കേരള ജനതയുടെ ദുരിതങ്ങള്‍ക്ക്മറയിട്ട് കേരളീയം ധൂര്‍ത്ത്

nava-kerala-sadas-.1.2463522.jpg
Share

ജി20 സമ്മേളനകാലത്ത് ഇന്ത്യയുടെ ദാരിദ്ര്യത്തെ ലോകത്തിനുമുന്നില്‍നിന്ന് മോഡി സര്‍ക്കാര്‍ ചാക്കുകെട്ടി മറച്ചതുപോലെ, കേരളത്തിലെ ജനങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ സമ്മാനിച്ച ദയനീയമായ ജീവിതദുരിതങ്ങളെ കണ്ണുമഞ്ഞളിപ്പിക്കുന്ന ദീപക്കാഴ്ചയും പൂരപ്പൊരിച്ചലുംകൊണ്ട് മറയ്ക്കാന്‍ നടത്തിയ ശ്രമമായിരുന്നു ‘കേരളീയം’. പക്ഷേ കേരളത്തിലെ സാധാരണക്കാരന്റെ വിലാപങ്ങള്‍ കൂടുതല്‍ ഉറക്കെ മുഴങ്ങുകയായിരുന്നു ഈ കാലയളവില്‍.

2016നുശേഷം കേരളം ആർജിച്ച നേട്ടങ്ങൾ, കേരള മോഡൽ എന്നപേരില്‍ ലോകത്തിനുമുന്നിൽ അവതരിപ്പിക്കാനായിരുന്നത്രെ കേരളീയം. കേരളീയത്തിന് മുൻപും ശേഷവും എന്ന് കേരളത്തെ അടയാളപ്പെടുത്തും എന്നുവരെ ഉത്സാഹഭരിതനായ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞുകളഞ്ഞു. ഭാവിയിലേക്കുള്ള മൂലധന നിക്ഷേപമെന്നും മനുഷ്യന്റെ ഹാപ്പിനസ് കൂട്ടാനുള്ള മാർഗം എന്നുമാണ് കേരളീയത്തെപ്പറ്റി താത്വികാചാര്യനായ പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ പറഞ്ഞത്.


ധൂർത്തിന്റെ കാര്യത്തിൽ റെക്കോർഡ് സൃഷ്ടിച്ച കേരളീയം വേദിയിൽ ഒരു കോടിരൂപയുടെ ഗാനമേള തിമിർക്കുന്ന വേളയിലാണ് കേവലം 2 ലക്ഷം രൂപ ലൈഫ്‌മിഷൻ കുടിശ്ശിക കിട്ടാതെ പത്തനംതിട്ടയിലെ ഗോപിയും, വിറ്റ നെല്ലിന്റെ കുടിശ്ശിക സൃഷ്ടിച്ച പ്രശ്നങ്ങളെ തുടർന്ന് തകഴിയിലെ കർഷകൻ പ്രസാദും ആത്മഹത്യ ചെയ്തത്. ദീപാലങ്കാരത്തിന് ഊരാളുങ്കൽ സൊസൈറ്റിക്ക് ഒരുകോടി നൽകിയപ്പോഴാണ് അഞ്ചുമാസമായി ക്ഷേമപെൻഷൻ കിട്ടാതെ, ജീവിക്കാൻ ഗതിയില്ലാതെ അടിമാലിയിൽ 80 വയസ്സായ മറിയാമ്മയും അന്നമ്മയും ഭിക്ഷാടനത്തിനിറങ്ങിയത്. ഗോവിന്ദൻ മാസ്റ്ററുടെ ഭാഷയിൽ ഹാപ്പിനസ് കൂടി മതിമറന്നാണ് ഇവരൊക്കെ ഈ കടുംകൈകൾ ചെയ്തത്. പ്രസാദിന്റെയും മറിയാമ്മയുടെയും പുറത്ത് ചവിട്ടിനിന്നുകൊണ്ടാണ് ഇവർ എഡിൻബറോയിലേക്കും ദാവോസിലേക്കും എത്തിനോക്കുന്നത്.
ആത്മസുഹൃത്തുക്കളും ശതകോടീശ്വരന്മാരുമായ യൂസഫലിയെയും രവി പിള്ളയെയുംപോലുള്ള മുതലാളിമാരെയും വിനോദ വ്യവസായത്തിലെ മന്നന്മാരെയും കൈപിടിച്ച് ആനയിച്ചു കൊണ്ടാണ് പുതിയ കേരളത്തെ സർക്കാർ അവതരിപ്പിച്ചത്. തികച്ചും ‘ഇടതുപക്ഷീയം’! സർക്കാർ ഉദ്യോഗസ്ഥർക്ക് ഇണ്ടാസ് നൽകിയും കുടുംബശ്രീ തൊഴിലാളികളെ ഭീഷണിപ്പെടുത്തിയും പാർട്ടി പ്രവർത്തകരെ അണിനിരത്തിയുമാണ് വേദികൾ നിറച്ചത്. ആഘോഷത്തിമിര്‍പ്പിൽ കലാപരിപാടികളും ലൈറ്റിങ്ങും കാണാൻ ജനം ഒഴുകിയെത്തി. ഇതൊക്കെ കേരളീയത്തിന്റെ വിജയമായി പിണറായി വിജയൻ ഉദ്ഘോഷിച്ചു.
സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷത്തിന് കോടികൾ പൊട്ടിച്ചു നടത്തിയ ആർഭാട പ്രചാരണങ്ങളുടെ പുക കെട്ടടങ്ങുന്നതിനു മുൻപാണ് ഇപ്പോഴത്തെ മനംപിരട്ടുന്ന ധൂർത്ത് അരങ്ങേറുന്നത്. തറവാട് മുടിഞ്ഞാലും കെട്ടുകാഴ്ചകൾക്ക് മുടക്കം വരുത്താത്ത കാർന്നോന്മാരെ പോലെയാണ് സർക്കാർ എന്ന് പറഞ്ഞ് നിർത്താവുന്നതല്ല ഈ ‘കേരളീയം’ പരിപാടി. കേരളീയത്തിന്റെ പശ്ചാത്തലത്തിൽ യഥാർത്ഥ കേരളത്തിന്റെ അവസ്ഥയെന്തെന്നും ഇവർ അവതരിപ്പിക്കുന്ന പുതിയ കേരള മോഡൽ എന്തെന്നും അതിന്റെ ലക്ഷ്യങ്ങളെന്തെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്.


