അമേരിക്കൻ പിന്തുണയോടെ ക്യൂബയിൽ അട്ടിമറി ശ്രമം

cuba.jpg
Share

ക്യൂബ അമേരിക്കയിൽനിന്ന് കഷ്ടിച്ച് 90 മൈൽ അകലെ സ്ഥിതിചെയ്യുന്ന രാജ്യമാണ്. ഫിദൽ കാസ്‌ട്രോ യുടെ നേതൃത്വത്തിൽ 1959ൽ വിപ്ലവത്തിലൂടെ സോഷ്യലിസം സ്ഥാപിതമായത് മുതൽ ആ രാജ്യം അമേരിക്കയുടെ കണ്ണിലെ കരടാണ്. ഈ വിപ്ലവത്തിന്റെ നേട്ടങ്ങളെ തകർക്കാൻ തുറന്ന യുദ്ധം ഒഴികെയുള്ള മാർഗ്ഗങ്ങളൊക്കെ അവർ അവലംബിച്ചുകൊണ്ടേയിരിക്കുന്നു. സാമ്പത്തിക അട്ടിമറി, വ്യാപാര ഉപരോധം, ജൈവായുധ പ്രയോഗം, ഫിദൽ കാസ്‌ട്രോയെ വകവരുത്താനുള്ള തുടർച്ചയായ പദ്ധതികൾ തുടങ്ങിയവയൊക്കെ ഇതിൽ പെടും. സാമ്പത്തിക ഉപരോധം മൂലം 70 ബില്യൺ യൂറോയുടെ നഷ്ടമാണ് ക്യൂബയ്ക്ക് ഉണ്ടായിട്ടുള്ളത്.

കാസ്‌ട്രോ ഗവൺമെന്റിനെ അട്ടിമറിക്കാനായി ഒരുപറ്റം ക്യൂബൻ അഭയാർത്ഥികൾക്ക് ആയുധവും ആയുധ പരിശീലനവും നൽകുന്ന ഒരു പദ്ധതിക്ക് സിഐഎയ്ക്ക് 1960 മാർച്ചിൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഐസൻ ഹോവർ അനുമതി നൽകിയിരുന്നു.1961 ഏപ്രിലിൽ ജോൺ എഫ് കെന്നഡി പ്രസിഡൻറ് ആയിരുന്നപ്പോഴാണ് ബേ ഓഫ് പിഗ്‌സ് ഇൻവേഷൻ എന്ന ഈ അതിക്രമിച്ചുകയറൽ പദ്ധതി അരങ്ങേറുന്നത്. ക്യൂബയിൽ നിന്ന് നാടുകടത്തപ്പെട്ട 140 പേരാണ് ഇതിൽ പങ്കെടുത്തത്. എന്നാൽ ഇവരുടെ അട്ടിമറി ശ്രമം പരാജയപ്പെട്ടു. സോഷ്യലിസത്തിന്റെ അന്തസ്സും വിപ്ലവത്തിന്റെ നേട്ടങ്ങളും കാത്തു പുലർത്താൻ ക്യൂബക്കാർ സർവവും സമർപ്പിച്ച് പൊരുതി.കാസ്‌ട്രോ യ്ക്ക് ശേഷവും അടിസ്ഥാന വർഗ്ഗസ്വഭാവത്തിൽ ക്യൂബ സോഷ്യലിസ്റ്റ് ആയി തുടരുകയാണ്. സോഷ്യലിസത്തോടുള്ള ജനങ്ങളുടെ വൈകാരികാഭിമുഖ്യവും ശക്തമാണ്. അതുകൊണ്ടാണ് ക്യൂബയെ തകർക്കാൻ അമേരിക്കൻ സാമ്രാജ്യത്വവും കൂട്ടാളികളും നിരന്തരം ശ്രമിച്ചിട്ടും വിജയം കാണാത്തത്.
