ലെനിന്‍ ചരമശതാബ്ദി ആചരണം : ലെനിന്റെ ജീവിതപാത പിന്തുടര്‍ന്ന് സോഷ്യലിസ്റ്റ് വിപ്ലവത്തിനായുള്ള പോരാട്ടം ശക്തിപ്പെടുത്തുക

LENIN-Nov-1-CHRY-2.jpg
Share

തൊഴിലാളി വര്‍ഗ്ഗത്തിന്റെ മഹാനായ ഗുരുനാഥന്‍ സഖാവ് ലെനിന്റെ ചരമ ശതാബ്ദിയുടെ സംസ്ഥാനതല ആചരണങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് എസ്‍യുസിഐ(കമ്മ്യൂണിസ്റ്റ്) പൊളിറ്റ് ബ്യൂറോ അംഗവും പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറിയുമായ സഖാവ് ഛണ്ഡിദാസ് ഭട്ടാചാര്യ, നവംബര്‍ ഒന്നിന് ചങ്ങനാശ്ശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ ‘ലെനിന്റെ ജീവിതസമരവും പാഠങ്ങളും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.അതിന്റെ മലയാള പരിഭാഷ ചുവടെ ചേര്‍ക്കുന്നു.

മഹാനായ ലെനിന്റെ ജീവിത സമരത്തെയും മാര്‍ക്‌സിസത്തിന് അദ്ദേഹം നല്‍കിയ സംഭാവനകളെയും കുറിച്ച് ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മനുഷ്യന്‍ മനുഷ്യനുമേല്‍ നടത്തുന്ന ചൂഷണത്തിന് അറുതി വരുത്തിയ റഷ്യന്‍ വിപ്ലവത്തിന്റെ ശില്പിയായിരുന്നു ലെനിന്‍. മാര്‍ക്‌സിസ്റ്റ് ദര്‍ശനത്തെ അടിസ്ഥാനമാക്കി ലെനിന്‍ നേതൃത്വം നല്‍കിയ ഈ വിപ്ലവം ലോക തൊഴിലാളിവര്‍ഗ്ഗത്തിന് മോചനപാത കാണിച്ചുകൊടുത്തു. ചൂഷണരഹിതമായ സമൂഹത്തിന്റെ സൃഷ്ടി ചൂഷകവര്‍ഗങ്ങളെ ചൊടിപ്പിച്ചെങ്കിലും ലോകമെമ്പാടുമുള്ള അധ്വാനിച്ചു ജീവിക്കുന്ന ജനങ്ങള്‍ ലെനിനെ തങ്ങളുടെ മാര്‍ഗദര്‍ശിയായി സ്വീകരിച്ചു.
പല പ്രഗത്ഭരും മാര്‍ക്‌സിനെയും ഏംഗല്‍സിനെയും കുറിച്ച് പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ അവര്‍ക്കൊന്നും മാര്‍ക്‌സിസം സ്വാംശീകരിക്കാന്‍ കഴിഞ്ഞില്ല. പഠനത്തിലൂടെ മാത്രം അത് സാധ്യമല്ല. തത്വചിന്തകര്‍ ലോകത്തെ വ്യാഖ്യാനിക്കുക മാത്രമാണ് ചെയ്തത്, അതിനെ മാറ്റിത്തീര്‍ക്കുക എന്നതാണ് ആവശ്യം എന്ന് ഫൊയര്‍ബാഹിനെക്കുറിച്ചുള്ള തീസിസില്‍ മാര്‍ക്‌സ് പറയുന്നുണ്ട്. പഠനവും പ്രയോഗവും സമന്വയിപ്പിച്ചുകൊണ്ടേ മാര്‍ക്‌സിസം സ്വാംശീകരിക്കാനാകൂ. അതിന് ജീവിതത്തിന്റെ സര്‍വ്വാംശങ്ങളിലും ആ ദര്‍ശനം പ്രയോഗിക്കേണ്ടതുണ്ട്. തൊഴിലാളിവര്‍ഗ്ഗത്തിന് ലോകത്തെ മാറ്റാന്‍ അവര്‍ സ്വയം മാറേണ്ടതുണ്ട് എന്ന മാര്‍ക്‌സിന്റെ പാഠം, നമ്മുടെ പാര്‍ട്ടിയുടെ സ്ഥാപകനും സമുന്നത മാര്‍ക്‌സിസ്റ്റ് ദാര്‍ശനികനുമായ സഖാവ് ശിബ്‍ദാസ് ഘോഷ് നമ്മെ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. മാര്‍ക്‌സിസം കേവലമൊരു തത്വചിന്ത മാത്രമല്ല, അത് പ്രവര്‍ത്തനത്തിനുള്ള വഴികാട്ടി കൂടിയാണ്. ഇവ്വിധം മാര്‍ക്‌സിസത്തെ സ്വാംശീകരിച്ചതുകൊണ്ടാണ് ലെനിന് വിപ്ലവം വിജയിപ്പിക്കാനായത്.
