അദാനി – സിപിഐ(എം) – ബിജെപി അവിശുദ്ധ സഖ്യം ഉയർത്തുന്ന വെല്ലുവിളി നേരിടാൻ വിഴിഞ്ഞം സമരത്തിന്റെ പാഠങ്ങളിൽ നിന്ന് ഊർജ്ജം ഉൾക്കൊള്ളുക

FaktAF7VQAApffk_630771f1a91fc.jpg
Share

വിഴിഞ്ഞം തുറമുഖ കവാടത്തിനു മുമ്പില്‍ പന്തല്‍ കെട്ടി 138 ദിവസമായി മല്‍സ്യത്തൊഴിലാളികള്‍ നടത്തിവന്നിരുന്ന സമരം ഡിസംബര്‍ ആറിന് അവസാനിപ്പിച്ചു. അദാനി-എല്‍ഡിഎഫ്-യുഡിഎഫ്-ബിജെപി സംയുക്ത സംരംഭമായ വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ പലപ്പോഴായി ഉയര്‍ന്നു വന്നിട്ടുള്ള പ്രധിഷേധങ്ങളിലെ ഏറ്റവും വീറുറ്റ ഘട്ടമാണ് ഇപ്പോള്‍ കടന്നുപോയത്. തീരദേശജനതയുടെ നിലനില്‍പ്പിന്റെ പ്രശ്നങ്ങളെ അവഗണിച്ച് ഒരു അധികാരശക്തിക്കും മുന്നോട്ടു പോകാനാവില്ലെന്ന താക്കീത് നല്‍കാന്‍ വിഴിഞ്ഞം സമരത്തിനു കഴിഞ്ഞു. പ്രകൃതിയുമായി മല്ലടിച്ച് ജീവിക്കുന്ന ഒരു ജനതയുടെ ജീവിതത്തെയും ആവാസ മേഖലയെയും തകര്‍ക്കുന്നതിനെതിരെ, ലോകത്തിലെതന്നെ ഏറ്റവും വലിയ ഒരു കോര്‍പ്പറേറ്റ് ശക്തിക്കെതിരെ അവര്‍ നടത്തിയ സമരം നല്‍കുന്നത് വിലപ്പെട്ട പാഠങ്ങളാണ്.

മോദി ഭരണകാലത്ത് തുറമുഖങ്ങളും വിമാനത്താവളങ്ങളും ഖനികളും ഉൾപ്പടെയുള്ള നാടിന്റെ പൊതുസമ്പത്ത് സ്വകാര്യവൽക്കരണ നയങ്ങളിലൂടെ കൈയടക്കിയും ഇളവുകളിലൂടെ രാജ്യഖജനാവിൽനിന്നും ബാങ്കുകളിൽനിന്നും കോടാനുകോടികൾ കവർന്നും കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിൽ സമ്പത്ത് വർധിപ്പിച്ച അദാനി ചങ്ങാത്ത മുതലാളിത്തത്തിന്റെ ഉത്തമ പ്രതിനിധിയാണ്. അദാനിയുടെ കരങ്ങളിൽ വിഴിഞ്ഞം എത്തിയതെങ്ങനെയാണെന്ന് ഏവർക്കും അറിയുന്ന കാര്യമാണ്. ശാസ്ത്രീയമായ എല്ലാ പാരിസ്ഥിതിക പഠനങ്ങളും അരുത് എന്ന് പറഞ്ഞിട്ടും വിഴിഞ്ഞം തുറമുഖവുമായി സർക്കാർ മുന്നോട്ടുപോയി. സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമാണ് കരാർവ്യവസ്ഥകൾ എന്ന് സിഎജി കണ്ടെത്തിയ കാര്യങ്ങൾ അനിഷേധ്യമായി നിലകൊള്ളുന്നു. ടെൻഡർ പ്രക്രിയയിൽ ഏർപ്പെട്ട മറ്റു കമ്പനികളെ തന്ത്രപൂർവ്വം ഒഴിവാക്കി അദാനി മാത്രം രംഗത്ത് അവശേഷിച്ചതിനുശേഷം പുതിയ കൺസൾട്ടൻസിയെ നിയോഗിച്ച് എസ്റ്റിമേറ്റ് വർധിപ്പിക്കുകയും മറ്റു നിരവധിയായ ഉദാരമായ ആനുകൂല്യങ്ങൾ കൂട്ടിച്ചേർത്തുമാണ് ഉമ്മൻചാണ്ടി നയിച്ച യുഡിഎഫ് സർക്കാർ കരാർ ഉണ്ടാക്കിയത്.
എസ്റ്റിമേറ്റ് തുക പെരുപ്പിച്ച് കാട്ടിയതുകൊണ്ടുതന്നെ സർക്കാർ വിഹിതം മാത്രം ഉപയോഗപ്പെടുത്തി പണിപൂർത്തിയാക്കാനാവും. കൂടാതെ അദാനിയുടെ വിഹിതം എന്നു പറയുന്ന 2500 കോടി രൂപ സർക്കാർ ഏറ്റെടുത്തു നൽകിയ ഭൂമിയും പദ്ധതി ആസ്തിയും പണയപ്പെടുത്തിയും സംഘടിപ്പിക്കാനാവും. കൂടാതെ കാസിനോകൾ അടക്കമുള്ള ടൂറിസം, റിയൽഎസ്റ്റേറ്റ് ബിസിനസ് വഴിയുള്ള അധിക ലാഭവും. ഇതൊക്കെ നാട്ടിൽ പാട്ടായപ്പോഴാണ് കരാറിൽ 6000 കോടിയുടെ അഴിമതി ആരോപിച്ച് യുഡിഎഫിനെതിരെ സിപിഐ(എം) രംഗത്തിറങ്ങിയത്. അവസരവാദത്തിന്റെയും ഇരട്ടത്താപ്പിന്റെയും സോഷ്യൽ ഡെമോക്രസിയുടെയും ലക്ഷണമൊത്ത പ്രസ്ഥാനം എന്ന നിലയിൽ, സിപിഐ(എം) തുടർന്ന് ഭരണത്തിൽ എത്തിയപ്പോൾ മേൽപ്പറഞ്ഞ സാഹചര്യങ്ങളിൽ തരിമ്പും മാറ്റമുണ്ടായില്ലെങ്കിലും തുറമുഖ നിർമ്മാണവുമായി മുന്നോട്ടു പോകുന്നതിന്റെ ചുമതലക്കാരായി അവർ മാറി. കടൽ കൊള്ളക്കാരൻ എന്നവർ വിശേഷിപ്പിച്ച അദാനി സിപിഐ(എം)ന്റെ പുതിയ വികസന കാഴ്ചപ്പാടിൽ അവരുടെ ഉത്തമ സഹചാരിയായി മാറി. സിഎജിയുടെ റിപ്പോർട്ട് പത്തായത്തിൽ വച്ച് പൂട്ടി. അഴിമതി ആരോപണങ്ങൾ വിഴുങ്ങി. അദാനി മുതലാളിയുടെ ചാരത്ത് യഥോചിതം വാലാട്ടിയും കുരച്ചും അവർ നിലകൊണ്ടു.


