പലസ്തീനെതിരേ സിയോണിസ്റ്റ് ഇസ്രായേൽ നടത്തുന്ന കടന്നാക്രമണം അവസാനിപ്പിക്കുക

201482115459298733_8.jpeg
Share

മെഡിറ്ററേനിയൻ കടലിന്റെ കിഴക്കുഭാഗത്ത് രണ്ട് ദശലക്ഷം പലസ്തീനിയൻ അറബുകൾ തിങ്ങിപ്പാർക്കുന്ന ഇടുങ്ങിയ തീരപ്രദേശമാണ് ഗാസ. ഇസ്രയേലിലെ സിയോണിസ്റ്റ് ഭരണകൂടം ഗാസയിൽ വീണ്ടും പ്രകോപനപരമായ നീക്കങ്ങൾ നടത്തുകയും, തുടർന്ന് മേയ് 10ന് നടന്ന സായുധാക്രമണത്തോടെ മേഖലയിൽ വീണ്ടും ചോരപ്പുഴയൊഴുക്കുകയും ചെയ്തു. ഇസ്രയേൽ കൈയ്യടക്കി വെച്ചിരിക്കുന്ന മൂന്ന് ഭൂപ്രദേശങ്ങളിൽ ഒന്നാണ് ഗാസ. ജോർദ്ദാൻ അതിർത്തിയിലുള്ള വെസ്റ്റ് ബാങ്കും സിറിയൻ അതിർത്തിയിലുള്ള ഗോലാൻ കുന്നുകളുമാണ് മറ്റ് രണ്ടെണ്ണം. മദ്ധ്യപൂർവ്വേഷ്യയിലെ ഏറ്റവും അപകടകാരിയായ ശക്തിയുടെ പിടിയിൽനിന്നും സ്വയം മോചിപ്പിക്കുവാനും, തങ്ങളുടെ മാതൃഭൂമിയുടെ ഒരു ഭാഗം തിരിച്ചുപിടിക്കുവാനുമുള്ള പോരാട്ടം തുടരുന്ന പലസ്തീനിയൻ ജനതയ്ക്കുമേൽ, അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടുകൂടി ഇസ്രയേൽ ഭരണകൂടം നടത്തുന്ന സൈനിക കടന്നുകയറ്റങ്ങൾ പലപ്പോഴും സായുധസംഘർഷങ്ങളുടെ തലത്തിലേക്ക് വളരാറുണ്ട്.

എരിതീയിൽ എണ്ണയൊഴിച്ചു കൊണ്ട്, 2017 ഡിസംബർ 6ന് അന്നത്തെ യുഎസ് പ്രസിഡന്റായിരുന്ന ഡൊണാൾഡ് ട്രംപ്, ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽനിന്നും യുഎസ് എംബസി ജറുസലേമിലേക്ക് മാറ്റുന്നതായി ഏകപക്ഷീയമായി പ്രഖ്യാപിച്ചു. ജറുസലേമായിരിക്കും ഇനി ഇസ്രയേലിന്റെ തലസ്ഥാനമെന്നും, അതിലൂടെ മുഴുവൻ ജറുസലേമും ഇസ്രയേലിന്റെ നിയന്ത്രണത്തിൽ വരുമെന്നും സ്ഥാപിക്കാനായിരുന്നു അത്. ഇസ്രയേലും, ഈജിപ്ത്, സിറിയ, ജോർദ്ദാൻ എന്നീ അറബ് രാജ്യങ്ങളും തമ്മിൽ 1967ൽ നടന്ന മിന്നൽ യുദ്ധം ഓർക്കേണ്ടതുണ്ട്. കിഴക്കൻ ജറുസലേമിന്റെയും പലസ്തീനിലെ വെസ്റ്റ് ബാങ്കിന്റെയും നിയന്ത്രണം ജോർദ്ദാനിൽനിന്നും, ഗാസാ മുനമ്പും സിനായ് ഉപദ്വീപും ഈജിപ്തിൽനിന്നും, ഗോലാൻ കുന്നുകൾ സിറിയയിൽനിന്നും ഇസ്രയേൽ കൈയ്യടക്കി. അന്നുതൊട്ട്, ജറുസലേം നഗരം മുഴുവൻ ഇസ്രയേലിന്റെ നിയന്ത്രണത്തിലാണ്. പലസ്തീൻകാരാകട്ടെ, തങ്ങളുടെ ഭാവിയിലെ പലസ്തീൻ രാജ്യത്തിന്റെ തലസ്ഥാനമായാണ് കിഴക്കൻ ജറുസലേമിനെ കാണുന്നത്. ഇന്നും, കിഴക്കൻ ജറുസലേമിന് മേലുള്ള ഇസ്രയേലിന്റെ പരമാധികാരം അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടില്ല. ജറുസലേം പലസ്തീനിന് അവകാശപ്പെട്ടതാകുന്നു. പക്ഷേ ട്രംപാകട്ടെ, ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിലെ ഒരു പുതിയ സമീപനത്തിന്റെ തുടക്കത്തെ കുറിക്കുന്നതാണ് തന്റെ പ്രഖ്യാപനമെന്നാണ് കൊട്ടിഘോഷിച്ചത്. തങ്ങളുടെ തീട്ടൂരങ്ങൾക്കു മുന്നിൽ മുട്ടുമടക്കാൻ മടി കാണിക്കുന്ന അറബ് രാജ്യങ്ങൾക്കുമേൽ അധീശത്വത്തിനുള്ള പദ്ധതികൾക്കും ആക്രമണങ്ങൾക്കുമുള്ള ചവിട്ടുപടിയായി സിയോണിസ്റ്റ് ഇസ്രയേൽ രാജ്യത്തെ ഉപയോഗിക്കുന്ന അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഈ അധീശത്വമാണ്, മേഖലയിൽ പുതിയ പ്രശ്‌നങ്ങൾക്കുള്ള വിത്തു വിതച്ചത്. ഇപ്പോഴത്തെ സായുധസംഘർഷങ്ങളുടെയും തുടക്കം ഈ നീക്കത്തിൽനിന്ന് തന്നെയാണ്. ഈ സംഘർഷത്തിൽ കുട്ടികളടക്കം 200ൽ അധികം പലസ്തീൻകാർ കൊല്ലപ്പെട്ടുവെന്നും, 1440 പേർക്ക് ഗുരുതര പരിക്കേറ്റുവെന്നുമാണ് ഔദ്യോ ഗികകണക്ക്. 11 ദിവസം നീണ്ട വ്യോമാക്രമണങ്ങൾക്കും ഗാസയിൽനിന്നുള്ള റോക്കറ്റാക്രമണങ്ങൾക്കുംശേഷം, മേയ് 20ന് ഇസ്രയേലിന്റെ മധ്യസ്ഥതയിൽ ഇസ്രയേലും, ഇസ്രയേലിന്റെ യുദ്ധഭീഷണികളോടുള്ള പലസ്തീന്റെ ചെറുത്തുനിൽപ്പിന്റെ മുന്നണിയിൽ ഇപ്പോഴുള്ള സംഘടനയായ ഹമാസും തമ്മിൽ വെടിനിർത്തലിന് ധാരണയായി. പക്ഷേ, യഥാർത്ഥത്തിലുള്ള സാഹചര്യത്തിനനുസരിച്ചാകും ഈ വെടിനിർത്തലിന്റെ ഭാവി എന്ന് രണ്ടു പക്ഷവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യഥാർത്ഥ പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ലെങ്കിൽ ഒട്ടും ആയുസ്സില്ലാത്ത ഒരു യുദ്ധവിരാമം മാത്രമായിരിക്കും ഇതെന്നത് വ്യക്തമാണ്.

ഒരു തിരിഞ്ഞുനോട്ടം

ഇപ്പോഴത്തെ ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിന്റെ സാഹചര്യത്തെക്കുറിച്ച് വിശദമായ വിശകലനത്തിലേക്ക് കടക്കുന്നതിനു മുമ്പായി, ഈ പ്രശ്‌നത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ചെറുതായി പറയേണ്ടതുണ്ട്.
ജൂതർക്കെതിരെയുള്ള വംശഹത്യകളുടെ പരമ്പരകൾക്കുശേഷം, 19-ാം നൂറ്റാണ്ടിന്റെ അവസാനകാലത്ത്, ജൂതസമൂഹത്തിനായി മാത്രമായൊരു രാഷ്ട്രം സ്ഥാപിക്കുവാനുള്ള മുന്നേറ്റം റഷ്യയിൽ ആരംഭിച്ച്, പിന്നീട് ബ്രിട്ടണടക്കം യൂറോപ്പിന്റെ മറ്റുഭാഗങ്ങളിലേക്ക് വ്യാപിച്ചു. അക്കാലത്ത് ജൂതരായ ആളുകൾ ലോകമെമ്പാടും ചിതറിക്കിടക്കുകയായിരുന്നു. അവർ യൂറോപ്പിന്റെ കിഴക്കൻ ഭാഗത്തായാണ് കൂടുതലും കേന്ദ്രീകരിച്ചിരുന്നത്, മറ്റു ഭാഗങ്ങളിൽ താരതമ്യേന കുറവുമായിരുന്നു. ജൂതരൊഴികെ, ലോകത്തെ എല്ലാ സമുദായങ്ങൾക്കും സ്വന്തമായി ഒരു രാഷ്ട്രമുണ്ട്, അതിനാലാണ് ലോകമെങ്ങും ജൂതരോട് വിവേചനം കാണിക്കുന്നതും അവർക്ക് ക്രൂരപരിവേഷം ചാർത്തുന്നതും എന്നതായിരുന്നു അവരുടെ ന്യായം. തങ്ങൾക്കും സ്വന്തമായി ഒരു രാഷ്ട്രമുണ്ടാവുകയാണെങ്കിൽ, അത് തങ്ങളുടെ സ്ഥാനം ഉറപ്പിക്കുമെന്നും, ലോകത്തിന്റെ ആദരം പിടിച്ചുപറ്റാൻ സഹായിക്കുമെന്നുമുള്ള ചിന്ത അവരെ സ്വാധീനിച്ചു. ഇതാണ് സിയോണിസം ഉദയം ചെയ്യാനുള്ള അരങ്ങൊരുക്കിയത്. 1896ൽ തിയഡോർ ഹെർസൽ എന്നയാളാണ് ഒരു ലോകവ്യാപക പ്രസ്ഥാനമെന്ന നിലയിൽ സിയോണിസത്തിന് തുടക്കം കുറിച്ചത്. എറെറ്റ്‌സ് ഇസ്രായേൽ അഥവാ സിയോൺ എന്ന് ജൂതർ വിളിക്കുന്ന ജറുസലേമിലേക്കും ഇസ്രായേൽ ദേശത്തേക്കും അവരെ തിരിച്ച് കൊണ്ടുപോവുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. അങ്ങനെ, 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ കിഴക്കൻ യൂറോപ്പിൽ ജൂതർക്കെതിരേയുണ്ടായ ഹിംസാത്മകമായ വേട്ടയാടലിനും, പടിഞ്ഞാറൻ യൂറോപ്പിലെ യഹൂദവിരോധത്തോടുമുള്ള പ്രതികരണമായാണ്, ആധുനിക സിയോണിസം ഉയർന്നുവന്നത്. അതിന്റെ ഉദയത്തിന്റെ ഗതിയിൽ, നഷ്ടപ്പെട്ട മാതൃദേശത്തോടുള്ള പ്രാചീന ജൂതചരിത്രത്തിലും ബൈബിളിലുമുള്ള ബന്ധത്തെ, ഇസ്രായേൽ ദേശത്ത് ഒരു ആധുനിക ജൂതരാഷ്ട്രം സ്ഥാപിക്കുവാനുള്ള വീക്ഷണത്തോട് അതിതീവ്ര ദേശീയവാദത്തോടുകൂടി ആധുനിക സിയോണിസം ഉരുക്കിച്ചേർത്തു.


