ഡറില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയത്? എസ്ആര്‍ഐറ്റിക്ക് സാങ്കേതിക സഹായം നല്‍കാമെന്ന, ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കു ന്ന മറ്റ് രണ്ട് കമ്പനികളുടെ കത്ത് പരിഗണിച്ചാണ് അവര്‍ക്ക് കരാര്‍ നല്‍കാന്‍ കെല്‍ട്രോണ്‍ തീരുമാനിച്ചത്. ഇപ്രകാരം രണ്ട് സ്വകാര്യകമ്പനികളുടെ കത്ത് പരിഗണിക്കുന്നത് എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. ഇങ്ങനെ അടിമുടി വളഞ്ഞവഴിയിലൂടെ കരാര്‍ നേടിയ എസ്ആര്‍ഐറ്റി, പ്രസാഡിയോ ടെക്‌നോളജീസ്, അല്‍ ഹിന്ദ് എന്നിവരുമായി ചേര്‍ന്ന് വീണ്ടുമൊരു കണ്‍സോര്‍ഷ്യം ഉണ്ടാക്കിഉപകരാര്‍ നല്‍കി. അല്‍ ഹിന്ദ് പിന്നീട് ഇതില്‍നിന്നും പിന്‍മാറി. തുടര്‍ന്നുവന്ന ലൈറ്റ് മാസ്റ്ററും പിന്‍വാങ്ങി. ഉപകരണങ്ങള്‍ വാങ്ങുന്നത് ട്രോയ്‌സ് ഇന്‍ഫോടെക് എന്ന കമ്പനിയില്‍നിന്നായിരിക്കണമെന്ന് പ്രസാഡിയോ ഈ രണ്ട് കമ്പനികളുടെമേലും സമ്മര്‍ദ്ദം ചെലുത്തിയതിനെ ത്തുടര്‍ന്നാണ് ഇവര്‍ ഉപകരാറില്‍നിന്നും പിന്‍വാങ്ങിയതെന്ന് പറയപ്പെടുന്നു. ഇപ്രകാരം സമ്മര്‍ദ്ദം ചെലുത്തത്തക്കവിധം പ്രസാഡിയോ എന്ന കമ്പനിയുടെ കരുത്തിന്റെ രഹസ്യമെന്താണ്? മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന്റേതാണ് കമ്പനി എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ട്രോയ്‌സ് ഇന്‍ഫോടെക് എന്ന കമ്പനിക്കുവേണ്ടിയുള്ള സമ്മര്‍ദ്ദവും സംശയങ്ങളുണര്‍ത്തുന്നു. സത്യസന്ധമായ അന്വേഷണം നടന്നാല്‍ മാത്രം പുറത്തുവരുന്ന ദുരൂഹതകളാണ് ഇവയെല്ലാം.


പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഉപകരാറുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാന്‍ പാടില്ല എന്ന് മോട്ടോര്‍ വാഹനവകുപ്പും കെല്‍ ട്രോണും തമ്മിലുള്ള ധാരണാ പത്രത്തിലുണ്ടായിരുന്നു. എന്നാല്‍ കെല്‍ട്രോണ്‍ ഉപകരാര്‍ കൊടുത്ത എസ്ആര്‍ഐടി എന്ന ഏജന്‍സി സ്വന്തം നിലയില്‍ മറ്റൊരു കമ്പനിയുമായി രഹസ്യ കരാര്‍ ഒപ്പുവെച്ചുവത്രെ! കെല്‍ട്രോണ്‍ അതേക്കുറിച്ച് പിന്നിട് മാത്രമാണ് അറിഞ്ഞതെന്ന് വിശദീകരിച്ചെങ്കിലും അത് വ്യാജമായിരുന്നുവെന്ന് തെളിഞ്ഞു. ആരാണ് അത്തരം ഉപകരാറുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്? കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്ന കമ്പനിയെ ഉപകരണങ്ങള്‍ സപ്ലൈ ചെയ്യുന്നവരെന്ന നിലയിലോ മെയ്ന്റനന്‍സ് പ്രൊവൈഡര്‍ എന്ന നിലയിലോ പരിഗണിക്കരുതെന്ന വ്യവസ്ഥ നിലനില്‍ക്കുമ്പോള്‍ കെല്‍ട്രോണ്‍ എങ്ങനെയാണ് പ്രോജക്റ്റ് ഫെസിലിറ്റി മാനേജുമെന്റ് സര്‍വ്വീസ് നല്‍കുന്ന കമ്പനിയായി മാറിയത്? ഭാവിയില്‍ തങ്ങള്‍ക്ക് കരാര്‍ ലഭിക്കുന്നതിനായി പദ്ധതിയുടെ ഡിപിആറില്‍ ക്രമക്കേടുകള്‍ എഴുതുമെന്നതിനാലാണ് ഈ വ്യവസ്ഥ നിലവില്‍വന്നത്. സേഫ് കേരള അതിനെയും അട്ടിമറിച്ചു.
കരാറുകള്‍ നേടുന്നതിനും കമ്മീഷന്‍ സംഘടിപ്പിക്കുന്നതിനും ബിസിനസ്സ് രംഗത്ത് നടക്കുന്ന ഞെട്ടിപ്പിക്കുന്ന രാഷ്ട്രീയ ഇടനില പ്രവര്‍ത്തനങ്ങളും ലോബിയിംഗും ഈ എ.ഐ ക്യാമറ ഇടപാടിലും നടന്നിട്ടുണ്ട്. ഒരു പുതിയ പദ്ധതിയുടെ ആശയം ആവിഷ്‌കരിക്കുന്നതുതന്നെ ഇത്തരം ബിസിനസ്സ് സംഘങ്ങളുടെ ആസൂത്രണത്തില്‍ നിന്നാണ്. പദ്ധതി ആര്‍ക്കുനല്‍കണമെന്നതിനെ സംബന്ധിച്ച് രാഷ്ട്രീയ – ബിസിനസ്സ് ഗൂഢസംഘം തീരുമാനിച്ചതിനുശേഷം മാത്രമായിരിക്കും സര്‍ക്കാര്‍ ഔദ്യോഗികമായി പദ്ധതി പ്രഖ്യാപിക്കുന്നതു പോലും. അവര്‍ ലക്ഷ്യമിടുന്ന കമ്പനിക്കുതന്നെ അതിന്റെ കരാര്‍ ലഭിക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന നിയമങ്ങളെയും സംവിധാനങ്ങളെയും അവര്‍ കാറ്റില്‍പ്പറത്തും. ഒതുക്കേണ്ടവരെ ഒതുക്കും. കോടികള്‍ കമ്മീഷനായി മറിയുന്ന സര്‍ക്കാര്‍ പദ്ധതികളുടെയും ബിസിനസ്സിന്റെയും രംഗത്ത് രാഷ്ട്രീയ നേതൃത്വമറിയാതെ ഒരു ഇല പോലുമനങ്ങരുത് എന്ന കരിങ്കല്‍കല്‍പ്പന നിലനില്‍ക്കുന്നിടത്താണ് നേതാക്കന്മാര്‍ നിഷ്‌കളങ്കരും നിര്‍ദ്ദോഷികളുമായി അഭിനയിക്കുന്നത്.
അദാനിയും അംബാനിയും മുതല്‍ യൂസഫലിയും ഊരാളുങ്കലും വരെ ദൃഢമായ രാഷ്ട്രീയ ചങ്ങാത്തത്തിന്റെ പിന്‍ബലം ഉപയോഗപ്പെടുത്തിയാണ് വളരുന്നത്. ഭരണമെന്നത് ചെറുതും വലുതുമായ മൂലധനശക്തികളുടെ വളര്‍ച്ചയ്ക്കുവേണ്ടിയുള്ള അധോലോകപ്രവര്‍ത്തനങ്ങള്‍ മാത്രമായി അധ:പതിച്ചുകഴിഞ്ഞു. ഈ രാഷ്ട്രീയ നേതൃത്വം തിരിഞ്ഞുനിന്നു പാവപ്പെട്ട പൗരന്മരോട് ‘അഴിമതിയുടെ തെളിവ് എവിടെ’ എന്നു ചോദിക്കുന്നു. തെളിവിന്റെ തുമ്പുപോലും അവശേഷിപ്പിക്കാതെ അഴിമതി നടത്താന്‍ സൗകര്യമുള്ള നാട്ടില്‍ തെളിവ് ഇല്ല എന്നതിനാല്‍ അഴിമതി നടന്നില്ല എന്ന് സ്ഥാപിക്കാനാവില്ല. കൂറ്റന്‍ മുതലാളിമാര്‍ നേടുന്ന പെരുംലാഭവും ആനുകൂല്യങ്ങളുമെല്ലാം വന്‍അഴിമതികളുടെ പ്രതിഫലനമാണമെന്ന് യുക്തിപൂര്‍വ്വം നാം മനസ്സിലാക്കണം.


പിഴയീടാക്കാന്‍ മുന്‍കൂര്‍ കരാര്‍!