ക്യൂബയ്ക്കുമേലുള്ള കിരാതമായ അമേരിക്കൻ ഉപരോധത്തിന് ആറു പതിറ്റാണ്ടിലേറെ പഴക്കമുണ്ടെന്ന് അറിയാമല്ലോ. ടോറിസെല്ലി ആക്ട്, ഹെംസ് ബട്ടൺ ആക്ട് തുടങ്ങിയ നിയമങ്ങളിലൂടെ ഇത് പലതവണ കൂടുതൽ കടുപ്പിക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് പകർച്ചവ്യാധിക്കിടയിലും ട്രംപ് ഭരണം ഉപരോധം കർക്കശമാക്കുന്ന നിലപാടെടുക്കുകയുണ്ടായി. ക്യൂബയെയും അതിന്റെ സോഷ്യലിസ്റ്റ് പുനർനിർമാണത്തെയും ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യം വെച്ചുള്ള യുദ്ധം തന്നെയാണ് സാമ്പത്തിക ഉപരോധമെന്ന പേരിൽ അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്നത്.ഉപരോധത്തിൽ ജോ ബൈഡൻ ഗവൺമെൻറും ഒട്ടും ഇളവ് വരുത്തുന്നില്ല. അമേരിക്കയുമായി വ്യാപാരബന്ധം ആഗ്രഹിക്കുന്ന രാജ്യങ്ങളെ, ക്യൂബയുമായി വ്യാപാരം നടത്തുന്നതിൽനിന്ന് ഈ ഉപരോധം വിലക്കുന്നു. കോവിഡ് വ്യാപനം രൂക്ഷമായിരുന്നില്ലെങ്കിലും യാത്രാ വിലക്കുകൾ ക്യൂബയുടെ പ്രധാന സാമ്പത്തിക ചാലകങ്ങളിൽ ഒന്നായ ടൂറിസം മേഖലയെ തകർത്തുകളഞ്ഞു. കോവിഡ് പകർച്ചവ്യാധി കൂടുതൽ വഷളാക്കുകയും ചെയ്തു. ക്യൂബയുടെ പ്രധാന കയറ്റുമതി ചരക്കുകളിൽ ഒന്നാണ് പഞ്ചസാര. കരിമ്പ് കൃഷിയുടെ തകർച്ച ഇതിനെയും ബാധിച്ചു. ഇതുമൂലം ഭക്ഷ്യവസ്തുക്കളുടെയും മരുന്നിന്റെയും മറ്റ് അത്യാവശ്യ വസ്തുക്കളുടെയും ശേഖരത്തിലും കുറവ് വന്നു. വൈദ്യുതോല്പാദനംപോലും ഇടിഞ്ഞു.
ദീർഘകാലത്തെ അമേരിക്കൻ ഉപരോധംമൂലം സമ്പദ്ഘടനയിൽ വലിയ നാശം സംഭവിച്ചിട്ടുണ്ടെങ്കിലും ഡോക്ടർമാരും സൗജന്യ ചികിത്സാ സംവിധാനവും ലോകത്തെ ഏതൊരു സമ്പന്നരാജ്യത്തെക്കാൾ മികച്ചതായിരുന്നു. മറ്റ് രാജ്യങ്ങൾക്ക് വൈദ്യസഹായം നൽകുന്നതിനും ഡോക്ടർമാരെ ലഭ്യമാക്കുന്നതിനും ക്യൂബയ്ക്ക് ദീർഘകാലത്തെ വീരോചിതമായ പാരമ്പര്യമുണ്ട്. കോവിഡ് പടർന്നുപിടിക്കാനാരംഭിച്ച 2020 മാർച്ച് അവസാനംതന്നെ രോഗബാധിതമായ 59 രാജ്യങ്ങളിലേയ്ക്കാണ് ക്യൂബ മെഡിക്കൽ സംഘത്തെ അയച്ചത്. കോവിഡിന്റെ പടുകുഴിയായി മാറിയ ഇറ്റലിയിലെ ലൊംബാർഡി മേഖലയും ഇതിലുൾപ്പെടും. ഉപരോധംമൂലം അമേരിക്കൻ മരുന്നുകമ്പനികൾ ക്യൂബയ്ക്ക് മരുന്ന് വിൽക്കുന്നതിനും വിലക്കുണ്ട്. എന്നാൽ 90% ഫലദായകമായ വാക്‌സിനുകൾ ക്യൂബ വികസിപ്പിച്ചെടുത്തു. ക്യൂബയുടെ സോഷ്യലിസ്റ്റ് ആരോഗ്യ പരിപാലന സംവിധാനം ഒരു രൂപ പോലും ലാഭം ഉണ്ടാക്കാതെയാണ് പൊതുനന്മയ്ക്കുവേണ്ടി ഇതെല്ലാം ചെയ്തത്. പക്ഷേ വാക്‌സിൻ നൽകാൻ സിറിഞ്ച് വേണമല്ലോ. ഉപരോധംമൂലം അതും അമേരിക്കയിൽ, നിന്ന് ഇറക്കുമതി ചെയ്യാനാവില്ല. രണ്ടുകോടി സിറിഞ്ചുകൾക്ക് ആവശ്യമായ പണം സ്വരൂപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അമേരിക്കയിലെയും കാനഡയിലെയും ക്യൂബൻ ഐക്യദാർഢ്യ പ്രവർത്തകർ നടത്തുകയുണ്ടായി. ഭക്ഷണം, മരുന്ന്, കാലാവസ്ഥാവ്യതിയാനത്തെ നേരിടൽ തുടങ്ങി ജീവിതത്തിന്റെ സർവ്വമാനമേഖലകളിലും സാമ്പത്തിക ഉപരോധം നാശം വിതച്ചിട്ടുണ്ട്. കോവിഡ് മഹാമാരി സാഹചര്യം കൂടുതൽ വഷളാക്കി. മറ്റെല്ലായിടത്തെയുംപോലെ ക്യൂബയിലും തൊഴിൽമേഖലകളിലൊക്കെ അരക്ഷിതാവസ്ഥ നിലനിൽക്കുന്നുണ്ട്.
ഉപരോധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ക്യൂബ അവതരിപ്പിച്ച പ്രമേയം ഇപ്രകാരം പറയുന്നു: ‘കഴിഞ്ഞ നാല് വർഷത്തിനിടയിൽ ക്യൂബൻ ജനതയ്ക്കും അവരുടെ ഗവൺമെന്റിനുമെതിരെ 240ലേറെ പ്രതികാര നടപടികളാണ് അമേരിക്കൻ ഗവൺമെൻറ് കൈക്കൊണ്ടത്. ഇന്നും തുടരുന്ന ഈ നടപടികൾ നിലവിലുള്ള ഉപരോധം ശക്തിപ്പെടുത്തുക മാത്രമല്ല പുതിയ സാമ്പത്തിക ആക്രമണപദ്ധതികൾക്ക് രൂപം കൊടുക്കുകയും ചെയ്തിട്ടുണ്ട്. ക്യൂബൻ പൗരന്മാരുടെ ദൈനംദിന ജീവിതത്തിൽപോലും പ്രതിസന്ധി സൃഷ്ടിക്കാൻ പോന്നവയാണ് ഇവയിൽ പലതും.’ ഉപരോധം അവസാനിപ്പിക്കണമെന്ന പ്രമേയത്തെ 184 രാജ്യങ്ങൾ പിന്തുണച്ചപ്പോൾ അമേരിക്കയും സയണിസ്റ്റ് ഇസ്രയേലും മാത്രമാണ് എതിർത്തത്. അങ്ങനെ 29-ാം തവണയും ഈ വിഷയത്തിൽ അമേരിക്ക ഒറ്റപ്പെട്ടു. എന്നിട്ടും അമേരിക്കൻ ഭരണകൂടം ഉപരോധം പിൻവലിക്കാൻ തയാറായിട്ടില്ല.