ഇത് എവിടെയാണ് സൃഷ്ടിക്കേണ്ടിയിരുന്നത്? ഇത് സൃഷ്ടിക്കേണ്ടിയിരുന്നത് പലസ്തീൻ പ്രദേശത്തിന്റെ നടുവിൽ, അവിടുത്തെ യഥാർത്ഥനിവാസികളായ പലസ്തീൻകാരെ തള്ളിപ്പുറത്താക്കിക്കൊണ്ടായിരുന്നു. അങ്ങനെയാണ്, 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ മൗനാനുവാദത്തോടെയും സഹായത്തോടെയും പലസ്തീനിലേക്കുള്ള ജൂതകുടിയേറ്റത്തിന്റെ ഒഴുക്ക് ആരംഭിച്ചത്. അക്കാലത്ത് പലസ്തീൻ ബ്രിട്ടീഷ് സംരക്ഷകഭരണത്തിലായിരുന്നു. ഈ കുടിയേറിപ്പാർപ്പിനൊപ്പം തന്നെ, അറബ് പലസ്തീൻകാരും ജൂതകുടിയേറ്റക്കാരും തമ്മിലുള്ള ഉരസലുകളും ആരംഭിച്ചു. ജർമനിയിലും നാസി ഭരണത്തിലായിരുന്ന മറ്റു രാജ്യങ്ങളിലും നടന്ന വംശഹത്യകളെ തുടർന്ന് പലസ്തീനിലേക്കുള്ള ജൂതവംശജരുടെ പലായനം പലമടങ്ങു വർധിച്ചു. ഇസ്രയേൽ രൂപീകരിക്കുവാനുള്ള ആവശ്യത്തിന് പിന്തുണയേറിവന്നു. ജൂത-അറബ് വംശജർ ഒരുമിച്ചുജീവിക്കുന്ന ഏകരാഷ്ട്രം ആഗ്രഹിച്ച് അറബ് പലസ്തീനിയൻകാർ, വിഭജനത്തെയും ഇരട്ട ദേശരാഷ്ട്രത്തെയും എതിർത്തു. രണ്ടായാലും അവരുടെ മാതൃരാജ്യം അവർക്ക് നഷ്ടമാകും. പക്ഷേ അവരുടെ ആവശ്യം സ്വീകരിക്കപ്പെട്ടില്ല. ജൂതകുടിയേറ്റക്കാർ ന്യൂനപക്ഷമായിരുന്ന, പലസ്തീനിയൻ ജനതയുടെ മണ്ണിൽ സിയോണിസ്റ്റ് രാഷ്ട്രമായി ഇസ്രയേൽ പ്രഖ്യാപിക്കപ്പെടുന്നതു കൊണ്ട് അവിടുത്തെ സാധാരണജനങ്ങളുടെ ആശയാഭിലാഷങ്ങൾ വഞ്ചിക്കപ്പെടുകയാണ്. രണ്ടാം ലോകമഹായുദ്ധത്തിന്റെ അന്ത്യത്തിൽ, ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളും എതിർത്തിട്ടും, ബ്രിട്ടീഷ്-അമേരിക്കൻ സാമ്രാജ്യത്വങ്ങളുടെ മൗനാനുവാദത്തോടെ, അങ്ങേയറ്റം നിയമവിരുദ്ധമായും അനീതിയോടെയും വഞ്ചനാപൂർവ്വം പലസ്തീനിൽനിന്നും ഇസ്രയേൽ അടർത്തിമാറ്റപ്പെട്ടു. 1948-ൽ അന്നത്തെ പലസ്തീനിലെ ജനസംഖ്യയുടെ 33% ഉണ്ടായിരുന്ന ജൂതർക്ക് പക്ഷേ ആകെ ഭൂമിയുടെ 7% മാത്രമേ സ്വന്തമായുണ്ടായിരുന്നുള്ളൂ. അന്നുതുടങ്ങി പലസ്തീനിന്റെ ചെലവിൽ ഇസ്രയേൽ തങ്ങളുടെ ഭൂവിസ്തൃതി വർധിപ്പിക്കുകയാണ്. ഇതാകട്ടെ, അമേരിക്കൻ സാമ്രാജ്യത്വ പിന്തുണയോടെ കടുത്ത ബലം പ്രയോഗിച്ചുകൊണ്ടും. ഇന്നത്, പലസ്തീൻ എന്തായിരുന്നോ അതൊക്കെ ഇസ്രയേലും, പലസ്തീൻ എന്നത് ഗാസ, വെസ്റ്റ് ബാങ്ക് എന്നീ മേഖലകളായും ചുരുങ്ങിയിരിക്കുന്നു. ചുരുക്കത്തിൽ, ഇതാണ് ഇസ്രയേൽ രൂപീകരണത്തിന്റെ നിഷ്ഠുരമായ ചരിത്രം.
ഇനി ഹമാസിന്റെ (ഇസ്ലാമിക പ്രതിരോധ പ്രസ്ഥാനമെന്ന് അർത്ഥം) ജനനത്തെ കുറിച്ച്. കരുത്തരായ ഈജിപ്തിനെ തോൽപ്പിച്ചുകൊണ്ട് ഗാസ പ്രദേശത്തിന്റെ നിയന്ത്രണം കൈക്കലാക്കിയ ശേഷം ഇസ്രയേലി ഭരണാധികാരികൾ ആദ്യംതന്നെ ചെയ്തത്, പലസ്തീൻ അറബുകൾക്കായി ശബ്ദമുയർത്തിയിരുന്ന, യാസർ അറഫാത്ത് നേതൃത്വം നൽകിയിരുന്ന, മതേതരമായ പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനെ ഒതുക്കുക എന്നതായിരുന്നു. പലസ്തീൻ അറബുകൾ അങ്ങേയറ്റം ദുരിതവും അനിശ്ചിതാവസ്ഥയും നിറഞ്ഞ ദയനീയ ജീവിതത്തിലേക്ക് വലിച്ചെറിയപ്പെട്ടു. സ്വാതന്ത്ര്യത്തോടെയും അഭിമാനത്തോടെയും നിലനിൽക്കുവാനുള്ള അവരുടെ പ്രക്ഷുബ്ധമായ ശ്രമങ്ങളുടെ ഭാഗമായി പിഎൽഒയുടെ നേതൃത്വത്തിൽ അവർ അവസാനം സംഘടിതമായ ചെറുത്തുനിൽപ്പു തുടങ്ങി. അവരുടെ ചെറുത്തുനിൽപ്പിന്റെ യുദ്ധമായി ആരംഭിച്ചത് ഏറെത്താമസിയാതെ, തങ്ങളുടെ സ്വതന്ത്ര മാതൃരാജ്യമായ പലസ്തീൻ രാഷ്ട്രത്തിനായും, അവിടേക്ക് മടങ്ങിവരാനുള്ള അറബ് വംശജരുടെ അവകാശത്തിനായുമുള്ള പോരാട്ടമായിമാറി. വളരെ ധീരമായി അവർ പൊരുതുകയും ചെയ്തു. പിഎൽഒയെ തകർക്കുക, അല്ലെങ്കിൽ പൊരുതുന്ന പലസ്തീൻകാരുടെ ഐക്യത്തിൽ വിള്ളൽ വീഴ്ത്തുകയെന്നത് ഇസ്രയേലി ഭരണാധികാരികളുടെ അടിയന്തരാവശ്യമായി മാറി. അതുകൊണ്ട്, പിഎൽഓക്കെതിരായി വിവിധ ഇസ്ലാമിക ഗ്രൂപ്പുകളെ അവർ ഇളക്കിവിടാൻ തുടങ്ങി. ഗാസയിലെ മുസ്ലീം ബ്രദർഹുഡിന്റെ അന്നത്തെ നേതാവായിരുന്നു ഷെയ്ഖ് അഹമ്മദ് യസീൻ. ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം ഇസ്രയേലി ഭരണാധികാരികൾ അദ്ദേഹത്തിനു നൽകി. ഈ അവസരം ഉപയോഗിച്ചുകൊണ്ട്, മുസാമ അൽ ഇസ്ലാമിയ എന്ന ഒരു കടുത്ത ഇസ്ലാമിക സംഘടനക്ക് യസീൻ രൂപം നൽകി. മുസാമയെ ഒരു ക്ഷേമകാര്യ സംഘടനയായി വിശേഷിപ്പിച്ചുകൊണ്ട്, അവരെ ഉപയോഗപ്പെടുത്തി ഇടതുപക്ഷ-മതേതര ശക്തികളെ അടിച്ചമർത്താനാണ് ഇസ്രയേൽ ശ്രമിച്ചത്. ഏതാനും വർഷം കൊണ്ടുതന്നെ, പിഎൽഒയെയും അവരുടെ സ്വാധീനശക്തിയായ സംഘടന-ഫത്തയെയും ഒതുക്കാൻ മുസാമയ്ക്കായി. ഇസ്രയേലി അധികാരികൾ നിർല്ലോഭം മുസാമക്ക് പണം നൽകി. പക്ഷേ, ഒരു ദശകത്തിനുശേഷം ഇസ്രയേൽ അറിയുന്നത് ഷേഖ് യസീന്റെ അനുയായികൾ ഗാസയിൽ ആയുധങ്ങൾ സംഭരിക്കുന്നു എന്നതാണ്. പക്ഷേ ഈ ആയുധങ്ങൾ മതേതരശക്തികൾക്കെതിരേ ഉപയോഗിക്കുവാനാണെന്നാണ് കൗശലക്കാരനായ യസീൻ ഇസ്രയേലിനെ ബോധ്യപ്പെടുത്തിയത്. 1987-ൽ, ഒരു ഇസ്രയേൽ പൗരൻ ഓടിച്ച കാർ ഏതാനും പലസ്തീൻ പൗരന്മാരെ ഇടിച്ചിട്ട സംഭവത്തെ കേന്ദ്രമാക്കി ഒരു പൊട്ടിത്തെറി പലസ്തീനിൽ ഉണ്ടായി. ഇസ്രയേൽ അധീനതയിലുള്ള വെസ്റ്റ് ബാങ്കിലും ഗാസയിലും ഉടനീളം പ്രതിഷേധം പടർന്നു. യസീൻ ഈ പ്രതിഷേധങ്ങളെ നയിക്കുകയും മുസ്ലീം ബ്രദർഹുഡിന്റെ പിന്തുണ നേടുകയും ചെയ്തു. ഈ പൊട്ടിത്തെറിയിൽനിന്നാണ് ഹമാസ് പിറന്നുവീണത്. ഒരർത്ഥത്തിൽ ഹമാസ് ഇസ്രയേലിനൊരു ഫ്രാൻകൻസ്റ്റൈനായി മാറുകയായിരുന്നു.

