പുതിയ കേരള പാഠ്യപദ്ധതി ചട്ടക്കൂട് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പരിഭാഷ മാത്രം

kerala-education-curriculum-1.jpg
Share

പുതിയ കേരള പാഠ്യപദ്ധതി ചട്ടക്കൂടിനെ സംബന്ധിച്ച് സംസ്ഥാന വ്യാപകമായി ചര്‍ച്ചകള്‍ നടന്നുവരികയാണ്. ജനകീയമായ പാഠ്യപദ്ധതി രൂപീകരിക്കാനെന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, പൊതുജനങ്ങള്‍ എന്നിങ്ങനെ എല്ലാ വിഭാഗമാളുകളെയും ഉള്‍പ്പെടുത്തിയാണ് ചര്‍ച്ചകള്‍ നടക്കുന്നത്. പാര്‍ലമെന്റില്‍പോലും അവതരിപ്പിക്കാതെ ലോക്ഡൗണ്‍ കാലത്ത് ഇന്ത്യന്‍ ജനതയുടെ തലയില്‍ അടിച്ചേല്‍പ്പിച്ച പുതിയ ദേശീയ വിദ്യാഭ്യാസനയം 2020ന് അനുരോധമായ വിധത്തിലാണ് പാഠ്യപദ്ധതി ചട്ടക്കൂട് ആവിഷ്‌ക്കരിക്കുന്നത്. മാത്രമല്ല, ദേശീയ വിദ്യാഭ്യാസ നയത്തിനനുസരിച്ച് ഉള്ളടക്കത്തില്‍ ഉള്‍പ്പടെ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നതും നടപ്പാക്കുന്നതിനായി സര്‍ക്കാര്‍ നിര്‍ബന്ധം പിടിക്കുന്നതുമായ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ രണ്ടാം ഭാഗം പുറത്തുവിടുകപോലും ചെയ്യാതെ നടത്തുന്ന ഈ ചര്‍ച്ചകള്‍ സര്‍ക്കാരിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് സൂചനകള്‍ തരുന്നുണ്ട്.

കേരളത്തിൽ ഇപ്പോൾ നിലവിലുള്ള പാഠ്യപദ്ധതിയിൽ മാറ്റം വരണമെന്ന് രക്ഷിതാക്കളും അധ്യാപകരും മാത്രമല്ല, ചിന്തിക്കുന്ന ബഹുഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നുണ്ട്. തൊണ്ണൂറുകളിൽ ആരംഭിച്ച ലോകബാങ്കിന്റെ ഡിപിഇപിയിൽ തുടങ്ങിയ വിദ്യാഭ്യാസ വിധ്വംസക പരിപാടികൾ എസ്എസ്എ, ആർഎംഎസ്എ, സ്റ്റാർസ്, ആർയുഎസ്എ എന്നിങ്ങനെ ഉന്നതവിദ്യാഭ്യാസരംഗം വരെയെത്തി നിൽക്കുന്നതിന്റെ ദുരന്തം നേരില്‍ കാണുന്നതുകൊണ്ടാണ് അവര്‍ അങ്ങനെ ആഗ്രഹിക്കുന്നത്. വിദ്യാഭ്യാസരംഗത്തെ നിലവാരത്തകർച്ച വെളിവാക്കുന്ന നിരവധി പഠനറിപ്പോർട്ടുകൾ പുറത്തുവന്നു. അതുപോലെ തന്നെ, സ്‌കൂൾ പാഠ്യപദ്ധതിയിൽ മലയാളം അക്ഷരമാല പഠിപ്പിക്കുന്നില്ലെന്ന് പ്രൊഫ.എം.എൻ.കാരശ്ശേരി ചൂണ്ടിക്കാണിച്ചു. കവി ബാലചന്ദ്രൻ ചുള്ളിക്കാടിനെയും എം.ടി.വാസുദേവന്‍ നായരെയും പോലെയുള്ളവർ തങ്ങളുടെ കൃതികൾ പാഠ്യപദ്ധതിയിൽനിന്നും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടതും പാഠ്യപദ്ധതിയിലെ മൂല്യത്തകർച്ച യോടുള്ള പ്രതിഷേധക സൂചകമായാണ്. ഈ പ്രതിസന്ധി പരിഹരിക്കുവാനുതകുന്ന പാഠ്യപദ്ധതിയുണ്ടാകണമെന്നാണ് കേരളജനത ആഗ്രഹിക്കുന്നത്. എന്നാൽ ദേശീയവിദ്യാഭ്യാസനയത്തിലൂടെ കൂടുതൽ വലിയ ദുരന്തങ്ങളിലേ ക്കാണ് കേരളത്തിന്റെ സ്‌കൂൾ വിദ്യാഭ്യാസം ചുവടുവെയ്ക്കുന്നത്. ജ്ഞാനസമൂഹത്തിന്റെ നിർമ്മാണം, നവകേരള വിദ്യാഭ്യാസം, സർഗ്ഗാത്മക വിദ്യാഭ്യാസ വിപ്ലവം തുടങ്ങിയ വാചകകസർത്തുക്കളിലൂടെ ഡിപിഇപി തുടരാനാണ് സംസ്ഥാനസർക്കാർ കോപ്പുകൂട്ടുന്നത്.
‘ഭരണകൂടം നിഷ്‌ക്രമിക്കുകയും കമ്പോളം രംഗപ്രവേശം ചെയ്യുക’യും ചെയ്യുന്ന ആഗോളവത്ക്കരണകാലഘട്ടത്തിന്റെ വിദ്യാഭ്യാസ പദ്ധതിയാണ് ഡിപിഇപിയെന്നത് ഇന്ന് നിസ്തർക്കമാണല്ലോ. വിവിധയിനം പണികൾ ചെയ്യാനുള്ള ശേഷിയും മനോഭാവവും സൃഷ്ടിക്കുകയെന്നത് മാത്രമാണ് ഡിപിഇപിയുടെ അജണ്ട. 1990ൽ ലോകബാങ്ക് ഉദ്യോഗസ്ഥനായ വാദി ഹദാദ് ജനറൽ സെക്രട്ടറിയായിക്കൊണ്ട് യൂണിസെഫ്, യുനെസ്‌കോ, യുഎൻഡിപി എന്നിവർ തായ്‌ലന്റിലെ ജ്യോംതിയനിൽ സംഘടിപ്പിച്ച ഏവർക്കും വിദ്യാഭ്യാസത്തിനായുള്ള ലോകസമ്മേളനത്തിലാണ് ഡിപിഇപിയുടെ സിദ്ധാന്തങ്ങൾ രൂപംകൊള്ളുന്നത്. നമ്മുടെ വിദ്യാഭ്യാസത്തിന്റെ ആണിക്കല്ലിളക്കിയ ഡിപിഇപി മുതൽ റൂസ വരെയുള്ള പദ്ധതികളുടെ നയരൂപമാണ് 2020ൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയം. ഈ വിധ്വംസക പദ്ധതിയുടെ മലയാളീകരിച്ച രേഖയാണ് നവകേരളത്തിലെ പുതിയ സ്‌കൂൾ പാഠ്യപദ്ധതി ചട്ടക്കൂടിനെക്കുറിച്ചുള്ള ചർച്ചാക്കുറിപ്പെന്ന പേരിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.


