സ്മാർട്ട്‌ മീറ്റർ സ്ഥാപിക്കാനുള്ള കെഎസ്ഇബിയുടെ തീരുമാനം പിൻവലിക്കുക

kk.1670445279.jpg
Share

കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരം (19.5.2021ൽ പ്രസിദ്ധീകരിച്ച ഗസറ്റ് നമ്പർ CG-DL-E- 19082021) കെഎസ്ഇബി ലിമിറ്റഡും സ്മാർട്ട്‌ മീറ്റർ സ്ഥാപിക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ടു പോകുകയാണ്. വൈദ്യുതി വിതരണ മേഖലയുടെ വികസനവും നവീകരണവും ലക്ഷ്യമാക്കി കേന്ദ്ര ഊർജവകുപ്പ് ( 20- 07- 2021ലെ F NO. 20/09/2019- IPDS) പ്രഖ്യാപിച്ച പദ്ധതിയായ RDSS (റീവാംഡ് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്കീം) എല്ലാ സംസ്ഥാനങ്ങൾക്കുമായി ഏകദേശം 3.04 ലക്ഷം കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്.
ആദ്യഘട്ടത്തിൽ കേരളത്തിൽ മാത്രം 17 ലക്ഷം സ്മാർട്ട്‌ മീറ്ററുകൾ സ്ഥാപിക്കാനാണ് നീക്കം. 2025 ആകുമ്പോള്‍, കൃഷിക്ക് ഒഴികെയുള്ള എല്ലാ വൈദ്യുതി കണക്ഷനുകൾക്കും പ്രീ പെയ്ഡ് സ്മാർട്ട്‌ മീറ്ററുകൾ സ്ഥാപിക്കാനുള്ള നിർദ്ദേശം (G നമ്പർ CG- DL- E-19082021-220126) കേന്ദ്ര സർക്കാർ നൽകി ക്കഴിഞ്ഞു. എന്നാൽ നാളിതുവരെമുഴുവൻ കാര്യങ്ങളും അതീവ രഹസ്യമാക്കിവച്ചുകൊണ്ട് ജനങ്ങളെയും ജീവനക്കാരെയും വഞ്ചിക്കുകയായിരുന്നു കെഎസ്ഇബിയും കേരളസർക്കാരും. സർക്കാർ വിലാസം സംഘടനകൾ കേന്ദ്ര സർക്കാരിന്റെ സ്വകാര്യവത്കരണ നയങ്ങൾക്കെതിരെ സമരം നടത്തുമ്പോൾ കേരള സർക്കാർ ബിജെപിയോടൊപ്പം ചേർന്ന്, അതേ നയങ്ങൾ നടപ്പിലാക്കാനുള്ള തീരുമാനങ്ങൾ എടുത്തു കഴിഞ്ഞു. (സ്മാർട്ട്‌ മീറ്റർ സ്ഥാപിക്കാനുള്ള അംഗീകാരം,11.03.2022 ന് കേരള ക്യാബിനറ്റ് നൽകി).

2022 നവംബർ 29നും ഡിസംബര്‍ 5, 12 എന്നീ തിയതികളില്‍ ട്രേഡ്‌യുണിയനുകളെ ചർച്ച എന്ന പേരിൽ വിളിച്ചുകൂട്ടി. അപ്പോൾ മാത്രമാണ്, 2 വർഷക്കാലമായി സർക്കാരിന്റെ അനുവാദത്തോടെ കെഎസ്ഇബി ലിമിറ്റഡ് നടത്തികൊണ്ടിരുന്ന കാര്യങ്ങൾ പുറത്തറിയുന്നത്.


സ്മാർട്ട്‌ മീറ്റർ സ്ഥാപിക്കുന്നത് എന്തിനുവേണ്ടി?


