കിഫ്ബിയും മസാല ബോണ്ടും കുറെ നുണകളും

kifbi.jpg
Share

ഇ.കെ.നായനാർ മന്ത്രിസഭയുടെ കാലത്ത് 1999ൽ രൂപീകരിച്ചതാണ് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ്(കെഐഐഎഫ്ബി) അഥവാ കിഫ്ബി. എങ്കിലും, വലിയ അവകാശവാദങ്ങളും ഒട്ടേറെ വിവാദങ്ങളും കൊണ്ട് കിഫ്ബി കേരളത്തിലെ പ്രധാനപ്പെട്ട ഒരു ചർച്ചാവിഷയമായി ഇപ്പോൾ മാറിയിരിക്കുകയാണ്. ഈ സർക്കാരിന്റെ ബഡ്ജറ്റുകളെ കിഫ്ബി ബഡ്ജറ്റുകളെന്നു വിളിക്കുന്ന സ്ഥിതി വരെയെത്തി. ധനകാര്യമന്ത്രി തോമസ് ഐസക്കിന്റെ സാമ്പത്തിക ശാസ്ത്രജ്ഞനെന്ന പരിവേഷവും എംജിപി അടക്കമുള്ള ആഗോളവൽക്കരണ പദ്ധതികളുടെ വിദഗ്ദ്ധ നടത്തിപ്പുകാരനായ കെ.എം.എബ്രഹാമിന്റെ നിറസാന്നിധ്യവും ഒത്തുചേർന്നപ്പോൾ കിഫ്ബിക്ക് വലിയ മാനങ്ങൾ കൈവന്നു. കിഫ്ബിയും അത് പുറപ്പെടുവിച്ച മസാല ബോണ്ട് പോലുള്ള ധനസമാഹരണ മാർഗങ്ങളും കേരളത്തെ വികസന വിഹായസ്സിലേയ്ക്ക് ഉയർത്തുമോ അതോ കടക്കെണിയിലാഴ്ത്തി കേരളത്തിന്റെ സാമ്പത്തിക തകർച്ചക്ക് ആക്കം കൂട്ടുമോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് വേണ്ടി സംസ്ഥാന ബജറ്റിനുപുറത്തുനിന്ന് ധനസമാഹരണം നടത്തുകയെന്ന ലക്ഷ്യം പ്രഖ്യാപിച്ചുകൊണ്ടാണ് കിഫ്ബി സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. മൂന്നു വർഷം കൊണ്ട് 50000 കോടി രൂപയാണ് ലക്ഷ്യംവെക്കുന്നത്. പ്രതിവർഷം 15%വീതം വർദ്ധിക്കുന്ന വാഹനനികുതിയും ഇന്ധനസെസ്സും കൂടാതെ കെഎസ്എഫ്ഇയുടെ വിദേശ ചിട്ടിയിൽ നിന്നുള്ള ഇടക്കാല നിക്ഷേപം, ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പ, ബോണ്ടുകൾ തുടങ്ങിയവയിലൂടെയാണ് ധനസമാഹരണം. ‘വാഹനനികുതിയിൽ നിന്നും ഇന്ധനനികുതിയിൽ നിന്നും സർക്കാർ നൽകുന്ന വിഹിതത്തിൽ നിന്നും പലിശ നൽകാനാകും. അങ്ങനെ 20 വർഷത്തിന് ശേഷം മാത്രം സാദ്ധ്യമാവുമായിരുന്ന 50000 കോടിയുടെ വികസനം മൂന്ന് വർഷം കൊണ്ട് നമ്മുടെ ജീവിതകാലത്തുതന്നെ എത്തും. നവലിബറൽ നയങ്ങൾക്ക് കേരളത്തിന്റെ ബദൽ! ഇതിലൂടെ സ്വകാര്യ നിക്ഷേപങ്ങളെ കേരളത്തിലേക്ക് ആകർഷിക്കുവാനാകും. ലോകത്തിലെ ഏറ്റവും നല്ല ഇൻഫ്രാസ്ട്രക്ചർ ഇവിടെ വരും’- കിഫ്ബിയെ മുൻനിർത്തി ധനമന്ത്രി ആഗോള മുതലാളിമാരെ മാടി വിളിക്കുന്നു. ഇത് മാർക്‌സിയൻ അല്ല കെയ്നീഷ്യൻ മോഡൽ വികസനമാണ് എന്നും അദ്ദേഹം ഊറ്റം കൊള്ളുന്നുണ്ട്. വായ്പ എടുത്തിട്ടാണെങ്കിലും സർക്കാർ, പണം സമ്പദ്‌വ്യവസ്ഥയിലേക്ക് പമ്പ് ചെയ്ത് കമ്പോളത്തെ ഉത്തേജിപ്പിക്കുന്ന കെയ്‌നീഷ്യൻ മാജിക്! യാഥാർത്ഥ്യം വഴിയെ പരിശോധിക്കാം.