മതാചാര്യന്‍മാരും നവോത്ഥാന ചിന്തകരുമൊക്കെ അനീതിയും അടിച്ചമര്‍ത്തലുമില്ലാത്ത ഒരു ലോകം ആഗ്രഹിച്ചിരുന്നു. എന്നാല്‍ അവര്‍ക്കൊന്നും അത് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞില്ല. നന്മ കളിയാടുന്നൊരു ജീവിതം സ്വര്‍ഗ്ഗത്തിലേ പ്രാപ്യമാകൂ എന്നവര്‍ സമാധാനിച്ചു. എന്നാല്‍ അത് ഭൂമിയില്‍ത്തന്നെ സാദ്ധ്യമാണെന്ന് മാര്‍ക്‌സും ഏംഗല്‍സും സമര്‍ത്ഥിച്ചു. ലെനിന്‍ റഷ്യന്‍ വിപ്ലവത്തിലൂടെ അത് തെളിയിച്ചു. സാമൂഹ്യ പുരോഗതിയുടെ നിയമങ്ങള്‍ ഗ്രഹിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് അത് സാധിച്ചത്. പ്രപഞ്ചത്തില്‍ എല്ലാം നിയമവിധേയമായാണ് നിലനില്‍ക്കുന്നതെന്ന് മാര്‍ക്‌സിസം ചൂണ്ടിക്കാണിച്ചു. പ്രകൃതിയിലെപ്പോലെ സമൂഹത്തിലും ഈ നിയമങ്ങള്‍ പ്രവര്‍ത്തിക്കുന്നു. വര്‍ഗ വിഭജിതമായ ഒരു സമൂഹത്തില്‍ വര്‍ഗ സമരമാണ് സാമൂഹ്യ പുരോഗതി നിര്‍ണയിക്കുന്നത്. മുതലാളിത്ത സമൂഹത്തില്‍ മുതലാളിവര്‍ഗ്ഗവും തൊഴിലാളിവര്‍ഗ്ഗവും തമ്മിലാണ് ഈ സമരം. ഡാര്‍വിന്‍ ജീവിവര്‍ഗ്ഗങ്ങളുടെ പരിണാമത്തിന്റെ നിയമങ്ങള്‍ കണ്ടെത്തിയതുപോലെ മാര്‍ക്‌സ് സാമൂഹ്യ പുരോഗതിയുടെ നിയമങ്ങള്‍ കണ്ടെത്തിയെന്ന് ഏംഗല്‍സ് പറഞ്ഞിട്ടുണ്ട്.
മുതലാളിത്ത സമൂഹത്തില്‍ ഉല്‍പാദനത്തിന്റെ ഉടമസ്ഥത മുതലാളിവര്‍ഗത്തിന്റെ കൈകളിലാണ്. പരമാവധി ലാഭമാണ് ഉല്‍പാദന ലക്ഷ്യം. തൊഴിലാളികള്‍ ചൂഷണത്തിനിരയാകുന്നതിനാല്‍ അവരുടെ ക്രയശേഷി ഇടിയുകയും കമ്പോളത്തില്‍ ചരക്കുകള്‍ വിറ്റഴിക്കാന്‍ കഴിയാതെ ഉല്‍പാദനം വെട്ടിക്കുറയ്ക്കാന്‍ മുതലാളിമാര്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നു. മുതലാളിത്ത ഉല്‍പാദന വ്യവസ്ഥ സഹജമായി സൃഷ്ടിക്കുന്ന ഈ കമ്പോള പ്രതിസന്ധി സാമൂഹ്യ പുരോഗതിക്ക് വിലങ്ങുതടിയാകുന്നു. മുതലാളിത്ത ഉല്‍പാദന വ്യവസ്ഥ നിലനിര്‍ത്തിക്കൊണ്ട് ഈ പ്രതിസന്ധി പരിഹരിക്കാനാകില്ല. സാമൂഹികമായ ഉല്‍പാദനവും സ്വകാര്യ ഉടമസ്ഥതയും തമ്മിലുള്ള വൈരുദ്ധ്യം പരിഹരിച്ചുകൊണ്ടേ സമൂഹത്തിന് മുന്നോട്ടുപോകാനാകൂ. സാമൂഹിക ഉടമസ്ഥത സ്ഥാപിക്കുക എന്നതാണ് പോംവഴി. അതിന് സോഷ്യലിസ്റ്റ് വിപ്ലവം സംഘടിപ്പിക്കണം. തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം സ്ഥാപിക്കണം. സാമൂഹ്യ പുരോഗതിയുടെ ശാസ്ത്രീയ പാത ചൂണ്ടിക്കാണിച്ച മാര്‍ക്‌സിസം, വിപ്ലവം അനിവാര്യമാണെന്ന് പ്രഖ്യാപിച്ചു. വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന ശാസ്ത്രീയ ദര്‍ശനം ആവിഷ്‌കരിച്ചുകൊണ്ട് വിപ്ലവ മുന്നേറ്റത്തിന് ദാര്‍ശനികാടിത്തറ പ്രദാനം ചെയ്തു.


