സഹകരണമേഖലയെ അഴിമതിക്കാരില്‍ നിന്നും രക്ഷിക്കുക

karuvannor-bank.jpg
Share

കള്ളപ്പണവും അനധികൃതസമ്പാദ്യങ്ങളും ചേര്‍ന്ന് സൃഷ്ടിക്കുന്ന സമാന്തര
സമ്പദ്‌വ്യസ്ഥയുടെ സുരക്ഷിത ലോക്കറായി സഹകരണമേഖല മാറിയിരിക്കുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന പുതിയ കണ്ടെത്തല്‍.

കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന് ഒരു നൂറ്റാണ്ടിലേറെ ചരിത്രമുണ്ട്. അതായത് സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ കേരളത്തില്‍ പല രൂപത്തില്‍ സഹകരണമേഖല രൂപപ്പെട്ടു തുടങ്ങിയിരുന്നു. ഇന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും സുശക്തമായ ഒന്നാണ്. 1600ലധികം പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളടക്കം ഏതാണ്ട് പതിനാറായിരത്തോളം സഹകരണസംഘങ്ങളാണ് സഹകരണ വകുപ്പിനു കീഴില്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രാജ്യത്തെ പ്രാഥമിക സഹകരണ സംഘങ്ങളില്‍ 1.55% മാത്രമാണ് കേരളത്തിലുള്ളതെങ്കിലും ഈ മേഖലയിലെ ആകെ നിക്ഷേപത്തിന്റെ 69 ശതമാനവും കേരളത്തിലാണ്.
മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന കുറെയധികം സഹകരണ സ്ഥാപനങ്ങള്‍ കേരളത്തിലുണ്ടെങ്കിലും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിന്നിടയില്‍ ഈ മേഖലയില്‍ അഴിമതിയും ക്രമക്കേടുകളും പെരുകുകയാണെന്ന് സഹകരണവകുപ്പിന്റെ തന്നെ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പലപ്പോഴായി വ്യക്തമാക്കിയിരുന്നു. എന്നാല്‍ അവയെയൊക്കെ കടത്തിവെട്ടുന്ന അതീവ ഗൗരവസ്വഭാവത്തിലുള്ള സാമ്പത്തികകുറ്റകൃത്യങ്ങളുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കള്ളപ്പണവും അനധികൃതസമ്പാദ്യങ്ങളും ചേര്‍ന്ന് സൃഷ്ടിക്കുന്ന സമാന്തര സമ്പദ്‌വ്യവസ്ഥയുടെ സുരക്ഷിത ലോക്കറായി സഹകരണമേഖല മാറിയിരിക്കുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന പുതിയ കണ്ടെത്തല്‍. മലപ്പുറം എ.ആര്‍.നഗര്‍ സഹകരണബാങ്കില്‍ വ്യാജഅക്കൗണ്ടുകളില്‍ നിക്ഷേപിച്ചിട്ടുള്ള തുക 1000 കോടിയാണെന്ന ഒരൊറ്റ ഉദാഹരണം മതി ഈ രംഗത്ത് കുമിയുന്ന അനധികൃസമ്പത്തിന്റെ വ്യാപ്തി മനസ്സിലാക്കാന്‍. വന്‍തോതില്‍ കള്ളപ്പണവും അനധികൃത സമ്പാദ്യങ്ങളും നിക്ഷേപിച്ചും അങ്ങിനെ അവയെ വെളുപ്പിച്ചും നിയമവിരുദ്ധ വായ്പകളിലൂടെ കോടികളുടെ പണാപഹരണം നടത്തിയും സംരംഭങ്ങളുടെ പേരില്‍ സഹകരണബാങ്കുകളുടെ മൂലധനം കുത്തിച്ചോര്‍ത്തിയും നടത്തുന്ന സഹകരണമേഖലയിലെ ഞെട്ടിപ്പിക്കുന്ന അഴിമതി ഒരു സംഘടിത കുറ്റകൃത്യത്തിന്റെ മാനം കൈവരിച്ചിരിക്കുന്നു. കരുവന്നൂര്‍ അതിന്റെ ലക്ഷണമൊത്ത ഉദാഹരണമാണ്.
തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍ സഹകരണ ബാങ്കിലെ ശതകോടികളുടെ തട്ടിപ്പ് നേരത്തെതന്നെ പുറത്തു വന്നതായിരുന്നെങ്കിലും, അന്വേഷണവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) എത്തിയതോടെ ചിത്രം മാറി. അനുവദനീയമായ പരിധിയിലേറെ വായ്പ അനുവദിക്കുക, ഒരേ വസ്തുവിന്റെ ഈടിന്മേല്‍ നിരവധി വായ്പകള്‍ അനുവദിക്കുക, വ്യാജരേഖകള്‍ക്കു മേല്‍ വായ്പ നല്കുക തുടങ്ങി ബഹുകോടികളുടെ തട്ടിപ്പുുകള്‍ തെളിവുകള്‍ സഹിതം പുറത്തുവരികയും അറസ്റ്റുുകള്‍ നടക്കുകയും ചെയ്യുന്നു. അന്വേഷണം, സംസ്ഥാനത്തെ സഹകരണമേഖലയുടെ സിംഹഭാഗവും സംസ്ഥാനഭരണവും നിയന്ത്രിക്കുന്ന സിപിഐ(എം)ലേക്കും അതിന്റെ ഉന്നതരിലേക്കും എത്തിയിരിക്കുന്നു. എന്നാല്‍ അന്വേഷണം ബിജെപിയുടെയും അവര്‍ നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെയും രാഷ്ട്രീയ ദുഷ്ടലാക്കോടുകൂടിയ അജണ്ടയാണെന്നും, കേരളത്തിന്റെ സഹകരണ മേഖലയെ ഇഡിയെ ഉപയോഗിച്ച് തകര്‍ക്കാനാണ് ബിജെപിയുടെ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സിപിഐ(എം)ഉം സംസ്ഥാനസര്‍ക്കാരും ആരോപിക്കുന്നു. ഇരുകൂട്ടരും പരസ്പരം പഴിചാരിക്കൊണ്ട് സമരാഭാസങ്ങള്‍ നടത്തുന്നു. കരുവന്നൂരില്‍ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ തട്ടിപ്പുകളുടെ ചിത്രം ഓഡിറ്റിങ്ങിലൂടെയും മുന്‍ ജീവനക്കാരടക്കമുള്ളവരുടെ പരാതികളിലൂടെയും പുറത്തു വന്നതാണ്. എന്നാല്‍ സംസ്ഥാന പൊലീസിന്റെയും സഹകരണ വകുപ്പിന്റെയും സിപിഐ(എം)ന്റെയുമൊക്കെ അന്വേഷണ പ്രഹസനങ്ങള്‍ തട്ടിപ്പു നടത്തിയവര്‍ക്ക് ഒരു പോറല്‍ പോലുമേല്‍പ്പിക്കാതിരിക്കുമ്പോഴാണ് ഇഡി എത്തുന്നതും തെളിവുകള്‍ സംസാരിച്ചു തുടങ്ങുന്നതും.


