“ജീവാനന്ദം’ പദ്ധതി: ജീവനക്കാരുടെ ശമ്പളത്തിൽനിന്നും വീണ്ടും തട്ടിപ്പറിക്കാനുള്ള വഞ്ചനാപരമായ നീക്കം

WhatsApp-Image-2024-06-13-at-12.30.43-PM.jpeg
Share

2024ലെ ബജറ്റ് പ്രസംഗത്തിന്റെ അടിസ്ഥാനത്തിൽ ‘ജീവാനന്ദം’ എന്ന പേരിൽ സംസ്ഥാന സർക്കാർ ജീവനക്കാർ വിരമിച്ചതിനു ശേഷം ഒരു നിശ്ചിത പ്രതിമാസ അന്വിറ്റി ലഭിക്കുന്ന തരത്തിൽ ഒരു ഇൻഷ്വറൻസ് പദ്ധതി സംസ്ഥാന ഇൻഷ്വറൻസ് വകുപ്പ് മുഖേന നടപ്പിലാക്കുന്നതിന് അനുമതി നൽകിക്കൊണ്ട് അതിന്റെ പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിന് ഒരു ആക്ച്വറിയെ നിയമിക്കുന്നതിന് അനുമതി നൽകിക്കൊണ്ടു൦ ധനകാര്യ വകുപ്പ് മെയ് 29ലെ സാ.ഉ. (സാധ)നം.4292/2024/ ധന നമ്പർ ഉത്തരവ് പ്രകാരം തീരുമാനിച്ചിരിക്കുന്നു. അന്വിറ്റി എന്നത് പെൻഷന് പകരം മുതലാളിത്ത സാമ്പത്തിക ഏജൻസികൾ പറയുന്ന വാക്കാണ്. അതുകൊണ്ടുതന്നെ ഈ പദ്ധതി ജീവനക്കാരുടെ പെൻഷൻ ഇല്ലാതാക്കാനുള്ള ഗൂഢപദ്ധതിയാണെന്ന് നമുക്ക് കരുതേണ്ടിയിരിക്കുന്നു.


കഴിഞ്ഞ ബഡ്ജറ്റ് പ്രസംഗത്തിലും അതിനുശേഷവും സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നത് ഒരു പ്ലാൻ ബി ആലോചിച്ചിട്ടുണ്ടെന്ന് ധനകാര്യ വകുപ്പ് മന്ത്രി പറയുന്നുണ്ട്. എന്നാൽ ഈ പ്ലാൻ ബി എന്താണെന്ന് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. സുപ്രീ൦ കോടതി എന്താണ് പ്ലാൻ ബി എന്നു വെളിപ്പെടുത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ജീവനക്കാരുടെ ശമ്പളത്തിന്റെ ഒരു ഭാഗം ഇൻഷുറൻസിലേക്ക് എന്ന നിലയിൽ പിടിച്ചെടുക്കുന്നതിനുള്ള ഗൂഢനീക്കം ആണോ ജീവാനന്ദം പദ്ധതി ഇത്ര തിടുക്കപ്പെട്ട് സർക്കാർ നടപ്പിലാക്കൽ ശ്രമിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇപ്പോൾ ആന്വറ്റി നൽകുന്ന പുതിയൊരു ഇൻഷുറൻസ് പദ്ധതിയുടെ യാതൊരു ആവശ്യകതയും ഇല്ല. ഇൻഷുറൻസ് ഡിപ്പാർട്ട്മെന്റ് എസ്എൽഐ, ഗ്രൂപ്പ് ഇൻഷുറൻസ് , ആക്സിഡന്റ് ഇൻഷുറൻസ് എന്നിങ്ങനെ മൂന്ന് ഇൻഷുറൻസ് പദ്ധതി ഇപ്പോൾ തന്നെ ജീവനക്കാരുടെ വിഹിതം പിരിച്ചു നടപ്പിലാക്കുന്നുണ്ട്. കൂടാതെ സ്റ്റാറ്റ്യൂട്ടറി പെൻഷൻ അട്ടിമറിച്ച് 2013 മുതൽ പങ്കാളിത്ത പെൻഷൻ എന്ന പേരിൽ ആന്വറ്റി നൽകുന്ന ഒരു തട്ടിപ്പ് പദ്ധതി നിലനിൽക്കുന്നു. അത് പിൻവലിക്കുന്നതിനെപ്പറ്റി ഒരു സൂചനയും നൽകുന്നുമില്ല. അപ്പോൾ ഉറപ്പായും ശമ്പളം പിടിച്ചെടുക്കുന്നതിനും സ്റ്റാറ്റ്യൂട്ടറി പെൻഷൻ അസ്ഥിരപ്പെടുത്തുന്നതിനും ഉദ്ദേശിച്ചുള്ള കിരാത പദ്ധതിയാണ് ജീവാനന്ദം.
ഈ ഗവൺമെന്റ് അധികാരത്തിൽ വന്നതിനുശേഷം ജീവനക്കാരുടെ എല്ലാ ആനുകൂല്യങ്ങളും നിർത്തലാക്കുകയു൦ അവശേഷിക്കുന്നതിനെ വിപണി അധിഷ്ഠിതമാക്കുകയും ചെയ്തതായി കാണാൻ സാധിക്കും.