അദാനിയുടെ തുറമുഖ നിർമ്മാണം തീരത്തിനും തീരദേശജനങ്ങൾക്കും എണ്ണമറ്റ കെടുതികൾ സൃഷ്ടിച്ചു


വിഴിഞ്ഞം പദ്ധതി പ്രവർത്തനം പുരോഗമിക്കവെ തിരുവനന്തപുരത്തിന്റെ തീരത്ത് പാരിസ്ഥിതിക ആഘാതങ്ങളും തീരശോഷണവുംപ്രത്യക്ഷപ്പെട്ടു. വിഴിഞ്ഞം തുറമുഖ നിർമ്മാണം സൃഷ്ടിക്കാൻ പോകുന്ന തീരശോഷണത്തെപ്പറ്റിയും തീരജനതയുടെ ജീവിതമാർഗത്തെ ബാധിക്കുന്നതിനെപ്പറ്റിയും പരിസ്ഥിതി, സാമൂഹിക ശാസ്ത്രജ്ഞന്മാർ നൽകിയ മുന്നറിയിപ്പുകൾ യാഥാർത്ഥ്യമാവാൻ തുടങ്ങി. പുലിമുട്ട് നിർമ്മാണം പുരോഗമിക്കവെ ആയിരക്കണക്കിന് യാനങ്ങൾ പ്രവർത്തിക്കുന്ന വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം മണലടിഞ്ഞ് അപകടകരമായ അവസ്ഥയിലായി. തൽഫലമായി തുറമുഖത്തിനകത്ത് അപകടങ്ങൾ തുടരെയുണ്ടായി. നിരവധി മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ടു. അനവധി യാനങ്ങൾ തകർന്നു. ലോകപ്രസിദ്ധ ടൂറിസ്റ്റ് കേന്ദ്രമായ കോവളത്തിന്റെ കടപ്പുറം കടലെടുത്തു തുടങ്ങി. വലിയതുറ തീരത്തിന്റെ മുഖ്യഭാഗവും നഷ്ടപ്പെട്ടു. ശംഖുമുഖം തീരമാപ്പാടെ കടലെടുത്ത് റോഡും കടന്ന് എയർപോർട്ട് മേഖലയിലേക്ക് കടക്കുന്ന വിധമായി. പെരുമാതുറ മുതലപ്പൊഴി മേഖല മരണക്കെണിയായി മാറി. ഈ കാലയളവിൽ ചെറിയൊരു പ്രദേശത്ത് മാത്രമായി 60 ഓളം മൽസ്യത്തൊഴിലാളികളുടെ ജീവൻ നഷ്ടമായി. ഡ്രെഡ്ജിങ് ആരംഭിച്ചതോടെ തീരക്കടലിൽ മത്സ്യലഭ്യത കുറഞ്ഞു. ഈ മേഖലയിൽ മാത്രം അധിവസിച്ച നിരവധി ജീവിവർഗങ്ങൾ ഇല്ലാതായി. കിലോമീറ്ററുകള്‍ നീളത്തിൽ നൂറുകണക്കിന് കോൺക്രീറ്റ് വീടുകൾ കടലെടുത്ത് പോയി. അവിടെ മാന്യമായ രീതിയിൽ സ്വസ്ഥമായി കഴിഞ്ഞിരുന്ന നൂറുകണക്കിന് കുടുംബങ്ങൾ സിമന്റ് ഗോഡൗണുകളിലേക്ക് തള്ളപ്പെട്ടു. അവർ അവിടെ ദുരിതപൂർണ്ണമായ ജീവിതം നയിച്ചുകൊണ്ടിരിക്കുന്നു. പറഞ്ഞറിയിക്കാനാവാത്ത ഈ ദുരിതാനുഭവങ്ങളുടെ സാഹചര്യത്തിലാണ് പാവപ്പെട്ട മത്സ്യത്തൊഴിലാളികൾ നിവൃത്തി കേടുകൊണ്ട് സമരമാർഗ്ഗത്തിലേക്ക് തിരിഞ്ഞത്.


