വലിച്ചെറിഞ്ഞ് കുന്നുകൂടിയ ഉള്ളി തിന്നുതീർക്കുന്ന പശുക്കൾ:ഇന്ത്യൻ കർഷകന്റെ ദുരിതത്തിന്റെയും ദൈന്യതയുടെയും ഭീകരചിത്രം

Farmer-1.jpg
Share

മഹാരാഷ്ട്രയിലെ നാസിക്കിൽ, വലിച്ചെറിഞ്ഞ് കുന്നുകൂടിയ ഉള്ളി തീറ്റയാക്കുന്ന പശുക്കൾ… ഭീകരമായ ഈ കാഴ്ചയിൽ, ഇന്ത്യയിലെ കർഷകരുടെ അങ്ങേയറ്റം മോശമായ അവസ്ഥയും ദുരിതവും ഒളിഞ്ഞിരിക്കുന്നു. ഉത്പാദനം വർധിച്ചിട്ടും മതിയായ വില കിട്ടാതെ വരുന്നത്, വിളവ് ഉപേക്ഷിക്കുകയോ കത്തിച്ചുകളയുകയോ ചെയ്യുന്നതു പോലെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങാൻ കർഷകരെ പ്രേരിപ്പിക്കുകയാണ്. കർഷകർ നേരിടേണ്ടി വരുന്ന അന്യായമായ ദാരിദ്ര്യത്തിന്റെ ഒരു കൂട്ടം വേദനിപ്പിക്കുന്ന കഥകൾ, അൽപ്പം വൈകിയാണെങ്കിലും നമ്മുടെ മുന്നിലെത്തുകയാണ്.

മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ജില്ലയിൽ നിന്നുള്ള ശ്രേയസ് അഭാലെ എന്ന കർഷകന് തന്റെ വിളവായ 2657 കിലോഗ്രാം ഉള്ളി, കിലോക്ക് കഷ്ടിച്ച് ഒരു രൂപക്കു മേൽ മാത്രം വില വാങ്ങി വിറ്റു തീർക്കേണ്ടി വന്നു. ബന്ധപ്പെട്ട കൂലി-കടത്തു ചിലവുകൾ കിഴിച്ചപ്പോൾ അദ്ദേഹത്തിന്റെ കൈവശം അവശേഷിച്ചത് കഷ്ടിച്ച് ആറു രൂപ മാത്രമായിരുന്നു എന്നായിരുന്നു വാർത്ത. തന്റെ തുച്ഛമായ ആദായത്തിൽ കോപം പൂണ്ട ആ കർഷകൻ, ഈ നിസ്സാരതുക സംസ്ഥാനത്തെ ബിജെപി മുഖ്യമന്ത്രിക്ക് അയച്ചുകൊടുത്തുവത്രേ.

നാസിക് ജില്ലയിലെ നിഫാഡ് തെഹ്‌സിൽ നിവാസിയായ സഞ്ജയ് സാഥേയ്ക്ക് പ്രാദേശിക മൊത്തവ്യാപാര ചന്തയിൽ തന്റെ വിളയ്ക്ക് കിലോഗ്രാമിന് ഒരു രൂപ മാത്രമാണ് വാഗ്ദാനം ചെയ്യപ്പെട്ടത്. നീണ്ട വിലപേശലിനൊടുവിൽ കിലോക്ക് ഒരു രൂപ 40 പൈസ നിരക്കിൽ തന്റെ 750 കിലോ ഉള്ളി വിൽക്കുവാൻ അദ്ദേഹം നിർബന്ധിതനായി. പ്രതിഷേധസൂചകമായി, ഈ തുച്ഛമായ തുക അപ്പാടെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അദ്ദേഹം സംഭാവന ചെയ്തു.
അഹമ്മദ്‌നഗർ ജില്ലയിലെ സാകുറി ഗ്രാമവാസിയായ രാജേന്ദ്ര ബവാകേ, വഴുതന കൃഷിക്കായി രണ്ടു ലക്ഷത്തോളം രൂപയും മതിയായ ഊർജ്ജവും ചെലവിട്ടിട്ടും, കിലോക്ക് വെറും 20 പൈസ നിരക്കിൽ 65,000 രൂപ മാത്രമാണ് വിലയായി തിരിച്ചു കിട്ടിയതെന്ന് പറയുന്നു. മനംനൊന്ത് നിരാശനും കോപാകുലനുമായ ഈ കർഷകൻ തന്റെ വഴുതനച്ചെടികൾ എല്ലാം തന്നെ വേരോടെ പിഴുതെറിഞ്ഞുവത്രേ. മദ്ധ്യപ്രദേശിലെ നീമുച്ച് മണ്ഡിയിൽ, കിലോഗ്രാമിന് 50 പൈസയെന്ന കുറഞ്ഞ വിലയിൽ ഉള്ളി വിൽക്കേണ്ടി വന്നത് പ്രദേശത്തെ കർഷകരെ പരിഭ്രാന്തരാക്കുകയുണ്ടായി. മേവാലാൽ പട്ടീദാർ എന്ന ഒരു കർഷകന്റെ ദയനീയ വിലാപം ഇങ്ങനെയായിരുന്നു, ”ഈ നക്കാപിച്ച വിലയ്ക്ക് വിൽക്കുന്നതിനു പകരം വിളവ് റോഡിലെറിഞ്ഞു കളയാനാണ് എനിക്കു തോന്നുന്നത്”.’വിദർഭയിലെ അമരാവതി മേഖലയിൽ അഞ്ച് ഏക്കർ സ്ഥലം സ്വന്തമായുള്ള സുനിൽ ജാദവ് പറയുന്നു, ”കൃഷി ചെയ്‌തെടുക്കാനുള്ള ഏകദേശ ചിലവനുസരിച്ച് ഒരു ക്വിന്റൽ തുവരപ്പരിപ്പിന് ലഭിക്കേണ്ട ന്യായമായ വില 7000 രൂപയാണ്. എന്നാൽ കച്ചവടക്കാരാകട്ടെ, ക്വിന്റലിന് കഷ്ടിച്ച് 3000 രൂപയിൽ അൽപ്പം കൂടുതൽ മാത്രമേ തരാൻ തയ്യാറാകുന്നുള്ളു. അതും ഞങ്ങളുടെ ചിലവിന്റെ നാലിരട്ടിയെങ്കിലും വില ഉറപ്പു പറഞ്ഞിരുന്ന സ്ഥാനത്ത്. ഇപ്പേൾ ഞാൻ കച്ചവടക്കാരുടെ ദയയ്ക്കായി കാത്തു നിൽക്കുന്നു”. കർണാടകത്തിലെ ബെലഗാവി ജില്ലയിലെ ഉള്ളി കർഷകരും പെട്ടെന്നുള്ള വിലത്തകർച്ചയെതുടർന്ന്, ഏതാനും നാളുകൾക്ക് മുമ്പ് സമാനമായ പ്രതിഷേധം നടത്തുകയും കാർഷികോൽപ്പന്ന മാർക്കറ്റിങ്ങ് കമ്മിറ്റിയുടെ പ്രധാനകവാടം തന്നെ പൂട്ടിയിടുകയുമുണ്ടായി. കരിമ്പിന് കുറഞ്ഞ താങ്ങുവില പ്രഖ്യാപിക്കണമെന്നും, ഫാക്ടറികൾ നൽകേണ്ട കുടിശ്ശിഖ തന്നുതീർക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട്, കർണാടകത്തിലെ വിവിധ ഭാഗങ്ങളിലുള്ള കരിമ്പ് കർഷകർ പ്രതിഷേധസമരത്തിൽ അണിനിരന്നു. അവിശ്വസനീയമാംവിധം കുറഞ്ഞ വിലയ്ക്ക് വിളകൾ വിറ്റഴിക്കുവാൻ നിർബന്ധിതരായതിൽ കലിപൂണ്ട ഉത്തർപ്രദേശിലെ കരിമ്പുകർഷകർ തങ്ങളുടെ വിള കത്തിച്ചുകളഞ്ഞത് കഴിഞ്ഞ വർഷമാണ്. എന്നാൽ, അവരുടെ അവസ്ഥ മെച്ചപ്പെടുത്താൻ എന്തെങ്കിലും കാര്യക്ഷമമായ നടപടി എടുക്കുന്നതിനു പകരം, സംസ്ഥാനത്തിന്റെ കാവി പുതച്ച മുഖ്യമന്ത്രി അവരോടു നിർദ്ദേശിച്ചത്, സംസ്ഥാനത്ത് ‘പ്രമേഹരോഗം നിയന്ത്രിക്കുന്നതിനായി’ കരിമ്പല്ലാതെ മറ്റെന്തെങ്കിലും കൃഷി ചെയ്തു തുടങ്ങാനാണ്. ഏതാനും ദിവസങ്ങൾക്കു മുമ്പ്, ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവിലെ നിവാസികൾ ഒരു വിചിത്രമായ കാഴ്ച്ച കണ്ടാണ് ഉണർന്നത്. വിധാൻസഭ മാർഗും വിവിഐപി ഗസ്റ്റ് ഹൗസും അടക്കമുള്ള മറ്റ് സ്ഥലങ്ങളിലും പ്രധാനപ്പെട്ട വീഥികളിലും കവലകളിലും ഉരുളക്കിഴങ്ങുകൾ വിതറിയിരിക്കുന്നു. ഇന്ത്യയിലെ ഉരുളക്കിഴങ്ങ് ഉൽപ്പാദനത്തിന്റെ 30 ശതമാനവും നിർവഹിക്കുന്ന ഉത്തർപ്രദേശിലെ കർഷകർ, തങ്ങളുടെ വിളവ് തെരുവിൽ ഉപേക്ഷിച്ച് ദേഷ്യം തീർത്തതാണ് കാരണം. ഏകദേശം ഇതുപോലെ തന്നെ പശ്ചിമബംഗാളിലെ കർഷകരും തങ്ങളുടെ വിളവ് ഹൈവേകളിൽ വലിച്ചെറിയുകയായിരുന്നു. ഉൽപ്പാദനച്ചിലവ് കണക്കാക്കിയാൽ കിലോഗ്രാമിന് ആറു രൂപയെങ്കിലും വില കിട്ടേണ്ട സ്ഥാനത്ത്, അവർക്ക് വാഗ്ദാനം ചെയ്യപ്പെട്ട സംഭരണവില 1.3 മുതൽ 2 രൂപ വരെ മാത്രമാണ്. പഞ്ചാബിലും ഉരുളക്കിഴങ്ങ് കൃഷിക്കാർ ഭീമമായ നഷ്ടം നേരിടുകയാണ്. തങ്ങൾ ചെലവിട്ട തുകയേക്കാൾ അൽപ്പംകൂടി എന്തെങ്കിലും നേടുമെന്ന പ്രതീക്ഷയിൽ, അഞ്ചു മുതൽ ആറു രൂപ വരെയെങ്കിലും കിട്ടുമെന്നാണ് അവർ കരുതിയത്. എന്നാൽ ലഭിച്ചതോ കിലോക്ക് ഒരു രൂപ മാത്രം. മേൽ വിവരിച്ച, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന ഈ സംഭവപരമ്പര എന്താണ് കാണിച്ചുതരുന്നത്? വിത്തും വളവും കീടനാശിനികളും മറ്റ് അനുബന്ധ ഉപകരണങ്ങളും വാങ്ങാൻ കാര്യമായ തുക മുടക്കുകയും, മണ്ണിൽ അധ്വാനിച്ച് ഉൽപ്പന്നങ്ങൾ വിളയിക്കുകയും ചെയ്യുന്ന കർഷകർ, സംഭരണസംവിധാനങ്ങൾ കൃത്രിമവും അനിയന്ത്രിതവുമായിത്തീർന്നതിലൂടെ, തങ്ങളുടെ വിളകൾ തുച്ഛമായ വിലയ്ക്ക് വിറ്റഴിക്കാൻ നിർബന്ധിതരായിത്തീരുന്നു. പക്ഷേ, പാണ്ടികശാലകളും മൊത്തക്കച്ചവടക്കാരും അടങ്ങുന്ന ഈ സംഭരണസംവിധാനത്തിലൂടെ, ഇതേ വിളകൾ ഉപഭോക്തൃ കമ്പോളത്തിൽ എത്തുമ്പോൾ, സാധാരണജനങ്ങൾ ഇതിനു കൊടുക്കേണ്ടി വരുന്ന അന്തിമവില എത്രയോ മടങ്ങ് വർധിക്കുന്നു. അതിനർത്ഥം ഇടനിലക്കാരാണ് ലാഭം കൊയ്യുന്നത്. അതായത്, തങ്ങൾ ഉൽപ്പാദിപ്പിച്ച ഉള്ളിക്ക് കർഷകന് 50 പൈസ തൊട്ട് ഒരു രൂപ വരെ കിലോയ്ക്ക് ലഭിക്കുമ്പോൾ, അതേ ഉള്ളി കമ്പോളത്തിൽ വിൽക്കുന്ന വിലയാകട്ടെ കിലോക്ക് 15 മുതൽ 20 രൂപ വരേയും.

