പാരീസ് കമ്മ്യൂണിന്റെ 150 വർഷങ്ങൾ: ചരിത്രസാംഗത്യവും പാഠങ്ങളും

Paris-Commune-Head-CLR.jpg
Share

തൊഴിലാളിവർഗ്ഗ രാഷ്ട്രം സ്ഥാപിക്കുവാനുള്ള ആദ്യത്തെ ധീരപരിശ്രമമായി ചരിത്രത്തിൽ പാരീസ് കമ്മ്യൂൺ നിലകൊള്ളുന്നു. ആ നിലയിൽ, കഠിനവും വർധിതവുമായ മുതലാളിത്ത ചൂഷണത്തിൽനിന്നുള്ള മോചനത്തിനായി ഉൽക്കടമായി ആഗ്രഹിക്കുന്ന അധ്വാനിക്കുന്ന ജനലക്ഷങ്ങൾക്ക് പ്രചോദനമായി അത് തുടരുന്നു. 1871 മാർച്ച് 18 മുതൽ മേയ് 28 വരെ, അതായത് 72 ദിവസം, പാരീസിലെ തൊഴിലാളിവർഗ്ഗം നഗരത്തിന്റെ നിയന്ത്രണം കൈവശപ്പെടുത്തുകയും, ജന്മിത്ത രാഷ്ട്രങ്ങളെ പിന്തുടർന്നുവന്ന മുതലാളിത്ത രാഷ്ട്രങ്ങളിൽനിന്നെല്ലാം ഗുണപരമായി വ്യത്യസ്തമായ ഒരു പുതിയ രാഷ്ട്രത്തിന്റെ സ്ഥാപനം ഉദ്‌ഘോഷിക്കുകയും ചെയ്തു.

പിന്തിരിപ്പൻ ശക്തികളുടെ കൈകളാൽ കമ്മ്യൂണിന് പരാജയം സംഭവിച്ചു എന്നത് സത്യമാണ്. പക്ഷേ ആ പോരാട്ടം വെറുതേയായില്ല. കമ്മ്യൂണിന്റെ 150-ാം വർഷത്തിലും, വിവിധ രാജ്യങ്ങളിലെ മുതലാളിത്തവിരുദ്ധ വിപ്ലവപോരാട്ടങ്ങളെ പരിപോഷിപ്പിക്കുവാൻ കമ്മ്യൂൺ നൽകിയ ചരിത്രപാഠങ്ങൾക്ക് സാധിക്കുന്നുണ്ട്. പ്രാരംഭമായി, കമ്മ്യൂൺ സ്ഥാപിക്കാനിടയാക്കിയ സാമൂഹ്യ-ചരിത്ര പശ്ചാത്തലത്തെക്കുറിച്ച് സംക്ഷിപ്തമായി പ്രതിപാദിക്കേണ്ടതുണ്ട്.

കമ്മ്യൂൺ രൂപീകരിക്കപ്പെട്ടതിന്റെ
ചരിത്രപശ്ചാത്തലം

ലാളിത്ത ജനാധിപത്യ വിപ്ലവം നടന്നത്. തൊഴിലാളികളും കർഷകരും മുന്നണിയിൽ നിന്നുകൊണ്ടാണ് ബാസ്റ്റൈൽ തടങ്കൽകോട്ടയെ ഭേദിച്ചതും, പഴഞ്ചനും പിന്തിരിപ്പനുമായ ജന്മിത്ത രാജഭരണത്തെ തകർത്തെറിഞ്ഞതും. വിപ്ലവത്തിന്റെ നേതൃത്വം മുതലാളിവർഗ്ഗത്തിന്റെ കൈകളിലായിരുന്നുവെങ്കിലും തൊഴിലാളിവർഗ്ഗമാണ് അതിനെ വിജയത്തിലെത്തിച്ചത്. ചൂഷിതരും അടിച്ചമർത്തപ്പെട്ടവരുമായ സ്ത്രീകൾ പോലും അതിൽ മാതൃകാപരമായ പങ്കു വഹിച്ചു. വിപ്ലവം വിജയിപ്പിക്കുന്നതിനായി സാധാരണജനങ്ങളെ ആയുധമണിയിക്കാൻ മുതലാളിവർഗ്ഗം നിർബന്ധിതരായി. അതിന്റെ ഫലമായി, തങ്ങളുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി ശബ്ദമുയർത്താൻ സാധാരണജനങ്ങൾക്കും അവസരം കിട്ടി. അവർ രാഷ്ട്രത്തിന്റെ കാര്യങ്ങളിൽ സായുധമായിത്തന്നെ പങ്കെടുക്കുവാൻ തുടങ്ങി. ഇതിനോടു പക്ഷേ മുതലാളിവർഗ്ഗത്തിന് യോജിപ്പുണ്ടായിരുന്നില്ല. അധികാരം പിടിച്ചെടുത്തതിനുശേഷം വിപ്ലവത്തിന്റെ പാതയിൽ തുടരുവാൻ മുതലാളിത്തത്തിന് താത്പര്യമുണ്ടായില്ല. പക്ഷേ, ഭൂരിഭാഗം വരുന്ന അധ്വാനിക്കുന്ന ജനവിഭാഗങ്ങൾ ഉൾപ്പെടുന്ന ആയുധമണിഞ്ഞ ജനങ്ങളെ സംബന്ധിച്ചിടത്തോളം, വിപ്ലവത്തിന്റെ തുടർന്നുള്ള പുരോഗതി കാണുവാനായിരുന്നു ആഗ്രഹം. അപ്പോൾ ഒരു വൈരുദ്ധ്യം ഉടലെടുത്തു. തന്നെയുമല്ല, ജന്മിത്ത സംവിധാനത്തെ ഫ്രാൻസിലെ മുതലാളിത്തം തകർത്തെറിഞ്ഞുവെങ്കിലും അതിന്റെ അവശിഷ്ടങ്ങളെ പൂർണ്ണമായും നിഷ്‌കാസനം ചെയ്യുന്നതിൽ അവർ പരാജയപ്പെട്ടു. സ്വയം ദൃഡീകരിക്കുന്നതിലും, മുതലാളിത്തത്തിൽ തന്നെയുള്ള ആന്തരികവൈരുദ്ധ്യങ്ങളെ പരിഹരിക്കുന്നതിലും മുതലാളിവർഗ്ഗം പരാജയപ്പെട്ടു. ഈ കോലാഹലങ്ങൾക്കിടയിലാണ്, 1800-ൽ നെപ്പോളിയൻ ബോണപ്പാർട്ട് ഭരണത്തിലെത്തുന്നതും, ഒരു ഭരണഘടനാധിഷ്ഠിത ജന്മിത്ത-മുതലാളിത്ത ഭരണം (അതായത്, ഉയർന്നുവന്ന മുതലാളിത്ത ഉള്ളടക്കം കൈവിടാതെ തന്നെ, എന്നാൽ ജന്മിത്ത സ്വാധീനത്തിന് പ്രാമുഖ്യമുള്ള ഭരണം) കൊണ്ടു വരുന്നതും. 1815-ലെ വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയൻ പരാജയപ്പെട്ടതിനു ശേഷം കുറച്ചുകാലം അനിശ്ചിതാവസ്ഥ നിലനിന്നു.

അക്കാലത്ത്, കുടിൽ വ്യവസായങ്ങൾ എണ്ണത്തിൽ കൂടുതലായിരുന്ന ഫ്രാൻസിൽ, മറ്റു യൂറോപ്പ്യൻ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വ്യവസായവികസനം വളരെ മന്ദഗതിയിലായിരുന്നു. 1830ലെ വിപ്ലവത്തിലൂടെ ചാൾസ് പത്താമനെ പുറത്താക്കി, ലൂയി ഫിലിപ്പിനെ ‘പൗരരാജാവായി’ അധികാരമേറ്റുമ്പോൾ, ‘മുതലാളിത്ത രാജഭരണമെന്ന്’ മാർക്‌സ് വിളിച്ച ഭരണം ഉദയം ചെയ്തു. 1830 മുതൽ 1848 വരെയുള്ള ലൂയി ഫിലിപ്പിന്റെ ഭരണകാലത്ത്, പുതുസാങ്കേതികവിദ്യ ഉപയോഗിച്ചു കൊണ്ട് ഫ്രാൻസിലെ വ്യവസായവികാസത്തിന് വേഗം കൈവരിച്ചു. മത്സരാധിഷ്ഠിതമായ അന്താരാഷ്ട്ര മുതലാളിത്ത കമ്പോളത്തിലെ ശക്തരായ ഒരു മത്സരാർത്ഥിയായി ഫ്രാൻസും മാറി. വൻവ്യവസായങ്ങൾ സ്ഥാപിച്ച പ്പോൾ തൊഴിലാളികളുടെ എണ്ണവും വർദ്ധിച്ചു. ഫാക്ടറികളിൽ പണിയെടുക്കാനായി ഗ്രാമങ്ങളിൽ നിന്നും ആളുകൾ നഗരങ്ങളിലേക്ക് വൻതോതിൽ നീങ്ങി. ബാങ്കിങ്ങ്‌മേഖലയും പുഷ്ടിപ്പെട്ടു. പക്ഷേ, ഇതോടൊപ്പം തന്നെ മുതലാളിവർഗ്ഗവും തൊഴിലാളിവർഗ്ഗവും തമ്മിലുള്ള വൈരുദ്ധ്യവും രൂക്ഷമായി. ഏംഗൽസ് ചൂണ്ടിക്കാണിച്ചതു പോലെ, “…1789 മുതലുള്ള ഫ്രാൻസിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ വികാസം മൂലം കഴിഞ്ഞ 50 വർഷങ്ങൾ കൊണ്ട് പാരീസ് നേടിയെടുത്ത ഒരു സ്ഥാനമുണ്ട്. സ്വന്തം ചോര നൽകി വിജയം നേടുകയും, വിജയത്തിനു ശേഷം തങ്ങളുടെ ആവശ്യങ്ങളുമായി മുന്നോട്ടു വരികയും ചെയ്യുന്ന തൊഴിലാളിവർഗ്ഗമില്ലാതെ അവിടെ ഒരു വിപ്ലവവും പൊട്ടിപ്പുറപ്പെടുക സാധ്യമല്ല എന്ന സ്ഥിതി വന്നു. ഈ പ്രത്യേക കാലഘട്ടത്തിൽ പാരീസിലെ തൊഴിലാളികൾ ആർജ്ജിച്ച വികാസത്തിന്റെ അവസ്ഥയ്ക്ക് അനുസൃതമായി, ഈ ആവശ്യങ്ങൾ പലപ്പോഴും അവ്യക്തവും ചിലപ്പോഴൊക്കെ ആശയക്കുഴപ്പമുള്ളതുമായിരുന്നുവെങ്കിലും, ആത്യന്തികമായി അതെല്ലാം മുതലാളിമാരും തൊഴിലാളികളും തമ്മിലുള്ള വർഗ്ഗവൈരത്തിന് അന്തിമപരിഹാരം എന്ന അർത്ഥം കൈവരിച്ചു. ഇതെങ്ങനെ നടപ്പിൽ വരുത്താമെന്നത് ആർക്കും അറിയില്ല എന്നത് സത്യമാണ്. പക്ഷേ, ആവശ്യം എന്നതിനുള്ളിൽ തന്നെ, അതെത്രത്തോളം അനിശ്ചിതത്വത്തിൽ പൊതിഞ്ഞു പിടിച്ചാലും, അതിനുള്ളിൽ നിലവിലെ സമൂഹക്രമത്തിനെതിരേയുള്ള ഭീഷണി ഉൾച്ചേർന്നിരുന്നു. അതു മുന്നോട്ടു വെച്ച തൊഴിലാളികൾ അപ്പോഴും ആയുധമണിഞ്ഞിരുന്നു. അതുകൊണ്ട്, തൊഴിലാളികളെ നിരായുധീകരിക്കുകയെന്നത് അപ്പോഴും രാഷ്ട്രത്തിന്റെ അധികാരസ്ഥാനത്തുണ്ടായിരുന്ന മുതലാളിവർഗ്ഗത്തിന്റെ ആദ്യ കൽപ്പനയായിരുന്നു.” (ഫ്രാൻസിലെ ആഭ്യന്തരയുദ്ധം എന്ന ഗ്രന്ഥത്തിനുള്ള ആമുഖത്തിൽ നിന്ന്)
1848 ഫെബ്രുവരിയിൽ ലൂയി ഫിലിപ്പ് ഭരണത്തിനെതിരെ ഒരു പ്രക്ഷോഭവേലിയേറ്റമുണ്ടായി. വീണ്ടും ഏംഗൽസിന്റെ വാക്കുകളിൽ നിന്ന്, “പാർലമെന്ററി പ്രതിപക്ഷത്തിന്റെ ഭാഗമായ ലിബറൽ ബൂർഷ്വാസി, വോട്ടവകാശ പരിഷ്‌ക്കരണം ഉറപ്പാക്കുന്നതിനായി വിരുന്നുസൽക്കാരങ്ങൾ നടത്തി. അവരുടെ പാർട്ടിക്ക് മേൽക്കോയ്മ ഉറപ്പാക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. സർക്കാരുമായുള്ള അവരുടെ സംഘർഷത്തിന്റെ സമ്മർദ്ദം വർദ്ധിച്ചപ്പോൾ ബൂർഷ്വാസിയുടേയും പെറ്റിബൂർഷ്വാസിയുടേയും റാഡിക്കലും റിപ്പബ്ലിക്കനുമായവരുടെ നിരയ്ക്ക് മുൻഗണന നൽകേണ്ടി വന്നു. പക്ഷേ, ഇവർക്ക് പിന്നിൽ വിപ്ലവകാരികളായ തൊഴിലാളികൾ ഉണ്ടായിരുന്നു. 1830 മുതൽ, ബൂർഷ്വാസിയേയും, റിപ്പബ്ലിക്കന്മാരേയുംകാൾ അപ്പുറം രാഷ്ട്രീയസ്വാതന്ത്ര്യം അവർ നേടിയിരുന്നുവെന്ന് കരുതണം. സർക്കാരിനും പ്രതിപക്ഷത്തിനും ഇടയിലുള്ള പ്രതിസന്ധിയുടെ ഘട്ടത്തിൽ തൊഴിലാളികൾ തെരുവുയുദ്ധം ആരംഭിച്ചു. ലൂയി ഫിലിപ്പും ഒപ്പം വോട്ടവകാശ പരിഷ്‌ക്കരണവും അപ്രത്യക്ഷമായി. അതിന്റെ സ്ഥാനത്ത് ഒരു റിപ്പബ്ലിക് ഉയർന്നു വന്നു; വിജയികളായ തൊഴിലാളികൾ തന്നെ പേരിട്ടതു പോലെ ഒരു സോഷ്യൽ റിപ്പബ്ലിക്. ഈ സോഷ്യൽ റിപ്പബ്ലിക് എന്നാൽ എന്താണ് അർത്ഥമാക്കുന്നത് എന്നത് പക്ഷേ ആർക്കും വ്യക്തമല്ലായിരുന്നു, തൊഴിലാളികൾക്കു പോലും. പക്ഷേ അവർക്കിപ്പോൾ ആയുധങ്ങളുണ്ട്, രാഷ്ട്രത്തിലെ ഒരു അധികാരശക്തിയായി അവർ മാറിയിരിക്കുന്നു.