1) പങ്കാളിത്ത പെൻഷൻ എന്ന വിപണി അധിഷ്ഠിത പെൻഷൻ പദ്ധതി പുനഃപരിശോധിക്കും എന്ന വാഗ്ദാനം നൽകി അധികാരത്തിൽ വന്ന ഈ ഗവൺമെന്റ് ഏഴുവർഷം കഴിഞ്ഞിട്ടും പുനഃപരിശോധന നടപടികൾ പൂർത്തീകരിച്ചിട്ടില്ല. ജീവനക്കാരുടെ പണം ഗവൺമെന്റ് വിഹിത൦കൂടി ചേർത്ത് നിർബാധ൦ സാമ്പത്തിക വിപണിയിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു.


2) കാലങ്ങളായി നിലനിന്നിരുന്ന ഹൗസ് ബിൽഡിംഗ് അഡ്വാൻസ്- ട്രഷറിയിൽ നിന്നും ജീവനക്കാർക്ക് ലോൺ നൽകി ആകർഷകമായ തിരിച്ചടവ് വ്യവസ്ഥകളോടെ നടപ്പിലാക്കിയിരുന്ന ഈ ഭവന വായ്പ പദ്ധതി നിർത്തലാക്കിക്കൊണ്ട് ബാങ്കുകളിൽ നിന്നും പൊതുവിപണിയിലെ വ്യവസ്ഥകൾക്ക് വിധേയമായി വായ്പയെടുത്തുകൊള്ളാൻ നിർദ്ദേശിച്ചു. അതിന് പലിശ ഇളവ് നൽകുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇന്നേവരെ അതിലുള്ള ഒരു നടപടികളും സ്വീകരിച്ചിട്ടില്ല.


3) മെഡിക്കൽ റിഇ൦പേഴ്മെന്റ് എന്ന സർക്കാർ നേരിട്ടു നടത്തിയിരുന്ന സൗജന്യ ചികിത്സാ പദ്ധതി അട്ടിമറിച്ചുകൊണ്ട്, ജീവനക്കാരുടെ പക്കൽ നിന്നും 500 രൂപ നിർബന്ധിതമായി പിടിച്ചെടുത്ത് ഇൻഷുറൻസ് വിപണിയിലേക്ക് നിക്ഷേപിക്കുന്ന പുതിയ പദ്ധതി ‘മെഡിസെപ്പ്’ എന്ന പേരിൽ ഈ ഗവൺമെന്റ് നടപ്പിലാക്കി. പക്ഷേ, ജീവനക്കാരുടെയും പെൻഷൻകാരുടെയും 500 രൂപ പ്രതിമാസം നഷ്ടപ്പെടുന്നു എന്നുള്ളതല്ലാതെ ഈ പദ്ധതിവഴി കാര്യമായ ഗുണം ഉണ്ടാവുന്നില്ല. മേൽപ്പറഞ്ഞ ഈ മൂന്നു പദ്ധതികളുടെ നടപ്പിലാക്കൽ വഴി സർക്കാർ ഉദ്ദേശിക്കുന്നത് ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകേണ്ടുന്ന ചുമതല ഒഴിയുക എന്നതും അതിന്റെ ഉത്തരവാദിത്വം ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് തന്നെ കണ്ടെത്തുക എന്നതുമാണ്. സർക്കാരിന് ഇതുവഴി രണ്ടു ഗുണമാണുള്ളത്. ഒന്ന്, ജീവനക്കാരിൽ നിന്ന് സർക്കാരിലേക്കെത്തുന്ന സാമ്പത്തികം. രണ്ടാമത്തേത്, ആഗോള സാമ്പത്തിക ശക്തികൾ നിർദ്ദേശിക്കുന്ന വിപണിവൽക്കരണത്തെ ത്വരിതപ്പെടുത്തൽ. അതുവഴി കൂടുതൽ വായ്പകൾ സംഘടിപ്പിക്കുക.