പുറമേക്ക് ഒറ്റക്കാഴ്ചയിൽ അത്ര പ്രകടമല്ലെങ്കിലും അതീവ ദുരിതമയമാണ് കേരളത്തിലെ സാധാരണക്കാരുടെ ജീവിതാവസ്ഥ. ദീർഘകാലത്തെ സർക്കാർ നയനടപടികളാണ് അതിന് കാരണം. വൈദ്യുതിചാർജും വെള്ളക്കരവും പെട്രോൾ സെസ്സും സകലമാന സർക്കാർ ഫീസുകളും, കിടപ്പാടവുമായി ബന്ധപ്പെട്ട സകല നികുതി ഇനങ്ങളും, കൂട്ടിക്കൂട്ടി വലിയ കവർച്ച നടത്തിയ സർക്കാർ, ഏറ്റവും ദരിദ്രര്‍ക്കും സാധാരണക്കാര്‍ക്കും നൽകാൻ ബാധ്യസ്ഥമായ തുകകൾ നൽകാതെ പിടിച്ചുവെക്കുകയും ചെയ്ത എത്രയെത്ര ക്രൂരതകളാണ് ഈ കാലയളവിൽ വെളിപ്പെട്ടത്.
അഗതികളും വൃദ്ധരുമായ ലക്ഷക്കണക്കിനാളുകളുടെ ഒരേയൊരു വരുമാനമായ ക്ഷേമപെൻഷനുകൾ മുടങ്ങിയിട്ട് അഞ്ചുമാസമാകുന്നു; കുടിശിക 2400 കോടി. ക്ഷേമപെൻഷൻ കൊടുക്കാനെന്നുപറഞ്ഞാണ് പെട്രോളിയം സെസ് ഏർപ്പെടുത്തിയത്. പാവപ്പെട്ട കർഷകന് നെല്ലിന്റെ വിലയായി നൽകാനുള്ളത് 1000ത്തോളം കോടി രൂപ. സപ്ലൈകോയ്ക്ക് 1525 കോടി. ജീവനക്കാർക്കുള്ള പെൻഷൻ, ഡിഎ ഉള്‍പ്പെടെയുള്ള കുടിശ്ശികകൾ അടക്കം 40,000ത്തോളം കോടി രൂപ. കെഎസ്ആർടിസി പെൻഷൻ 160 കോടി. ഉച്ചഭക്ഷണം നൽകിയ വകയിൽ അധ്യാപകരുടെ കൈയിൽനിന്ന് ചെലവായത് 200 കോടി. കാൻസർ രോഗികൾ അടക്കമുള്ളവരുടെ ചികിത്സയ്ക്കുള്ള കാരുണ്യ പദ്ധതിക്ക് 300 കോടി. ഓണക്കിറ്റ് വകയിൽ 158 കോടി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് 4588 കോടി. കരാറുകാർക്ക് 16000 കോടി. ജനകീയ ഊണ് നൽകിയ മലപ്പുറത്തെ കുടുംബശ്രീ തൊഴിലാളികൾക്ക് 6 കോടി. ലൈഫ് പദ്ധതിക്ക് 703 കോടി. കെഎസ്ആർടിസിയെ തകർത്ത് സ്വകാര്യവൽക്കരിക്കാന്‍കൊ‍ണ്ടുവന്ന കെടിഡിഎഫ്‌സി എന്ന സ്ഥാപനം തന്നെ നിക്ഷേപകർക്ക് പണം തിരികെ നൽകുന്നില്ല. കൂടാതെ, ക്ഷേമനിധികളിൽനിന്നും സഹകരണ സംഘങ്ങളിൽനിന്നും കടമെടുത്ത് ആ സ്ഥാപനങ്ങളെയും ക്രമേണ തകർച്ചയിലേക്ക് തള്ളിവിടുകയാണ്.