അതുകൊണ്ട്, കാര്യങ്ങൾ നിയന്ത്രണത്തിലാക്കിയ ബൂർഷ്വാ റിപ്പബ്ലിക്കന്മാർ തങ്ങളുടെ നില ഭദ്രമാക്കിക്കഴിഞ്ഞപ്പോൾ കണ്ട ഒന്നാമത്തെ ലക്ഷ്യം, തൊഴിലാളികളെ നിരായുധീകരിക്കുക എന്നതായിരുന്നു. 1848 ജൂണിൽ തുറന്ന വിശ്വാസവഞ്ചനയിലൂടെ ഒരു കലാപത്തിലേക്ക് അവരെ തള്ളിവിട്ടുകൊണ്ടായിരുന്നു ഇത് നടപ്പായത്. … അഞ്ചു ദിവസത്തെ വീരോചിതമായ പോരാട്ടത്തിനൊടുവിൽ തൊഴിലാളികൾ പരാജയപ്പെട്ടു. പിന്നീടുണ്ടായത്, റോമാ റിപ്പബ്ലിക്കിന്റെ തകർച്ചയുടെ ദിനങ്ങൾക്കു ശേഷം കണ്ടിട്ടില്ലാത്ത തരത്തിൽ, നിരായുധരായ തടവുകാർക്കിടയിൽ നടത്തിയ കൂട്ടക്കൊലയാണ്.”
1848 ഫെബ്രുവരി 25ന്, മുന്നേയുണ്ടായിരുന്ന രാജഭരണത്തെ പിഴുതെറിഞ്ഞുകൊണ്ട് ഫ്രാൻസിൽ മുതലാളിത്ത റിപ്പബ്ലിക് സ്ഥാപിക്കുകയും ലൂയി ബോണപ്പാർട്ടിനെ ഭരണാധികാരത്തിൽ കുടിയിരുത്തുകയും ചെയ്തു. ലൂയി ബോണപ്പാർട്ടിന്റെ ഈ ഭരണത്തെക്കുറിച്ച് മഹാനായ മാർക്‌സ് പറഞ്ഞത്: “മുതലാളിവർഗ്ഗത്തിന്റെ ഒരു വിഭാഗം രാജാവിനെ മുൻനിർത്തി ഭരിച്ചിരുന്നു. ഇപ്പോൾ മുതലാളിവർഗ്ഗം ജനങ്ങളെ മുൻനിർത്തിക്കൊണ്ട്, ബൂർഷ്വ ജനാധിപത്യം സ്ഥാപിച്ചിരിക്കുന്നു.” (ലൂയി നെപ്പോളിയന്റെ പതിനെട്ടാം ബ്രൂമിയർ) പക്ഷേ, അധ്വാനിക്കുന്ന ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇടക്കാലസർക്കാരിനു പകരം വന്ന തെരഞ്ഞെടുക്കപ്പെട്ട റിപ്പബ്ലിക്കും ജനവിരുദ്ധ മുതലാളിത്ത സർക്കാരാണെന്ന് മനസ്സിലാക്കാൻ അധികസമയം വേണ്ടിവന്നില്ല. പിന്നിടുന്ന ഓരോ ദിനവും മുതലാളിത്ത ചൂഷണത്തെ വർധിപ്പിച്ചു. പട്ടിണിയും തൊഴിലില്ലായ്മയും ക്രമമായി വർധിച്ചുകൊണ്ടേയിരുന്നു. അതുകൊണ്ട്, തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങളോടു, സർക്കാർ പ്രതികരിച്ചത് നിലനിന്ന തൊഴിലവകാശങ്ങൾ തന്നെ വെട്ടിച്ചുരുക്കിക്കൊണ്ടാണ്. അത് തൊഴിലാളികളെ രോഷാകുലരാക്കുകയും വ്യാപകമായ ചെറുത്തുനിൽപ്പ് വളരാൻ തുടങ്ങുകയും ചെയ്തു. അങ്ങനെ തൊഴിലാളികൾക്കിടയിൽ അടിഞ്ഞുകൂടിയ പ്രതിഷേധം, പ്രതിരോധപ്രക്ഷോഭത്തിന്റെ രൂപത്തിലോ കലാപമായോ പൊട്ടിത്തെറിച്ചു തുടങ്ങുകയും, പാരീസിലെ തെരുവുകളിൽ ആയിരങ്ങൾ പ്രതിഷേധമാർച്ചുകളിൽ അണിചേരുകയും ചെയ്തു.


