കണ്ണൂർ സർവ്വകലാശാലയിൽ ആർഎസ്എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങൾ പഠിപ്പിക്കാനുള്ള നീക്കം മതേതര വിദ്യാഭ്യാസത്തെ തകർക്കുന്ന തീരുമാനം ഉടൻ പിൻവലിക്കുക-സേവ് എഡ്യൂക്കേഷൻ കമ്മിറ്റി

Share

എംഎ ഗവേണൻസ് ആന്റ് പൊളിറ്റിക്സ് പാഠ്യപദ്ധതിയിൽ കണ്ണൂർ സർവകലാശാല, വർഗീയവാദികളായ ആർഎസ്എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങൾ ഉൾപ്പെടുത്തിയത് മതേതര വിദ്യാഭ്യാസത്തെ തകർക്കാനുള്ള സംഘപരിവാർ അജണ്ടക്ക് കൂട്ടു നിൽക്കലാണെന്ന് സേവ് എജുക്കേഷൻ കമ്മിറ്റി സംസ്ഥാന ചാപ്റ്റർ അഭിപ്രായപ്പെട്ടു. ഇന്ത്യയെ വർഗീയവൽക്കരിക്കാനായി എഴുതപ്പെട്ട വി.ഡി.സവര്‍ക്കറുടെ “ഹിന്ദുത്വ : ഹു ഈസ് എ ഹിന്ദു’, എംഎസ് ഗോള്‍വാള്‍ക്കറുടെ “വി ഓര്‍ അവര്‍ നാഷന്‍ഹുഡ് ഡിഫൈന്‍ഡ്’, ‘ ബഞ്ച് ഓഫ് തോട്സ്’, ദീനദയാൽ ഉപാദ്ധ്യായയുടെ ‘ഇന്റഗ്രൽ ഹ്യൂമനിസം’ പോലുള്ള പുസ്തകങ്ങളാണ് മതേതര കേരളത്തെ ഞെട്ടിച്ചുകൊണ്ട് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വൈവിദ്ധ്യമാർന്ന ചിന്താഗതികൾ വിദ്യാർത്ഥികൾക്കു പരിചയപ്പെടുത്തുക എന്ന സംവാദാത്മക സമീപനത്തിന്റെ അടിസ്ഥാനത്തിലാണിതു ചെയ്തിരിക്കുന്നതെന്ന ന്യായീകരണം സംഘപരിവാർ ശക്തികൾ അവതരിപ്പിക്കുന്ന വാദങ്ങളാണ്.
ബ്രിട്ടീഷുകാർക്കെതിരെ സ്വാതന്ത്ര്യസമരം നടത്തുന്നത് അനാവശ്യമായ ഊർജ്ജ ഉപയോഗമാണ് എന്നും പകരം രാജ്യത്തിനുള്ളിലെ ശത്രുക്കളെ നേരിടാനാണു യുവജനങ്ങൾ ശ്രമിക്കേണ്ടതെന്നും മുസ്ലീങ്ങളും ക്രിസ്ത്യാനികളും വൈദേശികരാണെന്നും മറ്റു നാടുകളോട് കൂറുള്ളവരാണെന്നുമൊക്കെയുള്ള ചരിത്ര നിഷേധവാദങ്ങൾ ഉൾപ്പെടുന്ന ഇത്തരം പുസ്തകങ്ങൾ പാഠ്യപദ്ധതിയിലുൾപ്പെടുത്തിയാൽ പൊതുസമൂഹത്തിൽ അതുണ്ടാക്കുന്ന വിഭജനം നമുക്ക് സങ്കൽപ്പിക്കാനാവില്ല.
മനുഷ്യ സമൂഹം ആധുനികമായി മുന്നേറുമ്പോൾ, പോയ കാലത്ത് ആധിപത്യം നേടിയിരുന്നതും ശാസ്ത്രീയ മതേതര ജനാധിപത്യ ധാരണകൾ വികസിച്ചു വരുന്നതിനനുസരിച്ച് വിസ്മൃതമാകുകയും ചെയ്ത വികല വിഭജന വാദങ്ങൾ അതേപടി വിദ്യാത്ഥികൾക്കു പഠിക്കാൻ കൊടുക്കുന്നതല്ല ചിന്തയിലെ വൈവിദ്ധ്യം എന്ന സങ്കല്പം. മറിച്ച് അത്തരം ചരിത്ര വിരുദ്ധമായ ചിന്തകളെ വ്യവഛേദിച്ചറിയാനുതകുന്ന വിധത്തിലുളള ആധുനിക ധാരണകളാണു പാഠ്യപദ്ധതിയിലൂടെ നൽകേണ്ടത്.
ഈ സാഹചര്യത്തിലാണ്, തീവ്രഹിന്ദുത്വ വർഗീയ പ്രചാരകർ പോലും പൊതുസമൂഹത്തിൽ അവതരിപ്പിക്കാൻ മടിക്കുന്ന ആശയങ്ങളടങ്ങുന്ന ഈ പുസ്തകങ്ങളെ ചുവന്ന പരവതാനി വിരിച്ച് സർവ്വകലാശാല സ്വീകരിക്കുന്നത്.