അവർണ്ണനീയമായ ദുരിതങ്ങളും സർക്കാരിന്റെ കുറ്റകരമായ അവഗണനയും മൽസ്യത്തൊഴിലാളികളെ
പ്രക്ഷോഭത്തിലേക്ക് നയിച്ചു


നിവേദനങ്ങൾക്കും അധികാരികളുടെ മുന്നിലുള്ള പരിദേവനങ്ങൾക്കും തെല്ലും പരിഗണന കിട്ടുന്നില്ലെന്ന് വന്നപ്പോൾ നിരവധി രീതികളിലുള്ള സമരങ്ങൾ അവർ നടത്തി. ശംഖുമുഖത്തുള്ള അദാനി കൈവശപ്പെടുത്തിയ തിരുവനന്തപുരം എയർപോർട്ടിന് മുന്നിൽ പന്തൽ കെട്ടി സമരം ആരംഭിച്ചു. ഇടയ്ക്കിടെ സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധവുമായെത്തി. അദാനിയോടുള്ള വിധേയത്വം പ്രകടമാക്കിക്കൊണ്ട് അധികാരികൾ മത്സ്യത്തൊഴിലാളികളോടുള്ള അവഗണന തുടർന്നു. സമൂഹത്തിലെ ഏറ്റവും നിർധനരും കഠിനവും അപകടകരവുമായ ജീവിത സാഹചര്യത്തിൽ കഴിയുന്നവരുമായ കടൽ മക്കളുടെ സങ്കടങ്ങൾ ചെവിക്കൊള്ളാൻ അവരുടെ വോട്ട് വാങ്ങി മന്ത്രിയായവർപോലും തയ്യാറാവാതായി. തീരജനതയുടെ സമ്മർദ്ദത്തിന്റെയും കൂടി ഫലമായി അവരിൽ നല്ലൊരു ശതമാനം പേർ അംഗങ്ങളായ ലത്തീൻ കത്തോലിക്കാ അതിരൂപത സമരത്തിന്റെ നേതൃനിരയിലെത്തി. ധീവരസഭയും മറ്റു വിഭാഗങ്ങളും തീരസമൂഹത്തിന് പുറത്തുള്ള ജനാധിപത്യ വിശ്വാസികളും സമരത്തിൽ കൂട്ടുചേർന്നു. വിഴിഞ്ഞം തുറമുഖം സൃഷ്ടിക്കുന്ന ആഘാതങ്ങൾ കേവലം വിഴിഞ്ഞം തീരത്തെയും തീരജനതയെയും മാത്രം ബാധിക്കുന്ന വിഷയമല്ലെന്നും സംസ്ഥാനത്താകെയുള്ള പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക ഘടനയെ ബാധിക്കുന്ന വിഷയമെന്ന നിലയിൽ കണ്ടുകൊണ്ട് കേരളത്തിനുവേണ്ടി വിഴിഞ്ഞം തീരദേശജനത നടത്തുന്ന വീറുറ്റ പോരാട്ടത്തിന് പിന്തുണ നൽകാനും ആ സമരത്തിന്റെ സന്ദേശം സംസ്ഥാനമെമ്പാടും പ്രചരിപ്പിക്കാനുമായി സംസ്ഥാനതലത്തിൽ ഐക്യദാർഢ്യസമിതി പ്രവർത്തനമാരംഭിച്ചു. ജനകീയ സമരങ്ങളിൽ മുന്നിട്ട് പ്രവർത്തിക്കുന്ന അനവധി വ്യക്തിത്വങ്ങളും എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ഉൾപ്പെടെയുള്ള നാല്പതോളം സംഘടനകളും ചേർന്നുള്ള ആ സമിതി എല്ലാ ജില്ലകളിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചു.
വിഴിഞ്ഞം തുറമുഖ കവാടത്തിനു മുന്നിൽ പന്തൽ കെട്ടി ആരംഭിച്ച സമരത്തിൽ കേരളത്തിലെമ്പാടുംനിന്ന് നീതിബോധമുള്ള സമരഭടന്മാർ എത്തിക്കൊണ്ടിരുന്നു. തുറമുഖം സൃഷ്ടിക്കുന്ന ആഘാതങ്ങളെ നേരിട്ടുകൊണ്ടുള്ള ദുരിത ജീവിതം പകർന്നു നൽകിയ രോഷവും, അതിന്റെ കാരണങ്ങളെപ്പറ്റിയുള്ള തികഞ്ഞ ബോധ്യവും വെളിവാക്കിയ വീറുറ്റ സമരമാണ് അവിടെ കാണാനായത്. കെ- റെയിൽവിരുദ്ധ സമരം ഉള്‍പ്പടെയുള്ള വിവിധ ജനകീയ സമര വേദികളിൽനിന്ന് തങ്ങളുടെ സഹജീവികൾ നടത്തുന്ന അതിജീവന സമരത്തിന് പിന്തുണയുമായി ജനങ്ങൾ എത്തിച്ചേർന്നുകൊണ്ടിരുന്നു.