1848 ജൂൺ 22 എന്ന ദിവസം തൊഴിലാളികളുടെ ധീരതയുടെ ദൃക്‌സാക്ഷിയായി. മാർക്‌സ് വിശദീകരിച്ചതു പോലെ: “ലൂയി ഫിലിപ്പിന്റെ മുതലാളിത്ത രാജഭരണത്തെ തുടർന്ന് ഒരു മുതലാളിത്ത റിപ്പബ്ലിക്ക് വരാനേ സാധ്യതയുള്ളൂ. അതായത്, മുതലാളിവർഗ്ഗത്തിന്റെ ഒരു ചെറുവിഭാഗം രാജാവിന്റെ പേരിൽ ഭരിക്കുന്നതിനു പകരം, മുതലാളിവർഗ്ഗം ഒന്നാകെ ഇനി ജനങ്ങളുടെ പേരിൽ ഭരിക്കും. പാരീസിലെ തൊഴിലാളിവർഗ്ഗത്തിന്റെ ആവശ്യങ്ങൾ ഉട്ടോപ്പ്യൻ അസംബന്ധമാണ്, അതിന് അവസാനം കുറിക്കേണ്ടതുണ്ട്. കോൺസ്റ്റിറ്റ്യുവന്റ് നാഷണൽ അസംബ്ലിയുടെ ഈ പ്രഖ്യാപനത്തിന് പാരീസിലെ തൊഴിലാളിവർഗ്ഗം മറുപടി നൽകിയത് ജൂൺ പ്രക്ഷോഭത്തിലൂടെയാണ്. യൂറോപ്പിലെ ആഭ്യന്തരയുദ്ധങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ ഒരു സംഭവമായിരുന്നു അത്. മുതലാളിത്ത റിപ്പബ്ലിക് വിജയശ്രീലാളിതരായി. ധനപ്രഭുക്കന്മാരും വ്യവസായമുതലാളിമാരും മധ്യവർഗ്ഗവും പെറ്റിബൂർഷ്വകളും സൈന്യവും, മൊബൈൽ ഗാർഡുകൾ എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട വർഗ്ഗബോധമില്ലാത്ത തൊഴിലാളികളും, ബൗദ്ധികപ്രമുഖരും, പുരോഹിതവർഗ്ഗവും ഗ്രാമീണജനതയുമെല്ലാം അതിനോടൊപ്പം ചേർന്നുനിന്നു. പാരീസിലെ തൊഴിലാളിവർഗ്ഗത്തോടൊപ്പം നിൽക്കാൻ മറ്റാരും ഉണ്ടായില്ല. ജൂൺ 22ന്, ജനങ്ങളുടെ ഒരു വിപ്ലവമുന്നേറ്റമുണ്ടായി. എതിരാളികളായ രണ്ട് പ്രധാന വർഗ്ഗങ്ങളും – മുതലാളിവർഗ്ഗവും തൊഴിലാളിവർഗ്ഗവും, പോർക്കളത്തിൽ മുഖാമുഖം വന്നു… വിജയത്തിനു ശേഷം 3000ൽ അധികം പ്രക്ഷോഭകരെ നിഷ്ഠുരം കൊല ചെയ്യുകയും 15,000 പേരെ വിചാരണ കൂടാതെ നാടുകടത്തുകയും ചെയ്തു. ഈ പരാജയത്തോടെ, വിപ്ലവത്തിന്റെ അരങ്ങിലെ പിന്നണിയിലേക്ക് തൊഴിലാളിവർഗ്ഗത്തിന് പിൻവാങ്ങേണ്ടി വന്നു… ജൂൺ കലാപത്തിന്റെ പരാജയത്തോടെ, മുതലാളിത്ത റിപ്പബ്ലിക് സ്ഥാപിച്ച് പടുത്തുയർത്തുവാനുള്ള നിലമൊരുക്കൽ കൂടി നടന്നു. പക്ഷേ അതേ സമയം തന്നെ, യൂറോപ്പിൽ, രാജഭരണം വേണോ റിപ്പബ്ലിക് വേണോ എന്നതിനപ്പുറത്തെ വിഷയങ്ങളിലുള്ള ചോദ്യങ്ങളുമുണ്ടെന്നും അത് വെളിവാക്കി തന്നു. മുതലാളിത്ത റിപ്പബ്ലിക് എന്നത് ഒരു വർഗ്ഗം മറ്റു വർഗ്ഗങ്ങൾക്കു മേൽ നടത്തുന്ന അനിയന്ത്രിതമായ സ്വേച്ഛാധിപത്യത്തേയാണ് അർത്ഥമാക്കുന്നതെന്ന് അത് വെളിപ്പെടുത്തി….” (ലൂയി ബോണപ്പാർട്ടിന്റെ പതിനെട്ടാം ബ്രൂമിയർ) സംഭവങ്ങളിൽ പിന്നീടുണ്ടായ വഴിത്തിരിവിന്റെ ദൃശ്യം ഏംഗൽസിന്റെ വാക്കുകളിൽ കാണാം: “മുതലാളിത്തത്തിനെതിരേ, തങ്ങളുടേതായ താത്പര്യങ്ങളും ആവശ്യങ്ങളുമുള്ള ഒരു പ്രത്യേക വർഗ്ഗമായി നിലകൊള്ളാൻ തൊഴിലാളിവർഗ്ഗം ധൈര്യം കാണിക്കുന്ന നിമിഷം, പ്രതികാരത്തോടു കൂടി എത്രത്തോളം ഭ്രാന്തമായ ക്രൂരതകളാണ് തങ്ങൾക്കു പുറത്തെടുക്കാനാവുകയെന്നത് മുതലാളിത്തം അന്നാണ് ആദ്യമായി പ്രദർശിപ്പിച്ചത്. … ഫ്രാൻസിനെ ഭരിക്കാൻ തൊഴിലാളിവർഗ്ഗത്തിന് ഇനിയും സാധ്യമായിട്ടില്ലെങ്കിൽ മുതലാളിത്തത്തിനും അത് സാധ്യമാവുകയില്ല. അവരുടെ (മുതലാളിവർഗ്ഗത്തിന്റെ) ഇടയിലെ ആഭ്യന്തരഭിന്നതകളാണ്, സൈന്യം, പൊലീസ്, ഭരണയന്ത്രം എന്നിവയടക്കമുള്ള എല്ലാ അധികാരസ്ഥാനങ്ങളും കൈയ്യടക്കുവാൻ ലൂയി ബോണപ്പാർട്ടിന് അവസരമൊരുക്കിയത്. 1851 ഡിസംബർ 2ന് മുതലാളിത്തത്തിന്റെ അവസാന ആശ്രയമായിരുന്ന ദേശീയ അസംബ്ലിയും തകർന്നു. ഒരു പറ്റം രാഷ്ട്രീയ-സാമ്പത്തിക സാഹസികർ ഫ്രാൻസിനെ ചൂഷണം ചെയ്യുന്നതും, അതേസമയം തന്നെ, വൻകിട മുതലാളിമാരിലെ ഒരു ചെറിയ വിഭാഗത്തിനു മാത്രം ആധിപത്യമുണ്ടായിരുന്ന, ലൂയി ഫിലിപ്പിന്റെ സങ്കുചിത മനോഭാവവും ഭീരുത്വവും നിറഞ്ഞ ഭരണസംവിധാനത്തിനു കീഴിൽ ഒരിക്കലും സാധ്യമാവാത്ത തരത്തിലുള്ള വ്യവസായവികസനത്തോടെയുള്ള രണ്ടാം സാമ്രാജ്യത്തിന് ആരംഭം കുറിച്ചു. തൊഴിലാളികളിൽ നിന്നും മുതലാളിവർഗ്ഗത്തെ സംരക്ഷിക്കുമെന്നും, മറുവശത്ത് മുതലാളിമാരിൽ നിന്നും തൊഴിലാളികളേയും സംരക്ഷിക്കുമെന്ന ധാരണ നൽകി, മുതലാളിമാരിൽ നിന്നും ലൂയി ബോണപ്പാർട്ട് രാഷ്ട്രീയ അധികാരം ഏറ്റെടുത്തു. പക്ഷേ പകരമായി അദ്ദേഹത്തിന്റെ ഭരണം ഊഹക്കച്ചവടത്തെയും വ്യവസായ പ്രവർത്തനത്തെയും പ്രോത്സാഹിപ്പിക്കുക യാണ് ഉണ്ടായത് – ചുരുക്കിപ്പറ ഞ്ഞാൽ നാളിതുവരെ അജ്ഞാതമായിരുന്ന അളവിൽ മുഴുവൻ മുതലാളിത്തത്തേയും അത് ഉയർത്തിയെടുക്കുകയും പരിപോഷിപ്പിക്കുകയും ചെയ്തു.” (ഫ്രാൻസിലെ ആഭ്യന്തരയുദ്ധത്തിനുള്ള മുഖവുര എന്ന ഗ്രന്ഥത്തിൽ നിന്ന്)
1851 മുതൽ 1868 വരെയുള്ള 17 വർഷം, അതായത്, നെപ്പോളിയൻ മൂന്നാമൻ എന്നു പേരു മാറ്റിയ ലൂയി ബോണപ്പാർട്ടിന്റെ ഭരണകാലത്ത് ഫ്രാൻസിലെ അവസ്ഥ മോശമായിക്കൊണ്ടേയിരുന്നു. മുതലാളിത്തത്തിലെ പ്രതിസന്ധി വ്യക്തമായി തെളിഞ്ഞുവന്നു. അതു മൂലം വിവിധ രാജ്യങ്ങളിലെ തൊഴിലാളിവർഗ്ഗത്തിന്റേയും മധ്യവർഗ്ഗത്തിന്റേയും സാഹചര്യം കൂടുതൽ വഷളാവുകയായിരുന്നു. ലാഭമുണ്ടാക്കാൻ ആഗ്രഹിച്ച മുതലാളിത്തത്തിനു പോലും ഈ ലാഭമുണ്ടാക്കൽ വളരെ ബുദ്ധിമുട്ടായി തീർന്നു. മുതലാളിത്ത ജനാധിപത്യ വിപ്ലവത്തിനു ശേഷം ഫ്രാൻസ് കടന്നു പോയ 80 വർഷങ്ങളെ വിലയിരുത്തിക്കൊണ്ട് ഏംഗൽസ് പറഞ്ഞു: “ലോകത്ത് മറ്റേതൊരു രാജ്യത്തേക്കാളും ഫ്രാൻസിലാണ് ചരിത്രപരമായ വർഗ്ഗസമരങ്ങൾ ഒരു നിർണ്ണായക പരിസമാപ്തി വരേയും പൊരുതിയിരുന്നത്. തൽഫലമായി അവിടെയാണ്, അതിന്റെ ഫലങ്ങൾ സംഗ്രഹിക്കപ്പെട്ട, മാറിയ രാഷ്ട്രീയരൂപങ്ങൾ, അവയുടെ കൃത്യമായ രൂപരേഖയോടെ പതിഞ്ഞിട്ടുള്ളത്. മധ്യകാലത്തെ ജന്മിത്തത്തിന്റെ കേന്ദ്രം. നവോത്ഥാനത്തിനു ശേഷം സാമൂഹികശ്രേണികളുടെ അടിസ്ഥാനത്തിലുള്ള ഏകീകൃത രാജഭരണത്തിന്റെ മാതൃക. മഹാവിപ്ലവത്തിൽ ഫ്രാൻസ് ജന്മിത്തത്തെ തകർത്തെറിയുകയും, യൂറോപ്പിലെ മറ്റൊരു ദേശത്തിനും കിടപിടിക്കാൻ ആവാത്തവണ്ണമുള്ള ശുദ്ധിയോടെ മുതലാളിത്തഭരണം സ്ഥാപിക്കുകയും ചെയ്തു. മറ്റൊരിടത്തും കണ്ടിട്ടില്ലാത്തവണ്ണം ഭരണമുതലാളിവർഗ്ഗത്തിനെതിരേ പ്രത്യാശാഭ രിതമായ തൊഴിലാളിവർഗ്ഗത്തിന്റെ പോരാട്ടവും തീക്ഷ്ണമായ രൂപത്തിൽ ഇവിടെയാണ് ദൃശ്യമായത്. അതു കാരണമാണ്, ഫ്രാൻസിന്റെ ചരിത്രം പ്രത്യേക അഭിരുചിയോടെ മാർക്‌സ് പഠിച്ചുവെന്നു മാത്രമല്ല, എല്ലാ സൂക്ഷ്മ വിവരത്തോടും കൂടി അതിന്റെ വർത്തമാനചരിത്രത്തേയും പിന്തുടരുന്നതും, ഭാവിയിലെ ഉപയോഗത്തിനായി സാമഗ്രികൾ ശേഖരിച്ചതും. അതുകൊണ്ടു തന്നെ, സംഭവവികാസങ്ങൾ അദ്ദേഹത്തെ ഒട്ടും അത്ഭുതപ്പെടുത്തിയില്ല.” (മാർക്‌സിന്റെ ലൂയി നെപ്പോളിയന്റെ പതിനെട്ടാം ബ്രൂമിയറിനുള്ള ആമുഖത്തിൽ നിന്നും)
തൊഴിലാളിവർഗ്ഗത്തിനു മേലേയുള്ള തങ്ങളുടെ ചൂഷണം വർധിപ്പിക്കുന്നതിനോടൊപ്പം തന്നെ, ഭൂഖണ്ഡത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കു കൂടി തങ്ങളുടെ അധീശത്വം വ്യാപിപ്പിക്കാൻ ഫ്രാൻസിലെ മുതലാളിവർഗ്ഗം ആഗ്രഹിച്ചു. 1848 മുതൽ 1851 അവസാനം വരെ ലൂയി നെപ്പോളിയൻ ബോണപ്പാർട്ട് എന്ന പേരിൽ ഫ്രാൻസിന്റെ ആദ്യ പ്രസിഡന്റാ യിരിക്കുകയും, പിന്നീട് ഒരു അട്ടിമറിയിലൂടെ 1851 മുതൽ 1870 വരെ രണ്ടാം ഫ്രഞ്ച് ചക്രവർത്തിയായി സ്വയം അവരോധിക്കുകയും ചെയ്ത നെപ്പോളിയൻ മൂന്നാമൻ കൈക്കൊണ്ട നടപടികളിലും, സ്വീകരിച്ച നയങ്ങളിലും, ഭരണമുതലാളിവർഗ്ഗത്തിന്റെ ഈ അഭിവാഞ്ച വ്യക്തമായിരുന്നു. പക്ഷേ, ഫ്രഞ്ച് മുതലാളിത്തത്തിന്റെ ഈ വികസനസ്വപ്‌നത്തിനു മുന്നിലെ പ്രധാന തടസ്സം, തുല്ല്യശക്തിയായി തൊട്ടയലത്ത് ഉണ്ടായിരുന്ന, ബിസ്മാർക്കിനു കീഴിലെ പ്രഷ്യ ആയിരുന്നു. അന്ന് ബിസ്മാർക്ക് ജർമ്മനിയുടെ ഏകീകരണത്തിൽ മുഴുകിയിരിക്കുകയായിരുന്നു. അതുകൊണ്ട്, തങ്ങളുടെ സ്വാധീനമേഖല വർധിപ്പിക്കണമെങ്കിൽ, പ്രഷ്യയോട് യുദ്ധം പ്രഖ്യാപിക്കുക യല്ലാതെ ഫ്രാൻസിനു മുന്നിൽ മറ്റു വഴികളില്ലായിരുന്നു. അതിനാൽ, നെപ്പോളിയൻ മൂന്നാമൻ തീവ്രദേശീയവാദം ആളിക്കത്തിക്കാൻ ആരംഭിക്കുകയും, 1870 ജൂലൈ 16ന്, പ്രഷ്യക്കെതിരേ യുദ്ധമാരംഭിക്കാനുള്ള പ്രമേയം ഫ്രഞ്ച് പാർലമെന്റിൽ കൊണ്ടുവരികയും ചെയ്തു.


പക്ഷേ ഈ യുദ്ധപദ്ധതിയെ ഫ്രഞ്ച് തൊഴിലാളിവർഗ്ഗം എതിർത്തു. ‘സർവ്വരാജ്യങ്ങളിലേയും തൊഴിലാളിവർഗ്ഗത്തോട്’ എന്ന തലക്കെട്ടിലുള്ള ലഘുലേഖയിൽ ഈ യുദ്ധാഹ്വാനത്തിനെതിരേ ശബ്ദമുയർത്തുവാൻ തങ്ങളുടെ എല്ലാ സഹോദരരോടും അവർ ആവശ്യപ്പെട്ടു. ഒന്നാം ഇന്റർനാഷണലിന്റെ ബർലിൻ യൂണിറ്റ് പൂർണ്ണമനസ്സോടെ ഈ ആഹ്വാനത്തോട് പ്രതികരിക്കുകയും, ഒരു യുദ്ധകാഹളത്തിനും, ഒരു പീരങ്കിയൊച്ചക്കും ഒരു ജയത്തിനും ഒരു പരാജയത്തിനും, തൊഴിലാളിവർഗ്ഗ സാർവ്വദേശീയത എന്ന ലക്ഷ്യത്തിൽ നിന്നും തങ്ങളെ വ്യതിചലിപ്പിക്കാനാവില്ല എന്നവർ ഉറപ്പു നൽകി. പക്ഷേ, തൊഴിലാളികളുടെ എല്ലാ പ്രതിഷേധങ്ങളേയും അവഗണിച്ചു കൊണ്ട്, 1870 ജൂലൈ 2ന്, നെപ്പോളിയൻ മൂന്നാമൻ പ്രഷ്യക്കെതിരേ യുദ്ധം പ്രഖ്യാപിച്ചു. ഫ്രഞ്ച് സൈന്യം പ്രഷ്യൻ ഭൂമിയിൽ അതിക്രമിച്ചു കടന്നപ്പോൾ അവർക്ക് പ്രഷ്യൻ സൈന്യത്തിൽ നിന്നും കടുത്ത പ്രത്യാക്രമണം നേരിടേണ്ടിവന്നു. ഏറെത്താമസിയാതെ സെപ്റ്റംബർ 2ന്, പ്രഷ്യൻ സൈനികശക്തിയിൽ നിന്നും നെപ്പോളിയൻ മൂന്നാമന്റെ സൈന്യത്തിന് കടുത്ത പരാജയമേറ്റു വാങ്ങേണ്ടി വന്നു. പ്രഷ്യൻ സേന നെപ്പോളിയൻ മൂന്നാമനെ തടവുകാരനാക്കുകയും, ഫ്രാൻസിലെ നെപ്പോളിയൻ മൂന്നാമന്റെ ഭരണം അവസാനിക്കുകയും ചെയ്തു.