വിജ്ഞാനത്തിന്റെ ആധികാരികത നിഷേധിക്കുന്നു


‘പഠനവുമായി ബന്ധപ്പെട്ടുകിടക്കുന്ന എല്ലാ യാഥാസ്ഥിതിക ബന്ധനങ്ങളിൽനിന്നുമുള്ള വിമോചനമാണ് നവകേരള പാഠ്യപദ്ധതി ലക്ഷ്യം വെയ്ക്കുന്നത്'(പേജ് 29, കേരള പാഠ്യപദ്ധതി ചട്ടക്കൂട്: സമൂഹചർച്ചയ്ക്കായുള്ള കുറിപ്പ്) എന്ന പ്രഖ്യാപനം, അധ്യാപനം, പാഠപുസ്തകം, പരീക്ഷ എന്നിവയുടെ ആധികാരികതയെ നിഷേധിച്ചുകൊണ്ട് വിദ്യാഭ്യാസത്തെ അനൗപചാരികവും അയവുള്ളതും ആക്കാനാണെന്ന് ഇതിലെ തുടര്‍നിര്‍ദ്ദേശങ്ങള്‍ തെളിയിക്കുന്നുണ്ട്.
പണ്ട് ഡിപിഇപി കടന്നുവരുമ്പോഴും സമാനമായ പ്രഖ്യാപനങ്ങളായിരുന്നു അവതരിപ്പിക്കപ്പെട്ടത്. ക്ലാസ്‌മുറികൾ തടവറകളാണെന്നും അധ്യാപകൻ ഏകാധിപതിയാണെന്നും പഠനം വിരസമാണെന്നും പ്രചരിപ്പിച്ചുകൊണ്ടാണ് ഡിപിഇപിയുടെ സൈദ്ധാന്തികർ രംഗപ്രവേശം ചെയ്തത്. കുട്ടി അറിവിന്റെ നിറകുടമാണെന്നും അവർ അറിവ് കണ്ടെത്തുകയും നിർമ്മിക്കുകയും ചെയ്യുമെന്ന ഡിപിഇപിയുടെ വിചിത്രവാദത്തിന്റെ ആവർത്തനമാണ് പാഠ്യപദ്ധതി ചട്ടക്കൂടിനെ സംബന്ധിച്ചുള്ള ചർച്ചാക്കുറിപ്പിലും കാണുന്നത്. ‘പഠനവിഷയത്തെ ഭാവനാത്മകമായി സമീപിക്കുവാനും ചോദ്യങ്ങൾ ഉയർത്താനും(പേജ് 29) കുട്ടിയെ അനുവദിക്കണമെന്നും തനിക്ക് ചുറ്റുമുള്ള ചെറിയ ലോകത്തിനുള്ളിൽ മാത്രം കുട്ടികളെ ബന്ധനസ്ഥരാക്കുകയാണ് പലപ്പോഴും പാഠപുസ്തകങ്ങൾ ചെയ്യുന്നതെന്നും'(29) ഈ കുറിപ്പ് പറയുന്നത് ഇതിനാലാണ്.
അറിവ് എങ്ങനെയാണ് കുട്ടിക്ക് കണ്ടെത്താനും നിർമ്മിക്കാനും സാധിക്കുന്നത്? അറിവ് സാമൂഹികമായി നിർമ്മിക്കപ്പെട്ടതാണ്. മാനവകുലത്തിന്റെ കൂട്ടായ സമരങ്ങളുടെ, പരിശ്രമങ്ങളുടെ ഫലമാണ് വിജ്ഞാനം. പിറന്നുവീഴുന്ന ഏതൊരു മനുഷ്യശിശുവിന്റെയും ജന്മാവകാശമാണ് ഈ വിജ്ഞാനം പകർന്നുകിട്ടുകയെന്നത്. സ്‌കൂൾ കാലഘട്ടത്തിൽ ലഭിക്കുന്ന അടിസ്ഥാന വിദ്യാഭ്യാസമാണ് തുടർന്ന് സ്‌പെഷ്യലൈസേഷനും ഗവേഷണത്തിനുമെല്ലാം വിദ്യാർത്ഥിയെ പ്രാപ്തനാക്കു ന്നത്. മനുഷ്യരാശിയൊന്നാകെ വികസിപ്പിച്ചെടുത്ത അറിവുകൾ പരിമിതമായ ഒരു മനുഷ്യായുസ്സിൽ വീണ്ടും കണ്ടെത്തുക എന്നതല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം, അത് സാദ്ധ്യവുമല്ല. അറിവ് നിര്‍മ്മിക്കുന്നതിന് അടിത്തറയായി വര്‍ത്തിക്കേണ്ട അടിസ്ഥാന ജ്ഞാ നം ലഭിക്കാതെ എങ്ങനെയാണ് കുട്ടികള്‍ അറിവ് കണ്ടെത്തുക?


ശാസ്ത്രീയമായ ബോധന പ്രക്രിയയിലൂടെ മാത്രമാണ് വിദ്യാർത്ഥിക്ക് അടിസ്ഥാന ധാരണകൾ നൽകാൻ സാധിക്കുക; അക്ഷരവും ഭാഷയും ഗണിതവും ശാസ്ത്രവും ചരിത്രവുമെല്ലാം പഠിപ്പിക്കാനാകുക. പത്താം ക്ലാസ് വരെയുള്ള വിദ്യാഭ്യാസത്തിലൂടെ ലഭിക്കേണ്ട പ്രാഥമിക ജ്ഞാനം, കുട്ടി സ്വയം കണ്ടെത്തുമെന്ന വിചിത്രമായ വാദം നിരത്തുന്നതിലൂടെ ബോധനം എന്ന പ്രക്രിയയെ പൂർണ്ണമായും നിരാകരിക്കുകയാണ്.
സ്വയം പഠിക്കുകയെന്നത് ഡിപിഇപിക്ക് രൂപം നൽകിയ ആഗോളവത്ക്കരണവിദ്യാഭ്യാസത്തിന്റെ സിദ്ധാന്തമാണ്. വിദ്യാർത്ഥിയെന്നതിന് പകരം ഡിപിഇപിയുടെ പഠിതാവ് എന്ന സങ്കൽപ്പമാണ് പുതിയ കുറിപ്പിലും ഉടനീളം കാണുവാൻ സാധിക്കുന്നത്. ശേഷ്യാധിഷ്ഠിത പാഠ്യപദ്ധതിയെന്ന ഡിപിഇപി ചിന്തയുടെ തുടർച്ചയായാണ് ഇവിടെയും അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. കുട്ടി സ്‌കൂളിലെത്തുന്നതിനുമുന്‍പുതന്നെ നേടിയിട്ടുള്ള ഭാഷയും ഗണിതശേഷിയുടെയും നിരീക്ഷണത്തിന്റെയുമെല്ലാം അടിസ്ഥാനത്തിലുള്ള അനുഭവപരിസരം തുടരുകയെന്നതാണ് അവതരിപ്പിക്കപ്പെടുന്ന കാഴ്ചപ്പാട്. 1998ലെ അധ്യാപക സഹായിയും അക്ഷരം തെറ്റാതെ ഇതേ കാഴ്ചപ്പാട് അവതരിപ്പിക്കുന്നുണ്ട്:
‘ വിദ്യാലയത്തിലെത്തുന്നതിന് മുൻപുതന്നെ അവൻ പ്രാഥമിക നൈപുണികൾ നേടിയിട്ടുണ്ട്. ഭാഷാപരവും ഗണിതപരവുമായ അത്തരം ശേഷികൾ നേടുന്നതിന് മുതിർന്നവരുടെ ചെറിയ സഹായമേ അവർക്ക് വേണ്ടിവന്നിട്ടുള്ളൂ. തെറ്റുകൾ അവൻ തിരിച്ചറിയുകയും തിരുത്തുകയും ചെയ്യും.’ (പേജ് 111)
കുട്ടിയുടെ അനുഭവങ്ങൾ എങ്ങനെയാണ് വിദ്യയോ വിദ്യാഭ്യാസമോ ആകുന്നത്. സാഹചര്യങ്ങളിൽ നിന്നും ശീലം കൊണ്ടും സംസാരിക്കുന്ന നാടൻ ഭാഷ പഠിച്ചെടുക്കാം, മാനകഭാഷ പഠിക്കാനാകുകയില്ല. മറ്റ് വിജ്ഞാന ശാഖകളും വ്യത്യസ്തമല്ല. മാത്രമല്ല, അനുഭവങ്ങളിൽനിന്നും ജീവിതപരിസരത്തിൽനിന്നും വിജ്ഞാനമാർജ്ജിക്കുവാൻ കുട്ടിക്കാവില്ല. വിദ്യാഭ്യാസത്തിന്റെ ശാസ്ത്രീയമായ അടിത്തറ കെട്ടിപ്പടുക്കുന്നതിൽ സ്തുത്യർഹമായ സേവനം ചെയ്ത ജർമ്മൻ നവോത്ഥാന ചിന്തകനായ ജൊ ഹാൻ ഫ്രീഡ്രിക് ഹെർബർട്ട് വിദ്യാഭ്യാസത്തെ കുറിച്ചുള്ള പ്രഭാഷണങ്ങളിൽ ഇപ്രകാരം പറയുന്നു:
നമുക്ക് ബാല്യകാലാരംഭത്തിലെ വിമർശനാത്മകമായ ബോധനത്തെ കുറിച്ച് നോക്കാം. ..കുട്ടികൾ ഉള്ളിൽത്തറയുന്ന രീതിയിൽ കാണുന്നു. പക്ഷ, അവർ അപൂർവമായേ നിരീക്ഷിക്കാറുള്ളൂ..അവരിൽ സമാനമായ വസ്തുക്കളുടെ പൊതുവായ ചിത്രമേ പതിയുകയുള്ളൂ. ഒന്ന് മറ്റൊന്നായി അവർ തെറ്റിദ്ധരിച്ചേക്കാം. അവർ അതിൽ നിന്നും ധാരണകൾ ഉരുത്തിരിച്ചെടുക്കുന്നില്ല. അമൂർത്തമായ ആശയങ്ങൾ സ്വയം അവരുടെ ചിന്തയിൽ വന്നു ചേരില്ല..’ ഈ ധാരണകളെ പൂർണ്ണമായും നിരാകരിച്ചുകൊണ്ടാണ് ഡിപിഇപി അറിവിന്റെ നിറകുടങ്ങളാണ് കുട്ടിയെന്ന സിദ്ധാന്തത്തിലൂടെ പഠനവും പഠിപ്പിക്കലും നിഷേധിച്ചത്. വിജ്ഞാനത്തിന്റെ ആധികാരികത നിഷേധിച്ചത്. ഈ സിദ്ധാന്തം അബദ്ധജഡിലമാണെന്ന് കഴിഞ്ഞ രണ്ട് പതിറ്റാണ്ടു കാലത്തെ പരീക്ഷണത്തിലൂടെത്തന്നെ തെളിയിക്കപ്പെട്ടതാണ്. എന്നാൽ ”യാഥാസ്ഥിതിക ബന്ധനങ്ങളിൽ നിന്നുള്ള മോചനം” ഇതേ വിധ്വംസക പദ്ധതിയുടെ തുടർച്ചയാണ് ഉണ്ടാക്കുവാൻ പോകുന്നത്.