സമരത്തെ നേരിടാനായി
സിപിഐ(എം)ഉം കൂട്ടാളികളും നടത്തിയ വർഗ്ഗീയ
പ്രചാരണം മാപ്പർഹിക്കാത്ത അപരാധം


ഈ സമരത്തെ പരാജയപ്പെടുത്താനായി സിപിഐ(എം)ന്റെ നേതൃത്വത്തിൽ അരങ്ങേറിയ ഹീനമായ സമരവിരുദ്ധ പ്രവർത്തനങ്ങൾ ഫാസിസ്റ്റ് ശൈലിയിൽ ഉള്ളതായിരുന്നു. സമര നേതൃത്വത്തെ താറടിച്ചു കാണിക്കാനായി അവരുടെ സാമൂഹിക മാധ്യമപ്പടയും പാർട്ടി പത്രവും ചാനലും നീചമായ വ്യക്തിഹത്യകളും ഗീബൽസിയൻ കള്ളപ്രചരണങ്ങളും ആരംഭിച്ചു. കണ്ണിൽ ചോരയില്ലാത്ത, ലാഭാർത്തി മാത്രമുള്ള കോർപ്പറേറ്റ് മുതലാളിയുടെയും അവരുടെ താൽപര്യം സംരക്ഷിക്കുന്ന ഭരണാധികാരികളുടെയും നയനടപടികൾ കാരണം ദുരിതമനുഭവിക്കുന്ന ദരിദ്രരായ ഒരു ജനത നടത്തുന്ന അതിജീവന സമരത്തെ തകർക്കാൻ അവരുടെ സമരകേന്ദ്രത്തിന് അഭിമുഖമായി ഒരു ബദൽ സമര കേന്ദ്രം സംഘടിപ്പിച്ചുകൊണ്ടുള്ള തീർത്തും ജനാധിപത്യ വിരുദ്ധമായ നീക്കത്തിന് ബിജെപി യോടൊപ്പം സിപിഐ(എം) നേതൃത്വം നൽകിയെന്നത് കേരളത്തിലെ ജനാധിപത്യ മനഃസാക്ഷിയെ വേദനിപ്പിച്ചു. സമര നേതൃത്വം ഒരു പ്രത്യേക മതവിഭാഗമാണെന്ന് പ്രചരിപ്പിച്ചുകൊണ്ട് മതവിദ്വേഷ സമീപനത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ ചില പ്രബലജാതി സംഘടനകളെ കോർത്തിണക്കി സിപിഐ(എം)ഉം ബിജെപിയും സംയുക്തമായാണ് ബദൽ സമരത്തിന് നേതൃത്വം നൽകിയത്. ഒരു ജനാധിപത്യ സമരത്തെ തകർക്കാൻ വർഗീയതയെ പ്രയോജനപ്പെടുത്താമെന്ന ദുഷ്ട രീതിയാണ് സിപിഐ(എം) അവലംബിച്ചത്. അദാനിക്കെതിരായി നടത്തിയ സമരം എങ്ങിനെയാണ് ഏതെങ്കിലും മതവിഭാഗത്തിനെതിരാകുന്നത്? ലത്തീൻ സഭ നയിച്ച ന്യായയുക്തമായ ഒരു സമരം എങ്ങിനെയാണ് മതസംഘർഷം സൃഷ്ടിക്കാനിടയാകുന്നത്? അവർ ഉയർത്തിയ ആവശ്യങ്ങൾ സമരം ചെയ്യുന്ന വിഭാഗത്തിന്റെ മതവിശ്വാസവുമായി ബന്ധപ്പെട്ടവയോ മറ്റ് മതവിഭാഗങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നവയോ ആയിരുന്നില്ല.


കിടപ്പാടത്തിന്റെയും നിലനിൽപ്പിന്റെയും ജീവിതവൃത്തിയുടെയും പ്രശ്‌നങ്ങൾ ഉയർത്തിയ ഒരു ജനാധിപത്യസമരമായിരുന്നു അത്. അതിനെ വർഗ്ഗീയസംഘർഷമാക്കി മാറ്റിയെടുക്കാൻ പരിശ്രമിച്ചത് സിപിഐ(എം)ഉം ബിജെപിയുമാണ്. സമരത്തിൽ അണിനിരന്നവരുടെ മതവിശ്വാസത്തെ വിനാശപ്രചാരണത്തിന്റെ ഒരു ന്യായമാക്കി ഉയർത്തിയവർ സംസ്ഥാനത്തിന്റെ മതേതര-ജനാധിപത്യ ഘടനയ്ക്ക് ഏൽപ്പിച്ച ആ ഘാതം ചെറുതല്ല. ഒരു ജനാധിപത്യ സമരം ഇപ്രകാരം ആക്രമിക്കപ്പെട്ടാൽ അതിന് ഈ നാടും ഭാവി ജനകീയമുന്നേറ്റങ്ങളും നൽകേണ്ടിവരുന്ന വില അളക്കാനാവാത്തതായിരിക്കും. ഇടതെന്ന പേരിൽ പ്രവർത്തിക്കുന്ന സിപിഐ(എം) കാട്ടുന്ന ഈ അപചയം ഇടതു – ജനാധിപത്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നു.