വായ്പാധിഷ്ഠിത വികസനം

കടമെടുത്ത് ‘വികസനം’ സാധ്യമാണോ എന്നതാണ് ഒന്നാമതായി പരിശോധിക്കേണ്ടത്. കേരളത്തിന്റെ കടബാദ്ധ്യത അന്തംവിടുന്ന തോതിലാണ് വർധിക്കുന്നത്. 2001 ലെ 25,754 കോടിയിൽ നിന്ന് 2019ൽ 2,64,459 കോടിയിലെത്തിനിൽക്കുന്നു. അതായത് അത്രയും തുക ചെലവഴിച്ചുകഴിഞ്ഞു. നീക്കിയിരിപ്പ് ഒന്നുമില്ല. 2016-17 മുതൽ 2018-19 വരെ 49,853 കോടി രൂപ അധിക കടം എടുത്തപ്പോൾ ഈ കാലയളവിൽ പലിശ നൽകേണ്ടി വന്നത് 42,863 കോടി രൂപ. അതായത് മൂന്നു വർഷം കൊണ്ട് 6,990 കോടി രൂപയുടെ വികസനം! അധികമായി കടമെടുക്കുന്ന തുക പലിശ നൽകാൻപോലും തികയാതെവരുന്ന കാലം വിദൂരമല്ല. ഇതിനെയാണ് കടക്കെണി എന്നു പറയുന്നത്. കടം കൂടുന്നെങ്കിൽ എന്താ നമ്മുടെ സമ്പത്തും (ജിഎസ്ഡിപി-സംസ്ഥാന ആഭ്യന്തര ഉല്പാദനം) കൂടുന്നുണ്ടല്ലോ എന്നാണ് നമ്മുടെ സാമ്പത്തിക വിശാരദനായ ധനമന്ത്രി പറയുന്നത്. ജിഎസ്ഡിപിയുടെ 30.21 ശതമാനമാണ് ആകെ കടം. റവന്യൂ വരുമാനത്തിന്റെ 223.41 ശതമാനം. കടത്തിന്റെ കാര്യത്തിൽ കൊച്ചുസംസ്ഥാനമായ കേരളത്തിന് മുന്നിൽ വലിയ സംസ്ഥാനങ്ങളായ ഗുജറാത്ത്, രാജസ്ഥാൻ, തമിഴ്‌നാട്, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, മഹാരാഷ്ട്ര എന്നിവ മാത്രം. കടം കൂടുന്നതിനനുസരിച്ച് സമ്പത്തും കൂടുമത്രേ! തിരിച്ചുവീട്ടേണ്ടാത്ത കടം ആയിരുന്നെങ്കിൽ എത്ര നന്നായേനെ!
