ലോക്‌സഭാ തെരഞ്ഞെടുപ്പ് ജനങ്ങളുടെ ദൗത്യമെന്ത് ?

images.jpg
Share

ലോക്‌സഭയിലേക്ക് നടന്ന കഴിഞ്ഞ 16 തെരഞ്ഞെടുപ്പുകളിലും ജനങ്ങൾ പരാജയപ്പെട്ടു. ജനവിരുദ്ധർ വിജയിച്ചു. അതിന്റെ ഫലമാണ് നാമിന്ന് അനുഭവിക്കുന്ന എണ്ണിത്തീർക്കാനാവാത്ത ജീവിതദുരിതങ്ങൾ. അതിനാൽ ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾ സ്വീകരിക്കേണ്ട നിലപാട് മുൻകാലങ്ങളുടെ ആവർത്തനമാകാൻ പാടില്ല. അഞ്ച് വർഷത്തെ ഭരണത്തിന്റെ നയങ്ങൾ വിശകലന വിധേയമാക്കുന്നതോടൊപ്പം ഈ ദുരിതങ്ങൾ അവസാനിപ്പിക്കാനുള്ള മാർഗ്ഗമെന്തെന്ന് കൃത്യമായി നിർണ്ണയിക്കുകയും വേണം.

മോദി സർക്കാരിന്റെ 5 വർഷത്തെ ഭരണം അതിസമ്പന്നർക്ക് അഛേ ദിൻ… ദരിദ്രകോടികൾക്ക്  നരകദിനങ്ങൾ

ക്രൂഡ് ഓയിലിന്റെ ലോകവിപണിയിലെ വിലയിടിവിന്റെ ആനുകൂല്യം ജനങ്ങൾക്ക് നൽകാതെ കുത്തകകമ്പനികൾക്ക് വാരിക്കോരി നൽകി. 16.57 ലക്ഷം കോടി രൂപ ഇതിലൂടെ കുത്തക കമ്പനികൾ ജനങ്ങളിൽ നിന്ന് അധികമായി കവർന്നെടുത്തു. നടുവൊടിക്കുന്ന വിലക്കയറ്റത്തിന് തിരികൊളുത്തിയ പെട്രോളിയം വിലവർദ്ധനവാണ് മോദിവാഴ്ചയുടെ ഏറ്റവും ക്രൂരമായ നടപടി.

# ഉൽപ്പാദനച്ചെലവിന്റെ 50 ശതമാനം ലാഭം കർഷകർക്ക് നൽകുമെന്നത് മറ്റെല്ലാ തെരഞ്ഞെടുപ്പ് വാഗ്ദാനം പോലെയും ജലരേഖയായി. മോദി ഭരണത്തിൽ പ്രതിദിനം 43 കർഷകർ ജീവനൊടുക്കി.

#ലോകത്തെ ഏറ്റവും ഉയർന്ന നികുതി നിരക്കായ 28 ശതമാനം ജിഎസ്റ്റി ജനങ്ങളുടെ ശിരസ്സിൽ അടിച്ചേൽപ്പിച്ചു. അതിരൂക്ഷമായ വിലക്കയറ്റം സൃഷ്ടിച്ചു. ആക്രി വ്യാപാരം മുതൽ ഹോട്ടൽ ഭക്ഷണം വരെ പുതിയ നികുതിയുടെ പരിധിയിലായി. ചെറുകിട വ്യാപാരമേഖല തകർന്നടിഞ്ഞു.

# തന്ത്രപ്രധാനമായ പ്രതിരോധ മേഖലയുൾപ്പെടെ റെയിൽവേയും മാധ്യമരംഗവുംവരെ വിദേശകുത്തകകൾക്ക് നൂറു ശതമാനവും തുറന്നുകൊടുത്തിരിക്കുന്നു.