നെപ്പോളിയൻ മൂന്നാമന് ശേഷമുള്ള ഫ്രാൻസ്

നെപ്പോളിയൻ മൂന്നാമന്റെ പതനത്തിനു ശേഷം സാമ്രാജ്യം ഒരു ചീട്ടുകൊട്ടാരം പോലെ തകർന്നു. 1870ൽ ഫ്രഞ്ച് ജനത വീണ്ടും റിപ്പബ്ലിക് പ്രഖ്യാപിച്ചു. പക്ഷേ, കുപ്രസിദ്ധനായ തിയേഴ്‌സ് എന്നയാളായിരുന്നു റിപ്പബ്ലിക്കിന്റെ തലപ്പത്ത് വന്നത്. മാർക്‌സ് അയാളെ വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു: “പൈശാചികസ്വഭാവിയായ അയാൾ അരനൂറ്റാണ്ടിലേറെയായി ഫ്രഞ്ച് മുതലാളിത്തത്തെ വശീകരിച്ചിരുന്നു. കാരണം അവരുടെ തന്നെ വർഗ്ഗദുഷിപ്പിന്റെ സമ്പൂർണ്ണമായ ബൗദ്ധികപ്രകാശനമായിരുന്നു അയാൾ. ഒരു രാഷ്ട്രതന്ത്രജ്ഞനായി മാറുന്നതിനു മുമ്പ് തന്നെ, ചരിത്രകാരനായി ചമഞ്ഞ് കള്ളം പറയാനുള്ള തന്റെ ശേഷി അയാൾ തെളിയിച്ചിരുന്നു. … ചെറുകിട തെമ്മാടിത്തരങ്ങളുടെ നായകൻ, കള്ളസാക്ഷ്യങ്ങളുടെയും വഞ്ചനയുടേയും ഉപാസകൻ, തരംതാണ തന്ത്രങ്ങളുടെയും കപടവിദ്യകളുടേയും പാർലമെന്ററി പാർട്ടി പോരാട്ടങ്ങളിലെ വിശ്വാസവഞ്ചനകളുടേയും ശിൽപ്പി; അധികാരമില്ലാത്തപ്പോൾ വിപ്ലവത്തിനു തിരികൊളുത്താനും, അധികാരമേൽക്കുമ്പോൾ അതേ പോരാട്ടത്തെ ചോരയിൽ മുക്കിക്കൊല്ലാനും ഒരു ചാഞ്ചല്യവുമില്ലാത്തയാൾ; ആശയങ്ങളുടെ സ്ഥാനത്ത് വർഗ്ഗമുൻവിധികളെയും, ഹൃദയത്തിന്റെ സ്ഥാനത്ത് ദുരഭിമാനവും മുന്നിൽ നിർത്തുന്നയാൾ; പൊതുജീവിതം പോലെ തന്നെ കുപ്രസിദ്ധമായ സ്വകാര്യജീവിതവും വെറുപ്പുളവാക്കുന്നതായിരുന്നു.” (‘ഫ്രാൻസിലെ ആഭ്യന്തരയുദ്ധം’) സമ്പത്തിനോടുള്ള ആർത്തിയും അത് സൃഷ്ടിക്കുന്ന മനുഷ്യരോടുള്ള വെറുപ്പുമായിരുന്നു തിയേഴ്‌സിൽ സ്ഥിരതയോടെ ഉണ്ടായിരുന്നത്. ലൂയി ഫിലിപ്പിനു കീഴിലുള്ള തന്റെ ആദ്യമന്ത്രിസഭയിൽ ദരിദ്രനായി പ്രവേശിച്ച അദ്ദേഹം കോടീശ്വരനായാണ് പുറത്തിറങ്ങിയത്. അതുകൊണ്ട്, പിന്നീട് സ്ഥാപിക്കപ്പെടുവാനുണ്ടായിരുന്ന പാരീസ് കമ്മ്യൂൺ നിലനിർത്തുവാനുള്ള ശ്രമങ്ങളെ തകർക്കുവാൻ ഏറ്റവും അനുയോജ്യനായ വ്യക്തിയെ തന്നെയാണ് പിന്തിരിപ്പൻ മുതലാളിത്തം തെരഞ്ഞെടുത്തതെന്ന് വ്യക്തമാണ്.

തിയേഴ്‌സിനു കീഴിലുള്ള ഫ്രാൻസിലെ മുതലാളിത്ത റിപ്പബ്ലിക്കിന് ആദ്യം തന്നെ, മുന്നേറി വരുന്ന പ്രഷ്യൻ സൈന്യത്തെ പാരീസിൽ പ്രവേശിക്കുന്നതിൽ നിന്നും തടയണമായിരുന്നു. പക്ഷേ കരുത്തരായ പ്രഷ്യൻ സേനയെ പിന്നോട്ടടിക്കാൻ തക്കവണ്ണമുള്ള സൈനികശക്തി അവർക്കുണ്ടായിരുന്നില്ല. അതുകൊണ്ട്, തൊഴിലാളിവർഗ്ഗമടക്കമുള്ള ജനങ്ങൾക്ക് ആയുധം നൽകുകയെന്നതല്ലാതെ അവർക്കു വേറേ വഴിയുണ്ടായിരുന്നില്ല. ഏംഗൽസിന്റെ വാക്കുകളിൽ, “ഈ അടിയന്തിരഘട്ടത്തിൽ, ഒരു ‘ദേശീയ പ്രതിരോധ സർക്കാർ’ സ്വയം രൂപീകരിക്കാൻ മുൻ നിയമനിർമ്മാണസഭയിലെ പാരീസ് പ്രതിനിധികളെ ജനങ്ങൾ അനുവദിച്ചു. പ്രതിരോധത്തിന്റെ ആവശ്യങ്ങൾക്കായി പാരീസിലെ ആയുധമേന്താൻ ശേഷിയുള്ള എല്ലാവരും നാഷണൽ ഗാർഡിൽ ചേരുകയും ആയുധമണിയുകയും ചെയ്തു. അങ്ങനെ തൊഴിലാളികൾ അതിൽ മഹാഭൂരിപക്ഷമായി.”(ഫ്രാൻസിലെ ആഭ്യന്തരയുദ്ധം എന്ന കൃതിയുടെ ആമുഖം, 1891) പക്ഷേ ഒരു മുതലാളിത്ത സമൂഹത്തിൽ അധ്വാനശക്തിയും മൂലധനവും തമ്മിലുള്ള മുഖ്യവൈരുദ്ധ്യത്തിന്റെ ആവിഷ്‌ക്കരണമെന്നോണം മുതലാളിത്ത സർക്കാരും തൊഴിലാളിവർഗ്ഗവും തമ്മിൽ താത്പര്യസംഘർഷങ്ങൾ ഉടലെടുത്തു.

സാമൂഹികവികാസത്തിന്റെ നിയമങ്ങളും ചരിത്രത്തിന്റെ കർക്കശമായ ഗതിയും അനുസരിച്ചുള്ള അനിവാര്യതയായി മഹാനായ മാർക്‌സ് തെളിയിച്ചിട്ടുള്ളതു പോലെ തന്നെ, മുതലാളിത്തവിരുദ്ധ തൊഴിലാളിവർഗ്ഗ വിപ്ലവം സംബന്ധിച്ച ദുഃസ്വപ്‌നങ്ങൾ വേട്ടയാടിക്കൊണ്ടിരുന്ന ഭരണമുതലാളിവർഗ്ഗത്തിന് തൊഴിലാളികളെ ബലമായി നിരായുധീകരിക്കണമെന്നുണ്ടായിരുന്നു. ഈ ശ്രമത്തിൽ വിജയിക്കുന്നതിനായി, ഫ്രഞ്ച് മുതലാളിത്ത സർക്കാരിന് എന്തു വില കൊടുത്തും പ്രഷ്യൻ അധികാരികളുമായി ഒരു ധാരണയിലെത്തേണ്ടത് അത്യാവശ്യമായിരുന്നു. മറുവശത്ത്, ഫ്രാൻസിൽ എന്തെങ്കിലും വിപ്ലവമുന്നേറ്റത്തിനുണ്ടാകാനുള്ള സാധ്യതയെ തകർത്തില്ലെങ്കിൽ, ജർമ്മനിയിലും അത് സമാനസാഹചര്യത്തിന് തിരികൊളുത്തുമെന്ന് തന്റെ മുതലാളിവർഗ്ഗ സഹജവാസന കൊണ്ട് തിരിച്ചറിയാൻ പ്രഷ്യൻ ഭരണത്തിന്റെ തലവനായിരുന്ന ബിസ്മാർക്കിനും സാധിച്ചു. വാസ്തവത്തിൽ, ജർമ്മനിയിലെ തൊഴിലാളിവർഗ്ഗവും ഫ്രഞ്ച് തൊഴിലാളികൾക്കൊപ്പം നിലകൊള്ളുകയും, ഫ്രഞ്ച് തൊഴിലാളികളുടെ വിമോചനത്തിനായുള്ള പോരാട്ടത്തിന് തുറന്ന പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട്, മെറ്റ്‌സ്, സെഡാൻ നഗരങ്ങളിൽ തടവിൽ പാർപ്പിച്ചിരുന്ന ഫ്രഞ്ച് സൈനികരെ സ്വതന്ത്രരാക്കി തിയേഴ്‌സിന് കൈമാറാമെന്ന് ബിസ്മാർക്ക് സമ്മതിച്ചു. അതുപോലെ, പാരീസിലെ സായുധരായ തൊഴിലാളിവർഗ്ഗം വിദേശസൈന്യത്തിനു മുന്നിൽ കീഴടങ്ങണമെന്ന് ആഗ്രഹിച്ച തീയേഴ്‌സ് സർക്കാരിന്റെ വ്യക്തമായ മൗനാനുവാദത്തോടെ, എല്ലാ വശത്തു കൂടിയും പ്രഷ്യൻ സൈന്യം പാരീസ് വളയുകയും ചെയ്തു.

പക്ഷേ, പാരീസിലെ തൊഴിലാളിവർഗ്ഗത്തിന്റെയും ബഹുജനങ്ങളുടേയും മനോഭാവം മനസ്സിലാക്കിയ തന്ത്രശാലിയായ ബിസ്മാർക്ക് അതിനു തയ്യാറായില്ല. ഏംഗൽസ് പ്രസ്താവിച്ചതു പോലെ, “1870 ഒക്‌ടോബർ 31ന്, ദേശീയ പ്രതിരോധ സർക്കാരിന്റെ ഉത്തരവു പ്രകാരം പ്രഷ്യക്കാരുമായി തിയേഴ്‌സ് അനുനയചർച്ച തുടങ്ങി എന്ന വാർത്തയറിഞ്ഞ പാരീസിലെ തൊഴിലാളികളും നാഷണൽ ഗാർഡിലെ വിപ്ലവവിഭാഗവും, കലാപമാരംഭിച്ചു. പ്രക്ഷോഭകാരികൾ ഹോട്ടൽ ഡിവില്ലെ കൈയ്യടക്കുകയും രാഷ്ട്രീയശക്തിയുടെ വിപ്ലവവിഭാഗം സ്ഥാപിക്കുകയും ചെയ്തു…. പാരീസിലെ വിപ്ലവശക്തികളുടെ അപൂർണ്ണമായ സംഘാടനവും, പ്രക്ഷോഭത്തിന്റെ മുൻനിരയിലെ ഭിന്നതകളും മുതലെടുത്തുകൊണ്ട് — ബ്ലാങ്ക്വിസ്റ്റുകളും (ബ്ലാങ്ക്വിയുടെ അനുയായികൾ) പെറ്റിബൂർഷ്വാ ജനാധിപത്യവാദികളും, ജേക്കോബിനിസ്റ്റുകളും (ജേക്കോബിന്റെ അനുയായികൾ) — സർക്കാർ ഉറപ്പുകളിൽ നിന്നും പിന്നോട്ട് പോവുകയും, അവരുടെ ഒപ്പം നിലകൊണ്ട ദേശീയ ഗാർഡിന്റെ ഏതാനും ബറ്റാലിയനുകളുടെ സഹായത്തോടെ ഹോട്ടൽ ഡിവില്ലെ തിരികെപ്പിടിച്ച് അധികാരം തിരികെ നേടുകയും ചെയ്തു. പക്ഷേ, മുറിവേറ്റ തൊഴിലാളിവർഗ്ഗത്തിന്റെ നീറ്റൽ ശമിക്കുകയോ എന്തെങ്കിലും നൈരാശ്യം അവരെ കീഴടക്കുകയോ ഉണ്ടായില്ല. 1871 ജനുവരി 22ന്, ബ്ലാങ്ക്വിസ്റ്റുകളുടെ മുൻകൈയ്യിൽ, പാരീസിലെ തൊഴിലാളിവർഗ്ഗവും നാഷണൽ ഗാർഡും, സർക്കാരിനെ പിരിച്ചുവിടാനും കമ്മ്യൂൺ രൂപീകരിക്കാനും ആവശ്യപ്പെട്ടുകൊണ്ട് വിപ്ലവപ്രകടനം നടത്തി. ഹോട്ടൽ ഡിവില്ലെയിൽ കാവൽ നിൽക്കുകയായിരുന്ന ബ്രെട്ടൺ മൊബൈൽ ഗാർഡിനോട് ജനങ്ങൾക്കു മേൽ നിറയൊഴിക്കാവാനായി ദേശീയ പ്രതിരോധ സർക്കാർ ഉത്തരവിട്ടു. അവർ അനവധി പ്രക്ഷോഭകരെ അറസ്റ്റു ചെയ്തു, പാരീസിലെ എല്ലാ ക്ലബുകളും അടച്ചുപൂട്ടാൻ ഉത്തരവിട്ടു, ബഹുജനറാലികളെയും നിരവധി പത്രങ്ങളെയും നിരോധിച്ചു. വിപ്ലവമുന്നേറ്റത്തെ ഭീകരത കൊണ്ട് അടിച്ചമർത്തിയ ശേഷം, പാരീസിന്റെ കീഴടങ്ങലിനായി സർക്കാർ ഒരുക്കങ്ങൾ തുടങ്ങി. ഫ്രഞ്ച് മുതലാളി വർഗ്ഗത്തിന്റെ വഞ്ചന നേരിട്ടിട്ടും, 1870 സെപ്റ്റംബർ 19 മുതൽ അഞ്ചു മാസത്തോളമായി പ്രഷ്യൻ സൈന്യത്താൽ വളയം ചെയ്തിട്ടും, പാരീസിലെ ധീരരായ തൊഴിലാളികൾ തങ്ങളുടെ കോട്ട വീര്യത്തോടെ കാത്തു.