റഷ്യയില്‍ മാര്‍ക്‌സിസ്റ്റ് ആശയങ്ങള്‍ ആദ്യം പ്രചരിപ്പിക്കുന്നത് പ്ലഖനോവ് ആണ്. അദ്ദേഹം മാര്‍ക്‌സിസ്റ്റ് കൃതികള്‍ റഷ്യനിലേയ്ക്ക് പരിഭാഷപ്പെടുത്തുകയും തൊഴിലാളി സംഘങ്ങള്‍ രൂപീകരിക്കാന്‍ മുന്‍കൈയെടുക്കുകയും ചെയ്തു. എന്നാല്‍ പില്‍ക്കാലത്ത് അദ്ദേഹം മാര്‍ക്‌സിസ്റ്റ് വിരുദ്ധ പാതയിലേയ്ക്ക് വ്യതിചലിച്ചു.
ലെനിന് 17 വയസ്സുള്ളപ്പോള്‍, കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജ്യേഷ്ഠന്‍ അലക്‌സാണ്ടര്‍, സാര്‍ ചക്രവര്‍ത്തിയെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ അറസ്റ്റ് ചെയ്യപ്പെടുകയും തൂക്കിലേറ്റപ്പെടുകയും ചെയ്തു. സാര്‍ ഭരണത്തോടുള്ള വിദ്വേഷവും വിപ്ലവ പ്രവര്‍ത്തനത്തോടുള്ള ആഭിമുഖ്യവും ലെനിനില്‍ വളരുവാന്‍ ഇത് കാരണമായി. എന്നാല്‍ ഒറ്റപ്പെട്ട ഭീകരപ്രവര്‍ത്തനങ്ങളുടെ മാര്‍ഗം ലെനിന് സ്വീകാര്യമായിരുന്നില്ല. മാര്‍ക്‌സിസം മുന്നോട്ടുവച്ച വര്‍ഗസമരത്തിന്റെ പാതയാണ് അദ്ദേഹം സ്വീകരിച്ചത്.
ചരിത്രം രചിക്കുന്നത് വീരനായകരാണെന്ന കാഴ്ചപ്പാട് വച്ചുപുലര്‍ത്തിയ വിഭാഗമായിരുന്നു നരോദ്‌നിക്കുകള്‍. വര്‍ഗസമരത്തെ അവര്‍ അംഗീകരിച്ചില്ല. തൊഴിലാളിവര്‍ഗ്ഗത്തിന്റെ പങ്ക് അവര്‍ നിഷേധിച്ചു. കര്‍ഷകരാണ് പുരോഗമന ശക്തി എന്നാണവര്‍ ധരിച്ചത്. എണ്ണത്തില്‍ കുറവായിരുന്ന തൊഴിലാളികള്‍ക്ക് വിപ്ലവം നയിക്കാനാവില്ല എന്നവര്‍ കരുതി. നരോദ്‌നിക് സ്വാധീനത്തില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കാനായി ‘ആരാണ് ജനങ്ങളുടെ മിത്രങ്ങള്‍’ എന്ന പേരില്‍ ഒരു ലഘുലേഖ ലെനിന്‍ രചിച്ചു. വര്‍ഗ സമരത്തിന്റെ പാതയാണ് സാമൂഹ്യ വികാസത്തിന്റെ ശാസ്ത്രീയ പാതയെന്ന് ഇതില്‍ അദ്ദേഹം സമര്‍ത്ഥിച്ചു. ‘റഷ്യയിലെ മുതലാളിത്ത വികാസം’ എന്ന ലഘുകൃതിയിലൂടെ കര്‍ഷകരല്ല, തൊഴിലാളിവര്‍ഗ്ഗമാണ് സാമൂഹ്യ പുരോഗതിയുടെ ശക്തി എന്നും മുതലാളിത്ത ഉല്‍പാദന സമ്പ്രദായമാണ് റഷ്യയില്‍ കരുത്താര്‍ജ്ജിക്കുകയെന്നും ലെനിന്‍ സമര്‍ത്ഥിച്ചു.
തൊഴിലാളിവര്‍ഗ വിപ്ലവം നയിക്കാന്‍ ഒരു തൊഴിലാളിവര്‍ഗ പാര്‍ട്ടി അനിവാര്യമാണെന്ന നിഗമനത്തില്‍ എത്തിയതോടെ ആര്‍എസ്ഡിഎല്‍പി എന്ന പേരില്‍ ഒരു സംഘടന രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ലെനിന്‍ ആരംഭിച്ചു. എന്നാല്‍, വിപ്ലവ സിദ്ധാന്തമില്ലാതെ വിപ്ലവപാര്‍ട്ടി കെട്ടിപ്പടുക്കാനാകില്ല. അതിന് ഒരു ആശയരൂപീകരണം നടത്തേണ്ടതുണ്ട്. അതിനാകട്ടെ ഒരു പാര്‍ട്ടി പത്രം അനിവാര്യമാണ്. ‘ഇസ്‌ക്ര’ എന്ന പേരില്‍ ലെനിന്‍ ഒരു പ്രസിദ്ധീകരണം ആരംഭിച്ചു. ‘എന്തുചെയ്യണം’ എന്ന കൃതിയില്‍ പാര്‍ട്ടിയുടെ ആശയപരമായ അടിത്തറ എന്തെന്ന് ലെനിന്‍ വിശദീകരിച്ചു. ഒപ്പം പാര്‍ട്ടി പത്രത്തിന്റെ പ്രാധാന്യവും എടുത്തുപറഞ്ഞു. പാര്‍ട്ടി പത്രം പ്രചാരകനും സംഘാടകനും പ്രക്ഷോഭകാരിയുമായി വര്‍ത്തിക്കുന്നു എന്നാണ് ലെനിന്‍ ചൂണ്ടിക്കാണിച്ചത്.
