ഗുജറാത്ത് മോഡൽ കലാപം ഡൽഹിയിൽ നടക്കുമ്പോൾ നീറോമാർ വിരുന്നിലായിരുന്നു എന്നാണ് ഒരു മുഖ്യധാരാ ഇംഗ്ലീഷ് പത്രം, കൊടും വർഗീയ വാദികളായ ബിജെപി-ആർഎസ്എസ്- സംഘപരിവാർ ക്രിമിനൽ സംഘം ന്യൂനപക്ഷത്തിനെതിരെ നടപ്പിലാക്കിയ അക്രമം മൂലം കത്തിയ തലസ്ഥാനനഗരിയിൽ, സ്വസ്ഥമായി അമേരിക്കൻ പ്രസിഡണ്ടിനോടൊപ്പം വർണാഭമായ വിരുന്നിൽ പങ്കെടുത്ത പ്രധാനമന്ത്രിയെക്കുറിച്ച് ഏറ്റവും ഉചിതമായ തലക്കെട്ടോടുകൂടി എഴുതിയത്.
ഔദ്യോഗികമായി മരണസംഖ്യ 48 ആയിരിക്കുന്നു. അനൗദ്യോഗിക കണക്കുകൾ അതിനേക്കാൾ വളരെ ഉയർന്നതാണ്. പരിക്കേറ്റവർ നൂറുകണക്കിനാണ്. ദിവസം കഴിയുന്തോറും മരിച്ചവരുടെ എണ്ണം വർദ്ധിക്കുന്നു. മേൽപ്പറഞ്ഞ പത്രം തന്നെ പ്രമുഖനായ ഒരു ബിജെപി നേതാവിന്റെ നേതൃത്വത്തിൽ നയിക്കപ്പെട്ട അക്രമിസംഘം പോലീസിന്റെ ഒത്താശയോടെ എത്ര മനുഷ്യത്വ ഹീനവും ഭ്രാന്തും ആയിരുന്നു എന്ന് കാണിക്കാൻ ‘ഭീകരസത്വം’ എന്നാണ് പ്രയോഗിച്ചത്. സി.എ.എ. അനുകൂലികളായ അക്രമികൾ പോലീസ് ബാരിക്കേഡുകൾ ചാടിക്കടന്ന്, വടക്കുകിഴക്കൻ ഡൽഹിയിലെ ജാഫ്രാബാദിൽ, സിഎഎ – എൻആർസി വിരുദ്ധ സമരക്കാർക്കുനേരെ കല്ലെറിയുന്നതും, ബോംബെറിഞ്ഞ് പന്തൽ തകർക്കുന്നതിന്റെയുമെല്ലാം ചിത്രങ്ങളും വീഡിയോകളും ഇലക്ട്രോണിക്-അച്ചടി മാധ്യമങ്ങളിലൂടെയെല്ലാം ധാരാളമായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
മുസ്ലീം മതത്തിൽപെട്ട പുരുഷനെയും ബുർഖ ധരിച്ച സ്ത്രീയേയും അനേകം അക്രമികൾ ചേർന്ന് വടികളും ഇരുമ്പു ദണ്ഡുകളും കൊണ്ട് മർദ്ദിക്കുന്നതിന് റോയിട്ടേഴ്‌സ് ലേഖകൻ ദൃക്‌സാക്ഷിയായി. ഷാരൂഖ് എന്ന് പോലീസ് പറഞ്ഞ, പിന്നീട് ചന്ദ്രാൽ ശുക്‌ള എന്ന സംഘപരിവാർ പ്രവർത്തകൻ എന്ന് തെളിഞ്ഞ അക്രമി പോലീസിന്റെ മുന്നിൽ നിന്നാണ് വെടിയുതിർത്തത്. ഒരു അക്രമിസംഘം, മുസ്ലിം പേരുള്ള ഒരു കട തകർക്കുകയും വാഹനം കത്തിക്കുകയും ചെയ്തപ്പോൾ പോലീസ് ഒപ്പം നിന്നു. ‘മുന്നോട്ടുപോവുക, കല്ലെറിയുക’ എന്ന് ഒരു പോലീസുകാരൻ ആക്രമികൾക്ക് നിർദ്ദേശം നൽകുന്നതും പുറത്തുവന്നു. ട്വിറ്ററിൽ വന്ന ഒരു പോസ്റ്റിൽ പ്രകടമായും അക്രമികളുടെ ഭാഗം എന്നു തോന്നുന്ന ഒരു മനുഷ്യൻ അവകാശപ്പെടുന്നത് അവർക്ക് പോലീസിന്റെ പിന്തുണയുണ്ട് എന്നാണ്. അയാൾ പോലീസിന് സിന്ദാബാദ് വിളിക്കുന്നുമുണ്ട്. ഈ പ്രദേശത്തെ രണ്ട് മതവിഭാഗങ്ങളിൽ പെട്ട സാധാരണക്കാരും, കടയുടമകളും ഭയചകിതരാണ്. നഗരത്തിനാകെ ഭയത്തിന്റേയും ദുഃഖത്തിന്റെയും രാത്രിയായിരുന്നു.