കടമായി എടുക്കുന്ന പണം സമ്പദ്വ്യവസ്ഥയിൽ ഒഴുക്കുന്നത്‌വഴിയുണ്ടാകുന്ന സാമ്പത്തിക ഉത്തേജനത്തിലൂടെയാണ് ജിഎസ്ഡിപി വർദ്ധിക്കുന്നത് എന്നാണ് ധനമന്ത്രിയുടെ ഭാഷ്യം. ജിഎസ്ഡിപിയുടെ 31.2 ശതമാനം വിദേശത്ത് പണിയെടുക്കുന്ന മലയാളികൾ അയയ്ക്കുന്ന പണമാണ്. അതിന്റെ വളർച്ച-തളർച്ചകൾ നിശ്ചയിക്കുന്നത് അന്തർദേശീയ സാമ്പത്തിക ചലനങ്ങളും രൂപയുടെ മൂല്യത്തിന്റെ ഏറ്റക്കുറച്ചിലുകളുമാണ്. എടുക്കുന്ന കടത്തിന്റെ 85 ശതമാനവും പലിശ നൽകാൻ ഉപയോഗിക്കുമ്പോൾ ബാക്കി തുകകൊണ്ട് എന്ത് ചലനമാണ് സമ്പദ്വ്യവസ്ഥയി ൽ ഉണ്ടാവുക? അങ്ങിനെ ഉണർവുണ്ടായിട്ടുണ്ടെങ്കിൽ അത് സംസ്ഥാനത്തിനകത്തുനിന്നുള്ള റവന്യൂ വരുമാനത്തിൽ വർധനവ് സൃഷ്ടിക്കുന്നുണ്ടോ എന്നതും പ്രസക്തമാണല്ലോ? ജിഎസ്ടി എന്ന മാരക നിരക്കിലുള്ള നികുതി ഏർപ്പെടുത്തിയിട്ടുപോലും നികുതി വരുമാനം താഴോട്ടാണ്. അതുപോലെ ഇന്ധന നികുതി ഭീമമായി ചുമത്തിയിട്ടുപോലും ആകെ നികുതിവരവ് കുറഞ്ഞിരിക്കുന്നു. കേരളീയരുടെ സാമ്പത്തിക വിനിമയത്തിലും ജീവിത വ്യാപാരങ്ങളിലുമുള്ള കടുത്ത മാന്ദ്യത്തെയാണിത് കാണിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ റവന്യൂചെലവ് ഇനത്തിലും ഘടന മാറുകയാണ്. സംസ്ഥാനത്തെ സാമ്പത്തിക ചലനത്തെ യഥാർത്ഥത്തിൽ ഉത്തേജിപ്പിക്കുന്ന ജീവനക്കാരുടെ ശമ്പളത്തിന്റെ വിഹിതം വൻതോതിൽ കുറയുകയാണ്. പകരം പലിശ വിഹിതമാണ് വർദ്ധിക്കുന്നത്. പലിശ നൽകുന്നതിലേയ്ക്കായി സാധാരണക്കാരന്റെ മേൽ കൂടുതൽ നികുതി അടിച്ചേൽപ്പിക്കുമ്പോൾ അതിസമ്പന്നന്മാരിൽനിന്ന് ഈടാക്കിയിരുന്ന വെൽത്ത്ടാക്‌സ് ഉപേക്ഷിച്ചിരിക്കുകയാണിപ്പോൾ.

കെയ്നീഷ്യൻ മാജിക്

മുതലാളിത്തത്തിന്റെ പൊതുകുഴപ്പങ്ങൾ ആരംഭിച്ച കാലത്ത്, കമ്പോള പ്രതിസന്ധി അഭൂതപൂർവ്വമായി രൂക്ഷമായപ്പോൾ ഇവക്കെല്ലാം ഒറ്റമൂലി എന്നുപറഞ്ഞുകൊണ്ട് നാനാവിധ സാമ്പത്തിക സിദ്ധാന്തങ്ങൾ ബൂർഷ്വാ സാമ്പത്തിക ശാസ്ത്രഞ്ജന്മാർ അവതരിപ്പിക്കുകയുണ്ടായി. മുതലാളിത്ത സമ്പദ്ക്രമത്തെ നിലനിർത്തിക്കൊണ്ടുതന്നെ ഉൽപാദനത്തിലുള്ള അരാജകത്വവും പ്രതിസന്ധികളും ഒഴിവാക്കാനാകുമെന്ന് അവർ വാദിച്ചു. അവരിൽ പ്രമുഖനാണ് ജെ.എം.കെയ്ൻസ് (1883-1946). തൊഴിലാളിക്ക് നൽകാതെ പിടിച്ചെടുക്കുന്ന മിച്ചമൂല്യം മുതലാളിയുടെ ലാഭമായി മാറ്റപ്പെടുന്നതുകാരണം ഉൽപാദിപ്പിക്കുന്നത് അപ്പാടെ വിറ്റഴിച്ചുപോകാതെ വരുന്ന കമ്പോള പ്രതിസന്ധിയാണ് മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെ യഥാർത്ഥ പ്രതിസന്ധി എന്നത് മറച്ചുവെച്ചുകൊണ്ടാണ് കെയ്ൻസ് തന്റെ സിദ്ധാന്തം അവതരിപ്പിച്ചത്. ഉൽപ്പാദനവും തൊഴിലും വർദ്ധിപ്പിക്കാനായി കൂടുതൽ മൂലധനനിക്ഷേപം ആവശ്യമാണ്. അതിനായി ഭരണകൂടം മുതലാളിമാരുടെ ലാഭസാധ്യത വർധിക്കുന്നത് ഉറപ്പാക്കണം. ഒരുവശത്ത് വിലക്കയറ്റത്തിലൂടെ തൊഴിലാളികളുടെ യഥാർത്ഥ വേതനം കുറയ്ക്കുകയും മറുവശത്ത് പൊതുജനങ്ങളുടെ ചെലവിൽ ഗവൺമെന്റ് നേരിട്ട് വൻതോതിൽ മൂലധന നിക്ഷേപം നടത്തുകയും ചെയ്തുകൊണ്ടാണ് ഇത് സാധ്യമാക്കേണ്ടത്. സർക്കാർ ഒഴുക്കുന്ന ഫണ്ടിന്റെ ഉപഭോഗത്തിലൂടെയും ഭരണവർഗത്തിന്റെ ധൂർത്തിലൂടെയും പ്രത്യുല്പാദനക്ഷമമല്ലാത്ത ചെലവുകൾ വർദ്ധിപ്പിക്കുന്നതിലൂടെയും കമ്പോളത്തിൽ ഉപഭോഗം വർദ്ധിക്കും എന്നൊക്കെയാണ് കെയ്ൻസിന്റെ സാമ്പത്തിക സിദ്ധാന്തം.