സാധാരണജനങ്ങള്‍ നിക്ഷേപിച്ച പണം രാഷ്ട്രീയനേതാക്കളുടെ ഒത്താശയോടെ ബെനാമി വായ്പകളായി തട്ടിയെടുത്ത് കള്ളപ്പണമാക്കി മറ്റ് സഹകരണബാങ്കുകളില്‍ നിക്ഷേപിച്ചു വെളുപ്പിച്ചെടുക്കുന്ന തന്ത്രം രാജ്യത്തുതന്നെ വേറെ കണ്ടെത്തിയിട്ടില്ലെന്നാണ് ഇഡി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. സാധാരണക്കാരും തൊഴിലാളികളും അധ്വാനിച്ചുണ്ടാക്കിയ ജീവിതസമ്പാദ്യമാണ് പ്രതികള്‍ ബെനാമി വായ്പകളിലൂടെ തട്ടിയെടുത്തത്. ഇത് തട്ടിപ്പിന്റെ ഒന്നാം ഘട്ടം മാത്രമാണത്രേ. ഈ പണം പ്രതികളുടെയും അവര്‍ക്കു വേണ്ടപ്പെട്ടവരുടെയും അക്കൗണ്ടുകള്‍ വഴി പല തവണ അക്കൗണ്ടുകള്‍ മാറ്റി വെളുപ്പിക്കാന്‍ ശ്രമിച്ചതായിരുന്നു രണ്ടാം ഘട്ടം. പിന്നീട് ഈ തുക പിന്‍വലിച്ച് ഭൂമിയും കെട്ടിടങ്ങളും വാങ്ങാന്‍ ഉപയോഗിച്ച മൂന്നാം ഘട്ടമാണ് ഇഡി കണ്ടെത്തുന്നത്. ഇത്തരം വസ്തുവകകള്‍ വില്പ്പന നടത്തി ആ പണം വീണ്ടും പ്രതികളുടെ ബന്ധുക്കളുടെ പേരില്‍ നിക്ഷേപിച്ച് വെളുപ്പിച്ചെടുത്തു. ജനപ്രതിനിധികളും സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമുള്ള ഇത്തരം ധനകാര്യസ്ഥാപനങ്ങളും ഒക്കെ ചേര്‍ന്നുള്ള ഇത്രയും സംഘടിതമായ കള്ളപ്പണ ഉത്പാദനവും അതിനു ശേഷമുള്ള വെളുപ്പിക്കലും നടത്തിയ പിഎംഎല്‍എ കേസുകള്‍ ഇന്ത്യയില്‍ അപൂര്‍വ്വമാണെന്ന് വ്യക്തമാക്കി, തെളിവുകള്‍ സഹിതം ഇഡി കോടതിയില്‍ സമര്‍പ്പിക്കുമ്പോള്‍ അന്വേഷണത്തോട് നിസ്സഹകരിച്ച് ഇഡിക്കെതിരെ കോലാഹലമുയര്‍ത്തുകയാണ് സംസ്ഥാന സര്‍ക്കാരും സിപിഐഎമ്മും. കൈകള്‍ ശുദ്ധമെങ്കില്‍ എന്തിനാണ് ഇവര്‍ക്ക് ഈ ഭയപ്പാടെന്ന് ചോദിക്കുകയാണ് ജനങ്ങള്‍.
എന്നാല്‍ തട്ടിപ്പുകള്‍ ചൂണ്ടിക്കാട്ടപ്പെട്ട നാള്‍ മുതല്‍, ബാങ്കിലിട്ട പണം പിന്‍വലിക്കാനാകാതെ വലയുകയാണ് സാധാരണക്കാരായ നിക്ഷേപകര്‍. 30 ലക്ഷത്തോളം രൂപയുടെ ആയുഷ്‌ക്കാലസമ്പാദ്യം ബാങ്കില്‍ ഇങ്ങനെ മരവിച്ചിരിക്കുമ്പോള്‍, പണമില്ലാത്തതു മൂലം മതിയായ ചികിത്സ തേടാനാകാതെ ആള്‍ മരിക്കുന്ന സംഭവം വരെയുണ്ടായി. കള്ളം നടത്തിയവരും അവരുടെ രാഷ്ട്രീയമേലാളന്മാരും കൊഴുത്തപ്പോള്‍ ബാങ്കിനെ വിശ്വസിച്ച് പണം നിക്ഷേപിച്ച പലരുടെയും ജീവിതം വഴിമുട്ടി.