ഉദ്ഗ്രഥിത സമീപനം


ഡിപിഇപി മുതലിങ്ങോട്ട് നിരന്തരം ആവർത്തിക്കപ്പെടുന്ന പ്രയോഗമാണ് ഉദ്ഗ്രഥിത സമീപനം. ലോകബാങ്കിന്റെ മേശപ്പുറത്താണ് ഈ സംജ്ഞയും രൂപപ്പെട്ടത്. ജ്യോംതിയൻ സമ്മേളനത്തിന്റെ മോണോഗ്രാഫ് പറയുന്നത് നോക്കുക: ‘ശാസ്ത്രവും സാങ്കേതിക വിദ്യയും പ്രത്യേക വിഷയങ്ങളായി പഠിക്കുന്നതിന് പകരം അതിനെ അടിസ്ഥാന ആശയ വിനിമയ-സംഖ്യാ ശേഷികളോടും, ആരോഗ്യപരിസര വിഷയങ്ങളോടും ചേർത്തുകൊണ്ട് ഉദ്ഗ്രഥിക്കേണ്ടതുണ്ട് ‘ (പേജ് 40).
ദേശീയ വിദ്യാഭ്യാസ നയം 2020 ഇതേ വാദം ആവർത്തിക്കുന്നു: “കരിക്കുലര്‍, എക്സ്ട്രാ കരിക്കുലര്‍, കോ-കരിക്കുലര്‍ വിഷയങ്ങള്‍ തമ്മിലോ, കല, മാനവിക വിഷയങ്ങള്‍, ശാസ്ത്രം ഇവ തമ്മിലോ, തൊഴില്‍ പഠന, അക്കാദമിക് ധാരകള്‍ തമ്മിലോ കര്‍ശനമായ വേര്‍തിരിവുകള്‍ ഉണ്ടാകില്ല.” (എൻഇപി ഡോക്യുമെന്റ് പാരഗ്രാഫ് 4.9)


വിഷയങ്ങളുടെ ഉദ്ഗ്രഥിത സമീപനമാണ് അവശ്യമെന്ന് പുതിയ പാഠ്യപദ്ധതി ചട്ടക്കൂട് ചർച്ചയിലും ആവർത്തിക്കപ്പെടുന്നു. ‘സയൻസ്, ആർട്‌സ്, എന്നും കരിക്കുലാർ, എക്‌സ്ട്രാ കരിക്കുലർ എന്നുമുള്ള വിഭജനം പാഠ്യപദ്ധതിയുടെ സമഗ്രതയെ ബാധിക്കുന്നുണ്ടോ? …ഓരോത്തരുടെ കഴിവും താത്പ്പര്യവും അനുസരിച്ച് പഠനമേഖലയും ജീവിതപാതയും തെരഞ്ഞെടുക്കുന്നതിനുള്ള വഴക്കം വിദ്യാഭ്യാസ സംവിധാനത്തിന് നിലവിലുണ്ടോ?’ (പേജ് 21, സമൂഹ ചർച്ചയ്ക്കുള്ള കുറിപ്പ്) തുടങ്ങിയ പരാമർശങ്ങളിലൂടെ ഉദ്ഗ്രത്ഥിത സമീപനം ആവശ്യമാണെന്ന് സ്ഥാപിക്കുന്നു. വ്യത്യസ്ത വിഷയങ്ങളായല്ല, മറിച്ച് സ്‌കൂൾ തലം മുതൽ ഇന്റർ ഡിസിപ്ലിനറി സമീപനമുണ്ടാകണമെന്നും പറയുന്നു. ഉന്നതവിദ്യാഭ്യാസ തലത്തിൽ ഇന്റർ ഡിസിപ്ലിനറി പഠനം ആവശ്യമാണെന്നതിൽ തെറ്റില്ല. റൂസയും എൻഇപിയും ഉന്നതവിദ്യാഭ്യാസരംഗത്ത് ഇന്റർ ഡിസിപ്ലിനറി പഠനത്തെ നിരാകരിച്ചുകൊണ്ട് മൾട്ടി ഡിസിപ്ലിനറി സിസ്റ്റമാണ് അവതരിപ്പിക്കുന്നതെന്നത് മറ്റൊരു വസ്തുത. സ്‌കൂൾ വിദ്യാഭ്യാസതലത്തിൽ കുട്ടികൾക്ക് വിഷയബന്ധിതമായ പഠനമാണ് ആവശ്യം. ഹെർബർട്ട് പറയുന്നു: ‘ഒന്നമതായി, തുടക്കക്കാരന് സാവധാനം മാത്രമാണ് പുരോഗമിക്കുവാൻ സാധിക്കുക. അവനെ സംബന്ധിച്ചിടത്തോളം ഏറ്റവും ദൈർഘ്യം കുറഞ്ഞ ഘട്ടങ്ങളാണ് ഏറ്റവും നല്ലത്. ഒരു വിഷയത്തിന്റെ എല്ലാ വശങ്ങളെയും കുറിച്ച് ഉറച്ച ഗ്രാഹ്യമുണ്ടാക്കിയെടുക്കുന്നതിനുവേണ്ടി അതിന്റെ ഓരോ ഭാഗത്തിലും ആവശ്യമുള്ളത്ര സമയം അവൻ ചെലവഴിക്കട്ടെ. അങ്ങനെ ചെയ്യുമ്പോൾ അവന്റെ മുഴുവൻ ശ്രദ്ധയും അതിൽ മാത്രമായി കേന്ദ്രീകരിക്കണം. കാരണം തുടക്കത്തിൽ, വിഷയത്തെ അതിന്റെ ഘടകങ്ങളായി വിശ്ലേഷണം ചെയ്യുന്നതിലാണ്, അധ്യാപനത്തിന്റെ കല കുടികൊള്ളുന്നത്. അങ്ങനെയെങ്കിൽ, അധ്യാപകന്, ചിന്താശ്രേണിയിലെ വിടവുകൾ ഒഴിവാക്കാൻ ബോധപൂർവം കഴിയും. രണ്ടാമതായി ചിട്ടയായ ഉദ്ഗ്രഥനം തനിച്ച് നടക്കുന്നില്ല. ചുരുങ്ങിയത് പ്രാരംഭഘട്ടത്തിലെങ്കിലും… തുടക്കത്തിൽ സവിശേഷങ്ങളിലുള്ള വ്യക്തതയാണ് മുഖ്യമായ ആവശ്യകത.’ (വിദ്യാഭ്യാസത്തെ കുറിച്ചുള്ള പ്രഭാഷണങ്ങൾ, പാരഗ്രാഫ് 68). സവിശേഷങ്ങളില്‍ അടിത്തറ ഉറച്ചാല്‍ ഭാവിയില്‍ സമഗ്രമായി ലോകത്തെ കാണാന്‍ വിദ്യാര്‍ത്ഥി പ്രാപ്തനാകും. സ്‌കൂൾ വിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം അപ്രായോഗികവും അശാസ്ത്രീയവുമാണ് ഉദ്ഗ്രഥിതസമീപനമെന്ന് വ്യക്തം.
ലോകബാങ്കിൽനിന്നും കടംകൊണ്ട ഈ ഉദ്ഗ്രഥിത സമീപനം ഔപചാരിക വിദ്യാഭ്യാസത്തിന് പകരം കമ്പോളത്തിനാവശ്യമായ നൈപുണികൾ പഠിച്ചെടുക്കാൻ പ്രേരിപ്പിക്കുന്ന തൊഴിലധിഷ്ഠിത വിദ്യാഭ്യാസമാണ് ലക്ഷ്യമാക്കുന്നത്. വിദ്യാഭ്യാസത്തിന്റെ അനൗപചാരികവത്ക്കരണം കൂടിയാണിത്. വിഷയാധ്യാപകരുടെ എണ്ണം കുറയ്ക്കുകയെന്ന ലക്ഷ്യം ഇതിൽ ഉൾച്ചേർന്നിട്ടുണ്ടോയെന്നും പരിശോധിക്കേണ്ടിയിരിക്കുന്നു.


ഭാഷാനയം


മാതൃഭാഷയ്ക്ക് പ്രാധാന്യം കൊടുക്കുന്നുവെന്ന കപടപ്രചാരണത്തോടെയാണ് ദേശീയ വിദ്യാഭ്യാസനയം അവതരിപ്പിക്കപ്പെട്ടത്. എന്നാൽ മാതൃഭാഷയെന്ന പേരിൽ മാനകഭാഷയല്ല, നാട്ടുഭാഷയാണ്(പ്രാദേശിക ഭാഷ) എൻഇപി അവതരിപ്പിച്ചത്. കേരള പാഠ്യപദ്ധതി ചട്ടക്കൂടും വികലമായ ഈ ഭാഷാ നയമാണ് പിന്തുടരുന്നത്. ‘5-ാം ക്ലാസ് വരെ (കഴിയുമെങ്കിൽ 8-ാം ക്ലാസ് വരെ) ബോധനമാധ്യമം മാതൃഭാഷയോ വീട്ടുഭാഷയോ പ്രാദേശികഭാഷയോ ആവണം’ (പേജ് 49, സമൂഹ ചർച്ചയ്ക്കായുള്ള കുറിപ്പ്). ഇത് ദേശീയ വിദ്യാഭ്യാസനയത്തിലെ പാരഗ്രാഫ് 4.11ലെ ഒരു വാക്യത്തിന്റെ മലയാള പരിഭാഷ തന്നെയാണ്. മാതൃഭാഷയുടെ മാനകരൂപത്തെ നിരാകരിച്ചുകൊണ്ട് പ്രാദേശിക ഭാഷാ വ്യവഹാരത്തിലേക്ക് മാതൃഭാഷയെ ചുരുക്കുകയാണ് ലക്ഷ്യം.