‘ജയ് ശ്രീറാം’ മുദ്രവാക്യം മുഴക്കി ഒരു സംഘം ട്രക്കുകളിൽ കല്ലുകൾ ശേഖരിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തുവന്നു. മറ്റൊരു വീഡിയോയിൽ ട്രാക്കിൽ നിന്ന് കല്ലുകളും കട്ടകളും ഇറക്കിയിട്ട് ആവേശത്തോടെ മുദ്രാവാക്യം മുഴക്കുന്ന സംഘത്തെയും കാണാം. അക്രമികൾ ചേർന്ന് ഒരു മുസ്ലീമിനെ ആക്രമിക്കുന്ന, റോയിട്ടേഴ്‌സ് പകർത്തിയ ചിത്രം നിരവധി പ്രമുഖ പത്രങ്ങൾ മുൻപേജിൽ പ്രസിദ്ധീകരിച്ചു. ഭ്രാന്ത് പിടിച്ച ഒരുകൂട്ടം പോലീസിന്റെ സാന്നിധ്യത്തിൽ ഒരു പ്രദേശം മുഴുവൻ കടന്നുകയറി കടകളും വീടുകളും ചന്തയും പള്ളിയും എല്ലാം തീയിടുകയായിരുന്നു എന്നാണ് പ്രദേശവാസികൾ പറഞ്ഞത്. ഡൽഹിയുടെ പല പ്രദേശങ്ങളും, വിശേഷിച്ചും വടക്കുകിഴക്കൻ ഡൽഹിയെ അഗ്‌നിക്കിരയാക്കി.
പത്രപ്രവർത്തകരെയും വെറുതെവിട്ടില്ല. ജെകെ 24ഃ7 ന്യൂസ് കറസ്‌പോണ്ടന്റിന് വെടിയേറ്റു. എൻഡിടിവിയുടെ റിപ്പോർട്ടർമാരും ക്യാമറാമാൻമാരും ആക്രമണത്തിനിരയായി. ഇടിയേറ്റ ഒരു റിപ്പോർട്ടറുടെ മൂന്ന് പല്ലുകൾ നഷ്ടപ്പെട്ടു. അയാളുടെ തലയ്ക്കു കിട്ടേണ്ട അടി ക്യാമറാമാൻ തടയുകയും അയാൾക്ക് അടിയേൽക്കുകയും ചെയ്തു. മറ്റൊരു ഫോട്ടോ ജേർണലിസ്റ്റിനെ ആക്രമികൾ കയ്യേറ്റം ചെയ്യുകയും ഹിന്ദുവാണെന്ന് തെളിയിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഒരു വെബ് പോർട്ടലിന്റെ പ്രതിനിധി നിരവധി പത്രപ്രവർത്തകരെ സിഎഎ അനുകൂലികളായ അക്രമികൾ കയ്യേറ്റം ചെയ്യുന്നതും അവരുടെ മൊബൈൽ ഫോൺ വാങ്ങി ചിത്രങ്ങളും വീഡിയോകളും മായിക്കുന്നതും കണ്ടതായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ബിജെപിക്ക് വോട്ടു നൽകാത്തതിന് അവർ ജനങ്ങളോട് പ്രതികാരം ചെയ്യുന്നതായാണ് തോന്നിയതെന്നാണ് ജാഫ്രാബാദിനോട് ചേർന്നുള്ള സീലാംപൂർ നിവാസിയായ ഹിന്ദുമത വിശ്വാസി പറഞ്ഞത്. സിഎഎ വിരുദ്ധ സമരങ്ങളെ അപകീർത്തിപ്പെടുത്താനും സമാനമായ സമാധാനപരമായ സമരങ്ങളെ നിയമവിരുദ്ധമാക്കാനും വേണ്ടി ആസൂത്രണം ചെയ്ത കലാപമായിരുന്നു ഇതെന്നാണ് മറ്റൊരാൾ പറഞ്ഞത്. വർഗീയ അഗ്‌നി