ജി20 ഉച്ചകോടിക്ക് 2023 സെപ്റ്റംബര്‍ 8, 9 തീയതികളില്‍ ന്യൂഡല്‍ഹിയില്‍ ഇന്ത്യ ആതിഥേയത്വം വഹിച്ചു. ‘ലോകത്തിനുമുമ്പില്‍ രാജ്യത്തിന്റെ മുഖം കൂടുതല്‍ ദീപ്തമാക്കാന്‍’ എന്നതായിരുന്നു കൊട്ടിഘോഷം. പ്രധാനമന്ത്രി മോദിയുടെ വ്യക്തിപരമായ വിജയമായി ഈ ഉച്ചകോടിയെ അവതരിപ്പിക്കാന്‍ ഭരണകക്ഷിയായ ബിജെപിയും കുത്തക നിയന്ത്രിത മാധ്യമങ്ങളും സാദ്ധ്യമായ എല്ലാ അടവുകളും പ്രയോഗിച്ചു. ആഗോള പ്രശ്‌നങ്ങള്‍ക്ക് മധ്യസ്ഥത വഹിക്കുന്നതിനും പരിഹരിക്കുന്നതിനും ഇന്ത്യയുടെ മേല്‍ക്കോയ്മയെ ലോകം അംഗീകരിച്ചിരിക്കുന്നു എന്നായിരുന്നു പ്രചാരണം.
‘ഭൂമി, മനുഷ്യര്‍, സമാധാനം, ഐശ്വര്യം’ എങ്ങനെ മെച്ചപ്പെടുത്താമെന്ന് ആലോചിച്ചുവെന്ന് ഉയര്‍ത്തിക്കാട്ടുന്നതിനായി 34 പേജിലും 83 പാരഗ്രാഫിലുമായി വ്യാപിച്ചുകിടക്കുന്ന ഒരു പ്രഖ്യാപനം, ന്യൂഡല്‍ഹി പ്രഖ്യാപനം എന്നപേരില്‍, ആഗോള വന്‍ശക്തികളുടെയും അവരുടെ സഖ്യകക്ഷികളായ രണ്ടാംനിര രാജ്യങ്ങളുടെയും നേതാക്കള്‍ ഉച്ചകോടിക്കുശേഷം പുറത്തിറക്കി. എന്നാല്‍, ഇവയെല്ലാം പൊള്ളയായ വാഗ്ദാനങ്ങളുടെ ആവര്‍ത്തനങ്ങളോ അല്ലെങ്കില്‍ സാധാരണ രീതിയിലുള്ള വാചാടോപങ്ങളോ ആയിരുന്നു, ജനങ്ങളുടെ ഒരു പ്രശ്‌നവും കൃത്യമായി അഭിസംബോധന ചെയ്യപ്പെട്ടില്ല. ‘വസുധൈവ കുടുംബകം’ എന്ന സംസ്‌കൃതവാക്യത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന മഹത്തായ ആദര്‍ശസൂക്തം അനാവരണം ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി ഉച്ചകോടിയില്‍ ആഘോഷത്തിമര്‍പ്പ് സൃഷ്ടിച്ചു. ജനങ്ങള്‍ക്കിടയില്‍ ജി20 യുടെ പ്രതിച്ഛായ വര്‍ധിപ്പിക്കുക മാത്രമായിരുന്നില്ല പ്രധാനമന്ത്രിയുടെ ലക്ഷ്യം, ഇന്ത്യയുടെ കഴിവുറ്റ നായകനായി സ്വയം ഉയര്‍ത്തിക്കാട്ടുക കൂടിയായിരുന്നു. അതിനാല്‍, മോദി സര്‍ക്കാര്‍ ഒത്തുചേരലിനെ ‘പീപ്പിള്‍സ് ജി20’ എന്ന് പുനര്‍നാമകരണം ചെയ്തു. എന്നാല്‍, റഷ്യന്‍ പ്രസിഡന്റോ ചൈനീസ് പ്രസിഡന്റോ ഉച്ചകോടിയില്‍ പങ്കെടുത്തില്ല. ഇരു രാജ്യങ്ങളെയും പ്രതിനിധീകരിച്ചത് അവരുടെ പ്രധാന മന്ത്രിമാരായിരുന്നു.
എന്താണ് ജി20?
ഈ ചോദ്യത്തിന്റെ ഉത്തരം ഉച്ചകോടിയുടെ ഉദ്ദേശ്യം മനസ്സിലാക്കാന്‍ സഹായിച്ചേക്കാം. 19 രാജ്യങ്ങളുടെയും, 27 യൂറോപ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ യൂറോപ്യന്‍ യൂണിയന്റെയും(EU) രാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കുന്ന ആഗോള സാമ്പത്തിക, രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഒരു ഗവണ്‍മെന്റ്തലത്തിലുള്ള വേദിയാണ് ജി20. ഈ മുതലാളിത്ത-സാമ്രാജ്യത്വ രാജ്യങ്ങള്‍ ഇന്ന് അനുഭവിക്കുന്ന പ്രതിസന്ധികളി ല്‍നിന്ന് കരകയറാനുള്ള ചര്‍ച്ചകളാണ് ഇതിന്റെ പ്രഖ്യാപിത ലക്ഷ്യം. ഏഷ്യന്‍ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം, 1999ല്‍ ധനമന്ത്രിമാരുടെയും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെയും ആഗോള സാമ്പത്തിക, ധനകാര്യ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദിയായി സ്ഥാപിതമായതാണ് ജി20. 2007ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രത്തലവന്മാരുടെ അഥവാ സര്‍ക്കാര്‍ തലത്തിലേക്ക് ഇത് ഉയര്‍ത്തപ്പെട്ടു, 2009ല്‍ ‘അന്താരാഷ്ട്ര സാമ്പത്തിക സഹകരണത്തിനായുള്ള പ്രീമിയര്‍ ഫോറം’ ആയി തിരഞ്ഞെടുക്കപ്പെട്ടു.
ജി20 ഉച്ചകോടിക്ക് വര്‍ഷംതോറും പുതിയ പ്രസിഡന്റ് വരും. ഇത്തവണ ഇന്ത്യക്കായിരുന്നു പ്രസിഡന്റ് പദവി. അടുത്തത് ബ്രസീല്‍ ആയിരിക്കും. ബംഗ്ലാദേശ്, ഈജിപ്ത്, മൗറീഷ്യസ്, നെതര്‍ലാന്‍ഡ്സ്, നൈജീരിയ, ഒമാന്‍, സിംഗപ്പൂര്‍, സ്പെയിന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ രാജ്യങ്ങളെ ഈ വര്‍ഷം അതിഥികളായി ജി20യില്‍ ചേരാന്‍ ഇന്ത്യ ക്ഷണിച്ചിരുന്നു. അവസാനമായി, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ 55 അംഗരാജ്യങ്ങളുടെ, ഭൂഖണ്ഡാന്തര യൂണിയനായ ആഫ്രിക്കന്‍ യൂണിയന്‍ ജി20ല്‍ സ്ഥിരാംഗമായി. വിഷയാധിഷ്ഠിതമായി ഫൈനാന്‍സ് ട്രാക്ക്, ഷെര്‍പ്പ ട്രാക്ക്, എന്‍ഗേജ്മെന്റ് ഗ്രൂപ്പുകള്‍ എിങ്ങനെ മൂന്ന് പ്രധാന ട്രാക്കുകളിലൂടെയാണ് ജി20 പ്രവര്‍ത്തിക്കു ന്നത്. ജി20 അംഗരാഷ്ട്രങ്ങള്‍ ലോകത്തിലെ മൊത്തം സാമ്പത്തിക ഉല്‍പ്പാദനത്തിന്റെ 80%, ഭൂമിയിലെ ജനസംഖ്യയുടെ 60%, ആഗോള വ്യാപാരത്തിന്റെ 75% എന്നിവയെ പ്രതിനിധീകരിക്കുന്നു. എന്നാല്‍ കടം, ഭക്ഷ്യസുരക്ഷ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ, വികസ്വര രാജ്യങ്ങളെ ഗുരുതരമായി ബാധിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടതിന് ഈ ഗ്രൂപ്പ് മുമ്പുതന്നെ വിമര്‍ശിക്കപ്പെട്ടിരുന്നു. ‘ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്’, ‘ഞങ്ങള്‍ തിരിച്ചറിയുന്നു’, ‘ഞങ്ങള്‍ സ്ഥിരീകരിക്കുന്നു’ തുടങ്ങിയ ശ്രദ്ധാപൂര്‍വം തിരഞ്ഞെടുത്ത നല്ല വാക്യങ്ങളാല്‍ നിറഞ്ഞതാണ് ജി20 ഡല്‍ഹി പ്രഖ്യാപനം.
