സന്നദ്ധപ്രവർത്തനത്തിലൂടെ പണിതുയർത്തിയ ജി.എസ്.പത്മകുമാർ ഭവൻ പ്രവർത്തനം ആരംഭിച്ചു

268A0551.jpg
Share

എസ്‌യുസിഐ(കമ്യൂണിസ്റ്റ്) നടത്തിവരുന്ന ബഹുവിധങ്ങളായ സാമൂഹ്യ-സാംസ്‌കാരിക പ്രവർത്തനങ്ങൾക്കായി ഒരു കേന്ദ്രം പണിയുക എന്ന ലക്ഷ്യം മുൻനിർത്തി പാർട്ടിയുടെ കോട്ടയം ജില്ലാക്കമ്മിറ്റി കഴിഞ്ഞ നാലു വർഷമായി നടത്തിവരുന്ന പരിശ്രമങ്ങൾ 2019 മെയ് 26ന് സഫലമായി. കോട്ടയത്ത് വയസ്‌കരയിൽ 4 സെന്റ് സ്ഥലത്ത് ജി.എസ്.പത്മകുമാർ ഭവൻ എന്ന നാമധേയത്തിൽ 2700 ചതുരശ്ര അടിയുള്ള മന്ദിരം നൂറുകണക്കിന് സഖാക്കളുടെയും അനുഭാവികളുടെയും പാർട്ടി ബന്ധുക്കളുടെയും സാന്നിധ്യത്തിൽ പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം സഖാവ് കെ. രാധാകൃഷ്ണ ഉദ്ഘാടനം ചെയ്തു. 2016 മാർച്ച് 6ന്, അന്നത്തെ സംസ്ഥാനസെക്രട്ടറിയും കേന്ദ്രക്കമ്മിറ്റിയംഗവുമായിരുന്ന സഖാവ് സി.കെ.ലൂക്കോസ് ശിലാസ്ഥാപനം നടത്തിയ മന്ദിരത്തിന്റെ നിർമ്മാണം, മഹത്തായ നവംബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ശതാബ്ദി വർഷമായ 2017ലാണ് ആരംഭിച്ചത്.

പാർട്ടി പ്രവർത്തകരുടെയും അനുഭാവികളുടെയും ബഹുജനങ്ങളുടെയും സംഭാവനകളെ ആശ്രയിച്ചുകൊണ്ട് മന്ദിരം നിർമ്മിക്കാനായി ആദ്യഘട്ടത്തിൽ തീരുമാനിച്ചെങ്കിലും ഇപ്രകാരം സമാഹരിക്കുന്ന തുകകൊണ്ട് മാത്രം നിർമ്മാണച്ചെലവ് നിർവ്വഹിക്കാനാവില്ല എന്നു ജില്ലാ കമ്മിറ്റി പിന്നീട് വിലയിരുത്തി. തുടർന്നാണ് നിർമ്മാണം പരിപൂർണ്ണമായും സന്നദ്ധപ്രവർത്തനത്തിലൂടെ നടത്താമെന്ന നിർദ്ദേശം ഉയർന്നുവന്നത്. നിർമ്മാണമേഖലയിൽ പ്രാവീണ്യമുള്ള സഖാക്കൾ മുന്നോട്ടുവച്ച ഈ നിർദ്ദേശം, ജില്ലയിലെ മുഴുവൻ അംഗങ്ങളും പങ്കെടുത്ത വിപുലമായ ഒരു യോഗത്തിൽ ചർച്ച ചെയ്തു. ഏവരും ആവേശപൂർവ്വം നിർദ്ദേശം അംഗീകരിച്ചു. വെല്ലുവിളി നിറഞ്ഞ തീരുമാനം നടപ്പാക്കാനായി സഖാക്കൾ ഒരൊറ്റ മനുഷ്യനെപ്പോലെ മുന്നോട്ടുവന്നു. പാർട്ടി അംഗത്വത്തിന്റെ ഏതാണ്ട് മുപ്പത് ശതമാനം വരുന്ന, നിർമ്മാണത്തിന്റെ എല്ലാ മേഖലയിലും വൈഭവമുള്ള സഖാക്കൾ, അവശേഷിച്ച എല്ലാ സഖാക്കൾക്കും പരിശീലനം നൽകി. നിർമ്മാണസാമഗ്രികൾ വാങ്ങുക എന്നതുമാത്രമായിരുന്നു നിർമ്മാണച്ചെലവ്.