സമ്പദ്‌വ്യവസ്ഥയുടെ സൈനികവൽ്ക്കരണവും ഈ സിദ്ധാന്തത്തിനോടൊത്ത് പോകുന്നതാണ്. അതായത് സർക്കാർതന്നെ ചെലവുചെയ്യുകയും ഉപഭോക്താവാകുകയും ചെയ്യന്നു. അതിനായി ബജറ്റ് ചെലവുകളും പൊതുകടവും വർധിപ്പിക്കുകയാണ് ചെയ്യുന്നത്. കെയിൻസ് മുന്നോട്ടുവയ്ക്കുന്ന സാമ്പത്തിക നടപടികൾ യഥാർത്ഥത്തിൽ അധ്വാനിക്കുന്നവരുടെ ജീവിതനിലവാരം താഴ്ത്തുകയും കമ്പോളം ചുരുക്കുകയും തൊഴിലില്ലായ്മ വർദ്ധിപ്പിക്കുകയുമാണ് ചെയ്യുക. ഈ അബദ്ധ സിദ്ധാന്തത്തിന്റെ പല പല വകഭേദങ്ങൾ മുതലാളിത്ത സാമ്പത്തിക ആസൂത്രകരും സോഷ്യൽ ഡെമോക്രാറ്റുകളും ലോകമാകെ ഇന്നും പിന്തുടരുന്നുണ്ട്. സഖാവ് ഡോക്ടർ തോമസ് ഐസക് അവരിൽ ഒരാൾ മാത്രം.

മസാല ബോണ്ട്

സംസ്ഥാന ബജറ്റിന് അകത്തുനിന്നുള്ള ആഭ്യന്തര കടമെടുപ്പിന് ജിഎസ്ഡിപിയുടെ 3% പരിധി നിശ്ചയിച്ചുകൊണ്ടുള്ള കേന്ദ്രനിയമം മറികടന്ന് കൂടുതൽ കടം വിദേശത്തുനിന്ന് സമാഹരിക്കുന്നതിന് വേണ്ടിയാണ് സർക്കാർ മസാല ബോണ്ട് പുറപ്പെടുവിക്കാൻ തുനിഞ്ഞത്. വിദേശ ഓഹരി കമ്പോളത്തിൽ ഇന്ത്യൻ രൂപയുടെ അടിസ്ഥാനത്തിൽ പുറപ്പെടുവിക്കുന്ന കടപത്രം ആണിത്.
മസാല ബോണ്ട് എന്ന് പേരു നൽകി ആഗോള ഓഹരിക്കമ്പോളത്തിൽ അവതരിപ്പിച്ചത് ലോകബാങ്കിന്റെ സ്വകാര്യ നിക്ഷേപ വിഭാഗമായ ഇൻറർനാഷണൽ ഫിനാൻസ് കോർപ്പറേഷനാണ്. ഇന്ത്യൻ മസാല രുചിക്കൂട്ടുകളുടെ വൈദേശികാഭിമുഖ്യത്തെക്കുടി മാർക്കറ്റിംഗ് തന്ത്രമായി ഉപയോഗിക്കുകയാണിവിടെ. ചൈനീസ് ബോണ്ടുകൾക്ക് ഹോങ്ങ് കോങ്ങിലെ ജനകീയ ഭക്ഷണമായ ‘ഡിംസും’ എന്ന പേരാണ് നൽകിയിരിക്കുന്നത്. യെസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിങ്ങനെയുള്ള സ്വകാര്യ ബാങ്കുകളും അദാനി ട്രാൻസ്മിഷൻ തുടങ്ങിയ സ്വകാര്യ കമ്പനികളുമാണ് ഇതുവരെ മസാല ബോണ്ടുകൾ വഴി ധനസമാഹരണം നടത്തിയിട്ടുള്ളത്. ആ രംഗത്തേയ്ക്ക് ഒരു സംസ്ഥാന സർക്കാർ കടന്നുവരുന്നത് ആദ്യമായാണ്.