ഈ ഗതികെട്ട അവസ്ഥയിലേക്ക് എത്തപ്പെട്ടത് പൊടുന്നനവെയല്ല. കടമെടുപ്പിലൂന്നിയുള്ള വികസന സാമ്പത്തിക ശാസ്ത്രം അവതരിപ്പിച്ചുകൊണ്ടാണ് എൽഡിഎഫ് കടന്നുവന്നത്. നാടിന്റെ ഭാവിയിൽ ആശങ്കയുള്ളവർ അന്നേ നൽകിയ മുന്നറിയിപ്പുകൾ മാർക്സിസ്റ്റ് വേഷമിട്ട ഈ പണ്ഡിതമ്മന്യന്മാർ പുച്ഛിച്ചു തള്ളുകയായിരുന്നു.
അടിസ്ഥാനസൗകര്യ വികസന മേഖലയിൽ എവ്വിധവും നിക്ഷേപം വർധിപ്പിച്ചുകൊണ്ട് സമ്പദ്‌വ്യവസ്ഥയിൽ പണം പമ്പുചെയ്ത് സാമ്പത്തികരംഗത്തെ ഉത്തേജിപ്പിക്കുന്ന കൈനീഷ്യൻ തന്ത്രം എന്നായിരുന്നു അന്ന് വീമ്പിളക്കിയത്. എന്നാൽ കമ്പോള പ്രതിസന്ധിയിലാണ്ട മുതലാളിത്തത്തെ പൊതുജനങ്ങളുടെ പണംകൊണ്ട് രക്ഷിച്ചെടുക്കുക എന്ന ആഗോളവൽക്കരണ തന്ത്രമായിരുന്നു അത്. അതിനാലാണ് ദേശീയ-സർവദേശീയ സാമ്പത്തിക ഏജൻസികൾ അതിന് പൂർണ്ണ പിന്തുണ നൽകിയത്. ആഗോളവൽക്കരണ നയങ്ങൾക്കനുസൃതമായി ഭരണ സംവിധാനമാകെ ഉടച്ചുവാർക്കുന്ന തരത്തിലുള്ള നിബന്ധനകൾ അടിച്ചേൽപ്പിച്ചുകൊണ്ട് അവർ വായ്പകൾ നൽകി. ആഭ്യന്തര കടമെടുപ്പിന് എല്ലാ പ്രോത്സാഹനവും നൽകി. 2015-16 ലെ കടം 1,53,700 കോടി എന്ന നിലയിൽ നിന്ന് 7 വർഷം കൊണ്ട് നാല് ലക്ഷം കോടി കവിഞ്ഞു. ഈ വർഷം 26,367 കോടി രൂപ പലിശയായി (മുതലിന്റെ വിഹിതമല്ല) നൽകേണ്ടിയിരിക്കുമ്പോൾ കടമെടുപ്പ് അനുമതിയുടെ പരിധി 23,539 കോടി രൂപ മാത്രമാണ്. കടമെടുക്കുന്നത് പലിശ കൊടുക്കാൻ തികയാത്ത കടക്കെണിയിൽപ്പെട്ടിരിക്കുമ്പോൾ നിക്ഷേപത്തിന് പണമെവിടെ? തന്നെയുമല്ല, ഇവരുടെ വികസനമുൻഗണന അഥവാ ഊന്നല്‍ നിർമ്മാണ പ്രവൃത്തികളിൽ ഊന്നിയുള്ള വൻകിട സംരംഭങ്ങളിൽ മാത്രമാണ്. കൈയിൽ എത്തുന്ന പണം ഉടനടിതന്നെ ചെലവ് ചെയ്യുന്ന താഴെത്തട്ടിലെ ജനവിഭാഗങ്ങളിലേക്ക് അരിച്ചിറങ്ങുന്ന നിക്ഷേപങ്ങളല്ല അവ.