കമ്മ്യൂൺ സ്ഥാപിതമാവുന്നതിന്
മുമ്പുള്ള സാഹചര്യം

135 ദിവസം നീണ്ട പാരീസ് ഉപരോധത്തിനു ശേഷം പ്രഷ്യൻ ഭരണാധികാരിയായ ബിസ്മാർക്കുമായി ഒടുവിൽ ഒരു യുദ്ധവിരാമക്കരാർ ഒപ്പിട്ടു എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. അതു പ്രകാരം, പ്രഷ്യൻ സൈന്യം പാരീസിൽ തുടരുമെന്ന് നിശ്ചയിക്കപ്പെട്ടു. ഇത് ജനങ്ങളെ രോഷാകുലരാക്കുകയും, ദേശം അപമാനിക്കപ്പെട്ടു എന്ന വികാരം ഉണർത്തുകയും ചെയ്തു. തന്നെയുമല്ല, 1848ലെ വിപ്ലവത്തിലെ രക്തസാക്ഷികളുടെ ഓർമ്മദിവസമാണ് ഈ യുദ്ധവിരാമക്കരാർ ഒപ്പിട്ടത്. അതുകൊണ്ട് ഈ കരാറിന്റെ നിബന്ധനകൾ ഒന്നും തന്നെ ഫ്രഞ്ച് ജനത ഒരിക്കലും അംഗീകരിക്കുമായിരുന്നില്ല. ഏംഗൽസ് വിവരിച്ചതു പോലെ: “അവസാനം 1871 ജനുവരി 28ന് പട്ടിണിയിലായ പാരീസ് അടിയറവു പറഞ്ഞു. പക്ഷേ, യുദ്ധത്തിന്റെ ചരിത്രത്തിൽ മുൻപില്ലാത്തവണ്ണം അഭിമാനത്തോടെ. കോട്ടകൾ അടിയറ വെച്ചു, നഗരത്തിന്റെ കോട്ടമതിലുകളിൽ നിന്നും തോക്കുകൾ നീക്കം ചെയ്തു, യുദ്ധമുന്നണിയിലെ റെജിമെന്റുകളുടേയും മൊബൈൽ ഗാർഡിന്റേയും ആയുധങ്ങൾ കൈമാറി അവർ സ്വയം യുദ്ധത്തടവു കാരായി കണക്കാക്കി. പക്ഷേ, നാഷണൽ ഗാർഡ് തങ്ങളുടെ ആയുധങ്ങളും തോക്കുകളും സൂക്ഷിക്കുകയും, വിജയികളുമായി ഒരു സമാധാന ഉടമ്പടി ഉണ്ടാക്കുക മാത്രവും ചെയ്തു. വിജയികൾക്കാകട്ടെ വിജയഭേരി മുഴക്കി പാരീസിൽ പ്രവേശിക്കാൻ ധൈര്യമുണ്ടായതുമില്ല. പാരീസിലെ ഒരു ചെറിയ മൂല മാത്രം കൈയ്യടക്കാനേ അവർ ധൈര്യപ്പെട്ടുള്ളൂ. അതാകട്ടെ വിലപേശി നേടിയ, ഭാഗികമായി പൊതു പാർക്കുകൾ ഉള്ള ഇടവും. അതുതന്നെ അവർ ഏതാനും ദിവസം മാത്രമാണ് കൈയ്യടക്കി വെച്ചതും. ഈ സമയത്ത്, 131 ദിവസം പാരീസിനെ വളഞ്ഞുവെച്ച അവരെ പാരീസിലെ സായുധരായ തൊഴിലാളികൾ വളഞ്ഞുവെച്ചു. കീഴടക്കിയ വിദേശിക്കു നൽകപ്പെട്ട തുരുത്തിന്റെ ഇടുങ്ങിയ അതിരുകൾക്കു പുറത്തേക്ക് ഒരു പ്രഷ്യക്കാരനും കാലുകുത്താതിരിക്കാൻ അവർ നിതാന്തശ്രദ്ധ പുലർത്തി.

അങ്ങനെയാണ് പാരീസിലെ തൊഴിലാളികൾ സൈനികരിൽ ആദരവുളവാക്കിയത്. ഇതിനു മുമ്പാകട്ടെ, സാമ്രാജ്യത്തിന്റെ എല്ലാ സൈന്യവും ആയുധം വെച്ച് കീഴടങ്ങുകയായിരുന്നു. വിപ്ലവത്തിന്റെ കേന്ദ്രത്തിൽ പ്രതികാരത്തിനായി വന്ന പ്രഷ്യൻ ശക്തി, കൃത്യമായും അതേ സായുധവിപ്ലവത്തിനു മുന്നിൽ സലാം വെച്ച് ആദരവോടെ നിൽക്കാൻ നിർബന്ധിതരാക്കപ്പെട്ടു.”
ഉണർന്നെണീറ്റ തൊഴിലാളികൾക്കു മുന്നിൽ മുട്ടുമടക്കിക്കൊണ്ട്, തിയേഴ്‌സ് ഫ്രാൻസിന്റെ തലസ്ഥാനം പാരീസിൽ നിന്നും വെർസെയ്ൽസിലേക്കു മാറ്റുകയുണ്ടായി. എന്നിട്ടും, പാരീസിലെ തൊഴിലാളികളുടെ കൈവശം ആയുധങ്ങൾ ഉള്ളിടത്തോളം വൻകിട ഭൂവുടമകളും മുതലാളിമാരും സ്ഥായിയായ അപകടത്തിലാണെന്ന ഭയം അയാൾക്ക് തള്ളിക്കളയാനായില്ല. അതുകൊണ്ട്, അവരെ നിരായുധീകരിക്കാൻ അയാൾ ആഗ്രഹിച്ചു. ഇതുപ്രകാരം, തൊഴിലാളികൾ അടക്കമുള്ള നാഷണൽ ഗാർഡിൽ നിന്നും ആയുധങ്ങളും പീരങ്കികളും പിടിച്ചെടുക്കാനായി അയാൾ മാർച്ച് 18ന് സേനയെ അയച്ചു. പക്ഷേ, പാരീസിലെ ജനങ്ങൾ ഈ ശ്രമത്തെ ധീരമായി ചെറുത്തതു മൂലം അയാൾക്കു പരാജയം സമ്മതിക്കേണ്ടി വന്നു. അപ്പോൾ, വെർസെയിൽസ് ആസ്ഥാനമായ ഫ്രഞ്ച് സർക്കാരും പാരീസും തമ്മിൽ ഒരു യുദ്ധത്തിന് തിയേഴ്‌സ് ഉത്തരവിട്ടു. 1871 മാർച്ച് 18ന് അതിരാവിലെ തിയേഴ്‌സിന്റെ 40,000 പേരടങ്ങുന്ന സൈന്യം പാരീസിലെത്തി. തുടക്കത്തിൽ സൈന്യം നേട്ടങ്ങളുണ്ടാക്കി. പക്ഷേ, 300 പേരൊഴികെ ബാക്കി 30,000 പേർ വരുന്ന നാഷണൽ ഗാർഡിലെ എല്ലാവരും കേന്ദ്രക്കമ്മിറ്റിയുടെ നേതൃത്വത്തിനു കീഴിൽ അധ്വാനിക്കുന്ന ബഹുജനങ്ങൾക്ക് അനുകൂലമായി പൊരുതി. നാഷണൽ ഗാർഡിനൊപ്പം സാധാരണജനങ്ങളും എല്ലാ തെരുവുകളിലും ബാരിക്കേഡുകളുയർത്തുകയും പ്രതിരോധം തീർക്കുകയും ചെയ്തു. ഈ ഉറച്ച പ്രതിരോധത്തിനു മുന്നിൽ തിയേഴ്‌സിന്റെ കൂലിപ്പട്ടാളം പരാജയപ്പെടുകയും പിന്തിരിഞ്ഞോടുകയും ചെയ്തു. ഉടൻ തന്നെ, വിപ്ലവകാരികളുടെ കേന്ദ്രക്കമ്മിറ്റിക്ക് പാരീസിനു മേൽ സമ്പൂർണ്ണനിയന്ത്രണം സ്ഥാപിക്കുന്നതിൽ വിജയിക്കാനായി. അങ്ങനെ, ഫ്രാൻസിന്റെ മാത്രമല്ല, തൊഴിലാളിവർഗ്ഗത്തിന്റെയും അധ്വാനിക്കുന്ന മറ്റ് ജനവിഭാഗങ്ങളുടേയും വിമോചനപ്പോരാട്ടത്തിന്റെ ചരിത്രത്തിലെ നിർണ്ണായകനിമിഷം സമാഗതമായി.