സ്വകാര്യ നിക്ഷേപത്തിന് വഴിയൊരുക്കുന്നതിനും അതിന് വൻ ലാഭമുറപ്പാക്കുന്നതിനും വേണ്ടിയുള്ള സാമ്പത്തിക-സാമൂഹിക സാഹചര്യം സൃഷ്ടിക്കുകയെന്നതാണ് ലോകബാങ്കിന്റെ ലക്ഷ്യം. 1990കളുടെ പകുതിക്കുശേഷം ആഗോളവൽക്കരണ നയങ്ങൾക്കനുസൃതമായി കേരളത്തിന്റെ സർവ്വമേഖലകളിലും ലോകബാങ്ക് പിടിമുറുക്കി. അവരെ ആനയിച്ചുകൊണ്ടുവന്ന് പുരോഗമന ജാടകളോടെ, ശുഷ്‌കാന്തിയോടെ നടപ്പിലാക്കാൻ നേതൃത്വം കൊടുത്തതാവട്ടെ ഇടതെന്ന് സ്വയം വിളിക്കുന്ന ഒരു സർക്കാരും! ഇപ്പോഴും വർദ്ധിത വീര്യത്തോടെ നടപ്പിലാക്കുന്നതും അതേ നയങ്ങൾ തന്നെ. ലോകബാങ്ക് വിഭാവന ചെയ്യുന്ന വിധത്തിൽ സ്വകാര്യ നിക്ഷേപത്തെ പ്രോത്സസാഹിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യ വികസനമാണ് പൊതുജനങ്ങളുടെ ചെലവിൽ കിഫ്ബിയിലൂടെ സർക്കാർ ചെയ്യുന്നത്. ആ സേവനത്തിനുള്ള പുരസ്‌ക്കാരമെന്ന നിലയിലാണ് ലോകമുതലാളിത്തത്തിന്റെ അൾത്താരകളിലൊന്നായ ലണ്ടൻ സ്റ്റോക് എക്‌സ്‌ചേഞ്ചിൽ മണിമുഴക്കാൻ പിണറായി വിജയന് അവസരം നൽകിയത്.

കിഫ്ബിവഴി നടപ്പിലാക്കുന്ന പ്രോജക്ടുകൾ പിപിപി(പൊതു സ്വകാര്യ പങ്കാളിത്ത പദ്ധതി) മാതൃകയിൽ നടപ്പിലാക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളവയാണ്. അതിന് വേണ്ടിയാണ് 1999-ലെ കിഫ്ബി നിയമം 2016 നവംബറിൽ ഭേദഗതി ചെയ്തത്. പൊതു ആവശ്യമെന്ന പേരിൽ സ്വകാര്യ മേഖലയ്ക്ക് ലാഭമുറപ്പാക്കുംവിധം നടപ്പിലാക്കുന്ന പദ്ധതികൾക്ക് സർക്കാർ മൂലധനം ലഭ്യമാക്കുന്നതിനെയാണ് പിപിപി എന്ന ഓമനപേരിട്ട് വിളിക്കുന്നത്. പ്രോജക്ട് ചെലവ് പെരുപ്പിച്ചുകാണിച്ച് സർക്കാരിൽനിന്ന് നേടിയെടുക്കുന്ന അധിക വിഹിതത്തിനകത്ത് നിന്നുകൊണ്ട് പണി പൂർത്തിയാക്കുകയാണ് പലപ്പോഴും ഈ കൗശലക്കാർ ചെയ്യുന്നത്. ദേശീയ പാത വികസനം, വിഴിഞ്ഞം പദ്ധതി എന്നിവ ഉദാഹരണങ്ങൾ. ബിഒടി, ബിഒഒ, ബിഒഒടി തുടങ്ങിയ നിർമ്മാണ നിർവ്വഹണ പ്രോജക്ട് രീതികളും ബിഎൽടി, ആർഒടി, ആർഒഒ എന്നിങ്ങനെയുള്ള ഓപ്പറേഷൻ മെയ്ൻറനൻസ് പ്രോജക്ടുകളും വിഭാവന ചെയ്യുന്നുണ്ട്. ഇവ യിലെല്ലാംതന്നെ യൂസർ ഫീ, ടോൾ അടക്കമുള്ള വരുമാനമാർഗങ്ങൾ സ്വീകരിക്കാൻ സ്വകാര്യ സംരംഭകർക്കുള്ള അവകാശം ഈ നിയമംവഴി ഉറപ്പാക്കുന്നുണ്ട്. മേൽപ്പറഞ്ഞവയിൽ ആർഒടി(റീഹാബിലിറ്റേറ്റ്-ഓപ്പറേറ്റ്-ട്രാൻസ്ഫർ), ആർഒഒ(റീഹാബിലിറ്റേറ്റ്-ഓൺ-ഓപ്പറേറ്റ്) എന്നിവയിലൂടെ നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങൾ വരെ കൈമാറാവുന്ന സാദ്ധ്യതയിലേയ്ക്കാണ് കിഫ്ബി നിയമം വിരൽ ചൂണ്ടുന്നത്.