ജി20ക്ക് ചുവന്ന പരവതാനി വിരിച്ചപ്പോള്‍ ദരിദ്രരുടെ ദുരവസ്ഥ ചാക്കുകൊണ്ടുമറച്ചു
നടപടിക്രമങ്ങള്‍, പരിണതഫലം, മറ്റ് അനുബന്ധ പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് മുമ്പ്, ചേരികളിലും നടപ്പാതകളിലും മേല്‍പ്പാലങ്ങള്‍ക്ക് താഴെയും താമസിക്കുന്ന പാവപ്പെട്ട ആളുകള്‍ ഉച്ചകോടിയുടെ ആഘാതം ഏറ്റുവാങ്ങിയത് എങ്ങനെയെന്ന് നോക്കാം. തലസ്ഥാന നഗരിയിലെ വലിയൊരു വിഭാഗം നിവാസികള്‍ അനുഭവിക്കുന്ന ദാരിദ്ര്യവും ദുരിതവും ആഗോള നേതാക്കള്‍ കാണാതിരിക്കാന്‍, ചേരികള്‍ക്ക് ചുറ്റും ഉയരമുള്ള പച്ച മതിലുകള്‍ സ്ഥാപിച്ചു, അതിന്മേൽ പ്രധാനമന്ത്രി മോദിയുടെ മുഖം ആലേഖനം ചെയ്ത, ഉച്ചകോടി പ്രതിനിധികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള വലിയ പോസ്റ്ററുകള്‍ സ്ഥാപിച്ചു. സ്‌കൂളുകള്‍, ഓഫീസുകള്‍, ജോലിസ്ഥലങ്ങള്‍, മാര്‍ക്കറ്റുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ മൂന്ന് ദിവസത്തേക്ക് അടച്ചിടാന്‍ ഉത്തരവിട്ടു, റോഡുകളിലെ സഞ്ചാരം നിയന്ത്രിച്ചു, എല്ലാ ഭക്ഷണ വിതരണങ്ങളും നിരോധിച്ചു, കൂടാതെ ആളുകള്‍ വീട്ടില്‍തന്നെ തുടരാന്‍ നിര്‍ദ്ദേശിച്ചു. ഇത് ലോക്ക്ഡൗണിന് ഏതാണ്ട് സമാനമായിരുന്നു. ഒരു ദിവസത്തെ ജോലി പോലും നഷ്ടപ്പെടുത്താന്‍ കഴിയാത്ത, നഗരത്തിലെ പാവപ്പെട്ടവരുടെയും, ദിവസ വേതനക്കാരുടെയും ജീവിതത്തെയും ഉപജീവനത്തെയും ഇത് പ്രതികൂലമായി ബാധിച്ചു. ഫ്ളൈ ഓവറുകള്‍ക്ക് താഴെയും റോഡുകളിലും താമസിക്കുന്ന ഭവനരഹിതരായ നാലായിരത്തിലധികം ആളുകളെ ഡല്‍ഹിയുടെ പ്രാന്തപ്രദേശത്തുള്ള ഷെല്‍ട്ടറുകളിലേക്ക് മാറ്റി. പ്രമുഖ പൗരാവകാശ പ്രവര്‍ത്തകനായ ഹര്‍ഷ് മന്ദര്‍ പറഞ്ഞു ‘ദരിദ്രരായ മനുഷ്യരെ നഗരത്തില്‍നിന്ന് പുറത്താക്കുന്നതിനോ, പൊതുഇടത്തില്‍ നിന്ന് മായ്ച്ചുകളയുതിനോ ഉള്ള ഒരുതരം വിറളി പിടിച്ച ശ്രമമാണിത്’. എന്നാല്‍ ക്രൂരതയും മനുഷ്യത്വമില്ലായ്മയും അവിടെ ഒതുങ്ങിനിന്നില്ല. കഴിഞ്ഞ മെയ് മുതല്‍, ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് തകരപ്പാളികള്‍ കൊണ്ട് ചേരികളില്‍ നിര്‍മ്മിച്ച നൂറുകണക്കിന് താത്കാലിക വീടുകള്‍ തകര്‍ത്തു തരിപ്പണമാക്കി. താമസക്കാരില്‍ ഭൂരിഭാഗവും കൂലിപ്പണിക്കാരും ദരിദ്രരും ഈ ചെറുെഷഡുകളില്‍ പതിറ്റാണ്ടുകളായി ജീവിച്ചുപോന്നവരുമായിരുന്നു. ജി20 ഉച്ചകോടിക്ക് വേണ്ടിയുള്ള സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായിരുന്നു ഈ പൊളിക്കല്‍ അഭ്യാസമെന്ന് ഉദ്യോഗസ്ഥർതന്നെ പറഞ്ഞു. ജനങ്ങളുടെ അഭയകേന്ദ്രങ്ങള്‍ നശിപ്പിക്കുകയും മനുഷ്യോചിതമല്ലാത്ത ജീവിതാവസ്ഥ പുറത്തുകാണാതിരിക്കാൻ മറയിടേണ്ടിവരുകയും ചെയ്യുന്നത് തീവ്രമായ അസമത്വം മറച്ചുവെക്കാനുള്ള ഒരു പ്രകടമായ ശ്രമമായിരുന്നു. 2024ല്‍ വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പായി, ജി20ക്ക് ചുവപ്പു പരവതാനി വിരിച്ച് ഒരു പബ്‌ളിക് റിലേഷന്‍സ് അഭ്യാസം മാത്രമാക്കി മാറ്റി, ദരിദ്രരായ മനുഷ്യരുടെ ദുരവസ്ഥയെ അവഗണിച്ചുകൊണ്ടാണ് ഡല്‍ഹി തിളങ്ങിയത്.
എന്തുകൊണ്ടാണ് ജി20യെ ചുറ്റിപ്പറ്റി ബിജെപി ഇത്രയധികം ശബ്ദകോലാഹലം ഉയർത്തുന്നത്?
വളരെ ശ്രദ്ധാപൂര്‍വ്വം തയ്യാറാക്കിയ വ്യാജ സ്ഥിതിവിവരക്കണക്കു കള്‍ക്കും, വ്യാജ വിവരങ്ങള്‍ക്കും മറയ്ക്കാന്‍ കഴിയാത്തവിധം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലാണ്. ഒരുപിടി അതിസമ്പന്നരും അസംഖ്യം ദരിദ്രരും തമ്മിലുള്ള സമ്പത്തിന്റെ അന്തരം, വിലക്കയറ്റം, തൊഴിലില്ലായ്മ, വരുമാന മാര്‍ഗ്ഗങ്ങളില്‍ ഉണ്ടായ സ്ഥിരമായ ഇടിവ്, പട്ടിണി, പട്ടിണി മരണങ്ങള്‍, പോഷകാഹാരക്കുറവ് തുടങ്ങിയവ അമിതമായി വര്‍ദ്ധിക്കുമ്പോള്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുക, അതോടൊപ്പം ലോകം ഇതിനകം തന്നെ ‘വിശ്വഗുരു’ എന്ന് അംഗീകരിച്ചിരിക്കേ ഒരു വന്‍ശക്തിയായും മാറുക എന്നതാണ് ബിജെപി സര്‍ക്കാരിന്റെ സ്വപ്നം. ഏറെ കൊട്ടിഘോഷിക്കപ്പെട്ട ‘അമൃത് കാലത്തില്‍’ ദശലക്ഷക്കണക്കിന് കഷ്ടപ്പെടുന്നവരുടെ ബുദ്ധിമുട്ട് ലഘൂകരിക്കുമെന്ന ഭാവേനയാണ് ഇത് ചെയ്യുന്നത്.
പ്രധാനമന്ത്രി മോദിയുടെ പാദസേവകര്‍, ”ഇന്ത്യക്ക് വന്‍ശക്തി പദവി നേടിയെടുക്കാന്‍ കഴിവുള്ള ഒരേയൊരു വ്യക്തി മോദിയാണ്” എന്ന യാതൊരു അടിസ്ഥാനവുമില്ലാത്ത പ്രചാരണത്തിന്റെ തിരക്കിലാണ്. ഇവ്വിധ പ്രഹസനങ്ങളെ ചില മാധ്യമങ്ങള്‍ ഇങ്ങനെയാണ് നിരീക്ഷിച്ചത്, ”മോദി തന്റെ പ്രതിച്ഛായ പ്രൗഢമാക്കാനും പാര്‍ട്ടിയെ ഉയര്‍ത്താനും വേണ്ടി ഇന്ത്യയുടെ ജി20 അധ്യക്ഷസ്ഥാനം കൗശലപൂര്‍വ്വം വിപണനം ചെയ്യുന്നു. അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ദേശീയ വികാരം ഉയര്‍ത്തി വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ തിരിച്ചെത്താനുള്ള സാധ്യത വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നു.”