പാരീസ് കമ്മ്യൂണിന്റെ
പ്രഖ്യാപനം

ഏംഗൽസ് വിശദീകരിച്ചതു പോലെ: “മാർച്ച് 26ന് പാരീസ് കമ്മ്യൂൺ തെരഞ്ഞെടുക്കപ്പെട്ടു, മാർച്ച് 28ന് അത് പ്രഖ്യാപിക്കപ്പെട്ടു. വിവാദമായ പാരീസ് സദാചാര പൊലീസിനെ പിരിച്ചുവിടുന്ന ആദ്യ ഉത്തരവുണ്ടായതിനെ തുടർന്ന് മാർച്ച് 30ന് നിലനിന്ന സൈന്യത്തെ പിരിച്ചുവിട്ടു. അതുവരെ സർക്കാരിനെ നടത്തിക്കൊണ്ടു പോയ നാഷണൽ ഗാർഡിന്റെ കേന്ദ്രക്കമ്മിറ്റി, കമ്മ്യൂണിന് രാജി സമർപ്പിച്ചു. അതുപോലെ നിർബന്ധിത സൈനികസേവനവും കമ്മ്യൂൺ നിർത്തലാക്കി. ആയുധമുപയോഗിക്കാൻ ശേഷിയുള്ള എല്ലാ പൗരന്മാരും അംഗങ്ങളാകുന്ന നാഷണൽ ഗാർഡാകും ഒരേയൊരു സായുധശക്തിയെന്നും പ്രഖ്യാപിച്ചു. 1870 ഒക്‌ടോബർ മുതൽ ഏപ്രിൽ വരെയുള്ള കാലയളവിലെ, എല്ലാ വീടുകളുടേയും വാടക അവർ അടച്ചു. അതിനകം കൊടുത്തിരുന്ന വാടക ഭാവിയിലേക്കുള്ള വാടക അടവായി നിജപ്പെടുത്തി. മുനിസിപ്പൽ ലോൺ ഓഫീസിൽ പണയം വെച്ചിരുന്ന വസ്തുക്കളുടെ കച്ചവടം അവസാനിപ്പിച്ചു. അതേ ദിവസം തന്നെ, കമ്മ്യൂണിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്ന വിദേശികളുടെ സ്ഥാനവും ഉറപ്പിച്ചു. കാരണം, കമ്മ്യൂണിന്റെ പതാകയെന്നത് ലോകറിപ്പബ്ലിക്കിന്റെ പതാകയായിരുന്നു. ഏപ്രിൽ 2ന്, പള്ളിയെ ഭരണത്തിൽ നിന്നും വേർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് കമ്മ്യൂൺ പുറപ്പെടുവിച്ചു. ഒപ്പം, മതപരമായ ആവശ്യങ്ങൾക്കായി സർക്കാർ പണം മുടക്കുന്നത് അവസാനിപ്പിക്കുകയും, പള്ളിവകയായ എല്ലാ സ്വത്തുക്കളും രാഷ്ട്രത്തിന്റേതാക്കി മാറ്റുകയും ചെയ്തു. ഇതിന്റെ തുടർച്ചയായി, ഏപ്രിൽ 8ന്, എല്ലാ മതപരമായ അടയാളങ്ങളും ചിത്രങ്ങളും പ്രമാണങ്ങളും പ്രാർത്ഥനകളും – ഒറ്റവാക്കിൽ പറഞ്ഞാൽ വ്യക്തിയുടെ സ്വകാര്യബോധ്യത്തിന്റെ തലത്തിന്റെ മാത്രമുള്ളതെല്ലാം, വിദ്യാലയങ്ങളിൽ നിന്നും ഒഴിവാക്കാൻ ഉത്തരവിടുകയും ക്രമേണ അതു നടപ്പാക്കുകയും ചെയ്തു. 6-ാം തീയതി, നാഷണൽ ഗാർഡിന്റെ 137-ാം ബറ്റാലിയൻ ഗില്ലറ്റിൻ കൊണ്ടുവന്ന് ജനങ്ങളുടെ ആർപ്പുവിളികൾക്കിടയിൽ പരസ്യമായി കത്തിച്ചു കളഞ്ഞു…. 1871 ഏപ്രിൽ 16ന്, എല്ലാ കടബാധ്യതകളുടേയും തിരിച്ചടവ് മൂന്നു വർഷത്തേക്ക് നീട്ടിവെക്കുകയും അതിന്റെ പലിശ റദ്ദാക്കുകയും ചെയ്യുന്ന ഒരു ഉത്തരവ് കമ്മ്യൂൺ പുറത്തിറക്കി. ഈ ഉത്തരവ് പെറ്റിബൂർഷ്വ വിഭാഗത്തിന്റെ സാമ്പത്തികാവസ്ഥയിൽ ആശ്വാസം നൽകി, പക്ഷേ വായ്പ നൽകുന്ന വൻകിട ബൂർഷ്വാസിക്ക് പ്രതികൂലവുമാ യിരുന്നു. അങ്ങനെ ഒട്ടനവധി ഉത്തരവുകൾ കമ്മ്യൂൺ പുറത്തിറക്കി. “അതെല്ലാം തൊഴിലാളിവർഗ്ഗത്തിന് വലിയ താത്പര്യമുള്ളവയും, ഒപ്പം പഴയ സാമൂഹ്യക്രമത്തിൽ ആഴത്തിൽ മുറിവേൽപ്പിക്കുന്നവയുമായിരുന്നു.” പാരീസ് കമ്മ്യൂണിനു ജന്മം നൽകിയ പാരീസിലെ തൊഴിലാളിവർഗ്ഗ വിപ്ലവത്തിന്റെ സ്വാധീനത്തിൽ ലിയോണിലും, മാർസെയിൽസിലും മറ്റനവധി ഫ്രഞ്ച് നഗരങ്ങളിലും ബഹുജനങ്ങളുടെ വിപ്ലവമുന്നേറ്റങ്ങൾ ആരംഭിച്ചു. ഏംഗൽസ് തുടർന്ന് നിരീക്ഷിച്ചത്: “മാർച്ച് 18 മുതൽ, നേരത്തേ വിദേശ അധിനിവേശത്തിനെതിരേയുള്ള പോരാട്ടത്തിൽ പിന്നണിയിലേക്ക് തള്ളപ്പെട്ട, പാരീസ് മുന്നേറ്റത്തിന്റെ വർഗ്ഗസ്വഭാവം വീണ്ടും തീക്ഷ്ണമായും വ്യക്തമായും ഉയർന്നു വന്നു. തൊഴിലാളികൾ മാത്രമോ, അല്ലെങ്കിൽ തൊഴിലാളികളുടെ അംഗീകൃത പ്രതിനിധികളോ മാത്രമാണ് കമ്മ്യൂണിൽ ഇരുന്നത് എന്നതു കൊണ്ട് അതിന്റെ തീരുമാനങ്ങൾക്കെല്ലാം തന്നെ വ്യക്തമായ തൊഴിലാളിവർഗ്ഗ സ്വഭാവമുണ്ടായിരുന്നു. റിപ്പബ്ലിക്കൻ ബൂർഷ്വാസി ഭീരുത്വം കൊണ്ടു മാത്രം നടപ്പാക്കാതിരുന്നതും, എന്നാൽ തൊഴിലാളിവർഗ്ഗത്തിന്റെ സ്വതന്ത്രമായ പ്രവർത്തനത്തിനു വേണ്ട അടിത്തറ നൽകുന്നതുമായ പരിഷ്‌ക്കാരങ്ങൾക്കാണ് ഈ തീരുമാനങ്ങൾ ഉത്തരവിട്ടത്.

ഉദാഹരണത്തിന്, രാഷ്ട്രഭരണവുമായി ബന്ധപ്പെടുത്തുമ്പോൾ മതമെന്നത് പൂർണ്ണമായും ഒരു സ്വകാര്യവിഷയമാണെന്ന തത്വം യാഥാർത്ഥ്യമാക്കിയതു പോലെയുള്ളവ. അല്ലെങ്കിൽ, തൊഴിലാളിവർഗ്ഗത്തിന്റെ നേരിട്ടുള്ള താത്പര്യത്തിലുള്ളവയും, ഒപ്പം സമൂഹത്തിന്റെ പഴയ സാമൂഹ്യക്രമത്തിൽ ആഴത്തിൽ മുറിവേൽപ്പിക്കുന്നവയുമായ ഉത്തരവുകൾ കമ്മ്യൂൺ പുറത്തിറക്കി.
ഇതെല്ലാം തിയേഴ്‌സിനേയും അയാളുടെ മേലാളന്മാരായ ഫ്രഞ്ച് ബൂർഷ്വാസിയേയും (മറ്റുവാക്കുകളിൽ പറഞ്ഞാൽ വെർസെയിൽസ് ആസ്ഥാനമായ സർക്കാർ) വിപ്ലവ പ്രക്ഷോഭത്തെ കൂടുതൽ ഭയക്കുന്നവരാക്കി മാറ്റി. അതുകൊണ്ട്, കമ്മ്യൂണിനെ തകർത്ത് പാരീസ് പിടിച്ചടക്കുന്നതിൽ അവർ കൂടുതൽ വെറിപിടിച്ചവരും സ്വേച്ഛാധിപതികളും നിർദ്ദയരുമായി മാറി. കമ്മ്യൂണിൽ നിന്നുള്ള ഉറച്ച പ്രതിരോധം മുന്നിൽക്കണ്ട്, ഒന്നര ലക്ഷം വരുന്ന സൈന്യത്തെ അനുവാദിക്കണമെന്ന് ബിസ്മാർക്കിനോട് തിയേഴ്‌സ് ആവശ്യപ്പെടുകയുണ്ടായി. ഇതിനു പുറമേ, സൈന്യത്തെ സഹായിക്കുന്നതിനായി ഒരു ലക്ഷം യുദ്ധത്തടവുകാരേയും ബിസ്മാർക്ക് നൽകി. ഈ യുദ്ധത്തിന്റെ അവസാനഘട്ടത്തിൽ പ്രഷ്യൻ സൈന്യം പരസ്യമായി തിയേഴ്‌സുമായി കൈകോർത്തു എന്ന വസ്തുതയ്ക്ക് ചരിത്രം സാക്ഷിയാണ്. ഏപ്രിൽ 2നാണ് തിയേഴ്‌സ് ആക്രമണത്തിന് ആദ്യമായി ഉത്തരവിട്ടത്. നിരവധി പേർക്ക് ജീവൻ നഷ്ടമായെങ്കിലും അവർ കീഴടങ്ങിയില്ല. യുദ്ധത്തിൽ മാതൃകായോഗ്യമായ ധീരതയാണ് വനിതകൾ പ്രദർശിപ്പിച്ചത്. കുട്ടികൾ പോലും ഈ യുദ്ധത്തിൽ വളരെയധികം വീറ് കാണിച്ചു. കമ്മ്യൂൺ അനുയായികൾക്കു നേരേ യാതൊരു ദാക്ഷിണ്യവുമില്ലാതെ തിയേഴ്‌സിന്റെ സേന പീരങ്കികൾ കൊണ്ട് വെടിവെച്ചു. തിയേഴ്‌സിന്റെ ചാരന്മാരെ പാരീസിനുള്ളിൽ നിയോഗിച്ചു.

പോരാട്ടത്തെ ഉള്ളിൽ നിന്നും പിളർത്തുന്നതിനായി ഒരു പറ്റം വർഗ്ഗവഞ്ചകരെ കടത്തിവിട്ടു. പതിവു പോലെ, ക്രമസമാധാന പാലനത്തിനെന്ന പേരിൽ തിയേഴ്‌സിന്റെ ബ്രിഗേഡ് സായുധാക്രമണം വർധിപ്പിച്ചു. നാഷണൽ ഗാർഡിന്റെ ഭാഗത്തു നിന്നുണ്ടായ ചില ഒഴിവാക്കാനാവുമായിരുന്ന അശ്രദ്ധകളിൽ നിന്നും, ചില വഞ്ചകരുടെ ചതിയിൽ നിന്നും നേട്ടമുണ്ടാക്കിക്കൊണ്ട്, തിയേഴ്‌സിന്റെ സൈന്യം മേയ് 21ന് പാരീസിലേക്ക് ഇരച്ചുകയറി. കമ്മ്യൂൺ അനുകൂലികൾ തെരുവിലിറങ്ങി തങ്ങളുടെ സർവ്വശക്തിയുമുപയോഗിച്ച് പ്രതിരോധിക്കാൻ ശ്രമിച്ചു. എല്ലായിടത്തും ബാരിക്കേഡുകൾ ഉയർന്നു. അതിക്രമിച്ചു കയറുന്ന സൈന്യത്തിന് 60 പീരങ്കികൾ ഉണ്ടായിരുന്ന സ്ഥാനത്ത് കമ്മ്യൂൺ അനുകൂലികൾക്ക് 12 എണ്ണമേ ഉണ്ടായിരുന്നുള്ളൂ. കൂടാതെ, പാരീസിലെ നിശ്ചയദാർഢ്യമില്ലാത്ത ചില പൗരന്മാർ ഏഷണികൾക്കും നിരാശയ്ക്കും വശംവദരായി. അതുകൊണ്ട്, ആക്രമിക്കുന്ന ബൂർഷ്വാ ശക്തികൾക്കെതിരേ പൂർണ്ണശക്തിയുമെടുത്തുള്ള ഒരു ഐക്യനിര രൂപീകരിക്കുകയെന്ന ആവശ്യം സഫലമായില്ല. നഗരത്തിൽ ചോരപ്പുഴ തളംകെട്ടി. തിയേഴ്‌സിന്റെ സൈന്യം കമ്മ്യൂൺ അനുകൂലികളെ ചെന്നായ്ക്കളെ പോലെ വേട്ടയാടുകയും ക്രൂരമായി കൊല്ലുകയും ചെയ്തു.

കമ്മ്യൂണിന്റെ പതനം

ഒടുവിൽ, മാർച്ച് 18 മുതൽ മേയ് 28 വരെയുള്ള 72 ദിവസം ധീരമായി കോട്ട കാത്ത ശേഷം, കമ്മ്യൂൺ അനുകൂലികളെ ശത്രുസൈന്യം കീഴ്‌പ്പെടുത്തി. തിയേഴ്‌സ് ഭരണത്തിന്റെ പൈശാചികതക്ക് അതിരുകളില്ലായിരുന്നു. ദിവസങ്ങൾക്കുള്ളിൽ തന്നെ മുപ്പതിനായിരത്തോളം ജനങ്ങൾ യുദ്ധത്തിൽ കൊല്ലപ്പെട്ടു. യുദ്ധം ശമിച്ചതിനു ശേഷവും കമ്മ്യൂൺ അനുകൂലികളെയും സാധാരണജനങ്ങളെയും ക്രൂരമായി കൊലചെയ്യുന്നത് തുടർന്നു. അവിടെ നടമാടിയ കാടൻ ക്രൂരതയുടെ ചുരുക്കം തിയേഴ്‌സിന്റെ ഒരു ടെലിഗ്രാമിലുണ്ട്. “അവരുടെ ശവശരീരങ്ങൾ കൊണ്ട് തെരുവുകൾ നിറഞ്ഞു. ഈ ഭീകരദൃശ്യം അവരെ ഒരു പാഠം പഠിപ്പിക്കും.” അത് ചരിത്രപ്രധാനമായ പാരീസ് കമ്മ്യൂണിന്റെ പതനത്തെ കുറിച്ചു. അതിന്റെ പല പരിമിതികൾക്കും മേലേ, ഭാവിയിൽ ഒരു തൊഴിലാളിവർഗ്ഗ ഭരണകൂടമായി മാറാനുള്ള എല്ലാ സാധ്യതയും കമ്മ്യൂണിനുണ്ടായിരുന്നു എന്ന് സംശയമില്ലാതെ പറയാം. കമ്മ്യൂണിന്റെ തകർച്ചയോടെ, അധികാരം പിടിച്ചെടുക്കുവാനുള്ള തൊഴിലാളിവർഗ്ഗത്തിന്റെ ആദ്യപരിശ്രമം പരാജയപ്പെട്ടു.