ഇപ്പോഴത്തെ പ്രതിസന്ധിക്ക് തിരികൊളുത്തിയ
മൂന്നു നടപടികൾ

ലോകമെമ്പാടുമുള്ള സമാധാനകാംക്ഷികളായ ജനങ്ങൾ ഇപ്പോഴത്തെ സംഭവവികാസങ്ങളിൽ വേദനിക്കുന്നു. വലിയ വിഭാഗം മാധ്യമങ്ങളും അവരുടെ എഴുത്തുകാരും നിഷ്പക്ഷരായി നടിക്കുന്നതു കൊണ്ട്, ആരാണ് അക്രമത്തിന് തുടക്കമിട്ടതെന്ന് അവരിൽ പലരും സംശയിക്കുകയാണ്. തങ്ങളല്ല അക്രമം ആരംഭിച്ചത്, ഹമാസാണ് ഇസ്രയേലിനു മേൽ റോക്കറ്റുകൾ വർഷിച്ചതെന്ന ഇസ്രയേൽ പ്രധാനമന്ത്രിയുടെയും സൈനികനേതാക്കളുടെയും ഭാഗം അവർ റിപ്പോർട്ടു ചെയ്യുന്നു. ഇസ്രയേൽ സൈന്യം തിരിച്ചടിച്ചതാണത്രെ. പക്ഷേ വസ്തുതകൾ പറയുന്നത് മറ്റൊന്നാണ്.


ഏപ്രിലിൽ, മുസ്ലിം വിശുദ്ധമാസമായ റമദാന്റെ ആരംഭത്തിൽ, ജറുസലേമിൽ മതിലുകളുള്ള പഴയ നഗരത്തിലേക്കുള്ള പുരാതന പ്രവേശന കവാടങ്ങളിലൊന്നായ ഡമാസ്‌കസ് ഗേറ്റിലേക്കുള്ള വിശാലമായ പടികൾ ഇസ്രായേൽ പോലീസ് മേധാവി വേലി കെട്ടിയടച്ചു. റമദാൻ മാസത്തിൽ, കുടുംബങ്ങൾക്ക് സായാഹ്ന ഇഫ്താർ ഭക്ഷണം ആഘോഷിക്കുന്നതിനുള്ള പ്രിയപ്പെട്ട സ്ഥലമാണ് ഈ പടികൾ. ”സുരക്ഷാ കാരണങ്ങൾ” ആരോപിച്ച് അവ അടച്ചുപൂട്ടുന്നതിന് യാതൊരു യുക്തിയുമില്ല. പലസ്തീനിയൻ മുസ്ലീങ്ങളെ, പ്രത്യേകിച്ചും വൈകാരികമായ ഒരു മുഹൂർത്തത്തിൽ അവഹേളിക്കുക മാത്രമായിരുന്നു ഇതിന്റെ വ്യക്തമായ ഉദ്ദേശ്യം. സ്വാഭാവികമായും പലസ്തീനിയൻ മുസ്ലീങ്ങളെ ഈ പ്രകോപനം രോഷാകുലരാക്കി. അതുകൊണ്ട്, തീവ്രമായ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെടുകയും, അത് പലസ്തീൻകാരും ഇസ്രയേൽ പൊലീസും തമ്മിലുള്ള സംഘർഷങ്ങളിലേക്ക് നയിക്കുകയും ചെയ്തു. തത്ഫലമായി പൊലീസ് ഈ നിയന്ത്രണങ്ങൾ നീക്കി. പക്ഷേ, അപ്പോഴേക്കും മറ്റ് പ്രക്രിയകൾ ആരംഭിച്ചിരുന്നു. നൂറുകണക്കിനു പേർക്ക് പരിക്കേറ്റു. റോക്കറ്റുകൾ തൊടുത്തുവിട്ടു തുടങ്ങി.
ഇതു കൂടാതെ ഇസ്രയേൽ സർക്കാരിന്റെ ഭാഗത്തുനിന്നും മറ്റൊരു വഞ്ചനാപരമായ നീക്കമുണ്ടായി. നഗരത്തിന്റെ കിഴക്കൻ ഭാഗത്ത് ഗണ്യമായ സംഖ്യ പലസ്തീൻകാരുണ്ടെന്നത് അവഗണിച്ചുകൊണ്ട്, ജറുസലേമിനെ പലസ്തീന്റെ പ്രധാനഭാഗങ്ങളുമായി വേർതിരിച്ചുകൊണ്ട് ഇസ്രയേൽ മതിൽ പണിയുകയുണ്ടായി. ഉദ്ദേശ്യം വളരെ വ്യക്തമാണ്. ജൂത ഭവനങ്ങൾകൊണ്ട് നിറച്ചുകൊണ്ട്, മുഴുവൻ നഗരത്തിനും മേലുള്ള ഇസ്രയേൽ അവകാശവാദത്തിനു കരുത്തു പകരുവാനും പലസ്തീൻകാരെ ശ്വാസം മുട്ടിച്ച് പുറത്താക്കാനുമാ യിരുന്നു അതിന്റെ ലക്ഷ്യം. ഇന്നവിടെ താമസിക്കുന്ന പലസ്തീൻകാർ പൗരന്മാരല്ല, വെറും താമസക്കാർ മാത്രമാണ്. ആരോഗ്യപരിപാലനവും സാമൂഹ്യസുരക്ഷയും അവർക്ക് പ്രാപ്യമാണ്.പക്ഷേ, ജൂതവംശജരുടെ അതേ അവകാശങ്ങളില്ല.
കിഴക്കൻ ജറുസലേമിലെ ഷെയ്ഖ് ജറാ പ്രദേശത്തുനിന്ന് പലസ്തീൻ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ, ഇസ്രായേലിന്റെ സുപ്രീം കോടതി ഒരു വിധി പുനഃപരിശോധിക്കാൻ തുടങ്ങി എന്ന വസ്തുതയാണ് ജറുസലേമിൽ പിരിമുറുക്കങ്ങൾ വർദ്ധിപ്പിച്ചത്. ഇസ്രയേൽ രാഷ്ട്രം നിലവിൽ വരുന്നതിനുമുമ്പ്, 1948ൽ ജറുസലേമിന്റെ കിഴക്കൻ ഭാഗം ജോർദ്ദാന്റെ കൈവശമായിരുന്നതിനുമുമ്പ്, ഇപ്പോൾ അവരുടെ വീടുകൾ ഇരിക്കുന്ന ഭൂമി ജൂതരുടെ ഉടമസ്ഥതയിലായിരുന്നു. 1948-ലെ യുദ്ധത്തിൽ (ഇസ്രയേലും പലസ്തിൻകാരും തമ്മിലുള്ള സംഘർഷം 1948-ൽ തുടങ്ങി) അഭയാർത്ഥികളായ പലസ്തീൻകാരെ 1950-കളിൽ ജോർദ്ദാൻ സർക്കാർ അവിടെയാണ് പുനരധിവസിപ്പിച്ചത്. അന്നു തൊട്ട് അവർ അവിടെ താമസിക്കുകയും ചെയ്യുന്നു. പക്ഷേ, തീവ്രവലതുപക്ഷ സംഘങ്ങളിൽ പെട്ട ഇസ്രയേലി കുടിയേറ്റക്കാർ ഈ സ്ഥലം പലസ്തീൻകാരിൽനിന്നും തിരിച്ചുപിടിക്കാനായി ശ്രമിക്കുകയും, കോടതികൾ ക്രൂരമായി അവർക്കൊപ്പം നിൽക്കുകയും ചെയ്യുന്നു.
കിഴക്കൻ ജറുസലേമിലെ വസ്തുവകകളുടെ യഥാർത്ഥ ഉടമസ്ഥരുടെ അനന്തരാവകാശികൾക്ക് അവ തിരിച്ചുപിടിക്കുവാനുള്ള അനുവാദം ഇസ്രയേലി നിയമം നൽകുന്നുണ്ടെന്ന വസ്തുത ശ്രദ്ധിക്കേണ്ടതുണ്ട്. പക്ഷേ, ഇസ്രയേലിന്റെ കൈവശമുള്ള പടിഞ്ഞാറൻ ജറുസലേമിലാകട്ടെ, മൂന്നിലൊന്നു ഭൂമിയും 1948നുമുമ്പ് അവിടെ താമസിക്കുകയും പിന്നീട് കുടിയൊഴിപ്പിക്ക പ്പെടുകയും ചെയ്ത പലസ്തീനിയൻ കുടുംബങ്ങളുടേതായിരുന്നു. പക്ഷേ ഇസ്രയേൽ നിയമമനുസരിച്ച്, പടിഞ്ഞാറൻ ജറുസലേമെന്നല്ല, ഇസ്രയേലിലെവിടെയുമുള്ള തങ്ങളുടെ നഷ്ടപ്പെട്ട ഭവനങ്ങൾ തിരിച്ചുപിടിക്കാമെന്ന ആശ പോലും പലസ്തീൻകാർക്കില്ല. നഗരത്തിലെ പലസ്തീൻകാരായ താമസക്കാർ എപ്പോഴും പ്രതിഷേധത്തിന് തയ്യാറാകുന്നതിൽ അത്ഭുതമൊന്നുമില്ല. അതേ സമയം, കുടിയേറ്റക്കാരും അതിതീവ്രവലതുപക്ഷക്കാരുമായ ഇസ്രയേലി ജൂതസംഘങ്ങള്‍ ഷേഖ് ജറായിൽ വന്നിറങ്ങുകയും, പലസ്തീൻകാരായ നിവാസികളെ ഭയപ്പെടുത്തുന്നതിനായി ‘അറബുകൾക്കു മരണം’ എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് നഗരത്തിലൂടെ മാർച്ച് ചെയ്യുകയും ചെയ്തു. ഓരോ രാത്രി പിന്നിടുന്തോറും പ്രദേശം യുദ്ധക്കളമായി മാറി. പൊലീസാകട്ടെ, കുടിയേറ്റക്കാർക്ക് ഒപ്പം നിൽക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്തുകൊണ്ട് പലസ്തീൻകാരായ പ്രതിഷേധക്കാരെ ക്രൂരമായി കൈകാര്യം ചെയ്തു. അങ്ങനെ ഹിംസാത്മകമായ അടിച്ചമർത്തൽ ഷേഖ് ജറാ പ്രശ്‌നത്തെ ഇസ്രയേലിലും വെസ്റ്റ് ബാങ്കിലും ഗാസയിലുമുള്ള പലസ്തീൻകാർക്കും, പലസ്തീന് പുറത്തുള്ള അറബ് ലോകത്തിനും വേണ്ടിയുള്ള പോർവിളിയായി മാറ്റി.