അന്തർലീനമായ ക്രമക്കേടുകളും ഇന്ത്യൻ കാർഷികമേഖലയുടെ ഭയാനകമായ
ദുർദശയും

ഈ കഠിനയാഥാർത്ഥ്യം വെളിവാക്കുന്നത്, ഇന്ത്യൻ കാർഷികമേഖലയിൽ അന്തർലീനമായ ക്രമക്കേടുകളും ഭയാനകമായ ദുർദശയുമാണ്. നമ്മുടെ ജനതയെ ഇന്നും, വരുംകാലത്തേക്കും, ഊട്ടാൻ ആവശ്യമായ ഭക്ഷണം ഇന്ത്യ ഉൽപ്പാദിപ്പിക്കുന്നുണ്ട്. എന്നാൽ ഈ ധാന്യവും പച്ചക്കറികളും ഉൽപ്പാദിപ്പിക്കുന്നവരെയാകട്ടെ, മുതലാളിത്തസംവിധാനം ഞെട്ടിക്കുന്ന ദുരിതത്തിനും ദാരിദ്ര്യത്തിനും വിധേയരാക്കുകയാണ്. അതുപോലെ തന്നെ കമ്പോളത്തിൽ നിന്നും ഈ ഉൽപ്പന്നങ്ങൾ വാങ്ങേണ്ടിവരുന്ന ഉപഭോക്താക്കളേയും അവർ പിഴിഞ്ഞെടുക്കുന്നു. വ്യക്തമായും, ഇത് അഴിമതി നിറഞ്ഞ ഭരണാധികാരികളും ഗ്രാമീണ ദല്ലാളന്മാരും സംഭരണശാലകളുടെ ഉടമസ്ഥരും ഭരണകക്ഷിനേതാക്കളും പഞ്ചായത്ത് ഭാരവാഹികളും ചേർന്നുള്ള അവിശുദ്ധസഖ്യത്തിനു മേൽക്കൈയുള്ള, ഒരു ദുഷിച്ച സംഭരണസംവിധാനമാണ്. അതുപോലെ തന്നെ പാളിച്ചകളും കൃത്രിമവുമുള്ള ഒരു സംഘം ഇടനിലക്കാരും പൂഴ്ത്തിവെയ്പ്പുകാരും കരിഞ്ചന്തക്കാരും ഊഹക്കച്ചവടക്കാരും പിടിമുറുക്കിയിട്ടുള്ള ഒരു വിതരണസംവിധാനവും. ഇവയാണ്, ഇത്തരത്തിലുള്ള എല്ലാ വഴിപിഴയ്ക്കലുകൾക്കും കാരണമായി, ഉൽപ്പാദകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ വിഷമവും ആശങ്കയും കൊണ്ടുവരുന്നതും. കാർഷികകമ്പോളത്തിനു മേലുള്ള ഈ വിഷമവൃത്തത്തിന്റെ കുത്തകനിയന്ത്രണത്തെ, നിയമം മൂലം നിലനിർത്തിയിരിക്കുന്നുവെന്നത് കാര്യങ്ങളെ കൂടുതൽ വഷളാക്കുന്നു. അതുകൊണ്ട്, നേരിട്ട് ഉപഭോക്താവിനു വിൽക്കുന്നതിനുള്ള അവസരം കർഷകനും ഉണ്ടാകുന്നില്ല. തികഞ്ഞ അഴിമതിക്കാരും സർവശക്തരുമായ ഇടനിലക്കാർക്കു തങ്ങളുടെ വിളവ് കൈമാറാൻ കർഷകർ നിർബന്ധിതരായിത്തീരുന്നു. ഇതിലൂടെ, കർഷകനു ന്യായവില കിട്ടാനുള്ള സാധ്യതകളൊക്കെയും ഇല്ലാതാകുന്നു. പകരം കമ്മീഷൻ ഏജന്റുമാരുടെ പോക്കറ്റുകൾ നിറയുന്നു. കൂടാതെ, ആഗോളവൽക്കരണത്തിനു പിന്നാലെ പായുമ്പോൾ, കൃഷിക്കു വേണ്ട അസംസ്‌കൃതവസ്തുക്കളായ വിത്തുകൾ, വളം, കീടനാശിനി എന്നിവയുടെ ഒക്കെ ഉൽപ്പാദനം ഒന്നാകെ വമ്പൻ ബഹുരാഷ്ട്രകുത്തകകളടക്കമുള്ള സ്വകാര്യമേഖലയ്ക്ക് വെള്ളിത്താലത്തിൽ വെച്ചു നൽകിയിരിക്കുന്നു. തദ്ഫലമായി, ഈ വസ്തുക്കളുടെയെല്ലാം വിലകൾ ദിനംപ്രതി കുതിച്ചുയരുകയും കൃഷിക്കുള്ള ചിലവ് വൻതോതിൽ വർധിക്കുകയുമാണ്. അതിനും പുറമേ, സ്വാതന്ത്ര്യം കിട്ടി 70 വർഷം കഴിഞ്ഞിട്ടും നമ്മുടെ കൃഷിയോഗ്യമായ ഭൂമിയുടെ 50 ശതമാനത്തിനു പോലും ജലസേചന സൗകര്യമില്ല. ജലസേചനസൗകര്യം ഉണ്ടെന്ന് അവകാശപ്പെടുന്ന പ്രദേശങ്ങളിൽ മതിയായ ജലലഭ്യതയുമുണ്ടാകാറില്ല. കാർഷിക സെൻസസ് പ്രകാരം, ജലസേചനമുള്ള ഭൂമിയുടെ 38% ഉപരിതലജലവും 62% ഭൂഗർഭജലവുമാണ് ഉപയോഗിക്കുന്നത്. നിരുത്തരവാദപരമായും ആസൂത്രണമില്ലാതെയും ഊറ്റിയെടുക്കുന്നത് ഭൂഗർഭജലത്തിന്റെ കരുതൽശേഖരത്തിന്റെ അതിവേഗശോഷണത്തിലേക്കാണ് നയിക്കുന്നത്. ഇത് പരിസ്ഥിതി സന്തുലനത്തെ ബാധിക്കുന്നതോടൊപ്പം, ദൗർലഭ്യം സൃഷ്ടിക്കുകയും ചെയ്യുന്നു. ഒപ്പം മഴ കുറയുക കൂടി ചെയ്യുമ്പോൾ കർഷകരെ അത് കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുന്നു. കൂടാതെ, ഡീസൽ വില മാനംമുട്ടുന്നത്, വെള്ളം പമ്പു ചെയ്യുന്നതിനുള്ള ചെലവ് വർധിപ്പിച്ച് ദരിദ്രകർഷകരുടെ ക്ലേശം കൂട്ടുന്നു. കൃഷി ഇന്നും പ്രകൃതിയുടെ കാരുണ്യത്തിലാണ്. വിളയുൽപ്പാദനം നല്ല മൺസൂണിനെ ആശ്രയിച്ചു നിൽക്കുന്നു എന്നു പറയാൻ ഭരണവൃത്തങ്ങൾ ഒരിക്കലും മടിക്കാറില്ല. വരൾച്ചയുടെ ഒരൊറ്റ ഋതുകാലം മതിയാകും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ദുരിതത്തിലാഴ്ത്തി സമ്പൂർണമായ തകർച്ചക്കു വഴിവെക്കാനെന്നും അവർ പറയുന്നു. ഈ രീതിയിൽ, ജലസേചനസൗകര്യങ്ങളുടെ അഭാവം, സാങ്കേതികവിദ്യയുടെ അറ്റവും മുറിയും മാത്രം ഉപയോഗിക്കുന്നത്, കർഷകന്റെ വർദ്ധിക്കുന്ന കഷ്ടസ്ഥിതിക്കു വഴിവെക്കുന്ന വ്യാപകമായ അഴിമതി തുടങ്ങിയവയെക്കുറിച്ചുള്ള ചോദ്യങ്ങളെ അവർ കൗശലപൂർവം ഒഴിവാക്കുന്നു.

കർഷകർക്കുമേൽ വീശുന്ന ഇരുതലമൂർച്ചയുള്ള വാൾ

കർഷകരെ അങ്ങനെ ഇരുവശത്തു നിന്നും വെട്ടിമുറിവേൽപ്പിക്കുകയാണ് – ഉയരുന്ന ചെലവും, സ്തംഭിക്കുന്ന വരുമാനവും. ഉൽപ്പാദിപ്പിക്കാനായി അവർ ഉയർന്ന തുകകൾ ചെലവാക്കുന്നു. ഈ ഉയരുന്ന ചെലവുകൾക്ക് മതിയായ പണം ഇല്ലാത്തതിനാൽ, അതിഭീമമായ പലിശക്ക് ഹുണ്ടികക്കാരിൽ നിന്നും അവർക്ക് പണം കടം വാങ്ങേണ്ടി വരുന്നു. വ്യവസ്ഥാപിത വായ്പകളൊന്നും 10 ശതമാനത്തിൽ കൂടുതൽ ആവശ്യക്കാരിലേക്ക് എത്തുന്നില്ല എന്നതാണ് ഇതിനു വഴിവെക്കുന്നത്. ദേശീയ സാമ്പിൾ സർവ്വേ ഓർഗനൈസേഷൻ(NSSO) അടുത്തിടെ നടത്തിയ ഒരു സർവ്വേ വെളിപ്പെടുത്തുന്നത്, ഇന്ത്യയിലെ കർഷകരിൽ പകുതിയിലേറെയും ബാങ്കുകളുടേയോ ഹുണ്ടികപണമിടപാടുകാരുടേയോ കടക്കാരാണെന്നാണ്. പക്ഷേ, വിള വിൽക്കുവാനായി കർഷകർ ചെല്ലുമ്പോൾ, തങ്ങളുടെ ചെലവിനു തുല്യമായ തുക പോലും വിലയായി ലഭിക്കുന്നില്ല എന്നതാണ് അവർ കാണുന്നത്. അതുകൊണ്ടു തന്നെ വായ്പകൾ തിരിച്ചടയ്ക്കാൻ അവർക്കു സാധിക്കുന്നില്ല. ഈ പ്രശ്‌നങ്ങളെല്ലാം തന്നെ കർഷകരെ നിരന്തരം പ്രാന്തവൽക്കരിച്ച് അകറ്റുന്നതിലേക്കാണ് നയിക്കുന്നത്. ഔദ്യോഗിക റിപ്പോർട്ട് പ്രകാരം 1991നും 2011നും ഇടയിൽ ഒന്നരക്കോടിയോളം പേരാണ് കാർഷികവൃത്തി ഉപേക്ഷിച്ചത്. ഇതിൽ ഭൂരിഭാഗവും ഭൂരഹിത കർഷകത്തൊഴിലാളികളായി മാറിയിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടുന്നത് പ്രതിദിനം 2040 കർഷകർ തൊഴിലുപേക്ഷിക്കുന്നു എന്നാണ്. തന്നെയുമല്ല കൃഷിയുടെ വർദ്ധിക്കുന്ന ദുരവസ്ഥ കാരണം, മധ്യവർഗകർഷകർ ദരിദ്രകർഷകരായും, ദരിദ്രകർഷകർ പങ്കുകർഷകരോ പാട്ടകർഷകരോ ആയും, പങ്ക്-പാട്ട കർഷകർ ഭൂരഹിതകർഷകരോ കർഷകത്തൊഴിലാളികളോ ആയും അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. കുറഞ്ഞ ഉൽപ്പാദനത്താലും , ഉൽപ്പാദനത്തിലും വരുമാനത്തിലുമുള്ള കനത്ത നഷ്ടത്താലും, വിളവെടുപ്പിനു ശേഷമുള്ള സംഭരണസംവിധാനങ്ങളുടെ അപര്യാപ്തതയാലും, തങ്ങളുടെ ഭൂമി പോലും സംരക്ഷിക്കാനാകാതെയും, അന്താരാഷ്ട്ര കമ്പോളത്തിന്റെ മൽസരത്തോടു പിടിച്ചുനിൽക്കാനാകാതെയും, പാപ്പരാക്കപ്പെടുന്നതിനാലുമൊക്കെ തളരുകയാണ് ഇന്ത്യൻ കർഷകർ. ഇവരിൽ നല്ലൊരു സംഖ്യയിന്ന് കിട്ടുന്ന എന്ത് കൂലിവേലക്കും തയ്യാറായി മുന്നോട്ടു വരികയാണ്. അതുകൊണ്ട്, ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും കർഷകരുടെ കൂട്ടപ്പലായനമാണ് ഇന്ന് ദൃശ്യമാകുന്നത്. പക്ഷേ അവിടെയും, മതിയായ തൊഴിലുകളുടെ അഭാവം നിമിത്തം, ഈ കുടിയേറ്റക്കാരിൽ നല്ലൊരു പങ്കും തെരുവ് യാചകരായും വഴിയോരത്താമസക്കാരായും ഒക്കെ മാറി, പട്ടികളേയും പൂച്ചകളേയും പോലെ തെരുവിൽ മരിക്കുന്നു. ഭൂമിയിൽ നിന്നും കർഷകരെ ഇങ്ങനെ പുറന്തള്ളുന്നത് തുടരുമ്പോൾ, കാർഷികവികസനത്തിന് അത് വിനാശകരമായ പ്രഭാവമാണ് സൃഷ്ടിക്കുന്നത്. ഭക്ഷ്യധാന്യങ്ങളുടെ ഉൽപ്പാദനത്തിലുണ്ടാകുന്ന കുറവിലേക്ക് നയിക്കുന്നതാണ് കാർഷികവികാസത്തിലെ ഈ ഗുരുതരപ്രതിബന്ധം. ഭക്ഷ്യധാന്യങ്ങൾ വൻതോതിൽ ഇറക്കുമതി ചെയ്യേണ്ടിവരുന്നതിലേക്കാണ് ഇത് വഴിതുറക്കുന്നത്. ഇതാകട്ടെ, ആ മേഖലയിലെ കച്ചവടക്കാരായ, ദുരാഗ്രഹികളായ ബഹുരാഷ്ട്രഭീമന്മാർക്ക് വളരെ സന്തോഷം നൽകുന്നതുമാണ്. കർഷകരുടെ അവസാനമില്ലാത്ത ദുരിതത്തിനും വളരുന്ന ദാരിദ്ര്യത്തിനുമൊപ്പം, വ്യാപാരക്കമ്മി (കയറ്റുമതിയേക്കാൾ ഇറക്കുമതി വർധിക്കുന്ന അവസ്ഥ) ഉയരുന്നതിലൂടെ ഇത് സമ്പദ്ഘടനയെത്തന്നെ കൂടുതൽ സമ്മർദത്തിലാക്കുകയാണ്.

വർദ്ധിക്കുന്ന കർഷക  ആത്മഹത്യകൾ

ഇതിലെല്ലാം കൂടുതൽ വേദനാജനകമെന്തെന്നാൽ, തങ്ങളുടെ കുടുംബങ്ങൾ പട്ടിണിയിൽ ഉഴലുന്നത് കാണാനാകാതെയും, കടക്കെണിയുടെ കളങ്കം താങ്ങാനാകാതെയും, കർഷകർ വളരെ അനിശ്ചിതമായ മാനസികാവസ്ഥയിലേക്ക് തള്ളിവിടപ്പെട്ട്, അവസാനം ആത്മഹത്യയിൽ അഭയം പ്രാപിക്കുന്നു. കൊടിയുടെ നിറമേതു തന്നെയായാലും, കർഷകസൗഹൃദമെന്ന് നടിക്കുന്ന സർക്കാരുകൾ, കർഷകന്റെ ദൈന്യതയും കുടിയൊഴിക്കലും കണ്ട് മുതലക്കണ്ണീരൊഴുക്കാൻ ഒട്ടും മടിക്കാറില്ല. പക്ഷേ, ഇവരെല്ലാം തന്നെ ഈ നിർദയചൂഷണത്തിന്റെയും മനുഷ്യത്വരാഹിത്യത്തിന്റെയും പ്രാകൃതമായ സാമ്പത്തികാക്രമണങ്ങളുടേയും മൂകസാക്ഷികളോ, അല്ലെങ്കിൽ അതിലുപരി അതിന് സഹായികളും പ്രേരകരുമായി തന്നെ വർത്തിക്കുന്നവരാണ്. ന്യായവില നിഷേധിക്കപ്പെട്ടതു മൂലവും കടബാധ്യത വീട്ടാനാകാത്തതു മൂലവും ഇതിനോടകം തന്നെ മൂന്നര ലക്ഷത്തോളം കർഷകരാണ് ആത്മഹത്യ ചെയ്തത്. സാഹചര്യം അതിരൂക്ഷമായതു മൂലം കഴിഞ്ഞ മൂന്നു വർഷത്തെ അത്തരം ആത്മഹത്യകളുടെ കണക്കുകൾ പുറത്തുവിടുന്നത് സർക്കാർ തടഞ്ഞിരിക്കുകയാണ്. അതിലുപരിയായി, അങ്ങനെയുള്ള ആത്മഹത്യകളെക്കുറിച്ച് ക്രൂരമായ തമാശകൾ കൂടി പറയുന്ന തരത്തിലേക്ക്, യാതൊരു മനഃസ്താപവുമില്ലാതെ മന്ത്രിമാർ പോലും തരംതാണിരിക്കുന്നു. കേന്ദ്ര കൃഷിവകുപ്പ് മന്ത്രി രാധാമോഹൻ സിങ്ങ് പാർലമെന്റിൽ പറഞ്ഞത്, സാമ്പത്തികത്തകർച്ച മൂലമല്ല, പ്രണയനൈരാശ്യം, സ്ത്രീധനം, വന്ധ്യത തുടങ്ങിയ കാരണങ്ങൾ മൂലമാണ് കർഷകർ ആത്മഹത്യ ചെയ്യുന്നതെന്നാണ്. സിങ്ങിന്റെ ഈ പ്രസ്താവന വന്നത്, ബിജെപിയിലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകനും ഹരിയാനയിലെ കൃഷിവകുപ്പു മന്ത്രിയുമായ ഒ.പി.ധൻകർ, ആത്മഹത്യ ചെയ്യുന്ന കർഷകരെ ‘ഭീരുക്കൾ’ എന്നു വിളിച്ച് ഏതാനും മാസങ്ങൾക്കുള്ളിലാണ്. ഒറ്റ കർഷകൻ പോലും സംസ്ഥാനത്ത് വരൾച്ച മൂലം ആത്മഹത്യ ചെയ്തിട്ടില്ല, എല്ലാവരും സ്വാഭാവികകാരണങ്ങൾ കൊണ്ട് മരിക്കുകയായിരുന്നു എന്ന് തമിഴ്‌നാട് സർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞപ്പോൾ, കർഷകരോഷം അണപൊട്ടി. നിസ്സഹായരായ പാവപ്പെട്ടവരുടെ ദയനീയമരണങ്ങളെ പോലും അധികാരസ്ഥാനങ്ങൾ എങ്ങനെ പന്തുതട്ടുന്നു എന്നതാണ് ഇത് കാണിക്കുന്നത്. ഇപ്പോൾ മറ്റൊരു പരിഹാസപ്രകടനം ആരംഭിച്ചിട്ടുണ്ട്. എപ്പോഴെങ്കിലും ഒരു കർഷകമരണം റിപ്പോർട്ട് ചെയ്യപ്പെട്ടാൽ ഉടനേ ചില സംസ്ഥാന സർക്കാരുകൾ, നിരാശ്രയകുടുംബത്തിന് നഷ്ടപരിഹാരത്തുക പ്രഖ്യാപിക്കും. ഇതിലൂടെ അവരുടെ വാ മൂടിക്കെട്ടി, കാർഷികസമ്പദ്ഘടനയുടെ വ്രണങ്ങൾ അടിച്ചമർത്തി, ജീവനഷ്ടത്തോട് സഹാനുഭൂതി അഭിനയിച്ച് അതിലൂടെ തെരഞ്ഞെടുപ്പ് നേട്ടം കാംക്ഷിക്കുകയാണ് അവർ. ഇതെല്ലാം, അധികാരക്കസേരകളിൽ അമർന്നിരിക്കുന്ന ബൂർഷ്വാ രാഷ്ട്രീയക്കാരുടെ സംസ്‌ക്കാരവും നിലവാരവും വ്യക്തമായി സാക്ഷ്യപ്പെടുത്തുകയാണ്.