പൊള്ളയായ വാഗ്ദാനങ്ങള്‍ നിറഞ്ഞ പ്രഖ്യാപനം
ഉച്ചകോടി ഒരു സംയുക്ത പ്രഖ്യാപനം പുറപ്പെടുവിച്ചു. ഉച്ചകോടിക്കുശേഷം ന്യൂഡല്‍ഹി പ്രഖ്യാപനം പുറപ്പെടുവിക്കു ന്നതിന് മുമ്പ് തങ്ങള്‍ക്കിടയില്‍ സമവായം ഉണ്ടായിട്ടുണ്ടെന്ന് എല്ലാ അംഗങ്ങളും പറഞ്ഞു. ‘ യുക്രൈനിലെ സംഘര്‍ഷം, ആഗോള ഭക്ഷ്യ-ഊര്‍ജ്ജ സുരക്ഷയില്‍ ഉണ്ടാക്കിയ ഹാനികരമായ പ്രത്യാഘാതങ്ങളെയും തന്മൂലം ജനങ്ങൾക്കുണ്ടായ കഷ്ടപ്പാടുകളെയും’ പ്രഖ്യാപനം അപലപിച്ചു, എന്നാല്‍ യുദ്ധത്തിന് തുടക്കമിട്ട റഷ്യയെ നേരിട്ടു വിമര്‍ശിക്കുന്നതില്‍നിന്ന് വിട്ടുനിന്നു. അതുപോലെതന്നെ യുദ്ധത്തില്‍ പങ്കാളികളായ, യുദ്ധക്കൊതിയന്മാരായ യുഎസിനെയും, നാറ്റോയെയും പരാമര്‍ശിക്കുകപോലും ചെയ്തില്ല. റഷ്യയില്‍നിന്ന് വളരെ കുറഞ്ഞ വിലയ്ക്ക് എണ്ണയും ആയുധങ്ങളും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളുടെ നയതന്ത്ര അഭ്യാസങ്ങളും, പ്രമേയത്തില്‍ റഷ്യയെ കുറിച്ചുള്ള പരാമര്‍ശം ഒഴിവാക്കുന്നതിന് കാരണമായി വര്‍ത്തിച്ചു. പ്രത്യക്ഷത്തില്‍, അന്താരാഷ്ട്ര സാമ്പത്തിക, രാഷ്ട്രീയ മേഖലകളില്‍ ആധിപത്യം ഉറപ്പാക്കുന്നതില്‍, തങ്ങളെ വെല്ലുവിളിക്കുന്ന സാമ്രാജ്യത്വ എതിരാളികളായ റഷ്യയെയും ചൈനയെയും എതിര്‍ക്കുന്ന അമേരിക്കയ്ക്ക് ഇത് ഒരു പ്രഹരമായിരുന്നു. മിഡില്‍ ഈസ്റ്റില്‍ മാത്രമല്ല ആഫ്രിക്കയിലും ചൈനീസ് സ്വാധീനം നിയന്ത്രിക്കാന്‍ പെന്റഗണ്‍ ഭരണാധികാരികള്‍ പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇറാഖ് ആക്രമണം, സിറിയയിലെ പ്രശ്നങ്ങള്‍ രൂക്ഷമാക്കല്‍, പലസ്തീന്‍ വിമോചന പ്രസ്ഥാനത്തെ അടിച്ചമര്‍ത്തല്‍, സയണിസ്റ്റ് ഇസ്രയേലിനെ പിന്തുണയ്ക്കല്‍, അഫ്ഗാനിസ്ഥാനിലെ മോശം ഇടപെടല്‍ തുടങ്ങിയ കാരണങ്ങളാല്‍ മിഡില്‍ ഈസ്റ്റിലെ പല ഗവൺമെന്റുകളും തങ്ങളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും അമേരിക്കയെ കുറ്റപ്പെടുത്തുന്നു. നമ്മള്‍ നേരത്തെ പറഞ്ഞതുപോലെ, ഉദാരമായ സാമ്പത്തിക സഹായം നല്‍കി ചൈന മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുമായി ചങ്ങാത്തം കൂടുന്നു. ഇതുവരെ മിഡില്‍ ഈസ്റ്റിലെ സാമ്പത്തിക ഇടപെടലിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെങ്കിലും, സമീപ മാസങ്ങളില്‍ ചൈന, പ്രാദേശിക സംഘര്‍ഷങ്ങളില്‍ മധ്യസ്ഥതയില്‍ ഏര്‍പ്പെടാനും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ബെയ്ജിംഗ് ഇടനിലക്കാരനായി വര്‍ത്തിച്ച സൗദി-ഇറാന്‍ നോര്‍മലൈസേഷന്‍ കരാര്‍, പ്രാദേശിക രാഷ്ട്രീയ, സുരക്ഷാ വിഷയങ്ങളില്‍ ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന ഇടപെടലിനെ സൂചിപ്പിക്കുന്നു. ഇസ്രയേല്‍-പലസ്തീന്‍ പ്രതിസന്ധി ലഘൂകരിക്കാനും, ഇറാന്‍ ആണവ കരാര്‍ പുതുക്കാനും ചൈനീസ് ഉദ്യോഗസ്ഥര്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മിഡില്‍ ഈസ്റ്റില്‍ റഷ്യയുടെ പിടി ഗണ്യമായി കുറയുന്നു. ആ മേഖലയില്‍ മുന്‍നിര ബാഹ്യശക്തിയെന്ന നിലയില്‍ ചൈന അമേരിക്കയെ മറികടക്കുമെന്ന് ഊഹാപോഹങ്ങളുണ്ട്.
മറുവശത്ത്, സൗദി അറേബ്യ, യുഎഇ, ഈജിപ്ത്, ഇസ്രായേല്‍ തുടങ്ങിയ മിഡില്‍-ഈസ്റ്റ് രാജ്യങ്ങളുമായി ഇന്ത്യ നല്ല ബന്ധമാണ് പുലര്‍ത്തുന്നത്. ഹൈഡ്രോകാര്‍ബണ്‍ ഇറക്കുമതിയില്‍നിന്നും, പ്രവാസികളയക്കുന്ന പണത്തില്‍നിന്നും ഇന്ത്യക്ക് പ്രയോജനം ലഭിക്കുന്നതിനാല്‍, ഏഴ് പ്രധാന അറബ് രാജ്യങ്ങളുടെ ഗള്‍ഫ് സഹകരണ കൗൺസിലിനെ (ജിസിസി) ഇന്ത്യ എല്ലായ്‌പ്പോഴും ഒരു അവശ്യ സാമ്പത്തിക പങ്കാളിയായി കണക്കാക്കുന്നു. ഇന്ത്യയും ഇസ്രയേലും യുഎഇയും ചേര്‍ന്ന് ‘ഇന്തോ അബ്രഹാമിക് സഖ്യം’ എന്ന് വിശേഷിപ്പിക്കുന്ന ഒരു സഖ്യം രൂപീകരിച്ചു. അതിനാല്‍, ഇന്ത്യയുമായുള്ള ബന്ധം പ്രയോജനപ്പെടുത്തി മിഡില്‍-ഈസ്റ്റില്‍ തങ്ങളുടെ പുനഃപ്രവേശനം നേടാനാകുമെന്ന് യുഎസ് പ്രതീക്ഷിക്കുന്നു. ആയുധ ഉടമ്പടി, സംയുക്ത സൈനിക അഭ്യാസങ്ങള്‍, ഉഭയകക്ഷി വ്യാപാരം ഉദാരമാക്കല്‍, ബഹിരാകാശ സാങ്കേതികവിദ്യയ്ക്ക് സഹായം നല്‍കല്‍, ഇന്ത്യന്‍ മണ്ണില്‍ സെമികണ്ടക്ടര്‍ വ്യവസായം സ്ഥാപിക്കല്‍ തുടങ്ങിയവയിലൂടെ ഇന്ത്യയുമായി സൗഹൃദം സ്ഥാപിക്കുന്നു. അതുകൊണ്ടാണ് അമേരിക്ക ഈ പ്രഖ്യാപനത്തിന് സമ്മതം നല്‍കിയത്. നിരന്തരമായ അതിര്‍ത്തി തര്‍ക്കത്തില്‍ ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധം തണുത്തുറഞ്ഞതാണെങ്കിലും, യുഎസ്-ചൈന സ്പര്‍ദ്ധ എല്ലാ മേഖലകളിലും വ്യക്തമായിക്കാണാന്‍ കഴിയുന്നുണ്ടെങ്കിലും, ചൈനയ്ക്കെതിരെ ഒരു പരാമര്‍ശവും ഉണ്ടായില്ല, കാരണം അത് സമവായത്തിലധിഷ്ഠിതമായ രേഖ എന്നതിനെ അപകടത്തിലാക്കും. ആഫ്രിക്കന്‍ യൂണിയനെ ജി20യില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ആഫ്രിക്കയില്‍ വളരുന്ന ചൈനീസ് ആധിപത്യത്തെ പ്രതിരോധിക്കാന്‍ ഇന്ത്യ ശ്രമിച്ചു. ആഗോള വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനും, വികസ്വര രാജ്യങ്ങളുടെ ശക്തിയും പ്രാധാന്യവും പ്രകടിപ്പിക്കുന്നതിനുമുള്ള ഒരു റോഡ് മാപ്പായി ഇന്ത്യയുടെ അദ്ധ്യക്ഷതയില്‍ നടന്ന ജി20 ഉച്ചകോടിയെ ‘ഒരു മുന്നേറ്റം’ എന്ന് റഷ്യ പ്രശംസിച്ചു. ആഗോള വെല്ലുവിളികളെ നേരിടാനും വികസനം പ്രോത്സാഹിപ്പിക്കാനും ജി20 ഒരുമിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു എന്ന് പ്രസ്താവിച്ച് ന്യൂഡല്‍ഹി പ്രഖ്യാപനത്തെ പിന്തുണച്ച് ചൈനയും രംഗത്തെത്തി.