പാര്‍ട്ടി കെട്ടിപ്പടുത്തുമുന്നേറുക വളരെ ദുഷ്‌കരമായിരുന്നു. തൊഴിലാളികള്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള സമരങ്ങളാണ് നടത്തേണ്ടതെന്നും രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തേണ്ടതില്ലെന്നും വാദിച്ച സാമ്പത്തികവാദികളെ ലെനിന്‍ നഖശിഖാന്തം എതിര്‍ത്തു. രാഷ്ട്രീയ സമരങ്ങള്‍ സംഘടിപ്പിക്കാതെ രാഷ്ട്രീയാധികാരം നേടാനാവില്ലെന്നും വിപ്ലവത്തിലൂടെ മാത്രമേ തൊഴിലാളിവര്‍ഗത്തിന്റെയും സമൂഹത്തിന്റെയും പ്രശ്‌നങ്ങള്‍ക്ക് അടിസ്ഥാന പരിഹാരം കണ്ടെത്താനാകൂ എന്നും ലെനിന്‍ ഓര്‍മിപ്പിച്ചു. ‘ഒരടി മുന്നോട്ട്, രണ്ടടി പിന്നോട്ട്’ എന്ന കൃതിയില്‍ പാര്‍ട്ടി സംഘടനയുടെ അനിവാര്യതയും സവിശേഷതകളും ലെനിന്‍ വ്യക്തമാക്കി. തൊഴിലാളിവര്‍ഗ സര്‍വ്വാധിപത്യത്തിന്റെ പ്രാധാന്യവും അടിവരയിട്ടുപറഞ്ഞു.


കെട്ടുറപ്പുള്ള ഒരു സംഘടന കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങള്‍ക്കുമുന്നില്‍ പിന്നെയും തടസ്സങ്ങള്‍ ഉയര്‍ന്നുവന്നു. പാര്‍ട്ടി അംഗത്വം ഉദാരമായി നല്‍കണമെന്ന് മാര്‍ട്ടോവും കൂട്ടരും വാദിച്ചു. എന്നാല്‍, പാര്‍ട്ടി വരിസംഖ്യ നല്‍കുകയും അച്ചടക്കം പാലിക്കുകയും പാര്‍ട്ടി നേതൃത്വത്തെ അഗീകരിക്കുകയും ഏതെങ്കിലും ഘടകത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാകണം പാര്‍ട്ടി മെമ്പര്‍മാര്‍ എന്ന നിബന്ധന ലെനിന്‍ മുന്നോട്ടു വച്ചു. വിപ്ലവത്തിന്റെ കാതല്‍ ഭരണകൂടാധികാരത്തെ മാറ്റിപ്രതിഷ്ഠിക്കലാണെന്നും അതിന് സുഘടിതവും അച്ചടക്കമുള്ളതുമായ സംഘടന അനിവാര്യമാണെന്നുമുള്ള നിലപാടില്‍ ലെനിന്‍ ഉറച്ചുനിന്നു. തൊഴിലാളിവര്‍ഗം സ്വയമേവ വിപ്ലവബോധം ആര്‍ജ്ജിക്കുകയല്ല, അത് പുറമേനിന്ന് പകര്‍ന്നുനല്‍കുകയാണ് വേണ്ടത്. വിപ്ലവ പാര്‍ട്ടിയുടെ പങ്ക് ഇവിടെ നിര്‍ണായകമാണ്.
തൊഴിലാളികള്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങളുമായി ബന്ധപ്പെടാന്‍ തുടങ്ങിയതോടെ അവരുടെ സമരങ്ങളും പണിമുടക്കുകളും കരുത്താര്‍ജ്ജിച്ചു. തൊഴിലാളികളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങളും ഇതോടൊപ്പം ആരംഭിച്ചു. സമാധാനപരമായി, നിവേദനങ്ങളിലൂടെയുംമറ്റും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന ചിന്താഗതി സാര്‍ അനുകൂലികള്‍ പ്രചരിപ്പിച്ചു. 1905ലെ വിപ്ലവശ്രമം അടിച്ചമര്‍ത്തപ്പെട്ടതോടെ സംഘടിതമായ വിപ്ലവമുന്നേറ്റം അനിവാര്യമാണെന്ന പ്രചാരണം ബോള്‍ഷെവിക്കുകള്‍ ശക്തമാക്കി. തൊഴിലാളികളില്‍ ഇത് സ്വാധീനം ചെലുത്തി. എന്നാല്‍ പൊതുവില്‍ വിപ്ലവപ്രവര്‍ത്തനം ദുഷ്‌കരമായ സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടത്. പുതിയ പ്രവര്‍ത്തന ശൈലികള്‍ ആവിഷ്‌കരിക്കാന്‍ ലെനിന്‍ ആഹ്വാനംചെയ്തു. പരിമിതമായ അധികാരങ്ങള്‍ മാത്രമുള്ള ഡ്യൂമകള്‍പോലും ഇതിനായി ഉപയോഗപ്പെടുത്തി.