ഇസ്രയേലി ഭരണാധികാരികളുടെ വെറിയുടെ അങ്ങേയറ്റമായിരുന്നു പതിനായിരക്കണക്കിന് വിശ്വാസികൾ അൽ അക്‌സ മസ്ജിദിൽ എത്തുന്ന റമദാന്റെ അവസാന നാളുകളിൽ ഹറം അൽ ഷരീഫിൽ കണ്ടത്. നൂറു കോടിയിലധികം മുസ്ലീങ്ങൾ വിശുദ്ധമായി കാണുന്നതും, ഇസ്ലാമിൽ ഏറ്റവും പ്രാധാന്യമുള്ള പുണ്യ സ്ഥലങ്ങളിൽ മൂന്നാമത്തേതുമായ ഇടമാണിത്. ജൂതവംശജരും ആദരിക്കുന്ന ഇടം. പലസ്തീൻ രാഷ്ട്രത്തിന് അനുകൂലമായ ചില മുദ്രാവാക്യങ്ങൾ ഇവിടെ ഉയരുകയും, ആവേശഭരിതനായ ആരോ കൊടി വീശുകയും ചെയ്തു. ഇതിനു മറുപടിയായി, അൽ അക്‌സ മസ്ജിദിൽ നിഷ്ഠുരമായ പൊലീസ് നടപടിയുണ്ടായി. ഇതാകട്ടെ, ഉടനടിയുള്ള തിരിച്ചടിക്ക് തിരികൊളുത്തുകയും ചെയ്തു. ചില പലസ്തീൻകാർ പൊലീസിനുനേരേ കല്ലെറിഞ്ഞപ്പോൾ, അസാധാരണമായ ക്രൂരതയോടെയാണ് പൊലീസ് തിരിച്ചടിച്ചത്. യഥാർത്ഥത്തിൽ അത്തരത്തിലൊരു തിരിച്ചടിക്കലിനായി ഇസ്രയേലി ഭരണാധികാരികൾ കാത്തിരിക്കുകയായിരുന്നു. എങ്കിൽ അതുമറയാക്കിക്കൊണ്ട് നിർദ്ദയമായ ആക്രമണങ്ങൾക്ക് അവർക്ക് തുടക്കം കുറിക്കാം. നൂറുകണക്കിന് പലസ്തീൻകാർക്ക് മുറിവേറ്റു. റമദാൻ മാസത്തിൽ മസ്ജിദിനുള്ളിലുള്ള വിശ്വാസികൾക്കുനേരേ സ്റ്റൺ ഗ്രനേഡുകളും കണ്ണീർവാതകവും പ്രയോഗിക്കാൻ പൊലീസുകാരെ അയക്കണമെങ്കിൽ അസാധാരണമായ ക്രൂരതയും പ്രകോപനവും ഉണ്ടാകേണ്ടതുണ്ട്. മാത്രവുമല്ല, 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, സംഘർഷത്തിന്റെ ആരംഭംതൊട്ടുതന്നെ, ഹറാം അൽ ഷരീഫിനെ നശിപ്പിച്ച് അവിടെ ജൂതർക്ക് തങ്ങളുടെ ദേവാലയം പുനർനിർമിക്കണമെന്ന ആത്യന്തികലക്ഷ്യം പേറുന്നവയായിട്ടാണ് സിയോണിസ്റ്റ് നടപടികളെ പലസ്തീൻകാരായ മുസ്ലീമുകൾ കാണുന്നത്. മിക്ക പലസ്തീൻകാരെ സംബന്ധിച്ചിടത്തോളവും ഇസ്രയേൽ പൊലീസ് ഈ തോന്നലിന് അടിവരയിടുന്നത് ഇതാദ്യമായല്ല.
അപ്പോൾ ഭൂരിഭാഗം മാധ്യമറിപ്പോർട്ടുകൾക്കും വിരുദ്ധമായി, മതിയായ പ്രകോപനമുണ്ടാക്കി യതും, മേഖലയെ ആളിക്കത്തിക്കുന്നതരത്തിൽ സായുധ കടന്നാക്രമണങ്ങൾ നടത്തിയതും ഇസ്രയേൽ ഭരണാധികാരികളാണെന്നത് വ്യക്തമാണ്. അതുകൊണ്ട്, ഇസ്രയേലിന്റെ ആക്രമണം നിരുപാധികമായി ഉടനടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഏവരും അതിനെ അസന്ദിഗ്ദ്ധമായി അപലപിക്കേണ്ടതുണ്ട്.

അസ്വസ്ഥമാക്കുന്ന മറ്റ് സംഭവവികാസങ്ങൾ

കൂടാതെ, ഇസ്രയേൽ ഭരണകൂടം മനുഷ്യാവകാശങ്ങളെ നഗ്നമായി ലംഘിക്കുന്നതിന് മറ്റുചില തെളിവുകൾകൂടിയുണ്ട്. ‘ഇസ്രയേൽ അധികാരികളുടെ വർണ്ണവിവേചനത്തിന്റെയും വേട്ടയാടലിന്റെയും അതിരു കടന്ന കുറ്റകൃത്യങ്ങൾ’ എന്ന, 213 പേജുള്ള റിപ്പോർട്ട്, 2021 മേയ് 9ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് പുറത്തുവിട്ടു. ഇസ്രയേലിലും അവർ കൈവശം വെച്ചിരിക്കുന്ന മറ്റ് പ്രദേശങ്ങളിലും പലസ്തീൻകാർക്കുനേരേയുള്ള ഇസ്രയേലിന്റെ പെരുമാറ്റത്തെ ഈ റിപ്പോര്‍ട്ട് പരിശോധിക്കുന്നു. ജോർദ്ദാൻ നദിക്കും മെഡിറ്ററേനിയൻ കടലിനുമിടയിൽ, ഏറെക്കുറെ ഒരേ ജനസംഖ്യയുള്ള രണ്ട് വിഭാഗങ്ങൾ പാർക്കുന്ന പ്രദേശത്തെ ഭരിക്കുന്ന ഏക അധികാരകേന്ദ്രമാണ് ഇസ്രയേൽ സർക്കാരെന്നും, അവർ കൃത്യമായ രീതിശാസ്ത്രത്തോടെ ജൂതരായ ഇസ്രയേലുകാർക്ക് ആനുകൂല്യങ്ങൾ നൽകുകയും, അതേസമയംതന്നെ പലസ്തീൻകാരെ അടിച്ചമർത്തുകയും ചെയ്യുന്നുവെന്നും അതിൽ ചൂണ്ടിക്കാട്ടുന്നു. അതു തന്നെ ഇസ്രയേൽ കൈയേറിയിരിക്കുന്ന ഭൂമിയിൽ കൂടുതൽ രൂക്ഷമായി ചെയ്യുന്നു. പലസ്തീൻകാരെ പോലെ ഒരു പ്രത്യേക സമൂഹത്തിന്റെ മൗലികാവകാശങ്ങൾ വിവേചനപരമായ ഉദ്ദേശ്യത്തോടെ കടുത്ത രീതിയിൽ നിഷേധിക്കുന്നത്, അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള ചട്ടങ്ങളും അന്താരാഷ്ട്രനിയമങ്ങളും അനുസരിച്ച്, വേട്ടയാടലും വർണ്ണവിവേചനവും എന്ന തരത്തിൽപ്പെട്ട, മനുഷ്യരാശിക്കെതിരേയുള്ള കുറ്റമാകുന്നു എന്ന് ഈ റിപ്പോർട്ട് സമർത്ഥിക്കുന്നു.
തങ്ങളുടെ നീചമായ നയത്തിന്റെ ഭാഗമായി, ഇസ്രയേൽ അധികാരികൾ ജൂതസമൂഹങ്ങൾക്ക് ലഭ്യമായ ഭൂമി വർധിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. അതാകട്ടെ, അന്താരാഷ്ട്ര നിയമങ്ങൾക്കു വിരുദ്ധമായി കയ്യേറിയ പ്രദേശങ്ങളിലടക്കം ഭൂമി പിടിച്ചെടുത്ത്, പാർപ്പിടങ്ങൾ നിർമ്മിച്ചുകൊണ്ടാണ് ചെയ്യുന്നത്. കൂടാതെ, കഠിനമായ പെർമിറ്റ് വ്യവസ്ഥകളിലൂടെ പലസ്തീൻകാരുടെ യാത്രകൾ തടഞ്ഞുകൊണ്ടും. വീടുകൾ വിട്ടുപോകുവാൻ ആയിരക്കണക്കിന് പലസ്തീൻകാരെ സമ്മർദ്ദത്തിലാക്കുന്ന തരത്തിൽ, നിർദ്ദയമായ സാഹചര്യങ്ങളിൽ ചില കേന്ദ്രങ്ങളിൽ തിങ്ങിഞെരുങ്ങി പാർക്കാൻ അവരെ നിർബന്ധിതരാക്കുകയാണ്. അതേസമയംതന്നെ ഇസ്രയേലിലെ ജൂതരാകട്ടെ, അതേ പ്രദേശത്തുതന്നെ, ഇസ്രയേലിന്റെ സിവിൽ നിയമങ്ങൾ പ്രകാരം തങ്ങളുടെ മുഴുവൻ അവകാശങ്ങളും ആസ്വദിച്ചുകൊണ്ട് ജീവിക്കുന്നു. പലസ്തീൻകാർക്കുള്ള കെട്ടിട പെർമിറ്റുകൾ നിഷേധിക്കപ്പെടുന്നു; പെർമിറ്റില്ല എന്ന കാരണം പറഞ്ഞ് ആയിരക്കണക്കിന് വീടുകൾ ഇടിച്ചുനിരത്തപ്പെടുന്നു. ലക്ഷക്കണക്കിന് പലസ്തീൻകാർക്കും അവരുടെ ബന്ധുക്കൾക്കും താമസക്കാർക്കുള്ള അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു. കയ്യേറ്റപ്രദേശങ്ങളിൽ ജനസംഖ്യാ രജിസ്ട്രി തന്നെ മരവിപ്പിച്ചിരിക്കുകയാണ്. അതിനാൽ കുടുംബങ്ങളുടെ ഒത്തുചേരൽ തന്നെ തടസ്സപ്പെടുന്നു. ഗാസ നിവാസികൾ വെസ്റ്റ്ബാങ്കിൽ ജീവിക്കുന്നത് വിലക്കിയിരിക്കുന്നു. പലസ്തീൻകാരായ ഇസ്രയേൽ പൗരന്മാർക്കെതിരെയും വിവേചനമുണ്ട്. പലസ്തീൻകാരെ ഒഴിവാക്കുന്നതിന് ജൂതരുടെ നൂറുകണക്കിന് ചെറുപട്ടണങ്ങളെ അനുവദിക്കുന്ന നിയമങ്ങളുണ്ട്. ജൂതരായ ഇസ്രയേലി കുട്ടികളുടെ സ്‌ക്കൂളുകളുമായി താരതമ്യം ചെയ്യുമ്പോൾ പലസ്തീൻകാരുടെ സ്‌ക്കൂളുകൾക്ക് വളരെ തുച്ഛമായ നീക്കിയിരുപ്പ് മാത്രമേ ബജറ്റുകളിൽ ഉണ്ടാവുകയുള്ളൂ. ജറുസലേമിൽ തന്നെ, മുനിസിപ്പാലിറ്റിയുടെ സഹായത്തോടെ സർക്കാർ ആസൂത്രണം ചെയ്യുന്നത്, നഗരത്തിൽ ഉറച്ച ഒരു ജൂതഭൂരിപക്ഷം നിലനിർത്താനാണ്. 1967ൽ ഇസ്രയേൽ കയ്യേറിയ നഗരത്തിന്റെ കിഴക്കൻ ഭാഗത്ത് പലസ്തീൻകാരാണ് ഭൂരിപക്ഷമെന്നതും, 1993ലെ ഓസ്ലോ ഉടമ്പടി പ്രകാരം നഗരത്തിന്റെ പദവിയെന്തെന്നത് ഇസ്രയേലും പലസ്തീനും തമ്മിലുണ്ടാക്കേണ്ട ഒരു സ്ഥിരം സമാധാന ഉടമ്പടിയിലൂടെ തീർപ്പാക്കേണ്ടതാണെന്നുമുള്ള വസ്തുതകളെ മറച്ചുകൊണ്ടാണ് ഇത്തരം നടപടികൾ. ഇസ്രയേലിലും അവർ കൈവശം വെച്ചിരിക്കുന്ന പ്രദേശങ്ങളിലുമുള്ള പലസ്തീൻകാർ നേരിടേണ്ടിവരുന്ന, വർണ്ണവിവേചനവും വേട്ടയാടലും എന്നുതന്നെ പറയാവുന്ന തരത്തിലുള്ള വിവേചനത്തിന്റെ പശ്ചാത്തലമിതാണ്. ഇതാകട്ടെ, അന്താരാഷ്ട്രതലത്തിലും നിയമപരമായും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമായി അംഗീകരിക്കപ്പെട്ടവയാണ്. ജറുസലേമിനെ കേന്ദ്രമാക്കി, ഈ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ പ്രതിസന്ധിയും വികസിച്ചത്.

