ഊർജ്ജമേഖലയുടെ സമ്പൂർണ്ണസ്വകാര്യവൽക്കരണത്തെ ചെറുക്കുക -സമർസിൻഹ

Spread our news by sharing in social media

കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന വൈദ്യൂതി നിയമഭേദഗതി ഊർജ്ജമേഖലയുടെ സമ്പൂർണ്ണ സ്വകാര്യവൽക്കരണം ലക്ഷ്യംവെച്ചാണെന്ന് ആൾ ഇന്ത്യാ പവ്വർമെൻസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി സമർസിൻഹ അഭിപ്രായപ്പെട്ടു. കോർപ്പറേറ്റുകൾക്ക് വൈദ്യൂതിരംഗം തീറെഴുതുന്നതിനെ ചെറുത്തുപരാജയപ്പെടുത്തുവാൻ ശക്തമായ പ്രക്ഷോഭം വളർത്തിയെടുക്കാൻ മുന്നോട്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആൾ ഇന്ത്യാ പവ്വർമെൻസ് ഫെഡറേഷൻ മൂന്നാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാങ്ക് എംപ്ലോയീസ് യൂണിയൻ ഹാളിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഡി.സുന്ദരേശൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.കെ സദാനന്ദൻ സംഘടനാറിപ്പോർട്ട് അവതരിപ്പിച്ചു.

പങ്കാളിത്ത പെൻഷൻ പിൻവലിച്ചുകൊണ്ട് സ്റ്റാറ്റിയൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക, കാലതാമസം ഒഴിവാക്കി കെ.എസ്.ഇ.ബി കരാർ തൊഴിലാളികളെ ഉടനടി സ്ഥിരപ്പെടുത്തുക, കരാർ തൊഴിലാളികൾക്ക് ആശ്രിത നിയമനവും ചികിത്സാസഹായവും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ പ്രമേയങ്ങൾ സമ്മേളനം പാസ്സാക്കി. എ.ഐ.പി.എഫ് നേതാവ് കെ.കെ സുരേന്ദ്രൻ, കെ.എസ്.ഇ വർക്കേഴ്‌സ് യൂണിയൻ നേതാക്കളായ ബെന്നി ബോണിഫസ്, ബി.രാജീവൻ, വിജേഷ്, പി.സി.സി ലൈൻ വർക്കേഴ്‌സ് യൂണിയൻ നേതാക്കളായ പി.എം ദിനേശൻ, പി.കെ സജി, ആർ.വേണുഗോപാൽ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തുകൊണ്ട് സംസാരിച്ചു. ഡി.ഹരികൃഷ്ണൻ സ്വാഗതവും ജെ.സുരേഷ് കൃതജ്ഞതയും പറഞ്ഞു.

എസ്.സീതിലാൽ പ്രസിഡന്റും ബെന്നി ബോണിഫസ് സെക്രട്ടറിയുമായിട്ടുള്ള 37 അംഗകമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.

 

Share this