സോവിയറ്റുകള്‍ രൂപീകരിക്കപ്പെട്ടിരു ന്നതുകൊണ്ട് തൊഴിലാളികളും ജനങ്ങളുമായി ബന്ധം പുലര്‍ത്താനും ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറയൊരുക്കാനും സഹായകമായെങ്കിലും ബൗദ്ധികരംഗത്തും പ്രത്യയശാസ്ത്ര മേഖലയിലും പിന്തിരിപ്പത്തത്തിന്റെ ആക്രമണം കടുത്തതായിരുന്നു. സംഘടിതമായ വിപ്ലവപ്രവര്‍ത്തനം ആവശ്യമില്ലെന്ന ചിന്താഗതിയും ശക്തിപ്പെട്ടുവന്നു. ‘മാര്‍ക്‌സിസവും തിരുത്തല്‍വാദവും’ എന്ന കൃതിയിലൂടെ ഈ ചിന്താഗതിയെ ലെനിന്‍ നേരിട്ടു. വിപ്ലവ പാര്‍ട്ടിയില്ലാതെ വിപ്ലവം സാദ്ധ്യമല്ല. വിപ്ലവ പാര്‍ട്ടിയെ നിരാകരിക്കുന്നത് വിപ്ലവം നിരാകരിക്കുന്നതിന് തുല്യമാണെന്ന് ലെനിന്‍ വാദിച്ചു. ശാസ്ത്രജ്ഞരുടെ ഇടയില്‍പോലും ആശയക്കുഴപ്പം നിലനിന്നിരുന്നു. സംവേദനത്തിലൂടെ തിരിച്ചറിയാന്‍ കഴിയുന്നതാണ് വസ്തു. അതുകൊണ്ട് സംവേദനത്തിന്റെ പരിധിയില്‍ വരാത്തതൊന്നും നിലനില്‍ക്കുന്നില്ല എന്ന് ചിലര്‍ വാദിച്ചു. ഭരണകൂടം അനുഭവവേദ്യമല്ലാത്തതിനാല്‍ അതും നിലനില്‍ക്കുന്നില്ല. എല്ലാം അറിയാനാകില്ല എന്ന അജ്ഞേയതാവാദികളുടെ നിലപാടും പിന്തിരിപ്പത്തത്തിന് ശക്തി പകര്‍ന്നു. മാര്‍ക്‌സിസത്തെയും ശാസ്ത്രത്തെയും ആധാരമാക്കിക്കൊണ്ട് ലെനിന്‍ ഈ വാദഗതികളെല്ലാം തെറ്റെന്ന് സ്ഥാപിച്ചു. വസ്തുപ്രപഞ്ചം മനുഷ്യചിന്തയെ ആശ്രയിച്ചല്ല നിലനില്‍ക്കുന്നതെന്നും മനുഷ്യന്‍ മനസ്സിലാക്കിയാലും ഇല്ലെങ്കിലും പദാര്‍ത്ഥലോകം നിലനില്‍ക്കുമെന്നുമുള്ള മാര്‍ക്‌സിസ്റ്റ് ധാരണ ലെനിന്‍ ഉയര്‍ത്തിപ്പിടിച്ചു. ‘ഭൗതികവാദവും അശാസ്ത്രീയ വിമര്‍ശനവും’ എന്ന വിഖ്യാത കൃതിയിലൂടെ അനുഭവമാത്ര വാദികളുടെ വാദങ്ങളെയെല്ലാം ലെനിന്‍ തകര്‍ത്തുകളഞ്ഞു. വിപ്ലവ മുന്നേറ്റത്തിന്റെ ശാസ്ത്രീയ അടിത്തറ സുവ്യക്തമാംവിധം സ്ഥാപിക്കുകയും ചെയ്തു. സാമൂഹ്യ പുരോഗതി ആഗ്രഹിച്ച മുഴുവന്‍ ആളുകള്‍ക്കും ദിശ കാട്ടുന്നതും ആത്മവിശ്വാസം പകരുന്നതുമായിരുന്നു വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ ധാരണകള്‍ സമര്‍ത്ഥിക്കുന്ന ഈ കൃതി.