ഇപ്പോഴത്തെ സംഭവത്തിൽ എടുത്തുകാണേണ്ട
പ്രത്യേകതകൾ

ഇപ്പോഴത്തെ സംഭവത്തിൽ കാണേണ്ട മറ്റ് സവിശേഷ വശങ്ങളാണ് ഇനി പറയുന്നത്.


ഒന്നാമതായി, ഇസ്രയേലിലും അവർ കൈവശം വെച്ചിരിക്കുന്ന പ്രദേശങ്ങളിലും ഉള്ള ഇസ്രയേൽ നയത്തെ, വേട്ടയാടലും വർണ്ണവിവേചനവും നിറഞ്ഞ, മനുഷ്യരാശിക്കെതിരെയുള്ള ഒരു കുറ്റകൃത്യമായി അന്താരാഷ്ട്ര അഭിപ്രായം വ്യക്തമായും അടയാളപ്പെടുത്തുന്നു.


രണ്ടാമതായി, ഇസ്രയേലും ഈജിപ്തും ഗാസയിലെ തീരപ്രദേശത്ത് ഉപരോധം ഏർപ്പെടുത്തിയെങ്കിലും സാമാന്യം നല്ലൊരു ആയുധശേഖരം കൈവശപ്പെടുത്തുവാൻ ഹമാസ് നേതൃത്വത്തിനു്കഴിഞ്ഞു. കൂടാതെ, മുൻ സംഘർഷങ്ങളിൽ ഉപയോഗിച്ചവയേക്കാൾ കൂടുതൽ കരുത്തും ദൂരവ്യാപ്തിയുമുള്ള, ടെൽ അവീവിലും ജറുസലേമിലുംവരെ എത്താൻ ശേഷിയുള്ള റോക്കറ്റുകളാണ് ഇത്തവണ ഉപയോഗിക്കപ്പെട്ടത്. യുഎസ് സാമ്പത്തികപിന്തുണയുള്ള അയൺ ഡോം മിസൈൽ പ്രതിരോധസംവിധാനത്തെ മറികടക്കാൻ നൂറിലധികം മിസൈലുകൾ ഒരുമിച്ച് തൊടുത്തുവിടുന്ന പുതിയ തന്ത്രമാണ് ഹമാസ് സ്വീകരിച്ചതും. അത് ഇത്തവണ ഇസ്രയേലിൽ കൂടുതൽ അത്യാഹിതങ്ങൾ സൃഷ്ടിച്ചിട്ടു ണ്ടാകാം. കലുഷിതമായ സാഹചര്യത്തിൽ നേതൃത്വം ഏറ്റെടുത്തും, കൃത്യമായ റോക്കറ്റാക്രമണങ്ങളിലൂടെ ഇസ്രയേലിനുള്ളിൽ തന്നെ പ്രഹരമേൽപ്പിച്ചും, ഏറെ കരുത്തരായ ശത്രുക്കൾക്കുമേൽ തങ്ങളുടെ അജണ്ട അടിച്ചേൽപ്പിച്ചും ഗാസയിലെ ഹമാസ് ഇത്തവണ ഇസ്രയേലിലെ സൈന്യത്തെയും രഹസ്യാന്വേഷണവിഭാഗത്തെയും സർക്കാരിനെതന്നെയും അമ്പരപ്പിച്ചു.


മൂന്നാമതായി, ഗാസയിലെ ആക്രമണത്തിന് സമാന്തരമായി, ലോദ്, റാംല, ജഫ, അക്രെ, കിഴക്കൻ ജറുസലേം തുടങ്ങിയ മിശ്രവംശീയ ഇസ്രയേൽ നഗരങ്ങളിലെ തെരുവുകളിൽ അക്രമകോലാഹലങ്ങളുണ്ടായിരുന്നു. ഇവിടങ്ങളിൽ, കൂടുതലും മറ്റിടങ്ങളിൽ നിന്നും എത്തുന്ന തീവ്രവലത് ജൂതകലാപകാരികൾ, പ്രദേശത്തെ അറബ് വംശജർക്കുമേൽ ചാടിവീഴാൻ ശ്രമിച്ചെങ്കിലും ഇത്തവണ ശക്തമായ പ്രതിരോധം നേരിടേണ്ടിവന്നു. 21 വർഷം മുമ്പുണ്ടായ രണ്ടാം പലസ്തീനിയൻ കലാപം അഥവാ ഇൻതിഫാദയുടെ തുടക്കത്തിനുശേഷം ഈ അളവിലുള്ള സംഘർഷം ഇത് ആദ്യമാണ്. ഒരു ആഭ്യന്തരയുദ്ധത്തിന് സമാനമായ സാഹചര്യമാണ് ഇത് സൃഷ്ടിച്ചത്. സാധാരണനില പുനഃസ്ഥാപിക്കുന്നതിൽ നെതന്യാഹു നേതൃത്വം നൽകിയ അപ്പോഴത്തെ സർക്കാരിന്റെ പരാജയത്തെ ഇത് അടിവരയിട്ടു കാണിച്ചു.


നാലാമതായി, ഇസ്രയേൽ ഭരണാധികാരികൾ മുന്നോട്ടു വെക്കുന്ന, സ്വയം പ്രതിരോധിക്കാനുള്ള അവകാശം, പ്രയോഗിക്കുന്നതിനെ പ്പറ്റിയുള്ള വാദം. യുഎസ് പ്രസിഡന്റ് ജോ ബൈഡനും അനുയായികൾക്കും അവരുടെ കൊമ്പൊടിയുകയാണ് എന്നത് വ്യക്തമാണ്. അക്രമം അടിച്ചമർത്തുന്നതിന് ആവശ്യമെങ്കിൽ ഇരുമ്പുമുഷ്ടി ഉപയോഗിക്കുമെന്ന അന്നത്തെ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ മുന്നറിയിപ്പ് ഓർക്കേണ്ടതുണ്ട്. അടിച്ചമർത്തിയ ജനവിഭാഗങ്ങൾക്കെതിരേ, വിശേഷിച്ചും ഗാസയിൽ, ഇസ്രയേൽ സ്ഥാപിച്ചിരിക്കുന്ന സൈനികസന്നാഹം അങ്ങേയറ്റം സങ്കീർണ്ണവും അതീവമാരകവും, യുഎസ് സാമ്രാജ്യത്വവും അവരുടെ കൂട്ടാളികളും അടക്കമുള്ളവരുടെ നിർല്ലോഭമായ സാമ്പത്തികസഹായവും പിന്തുണയുംകൊണ്ട് എണ്ണയിട്ടെടുത്തതുമാണെന്ന്, ജനാധിപത്യമനസ്സുള്ള ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇപ്പോൾ വ്യക്തമാവുന്നുണ്ട്. കയ്യേറ്റത്തിന്റെ ഇരകളായ ജനവിഭാഗത്തിനാകട്ടെ, യന്ത്രവൽകൃത ആയുധങ്ങളില്ല, വ്യോമസേനയോ നാവികസേനയോ ഇല്ല, വമ്പൻ ആയുധങ്ങളോ, കേന്ദ്രീകൃതസംവിധാനങ്ങളോ ഇല്ല. തങ്ങളുടെ ആക്രമണശേഷിയിലേക്ക് ഹമാസ് എത്രതന്നെ കൂട്ടിച്ചേർക്കലുകൾ നടത്തിയാലും അതൊന്നും ഇസ്രയേലിന്റെ ഭീകരമായ കരുത്തിനുമുന്നിൽ പിടിച്ചുനിൽക്കാൻതന്നെ കഴിയുന്നതല്ല. അങ്ങനെയൊരു ശക്തി, ഗാസയെ സ്വയംപ്രതിരോധത്തിനായി ആക്രമിക്കാൻ നിർബന്ധിതമായി എന്ന് പറയുന്നതുതന്നെ പരിഹാസ്യമാണ്. അതുകൊണ്ട്, കയ്യേറ്റഭൂമിയിലടക്കം ഇസ്രയേൽ നടത്തുന്ന കൂട്ടക്കൊലയ്‌ക്കെതിരേ ചോദ്യങ്ങൾ ഉയരുകയാണ്. അതൊരു യുദ്ധക്കുറ്റമാണ്.