വിദ്യാഭ്യാസ പ്രക്രിയയുടെ അല്ലെങ്കിൽ വിജ്ഞാനമാർജ്ജിക്കാനുള്ള പ്രവർത്തനത്തിന്റെ മാധ്യമമാകാൻ പ്രാദേശിക ഭാഷയ്ക്ക് സാധ്യമല്ല. അറിവുനേടുവാൻ അ തിന് അനുരോധമായ ഭാഷാജ്ഞാനവും ആവശ്യമാണ്. ചിന്തയുടെ മാധ്യമമാണ് ഭാഷ. അതുകൊണ്ട് ചെറിയ പ്രായം മുതൽ ശാസ്ത്രീയമായ ഭാഷാ പഠനം അനിവാര്യമാണ്. പ്രാദേശിക ഭാഷയിൽ തളച്ചിടപ്പെടുന്ന വിദ്യാർത്ഥിക്ക് അറിവിന്റെ വിശാലമായ ലോകത്തേയ്ക്ക്, അറിവിന്റെ അടിസ്ഥാനത്തിലുള്ള മാനവികതാ ബോധത്തിലേയ്ക്ക് കടക്കുവാനാകില്ല.
പ്രാദേശിക ഭാഷയിൽ തളച്ചിടുകയെന്നത് ഡിപിഇപിയുടെ ആശയമാണ്. പ്രാദേശികമായി ചിന്തിക്കുന്ന, പ്രാദേശിക ചുറ്റുപാടിനനുസരിച്ചുള്ള ആവശ്യകതകൾ പൂർത്തീകരിക്കുന്ന, പ്രാദേശിക ആശയവിനിമയത്തിനുള്ള ഭാഷാബോധനമെന്നത് ജ്യോംതിയൻ സമ്മേളനത്തിന്റെ നിർദ്ദേശമാണ്. ജ്യോംതിയന്റെ വേൾഡ് ഡിക്ലറേഷൻ ഓഫ് എജ്യുക്കേഷൻ ഫോര്‍ ഓൾ(EFA) പറയുന്നു: ‘ഇപ്പോൾ പൊതുവിൽ വിദ്യാഭ്യാസം നേടുന്ന ഏവർക്കും പഠിച്ചുവരുന്ന സാർവലൗകിക വിഷയങ്ങളെല്ലാം പ്രസക്തമാകണമെന്നില്ല. അതിനാൽ ഓരോ പ്രാദേശിക സമൂഹത്തിനും പ്രസക്തമായത് മാത്രം – പ്രസക്തമായ പ്രാദേശിക ഭാഷ, പ്രസക്തമായ പ്രാദേശിക ഗണിതം, പ്രസക്തമായ പ്രാദേശിക ചരിത്രം തുടങ്ങിയവ പഠിക്കാൻ അനുകൂലമായ സാഹചര്യമാണ് സൃഷ്ടിക്കേണ്ടത്’ (1990). കമ്പോളത്തിനാവശ്യമായ ആശയാവതരണശേഷി മാത്രം നേടുകയെന്ന ഡിപിഇപിയുടെ ആശയമാണ് പുതിയ ചട്ടക്കൂടിലും തുടരുന്നത്. (ഭാഷാ പഠനത്തിൽ മാത്രമല്ല, ഗണിതവും ശാസ്ത്രവും സാമൂഹ്യശാസ്ത്രവുമുൾപ്പടെയുള്ള വിഷയപഠനമേഖലകളിലും ഈ സമീപനം കരിക്കുലം ചർച്ചാക്കുറിപ്പ് പിന്തുടരുന്നു.)
അതുപോലെ, ആശയത്തിൽ നിന്നും വാക്യത്തിലേയ്ക്കും പിന്നീട് പദത്തിലേയ്ക്കും അവിടെ നിന്ന് അക്ഷരത്തിലേയ്ക്കും എന്ന ഡിപിഇപി സമ്പ്രദായത്തിന്റെ തുടർച്ചയും ഇവിടെ ആവർത്തിക്കുന്നു. ആധുനിക ഭാഷാ ശാസ്ത്രം എവിടെയും അംഗീകരിച്ചിട്ടില്ലാത്ത, അതേ സമയം ഡിപിഇപി നൂതനമെന്നവകാശപ്പെട്ട് അവതരിപ്പിച്ച ‘സമഗ്രഭാഷാ പഠനമെന്ന’ ഈ സിദ്ധാന്തത്തിന്റെ ദുരന്തങ്ങൾ രണ്ട് പതിറ്റാണ്ടിലേറെയായി കേരളം അനുഭവിക്കുകയാണ്. ഡിപിഇപി പടിയടച്ച് പിണ്ഡം വെച്ച നമ്മുടെ പഴയ ‘തറ, പറ’ കേരളപാഠാവലിയാണ് അനൗപചാരികമായും സ്വകാര്യവിദ്യാലായങ്ങളിലും ഇന്നും അക്ഷരപഠനത്തിന് ഉപയോഗിക്കുന്നത്. ആശയങ്ങളിൽനിന്നും അക്ഷരം കണ്ടെത്തുമെന്ന, പരീക്ഷിച്ച് പരാജയപ്പെട്ട സിദ്ധാന്തത്തിന്റെ ആവർത്തനം നമ്മുടെ വിദ്യാർത്ഥികളോടുള്ള കൊടുംക്രൂരതയാണ്.


ഡിപിഇപിയിലും എൻഇപിയിലുമെന്ന പോലെ ആശയാവതരണത്തിനു മാത്രമുള്ളതാണ് പുതിയ ചട്ടക്കൂടിലും ഭാഷ. ‘ വിവിധ ഭാഷകൾ അറിയുകയെന്ന സംവിധാനമാണ് നല്ലത്. ഏത് ഭാഷാപഠനവും രസകരവും സംവാദാത്മകവും സംഭാഷണത്തിലൂന്നിയതുമാകണം’ (പേജ് 49, സമൂഹ ചർച്ചയ്ക്കുള്ള കുറിപ്പ്). എൻഇപിയുടെ fun languages എന്ന സങ്കൽപ്പം തന്നെയാണിത്. ബഹുഭാഷാ സമീപനം പ്രോത്സാഹിപ്പിക്ക ണമെന്നും അതേ സമയം ഒന്നിലധികം ഭാഷകളിൽ ഒരേ സമയം ശേഷി നേടാനാകാത്തതുകൊണ്ട് ഭാഷകൾ അറിയുകയെന്ന സമീപനം സ്വീകരിച്ചാൽ മതിയെന്നും ചട്ടക്കൂടിനായുള്ള ചർച്ചാക്കുറിപ്പ് പറയുന്നു. ലോകഭാഷയായ ഇംഗ്ലീഷിനെ നിരാകരിക്കുകയാണ് ഈ സമീപനത്തിലൂടെ. അതേ സമയം എൻഇപിയുടെ അതേ സ്വരത്തിൽ ‘സംസ്‌കൃതം ഉൾപ്പടെയുള്ള ഭാഷകളുടെ ബൃഹദ് സാഹിത്യം, സംസ്‌കൃത വിജ്ഞാന വ്യവസ്ഥ എന്നിവ എങ്ങനെ ലഭ്യമാക്കുകയും ആസ്വദിപ്പിക്കുകയും ഇടപെടുത്തുകയും ചെയ്യാം (പേജ് 50, ചർച്ചാ കുറിപ്പ്) എന്നും പറയുന്നു. സ്‌കൂൾ വിദ്യാഭ്യാസത്തിൽ ഇംഗ്ലീഷ് അനിവാര്യവും സംസ്‌കൃതം അപ്രധാനവുമാകുന്നത് ചരിത്രപരമായ കാരണങ്ങളാലാണ്. ഇംഗ്ലീഷ് ലോകവിജ്ഞാനത്തിലേക്കുള്ള പ്രവേശികയാണ്. സംസ്‌കൃതമാകട്ടെ, ഒരു കാലത്തെ വൈജ്ഞാനിക ഭാഷയും പിന്നീട് വരേണ്യവർഗ്ഗത്തിന്റെ ചെയ്തികളാൽ സംസാരഭാഷ പോലുമല്ലാതായി മാറിയതുമാണ്. ഗവേഷണപരമായ പ്രാധാന്യം സംസ്‌കൃതത്തിനുണ്ട്. (സംസ്‌കൃത ഭാഷയിലെ ഗവേഷണ സാധ്യതകൾ എങ്ങനെയാണ് ഇല്ലാതാക്കുന്നതെന്നതിന് പ്രത്യക്ഷ ഉദാഹരണങ്ങളാണ് സംസ്‌കൃത സർവകലാശാലയിലെ സമീപകാല സംഭവവികാസങ്ങൾ എന്നും ഇവിടെ ഓര്‍ക്കാം). മാതൃഭാഷയിലോ ഇംഗ്ലീഷിലോ ഉള്ള സാഹിത്യ പഠനത്തെയും വിജ്ഞാനത്തെയും കുറിച്ച് നിശബ്ദത പാലിക്കുന്ന ചട്ടക്കൂട് സംസ്‌കൃതത്തെ സ്‌കൂൾ കരിക്കുലത്തിൽ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നതിലൂടെ ഇന്ത്യൻ ജ്ഞാനവ്യവസ്ഥയെന്ന സംഘപരിവാർ ആശയത്തെയാണ് മുന്നോട്ടുവെയ്ക്കുന്നത്. ഖാദർ കമ്മീഷൻ റിപ്പോർട്ടിന്റെ രണ്ടാം ഭാഗം പുറത്തുവിടാത്തതിനെ സംബന്ധിച്ചുള്ള ദുരൂഹത വർദ്ധിക്കുന്നത് ഇതിനാലാണ്.