പക്ഷേ അടിയൊഴുക്ക് മാറിയിട്ടില്ല. മിഡില്‍ ഈസ്റ്റിലും മറ്റിടങ്ങളിലും ബെല്‍റ്റ് ആന്‍ഡ് റോഡ് നിക്ഷേപങ്ങളിലൂടെ ചൈന സ്വാധീനം വര്‍ദ്ധിപ്പിക്കുന്നു. അതിനെ പ്രതിരോധിക്കാന്‍, പ്രധാനമന്ത്രി മോദി ഉച്ചകോടിയില്‍, അമേരിക്ക, സൗദി അറേബ്യ, യൂറോപ്യന്‍ യൂണിയന്‍, യുഎഇ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി എന്നീ രാജ്യങ്ങളുമായി യുറോപ് എക്കണോമിക് ഇടനാഴിയില്‍ കൂടി മിഡില്‍ ഈസ്റ്റില്‍ ഇന്ത്യയുടെ പിടി ഉറപ്പിക്കുന്നതിന് ഒരു ധാരണാപത്രത്തില്‍ ഒപ്പുവച്ചു. റെയില്‍വേയും കടല്‍ പാതകളും ഉള്‍ക്കൊള്ളുന്ന ഗതാഗത റൂട്ടുകളുടെ ഒരു ശൃംഖലയായാണ് ഈ ഇടനാഴി വിഭാവനം ചെയ്തിരിക്കുന്നത്. സൗദി അറേബ്യ, ഇസ്രയേല്‍, യുഎഇ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ ഈ സംരംഭത്തിന്റെ ഭാഗമാകുമെന്ന് പറഞ്ഞുകൊണ്ട് യുഎസ് പ്രസിഡന്റ് ഈ പദ്ധതിയെ പിന്തുണച്ചു.
കാലാവസ്ഥയെ സംബന്ധിച്ച ചോദ്യങ്ങള്‍
വര്‍ദ്ധിച്ചുവരുന്ന പാരിസ്ഥിതിക മലിനീകരണവും ആഗോളതാപനവും അനന്തരഫലമായ കാലാവസ്ഥാ ദുരന്തങ്ങളും നാഗരികതയുടെ നിലനില്‍പ്പിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നു. എന്നാല്‍ അവശ്യവും മൂര്‍ത്തവുമായ പരിഹാര നടപടികള്‍ ജി20 പ്രഖ്യാപിച്ചില്ല. ഘട്ടം ഘട്ടമായി ഫോസില്‍ ഇന്ധനങ്ങൾ പുറന്തള്ളേണ്ടത് നെറ്റ്-സീറോ എമിഷന്‍ നേടുന്നതിന് ‘അനിവാര്യമാണ്’ എന്ന് ഐക്യരാഷ്ട്രസഭയുടെ ഒരു റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടും, ജി 20 ഉച്ചകോടിയിലെ നേതാക്കള്‍ ഫോസില്‍ ഇന്ധനങ്ങളെ ഉപേക്ഷിക്കുന്നതില്‍ ഒരു സമവായത്തിലെത്തിയില്ല. ആഗോള കാർബൺ എമിഷന്റെ 80 ശതമാനവും ജി20 രാജ്യങ്ങളുടെ സംഭാവനയാണ്. ഈ നിര്‍ണായക വിഷയത്തില്‍ യോജിക്കാന്‍ കഴിയാത്തത്, എണ്ണ സമ്പന്നമായ യുഎഇയില്‍ നവംബറില്‍ ആരംഭിക്കാനിരിക്കുന്ന കാലാവസ്ഥാ ചര്‍ച്ചകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു. ബഹുമുഖ കാലാവസ്ഥാ ഫണ്ടുകളിലേക്കുള്ള പ്രവേശനം സുഗമമാക്കുന്ന തിനും, പ്രശ്നം പരിഹരിക്കുന്നതിന് സ്വകാര്യമൂലധനം സമാഹരിക്കാനുള്ള അവരുടെ സ്വാധീനവും കഴിവും വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചും പ്രഖ്യാപനം പരാമര്‍ശിക്കുന്നുണ്ട്. യൂറോപ്യന്‍ യൂണിയനും അമേരിക്കയും മറ്റ് വ്യാവസായിക രാജ്യങ്ങളും ചുമത്താന്‍ പോകുന്ന ഏകപക്ഷീയമായ കാര്‍ബണ്‍ നികുതികള്‍ക്കെതിരെയും പ്രഖ്യാപനം കണ്ണടച്ചു.
ജനങ്ങളുടെ പ്രീതി നേടാനായി, കാര്‍ബണ്‍ വിലനിര്‍ണ്ണയത്തിന്റെ രീതികള്‍, കാര്‍ബണ്‍ ന്യൂട്രാലിറ്റി, നെറ്റ് സീറോ എന്നിവയിലേക്കുള്ള പ്രോത്സാഹനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സാമ്പത്തിക, വിപണന, നിയന്ത്രണ സംവിധാനങ്ങളടങ്ങുന്ന നയങ്ങളുടെ പ്രാധാന്യം ആവര്‍ത്തിക്കുക മാത്രമാണ് പ്രഖ്യാപനം ചെയ്തത്.
‘കാലാവസ്ഥാ സംബന്ധമായ സ്ഥിര ധനസഹായ’ത്തെ കുറിച്ച് പ്രതിപാദിക്കു മ്പോള്‍ ന്യൂഡല്‍ഹി പ്രഖ്യാപനം അതിന്റെ ഏറ്റവും ദുര്‍ബലമായ സ്ഥിതിയിലായിരുന്നു. അതില്‍ പറയുന്നത്, ”വികസ്വര രാജ്യങ്ങള്‍ക്ക്, പ്രത്യേകിച്ചും അവരുടെ ദേശീയമായി നിശ്ചയിച്ചിട്ടുള്ള കാര്‍ബൺ പുറന്തള്ളലില്‍ വരുത്തേണ്ട കുറവ് നടപ്പിലാക്കാന്‍ 2030ന് മുമ്പുള്ള കാലയളവില്‍ 5.8-5.9 ട്രില്യണ്‍ യുഎസ് ഡോളര്‍ ആവശ്യമാണ്”. അടുത്ത ഖണ്ഡികയില്‍, ”2020ഓടെ പ്രതിവര്‍ഷം 100 ബില്യണ്‍ യുഎസ് ഡോളര്‍ കാലാവസ്ഥാ ധനസഹായം സംയുക്തമായി സമാഹരിക്കുന്നതിന് വികസിത രാജ്യങ്ങള്‍ 2010ല്‍ നടത്തിയ പ്രതിജ്ഞാബദ്ധത” അടിവരയിടുന്നു. അങ്ങനെ, ഗ്ലോബല്‍ സൗത്തിനെ പ്രതിനിധീകരിക്കുന്നു എന്ന ഇന്ത്യയുടെ അഭിമാനകരമായ പ്രതിച്ഛായ ഒറ്റയടിക്ക് മങ്ങി.
മുന്‍കാല വാഗ്ദാനങ്ങളെക്കുറിച്ചുള്ള വാചകമടികൾ
ജി20 ഉച്ചകോടിയില്‍ നടത്തിയ ഉച്ചത്തിലുള്ള സമവായ പ്രഖ്യാപനങ്ങള്‍ 2015ല്‍ യുഎന്‍ സ്ഥാപിച്ച 17 സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ആവര്‍ത്തനമല്ലാതെ മറ്റൊന്നുമല്ല.
ഒരു പ്രഖ്യാപനം ഇങ്ങനെ പറയുന്നു: ‘ദേശീയ സാഹചര്യങ്ങള്‍ക്കനുസൃതമായി, പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ്ജത്തിന്റെ പങ്ക് ഉയര്‍ത്തിയും കല്‍ക്കരി ക്രമേണ കുറച്ചുകൊണ്ടുമുള്ള ഊര്‍ജ്ജ പരിവര്‍ത്തനത്തിന് ലോകത്തിന് പ്രതിവര്‍ഷം ചുരുങ്ങിയത് 4 ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക സഹായം ആവശ്യമാണ്.’ പുനരുല്‍പ്പാദി പ്പിക്കാവുന്ന ഊര്‍ജ്ജം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള ഒരു പദ്ധതിയും ഗ്രൂപ്പ് നല്‍കിയിട്ടില്ല.
പാരീസ് ഉടമ്പടിയുടെ കാലാവസ്ഥാ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ആഗോള നിക്ഷേപം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത, 2030ന് മുമ്പുള്ള കാലയളവില്‍ അവരുടെ ബഹിര്‍ഗമന ലക്ഷ്യങ്ങള്‍ നടപ്പിലാക്കുന്നതിന് 5.8-5.9 ട്രില്യണ്‍ ഡോളറിന്റെ ആവശ്യകത, 2030ഓടെ വികസ്വര രാജ്യങ്ങളുടെ പുനഃരുപയോഗ ഊര്‍ജ്ജം മൂന്നിരട്ടിയാക്കുക, ഒരു ആഗോള ജൈവ ഇന്ധന സഖ്യം സ്ഥാപിക്കുക തുടങ്ങിയ വസ്തുതകളെ അംഗീകരിച്ചു. സംരക്ഷണവാദത്തെയും വിപണിയെ വളച്ചൊടിക്കുന്ന രീതികളെയും നിരുത്സാഹപ്പെടുത്തി ഒരു സമനിലയും ന്യായമായ മത്സരവും ഉറപ്പാക്കാനുള്ള പ്രതിബദ്ധത അത് പുതുക്കി. ‘സുസ്ഥിര ധനസഹായം വര്‍ദ്ധിപ്പിക്കുന്നതിന് നടപടിയെടുക്കുന്നതിനുള്ള’ പ്രതിബദ്ധത അത് ഒരിക്കല്‍കൂടി ആവര്‍ത്തിച്ചു. എന്നാല്‍ ജി20 രാജ്യങ്ങളൊന്നും ഇതിനായി പണം നീക്കിവെക്കാന്‍ തയ്യാറല്ല എന്നതാണ് വസ്തുത.