# ഡിജിറ്റൽ ഇടപാട് നടത്തുന്ന ഭീമന്മാർക്ക് ചൂഷണത്തിന്റെ പുതിയ മേഖല തുറന്നുകൊടുക്കുന്നതിനും ബാങ്കുകളുടെ മൂലധനശേഖരം ബലപ്രയോഗത്തിലൂടെ വർദ്ധിപ്പിക്കുന്നതിനുമായി സ്വേച്ഛാധിപത്യപരമായി നടപ്പാക്കിയ നോട്ട് നിരോധനം രാജ്യത്തിന്റെ കാർഷിക-നിർമ്മാണ-വ്യാപാര മേഖലകളെ തകർത്തു. വളർച്ചാ നിരക്ക് 1.5 ശതമാനം താഴേക്ക് പതിച്ചു. നോട്ട് നിരോധനം ഏൽപ്പിച്ച ആഘാതത്തിൽനിന്നും രാജ്യത്തിന് മുക്തമാകാൻ ഇന്നും കഴിഞ്ഞിട്ടില്ല. കള്ളപ്പണക്കാരുടെ സമ്പാദ്യത്തിന് ഒരു പോറലുപോലുമുണ്ടായതുമില്ല.

# മോദി ഭരണകാലത്ത് രാജ്യത്തിന്റെ പൊതുകടം 51.7 ശതമാനം വർദ്ധിച്ച് 82 ലക്ഷം കോടിയായി ഉയർന്നു. ഓരോ ഇൻഡ്യൻ പൗരനും 63,000 രൂപയുടെ കടക്കാരനായി മാറി. ധനക്കമ്മി 114.8 ശതമാനം വർദ്ധിച്ചു.

# കഴിഞ്ഞ 45 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മനിരക്കായ 7.4 ശതമാനത്തെയാണ് രാജ്യം ഇപ്പോൾ അഭിമുഖീകരിക്കുന്നത്. 2018ൽ മാത്രം ഒരു കോടി 10 ലക്ഷം പേർക്ക് തൊഴിലില്ലാതായി.

# അതിസമ്പന്നരുടെ സമ്പാദ്യം കണ്ണഞ്ചിപ്പിക്കുന്ന വേഗതയിൽ പെരുകുന്നു. 2017-ൽ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ഒരു ശതമാനത്തിന്റെ സമ്പത്ത് 20.9 ലക്ഷം കോടിയാണ് വർദ്ധിച്ചത്. അംബാനിയുടെ മൂന്നുമാസത്തെ അറ്റാദായം 10,000 കോടിയായി ഉയർന്നു.

#നിയമവാഴ്ച ഇത്രമേൽ ചോദ്യം ചെയ്യപ്പെട്ട സാഹചര്യം ഇതിനുമുമ്പ് സൃഷ്ടിക്കപ്പെട്ടിട്ടില്ല. പശുവിന്റെ പേരിൽ 36 പേർ കൊലചെയ്യപ്പെട്ടു. സ്വതന്ത്രചിന്തകരും സാംസ്‌കാരികവ്യക്തിത്വങ്ങളും ഒന്നൊന്നായി തോക്കിന്നിരയായി. രാജ്യമെമ്പാടും ന്യൂനപക്ഷങ്ങളും ദലിത് ജനവിഭാഗങ്ങളും ആക്രമിക്കപ്പെട്ടു. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി നാലു സുപ്രീം കോടതി ജഡ്ജിമാർ പത്രസമ്മേളനം നടത്തി നിയമവ്യവസ്ഥയുടെ സ്വതന്ത്രനടത്തിപ്പിന്റെ പ്രതിസന്ധി ചൂണ്ടിക്കാട്ടി.

# മഹാഭൂരിപക്ഷം വരുന്ന ദരിദ്രരുടെ റേഷനും പാചകവാതക സബ്‌സിഡിയും, ചികിൽസയ്ക്കും വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമുള്ള ബജറ്റ് വിഹിതവും വെട്ടിക്കുറച്ചു. യുപിയിൽ ഓക്‌സിജൻ ലഭിക്കാതെ 64 കുട്ടികൾ മരിക്കാനിടയായത് ഈ നയങ്ങളുടെ ഫലമായാണ്.