അദാനിക്കുവേണ്ടി നാണംകെട്ട നിലയിൽ സിപിഐ(എം) ബിജെപിയുമായി കൈകോർത്തു


സിപിഐ(എം) ജില്ലാ സെക്രട്ടറിയും ബിജെപി ജില്ലാ പ്രസിഡണ്ടും സംയുക്തമായി നേതൃത്വം നൽകുന്ന ജാഥയും കേരളത്തിന് കാണേണ്ടിവന്നു. ഒരു കോർപ്പറേറ്റ് മുതലാളിക്കുവേണ്ടി ബിജെപിയോടൊപ്പം ചേർന്ന് സിപിഐ(എം) സമരവിരുദ്ധ ജാഥ നയിക്കുന്ന കാഴ്ച ദേശീയ മാധ്യമങ്ങളിലൂടെ കണ്ട് മറ്റ് സംസ്ഥാനങ്ങളിലെ ഇടതുപക്ഷ ആഭിമുഖ്യമുള്ളവർ ഞെട്ടി. സിപിഐ(എം) സംസ്ഥാന സെക്രട്ടറി അതിനെ ന്യായീകരിക്കുകയും ചെയ്തതോടെ അത് ഒരു ഔദ്യോഗിക നയമാണെന്ന് വ്യക്തമായി. നഗ്‌നമായ മൂലധനസേവയുടെ മകുടോദാഹരണമായി നവംബർ 29ലെ ദേശാഭിമാനി പത്രം പുറത്തിറങ്ങി. വിഴിഞ്ഞം സമര ഐക്യദാർഢ്യസമിതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ ചിത്രങ്ങൾ സഹിതം മുൻപേജ് നിറച്ചു.‘വിഴിഞ്ഞം തുറമുഖ അട്ടിമറി ഗൂഢാലോചന: പിന്നിൽ ഒമ്പതംഗസംഘം’എന്ന തലക്കെട്ടിൽ നിറം പിടിപ്പിച്ച വാർത്ത പ്രത്യക്ഷപ്പെട്ടു. ഒരു സമരത്തെ തകർക്കാൻ ഏതറ്റം വരെയും പോകാൻ സിപിഐ(എം) തയ്യാറാണെന്ന് വെളിപ്പെടുത്തലായിരുന്നു അത്. എതിരാളികളെ കരിതേച്ചു കാണിക്കാനും ഭരണകൂടത്തിന്റെ അടിച്ചമർത്തലിന് വിധേയരാക്കാനും വേണ്ടി നാസികളും സിഐഎയും നടത്തിയ ‘ബ്ലാക്ക് പ്രോപ്പഗാന്റ’ക്ക് സമാനമായ പ്രചാരണമാണിത്.
തുറമുഖ കവാടത്തിൽ നടക്കുന്ന തികച്ചും സമാധാനപരമായ സമരത്തിനെതിരെ കേന്ദ്രസേനയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് അദാനി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തപ്പോൾ സിപിഐ(എം) ഗവൺമെന്റ് അതിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്. സ്വന്തം സംസ്ഥാനത്ത് നടക്കുന്ന ഒരു ജനകീയ സമരത്തെ നിഷ്ഠൂരമായി അടിച്ചമർത്താൻ കേന്ദ്രസേനയെ നിയോഗിക്കാൻ സന്നദ്ധരാവുന്നത് അങ്ങേയറ്റം ഹീനമായ ജനാധിപത്യവിരുദ്ധ നിലപാടായിരുന്നു. ബംഗാളിലുൾപ്പടെ തെരഞ്ഞെടുപ്പ് വേളകളിൽ കൊലയും കൊള്ളയും കൊള്ളിവയ്പും നടമാടുമ്പോൾപ്പാലും കേന്ദ്രസേനയുടെ വരവിനെ എതിർക്കുന്ന സിപിഐ(എം)നും ചങ്ങാതികൾക്കും നിർധനരും നിരാശ്രയരുമായ ഒരു വിഭാഗം ജനങ്ങളെ നേരിടാൻ കേന്ദ്രസേന വരട്ടെ എന്ന നിലപാടെടുക്കാൻ ഒരു മനഃസാക്ഷിക്കുത്തുമുണ്ടായില്ല. കേസിന് ബലം പകരാനെന്നവണ്ണം കോടതി കേസ് പരിഗണനയ്ക്ക് എടുക്കുന്നതിനു തൊട്ടുമുമ്പായി വിഴിഞ്ഞം സമരമേഖലയിൽ നവംബർ 26ന് ആസൂത്രിതവും സംഘടിതവുമായ നീക്കമാണ് സർക്കാരും സമരവിരുദ്ധ ശക്തികളെല്ലാവരും ഒത്തുചേർന്ന് നടത്തിയത്.