പടർത്തിയതിൽ പോലീസിന്റെ നിഷ്‌ക്രിയത്വമാണ് ഏവരും കുറ്റപ്പെടുത്തിയത്. പോലീസിന്റെ വർഗീയ പക്ഷപാതിത്വവും ജനശ്രദ്ധയിൽ വന്നു. ദില്ലി കത്തുമ്പോൾ പോലീസ് വാർഷിക ക്രിക്കറ്റ് ടൂർണമെൻറ് തിരക്കിലായിരുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. ഇതൊരു കലാപം ആയിരുന്നില്ല. ആസൂത്രിതമായ കൂട്ടക്കൊല ആയിരുന്നു. കലികൊണ്ട് പാഞ്ഞുനടക്കുന്ന ആർഎസ്എസ്-ബിജെപി അക്രമി സംഘം സ്ഥിതി കൂടുതൽ കൂടുതൽ വഷളാക്കി കൊണ്ടിരിക്കുകയാണ്. ഭയചകിതരായ ഡൽഹിനിവാസികൾ ‘ജനാധിപത്യം പോകട്ടെ, ഇതൊരു പരിഷ്‌കൃത സമൂഹം ആണോ? അതോ, മൃഗീയ വാസനകളോടുകൂടിയ ഏതെങ്കിലും പ്രാകൃത സമൂഹമാണോ” എന്നാണ് സംശയിക്കുന്നത്.
ആര്, എന്തിനുവേണ്ടി ഈ അക്രമം സൃഷ്ടിച്ചു?
ബിജെപി-ആർഎസ്എസ് ഗൂണ്ടാ സംഘങ്ങൾക്ക് സമനിലതെറ്റിയവണ്ണം ഗുജറാത്ത് വംശഹത്യയുടെ പുനഃസൃഷ്ടിക്ക് പ്രേരിപ്പിച്ചത് എന്താണ്? കാരണം, ഷാഹീൻബാഗ് വഴികാട്ടിയാവുകയാണ്. ജനങ്ങളുടെ ഇടയിൽ വർഗീയ വിഭജനം സൃഷ്ടിച്ച് യഥാർത്ഥ ഇന്ത്യക്കാരെ അനധികൃത കുടിയേറ്റക്കാർ എന്നുപറഞ്ഞ് പുറന്തള്ളാൻ ലക്ഷ്യം വെച്ചുകൊണ്ടുള്ള പൈശാചിക നിയമങ്ങളായ സിഎഎ, എൻആർസി, എൻപിആർ എന്നിവയ്‌ക്കെതിരെയുള്ള സമരം വീട്ടമ്മമാർ(അതും 80 ഉം,90 ഉം വയസ്സുള്ളവർവരെ ഉൾപ്പെടുന്ന), കൈക്കുഞ്ഞുങ്ങളുള്ളവർ തുടങ്ങി, ഏറ്റവും ദരിദ്രരായ സ്ത്രീകൾ നേതൃത്വം കൊടുക്കുന്ന സമരം. വിഭാഗീയതകൾ തള്ളിക്കളഞ്ഞ് ജനങ്ങൾ വൻതോതിൽ ന്യായമായ ഈ സമരത്തോടൊപ്പം നിന്നു. ലക്ഷംപേർ വരെ എത്തിച്ചേർന്ന ഈ സമരം സ്വതന്ത്ര ഇന്ത്യയിൽ സ്ത്രീകൾ നയിക്കുന്ന ഏറ്റവും വലിയതും വ്യതിരിക്തവുമായ ഒന്നായി മാറി. വൈകാതെ രാജ്യമാകെ ഷാഹീൻബാഗിനോട് പ്രതികരിച്ചു. എല്ലാ വിഭാഗീയതയ്ക്കും അതീതമായി ജനങ്ങൾ ഒന്നിക്കുന്ന 96000 പ്രകടനങ്ങൾ ഇതിനകംതന്നെ രാജ്യമെമ്പാടും നടന്നുകഴിഞ്ഞു. മൗലികവാദ ശക്തികളെ ഒന്നും നുഴഞ്ഞു കയറാൻ അനുവദിച്ചില്ല. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ഷാഹീൻബാഗ് മാതൃകയിലുള്ള നിരവധി സമരങ്ങൾ മാസങ്ങളായി തുടരുന്നു. ഫാസിസ്റ്റുകളുടെ തനത് ശൈലിയിൽ ആർഎസ്എസ്-ബിജെപി അവരുടെ എല്ലാ ആയുധങ്ങളും ഇതിനെതിരെ പ്രയോഗിക്കുകയാണ്. പ്രകടനക്കാരെ ദേശവിരുദ്ധർ എന്ന് വിളിച്ച്, കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തി. ആയുധധാരികളായ അക്രമികളെ അഴിച്ചുവിട്ടു. ആർഎസ്എസ് പ്രവർത്തകരെ ബുർഖ ധരിപ്പിച്ച് സമരക്കാരുടെയിടയിൽ കടത്തിവിട്ട് പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിപ്പിച്ചു. അങ്ങനെ എല്ലാ പ്രയോഗങ്ങളും നടത്തുകയാണ്. അവസാനം, അടുത്തിടെ നടന്ന ദില്ലി തിരഞ്ഞെടുപ്പിൽ ആർഎസ്എസ്-ബിജെപി നേതാക്കൾ പരസ്യമായി വർഗീയ വിഷംതുപ്പിക്കൊണ്ട് അക്രമത്തിനു പ്രേരിപ്പിക്കുന്ന പ്രസംഗങ്ങൾ നടത്തി. ഷാഹീൻബാഗിനെ ദേശവിരുദ്ധമെന്നും രാജ്യദ്രോഹികളും വഞ്ചകരുമാണ് നടത്തുന്നത് എന്നുമെല്ലാം അപകീർത്തിപ്പെടുത്തി പക്ഷേ, സ്വമേധയാ വളർന്നുവന്ന ഈ സമരത്തിലൂടെ വിവിധ മത-വംശ-ഭാഷാവിഭാഗങ്ങൾക്കിടയിൽ ഉണ്ടായിവന്ന ഐക്യത്തെ തകർക്കാൻ ഇതിനൊന്നും ആയില്ല. എന്ന് മാത്രമല്ല, സമരം കൂടുതൽ ശക്തമാകുകയും ചെയ്തു. സമരക്കാർ പ്രധാനപാതയിൽ യാത്രാദുരിതം സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ച് സമരക്കാരെ മാറ്റണമെന്ന് ആവശ്യപ്പെട്ടു. അതിനായി അവർ സുപ്രീംകോടതിയെ സമീപിച്ചു. പക്ഷേ, സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥരിൽ ഒരാൾ ഈ സമരം സമാധാനപരവും മനോഹരവുമാണെന്ന് വിശേഷിപ്പിച്ചു. അനാവശ്യമായി റോഡ് തടഞ്ഞിരിക്കുന്നത് പോലീസാണെന്നും അവർ കണ്ടെത്തി. ഒരു റോഡിൽ സമരം നടത്തുന്ന സമരക്കാരുടെ പേരിൽ, യാത്രക്കാർക്ക് ഉപയോഗിക്കാൻ കഴിയുന്ന രണ്ട് ബദൽ പാതകൾ തടഞ്ഞുകൊണ്ട് ദില്ലി, യുപി പോലീസ് ആണ് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതെന്ന് മാധ്യമങ്ങളും കണ്ടെത്തി. കൂടാതെ ഡൽഹി തെരഞ്ഞെടുപ്പിൽ ബിജെപിയെ ജനങ്ങൾ പരാജയപ്പെടുത്തി നിലംപരിശാക്കി. ഈ പരാജയം കൂടുതൽ ഷഹീൻബാഗുകൾ തലസ്ഥാന നഗരിയുടെ വിവിധ ഭാഗങ്ങളിൽ തുറക്കാൻ ദില്ലിയിലെ പീഡനം അനുഭവിക്കുന്ന അധ്വാനിക്കുന്ന ജനങ്ങൾക്ക് പ്രേരണയായി.