സുസ്ഥിര വികസനത്തിനുതകുന്ന ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന തിനും, ജൈവവൈവിധ്യം, വനങ്ങള്‍, സമുദ്രങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനും, മെഡിക്കല്‍ പ്രതിരോധ നടപടികളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുതിനും, വികസ്വര രാജ്യങ്ങളില്‍ കൂടുതല്‍ വിതരണവും ഉല്‍പ്പാദനശേഷിയും സുഗമമാക്കുന്നതിനും, ഭാവിയിലെ ആരോഗ്യ അടിയന്തരാവസ്ഥകള്‍ക്കായി സജ്ജമാകുന്നതിനും, 2030ലെ അജണ്ടയുടെ പൂര്‍ണവും ഫലപ്രദവുമായ നടപ്പാക്കല്‍ ത്വരിതപ്പെടുത്തുന്ന കാര്യത്തിലും സമവായത്തിലെത്തി. എന്നാല്‍ ഈ ലക്ഷ്യങ്ങള്‍ എങ്ങനെ നേടാം, ഫണ്ട് എവിടെ നിന്ന് ലഭിക്കും തുടങ്ങിയ കാര്യങ്ങളൊന്നും പ്രഖ്യാപനത്തില്‍ പരാമര്‍ശിച്ചിട്ടില്ല. ഈ പ്രശ്‌നങ്ങളെല്ലാം 2015ല്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ സംബന്ധിച്ച വാര്‍ഷിക മീറ്റിംഗുകളില്‍ തീരുമാനിക്കുകയും പങ്കെടുത്ത എല്ലാ രാജ്യങ്ങളും അവയില്‍ പ്രവര്‍ത്തിക്കാന്‍ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.
‘ജി20 രാഷ്ട്രീയമോ, സെക്യൂരിറ്റി സംബന്ധമോ ആയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള വേദിയല്ല’ എന്നും അത് പ്രാഥമികമായി ഒരു സാമ്പത്തിക വേദിയാണെന്നും വ്യക്തമായ പ്രസ്താവന നടത്തി. അതോടൊപ്പം, ‘മനുഷ്യരുടെ ഒടുങ്ങാത്ത കഷ്ടപ്പാടുകളെക്കുറിച്ചും, ലോകമെമ്പാടുമുള്ള യുദ്ധങ്ങളുടെയും സംഘര്‍ഷങ്ങളുടെയും ആഘാതങ്ങളെക്കുറിച്ചും ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചു. എന്നാല്‍ സാമ്രാജ്യത്വ രാജ്യങ്ങള്‍, പ്രത്യേകിച്ച് അമേരിക്ക തുടങ്ങിവച്ച, പ്രാദേശിക-ഭാഗിക യുദ്ധങ്ങളും സംഘര്‍ഷങ്ങളുംമൂലം ലോകം ഇന്ന് അഭിമുഖീകരിക്കുന്ന കെടുതികളെക്കുറിച്ചും ഡല്‍ഹി പ്രഖ്യാപനം നിശബ്ദമാണ്.
ജി20യുടെ സമവായ പ്രഖ്യാപനം ഇങ്ങനെ പറയുന്നു: ‘അഴിമതിയോട് ഒട്ടും സഹിഷ്ണുതയില്ല എന്ന ഞങ്ങളുടെ പ്രതിജ്ഞാബദ്ധത ഞങ്ങള്‍ വീണ്ടും ഉറപ്പിക്കുന്നു. അക്രമത്തിലൂടെ സമാഹരിച്ച സമ്പത്ത് പിടിച്ചെടുക്കാനും ഇരകള്‍ക്കും രാജ്യങ്ങള്‍ക്കും അന്താരാഷ്ട്ര ബാധ്യതകള്‍ക്കും ആഭ്യന്തര നിയമങ്ങള്‍ക്കും അനുസൃതമായി തിരികെ നല്‍കാനുമുള്ള ആഗോള ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ പിന്തുണ വീണ്ടും ഉറപ്പിക്കുന്നു.’
ഇന്ത്യയില്‍നിന്നുതന്നെ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് ലക്ഷക്കണക്കിന് കോടികള്‍ കൊള്ളയടിച്ച് നിരവധിപ്പേര്‍ ഒളിച്ചോടിപ്പോയതായി നമുക്കറിയാം. എന്നാല്‍ അവരെ പിടികൂടാനോ രാജ്യത്തിന് പുറത്ത് സ്വിസ് ബാങ്ക് അക്കൗണ്ടുകളിലോ ‘ടാക്സ് ഹെവൻ’ രാജ്യങ്ങളിലോ സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം തിരികെ കൊണ്ടുവരുന്നതിനോ കഴിഞ്ഞ ഏഴ് വര്‍ഷമായി ഒന്നും ചെയ്തിട്ടില്ല. 2022ല്‍ 180 രാജ്യങ്ങളില്‍ 85-ാം സ്ഥാനത്താണ് അഴിമതിക്കെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയുടെ സ്ഥാനം. ഇത് ഇന്ത്യയുടെ പോരാട്ടത്തിന്റെ തനിനിറം വ്യക്തമാക്കുന്നു. ഇന്ത്യ മതത്തിലേക്കും, മതപ്രതിപത്തിയിലേക്കും പിന്തിരിഞ്ഞുനില്‍ക്കുന്ന ഒരു സമയത്ത്, പ്രഖ്യാപനത്തിന്റെ 31-ാം ഖണ്ഡികയിലെ ‘സംസ്‌ക്കാരം ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഒരു പരിവര്‍ത്തന ചാലകം’ എന്ന പരാമര്‍ശം തീര്‍ച്ചയായും സംശയാസ്പദമാണ്. കാരണം, സുസ്ഥിരവികസനം അഭിലഷണീയമായ ഒരു ഭാവി വിഭാവനം ചെയ്യുന്നു. ഇത് സമത്വത്തിലധിഷ്ഠിതവും ഏവരെയും ഉള്‍ക്കൊള്ളുന്നതും സമാധാനപരവും ‘മതേതരം’ എന്ന ആശയത്തെ മുറുകെപ്പിടിക്കുന്നതുമാണ്.
ദേശീയ നയങ്ങള്‍ക്കും നിയമനിര്‍മ്മാണങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുസൃതമായി, മനുഷ്യാവകാശങ്ങളോടും അവരുടെ മൗലികസ്വാതന്ത്ര്യങ്ങളോടും പൂര്‍ണമായ ബഹുമാനം ഉറപ്പാക്കിക്കൊണ്ട്, കൂടുതല്‍ ഉള്‍ക്കൊള്ളല്‍ സ്വഭാവമുള്ള ലോകത്തിനായുള്ള ഞങ്ങളുടെ ശ്രമങ്ങളില്‍, കുടിയേറ്റ തൊഴിലാളികളും അഭയാര്‍ത്ഥികളും ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാരെ, അവരുടെ കുടിയേറ്റപദവി പരിഗണിക്കാതെ പിന്തുണയ്ക്കുന്നതിനുള്ള പ്രതിബദ്ധത ഞങ്ങള്‍ വീണ്ടും ഉറപ്പിക്കുന്നുവെന്നും ജി20 പ്രഖ്യാപിച്ചു. കൊവിഡ് 19 കാലത്ത് മോദി സര്‍ക്കാര്‍ പെട്ടെന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോള്‍ കുടിയേറ്റ തൊഴിലാളികള്‍ ഇന്ത്യയില്‍ എത്രമാത്രം ദുരിതമനുഭവിച്ചു വെന്ന് ഓര്‍ക്കുക. റോഡുകളിലും റെയില്‍വേ ലൈനുകളിലും തൊഴിലാളികള്‍ മരിക്കുമ്പോള്‍ മോദി സര്‍ക്കാര്‍ നിശബ്ദ കാഴ്ചക്കാരായിരുന്നു. മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ സ്വഭാവം അതായിരുന്നു.
ജി20 ഒരു വലിയ തട്ടിപ്പ്
അമേരിക്കയുടെയും ഇന്ത്യയുടെയും റഷ്യയുടെയും ചൈനയുടെയും മറ്റ് വികസ്വര രാജ്യങ്ങളുടെയും താല്‍പ്പര്യം ഒരേ ബോട്ടില്‍ സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കാമോ? തീര്‍ച്ചയായും ഇല്ല. പ്രകടമായ ഐക്യത്തിന്റെ മൂടുപടത്തിന് പിന്നില്‍, അവരെല്ലാം ആഗോള വിപണിയില്‍ ഒരു വലിയ ഭാഗം കൈയടക്കാനും, മികച്ച രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യാനും ശ്രമിക്കുന്നു. സാമ്രാജ്യത്വ വന്‍ശക്തികള്‍ വികസ്വര രാജ്യങ്ങളില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്, രണ്ടാമത്തേക്കൂട്ടര്‍ അവരില്‍നിന്ന് കൂടുതല്‍ നേട്ടങ്ങള്‍ക്കായി വിലപേശാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നു. ഈ കാരണത്താലാണ് പ്രഖ്യാപനത്തിന്റെ ഭാഷ ‘ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാകും’, ‘ഞങ്ങള്‍ തിരിച്ചറിയുന്നു’, ‘ഞങ്ങള്‍ ആവര്‍ത്തിച്ചു പറയുന്നു’ എന്നൊക്കെയുള്ള ശ്രദ്ധാപൂര്‍വ്വമായ പദപ്രയോഗങ്ങള്‍ പ്രഖ്യാപനത്തില്‍ കാണുന്നത്. ആകസ്മികമായി, ഖണ്ഡിക 16ല്‍ പറയുന്നു, ”വീക്ഷണത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം ഉയരുകയാണ്… ആഗോള സാമ്പത്തിക സ്ഥിതിയില്‍ ഉണ്ടാകുന്ന ഞെരുക്കം, കടബാധ്യത, നിരന്തരമായ പണപ്പെരുപ്പം, സാമ്പത്തിക സമ്മര്‍ദ്ദം എന്നിവയെ കൂടുതല്‍ വഷളാക്കും, അപകടസാധ്യതകളുടെ സന്തുലിതാവസ്ഥ തകരാറിലാക്കുകയും ചെയ്യും.”
വര്‍ദ്ധിച്ചുവരുന്ന കടബാധ്യത, പണപ്പെരുപ്പം, സാമ്പത്തിക പിരിമുറുക്കം എന്നിവയുടെ കാര്യത്തില്‍ ജി20യിലെ അംഗങ്ങള്‍ വളരെയധികം ആശങ്കാകുലരാണെന്ന മട്ടില്‍ പരാമര്‍ശിക്കപ്പെട്ടു. ഈ വ്യതിയാനങ്ങളെയും വ്യാധികളെയും ഉന്മൂലനം ചെയ്യാനുള്ള കൃത്യവും സമയബന്ധിതവുമായ പദ്ധതിയെവിടെ? അത് ഒഴിവാക്കേണ്ടി വന്നു. കാരണം, ഇവയെല്ലാം സൃഷ്ടിച്ചത് ജീര്‍ണാവസ്ഥയിലായ, തീര്‍ത്തും അഴിമതി നിറഞ്ഞ പിന്തിരിപ്പന്‍ സാമ്രാജ്യത്വ-മുതലാളിത്തമാണ്. പിന്നെ, ആചാരംപോലെ നടത്തുന്ന വ്യാജവാഗ്ദാനങ്ങളാലും അധര വ്യായാമത്താലും സമൃദ്ധമായ ഒരു ഒത്തുതീര്‍പ്പ് രേഖയല്ലാതെ മറ്റെന്താണ് ഈ പ്രഖ്യാപനം? അതിനാല്‍, ‘സമവായ രേഖ’ എന്ന് വിളിച്ചുകൂവുന്നതില്‍ കാര്യമില്ല. വ്യക്തമായും, മുന്‍ ജി20 പ്രഖ്യാപനങ്ങള്‍ പോലെ, ന്യൂഡല്‍ഹി പ്രഖ്യാപനവും ഒരു തട്ടിപ്പാണ്.
ജി20 ജനങ്ങളുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുതിനുള്ള വേദിയല്ല
ജി20 ജനങ്ങളുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിനുള്ള വേദിയല്ല, മറിച്ച് സാമ്രാജ്യത്വ-മുതലാളിത്ത ക്യാമ്പിനുള്ളിലെ വൈരുദ്ധ്യങ്ങൾ മയപ്പെടുത്തിയെടുക്കുന്നതിനുള്ള സമ്മേളനം മാത്രമാണ്. ഉച്ചകോടിയിൽ പങ്കെടുത്ത ആഗോള നേതാക്കള്‍ക്ക് അവര്‍ വിധേയപ്പെട്ടിരിക്കുന്ന ഭരണ മുതലാളിവര്‍ഗം ജനജീവിതത്തില്‍ സൃഷ്ടിക്കുന്ന വര്‍ദ്ധിച്ചുവരുന്ന ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതില്‍ താല്‍പ്പര്യമില്ല എന്നത് വ്യക്തമാണ്. അതിനുപകരം, മുന്‍കാല മീറ്റിംഗുകള്‍പോലെ, ആഗോള സമ്പദ്‌വ്യവസ്ഥയിലും രാഷ്ട്രീയത്തിലും തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനും, പരമാവധി നേട്ടം കൊയ്യാനും, തങ്ങളുടെ സാമ്പത്തിക-രാഷ്ട്രീയ ശക്തിയെക്കുറിച്ച് പൊങ്ങച്ചം പറയാനും, സ്വന്തം ബലഹീനതകള്‍ രഹസ്യമായി തിരിച്ചറിയാനും മുന്‍കാലങ്ങളിലെ നയതന്ത്ര നീക്കങ്ങളുടെ പോരായ്മകളും ജയ-പരാജയങ്ങളും തിരിച്ചറിഞ്ഞ് അതിനെ മറികടക്കാന്‍ ഉചിതമായ തന്ത്രങ്ങള്‍ ആവിഷ്കരിക്കാനുമാണ് എല്ലാവരും ശ്രമിച്ചത്. അതിനായി, അവര്‍ നുണപറയാനും വഞ്ചിക്കാനും പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കാനും പരസ്പര സാഹോദര്യവും കരുതലുമുണ്ടെന്ന് സ്ഥാപിക്കാനും മടിക്കുന്നില്ല. ഉദാഹരണത്തിന്, റഷ്യന്‍ അധിനിവേശത്തെ ചെറുക്കുക എന്ന പേരില്‍ യുക്രൈനെ ആയുധമണിയിക്കുന്ന അമേരിക്കയും യൂറോപ്യന്‍ സാമ്രാജ്യത്വ ശക്തികളും തങ്ങളുടെ സൈനിക വ്യവസായത്തെ ഉത്തേജിപ്പിക്കാനും ആ നാടിനെ തങ്ങളുടെ സാമ്രാജ്യത്വ ശത്രുക്കളായ റഷ്യയ്ക്കോ ചൈനയ്ക്കോ നേരെ ആക്രമണം നടത്താന്‍ ഒരു സ്പ്രിംഗ്ബോര്‍ഡായി ഉപയോഗിക്കാനുമുള്ള ഉദ്ദേശ്യത്തെക്കുറിച്ച് ഒരൊറ്റ വാക്കുപോലും പറഞ്ഞില്ല. അതിനാല്‍, റഷ്യ-യുക്രൈൻ യുദ്ധം തടയാനുള്ള ദീര്‍ഘകാല സംയുക്ത സംരംഭത്തെക്കുറിച്ച് അര്‍ത്ഥവത്തായ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല.
കൂടാതെ, മുകളില്‍ സൂചിപ്പിച്ചതുപോലെ, പ്രഖ്യാപനത്തില്‍ മധുരത്തില്‍പൊതിഞ്ഞ വാക്കുകള്‍ ഉണ്ടായിരുന്നെങ്കിലും അടിയൊഴുക്കുകളും ഉണ്ടായിരുന്നു. ഇപ്പോള്‍ ജി20 അദ്ധ്യക്ഷസ്ഥാനം കിട്ടിയ ബ്രസീല്‍, യുക്രൈനില്‍ നിന്ന് റഷ്യ സൈന്യത്തെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്ക സ്‌പോൺസര്‍ ചെയ്ത യുഎന്‍ പ്രമേയത്തെ 2022 ഫെബ്രുവരിയില്‍ പിന്തുണച്ചിരുന്നു. യുക്രൈനെ പ്രോത്സാഹിപ്പിച്ചതിന്, ചൈന സന്ദര്‍ശന വേളയില്‍, ബ്രസീല്‍ പ്രസിഡന്റ് അമേരിക്കയെ വിമര്‍ശിക്കുകയും ചെയ്തു. ഉച്ചകോടിക്ക് മുന്നോടിയായി ഡല്‍ഹി പ്രഖ്യാപനത്തിൽ പ്രകടമായ സമവായം ഉണ്ടായിരുന്നിട്ടും, ജി20 അദ്ധ്യക്ഷപദത്തെ, സ്വകാര്യ വിഷയങ്ങള്‍ ആഗോള അജണ്ടയില്‍ കൊണ്ടുവരാന്‍ ഇന്ത്യ ഉപയോഗിക്കുന്നുവെന്ന് ചൈനീസ് സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയവുമായി ബന്ധപ്പെട്ട ഒരു വിദഗ്ദ്ധന്‍ ആരോപിച്ചു. അരുണാചല്‍, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളില്‍ ഉച്ചകോടി യോഗങ്ങള്‍ നടത്തുന്നതിനെപ്പറ്റി പരാമര്‍ശിച്ചാണ് ഈ അഭിപ്രായം പറഞ്ഞത്. അതുപോലെ, അമേരിക്കന്‍ പ്രസിഡന്റ്, ഡല്‍ഹിയില്‍ ആയിരിക്കുമ്പോള്‍, ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന വര്‍ഗീയ-ജാതീയ-വംശീയ അക്രമങ്ങളെക്കുറിച്ചോ, അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്നതിനെക്കുറിച്ചോ ഇന്ത്യ നടത്തുന്ന നഗ്‌നമായ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചോ, ഒന്നും പറഞ്ഞില്ല. എന്നാല്‍ തുടര്‍ന്നു നടന്ന വിയറ്റ്‌നാം സന്ദര്‍ശന വേളയില്‍, പ്രധാനമന്ത്രി മോദിയുമായുള്ള ചര്‍ച്ചയില്‍ മനുഷ്യാവകാശങ്ങളെയും മാധ്യമസ്വാതന്ത്ര്യത്തെയും മാനിക്കേണ്ടതിന്റെ പ്രാധാന്യം താന്‍ ഉന്നയിച്ചതായി അദ്ദേഹം പറഞ്ഞു.