കെഎസ്ഇബിയുടെ വിശദീകരണം ശ്രദ്ധിക്കുക. ഉപഭോക്താക്കൾക്ക് തങ്ങളുടെ വിശദമായ വൈദ്യുതി ഉപഭോഗ രീതി, സമയം, എന്നിവ ലഭ്യമാകുന്നു. ഇതുവഴി അവരവരുടെ വൈദ്യുതി ഉപഭോഗക്രമം നേരിട്ട് നിയന്ത്രിക്കാനുള്ള സംവിധാനം ലഭ്യമാകുന്നു.കൂടാതെ ദൈനംദിന വൈദ്യുതിയുടെ ആവശ്യകത മുൻ‌കൂർ ആയി ആസൂത്രണം ചെയ്യാനും സാധിക്കുന്നതാണ്. എന്നാൽ യഥാർത്ഥ്യമെന്താണ്? വൈദ്യുതിരംഗം പൂർണ്ണമായും സ്വകാര്യ കമ്പനികൾക്കു കൈമാറാനുള്ള നിയമനിർമാണങ്ങൾ അവസാന ഘട്ടത്തിലാണ്. തൊഴിലാളി സംഘടനകളുടെയും കർഷകരുടെയും ശക്തമായ എതിർപ്പിനെത്തുടർന്ന് നിയമനിർമാണം അല്പം നീണ്ടു പോയെങ്കിലും ബിജെപി സർക്കാർ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ്. സ്മാർട്ട്‌ മീറ്റർ വയ്ക്കുന്നത് സ്വകാര്യവത്കരണത്തിന്റെ ഒരു ഘട്ടം പൂർത്തീകരിക്കുന്നതിനാണ്. നിലവിലെ ബില്ലിംഗ് രീതി പ്രകാരം ഒരാൾ ഉപയോഗിച്ച കറന്റിന്റെ വില കെഎസ്ഇബിക്കു കിട്ടുന്നത് 82 ദിവസങ്ങൾക്കു ശേഷമാണ്. (ഓരോ കൺസ്യൂമറിന്റെയും ക്യാഷ് ഡെപ്പോസിറ്റ് കെഎസ്ഇബിയിൽ ഉണ്ടെന്നത് മറന്നു പോകരുത്) സ്മാർട്ട്‌ മീറ്റർ വരുന്നത് വഴി തുക ആദ്യമേ തന്നെ കമ്പനിക്കു കിട്ടും. സേവനം എന്ന സങ്കല്പം അതോടെ കഴിഞ്ഞു. നിലവിൽ ജീവനക്കാരെ ബ്രേക്ക് ഡൌൺ, റവന്യൂ, മെയ്ന്റനൻസ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചുകൊണ്ടാണ് ജോലിക്ക് നിയോഗിക്കുക.