കുറഞ്ഞ താങ്ങുവില എന്ന പ്രഹസനം

എന്നു മാത്രമല്ല, എല്ലാ ബൂർഷ്വാ സർക്കാരുകളും കൃഷിയെ വളർച്ചയുടെ ചാലകശക്തിയായല്ല, വോട്ടിന്റെ ഒരു ഉറവിടം മാത്രമായാണ് കാണുന്നത്. അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ, കുറഞ്ഞ താങ്ങുവില ഉയർത്തും, കർഷകരിൽ നിന്നും ആ വിലയ്ക്ക് വിള സംഭരിക്കാൻ കുടുതൽ കേന്ദ്രങ്ങൾ തുറക്കും, ബാങ്ക് വായ്പകൾ എഴുതിത്തള്ളും തുടങ്ങിയ വാഗ്ദാനങ്ങൾ ചൊരിയും. എന്നാൽ മൂലകാരണത്തെ തന്നെ നീക്കംചെയ്യുവാൻ യാതൊരു ശ്രമവുമുണ്ടാകില്ല. കാരണം, നമുക്കറിയാം ഇന്ന് മുതലാളിത്തത്തിൽ, ഭരണമുതലാളിവർഗത്തോട് വിധേയരായ ഒരു സർക്കാരുകൾക്കും അത് സാധിക്കില്ല. അതുകൊണ്ട് തന്നെ ഈ തട്ടിപ്പുകൾ കൃത്യമായും തുറന്നു കാട്ടേണ്ടതുണ്ട്.
നമുക്ക് കുറഞ്ഞ താങ്ങുവിലയുടെ കാര്യമെടുക്കാം. 2014-ലെ തങ്ങളുടെ തെരഞ്ഞെടുപ്പ് പത്രികയിൽ. മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ മറ്റു പല കാര്യങ്ങൾക്കുമൊപ്പം വാഗ്ദാനം ചെയ്ത ഒരു കാര്യമുണ്ട്. കർഷകർക്ക് വാഗ്ദാനം ചെയ്യപ്പെടുന്ന കുറഞ്ഞ താങ്ങുവില, സ്വാമിനാഥൻ കമ്മീഷൻ നിർദേശിച്ചതു പോലെ, ഉത്പ്പാദനച്ചെലവിന്റെ 50 ശതമാനത്തിൽ കൂടുതലാക്കുമെന്ന്. (അതായത്, ചെലവ് 10 രൂപയെങ്കിൽ കുറഞ്ഞ താങ്ങുവില, 15 രൂപയായിരിക്കും) എന്നാൽ അധികാരത്തിലെത്തി ഉടനേതന്നെ, തങ്ങൾ താദാത്മ്യപ്പെട്ടിരിക്കുന്ന ഹീനമായ മുതലാളിവർഗ താൽപ്പര്യങ്ങളെ സേവിക്കുവാനായി ബിജെപി സർക്കാർ കൗശലപൂർവം കുറഞ്ഞ താങ്ങുവില പ്രഖ്യാപിക്കുന്ന രീതി തന്നെ മാറ്റിക്കളഞ്ഞു. സ്വാമിനാഥൻ കമ്മീഷന്റെ നിർദേശമനുസരിച്ച്, വിളകളുടെ കുറഞ്ഞ താങ്ങുവില, ‘ഏറ്റവും ചുരുങ്ങിയത് ഉത്പ്പാദനച്ചെലവിന്റെ ശരാശരിയേക്കാൾ 50% എങ്കിലും കൂടുതലായി’ നിശ്ചയിക്കപ്പെടണം. കൃഷിച്ചെലവിന് രണ്ട് അളവുകോലുകളുണ്ട്. ആദ്യത്തേതിൽ, (A2 + FL എന്ന് സാങ്കേതികപദം) വിത്ത്, വളം, കൂലിച്ചെലവ്, ഇന്ധനം, ജലസേചനം, കീടനാശിനി തുടങ്ങി കാർഷികപ്രക്രിയയിൽ ചേർന്നിട്ടുള്ള കുടുംബാംഗങ്ങളുടെ കൂലിയില്ലാ അധ്വാനത്തിനു കണക്കാക്കപ്പെടേണ്ട മൂല്യം എന്നിവയടക്കം, കർഷകനു പണമായും അല്ലാതെയും ഉണ്ടാകുന്ന എല്ലാ ചെലവുകളും ഉൾപ്പെടുന്നു. രണ്ടാമത്തേത് (C2), ചെലവിന്റെ സമഗ്രമായ അളവുകോലാണ്. ഇതിൽ A2 + FL ഉൾപ്പെട്ടിരിക്കുന്നതിനു പുറമേ, ഭൂമിയുടെ വാടക, സ്ഥിരവും പ്രവൃത്തിയിലുള്ളതുമായ മൂലധനത്തിനു മേലുള്ള പലിശ എന്നിവയുടെ കണക്കാക്കപ്പെട്ട മൂല്യവും ഉൾപ്പെട്ടിരിക്കുന്നു. ഇതിൽ C2 മാറ്റിനിർത്തി, A2 + FL അടിസ്ഥാനമായി ഉപയോഗിച്ച് കുറഞ്ഞ താങ്ങുവില 50 ശതമാനമായി ഉയർത്തും എന്നതായിരുന്നു ബജറ്റ് പ്രഖ്യാപനം. ഇവിടെയാണ് ചതി ഒളിഞ്ഞിരിക്കുന്നത്. ഈ പുതിയ രീതിയിൽ ഉത്പാദനച്ചെലവ്, പല വിളകൾക്കും യഥാർത്ഥ ഉത്പാദനച്ചെലവിന്റെ പകുതിയോളമായി, പെട്ടെന്ന് താഴേക്കു വന്നു. ഇങ്ങനെയാണ് അവർ കർഷകതാത്പര്യത്തെ വഞ്ചിക്കുന്നത്. ഇനി, മേൽപറഞ്ഞ കണക്കുകൂട്ടലുകളിലൂടെ പ്രഖ്യാപിച്ച ഈ തുക പോലും അർഹരായ കർഷകരിലേക്ക് എത്തുന്നില്ല. ഇടനിലക്കാരും കമ്മീഷൻ ഏജന്റുമാരും മുഖ്യഭാഗവും വിഴുങ്ങുന്നതാണ് കാരണം. രണ്ടാമതായി, 2018-ൽ കാർഷിക ചെലവിനും വിലകൾക്കുമുള്ള കമ്മീഷന്റെ നിർദ്ദേശപ്രകാരം, സർക്കാർ 28 ഇനങ്ങൾക്ക് കുറഞ്ഞ താങ്ങുവില പ്രഖ്യാപിച്ചു. പക്ഷേ, സർക്കാർ സംവിധാനത്തിലൂടെ എന്തെങ്കിലും സംഭരണം നടക്കുന്നുണ്ടെങ്കിൽ അത് നെല്ലിനും ഗോതമ്പിനും മാത്രമാണ്. ഒരു സർവ്വേ ചൂണ്ടിക്കാട്ടിയത്, 7 ഖാരിഫ് വിളകൾക്ക് (സോയാബീൻസ്, പരുത്തി, പയർവർഗങ്ങൾ പോലെയുള്ളവ) കുറഞ്ഞ താങ്ങുവിള ലഭിക്കാത്തതു മൂലം ബന്ധപ്പെട്ട കർഷകർ നേരിട്ട നഷ്ടം രണ്ടു ലക്ഷം കോടി രൂപയിലധികമാണ്. ശാന്തകുമാർ കമ്മിറ്റിയുടെ വെളിപ്പെടുത്തലുകൾ കാണിക്കുന്നത്, കാർഷികകുടുംബങ്ങളിൽ വെറും 5.8% മാത്രമാണ് ഏതെങ്കിലും സംഭരണ ഏജൻസിക്ക് നെല്ലോ ഗോതമ്പോ വിറ്റത്. ഈ കുടുംബങ്ങൾ തന്നെ തങ്ങളുടെ മൊത്തം വിൽപ്പനയുടെ ഒരു ഭാഗം മാത്രമാണ്, അതായത് 14 മുതൽ 35 ശതമാനം വരെ, കുറഞ്ഞ താങ്ങുവിലയ്ക്ക് വിറ്റത്. ഈ നിർബന്ധിത ഭാഗിക വിൽപ്പനയുടെ കാരണവും റിപ്പോർട്ടിൽ നിരീക്ഷിക്കപ്പെട്ടിരിക്കുന്നു. ‘ഈ തെളിവുകളുടെയെല്ലാം പരിണതഫലമെന്തെന്നാൽ, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയെ പ്രാഥമികമായും ഭരമേൽപ്പിച്ചിരിക്കുന്ന നെല്ലിന്റെയും ഗോതമ്പിന്റെയും സംഭരണപ്രവർത്തനത്തിന്റെ നേരിട്ടുള്ള ഗുണഫലങ്ങൾ രാജ്യത്തെ കാർഷികകുടുംബങ്ങളിൽ ഒരു ചെറുന്യൂനപക്ഷത്തിനു മാത്രമാണ് ലഭിക്കുന്നത്. അപ്പോൾ വ്യക്തമായും സർക്കാർ ഏജൻസികൾ നടത്തുന്ന സംഭരണത്തിന്റെ മുഖ്യപങ്കും ഏതാനും തെരഞ്ഞെടുത്ത സംസ്ഥാനങ്ങളിലെ (പഞ്ചാബ്, ഹരിയാന, ആന്ധ്രാപ്രദേശ്, പിന്നെ അടുത്തിടെയായി മദ്ധ്യപ്രദേശും ഛത്തീസ്ഗഡും) വമ്പൻ കർഷകരിൽ നിന്നുമാണ് നടക്കുന്നത്.’