ഗാന്ധിജി, നെഹ്രു അംബേദ്കർ, ടാഗോർ തുടങ്ങിയവരുടെ പുസ്തകങ്ങൾക്കൊപ്പമാണ് ഈ പുസ്തകങ്ങളുമെന്ന വൈസ് ചാൻസുടെ വിശദീകരണം ബാലിശവും ദുരുപദിഷ്ടവുമാണ്. മേൽപ്പറഞ്ഞ ദേശീയ നേതാക്കളുടെ ചിന്തകൾക്കൊപ്പം സവർക്കറുടേയും ഗോൾവൾക്കറുടേയും ചിന്തകളെ അവതരിപ്പിച്ചാൽ, അവ സമാനതലത്തിലുള്ള ആശയങ്ങളാണെന്ന തെറ്റിദ്ധാരണ പടർത്താനാണ് ഉതകുക. മറിച്ച് അവ ദേശീയതയുടെ താല്പര്യങ്ങൾക്കെതിരാണ് എന്നു സ്വയം ബോധ്യപ്പെടുത്താൻ വിദ്യാര്‍ത്ഥികളെ സഹായിക്കാനാകണം പാഠ്യപദ്ധതി. നാസിസത്തിന്റേയും ഫാസിസത്തിന്റേയും വർണ്ണവിവേചനത്തിന്റെയുമൊക്കെ പ്രയാേക്താക്കളുടെ ഗ്രന്ഥങ്ങളോ ഹിറ്റ്ലറുടെ ആത്മകഥയോ ഒന്നും അതേപടി പഠിപ്പിക്കാൻ ഉൾപ്പെടുത്താത്തത് ഇതു കൊണ്ടാണ്.
ബോർഡ് ഓഫ് സ്റ്റഡീസിലോ അക്കാദമിക് കൗൺസിലിലോ അവതരിപ്പിക്കാതെ ഈ സിലബസ് വന്നത് സർവ്വകലാശാല നിയമത്തിന്റേയും കീഴ് വഴക്കത്തിന്റേയും നഗ്നമായ ലംഘനമാണ്. തെറ്റ് പരിശോധിക്കാൻ കമ്മിറ്റിയെ നിയോഗിച്ചതിനു ശേഷവും തീരുമാനത്തെ വൈസ് ചാൻസലർ ന്യായീകരിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്നും പ്രസ്തുത സിലബസ്സിൽ നിന്ന് ഉടനടി വർഗീയ വിഷം ചുരത്തുന്ന കൃതികൾ നീക്കണമെന്നും സമിതി ആവശ്യപ്പെട്ടു.


അധ:സ്ഥിത ജനതയുടെ വേദനകൾ ആവിഷ്ക്കരിക്കുന്ന എഴുത്തുകാരായ ബാമയുടേയും സുകിർത റാണിയുടേയും വിശ്രുത ബംഗാളി സാഹിത്യകാരിയായ മഹാശ്വേതാദേവിയുടയും കൃതികൾ സിലബസ്സിൽനിന്ന് ഡൽഹി യൂണിവേഴ്സിറ്റി ഒഴിവാക്കിയതിനെതിരെ ഒരു ഭാഗത്തു വിദ്യാഭ്യാസ സ്നേഹികൾ പ്രതിഷേധിക്കുമ്പോഴാണ് തീവ്രഹിന്ദുത്വവാദികൾക്ക് ആഹ്ലാദം പകർന്നുകൊണ്ട് കണ്ണൂർ യൂണിവേഴ്സിറ്റി ഈ ‘ഉൾക്കൊളളൽ’ നടത്തിയിരിക്കുന്നത്.സർവ്വകലാശാലയുടെ സ്വയംഭരണാവകാശത്തിനുള്ളിൽ നിന്നുകൊണ്ട് അക്കാദമിക വിദഗ്ദ്ധർ പരിഹരിക്കേണ്ടതാണ് ഈ പ്രശ്നം. ആ സൽബുദ്ധിയും ഉത്തരവാദിത്തവും സർവ്വകലാശാല പ്രദർശിപ്പിക്കുമെന്നാണു പൊതുസമൂഹം പ്രതീക്ഷിക്കുന്നതെ ന്നും സേവ് എജുക്കേഷൻ കമ്മിറ്റി പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.

Share this post

scroll to top