സ്‌കൂളുകൾ ബാലവേലാ പരിശീലന കേന്ദ്രങ്ങളാകും


ആഗോളവത്ക്കരണത്തിന്റെയും സ്വകാര്യവത്ക്കരണത്തിന്റെയും കാലത്ത് അതിജീവനത്തിനാവശ്യമായ സാമർത്ഥ്യം ജനങ്ങൾ സ്വയം ആർജ്ജിച്ചെടുക്കണമെന്നതാണ് ഡിപിഇപിയുടെ സിദ്ധാന്തം. ഈ അതിജീവനമാകട്ടെ ഒരു സ്വയംപരിശീലനമാണ്. അതിനാലാണ് ഡിപിഇപി മുതലിങ്ങോട്ട് വിദ്യാർത്ഥി പഠിതാവായത് – കമ്പോളത്തിന്റെ മാറുന്ന ആവശ്യതകൾക്കനുസരിച്ച് ആജീവനാന്തം നൈപുണികൾ പുതുക്കിക്കൊണ്ടിരിക്കേണ്ട പഠിതാവ്. ജ്യോംതിയൻ സമ്മേളനം പറയുന്നതനുസരിച്ച് ‘ വികസ്വര രാജ്യങ്ങൾക്ക് മുന്നേറണമെങ്കിൽ അവ തങ്ങളുടെ രാജ്യങ്ങളിലെ തൊഴിൽ സേനയുടെ വിദ്യാഭ്യാസവും പരിശീലനവും മെച്ചപ്പെടുത്തേണ്ടതുണ്ട്. തൊഴിലധിഷ്ഠിത വിഷയങ്ങളായ കൃഷി, ഗാർഹിക ശാസ്ത്രം, കച്ചവടം, എന്നിവയ്ക്ക് പ്രൈമറി സ്‌കൂളുകളിൽ വേണ്ടത്ര സമയം നീക്കി വെയ്ക്കുന്നില്ല’ (പേജ് 45, വികസ്വര രാജ്യങ്ങളിലെ പ്രൈമറി വിദ്യാഭ്യാസം മെച്ചപ്പെടുത്തൽ). ആകയാൽ ‘ വിദ്യാഭ്യാസത്തിന്റെ ഗുരുത്വ കേന്ദ്രം മാറ്റി അത് ചുറ്റുപാടുമുള്ള വിശാലമായ സമൂഹത്തോടും തൊഴിലിന്റെ ലോകത്തോടും ചേർത്തു പ്രതിഷ്ഠിക്കേണ്ട താണ്(ജ്യോംതിയൻ മോണോഗ്രാഫ് 4 പേജ് 5) ഡിപിഇപിയും റൂസയും എൻഇപിയുമെല്ലാം തൊഴില്‍ വിദ്യാഭ്യാസത്തെക്കുറിച്ചല്ല തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെക്കുറിച്ചാണ് വാചാലമാകുന്നത്. പുതിയ പാഠ്യപദ്ധതി ചട്ടക്കൂടും വ്യത്യസ്തമല്ല. ഭൂരിപക്ഷം മലയാളികളും പന്ത്രണ്ടാം ക്ലാസിന് ശേഷമാണ് തൊഴിലിനെ കുറിച്ച് ചിന്തിച്ചു തുടങ്ങുന്നതെന്നതാണ് ചർച്ചാകുറിപ്പ് അവതരിപ്പിക്കുന്ന ഒരു പ്രശ്‌നം. അതുപോലെ പന്ത്രണ്ടാം ക്ലാസിനുശേഷം ജീവിതത്തിലേക്ക് കടക്കുന്ന പകുതിയിലേറെ പേർക്കും ആത്മാഭിമാനത്തോടെ നമ്മുടെ പരിസരത്തെ തൊഴിൽ സാധ്യതകൾ തേടാനാകുന്ന പരിശീലനം നൽകേണ്ടതുണ്ടെന്നും പറയുന്നു. ഇതിനെല്ലാം പരിഹാരമായി പ്രീപ്രൈമറി മുതൽ തൊഴിലനുഭവങ്ങൾ പരിശീലിപ്പിക്കുകയെന്ന ഉപാധിയാണ് പാഠ്യപദ്ധതി ചട്ടക്കൂടിനായുള്ള സമൂഹ ചർച്ചാകുറിപ്പ് മുന്നോട്ടുവെയ്ക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം 2020 ആറാം ക്ലാസ് മുതലാണ് കൈത്തൊഴിൽ പരിശീലനം പ്രഖ്യാപിതമായി നടപ്പിൽ വരുത്താനുദ്ദേശിക്കുന്നതെങ്കിൽ, ഡിപിഇപിയുടെ തുടർച്ചയായ സ്റ്റാർസിന്റെ ചുവടുപിടിച്ചാണ് കേരളാ പാഠ്യപദ്ധതി ചട്ടക്കൂട് പ്രീപ്രൈമറി മുതൽ തൊഴിലിനെക്കുറിച്ച് പറയുന്നത്. അതേ സമയം അടിസ്ഥാന പഠനാവശ്യകതകൾ പൂർത്തീകരിക്കുകയെന്നത് പഠിതാവിന്റെ ഉത്തരവാദിത്തമാകുന്നതുപോലെ തൊഴിൽ കണ്ടെത്തി ജീവിച്ചു പോകുകയെന്നത് വ്യക്തിയുടെ ഉത്തരവാദിത്തമാണെന്നും തന്മയത്വത്തോടെ ചർച്ചാക്കുറിപ്പ് പറയുന്നു. ‘തദ്ദേശീയമായ തൊഴിൽ സാധ്യതകൾ കണ്ടെത്തുന്നതിനും നാടിന് ഗുണപ്രദമാകുന്ന രീതിയിൽ ഉല്പാദന പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കുന്നതിനുമുള്ള സംരംഭങ്ങൾ ഉണ്ടാകണ’മെന്നും (പേജ് 36) ‘കുട്ടി സംരഭകത്വം'(Student Entrepreneurship) പ്രോത്സാഹിപ്പിക്കണമെന്നും പ്രസ്താവിക്കുന്നത് ഇത്തരുണത്തിലാണ്.


തൊഴിൽ നൈപുണികൾ ഇല്ലാത്തതുകൊണ്ടോ തൊഴിലിനെ ക്കുറിച്ചുള്ള ചിന്തയില്ലാത്തതു കൊണ്ടോ ആണോ നമ്മുടെ നാട്ടിൽ തൊഴിലില്ലായ്മ പ്രശ്‌നം നാൾക്കുനാൾ വർദ്ധിച്ചു വരുന്നത്? ഒരിക്കലുമല്ല. അത് നിലനിൽക്കുന്ന മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയുടെ സൃഷ്ടിയാണ്. അക്കാദമിക്‌സുമായി തൊഴിലില്ലായ്മയ്ക്ക് യാതൊരു ബന്ധവുമില്ല. ഉദാഹരണമായി കൃഷി ചെയ്യാൻ പാഠപുസ്തകങ്ങളിൽനിന്ന് പഠിക്കാത്തതുകൊണ്ടല്ലല്ലോ പൊന്നു വിളയിക്കുന്ന കർഷകർ ആത്മഹത്യ ചെയ്യുന്നത്. ഈ വ്യവസ്ഥ തുടരുവോളം തൊഴിലില്ലാപ്പട വർദ്ധിച്ചുകൊണ്ടിരിക്കും. അഭ്യസ്തവിദ്യരായ തൊഴിൽരഹിതരെക്കാൾ എന്തുകൊണ്ടും ഭേദം വിദ്യാരഹിതരായ തൊഴിൽ രഹിതരാണെന്ന് ഭരണകർത്താക്കൾക്ക് പണ്ടേ അറിയാം. അതുകൊണ്ടാണ് സമഗ്രധാരണയുള്ള, സമഞ്ജസമായി വികാസം പ്രാപിച്ച മനുഷ്യനെ സൃഷ്ടിക്കുകയെന്ന വിദ്യാഭ്യാസ സങ്കൽപ്പത്തെ വേരോടെ പിഴുതെറിഞ്ഞുകൊണ്ട്, കമ്പോളത്തിനാവശ്യമായ മനുഷ്യവിഭവത്തെ സൃഷ്ടിക്കുകയെന്നതിൽ ആഗോളവത്ക്കരണ വിദ്യാഭ്യാസത്തിന്റെ സ്രഷ്ടാക്കൾ ബദ്ധശ്രദ്ധരായിരിക്കുന്നത്.
യുനെസ്‌കോയുടെ ‘വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം’ (1987) ഇപ്രകാരം പറയുന്നു: ‘ കൂടുതൽ കൂടുതൽ യന്ത്രവത്കൃതമായിക്കൊണ്ടിരിക്കുന്ന ആധുനിക വ്യവസായം, വളരെ ഉയർന്ന യോഗ്യതയുള്ള വളരെ കുറച്ചു പേരെയും പരിമിതമായ യോഗ്യത മാത്രമുള്ള ഒരുപാട് തൊഴിലാളികളെയുമാണ് ആവശ്യപ്പെടുന്നത്’ (പേജ് 109) ഇതിന്റെ അടിസ്ഥാനത്തിലാണ് മിനിമം ലെവൽ ഓഫ് ലേണിംഗ് (MLL), ഒപ്റ്റിമം ലെവൽ ഓഫ് ലേണിംഗ് (OLL)എന്ന രണ്ട് തരം വിദ്യാഭ്യാസം അവതരിപ്പിക്കപ്പെട്ടത്. അടിസ്ഥാന സാക്ഷരതയും ഗണിതബോധവുമാണ് മിനിമം ലെവൽ ഓഫ് ലേണിംഗ്. ഒപ്റ്റിമം ലെവൽ ഓഫ് ലേണിംഗാകട്ടെ വിലകൊടുത്ത് വാങ്ങാവുന്ന സ്വകാര്യവിദ്യാഭ്യാസവും. ഡിപിഇപി മുതൽ എൻഇപി വരെയും ഈ കാഴ്ചപ്പാട് പദാനുപദം അവതരിപ്പിക്കുന്നുണ്ട്. അതിനാലാണ് പുതിയ പാഠ്യപദ്ധതി ചട്ടക്കൂടിനെ സംബന്ധിച്ചുള്ള ചർച്ചാ കുറിപ്പിലാകമാനം പഠനഭാരം ലഘൂകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആവർത്തിച്ച് അഭിപ്രായപ്പെടുന്നത്. ശാസ്ത്രപഠനം, ഭാഷാപഠനം, ഗണിതപഠനം, സാമൂഹ്യശാസ്ത്രപഠനം എന്നീ ശീർഷകങ്ങളിലെല്ലാം ഉള്ളടക്കം ഭാരിച്ചതാണെന്ന പരാമർശം കാണാനാകും. ഗണിത വിദ്യാഭ്യാസത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ എല്ലാവർക്കും ആവശ്യമായ ഗണിതം (ordinary level), ഉപരിപഠനത്തിന് പോകുന്നവർക്കാവശ്യമായ ഗണിതം (advanced level) എന്നിങ്ങനെ രണ്ടായി തരംതിരിക്കുന്നതിനെക്കുറിച്ചും പറയുന്നുണ്ട്. ഒരു വിഷയത്തിൽ അടിസ്ഥാനപരമായ അറിവ് ആർജ്ജിക്കേണ്ട സ്‌കൂൾ വിദ്യാർത്ഥിയെ രണ്ടായി തരം തിരിക്കുകയെന്നത് എത്ര അശാസ്ത്രീയമാണ്. വിവിധ മാര്‍ഗങ്ങളിലൂടെ ഉള്ളടക്കമില്ലാതാക്കിക്കൊണ്ട്, പ്രാദേശികവത്ക്ക രിക്കപ്പെട്ട മനുഷ്യവിഭവത്തെ സൃഷ്ടിക്കാനുള്ള വെമ്പലല്ലാതെ മറ്റെന്താണ് ഇവിടെ പ്രകടമാകുന്നത്.