പൊതു ആരോഗ്യ-വിദ്യാഭ്യാസ- സേവനമേഖലകളിൽ പതിറ്റാണ്ടുകളിലൂടെ നടത്തിയ നിക്ഷേപങ്ങളിലൂടെയും നവോത്ഥാന പരിശ്രമങ്ങളിലൂടെയും ഉയർന്നുവന്നതായിരുന്നു ‘കേരള മോഡൽ’. പക്ഷേ ആഗോളവൽക്കരണത്തിന്റെ എല്ലാ നയങ്ങളും കേരളത്തിലെത്തിച്ചതോടെ പഴയ കേരളമോഡൽ അപ്രത്യക്ഷമായിത്തുടങ്ങി. നല്ല വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും കേരളീയർക്കുള്ള താൽപര്യത്തെ കമ്പോളമാക്കിമാറ്റിക്കൊണ്ട് ഈ രംഗങ്ങളെയൊക്കെ വൻതോതിൽ സ്വകാര്യവൽക്കരിച്ചു. ‘പൊതു’ സംവിധാനങ്ങൾ ചുരുങ്ങി. നികുതി-ചാർജ് വർദ്ധനവുകളിലൂടെ ജീവിതച്ചെലവ് വർദ്ധിച്ചു. ശമ്പളവും വരുമാനവും കുറഞ്ഞു. വീട്ടിലെ ഒരംഗത്തിന് തൊഴിലുണ്ടെങ്കിൽ കുടുംബത്തിലെ എല്ലാവർക്കും ഒരുവിധം കഴിഞ്ഞു പോകാമെന്ന അവസ്ഥയിൽനിന്ന് എല്ലാരും പണിയെടുത്താലേ കുടുംബം കഴിഞ്ഞു പോകാനാവു എന്ന അവസ്ഥയിലേക്ക് വന്നു. സ്ഥിരംതൊഴിൽ കുറഞ്ഞു. യുവാക്കളുടെ തൊഴിലില്ലായ്മ വൻതോതിൽ വർദ്ധിച്ചു. തൊഴിലാളികൾ കൊടിയ ചൂഷണത്തിന് ഇരയായി. തൊഴിലെടുത്തവർക്ക് കൂലിപോലും നൽകാതെയായി. കിട്ടുന്ന കൂലി ഉടനടി ചെലവ് ചെയ്യുന്ന, കമ്പോളത്തെ ചലിപ്പിക്കുന്ന സാധാരണക്കാരുടെ കൈയിൽ പണമില്ലാതായി. കഷ്ടിച്ചു കിട്ടുന്ന വരുമാനമാവട്ടെ മദ്യത്തിലൂടെയും ലോട്ടറിയിലൂടെയും പിടിച്ചുപറിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അങ്ങനെ മുതലാളിത്ത കമ്പോള പ്രതിസന്ധി സൃഷ്ടിക്കുന്ന കെടുതികൾ ഒന്നൊഴിയാതെ ബാധിക്കുന്ന ഒരിടമായി കേരളവും മാറി.
നിക്ഷേപം ക്ഷണിച്ചുകൊണ്ട് ഇവർ ലോകമെമ്പാടുമുള്ള മുതലാളിമാർക്ക് മുന്നിൽ അവതരിപ്പിക്കുന്ന പുതിയ കേരള മോഡൽ എന്താണ്? വായ്പയെടുത്ത് ഭാവിയെ കടപ്പെടുത്തി ഉന്നത വിദ്യാഭ്യാസം നേടി പുറത്തുവരുന്ന യുവതലമുറ തൊഴിലന്വേഷകര്‍ ധാരാളം. തൊഴിലില്ലാപ്പട വൻതോതിൽ ഉള്ളതിനാൽ അവർക്ക് നിലനിൽപ്പിന് ആവശ്യമായ ഏറ്റവും ചുരുങ്ങിയ കൂലി നൽകിയാൽ മതിയാവും. തൊഴിലാളി സംഘടനാ പ്രവർത്തനവും