തട്ടിപ്പുകള്‍ കരുവന്നൂരില്‍ മാത്രം ഒതുങ്ങുന്നില്ല


സഹകരണമേഖലയിലെ തട്ടിപ്പുകള്‍ ഒരു കരുവന്നൂര്‍ ബാങ്കില്‍ മാത്രം ഒതുങ്ങുന്നില്ല. തിരുവനന്തപുരത്തെ കണ്ടല സഹകരണ ബാങ്കില്‍ 16 വര്‍ഷത്തോളമായി നടന്നു വന്ന 180 കോടിയോളം രൂപയുടെ തട്ടിപ്പ് പുറത്തുവന്നിരുന്നു. ഇതാകട്ടെ സിപിഐയുടെ നിയന്ത്രണത്തിലുള്ള ബാങ്കാണ്. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള പുല്‍പ്പള്ളി സഹകരണ ബാങ്കിലും 8.5 കോടിയുടെ ക്രമക്കേടിന്റെ റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. പാലക്കാട് കണ്ണമ്പ്ര സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്കിലും ആലപ്പുഴയിലെ കുമാരപുരം ബാങ്കിലുമൊക്കെ ക്രമക്കേടുകള്‍ നടന്നതിന്റെ വാര്‍ത്തകളും നമ്മള്‍ കേട്ടു. സഹകരണവകുപ്പു മന്ത്രി ജൂലൈയില്‍ നിയമസഭയില്‍ വെളിപ്പെടുത്തിയത് സംസ്ഥാനത്തെ 399 സഹകരണസ്ഥാപനങ്ങളില്‍ ക്രമക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ്. കാലാവധി കഴിഞ്ഞിട്ടും നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാനാകാത്ത 164 സ്ഥാപനങ്ങളുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
സഹകരണമേഖലയിലെ ഇത്തരം തട്ടിപ്പുകള്‍ ഒരു പുതിയ കാര്യവുമല്ല. ദശകങ്ങളായി സംസ്ഥാനത്തെ സഹകരണമേഖലയില്‍ പലവിധത്തിലുള്ള തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പക്ഷേ ഇന്നത്തേതു പോലെ ഇത്ര വ്യാപകമായും ആസൂത്രിതമായും യാതൊരു ശിക്ഷാഭീതിയുമില്ലാതെയുള്ള സംഘടിത പണാപഹരണം മുമ്പുണ്ടായിട്ടില്ല. നേരത്തെയൊക്കെ തട്ടിപ്പുകള്‍ നടന്നാല്‍ അത് ജീവനക്കാരുടെയും പരമാവധി ഡയറക്ടര്‍ ബോര്‍ഡംഗങ്ങളുടെയുംമേലെ വെച്ചുകെട്ടി അവസാനിപ്പിക്കുകയാണ് ഉണ്ടാവുക. ശിക്ഷയിലേക്ക് നീളുന്നതും അപൂര്‍വ്വം. വാസ്തവത്തില്‍ ഒരു സഹകരണ സ്ഥാപനത്തില്‍ അതിന്റെ ഡയറക്ടര്‍ ബോര്‍ഡിന്റെ അറിവോ അനുമതിയോ ഇല്ലാതെ ഒന്നും ചെയ്യാന്‍ പറ്റില്ലെന്നും സിപിഐ(എം) നിയന്ത്രിക്കുന്ന സ്ഥാപനങ്ങളില്‍ ഈ ഡയറക്ടര്‍ ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിയുടെ നിയന്ത്രണത്തിലാണെന്നും ആര്‍ക്കാണ് അറിയാത്തത്? കൂടാതെ സഹകരണ വകുപ്പിന് സ്വന്തമായ ഓഡിറ്റിങ്ങ് സംവിധാനമുണ്ട്, കര്‍ശനമായ നിയമങ്ങളുമുണ്ട്. ഇപ്പോള്‍ പുതിയ നിയമപരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവന്ന് സഹകരണ മേഖലയിലെ പ്രശ്‌നങ്ങളൊക്കെ പരിഹരിക്കുമെന്ന് വകുപ്പുമന്ത്രി പറയുന്നു. നിയമങ്ങളില്ലാത്തതു കൊണ്ടല്ല, അത് പാലിക്കാതെ ലംഘിക്കുന്നതാണ് പ്രശ്‌നം. സഹകരണവകുപ്പാകട്ടെ, സിപിഐഎമ്മാകട്ടെ, മറ്റ് പാര്‍ട്ടികളാകട്ടെ, ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ യാതൊന്നും ചെയ്തിരുന്നില്ല എന്നാണ് ഇപ്പോള്‍ മനസ്സിലാകുന്നത്. സഹകരണമേഖലയെ തങ്ങളുടെ കറവപ്പശുവായും തങ്ങളുടെ സാമ്പത്തികതാത്പര്യങ്ങളുടെ മറയായും ഒക്കെ ഇവരെല്ലാം ഉപയോഗിച്ചുവന്നു.


ഇവിടെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള് കൂടിയുണ്ട്. 2019ലാണ് സംസ്ഥാന സഹകരണ ബാങ്കിനെയും 13 ജില്ലാ സഹകരണ ബാങ്കുകളെയും ലയിപ്പിച്ച് പിണറായി വിജയന്‍ സര്‍ക്കാര്‍ കേരളാ ബാങ്ക് രൂപീകരിക്കുന്നത്. അതോടെ ജില്ലയിലെ ബാങ്കുകളുടെയും സംഘങ്ങളുടെയും അപ്പെക്‌സ് ബോഡിയായി പ്രവര്‍ത്തിച്ചിരുന്ന ജില്ലാ സഹകരണ ബാങ്കുകള്‍ ഇല്ലാതായി. നേരത്തേ ഒരു ബാങ്കിലോ സംഘത്തിലോ ക്രമക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ സാമ്പത്തികസഹായം നല്‍കി അത് രക്ഷിച്ചെടുക്കാന്‍ ജില്ലാ ബാങ്കുകള്‍ക്ക് ഇടപെടാന്‍ സാധിച്ചിരുന്നു. എന്നാല്‍ റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണങ്ങള്‍ക്കു വിധേയമായ കേരളാ ബാങ്കിന് സമാനമായ ഇടപെടലുകള്‍ നടത്തുന്നതിന് പരിമിതികളുണ്ട്. അതേപോലെ തന്നെ, സഹകരണസംഘങ്ങള്‍ ‘ബാങ്ക്’ എന്ന പേര് ഉപയോഗിക്കുന്നത് ബാങ്കിങ്ങ് നിയമങ്ങളുടെ ലംഘനമാണെന്ന് റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കിയിട്ടുള്ളതാണ്. വോട്ടിങ്ങ് അവകാശമില്ലാത്തവരില്‍ നിന്നും നിക്ഷേപം സ്വീകരിക്കുവാനും, ഇതര ബാങ്കിങ്ങ് സേവനങ്ങള്‍ നല്‍കാനും ഇത്തരം സ്ഥാപനങ്ങള്‍ക്ക് അധികാരമില്ല. ബാങ്ക് നിക്ഷേപങ്ങള്‍ക്കുള്ളതു പോലെ റിസര്‍വ്വ് ബാങ്കിന്റെ ഗ്യാരന്റി സഹകരണമേഖലയിലെ നിക്ഷേപങ്ങള്‍ക്കില്ല.


സംഘടിത മുഷ്കുകൊണ്ട് അന്വേഷണത്തെ നേരിടുകയല്ല വേണ്ടത്


സഹകരണമേഖലയിലെ ക്രമക്കേടുകള്‍ തെളിവുകളടക്കം ഇഡി എടുത്തു പുറത്തിടുമ്പോള്‍ മുഖ്യമന്ത്രിക്കും സിപിഐ(എം)നും എന്താണിത്ര വെപ്രാളം? ഇഡിയെ ഉപയോഗിച്ച് കേരളത്തിലെ സഹകരണമേഖലയെ തകര്‍ക്കുന്നു, ബിജെപി രാഷ്ട്രീയ മുതലെടുപ്പു നടത്തുന്നു എന്നൊക്കെ ആരോപണം ഉന്നയിക്കുമ്പോള്‍, ആരാണ് അതിന് അവസരമൊരുക്കിയത് എന്ന ചോദ്യം ഉയരുന്നു.
കരുവന്നൂരിലെ സംഘടിതഅഴിമതിയും പണാപഹരണവും ഇന്നലെ ഇഡി വന്ന് മെനഞ്ഞ് ഉണ്ടാക്കിയെടുത്തതല്ല. 2021 സെപ്റ്റംബര്‍ 13ന് കരുവന്നൂര്‍ ബാങ്കിന്റെ ഭരണസമിതിയംഗങ്ങളായ സിപിഐ(എം) നേതാക്കളെ സംസ്ഥാന ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയുണ്ടായി. വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഒരു ജില്ലാ സെക്രട്ടേറിയറ്റ് അംഗം, രണ്ട് ജില്ലാ കമ്മിറ്റിയംഗങ്ങള്‍, ഒരു ഏരിയ കമ്മിറ്റി സെക്രട്ടറി എന്നിവരെ സിപിഐ(എം) പുറത്താക്കിയിരുന്നു. സഹകരണ മന്തി വി.എന്‍.വാസവന്‍ നിയമസഭയില്‍ പറഞ്ഞത് ഈ ബാങ്കില്‍ 164 കോടി രൂപയുടെ വെട്ടിപ്പ് നടന്നതായാണ്. കരുവന്നൂര്‍ ബാങ്കില്‍ വായ്പ നല്‍കുന്നതു മുതല്‍ കുറി നടത്തിപ്പില്‍ വരെ അഴിമതി നടന്നതായി റിപ്പോര്‍ട്ടുനല്‍കിയത് സഹകരണസംഘം രജിസ്ട്രാറാണ്. സുതാര്യവും അഴിമതിരഹിതമായും നടന്നുവന്ന കരുവന്നൂര്‍ ബാങ്കില്‍ ഒരു ദിവസം പ്രഭാതത്തില്‍ വന്ന് ഇ.ഡി ഉണ്ടാക്കിയ പ്രശ്‌നങ്ങളൊന്നുമല്ല ഇവയൊന്നും. കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഇ.ഡി പോലുള്ള ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്നു എന്നത് തികച്ചും ശരിയാണ്. എന്നാല്‍ എവിടെയും ഈ വിശദീകരണത്തിന്റെ മറയില്‍ യഥാര്‍ത്ഥത്തില്‍ നടക്കുന്ന അഴിമതികളെ സംബന്ധിച്ചുള്ള അന്വേഷണങ്ങളെ രാഷ്ട്രീയബലം ഉപയോഗപ്പെടുത്തി തടയിടാന്‍ ശ്രമിക്കുന്നത് ഒരു തരത്തിലും നീതീകരിക്കാവുന്നതല്ല. അഴിമതി ആരോപണങ്ങള്‍ അടിസ്ഥാനമുള്ളതുമാകാം; അല്ലാത്തതുമാകാം. സത്യസന്ധമായ അന്വേഷണത്തിലൂടെ മാത്രമേ അതിന്റെ യാഥാര്‍ത്ഥ്യം വ്യക്തമാകൂ എന്നതിനാല്‍, അന്വേഷണത്തെ സംഘടിതമുഷ്‌കു കൊണ്ട് നേരിടുകയല്ല, മറിച്ച് അന്വേഷണത്തിനുവേണ്ട മുഴുവന്‍ സഹായങ്ങളും സൗകര്യങ്ങളും ചെയ്തുനല്‍കുകയാണ് വേണ്ടത്. അന്വേഷണം സങ്കുചിതമായി നീങ്ങിയാല്‍ അന്വേഷണ ഏജന്‍സി കോടതിയിലോ പൊതുസമൂഹത്തിന്റെ മുമ്പിലോ കൊണ്ടുവരുന്ന തെളിവുകളെ തുറന്നുകാട്ടാന്‍ ജനാധിപത്യപരമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം. അങ്ങിനെ തുറന്നുകാട്ടാന്‍ കഴിഞ്ഞാല്‍ ജനങ്ങളെ നേരിന്റെ ഭാഗത്തേക്ക് കൊണ്ടുവരാന്‍ കഴിയും. അതിനു ശ്രമിക്കാതെ, ഇ.ഡിയിലൂടെ കേന്ദ്രസര്‍ക്കാര്‍ സഹകരണമേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആവര്‍ത്തിക്കുന്നത് സ്വയം അപഹാസ്യരാകാന്‍ മാത്രമേ ഇടയാക്കൂ.