ഇത്തരത്തിലുള്ള അടുത്ത ചുവടുവയ്പ്പാണ് ജീവാനന്ദം പദ്ധതി. പ്രതിമാസം ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പുതിയൊരു വിഹിതം പിടിച്ചെടുക്കുക, പെൻഷൻ പറ്റിയവർക്ക് നൽകേണ്ടുന്ന ആനുകൂല്യങ്ങളിൽ നിന്ന് ഒരു വലിയ തുക അന്വിറ്റിയിലേക്ക് നിക്ഷേപിക്കുവാൻ നിർബന്ധിരാക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കാലക്രമേണ പദ്ധതിയെ സ്വകാര്യ ഇൻഷുറൻസ് മേഖലയിലേക്ക് കൈമാറുവാനും കഴിയും. ഇപ്പോൾ നിർബന്ധിതമല്ല എന്ന് പറയുന്ന നിക്ഷേപം പിന്നീട് നിർബന്ധിതമാക്കുവാനും അല്ലെങ്കിൽ അത്തരത്തിലുള്ള സമ്മർദ്ദങ്ങൾ ജീവനക്കാരുടെ മേൽ നടത്തുവാനും സർക്കാരിന് കഴിയും. കൂടാതെ ഈ പദ്ധതി ചൂണ്ടികാട്ടി ഭാവിയിൽ പെൻഷൻ തന്നെ നിർത്തലാക്കാനു൦ കഴിയു൦. അതിനാൽ ഈ കുൽസിത പദ്ധതിക്കെതിരായ സമരം സ്റ്റാറ്റ്യൂട്ടറി പെൻഷൻ സംരക്ഷിക്കാനുള്ള സമരം കൂടെയാണ്.


ജീവനക്കാർ ആവശ്യപ്പെട്ടിട്ട് നടപ്പിലാക്കുന്ന ഒരു പദ്ധതിയല്ല ജീവാനന്ദം. ജീവനക്കാരുടെ കാലങ്ങളായുള്ള ആവശ്യം വിപണി അധിഷ്ഠിത പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്നും ഉറപ്പുള്ള പെൻഷനായ സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കണമെന്നുമാണ്. അതിനാൽ സർക്കാരിന്റെ ഈ തട്ടിപ്പ് പരിപാടി അവസാനിപ്പിച്ചു് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്. ജീവനക്കാർ ഇതെല്ലാം കണ്ട് കാഴ്ചക്കാരായി നിന്നാൽ ഇന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന ശമ്പളത്തിന്റെ വലിയൊരു ഭാഗം കൂടി നഷ്ടപ്പെടുക എന്നതായിരിക്കും ഫലം. അതിനാൽ ഒരു സംയുക്ത പ്രക്ഷോഭത്തിന് മുഴുവൻ സംഘടനകളും തയ്യാറാകണം. സങ്കുചിത കക്ഷിരാഷ്ട്രീയം മാറ്റിവെച്ച് മുഴുവൻ ജീവനക്കാരും ഈ കിരാത പദ്ധതിക്കെതിരെ സമര രംഗത്തിറങ്ങുകയാണ് അടിയന്തരാവശ്യകത.

Share this post

scroll to top