വടക്കുകിഴക്കൻ ഡൽഹിയിലെ ജാഫ്രാബാദാണ് അവർ തെരഞ്ഞെടുത്ത അടുത്ത സ്ഥലം. രാജ്യമെമ്പാടും സിഎഎയ്ക്കും എൻആർസിക്കുമെതിരെ ഉയർന്നുകൊണ്ടേയിരുന്ന പ്രക്ഷോഭങ്ങളാൽ അസ്വസ്ഥരും ഡൽഹിതെരെഞ്ഞടുപ്പുഫലത്താൽ പ്രതിരോധത്തിലുമായിരുന്ന ബിജെപിയെ സംബന്ധിച്ചിടത്തോളം ഷഹീൻബാഗ് മാതൃകകളുടെ ആവേശം എവ്വിധവും തടഞ്ഞേ മതിയാകുമായിരുന്നുള്ളൂ. വർഗ്ഗീയവിദ്വേഷം നിറഞ്ഞവരും എന്തുക്രൂരകൃത്യത്തിനും മടിക്കാത്തവരുമായ ഒരു പറ്റം ആളുകൾ പിന്നെ തെരുവിലേയ്ക്കിറങ്ങുന്നതാണ് നാം കണ്ടത്. കപിൽ മിശ്രയെ പോലുളള ബിജെപി നേതാക്കൻമാരാകട്ടെ ഒന്നിനുപിന്നാലെ ഒന്നായി വിദ്വേഷ പ്രസംഗങ്ങൾ നടത്തിക്കൊണ്ടേയിരുന്നു.
സിഎഎയ്‌ക്കെതിരെ പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികൾ എന്നാണ് കപിൽ മിശ്ര സംബോധന ചെയ്തത്. ജാഫ്രാബാദിൽ നടന്ന സിഎഎ അനുകൂല റാലിയിൽ മറ്റൊരു ഷഹീൻബാഗ് അനുവദിക്കില്ലെന്നും മൂന്ന് ദിവസത്തിനുള്ളിൽ ഉപരോധമവസാനിപ്പിച്ച് റോഡ് ഗതാഗതം പുനഃസ്ഥാപിക്കണമെന്നും ഭീഷണി മുഴക്കി. ജാഫ്രാബാദ് മെട്രോസ്റ്റേഷനുസമീപം ആരംഭിക്കാൻ പോകുന്ന ഷഹീൻബാഗ് സമരം തടയുവാൻ സംഘടിക്കുവാൻ സ്വന്തം അനുയായികൾക്ക് ട്വിറ്ററിലൂടെ ആഹ്വാനം നൽകി.
കപിൽ മിശ്രയുടെ നേതൃത്വത്തിൽ ജാഫ്രാബാദിൽ നടന്ന റാലിയെത്തുടർന്നാണ് പ്രദേശത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഭൂരിപക്ഷ സമുദായാംഗങ്ങളുടെ വീടുകളിലും കടകൾക്കുമുന്നിലും മുൻകൂറായി കാവിക്കൊടികൾ സ്ഥാപിച്ചു. ”ഹിന്ദുവീടുകൾ തെരെഞ്ഞുപിടിച്ച് കാവിക്കൊടി കെട്ടുന്നത് എന്തിനാണ്? പ്രകോപനപരമായ പ്രസംഗം നടത്തിയ കപിൽ മിശ്രയ്‌ക്കെതിരെ പോലീസ് നടപടിയെടുക്കാത്തത് എന്തുകൊണ്ടാണ്?” ജാഫ്രാബാദിലെ ഒരു സ്‌കൂൾ അധ്യാപകൻ ചോദിക്കുന്നു. സുപ്രീംകോടതി പോലും ഡൽഹി പോലീസിനെ അതിനിശിതമായി വിമർശിച്ചു. ഡൽഹിപോലീസിന് പ്രോഫഷണലിസം ഇല്ല എന്നാണ് കോടതി അഭിപ്രായപ്പെട്ടത്. പോലീസ് സമയോചിതമായി ഇടപെട്ടിരുന്നുവെങ്കിൽ കുറ്റക്കാർ രക്ഷപ്പെടുമായിരുന്നില്ല എന്നും കോടതി അഭിപ്രായപ്പെട്ടു. മാത്രവുമല്ല നേതാക്കളുടെ സ്പർദ്ധ പടർത്തുന്ന പ്രസ്താവനകൾക്കെതിരെ പോലീസ് സമയോചിതമായ നടപടികൾ എടുത്തിരുന്നുവെങ്കിൽ വർഗ്ഗീയ കലാപവും ജീവഹാനിയും ഒഴിവാക്കാനാകുമായിരുന്നുവെന്ന് സുപ്രീംകോടതി ജസ്റ്റിസ് കെ.