9.723 ശതമാനമാണ് മസാല ബോണ്ടിന്റെ പലിശ. കൊള്ളപ്പലിശ ആണെന്ന് നിസ്സംശയം പറയാം. കുറവാണെന്ന് തോമസ് ഐസക്കിനും അഭിപ്രായമില്ല. ആഭ്യന്തരമായി സംസ്ഥാന സർക്കാർതന്നെ ബാങ്കുകളിൽനിന്ന് 8.91%, കമ്പോളത്തിൽനിന്ന് 8.64%, നബാർഡിൽ നിന്ന് 6.08%, ചെറുകിട നിക്ഷേപങ്ങളിൽനിന്ന് 5.46%, പ്രോവിഡൻറ് ഫണ്ടിൽനിന്ന് 7.50% തുടങ്ങിയ നിരക്കിലാണ് കടമെടുക്കുന്നത്. കേരളത്തിലെ സാമ്പത്തിക റേറ്റിംഗ് വെച്ചാണ് പലിശനിരക്ക് നിശ്ചയിക്കുന്നതത്രെ. ഒരു സംസ്ഥാനത്തിന് കിട്ടാവുന്നതിൽ ഏറ്റവും ഉയർന്ന റേറ്റിംഗ് ആയ ബിബി മൈനസ് ആണ് കേരളത്തിൽ നിശ്ചയിച്ചിരിക്കുന്നത്. ഓപ്പൺ ബിഡ്ഡിംഗ് ഒഴിവാക്കി ഇൻസ്റ്റിറ്റിയൂഷണൽ ബിഡ്ഡിംഗ് എന്ന് തീരുമാനിച്ചതിലെയും, എസ്എൻസി ലാവലിൻ കമ്പനിയിൽ വൻതോതിൽ നിക്ഷേപമുള്ള നിക്ഷേപകമ്പനിയായ സിഡിപിക്യുവുമായി ചർച്ചചെയ്ത് ഇത്ര ഉയർന്ന പലിശനിരക്കിൽ രഹസ്യമായി 2019 മാർച്ചിൽ ബോണ്ട് വിറ്റഴിച്ചതിന്‌ശേഷം ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്തതിലെയും താല്പര്യങ്ങളെ സംബന്ധിച്ച് സ്വീകാര്യമായ വിശദീകരണങ്ങൾ ഇനിയും സർക്കാർ നൽകിയിട്ടില്ല. ഈ ബോണ്ടുകൾ ഓഹരിക്കമ്പോളത്തിലെ ഊഹക്കച്ചവടത്തിൽ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. അവിടെ നടക്കുന്ന ക്രയവിക്രയങ്ങൾ കേരളത്തിനെ നേരിട്ട് ബാധിക്കുന്നതല്ല എങ്കിലും ഈ പണംകൊണ്ട് ഇവിടെ നടക്കുന്ന നിക്ഷേപങ്ങളുടെ ലാഭസാധ്യത ഓഹരിക്കമ്പോളത്തിൽ നടക്കുന്ന ക്രയവിക്രയ നിരക്കുകളെ സ്വാധീനിക്കും. അതിനാൽതന്നെ മൂലധനശക്തികൾക്ക് അനുകൂലമായ അവരുടെ ലാഭനിരക്ക് വർദ്ധിപ്പിക്കാനുതകുന്ന നയരൂപീകരണത്തെയും സ്വാധീനിക്കും. കേരളമെന്ന ചെറിയ സംസ്ഥാനത്ത് മൂന്നുവർഷംകൊണ്ട് 50,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിക്കുന്നത് ഇത്തരത്തിലുള്ള ഒരു വിളംബരമാണ്. പ്രളയാനന്തര പുനഃർ നിർമ്മാണത്തിനായി മുപ്പതിനായിരം കോടി രൂപ നിക്ഷേപിക്കും എന്നത് ഇത്തരത്തിലുള്ള മറ്റൊരു പ്രഖ്യാപനം ആണ്. സർവ്വലോക മുതലാളിമാരെ, കേരളത്തിലേയ്ക്ക് പോരൂ, 80,000 കോടിയുടെ കമ്പോളം നിങ്ങൾക്കായി കാത്തിരിക്കുന്നു എന്ന വിളംബരമാണ് സർക്കാർ നടത്തിയിരിക്കുന്നത്.