കമ്മ്യൂൺ ഇല്ലാതെയായി, പക്ഷേ അതിന്റെ ചേതന അവസാനിച്ചില്ല. മാർക്‌സ് പ്രസ്താവിച്ചതു പോലെ: “തൊഴിലാളികളുടെ പാരീ സ്, അതിന്റെ കമ്മ്യൂണിനോടൊപ്പം, ഒരു പുതിയ സമൂഹത്തിന്റെ തിളക്കമാർന്ന അഗ്രഗാമിയായി എന്നും കൊണ്ടാടപ്പെടും. അതിന്റെ രക്തസാക്ഷികൾ തൊഴിലാളിവർഗ്ഗത്തിന്റെ മഹത്തായ ഹൃദയത്തിൽ കുടിയിരുത്തപ്പെട്ടി രിക്കുന്നു. അതിനെ ഉന്മൂലനം ചെയ്തവരുടെ ചരിത്രം, അവരുടെ പുരോഹിതരുടെ എല്ലാ പ്രാർത്ഥനകളും ചേർന്നാലും രക്ഷപ്പെടുത്താനാവാത്ത പോലെ എന്നെന്നേക്കുമായി ദണ്ഡനാചക്രത്തിൽ തറയ്ക്കപ്പെട്ടിരിക്കുന്നു. … കമ്മ്യൂണിന്റെ മഹത്തായ സാമൂഹിക നടപടികൾ അതിന്റെ തന്നെ പ്രവർത്തന അസ്തിത്വമായിരുന്നു. അതിന്റെ പ്രത്യേക നടപടികൾ, ജനങ്ങളാൽ, ജനങ്ങൾക്കു വേണ്ടിയുള്ള സർക്കാരിന്റെ പ്രവണതയുടെ സൂചന തന്നെയായിരുന്നു.” (ഫ്രാൻസിലെ ആഭ്യന്തരയുദ്ധം) ഏംഗൽസ് പറയുന്നു: “പാരീസ് കമ്മ്യൂൺ… തൊഴിലാളിവർഗ്ഗത്തിന്റെ സർവ്വാധിപത്യമായിരുന്നു” (ഫ്രാൻസിലെ ആഭ്യന്തരയുദ്ധത്തിനുള്ള ആമുഖം, 1891)

കമ്മ്യൂണിന്റെ പരാജയത്തിൽ നിന്നുള്ള പാഠങ്ങൾ

ഒന്നാം ഇന്റർനാഷണലിന്റെ യോഗത്തിൽ മാർക്‌സ് നിരീക്ഷിച്ചു: “തൊഴിലാളിവർഗ്ഗം കമ്മ്യൂണിൽ നിന്നും അത്ഭുതങ്ങളൊന്നും പ്രതീക്ഷിച്ചില്ല.” (ഫ്രാൻസിലെ ആഭ്യന്തരയുദ്ധം) “അടിയന്തിരഫലങ്ങൾ എന്തു തന്നെയായാലും ലോകചരിത്രത്തിൽ പ്രാധാന്യമുള്ള ഒരു വഴിമാറ്റം നേടിയിരിക്കുകയാണ്.” (1871 ഏപ്രിൽ 17ന് കൂഗൽമാനെഴുതിയ കത്ത്) “…സാമൂഹികമാറ്റത്തിനു ശേഷിയുള്ള ഒരേയൊരു വർഗ്ഗം തൊഴിലാളിവർഗ്ഗമാണെന്നത് തുറന്ന് അംഗീകരിക്കപ്പെട്ട ആദ്യവിപ്ലവമായിരുന്നു ഇത്. … അത് അടിസ്ഥാനപരമായി ഒരു തൊഴിലാളിവർഗ്ഗ സർക്കാരായിരുന്നു, ഉത്പാദകവർഗ്ഗവും തട്ടിയെടുക്കൽ വർഗ്ഗവും തമ്മിലുള്ള സമരത്തിന്റെ ഉത്പന്നം. അധ്വാനത്തിന്റെ സാമ്പത്തികവിമോചനത്തിനായി ഒടുവിൽ കണ്ടുപിടിക്കപ്പെട്ട രാഷ്ട്രീയരൂപം.” (ഫ്രാൻസിലെ ആഭ്യന്തരയുദ്ധം)
കമ്മ്യൂണിനെ പ്രശംസിക്കുകയും പൂർണ്ണമനസ്സോടെ പിന്തുണയ്ക്കുകയും ചെയ്തുവെങ്കിലും മാർക്‌സും അദ്ദേഹത്തിന്റെ വിപ്ലവസഖാവായ ഏംഗൽസും ചില പരിമിതികളും ശ്രദ്ധിച്ചിരുന്നു. 1871 ഏപ്രിൽ 12ന് കൂഗൽമാനുള്ള മറ്റൊരു കത്തിൽ മാർക്‌സ് പറയുന്നു: “അവർ (കമ്മ്യൂൺ അനുകൂലികൾ) പരാജയപ്പെട്ടുവെങ്കിൽ അവരുടെ ‘നല്ല മനോഭാവത്തെ’ മാത്രമാണ് കുറ്റപ്പെടുത്തേണ്ടത്. ആദ്യവിജയത്തിനു ശേഷം ഉടനടി തന്നെ അവർ വെർസെയിൽസിലേക്ക് മാർച്ച് ചെയ്യണമായിരുന്നു. പാരീസ് നാഷണൽ ഗാർഡിലെ പിന്തിരിപ്പൻ വിഭാഗം സ്വയം തന്നെ അപ്പോൾ പിൻവാങ്ങിയേനേ. മനഃസാക്ഷിയുടെ സന്ദേഹം മൂലം ശരിയായ അവസരം നഷ്ടമായി. അവർക്ക് ആഭ്യന്തരയുദ്ധം ആരംഭിക്കാൻ താത്പര്യമുണ്ടായിരുന്നില്ല. പക്ഷേ ആ അനർത്ഥകാരിയും പൂർണ്ണപരാജയവുമായ തിയേഴ്‌സ് പാരീസിനെ നിരായുധീകരിക്കാനുള്ള ശ്രമത്തിലൂടെ ആഭ്യന്തരയുദ്ധം അതിനകം തുടങ്ങിയിരുന്നു. രണ്ടാമത്തെ തെറ്റ്: കമ്മ്യൂണിന് വഴിയൊരുക്കുന്നതിനായി കേന്ദ്രക്കമ്മിറ്റി അതിന്റെ അധികാരം വളരെ നേരത്തേ അടിയറവ് വെച്ചു എന്നതാണ്.


