ആർഎംപി, എംസിപിഐ(യു), എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) എന്നീ പാർട്ടികൾ ചേർന്ന് രൂപീകരിച്ച ഇടതുപക്ഷ ഐക്യമുന്നണി (എൽയുഎഫ്) നിലവിലില്ലെന്ന് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറിയും എൽയുഎഫ് സംസ്ഥാന കൺവീനറുമായ സഖാവ് വി.വേണുഗോപാൽ ഒരു പ്രസ്താവനയിൽ അറിയിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനസമരങ്ങൾ വളർത്തിയെടുക്കാനുള്ള ഒരു സമരമുന്നണിയെന്ന നിലയിലാണ് ഇടതുപക്ഷ ഐക്യമുന്നണി രൂപീകരിച്ചത്. കഴിഞ്ഞ പാർലമെന്റ്, അസംബ്ലി തെരഞ്ഞെടുപ്പുകളിൽ ജനസമരത്തിന്റെ രാഷ്ട്രീയം എന്ന നയത്തിന് ഊന്നൽ നൽകിക്കൊണ്ട് മുന്നണി മത്സരിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി നിരവധി സമരപരിപാടികൾ മുന്നണിയുടെ നേതൃത്വത്തിൽ നടത്തുകയുമുണ്ടായി. എന്നാൽ തുടർന്ന് ആർഎംപിക്കും എംസിപിഐ(യു)വിനും ഈ മുന്നണി പ്രവർത്തനത്തിൽ സജീവമായി നിലനിൽക്കാനുള്ള സംഘടനാപരമായ സാഹചര്യം ഇല്ലാതായതിനാൽ എൽയുഎഫ് കഴിഞ്ഞ ഒരു വർഷമായി പ്രവർത്തനരഹിതമാണ്. എംസിപിഐ(യു) രണ്ടു വിഭാഗങ്ങളായി മാറി. ആർഎംപി ആകട്ടെ, ഇപ്പോൾ വടകരയിൽ യുഡിഎഫിന് അനുകൂലമായ നിലപാടെടുക്കുകയും ചെയ്തു. ഇതൊക്കെ കാരണം എൽയുഎഫിന് ഒരു മുന്നണിയെന്ന നിലയിൽ നിലനിൽക്കാനുള്ള സാഹചര്യം ഇന്ന് ഇല്ലാതായിരിക്കുന്നു. എസ്‌യുസിഐ(സി) സ്വന്തം നിലയിൽ കേരളത്തിലെ 9 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണപ്രവർത്തനങ്ങൾ തുടങ്ങിയിട്ടുള്ളത് ഈ സാഹചര്യത്തിലാണ്.
ആഗോളവൽക്കരണത്തിന്റെ നവലിബറൽ നയങ്ങൾക്കെതിരെ യോജിച്ച പ്രക്ഷോഭത്തിന്റെ രാഷ്ടീയം ശക്തമായി അവതരിപ്പിച്ചുകൊണ്ടാണ് എസ്‌യുസിഐ(സി) തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്. അടിയുറച്ച ഇടതുപക്ഷ നിലപാട് സ്വീകരിക്കുവാൻ തയ്യാറാകുന്ന പ്രസ്ഥാനങ്ങളുമായി ചേർന്നുകൊണ്ടുള്ള സമരമുന്നണിയ്ക്കായുള്ള പരിശ്രമങ്ങൾ എസ്‌യുസിഐ (സി) ഇനിയും തുടരുന്നതാണ്.