ഇത്രയും തുക കേരളത്തിൽ ചെലവഴിക്കുമ്പോൾ സമ്പദ്ഘടന ഉണരും എന്നുപറയുന്നത് അരുൺ ജെയ്റ്റ്ലിയുടെ അരിച്ചിറങ്ങൽ (Trickling Down) സിദ്ധാന്തം പോലെ അസംബന്ധമാണ്. സമ്പന്നരുടെ സമ്പത്ത് വർദ്ധിക്കുമ്പോൾ അത് താഴേക്ക് അരിച്ചിറങ്ങി ദരിദ്രരുടെ കൈയിൽ എത്തിച്ചേരും എന്നതാണ് ജെയ്റ്റ്‌ലിയുടെ സിദ്ധാന്തം. കിഫ്ബി വഴി പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതികൾ ഭൂരിപക്ഷവും വൻകിട നിർമ്മാണത്തിന്റെയോ വൻകിട പർച്ചേസിന്റെയോ പദ്ധതികളാണ്. ഇവയിൽ മുടക്കുന്ന തുകയുടെ എത്ര ശതമാനം യഥാർത്ഥത്തിൽ പ്രവൃത്തിപഥത്തിൽ എത്തും എന്നത് അങ്ങാടിപ്പാട്ടാണ്. അതൊക്കെ സ്ഥാപനവൽക്കരിക്കപ്പെട്ട അഴിമതിനിരക്കുകളിൽ നിബദ്ധമാണ് താനും. ഇതിന്റെയൊക്കെ പ്രയോജനം സംസ്ഥാനതന്നെ മുതലാളിമാർക്കോ തൊഴിലാളികൾക്കോ ലഭിക്കണമെന്ന് നിർബ്ബന്ധമൊന്നുമില്ല, അതുകൊണ്ട് തന്നെ തുടർന്ന് ഉണ്ടാകേണ്ട സാമ്പത്തിക ഉത്തേജനം (Multiplier Effect) ഉണ്ടാകണമെന്നുമില്ല.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായ ഏതാണ്ട് 2400 കോടി രൂപയുടെ പദ്ധതികൾ ഒരു ഉദാഹരണം എന്ന നിലയിൽ പരിശോധിക്കുന്നത് നന്നായിരിക്കും. നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരത്തകർച്ചയ്ക്ക് കാരണം ലോകബാങ്ക് പദ്ധതിയായ ഡിപിഇപിയിൽ ആരംഭിച്ച തലതിരിഞ്ഞ പാഠ്യപദ്ധതി അല്ല, മറിച്ച് ക്ലാസ് മുറികളിൽ കമ്പ്യൂട്ടർ ഇല്ലാത്തതാണെന്നാണ് സർക്കാർ കണ്ടെത്തിയിരിക്കുന്നത്. അതിനായി 1400 കോടി രൂപയുടെ കമ്പ്യൂട്ടർ പർച്ചേസ് ആണ് ഉദ്ദേശിക്കുന്നത്. അതിനായി ഒരു സർക്കാർസ്ഥാപനമായ ഐടി@സ്‌കൂളിനെ ‘കൈറ്റ്’ എന്ന പേരിൽ ഒരു കമ്പനി ആക്കി മാറ്റുകയാണ് ആദ്യമായി ചെയ്തത്. സർക്കാർ നടപടിക്രമങ്ങളിൽനിന്ന് ഒഴിയുന്നതിന്റെ സ്വാതന്ത്ര്യം അനുഭവിക്കാൻവേണ്ടിമാത്രമാണ് ഈ നടപടി. കടമെടുത്ത് നടപ്പിലാക്കുന്ന പദ്ധതികളുടെ നടത്തിപ്പുകളെല്ലാം ‘മിഷൻ മോഡ്’ അല്ലെങ്കിൽ ‘സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ’ എന്നൊക്കെ അറിയപ്പെടുന്ന സംവിധാനങ്ങൾ വഴിയാണ് ചെയ്യുന്നത്. ആഗോളവൽക്കരണകാലത്തെ സമ്പ്രദായങ്ങളാണിവ. പൊതുധനം മൂലധനതാൽപര്യങ്ങൾക്ക് അനുസരിച്ച് ചെലവിടുമ്പോൾ സർക്കാർ നിയന്ത്രണങ്ങൾ ഒഴിവാക്കുക എന്നതാണ് ലക്ഷ്യം.