എം.ജോസഫ് നിരീക്ഷിച്ചു. നമ്മുടെ രാജ്യത്തും ലോകമെമ്പാടുമുള്ള സമാധാനകാംക്ഷികളായ ജനങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളുമെല്ലാം ഒരേഭാഷയിൽ, വർഗ്ഗീയ വെറിപൂണ്ട ഈ നടപടികളെയും പോലീസിന്റെ അനാസ്ഥയെയും അപലപിച്ചു, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഭരിക്കുന്ന പാർട്ടിയും സർക്കാരും പ്രതിഷേധത്തിന്റെ ഈ ശബ്ദങ്ങൾ അശേഷം പരിഗണിച്ചില്ല. ആഭ്യന്തര സഹമന്ത്രി കിഷൻ റെഡ്ഡി പറഞ്ഞത് ട്രംപിന്റെ സന്ദർശനവേളയിൽ ഇന്ത്യയെ ആഗോളമായി ഇടിച്ചുകാണിക്കാൻ നടന്ന ഗൂഢാലോചനയാണിത് എന്നായിരുന്നു. ഈ അഭിപ്രായം പരമാവധി പ്രചരിപ്പിക്കാൻ ശ്രമിച്ച ഭരണനേതൃത്വം സമാധാനം സ്ഥാപിക്കുവാൻ അഭ്യർത്ഥിച്ചുകൊണ്ട് ഒരു പ്രസ്താവനപോലും നടത്തിയില്ല. നീണ്ട മൗനത്തിനുശേഷം ആഭ്യന്തരമന്ത്രി പറഞ്ഞതാകട്ടെ ഡൽഹിയിൽ നടന്നത് പെട്ടെന്നുണ്ടായ പ്രതികരണമാണ് എന്നായിരുന്നു. എന്നുമാത്രമല്ല സ്ഥിതിഗതികൾ നേരെയാക്കാനും സമാധാനം പുനഃസ്ഥാപിക്കാനും പോലീസ് പരമാവധി പരിശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ഈ പ്രസ്താവനകളിലൂടെയെല്ലാം കൂട്ടക്കൊലയുടെയും കലാപത്തിന്റെയും പിന്നിൽ ആർഎസ്എസ്-ബിജെപി സംഘടനകൾക്കുള്ള നിർണായകപങ്കിനെ ബോധപൂർവ്വം തമസ്‌കരിക്കുകയാണ് നേതൃത്വം ചെയ്യുന്നത്.
കപിൽ മിശ്ര, അനുരാഗ് ഠാക്കൂർ, പർവേഷ് വർമ്മ തുടങ്ങിയ ബിജെപി നേതാക്കന്മാരുടെ വിദ്വേഷ പ്രസംഗത്തിന്റെ വീഡിയോ ഡൽഹി പോലീസ് ഇനിയും കണ്ടിട്ടില്ല എന്നതിൽ, ഡൽഹി കലാപത്തെ സംബന്ധിച്ച ഒരു അടിയന്തരപരാതി കേൾക്കുന്നതിനിടെ ജസ്റ്റിസ് മുരളീധറും ജസ്റ്റിസ് തൽവന്ത് സിംഗും ഉൾപ്പെടുന്ന ബഞ്ച് നടുക്കം രേഖപ്പെടുത്തി. ഫെബ്രുവരി 26ന് അർദ്ധരാത്രിയിൽ ജസ്റ്റിസ് മുരളീധറിന്റെ വസതിയിൽ നടന്ന അടിയന്തര സിറ്റിങ്ങിനുശേഷം കോടതി പുറപ്പെടുവിച്ച ഉത്തരവിൽ പോലീസിനോട് അടിയന്തരമായി ഹെൽപ് ലൈൻ ആരംഭിക്കുവാനും മുറിവേറ്റവർക്ക് അടിയന്തര വൈദ്യസഹായം എത്തിക്കുവാനും പരക്കേറ്റവർക്ക് സുരക്ഷിതമായി ആശുപത്രികളിലെത്തിച്ചേരാനുള്ള സംവിധാനം ഒരുക്കുവാനും ആവശ്യപ്പെട്ടു. 