സ്ത്രീ-പുരുഷഭേദമെന്യേ, പ്രായഭേദമെന്യേ സഖാക്കൾ നടത്തിയ കഠിനാധ്വാനം ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. ഉത്സവ പ്രതീതിയിൽ നടന്ന വാർക്കപ്പണിയിൽ 140ഓളം സഖാക്കൾ പണിയെടുത്തു. ലക്ഷ്യബോധത്തോടെയുള്ള അധ്വാനം ആനന്ദകരമായ അനുഭവം ആണെന്ന് സഖാക്കൾ തെളിയിച്ചു. നിർമ്മാണ മധ്യേ സഹായത്തിന്റെ പല ഉറവിടങ്ങളും വഴികളും തുറക്കപ്പെട്ടു. നഗരത്തിലെ അറിയപ്പെടുന്ന മനുഷ്യകാരുണ്യപ്രവർത്തകൻ പി.യു.തോമസിന്റെ നേതൃത്വത്തിൽ നവജീവൻ ട്രസ്റ്റ്, പണിയെടുക്കുന്ന സഖാക്കൾക്ക് ഒരു വർഷത്തിലധികമായി ഉച്ചഭക്ഷണം സൗജന്യമായി നൽകി. പാർട്ടിയോടുള്ള സാധാരണ ജനങ്ങളുടെ അകളങ്കമായ സ്‌നേഹം ഒരിക്കൽ കൂടി വെളിവാക്കപ്പെട്ടു. നിർമ്മാണ സാമഗ്രികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപയുടെ സംഭാവനകൾ ജനങ്ങൾ നൽകി. രാത്രിയും പകലും ഷിഫ്റ്റ് അടിസ്ഥാനത്തിൽ പണികൾ മുന്നേറി. തൊഴിലാളികളായ സഖാക്കൾ പകലന്തിയോളം കൂലിപ്പണിക്ക് പോയതിനുശേഷം രാത്രിയിൽ ഓഫീസ് നിർമ്മാണത്തിന് പരപ്രേരണ കൂടാതെ വന്നു കൊണ്ടിരുന്നു. പണി ചെയ്യുന്ന സഖാക്കൾ തന്നെ നിർമ്മാണസാമഗ്രികൾ വാങ്ങുന്നതിന് വേണ്ടി ജനങ്ങളിൽ നിന്നും സംഭാവനകൾ സ്വീകരിക്കുവാൻ വീടുകളും കടകളും കയറിയിറങ്ങി. സുഗമമായ ഒന്നായിരുന്നില്ല നിർമ്മാണ പ്രവർത്തനം. സാമ്പത്തികമടക്കമുള്ള പലതരം പ്രതിസന്ധികൾ പലപ്പോഴും പ്രത്യഭിമുഖം വന്നു. നമ്മുടെ പാർട്ടിയുടെ ചൈതന്യമായ തൊഴിലാളിവർഗ്ഗ സംസ്‌കാരത്തിലൂന്നിയ കൂട്ടായ്മകൊണ്ട് സഖാക്കൾ അതിനെ നേരിട്ടു. 669 ദിനരാത്രങ്ങൾ വിശ്രമരഹിതമായി സഖാക്കൾ അധ്വാനിച്ചു. എൻജിനീയറിംഗ് മുതൽ ഇഷ്ടികനിർമ്മാണം വരെ സന്നദ്ധപ്രവർത്തനത്തിലൂടെ നിർവ്വഹിക്കപ്പെട്ടു. ആകെ മുന്നൂറ്റമ്പതോളം സഖാക്കൾ സന്നദ്ധ പ്രവർത്തനത്തിൽ പങ്കാളികാളായി. അതിൽ അമ്പതോളം പേർ ഇതരജില്ലകളിൽ നിന്നുള്ളവരായിരുന്നു.