# രാജ്യത്തെ വൻകിട മുതലാളിമാർ ബിജെപി ഭരണത്തിൽ നേടിയിരിക്കുന്ന അനർഹമായ എല്ലാ നേട്ടങ്ങളും ഇളവുകളും കടമെഴുതിത്തള്ളലും മോദി-വ്യവസായി കൂട്ടുകെട്ടിന്റെ മുൻകൈയിൽ നടക്കുന്ന ഞെട്ടിപ്പിക്കുന്ന അഴിമതിയുടെ പ്രതിഫലനങ്ങളാണ്.

ബിജെപി നടപ്പിലാക്കുന്നത് കോൺഗ്രസ്സിന്റെ നയങ്ങൾ

ജനജീവിതത്തെ ഇത്രമേൽ തകർത്തത് കുത്തക മുതലാളിമാർക്കുവേണ്ടിയുള്ള നയങ്ങളാണ്. കോൺഗ്രസ്സ് രണ്ടര പതിറ്റാണ്ട് നടപ്പാക്കിയ നയങ്ങൾ കൂടുതൽ ഊർജ്ജിതമായി ബിജെപി സർക്കാർ നടപ്പാക്കിയതിന്റെ വിനാശങ്ങളാണ് ജനങ്ങൾ ഇന്ന് അനുഭവിക്കുന്നത്. രാഹുൽ ഗാന്ധിയെയും കോൺഗ്രസ്സിനെയും ഉയർത്തിക്കാട്ടി മോദി ഭരണത്തിലുള്ള അസംതൃപ്തിയെ മറികടക്കാൻ മുതലാളിവർഗ്ഗം ദ്വികക്ഷി സമ്പ്രദായത്തിന്റെ തന്ത്രം പരീക്ഷിക്കുകയാണ്. മോദി മാറി രാഹുൽ വന്നാൽ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളേയല്ല ഇവയൊന്നും.

കാരണം അടിസ്ഥാനപരമായി ഈ നയങ്ങൾ കോൺഗ്രസ്സിന്റേതു മാത്രമല്ല, ചെറുതും വലുതുമായ എല്ലാ മുതലാളിത്ത പാർട്ടികളുടേതുമാണ്. ആര് അധികാരത്തിൽ വന്നാലും ഈ നയങ്ങൾ തന്നെ പിന്തുടരും. ജനങ്ങളുടെ ദുരിതങ്ങളും തുടരും. നയങ്ങൾക്കെതിരായ ജനകീയശക്തി സമാഹരിക്കാൻ ഈ തെരഞ്ഞെടുപ്പിൽ എത്ര സാധ്യമാകുമോ അത്രകണ്ട് ജനതാൽപ്പര്യം സംരക്ഷിക്കപ്പെടും.

ബിജെപിയെ നേരിടാൻ  സിപിഐ(എം) രാഷ്ട്രീയത്തിന്  സാധിക്കില്ല

‘ബിജെപിയെ നേരിടാൻ ഇടതുപക്ഷ’മെന്നാണ് സിപിഐ(എം) പ്രചാരണം. ഇരുപാർട്ടികളുടെയും പ്രവർത്തകർ പരസ്പരം വെട്ടിക്കൊല്ലുന്നത് നേരിടലല്ല. സംസ്ഥാനത്ത് ഈ നയങ്ങൾ സമ്പൂർണ്ണമായും തള്ളിക്കളയുകയാണ് സിപിഐ(എം) ചെയ്യേണ്ടത്. ഈ കടമ ഇന്ന് സിപിഐഎമ്മും കൂട്ടാളികളും നിർവ്വഹിക്കുന്നില്ല. അധികാരത്തിലിരുന്നുകൊണ്ട് സിപിഐ(എം) നടപ്പാക്കുന്നതത്രയും ബിജെപിയുടെ നയങ്ങളാണ്.