ആസൂത്രിത പ്രകോപനത്തിലൂടെ സമരത്തെ തകർക്കാൻ ജനങ്ങളെ കരുവാക്കി


ഇത്രനാളും സമാധാനപരമായി നടന്നുവന്ന സമരത്തെ തകർക്കാൻ ഗവൺമെന്റ് ആസൂത്രിതമായി നടത്തിയ നീക്കമാണ് അദാനിയുടെ വാഹനവ്യൂഹം എത്തിച്ചതിന്റെയും അത് തടഞ്ഞ മത്സ്യത്തൊഴിലാളികളെ നേരിടാൻ പോലീസിന്റെ ഒത്താശയോടെ ഗുണ്ടകളെ രംഗത്തിറക്കിയതിന്റെയും കാരണം. അതിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾക്കെതിരെ കേസ് ചാർജ് ചെയ്യുകയും അവരെ ആക്രമിച്ചവരെ വെറുതെ വിടുകയുമാണ് പോലീസ് ചെയ്തത്. സംഭവം നടക്കുമ്പോൾ സ്ഥലത്തില്ലാതിരുന്നവരെ കസ്റ്റഡിയിൽ എടുക്കുകയും അവരെ ജാമ്യത്തിന് ഇറക്കാൻ എത്തിയവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്ന് മാത്രമല്ല ബിഷപ്പുമാർക്കും പുരോഹിതന്മാർക്കുമെതിരെ ഗൂഢാലോചന കുറ്റം ചുമത്തുകയും ചെയ്തു. ആർച്ച് ബിഷപ്പിനെ ഒന്നാം പ്രതിയാക്കിയതുൾപ്പടെയുള്ള ഏകാധിപത്യപരമായ നടപടികൾ ജനങ്ങളിൽനിന്ന് സ്വാഭാവികമായ ഒരു പ്രതികരണം സൃഷ്ടിച്ചെടുക്കുന്നതിനുവേണ്ടി നടന്ന ഒരു ആ സൂത്രിത പ്രകോപനമായിരുന്നു. അന്യായങ്ങൾക്കെതിരെ വൈകാരികമായി പ്രതികരിക്കുക എന്ന മൽസ്യത്തൊഴിലാളികളുടെ സ്വഭാവ വിശേഷത്തെക്കൂടി ഉപയോഗപ്പെടുത്തിക്കൊണ്ട് ‘ഏജന്റ് പ്രൊവോക്കേ റ്റേഴ്‌സ്’ എന്ന കുത്തിത്തിരിപ്പുകാരെ നിയോഗിക്കുകയെന്ന ഫാസിസ്റ്റ് രീതി അവലംബിച്ച് അവരെ പ്രകോപിപ്പിച്ച് നിയമം കൈയിലെടുക്കുന്ന അവസ്ഥയിലേക്ക് ജനങ്ങളെ എത്തിക്കാനുള്ള ആസൂത്രിത നീക്കങ്ങൾ ഫലം കണ്ടു എന്നുവേണം കരുതാൻ. ജനങ്ങൾ സംഘടിതരായി വരാനും പോലീസ് സ്റ്റേഷൻ ഉപരോധിക്കാനുമുള്ള സാഹചര്യം സൃഷ്ടിച്ചത് ഇതാണ്. തുടർന്ന് നടന്ന സംഭവങ്ങളിൽ നിരവധി മത്സ്യത്തൊഴിലാളികൾക്കും പോലീസുകാർക്കും പരിക്കുപറ്റി.
ഏകപക്ഷീയമായി മത്സ്യത്തൊഴിലാളികൾ അക്രമം നടത്തി എന്ന് വരുത്തി തീർക്കാനും സമരത്തോട് പൊതുസമൂഹത്തിൽ വളർന്നുവരുന്ന പിന്തുണ ഇല്ലാതാക്കാനും കോടതിയെ അടക്കം തെറ്റിദ്ധരിപ്പിച്ച് പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനും വേണ്ടിയുള്ള നീക്കമാണ് നടന്നത്. അദാനിക്കു വേണ്ടി സമരം അടിച്ചമർത്താൻ ഇടതു ഗവൺമെന്റ് നടത്തുന്ന നീക്കം മുൻ പശ്ചിമബംഗാൾ ഗവൺമെന്റ് ഇന്തോനേഷ്യൻ കുത്തക സാലിം ഗ്രൂപ്പിന് വേണ്ടി നന്ദിഗ്രാമിൽ കർഷകരുടെ ഭൂമി പിടിച്ചെടുക്കാൻ നടത്തിയ നീക്കങ്ങളെ അനുസ്മരിപ്പിക്കുന്നതാണ്. അദാനിക്ക് വേണ്ടി ജനതാൽപര്യത്തിനെതിരെ ബിജെപിയോടു കൈകോർക്കാൻ സിപിഐ(എം) തയ്യാറാവുന്നത് ഇവർ എത്രമാത്രം കോർപ്പറേറ്റ് മൂലധനത്തിന്റെ ദാസന്മാരായി മാറി എന്ന് തെളിയിക്കുന്നതാണ്.


മൃഗീയ അധികാരം ഉപയോഗിച്ച് സമരനേതൃത്വത്തെ മുൾമുനയിൽ നിർത്തി അദാനിക്കുവേണ്ടി വിലപേശി


സമരത്തിനെതിരെ ബഹുമുഖ ആക്രമണമാണ് സർക്കാർ നടത്തിയത്. സമര നേതൃത്വത്തെ സമ്മർദ്ദത്തിലാക്കാൻ ആവശ്യമായതൊക്കെ അവർ ചെയ്തു. സമരപ്രവർത്തകരെ ഒന്നാകെ കേസുകളിൽപ്പെടുത്തി. സമരമേഖലയിലേക്ക് സമരപ്രവർത്തകരെ എത്തിക്കുന്ന മുഴുവൻ വാഹനങ്ങൾക്കെതിരെയും കേസെടുത്തു തുടങ്ങി. സഭയുടെ അധികാരശ്രേണിയിലെ ഉന്നതന്മാരെ രംഗത്തിറക്കി സമര നേതൃത്വത്തെ സ്വാധീനിക്കാൻ ശ്രമം ആരംഭിച്ചു. സമാധാനം സ്ഥാപിക്കാൻ എന്ന പേരിൽ അദാനി അനുഭാവികളുടെയും പൗരപ്രമുഖരെന്ന് വിളിക്കപ്പെടുന്നവരുടെയും നേതൃത്വത്തിൽ സംവിധാനമൊരുക്കി. തീരജനതയുടെ ദുരിതജീവിതത്തിന്റെ വേവ് അറിയാത്ത വൻ ബിസിനസുകാരെയും സിപിഐ(എം) വിധേയത്വമുള്ള സർക്കാർ വിലാസം കലാസാംസ്‌കാരിക പ്രവർത്തകരെയും രംഗത്തിറക്കി പ്രസ്താവന പുറപ്പെടുവിച്ചു. ജനപക്ഷത്തെന്ന് ഇതുവരെയും കേരളം കരുതി പോന്ന ആദരണീയനായ കവി സച്ചിദാനന്ദനെ പോലെയുള്ളവരെയും ഈ കെണിയിൽ പെടുത്തി. മുതിർന്ന പത്രപ്രവർത്തകൻ എൻ. മാധവൻകുട്ടിയെ പോലുള്ളവർ തന്റെ അനുവാദമില്ലാതെ പ്രസ്താവനയിൽ പേര് വച്ചതിൽ പ്രതിഷേധിച്ചു.
ആയിരം ദിവസത്തിനകം, അതായത് 2019 ഡിസംബറിൽ പൂർത്തിയാക്കേണ്ടിയിരുന്ന പണി 2500 ദിവസമായിട്ടും പൂർത്തിയാക്കാതിരിക്കെ, മത്സ്യത്തൊഴിലാളികൾ നൂറോളം ദിവസമായി മാത്രം നടത്തുന്ന സമരം കാരണം 200 കോടി രൂപയുടെ നഷ്ടമുണ്ടെന്നും അത് സമരക്കാർ നൽകണമെന്നും അദാനി കോടതിയിൽ പറഞ്ഞപ്പോൾ അതോടൊപ്പം നിൽക്കുകയാണ് സർക്കാർ ചെയ്തത്. കരാർ വ്യവസ്ഥ പ്രകാരം നിശ്ചിത തീയതിയിൽ പണിതീർത്തില്ലെങ്കിൽ പ്രതിദിനം 12 ലക്ഷം രൂപ നിരക്കിൽ അദാനി സർക്കാരിന് നൽകേണ്ടുന്ന തുക ഫലത്തിൽ എഴുതി തള്ളിയ സർക്കാരാണ് ഈ നിലപാട് സ്വീകരിച്ചതെന്നത് ശ്രദ്ധേയമാണ്.