‘സോഷ്യലിസവും യുദ്ധവും’ എന്ന കൃതിയില്‍ യുദ്ധത്തോട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സ്വീകരിക്കേണ്ട നിലപാട് ലെനിന്‍ വിശദമാക്കി. ഓരോ രാജ്യത്തെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സ്വന്തം ബൂര്‍ഷ്വാ ഗവണ്മെന്റിനെ പിന്തുണയ്ക്കുകയല്ല, തൊഴിലാളിവര്‍ഗ്ഗ സാര്‍വ്വദേശീയത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അതിനെതിരെ കലാപം നടത്തുകയാണ് വേണ്ടതെന്ന് ലെനിന്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ രണ്ടാം ഇന്റര്‍ നാഷണലിലെ ഒട്ടുമിക്ക പാര്‍ട്ടികളും ലെനിന്റെ ആഹ്വാനം ചെവിക്കൊണ്ടില്ല. വര്‍ഗ്ഗ വഞ്ചകരായ ഈ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടികളെ സങ്കുചിത ദേശീയവാദികള്‍ എന്നാണ് ലെനിന്‍ വിശേഷിപ്പിച്ചത്. രണ്ടാം ഇന്റര്‍നാഷണല്‍ പിരിച്ചുവിട്ട് മൂന്നാം ഇന്റര്‍നാഷണലിന് അദ്ദേഹം രൂപം കൊടുക്കുകയും ചെയ്തു. ജര്‍മനിയിലെ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന കൗട്‌സ്‌കിയുടെ വര്‍ഗ്ഗ വഞ്ചനയെ തുറന്നുകാണിച്ചുകൊണ്ട് പിന്നീട് ‘രണ്ടാം ഇന്റര്‍നാഷണലും വര്‍ഗ്ഗ വഞ്ചകനായ കൗട്‌സ്‌കിയും’ എന്നൊരു കൃതിയും അദ്ദേഹം രചിച്ചു.
1917ലെ ഫെബ്രുവരി വിപ്ലവത്തെത്തുടര്‍ന്ന് മുതലാളിത്ത ഭരണകൂടം റഷ്യയില്‍ സ്ഥാപിക്കപ്പെട്ടതോടെ സോഷ്യലിസ്റ്റ് വിപ്ലവം എന്ന മുദ്രാവാക്യം ലെനിന്‍ മുന്നോട്ടുവച്ചു. കെരന്‍സ്‌കി ഗവണ്മെന്റിന് സാവകാശം നല്‍കണമെന്നും മുതലാളിവര്‍ഗ്ഗ കടമകള്‍ പൂര്‍ത്തീകരിക്കാതെ സോഷ്യലിസ്റ്റ് വിപ്ലവത്തിലേയ്ക്ക് നീങ്ങിയാല്‍ അത് പരാജയപ്പെടുമെന്നും ട്രോട്‌സ്‌കിയും കൂട്ടരും വാദിച്ചു. ‘സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടം’ എന്ന വിഖ്യാതമായ കൃതി ലെനിന്‍ രചിക്കുന്നത് ഈ സന്ദര്‍ഭത്തിലാണ്. മാര്‍ക്‌സും എംഗല്‍സും വികസിത മുതലാളിത്ത രാജ്യങ്ങളില്‍ ആദ്യം വിപ്ലവം നടക്കും എന്ന് പ്രവചിച്ചത് മുതലാളിത്തത്തിന്റെ സ്വതന്ത്രമത്സര ഘട്ടത്തിലെ സാഹചര്യം വിലയിരുത്തിക്കൊണ്ടാണെന്നും മുതലാളിത്തം കുത്തക മുതലാളിത്തമായി മാറിക്കഴിഞ്ഞു എന്നും ലെനിന്‍ വിശദീകരിച്ചു. അസമമായ മുതലാളിത്ത വികാസത്തിന്റെ ഈ ഘട്ടത്തില്‍ സാമ്രാജ്യത്വത്തിന്റെ ഏറ്റവും ദുര്‍ബലമായ കണ്ണി പൊട്ടിക്കാമെന്നും ഒരു രാജ്യത്ത് മാത്രമായി വിപ്ലവം സാദ്ധ്യമാണെന്നും ലെനിന്‍ ചൂണ്ടിക്കാണിച്ചു. വിപ്ലവത്തിന്റെ വസ്തുനിഷ്ഠ സാഹചര്യം പക്വമാകുകയും വിപ്ലവം നയിക്കാന്‍പോന്ന കരുത്തോടെ വിപ്ലവപാര്‍ട്ടി ഉയര്‍ന്നുവരികയും ചെയ്താല്‍ വിപ്ലവം യാഥാര്‍ത്ഥ്യമാക്കാം. ബൂര്‍ഷ്വാ ജനാധിപത്യ വിപ്ലവത്തിന്റെ പൂര്‍ത്തീകരിക്ക പ്പെടാത്ത കടമകള്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ പരിപാടിയില്‍ ഉള്‍ച്ചേര്‍ക്കുകയാണ് വേണ്ടത്. ‘ഭരണകൂടവും വിപ്ലവവും’ എന്ന കൃതിയില്‍ ഭരണകൂടത്തിന്റെ സവിശേഷതകള്‍ ലെനിന്‍ വിശദമാക്കി. ആധുനിക മുതലാളിത്ത ഭരണകൂടത്തിന്റെ പ്രവര്‍ത്തന പദ്ധതിയും ലെനിന്‍ വിശകലനം ചെയ്തു.