കാർഷികകടങ്ങൾ എഴുതിത്തള്ളുന്ന വിഷയം

അടുത്തതായി വരുന്ന ചോദ്യം കർഷകരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്നതാണ്. അടുത്തിടെ ഒരു മുതലാളിത്ത സാമ്പത്തികപണ്ഡിതൻ ധിക്കാരത്തോടെ പറഞ്ഞത്, വായ്പകൾ എഴുതിത്തള്ളാൻ ആവശ്യപ്പെടുന്നത് കർഷകർക്കിടയിൽ ഭ്രമമായി മാറിയിരിക്കുന്നുവെന്നാണ്. ഈ ഭ്രമാത്മകമായഅഭിപ്രായത്തെക്കുറിച്ച് അധികം പറയാതിരിക്കുകയാണ് ഭേദം. കൊലയാളികളായ ഇവർ എത്ര നിർലജ്ജവും വ്യാജവുമായാണ് കൊല ചെയ്യപ്പെട്ടവരെ അപഹസിക്കുന്നത്. ഈ ചപലചിത്തരായ പണ്ഡിതരുടെ അറിവിലേക്കായി പറയാം, ഇന്ത്യയിലെ 90 ദശലക്ഷം വരുന്ന കാർഷികകുടുംബങ്ങളിൽ 70 ശതമാനത്തോളവും, ഓരോ മാസവും ശരാശരി തങ്ങളുടെ വരുമാനത്തിലുമേറെ ചെലവാക്കേണ്ടി വരുന്നതിലൂടെ, കടബാധ്യതയിലേക്ക് സ്വയം തള്ളിവിടാൻ നിർബന്ധിതരാവുകയാണെന്നാണ് സർക്കാരിന്റെ തന്നെ വിവിധ വിവരശേഖരണത്തെ അടിസ്ഥാനമാക്കി ‘ഇന്ത്യാസ്‌പെന്റ്’ നടത്തിയ വിശകലനത്തിൽ പറയുന്നത്. രാജ്യമെമ്പാടുമുള്ള കർഷക ആത്മഹത്യകളിൽ പകുതിയിലധികം എണ്ണത്തിനും ഇതാണ് പ്രധാനകാരണം.
മറ്റൊരു വിഭാഗം ബൂർഷ്വാ സാമ്പത്തികവിദഗ്ദർ പരിദേവനപ്പെടുന്നത്, കൂടെക്കൂടെ കാർഷികകടങ്ങൾ എഴുതിത്തള്ളുന്നത് പൊതുഖജനാവിനെ ഏറെ ക്ഷീണിപ്പിക്കുന്നുവെന്നാണ്. പക്ഷേ, വമ്പൻ കുത്തകകൾക്കും കോർപ്പറേറ്റ് ഭീമന്മാർക്കും വേണ്ടി ഉദാരമായി നികുതിയിളവുകൾ നൽകുന്നതിനെക്കുറിച്ചും, അവരുടെ മനഃപൂർവമായ നികുതി വെട്ടിപ്പുകളും ഒഴിവാക്കലുകളും അംഗീകരിച്ചു കൊടുക്കുന്നതിനേക്കുറിച്ചുമുള്ള ചോദ്യങ്ങൾ ഉയരുമ്പോൾ ഇതേ വിദഗ്ദർ ദുരൂഹമായ മൗനം പാലിക്കുകയാണ്. 2017-ലെ ഒരു ഏകദേശകണക്കു പ്രകാരം, ഇത്തരം ഇളവുകളുടേയും എഴുതിത്തള്ളലുകളുടേയും ആകെ മൂല്യം പത്തു ലക്ഷം കോടി രൂപയോളം വരുമത്രേ. ഇത് കൂടുതൽ മുകളിലേക്ക് പോയിരിക്കുന്നു. തന്നെയുമല്ല, ബാങ്കുകളുടെ കിട്ടാക്കടങ്ങളും, നിഷ്‌ക്രിയ ആസ്തികളും വളരെ സന്തോഷത്തോടെ സർക്കാരുകൾ എഴുതിത്തള്ളുന്നു. (അതായത്, വീഴ്ച്ച വരുത്തുന്ന കോർപ്പറേറ്റുകൾക്കും അതിസമ്പന്നർക്കും മുഴുവൻ വായ്പാ തുകയും ശിക്ഷാഭീതിയില്ലാതെ വിഴുങ്ങാൻ സാധിക്കുന്നു). ശേഷം, പൊതുഖജനാവിൽ നിന്നും നൽകി ബാങ്കുകളുടെ നഷ്ടം നികത്തുന്നു. ഇതിന്റെ പേരിൽ എന്തുകൊണ്ട് ഒച്ചപ്പാട് ഉണ്ടാകുന്നില്ല? ഏതു തുകയാണ് കൂടുതൽ? കർഷകകടം എഴുതിത്തള്ളുന്നതോ, കോർപ്പറേറ്റ് ഭീമന്മാരുടെ കുടിശ്ശിക മാപ്പു നൽകി എഴുതിത്തള്ളുന്നതോ?
ഇത്തരം പക്ഷഭേദങ്ങളും ക്രമക്കേടുകളും വളരെ മ്ലേച്ഛമായി ഉയർന്നു വരുന്നു എന്നതാണ് അടുത്ത വിഷയം. കാരണം, മുതലാളിത്തത്തിൽ ഇതല്ലാതെ ഒന്നും ഉണ്ടാവുകയില്ല. അടിച്ചമർത്തപ്പെടുന്ന കർഷകരടക്കമുള്ള ജനകോടികൾക്കുമേൽ ഭരണ മുതലാളിവർഗം അടിച്ചേൽപ്പിക്കുന്ന സമ്പൂർണചൂഷണത്തിൽ ഇത് ഒഴിവാക്കാനാകാത്തതാണ്. മുതലാളിത്തചൂഷണം കൂടുതൽ ദൃഢീകരിക്കപ്പെടും. അതിസമ്പന്നർക്കും അധ്വാനിക്കുന്ന ജനങ്ങൾക്കുമിടയിലെ വിടവ് കൂടുതൽ വർധിക്കും. ഭരണമുതലാളിവർഗത്തിന്റെ താൽപ്പര്യം സംരക്ഷിക്കുന്നതിനു മാത്രമായി മുഴുവൻ സംവിധാനവും മുഴുകും. എല്ലാ നിയമങ്ങളും ചട്ടങ്ങളും കാറ്റിൽപ്പറത്തിയാലും വളച്ചൊടിച്ചാലും സമ്പന്നരുടെ താൽപ്പര്യങ്ങൾ ഈ സംവിധാനത്തിൽ സഫലീകരിച്ചു കൊടുക്കപ്പെടും. ചവിട്ടിമെതിക്കപ്പെടുന്ന സാധാരണക്കാരെയും ദരിദ്രരേയും തോന്നിയപോലെ ഞെക്കിപ്പിഴിയുകയും അരികുകളിലേക്ക് മാറ്റിനിർത്തുകയും ചെയ്യും. കർഷകരുടെ ജീവിതത്തകർച്ചക്ക് ഈ സംവിധാനത്തിനു തന്നെയാണ് ആത്യന്തിക ഉത്തരവാദിത്തം. അതുകൊണ്ടു തന്നെയാണ് കാർഷികവായ്പകൾ എഴുതിത്തള്ളുക എന്ന ആവശ്യം നീതീകരിക്കപ്പെടുന്നത്. അതേസമയം തന്നെ, പാർലമെന്ററി രാഷ്ട്രീയകക്ഷികൾ, കർഷകരുടെ കണ്ണിൽ പൊടിയിടാനും അതിലൂടെ അധികാരത്തിലെത്താനോ, അധികാരം നിലനിർത്താനോ ഉള്ള തന്ത്രമായും ഇത് ഉപയോഗപ്പെടുത്താറുണ്ട്.