അത്യന്തം ക്ലേശകരമായ നിർമ്മാണപ്രവർത്തനങ്ങൾക്കിടയിലും രാഷ്ട്രീയ ദൗത്യങ്ങൾ നിറവേറ്റുന്നതിൽ സഖാക്കൾ ഒരു വീഴ്ചയും വരുത്തിയില്ല. നിർമ്മാണ പ്രവർത്തനത്തിനിടയിൽത്തന്നെയാണ് കോട്ടയം നഗരത്തിലെ ഭാരത് ആശുപത്രിയിലെ നഴ്‌സുമാർ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്. പാർട്ടി ജില്ലാ കമ്മിറ്റി ആ സമരത്തെ സർവ്വാർത്ഥത്തിലും പിന്തുണച്ചു. എന്ന് മാത്രമല്ല, പണി പൂർത്തിയാകാത്ത നമ്മുടെ കെട്ടിടം നഴ്‌സുമാരുടെ സമര കേന്ദ്രമായി പ്രവർത്തിച്ചു. നഴ്‌സുമാർക്ക് രാത്രിയിൽ കഞ്ഞിയും പ്രഭാതത്തിൽ കടുംകാപ്പിയും വർക്ക് സൈറ്റിൽ നിന്നും സഖാക്കൾ എല്ലാദിവസവും എത്തിച്ചു. പണി പൂർത്തിയാകും മുൻപ് തന്നെ ജനകീയ സമര കേന്ദ്രമായി വർത്തിക്കുവാൻ ഓഫീസിന് സാധിച്ചു എന്നത് എടുത്തുപറയേണ്ട ഒന്നാണ്.
കേരളത്തെ ഒന്നടങ്കം വിഴുങ്ങിയ മഹാപ്രളയത്തിൽ പാർട്ടി സംസ്ഥാന കമ്മിറ്റി നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ബേസ് ക്യാമ്പായി നിർമ്മാണം പൂർത്തിയാകാത്ത ഈ കെട്ടിടം മാസങ്ങളോളം പ്രവർത്തിച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിന്നും പാർട്ടി സഖാക്കൾ അയച്ച ഭക്ഷ്യവസ്തുക്കളും തുണിത്തരങ്ങളും സൈറ്റിൽ സംഭരിക്കുകയും സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ വിതരണം നടത്തുകയും ചെയ്തു.
ശാസ്ത്രകേന്ദ്രം പ്രവർത്തിച്ചുതുടങ്ങുന്നതിനും മുമ്പ് നിർമ്മാണവേളയിൽത്തന്നെ ജില്ലയിലെ നിരവധി കോളേജുകളിൽനിന്ന് വിദ്യാർത്ഥികൾ ചെറുസംഘങ്ങളായി വന്ന് ടെലിസ്‌കോപ്പ് നിർമ്മാണത്തിൽ പരിശീലനവും അടിസ്ഥാന ജ്യോതിശാസ്ത്രത്തിൽ ക്ലാസ്സും നേടി. എന്തുലക്ഷ്യത്തിനുവേണ്ടിയായിരുന്നുവോ ഈ മന്ദിരം നിർമ്മിച്ചത്, പണിപൂർത്തിയാകും മുമ്പേ പ്രസ്തുത ലക്ഷ്യങ്ങൾക്കായി കെട്ടിടം ഉപയോഗപ്പെടുത്തപ്പെട്ടു കഴിഞ്ഞിരുന്നു. ഒരു വർഷം മുമ്പ് നമ്മോട് വിടപറഞ്ഞ പാർട്ടിയുടെ കേന്ദ്ര സ്റ്റാഫ് അംഗവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ജനകീയ ശാസ്ത്രസംഘടനയായ ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റിയുടെ സംസ്ഥാന പ്രസിഡണ്ടുമായിരുന്ന ജി.എസ്.പത്മകുമാറിന്റെ സ്മരണയ്ക്കായി ഈ മന്ദിരം സമർപ്പിക്കുകയാണ്.
പാർട്ടിയുടെയും മുന്നണി സംഘടനകളുടെയും ജില്ലാ ഓഫീസുകൾ, ശാസ്ത്ര പ്രവർത്തകർക്കും വിദ്യാർത്ഥികൾക്കുമായുള്ള ശാസ്ത്രകേന്ദ്രം, പാർട്ടി സെന്റർ, വൈക്കം മുഹമ്മദ് ബഷീർ സ്മാരക സാംസ്‌കാരിക കേന്ദ്രം, ലൈബ്രറി തുടങ്ങിയവ ഉൾപ്പെടുന്നതായിരിക്കും ജി.എസ് പത്മകുമാർ ഭവൻ. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും വാനനിരീക്ഷണത്തിനായി 16 ഇഞ്ച് വ്യാസമുള്ള ടെലിസ്‌കോപ്പും ശാസ്ത്രകേന്ദ്രത്തിന്റെ ഭാഗമായി സ്ഥാപിക്കും.

പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം സഖാവ് കെ.രാധാകൃഷ്ണ
ഉദ്ഘാടനം ചെയ്തു.

വിപ്ലവ പ്രവർത്തനത്തിന്റെ കേന്ദ്രമാണ് പാർട്ടി ഓഫീസ്. ജനകീയ സമരങ്ങൾ വളർത്തിയെടുക്കുവാനും ചർച്ചകളുടെയും പ്രത്യയശാസ്ത്ര പഠനങ്ങളുടെയും കേന്ദ്രമായും ഓഫീസ് വർത്തിക്കണം. ജനങ്ങളുടെ സംഭാവനയിലൂടെയും സഖാക്കളുടെ സന്നദ്ധപ്രവർത്തനത്തിലൂടെയും പണി തീർത്ത ഈ ഓഫീസ് സാമൂഹിക ഉടമസ്ഥതയിലുള്ള ഒന്നായിരിക്കും’പാർട്ടി സ്ഥാപക ജനറൽ സെക്രട്ടറസഖാവ് ശിബ്ദാസ് ഘോഷിന്റെ വാക്കുകളെ ഓർമ്മിപ്പിച്ചുകൊണ്ട് ഉദ്ഘാടന പ്രസംഗത്തിൽ സഖാവ് കെ രാധാകൃഷ്ണ പറഞ്ഞു. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ജില്ലാ സെക്രട്ടറിയുമായ സഖാവ് ജയ്‌സൺ ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയ ഉദ്ഘാടന സമ്മേളനത്തിൽ കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ, എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) കേന്ദ്രക്കമ്മിറ്റിയംഗം സഖാവ് കെ.ശ്രീധർ, സംസ്ഥാന സെക്രട്ടറിയും കേന്ദ്രക്കമ്മിറ്റിയംഗവുമായ സഖാവ് വി.വേണുഗോപാൽ, എഐടിയുസി സംസ്ഥാന പ്രസിഡണ്ട് സഖാവ് ജെ. ഉദയഭാനു, സിപിഐ(എം) ജില്ലാകമ്മിറ്റി അംഗവും അർബൻ ബാങ്ക് പ്രസിഡണ്ടുമായ സഖാവ് അഡ്വ.കെ.അനിൽകുമാർ, സിപിഐ ജില്ലാ സെക്രട്ടറി സഖാവ് സി.കെ.ശശിധരൻ, യുഎൻഎ ദേശീയ പ്രസിഡണ്ട് ജാസ്മിൻ ഷാ, പ്രമുഖ അഭിഭാഷകൻ അഡ്വ.വി.കെ.സത്യവാൻ നായർ, ലോക് ജനതാദൾ സംസ്ഥാന സെക്രട്ടറിയും കെഎസ്ആർടിസി ഡ്രൈവേഴ്‌സ് യൂണിയൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റുമായ സണ്ണി തോമസ്, എസ്‌യുസിഐ(സി)തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി സഖാവ് എ.രംഗസ്വാമി, ഐഎൻപിഎ സംസ്ഥാന വൈസ് പ്രസിഡന്റ് നന്ദനൻ വലിയപറമ്പിൽ, ജില്ലാ പഞ്ചായത്ത് അംഗം ജയേഷ് മോഹൻ, എസ്ഡിപിഐജില്ലാപ്രസിഡന്റ് യു.നവാസ്, എസ്‌യുസിഐ(സി) കർണ്ണാടക സംസ്ഥാനകമ്മിറ്റിയംഗം ശശിധർ, പ്രൊഫ.സി.എസ്.മേനോൻ, എൻസിപി ജില്ലാ പ്രസിഡണ്ട് കാണക്കാരി അരവിന്ദാക്ഷൻ, ട്രേഡ് യൂണിയൻ നേതാവ് പി.കെ.ആനന്ദക്കുട്ടൻ, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് മോഹൻദാസ് ഉണ്ണിമഠം, ജനകീയ പ്രതിരോധ സമിതി കൊല്ലം ജില്ലാ പ്രസിഡണ്ട് എ.ജയിംസ്, ജോർജ്ജ് മുല്ലക്കര, ജോർജ്ജ് മാത്യു കൊടുമൺ എന്നിവർ പ്രസംഗിച്ചു.