അഞ്ചാമതായി, നെതന്യാഹുവിന്റെ രാഷ്ട്രീയഭാവിയും വ്യക്തിതാത്പര്യങ്ങളും അവഗണിക്കാനാകാത്ത ഘടകങ്ങളാണ്. വ്യക്തമായ ഫലമില്ലാതിരുന്ന മാർച്ചിലെ പാർലമെന്റ് തെരഞ്ഞെടുപ്പിനുശേഷം ഒരു സഖ്യസർക്കാരുണ്ടാക്കുന്നതിൽ നെതന്യാഹു പരാജയപ്പെട്ടു. (ഇപ്പോൾ അദ്ദേഹത്തിന്റെ എതിരാളികൾ ഒത്തുചേർന്ന സഖ്യസർക്കാർ നെതന്യാഹുവിനെ അധികാരത്തിൽ നിന്നും പുറത്താക്കിയിരിക്കുക യാണ്) അപ്പോൾ ഒരു യുദ്ധകാഹളം മുഴക്കുന്നത് തന്നെ രക്ഷിക്കും എന്ന് അദ്ദേഹം കരുതി. അതിനാൽ, ഇസ്രയേൽ പൗരന്മാർക്കു നേരേയുണ്ടായ റോക്കറ്റാക്രമണങ്ങൾക്ക് പകരം ചോദിക്കാൻ ഇസ്രയേൽ ആഗ്രഹിക്കുന്നതിനാൽ ഹമാസിനെതിരേയുള്ള പ്രത്യാക്രമണം തുടരുമെന്ന് മേയ് 16ന് അദ്ദേഹം പ്രഖ്യാപിച്ചു. പോരാട്ടത്തിന്റെ ഈ ഘട്ടവും ഇസ്രയേൽ തന്നെ ജയിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഇസ്രയേൽ പൗരന്മാരെ തനിക്കനുകൂലമാക്കാന്‍ പലസ്തീനെതിരെ സ്ഥിരം യുദ്ധം ആരംഭിക്കുന്നതും പലസ്തീൻ പ്രദേശങ്ങളെ കൈയടക്കുന്നതും അവരുടെ താത്പര്യാർത്ഥമാണെന്ന് അവരെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു വ്യക്തമായും അദ്ദേഹത്തിന്റെ ഉദ്ദേശ്യം. സംഘർഷം കൂടുതൽ നീളുന്തോറും, നെതന്യാഹുവിന്റെ എതിരാളികൾക്ക് അദ്ദേഹത്തിനെതിരേ സഖ്യം രൂപീകരിക്കാനുള്ള ശ്രമങ്ങൾ കൂടുതൽ തടസ്സപ്പെടുന്നു. മറ്റൊരു തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ, സുരക്ഷയുടെ കാര്യത്തിൽ ശക്തമായ പ്രതിച്ഛായയുള്ള നെതന്യാഹുവിന് ഉറപ്പായ വിജയം നേടാനുള്ള സാധ്യതയേയും അത് വർധിപ്പിക്കുന്നു. ഏതൊരു ഫാസിസ്റ്റ് ഏകാധിപതിയുടെയും പ്രത്യേകതയാ ണിത്. നീണ്ടുനിൽക്കുന്ന ഒരു യുദ്ധമോ, ഒറ്റപ്പെട്ട സായുധസംഘർഷങ്ങളോ ഒക്കെ, യഥാർത്ഥപ്രശ്‌നങ്ങളിൽനിന്നും ജനങ്ങളുടെ ശ്രദ്ധയെ അടർത്തുന്നു. ഒപ്പം ആയുധങ്ങൾ കുന്നുകൂട്ടി, സമ്പദ്ഘടനയുടെ സൈനികവൽക്കരണത്തിന്റെ ഭാഗമായ ആയുധ നിർമ്മാണത്തെ അത് കൂടുതൽ ത്വരിതപ്പെടുത്തുന്നു. അങ്ങനെ, മരണാസന്നമായ മുതലാളിത്തം ആണ്ടുമുങ്ങിയ പ്രതിസന്ധിയെ അകറ്റിനിർത്താൻ ശ്രമിക്കുന്നു. അതേസമയംതന്നെ, യുദ്ധഭ്രമത്തെ നിലനിർത്തുകവഴി, തീവ്രദേശഭക്തിയുടെയും കപടദേശസ്‌നേഹ ത്തിന്റെയും വികാരങ്ങള്‍ ജനങ്ങൾക്കിടയിൽ സൃഷ്ടിക്കാൻ അത് സഹായിക്കുന്നു

യുഎസ്, യുകെ, ചൈന, ഇന്ത്യ എന്നിവരുടെ നിലപാടുകൾ

ഇനി അന്താരാഷ്ട്ര പ്രതികരണങ്ങൾ പരിശോധിക്കാം. ഗാസയിലെ ജനവാസകേന്ദ്രങ്ങളിൽ നിന്നും ഇസ്രയേലിലെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിലേക്ക് അനിയന്ത്രിതമായി റോക്കറ്റുകൾ തൊടുത്തുവിടുന്നതിനെ അപലപിച്ച ഐക്യരാഷ്ട്രസംഘടനയുടെ തലവൻ, പരമാവധി സംയമനം പാലിക്കണമെന്ന് ഇസ്രയേലിനോട് അഭ്യർത്ഥിച്ചു. മറുവശത്ത്, യുഎസ് പ്രസിഡന്റ് ബൈഡനും, സെക്രട്ടറി ഓഫ് സ്റ്റേറ്റും നെതന്യാഹുവിനെ വിളിച്ച് ഇസ്രയേലിനുള്ള തങ്ങളുടെ പിന്തുണയറിയിച്ചു. ഗാസയിലെ മാരകമായ ഇസ്രയേൽ ആക്രമണത്തിനിടെ, ഒരു ആഴ്ച്ചക്കിടെ മൂന്നാം തവണ കൂടിയ ഐക്യരാഷ്ട്രസംഘടനയുടെ രക്ഷാസമിതി വീണ്ടും തീരുമാനമാകാതെ അവസാനിച്ചു. കാരണം, ഇസ്രയേലും ഹമാസും തമ്മിലുള്ള അടിയന്തര വെടിനിർത്തലിന് ആവശ്യപ്പെടുന്ന സംയുക്തപ്രമേയത്തെ അമേരിക്ക തടയുകയാണ് ഉണ്ടായത്. രണ്ടു വിഭാഗങ്ങളോടും പിൻവാങ്ങാൻ പറഞ്ഞെങ്കിലും, യുകെ, യുഎസിനൊപ്പം ചേർന്ന് ഏകസ്വരത്തിൽ ഹമാസിന്റെ തീവ്രവാദനടപടികളെ അപലപിച്ചു. ചൈനയാകട്ടെ, മറുവശത്ത് അടിയന്തര വെടിനിർത്തലിന് മധ്യസ്ഥത വഹിക്കുവാൻ യുഎൻ രക്ഷാസമിതിയെ പ്രോത്സാഹിപ്പിച്ചു. അന്താരാഷ്ട്രനിയമത്തിന് അനുസൃതമായി പലസ്തീൻകാർ മുന്നോട്ടുവയ്ക്കുന്ന ന്യായമായ ദ്വിരാഷ്ട്ര പരിഹാരത്തെ അവർ പിന്തുണച്ചു. കൂടാതെ, ഈ വിഷയത്തിൽ യുഎൻ, അറബ് ലീഗ്, ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷൻ എന്നിവരുടെ സൃഷ്ടിപരമായ പങ്കിനെയും ചൈന പിന്താങ്ങി. ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കി, രണ്ടു വിഭാഗങ്ങളും സമാധാനചർച്ചകൾ എത്രയുംവേഗം തുടങ്ങണമെന്ന നിലപാടും അവർ കൈക്കൊണ്ടു. അതിലൂടെ, 1967ലെ അതിർത്തിയെ അടിസ്ഥാനമാക്കി കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്രരാഷ്ട്രമായ പലസ്തീൻ സ്ഥാപിക്കുകയും, അങ്ങനെ പലസ്തീന്റെയും ഇസ്രയേലിന്റെയും, അതുപോലെതന്നെ ജൂത-അറബ് രാഷ്ട്രങ്ങളുടെയും സമാധാനപരമായ സഹവർത്തിത്വം സാധ്യമാകുമെന്നും അവർ പ്രത്യാശിച്ചു.


ഇന്ത്യയെ സംബന്ധിച്ചിടത്തോളം, മേയ് 16ന് യുഎൻ രക്ഷാസമിതിയിലും, മേയ് 20ന് പൊതുസഭയിലുമുള്ള ഇടപെടലുകൾക്കിടയിൽ നടത്തിയ പ്രസ്താവനകളിൽ, വ്യക്തമായും ഇസ്രയേലിന് അനുകൂലമായ ചുവടുമാറ്റത്തിന്റെ സൂചനയുണ്ടായിരുന്നു. മേയ് 16ന് യുഎൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച ഇന്ത്യയുടെ പ്രസ്താവനയിൽ, ന്യായമായ പലസ്തീൻ വിഷയത്തെ ഇന്ത്യ ശക്തമായി പിന്തുണക്കുകയും, ദ്വിരാഷ്ട്ര പരിഹാരത്തിന് അചഞ്ചലമായ പിന്തുണയറിയിക്കുകയും ചെയ്യുന്നു എന്ന വരി, മേയ് 20ന് യുഎൻ പൊതുസഭയിൽ നടത്തിയ പ്രസ്താവനയിൽ കാണാനില്ലായിരുന്നു. കൂടാതെ മേയ് 20ന് നടത്തിയ പ്രസ്താവനയിൽ, അനേകം സിവിലിയൻ മരണങ്ങൾക്ക് ഇടയാക്കിയ, ഗാസയിൽനിന്നും ഇസ്രയേലിലേക്ക് നടത്തിയ അനിയന്ത്രിത റോക്കറ്റാക്രമണങ്ങളെ ഇന്ത്യ അപലപിച്ചിട്ടുമുണ്ട്. കിഴക്കൻ ജറുസലേമിലും സമീപ പ്രദേശങ്ങളിലും ഉൾപ്പെടെ, നിലവിലെ സ്ഥിതിഗതികൾ ഏകപക്ഷീയമായി മാറ്റാനുള്ള ശ്രമങ്ങളിൽനിന്ന് വിട്ടുനിൽക്കാനും, തീവ്രമായ സംയമനം കാണിക്കാനും, പിരിമുറുക്കങ്ങൾ വർദ്ധിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും ഞങ്ങൾ ഇരുപക്ഷത്തോടും അഭ്യർത്ഥിക്കുന്നു എന്നാണ് രക്ഷാസമിതിയിലെ പ്രസ്താവനയിൽ പറഞ്ഞിട്ടുള്ളത്. ഇസ്രായേൽ-ഹമാസ് നടപടികളെ തമ്മിൽ സാമ്യപ്പെടുത്തുന്നതായിരുന്നു ഇത്. പ്രത്യേകിച്ചും കിഴക്കൻ ജറുസലേമിലും ഷെയ്ഖ് ജറാ പ്രദേശത്തുമുള്ള ഇസ്രായേലിന്റെ നടപടിയോടെയാണ് പ്രശ്നം ആരംഭിച്ചതെന്നാണ് ഇന്ത്യ അന്ന് പ്രസ്താവിച്ചത്. പൊതുസഭയിലെ പ്രസ്താവനയിൽ അതൊക്കെ ഒഴിവാക്കിക്കൊണ്ട്, വ്യക്തമായും ഇസ്രയേലിനെ കൂടുതൽ പിന്തുണക്കുകയാണ് ഉണ്ടായത്. ഇന്ത്യയുടെ രക്ഷാസമിതി പ്രസ്താവന ഭരണകക്ഷിയായ ബിജെപിയുടെ സ്വന്തം അനുയായികളിൽ നിന്നുതന്നെ സർക്കാരിനെതിരെ ധാരാളം വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. ഈ സമയത്ത് ഇന്ത്യ ഇസ്രായേലിനെ വേണ്ടത്ര പിന്തുണയ്ക്കുന്നില്ലെന്നും, നിഷ്പക്ഷ നിലപാടെടുക്കുന്നത് ഹമാസിന്റെ നടപടികളെ അംഗീകരിക്കുന്നതാണെന്നും അവർ കരുതുന്നു. ഇസ്രയേലിനും സമാനമായിതന്നെ തോന്നി. ഇസ്രയേലിനെ പിന്തുണച്ച രാജ്യങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ട്വീറ്റ് ചെയ്തപ്പോൾ ഇന്ത്യയുടെ പേര് അതിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ട്, ബിജെപി നേതൃത്വത്തിലുള്ള ഇന്ത്യാ ഗവണ്മെന്റ് ഗതിമാറ്റം നടത്തിയെന്നതും അത്, സാമ്രാജ്യത്വവിരുദ്ധരും സമാധാനപ്രേമികളുമായ ഇന്ത്യക്കാരുടെ വീക്ഷണത്തിന് എതിരാണെന്നതും വ്യക്തമാണ്.