പാഠ്യപദ്ധതി ചട്ടക്കൂടിനെ സംബന്ധിച്ചുള്ള ചർച്ചയോടൊപ്പം ഉയര്‍ന്നുവന്നതാണ് സമയമാറ്റത്തെ കുറിച്ചുള്ള വിവാദങ്ങളും. സ്‌കൂളുകളിൽ ‘പ്രാദേശിക തൊഴിൽ വിദഗ്ധരുടെയും പണിശാലകളുടെയും പങ്കാളിത്തം’ (പേജ് 36, സമൂഹചർച്ചയ്ക്കുള്ള കുറിപ്പ്) ഉറപ്പാക്കണമെന്ന പരാമർശത്തിലാണ് ഇതിന്റെ ആശയം ഉൾക്കൊണ്ടിരിക്കുന്നത്. സ്‌കൂളുകൾ കമ്പോളത്തിനാവശ്യമായ നൈപുണികൾ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങൾ മാത്രമാകില്ല, മറിച്ച് വിദ്യാഭ്യാസരംഗത്ത് മുതൽ മുടക്കുന്നവർക്കാ വശ്യമായ വിധത്തിൽ കുറഞ്ഞ ചെലവിൽ മനുഷ്യവിഭവത്തെ പ്രദാനം ചെയ്യുന്ന കേന്ദ്രങ്ങൾ കൂടിയാകും. ജ്യോംതിയൻ മോണോഗ്രാഫ് പറയുന്നു: ‘ സാമൂഹ്യ ഉദ്പാദനക്ഷമതയുള്ള ജോലികൾ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയാൽ അതിന് പൊതുവിദ്യാഭ്യാസത്തിനുള്ള വിഭവങ്ങൾ പ്രദാനം ചെയ്യാൻ കഴിയും. ചില സംഘടനകളെ കുട്ടികളുടെ മേൽനോട്ടം ഏൽപ്പിച്ചാൽ, കുറച്ചു സമയം സ്‌കൂളിൽ പഠനവും ബാക്കി സമയം പണിയും നടത്തി ആ സംഘടനകൾക്ക് മിച്ചമുണ്ടാക്കാനാകും. കമ്പോളത്തിലെ കൂലിയേക്കാൾ കുറഞ്ഞ കൂലിക്ക് പൊതുമേഖലയിലെ അവശ്യ ജോലികൾ ചെയ്യിപ്പിച്ചാൽ അത്തരത്തിലും ചെലവ് കണ്ടെത്താനാകും. അങ്ങനെ മുഴുവൻ സമയ സ്‌കൂളിനെക്കാൾ കുറഞ്ഞ ചെലവിൽ വേലയെടുക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസ നേട്ടങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിയും’. ഡിപിഇപിയുടെ തുടർച്ചയായ സ്റ്റാർസ് (STARS- Strengthening Teaching Learning and Results for State Programme) ലക്ഷ്യം വെയ്ക്കുന്നതാകട്ടെ ഒന്നാം ക്ലാസ് മുതൽ വിദ്യാർത്ഥിക്ക് കമ്പോളത്തിനാവശ്യമായ ധാരണകൾ നൽകുകയെന്നതും കമ്പോളവ്യവസ്ഥയുടെ പെരുമാറ്റരീതികൾ പഠിപ്പിക്കുകയെന്നതുമാണ്. അതിനായി വിദ്യാഭ്യാസ പ്രക്രിയയുടെ ആരംഭം മുതൽ പ്രാദേശിക കമ്പോളവുമായും പ്രാദേശിക തൊഴിൽ സാധ്യതകളുമായും ചേർന്നുള്ള വിദ്യാഭ്യാസ പ്രക്രിയയാണ് സ്റ്റാർസും നിർദ്ദേശിക്കുന്നത്. അതിനായി പ്രാദേശിക ആവശ്യങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം പരിഷ്‌ക്കരിക്കണമെന്നും സ്വകാര്യ മൂലധന ശക്തികളുടെയും എൻജിഒകളുടെയും ഇടപെടൽ വിദ്യാഭ്യാസ മണ്ഡലത്തിൽ സാധ്യമാക്കണമെന്നും സ്റ്റാർസ് പറയുന്നു. സ്റ്റാർസ് പ്രാരംഭ ഘട്ടത്തിൽത്തന്നെ നടപ്പിലാക്കപ്പെട്ട സംസ്ഥാനമാണ് കേരളം. കേരളത്തിൽ നടപ്പിലാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞമെന്ന തട്ടിപ്പ് പദ്ധതിയിലൂടെ പ്രാദേശിക കമ്പോളത്തിന് കടന്നുവരാവുന്ന പാത ഇതിനോടകം ഒരുങ്ങിയിട്ടുണ്ട്. ചുരുക്കത്തിൽ, ബാലവേലയെ വ്യവസ്ഥാപിതവത്ക്കരിക്കുന്ന ക്രൂരതയാണ് സമയമാറ്റത്തിലൂടെ നടപ്പിലാകുവാൻ പോകുന്നത്.


പരീക്ഷയും അധ്യാപനവും ഇല്ലാതാകുന്നു


കമ്പോളത്തിനാവശ്യമായ നൈപുണികൾ പരിശീലിക്കുന്ന, ആജീവനാന്ത പ്രക്രിയയായി വിദ്യാഭ്യാസ പ്രക്രിയയെ മാറ്റുമ്പോൾ വിലയിരുത്തലി(Evaluation)ന്റെ ഘടനയും സ്വാഭാവികമായും മാറും. അതിനാൽ ആത്യന്തികമായ വിലയിരുത്തലിനുളള പരീക്ഷാ ഘടന മാറിയേ പറ്റു. നിരന്തരമായ വിലയിരുത്തലും സെമസ്റ്റർ/മോഡുലാർ അടിസ്ഥാനത്തിലുള്ള വിലയിരുത്തലുമാണ് കേരളാ പാഠ്യപദ്ധതി ചർച്ചാക്കുറിപ്പ് നിർദ്ദേശിക്കുന്നത്. ‘വിദ്യാർത്ഥിക്ക് അവരുടെ വളർച്ച അനസ്യൂതം ട്രാക്ക് ചെയ്യാനും അതിനനുസൃതമായി അവരുടെ കഴിവുകളും താത്പ്പര്യമേഖലകളും മനസ്സിലാക്കി മികച്ച തൊഴിൽ മേഖലകൾ തെരഞ്ഞെടുക്കുവാനും നിർമ്മിത ബുദ്ധി അധിഷ്ഠിത സോഫ്‌റ്റ്‌വെയറുകൾ വികസിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നതിന്റെ സാധ്യതകൾ എന്തെല്ലാമാണ്?’ (പേജ് 60) ഇതിനാവശ്യമായ ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ് തയ്യാറാക്കാനും പറയുന്നുണ്ട്. സ്റ്റാർസ് നിർദ്ദേശിക്കുന്ന മൂല്യനിർണ്ണയ സംവിധാനമായ പിസ(PISA-The Programme for International Students Assessment)യോട് ഏറെ ചേർന്നു നിൽക്കുന്നതാണ് ഈ വിലയിരുത്തൽ സംവിധാനം. അതത് കാലത്തെ കമ്പോളം ആവശ്യപ്പെടുന്ന മനുഷ്യവിഭവം സൃഷ്ടിക്കപ്പെടുന്നുണ്ടോ യെന്ന പരിശോധനയാണ് ഇവിടെ ലക്ഷ്യം വെയ്ക്കുന്നത്. ലോകത്തെ വമ്പൻ മുതലാളിത്ത രാജ്യങ്ങളുടെ കച്ചവടക്കൂട്ടായ്മയായ ഓര്‍ഗനൈസേഷൻ ഓഫ് ഇക്കണോമിക് കോർപ്പറേഷൻ ആന്റ് ഡവലെപ്പമെന്റ് (OECD)യുടെ നേതൃത്വത്തിലാണ് ഈ വിലയിരുത്തൽ നടക്കുന്നത്. ഇന്ത്യ ഈ കൂട്ടായ്മയിൽ അംഗമല്ലെങ്കിലും പിസ നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിനായി നാഷണൽ അസെസ്‌മെന്റ് സെന്റർ ഫോർ സ്‌കൂൾ എജ്യുക്കേഷൻ (NACSE) സ്ഥാപിച്ചുകൊണ്ട് ഇന്ത്യയുടെ വിദ്യാലയങ്ങളെ ലോകകമ്പോളത്തിന് തുറന്നുകൊടുക്കാനുള്ള മാർഗ്ഗം കേന്ദ്ര സർക്കാർ ഒരുക്കിയിട്ടുണ്ട്. അതായത് വിദ്യാർത്ഥിയുടെ താത്പ്പര്യത്തിനനുസരിച്ചുള്ള തൊഴിൽ മേഖലയെന്നെല്ലാം കേരള പാഠ്യപദ്ധതി ചട്ടക്കൂട് ഭംഗ്യന്തരേണ പറയുമെങ്കിലും കമ്പോളമായിരിക്കും ഈ താല്പര്യങ്ങൾ സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും ചെയ്യുകയെന്നത് നിസ്തർക്കമാണ്.