ക്യൂബയിലെ സോഷ്യലിസ്റ്റ് ഭരണകൂടത്തെ അട്ടിമറിക്കാൻ നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുന്ന അമേരിക്ക ഇക്കുറി പുതിയൊരു വിഷയവുമായി ചാടിവീണിരിക്കുകയാണ്. അവശ്യസാധനങ്ങളുടെ ദൗർലഭ്യവും സ്വാതന്ത്ര്യനിഷേധവുമൊക്കെ ക്യൂബയിൽ നടമാടുന്നു എന്ന പേരിൽ ഒരു കോലാഹലം ഉണ്ടാക്കാനാണ് അവർ ശ്രമിച്ചത്. ഇത് ഒരു ബഹളത്തിനിടയാക്കും എന്നാണ് അവർ കണക്ക് കൂട്ടിയത്. മറ്റു രാജ്യങ്ങളിൽ ഇടങ്കോലിടാനും ഭരണ വ്യവസ്ഥകളെ അട്ടിമറിക്കാനുമൊക്കെ അമേരിക്കൻ സാമ്രാജ്യത്വം ഉപയോഗപ്പെടുത്തുന്ന കുപ്രസിദ്ധമായ സിഐഎ എന്ന ഏജൻസിയെ തന്നെയാണ് ഇവിടെയും കാര്യങ്ങൾ ഏൽപ്പിച്ചത്. ക്യൂബൻ വിമതൻമാരായ കലാകാരന്മാരുടെ കൂട്ടായ്മയിലും നാടുകടത്തപ്പെട്ട വലതുപക്ഷ ഗ്രൂപ്പായ ക്യൂബലെക്‌സിലുമൊക്കെ അംഗങ്ങളായവരും റിബലുകളായി വളർത്തിയെടുക്കപ്പെട്ടവരും അമേരിക്കയുടെ പിന്തുണയും പരിശീലനവും നേടിയവരുമൊക്കെയായ ചിലർ അസംതൃപ്തരെന്ന പേരിൽ ക്യൂബൻ സർക്കാരിനെതിരെ പ്രതിഷേധിക്കുകയുണ്ടായി. വലിയ ജനപിന്തുണയുള്ള പ്രക്ഷോഭമായി വ്യാഖ്യാനിച്ചുകൊണ്ട് മാധ്യമങ്ങൾ ഇതിന് പിന്തുണ നൽകി. കഴിഞ്ഞ ജൂലൈ 11ന് റിബലുകളുടെ വേഷം കെട്ടിയ ഏതാനും ആയിരങ്ങൾ സംഘടിച്ച് സോഷ്യലിസത്തിനെതിരെ മുദ്രാവാക്യങ്ങൾ മുഴക്കുകയും അക്രമങ്ങൾ നടത്തുകയും ചെയ്തു. ഉടൻതന്നെ അമേരിക്കൻ ഭരണകർത്താക്കളും അവരുടെ ചങ്ങാതിമാരായ ബ്രസീലിന്റെ പ്രസിഡൻറ് ബോൾസനാരോയെ പോലുള്ളവരും ഇവരുടെ പ്രക്ഷോഭത്തിന് ”ഐക്യദാർഢ്യം” പ്രഖ്യാപിച്ചു.
ക്യൂബ ”ക്രൂരമായ സ്വേച്ഛാധിപത്യത്തിലാണ്” എന്നും അവർ ഉദ്‌ഘോഷിച്ചു. ക്യൂബയിലെ ‘ദുരിതമനുഭവിക്കുന്നവരും അസംതൃപ്തരുമായ’ ആളുകളെ സഹായിക്കാനും അമേരിക്കയിലെ അധികാരവർഗ്ഗം തയ്യാറായി. ആസൂത്രണം ചെയ്യപ്പെട്ട ഈ പ്രതിഷേധത്തെ ചൂണ്ടികാണിച്ചുകൊണ്ട് അമേരിക്ക വിഷയത്തിൽ നേരിട്ടിടപെടണമെന്നും അവർ ആവശ്യപ്പെട്ടു. മിയാമി മേയർ ഫ്രാൻസിസ് സുവാരസ് ഇക്കാര്യത്തിൽ തുറന്ന നിലപാടെടുത്തു: ”ക്യൂബൻ ജനതയ്ക്ക് അന്തർദേശീയ സഹായം ആവശ്യമുണ്ടെന്നും അത് ഏതെങ്കിലും വിധത്തിലുള്ള നേരിട്ടുള്ള അമേരിക്കൻ ഇടപെടലാകാമെന്നും അത് മരുന്നിന്റെയോ ആഹാരത്തിന്റെയോ സൈനികമോ ആയ സഹായകമാകുമെന്നും” അദ്ദേഹം പറഞ്ഞു. ഇടപെടൽ എന്നുപറഞ്ഞാൽ അത് ഒരു പ്രതിവിപ്ലവ പ്രക്ഷോഭത്തെ തുടർന്ന് വരുന്ന ഒരു സൈനിക അട്ടിമറി തന്നെയാണെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല.