യഥാര്‍ത്ഥത്തില്‍, ട്രാഫിക് നിയമ ലംഘനങ്ങള്‍ പിഴവുകളില്ലാതെ കണ്ടെത്തിയാല്‍ കോടികള്‍ ജനങ്ങളില്‍നിന്ന് പിഴയായി വസൂലാക്കാമെന്ന പിണറായി സര്‍ക്കാരിന്റെ പിടിച്ചുപറിയുടെ കണക്കുകൂട്ടലാണ് നിര്‍മ്മിതബുദ്ധി ക്യാമറകള്‍ സ്ഥാപിക്കാനുള്ള കരാറുകളിലേയ്ക്ക് നയിച്ചത്. റോഡ് അപകടങ്ങള്‍ കുറയ്ക്കാനോ സുരക്ഷിത യാത്ര ഉറപ്പാക്കാനോ അല്ല പദ്ധതിയാവിഷ്‌കരിച്ചതെന്ന് വ്യക്തമാക്കുന്നതാണ് ഇതിനകം മാധ്യമങ്ങള്‍ പുറത്തുവിട്ട വസ്തുതകള്‍. കരാര്‍ നേടിയ എസ്ആര്‍ഐറ്റിക്ക് ജനങ്ങളില്‍നിന്ന് പിഴ പിരിക്കാനുള്ള അവകാശം നല്‍കിയാണ് കെല്‍ട്രോണ്‍, അവരുമായുള്ള കരാര്‍ രൂപപ്പെടുത്തിയത്. സര്‍ക്കാര്‍ അറിയാതെ ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ കെല്‍ട്രോണിന് കഴിയില്ല. അതിനാല്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നുള്ള വിശദീകരണങ്ങള്‍ ഒട്ടുംതന്നെ വിശ്വസനീയമല്ല. ട്രാഫിക് നിയമ ലംഘനങ്ങള്‍ കണ്ടെത്തി പിഴ ഈടാക്കുന്നത് നിലവില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിധിയില്‍ വരുന്ന വിഷയം മാത്രമായിരുന്നു. അതിലേയ്ക്ക് സ്വകാര്യ ഏജന്‍സികളെ കൊണ്ടുവരികയും കൂടിയ തുക പിഴ ഈടാക്കുകയും അതിന്റെ വിഹിതം കമ്പനികളും സര്‍ക്കാരും പങ്കിട്ടെടുക്കുകയുമൊക്കെ ചെയ്യുന്ന കൊടിയ ജനദ്രോ ഹത്തിനാണ് ഇടതുമുന്നണി സര്‍ക്കാര്‍ പദ്ധതിയൊരുക്കുന്നത്. പക്ഷേ, പ്രതിപക്ഷം അഴിമതിയെക്കുറിച്ച് മാത്രമാണ് പറയുന്നത്. അല്ലെങ്കില്‍, ട്രാഫിക് നിയമ ലംഘനങ്ങളുടെ പേരില്‍ കോടികള്‍ ജനങ്ങളില്‍നിന്ന് പിരിക്കാമായിരുന്നുവെന്നാണ് അവരും പറഞ്ഞുകൊണ്ടിരിക്കുന്നത്.


കെല്‍ട്രോണിനെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ നടത്തിയ ഇടപാടുകള്‍ എന്തായിരുന്നു, എന്തിനായിരുന്നുവെന്ന് തെളിവുകള്‍ സഹിതം ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കാന്‍ ഗവണ്മെന്റ് ബാധ്യസ്ഥമാണ്. പ്രസാഡിയോ എന്ന കമ്പനിക്ക് എസ്ആര്‍ഐടി ഉപകരാര്‍ കൊടുത്തതിനുശേഷം, അവര്‍ നേരിട്ട് കമ്മിഷന്‍ പിരിക്കാന്‍ തുടങ്ങി. ഉപകരണങ്ങള്‍ വാങ്ങാന്‍ പര്‍ച്ചേസ് ടെന്‍ഡര്‍ നേടിയ, ലൈറ്റ് മാസ്റ്റര്‍ ലൈറ്റിംഗ് ഇന്ത്യയോട് കമ്മിഷന്‍ ആവശ്യപ്പെട്ടുവെന്ന കമ്പനി ചെയര്‍മാന്റെ വെളിപ്പെടുത്തല്‍ അഴിമതിയുടെ ആഴം എത്രത്തോളമെന്ന് വ്യക്തമാക്കുന്നു. ജനങ്ങളില്‍നിന്ന് പിരിച്ചെടുക്കുന്ന തുകയില്‍നിന്നുള്ള ലാഭ വിഹിതം പങ്കിടാമെന്ന് വ്യവസ്ഥയുണ്ടാക്കിയെന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നിരിക്കുന്നു. എന്നു മാത്രമല്ല, ഡാറ്റ സെക്യൂരിറ്റി, ഡാറ്റ ഇന്റഗ്രിറ്റി, കോണ്‍ഫിഗറേഷന്‍ ഒഫ് എക്യുപ്‌മെന്റ്, ഫെസിലിറ്റി മാനേജ്‌മെന്റ് എന്നിവയുള്‍പ്പടെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ ഇടയുള്ള കാര്യങ്ങള്‍വരെ മേല്‍പ്പറഞ്ഞ കമ്പനികള്‍ക്ക് കൈമാറുന്ന വിധത്തിലാണ് ഉപകരാറുകള്‍ രൂപപ്പെടുത്തിയതത്രേ! അത്തരം കരാറുകളുടെ വിശദാംശങ്ങള്‍ മന്ത്രിസഭാ യോഗത്തില്‍പോലും അവതരിപ്പിച്ചില്ലായെന്നത് ചിലരുടെ കുടില ബുദ്ധിയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.