വൻപലിശ കൊടുത്ത് സ്വരൂപിക്കുന്ന കടത്തെ ആശ്രയിച്ച് പ്രഖ്യാപിക്കുന്ന പദ്ധതികൾ പൂർത്തിയാകുന്നതിനുമുമ്പ്, നിക്ഷേപത്തിന്റെ ഫലം ലഭിക്കുന്നതിനുംമുമ്പ് തന്നെ തിരിച്ചടവ് വേണ്ടിവരും അപ്പോൾ നിക്ഷേപത്തിൽനിന്നുള്ള വരുമാന വർദ്ധനവിൽനിന്നല്ല, നിലവിലുള്ള ചെലവ് കുറച്ചിട്ടോ നികുതി കൂട്ടിയിട്ടോ ആകും തിരിച്ചടവ് തുക കണ്ടെത്തേണ്ടിവരിക. കടമെടുത്ത് മൂലധന താല്പര്യം സംരക്ഷിക്കുന്നതിന്റെ ഭാരം ചുമക്കേണ്ടിവരിക സാധാരണക്കാർ മാത്രമാവും. ഇതിന്റെ ഭാഗമായി നികുതിയേതര വരുമാനം കൂട്ടാൻ എന്നപേരിൽ സർക്കാരിന്റെ എല്ലാ സേവനങ്ങൾക്കും വൻതോതിൽ ഫീസ് കൂട്ടിയിരിക്കുകയാണ്. പ്രളയത്തിന്റെപേരിൽ ജിഎസ്ടിയിൽ ഒരു ശതമാനം വർദ്ധനവ് വന്നുകഴിഞ്ഞു. കൂടാതെ, എല്ലാത്തരം ക്ഷേമപ്രവർത്തനങ്ങളിൽനിന്നും സർക്കാർ പിൻവാങ്ങുകയുമാണ്. പദ്ധതിച്ചെലവുകളിൽ ഉൾപ്പെടുത്തിയ ക്ഷേമപദ്ധതികൾക്കുവേണ്ടി പ്രഖ്യാപിക്കുന്നതിൽ എത്രയോ കുറവ് തുകമാത്രമാണ് വർഷാന്ത്യം ചെലവഴിച്ചുതീരുക. ഇങ്ങനെയുള്ള പദ്ധതികളുടെ ചെലവ് കുറച്ച് ബജറ്റ്കമ്മി കുറയ്ക്കുക എന്നതും പുതിയ സാമ്പത്തിക ശാസ്ത്രത്തിൽപെടുന്നവയാണ്.
ലക്ഷക്കണക്കായ സാധാരണക്കാരുടെ വരുമാന മാർഗ്ഗങ്ങൾ, ഇതഃപര്യന്തം നടപ്പിലാക്കിയിട്ടുള്ള മുതലാളിത്ത-ആഗോളവൽക്കരണ നയങ്ങളിലൂടെ തകർത്തിരിക്കുകയാണ്. നോട്ട് നിരോധനവും ജിഎസ്ടിയും ഉപയോഗിച്ചാണ് ഒടുവിലത്തെ ആക്രമണം നടത്തിയത്. അങ്ങിനെ, ഒരു വശത്ത് ജനങ്ങളുടെ ജീവിതം തകർക്കുന്നു, മറുവശത്ത് ആഗോള മുതലാളിമാരെ വിളിച്ച് വികസനം കൊണ്ടുവരാൻ പോകുന്നുവെന്ന് പറയുന്നു. എന്തൊരു വിരോധാഭാസമാണിത്!

Share this post

scroll to top