അമേരിക്കൻ ഇടപെടൽ കാര്യങ്ങൾ വഷളാക്കാതെ നല്ല ഫലം ഉളവാക്കുന്നത് ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നവർ യാഥാർഥ്യങ്ങളുമായി ബന്ധം ഇല്ലാത്തവരാണ് എന്നേ പറയാൻ കഴിയൂ. അയൽരാജ്യമായ ഹെയ്തിയുടെ കാര്യമെടുത്താൽതന്നെ ഇത് വ്യക്തമാകും. 2004ലെ ഹെയ്തിയിലെ അമേരിക്കൻ ഇടപെടൽ അവരുടെ പ്രസിഡണ്ടിനെ നീക്കം ചെയ്യുന്നതിലാണ് കലാശിച്ചത്. ക്യൂബയിൽ അമേരിക്ക ഇടപെട്ടാൽ സുസ്ഥിരവും അഭിവൃദ്ധികരവും ഉദാരവും ആയ ജനാധിപത്യം ഉറപ്പാക്കുമെന്ന് കരുതുന്നവർ, ഹെയ്തിയിൽ എന്തുകൊണ്ടാണ് കടുത്ത ദാരിദ്ര്യവും അസമത്വവും അഴിമതിയും രാഷ്ട്രീയഅക്രമങ്ങളുമൊക്കെ നടമാടുന്നത് എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടതുണ്ട്. അഫ്ഗാനിസ്ഥാനിൽ അമേരിക്ക നടത്തുന്ന യുദ്ധം രണ്ടുപതിറ്റാണ്ട് കഴിഞ്ഞിട്ടും തുടരുകയാണ്. 2003ലെ അമേരിക്കയുടെ ഇറാഖ് അധിനിവേശം സൃഷ്ടിച്ച രക്തച്ചൊരിച്ചിലും അനിശ്ചിതത്വവും നമുക്കുമുന്നിലുണ്ട്. സിറിയക്കുമേൽ നടത്തിയ ആക്രമണം മറ്റൊരുദാഹരണമാണ്. അപ്പോൾപ്പിന്നെ ഈ 2021ൽ ക്യൂബയിലെ അമേരിക്കൻ ഇടപെടൽ ഗുണകരമാകും എന്നത് ഫാസിസ്റ്റ് ആശയപ്രചാരണമല്ലാതെ മറ്റൊന്നുമല്ല. അമേരിക്കൻ ഗവൺമെൻറിന് ക്യൂബൻ ജനതയെ സഹായിക്കണമെന്നുണ്ടെങ്കിൽ നിസ്സാരമായി ചെയ്യാവുന്ന ഒരു കാര്യമുണ്ട്; ക്യൂബക്കുമേലുള്ള ഉപരോധം അവസാനിപ്പിക്കുക. പ്രതിഷേധക്കാർ ഉയർത്തിക്കാട്ടുന്ന ഇല്ലായ്മകളുടെയും പരാധീനതകളുടെയുമൊക്കെ പ്രധാന കാരണം അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം തന്നെയാണ്.