ഇനി വാദത്തിനുവേണ്ടി ഇ.ഡിക്ക് രാഷ്ട്രീയപക തീര്‍ക്കുകയാണെന്ന് വിലയിരുത്തിയാല്‍ത്തന്നെ, അതിന് അവര്‍ക്ക് അവസരം നല്‍കിയത് ആരാണ്? ആറുവര്‍ഷം മുമ്പ് സഹകരണ ഓഡിറ്റര്‍ കണ്ടെത്തിയ ക്രമക്കേടില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്ത് സാധാരണക്കാരായ നിക്ഷേപകരെ സംരക്ഷിക്കേണ്ട ചുമതല സംസ്ഥാന സര്‍ക്കാരിനുണ്ടായിരുന്നില്ലേ? സിപിഐഎമ്മിനുണ്ടായിരുന്നില്ലേ? യഥാസമയം സംസ്ഥാന സര്‍ക്കാരും സിപിഐഎമ്മും അഴിമതി തടയാന്‍ നടപടികളെടുത്തിരുന്നുവെങ്കില്‍ ഇപ്പോള്‍ ഇഡിക്കോ ബിജെപിക്കോ ഇതില്‍ കൈകടത്താന്‍ അവസരമുണ്ടാകുമായിരുന്നില്ല. ആറു വര്‍ഷത്തോളമായി പല തലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതും സംസ്ഥാന സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും പല സംഘങ്ങള്‍ അന്വേഷണം നടത്തിയതുമാണ് ഈ തട്ടിപ്പിനെ സംബന്ധിച്ച്. കരുവന്നൂര്‍ ബാങ്കിലെ അഴിമതി എന്നന്നേക്കുമായി അവസാനിപ്പിക്കാന്‍ ചെറുവിരലനക്കാന്‍ പോലും സിപിഐ(എം) മുതിരാതിരുന്നതാണ് ഇന്ന് ഈ മാനത്തിലേക്ക് ഇത് വളരാനിടയാക്കിയത്.
നിര്‍ഭയമായി അന്വേഷണത്തെ നേരിടാതെ, സാമ്പത്തിക കുറ്റകൃത്യത്തില്‍ നിന്ന് രക്ഷപെടാനായി ഇഡിക്കെതിരെ കോലാഹലം ഉണ്ടാക്കുകയല്ല ചെയ്യേണ്ടത്. കേസില്‍ രേഖകളായി ലഭിക്കുന്ന തെളിവുകളാണ് ഇഡി ആയുധമാക്കുന്നത്. ആ തെളിവുകളും അത് വെളിവാക്കുന്ന തട്ടിപ്പുകളുമല്ല പ്രശ്‌നം, ഇഡി വന്നതാണ് എന്നു പറയുന്നത് പ്രതികളുടെ നിലവിളിയായി മാത്രമേ കാണാന്‍ കഴിയൂ. അഴിമതിയില്‍ നിന്ന് രക്ഷിക്കപ്പെടുമ്പോള്‍ മാത്രമേ സഹകരണമേഖല നിലനില്‍ക്കൂ. സഹകരണമേഖലയോട് സിപിഐഎമ്മിനും സംസ്ഥാന സര്‍ക്കാരിനും എന്തെങ്കിലും പ്രതിബദ്ധതയുണ്ടെങ്കില്‍ അന്വേഷണവുമായി സഹകരിച്ചുകൊണ്ട് യഥാര്‍ത്ഥ കുറ്റവാളികളെ തുറുങ്കിലടയ്ക്കാന്‍ തയ്യാറാവുക, സാധാരണക്കാരായ നിക്ഷേപകരുടെ പണം തിരികെ നല്‍കുക അങ്ങിനെ സഹകരണമേഖലയുടെ വിശ്വാസ്യത വീണ്ടെടുക്കുക; അതാണ് നിറവേറ്റേണ്ട കടമ. എന്നാല്‍ സഹകരണമേഖലയെ അഴിമതി വിമുക്തമാക്കുക എന്നത് അത്ര ആയാസരഹിതമായ ഒരു ദൗത്യമായി ഞങ്ങള്‍ കാണുന്നില്ല. സംസ്ഥാനത്തെ രാഷ്ട്രീയപ്രസ്ഥാനങ്ങളെല്ലാം സഹകരണമേഖലയില്‍ നടമാടുന്ന അഴിമതിയുടെ ഗുണഭോക്താക്കളാണെന്നതാണ് അതിന്റെ പ്രധാനകാരണം. വായ്പ നല്‍കിയും നിയമനവ്യാമോഹം കാട്ടിയും താഴേത്തലങ്ങളില്‍ ജനങ്ങളെ തങ്ങളുടെ വിധേയരാക്കി നിലനിര്‍ത്താന്‍ സഹകരണമേഖലയെ സമര്‍ത്ഥമായി എല്ലാ കക്ഷികളും പ്രയോജനപ്പെടുത്തുന്നു. രാഷ്ട്രീയകക്ഷികളുടെയും നേതാക്കളുടെയും ക്രയവിക്രയങ്ങളുടെ കറവവറ്റാത്ത സാമ്പത്തിക ഉറവിടമായി സഹകരണമേഖലയുടെ കൂറ്റന്‍ നിക്ഷേപം മാറിയിരിക്കുന്നു. സഹകരണമേഖയെ അഴിമതി വിമുക്തമാക്കാനുള്ള കഠിനപ്രയത്‌നം കേരളത്തിന്റെ രാഷ്ട്രീമണ്ഡലത്തെ അടിമുടി ശുദ്ധീകരിക്കുന്ന ദൗത്യവുമായി ഇഴപിരിഞ്ഞുകിടക്കുകയാണ്. ജനങ്ങളെ വന്‍തോതില്‍ അണിനിരത്തിക്കൊണ്ടുള്ള ഒരു ജനാധിപത്യമുന്നേറ്റത്തിന്റെ സമ്മര്‍ദ്ദം സൃഷ്ടിച്ചുകൊണ്ടുമാത്രമേ അത് നേടാനാവൂ.