സമരബോധവും ചോർത്തപ്പെട്ടതിനാൽ അവർ സംഘടിതമായി വിലപേശില്ല. എപ്പോൾ വേണമെങ്കിലും അവരെ വെറുതെയങ്ങ് പിരിച്ചുവിടാം. സ്ഥിരംതൊഴിൽ നൽകേണ്ടതില്ല. 16 മണിക്കൂർവരെ പണിയെടുപ്പിക്കാം. നാലോ അഞ്ചോ മാസംവരെ പണി ചെയ്യിപ്പിച്ചിട്ട് ശമ്പളം നൽകാതിരുന്നാലും പ്രശ്നങ്ങളൊന്നുമുണ്ടാകില്ല. ഇതിന്റെയൊക്കെ മാതൃക കെഎസ്ആർടിസി പോലുള്ള സ്വന്തം സ്ഥാപനത്തിൽ നടപ്പിലാക്കി സർക്കാർ പ്രദർശിപ്പിച്ചിട്ടുണ്ട്. ക്ഷേമപ്രവർത്തനങ്ങളിൽനിന്ന് സർക്കാർ പിൻമാറുകയും ആ പണം സ്വകാര്യ മൂലധനശക്തികൾക്ക് കരുത്തേകാൻ വിനിയോഗിക്കുകയും ചെയ്യും എന്നും തെളിയിക്കുന്നു. ക്ഷേമപെൻഷന്റെ പേരിൽ ഏർപ്പെടുത്തിയ പെട്രോളിയം സെസ്സ് പിരിച്ചെടുത്ത് ആ തുക പെന്‍ഷന്‍ നൽകാതെ അദാനിക്ക് റോഡ് പണിക്ക് ദാനം നൽകുന്നത് നല്ലൊരു ഉദാഹരണമാണ്. ക്ഷേമപെൻഷനും കാരുണ്യക്കും സപ്ലൈകോയ്ക്കും നെൽകർഷകർക്കും നൽകാൻ തികയുമായിരുന്ന 5580 കോടി രൂപ ദേശീയപാത എന്ന പേരിലുള്ള ചുങ്കപ്പാത നിർമ്മിക്കാൻ നൽകിയത് മറ്റൊരു ഉദാഹരണം. ബാറുകളിൽനിന്ന് പിരിച്ചെടുക്കേണ്ടുന്ന നികുതി കുടിശ്ശിക ഉൾപ്പെടെ 28,258 കോടി രൂപ വിവിധ ഇനങ്ങളിലായി പിരിച്ചെടുക്കാനുണ്ടെന്ന് പറഞ്ഞത് സിഎജി ആണ്.


മറ്റിടങ്ങളിൽ നിന്ന് വ്യതിരിക്തമായി കേരളത്തിൽ ഇന്നും നിലനിൽക്കുന്ന നന്മകൾ കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തിലൂടെ കരഗതമായതാണ്. ആഗോളവൽക്കരണ നയങ്ങളിലൂടെ അവ അതിവേഗം ദുർബലമായി. അതോടൊപ്പം കേരളീയ മനസ്സുകളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന വലതു വൽക്കരണവും വളരുന്ന മത -ജാതിബോധവും വിദ്വേഷവും കാണാതെ പോകാനാവില്ല. ഇതിനെല്ലാം വഴിയൊരുക്കിയതിൽ ചെറുതല്ലാത്ത പങ്ക് സിപിഐ(എം) നേതൃത്വം കൊടുക്കുന്ന സർക്കാരിനുണ്ട്. അതുകൊണ്ടുതന്നെ കേരളീയത്തിലൂടെ കാഴ്ചവയ്ക്കുന്ന നവകേരളത്തെപ്പറ്റി പ്രജ്ഞയുള്ള ആർക്കും ആശയക്കുഴപ്പമുണ്ടാവില്ല.

Share this post

scroll to top