ഇന്ന് ക്യൂബയിൽ കുത്തിപ്പൊക്കി കൊണ്ടുവരുന്ന അസ്വസ്ഥതകളോട് പ്രതികരിച്ചുകൊണ്ട് ക്യൂബൻപ്രസിഡൻറ് മിഗയേൽ ഡയസ് കാനൽ നടത്തിയ ടെലിവിഷൻ പ്രഭാഷണത്തിൽ ജനങ്ങളോട് പറഞ്ഞത് എല്ലാ കുഴപ്പങ്ങൾക്കും ഉത്തരവാദി അമേരിക്ക തന്നെയാണ് എന്നത്രെ. ”ക്യൂബയെ ശ്വാസംമുട്ടിച്ചുകൊല്ലുന്ന സാമ്പത്തിക ഉപരോധത്തിലൂടെ രാജ്യത്ത് അസ്വസ്ഥത വിതയ്ക്കാനാണ് അമേരിക്ക ശ്രമിക്കുന്ന”തെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞു. ഒരു ചെറിയ വിഭാഗം വരുന്ന പ്രതിവിപ്ലവകാ രികൾ ഇതിൽ കരുക്കൾ ആകുന്നു. രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ഇവരെ ചാവേറുകളായി ഉപയോഗിക്കുകയാണ് അമേരിക്ക. കമ്മ്യൂണിസ്റ്റ് ഭരണം സ്ഥാപിച്ച 1959ലെ ജനകീയ ഉയർത്തെഴുന്നേൽപ്പ് ഓർമ്മിപ്പിച്ചുകൊണ്ട് സോഷ്യലിസത്തെ സംരക്ഷിക്കാനായി മുന്നോട്ടുവരാൻ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. ”വിപ്ലവകാരികളായ ജനങ്ങൾ പ്രതിവിപ്ലവ ശക്തികളെ നേരിടുന്നുണ്ട്. നമ്മുടെ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കൂലിപട്ടാളക്കാരെയോ വാടകക്കൊലയാളികളെയോ നമ്മൾ അനുവദിക്കില്ല” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നത്തെ കുഴപ്പങ്ങൾക്കെല്ലാം കാരണം അമേരിക്കയുടെ പണംപറ്റി പ്രവർത്തിക്കുന്ന വരാണ് എന്ന് വിദേശകാര്യമന്ത്രി ബ്രൂണോ റോഡ്രിഗസും പറഞ്ഞു. ക്യൂബയുമായി സൗഹൃദം പുലർത്തുന്ന വെനസ്വേലയുടെ പ്രസിഡൻറ് നിക്കോളാസ് മഡുറോയ്‌ക്കെതിരേ 2019 ൽ അമേരിക്കൻ ഒത്താശയോടെ നടന്ന പ്രതിഷേധത്തോടാണ് ഈ നീക്കങ്ങളെ, ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഒരു ഉന്നതനായ റൊഗേലിയോ പൊളാൻകോ ഷുവന്റസ് ഉപമിച്ചത്.
ക്യൂബയിലെ ഗവൺമെൻറ് വിരുദ്ധ പ്രതിഷേധങ്ങളെ മുതലാളിത്ത മാധ്യമങ്ങൾ ഉയർത്തികാട്ടുന്നു എന്നതും ശ്രദ്ധേയമാണ്. 11 മില്യൺ ജനങ്ങൾ ഉള്ള രാജ്യത്ത് ”ആയിരങ്ങൾ” പ്രതിഷേധിക്കുന്നു എന്ന് അവകാശപ്പെട്ടത് ന്യൂയോർക് ടൈംസ് ആണ്. എത്ര ആയിരങ്ങൾ എന്ന് വ്യക്തമാക്കുകയോ അത് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണിക്കുകയോ ചെയ്തിട്ടില്ലതാനും. എന്നാൽ ”ഈ തെരുവുകൾ ഫിദലിന്റേതാണ്” എന്ന് വിളിച്ചോതിക്കൊണ്ട് ഗവൺമെന്റിന് പിന്തുണയുമായി ജനങ്ങൾ പ്രകടനം നടത്തുന്ന വീഡിയോ ക്യൂബൻ സർക്കാർ പുറത്തുവിട്ടിട്ടുണ്ട്. ക്യൂബൻവിരുദ്ധ മനോഭാവം മറ്റൊരു തരത്തിലും മാധ്യമങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. ക്യൂബൻ ജനത അഭിമുഖീകരിക്കുന്ന ദൗർലഭ്യത്തിന്റെയുംമറ്റും യഥാർത്ഥ കാരണമെന്ത്് എന്ന വിഷയം അവരാരും ചർച്ച ചെയ്യുന്നില്ല. കഴിഞ്ഞ ജൂലൈ 11ന് ആയിരക്കണക്കിന് ക്യൂബൻ വിപ്ലവകാരികൾ തലസ്ഥാനമായ ഹവാനയിൽ ”ഞാൻ ഫിദലാണ്” എന്ന മുദ്രാവാക്യവുമായി പ്രകടനം നടത്തുന്ന വീഡിയോ ദൃശ്യങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഉജ്ജ്വലമായ സാമ്രാജ്യത്വവിരുദ്ധ സമരപാരമ്പര്യമുള്ള മുഴുവൻ ഇന്ത്യക്കാരും ക്യൂബൻ ജനതയോടും ക്യൂബൻ സോഷ്യലിസത്തോടും ഐക്യദാർഢ്യവും സാഹോദര്യവും പ്രഖ്യാപിച്ചുകൊണ്ട് നിലകൊള്ളുകയാണ്. അമേരിക്കൻ സാമ്രാജ്യത്വം ക്യൂബയെ തൊട്ടുപോകരുത്.

2021 ജൂലൈ 13ന് എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ)് ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ് പുറപ്പെടുവിച്ച പ്രസ്താവന

അമേരിക്കൻ സാമ്രാജ്യത്വം സോഷ്യലിസ്റ്റ് ക്യൂബയിൽ കുത്തിത്തിരിപ്പുകാരെ തിരുകിക്കയറ്റി ആശയക്കുഴപ്പവും അസ്വസ്ഥതയും കുത്തിപ്പൊക്കിയ നടപടിയെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ അമേരിക്കയുടെ മേധാവിത്വത്തെയും കൊള്ളയെയും ചെറുക്കാൻ പ്രചോദനം നൽകുന്ന സോഷ്യലിസ്റ്റ് ക്യൂബയെ അമേരിക്കൻ സാമ്രാജ്യത്വം ഒരു വിപത്തായാണ് കാണുന്നത്. സൈനിക ഇടപെടലിലൂടെയും സാമ്പത്തിക ഉപരോധത്തിലൂടെയും സോഷ്യലിസ്റ്റ് ക്യൂബയെ ഇല്ലായ്മ ചെയ്യാൻ അവർ പലവട്ടം ഗൂഢാലോചന നടത്തി. ഈ ഗൂഢനീക്കങ്ങളെയെല്ലാം ചെറുത്ത് പരാജയപ്പെടുത്തിയ ക്യൂബൻ ജനതയെ അനുമോദിക്കുന്നതോടൊപ്പം, ത്യാഗപൂർണമായ പോരാട്ടങ്ങളിലൂടെ സ്ഥാപിച്ചെടുത്ത സോഷ്യലിസ്റ്റ് വ്യവസ്ഥയെ സംരക്ഷിക്കുന്നതിനായി ജാഗരൂകരായിരിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്യുന്നു.
ഒരു സോഷ്യലിസ്റ്റ് രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള സാമ്രാജ്യത്വ സന്നാഹത്തിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധം ഉയർത്താനും ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ശക്തമായി നിലകൊള്ളാനും ലോകമെമ്പാടുമുള്ള സാമ്രാജ്യത്വവിരുദ്ധരും സമാധാനപ്രേമികളും ജനാധിപത്യവിശ്വാസികളുമായ ജനങ്ങളോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ജൂലൈ പതിനാലിന് ഇന്ത്യയിലെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നതാണെന്നും സഖാവ് പ്രൊവാഷ് ഘോഷ് പ്രഖ്യാപിച്ചു.

Share this post

scroll to top