1984 ആവർത്തിക്കാൻ അനുവദിക്കില്ല എന്നു ശക്തമായ ഭാഷയിൽ താക്കീതു നൽകിയ കോടതി, സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് നേതാക്കൻമാരുടെ വിദ്വേഷ പ്രസംഗത്തിന്റെ വീഡിയോ പരിശോധിക്കാനും വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ ബിജെപി നേതാക്കൻമാർക്കെതിരെ എഫ്‌ഐആർ തയ്യാറാക്കാൻ പോലീസ് കമ്മീഷണർ അമൂല്യ പട്‌നായിക്കിനോട് നിർദ്ദേശിക്കുവാനും ആവശ്യപ്പെട്ടു. പോലീസ് കമ്മീഷണറുടെ ആഫീസിൽ ടിവി കാണുമെന്ന് പ്രത്യാശിക്കുന്നുവെന്നും അദ്ദേഹം വീഡിയോ ക്ലിപ്പിംഗ് പരിശോധിക്കണം എന്നും കോടതി അഭിപ്രായപ്പെട്ടു. ഫെബ്രുവരി 27 രാവിലെ അടുത്ത സിറ്റിംഗ് തീരുമാനിച്ചാണ് കോടതി പിരിയുന്നത്. എന്നാൽ ജസ്റ്റിസ് മുരളീധറിനെ അർദ്ധരാത്രിയിൽ തന്നെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേയ്ക്ക് സ്ഥലംമാറ്റിക്കൊണ്ടാണ് നിയമകാര്യവകുപ്പ് തിരിച്ചടിച്ചത്. ജസ്റ്റിസ് മുരളീധറിന് പകരം വന്ന ബഞ്ചിനാകട്ടെ ഉടൻ എഫ്‌ഐആർ ഇടാനും മാത്രം അടിയന്തര പ്രാധാന്യമുണ്ട് വിഷയത്തിന് എന്നുതോന്നായ്കയാൽ വീഡിയോ പരിശോധിക്കുവാൻ 4 ആഴ്ചത്തെ സാവകാശമാണ് അനുവദിച്ചിരിക്കുന്നത്. കുറ്റവാളികൾക്ക് ഒരു മാസത്തേയ്ക്ക് സൈ്വര്യവിഹാരം(കപിൽ മിശ്രയ്ക്ക് വൈ കാറ്റഗറി സുരക്ഷയും).
കപിൽ മിശ്രയ്ക്ക് എതിരെ ഇതിനുമുമ്പും വിദ്വേഷ പ്രസംഗങ്ങളുടെ പേരിൽ പരാതികൾ ഉയർന്നിട്ടുണ്ട്. 2019 ഫെബ്രുവരി 27 ന്, ടെലികമ്മ്യൂണിക്കേഷൻ വകുപ്പിലെ ഉദ്യോഗസ്ഥനായ ആശിഷ് ജോഷി ഇതേ ഡൽഹി പോലീസ് കമ്മീഷണർ അമൂല്യ പട്‌നായിക്ക് മുമ്പാകെ കപിൽ മിശ്രയ്‌ക്കെതിരെ വിദ്വേഷപ്രസംഗത്തിന്റെ വീഡിയോയുമായി സമീപിച്ചിട്ടുണ്ട്. എന്നാൽ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയാണ് എന്ന് പറഞ്ഞ് കേസ് തള്ളുകയാണ് ഉണ്ടായത്.
തെളിവുകൾ മേൽക്കുമേൽ വ്യക്തമാക്കുന്നു ആരാണ് ഇതിന്റെ പിന്നിലെന്ന്. നടക്കുന്നത് പൈശാചികതയും മനുഷ്യത്വവും തമ്മിലുള്ള ഏറ്റുമുട്ടൽ ആണ്. ആസൂത്രിതവും സംഘടിതവുമായ കൊള്ളയും കൊലയും തീവയ്പുമൊക്കെയായി ഡൽഹിയിൽ നടന്നത് വർഗ്ഗീയ കലാപം എന്നനിലയിൽ ചുരുക്കിക്കാണാവുന്ന ഒന്നല്ല. മറിച്ച് ഭരണസംവിധാനത്തിന്റെ അകമഴിഞ്ഞ പിന്തുണയോടെ നടന്ന വംശശുദ്ധീകരണമാണത്. കൗശലംകൊണ്ടോ വാചാടോപം കൊണ്ടോ ഈ യാഥാർത്ഥ്യങ്ങളെ മൂടുവാൻ സാധിക്കില്ല.