ആഗോളതലത്തിൽ സാമ്രാജ്യത്വവിരുദ്ധ സംഘടിത സമാധാനപ്രസ്ഥാനം വളർത്തിയെടുക്കുക

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആരംഭിച്ച ജൂതകുടിയേറ്റത്തിനുമുമ്പ്, പലസ്തീനിൽ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ജൂതരും ഇടകലർന്ന്, ശത്രുതയില്ലാതെ സമാധാനത്തോടെ നൂറ്റാണ്ടുക ളോളം ജീവിച്ചിരുന്നു എന്നത് ഒരു ചരിത്രവസ്തുതയാണ്. ഈ യുദ്ധസമാന സാഹചര്യത്തിനിടയിലും വംശീയവ്യത്യാസങ്ങൾ മറന്ന് ഇസ്രയേലിലെതന്നെ സാധാരണജനങ്ങൾ ഇസ്രയേൽ സർക്കാരിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിക്കുന്നത് ലോകത്തെ ബൂർഷ്വാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായില്ല. യുഎസിലെ ജൂതവിഭാഗത്തിൽപ്പെടുന്ന ആയിരക്കണക്കിന് ആളുകൾ പലസ്തീനെ പിന്തുണച്ചുകൊണ്ടും ഇസ്രയേലിനെ തള്ളിപ്പറഞ്ഞുകൊണ്ടും റാലി നടത്തുകയുണ്ടായി. യുദ്ധം അവസാനിപ്പിക്കണമെന്നും, സാഹചര്യത്തെ വഷളാക്കുന്ന ഇസ്രയേലിലെയും പലസ്തീനിലെയും വലതുപക്ഷ ശക്തികൾക്ക് അവസാനം കാണണമെന്നും അവർ ആവശ്യപ്പെട്ടു. ഒരുകാലത്ത് ഇസ്രയേലിൽ സമാധാനത്തിനും സൗഹൃദത്തിനുംവേണ്ടി നിലകൊണ്ട, അന്ന് അവിടെ പ്രബല ശക്തിയായിരുന്ന ഇടതുപക്ഷം ഇന്ന് ദുർബലമായെന്നത് നിരാശാജനകമാണ്. യുദ്ധങ്ങൾ, യുദ്ധക്കൊതിയ ന്മാരായ സാമ്രാജ്യത്വവാദികളുടെയും, അതത് രാജ്യങ്ങളിലെ മുതലാളിവർഗ്ഗത്തിന്റെയും മാത്രം താത്പര്യങ്ങളെ സേവിക്കുന്നതാണെന്ന് സാധാരണജനങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. ഏറ്റവും ദുരിതമനുഭവിക്കേണ്ടിവരുന്ന അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ താത്പര്യങ്ങൾക്ക് നേരേ എതിരുമാണ് യുദ്ധങ്ങൾ. മഹാനായ ലെനിൽ പഠിപ്പിച്ചതുപോലെ സാമ്രാജ്യത്വമാണ് യുദ്ധം സൃഷ്ടിക്കുന്നത്. സാമ്രാജ്യത്വം നിലനിൽക്കുന്ന കാലത്തോളം, യുദ്ധത്തിൽനിന്നും – അത് പ്രാദേശികമാകട്ടെ, ഭാഗികമാകട്ടെ, വൻതോതിലാകട്ടെ,
മോചനമുണ്ടാകില്ല. സാധാരണജനങ്ങള്‍ക്ക് അത് തകർച്ചയും മരണങ്ങളും മാത്രം സമ്മാനിക്കുന്നു. ഇന്നത്തെ ലോകത്തിൽ എവിടെ നടക്കുന്ന യുദ്ധവും ലോകത്ത് എവിടെയുള്ളവരെയും ബാധിക്കും എന്നതും മനസ്സിലാക്കേണ്ടതുണ്ട്.

സാമ്രാജ്യത്വചേരിയുടെയും തിരുത്തൽവാദികളുടെയും പിന്തുണയോടെയുള്ള പ്രതിവിപ്ലവത്തോടെ, യുഎസ്എസ്ആറിനും സോഷ്യലിസ്റ്റ് ചേരിക്കുമുണ്ടായ ദുഃഖകരമായ തകർച്ചയെ തുടർന്ന്, സാമ്രാജ്യത്വചേരിയുടെ യുദ്ധവെറിക്കെതിരെയുള്ള സംരക്ഷണഭിത്തി കൂടിയാണ് തകർന്നത്. ഒരു ഏകധ്രുവലോകത്ത്, തങ്ങളുടെ യുദ്ധവെറിക്കെതിരെ ഫലപ്രദമായ തടസ്സങ്ങൾ ഇല്ലെന്നുകണ്ടാൽ സാമ്രാജ്യത്വശക്തികളും അവരുടെ പിണിയാളുകളും കലികൊണ്ട് പാഞ്ഞുനടക്കും. ഇപ്പോൾ സിയോണിസ്റ്റ് ഇസ്രായേൽ വൻതോതിൽ തങ്ങളുടെ ആക്രമണങ്ങൾ ആരംഭിക്കാനും തുടരാനും പുതിയ ഊർജ്ജം കണ്ടെത്തിയതുപോലെ. അതിനാൽ, സാമ്രാജ്യത്വ യുദ്ധതന്ത്രത്തിന് തടസ്സമാകാൻ കഴിയുന്ന തരത്തിൽ, സമാധാനസ്‌നേഹികളായ ജനങ്ങൾ ലോകമെമ്പാടും ഏകോപിതവും സുസ്ഥിരവും ശക്തവും സംയോജിതവുമായ സാമ്രാജ്യത്വവിരുദ്ധ സമാധാന പ്രസ്ഥാനം സംഘടിപ്പിക്കുക എന്നതാണ് ഈ കാലത്തിന്റെ ആവശ്യം. അതേസമയംതന്നെ, പൊരുതുന്ന പലസ്തീൻ ജനതക്ക് സജീവ പിന്തുണ നൽകുവാനും, സിയോണിസ്റ്റ് ഇസ്രയേൽ ഭരണകൂടം നടത്തുന്ന മാരകമായ ആക്രമണങ്ങൾക്ക് ഉടൻ അറുതി വരുത്തണമെന്നും, ഗാസയിലും വെസ്റ്റ്ബാങ്കിലും ഗോലൻ കുന്നുകളിലും അവർ കൈവശപ്പെടുത്തിയിരിക്കുന്ന ഭൂമി ഉടനടി വിട്ടൊഴിയാന്‍ ആവശ്യപ്പെടണമെന്നും ഏവരോടും ഞങ്ങൾ ആഹ്വാനം ചെയ്യുന്നു. പശ്ചിമേഷ്യയിലെ കാര്യങ്ങളിൽ ഇടപെടുന്നതിൽനിന്നും പിൻവാങ്ങണമെന്ന് യുഎസ് സാമ്രാജ്യത്വത്തോടും ഞങ്ങൾ ആവശ്യപ്പെടുന്നു. സ്വതന്ത്ര പരമാധികാര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ലോകവ്യാപക പിന്തുണയും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

വിഖ്യാത ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീൻ
ന്യൂയോർക്ക് ടൈംസിന് അയച്ച കത്ത്‌

പലസ്തീൻ ജനതയ്ക്കുമേൽ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഒത്താശയോടെ ഇസ്രായേൽ നിരന്തരമായി നടത്തുന്ന ആക്രമണങ്ങൾ ഏഴുപതിറ്റാണ്ടുകൾക്കുമുമ്പ് ഐൻസ്റ്റീൻ നൽകിയ മുന്നറിയിപ്പ് അക്ഷരംപ്രതി ശരിയെന്ന് തെളിയിക്കുന്നതാണ്.

മഹാനായ ശാസ്ത്രജ്ഞനും മാനവികതാവാദിയുമായിരുന്ന ആൽബർട്ട് ഐൻസ്റ്റീൻ ജർമ്മനിയിലെ ഒരു ജൂത കുടുംബത്തിലാണ് ജനിച്ചത്. ഹിറ്റ്‌ലറുടെ നാസിസത്തിന്റെ കടുത്ത വിമർശകനായിരുന്ന ഐൻസ്റ്റീൻ ഹിറ്റ്‌ലർ അധികാരത്തിലെത്താൻ പോകുന്ന ഘട്ടത്തിൽത്തന്നെ രാജ്യം വിട്ടു. ബഹിഷ്‌കൃതരായ ജൂതജനതയെ അധിവസിപ്പിക്കുന്നതിന്റെ പേരിൽ സയണിസം അതിന്റെ ഭീഷണമായ ശിരസ്സ് ഉയർത്താൻ തുടങ്ങിയത് ഐൻസ്റ്റീനെ അലട്ടിയിരുന്നു. അങ്ങനെയാണദ്ദേഹം 1948ല്‍ ന്യൂയോർക്ക് ടൈംസിന് ഈ കത്തെഴുതിയത്.