യുഎസിനോടുള്ള ചായ്‌വ് വര്‍ധിച്ചിട്ടും, റഷ്യയുമായും ചൈനയുമായും ശക്തമായ സാമ്പത്തിക ബന്ധം പുലര്‍ത്തുന്ന ഇന്ത്യ, ഈ രണ്ട് രാജ്യങ്ങളും യുദ്ധ മോഹികളാണെന്നുള്ള പരാമര്‍ശം ഒഴിവാക്കാൻ നടത്തിയ ശ്രമം വിജയിച്ചു. കൂടാതെ, കലഹിക്കുന്ന മറ്റ് രാജ്യങ്ങള്‍ തമ്മില്‍ സമാധാനം സ്ഥാപിക്കുന്ന പാലമായിവര്‍ത്തിക്കുന്നുവെന്ന് മോദി വാചകക്കസര്‍ത്ത് നടത്തുമ്പോള്‍, ആഭ്യന്തരമായി, വര്‍ദ്ധിച്ചുവരുന്ന തീവ്രവാദം, വര്‍ഗീയത, അക്രമാസക്തമായ ദേശീയവാദം എന്നിവയാല്‍ രാജ്യം യഥാര്‍ത്ഥത്തില്‍ തകര്‍ന്നിരിക്കുകയാണ്. കുത്തക ഉടമസ്ഥതയിലുള്ള മിക്ക പ്രധാന വാര്‍ത്താ മാദ്ധ്യമങ്ങളും വിദ്വേഷ പ്രസംഗങ്ങള്‍ക്കും വര്‍ഗീയ-ജാതിയ പ്രചാരണത്തിനും വേണ്ടിയുള്ള കോളാമ്പികളായി മാറിയിരിക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആള്‍ക്കൂട്ടക്കൊല, പീഡനം, വീടുകള്‍ കത്തിക്കൽ, സ്വത്തുക്കള്‍ നശിപ്പിക്കല്‍, ബലമായി കുടിയൊഴിപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നടത്തുന്നവരെ ജുഡീഷ്യറിയിലെ ഒരു വിഭാഗം, അപൂര്‍വ്വമായി മാത്രം ശിക്ഷിക്കുന്നു. അതിനാല്‍ ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന ജി20 മുദ്രാവാക്യം, 25 കോടിയോളം വരുന്ന മതന്യൂനപക്ഷ സമുദായങ്ങള്‍, പ്രത്യേകിച്ച് മുസ്ലീങ്ങളും ക്രിസ്ത്യാനികളും, അനുഭവിക്കുന്ന കടുത്ത പീഡനം മറച്ചുവെക്കാനുള്ള പൊയ്‌മുഖമാണ്.
അമേരിക്കയും ഇന്ത്യയും തമ്മിലുള്ള സ്വകാര്യ ചര്‍ച്ചകള്‍
ക്രൂരമായ അടിച്ചമര്‍ത്തലില്‍ ഞെരിഞ്ഞമരുന്ന ആഗോള ജനതയ്ക്ക് മുന്നില്‍, പൊതുപണം ചിലവഴിച്ച് സാമ്രാജ്യത്വ-മുതലാളിത്ത മേലാളന്മാര്‍ ഇടയ്ക്കിടെ ഇത്തരം ഉച്ചകോടികള്‍ ആര്‍ഭാടപൂര്‍വ്വം നടത്താറുണ്ട്. തങ്ങള്‍ക്ക് അവരുടെ കാര്യത്തില്‍ വളരെ കരുതലുണ്ട് എന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമമാണിത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍, വിനോദസഞ്ചാരം നടത്താനും സന്തോഷം പങ്കുവയ്ക്കാനും വിഭവസമൃദ്ധമായ ഭക്ഷണം ആസ്വദിക്കാനുമൊക്കെയുള്ള ഒരു അവസരം മാത്രമാണിത്. ഇതിനിടയില്‍, അവര്‍ ചില ഉഭയകക്ഷി ഉടമ്പടികളും ധാരണകളും ഉറപ്പിക്കുന്നു. ജി20 ഉച്ചകോടി നടക്കുമ്പോള്‍, പ്രധാനമായും പ്രതിരോധ വ്യവസായവുമായി ബന്ധപ്പെട്ട ഉഭയകക്ഷി പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സ്വകാര്യ യോഗത്തില്‍ യുഎസ് പ്രസിഡന്റ് ബൈഡനും പ്രധാനമന്ത്രി മോദിയും വ്യാപൃതരായിരുന്നു. 2023 ജൂണില്‍ ഇന്‍ഡോ പസഫിക് ഓഷ്യന്‍സ് ഇനിഷ്യേറ്റീവില്‍ ചേരാനുള്ള യുഎസ് തീരുമാനത്തെ തുടര്‍ന്ന്, വ്യാപാര ബന്ധങ്ങളിലും കടല്‍ മാര്‍ഗ്ഗമുള്ള ഗതാഗതത്തിലും ഈ സംരംഭത്തെ സഹായിക്കാനുള്ള യുഎസ് തീരുമാനത്തെ ഇന്ത്യ സ്വാഗതം ചെയ്തു. ബഹിരാകാശം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ പുതിയതും ഉയര്‍ന്നുവരുന്നതുമായ മേഖലകളില്‍ വിപുലമായ സഹകരണത്തിലൂടെയും പ്രതിരോധ-വ്യാവസായിക സഹകരണം ത്വരിതപ്പെടുത്തിയതിലൂടെയും, ഇന്ത്യ-യുഎസ് പ്രതിരോധ പങ്കാളിത്തം ആഴത്തിലാക്കാനും വൈവിധ്യവത്കരിക്കാനുമുള്ള തങ്ങളുടെ പ്രതിബദ്ധത ബൈഡനും മോദിയും വീണ്ടും ഉറപ്പിച്ചു. ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ‘ഇന്നൊവേഷന്‍ ഫോര്‍ ഡിഫന്‍സ് എക്സലന്‍സ് യൂണിറ്റും’, യുഎസ് പ്രതിരോധ മന്ത്രാലയത്തിന്റെ ‘ഡിഫന്‍സ് ഇന്നൊവേഷന്‍ യൂണിറ്റും’ സംയുക്തമായി, പ്രതിരോധ സാങ്കേതിക വെല്ലുവിളികള്‍ക്കുള്ള പരിഹാരങ്ങള്‍ വികസിപ്പിക്കാന്‍ സ്റ്റാർട്ട് അപ്പുകളെ ക്ഷണിക്കുന്ന രണ്ട് സംയുക്ത പ്രോജക്ടുകള്‍ ആരംഭിക്കുന്ന പ്രഖ്യാപനത്തെ ഇരുപക്ഷവും സ്വാഗതം ചെയ്തു. 2023 ആഗസ്റ്റില്‍ യുഎസ് നേവിയും, മസഗാവോണ്‍ കപ്പല്‍ നിര്‍മ്മാതാക്കളും ഒപ്പുവെച്ച ഏറ്റവും പുതിയ കരാറിനൊപ്പം, രണ്ടാമതൊരു പ്രമുഖ കപ്പല്‍ അറ്റകുറ്റപ്പണി കരാര്‍ കൂടി ഉറപ്പിച്ചതിനെ ഇരു നേതാക്കളും അഭിനന്ദിച്ചു എന്നത് ശ്രദ്ധേയമാണ്. യുഎസ് നാവികസേന വിന്യസിച്ചിരിക്കുന്ന ആസ്തികളുടെയും മറ്റ് വിമാനങ്ങളുടെയും കപ്പലുകളുടെയും അറ്റകുറ്റപ്പണികള്‍ക്കും പരിപാലനത്തിനുമുള്ള ഒരു കേന്ദ്രമായി ഇന്ത്യയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇരുപക്ഷവും ധാരണയായിട്ടുണ്ട്. ഇന്ത്യയുടെ റിപ്പയര്‍, അഴിച്ചുപണി, വിമാനങ്ങള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കല്‍ എന്നീ മേഖലകളിലും കൂടുതല്‍ നിക്ഷേപം നടത്താന്‍ അമേരിക്ക നല്‍കിയ ഉറപ്പിനെ നേതാക്കള്‍ സ്വാഗതം ചെയ്തു. പ്രതിപക്ഷത്തിന്റെ ഒരു വിഭാഗം, ഇത് യുഎസിന് ഇന്ത്യയില്‍ ഒരു സൈനിക താവളം അനുവദിക്കുന്നതിനുള്ള രഹസ്യ ക്രമീകരണമായിരി ക്കുമെന്ന് ആശങ്ക പ്രകടിപ്പിച്ചു. ബൈഡനുമായുള്ള പ്രധാനമന്ത്രി മോദിയുടെ പ്രത്യേക കൂടിക്കാഴ്ച റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് മാധ്യമപ്രവര്‍ത്തകരെ വിലക്കിയ ഇന്ത്യാ ഗവൺമെന്റ് നടപടിക്കെതിരായ ജനകീയ പ്രതിഷേധത്തില്‍നിന്ന് യുഎസ് പ്രസിഡന്റും സം ഘവും അകലംപാലിച്ചത് ശ്രദ്ധേയമാണ്. അമേരിക്കന്‍ മാദ്ധ്യമപ്രവര്‍ത്തകരെ ഒരു വാനില്‍ തനിച്ചാക്കിയിരുത്തിയിട്ടാണ് നേതാക്കള്‍ സംസാരിച്ചത്.