എഐടിയുസി സംസ്ഥാന പ്രസിഡന്റ് സഖാവ് ഉദയഭാനു ആശംസകൾ അർപ്പിച്ച് സംസാരിച്ചു.’സഖാവ് സി.കെ.ലൂക്കോസ് ഉൾപ്പെടെയുള്ള നേതാക്കന്മാർ കഠിനപ്രയത്‌നം നടത്തിയാണ് എസ്‌യുസിഐ(സി) കേരളത്തിൽ സംഘടിപ്പിച്ചത്. അദ്ദേഹത്തിന്റെ പിൻഗാമികളായ സഖാക്കളും ആദർശനിഷ്ഠ മുറുകെപ്പിടിച്ച് മുന്നോട്ടു പോകുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് സന്നദ്ധപ്രവർത്തനത്തിലൂടെ പണിതുയർത്തിയ ഈ ഓഫീസ്. പ്രമുഖ അഭിഭാഷകൻ അഡ്വക്കേറ്റ് വി.കെ സത്യവാൻ നായർ ആശംസകൾ അർപ്പിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു, എല്ലാ പാർട്ടികൾക്കും മാതൃകയാണിത്. അസാധ്യമായത് സാധ്യമാക്കിയിരിക്കുന്നു എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പ്രവർത്തകർ. എത്ര ആളുണ്ട് എന്നതല്ല ഉള്ള ആളുകളുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് പ്രധാനം എന്ന് ഞങ്ങൾ മനസ്സിലാക്കിയത് എസ്‌യുസിഐ എന്ന മഹത്തായ പ്രസ്ഥാനത്തിലൂടെയാണ്. ഓഫീസ് നിർമ്മാണത്തിൽ പങ്കെടുത്ത മുഴുവൻ സഖാക്കളെയും അഭിനന്ദിക്കുന്നു അതിനോടൊപ്പം എല്ലാകാലത്തും എസ്‌യുസിഐയോടൊപ്പം ഞങ്ങൾ ഉണ്ടാകും. യുഎൻഎ ദേശീയ പ്രസിഡണ്ട് ജാസ്മിൻഷാ ആശംസകളർപ്പിച്ചു കൊണ്ട് പ്രഖ്യാപിച്ചു. പാർട്ടി സംസ്ഥാനക്കമ്മിറ്റിയംഗമായ സഖാവ് മിനി കെ. ഫിലിപ്പ് സ്വാഗതവും ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റിയുടെ സംസ്ഥാന സെക്രട്ടറി പ്രൊഫ. പി.എൻ.തങ്കച്ചൻ കൃതജ്ഞതയും രേഖപ്പെടുത്തി.
ഉദ്ഘാടനസമ്മേളനത്തിനുശേഷം ജില്ലയിലെ പ്രവർത്തകർ അവതരിപ്പിച്ച കലാ-സാംസ്‌കാരിക പരിപാടികളും വേദിയിൽ നടന്നു. കെട്ടിടനിർമ്മാണത്തിന്റെ ലഘുചരിത്രം വിശദമാക്കുന്ന ഡോക്കുമെന്ററി ഫിലിമിന്റെ പ്രദർശനംവും നടന്നു.

Share this post

scroll to top