സാമ്രാജ്യത്വം അനിവാര്യമായും യുദ്ധമുണ്ടാക്കുമെന്ന് ലെനിന്‍ മുന്നറിയിപ്പ് നല്‍കി. മുതലാളിത്ത സമ്പദ്ഘടനയുടെ പ്രതിസന്ധി മുതലാളിത്ത രാജ്യങ്ങളെ യുദ്ധത്തിലേയ്ക്ക് നയിക്കുകയാണ്. സോഷ്യലിസ്റ്റ് വ്യവസ്ഥ കെട്ടിപ്പടുത്തുകൊണ്ടേ സമാധാനം സ്ഥാപിക്കാനാവൂ എന്നും ലെനിന്‍ വിശകലനം ചെയ്തു.
വിഖ്യാതമായ ‘ഏപ്രില്‍ തീസിസ്’ മുതലാളിത്ത ഭരണകൂടത്തെ തകര്‍ത്ത് സോഷ്യലിസം സ്ഥാപിക്കാന്‍ തൊഴിലാളി വര്‍ഗത്തോട് ആഹ്വാനം ചെയ്തു. പ്ലഖനോവിന്റെയും മെന്‍ഷെവിക്കുകളുടെയും സോഷ്യലിസ്റ്റ് റെവലൂഷനറികളുടെയും മറ്റും സ്വാധീനത്തില്‍നിന്ന് സോവിയറ്റുകളെ മോചിപ്പിച്ച് ‘മുഴുവന്‍ അധികാരവും സോവിയറ്റുകള്‍ക്ക്’ എന്ന മുദ്രാവാക്യം നടപ്പിലാക്കാനും ലെനിന്‍ ആഹ്വാനം ചെയ്തു. ബോള്‍ഷെവിക് പാര്‍ട്ടി സ്വീകരിച്ച ഈ ശരിയായ നിലപാട് പാര്‍ട്ടിക്ക് വമ്പിച്ച പിന്തുണ നേടിക്കൊടുത്തു. ലെനിന്റെ ആഹ്വാനപ്രകാരം തൊഴിലാളിവര്‍ഗം സായുധവിപ്ലവത്തിന് സജ്ജമായി. ലോകത്താദ്യമായി ഒരു സോഷ്യലിസ്റ്റ് രാഷ്ട്രം നിലവില്‍വന്നു.
ചരിത്രത്തില്‍ സ്ഥാനമില്ലാതിരുന്ന ഒരു വര്‍ഗത്തെ, തൊഴിലാളിവര്‍ഗത്തെ ഭരണകൂടാധികാരം കൈയാളാന്‍ പ്രാപ്തമാക്കി സോഷ്യലിസ്റ്റ് വിപ്ലവം. മാനവരാശിയുടെയാകെ വിമോചനത്തിലേയ്ക്ക് മുന്നേറാന്‍ അത് പാത വെട്ടിത്തെളിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് വിപ്ലവത്തില്‍ തൊഴിലാളിവര്‍ഗത്തെ നയിച്ചത്. പാര്‍ട്ടിയുടെ സംഘടനാതത്വം -ജനാധിപത്യ കേന്ദ്രീയത- ആവിഷ്‌കരിച്ചതും ലെനിനാണ്. സഖാവ് ശിബ്‍ദാസ് ഘോഷ് ഈ ആശയം പിന്നീട് വികസിപ്പിച്ചു. മാര്‍ക്‌സിസത്തിന്റെ സമീപനരീതി പിന്തുടര്‍ന്നുകൊണ്ട് മൂര്‍ത്ത സാഹചര്യത്തില്‍ മാര്‍ക്‌സിസത്തിന്റെ സാമാന്യ തത്വങ്ങള്‍ പ്രയോഗിച്ചുകൊണ്ടാണ് ലെനിന്‍ റഷ്യന്‍ വിപ്ലവം യാഥാര്‍ത്ഥ്യമാക്കിയത്.


നന്മ നിറഞ്ഞൊരു സമൂഹത്തിന്റെ സൃഷ്ടിക്ക് നേതൃത്വം നല്‍കിയ ലെനിന്റെ ജീവിതവും നന്മ നിറഞ്ഞതായിരുന്നു. ഏതൊരു സൃഷ്ടിയും പ്രവൃത്തിയും പുരോഗമനപരമാ കുന്നത് അത് സാമൂഹ്യ പുരോഗതിക്ക് സഹായകമാകുമ്പോഴാണ്. ജീവിതത്തിലുടനീളം ലെനിന്‍ നടത്തിയ പോരാട്ടം മനുഷ്യ നന്മയിലധിഷ്ഠിതമായൊരു സമൂഹത്തിന്റെ സൃഷ്ടിക്ക് വേണ്ടിയായിരുന്നു. ജീവിതത്തിന്റെ സമസ്ത മേഖലകളിലും സോഷ്യലിസം പുരോഗതി സൃഷ്ടിച്ചു.