ഇതുമായി ബന്ധപ്പെട്ട് പരാമർശിക്കേണ്ട കാര്യം, കർഷകപ്രശ്‌നങ്ങൾക്കുള്ള സ്ഥായിയായ പരിഹാരമല്ല കടം എഴുതിത്തള്ളുന്നത്. കാരണം, അതിന്റെ വേരുകൾ കിടക്കുന്നത്, ദുഷിച്ച, മരണാസന്നമായ മുതലാളിത്ത സംവിധാനത്തിലാണ്. വിശാലമായ വീക്ഷണകോണിൽ നിന്നും ഒരാൾ നോക്കിക്കണ്ടാൽ, അധികാരമോഹികളായ രാഷ്ട്രീയക്കാരും അവരുടെ സർക്കാരുകളും എടുക്കുന്ന ഇത്തരം നടപടികൾ, ഒരു പങ്ക് തങ്ങളുടെ തന്നെ തെറ്റായ കാർഷികനയങ്ങൾക്കുള്ള പ്രായശ്ചിത്തവും, മറ്റൊരു പങ്ക് പ്രീണനനടപടിയുമാണെന്ന് ദർശിക്കാവുന്നതാണ്. ഉദാഹരണത്തിന്, പ്രതിവർഷം ഉത്തർപ്രദേശ് ഉത്പാദിപ്പിക്കുന്നത്, 30 ദശലക്ഷം മെട്രിക് ടൺ ഗോതമ്പും 20 ദശലക്ഷം മെട്രിക് ടൺ നെല്ലുമാണ് (13 ദശലക്ഷം മെട്രിക് ടൺ അരി). പക്ഷേ, അവിടുത്തെ സംഭരണനില സഹതാപമർഹിക്കും വിധം കുറവാണ്. സ്ഥാപിത താൽപ്പര്യക്കാരുടെ കൃത്രിമങ്ങളുടേയും നടപടികളുടേയും ഫലമായി ഗോതമ്പ് വില, കുറഞ്ഞ താങ്ങുവിലയിലും 10-15 ശതമാനം കുറവും, നെല്ലിന്റെ വില, കുറഞ്ഞ താങ്ങുവിലയിലും 15-30 ശതമാനം വരെയും താഴെപ്പോയിട്ടും ഇതാണ് അവസ്ഥ. കഴിഞ്ഞ മൂന്നു മുതൽ അഞ്ചു വർഷം വരെയുള്ള കാലയളവിൽ കുറഞ്ഞ താങ്ങുവില ലഭിക്കാത്തതു മൂലം കർഷകർക്ക് ഉണ്ടായിട്ടുള്ള നഷ്ടം കണക്കിലെടുത്താൽ തന്നെ, ആ തുക എഴുതിത്തള്ളിയ വായ്പാത്തുകയ്ക്ക് തുല്യമായിരിക്കുമെന്നു കാണാം.

നാണ്യവിള കൃഷിയും കരാർ സംവിധാനവും

കനത്ത തിരിച്ചടിയുണ്ടാക്കുന്ന മറ്റൊരു സംഗതിയുണ്ട്. ആഗോളവൽക്കരണത്തിന്റെ കടന്നുവരവോടെ, കാർഷികവിളകൾക്ക് കമ്പോളത്തിലെ ചരക്കിന്റെ സ്വഭാവം വളരെ വർദ്ധിച്ച അളവിൽ കൈവരാൻ തുടങ്ങി. ഇതിന്റെ തുടർച്ചയായി, കൃഷിയുടെ വാണിജ്യവൽക്കരണവും ഭക്ഷ്യധാന്യങ്ങൾക്കു പകരം നാണ്യവിളകൾ കൂടുതലായി ഉത്പാദിപ്പിക്കാനുള്ള ശ്രമവും മേൽക്കൈ നേടുന്ന പ്രവണതയായി മാറിക്കൊണ്ടിരിക്കുന്നു. ഇന്ത്യൻ കാർഷിക കമ്പോളത്തെ വിദേശമൂലധനത്തിനും ബഹുരാഷ്ട്രകുത്തകകൾക്കുമായി തുറന്നു കൊടുത്തതോടെ, കർഷകരുടെ വിനാശത്തിനായി ഉയർന്നുവന്ന മറ്റൊരു പ്രതിഭാസമാണ് കരാർകൃഷിയുടേത്. കൃഷിക്കു വേണ്ട മുന്നുപാധികളുടെ ഉത്പാദനത്തിന്റെയും വിതരണത്തിന്റെയും സമ്പൂർണനിയന്ത്രണം കൈയടക്കിയതിനു പുറമേ, സംഭരണവും കാർഷികപ്രക്രിയയും തങ്ങളുടെ നീരാളിപ്പിടുത്തത്തിലാഴ്ത്തുകയാണ് വമ്പൻ കോർപ്പറേറ്റുകളും ബഹുരാഷ്ട്രകുത്തകകളും. ഇന്ത്യയിലെ ചെറുകിട കർഷകർ പൊതുവേ മൂലധനദാരിദ്ര്യം അനുഭവിക്കുന്നവരും, അതുകൊണ്ടു തന്നെ ഭൂമി മെച്ചപ്പെടുത്താനോ ആധുനികരീതികൾ ഉപയോഗപ്പെടുത്താനോവേണ്ടി മുതൽമുടക്കാൻ കഴിയാത്തവരുമാണ് എന്ന യാഥാർത്ഥ്യത്തെ മുതലെടുത്തു കൊണ്ട്, കരാർ കൃഷിയിലൂടെ ഉയർന്ന വിളവും വിലയും ലഭിക്കും എന്ന വാഗ്ദാനം നൽകി കർഷകരെ പ്രലോഭിപ്പിക്കുകയാണ് വമ്പൻ കോർപ്പറേറ്റുകളും ബഹുരാഷ്ട്രകുത്തകകളും. ഈ കൃഷിരീതിയിൽ, അവർക്കാവശ്യമുള്ള ഏതെങ്കിലും നാണ്യവിള ഉത്പ്പാദിപ്പിക്കാൻ കർഷകർക്ക് കോർപ്പറേറ്റുകൾ കരാർ നൽകുന്നു. ഉദാഹരണത്തിന്, തക്കാളി(കെച്ചപ്പ് നിർമ്മിക്കുവാൻ), മാങ്ങ, പൈനാപ്പിൾ(ജ്യൂസ്, സ്‌ക്വാഷ്, അച്ചാർ തുടങ്ങിയവയ്ക്കായി), ഉരുളക്കിഴങ്ങ്(ചിപ്‌സ് അടക്കമുള്ള വിവിധ ലഘുഭക്ഷണങ്ങൾക്കായി), ഭക്ഷ്യസംസ്‌ക്കരണ-കൈത്തറി വ്യവസായത്തെ പ്രോൽസാഹിപ്പിക്കാൻ എന്ന പേരിൽ, വിവാദമായ, ജനിതകമാറ്റം വരുത്തിയതടക്കമുള്ള പരുത്തിയും വഴുതനയും എന്നിങ്ങനെ എല്ലാം ഇതിൽ ഉൾപ്പെടുന്നു. തകർന്നു നിൽക്കുന്ന കർഷകർ ഉടനടി ഈ കെണിയിൽ വീണുപോകുന്നു. മുൻനിശ്ചയിച്ച വിലയിൽ നടക്കുന്ന ഉറപ്പായ വിൽപ്പന, സാങ്കേതികവിദ്യയുടെയും മറ്റ് മുന്നുപാധികളുടെയും കാര്യത്തിലുള്ള പിന്തുണ നൽകൽ – ഇതെല്ലാം കേട്ടു വശംവദരാകുന്ന കർഷകർ കരാർകൃഷി സ്വീകരിക്കുന്നു. എന്നാൽ വിളനഷ്ടം സംഭവിച്ചാൽ കരാർ ഉണ്ടാക്കിയ കമ്പനിയോ ബഹുരാഷ്ട്രകുത്തകയോ അതിന് സംരക്ഷണം നൽകില്ല. ഉത്പാദനത്തിലെ അപകടസാധ്യതകൾ പലപ്പോഴും ഇൻഷുറൻസ് പരിധിയിൽ വരാറുമില്ല. കരാറിൽ തങ്ങൾ എഴുതിച്ചേർത്ത വകുപ്പുകൾ ഉപയോഗപ്പെടുത്തിക്കൊണ്ട്, പ്രതീക്ഷിച്ച ഗുണനിലവാരമോ, അളവോ വിളവെടുത്തതിൽ ഉണ്ടായില്ല എന്നു പറഞ്ഞ് കമ്പനികൾക്ക് വില കുറച്ച് ഉൽപ്പന്നം വാങ്ങാനോ, മൊത്തമായി തന്നെ വാങ്ങാതെ തള്ളിക്കളയാനോ അവസരമുണ്ടെന്ന് പറയപ്പെടുന്നു. മഹാരാഷ്ട്രയിൽ, ജനിതകമാറ്റം വരുത്തിയ പരുത്തി ഉത്പ്പാദിപ്പിച്ച കർഷകർക്ക് ഇങ്ങനെ സംഭവിച്ചു. തന്മൂലം കർഷകർക്കിടയിലെ ആത്മഹത്യാനിരക്ക് വർധിക്കുകയും ചെയ്തു. തന്നെയുമല്ല, അരി, ഗോതമ്പ്, പയർവർഗങ്ങൾ തുടങ്ങി അത്യാവശ്യമായ ഭക്ഷ്യധാന്യങ്ങളുടെ ഉത്പാദനം ഉപേക്ഷിക്കുന്നത് നമ്മുടെ ഭക്ഷ്യസ്വയംപര്യാപ്തതക്കു തന്നെ ഗുരുതര ഭീഷണിയാണ്. അങ്ങനെ, അടിസ്ഥാന സാമുഹ്യ ആവശ്യകതക്ക് എതിരേ തന്നെ അത് നീങ്ങുന്നു.

വിള ഇൻഷുറൻസ് എന്ന തട്ടിപ്പ്

മുതലാളിത്ത സർക്കാരുകളുടെ ഭാഗത്തു നിന്നുള്ള മറ്റൊരു വഞ്ചനയാണ് ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന വിള ഇൻഷുറൻസ് പദ്ധതി. ഇക്കാലത്തോളമുള്ള ഇത്തരം പദ്ധതികളിൽ ഭൂരിഭാഗത്തിലും, ഒന്നുകിൽ അവ മതിയായ കവറേജ് നൽകുന്നുണ്ടാവില്ല, അല്ലെങ്കിൽ അവയിൽ നിന്നും ഇൻഷുറൻസ് തുക കിട്ടുന്നത് നിരവധി തടസ്സങ്ങൾ നിറഞ്ഞ, അങ്ങേയറ്റം ക്ലേശകരമായ അനുഭവമായതു കൊണ്ട് കൃഷിക്കാർക്ക് യാതൊരു ഗുണവും ലഭിക്കുന്നുണ്ടാവില്ല. വിളനാശം സംഭവിക്കുന്ന കർഷകർക്ക് ഇൻഷുറൻസും സാമ്പത്തികസഹായവും നൽകാനായി 2016-ൽ ആരംഭിച്ച പ്രധാനമന്ത്രി ഫസൽ ബീമാ യോജന ഒരു പരാജയമായി മാറിയിരിക്കുന്നു. എസ്സാർ, ഐസിഐസിഐ, എച്ച്ഡിഎഫ്‌സി പോലെയുള്ള സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളെ, കർഷകർ കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കുന്ന ആയിരക്കണക്കിന് കോടി രൂപ കൊള്ളയടിക്കാൻ അനുവദിക്കുകയും, അവസാനം കർഷകർ പ്രതിസന്ധിയിലാകുന്ന സമയത്ത് അവരെ കൈവിടുകയും ചെയ്യും. പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്തായ മുകേഷ് അംബാനിയുടെ റിലയൻസിനും കമ്പോളത്തിന്റെ വലിയൊരു പങ്ക് നൽകിയിട്ടുണ്ടെന്നതിൽ അത്ഭുതമൊന്നുമില്ല. ഉയർന്ന പ്രീമിയം നിരക്കും കടുത്ത നിബന്ധനകളും പരിഹാരത്തേക്കാൾ പ്രശ്‌നമാണ് നൽകുന്നത്. ഈ ഘടകങ്ങൾ കാരണം 84 ലക്ഷത്തിലധികം കർഷകർ 2017-18 വർഷത്തിൽ പദ്ധതിയിൽ നിന്നും പിന്മാറി. തന്നെയുമല്ല, പ്രളയം ദുരിതം വിതച്ച യുപിയിലെ കർഷകർക്ക് ഇൻഷുറൻസിൽ നിന്നും നഷ്ടപരിഹാരമൊന്നും ലഭിക്കാതിരുന്നപ്പോഴാണ്, കേന്ദ്രമോ സംസ്ഥാനമോ വേണ്ട പ്രീമിയം തുക സമയത്ത് അടച്ചിരുന്നില്ല എന്നത് വെളിപ്പെട്ടത്. ഇതിലും വലുതായ അവജ്ഞയും ബീഭൽസമായ പരിഹാസവും വേറെയെന്താണ് ഉണ്ടാവുക. അന്തിമമായി, റിപ്പോർട്ടുകൾ പ്രകാരം, 85% കർഷകർക്കും ഇൻഷുറൻസില്ല.