ഏംഗൽസ് ചൂണ്ടിക്കാണിച്ചത്: “അധികാരത്തിലെത്തിക്കഴിഞ്ഞാൽ പഴയ രാഷ്ട്രസംവിധാനത്തെ കൈകാര്യം ചെയ്തുകൊണ്ട് അധികം മുന്നോട്ടു പോകാൻ തൊഴിലാളിവർഗ്ഗത്തിനാവില്ല എന്നത്, തുടക്കം തൊട്ടുതന്നെ അംഗീകരിക്കാൻ കമ്മ്യൂൺ നിർബന്ധിതമായതാണ്. അതായത്, അപ്പോൾ കീഴടക്കി നേടിയ മേധാവിത്വം വീണ്ടും നഷ്ടമാവാതെയിരിക്കാനായി, ഈ തൊഴിലാളിവർഗ്ഗം, നേരത്തേ തങ്ങൾക്കെതിരേ ഉപയോഗിച്ച പഴയ മർദ്ദകസംവിധാനത്തെ ഒന്നാകെ ഇല്ലാതാക്കേണ്ടിയിരുന്നു.” (ഫ്രാൻസിലെ ആഭ്യന്തരയുദ്ധത്തിനുള്ള ആമുഖം) 1872 ജൂൺ 24ന്, കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ പുതിയ ജർമ്മൻ പതിപ്പിനുള്ള മുഖവുരയിലും, മാർക്‌സും ഏംഗൽസും പരാമർശിക്കുന്നത്: “ഒരു കാര്യം പ്രത്യേകിച്ചും കമ്മ്യൂൺ തെളിയിച്ചു, അതായത്, നിലനിൽക്കുന്ന രാഷ്ട്ര ഭരണകൂടസംവിധാനത്തെ അതുപോലെ കൈയ്യാളിക്കൊണ്ട് തങ്ങളുടെ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയെന്നത് തൊഴിലാളിവർഗ്ഗത്തിന് സാധ്യമല്ല.” രണ്ടാമതായി ഏംഗൽസ് ചൂണ്ടിക്കാ ണിക്കുന്നത്, “ബാങ്ക് ഓഫ് ഫ്രാൻസിന്റെ എല്ലാ വസ്തുവകകളും കമ്മ്യൂൺ ഏറ്റെടുക്കണമെന്നതായിരുന്നു. കാരണം, ബാങ്ക് കമ്മ്യൂണിന്റെ കൈവശം എത്തുകയായിരുന്നുവെങ്കിൽ — അത് 10000 ബന്ദികളേക്കാൾ മൂല്ല്യമേറിയതാ വുമായിരുന്നു. കമ്മ്യൂണുമായി സമാധാനത്തിലെത്തുന്നതിന് അനുകൂലമായി മുഴുവൻ ഫ്രഞ്ച് മുതലാളിത്തത്തിന്റെയും സമ്മർദ്ദം വെർസെയിൽസ് സർക്കാരിനു മേൽ ഉണ്ടാകുമായിരുന്നു എന്നായേനേ അതിന്റെ അർത്ഥം. …ഇത് ഗുരുതരമായ ഒരു രാഷ്ട്രീയ അബദ്ധം കൂടിയാണ്. …” (ഫ്രാൻസിലെ ആഭ്യന്തരയുദ്ധത്തിനുള്ള ആമുഖം) 1871 ഏപ്രിൽ 2ന് കൂഗൽമാന് എഴുതിയ കത്തിൽ മാർക്‌സും ഉറപ്പിച്ചു പറയുന്നത്, “ഫ്രഞ്ച് വിപ്ലവത്തിന്റെ അടുത്ത ശ്രമമെന്നത്, പഴയപോലെ ഇനി ബ്യൂറോക്രാറ്റിക്-സൈനിക യന്ത്രത്തെ കൈമാറുന്നതാകില്ല, അതിനെ തച്ചുതകർക്കുന്നതായിരിക്കും.”
കൂടാതെ, കമ്മ്യൂണിനുള്ളിലുണ്ടായിരുന്ന ബ്ലാങ്ക്വിസ്റ്റുകളുടേയും പ്രൂദോണിസ്റ്റുകളുടേയും അനുരഞ്ജനസ്വഭാവം കാരണം കമ്മ്യൂണിനുണ്ടായ ആശയപരമായ ദൗർബല്യവും അതിന്റെ തകർച്ചയുടെ കാരണമായി എന്നത് ഏംഗൽസ് കണ്ടെത്തി. കൂടുതൽ വിശദീകരിച്ചു കൊണ്ട് മഹാനായ ലെനിൻ ചൂണ്ടിക്കാണിച്ചത്: “തൊഴിലാളികൾ മാത്രമാണ് അവസാനം വരേയും കമ്മ്യൂണിനോട് വിശ്വസ്തതയോടെ നിലകൊണ്ടത്. ബൂർഷ്വാ റിപ്പബ്ലിക്കന്മാരും പെറ്റിബൂർഷ്വാകളും താമസിയാതെ അതിൽ നിന്നും വേർപെട്ടു പോയി. ആദ്യത്തെ കൂട്ടർ മുന്നേറ്റത്തിന്റെ വിപ്ലവ സോഷ്യലിസ്റ്റ് – തൊഴിലാളിവർഗ്ഗ സ്വഭാവം കണ്ട് ഭയപ്പെട്ടുവെങ്കിൽ, രണ്ടാമത്തെ വിഭാഗംമാകട്ടെ അത് അനിവാര്യമായ പതനത്തിലേക്ക് നീങ്ങുന്നുവെന്ന് കണ്ടപ്പോൾ പിൻവാങ്ങുകയും ചെയ്തു. ഫ്രഞ്ച് തൊഴിലാളിവർഗ്ഗം മാത്രമാണ് നിർഭയമായും അക്ഷീണവും തങ്ങളുടെ സർക്കാരിനെ പിന്തുണച്ചത്. തൊഴിലാളിവർഗ്ഗത്തിന്റെ വിമോചനത്തിനായി, അധ്വാനിക്കുന്ന എല്ലാവരുടേയും ഒരു നല്ല ഭാവിക്കായി ലക്ഷ്യം വെച്ചുകൊണ്ട്, അവർ മാത്രമാണ് അതിനായി പൊരുതിയതും മരിച്ചതും.” (പാരീസ് കമ്മ്യൂണിനെ കുറിച്ച്) പാരീസിനു ചുറ്റുമുണ്ടായിരുന്ന കർഷകരെ കൂടി വിപ്ലവപ്പോരാട്ടത്തിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചു കൊണ്ട് ലെനിൻ പറഞ്ഞത്: “1871ലെ യൂറോപ്പിൽ, ഭൂഖണ്ഡത്തിലെ ഒരു രാജ്യത്തും തൊഴിലാളിവർഗ്ഗമായിരുന്നില്ല ജനങ്ങളുടെ ഭൂരിഭാഗം. അതിന്റെ ഒഴുക്കിലേക്ക് ഭൂരിപക്ഷത്തേയും കൊണ്ടുവരുന്ന ഒരു ജനകീയ വിപ്ലവത്തിന്, അത് അങ്ങനെ തന്നെ ആയിത്തീരണമെങ്കിൽ, തൊഴിലാളിവർഗ്ഗത്തേയും കർഷകരേയും ഒരുമിപ്പിച്ചേ മതിയാകൂ. ജനങ്ങളെന്നാൽ അന്ന് ഈ രണ്ട് വർഗ്ഗങ്ങളുമായിരുന്നു. ബ്യൂറോക്രാറ്റിക് -സൈനിക രാഷ്ട്രയന്ത്രം അവരെ ഇരുകൂട്ടരേയും അടിച്ചമർത്തുകയും ഞെരുക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നു എന്ന വസ്തുത കൊണ്ടു തന്നെ ഈ രണ്ടു വർഗ്ഗങ്ങളും ഏകീകരിക്കപ്പെട്ടിട്ടുണ്ട്. ഈ യന്ത്രത്തെ തകർക്കുന്നതിന്, അതിനെ ഛിന്നഭിന്നമാക്കുന്നതിന് – ഇത് സത്യമായും ജനങ്ങളുടെ, ഭൂരിപക്ഷത്തിന്റെ, തൊഴിലാളികളുടെ, വലിയ വിഭാഗം കർഷകരുടെ താത്പര്യമാണ് – ദരിദ്രകർഷകരുടേയും തൊഴിലാളികളുടേയും ഒരു സ്വതന്ത്രസഖ്യം പ്രാഥമിക ഉപാധിയാണ്. അതേസമയം, അങ്ങനെയൊരു സഖ്യമില്ലാതെ, ജനാധിപത്യം അസ്ഥിരമാകും, സോഷ്യലിസ്റ്റ് പരിവർത്തനം അസാധ്യവുമാകും.” (രാഷ്ട്രവും വിപ്ലവവും) ലെനിൻ പിന്നീട് ചൂണ്ടിക്കാട്ടി, “1870ലെ വസന്തകാലത്ത്, കമ്മ്യൂണിന് ഏതാനും മാസം മുമ്പ്, സർക്കാരിനെ മറിച്ചിടാനുള്ള എന്തെങ്കിലും പരിശ്രമം നിരാശയുളവാക്കുന്ന വിഡ്ഢിത്തമാകുമെന്ന മുന്നറിയിപ്പ് മാർക്‌സ് നൽകിയത് ഏവർക്കുമറിയാം. പക്ഷേ, 1871ൽ തൊഴിലാളികൾക്കുമേൽ നിർണ്ണായകമായ ഒരു യുദ്ധം അടിച്ചേൽപ്പിക്കപ്പെട്ട് അവരത് സ്വീകരിച്ചപ്പോൾ, പ്രക്ഷോഭം ഒരു യാഥാർത്ഥ്യമായി മാറിയപ്പോൾ, അഭിപ്രായവ്യത്യാസങ്ങൾക്ക് ഉപരിയായി തൊഴിലാളിവർഗ്ഗ വിപ്ലവത്തെ മാർക്‌സ് അങ്ങേയറ്റത്തെ ഉത്സാഹത്തോടെ അഭിവാദ്യം ചെയ്തു. കർക്കശമായ പണ്ഡിതഭാവം പൂണ്ട്, അനവസരത്തിലുള്ള ഒരു മുന്നേറ്റത്തെ തള്ളിപ്പറയാൻ മാർക്‌സ് തയ്യാറായില്ല. അദ്ദേഹം തന്നെ വിശേഷിപ്പിച്ചതു പോലെ ‘സ്വർഗ്ഗത്തെ ആക്രമിച്ച’ കമ്മ്യൂൺ അനുകൂലികളുടെ ധീരതയെ കുറിച്ചു മാത്രമല്ല മാർക്‌സ് പക്ഷേ ഉത്സാഹം പൂണ്ടത്. ബഹുജനവിപ്ലവ മുന്നേറ്റം അതിന്റെ ലക്ഷ്യം നേടിയില്ലെങ്കിലും, അതിനെ അത്യധികം പ്രാധാന്യമുള്ള ചരിത്രാനുഭവമായി, ലോക തൊഴിലാളിവർഗ്ഗ വിപ്ലവത്തിന്റെ ഒരു സുനിശ്ചിതമായ പുരോഗതിയായി, നൂറുകണക്കിന് പരിപാടികളേക്കാളും വാദപ്രതിവാദങ്ങളേക്കാളും കൂടുതൽ പ്രാധാന്യമുള്ള പ്രായോഗിക നടപടിയായി ഒക്കെ ആയിട്ടാണ് അദ്ദേഹം കണ്ടത്. ഈ പരീക്ഷണത്തെ വിശകലനം ചെയ്യുന്നതിനും, അതിൽ നിന്നും തന്ത്രപരമായ പാഠങ്ങൾ ഉൾക്കൊള്ളുന്നതിനും, തന്റെ സിദ്ധാന്തങ്ങളെ അതിന്റെ വെളിച്ചത്തിൽ പരിശോധിക്കുന്നതിനുമുള്ള ദൗത്യത്തിൽ മാർക്‌സ് സ്വയം ചുമതലപ്പെടുത്തി.


പാരീസ് കമ്മ്യൂണിന്റെ ധീരമായ സംരംഭത്തിൽ നിന്നും അതുപോലെ തന്നെ പരാജയത്തിൽ നിന്നുമുള്ള പാഠങ്ങൾ ഉൾക്കൊണ്ടു കൊണ്ടാണ്, മഹാനായ ലെനിൻ റഷ്യയിൽ ആദ്യത്തെ മുതലാളിത്തവിരുദ്ധ സോഷ്യലിസ്റ്റ് വിപ്ലവം നടപ്പാക്കിയതും, ആദ്യത്തെ യഥാർത്ഥ തൊഴിലാളിവർഗ്ഗ രാഷ്ട്രം തൊഴിലാളിവർഗ്ഗത്തിന്റെ സർവ്വാധിപത്യത്തിനു കീഴിൽ പ്രവർത്തനക്ഷമമായി സ്ഥാപിച്ചതും എന്നത് എടുത്തു പറയേണ്ടതാണ്. അങ്ങനെ അദ്ദേഹം, മൂർത്തമായ സാഹചര്യത്തിൽ മൂർത്തമായി പ്രയോഗിക്കുമ്പോൾ, മാർക്‌സിയൻ ശാസ്ത്രം ശരിയാണ് എന്നത് തെളിയിച്ചു. പരാജയപ്പെടുത്തപ്പെട്ട മുതലാളിവർഗ്ഗം തിരുത്തൽവാദികളുടെ ഗൂഢാലോചനാപരമായ പങ്കാളിത്തത്തോടെയും, സാമ്രാജ്യത്വശക്തികളുടെ കുടിലതന്ത്രങ്ങളുടെ സഹായത്തോടെ ആസൂത്രണം ചെയ്ത് നടപ്പാക്കിയ പ്രതിവിപ്ലവത്താൽ, സോവിയറ്റ് യൂണിയനിലേയും, ചൈനയിലേയും സോഷ്യലിസ്റ്റ് വ്യവസ്ഥകളും, അതേപോലെ ശക്തമായ സോഷ്യലിസ്റ്റ് ചേരിയും തകർക്കപ്പെട്ട വിഷമകരമായ സംഭവവികാസങ്ങളുണ്ടായെങ്കിലും, അതൊക്കെ തികച്ചും താത്കാലിക തിരിച്ചടികൾ മാത്രമാണ്. ഇത്തരം സംഭവങ്ങളിൽ നിന്നുള്ള പുതിയ അനുഭവങ്ങളുടേയും പാഠങ്ങളുടേയും വെളിച്ചത്തിൽ, മാർക്‌സിസവും വിപ്ലവ തൊഴിലാളിവർഗ്ഗ മുന്നേറ്റവും ആത്യന്തികമായി പരിപോഷിപ്പിക്കപ്പെടുകയും വികസിക്കുകയുമാണുണ്ടായത്. സോഷ്യലിസത്തിനുണ്ടായ തിരിച്ചടിയും തന്മൂലമുണ്ടായ പുതിയ അനുഭവങ്ങളും പാഠങ്ങളുമെല്ലാം, വരുംനാളുകളിലെ വിമോചനത്തിനായുള്ള തൊഴിലാളിവർഗ്ഗ പോരാട്ടത്തിന് മാർഗ്ഗദീപമായി പ്രവർത്തിക്കും. ഈ കാലഘട്ടത്തിലെ ഏറ്റവും ഉന്നത ദർശനമായ മാർക്‌സിസം-ലെനിനിസത്താലും, അതിന്റെ ഏറ്റവും പരിപോഷിപ്പിക്കപ്പെട്ടതും വികസിതമായതുമായ ധാരണ ഉൾക്കൊണ്ടിട്ടുള്ള സഖാവ് ശിബ്ദാസ് ഘോഷ് ചിന്തയാലും സായുധരാക്കപ്പെട്ട തൊഴിലാളിവർഗ്ഗം, വീണ്ടും തിരിച്ചുവരികയും, പഴഞ്ചൻ ബൂർഷ്വാ ചിന്തയുടെ കെട്ടുപാടുകളിൽ നിന്നും ജനങ്ങളെ മോചിപ്പിച്ച്, എല്ലാത്തരം അനുരഞ്ജനാത്മക തിരുത്തൽവാദ സോഷ്യൽ ഡെമോക്രാറ്റിക് ശക്തികളേയും ഒറ്റപ്പെടുത്തി, ദുഷിച്ച് മരണാസന്നമായ അങ്ങേയറ്റം അഴിമതി നിറഞ്ഞതും നിർദ്ദയമായി ചൂഷണം ചെയ്യുന്നതുമായ പിന്തിരിപ്പൻ മുതലാളിത്തത്തെ തകർത്തെറിഞ്ഞ് ആഗോളവിപ്ലവം ഒരു യാഥാർത്ഥ്യമാക്കിത്തീർക്കും.


ലെനിന്റെ വാക്കുകളോടെ നമുക്ക് അവസാനിപ്പിക്കാം: ”പാരീസിലെ പീരങ്കിയുടെ ഇടിമുഴക്കം തൊഴിലാളിവർഗ്ഗത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്നവരെ കൂടി ഗാഢനിദ്രയിൽ നിന്നും ഉണർത്തി. എല്ലായിടത്തും വിപ്ലവ സോഷ്യലിസ്റ്റ് ആശയപ്രചരണത്തിന്റെ വളർച്ചയ്ക്ക് പ്രേരണ നൽകി. അതുകൊണ്ടാണ് കമ്മ്യൂണിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ ഇല്ലാതാകാത്തത്. അത് ഇന്നും നമ്മളിലോരോരുത്തരിലും നിലനിൽക്കുന്നു. കമ്മ്യൂണിന്റെ ഉദ്ദേശ്യലക്ഷ്യം സാമൂഹികവിപ്ലവമാണ്. അധ്വാനിക്കുന്നവരുടെ സമ്പൂർണ്ണ രാഷ്ട്രീയ-സാമ്പത്തിക വിമോചനമാണ് ലക്ഷ്യം. അതാണ് ലോകമെമ്പാടുമുള്ള തൊഴിലാളിവർഗ്ഗത്തിന്റെ ലക്ഷ്യം. ആ അർത്ഥത്തിൽ അത് അനശ്വരമാകുന്നു.”

Share this post

scroll to top