# ചരക്ക്-സേവന നികുതി (ഏടഠ) എന്ന കുത്തിക്കവർച്ച ബിജെപി അടിച്ചേൽപ്പിച്ചു. സംസ്ഥാനത്ത് അത് ഫലപ്രദമായി സിപിഐ(എം) മുന്നണി നടപ്പാക്കി.

# രാജ്യത്തെ തകർത്ത നോട്ട് നിരോധനത്തെ സിപിഐ(എം) മുന്നണി സ്വാഗതം ചെയ്തു. സഹകരണമേഖലയിൽ നോട്ട് കൈമാറാനുള്ള അനുവാദം നൽകണമെന്നതുമാത്രമായിരുന്നു ഇക്കൂട്ടരുടെ ആവശ്യം.

# കേന്ദ്രസർക്കാർ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് എക്‌സൈസ് നികുതി വർദ്ധിപ്പിച്ചുകൊണ്ടേയിരുന്നു. പിണറായി സർക്കാരാകട്ടെ സംസ്ഥാനത്തിന്റെ വിൽപ്പന നികുതി കുത്തനെ കൂട്ടിക്കൊണ്ടേയിരുന്നു.

# മോദി ഭരണം തൊഴിൽ നിയമങ്ങൾ പൊളിച്ചെഴുതി. പെൻഷൻ ഫണ്ട് സ്വകാര്യഭീമന്മാർക്ക് തീറെഴുതി. നോക്കുകൂലിയെ എതിർക്കുന്നുവെന്ന മറയിൽ പിണറായി ഭരണം തൊഴിലാളികളുടെ സംഘടിതപ്രവർത്തനത്തെ ഭീഷണിപ്പെടുത്തി. അമിതമായ കൂലി വാങ്ങരുതെന്ന് തൊഴിലാളികളെ ഉദ്‌ബോധിപ്പിച്ചു. രണ്ട് പതിറ്റാണ്ടിലേറെ കെഎസ്ആർറ്റിസിയിൽ പണിയെടുത്തിരുന്ന നാലായിരം എം.പാനൽ ജീവനക്കാരെ തെരുവിൽത്തള്ളി. സ്ഥിരനിയമനം നടത്തണമെന്ന് സുപ്രീം കോടതി വിധി ഉണ്ടായിട്ടും കെ.എസ്.ഇ.ബിയിലെ ആയിരക്കണക്കിന് കരാർത്തൊഴിലാളികളെ ഇപ്പോഴും നിയമിച്ചിട്ടില്ല.

# ദേശീയ പാതയ്ക്ക് 45 മീറ്റർ സ്ഥലമെടുത്ത് 30 മീറ്ററിൽ നാലുവരി പാത പണിത് ടോൾ പിരിക്കണമെന്ന് കേന്ദ്ര ബിജെപി ഭരണം. ലക്ഷങ്ങളെ കുടിയൊഴിപ്പിച്ചിട്ടായാലും കേന്ദ്രത്തിന്റെ ഈ ‘വികസനം’ നടപ്പാക്കുമെന്ന് പിണറായി സർക്കാർ. പ്രത്യുപകാരമെന്ന നിലയിൽ നിതിൻ ഗഡ്കരിയുടെ അഭിനന്ദനം.

കോർപ്പറേറ്റുകൾക്കുവേണ്ടി നടപ്പാക്കുന്ന ജനദ്രോഹ  സാമ്പത്തിക-രാഷ്ട്രീയ നയങ്ങളുടെ പരാജയം ഉറപ്പാക്കുംവിധം ശക്തമായ ജനകീയസമരം പടുത്തുയർത്തിക്കൊണ്ട്മാത്രമെ ബിജെപിയെ നരിടാനാവൂ

അത്തരമൊരു ജനകീയപ്രക്ഷോഭത്തിന്റെ രാഷ്ട്രീയം സിപിഐഎമ്മും കൂട്ടാളികളും കൈവെടിഞ്ഞിരിക്കുന്നു. നോട്ട് നിരോധനത്തിന്റെ വേളയിൽ രാജ്യമെമ്പാടും ഇരമ്പിയ ജനകീയ പ്രതിഷേധത്തിന് സംഘടിതമായ സമരരൂപം നൽകുന്നതിന് പരിശ്രമിച്ചില്ലെന്നു മാത്രമല്ല നോട്ട് നിരോധനത്തെ സ്വാഗതം ചെയ്തുകൊണ്ട് ജനങ്ങളെ ചതിക്കുകയും ചെയ്തു ഇക്കൂട്ടർ.