മോദിയെ ‘വിശ്വഗുരു’ ആയി അവതരിപ്പിക്കാന്‍ ആര്‍എസ്എസും ബിജെപിയും ഉച്ചകോടി ഉപയോഗിച്ചു
ഭരണകക്ഷിയായ ബിജെപിയും പ്രധാനമന്ത്രി മോദിയും ഒരു സാധാരണ സാഹചര്യത്തെ അസാധാരണമെന്നനിലയിലും തിരിച്ചും അവതരിപ്പിക്കുന്നതില്‍ തങ്ങള്‍ എത്രമാത്രം സമര്‍ത്ഥരാണെന്ന് ഇതിനകം തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ ജി20 പ്രസിഡന്റ് പദം ഇന്ത്യക്ക് കിട്ടിയത് തവണ കൈമാറിവന്നപ്പോഴാണ്. അതിന്റെ കാലാവധിയാകട്ടെ ഒരു വര്‍ഷം മാത്രവും. എന്നാല്‍ ബിജെപി സര്‍ക്കാരും അതിന്റെ നേതാക്കളും ഇത്തരമൊരു നേട്ടം ഇതുവരെ മറ്റൊരു പ്രധാനമന്ത്രിക്കും ലഭിച്ചിട്ടില്ലാത്ത ഒന്നെന്ന മട്ടിൽ അസാധാരണമായ ഒന്നായി ഇതിനെ ഉയര്‍ത്തിക്കാട്ടുന്നു. 900 കോടി രൂപയുടെ ബജറ്റ് അനുമതിക്ക് വിരുദ്ധമായി, ഈ മെഗാ ഇവന്റ് സംഘടിപ്പിക്കാന്‍ പൊതുഖജനാവില്‍ നിന്ന് 4,100 കോടി രൂപ ചെലവഴിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന ഉച്ചകോടിക്ക് വെറും 364 കോടി രൂപയാണ് ചെലവായത്. മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളുംകുത്തക നിയന്ത്രിത മാധ്യമങ്ങളും പ്രധാനമന്ത്രി മോദിയെ ഉയര്‍ന്ന രാഷ്ട്രീയ നേതാവായും ‘വിശ്വഗുരു’ ആയും ഉയര്‍ത്തിക്കാട്ടാനുള്ള വ്യഗ്രതയിലായിരുന്നു. ആഗോള വിപണിയുടെയും അന്താരാഷ്ട്ര രാഷ്ട്രീയമേധാവിത്വത്തിന്റെയും കാര്യത്തിലും അന്താരാഷ്ട്ര പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും പരിഹരിക്കാനുള്ള കഴിവിന്റെ കാര്യത്തിലും കേമന്മാരെന്ന് അവകാശപ്പെടുന്ന അമേരിക്ക, യൂറോപ്പ്, ചൈന, റഷ്യ തുടങ്ങിയ മുന്‍നിര ശക്തികള്‍ക്കിടയിലുള്ള സംഘര്‍ഷങ്ങളും വൈരുദ്ധ്യങ്ങളും പരിഹരിക്കുന്നതില്‍ മധ്യസ്ഥത വഹിക്കാനുള്ള ഇന്ത്യയുടെ കഴിവ് അപാരമെന്ന് പ്രകീര്‍ത്തിക്കാനും അവര്‍ മറന്നില്ല. ആസൂത്രിതമായ ഈ പ്രചരണം കാരണം, അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ മോദി അധികാരത്തില്‍ തിരിച്ചെത്താനുള്ള സാധ്യത കൂടുതലാണെന്ന് ബിജെപി ക്യാമ്പ് കരുതുന്നു. കൂടാതെ, ആഗോള വേദിയില്‍ സൃഷ്ടിച്ചെടുത്ത പരിവേഷം ഉപയോഗിച്ച് ഇന്ത്യന്‍ പൗരന്മാരുടെ ജീവിതത്തില്‍ നാശം വിതയ്ക്കുന്ന പ്രശ്നങ്ങളെ പിന്നിലേക്ക് തള്ളുകയും ചെയ്യാം.
എന്നാല്‍ ജി20 അധ്യക്ഷസ്ഥാനം വര്‍ഷംതോറും മാറുന്നതാണെങ്കില്‍, മുന്‍ ഉച്ചകോടിയില്‍ അധ്യക്ഷനായിരുന്ന ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോയെ എന്തുകൊണ്ട് ‘വിശ്വഗുരു’ എന്ന് വിളിച്ചില്ല എന്ന ചോദ്യം അവശേഷിക്കുന്നു. അടുത്ത ഉച്ചകോടിക്കുവേണ്ടി പ്രധാനമന്ത്രി മോദി ബാറ്റണ്‍ കൈമാറിയ ബ്രസീല്‍ പ്രസിഡന്റ് ലൂയി ഇനാസിയോ ലുല ഡിസില്‍വയ്ക്ക് എന്തിന് ‘വിശ്വഗുരു’ പട്ടം നഷ്ടപ്പെടുത്തണം? ജനങ്ങള്‍ പ്രധാനമന്ത്രി മോദിയുടെ സ്വയം പുകഴ്ത്തല്‍ കേട്ടു മടുത്തിരിക്കുന്നു.
ദുരിതമനുഭവിക്കുന്ന ഇന്ത്യന്‍ ജനത സത്യം മനസ്സിലാക്കേണ്ടതുണ്ട്
മോദിയുടെ ഊതിപ്പെരുപ്പിച്ച പ്രതിച്ഛായ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, തങ്ങളുടെ എല്ലാ കുറ്റകൃത്യങ്ങളും ദുഷ്‌പ്രവൃത്തി കളും സ്വേച്ഛാധിപത്യ നടപടികളും മറച്ചുവെക്കാന്‍ ആര്‍എസ്എസ്-ബിജെപി ശക്തികള്‍ നടത്തുന്ന ഈ കള്ളക്കളി ദുരിതമനുഭവിക്കുന്ന ഇന്ത്യന്‍ ജനത മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജി20 ഉച്ചകോടി ബിജെപിക്കും കൂട്ടാളികൾക്കും സഹായകരമായി. ബൂര്‍ഷ്വാ തെരഞ്ഞെടുപ്പ് രാഷ്ട്രീയം, ജാതീയവും വര്‍ഗീയവും വംശീയവുമായ വഴികളിലൂടെയുള്ള ധ്രുവീകരണം, പരസ്പര വിദ്വേഷത്തിന്റെയും ഭിന്നിപ്പിന്റെയും ഇരകളാക്കപ്പെടല്‍, എല്ലാറ്റിനുമുപരിയായി, മുഖ്യധാരാ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള ഭരണവര്‍ഗത്തിന്റെ പ്രചാരണതന്ത്രത്തിന് ഇരയാകല്‍ എന്നിവയെല്ലാം അവരുടെ ദുരവസ്ഥയും ദുരിതവും കൂടുതല്‍ വഷളാക്കുകയേയുള്ളൂ എന്ന സത്യം അധ്വാനിക്കുന്ന ജനങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്. അതുകൊണ്ട്, രാഷ്ട്രീയം മനസ്സിലാക്കാന്‍ സാധാരണ ജനങ്ങള്‍ കഠിനശ്രമം നടത്തണം. ആരാണ് മിത്രം, ആരാണ് ശത്രു, ആരാണ് മറഞ്ഞിരിക്കുന്ന വഞ്ചകന്‍, ആരാണ് സത്യത്തിന്റെയും അന്തസ്സിന്റെയും ഉയര്‍ന്ന പ്രത്യയശാസ്ത്രത്തി ന്റെയും മൂല്യങ്ങളുടെയും ധാര്‍മ്മികതയുടെയും സംസ്‌കാരത്തിന്റെയും രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്നത് എന്നെല്ലാം ജനങ്ങൾ തിരിച്ചറിയണം. എല്ലാ തിന്മകളുടെയും മൂലകാരണമായ മുതലാളിത്തത്തെ വിപ്ലവത്തിലൂടെ അട്ടിമറിക്കാതെ വിമോചനം സാധ്യമല്ല. അതിനാല്‍, മുതലാളിത്തത്തെ സംരക്ഷിക്കുകയും സേവിക്കുകയും ചെയ്യുന്ന പാര്‍ട്ടികളില്‍നിന്നും ശക്തികളില്‍നിന്നും വേര്‍പിരിഞ്ഞ്, എല്ലാ പ്രതിബന്ധങ്ങളെയും കടമ്പകളെയും അതിജീവിച്ച്, വിപ്ലവത്തിന്റെ കൊടിക്കൂറ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ ശക്തിയുടെയോ പാര്‍ട്ടിയുടെയോ പിന്നില്‍ അണിനിരക്കേണ്ടത് എല്ലാവരുടെയും കടമയാണ്. ബൂര്‍ഷ്വാ ശക്തികളെയും അവരുടെ കുതന്ത്രങ്ങളെയും തുറുന്നുകാട്ടാന്‍ വിപ്ലവ പാര്‍ട്ടിക്ക് മാത്രമേ കഴിയൂ. ഈ യുഗം ദര്‍ശിച്ച ഉന്നതനായ മാര്‍ക്സിസ്റ്റ് ചിന്തകനും, തൊഴിലാളിവര്‍ഗത്തിന്റെ മഹാനായ നേതാവുമായ സഖാവ് ശിബ്‌ദാസ് ഘോഷ് സ്ഥാപിച്ച എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാര്‍ട്ടി ഈ വിഷയങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിക്കാന്‍ ഏവരോടും അഭ്യർത്ഥിക്കുന്നു.