വിപ്ലവത്തെത്തുടര്‍ന്ന് സാമ്രാജ്യത്വ ലോകമൊന്നടങ്കം സോഷ്യലിസ്റ്റ് റഷ്യയെ ആക്രമിച്ചു. റഷ്യന്‍ ജനത ഒന്നടങ്കം ലെനിന്റെ പിന്നിലണിനിരന്ന് യുദ്ധ ശക്തികളെ തുരത്തി. ദാരിദ്ര്യവും പരാധീനതകളും സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ നിലനില്‍പിനുതന്നെ ഭീഷണിയാകുന്ന സ്ഥിതി വന്നു. എന്നാല്‍ ലെനിന്റെ ആഹ്വാനം ചെവിക്കൊണ്ട് റഷ്യന്‍ ജനത ‘യുദ്ധകാല കമ്മ്യൂണിസം’ എന്ന നയം നടപ്പിലാക്കി ആ സാഹചര്യത്തെ മറികടന്നു. പിന്നീട് ഉല്‍പാദന വര്‍ദ്ധനവിനായി ‘പുതിയ സാമ്പത്തിക നയം’ നടപ്പിലാക്കി. ജീവിതാന്ത്യം വരെ ലെനിന്‍ പൊരുതുകയായിരുന്നു– സോഷ്യലിസത്തിന്റെ സ്ഥാപനത്തിനും പിന്നീട് അതിന്റെ സംരക്ഷണത്തിനും വേണ്ടി.
ഇത് മരണാസന്ന മുതലാളിത്തത്തിന്റെ യുഗമാണ്. മാര്‍ക്‌സിസത്തിലേയ്ക്ക് ലെനിന്‍ നല്‍കിയ സംഭാവനകള്‍ ഈ യുഗത്തിലെ വിപ്ലവ പോരാട്ടങ്ങള്‍ക്ക് വഴികാട്ടുന്നു. മാര്‍ക്‌സിസം ഇന്ന് മാര്‍ക്‌സിസം-ലെനിനിസമാണ്. സാമ്രാജ്യത്വത്തിന്റെയും തൊഴിലാളിവര്‍ഗ വിപ്ലവത്തിന്റെയും ഘട്ടത്തിലെ മാര്‍ക്‌സിസമാണ് ലെനിനിസമെന്ന് മഹാനായ സ്റ്റാലിന്‍ നിര്‍വചിച്ചു. സാമ്രാജ്യത്വം സമസ്ത രംഗങ്ങളിലും മനുഷ്യ പുരോഗതിക്കുമു ന്നില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുകയാണ്. സോഷ്യലിസം സ്ഥാപിച്ചുകൊണ്ടേ ഇനി മാനവ പുരോഗതി സാദ്ധ്യമാക്കാന്‍ കഴിയൂ.
മുതലാളിത്തം സമൂഹത്തിലാകെ പടര്‍ത്തുന്ന ജീര്‍ണതയ്‌ക്കെതിരെ ഉന്നതമായ തൊഴിലാളിവര്‍ഗ സംസ്‌കാരത്തിലടിയുറച്ച പോരാട്ടം വളര്‍ത്തിയെടുക്കുക എന്നതാണ് ഇന്ന് കമ്മ്യൂണിസ്റ്റുകളുടെ കടമയെന്ന് സഖാവ് ശിബ്‍ദാസ് ഘോഷ് പഠിപ്പിച്ചു. മാര്‍ക്‌സിസം-ലെനിനിസത്തെ സമ്പുഷ്ടമാക്കിയ, അതിന്റെ ധാരണകളെ പുതുയൊരു തലത്തിലേയ്ക്കുയര്‍ത്തിയ സഖാവ് ശിബ്‍ദാസ് ഘോഷിന്റെ ചിന്തകളുടെ അടിസ്ഥാനത്തില്‍ അദ്ധ്വാനിച്ചു ജീവിക്കുന്നവരുടെ സമരങ്ങളും പ്രക്ഷോഭങ്ങളും വളര്‍ത്തിയെടുക്കാന്‍ നാം നിരന്തരം ശ്രമിക്കണം. കമ്മ്യൂണിസ്റ്റ് സ്വഭാവമാര്‍ജ്ജിക്കാനുള്ള സമരത്തില്‍ കമ്മ്യൂണിസ്റ്റാചാര്യന്‍മാരുടെ പാഠങ്ങളെ അടിസ്ഥാനമാക്കിയുള്ള പോരാട്ടം നാം വിട്ടുവീഴ്ചയില്ലാതെ ജീവിതത്തില്‍ മുന്നോട്ടു കൊണ്ടുപോകണം. പാര്‍ലമെന്ററി വ്യാമോഹത്തില്‍ കുടുങ്ങിയിരിക്കുന്ന ജനങ്ങളെ വിപ്ലവ പാതയിലേയ്ക്ക് ആകര്‍ഷിക്കണം. മാര്‍ക്‌സിസം അജയ്യമായ പ്രത്യയശാസ്ത്രമാണ്. വിപ്ലവം അനിവാര്യമാണ്. ആ ചരിത്രഗതി തടയാന്‍ ഒരു ശക്തിക്കുമാകില്ല. അചഞ്ചലമായ നിശ്ചയ ദാര്‍ഢ്യത്തോടെ നമുക്ക് മുന്നേറാം. അങ്ങനെ മഹാനായ ലെനിന് ആദരവുകളര്‍പ്പിക്കാം.

Share this post

scroll to top