നൈപുണീ പരിശീലനത്തിന് സ്ഥിരാധ്യാപകരുടെ ആവശ്യമേയില്ല. ആധുനിക ബോധനശാസ്ത്രത്തിൽ അധ്യാപകനുള്ള ആധികാരികതയെ നിഷേധിച്ചുകൊണ്ടും അധ്യാപകനെ സഹായിയായി തരംതാഴ്ത്തിക്കൊണ്ടുമാണ് ഡിപിഇപി കടന്നുവന്നത്. പതിനൊന്ന് ലക്ഷത്തോളം അധ്യാപക തസ്തികകൾ ഒഴിഞ്ഞു കിടക്കുമ്പോഴും എൻഇപി അതിനെക്കുറിച്ച് നിശബ്ദത പാലിക്കുന്നതും അധ്യാപകരെ കമ്പോളവിദ്യാഭ്യാസത്തിനാവശ്യമില്ലായെന്നതിനാലാണ്. വിഭവസമാഹരണം ഏകോപിപ്പിച്ച് സ്‌കൂൾ നിലനിർത്തിക്കൊണ്ട് പോകുകയെന്നതാണ് പ്രധാനാധ്യാപകന്റെ ഉത്തരവാദിത്വം. അക്കാദമികമായല്ല, സാങ്കേതികമായ നിലനിൽപ്പാണ് പ്രധാനാധ്യാപകനുള്ളത്. പ്രാദേശിക തൊഴിൽ വിദഗ്ദ്ധരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനെക്കുറിച്ച് നേരത്തെ പറഞ്ഞല്ലോ. സ്‌കൂൾ ബന്ധിക്കപ്പെട്ടിരിക്കുന്ന കമ്പോളത്തിന്റെ ആവശ്യകതകൾക്കനുസരിച്ചുള്ള കൂലിത്തൊഴിലാളിയായ നൈപുണീപരിശീലന സഹായി മാത്രമായിരിക്കും അധ്യാപകന്‍. അധ്യാപകരുടെ എണ്ണം കുറയ്ക്കാനുള്ള നൂതനമാർഗ്ഗങ്ങൾ ഈ ഡോക്യുമെന്റുകളിൽ സുലഭമാണ്. ജനാധിപത്യബോധവും തൊഴിലവകാശങ്ങളുമുള്ള സ്ഥിരം അധ്യാപകരുടെ വംശത്തിന്റെ തായ്‌വേരിളക്കുന്നതാണ് കേരളാ പാഠ്യപദ്ധതി ചട്ടക്കൂടും.


ഒന്നും രണ്ടും ക്ലാസുകളും ഹയർസെക്കന്ററിയും ഒറ്റക്കുടക്കീഴിൽ ഇല്ലാതാകുന്നു

വിദ്യാർത്ഥിയുടെ ശാരീരികവും മാനസികവുമായ വളർച്ചയെ സംബന്ധിച്ചുള്ള ശാസ്ത്രീയമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ കാലങ്ങളായി നിലനിന്നിരുന്ന 10+2 എന്ന ഘടനയുടെ മാറ്റം എൻഇപി പറയുന്നുണ്ട്. പകരം 5+3+3+4 എന്ന ഘടനയാണ് നിലവിൽ വരുന്നത്.
മൂന്നുവർഷത്തെ അംഗനവാടിയും പ്രീപ്രൈമറിയും ഒന്നും രണ്ടും ക്ലാസുകളുമടങ്ങുന്ന ഫൗണ്ടേഷണൽ സ്‌റ്റേജ്, മൂന്ന് മുതൽ അഞ്ച് വരെ ക്ലാസുകളടങ്ങുന്ന പ്രിപ്രേറ്ററി സ്‌റ്റേജ്, ആറു മുതൽ എട്ടുവരെ ക്ലാസുകൾ ചേരുന്ന മിഡിൽ സ്‌റ്റേജ്, ഒൻപതു മുതൽ പന്ത്രണ്ടു വരെ ചേരുന്ന ഹൈസ്‌കൂൾ. എന്ത് ശാസ്ത്രീയ യുക്തിയാണ് ഈ ഘടനാമാറ്റത്തിന് കാരണമെന്ന് എൻഇപിയുടെ വക്താക്കൾക്ക് പറയാനില്ല. പകരം മൈനസ് ടു മുതൽ പ്ലസ് ടു വരെ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കിയെന്നുള്ള പ്രചാരണം കൊണ്ടുപിടിച്ച് നടക്കുന്നുണ്ട്. എന്നാൽ നിലവിലെ സ്‌കൂൾ സമ്പ്രദായത്തിലൂടെ ലഭിക്കേണ്ട പരിമിതമായ വിദ്യാഭ്യാസത്തെപ്പോലും ഇല്ലാതാക്കുകയാണ് പുതിയ ഘടന. ഒന്ന്, രണ്ട്, ഹയർസെക്കന്ററി ക്ലാസുകളിലെ വിദ്യാഭ്യാസം ഇതോടെ പൂർണ്ണമായും ഇല്ലാതാകും. ദേശീയ വിദ്യാഭ്യാസ നയം എട്ടാം ക്ലാസിനെ ടെർമിനൽ സ്‌റ്റേജായാണ് കാണുന്നത്. കേരളത്തിന്റെ പ്രത്യേക സാമൂഹ്യ സാഹചര്യത്തിൽ പ്ലസ്‌ടുവാണ് ടെർമിനൽ സ്റ്റേജായി സൂചിപ്പിക്കപ്പെട്ടിരിക്കുന്നത്. അങ്ങേയറ്റം അനൗപചാരിക വത്ക്കരിക്കപ്പെട്ട ഒന്നാണ് ഒൻപതാം ക്ലാസു മുതൽ പന്ത്രണ്ടു വരെയുള്ള ഹൈസ്‌കൂൾ ഘട്ടം. വിഷയബന്ധിത പഠനമോ നിർബന്ധിത പഠനമോ ഇവിടെയില്ല. കമ്പോള സാധ്യതകൾക്കനുസരിച്ച് വിഷയങ്ങൾ തെരഞ്ഞെടുക്കാവുന്ന സെമസ്റ്ററുകളായുള്ള കുത്തഴിഞ്ഞ സംവിധാനമാണിത്. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകളും ഇതോടെ അപ്രത്യക്ഷമാകും.