ബിജെപിയുടെ കപടമുഖം


സഹകരണമേഖലയിലെ പ്രശ്‌നങ്ങളും ഇഡി ഇടപെടലും ഒരു രാഷ്ട്രീയായുധമാക്കാന്‍ പണിപ്പെടുകയാണ് ബിജെപി. പദയാത്രകളും നിക്ഷേപക അദാലത്തുകളുമൊക്കെ അവര്‍ സംഘടിപ്പിക്കുന്നു. കേരളത്തിലെ ശക്തമായ സഹകരണമേഖലയെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണിതെന്ന് സിപിഎമ്മും ആരോപിക്കുന്നു. ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയതന്ത്രങ്ങള്‍ തീര്‍ച്ചയായും ഇതിലുണ്ട്. അല്ലാതെ ബിജെപിക്ക് ഇതിലെന്ത് ആത്മാര്‍ത്ഥതയുണ്ട്? കേരളം പോലെയോ, അതിലേറെയോ ശക്തമായ സഹകരണമേഖലയുള്ള സംസ്ഥാനമാണ് ഗുജറാത്ത്. ഇവിടെ സിപിഐ(എം)ന്റെ ചെയ്തികള്‍ക്ക് സമാനമായി അവിടെ സഹകരണമേഖലയെ കൈപ്പിടിയിലാക്കിയിട്ടുള്ളത് ബിജെപിയാണ്. നോട്ടുനിരോധനത്തിന്റെ സമയത്ത് കള്ളപ്പണം വെളുപ്പിക്കുന്നതില്‍ ഗുജറാത്തിലെ സഹകരണബാങ്കുകള്‍ സഹായിച്ചിരുന്നു എന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ചട്ടങ്ങള്‍ ലംഘിച്ചതിന് അടുത്തിടെ ഗുജറാത്തിലെ 17 സഹകരണബാങ്കുകള്‍ക്ക് റിസര്‍വ്വ് ബാങ്ക് നടപടി നേരിടേണ്ടി വന്നിരുന്നു. ഫെഡറല്‍ തത്ത്വങ്ങള്‍ പോലും മറികടന്നാണ് കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ സഹകരണവകുപ്പ് സ്ഥാപിച്ചതും ഈ മേഖലയില്‍ നിയമനിര്‍മ്മാണത്തിന് ശ്രമിക്കുന്നതും. മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവുകള്‍ക്ക് രാജ്യവ്യാപക പ്രവര്‍ത്തനത്തിന് അവസരമൊരുക്കുകയെന്നതായിരുന്നു കേന്ദ്രനടപടികളുടെ ഒരു പ്രധാനലക്ഷ്യം. തങ്ങള്‍ക്കു സ്വാധീനമുള്ള സംസ്ഥാനങ്ങളിലെ സഹകരണസ്ഥാപനങ്ങളുടെ മൂലധന അടിത്തറയും താത്പര്യങ്ങളും തങ്ങളുടെ വരുതിയിലാക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. ബിജെപിയുടെ താത്പര്യങ്ങള്‍ അവരുടെ യജമാനന്മാരായ ദേശീയ കുത്തക മൂലധനശക്തികളുടെ താത്പര്യം തന്നെയാണെന്നത് ആര്‍ക്കാണ് അറിയാത്തത്? സഹകരണമേഖലയിലെ സഹസ്രകോടികളുടെ മൂലധനം മുതലാളിത്ത കുത്തകകളുടെ താത്പര്യത്തിനായി അടിയറ വെയ്ക്കുകയെന്നതാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങളുടെ ആത്യന്തികലക്ഷ്യവും. ഇത് എതിര്‍ക്കപ്പെടേണ്ടതുണ്ട്. പക്ഷേ, ബിജെപിക്കും ഇഡിക്കും ഇടപെടാനുള്ള അവസരം, തങ്ങളുടെ അഴിമതിയിലൂടെയും വെട്ടിപ്പിലൂടെയും തെറ്റായ മാനേജ്‌മെന്റിലൂടെയും സൃഷ്ടിച്ചത് കേരളത്തിലെ സര്‍ക്കാരും സിപിഐഎമ്മും തന്നെയാണ്. കൃത്യമായി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ച് തെറ്റുകള്‍ തിരുത്തി സഹകരണമേഖലയുടെ വിശ്വാസ്യത വീണ്ടെടുക്കണമെന്ന് സിപിഎമ്മിന്റെ ചില മുതിര്‍ന്ന നേതാക്കളടക്കം ചൂണ്ടിക്കാട്ടിയിട്ടും, തിരുത്താനല്ല, തെറ്റിനു കൂട്ടുനിന്ന് ഇഡിക്കെതിരെ നിസ്സഹരണവും സമരവും നടത്താന് ഉത്സാഹം കാണിക്കുന്നത് ബിജെപിക്ക് തന്നെയല്ലേ ശക്തി പകരുക?