ന്യൂയോർക്ക് ടൈംസിന്റെ പത്രാധിപർമാർക്ക്,

പുതുതായി രൂപീകരിക്കപ്പെട്ട ഇസ്രായേലിൽ, സംഘാടനത്തിലും രീതികളിലും രാഷ്ട്രീയദർശനത്തിലും സാമൂഹിക അഭ്യർത്ഥനയിലുമെല്ലാം നാസി, ഫാസിസ്റ്റ് പാർട്ടികളോടു സാദൃശ്യമുള്ള ‘ഫ്രീഡം പാർട്ടിയുടെ’ ഉദയമാണ് നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും അസ്വാസ്ഥ്യജനകമായ രാഷ്ട്രീയ പ്രതിഭാസം. പാലസ്തീനിൽ മുമ്പുണ്ടായിരുന്ന ഒരു വലതു തീവ്രവാദ ദേശീയ ഭ്രാന്തന്മാരുടെ സംഘടനയായ ‘ഇർഗൻ സാവി ല്യൂമി’യുടെ അംഗങ്ങളിലും അണികളിലും നിന്നാണത് രൂപീകരിക്കപ്പെട്ടത്.
ഈ പാർട്ടിയുടെ നേതാവായ മെനാച്ചം ബെഗിന്റെ അമേരിക്കൻ ഐക്യനാടുകളിലേക്കുള്ള ഇപ്പോഴത്തെ സന്ദർശനം, വരാൻ പോകുന്ന ഇസ്രായേൽ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പാർട്ടിക്ക് അമേരിക്കൻ പിന്തുണയുണ്ടെന്ന ധാരണയുണ്ടാക്കാനും യുഎസിലെ യാഥാസ്ഥിതിക സയണിസ്റ്റ് ഘടകങ്ങളുമായുള്ള രാഷ്ട്രീയബന്ധം ഉറപ്പിച്ചെടുക്കാനുമാണ്. ദേശീയപ്രശസ്തിയുള്ള നിരവധി അമേരിക്കക്കാർ ഈ സന്ദർശനത്തെ സ്വാഗതം ചെയ്യാനായി സ്വയം തയ്യാറായിട്ടുണ്ട്. ലോകത്തെമ്പാടും ഫാസിസത്തെ എതിർക്കുന്നവർ മിസ്റ്റർ ബെഗിന്റെ രാഷ്ട്രീയ ചരിത്രവും വീക്ഷണങ്ങളുമെല്ലാം ശരിയായി മനസ്സിലാക്കിയാൽ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിന് പിന്തുണ നൽകാൻ മുന്നോട്ടു വരുമെന്ന് തോന്നുന്നില്ല.
സാമ്പത്തികസംഭാവനകൾ, ബെഗിനെ പിന്തുണച്ചുകൊണ്ടുള്ള പൊതുവായ പ്രകടനങ്ങൾ, വലിയൊരു വിഭാഗം അമേരിക്കക്കാർ ഇസ്രായേലിലെ ഫാസിസ്റ്റ് ശക്തികളെ പിന്തുണയ്ക്കുന്നവരാണെന്ന ധാരണ പാലസ്തിനിൽ സൃഷ്ടിക്കൽ എന്നിവയിലൂടെ പരിഹരിക്കാനാകാത്ത കേടുപാടുകൾ ഉണ്ടാകുന്നതിനുമുമ്പ് മിസ്റ്റർ ബെഗിന്റെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിന്റെയും ചരിത്രവും ലക്ഷ്യങ്ങളും സംബന്ധിച്ചുള്ള വിവരങ്ങൾ അമേരിക്കൻ ജനതയ്ക്ക് നൽകേണ്ടിയിരിക്കുന്നു. മിസ്റ്റർബെഗിന്റെ പാർട്ടിക്കുള്ള പൊതുപിന്തുണ അതിന്റെ യഥാർത്ഥ സ്വഭാവത്തെ ഒരു തരത്തിലും സൂചിപ്പിക്കുന്നില്ല. ഇന്നവർ സ്വാതന്ത്ര്യത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും സാമ്രാജ്യത്വത്തിനെതിരെയും സംസാരിക്കും, എന്നാല്‍ അടുത്തകാലംവരെ അവർ ഫാസിസ്റ്റ് രാഷ്ട്രത്തിന്റെ പ്രമാണങ്ങളാണ് ഉറക്കെ ഉദ്‌ഘോഷിച്ചിരുന്നത്. ഒരു ഫാസിസ്റ്റ് പാർട്ടി സ്വന്തം ചെയ്തികളിൽക്കൂടി അതിന്റെ യഥാർത്ഥ സ്വഭാവം മറച്ചുവയ്ക്കുന്നു; ഭാവിയിലതെന്തുചെയ്യും എന്ന് നമുക്കതിന്റെ കഴിഞ്ഞകാല ചെയ്തികളിൽനിന്നും മനസ്സിലാക്കാം.

അറബ് ഗ്രാമത്തിനു നേരേയുള്ള ആക്രമണം

ദേർ യാസ്സിൻ എന്ന അറബ് ഗ്രാമത്തോടുള്ള അവരുടെ പെരുമാറ്റമാണ് ഞെട്ടിപ്പിക്കുന്ന ഒരുദാഹരണം. പ്രധാന പാതയിൽനിന്ന് വിട്ടുമാറി ജൂതന്മാരുടെ സ്ഥലത്താൽ ചുറ്റപ്പെട്ട ഈ ഗ്രാമം യുദ്ധത്തിൽ പങ്കെടുത്തിട്ടേ ഉണ്ടായിരുന്നില്ല, എന്നു മാത്രമല്ല ഗ്രാമത്തെ തങ്ങളുടെ താവളമാക്കാൻ ശ്രമിച്ച അറബ് സംഘവുമായി അവർ പോരടിക്കുകപോലും ചെയ്തിരുന്നു. ഒരു സൈനിക ലക്ഷ്യമല്ലാതിരുന്ന ഈ പ്രശാന്തഗ്രാമത്തെ ഭീകരസംഘങ്ങൾ ഏപ്രിൽ 9ന് ആക്രമിക്കുകയും പുരുഷന്മാരും സ്ത്രീകളും കുട്ടികളുമായി 240 പേരെ വധിക്കുകയും കുറച്ചുപേരെ ജറുസലേം വീഥികളിലൂടെ യുദ്ധത്തടവുകാരെ പ്പോലെ പരേഡ് നടത്തുന്നതിനായി ബാക്കിവയ്ക്കുകയും ചെയ്തു.(ന്യൂയോർക്ക് ടൈംസ്) ഭൂരിഭാഗം ജൂതസമൂഹവും ഈ കൃത്യത്തിൽ ഭയചകിതരാകുകയും ട്രാൻസ് – ജോർദ്ദാനിലെ അബ്ദുള്ളരാജാവിന് ക്ഷമാപണം നടത്തിക്കൊണ്ടുള്ള കമ്പിസന്ദേശം അയയ്ക്കുകയും ചെയ്തു. പക്ഷേ ഭീകരവാദികൾ സ്വന്തം ചെയ്തികളിൽ ലജ്ജിച്ചില്ല എന്നതോ പോകട്ടെ, ഈ കൂട്ടക്കൊലയിൽ അഭിമാനം പ്രകടിപ്പിക്കുകയും അത് വ്യാപകമായി പ്രചരിപ്പിക്കുകയും രാജ്യത്തുണ്ടായിരുന്ന വിദേശ മാദ്ധ്യമ പ്രവർത്തകരെ ക്ഷണിച്ചു വരുത്തി ശവക്കൂനയും ദേർ യാസ്സിനിൽ വരുത്തിയ വിനാശവും കാണിച്ചുകൊടുക്കുകയും ചെയ്തു. ദേർ യാസ്സിൻ സംഭവം ഫ്രീഡം പാർട്ടിയുടെ പ്രവൃത്തിയും സ്വഭാവവും ഉദാഹരിക്കുന്നുണ്ട്.
ജൂതസമുദായത്തിനകത്ത് അവർ അതിദേശീയതയുടെയും മതനിഗൂഢതാവാദത്തിന്റെയും വംശാധിപത്യത്തിന്റെയും ഒരു മിശ്രിതം ഉദ്‌ഘോഷിക്കുകയും ചെയ്തു. സമരങ്ങളെ തകർക്കാൻ അവയെ ഉപയോഗിക്കുകയും സ്വതന്ത്ര ട്രേഡ് യൂണിയനുകളെ തകർക്കുന്നതിനായി സ്വന്തം നിലയിൽ സമ്മർദ്ദമുപയോഗിക്കുകയും ചെയ്തു. സ്വന്തം മേഖലകളിൽ ഇറ്റാലിയൻ ഫാസിസ്റ്റ് മാതൃകയിൽ കോർപ്പറേറ്റ് ട്രേഡ് യൂണിയനുകളെ നിർദ്ദേശിക്കുകയും ചെയ്തു. അങ്ങിങ്ങായുള്ള ബ്രിട്ടീഷ് വിരുദ്ധ ആക്രമണങ്ങളുടെ അവസാന വർഷങ്ങളിൽ ഐഇസഡ്എൽ(IZL), സ്റ്റേൺ ഗ്രൂപ്പ് എന്നിവർ പാലസ്തീൻ ജൂതസമൂഹത്തിൽ ഭീകരതയുടെ ആധിപത്യത്തിന് തുടക്കമിടുകയും ചെയ്തു. അവർക്കെതിരെ സംസാരിച്ചതിന് അദ്ധ്യാപകരെ മർദ്ദിച്ചു, മക്കളെ അവരോടൊപ്പം വിടാത്തതിന് പ്രായമായവരെ വെടിവച്ചു. കൊള്ളസംഘത്തിന്റെ രീതികൾ, മർദ്ദനം, ഭവനഭേദനം, വ്യാപകമായ കവർച്ച എന്നിവയിലൂടെ ഭീകരവാദികൾ ജനസാമാന്യത്തെ ഭയപ്പെടുത്തുകയും നേട്ടം പിടിച്ചുവാങ്ങുകയും ചെയ്തു.


പാലസ്തീനിലെ സൃഷ്ടിപരമായ നേട്ടങ്ങളിൽ ഫ്രീഡം പാർട്ടിയിലെ ആളുകൾക്ക് യാതൊരു പങ്കുമുണ്ടായിരുന്നില്ല. അവർ ഒരു നിലവുമൊരുക്കിയില്ല, ഒരു വാസസ്ഥലവുമൊരുക്കിയില്ല ജൂത പ്രതിരോധ പ്രവർത്തനങ്ങളെ തള്ളിപ്പറയുക മാത്രം ചെയ്തു. അവരുടെ കൊട്ടിഘോഷിക്കപ്പെട്ട കടിയേറ്റ പരിശ്രമങ്ങൾ നിസ്സാരവും ഫാസിസ്റ്റ് കൂട്ടാളികള കൊണ്ടുവരുന്നതിൽ മാത്രം ഒതുങ്ങുന്നതുമായിരുന്നു.


ഒപ്പ്
ആൽബർട്ട് ഐൻസ്റ്റീൻ

Share this post

scroll to top