സ്മാർട്ട്‌ മീറ്റർ സ്ഥാപിക്കുന്ന ത്തോടെ റവന്യൂ വിഭാഗം ഇല്ലാതെയാകും. കാരണം മീറ്റർ സ്ഥാപിക്കുന്നത് സ്വകാര്യ കമ്പനികൾ ആയിരിക്കും. DBFOOT(Design, Build, Finance, Own, Oparate, Transfer) രീതിയിലാണ് മീറ്റർ വയ്ക്കുന്നത്. പുതിയ കണക്ഷൻ, മീറ്റർ മാറ്റിസ്ഥാപിക്കല്‍, റീചാർജ് തുടങ്ങിയ എല്ലാ കാര്യങ്ങളും മീറ്റർ സ്ഥാപിക്കുന്ന കമ്പനി തന്നെ ചെയ്യും. 10 വർഷക്കാലമെങ്കിലും കമ്പനിയുടെ കൈവശം റവന്യൂ വിംഗ് കിട്ടുന്ന വിധത്തിലാണ് കരാറുകൾ ഒരുക്കുന്നത്. 6000രൂപയെങ്കിലും മിനിമം വില വരുന്ന സ്മാർട്ട്‌ മീറ്ററുകൾക് 68രൂപ വീതം ഉപഭോക്താവ് പ്രതിമാസം കൊടുക്കേണ്ടിയും വരും. റവന്യൂ വിംഗ് ഇല്ലാതാകുന്നത്തോടെ ഒരു സെക്ഷൻ ഓഫീസിൽ ചുരുങ്ങിയത് ഏഴ് ജീവനക്കാരെ ഇല്ലാതാക്കാനാകും. 750ൽ അധികം സെക്ഷൻ ഓഫീസുകൾ, സബ് ഡിവിഷൻ, ഡിവിഷൻ, സർക്കിൾ മറ്റ് റീജിയണൽ ഓഫീസുകളിൽ നിന്നുമൊക്കെയായി ആയിരക്കണക്കിന്‌ ജീവനക്കാരെ ഒഴിവാക്കാനാകും. ഇതുവഴി യുവതലമുറയുടെ തൊഴിലവസരങ്ങളും ഇല്ലാതാകും. ഇത്ര ഭയാനകമായ ഒരു പദ്ധതിക്കുവേണ്ടിയാണ് കേന്ദ്ര ഊർജവകുപ്പും, കേരള സർക്കാരും, കെഎസ്ഇബി ലിമിറ്റഡും ചേർന്ന് തൃകക്ഷി കരാർ(29.3.2022) ഒപ്പുവച്ചത്. ഒന്നാം ഘട്ടത്തിൽ തിരുവന്തപുരം, കഴക്കൂട്ടം, എറണാകുളം, പെരുമ്പാവൂർ, പാലക്കാട്, ഫെറോക് എന്നീ 6 ഇലക്ട്രിക്കൽ ഡിവിഷനുകളിൽ ആണ് സ്മാർട്ട്‌ മീറ്ററുകൾ സ്ഥാപിക്കുന്നത്. കേന്ദ്ര സർക്കാർ നൽകുന്ന 15% ഗ്രാൻഡിനു വേണ്ടിയാണ് ആര്‍ഡിഎസ്എസ് പദ്ധതി തങ്ങൾ നടപ്പിലാക്കുന്നത് എന്ന അധികാരികളുടെ ന്യായീകരണം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം. കാരണം ഗ്രാൻഡല്ല, സ്വകാര്യവത്കരണമാണ് ഇരുകൂട്ടരുടെയും ലക്ഷ്യം. കേന്ദ്ര ബിജെപി സർക്കാർ ‘വൈദ്യുതി നിയമ ഭേദഗതി 2022 ‘എന്ന പേരിൽ പുതിയ നിയമ നിർമാണം നടത്താനുള്ള അവസാന പരിശ്രമത്തിലാണ്. രാജ്യത്തെ കർഷകരും വൈദ്യുതി തൊഴിലാളികളും ഒറ്റക്കെട്ടായി സമരങ്ങൾ വളർത്തിക്കൊണ്ട് വരുമ്പോൾ ആ സമരങ്ങളെ സഹായിക്കുമെന്ന്, തൊഴിലാളികൾ പ്രതീക്ഷിക്കുന്ന കേരളത്തിലെ എല്‍ഡിഎഫ് ഗവണ്മെന്റ് ബിജെപിയോടൊപ്പം ചേർന്ന് തൊഴിലാളികളെയും കർഷകരെയും വഞ്ചിക്കുകയാണ്. സിപിഐ, സിപിഐ(എം) പാർട്ടികളുടെ കേന്ദ്ര-സംസ്ഥാന നേതാക്കളാണ് ഭരണ വിലാസം യൂണിയനുകളെ നയിച്ചുകൊണ്ടിരിക്കുന്നത്. അവർ ആരും തന്നെ അറിയാതെയാണ് ഈ കരാറുകൾ ഒപ്പിട്ടതെന്നു പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ? അതുകൊണ്ട് പ്രിയപ്പെട്ട വൈദ്യുതി തൊഴിലാളികളോടും, ജനങ്ങളോടും ഒരേയൊരു അഭ്യർത്ഥന മാത്രമേ ഞങ്ങൾക്കുള്ളു, നേതാക്കളുടെ വഞ്ചന തിരിച്ചറിയണം, കക്ഷി രാഷ്ട്രീയത്തിനും ജാതി-മത ചിന്തകൾക്കും അതീതമായി സമര കമ്മിറ്റികളിൽ അണിനിരക്കണം.

Share this post

scroll to top