ഒന്ന്, രണ്ട് ക്ലാസുകളാകട്ടെ പ്രീപ്രൈമറിയുടേയോ അംഗനവാടിയുടെയോ തലത്തിലേക്ക് മാറ്റുകയാണ്. നിലവിൽ സാമൂഹ്യ വികസന ശേഷി വകുപ്പിന്റെ കീഴിൽ കുട്ടികളുടെയും അമ്മമാരുടെയുമെല്ലാം പൂരകപോഷകാഹാരമുൾപ്പടെയുള്ളവ ഉറപ്പാക്കുവാനുള്ള സംവിധാനമാണ് അംഗനവാടികൾ. നിലവിൽത്തന്നെ നിലനിൽക്കാനായി കഷ്ടപ്പെടുന്ന ഈ സംവിധാനം പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമല്ല, അങ്ങനെയാകാനും തരമില്ല. കുഞ്ഞുങ്ങളെ ഔപചാരിക പഠനത്തിന് തയ്യാറെടുപ്പിക്കുകയെന്നതാണ് പ്രീപ്രൈമറി ഘട്ടത്തിന്റെ ഉത്തരവാദിത്തം. ഇത് കുഞ്ഞിന്റെ സാമൂഹ്യ ജീവിതത്തിലേക്കുള്ള പ്രവേശികയാണ്. കളികളിലൂടെയും പ്രവൃത്തിയിലൂടെ യുമെല്ലാമാണ് ഇവിടെ പഠനം നടക്കുക.
എന്നാൽ ആറു വയസ്സ് മുതൽ, അതായത് ഒന്നാം ക്ലാസ് മുതൽ ഔപചാരിക വിദ്യാഭ്യാസം ആരംഭിക്കണം. കുഞ്ഞിന്റെ മസ്തിഷ്‌ക വികാസത്തിന്റെ ഈ നിർണ്ണായക ഘട്ടത്തിൽ വിദ്യാഭ്യാസം നിഷേധിക്കുകയാണ് ഫൗണ്ടേഷണൽ സ്‌റ്റേജ് എന്ന ഘടനാമാറ്റത്തിലൂടെ എൻഇപി ചെയ്യുന്നത്. മൈനസ് ടു മുതൽ പ്ലസ് ടു വരെ ഒറ്റക്കുടക്കീഴിലാക്കുമെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ ഒന്നാം ഭാഗം പറയുന്നുണ്ട്.
പാഠ്യപദ്ധതി ചട്ടക്കൂടിനെ സംബന്ധിച്ചുള്ള ചർച്ചാക്കുറിപ്പിൽ ശൈശവകാല വിദ്യാഭ്യാസം എന്ന ഭാഗത്തിൽ ഒന്ന്, രണ്ട് ക്ലാസുകളെ ഉൾപ്പെടുത്തുക വഴി ഈ ഘടനാമാറ്റം സംസ്ഥാന സർക്കാർ ഉറപ്പാക്കുന്നുണ്ട്. ‘ ഓരോ കുട്ടിയും മൂന്നാം ക്ലാസിലെത്തുമ്പോഴേക്കും അടിസ്ഥാന പഠനശേഷികൾ നേടിയെന്ന് ഉറപ്പുവരുത്തണമെന്നും’ ചർച്ചാക്കുറിപ്പ് അനുശാസിക്കുന്നുണ്ട്. ഒന്ന്, രണ്ട് ക്ലാസുകളിൽ പഠനമില്ല, മറിച്ച് എൻഇപി പറയുന്നപോലെ അയവാർന്നതും ബഹുമുഖവും പലതരത്തിലുള്ള കളികളിലും പ്രവർത്തനത്തിലും അധിഷ്ഠിതമായ അങ്കണവാടി സമ്പ്രദായം മാത്രമാണുണ്ടാകുകയെന്ന് ഇതിലൂടെ വ്യക്തം. എന്‍ഇപി നിര്‍ദ്ദേശിക്കുന്നത് പ്രകാരം ഈ ഘട്ടത്തില്‍ പ്രിപ്രൈമറി, പ്രൈമറി, വിദ്യാഭ്യാസ പരിശീലന യോഗ്യത നേടിയ അദ്ധ്യാപകര്‍ വേണമെന്നില്ല എന്നാണ്. 10+2 യോഗ്യതയുള്ളവർക്ക് ആറു മാസത്തെ പരിശീലനവും അതിലും കുറഞ്ഞ യോഗ്യതയുള്ളവർക്ക് ആദ്യകാല സാക്ഷരത, സംഖ്യാബോധം എന്നിവ ഉൾക്കൊള്ളുന്ന ഒരു വർഷത്തെ പരിശീലനവും നൽകി നിയമിക്കും.
കലാവിദ്യാഭ്യാസം, കായിക വിദ്യാഭ്യാസം തുടങ്ങിയ വാചാടോപങ്ങളും ചർച്ചാക്കുറിപ്പിൽ അനുബന്ധമായി കാണാനാകും. കലാ-കായിക വിദ്യാഭ്യാസത്തിനായുള്ള ലക്ഷക്കണക്കിന് രൂപയുടെ എസ്എസ്എ ഫണ്ടിൽ ഒരു രൂപപോലും ചെലവഴിക്കാതെ ലാപ്സാക്കിക്കളഞ്ഞ അതേയാളുകളാണ് തങ്ങൾ നടത്തുന്ന നിഷ്ഠൂരമായ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനെന്നോണം ഇത്തരം വിഷയങ്ങൾ തിരുകിക്കയറ്റുന്നത്. പരിസ്ഥിതി സംരക്ഷണം, മാലിന്യ സംസ്‌കരണം തുടങ്ങിയ പ്രഘോഷണങ്ങളുടെയും സാംഗത്യം വ്യത്യസ്തമല്ല.


ദേശീയ വിദ്യാഭ്യാസ നയത്തിന് നമ്മുടെ വിദ്യാഭ്യാസത്തെ ഒറ്റികൊടുക്കുന്ന നവകേരള മാതൃക


ഡിപിഇപി മുതലുള്ള വിദ്യാഭ്യാസ വിധ്വംസക നയങ്ങളുടെ വിശ്വസ്തരായ നടത്തിപ്പുകാരാണ് തൊണ്ണൂറുകൾ മുതൽ കേരളം മാറിമാറി ഭരിച്ച ഇരുമുന്നണികളും. കേന്ദ്ര തലത്തിൽ ബിജെപിയും അവരുടെ ഭാഗം തൃപ്തികരമായി നിറവേറ്റി. എന്നാൽ ദേശീയ വിദ്യാഭ്യാസനയത്തിനെതിരെ അഖിലേന്ത്യാ തലത്തിൽ സമരരംഗത്തുള്ള സിപിഐ(എം)-സിപിഐ പ്രസ്ഥാനങ്ങൾ നേതൃത്വം നൽകുന്ന എൽഡിഎഫ് സർക്കാർ നിർലജ്ജം കേരളത്തിന്റെ വിദ്യാഭ്യാസരംഗത്തെ ഒറ്റിക്കൊടുക്കുന്ന കാഴ്ചയാണ് കേരള പാഠ്യപദ്ധതി ചട്ടക്കൂടുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ചർച്ചാക്കുറിപ്പിലൂടെയും ഖാദർ കമ്മിറ്റി റിപ്പോർട്ടിലൂടെയും ഉന്നതവിദ്യാഭ്യാസ പരിഷ്‌ക്കരണ കമ്മീഷൻ റിപ്പോർട്ടുകളിലൂടെയുമെല്ലാം കാണുന്നത്. എൽഡിഎഫ് സഹയാത്രികരായിരുന്ന വലിയൊരു വിഭാഗം അധ്യാപകരും വിദ്യാർത്ഥികളും വിദ്യാഭ്യാസ സ്‌നേഹികളും നിർലജ്ജമായ ഈ ഇരട്ടത്താപ്പിൽ വെന്തുരുകുന്നുണ്ട്.
പാർലമെന്റിൽ പോലും ചർച്ച ചെയ്യാതെ ഇന്ത്യൻ ജനതയുടെ തലയിൽ അടിച്ചേൽപ്പിക്കപ്പെട്ട ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പിലാക്കില്ലെന്ന് നിയമസഭയിൽ ഒരു പ്രമേയം പാസാക്കാനെങ്കിലും ഭരണത്തിലിരിക്കുന്ന ഒരേയൊരു സംസ്ഥാനമായ കേരളത്തിൽ എൽഡിഎഫിന് കഴിയാതെ പോയതെന്തുകൊണ്ട്? ഫെഡറലിസത്തിനുവേണ്ടി കണ്ഠക്ഷോഭം നടത്തുന്ന ഇക്കൂട്ടര്‍ അതിനു മുതിരാതിരുന്നതെ ന്താണ് ? വോട്ടുബാങ്ക് തേടിയാണെങ്കിലും പൗരത്വനിയമ ഭേദഗതിക്കെതിരെയും കാർഷിക നിയമങ്ങൾക്കെതിരെയും അത്തരമൊരു നീക്കം കേരളത്തിലുണ്ടായിട്ടുണ്ടല്ലോ. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ സമരം ചെയ്യുന്ന ഇതര സംസ്ഥാനങ്ങളിലെ തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷയായി ഒരു ചെറുവിരലനക്കാൻപോലും തയ്യാറാകാതിരുന്നതെന്തുകൊണ്ട്? പകരം, നാം എന്താണ് കാണുന്നത്. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന ചർച്ചാ പ്രഹസനങ്ങൾ നടത്തുന്നു. എന്ത് ഇടതുപക്ഷീയതയാണ് ഇതിലുള്ളത്. വിശ്വാസവഞ്ചനയല്ലേ ഇത്?
ലോകബാങ്കിന്റെ ഡോളർ വാങ്ങി നമ്മുടെ വിദ്യാഭ്യാസരംഗത്തെ ആഗോളമുതലാളിത്തത്തിന്റെ താത്പ്പര്യങ്ങൾക്ക് അടിയറ വെച്ചതിന്റെ പാപക്കറ ഭരണത്തിലിരുന്ന എല്ലാ മുന്നണികളുടെയും കൈകളിലുണ്ട്. മുതലാളിത്തത്തിന്റെ പാദസേവകർ എന്ന നിലയിൽ അവരിന്നും ഈ ഉത്തരവാദിത്വം തുടരുകയാണ്. ഇവിടെ നമ്മുടെ സ്‌കൂളുകളെ, കോളേജുകളെ, സർവകലാശാലകളെ, വിദ്യാഭ്യാസത്തെ, വരുംതലമുറകളെ സംരക്ഷിക്കാൻ സങ്കുചിതമായ എല്ലാ താത്പ്പര്യങ്ങൾക്കും അതീതമായി ജനങ്ങൾ ഒന്നിക്കേണ്ടതുണ്ട്. ദേശീയ വിദ്യാഭ്യാസനയത്തിനെതിരായ പ്രതിരോധ സമിതികളിൽ ഒന്നിച്ചുകൊണ്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും വിദ്യാഭ്യാസ സ്‌നേഹികളും സമരസജ്ജരാകേണ്ടതുണ്ട്. ഡിപിഇപിക്കെതിരെ ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ നേതൃത്വം നൽകിയ ജനകീയ പ്രതിരോധ സമിതി വളർത്തിയെടുത്ത പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രക്ഷോഭത്തിന്റെ മാതൃകയിൽ കൂടുതൽ സുശക്തമായ സമരനിര പടുത്തുയർത്തിക്കൊണ്ടു മാത്രമേ നമുക്ക് ഈ ഭീഷണമായ സാഹചര്യത്തെ ചെറുക്കാനാകൂ.

Share this post

scroll to top