അങ്ങിനെ മോദിയുടെ ദുർഭരണത്തിനെതിരെ ഒരു വലിയ ജനകീയമുന്നറ്റം പടുത്തുയർത്താനുള്ള അസാധാരണമായ അവസരത്തെ നഷ്ടപ്പെടുത്തിയ ഇവർ എവിടെയാണ് ബിജെപിയെ നേരിടുന്നത്? തെരഞ്ഞെടുപ്പിന്റെ വേദിയെ ബിജെപിയുടെ നയങ്ങൾക്കെതിരായ തത്വാധിഷ്ഠിതമായ സമരത്തിന്റെ വേദിയാക്കുന്നതിനുപകരം ഏതാനും സീറ്റുകൾ നേടുക എന്ന സങ്കുചിതമായ ലക്ഷ്യം നിറവേറ്റുന്നതിനായി കോൺഗ്രസ്സുമായിപോലും നാണംകെട്ടനിലയിൽ തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുകയാണ് ഇവർ. അങ്ങനെ യഥാർത്ഥജനകീയ സമരത്തെ ഇക്കൂട്ടർ അപകടകരമാംവിധം ദുർബ്ബലപ്പെടുത്തുന്നു.

യഥാർത്ഥ പ്രക്ഷോഭത്തിന്റെ  ശക്തിയായ എസ്‌യുസിഐ (കമ്യൂണിസ്റ്റ്)നെ വിജയിപ്പിക്കുക

പാർലമെന്ററി രാഷ്ട്രീയ ചിത്രത്തിലെ പദവികൊണ്ടല്ല എസ്‌യുസിഐ(കമ്യൂണിസ്റ്റ്) അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്. ന്യായമായ ജനകീയ സമരങ്ങളുടെ സംഘാടകരെന്ന നിലയിൽ, നേതൃത്വമെന്ന നിലയിൽ, ശക്തമായ പിന്തുണയേകുന്ന പ്രസ്ഥാനമെന്ന നിലയിലൊക്കെയാണ് ഈ പാർട്ടി ജനഹൃദയങ്ങളിൽ മുദ്ര പതിപ്പിച്ചിട്ടുള്ളത്. മോദി വാഴ്ചയുടെ ജനവിരുദ്ധ-തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി നടന്ന ദ്വിദിന പണിമുടക്കിന്റെ സംഘാടകരായിരുന്നു ഈ പാർട്ടിയുടെ പ്രവർത്തകർ.

കഴിഞ്ഞ ഒരു ദശാബ്ദമായി സംസ്ഥാനത്തിന്റെ തീരദേശ ജില്ലകളിൽ ചുങ്കപ്പാതയ്ക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്ന പതിനായിരങ്ങളുടെ പ്രക്ഷോഭത്തിന്റെ സംഘാടകരായി, വിശ്വസ്ത നേതൃത്വമായി വിശ്രമരഹിതമായി പ്രവർത്തിക്കുകയാണ് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്). ഈ വാക്കുകൾ കുറിക്കുമ്പോൾ കോട്ടയം-പത്തനംതിട്ട ജില്ലകളിലായി നടക്കുന്ന പൊന്തൻപുഴ സമരത്തിന് സാധ്യമാകുന്ന മുഴുവൻ പിന്തുണയും നൽകി നിരന്തരമായ പ്രവർത്തനങ്ങളിലാണ് നമ്മുടെ പാർട്ടി. പത്തനംതിട്ട ജില്ലയിൽ ആറന്മുളയിൽ മിച്ചഭൂമിയ്ക്കുവേണ്ടി സമരം ചെയ്യുന്ന നിർധനരോടൊപ്പമാണ് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്).