നിരീക്ഷണ ക്യാമറകള്‍ക്ക് മാത്രമായി യാത്രാ സുരക്ഷ ഉറപ്പാക്കാനാവില്ല


സേഫ് കേരള പദ്ധതി പ്രകാരം സ്ഥാപിക്കുന്ന 726 എ.ഐ(?) ക്യാമറകളില്‍ 675 എണ്ണവും ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ഉപയോഗിക്കത്താവരെ പിടികൂടാനാണത്രേ. യഥാര്‍ത്ഥത്തില്‍ ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും അപകടങ്ങളുടെ ആഘാതം കുറയ്ക്കാന്‍ സഹായിക്കുമെന്നല്ലാതെ അതിലൂടെ അപകടങ്ങള്‍ തടയാനാവില്ല. റോഡില്‍ ഇപ്പോള്‍ സ്ഥാപിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ക്ക് വാഹനങ്ങളുടെ വേഗത നിര്‍ണ്ണയിക്കാനുള്ള ‘ഇന്റലിജന്‍സ്’ ഇല്ല. ഓവര്‍ സ്പീഡ് കണ്ടെത്താന്‍ നീക്കിവച്ചിട്ടുള്ളത് 8 ക്യാമറകള്‍ മാത്രമാണ്. സേഫ് കേരളയുടെ യഥാര്‍ത്ഥ ലക്ഷ്യം അപകടമില്ലാതാക്കുക എന്നതിനുമപ്പുറം ജനങ്ങളുടെമേല്‍ കനത്ത പിഴയീടാക്കി ഖജനാവ് നിറയ്ക്കുക എന്നതാണെന്ന് ഇതിലൂടെ വ്യക്തമാകുന്നു. 5 വര്‍ഷംകൊണ്ട് 424 കോടി രൂപ പിഴയായി പിരിച്ചുനല്‍കാമെന്ന് കെല്‍ട്രോണ്‍ മുന്‍കൂറായി വാഗ്ദാനം ചെയ്തത്രേ. ആ പിഴത്തുകയില്‍ കണ്ണുവെച്ച് കഴുകന്മാര്‍ ചാടി വീഴുകയായിരുന്നു. അവര്‍ക്കാര്‍ക്കും സാമൂഹികമായി എന്തെങ്കിലും ഉത്തരവാദിത്വം ഉള്ളതായി അറിവില്ല. ലാഭ വിഹിതം എത്ര എന്നതില്‍ മാത്രമാണ് അവരുടെ കണ്ണ്.


സേഫ് കേരള പദ്ധതിയുടെ മറയില്‍ കമ്മിഷന്‍ പറ്റാനും ജനങ്ങളെ പിഴിയാനും അത്യുല്‍സാഹം കാട്ടുന്ന പിണറായി സര്‍ക്കാരിന് മറ്റെന്തെങ്കിലും ജനതാല്‍പര്യമുള്ളതായി കാണാന്‍ കഴിയില്ല. നേരെമറിച്ച് എല്ലാ വ്യവസ്ഥകളും അട്ടിമറിച്ചുകൊണ്ട് മറ്റൊരു കുത്തിക്കവര്‍ച്ചയ്ക്ക് കോപ്പുകൂട്ടുകയായിരുന്നു അവര്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍മൂലം ജീവിതംതന്നെ തകര്‍ന്ന് കഴിയുന്ന ഒരു ജനതയെ പിഴിയാന്‍ നിര്‍മ്മിത ബുദ്ധിയെക്കൂടി ഉപയോഗിക്കാനുള്ള സര്‍ക്കാരിന്റെ കുടില നീക്കങ്ങള്‍ മാത്രമാണിത്.

Share this post

scroll to top