സഹകരണബാങ്കുകള്‍ യഥാര്‍ത്ഥത്തില്‍ സാധാരണക്കാരന്റേതോ?


അവശേഷിക്കുന്ന ഏറ്റവും പ്രസക്തമായ ചോദ്യം, ഇന്ന് സഹകരണപ്രസ്ഥാനം കേരളത്തില്‍ സാധാരണക്കാരന്റെതായി നിലകൊള്ളുന്നുണ്ടോ എന്നതാണ്. ഏറ്റവും സാധാരണക്കാരായവര്‍ക്കും തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും കൊമേഴ്‌സ്യല്‍ ബാങ്കുകളുടെ കടുത്ത മാനദണ്ഡങ്ങളനുസരിച്ച് വായ്പകള്‍ ലഭിക്കുന്നത് ബുദ്ധിമുട്ടായിരുന്ന സാഹചര്യത്തിലാണ് സഹകരണമേഖല കൈത്താങ്ങായിരുന്നത്. ഗ്രാമീണ മേഖലകളില്‍ ഇത്തരം ബാങ്കുകളുടെ ശാഖകള്‍ പോലും ഇല്ലാതിരുന്ന ഇടങ്ങളിലും ബാങ്കിങ്ങ് സേവനം നല്‍കിയിരുന്നത് സഹകരണബാങ്കുകളായിരുന്നു. ആകെ വായ്പകളുടെ പകുതിയോളവും സഹകരണ മേഖലയിലൂടെയായിരുന്നു എന്നും പറയാം. വായ്പകള്‍ക്കപ്പുറം കര്‍ഷകര്‍ക്കും ഗ്രാമീണ ജനങ്ങള്‍ക്കും മറ്റ് പല സേവനങ്ങളും സഹകരണസംഘങ്ങളിലൂടെ ലഭിച്ചിരുന്നു. നബാര്‍ഡ് പോലെയുള്ള കേന്ദ്ര സ്ഥാപനങ്ങളുടെ നോഡല്‍ ഏജന്‍സിയും സഹകരണ സ്ഥാപനങ്ങളായിരുന്നു. കേരളത്തില്‍ ഏറ്റവും വലിയ തൊഴില്‍ദാതാക്കളിലൊന്നായും സഹകരണസ്ഥാപനങ്ങള്‍ വളര്‍ന്നുവന്നിരുന്നു.