പാർട്ടിയുടെ തൊഴിലാളി സംഘടനയായ എഐയുടിയുസി നയിച്ച കൊല്ലത്തെ കശുവണ്ടിത്തൊഴിലാളികളുടെ സമരം വിജയപരിസമാപ്തിയിലെത്തിയത് ഏതാനും ദിവസങ്ങൾക്കുമുമ്പാണ്. സ്ഥിരനിയമനം ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ 25 വർഷമായി വൈദ്യുതി ബോർഡിലെ കരാർ തൊഴിലാളികൾ നടത്തുന്ന സമരത്തെ നയിച്ച് വിജയത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നത് ഈ പ്രസ്ഥാനത്തിന്റെ ട്രേഡ് യൂണിയൻ പ്രവർത്തകരാണ്. ആത്മഹത്യ ചെയ്യുകയല്ല, ആത്മാഭിമാനത്തോടെ പൊരുതുകയാണ് വേണ്ടത് എന്ന മുദ്രാവാക്യമുയർത്തി എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്)ന്റെ സഖാക്കൾ ഇടുക്കിയിലും വയനാട്ടിലും കർഷകരുടെ പ്രതിരോധ പ്രസ്ഥാനം പടുത്തുയർത്താൻ പരിശ്രമിക്കുകയാണ്. സ്വകാര്യ വിദ്യാഭ്യാസ കച്ചവടക്കാരാൽ കൊലചെയ്യപ്പെട്ട ജിഷ്ണു പ്രണോയിയുടെ മാതാവിന്റെ സമരത്തെ സഹായിച്ചതിന്റെ പേരിൽ തുറുങ്കിലടയ്ക്കപ്പെട്ടത് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്)ന്റെ സഖാക്കളാണ്.

വിളപ്പിൽശാലയിൽ, വിഴിഞ്ഞത്ത്, മൂലമ്പള്ളിയിൽ, കരിമണൽ ഖനന തീരത്ത്, ചെങ്ങറയിൽ എവിടെയും ജനങ്ങളോടൊപ്പമാണ് ഈ പാർട്ടി. വിദ്യാഭ്യാസ സംരക്ഷണ പ്രക്ഷോഭത്തിൽ, നഴ്‌സുമാരുടെ അവകാശപ്പോരാട്ടരംഗത്ത്, പരിസ്ഥിതി സംരക്ഷണ സമരത്തിൽ എവിടെയും ജനങ്ങളോടൊപ്പമാണ് ഈ പാർട്ടി. ഈ പ്രസ്ഥാനത്തിന് ലഭിക്കുന്ന ഓരോ വോട്ടും തീർത്തും സാധാരണക്കാരായ ജനങ്ങളുടെ ദുരിതങ്ങൾ അവസാനിപ്പിക്കാൻ നടത്തുന്ന പരിശ്രമങ്ങൾക്കുള്ള പിന്തുണയാണ്. നിസ്വാർത്ഥമായ പൊതുപ്രവർത്തനത്തെ ജീവിതചര്യയായി സ്വീകരിച്ചിട്ടുള്ള പ്രസ്ഥാനമെന്ന നിലയിലാണ് ഈ പാർട്ടി ആദരവ് നേടുന്നത്.

21 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 119 മണ്ഡലങ്ങളിൽ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. കേരളത്തിൽ 9 മണ്ഡലങ്ങളിൽ മത്സരിക്കുന്നു. എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ഉയർത്തിപ്പിടിക്കുന്ന പ്രബുദ്ധമായ പ്രക്ഷോഭത്തിന്റെ രാഷ്ട്രീയത്തിന് വോട്ടു നൽകുന്നതോടൊപ്പം ജനങ്ങൾക്കിടയിൽ ഈ രാഷ്ട്രീയ സന്ദേശത്തിന്റെ പ്രചാരകരാകണമെന്നും വിനയപൂർവ്വം ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Share this post

scroll to top