മുതലാളിത്ത വ്യവസ്ഥിതിയിൽ കൃഷിയുടെ അപകടസ്ഥിതിയെക്കുറിച്ചുള്ള
ലെനിന്റെ പ്രവചനം

നഗര-ഗ്രാമീണ ജീവിതങ്ങൾ തമ്മിലുള്ള സംഘർഷമായി വെളിവാകുന്ന, കൃഷിയും വ്യവസായവും തമ്മിലുള്ള അടിസ്ഥാനവൈരുദ്ധ്യത്തെക്കുറിച്ച്, മഹാനായ ലെനിൻ നൽകിയ പാഠങ്ങൾ ഇവിടെ ഓർക്കേണ്ടതാണ്. ലെനിൻ പറഞ്ഞു:”ഗ്രാമീണ ജനസംഖ്യയുടെ ചെലവിൽ നഗര-(കുറച്ചുകൂടി പൊതുവായി പറഞ്ഞാൽ, വ്യവസായിക) ജനസംഖ്യയിലുണ്ടാകുന്ന വളർച്ച ഇന്നത്തെക്കാലത്ത് മാത്രമുണ്ടാകുന്ന ഒരു പ്രതിഭാസമല്ല, അത് കൃത്യമായും മുതലാളിത്തത്തിന്റെ നിയമത്തെ പ്രകാശിപ്പിക്കുന്ന ഒരു പൊതുവായ പ്രതിഭാസമാണ്.”(സമാഹൃത കൃതികൾ, വോള്യം-4, പേജ് 151) ”പട്ടണത്തെ ഗ്രാമത്തിൽ നിന്നും വേർതിരിക്കുന്നത്, അവരുടെ വിപരീതനില, ഗ്രാമത്തിനു മേലുള്ള പട്ടണത്തിന്റെ ചൂഷണം-ഇതെല്ലാം, ‘ഭൂപ്രദേശസമ്പത്തിനുമേൽ'(കാർഷികസമ്പത്ത്)”വാണിജ്യസമ്പത്തിന്റെ” ആധിക്യം ഉണ്ടാവുന്നതിന്റെ അനിവാര്യമായ ഫലമാണ്. അതുകൊണ്ട്, ഗ്രാമീണമേഖലക്കു മേലുള്ള പട്ടണത്തിന്റെ മേധാവിത്വം(സാമ്പത്തികമായും, രാഷ്ട്രീയമായും, ബൗദ്ധികമയും മറ്റെല്ലാ രീതിയിലും), ചരക്കുത്പാദനവും മുതലാളിത്തവുമുള്ള എല്ലാ രാജ്യങ്ങളിലുമുള്ള, സാർവത്രികവും ഒഴിച്ചുകൂടാനാകാത്തതുമായ കാര്യമാണ്”(സമാഹൃത കൃതികൾ, വോള്യം – 2, പേജ് 229). ലെനിൻ പറഞ്ഞു:”’വാണിജ്യത്തിന്റെയും വ്യവസായത്തിന്റെയും വികാസം കൃഷിയെ പിന്തള്ളാത്ത ഒരു മുതലാളിത്ത സംവിധാനം ഉണ്ടാകുന്നത് സാധ്യമാണോ? മുതലാളിത്തം വളരുന്നതോടൊപ്പം, കൃഷി എപ്പോഴും എല്ലായിടത്തും വാണിജ്യത്തിനും വ്യവസായത്തിനും പിന്നിലാവുകയും എപ്പോഴും അവയ്ക്ക് കീഴ്‌പ്പെട്ടു നിന്നും, എപ്പോഴും അവയാൽ ചൂഷണം ചെയ്യപ്പെടുകയും ചെയ്യും”(സമാഹൃത കൃതികൾ, വോള്യം – 2, പേജ് 209). അതുകൊണ്ട്, ഒരു സമൂഹത്തിന് വ്യവസായവികസനമുണ്ടാകുകയും എന്നാൽ കൃഷിയിൽ പിന്നാക്കമാകുകയും ചെയ്യുകയെന്നത് ഒരു നല്ല സംസ്‌ക്കാരത്തിന്റെ ലക്ഷണമല്ല. എന്നാൽ ഇത് മുതലാളിത്തമാണ്, ഈ വൈരുദ്ധ്യത്തിന് ഒരു അനിവാര്യതിന്മയെന്നോണം ജന്മം നൽകുന്ന വികസിതമുതലാളിത്തം.

സ്വമേധയാ  തിരയടിച്ചുയരുന്ന  കർഷകപ്രതിഷേധം 

ഇന്ത്യൻ കർഷകന്റെ ദുരവസ്ഥയിലേക്ക് തിരിച്ചുവരുമ്പോൾ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കർഷകർ രോഷം കൊണ്ടു പൊട്ടിത്തെറിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു. 2017 മുതൽ തന്നെ, മതിയായ ന്യായവില ആവശ്യപ്പെട്ടുകൊണ്ടുള്ള വമ്പിച്ച കർഷകസമരങ്ങൾക്ക് മഹാരാഷ്ട്രയും മധ്യപ്രദേശും രാജസ്ഥാനും തമിഴ്‌നാടും മറ്റു പല സംസ്ഥാനങ്ങളും വേദിയായിരുന്നു. തമിഴ്‌നാട്ടിൽ നിന്നുമുള്ള, ദുരിതമനുഭവിക്കുന്ന കർഷകർ രാഷ്ട്രപതിഭവനു സമീപം 40 ദിവസം നീണ്ട പ്രതിഷേധ ധർണ നടത്തിയിരുന്നു. തല മുണ്ഡനം ചെയ്തും, മീശ പകുതി വെട്ടിക്കളഞ്ഞും, എലികളേയും പാമ്പുകളേയും വായിലിട്ടും, സ്വയം ചാട്ടവാറിനടിച്ചും, പ്രതിഷേധ ശവസംസ്‌ക്കാരം നടത്തിയും, കടക്കെണി മൂലം ആത്മഹത്യചെയ്ത കർഷകരുടെ അസ്ഥികളേന്തിയും, പൊതുമധ്യത്തിൽ നഗ്നരായുമൊക്കെ അവർ നടത്തിയ ഈ സമരം ദേശീയശ്രദ്ധ നേടിയിരുന്നു. മഹാരാഷ്ട്രയിലെ കർഷകർ നാസിക്കിൽ നിന്നും മുബൈയിലേക്കു നടത്തിയ 180 കിലോമീറ്റർ നീണ്ട വമ്പിച്ച സപ്തദിന മാർച്ച് വിജയത്തിലാണ് അവസാനിച്ചത്. സമരത്തിന്റെ ആവശ്യങ്ങളെല്ലാം തന്നെ അംഗീകരിക്കാൻ സംസ്ഥാന സർക്കാർ നിർബന്ധിതമാവുകയായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നും സമരരംഗത്തുള്ള ആയിരക്കണക്കിനു കർഷകർ, വിളകൾക്ക് ന്യായവില ആവശ്യപ്പെട്ടു കൊണ്ടും ബാങ്ക് വായ്പകൾ എഴുതിത്തള്ളുവാനുമായി, കഴിഞ്ഞ നവംബറിൽ ഡൽഹിയിൽ ഒരു റാലി നടത്തുകയുണ്ടായി. പ്രത്യക്ഷമായും വിരണ്ട സർക്കാരാകട്ടെ, തലസ്ഥാനനഗരത്തിൽ ഇവർ പ്രവേശിക്കുന്നതു തടയാൻ ബലം പ്രയോഗിക്കുകയാണ് ഉണ്ടായത്. മന്ദ്‌സോർ ജില്ലയിലെ പ്രതിഷേധിച്ച കർഷകർക്കു നേരേ നിറയൊഴിക്കുകയാണ് മധ്യപ്രദേശ് സർക്കാർ ചെയ്തത്. ഇവിടെ അഞ്ചുപേർ സംഭവസ്ഥലത്തു തന്നെ കൊല്ലപ്പെടുകയും അനവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ സംഭവം രാജ്യത്തെയാകമാനം പിടിച്ചുകുലുക്കി. നിലനിൽക്കുന്ന അതിഭീകരമായ കാർഷിക ദുരവസ്ഥയുടെ പ്രതീകമായും ഇത് മാറി.