എന്നാല്‍ ഇന്ന് ഈ അവസ്ഥയ്ക്ക് മാറ്റം വന്നിട്ടുണ്ട്. 2012-13ല്‍ മൊത്തം കാര്‍ഷികവായ്പകളുടെ 21% പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ വഴിയായിരുന്നുവെങ്കില്‍ 2019-20-ല്‍ ഇത് 16 ശതമാനമായി ചുരുങ്ങുന്നതാണ് കാണുന്നത്. 2012-ല്‍ കേരളത്തിലെ ആകെ വായ്പകളുടെ 41% സഹകരണമേഖല വഴിയായിരുന്നുവെങ്കില്‍ ഇന്നത് 33 ശതമാനമാണ്. ബാങ്കിങ്ങ് മേഖലയിലെ കേന്ദ്രസര്‍ക്കാര്‍ നയമാറ്റങ്ങള്‍ മൂലം പല പൊതുമേഖലാ ബാങ്കുകളും പരസ്പരം ലയിക്കുകയും സ്വകാര്യബാങ്കുകള്‍ ശക്തിപ്രാപിക്കുകയും ചെയ്തു. കൂടാതെ, പേയ്‌മെന്റ് ബാങ്കുകള്‍, മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍, കുടുംബശ്രീയും സമുദായസംഘടനകളും അടക്കം നടത്തുന്ന മൈക്രോഫിനാന്‍സ് സംരംഭങ്ങള്‍, വമ്പന്‍ കമ്പനികളായി രൂപാന്തരം പ്രാപിച്ച ബാങ്കിങ്ങ് ഇതര ഫിനാന്‍സ് കമ്പനികള്‍ എന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ തുടങ്ങിയവയൊക്കെ കേരളത്തിന്റെ മുക്കിലും മൂലയിലും വ്യാപിച്ചിരിക്കുന്നു. വായ്പയുടെ ലഭ്യത ഇന്നൊരു പ്രശ്‌നമല്ല. പക്ഷേ, അതിലൊളിഞ്ഞിരിക്കുന്ന കഴുത്തറപ്പന്‍ പലിശയുടെ ചൂഷണമാണ് ഏറ്റവും ഗുരുതരമായ പ്രശ്‌നം. ഇവരുടെയൊക്കെ ചൂഷണത്തില്‍ നിന്നും സാധാരണക്കാരന്‍ രക്ഷയാകേണ്ടിയിരുന്നത് സഹകരണമേഖലയായിരുന്നു. എന്നാല്‍ ഏറ്റവും കൊടിയ ചൂഷകന്റെ വേഷത്തിലേക്കാണ് സഹകരണമേഖല പരിവര്‍ത്തനപ്പെട്ടത് എന്നു പറയേണ്ടിവരുന്നു.
കേരളത്തില്‍ ഇന്ന് ഏറ്റവും ഭീകരമായ പലിശയീടാക്കുന്നതില്‍ മുന്‍പന്തിയില്‍ തന്നെ സഹകരണസ്ഥാപനങ്ങളുണ്ട്. വായ്പ ലഭിക്കണമെങ്കില്‍ പാര്‍ട്ടി നേതാക്കളുടെ ബന്ധമോ ശുപാര്‍ശയോ വേണമെന്നത് പരസ്യമായ രഹസ്യമല്ല. ഇപ്പോള്‍ തുടര്‍ച്ചയായ തട്ടിപ്പുകളിലൂടെ വിശ്വാസ്യത കൂടി ചോര്‍ന്നു പോയി സഹകരണമേഖല നില്‍ക്കുമ്പോള്‍ സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളുടെയടക്കം ചൂഷണത്തിന് തലവെച്ചുകൊടുക്കാന്‍ ജനം നിര്‍ബന്ധിതരാവുകയാണ്. സഹകരണമേഖലയിലെ ചൂഷണത്തിന്റെ ഒരു ഉദാഹരണം മാത്രം ചൂണ്ടിക്കാട്ടാം. കര്‍ഷകര്‍ക്ക് നാലു ശതമാനം പലിശയില്‍ വായ്പ നല്‍കാനായി നബാര്‍ഡ് നല്കുന്ന ഫണ്ടിനെ വകമാറ്റി ഉയര്‍ന്ന പലിശയ്ക്ക് മറ്റ് വായ്പകള്‍ നല്കുകയാണ് പല സഹകരണബാങ്കുകളും ചെയ്യുന്നത്. സാധാരണക്കാരന്‍ കൃഷിയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കും കിട്ടാത്ത വായ്പകള്‍, വേണ്ടപ്പെട്ടവര്‍ക്കും വന്‍കിടക്കാര്‍ക്കും കെട്ടിടം പണിയാനും സ്ഥലം വാങ്ങാനും ഉള്ള വായ്പകളാക്കി തരപ്പെടുത്തിക്കൊടുക്കുന്നു. ഇവയുടെ തിരിച്ചടവ് മുടങ്ങി കിട്ടാക്കടം പെരുകി സംഘങ്ങളെ തന്നെ അപകടത്തിലാക്കുന്നു. സാധാരണക്കാരന് അവന്റെ നിക്ഷേപം പോലും നഷ്ടമാവുന്നു. സഹകരണ ബാങ്കിലെ വായ്പകളുടെ 38% കിട്ടാക്കടമാണെന്നാണ് പുറത്തുവന്ന കണക്ക്. സാധാരണക്കാരായ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ഇടത്തരക്കാര്‍ക്കും അത്താണിയാകേണ്ട സഹകരണമേഖലയെ മുതലാളിത്ത വര്‍ഗ്ഗതാത്പര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്ത് നശിപ്പിക്കുന്ന പ്രവൃത്തിയാണ് കപട ഇടതുപക്ഷമുള്‍പ്പടെ ഏവരും നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ അനന്തരഫലം മാത്രമാണ് ഇപ്പോള്‍ പുറത്തുവരുന്ന തട്ടിപ്പുകള്‍.
സഹകരണമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പുതിയ നിയമം കൊണ്ടുവരുമെന്നാണ് സഹകരണമന്ത്രി ആവര്‍ത്തിക്കുന്നത്. നിക്ഷേപങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വരെ സംസ്ഥാന സര്‍ക്കാര്‍ ഗ്യാരന്റി നല്കും ഇത് അഞ്ചു ലക്ഷം വരെ ഉയര്‍ത്തുമത്രേ. തട്ടിപ്പുകളില്‍ വേണ്ട നടപടിയെടുക്കാതെ ജനങ്ങളുടെ പണം കൊണ്ട് അതിന്റെ നഷ്ടം നികത്തുമെന്ന് പറയുമ്പോള്‍ അത് എന്ത് വിശ്വാസ്യതയാണ് നല്കുന്നത്? സഹകരണമേഖലയോടും ജനങ്ങളോടും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സിപിഐഎമ്മും സര്‍ക്കാരും സുതാര്യവും സത്യസന്ധവുമായ അന്വേഷണത്തിന് തയ്യാറാവുകയാണ് വേണ്ടത്. ഇഡി അന്വേഷണത്തെ ഭയക്കാതെ, സഹകരിക്കുക. കൈവശമുള്ള വസ്തുനിഷ്ഠമായ തെളിവുകള്‍ പൊതുസമക്ഷത്തിലും അവതരിപ്പിക്കുക. കുറ്റക്കാര്‍, അവരെത്ര ഉന്നതരായാലും, അവര്‍ക്ക് മതിയായ ശിക്ഷ ഉറപ്പാക്കുക. വ്യവസ്ഥകളും നിയമങ്ങളും കൃത്യമായി പാലിക്കുന്നുവെന്നും, കൃത്യമായ പരിശോധനകള്‍ നടക്കുന്നുവെന്നും ഉറപ്പാക്കുക. അഴിമതിയുടെ കറപുരളാത്തവരെ മാത്രം ഇത്തരം സ്ഥാപനങ്ങളിലേക്ക് നിയോഗിക്കുക. സഹകരണവകുപ്പിന്റെ ഓഡിറ്റ് കൂടാതെ വിശ്വാസ്യതയുള്ള സ്വതന്ത്ര ഓഡിറ്റ് കൂടി നിര്‍ബന്ധമാക്കുക. ഇവ അംഗീകരിക്കാന്‍ രാഷ്ട്രീയനേതൃത്വങ്ങളെ നിര്‍ബന്ധിതമാക്കണം.

Share this post

scroll to top