ഈ വിധത്തിൽ സമരനേതൃത്വത്തെ ബഹുമുഖ സമ്മർദ്ദങ്ങളുടെ മുൾമുനയിൽ നിർത്തി സർക്കാർ സമരസമിതി നേതാക്കളുമായി ചർച്ച നടത്തി. ചർച്ചയിൽ സമരത്തിന് ആധാരമായി മുന്നോട്ടുവെച്ച ഡിമാന്റുകൾ പൂർണമായി അംഗീകരിക്കാതെ ചിലതിൽ മാത്രമേ തീരുമാനമെടുക്കുകയുണ്ടായുള്ളു. എങ്കിലും സമരം തൽക്കാലികമായി നിർത്തിവയ്ക്കാൻ സമരസമിതി തീരുമാനിച്ചു. പണി നിർത്തിവെച്ച് പഠനം നടത്തണമെന്ന് ഉൾപ്പെടെയുള്ള പ്രധാന ഡിമാന്റുകൾ നേടാതെയാണ് സമരം നിർത്തിവച്ചത് എന്നത് തീരത്തെ സാധാരണ മത്സ്യത്തൊഴിലാളികളിൽ സ്വാഭാവികമായും വലിയ വിഷമങ്ങളാണ് ഉളവാക്കിയത്. സിപിഐ(എം), ബിജെപി, വർഗീയ സാമുദായിക പിന്തിരിപ്പൻ ശക്തികളടങ്ങിയ അ ദാനി ക്യാമ്പ് ആഹ്ലാദത്തിലായി.


സമരശക്തികളിൽ നിരാശ പടർത്തി എതിർസ്വരങ്ങളെ തളർത്താനുള്ള ശ്രമത്തെ ജനങ്ങൾ പരാജയപ്പെടുത്തും


ഒന്നും നേടാതെയല്ല ഈ സമരം താൽക്കാലികമായി അവസാനിച്ചത്. സമരത്തിന്റെ ശക്തി ഒന്നുകൊണ്ടുമാത്രം സർക്കാരിന് അനുവദിക്കേണ്ടിവന്ന പുനഃരധിവാസം പോലുള്ള ചില ഡിമാന്റുകളെ ഉദ്ദേശിച്ചു മാത്രമല്ല ഇപ്പറഞ്ഞത്. തീരദേശജനതയുടെ നിലനിൽപ്പിന്റെ പ്രശ്‌നങ്ങളെ നിസ്സാരവൽക്കരിച്ചും അവഗണിച്ചും ഒരു അധികാരശക്തിക്കും ഇനി മുന്നോട്ടു പോകാനാവില്ലെന്ന താക്കീത് നൽകാൻ വിഴിഞ്ഞം സമരത്തിനു കഴിഞ്ഞു. പ്രകൃതിയുമായി മല്ലടിച്ച് സ്വന്തം നിലയിൽ ജീവിച്ചു പോകുന്ന ഒരു ജനതയുടെ ജീവിതത്തെയും അവരുടെ ആവാസ മേഖലയെയും നശിപ്പിക്കുന്നതിനെതിരെ, ലോകത്തിലെതന്നെ ഏറ്റവും വലിയ ഒരു കോർപ്പറേറ്റ് ശക്തിക്കെതിരെ അവർ നടത്തിയ സമരം നൽകിയത് വിലപ്പെട്ട പാഠങ്ങളാണ്. ജനങ്ങൾക്കെതിരെയുള്ള സർക്കാരിന്റെ നയനടപടികൾ മുതലാളിത്ത താല്പര്യങ്ങൾ മാത്രം മുൻനിർത്തിയുള്ളതാണെന്നു ജനങ്ങൾക്ക് കൂടുതൽ വ്യക്തമായി. ആ നീച താല്പര്യങ്ങൾ സംരക്ഷിക്കാൻ ഭരണ-പ്രതിപക്ഷ ഭേദമെന്യേ ഈ ചൂഷണവാഴ്ച നിലനിർത്താൻ ബാധ്യതപ്പെട്ട സകല ശക്തികളും പ്രകടമായി യോജിച്ച് അണിനിരക്കുന്നതും ജനങ്ങൾ കണ്ടു. പ്രത്യേകിച്ചും സിപിഐ(എം) എന്ന കപട കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം മുതലാളി വർഗ്ഗത്തിന് മുന്നിൽ തങ്ങളുടെ വിശ്വസ്തത തെളിയിക്കാൻ നടത്തുന്ന പരിശ്രമങ്ങൾ യാതൊരു മറവും ഇല്ലാത്തവണ്ണം വെളിവാക്കപ്പെട്ടു. അതോടൊപ്പം മൂലധന താൽപര്യങ്ങളെ സംരക്ഷിക്കാൻ സർവ്വ ഭരണകൂട അധികാരസംവിധാനങ്ങളും അവരുടെ പ്രചാരണോപാധികളും സന്നാഹങ്ങളോടെ സജ്ജരായിരിക്കുമ്പോൾ ജനതാൽപര്യത്തെ സംരക്ഷിക്കാനായി നടത്തുന്ന സമരങ്ങൾ വിജയത്തിലെത്തിക്കാൻ പര്യാപ്തമായ ശക്തി ജനകീയ മുന്നേറ്റങ്ങൾക്ക് സമാഹരിക്കേണ്ടതിന്റെ ആവശ്യകതയും ഈ സമരം കൂടുതൽ തെളിമയോടെ വ്യക്തമാക്കി. പ്രത്യക്ഷ ആഘാതം ഏറ്റുവാങ്ങുന്ന ഇരകൾ മാത്രമല്ല, പരോക്ഷമായി ഇരകളാക്കപ്പെടുന്ന ജനസമൂഹമാകെ സമര വിജയത്തിനായി അണിനിരക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കപ്പെട്ടു. യോജിപ്പിക്കാവുന്ന സകല സമര ശക്തികളെയും തികഞ്ഞ ജനാധിപത്യ സ്വഭാവത്തിൽ ഇണക്കിയെടുത്ത് കരുത്തുറ്റ സമര നേതൃത്വം സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. സമരത്തിന്റെ അടിസ്ഥാന ഘടകം എന്ന നിലയിൽ സമര രംഗത്തുള്ള ഓരോ മനുഷ്യരും ഉൾക്കൊള്ളുന്ന ജനകീയ സമര കമ്മിറ്റികളാണ് സുപ്രധാനം. അവയെ ബലപ്പെടുത്തുന്ന വിധത്തിൽ ഉന്നയിക്കുന്ന ഡിമാന്റിനോട് സമൂഹത്തിന്റെ അനുഭാവപൂർണ്ണമായ പിന്തുണ ആവശ്യമാണ്. കൂടാതെ ഉയർന്ന ഘട്ടങ്ങളിലേക്ക് വളരുന്ന സമരരൂപങ്ങളും. ഇവയെല്ലാം ഒത്തു ചേരുമ്പോഴാണ് കാതലായ വിഷയങ്ങളിൽ നടക്കുന്ന പ്രക്ഷോഭണങ്ങൾ വിജയിക്കാനാവുന്നത്. കർഷക സമരം, നന്ദിഗ്രാം സമരം, ചെങ്ങറ സമരം, വിളപ്പില്‍ശാല സമരം തുടങ്ങി വിജയം വരിച്ച സമരങ്ങളുടെയെല്ലാം അടിസ്ഥാന സ്വഭാവം ഇത്തരത്തിലുള്ളതായിരുന്നു.


