മഹാകവി കുമാരനാശാൻ ചരമ ശതാബ്ദിയാചരണ സമ്മേളനം കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ സംഘടിപ്പിച്ചു. പ്രമുഖ സാഹിത്യ നിരൂപകനും എഴുത്തുകാരനുമായ പി.ആർ.ജയശീലൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കവിയും കുമാരനാശാൻ ചരമശതാബ്ദി ആചരണ സമിതി കണ്ണൂർ ജില്ലാ ചെയർമാനുമായ മാധവൻ പുറച്ചേരി അധ്യക്ഷത വഹിച്ചു.
ജാതി-മത സ്പർദ്ധ സമൂഹത്തെ ഇരുട്ടിലേക്ക് കൊണ്ടുപോകുന്ന ഈ കാലഘട്ടത്തിൽ കുമാരനാശാൻ തന്റെ കൃതികളിലൂടെ പകർന്ന പുതിയ നവോത്ഥാന മൂല്യങ്ങൾ വളരെ പ്രസക്തമാണ്. മറ്റുള്ളവരെ കുറിച്ചുള്ള ഉൽഘണ്ഠകളായിരുന്നു ആശാൻ കവിതയിലും സാമൂഹ്യപരിഷ്കരണരംഗത്തും പങ്കുവച്ചത്. ‘‘അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ’’ എന്നതായിരുന്നു ആശാന്റെ കാഴ്ചപ്പാട്. സ്ത്രീപുരുഷ ബന്ധങ്ങളിൽ വിപ്ലവകരമായ കാഴ്ചപ്പാടുകൾ കുമാരനാശാൻ കവിതയിലൂടെ ആവിഷ്കരിച്ചു. ശ്രീ നാരായണ ഗുരുവിന്റെ ദർശനത്തിന്റെ കാവ്യാവിഷ്കാരമായിരുന്നു ആശാൻ കൃതികളിലൂടെ നിർവ്വഹിച്ചത്. ഊഴിയിൽ ഏറ്റവും ചെറിയ മനുഷ്യർക്കു വേണ്ടിയായിരുന്നു ആശാൻ പ്രവർത്തിച്ചതെന്നും ഉദ്ഘാടന പ്രസംഗത്തിൽ ഡോ.പി.ആർ ജയശീലൻ അഭിപ്രായപ്പെട്ടു.
കുമാരനാശാൻ ചരമശതാബ്ദിയാചരണ സമിതി കണ്ണൂർ ജില്ലാ ഘടകം കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽവച്ച് നടത്തിയ ആ ചരണ സമ്മേളനത്തിൽ കവി കെ.സി.ഉമേഷ് ബാബു, ഡോ.അകിൽ മുരളി, രശ്മി രവി, അഡ്വ. വിവേക് വേണുഗോപാൽ എന്നിവർ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് കുമാരനാശാന്റെ ‘കരുണ’യുടെ നൃത്താവിഷ്കാരം നർത്തകിയും ഗവേഷകയുമായ മേഘമൽഹാർ അവതരിപ്പിച്ചു. ജില്ലയിലുടനീളം ആചരണ പരിപാടികൾ സംഘടിപ്പിക്കാൻ സമിതി തീരുമാനിച്ചു.