ഭൂരിപക്ഷംവരുന്ന ഹിന്ദുക്കളുടെ ഔദാര്യത്തിലാണ് സ്വന്തം സുരക്ഷ എന്നത് മുസ്ലീങ്ങൾ മനസ്സിലാക്കണമെന്ന ബാംഗ്ലൂർ പ്രമേയം 2002ലെ ഗുജറാത്ത് വംശഹത്യക്ക് അടിത്തറയായതായാണ് കണക്കാക്കപ്പെടുന്നത്. ആരാണ് ഈ ഹിന്ദുക്കൾ? തെരുവിൽ നാം കാണുന്ന സാധാരണക്കാരായ ജനങ്ങളാണോ? അല്ല. നേരിയ പ്രകോപനംപോലും സഹിക്കാൻ സാധിക്കാത്ത, ഏതു നിമിഷവും ആയുധമെടുത്തേക്കാവുന്ന, സമൂഹത്തെ ഒന്നാകെ മുൾമുനയിൽ നിർത്താൻപോന്ന വർഗ്ഗീയ വിഷം നിറഞ്ഞവർ. നിയമവും നീതിയും അവർ തീരുമാനിക്കും. സിവിൽ സമൂഹത്തെ വെല്ലുവിളിക്കും. സ്വയം എല്ലാത്തിന്റെയും അധിപന്മാരായി ചമയും. ഇതെല്ലാമാകട്ടെ രാമന്റെ പേരിലാണുതാനും.
ഈ ഹീനനീക്കത്തെ പരാജയപ്പെടുത്തിയേ മതിയാകൂ
ആർഎസ്എസും ബിജെപിയും, വർഗ്ഗീയതയുടെ തീച്ചൂളയിലേയ്ക്ക് തള്ളിവിടുമ്പോൾ ഒരു പരിഹാരത്തിന് ജനങ്ങൾ ആരെയാണ് ആശ്രയിക്കേണ്ടത്? എവ്വിധമാണ് എല്ലാജനവിഭാഗങ്ങളും തമ്മിലുള്ള ഐക്യം ഉറപ്പാക്കേണ്ടത്? എങ്ങനെയാണ് വർഗ്ഗീയത എന്ന അപകടത്തെ മറികടക്കേണ്ടത്? മുതലാളിത്തമുള്ളിടത്തോളം വർഗ്ഗീയതയുടെ ഭീഷണിയുമുണ്ടാകും എന്ന് നമുക്കറിയാം. മുതലാളിവർഗ്ഗ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വർഗ്ഗീയത ഊതി വളർത്തിക്കൊണ്ടേയിരിക്കും. മുതലാളിത്തത്തെ നിഷ്‌കാസനം ചെയ്ത് സോഷ്യലിസം സ്ഥാപിച്ചുകൊണ്ടേ ആത്യന്തികമായി വർഗ്ഗീയത ഇല്ലാതെയാക്കാൻ സാധിക്കൂ. അതുകൊണ്ട് നീറുന്ന ജീവിത പ്രശ്‌നങ്ങൾ ഉയർത്തിക്കൊണ്ടുള്ള പ്രക്ഷോഭണങ്ങൾക്കൊപ്പം വർഗ്ഗീയതയ്ക്കും യാഥാസ്ഥിതിക പിന്തിരിപ്പത്തത്തിനുമെതിരായ പ്രചാരണവും ശക്തമാക്കണം.
വിലക്കയറ്റം, തൊഴിലില്ലായ്മ, പിരിച്ചുവിടൽ, വിദ്യാഭ്യാസരംഗത്തെ നിരവധിയായ വിഷയങ്ങൾ, ആരോഗ്യരംഗത്തെ പ്രശ്‌നങ്ങൾ തുടങ്ങി ജനങ്ങളുടെ ദൈനംദിന ജീവിതത്തിനുമുന്നിലെ നിരവധിയായ വിഷയങ്ങൾ ഉയർത്തിക്കൊണ്ടുള്ള അതിശക്തമായ പ്രക്ഷോഭത്തിന്റെ ഭാഗത്ത് അണിനിരക്കുവാൻ ഏവരോടും അഭ്യർത്ഥിക്കുന്നു. ജനസമരങ്ങളെ അകത്തുനിന്നും പുറത്തുനിന്നും ആക്രമിക്കുകയും ദുർബ്ബലപ്പെടുത്തുകയും ചെയ്യുന്ന വർഗ്ഗീയതയ്‌ക്കെതിരെ ഒറ്റക്കെട്ടായി അണിനിരക്കുവാനും ഏവരോടും അഭ്യർത്ഥിക്കുന്നു.