മൽസ്യത്തൊഴിലാളികൾ
പ്രചണ്ഡസമര ശക്തിയായി ആഞ്ഞുവീശും


വിഴിഞ്ഞം പദ്ധതി സൃഷ്ടിക്കുന്ന വിപത്തുകൾ കപടവാദങ്ങളെയും കുതന്ത്രങ്ങളെയും അവലംബിച്ചുകൊണ്ട് മൂടിവയ്ക്കാവുന്നതല്ല. അത് സൃഷ്ടിക്കുന്ന പാരിസ്ഥിതിക സാമൂഹിക ആഘാതങ്ങൾ കൂടുതൽ കൂടുതല്‍ പ്രത്യക്ഷവും അസഹനീയവുമാവും. അതിനാൽത്തന്നെ സമരം പരാജയമെന്ന് സ്ഥാപിച്ച് സമരശക്തികളിൽ നിരാശ പടർത്തി എതിർസ്വരങ്ങളെ തളർത്താനുള്ള ശ്രമവും ദീർഘകാലം വിജയിക്കില്ല. തീരദേശജനതയെ മാത്രമല്ല കേരളത്തെയാകെ ബാധിക്കുന്ന ഈ പ്രശ്‌നങ്ങളെ അധികരിച്ച് വീണ്ടും പ്രക്ഷോഭണങ്ങൾ ഉയർന്നുവരും. ചോരയൂറ്റി തടിച്ചുകൊഴുക്കുന്ന അദാനിയും കോർപ്പറേറ്റ് ശക്തികളും ജനങ്ങളുടെ കോടതിക്കുമുമ്പാകെ വിചാരണ ചെയ്യപ്പെടും. അവർക്ക് ദാസ്യവൃത്തി ചെയ്യുന്ന അഞ്ചാം പത്തികളായ കപട ഇടതുപക്ഷവും ബിജെപി ഉൾപ്പടെയുള്ള വലതുപക്ഷവും ചരിത്രത്തിന്റെ ചവറ്റ്‌കൊട്ടയിൽ എറിയപ്പെടും. കിടപ്പാടവും കീറപ്പായയും ജീവിതമാകെത്തന്നെയും നഷ്ടപ്പെടുന്നവർ പ്രചണ്ഡമായ സമരശക്തിയായി ആഞ്ഞുവീശും. അതിനുള്ള സമരപ്രബുദ്ധത 138 ദിവസം നീണ്ട സമരത്തിലൂടെ മത്സ്യത്തൊഴിലാളികൾ നേടിയിട്ടുണ്ട്. കഠിനമായ പരീക്ഷണങ്ങളെ നേരിട്ട് ആ സമരത്തിൽ പങ്കെടുത്തവരെയും അതിനു നേതൃത്വം നൽകിയവരെയും എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) അഭിവാദ്യം ചെയ്യുന്നു.

Share this post

scroll to top