സമ്പൂർണമായ സ്റ്റേറ്റ്  ട്രേഡിങ്ങിനായുള്ള ആവശ്യം തികഞ്ഞ ഗൗരവത്തോടെ ഉയർത്തണം

പക്ഷേ ഇതെല്ലാം തന്നെ അങ്ങിങ്ങായി സംഭവിച്ച അസംഘടിതമായ പൊട്ടിത്തെറികളായിരുന്നു. ഇവിടെ, കർഷകരുടെ ന്യായമായ ആവശ്യങ്ങളെ മുൻനിർത്തി, രാജ്യമൊട്ടാകെ, ഒരേ പോലെ സുശക്തമായ ഐക്യമുന്നേറ്റമാണ് വേണ്ടത്. മുതലാളിത്തം നിലനിൽക്കുവോളം കർഷകരുടെ അടിസ്ഥാനപ്രശ്‌നങ്ങൾ പരിഹരിക്കപ്പെടില്ല എന്നത് സത്യമാണ്. വിപ്ലവത്തിലൂടെ മുതലാളിത്തത്തെ തൂത്തെറിയുക എന്നത്, സാമൂഹ്യവികാസത്തിന്റെ ശാസ്ത്രീയനിയമങ്ങളാൽ നിർണയിക്കപ്പെടുന്ന ആത്മനിഷ്ഠവും വസ്തുനിഷ്ഠവുമായ നിശ്ചിതസാഹചര്യങ്ങളുടെ പൂർത്തീകരണത്തിലൂടെ സംഭവിക്കേണ്ടതാണ്. പക്ഷേ, മുതലാളിത്തത്തെ തകർത്തെറിയുന്നതു വരേയും, ജീവിതത്തിന്റെ നീറുന്ന പ്രശ്‌നങ്ങൾക്കുമേൽ, ഉയർന്ന തൊഴിലാളിവർഗ നൈതികതയേയും സംസ്‌ക്കാരത്തേയും അടിസ്ഥാനമാക്കി ജനങ്ങൾ നിരന്തരം വർഗ-ബഹുജന മുന്നേറ്റങ്ങൾ സംഘടിപ്പിക്കുകയും വളർത്തിയെടുക്കുകയും ചെയ്യേണ്ടതുണ്ടെന്ന സത്യം, തൊഴിലാളിവർഗത്തിന്റെ വിപ്ലവപാർട്ടിയെന്ന നിലയിൽ നമ്മൾ ഉൾക്കൊണ്ടിട്ടുണ്ട്. അത്തരം സമഗ്രമായ, തത്ത്വാധിഷ്ഠിതമായ രാഷ്ട്രീയമുന്നേറ്റങ്ങൾ, ശരിയായ വിപ്ലവനേതൃത്വത്തിനു കീഴിൽ നടത്തുന്നതിലൂടെ ന്യായമായ ആവശ്യങ്ങൾ മുതലാളിവർഗത്തിൽ നിന്നും സർക്കാരിൽ നിന്നും പിടിച്ചുവാങ്ങാൻ സാധിക്കും. എന്നുതന്നെയല്ല, അതിലൂടെ സമരങ്ങളിൽ പങ്കെടുക്കുന്ന അധ്വാനിക്കുന്ന ജനവിഭാഗങ്ങളിൽ ആവശ്യമായ രാഷ്ട്രീയാവബോധം വികസിപ്പിക്കുവാനും, അതുവഴി പടിപടിയായി വിപ്ലവത്തിനു പാതയൊരുക്കുവാനും സാധിക്കും. അതുപോലെ തന്നെ, ചില കൃത്യമായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്, ശരിയായ അടിസ്ഥാന രാഷ്ട്രീയ ലൈനിലൂടെ നടത്തുന്ന സുസംഘടിതമായ ശക്തവും തത്ത്വാധിഷ്ഠിതവുമായ മുന്നേറ്റത്തിലൂടെ, കഷ്ടപ്പെടുന്ന കർഷകർക്ക് കുറച്ചെങ്കിലും ആശ്വാസം ഉളവാക്കാനും സാധിക്കും.
ഈ സന്ദർഭത്തിൽ, നിശ്ചിതോദ്ദേശ്യങ്ങളോടു കൂടിയ അത്തരം നീണ്ട സമരങ്ങൾ വികസിപ്പിക്കാൻ ഇടത്-ജനാധിപത്യ ശക്തികൾക്കേ സാധിക്കൂ. പക്ഷേ, സ്വയംപ്രഖ്യാപിത വലിയ ഇടതു പാർട്ടികളായ സിപിഐഎമ്മോ സിപിഐയോ ഇങ്ങനെയൊരു നീക്കവും നടത്താൻ താൽപ്പര്യപ്പെടുന്നില്ല എന്നത് ഖേദകരമായ സംഗതിയാണ്. മുതലാളിത്ത വർഗ താത്പര്യത്തോടുള്ള വിധേയത്വവും, സമ്പത്തിനും അധികാരത്തിനുമായുള്ള ആർത്തിയും അവരിൽ വളരെ ആഴത്തിൽ വേരുകളാഴ്ത്തിയിരിക്കുന്നു. അതുകൊണ്ടു തന്നെ, മറ്റേതൊരു വോട്ട് അധിഷ്ഠിത ബൂർഷ്വാ കക്ഷിയേയും പോലെ തന്നെ അവരും പ്രവർത്തിക്കുന്നു. വളരുന്ന ദുരിതങ്ങളോ, സഹതാപാർഹമായ ജീവിതസാഹചര്യമോ, അടിച്ചമർത്തപ്പെടുന്ന ജനലക്ഷങ്ങളുടെ ഇല്ലായ്മകളോ ഒന്നും അവരിൽ യാതൊരു ചലനവും സൃഷ്ടിക്കുന്നില്ല. അപ്പോൾ, വർഗ-ബഹുജന മുന്നേറ്റങ്ങൾ രൂപപ്പെടുത്തി, ക്രമേണ വളർത്തിയെടുത്ത് ചൂഷക ഭരണമുതലാളിത്തത്തെയും അവരുടെ അടിമസർക്കാരുകളേയും മറ്റ് സ്ഥാപിത താൽപ്പര്യക്കാരേയും വിറപ്പിക്കുവാനും, അതുവഴി ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കുവാനുമുള്ള അടിയന്തരാവശ്യകത അവർക്കു മനസ്സിലാകുന്നില്ല. അപ്പോൾ, തെരഞ്ഞെടുപ്പു നേട്ടങ്ങൾക്കായി മാത്രമുള്ള ചില പ്രകടനങ്ങൾക്കപ്പുറം ഒന്നും ചെയ്യാതെ, എന്തെങ്കിലും ലക്ഷ്യബോധത്തോടെയുള്ള ഗൗരവമാർന്ന ബഹുജനമുന്നേറ്റങ്ങളിൽ നിന്നെല്ലാം അവർ അകലം പാലിക്കുകയാണ്. പശുക്കൾക്ക് വിരുന്നുണ്ണുവാനായി വിളകൾ വലിച്ചെറിയേണ്ടി വന്ന നാസിക്കിലെ ഉള്ളിക്കർഷകരുടെ ദൈന്യതയുടേയും ദുരവസ്ഥയുടേയും വാർത്തകൾ പുറത്തുവന്ന ശേഷവും അതേക്കുറിച്ചൊരു പ്രതിഷേധക്കുറിപ്പു പോലും അവരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. പാർലമെന്റിൽ വിഷയം ഉന്നയിക്കുന്നതിനേക്കുറിച്ചു പറയുക തന്നെ വേണ്ട. കോൺഗ്രസും മറ്റു പാർട്ടികളുമായൊക്കെ ഉണ്ടാക്കേണ്ട തെരഞ്ഞെടുപ്പു സഖ്യങ്ങളെക്കുറിച്ചുള്ള കണക്കുകൂട്ടലുകളുടെ തിരക്കിലാണവർ.

എന്നാൽ, ഈ മണ്ണിലെ യഥാർത്ഥ വിപ്ലവപാർട്ടിയെന്ന നിലയിൽ, മാർക്‌സിസം-ലെനിനിസത്തിന്റെ പതാക ഉയർത്തിപ്പിടിക്കുവാനും എല്ലാ ശക്തിയുമുപയോഗിച്ചും വർഗ-ബഹുജന മുന്നേറ്റങ്ങൾ വളർത്തിയെടുക്കുവാനും എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടി ദൃഢനിശ്ചയമെടുത്തിരിക്കുകയാണ്. കർഷകരുടെ പ്രശ്‌നങ്ങളേയും, ഭക്ഷണത്തിനും മറ്റ് അവശ്യസാധനങ്ങൾക്കും ഉയരുന്ന വിലകളും വിതരണവും സംബന്ധിക്കുന്ന പ്രശ്‌നങ്ങളേയും കുറിച്ച് വിചിന്തനം ചെയ്ത്, എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ സ്ഥാപക ജനറൽ സെക്രട്ടറിയും ഈ യുഗം ദർശിച്ച സമുന്നത മാർക്‌സിസ്റ്റ് ചിന്തകരിൽ ഒരാളുമായ സഖാവ് ശിബ്ദാസ് ഘോഷ്, 1960-കളിൽ തന്നെ, ഭക്ഷ്യവസ്തുക്കൾക്കും, ജീവിക്കാൻ ആവശ്യമായ മറ്റ് വസ്തുക്കൾക്കും സമ്പൂർണമായ സ്റ്റേറ്റ് ട്രേഡിംഗ് എന്ന ആവശ്യമുയർത്തിയിരുന്നു. സമ്പൂർണ സ്റ്റേറ്റ് ട്രേഡിംഗ്, അഥവാ സർക്കാർ മുൻകൈയ്യിൽ മാത്രമുള്ള വാണിജ്യം അർത്ഥമാക്കുന്നത്, ഈ ഉത്പന്നങ്ങളുടെ സംഭരണത്തിലോ വിതരണത്തിലോ യാതൊരു സ്വകാര്യ പങ്കാളിത്തമോ ഇടപെടലോ ഉണ്ടാകില്ല എന്നാണ്. മൊത്തക്കച്ചവടവും ചില്ലറവിൽപ്പനയുമായി ബന്ധപ്പെട്ട എല്ലാ പ്രക്രിയകളും സമ്പൂർണമായും സർക്കാർ നിയന്ത്രണത്തിലായിരിക്കണം. ഇത് നടപ്പിലാക്കുകയാണെങ്കിൽ, വലിയൊരു അളവു വരെ കർഷകരുടെ ദുരിതങ്ങൾ ഒഴിവാക്കാൻ സാധിക്കും. ഈ ആവശ്യത്തിനായി, അങ്ങനെയൊരു സുസംഘടിതവും സർവശക്തവുമായ മുന്നേറ്റം വളർത്തിയെടുക്കുന്നതിനായി മുന്നോട്ടു വരാൻ ഏവരോടും ഞങ്ങൾ അഭ്യർത്ഥിക്കുകയാണ്. ഇങ്ങനെയൊരു മുന്നേറ്റം വളർത്തിയെടുക്കുന്നതിന് ദൃഢചിത്തതയോടെ നമ്മുടെ പാർട്ടി നിലകൊള്ളുന്നു.

Share this post

scroll to top